Monday, 3 November 2014

വാർത്തയും വിശകലനവും.....!!


       ഇന്ന് മാധ്യമ രംഗം സ്വജന പക്ഷപാതം, രാഷ്ട്രീയ, മത, സാമുദായിക, വ്യക്തി, അധിഷ്ട്ടിത സ്വാധീനങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചു വരുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നു... ഈ സ്വാധീനങ്ങൾക്ക് വശപ്പെട്ട് എഴുത്തുകൾ നടത്തുമ്പോൾ അതിനെ പരക്കെ "കൂലിയെഴുത്ത്" എന്ന പേരിട്ട് വിളിക്കുന്നു... വാർത്തകൾ ജനശ്രദ്ധ ആകർഷിക്കുക എന്ന ഉദ്ദേശത്തിൽ അതിഭാവുകത്വം കലർത്തി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു...  "വാർത്തയിലെ കല...."

       അങ്ങനെയുള്ള കൂലിയെഴുത്തുകൾക്ക് സമൂഹത്തിൽ പ്രവർത്തനശേഷി ഉണ്ടാകുന്നത് സമൂഹത്തിന്റെ മേന്മയും, ച്യുതിയും ഒരുപോലെ കാരണമാണ്...ഉദാഹരണമായി പറഞ്ഞാൽ "അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അറിയുന്ന ജനത ഇവിടെയുള്ളത് കൂലിയെഴുത്തുകൾക്ക് അനുകൂലഘടകമാണ്... അതുപോലെതന്നെ അപഗ്രഥിച്ചു മനസ്സിലാക്കാൻ കഴിവില്ലാത്ത ജനതയും കൂലിയെഴുത്തുകൾക്ക് അനുകൂലഘടകമാണ്... 

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 28 October 2014

"കിസ്സ്‌ ഓഫ്‌ ലവ്" ഒരു സാംസ്ക്കാരിക വെല്ലുവിളി.......!!


        ഡൌണ്‍ ടൌണ്‍ റെസ്റൊറന്റിലേക്ക് നോക്കൂ...!! ഭാരതീയ സംസ്ക്കാരത്തെയും, പ്രണയത്തെയും, നിയമത്തെയും, വ്യക്തിസ്വാതന്ത്രങ്ങളെയും പടച്ചട്ട അണിയിച്ച് അവിടെ നിർത്തിയിരിക്കുന്നു... ഏതൊരു പടയാളിയുടെ കൈയ്യിലും യുദ്ധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരേ ഒരു ആയുധമെ ഉള്ളു... അതാണ്‌ "ചുംബനം"...!! ചുംബിച്ചോ, ചുംബനത്തെ നശിപ്പിച്ചോ, ചുംബനത്തെ ഒളിപ്പിച്ചോ മേൽപ്പറഞ്ഞ പടയാളികൾക്ക് വിജയിക്കാം... അവർ ധരിച്ചിരിക്കുന്ന പടച്ചട്ട ഊരിവെച്ച് വിജയഭേരി മുഴക്കാം.... 

       പക്ഷെ മേൽപ്പറഞ്ഞ പടയാളികൾ ആയുധമെടുത്ത് യുദ്ധം ചെയ്യുന്നതിന് പകരം ചിലർ ആയുധത്തോട് യുദ്ധം ചെയ്യാൻ തുടങ്ങി... ചിലർ ആയുധത്തിന്റെ വക്ത്താക്കളായി... മറ്റുചിലർ ആയുധത്തെ എറിഞ്ഞോടിക്കാൻ വെമ്പൽ കൊണ്ടു.. എന്തിനേറെ പറയുന്നു... യുദ്ധം "ചുംബനം"എന്ന ആയുധത്തിന്റെ അസ്ഥിത്വവും, ഉപയോഗക്രമവും, വിനിമയവും, വിപണനവും, പ്രാധാന്യവും ഒക്കെയായി വിപുലീകരിക്കപ്പെട്ട് യുദ്ധഭൂമിയുടെ വിസ്തൃതിയെ വർദ്ധിപ്പിച്ചു... പ്രജകളിൽ നിന്നും സ്വയേഛയാതന്നെ പോരിനിറക്കവും ഉണ്ടായി... 

       ലോകമാകെ പോരിനിറങ്ങുമ്പോൾ എതെങ്കിലുമൊക്കെ തരത്തിൽ അതിൽ ഭാഗപാക്കാകണമല്ലോ.. പ്രസ്തുത വിഷയത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തികൊണ്ട് ഞാനും അത് ചെയ്യുന്നു.. 

        റെസ്റൊറന്റിൽ പരസ്യമായി അരങ്ങേരിവന്ന ചുംബന പ്രകടനങ്ങളും, കാമകേളികളും ഒരു ചാനൽ ഒളിക്യാമറയിൽ പകർത്തി പ്രദർശിപ്പിച്ചതിനെ തുടർന്ന് 'സദാചാരബോധം സംരക്ഷിക്കുക' എന്നാ മുദ്രാവാക്യവുമായി എത്തിയ യുവമോർച്ചാ പ്രവർത്തകർ  റെസ്റൊറനട് അടിച്ചുതകർത്തു എന്നതാണ് 'ചുംബന യുദ്ധത്തിന്റെ' മൂലകാരണം എന്ന് ഞാൻ മനസ്സിലാക്കുന്നത്... യുവമോർച്ചാ പ്രവർത്തകർ റെസ്റൊറനട് അടിച്ചു തകർത്തു എന്നതിനെ വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ല എന്നാണ് എന്റെ പക്ഷം... കാരണം ലൈഗീകതയുമായി ചേർന്ന വിഷയങ്ങൾക്ക്‌ സമൂഹത്തിൽ വല്ലാത്ത പ്രതികരണോർജ്ജമാണ്... അത് മുതലെടുക്കാൻ യുവജന സംഘടനകൾ മുന്നിട്ടെറങ്ങും.. എന്തുകൊണ്ട് DYFI യോ, യൂത്ത് കൊണ്ഗ്രെസ്സോ അതിന് തുനിഞ്ഞില്ല എന്നാ ചോദ്യത്തിന് 'മുൻപേ ഓടിഎത്തി അടിച്ചു തകർക്കുന്നതിൽ' വിജയിച്ചത് യുവമോർച്ചാ പ്രവർത്തകർ ആയിരുന്നു എന്നതാണ് ഉത്തരം... മറിച്ച്  DYFI യോ, യൂത്ത് കൊണ്ഗ്രെസ്സോ ഈ അവസ്സരത്തിൽ പറയുന്ന വിശദീകരണങ്ങൾക്ക് പ്രാധാന്യമില്ല... മുൻകാലങ്ങളിൽ ലൈഗീകതയുമായി ചേർന്ന വിഷയങ്ങളിൽ ഇതിലും എത്രയോ വലുതായി വ്യക്ത്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കും വിധം അവർ പ്രവർത്തിച്ചിട്ടുണ്ട്... പിന്നെ മുസ്ലീം പ്രസ്ഥാനങ്ങൾ നടത്തുന്ന പുരോഗമന പ്രസംഗങ്ങളുടെ അടിസ്ഥാനം?? 'സദാചാര പോലീസ്' എന്നാ പേരിൽ നടത്തിയ പല ക്രൂരകൃത്യങ്ങളുടെയും അന്വേഷണം അവരിലാണ് ചെന്നെത്തിയത് എന്നതാണ്...!! ഹിന്ദുത്വം മുൻപേപിടിക്കുന്ന യുവമോർച്ചയും സദാചാരപോലീസ് ചമയുന്നവരാണെന്ന് വരുത്തിതീർത്താൽ അത്രയും നേട്ടം.... 

      'പരസ്യമായ ചുംബനം' എന്ന വിഷയത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ അത്രയും ചുരുക്കിമാത്രമേ കാണേണ്ടതുള്ളൂ... സാമുദായികപരമായും, സാംസ്ക്കാരികമായും ഉയർത്തുന്ന ചോദ്യങ്ങൾ കുടുംബബന്ധങ്ങളുമായി ചേർത്തു വായിക്കുമ്പൊളാണ് ഈ വിഷയം ചർച്ചക്കുള്ള അർഹത നേടുന്നത്... നിയമം പോലും രണ്ടാമത്തെ വിഷയമായി വിലയിരുത്തിയാൽ മതി.. വ്യക്തി സ്വാതന്ത്ര്യത്തെ മൂന്നാമതായും!!   

         വിഷയം 'പരസ്യമായ ചുംബനം' എന്നത് ആയതിനാലാണ് വ്യക്തി സ്വാതന്ത്ര്യത്തെ മൂന്നാമതായി കണ്ടാൽ മതി എന്ന് പറയാൻ കാരണം.. 'സ്വകാര്യതയിലെ ചുംബനം' ആയിരുന്നു വിഷയമെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തെ ഒന്നാമതായിത്തന്നെ കാണേണ്ടി വന്നെനേം... അവിടെ രണ്ടു വ്യക്ത്തികളുടെ താല്പ്പര്യവും സമ്മതവും എന്നതിലുപരി മറ്റൊന്നുംതന്നെ മാനദണടമാക്കേണ്ടതായി ഉണ്ടെന്ന് തോന്നുന്നില്ല... ഉണ്ടെങ്കിൽത്തന്നെ തീർച്ചയായും പോതുജനത്തിനില്ല... അവരിരുവർക്കല്ലാതെ....... 

       ലൈംഗീകമായ സ്വന്തം സ്വാതന്ത്ര്യങ്ങളെയും, അവകാശങ്ങളെയും സ്വകാര്യതയിൽ നിന്നും പുറത്തുകൊണ്ടുവന്ന് ആസ്വദിക്കാനുള്ള പ്രവണത നമ്മുടെ സമൂഹത്തിൽ കൂടി വരുന്നതായി കാണുന്നു... എന്താണ് അതിന്റെ പ്രേരകശക്ത്തി എന്ന് മനസ്സിലാകുന്നതെ ഇല്ല... തങ്ങളുടെ ലൈംഗീക ചേഷ്ട്ടകൾക്ക് ഒരു സാക്ഷിയോ, പ്രേക്ഷകനോ ഉണ്ടാകണമെന്നും അത് തങ്ങളുടെ അവകാശമാണെന്നും ധരിക്കുന്നത് എന്തുകൊണ്ടാണ്... വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് കൂടുതൽ ഉയർന്ന ശബ്ദ്ദം കേൾക്കുന്ന കാലമായതുകൊണ്ട് ഒരു സാക്ഷിയും തങ്ങളുടെ അവകാശമെന്ന് വാദിക്കുന്നവർ ഉണ്ടാകാം.. അവരോടായും പറയുന്നു... നിങ്ങളുടെ ലൈംഗീക ചേഷ്ട്ടകൾക്ക് സാക്ഷിയാകുന്നതിന് പൊതുസമൂഹത്തിന് താല്പ്പര്യമില്ല... തല്പ്പരനായ ഒരുവനെ കണ്ടെത്തി സാക്ഷിയാക്കിക്കൊള്ളുക... അതും നിങ്ങളുടെ അടച്ചിട്ട മുറിയിൽ..... 

