Showing posts with label Condolence..... Show all posts
Showing posts with label Condolence..... Show all posts

Monday, 20 March 2017

അതിരപ്പള്ളിയുടെ ആസന്ന മൃതി..!!

     
     മരണാസ്സന്നയായി കിടക്കുന്ന ഒരു പ്രിയ ബന്ധുവിനെ കാണാനും അല്പനേരം അടുത്തിരിക്കാനും പോകുന്നതുപോലെ നമുക്ക് അതിരപ്പള്ളിയിലേക്ക് പോകാം... നമ്മുടെ മനസ്സിന്റെ വിങ്ങലും, തേങ്ങലുമായി അവളെ അല്പനേരം നോക്കി നിൽക്കാം... ഈ യൗവ്വനം വിട്ടൊഴിയാത്ത പ്രായത്തിൽ സംഭവിച്ച ദുർഗ്ഗതിയെ ഓർത്ത് വിലപിക്കാം... നിസ്സഹായതയോടെ നമ്മെ നോക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും നമുക്ക് നോട്ടം പറിച്ചു മാറ്റാം... തിരിഞ്ഞു നടക്കുമ്പോൾ സഹായത്തിനായി അവൾ നടത്തുന്ന പിൻ വിളികൾ കേട്ടില്ലെന്നും നടിക്കാം... ഒടുവിൽ അവളുടെ ദൃഷ്ടിയുടെ സീമകൾക്കപ്പുറമെത്തി നമ്മുടെ നിസ്സഹായതകളെ ഏറ്റു പറഞ്ഞ് ഒരു നെടുവീർപ്പിടാം. തിരികെ നമ്മുടെ ചുട്ടുപഴുത്ത കോൺക്രീറ്റ് കെട്ടിടങ്ങളിലെത്താം... കാട്ടാള ഭരണാധികാരികൾക്കെതിരെ ഒറ്റക്കിരുന്നു സംസ്സാരിക്കാം... ഉറങ്ങാം.... വീണ്ടുമുണരാം... മൂന്നാം ദിവസ്സം ഉയർത്തെഴുനേൽക്കാത്ത അതിരപ്പള്ളിയെ ഓർത്ത് കവിതകളെഴുതാം....

വരൂ,, നമുക്ക് അതിരപ്പള്ളിയിലേക്ക് പോകാം.......

[Rajesh Puliyanethu
 Advocate, Haripad] 

Saturday, 13 February 2016

മഹാകവി ശ്രീ ഓ. എൻ. വി കുറുപ്പിന് ആദരാഞ്ജലികൾ...



     കുറിച്ചിട്ടു കടന്നുപോയ അക്ഷരങ്ങളുടെ തുടിപ്പിൽ നൂറു നൂറു വർഷങ്ങൾ അങ്ങ് ഇനിയും ജീവിക്കും... ശാന്തമായ സാഗരമായും,, ഒരു വട്ടം കൂടി ഓർമ്മയിലെ നെല്ലിമരത്തിൽ തിരയുന്ന പോയകാലത്തിന്റെ കുളിർമ്മയായും,, അരികിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന, മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി, കൈയ്യിൽ വളകളണിഞ്ഞു വരുന്ന ഓർമ്മകളായും,, ഒരു ദളം വിടർന്ന ചെമ്പനിനീർ പൂവിന്റെ സൌന്ദര്യമായും,, സുഗന്ധമായും അങ്ങനെ പല വിധ സ്പർശങ്ങളായി!!  ഒടുവിൽ പൊന്നുപോലെ ഉരുകിവീണ് അലകളിലെ പൂക്കളായി മാറിഅങ്ങ് പോയി.... ഇളം നീല രാവുകളോടും, കുളിരണിയിച്ച നിലാവിനോടും,, ചിരിപ്പിച്ച നക്ഷത്രങ്ങളോടും,, ഏകാന്തതയിൽ സുഗന്ധവുമായെത്തിയ കാറ്റിനോടും നന്ദി പറഞ്ഞുകൊണ്ട്...........  

