Thursday 22 November 2012

ശ്വേതാമേനോന്‍ പ്രസ്സവിക്കുമ്പോള്‍ മിന്നുന്ന ക്യാമറാ ഫ്ലാഷുകള്‍!!!!!!.`!!



       ശ്വേതാ മേനോന്‍ പ്രസ്സവിച്ചു; എല്ലാ സ്ത്രീകളും പ്രസ്സവിക്കുന്നത് പോലെയല്ല ഇത്! ഇവിടെ ലേബര്‍ റൂം എന്നത് ഒരു സെറ്റ് ആണ്. ഡോക്ടര്‍ മാരും നേഴ്സുംമ്മാരും മാത്രമല്ല, സംവിധായകന്‍ ഉള്‍പ്പെടെഉള്ള 'ക്രു' സന്നിഹിതമാണ്! ആക്ഷന്‍, റോള്‍ ക്യാമറ!!!! ചിത്രീകരണം മുന്നേറുന്നു, അവസാനം സംവിധായകന്‍ 'കട്ട്‌' പറഞ്ഞു. ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി കലാമൂല്യത്തിന്‍റെ ഒരു പുത്തന്‍ സൃഷ്ടി പിറന്നിരിക്കുന്നു. കുഞ്ഞു പിറന്നതിലും പ്രാധാന്യം അമ്മപോലും കല്‍പ്പിക്കുന്നു എന്ന് തോന്നിപ്പോകുന്ന പിറവി. ഒരു 'നടി'ക്ക് പ്രസ്സവത്തില്‍ എന്ത് അഭിനയവും ആവിഷ്ക്കാരവും ഇതര അമ്മമാര്‍ക്ക് വ്യത്യസ്തമായി പ്രകടിപ്പിക്കാന്‍ കഴിയുമെന്നത് ചോദ്യമായിത്തന്നെ അവശേഷിക്കട്ടെ; കാരണം ആവിഷ്ക്കാര സ്വാതന്ത്രയത്തിന്റെയും, വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും പരിരക്ഷ ആചോദ്യത്തെ തടയുന്നു. എന്തുകൊണ്ട് വ്യത്യസ്തമായ ഒരു മികച്ച പ്രകടനം നടത്താന്‍ തനിക്ക് കഴിയില്ല എന്ന് ശ്വേത മേനോന്‍ ചോദിച്ചാല്‍ ചോദ്യകര്‍ത്താവിന് ഉത്തരം മുട്ടി പോകും.

       ഒരല്‍പ്പം പിന്നോട്ട് നോക്കൂ!! ചിത്രീകരണത്തിന് മുന്‍പുള്ളകാലത്തേക്ക് പോകൂ. ശ്വേത പ്രസവിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞതിന് ശേഷമായിരിക്കുമോ ബ്ലെസ്സി അത് ചിത്രീകരിച്ച് സിനിമ നിര്‍മിക്കാം എന്ന് തീരുമാനിച്ചത്?? അതോ തന്‍റെ കഥയ്ക്ക് അനുയോജ്യമായ പ്രസവചിത്രീകരണം  തേടി അദ്ദേഹം നടന്നിരുന്നോ?? അങ്ങനെ എങ്കില്‍ ഒരു സ്ത്രീയോട് "നിങ്ങള്‍ പ്രസവിക്കാന്‍ പോവുകയല്ലേ, ഞാന്‍ അത് ക്യാമറയില്‍ പകര്‍ത്തി സിനിമയില്‍ ചേര്‍ത്ത് നാട്ടുകാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കട്ടെ" എന്ന് അര്‍ഥം വരുന്ന രീതിയില്‍ എത്ര മിനുക്കിയും എങ്ങനെ ചോദിക്കും?? താന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയോട് "താനുമായി ലൈംഗിക വേഴ്ചക്ക് താല്‍പ്പര്യമുണ്ടോ??" എന്ന് ചോദിക്കുന്നതിലും എത്രയോ മടങ്ങ് അസഭ്യം നിറഞ്ഞതാണ്‌ ആദ്യത്തെ ചോദ്യം?? അപ്രകാരം ഒരു ചോദ്യം ശ്വേതയോട് ചോദിക്കാന്‍ ഒരുവന്‍ ധൈര്യപ്പെട്ടെങ്കില്‍ അവര്‍ തന്‍റെ പ്രവര്‍ത്തി രംഗത്തെ നിലവാരം ഒന്നളക്കുന്നത് നന്നായിരിക്കും എന്നെ പറയാനുള്ളൂ!!