       'പരസ്യമായ ചുംബനമാണ്' ഡൌണ്‍ ടൌണ്‍ റെസ്റൊറന്റിൽ നടന്നതെന്നും അതാണ്‌ സംഘർഷങ്ങൾക്ക് അടിസ്ഥാനമായത് എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്... ചർച്ചകൾ അവിടെന്നിന്നും ആരംഭിച്ച് ഇപ്പോൾ 'ചുംബനം' എന്ന വിഷയത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.. "പരസ്യമായ" എന്ന അതിപ്രാധാന്യം അർഹിക്കുന്ന കൂട്ടിച്ചേർക്കൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു... അത് ദിശാബോധമില്ലാത്ത ചർച്ചകൾക്ക് കാരണമാകുമെന്നെ പറയാനുള്ളൂ...  ഇന്ന് 'ചുംബനത്തിന്റെ' അർഥവ്യാപ്തിയും തലങ്ങളും അന്യേഷിച്ചു പലരും യാത്ര പോകുന്നു... മാതാവിന്റെ ചുംബനം, സഹോദരന്റെ ചുംബനം, സുഹൃത്തിന്റെ ചുംബനം എന്നിങ്ങനെയൊക്കെ ചുംബനത്തെ വികേന്ദ്രീകരിച്ചു ചർച്ചകൾ നടക്കുന്നത് കാണുന്നു... "പരസ്യമായി കാമ ചുവയുള്ള ചുംബനം" മാത്രമാണ് പാടില്ലാത്തത്... 'കാമ ചുവയുള്ള ചുംബനം' പരസ്യമാകേണ്ട ആവശ്യമില്ല, അത് രഹസ്യമായാണെങ്കിൽ യാതൊരു ചർച്ചക്കും കാരണമല്ല... മറ്റേതൊരു ചുംബനത്തിനും  രഹസ്യമോ, പരസ്യമോ എന്ന ചോദ്യത്തിന് കാരണവുമില്ല!!

        ഡൌണ്‍ ടൌണ്‍ റെസ്റൊറനട്‌ അടിച്ചു തകർക്കാനുള്ള അവസ്സരം ലഭിച്ചത് യുവമോർച്ചാ പ്രവർത്തകർക്ക് ആയതിനാലും, യുവമോർച്ച ഹിന്ദുത്വത്തെ മുൻപേപിടിക്കുന്നവർ ആയതിനാലും ചർച്ചകൾ ഹിന്ദുപുരാണങ്ങളിലേക്ക് വരെ നീണ്ടിട്ടുണ്ട്... ഇന്ന് പലരും നടത്തുന്ന ഗവേഷണവിഷയം എന്നത് ഭഗവാൻ ശ്രീകൃഷ്ണൻ എത്ര ഗോപികമാരെ ചുംബിച്ചിരുന്നു, എത്ര ഗോപികമാർ തിരികെ ചുംബിച്ചിരുന്നു, കൃഷ്ണൻ രാധയെ ചുംബിച്ചപ്പോൾ എത്രപേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു, അതിൽ ആണെത്ര- പെണ്ണെത്ര, കാഴ്ചക്കാരുടെ മുന്നിൽ നിന്ന് ചുംബിക്കുന്നതിന് ഭഗവാൻ ശ്രീകൃഷ്ണൻ എന്തെങ്കിലും വിമുഖത പ്രകടിപ്പിചിരുന്നോ, തുടങ്ങിയ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ്... പരമശിവൻ, ബ്രഹ്മാവ്‌, ദേവേന്ദ്രൻ, മുരുകൻ, അയ്യപ്പൻ തുടങ്ങിയവരുടെ ചുംബനചരിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു...

       പരസ്യമായി ചുംബിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി മറൈൻ ഡ്രൈവിൽ ചുംബനൊൽസ്സവം സംഘടിപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നു... ചുംബനത്തിന്റെ ബ്രാൻഡ്‌ അംബാസഡർമാരായ ചില സിനിമാ പ്രവർത്തകാരാണത്രേ അതിന്റെ സംഘാടകർ... ചുംബിക്കാനുള്ള ഉപകരണം പങ്കെടുക്കുന്നവർ കൊണ്ടുചെല്ലെണ്ടതുണ്ടോ, സംഘാടകർ വിതരണം ചെയ്യുമോ എന്നത് വ്യക്തമല്ല... എന്റെ ചോദ്യം ഇതൊന്നുമല്ല;   ' പരസ്യമായി ചുംബിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടിയാണ്' ടി ചുംബന സമരപരിപാടി സംഘടിപ്പിക്കുന്നത്... "എന്നായിരുന്നു പരസ്യമായി ചുംബിക്കുക എന്നത് നമ്മുടെ നാട്ടിൽ ഒരു അവകാശമായി നിലനിന്നിരുന്നത്"  സംരക്ഷിക്കാൻ?? ഈ വിഷയത്തിൽ സർക്കാർ നിലപാട് നിർണ്ണായകവും, ഭാവിയിലേക്ക് പ്രാധാന്യമുള്ളതും ആയിരിക്കും...

       പരസ്യമായി ചുംബിക്കുന്നതിനെ അനുകൂലിക്കുന്നവരോട്, 'നിങ്ങൾ നിങ്ങളുടെ സഹോദരിയെ ചുംബിക്കാൻ അയക്കുമോ' എന്ന് ചോദിക്കുന്നവരെ സോഷ്യൽ മീഡിയയിൽ കണ്ടു... 'സഹോദരിയുടെ ചുംബനതാല്പ്പര്യം സഹൊദരന്റെ കൈകളിലല്ല', എന്ന് തിരിച്ചടിക്കുന്നവരെയും കണ്ടു... പക്ഷെ പരസ്യമായി ചുംബിക്കുന്നതിനെ അനുകൂലിക്കുന്നവരോട് പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്... നിങ്ങൾ സുഹൃത്തുക്കളുമായി ഒരു റെസ്റൊറന്റിലേക്ക് ചായ കുടിക്കാൻ പോവുകയാണെന്ന് കരുതുക... നിങ്ങളുടെ സഹോദരി ആ റെസ്റൊറനടിൽ ഒരുവനുമായി ചുംബനത്തിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടാൽ നിങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാവുകയില്ലേ?? അതവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗം എന്നുകണ്ട് അവഗണിക്കുമോ?? നിങ്ങൾക്ക് അപരിചിതനായ ഒരുവനുമായി അവൾ ചായകുടിച്ചിരിക്കുന്നത് കണ്ടാൽപ്പോലും നിങ്ങളുടെ മാനസ്സികനിലയെ അത് അസ്വസ്ഥമാക്കും എന്നതാണ് സത്യം... 

        വ്യക്തി സ്വാതന്ത്ര്യത്തെ മറപിടിച്ച് ഒരുപറ്റം 'വാള്ഗാരിറ്റി' യിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്.. അത് അവകാശമാണെന്ന് ഉയർത്തിപ്പറഞ്ഞ്‌ ഇവിടുത്തെ മനുഷ്യരെ മോശമായ പ്രവർത്തിയിലേക്ക് നയിക്കുന്ന ഒരുപറ്റം സിനിമാ പ്രവർത്തകരും...!! ഒരു കാര്യം ഓർക്കണം, സമൂഹത്തിൽ വ്യാപിച്ച 'വാള്ഗാരിറ്റി' യുടെ ഉത്തമ ഉദാഹരണമായിരുന്നു ഒരു പ്രസ്സവം ചിത്രീകരിച്ച് തീയെറ്ററുകളിൽ പ്രദർശിപ്പിച്ചത്... അതിന് കൈയ്യടിച്ചവരാണ് ഇവിടുത്തെ സിനിമാക്കാർ... 'ഉൽസ്സവം നന്നാകണമെന്ന് കരുതുന്ന ആനകളാണ് അവരെന്ന് കരുതുകയെ വയ്യ'... 

       സ്ദാചാരത്തെക്കുറിച്ച് പറഞ്ഞുപറഞ്ഞ് 'സദാചാരം' എന്നത് മോശപ്പെട്ട പ്രതിച്ചായ ഉള്ള വാക്കായിമാറിയോ എന്ന് ഞാൻ സംശയിക്കുന്നു...  പ്രതിച്ചായ നഷ്ട്ടപ്പെടുന്നതിന് മുൻപുള്ള 'സദാചാരം' എന്ന വാക്ക് എല്ലാവർക്കും ഓർമമയുണ്ടല്ലോ!! അതിന്റെ അർഥശുദ്ധി 'പരസ്യമായി' നഷ്ട്ടപ്പെടാതെ നോക്കുന്നതിനുള്ള ബാദ്ധ്യത നമ്മൾക്കേവർക്കും ഉണ്ട്... നിശ്ചയം..

[മറൈൻ ഡ്രൈവിൽ അരങ്ങേറാൻ പോകുന്ന 'ചുംബനൊൽസ്സവം' തടയുവാനും, പരാജയപ്പെടുത്തുവാനും കഴിവിനൊത്ത് പ്രയത്നിക്കുകയും, അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക]

          
[Rajesh Puliyanethu
 Advocate, Haripad]

Sunday, 26 October 2014

"പ്രതികരണം" അവസ്സരോചിതമായി.... അല്ലെങ്കിൽ ജലരേഖ..!!


         കഴിഞ്ഞ വെള്ളിയാഴ്ച എനിക്ക് എറണാകുളം കോടതിയിൽ പോകേണ്ടിയിരുന്നു... രാവിലെ ഏഴു മണിയോടെ ഞാൻ ഹരിപ്പാട് ബസ്സ്‌ സ്റ്റാൻഡിൽ എത്തി.. അധികം താമസിയാതെ തന്നെ എനിക്ക് ഒരു തൃശൂർ സൂപ്പർ ഫാസ്റ്റ് ബസ്സ്‌ കിട്ടി... ഹരിപ്പാട്ട് ആ ബസ്സിൽ നിന്നും രണ്ടോ മൂന്നോ ആൾക്കാരെ ഇറങ്ങാൻ ഉണ്ടായിരുന്നുള്ളൂ... അതിൽ ഒന്ന് ഇരുപത്തിഅഞ്ച് വയസ്സിൽ മാത്രം താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു...