     കാലം കൊണ്ടുപോകുന്നതിനെ നിസ്സഹായതയോടെ നൊക്കിനിൽക്കുന്നതിനെ നമുക്കു കഴിയൂ....

അനുഗ്രഹീത കവി ശ്രീ ഓ. എൻ. വി കുറുപ്പിന് ആദരാഞ്ജലികൾ... 

[Rajesh Puliyanethu
 Advocate, Haripad]

Sunday, 24 January 2016

മല്ലികാ സാരാഭായിയുടെ ശവപൂജ...........!!


     ''ശവപൂജ'';; അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും ചില പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ഹിന്ദു സന്യാസിമാർ അനുഷ്ട്ടിച്ചു വരുന്ന ഒരു താന്ത്രിക ചര്യയാണ് അതെന്ന് പറയപ്പെടുന്നു... മൃതശരീരത്തിനു മുകളിൽ ഇരുന്നാണ് ഈ കർമ്മം അനുഷ്ട്ടിക്കുന്നതെന്നാണ് സങ്കല്പം... ചില ദേവതകളെ പ്രീതിപ്പെടുത്തി തങ്ങളുടെ ഉദ്ടിഷ്ട്ടകാര്യപൂർത്തീകരണമാണ് ഫലസിദ്ധിയായി പറയപ്പെടുന്നത്...  പക്ഷെ ഇതൊന്നും ആരും നേരിൽ കണ്ടിരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്... എന്നാൽ ഏതാണ്ട് ഈ കർമ്മത്തിനു സമാനമായ ഒരു കർമ്മം ശ്രീമതി മൃണാളിനി സാരാഭായിയുടെ മൃതശരീരത്തിന് മുകളിൽ കാണാൻ കഴിഞ്ഞു... കർമ്മി സ്വന്തം പുത്രി മല്ലികാ സാരാഭായി...

     മരണത്തിനു മുൻപിൽ എല്ലാവരും സമന്മാരാണ് എന്ന സത്യം പലവുരു നാം കേട്ടിട്ടുള്ളതാണ്... മരണം എല്ലാവരിലും നടപ്പിലാവേണ്ട കൃത്യം എന്ന അര്ഥത്തിൽ മാത്രമല്ല അങ്ങനെ പറയുന്നത്.... മറിച്ച് ഏതൊരു മരണത്തിലും സ്ഥായിയായ ചിലഭാവങ്ങളുണ്ട്... അതിൽ പ്രധാനം ദു: ഖമാണ്... അത് പണ്ഡിതന്റെയോ പാമരന്റെയൊ മരണം ആകട്ടെ.... മറിച്ച് ഒരുവന് തോന്നുന്നുവെങ്കിൽ അവൻ വ്യക്തിപരമായി ആ മരണം കൊണ്ട് നേട്ടമുള്ളവനും ആ നേട്ടം ഓർത്ത്‌ സന്തോഷിക്കുന്നതുമാകും... ഒന്ന് ചിന്തിച്ചു നോക്കൂ.... നാം യാത്രാമദ്ധ്യേ ഒരു തെരിവു തെണ്ടിയുടെ മൃതശരീരം കാണുന്നു... തീർച്ചയായും ഒരു മൌനം,, മൂകത,, ദുഃഖം നമ്മിലേക്ക്‌ വന്നുനിറയും... ഒരു നിമിഷത്തിന്റെ എത്ര അർദ്ധങ്ങളിൽ അത് നമ്മിൽ നിലനിൽക്കും എന്നത് മറ്റൊരുകാര്യം...