       ഓരോ സിനിമ പുറത്തു വരാന്‍ തയ്യാറെടുക്കുമ്പോളും അതിനെക്കുറിച്ച് പൊതുജനത്തിന് ചില ധാരണകള്‍ ഉണ്ടായിരിക്കും. അത്, മെഗാസ്റ്റാറിന്‍റെ ചിത്രം, നായകന്‍ ഇരട്ടവേഷത്തില്‍ വരുന്ന ചിത്രം, കോടികള്‍ മുടക്കിയ ചിത്രം, കലാചിത്രം, വിദേശങ്ങളില്‍ ചിത്രീകരിച്ച ചിത്രം, അന്യഭാഷാ നടീനടന്മാരുടെ സാനിധ്യമുള്ള ചിത്രം, ചരിത്ര പ്രാധാന്യമുള്ള ചിത്രം, ആക്ഷന്‍ ചിത്രം, ഒരു പ്രഗല്‍ഭ സംവിധായകന്‍റെ ചിത്രം അങ്ങനെ നീളുന്നു ആ ധാരണകള്‍..`.. 'കളിമണ്‍' എന്ന ചിത്രത്തെക്കുറിച്ചുള്ള പൊതുജനധാരണ എന്ത്??  'ശ്വേതാ മേനോന്‍റെ പ്രസവം കാണിക്കുന്ന സിനിമ'!! ആ തരത്തില്ലുള്ള പ്രശസ്തി സിനിമാ ലോകത്തിനോ, നടിക്കോ, സംവിധായകനോ ആര്‍ക്കെങ്കിലും ഗുണം ചെയ്യുമെന്ന് ചിന്തിക്കാന്‍ കഴിയുമോ?? ഒരു പക്ഷെ നിര്‍മ്മാതാവിന് അല്ലാതെ??

       തങ്ങള്‍ ചെയ്യുന്ന വിലകുറഞ്ഞ പബ്ലിസ്സിറ്റി മാര്‍ഗ്ഗങ്ങളെ മനസ്സിലാക്കാതെയോ, അപ്രകാരം ഭാവിക്കാതെയോ ഇക്കൂട്ടര്‍ തങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്രിയത്തെക്കുറിച്ചാണ് സംസ്സാരിക്കുന്നത്. ഇവിടെ എന്ത് ആവിഷ്ക്കാരസ്വാതന്ത്ര്യമാണ് ഉപയോഗപ്പെടുത്തുന്നത്?? ആയുര്‍വേദത്തില്‍ പ്രസവത്തെ 'ശോധന' എന്ന വിഭാഗത്തിലാണ്പെടുത്തിയിരിക്കുന്നത്. അതിന് 'വിസ്സര്‍ജ്ജിക്കുക' എന്ന അര്‍ഥം കൂടിയുണ്ട്. അങ്ങനെ എങ്കില്‍ എല്ലാത്തരം വിസര്‍ജ്യങ്ങളും ചിത്രീകരിച്ചു വരുംകാല സിനിമകള്‍ പ്രതീക്ഷിക്കാമോ?? അതിനെയൊക്കെ ഏത് കണ്ണുകൊണ്ട് കണ്ടാണ്‌ കലാമൂല്യമായി വിലയിരുത്തേണ്ടത്?? ഇത്തരം പ്രവണതകളെ ആദ്യസംരംഭത്തില്‍ തന്നെ നിരുല്‍സ്സാഹപ്പെടുത്തിയില്ലെങ്കില്‍ സാംസ്ക്കാരികമായ വീക്ഷണം തന്നെ അധ:പ്പതിച്ചു പോകും. സംശയമില്ല!