       ബസ്സിൽ കയറിയപ്പോൾ തന്നെ അതിൽ എന്തോ തർക്കം നടക്കുന്നു എന്ന് എനിക്ക് മനസ്സിലായി... ബസ്സ്‌ ഒരു കിലോമീറ്റർ പിന്നിടുന്നതിനു മുൻപുതന്നെ കാര്യം മനസ്സിലായി... ഞാൻ കണ്ട, ബസ്സിൽനിന്നും ഹരിപ്പാട് ഇറങ്ങിയ പെണ്‍കുട്ടി കായംകുളത്തുനിന്നും ബസ്സിൽ കയറിയതാണ്... അവൾക് ഒരു ഇന്റർവ്യൂവിനായി തിരുവനന്തപുരത്തേക്ക് പോകേണ്ടതായിരുന്നു... തെറ്റിദ്ധരിച്ച്‌ ടി ബസ്സിൽ കയറിയതാണ്.. ബസ്സ്‌ കായംകുളം ബുസ്സ്സ്ടാണ്ടിൽ നിന്നും ഇറങ്ങി തെക്കോട്ട്‌ തിരിഞ്ഞു നാഷണൽ ഹൈവേയിലേക്ക് കയറി വടക്കോട്ട്‌ ഓടി തുടങ്ങിയപ്പോളാണ് ആ പെണ്‍കുട്ടിക്ക് തെറ്റ് മനസ്സിലായത്‌... അവൾ ആ നിമിഷം മുതൽ കണ്ടക്റ്ററോട് ബസ്സ്‌ നിർത്തിനൽകാൻ ആവശ്യപ്പെടുകയാണ്... "സൂപ്പർ ഫാസ്റ്റ് ബസ്സ്‌ ആണ്, തോന്നിയടത്തോന്നും നിർത്താൻ കഴിയില്ല" എന്നതായിരുന്നത്രേ അയാളുടെ മറുപടി...

       സൂപ്പർ ഫാസ്റ്റ് ബസ്സിനു നിർത്താൻ കഴിയുന്ന ഹരിപ്പാട് വരെ ബസ്സ്‌ എത്തിക്കഴിഞ്ഞപ്പോൾ യാത്രക്കാരിൽ നിന്നും കണ്ടക്റ്ററോട് ഉയരുന്ന പ്രതിഷേധമാണ് ഞാൻ കേട്ടത്.. അപ്പോഴേക്കും ബസ്സ്‌ 12 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു... ഒരു പെണ്‍കുട്ടിയോട് കണ്ടക്റ്റർ കാണിച്ച അക്രമത്തിനോട് പ്രതികരിച്ചു തുടങ്ങാൻ അതിലുള്ളവർ ബസ്സ്‌  12 കിലോമീറ്റർ സഞ്ചരിക്കുന്ന കാലതാമസ്സം ഉണ്ടാക്കി.. അതിനു ശേഷം അതിലുള്ളവർ കണ്ടക്റ്ററോട് അസഭ്യവർഷം തന്നെ നടത്തുന്നത് കേൾക്കാമായിരുന്നു.. " താൻ ഉറങ്ങിപ്പോയതിനാലാണ്, അല്ലെങ്കിൽ കണ്ടക്റ്റർ കായംകുളത്തുവെച്ചുതന്നെ വിവരമരിഞ്ഞെനെം" എന്ന് പറയുന്ന ഒരു സുഹൃത്തിനെയും ഞാൻ ആ ബസ്സിൽ കണ്ടു... " ഫോണിൽ വിളിച്ചു പരാതി പറഞ്ഞാലുണ്ടല്ലോ,, ബസ്സ്‌ എറണാകുളം എത്തുമ്പോഴേക്കും തന്റെ പണികാണില്ല" എന്ന് ഭീഷണി മുഴക്കിയ സുഹൃത്തിനെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്... പിന്നീട് ഞാൻ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു.. ' അയാളെ പെറ്റിട്ട പാടെതന്നെ ഇവിടുന്നു കൊണ്ടുപോയി, അന്ന് രാവിലെ വിമാനത്താവളത്തിൽ ഇറങ്ങി ഈ ബസ്സിൽ കയറിയതാകണം!'...  കാരണം നമ്മുടെ നാടിനെക്കുറിച്ച് അയാൾക്ക്‌ ഒന്നുമറിയില്ല... കണ്ടക്റ്റർ ആ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നെങ്കിൽപ്പോലും കണ്ടക്റ്റരുടെ മതവും, ജാതിയും, പാർട്ടിയും, യുണിയനും, അനുഭാവവും ഒക്കെ പരിശോധിച്ചേ നടപടി ഉണ്ടാകൂ എന്നറിയാതെ,, പാവം ആ യാത്രക്കാരന്റെ രോഷപ്രകടനം....

       കായംകുളം സ്റ്റാൻഡിൽ നിന്നും ബസ്സ്‌ ഇറങ്ങിയപ്പോൾത്തന്നെ ആ കണ്ടക്റ്റർക്ക് ബസ്സ്‌ നിർത്തി നൽകി ആ പെണ്‍കുട്ടിയെ സഹായിക്കാമായിരുന്നു... ഒരുതരം "സാഡിസ്സം" ഉള്ളവനാണ് ആ കണ്ടക്റ്റർ എന്ന് വ്യക്തം... തന്റെ അധികാരം പ്രയോഗിക്കുവാൻ അവസ്സരം വരുന്ന വേളകളിലെല്ലാം ഇത്തരം  "സാഡിസ്സം" നിറഞ്ഞ തീരുമാനങ്ങൾ പുരത്തുവരുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്... സർക്കാർ ഉദ്യോഗസ്ഥരിൽ, പോലീസ്സിൽ, ജഡീഷ്യരിയിൽ, ജനപ്രതിനിധികളിൽ അങ്ങനെ നീളുന്നു ആ നിര.. അത് സ്വഭാവത്തിലും വ്യക്ത്തിത്വത്തിലും അധിഷ്ട്ടിതമാണ്... ആ സ്വഭാവസവിശേഷത ഉള്ളവൻ ഏത് അധികാരമാണോ കയ്യാളുന്നത്, ഏത് പ്രവർത്തിയാണോ ചെയ്യേണ്ടി വരുന്നത്,, അവിടം മലിനമാക്കുന്നു...

       പ്രതികരിക്കാൻ മനസ്സുള്ളവർ ഉണ്ടെങ്കിലും അത് ആവശ്യസമയത്ത് നടത്താത്തതിനാൽ 'ഇര' യ്ക്ക് അതിന്റെ പ്രയോജനം ഉണ്ടാകാതെ പോകുന്ന സ്ഥിതി വിശേഷവും ഈ സംഭവത്തിൽ നമുക്ക് കാണാം... ഈ സംഭവം ഒരു സുഹൃത്തിനോട് ഞാൻ പറയുകയുണ്ടായി... അയാൾ പറഞ്ഞു.. "ഇതിനൊക്കെ മരുന്ന് നല്ല തല്ലാണ്,, ഒരുവന് കിട്ടിയ തല്ലിന്റെ വാർത്തയാണ് മറ്റ് ആയിരം പേരെ നീചപ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കുന്നത് എന്ന്!!"...... നിയമപരമായി നിലനിൽക്കില്ലെങ്കിലും സാമൂഹികമായി "തല്ലിന്" പ്രാധാന്യമുണ്ടെന്ന് ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ തോന്നിപ്പോകും..

       നമ്മുടെ നിത്യ ജീവിതത്തിൽ ഇത്തരം അനേകം സംഭവങ്ങൾക്ക് നമ്മൾ സാക്ഷികൾ ആകേണ്ടിവരും... ഉചിതമായ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞാൽ അത് മറ്റൊരുവന് സഹായവും, നമ്മുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ പൂർത്തീകാരണവും ആകും....


[Rajesh Puliyanethu
 Advocate, Haripad]       

Wednesday, 1 October 2014

ആയുധപൂജ ചെയ്യൂ!! നവരാത്രി പൂർണ്ണതക്ക്.........


       ഒൻപതു ദിവസ്സത്തെ പൂജാ സപര്യക്ക് പര്യവസ്സാനമായി മാഹാനവമിയും വിജയ ദശമിയും എത്തിചേർന്നിരിക്കുന്നു... ശ്രീ പാർവ്വതിയെയും, ദുർഗ്ഗയെയും, സാരസ്വതിയെയും ആരാധിച്ച് വിദ്യയുടെ പൂർണ്ണതക്കായി ഭാരതമാകമാനം വൃതമെടുക്കുന്നു.. വിദ്യയുടെ പൂർണ്ണതക്കായി അനുഷ്ട്ടിക്കുന്ന ഈ വൃതത്തിന് മനുഷ്യന്റെ ആത്മതേജസ്സിനെ ഉയർത്തുക എന്ന ഫലപ്രാപ്ത്തികൂടി പറയുന്നു... അതിന് നിഷ്ക്കർഷികപ്പെട്ടിരിക്കുന്ന പ്രാർഥനാചര്യയാണ് മഹാനവമി ദിനത്തിലെ ആയുധപൂജ അഥവാ ശസ്ത്രപൂജ... ഭാരതമാകമാനം ശസ്ത്രപൂജ മഹാനവമി ദിനത്തിൽ നടന്നു വരുന്നുവെങ്കിലും കേരളത്തിൽ അത്ര വ്യാപകമായി കാണുന്നില്ല... അതിനാൽ ഹിന്ദു ഐക്യവേദി ശസ്ത്രപൂജയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, ശസ്ത്രപൂജ നടത്തിന്നതിന് എല്ലാ വിശ്വാസ്സികളെയും പ്രേരിപ്പിക്കുകയും ചെയ്യുവാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു...

       ഒരുവനിൽ അന്തർലീന മായിരിക്കുന്ന ആത്മവിശ്വാസ്സം, ആത്മധൈര്യം, ആത്മബോധം എന്നിവയെ ഉത്ദീപിപ്പിക്കുക എന്നതാണ് ശസ്ത്ര പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്...

       'ശസ്ത്രം'  മനുഷ്യന്റെ നിലനില്പ്പിന്റെയും, വളർച്ചയുടെയും, നേട്ടങ്ങളുടെയും,  ആത്മവിശ്വാസ്സത്തിന്റേയും, ആത്മധൈര്യത്തിന്റേയും, ആത്മബോധത്തിന്റേയും, സുരക്ഷിതത്വത്തിന്റെയും മാത്രമല്ല, കാലത്തിന്റെയും വിവരണം നൽകുന്നു...

