Monday, 24 September 2012

" പക്വത" മനസ്സിന്റെ അവസ്ഥ!!


       പക്വമായ 'തീരുമാനവും പ്രവര്‍ത്തിയും' എന്നത് പല അര്‍ഥ തലത്തില്‍ പ്രയോഗിക്കപ്പെടുന്നതായി നമുക്ക് കാണാം. പലപ്പോഴും, താന്‍ മനസ്സില്‍ കാണുന്ന തരത്തില്‍ രണ്ടാമത്തെയാല്‍ പ്രവര്‍ത്തിക്കുന്നതിനെയാണ് ആ അഭിപ്രായ പ്രകടനം നടത്തുന്ന ആദ്യത്തെയാള്‍ മറ്റെയാള്‍ 'പക്വമായി പെരുമാറി' എന്ന് പറയുന്നതിനു അടിസ്ഥാനം. ഇവിടെ പലപ്പോഴും പക്വത എന്നതിന്റെ നിര്‍വചനം ആ അഭിപ്രായ പ്രകടനം നടത്തുന്ന വ്യക്ത്തിയുടെ മനസ്സിലെ സങ്കല്‍പ്പങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടാകുന്നത്.

       'പക്വത' എന്നത് കൃത്യമായി നിര്‍വചിക്കത്തക്ക ഒന്നാണോ, മറിച്ച് അവസ്സരങ്ങള്‍ക്ക് അനുസ്സരിച്ച് വ്യതിയാനപ്പെടുത്തി വിശദീകരിക്കേണ്ട ഒന്നാണോ എന്നുകൂടി ചിന്തിക്കണം. പലപ്പോഴും അവസ്സരങ്ങള്‍ക്ക് അനുസൃതമായി വ്യതിയാനപ്പെടുത്തി; പലര്‍ക്കിടയില്‍ അംഗീകാരം നേടുന്ന വാക്കോ പ്രവര്‍ത്തിയോ നിര്‍വച്ചനങ്ങള്‍ക്ക് അപ്പുറമായി വിശദീകരിക്ക പ്പെടുകയാണ് 'പക്വത' എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ നാം കാണുന്നത്. പക്വത എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ തന്റെ വാക്കും പ്രവര്‍ത്തിയും നിലകൊള്ളണം എന്നാ വാശിയുള്ളവര്‍ക്ക് തന്‍റെ പലവിധ സ്വാതന്ത്യങ്ങളെയും ബലി നല്‍കേണ്ടി വരും എന്നതും സത്യം. പ്രധാനമായി പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം!!

       പക്വത എന്നത് വാക്കിലും പ്രാര്‍ത്തിയിലും ഉള്ള പക്വതയാണ് പൊതുവേ ഉദ്ദേശിക്കുന്നത്. അത് നിര്‍വച്ചനങ്ങള്‍ക്കപ്പുറം ധാരണകള്‍ ആയി നില കൊള്ളുന്നു. മൃതുത്വം നിറഞ്ഞ സംസാരം  പ്രവര്‍ത്തി, പ്രകോപിത നാവാതെയുള്ള സംസാരം  പ്രവര്‍ത്തി, ക്ഷമയോടെയുള്ള  സംസാരം  പ്രവര്‍ത്തി, എന്നിങ്ങനെ പലവിധത്തിലുള്ള മിതത്വങ്ങലാണ് പലപ്പോഴും പക്വതയുടെ വ്യഖ്യാനം. എത്രത്തോളം സഹിച്ചാലും സമാധാനം പരിപാലിക്കുന്നവന്‍ പക്വമതി എന്നും നിര്‍വച്ചിക്കുന്നവരുണ്ട്. ബുദ്ധിപൂര്‍വ്വമുള്ള  സംസാരവും പ്രവര്‍ത്തിയും, പക്വതയുടെ കീഴില്‍ പൊതുവായി കണക്കിലെടുക്കുന്നില്ല എന്നതും ശ്രദ്ദേയമാണ്.

       ഏതുവിധത്തിലും, തന്‍റെ നിലപാടിനെനെയും നിലപാടിനനുസ്സരിച്ചുള്ള പ്രവര്‍ത്തിയും, പ്രതികരണവും അടക്കിനിര്‍ത്തി പ്രകോപനം എന്നതിനെ പരിപൂര്‍ണ്ണമായും അകറ്റിനിര്‍ത്തി ഒരു ശീതീകരണിയില്‍ കൂടി കടത്തിവിട്ട് പുറത്തെക്കെടുത്താല്‍ സമൂഹത്തിലെ വലിയ വിഭാഗത്തിനു മുന്‍പില്‍ പക്വമതി എന്ന പരിവേഷം ലഭിക്കും. മനസ്സിന്റെ മരവിപ്പിനെ പക്വതയായി പലരും കാണുന്നു. പ്രതികരണശേഷിയുള്ള ഒരു വ്യക്ത്തിക്ക് പക്വമതി എന്ന പേര് അധികകാലം നിലനിര്‍ത്തുക ശ്രമകരമായ കാര്യമാണ്. എന്തെന്നാല്‍ പ്രതികരിച്ച വിഷയമോ, പ്രതികരിക്കേണ്ടിവന്ന സാഹചര്യമോ, പ്രസ്തുത വിഷയത്തിലെ ന്യായമോ ഒന്നുമല്ല; സമൂഹത്തിനു മുന്‍പില്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു എന്നത് മാത്രം അപക്വത എന്നാ പേര് ചാര്‍ത്തി നല്‍കും.

       ഒരു വാക്കോ പ്രവര്‍ത്തിയോ വരുംകാലജീവിതാനുഭവങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബുദ്ദിമുട്ടു ഉണ്ടാക്കുന്നതായാല്‍ ആ വാക്കും പ്രവര്‍ത്തിയും അപക്വം എന്ന് കാണപ്പെടും. പക്ഷെ ഭാവിയിലെ തിക്താനുഭവങ്ങളെപ്പറ്റി മനസ്സിലാക്കി, ചിന്തിച്ചുറച്ച്, വികാരത്തിന്‍റെ മൂര്‍ച്ചയില്‍ നിന്നുണ്ടാവാത്ത, തന്‍റെ വ്യക്ത്തിത്ത സംരക്ഷണത്തിനു അനിവാര്യമെന്ന് തോന്നി ഇന്ന് നടത്തുന്ന വാക്കോ പ്രവര്‍ത്തിയോ അപക്വം എന്നതില്‍  വരില്ല എന്നതാണ് എന്‍റെ പക്ഷം. 

       മനസ്സിന്റെ അല്ലെങ്കില്‍ ചിന്തയുടെ കൂര്‍ത്ത അഗ്രങ്ങളെ കാലവും, അനുഭവങ്ങളും കൊണ്ട് ഉരച്ച് ഇല്ലാതാക്കി തന്റെയോ, മറ്റുള്ളവന്റെയോ, വേദനയ്ക്ക് കാരണമാകാന്‍ കഴിയാത്ത രീതിയില്‍ രൂപാന്തരം പ്രാപിക്കുമ്പോള്‍ മനസ്സ് 'പക്വത' കൈവരിച്ചു എന്ന് പറയാം.


[Rajesh Puliyanethu,
 Advocate, Haripad]