       'കളിമണ്‍' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിമര്‍ശകര്‍ക്ക് നേരെ വ്യക്തി സ്വാതന്ത്യത്തിന്‍റെ പരിചയും ഉപയോഗിക്കുന്നുണ്ട്. അവര്‍ മനസ്സിലാക്കാഞ്ഞിട്ടാവില്ല!! വ്യക്തി സ്വാതന്ത്ര്യത്തിന് അതിര്‍ വരമ്പുകള്‍ ഉണ്ടെന്നത്!! ഒരുവന് തന്‍റെ കിടപ്പു മുറിയില്‍ വിവസ്ത്രനായി കിടക്കാം. പക്ഷെ പൊതുജന മധ്യത്തില്‍ അത് പാടില്ല. അത് വ്യക്തി സ്വാതന്ത്യത്തിന്‍റെ അതിര്‍വരമ്പാണ്. നിയമവും ആ അതിര്‍ വരമ്പുകളെ സംരക്ഷിക്കുന്നു എന്ന് മനസ്സിലാക്കണം. പ്രസവരംഗം ഉള്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം 'A' സര്‍ട്ടിഫിക്കേറ്റ് ലഭിച്ചുപോലും പ്രദര്‍ശന അനുമതി ലഭിക്കുന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

       വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവര്‍ ഒന്ന് മറന്നു പോകുന്നുണ്ട്, ശ്വേതക്ക് പിറന്ന കുട്ടിയുടെ സ്വാതന്ത്ര്യം. അത് അമ്മയുടെ ചൂടേല്‍ക്കണ്ട പ്രായത്തില്‍ ക്യാമറ വെളിച്ചത്തിന്‍റെ ചൂട് ഏല്‍ക്കേണ്ടി വന്നതല്ല. മറിച്ച് താന്‍ ജനിച്ചത്‌ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചത്; ബുദ്ധി ഉറക്കുന്ന കാലത്ത് അപമാനമായി ആ കുട്ടി കണ്ടാല്‍, അന്ന്പ്രായച്ചിത്തം ചെയ്യാന്‍ അമ്മയായ ശ്വേതക്ക് പോലും കഴിയില്ല. ഒരു പക്ഷെ തന്‍റെ സുഹൃത്തുക്കളില്‍ നിന്നോ സഹ പ്രവര്‍ത്തകരില്‍ നിന്നോ നാളെ ഉണ്ടായേക്കാവുന്ന പരാമര്‍ശങ്ങളെ എങ്ങനെ അവള്‍ നേരിടുമെന്നത്!!

       ഇതിലൊക്കെ നമ്മളെന്ത് പറയാനാ?? അതൊക്കെ അവരുടെ കാര്യം എന്ന് പറഞ്ഞ് ആരും പ്രതികരിക്കാന്‍ തയ്യാറാകാതെ ഇരിക്കരുത്.ഇതു തികഞ്ഞ സാമൂഹിക, സാംസ്ക്കാരിക പ്രശ്നമാണ്. ഒരു സമൂഹത്തിന്‍റെ സംസ്ക്കാരം അവിടുത്തെ കലാരൂപങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. സിനിമ ഈനാട്ടില്‍ വലിയ സ്വാധീനമുള്ള ഒരു മാധ്യമമാണ്. സിനിമയില്‍ കാണുന്ന ഐറ്റം ഡാന്‍സ്സിനും, അര്‍ദ്ധ നഗ്നതാ പ്രദര്‍ശനത്തിനും, ഒക്കെ അപ്പുറത്തുള്ള വഷളത്തരമായേ പ്രസവം ചിത്രീകരിച്ചുപ്രദര്‍ശിപ്പിക്കുന്നതിനെ കാണാന്‍ കഴിയൂ.