       മനുഷ്യൻ സാമൂഹികമായും, ആധുനികമായും വളർന്നു തുടങ്ങിയ കഥ പോലും നമ്മൾ പറഞ്ഞു തുടങ്ങിയത് ശസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്.. അന്ന് പുരാതന മനുഷ്യൻ കല്ലുകളെയായിരുന്നു ആയുധങ്ങളാക്കിയിരുന്നത്.. അങ്ങനെ ചരിത്രാതീത കാലത്ത് അതായത് ശിലായുഗത്തിൽ ശിലകളെ ആയുധമാക്കിക്കൊണ്ട് മനുഷ്യൻ ആരംഭിച്ച പുരോഗമനത്തിന്റെയും, കീഴടക്കലുകളുടെയും തുടർച്ചയാണ് ആധുനികതയുടെ ഇന്നത്തെ ലോകത്തേക്ക് അവനെ കൊണ്ടു ചെന്നെത്തിച്ചത്... അന്ന് അവൻ കീഴടക്കിയത് തനിക്കെതിരെ നിന്ന പ്രകൃതിയിലെ പ്രതിബന്ധങ്ങളെ ആയിരുന്നു... ഇതേ ആയുധം തന്നെ അവന് ഭക്ഷണവും നൽകി.. കൈയ്യിൽ ആയുധമേന്തിയ മനുഷ്യൻ പ്രവർത്തന സജ്ജതയുടെ പര്യായമായി... കൈയ്യിലെ ആയുധം അവനെ എത്രത്തോളം പ്രാപ്തനാക്കുന്നു എന്നത് മനസ്സിലാക്കുന്നതിന് 'നിരായുധനായ ഒരുവൻ' എന്ന് മനസ്സിൽ ചിന്തിച്ചാൽ മതി...

       ഈ ഭൂമിയിൽ ഏതൊരു മൃഗത്തെയും പോലെ നഗ്നനായി, ഒന്നും ഇല്ലാതെയാണ് മനുഷ്യനും പിറവി കൊണ്ടത്‌... അവിടെ മനുഷ്യനെ അജയ്യനാക്കിയത് അവൻ കണ്ടെത്തിയ വിവിധങ്ങളായ ആയുധങ്ങളാണ്... മനുഷ്യന് ഇന്നത്തെ നേട്ടങ്ങളെല്ലാം സമ്മാനിച്ചത്‌ നിസ്സംശയം അവൻ കയ്യിലേന്തിയ ആയുധങ്ങളാണെന്ന് പറയാം!!  

       പ്രകൃതിയെയും, ജീവജാലങ്ങളെയും നേരിട്ട് വിജയം കൊയ്ത മനുഷ്യൻ ആധുനികതയിലേക്ക് ചുവടുകൾ വെച്ചു.. അവിടെ അവൻ നേരിട്ടത് മറ്റൊരു മനുഷ്യനെത്തന്നെയായിരുന്നു... അവിടെയും വിജയേഷുവിന് തന്റെ ആയുധങ്ങളോട് തീർച്ചയായും നന്ദി പറയാനുണ്ടായിരുന്നു... രാജ്യങ്ങൾക്ക് പോലും നിലനിൽപ്പ്‌ ആയുധങ്ങളുടെ ശേഖരത്തിൻറെ കണക്കുകളുടെ അടിസ്ഥാനത്തിലായി മാറി.. കൌടില്യൻ തന്റെ അർഥ ശാസ്ത്രത്തിൽ ഇങ്ങനെ പറയുന്നു..' രാജ്യത്ത് സമാധാനം ഉണ്ടാകണമെങ്കിൽ സമ്പത്തോ, നല്ല ഭരണാധികാരിയോ മാത്രം പോരാ!! ആവനാഴി നിറയെ അസ്ത്രങ്ങളും ഉണ്ടാകണം' എന്ന്.. രാജ്യ സമാധാനത്തെപ്പോലും ആയുധങ്ങൾ സ്വാധീനിക്കുന്നു എന്ന വൈരുധ്യത നിറഞ്ഞ ഒരു ശാസ്ത്രമാണ് ആ വരികളിൽക്കൂടി അദ്ദേഹം അവതരിപ്പിച്ചത്...   ഭാരതം അണുവായുധ ശക്തിയായപ്പോൾ ഭാരതജനതയുടെ സമാധാനവും സുരക്ഷിതത്വവും വർദ്ധിക്കുകയാണ് ഉണ്ടായത് എന്നത് ചാണക്യ തത്വത്തിന്റെ സമീപകാല ഉദാഹരണം മാത്രം..


       ശസ്ത്രത്തിന് അങ്ങനെ വിപുലമായ മാനങ്ങളാണ് ഉള്ളത്... 'ഒരുവന് തന്റെ തൊഴിൽ കൃത്യമായി ചെയ്യാൻ അറിഞ്ഞാൽ അയാൾ വിദ്യാസമ്പന്നനാണ്' എന്ന് മഹാത്മാ ഗാന്ധി തന്റെ സത്യാന്യേഷണ പരീക്ഷണങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ 'ഇതൊന്നിനെയും തന്റെ ഉപയുക്തതക്ക് അനുസൃതമായി ഉപയോഗിക്കാൻ ഒരുവന് കഴിയുന്നു വെങ്കിൽ അവൻ ശസ്ത്രവിദ്യ സ്വായത്വമാക്കിയവനാണ്.. അവന്റെ കൈയ്യിലുള്ളത് ശസ്ത്രമാണ്, അവൻ ശസ്ത്രധാരിയാണ്... ആ ശസ്ത്രമാണ് പൂജിക്കപ്പെടേണ്ടത്..

       മനുഷ്യന്റെ വളർച്ചക്കും, വികാസ്സതിനും, നിലനില്പ്പിനും അനിവാര്യമായ 'ശസ്ത്രം' തെറ്റായ ഉപയോഗത്താൽ നാശവും വിതയ്ക്കുന്നു.. ശസ്ത്രത്തിന്റെ ശരിയായ ഉപയോഗത്തിനുള്ള ഈശ്വര കടാക്ഷമാണ് നാം മഹാനവമി ദിവസ്സത്തെ ദുർഗ്ഗാ പൂജയിൽക്കൂടി ഉദ്ദേശിക്കുന്നത്.. ഭാരതത്തിന്റെ സംസ്ക്കാരത്തിന്റെയും, പൈതൃകത്തിന്റെയും, വിശ്വാസ്സങ്ങളുടെയും പുനരവതരണം കൂടിയാണ് ശസ്ത്രപൂജയിൽക്കൂടി സംഭവിക്കുന്നത്‌...

       നാം എല്ലാവരും തന്നെ മഹാനവമി ദിനത്തിൽ ശസ്ത്ര പൂജ നടത്തണമെന്നും, കഴിയുന്നത്ര ആൾക്കാരെ ശസ്ത്രപൂജയുടെ പ്രാധാന്യം പറഞ്ഞുകൊടുത്ത് ശസ്ത്ര പൂജക്ക്‌ പ്രേരിപ്പിക്കണമെന്നും അഭ്യർഥിച്ചു കൊള്ളുന്നു..

      എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസ്സകൾ.... 

(ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് പരമാവധി ആൾക്കാരിൽ ഈ സന്ദേശം എത്തിക്കണമെന്ന് താൽപ്പര്യപ്പെടുന്നു)

         
[Rajesh Puliyanethu
 Advocate, Haripad]

Sunday, 28 September 2014

പുരുഷൻ, മൃഗം, സ്ത്രീ... ഒരു സംയോജനാ ശാസ്ത്രം..!!


       'നരസിംഹം'; പുരുഷനോടൊപ്പം മൃഗത്തെ ചേർത്തു വെച്ചുകൊണ്ടുള്ള സങ്കല്പം.. നരനിൽ 'സിംഹം' കലർന്ന സ്വഭാവ സവിശേഷതകളോട് കൂടിയ അവതാരം ... ഏറ്റവും രൗദ്രവും, തീഷ്ണവും ആയി അവതരിപ്പിക്കുന്ന ഒന്ന്... ഒരു പുരുഷനെ നരസിംഹത്തോട് ഉപമിചാൽ അത് ആ പുരുഷന്റെ പൗരുഷത്തെയും, സ്വഭാവത്തിലെ തീഷ്ണതയും പ്രകീർത്തിക്കുന്ന ഒന്നായിരിക്കും... പുരാണ കഥളിൽമുതൽ പുരുഷപ്രകൃതത്തോട് ചേർന്നു വരുന്ന സിംഹസ്വഭാവം പുരുഷന്റെ അഭിമാനം ഉയർത്തുന്നതും, അവനെ പുകഴ്പ്പറ്റതാക്കുന്നതും ആയിരിക്കും...

       പുരുഷപ്രകൃതത്തോടോപ്പം ചേർത്ത് പറഞ്ഞു കേൾക്കുന്ന രണ്ടാമത്തെ ഭാവമാണ് സ്ത്രീ ഭാവം... അതും പുരാണ ഇതിഹാസ്സ കഥകളിൽ മുതൽ കേട്ടറിഞ്ഞു വരുന്നു... പക്ഷെ പുരുഷപ്രകൃതത്തോടോപ്പം സ്ത്രീയുടെ സ്വഭാവവിശേഷണമായ 'സ്ത്രയിണ്യത' ചേർത്തു ചിത്രീകരിച്ചാൽ അതവനെ അപമാനിക്കുന്നതിനും, അവമതിക്കുന്നതിനും കാരണമാകുന്നു.. ഇതിഹാസ്സമായ മഹാഭാരത കഥയിലെ പുരുഷപ്രകൃതത്തോടോപ്പം    സ്ത്രയിണ്യ ഭാവം ചേർന്ന കഥാപാത്രത്തെ 'ശിഖണ്ടി' എന്നാണ് വിളിച്ചത്.. ഭീഷ്മ പിതാമഹൻ നേർക്കുനിന്നു യുദ്ധം ചെയ്യാനുള്ള യോഗ്യത ഉള്ളവനായിപ്പോലും ശിഖണ്ടിയെ കണ്ടില്ല...

        ഒരു സ്വോഭാവീക സംശയം ഉയർത്താൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്... പുരുഷനോടൊപ്പം സിംഹം (മൃഗം) ചേർന്നപ്പോൾ വീര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകം..!! പുരുഷനോടൊപ്പം സ്ത്രീ (സ്ത്രയിണ്ത) ചേർന്നപ്പോൾ അവമതിപ്പും അപമാനവും...

       അങ്ങനെ വരുമ്പോൾ നരനുമായി ചേർന്നലിയാൻ മൃഗത്തിലും മ്ലേശ്ചയാണോ നാരി??

[ഒരു അവധി ദിവസ്സത്തിലെ നേരം പോക്ക് മാത്രമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്..]


[Rajesh Puliyanethu
 Advocate, Haripad]    

Sunday, 21 September 2014

എണ്ണമോ വണ്ണമോ വലുത്....!??