     മരണത്തിന്റെ ഭാവങ്ങളെ വിവരിക്കാനല്ല ഞാൻ ഉദ്ദേശിച്ചത്... മറിച്ച് മല്ലികാ സാരാഭായി തന്റെ സ്വന്തം മാതാവിന്റെ ശവശരീരത്തിനു മുൻപിൽ ബാഷ് പ്പാഞ്ജലി അർപ്പിക്കൽ എന്നപേരിൽ നടത്തിയ പേക്കൂത്തിനെ പരാമര്ശിച്ചുവെന്നെ ഉള്ളൂ... സ്വന്തം മാതാവിന്റെ മരണത്തെ കേവലം ഒരു ഇവെന്റ് ആയി മാത്രം കാണാൻ കഴിയുന്ന മകൾക്കെ അപ്രകാരം പ്രവർത്തിക്കുവാൻ കഴിയൂ... മാതാവിന്റെ മരണത്തിൽ ദു:ഖമാണുള്ളതെങ്കിൽ പ്രതികരിക്കുന്നത് കണ്ണുകളാകും; മുദ്രകളാകില്ല..... ഒരു അപരിചിതന്റെ മരണത്തോടു കാട്ടേണ്ട ബഹുമാനമോ മര്യാദയോ പോലും മല്ലിക തന്റെ മാതാവിനോട് കാട്ടിയില്ല... അയൽപക്കത്ത് മരണമുണ്ടായാൽ ടി. വി ഓഫ്‌ ചെയ്യുകയോ,, ഉയർന്ന ശബ്ദ്ദത്തിൽ വെയ്ക്കാതിരിക്കുകയോ ചെയ്യുന്ന ഗ്രാമീണ മനസ്സിന്റെ തിരിച്ചറിവുപോലും ഇല്ലാത്ത സ്ത്രീ ആയിപ്പോയി മല്ലിക...

     പ്രൊഫ: എം. കൃഷ്ണൻ നായർ ഒരു ലേഖനത്തിൽ തന്റെ ഒരു അനുഭവം പങ്കുവെച്ചത് ഓർക്കുകയാണ്... ഒരു മരണവീട്ടിൽ അദ്ദേഹത്തിന് പോകേണ്ടിവന്നു... മരണപ്പെട്ട സ്ത്രീയുടെ സഹോദരിയാണ് അവിടെ ശവപൂജയിലെ കർമ്മി... അവർ ഉച്ചത്തിൽ വിലപിക്കുന്നതായാണ് അദ്ദേഹം വിവരിക്കുന്നത്...  വിലാപകാവ്യം സാഹിത്യ സമ്പുഷ്ട്ടമാണ്... ആ മരണത്തിൽ വിഷാദകണം പോലും ആസ്ത്രീയിൽ ഉണ്ടെന്നുകരുതുക വയ്യ... ഒരു മരണവീട്ടിൽ ഇതിൽപ്പരം ജുപുൽസ്സാവഹമായ എന്ത് കാഴ്ചയാണ് കാണാനുള്ളത്... അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ അങ്ങനെ തുടരുന്നു...

     വികലമായ പ്രവർത്തിയിൽക്കൂടി വിപ്ലവം കൊണ്ടു വരാൻ ശ്രമിക്കുക എന്നത് സമീപകാലത്തെ ഒരു ഭീഷണിയായി കാണുന്നു.... നായകളെപ്പോലെ തെരുവിൽ നിന്നുകൊണ്ട് രതി വൈകൃതങ്ങൾ കാട്ടി സ്വാതന്ത്ര്യം സൃഷ്ട്ടിക്കുക,, സ്വന്തം പ്രസ്സവം ഷൂട്ടു ചെയ്ത് പ്രദർശിപ്പിച്ച് കാശുണ്ടാക്കുക,, അത് ഉദാത്തമായ കലയായി വിശേഷിപ്പിക്കുക, താലി ചുട്ടുകരിച്ച് സ്ത്രീ സ്വാതന്ത്ര്യം കൊണ്ടുവരിക,, എന്നിവ സമാനമായ ഏതാനും പ്രകടനങ്ങൾ... ജെ. സി. ബി യുടെ കാരിയറിൽ ഇരുന്നു വിവാഹഘോഷയാത്ര നടത്തുക,, ക്ലോസ്സറ്റിന്റ ആകൃതിയിൽ കേക്കും, അതിൽ മലം കിടക്കുന്ന രീതിയിൽ ക്രീമും നിറച്ച് പിറന്നാളിന് മുറിക്കുക എന്നതൊക്കെ സമാന സ്വഭാവവിശേഷങ്ങളിലെ പ്രവർത്തികൾ തന്നെ... 