       ചിത്രം കാണാതെ അഭിപ്രായം പറയരുത് എന്നാണ് ബ്ലെസ്സിയുടെ പക്ഷം. ബഹുമാന്യനായ കേരള നിയമസഭാ സ്പീക്കര്‍ പറഞ്ഞത് പോലെ ഈ ചിത്രം പ്രദര്‍ശനത്തിന് തന്നെ അനുവദിക്കരുത്. ഇതു പ്രദര്‍ശിപ്പിച്ചാല്‍അത് ഒരു ക്രൈം തന്നെ ആയിരിക്കും എന്നതില്‍യാതൊരു സംശയവുമില്ല.

       ഈ ചിത്രീകരണത്തെക്കുറിച്ച് ഉള്ള അസ്വാരസ്യങ്ങള്‍ പൊതു, സാമൂഹിക, സാംസ്ക്കാരിക, മഹിളാ സംഘടനകളില്‍ അധികം പുറത്തേക്ക് ഉയര്‍ന്നു കണ്ടില്ല. കാരണം, ഇത് ശരിക്കും ഒരു മഹത് സൃഷ്ടിയാണോ, താന്‍ എന്തെങ്കിലും എതിരായി പറഞ്ഞാല്‍ തന്നെ ആരെങ്കിലും വിലകുറച്ച് കാണുമോ? തന്‍റെ പ്രസ്ഥാവന സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരായി വ്യാഖ്യാനിക്കുമോ എന്നൊക്കെയുള്ള അവരുടെ ജല്‍പ്പിതസംശയങ്ങളാവാനെ വഴിയുള്ളൂ.

       ഒരു വൈദ്യശാസ്ത്ര ആവശ്യത്തിനോ, പഠന ആവശ്യത്തിനോ സ്വകാര്യശരീര ഭാഗങ്ങള്‍ മറ്റൊരുകൂട്ടര്‍ക്ക് മുന്‍പില്‍ കാണിക്കേണ്ടി വരുന്നതോ, വേണ്ടിവന്നാല്‍ അത് ചിത്രീകരിക്കുന്നതോ ഒന്നും സിനിമക്ക് വേണ്ടി ചിത്രീകരിക്കുന്ന ഒന്നിനോട് താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലന്നു സമൂഹത്തിലെ ചിലരോടെങ്കിലും പറഞ്ഞ് തര്‍ക്കിക്കേണ്ടി വരുന്നതും സാമൂഹികമായ അധ:പതനമാണ്. ഇത്രയും പ്രത്യക്ഷമായ ഒരു നാണക്കേടിനെ ഒറ്റശബ്ദത്തില്‍ എതിര്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ആ അധ:പതനം.

       ഒരു മാതാവിന് തോന്നാത്ത മാതൃവികാരങ്ങളെ ആര്‍ക്കും വിമര്‍ശിച്ച് ജനിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ശ്വേതയെ അത് പഠിപ്പിച്ച് സമയം കളയാന്‍ മുതിരാതെ; ഇത്തരം വഷളത്തരങ്ങള്‍ ഇവിടെനടപ്പില്ല എന്ന് പ്രഖ്യാപിച്ച് അവയെ മുളയിലേതന്നെ നുള്ളി എറിയുകയാണ് നാം ചെയ്യേണ്ടത്. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സഭ്യത്തിനും, അസഭ്യത്തിനും ഇടയില്‍ ശക്തമായ അതിര്‍വരമ്പുണ്ട്‌.`.. അത് കാണാന്‍ കഴിയാത്തവരെ  മനസ്സിലാക്കിനല്‍കാന്‍ പൊതു സമൂഹത്തിന് ചുമതലയുമുണ്ട്.


[Rajesh Puliyanethu,
 Advocate, Haripad]

     








Please Post Your Comments Through The Link Below....
     
http://www.facebook.com/puliyanz?ref=tn_tnmn

     

     

No comments:

Post a Comment

Note: only a member of this blog may post a comment.