  

       കഴിഞ്ഞ ദിവസ്സം ഞാൻ അടുത്തുള്ള ഒരു ബസ്സ്‌ സ്റ്റോപ്പിൽ വെച്ച് എന്റെ ഒരു സുഹൃത്തിനെ കാണാനിടയായി... അയാൾ ഭാര്യയോടൊപ്പം തന്റെ മകൻ സ്കൂളിൽ നിന്നും വരുന്നത് കാത്തു നിൽക്കുകയാണ്...  വർത്തമാനം പറഞ്ഞു നിൽക്കുന്നതിനിടയിൽ സ്കൂൾ ബസ്സ്‌ എത്തി... വളരെ ആഹ്ലാദവാനായി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടി ബസ്സിൽ നിന്നും ഇറങ്ങി വന്നു...  സന്തോഷത്തിലാണല്ലോ, കുട്ടിയുടെ അമ്മ പറഞ്ഞു... അതിനു മറുപടി എന്നപോലെ കുട്ടി പറഞ്ഞു... ' എക്സാമിന്റെ മാർക്ക് കിട്ടി... 'എത്രയുണ്ട്'?? എനിക്ക് ഹണ്ട്രഡു് ഔട്ട്‌ ഓഫ് ഹണ്ട്രഡാ...  കേട്ടപ്പോൾത്തന്നെ അമ്മ കുട്ടിയെ ചേർത്തു നിർത്തി... ആ മാതാപിതാക്കളുടെ മുഖത്തു നിന്നും അഭിമാനവും സന്തോഷവും തോട്ടെടുക്കാമായിരുന്നു... അഭിമാനം സ്പുരിക്കുന്ന കണ്ണുകളോടെ അവരിരുവരും എന്നെ നോക്കി... 

       തൊട്ടടുത്ത നിമിഷത്തിൽത്തന്നെ "തന്റെ വീട്ടിൽ കറണ്ട് പോയാൽ അയലത്തും പോയോ" എന്നുനോക്കുന്ന മലയാളിയുടെ വികാരം ഉയർത്തുന്ന ചോദ്യം അമ്മയിൽ നിന്നും വന്നു... " ആർക്കൊക്കെ ഉണ്ട് മോനെ ഹണ്ട്രഡു് ഔട്ട്‌ ഓഫ് ഹണ്ട്രഡു്"?? 

       കുട്ടി പറഞ്ഞു:: 'ഇപ്രാവശ്യം എല്ലാവർക്കും ഹണ്ട്രഡു് ഔട്ട്‌ ഓഫ് ഹണ്ട്രഡാ അമ്മേ' ......

       ഉദിച്ചു സൂര്യൻ പെട്ടന്ന് അസ്തമിച്ചത്‌ പോലെയായി ആ മാതാപിതാക്കളുടെ മുഖം... അവരുടെ മുഖത്ത് ഏതോതരം ജ്യാള്യത പരക്കുന്നത് കാണാമായിരുന്നു... എൻറെ മുന്നിൽ ഒരു കേമത്തം പോലെ അവതരിപ്പിക്കപ്പെടുകയും ചെയ്തു, എന്നാൽ ആകെ അപമാനമാകുകയും ചെയ്തു, എന്നമട്ട്.....

       അപമാനം മറയ്ക്കാൻ നടത്തുന്ന ചില അങ്ങവിക്ഷേപവും, വാചകവും പോലെ കുട്ടിയോടായി അമ്മ പറഞ്ഞു.... 

       "ക്ഹ, എല്ലാവർക്കും കിട്ടിയതിന്റെ കൂടെ കിട്ടിയതാണോ ഇത്ര കേമത്തിൽ പറയാനുള്ളത്"......?? 

       തന്റെ കുട്ടിക്കും നൂറിൽ നൂറു മാർക്ക് കിട്ടിയതിന്റെ ലെവലേശം സന്തോഷം പോലും ആ മാതാപിതാക്കളുടെ മുഖത്തുണ്ടായിരുന്നില്ല... കാരണമറിയാത്ത ഒരു അപമാനഭാരം അവർ പേറുന്നുമുണ്ടായിരുന്നു... 

       എന്റെ ചോദ്യമിതാണ്.... 'നൂറിൽ നൂറു മാർക്ക്' എന്ന സമ്പൂർണ്ണ വിജയത്തിന്റെ മാറ്റ്, അതേ സമ്പൂർണ്ണ വിജയം പങ്കിടാൻ മറ്റുള്ളവരും ഉണ്ടെങ്കിൽ കുറയുമോ??  'നൂറിൽ നൂറു മാർക്ക്' എന്നതിനപ്പുറം കുട്ടിക്ക് സാദ്ധ്യവുമല്ല.... ആ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതെന്താണ്?? 

       വിജയത്തിന്റെ ഉന്നതിയല്ല മറിച്ച് ആ വിജയം മറ്റുള്ളവരും കൂടി പങ്കിട്ടത്തിലെ 'അസൂയ' എന്ന വികാരമാണ് അവരെ ഭരിക്കുന്നത്‌... എന്നാൽ ഒരു നിമിഷം ചിന്തിച്ചാൽ ഇല്ലാതാകാവുന്ന കാരണമേ എവിടെ ഉള്ളൂ താനും!!!

       ഇത്തരം ചിന്താഗതികളും സംഭവങ്ങളും നമ്മൾ ദിനവും കാണുന്നുണ്ട്; ചിലവ മാത്രമേ ശ്രദ്ദിക്കുന്നുള്ളൂ എന്ന് മാത്രം,,,,!!!


[Rajesh Puliyanethu
 Advocate, Haripad]

Saturday, 20 September 2014

ടോൾ ബൂത്തിലെന്തിനാ പോലീസ്സ് കാവൽ??


       കഴിഞ്ഞ ദിവസ്സം എനിക്ക് എറണാകുളത്തു വരെ പോകേണ്ടാ ആവശ്യമുണ്ടായി... കാറിലായിരുന്നു യാത്ര.... അരൂർ ടോൾ ബൂത്തിൽ എത്തി വാഹനം നിർത്തി ടോൾ എടുത്തു... അവിടെ എന്റെ ശ്രദ്ധ ആകർഷിച്ചത് എന്തെന്നാൽ, ടോൾ ബൂത്തിൽ നിന്നും വാഹനങ്ങൾ പുറത്തു കടക്കുന്നയിടത്ത് ഒരു പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നു.. ഹോം ഗാർഡ് ഉൾപ്പടെ മൂന്നുനാലു പോലീസ്സുകാർ 'ഏതെങ്കിലും വാഹനം ടോൾ ബൂത്തിൽ പണം കൊടുക്കാതെ കടന്നുപോയാൽ തടയാൻ തയ്യാറായി നിൽക്കുന്നു'...   

       എന്റെ സംശയം ഇതാണ്, എന്തിനാണ് ഒരു പ്രൈവറ്റ് കമ്പനി ലേലം കൊണ്ട് പിരിവു നടത്തുന്ന ഒരു ടോൾ ബൂത്തിൽ കുത്തകകളെ സഹായിക്കാൻ പോലീസ് പോയി കാവൽ നിൽക്കുന്നത്എന്നാണ് ??
ടോൾ ബൂത്തിൽ  നിന്നും ഒരു വാഹനം ടോൾ നൽകാതെ വെട്ടിച്ചു കടന്നാൽ സർക്കാരിന് എന്ത് നഷ്ട്ടം?? സര്ക്കാര് ശമ്പളം നൽകുന്ന പൊലീസ്സിന്റെ കാവൽ എന്തിനാണ് ടോൾ പിരിവിനു നല്കുന്നത്?? ടോൾ നഷ്ട്ടപ്പെടാതെ നോക്കേണ്ട ബാദ്ധ്യത ടോൾ കമ്പനിക്കാണ്.. സർക്കാരിനല്ല... 

       ടോൾ നൽകുക എന്നത് നിയമപരമായ ബാദ്ധ്യതയാണെന്നും, അത് നൽകാതെ കടന്നു പോകുന്നത് ഒരു കുറ്റക്രിത്യമാണെന്നും അത് തടയുക എന്നത് പോലീസിന്റെ ചുമതലയാണ്, എന്ന വാദം ഉന്നയിക്കുന്നവർ ഉണ്ടായേക്കാം... അത് അങ്ങീകരിക്കപ്പെട്ടാൽ ഓരോ പെട്ടിക്കടയിൽ വരെ പോലീസ്സ് കാവലായി നിൽക്കേണ്ടിവരും എന്നാണ്  എന്റെ പക്ഷം... പച്ചക്കറിക്കടയിൽ നിന്നും സാധനം വാങ്ങി ആരെങ്കിലും പണം നൽകാതെ പോകുന്നോ, പെട്രോൾ അടിച്ചതിനു ശേഷം പണം നല്കാതെ പോകുന്നോ, പൊതു ശവുചാലയങ്ങൾ ഉപയോഗിച്ച് ആരെങ്കിലും പണം നൽകാതെ പോകുന്നോ .... അങ്ങനെ പോലീസിന്റെ ഉത്തരവാദിത്വം പതിന്മടങ്ങ് വർദ്ധിക്കും.... 

       ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ എങ്ങനെ പോലീസ്സ് സഹായം എത്തുന്നോ, അത്രമാത്രമേ ടോൾ കമ്പനിക്കും നൽകേണ്ടതുള്ളൂ.. ആരെങ്കിലും സ്ഥാപനത്തിന് നഷ്ട്ടമുണ്ടാകും വിധം കുറ്റകരമായത്‌ ഒന്ന് ചെയ്‌താൽ അതിന്മേൽ പരാതി സ്വീകരിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക... മറിച്ച് സർക്കാർ ശമ്പളം പറ്റി ടോൾ ബൂത്തിനു കാവൽ നില്ക്കുക എന്നത് പോലീസ് വകുപ്പിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന നടപടിയാണെന്നെ പറയാൻ കഴിയൂ..

       പരാതി പറയാൻ ചെല്ലുന്നവനെത്തന്നെ കുനിച്ചു നിർത്തി ഇടിച്ച്, കൈയ്യിലുള്ളതും പിഴിഞ്ഞ് വാങ്ങി നാല് തെറിയും പറഞ്ഞു വിടാൻ ഉൽസ്സുകതയൊടെ കാത്തിരിക്കുന്ന നമ്മുടെ പോലീസ്സാണ്   ടോൾ നൽകാതെ പോകുന്നു എന്ന ചെറിയ കുറ്റം നടക്കാൻ സാദ്ധ്യത ഉണ്ട് എന്ന് മനസ്സിലാക്കി എത്തി അത് തടയുവാൻ വേണ്ടി കാവൽ കിടക്കുന്നത്...

       പണവും സ്വാധീനവും ഉള്ളവന്റെ സേവകനായും ഇല്ലാത്തവന്റെ പേടിസ്വപ്നമായും വർത്തിക്കുന്ന നമ്മുടെ പോലീസ്സ് സംവിധാനം ഒരു 'മിനിമം അന്തസ്സ്' കൈവരിക്കുന്നത് അതിവിദൂരതയിലല്ല എന്ന് നമുക്ക് ആശിക്കാം... 

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 16 September 2014

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവോണ [മയൂര] ത്തോണി....... !!!