     സ്വന്തം മാതാവിന്റെ മൃതശരീരത്തെ എങ്ങനെ ഏറ്റവും സാമർധ്യത്തൊടെ മാർക്കറ്റുചെയ്യാം എന്ന് മല്ലിക കാട്ടിത്തന്നു... മീഡിയ ശ്രദ്ധയും ,, പൊളിറ്റിക്കൽ നേട്ടങ്ങളും ആ മൃതശരീരം കൊണ്ട് അവർ നേടി... ഒരു പ്രഖ്യാപിത ഇടതുപക്ഷ സഹയാത്രികയായ അവർ ശ്രീ നരേന്ദ്രമോഡി അനുശോദിച്ചില്ല എന്ന കള്ളം പറഞ്ഞുകൂടി ആ മരണത്തെ മുതലെടുക്കാൻ ശ്രമിച്ചപ്പോൾ തോന്നുന്നത് മൃണാളിനിയുടെ മരണത്തിനു മുന്പുതന്നെ ഈ അരങ്ങേറിയ തിരക്കഥ തയ്യാറായിരുന്നെന്നാണ്... പിന്നെ ഭാരത സംസ്ക്കാരത്തിൽ പതിവില്ലാത്ത എന്ത് പേക്കൂത്ത് നടത്തിയാലും നിർലോഭം പിന്തുണ പ്രഖ്യാപിക്കുന്ന സി പി എം ഇവിടെയും പതിവ് തെറ്റിച്ചില്ല... മല്ലിക എന്തോ വിപ്ലവം നടത്തിയതായി അവർ ഘോഷിക്കുന്നു... മല്ലികയുടെ അഭ്യാസ്സപ്രകടനങ്ങളിൽ നിന്നും എന്ത് വിപ്ലവമാണ് സംഭവിച്ചതെന്ന് സാമാന്യബുദ്ധി ഉള്ളവർക്ക് മനസ്സിലാവില്ല... മാതാവിന്റെ ചിതയ്ക്ക് തീകൊളുത്തുന്ന കർമ്മത്തിൽ നിന്നും മകനെ അകറ്റിനിർത്തി മകൾ കൈയ്യടക്കിയതിൽ വിപ്ലവ മല്ല "വിപണിക്ക്‌ വേണ്ടത് നൽകണം" എന്ന കച്ചവടതന്ത്രമാണ് നിഴലിക്കുന്നത്... ഈ ശവപൂജയിൽ ഏതു ദേവതയെയാണോ അവർ പ്രസാദിപ്പിക്കാൻ ഉദ്ദേശിച്ചത്!?

     പ്രശസ്തിയുടെ പടവുകൾ കയറാൻ കഴിഞ്ഞില്ലെങ്കിലും കലയെ തീവ്രമായി ഉപാസ്സിച്ചു ജീവിച്ചു മരിച്ചു പോകുന്ന അസ്സംഖ്യം കലാകാരന്മാർ ഉള്ള നാടാണിത്... പലവിധവമായ മേഘലകളിൽ...!! ആരാധകരും,, പണവും,, ഇടതുപക്ഷ സഹയാത്രിക എന്നാ ലേബലും,, അതുവഴി എന്ത് മ്ലേശ്ചതയ്ക്കും കുഴലൂത്തിന് കുറെ അനുചരന്മാരേയും ലഭിക്കുന്ന മല്ലിക അല്ലാതെ മുൻപ് പറഞ്ഞ വിധത്തിലെ ഒരു സാധാരണ കലാകാരൻ തന്റെ മാതാവിന്റെയോ, പിതാവിന്റെയോ മൃതശരീരത്തിനടുത്ത് അവരുടെ കലോപാസ്സനയുടെ ഒരേട്‌ അവതരിപ്പിക്കാൻ തുനിഞ്ഞാൽ, നിശ്ചയം ഭ്രാന്താശുപത്രിയിൽ ഒരു മുറി അവർക്കായി ഒരുങ്ങിയിരിക്കും....