       ഹരിപ്പാട്  ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെക്ക് ആറന്മുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ മാതൃകയിൽ ഒരു മയൂരത്തോണി നിർമ്മിച്ച്‌ സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചനായോഗങ്ങൾ പോടിപൊടിക്കുന്നു.. വേലായുധ സ്വാമിക്ക് എന്ത് സമർപ്പിക്കുന്നതിനെയും എത്രയും ആവെശത്തോടെ കാണുന്ന ഹരിപ്പാട് നിവാസികൾ ഈ സംരംഭത്തെയും സഹർഷം സ്വാഗതം ചെയ്യും എന്നതിൽ സന്ദേഹത്തിനുവകയില്ല... ഹരിപ്പാട്ടെ സ്വാർഥതാൽപ്പര്യങ്ങളും, വ്യക്തി താല്പ്പര്യങ്ങളും ഇല്ലാത്ത സാധാരണക്കാരായ ഭക്തജനങ്ങൾ എല്ലാം തന്നെ വെലായുധസ്വാമിക്കുള്ള സമർപ്പണങ്ങളെയും, ക്ഷേത്രത്തിന് ഉണ്ടാകാൻ പോകുന്ന ഉന്നമനം എന്ന്   വിശദീകരിക്കപ്പെടുന്ന ഏതിനെയും അതിൽ മറഞ്ഞു കിടക്കുന്ന നിക്ഷിപ്ത്ത താല്പ്പര്യങ്ങളെക്കുറിച്ച് അന്യെഷിക്കാതെ അന്ധമായി പിന്തുണക്കുകയാണ് ചെയ്യുന്നത്...!! ആ 'അന്ധത' എന്നത് വേലായുധസ്വാമിയോടുള്ള ഭക്തിയുടെയും, സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും ബഹിർസ്പുരണമാണ്; മറിച്ച് അക്ജ്ഞതയുടെത് അല്ല...      

       വേലായുധസ്വാമിയോടുള്ള ഭക്ത്തി ഭക്ത്തജനങ്ങൾ, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ എല്ലാക്കാര്യങ്ങളിലും ഇടപെട്ട്, ആചാര- അനുഷ്ട്ടാനങ്ങളും, നിർമ്മാണങ്ങളും, പൊളിച്ചു മാറ്റലുകളും, കൂട്ടിച്ചേർക്കലുകളും, അങ്ങനെ ക്ഷേത്രത്തെ സംബന്ധിക്കുന്നതെന്തും കുറ്റമറ്റ രീതിയിൽ നടന്നു വരുന്നു എന്ന് ഉറപ്പു വരുത്തി; തങ്ങളുടെ ഭക്ത്തിയെ ഒരു ഉത്തരവാദിത്വമായി നിറവേറ്റേണ്ട കാലമായി എന്ന് പറയേണ്ടി വരുന്നു...  മറിച്ച് പിന്നീട് ക്ഷേത്രത്തിനുണ്ടാകുന്ന അപചയത്തിൽ കണ്ണീർ വാർത്ത്, ഉത്തരവാദികളെ പഴിപറഞ്ഞു മാത്രം നാം കടന്നു പോയാൽ അത് നാം നമ്മുടെ ആരാധനാ മൂർത്തിയോടും, നാടിനോടും, വിശ്വാസ്സങ്ങളോടും, പൈത്രുകത്തോടും, ചെയ്യുന്ന അപരാധമായിരിക്കും... ഒരുകൂട്ടം ചൂഷകരുടെ മുൻപിൽ ശബ്ദമുയർത്താതെ ചുരുണ്ടുകൂടി ജീവിച്ച കുറച്ചു പൂർവ്വികർ ഇവിടെയുണ്ടായിരുന്നു  എന്ന വരും തലമുറയുടെ പഴിപറച്ചിലിനും നാം പാത്രീഭൂതരാകേണ്ടി വരും!!

       ക്ഷേത്രത്തിലെ എല്ലാക്കാര്യങ്ങളിലും ശ്രദ്ധവെയ്ക്കുക, ക്ഷേത്രകാര്യങ്ങൾ സുഗമമായും, സുതാര്യമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുക, ക്ഷേത്രത്തിൽ ഉണ്ടാകുന്ന വ്യത്യസ്തമായ ഏതൊന്നിനെയും കുറിച്ച് അപഗ്രഥിച്ചു പഠിക്കുക, സംശയം ജനിപ്പിക്കുന്നതെന്തും ചോദ്യം ചെയ്യുക; ഇത്രയും ചെയ്യാൻ ഭക്തജനങ്ങൾ തയ്യാറായാൽ, പിന്നീട് "പാടില്ലാത്തത് ആയിരുന്നു" എന്ന് ചിന്തിക്കേണ്ടി വരുന്നതൊന്നും സംഭവിക്കില്ല... ഒരു കാര്യം മനസ്സിൽ കരുതി വെയ്ക്കുക.. ക്ഷേത്രകാര്യങ്ങളിൽ ഉത്തരവാദിത്വവും, അവകാശവും ദേവസ്വം ബോഡിനോ, ക്ഷേത്ര ഭരണസമിതിക്കൊ, ഉപദേശകസമിതിക്കൊ മാത്രമല്ല... ആത്യന്തികമായി അത് ഭക്ത്തനിൽ നിക്ഷിപ്ത്തമാണ്...

       ക്ഷേത്രത്തിൽ വരണമെന്ന ആവശ്യമുയരുന്ന "മയൂരത്തോണി" തന്നെ ഒരു വിഷയമായി എടുക്കൂ... നിലവിൽ ക്ഷേത്രത്തിൽ മയൂരത്തോണി എന്ന ആചാരമോ അനുഷ്ട്ടാനമോ നിലനില്ക്കുന്നില്ല.. മുൻകാലങ്ങളിൽ നിലന്നിന്നിരുന്ന എന്നാൽ മുടങ്ങിപ്പോയ ഒരു ആചാരത്തിന്റെ തിരിച്ചു വരവുമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്... അങ്ങനെയെങ്കിൽ ഏത് ക്ഷേത്ര ഐതീഹ്യത്തിന്റെയോ, ആചാരത്തിന്റെയോ, ചരിത്രത്തിന്റെയോ പിൻബലത്തിലാണ് നാളെ ക്ഷേത്രത്തിലെ അനുഷ്ട്ടാനത്തിന്റെ ഭാഗമാകേണ്ട ഒന്ന് ഒരു കൂട്ടം ആൾക്കാർക്ക്‌ കൂടിയിരുന്നു തീരുമാനിച്ച് നടപ്പിലാക്കാൻ കഴിയുന്നത്‌!!??

       കണ്ടല്ലൂരിൽ നിന്നും കണ്ടെടുത്ത ചതുർബാഹിയായ വിഗ്രഹം കോപ്പാറ കടവിൽ എത്തിച്ച്, അവിടെ നിന്നും ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ പായിപ്പാട്ട് എത്തിച്ചു വെന്നും ആ സംഭവത്തിന്റെ പിന്തുടർച്ചയായി പായിപ്പാട് ജലൊൽസ്സവം അരങ്ങേറുന്നു എന്നും നാം മനസ്സിലാക്കുന്നു... ഈ സംഭവം തന്നെയാണ് "മയൂരത്തോണി" എന്ന സങ്കൽപ്പത്തിന്റെയും ആധാരശില എന്നാണ് മയൂരത്തോണി എന്ന ആശയം ഉയർത്തുന്നവർ പറയുന്നത്... അപ്പോഴും ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ എത്തിയ ഭഗവാന്റെ വിഗ്രഹത്തിനെ "തോണി" യുമായി ബന്ധപ്പെടുത്തി ഒരു ആചാരം സൃഷ്ട്ടിക്കുന്നതിലെ സാങ്കത്യം എളുപ്പത്തിൽ ദഹിക്കുന്നില്ല... ഹരിപ്പാട് ക്ഷേത്രത്തിന്റെ ഭാഗമായി ഒരു ചുണ്ടൻ വള്ളമായിരുന്നു ഉയർന്നുവന്ന ആശയമെങ്കിൽ അത് ഭക്ത്ത മനസ്സുകളിൽ കൂടുതൽ അങ്ങീകരിക്കപ്പെട്ടെനേം...

       തിരുവാറൻമുളയിലെ ശൈലിയിലാണ് മയൂരത്തോണി എന്നാണ് ഉപദേശകസമിതിയുടെ ഭാഷ്യം... അങ്ങനെയെങ്കിൽ തിരുവാറൻമുളയിലെ ഐതീഹ്യത്തെക്കൂടി നമുക്കൊരു നിമിഷം സ്മരിക്കേണ്ടതുണ്ട്... അവിടെ ഭഗവാൻ ചെറുകോലിൽ നിന്നും ചങ്ങാടത്തിലാണ് തിരുവാറൻമുളയിലേക്ക് എത്തിയത് എന്നാണ് വിശ്വാസ്സം... ഇടക്ക് മാലക്കരയിൽ ഇറങ്ങി വിശ്രമിച്ചെന്നും ഉചിതമായ സ്ഥലം 'തിരുവാറന്മുള' യാണെന്നുള്ള ഭൂതഗണങ്ങളുടെ അറിയിപ്പിനെ തുടർന്നു അവിടേക്ക് അദ്ദേഹം യാത്ര തുടർന്നുവെന്നും ഐതീഹ്യം പറയുന്നു.... ഇതാണ് "തിരുവോണത്തോണി" യുടെ പിന്നിലെ കഥയെങ്കിൽ തിരുവോണത്തോണിയിൽ ഭഗവാന് തിരുവോണവിഭവങ്ങൾ എത്തിക്കുന്നതിനു പിന്നിലെ കഥ മറ്റൊന്നാണ്... മാങ്ങാട്ട് ഇല്ലത്തെ വൃദ്ധബ്രാഹ്മണൻ പതിവായി ഒരു ബ്രാഹ്മണബാലന് തിരുവോണവിഭവങ്ങൾ നൽകുമായിരുന്നു വെന്നും ആ ബാലൻ ഭഗവാൻ ആയിരുന്നുവെന്നും ഒരു തിരുവോണത്തിന് ആ ബാലൻ എത്താതിരുന്നു വെന്നും തുടർന്നു 'തനിക്കുള്ള വിഭവങ്ങൾ ഇങ്ങോട്ട് കൊടുത്തുവിട്ടാൽ മതി' എന്ന അരുളപ്പാട് ഉണ്ടായി എന്നും ആ സംഭവം തിരുവോണത്തോണിയിൽ ഭഗവാന് വിഭവങ്ങൾ എത്തിക്കുന്ന ആചാരത്തിന് കാരണമായി എന്നും പറയപ്പെടുന്നു...  