     കൊപ്രായങ്ങളെ മഹത്വവൽക്കരിച്ച് അവതരിപ്പിക്കുന്ന ഒരു കാലഘട്ടമാണിത്... വിപ്ലവം സർവാത്മനാ സ്വാഗതം ചെയ്യപെടും.. പക്ഷെ കോപ്രായങ്ങൾ ഒരുചെറിയ കാലഘട്ടത്തിലെ നേട്ടങ്ങൾക്കുവേണ്ടി മാത്രം ചിലർ മഹത്തരമെന്ന് പാടിനടക്കും... അതിനുശേഷം അത് കൊപ്രായങ്ങളായിത്തന്നെ വിശേഷിപ്പിക്കപ്പെടും... അത് ചരിത്രത്തിൽ അവശേഷിക്കും;; ചില നേട്ടങ്ങൾക്ക്‌ വേണ്ടി കെട്ടിയാടിയ സംഭവിക്കാൻ പാടില്ലാത്ത ഒന്നായി.....!!



     കാലം കൊണ്ടുപോയ അനുഗ്രഹീത നർത്തകി ശ്രീമതി മൃണാളിനി     സാരാഭായിക്ക് അന്ത്യാഞ്ജലി..........


[ Rajesh Puliyanethu
 Advocate, Haripad]

Tuesday, 28 July 2015

ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാം വിടവാങ്ങി, ആദരാഞ്ജലികൾ.....


       എ പി ജെ അബ്ദുൾ കലാം ഈ ലോകം വിട്ടു പോയിരിക്കുന്നു... അദ്ദേഹം കൊളുത്തിവെച്ച ദീപം മാത്രം നമുക്ക് വഴികാട്ടിയായി ബാക്കി... ആശങ്ങൾ കൊണ്ടും, ജീവിതരീതികൊണ്ടും, ബുദ്ധിശക്തി കൊണ്ടും, പദവികൾ കൊണ്ടും, അറിവുകൊണ്ടും, അങ്ങീകാരങ്ങൾ കൊണ്ടും, ഇത്രയധികം മനുഷ്യ മനസ്സുകളെ കീഴ്പ്പെടുത്തിയ മറ്റൊരു വ്യക്തിത്വം സമീപകാല ലോകച്ചരിത്രത്തിലെങ്ങും തന്നെ ഉണ്ടാകില്ല... അദ്ദേഹത്തിൻറെ മഹത്വം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരുവനും അറിയാതെ മനസ്സിൽ വരുന്ന ഒരു അനുശോദന വിലാപമുണ്ട്... ഒരു അത്ഭുതമായി അദ്ദേഹത്തെ നോക്കിക്കാണുന്ന ദശകൊടികളിൽ ഒരുവനായ ഞാനും മനസ്സിന്റെ ആ വിലാപമാണ്‌ എടുത്തു കുറിക്കാൻ ശ്രമിക്കുന്നത്...

       അദ്ദേഹത്തിൻറെ മഹത്വത്തെക്കുറിച്ചും, പ്രതിഭയെക്കുറിച്ചും ആരും അനുശോദന പ്രസ്സങ്ങങ്ങളിൽ അധികം എടുത്തുപറഞ്ഞു കേട്ടില്ല... കാരണം അദ്ദേഹത്തോടുള്ള അനാദരവൊന്നുമല്ല; മറിച്ച് അദ്ദേഹത്തിൻറെ മഹത്വവും, പ്രതിഭയും ഈ ലോകത്ത് ആരെയാണ് പറഞ്ഞ് മനസ്സിലാക്കെണ്ടതായിട്ടുള്ളത് എന്നതു കൊണ്ടാണ്... ലോകത്തെ യുണിവേര്സ്സിറ്റികളെല്ലാം മത്സ്സരിച്ചാണ് അദ്ദേഹത്തിന് ഡോക്ടറേറ്റുകൾ നൽകിയത്... കാരണം അവിടെ അന്തസ്സും, അഭിമാനവും, യശസ്സും ഉയർന്നത് യുണിവേര്സ്സിറ്റികൾക്കാണ്... 