       ഏതൊരു ക്ഷേത്രത്തിലും അനുഷ്ട്ടാനങ്ങൾ ഉണ്ടാകുന്നതും അത് ഒരു ചിട്ടപ്രകാരം നടന്നു വരുന്നതും ആ ക്ഷേത്രോൽപ്പത്തിയോടും, ആ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയോടും ബന്ധപ്പെട്ട പുരാതനമായ വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിലാണ്... അത് ക്രമമായി ആചരിച്ചു വരുമ്പോൾ മാത്രമാണ് അവയെല്ലാം അനുഗ്രഹപൂർണ്ണവും, മഹാനീയവും ആകുന്നത്.. ചില പുതിയ 'ചടങ്ങുകൾ' ഒരു ദിവസ്സം തുടങ്ങിവെച്ചതിനു ശേഷം ഇവയാണ് ഇനിമേൽ 'അനുഷ്ട്ടാനങ്ങൾ' എന്ന് പറഞ്ഞാൽ 'അനുഷ്ട്ടാനം' എന്ന വാക്കിന്റെ അർഥ ഭദ്രതയെപ്പോലും അത് ചോദ്യം ചെയ്യും.. അവ ആ ക്ഷേത്രത്തിന്റെമേൽ 'ഏച്ചുകെട്ടിയ മാറാപ്പുപോലെ' വേറിട്ടു നിൽക്കും...

       ആചാര-അനുഷ്ട്ടാനങ്ങളുടെ പിൻബലം അവിടെ നിൽക്കട്ടെ;   പുതിയതായി ഒന്ന് അവതരിപ്പിക്കപ്പെടുമ്പോൾ ക്ഷേത്രത്തിന്റെ നിലവിലെ സാഹചര്യങ്ങൾ തീർച്ചയായും വിലയിരുത്തപെടണം..   ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെക്ക് മയൂരത്തോണി അവതരിപ്പിക്കുമ്പോൾ 'നിലവിലെ ക്ഷേത്രകാര്യങ്ങൾ എല്ലാം കാര്യക്ഷമമായും, മികച്ചനിലയിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം... അല്ലാതെ പട്ടിണി ഇല്ലത്തേക്ക് ആനയെ വാങ്ങി നൽകിയ അവസ്ഥ ആകരുത്..!! ക്ഷേത്രത്തിലെ കൂത്തമ്പലം നിലം പോത്തലിന്റെ വക്കിലാണ്, ഊട്ടുപുരയുടെ ശ്യോച്യാവസ്ഥ ഒന്നുകൊണ്ടു മാത്രം കല്യാണങ്ങൾ നടത്താൻ മടിക്കുന്ന അവസ്ഥ.. ക്ഷേത്രമതിൽക്കെട്ടിനകവും പെരുംകുളത്തിന് ചുറ്റുവട്ടവും മലിനമായിക്കിടക്കുന്നു, ആനക്കൊട്ടിലും പുനരുദ്ധാരണം ആവശ്യമായ നിലയിൽത്തന്നെ...!! ഇവയൊക്കെ ക്ഷേത്രം ഒരു പത്തുമിനിട്ടിൽ ചുറ്റിനടന്നു കാണുന്നവന് മനസ്സിലാക്കാവുന്ന സ്പഷ്ട്ടമായ കാര്യങ്ങൾ... കൂടുതൽ സൂഷ്മതയോടെ നോക്കിയാൽ മറ്റെത്രയോ അവശ്യകാര്യങ്ങൾ കണ്ടെത്താൻ കഴിയും!? പൌരാണികതയുടെ മകുടോദാഹരണങ്ങളായ കൂത്തമ്പലം നിലംപൊത്താൻ വിട്ടിട്ട് എന്ത് മയൂരത്തോണിയാണ് നിങ്ങൾ നിർമ്മിക്കാൻ പോകുന്നതെന്ന് ചോദിച്ചാൽ വഴുക്കലിൽ വടികുത്തിയത് പോലെയൊരു   മറുപടിക്കപ്പുരം എന്ത് ലഭിക്കും?? ക്ഷെത്രത്തിന്റെതെന്നു പറഞ്ഞു നിർമ്മിച്ച്‌ പായിപ്പട്ടാറിന്റെ തീരത്ത്‌ പൊളിഞ്ഞ വിറകുകഷ്ണങ്ങളാക്കാനാണോ 'മയൂരത്തോണി' ??

       പതിനഞ്ചു വർഷങ്ങൾക്കു മുൻപാണ് മഹാക്ഷേത്രമായ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നം നടന്നത്.. ദേവന്റെ ഹിതം അറിയത്തക്ക സാഹചര്യം നിലനിൽക്കുന്നില്ല എന്ന് ആർക്കും വാദിക്കാൻ കഴിയില്ല... കാരണം കഴിഞ്ഞ വർഷങ്ങളിൽ ആശുഭങ്ങളുടെ പലപല കഥകൾ നമുക്ക് പറയാനുണ്ട്... ക്ഷേത്രം തന്ത്രി ക്ഷേത്രക്കുളത്തിൽത്തന്നെ വീണുമരിച്ചു... അതിൽപ്പരം ദുർനിമിത്തം എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു സംഭവമില്ല... കാവടി കത്തിയത്, ക്ഷേത്രാങ്കണത്തിൽ രക്തം വീണത്‌ അങ്ങനെ തുടരുന്നു അവ.. ദേവനെ പ്രസാദിപ്പിക്കാതെയുള്ള ഏതു മയൂരത്തോണിയാണ് മഹനീയമായ സമർപ്പണമാകുന്നത്?? ദേവപ്രശ്നം ആവശ്യപ്പെടുന്നവരോട്, പ്രശ്നവിധി നടപ്പിലാക്കുമ്പോൾ ആവശ്യമാകുന്ന ഭാരിച്ച ചെലവുകളാണ് ഉപദേശകസമിതിയും മറ്റും നിരത്തുന്നത്...  മയൂരത്തോണിനിർമ്മിക്കാൻ ഇരുപതു ലക്ഷം കണ്ടെത്തുന്നത് അവർക്ക് ഒരു പൂവിറക്കുന്നതിനേക്കാൾ നിസ്സാരമാണ് താനും!! മികച്ച ഫലിതങ്ങളിൽപ്പെടുത്തി പ്രസിദ്ധീകരിക്കേണ്ടത് എന്ന് മാത്രമേ അതിനെക്കുറിച്ച് പറയുവാനുള്ളു...

       ദേവന്റെ ഹിതം അറിയാതെയുള്ള  മയൂരത്തോണിനിർമ്മാണം ദേവനോടുള്ള അവഹേളനമായിമാറും എന്ന് ചിന്തിക്കുന്നവരും ഉണ്ട്... മര്യാദ എന്നത് അതിന്റെ ഏറ്റവും ഉന്നതമായ രീതിയിലാണ് ആരാദ്ധ്യദേവന് നൽകേണ്ടത് എന്ന് വിശ്വസ്സികുന്നവർക്ക് എങ്ങനെ ദേവഹിതം അറിയാതെയുള്ള അടിച്ചേൽപ്പിക്കലിനെ ദേവനോടുള്ള അവഹേളനം അല്ലാതെ കാണാൻ സാധിക്കും?? പക്ഷെ ദേവഹിതം നോക്കൽ  മയൂരത്തോണിയുടെ കാര്യത്തിൽ മാത്രം പോരാ... മറിച്ച് ക്ഷേത്രത്തിലെ സമസ്ഥകാര്യങ്ങളെക്കുറിച്ചും ആയിരിക്കുക തന്നെ വേണം...

       ക്ഷേത്രത്തിൽ സുതാര്യതയില്ലാതെ നടന്ന മുൻകാല സംഭവങ്ങളെല്ലാം ഭക്തജനങ്ങളെ വഞ്ചിക്കുന്നവ ആയിരുന്നു... അതിന്റെ ഒരു ഉദാഹരണം മാത്രമാണ് കമ്പവിളക്ക് സംഭവം... ക്ഷേത്രത്തിലേക്ക് പുതിയ കമ്പവിളക്കുകൾ വരുന്നു എന്ന ആവേശത്തിൽ ഭക്തജനങ്ങൾ സന്തോഷിച്ചു പിന്താങ്ങി... വിളക്കിലെ വിലപിടിച്ച അപൂർവ ലോഹക്കൂട്ട്‌ കടത്തിക്കൊണ്ടുപോകുന്ന പകൽക്കൊള്ളയുടെ രംഗവേദി ആകുകയായിരുന്നു  ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമെന്ന് തിരിച്ചറിയാൻ ഏവരും ഏറെ വൈകി... ഭഗവാന്റെ ഉൽസ്സവാഘോഷങ്ങളെപ്പോലും മുടക്കി സമരം ചെയ്യേണ്ടി വന്നു ഇന്നത്തെ രൂപത്തിലെങ്കിലും കമ്പവിളക്കുകൾ പിന:സ്ഥാപിക്കപ്പെടാൻ എന്നത് ഹരിപ്പാട്ടുകാരുടെ മനസ്സിലെ മായാത്ത ഓർമ്മ... എനിക്ക് തോന്നുന്നത് ഹരിപ്പാട്ടെ എല്ലാ മുരുകഭക്ത്തരും അന്നെടുത്ത തീരുമാനമാകാം "സുതാര്യമാല്ലാത്തതോന്നും ഈ ക്ഷേത്രാങ്കണത്തിൽ ഇനി അനുവദിക്കില്ല" എന്നത്..

       ശാസ്‌ത്ര വിധികളും, ദേവഹിതവും, ക്ഷേത്രത്തിന്റെ നിലവിലെ സാഹചര്യവും എല്ലാം പഠിച്ച് ഭക്തജനങ്ങളുടെ മുൻപിൽ വിശദീകരിച്ചതിനു ശേഷം മാത്രം മതി മയൂരത്തോണിയുടെ ഭാവി നിശ്ചയിക്കുന്നത്... ഒപ്പം ഒളിച്ചുവെച്ച താൽപ്പര്യങ്ങൾ ആരെങ്കിലും നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം... "ഹരിപ്പാടിന് സ്വന്തമായി ഒരു ചുണ്ടൻ വള്ളം എന്നാ ആശയം നാടിന്റെ പലകോണുകളിൽ നിന്നും ഉയർന്നു വരുന്ന അവസ്സരത്തിൽ അതിനെ ഒരു മയൂരത്തോണി കൊണ്ട് കടക്കെക്ക് വെട്ടാൻ ശ്രമിക്കുന്നതാണ്" എന്ന് അങ്ങാടിയിൽ കേൾക്കുന്ന പാട്ടിന്റെ പല്ലവിയും ചരണവും കൂടി തിരയുന്നത് നന്നായിരിക്കും.. ആരുടെയും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ 'കരു' വാക്കാനുള്ളതല്ല ജനമനസ്സുകളിൽ വാഴുന്ന വേലായുധസ്വാമി...

       'ഏതൊരു നല്ലകാര്യത്തിനു തുടക്കമിട്ടാലും അതിനെല്ലാം ഉടക്കുമായി ഒരു വിഭാഗം ഇറങ്ങിക്കോളും',, എന്ന വസ്തുതകളെ ലഘൂകരിക്കുന്ന വർത്തമാനവും ഹരിപ്പാട്ടമ്പലത്തിലെ കാര്യങ്ങളിൽ വിലപ്പോകാത്ത അവസ്ഥയാണ്... കാരണം മുൻകാല പരിചയമാണ്... പലകാര്യങ്ങളും ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കാതെ നടപ്പിലാക്കാൻ അനുവദിച്ചതിന്റെ മനസ്ഥാപം ഏറെയുണ്ട്; ഹരിപ്പാട്ടുകാരുടെ മനസ്സുകളിൽ....