       ഇത്രയും വിനയാന്വിതനായ,, ലളിതമായി സംസ്സാരിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്ത മറ്റൊരു ബഹുമുഖ പ്രതിഭയെ ആർക്കെങ്കിലും പരിചയമുണ്ടോ?? ലോകത്തിന് പുതിയ ചിന്താശേഷിയും, ആശയങ്ങളും പകർന്നുതന്ന തികഞ്ഞ സമാധാനകാംഷിയായ ആ മഹാൻ തന്നെയാണ് നമ്മുടെ മിസ്സൈൽമാൻ എന്നും , പൊക്രാനിലെ അണുപരീക്ഷണത്തിന്റെ അമരക്കാരൻ എന്നും നമ്മുടെ ബഹിരാകാശ സ്വപ്നങ്ങളെ അഗ്നിചിറകിലേറ്റി പറത്തിയതെന്നും അറിയുമ്പോൾ വരാനിരിക്കുന്ന ഒരു തലമുറ തീർച്ചയായും അത്ഭുതം കൂറും... പക്ഷെ രാജ്യത്തിന്റെ സുരക്ഷിതത്വവും, സമാധാനവും നിലനിർത്തുന്നതിന് 'ആവനാഴിനിറയെ അസ്ത്രങ്ങൾ കൂടി ആവശ്യമാണെന്ന്' തിരിച്ചറിവുള്ള ഒരു രാഷ്ട്രതന്ത്രക്ഞൻ കൂടിയായിരുന്നു അദ്ദേഹം... 

       എപ്പോഴും അതിവിശിഷ്ട്ട വ്യക്തികൾക്കൊപ്പം പോലീസ്സും, പരിവാരങ്ങളും, സുരക്ഷാസന്നാഹങ്ങളും ഉണ്ടാകും... ശ്രീ അബ്ദുൾ കലാമിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്;; ഇദ്ദേഹത്തിനെന്തിനാ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി എന്ന്.... കാരണം മറ്റൊന്നുമല്ല, എത്ര കൊടും തീവ്രവാദിക്കു പോലും അദ്ദേഹത്തിനു നേരെ തോക്കുചൂണ്ടാനുള്ള മനോനില ഉണ്ടാകുമെന്ന് എനിക്ക് ആലോചിക്കാൻ കഴിയുന്നില്ല..!! മറിച്ച് ആരെങ്കിലും അദ്ദേഹത്തെ ശത്രു ഭാവത്തിൽ കാണുന്നുണ്ടെങ്കിൽ നിസ്സംശയം പറയാം;; കാശ്മീർ മുതൽ കന്യാകുമാരി വരെ ഒറ്റ അഗ്നിയിൽ ദഹിക്കുന്നത് ആഗ്രഹിക്കുന്ന ദേശദ്രോഹി ആയിരിക്കുമത്... 

       ഒരു ജീവിതം എത്രത്തോളം മഹത്തരമായി ജീവിച്ചുതീർക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാം... സ്വയം ഏറ്റവും ഉർജ്ജസ്വലനായി ജീവിച്ചു.. തന്റെ ഉർജ്ജം രാജ്യപുരോഗതിക്ക് വിനിയോഗിക്കുകയും, മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു... തന്റെ ജീവിതത്തിലെ മുഴുവൻ ശ്വാസ്സത്തിലും നന്മ സൂക്ഷിച്ചതിന്റെ പ്രതിഫലം ഈശ്വരൻ നൽകിയതാവാം;; കർമ്മ നിരതനായി നിന്നുകൊണ്ടുള്ള അനായാസ്സേന മരണം!! 

       ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാമിന് പകരംവെയ്ക്കാൻ ഇനി മറ്റൊന്ന് ഉണ്ടാകുമെന്ന് കരുതുകയേ വയ്യ... കാലം കൊണ്ടുപോകുന്നത് നിസ്സഹായരായി നോക്കി നിൽക്കുന്നതിനു മാത്രമേ നമുക്കു കഴിയൂ... അദ്ദേഹം കണ്ട സ്വപ്‌നങ്ങൾ നിറവേറ്റാൻ നമ്മുടെ രാജ്യത്തിനാകട്ടെ... അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.......


[Rajesh Puliyanethu
 Advocate, Haripad]