       എല്ലാം പരംപൊരുളായ വേലായുധസ്വാമിയുടെ ഇചഛയും, അനുഗ്രഹവും പോലെ നടക്കട്ടെ...

 ഹരഹരോ ഹരഹര...


[Rajesh Puliyanethu
 Advocate, Haripad]

Monday, 11 August 2014

Performer- Audience ബന്ധം; മനുഷ്യനും- മനുഷ്യനും, മനുഷ്യനും- സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ നേർപടം!!!


       വേദിയിൽ ഏകാംഗ നാടകം 'കർണ്ണൻ' അരങ്ങേറുകയാണ്... സൂത പുത്രനായ കർണ്ണൻ പൊതുസഭയിൽ അവഹെളിക്കപ്പെട്ടവേദന സദസ്സ് ഏറ്റെടുത്തു... അംഗ രാജ്യം നൽകി ദുര്യോധനൻ കർണ്ണന്റെ മാനം കാത്തപ്പോൾ മഹാ ഭാരതത്തിലെ പ്രതിനായക സ്ഥാനത്തു നിൽക്കുന്ന ധൃതരാഷ്ട്ര പുത്രനോടു പോലും ആസ്വാദകർക്ക് ആരാധന തോന്നി... കർണ്ണന്റെ കവചകുണ്ഡലങ്ങൾ അറുത്തുവാങ്ങിയ ദേവേന്ദ്രനെ ശത്രുതയോടെ അരങ്ങ് നോക്കിക്കണ്ടു... പാണ്ഡവരിലെ സീമന്ത പുത്രനായ കുന്തീ പുത്രനാണ് താനെന്ന് തിരിച്ചറിഞ്ഞിട്ടും തന്റെ ധർമ്മത്തിന്റെ ഭാഗത്തു നിന്ന കർണ്ണനെ നടൻ അതീവ ചാരുതയോടെ അവതരിപ്പിച്ചു... അവതാരകന്റെ അവതരണ പാടവത്തിനോപ്പം സദസ്സും വികാര വിക്ഷൊഭങ്ങൾക്ക് വശംവദരായി.. യുദ്ധഭൂമിയിൽ ശാപത്തിന്റെ തീഷ്ണതയിൽ ശസ്ത്രം മറന്നു നിൽക്കുന്ന രാധേയന്റെ നെഞ്ചിലേക്ക് പാർഥൻ തൊടുത്തുവിട്ട ശരം സ്വന്തം നെഞ്ചിലേക്ക് കാണികൾ ഏറ്റുവാങ്ങി.. ഏറ്റവുമൊടുവിൽ കുരുക്ഷേത്ര ഭൂമിയിൽ ചേതനയറ്റു കിടക്കുന്ന കർണ്ണനെ നോക്കിയ ഈറൻ കണ്ണുകൾക്ക് മുൻപിൽ തിരശീല വീണു...

       മഹാഭാരതത്തിലെ കർണ്ണന്റെ ദു:ഖം മാത്രമല്ല, ഷേക്സ്പീരിയൻ ട്രാജടികൾ നാടകങ്ങളായി അവതരിപ്പിക്കപ്പെട്ടപ്പോഴും സദസ്സ് വിതുമ്പിയിട്ടുണ്ട്... ചാർളീ ചാപ്ലിൽ അവതരിപ്പിച്ച കോമഡികളിൽ സദസ്സ് ഒന്നടങ്കം എല്ലാം മറന്നു ചിരിച്ചിട്ടുമുണ്ട്... അവതാരകൻ വരച്ചു കാട്ടുന്ന ഒരു ദു:ഖ ചിത്രത്തോളം കാണികളുടെ മനസ്സിനെ സ്വാധീനിക്കാൻ ആഹ്ലാദത്തിനു കഴിയും എന്നെനിക്ക് അഭിപ്രായവുമില്ല!!

       ഇവിടെ അവതാരകൻ (Performer) ആരുമാകട്ടെ, പക്ഷെ അവതാരകനും ആസ്വാദകനും(Audience)  തമ്മിലുള്ള ബന്ധം എന്നു പറയുന്നത് ഒരു സാമൂഹിക ശാസ്ത്രത്തിന്റെ ഭാഗമാണ്... അവതാരകൻ എന്നതിനെ കഥാപാത്രം എന്നുകൂടി വിപുലമാക്കി ചിന്തിക്കണം... ഓരോ മനുഷ്യനും സാഹചര്യങ്ങൾക്കും, അവസ്സരങ്ങൾക്കും അനുസൃതമായി അവതാരകന്റെയും ആസ്വാദകന്റെയും ഭിന്നവേഷങ്ങൾ അണിയുന്നു എന്ന് മാത്രം... അവിടെ ഏതൊരുവനും തന്റെ വേഷം മാത്രമേ ചെയ്യുവാൻ കഴിയുന്നുള്ളൂ... ഏതൊരുവനാണോ അവതാരക സ്ഥാനത്ത് തദ് അവസ്സരത്തിൽ നിൽക്കുന്നത്, അയാളൊഴികെ മറ്റെല്ലാവരും ആസ്വാദകർ മാത്രം... !!

       നമ്മുടെ ദൈനംദിന ജീവിതത്തിൽ ഓരോ വേഷത്തിലും നമ്മൾ Performer ഉം Audient ഉം ആകുന്നുണ്ട്... ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ മരണത്തിലേക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതുക... അവിടെ ആ സ്ത്രീ മാത്രമാണ് ആ റോളിലെ Performer.. മറ്റെല്ലാവരും പ്രേക്ഷകർ മാത്രമാണ്... അതേസമയം രണ്ടുപേർ വിവാഹബന്ധം നിയമ പരമായി വേർപെടുത്തുകയാണെന്ന് കരുതുക... അവിടെയും അവർ മാത്രമാണ് പെർഫോർമർ... ഒരമ്മക്ക് തന്റെ കുട്ടിയെ നഷ്ട്ടപ്പെടുന്നു എന്ന് കരുതുക... കുട്ടിയെ നഷ്ട്ടപ്പെട്ട അമ്മയുടെ റോളിൽ അവർ മാത്രമാണ്  പെർഫോർമർ..  കാണികൾക്ക് മറ്റുള്ളവരുടെ ദു:ഖത്തിലേക്ക് പങ്കു ചേരാൻ മാത്രമേ കഴിയൂ.. അവരുടെ സ്ഥാനത്ത് നിൽക്കാൻ കഴിയില്ല... അതുപോലെ തന്നെ സന്തോഷത്തിലും ഏതുതരം വികാരത്തിലും അവസ്സരത്തിലും!! മുൻപ് പറഞ്ഞപോലെ, കർണ്ണന്റെ മാറിലേക്ക്‌ കൊണ്ട പാർഥ ശരത്തിന്റെ വേദനയിൽ ദു:ഖിക്കാം... പക്ഷെ കർണ്ണനാകാൻ കഴിയില്ല... അതയച്ച പാർഥനും ആകാൻ കഴിയില്ല... ഈ ലോകത്തിൽ രണ്ടു മനുഷ്യർ അവശേഷിക്കുന്നതുവരെ ഈ Performer- Audience ബന്ധം തുടരും... അതെല്ലാ സാഹചര്യങ്ങളിലും ഉണ്ട്... ഒരു പിതാവിലും, മകനിലും, രോഗിയിലും, കുറ്റവാളിയിലും, കടക്കാരനിലും, അപകടം സംഭവിച്ചവനിലും, കാമുകനിലും, എല്ലാം ഈ നിയമം പ്രവർത്തിക്കുന്നു... മരിച്ചവനിൽ ഉൾപ്പടെ... അവിടെ മരിച്ചു കിടക്കുന്നവനാണ് Performer.. മറ്റെല്ലാവരും Audience മാത്രമാണ്... ഈ നിയമം 'Individuality' എന്ന വസ്തുതയോടുകൂടി ചേർത്തുവെച്ച് വായിക്കെണ്ടതാണ്.. കാരണം 'Individuality' എന്നതിനെ പ്രകടമാക്കുന്ന ഒന്നാണ് Performer- Audience ബന്ധം..

       Performer- Audience ബന്ധം..,, ഏതൊരു ജീവജാലത്തിന്റെയും പരിമിതിയുടെ കഥ കൂടി പറയുന്നു... ആ പരിമിതി, പരിമിതികളുടെ പേടകത്തിൽ ജീവിക്കുന്ന മനുഷ്യന്റെ സാമൂഹിക വിനിമയങ്ങളുടെ കഥപറയുന്നു....


[Rajesh Puliyanethu                                                                    [ Performer - അവതാരകൻ
 Advocate, Haripad]                                                                    Audience   - ആസ്വാദകൻ]


       

Saturday, 9 August 2014

മികച്ചതിലേക്കുള്ള യാത്ര മരണം വരെ !!



       മതങ്ങൾ മനുഷ്യന് ശരിയായ പാഠങ്ങൾ ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. പുരാണങ്ങളും, ഇതിഹാസ്സങ്ങളും ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. ക്രിസ്തുവും, കൃഷ്ണനും, ഗാന്ധിയും ഉപദേശിക്കുന്നു,മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു... രക്ഷിതാക്കൾ ജനനം മുതൽ ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. അധ്യാപകർ സന്മാർഗ്ഗം ഉപദേശിച്ചു വളർത്തുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.... സുഹൃത്തുക്കളും - സഹപ്രവർത്തകരും ഉപദേശിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.. ഉപദേശങ്ങളും,മാർഗ്ഗനിർദ്ദേശങ്ങളും കഥകളുടെ പര്യവസ്സാനങ്ങളിലെ അനുഭവങ്ങളായി വിവരിച്ചു കാട്ടുന്നു... അങ്ങനെ നന്മയിലേക്കുള്ള മാര്ഗ്ഗ ദർശനം എന്ന നിലയിൽ ലഭിക്കുന്ന പലവയിൽ നിന്നും മനുഷ്യജീവിതങ്ങൾ പരിവർത്തനങ്ങൾക്ക് വിധേയമാകുകയും സ്പുടം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു... ഏറ്റവും ഒടുവിൽ നന്മയുടെയും, അറിവിന്റെയും, പ്രാപ്തിയുടെയും, എല്ലാം ഏറ്റവും മികച്ച ഒന്നിനെ 'പട്ടടയിൽ' കൊണ്ടുചെന്ന് വെയ്ക്കുവാൻ കഴിയുന്നു.....

[Rajesh Puliyanethu
 Advocate, Haripad]