Thursday, 19 September 2013

ഓണാഘോഷം @ ഇരുപത്തി ഒന്നാം നൂറ്റാണ്ട്.....



       ഓണത്തിന്റെ തെരക്കുകളിൽ നിന്നും ആവേശങ്ങളിൽ നിന്നും മലയാളിക്ക് അൽപ്പം അയവ് വന്നിരിക്കുന്നു.. പൊതുവേയുള്ള ഓണാഘോഷതാല്പ്പര്യങ്ങളോട് എന്നല്ല ഉദ്ദേശിച്ചത്.. ഓണം കഴിഞ്ഞു ഉത്രട്ടാതിയോളം നാൾ എത്തിയിരിക്കുന്നു, പ്രവർത്തി ദിവസ്സങ്ങൾ ആരംഭിച്ചിരിക്കുന്നു, അതു കൊണ്ടൊക്കെ ഓണത്തിന്റെ ആഘോഷത്തിൽ നിന്നും ഓണാഘോഷത്തിൽ നിന്നുള്ള ആലസ്യത്തിൽ നമ്മൾ എത്തി നിൽക്കുന്നു .. 

       മലയാളിക്ക് സ്വന്തമായി ഒരു ആഘോഷം; അതാണല്ലോ ഓണം.. നന്മയുടെ ഓർമ്മപ്പെടുത്തലായി, സ്വച്ചസുന്ദരമായ ഒരു കാലത്തെ സ്വപ്നത്തിൽ ഓർക്കാനെങ്കിലും ഉള്ള അവസ്സരമായി ഒക്കെ ഓണത്തെകാണാം.. ഓണത്തിന് പല പ്രത്യേകതകളും ഉണ്ടെന്നുകാണണം.. സാധാരണആഘോഷങ്ങളെല്ലാം തന്നെ ഒരു അവതാരത്തിന്റെ ജനനം, അല്ലെങ്കിൽ ഒരു ദൈവസ്വോരൂപം തിന്മക്ക്‌ എതിരെ നേടിയ വിജയം അങ്ങനെ ഏതെങ്കിലും ഒക്കെ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ആഘോഷിക്കുന്നവയായിരിക്കും.. എന്നാൽ മഹാവിഷ്ണുവിന്റെ വാമന അവതാരത്തെക്കാൾ പ്രാധാന്യം ഓണത്തെ ക്കുറിച്ച് പറയുമ്പോൾ മഹാബലി ചക്രവര്ത്തിക്കുണ്ട്!! മറ്റ് ആഘോഷങ്ങളിൽ തിന്മയെ അമർച്ച ചെയ്തതിന്റെ വിജയാഘോഷങ്ങൾ ആണ് കാണുന്നതെങ്കിൽ ഇവിടെ ഭഗവത് അവതാരം നന്മയുടെ പ്രതീകത്തെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തുന്നതാണ് കാണുന്നത്.. ഓണത്തിന്റെ മാത്രം ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു ഒരു അവതാരം നന്മയെ ചവിട്ടിത്താഴ്ത്തി തിന്മയെ വാഴിക്കുന്നതായും; ഒരു അസ്സുരനായിരുന്നിട്ടു കൂടി മാവേലിത്തമ്പുരാന്റെ പ്രവർത്തിഗുണങ്ങളെ ഓർത്ത്‌ മാലോകർ അദ്ദേഹത്തിൻറെ തിരിച്ചു വരവിനായി ആഘോഷപൂർവ്വം കാത്തിരിക്കുന്നതുമായ സങ്കൽപ്പങ്ങൾ നിലനിൽക്കുന്നത്.. ഓണം എന്നും മാവേലിയിലും വാമനനിലും ഒക്കെ ബന്ധപ്പെട്ടതുതന്നെ.. അതിനാൽ കാലത്തിന്റെ മാറ്റം ഓണത്തെ മാറ്റിയെന്ന് പറയാൻ കഴിയുന്നില്ല.. മറിച്ച് മാറ്റം ഓണം ആഘോഷിക്കുന്ന രീതികൾ മാത്രം..

       'കാണം വിറ്റും ഓണം ഉണ്ണണം' എന്നതാണെല്ലോ ചൊല്ല്.. ഓണം ആഘോഷിക്കുക തന്നെ വേണം അതിന് പ്രതിസന്ധികൾ പ്രശ്നമാക്കരുത് എന്നതാണ് ടി സന്ദേശം!! കാരണം പ്രതിസന്ധികൾ ഓണാഘോഷത്തിന് പ്രതിബന്ധമായി നിന്നാൽ; തിര ഒഴിഞ്ഞിട്ട് കപ്പലിറക്കാൻ കാത്തിരിക്കുന്നത് പോലെയാകും..

       ആഘോഷങ്ങളാൽ സമൃദ്ധമായ ആഘോഷമാണ് ഓണം.. ഓണത്തിന്റെതുമായി ചേർത്തു പറയുന്ന കളികൾ, വിനോദങ്ങൾ ഇവയെല്ലാം ശ്രദ്ധിക്കൂ.. ഏതൊരുവനും പങ്കുചേരാൻ കഴിയുന്നവയാണ് അവയെല്ലാം.. സങ്കീർണ്ണത അവയിൽ ഒട്ടും തന്നെ കാണുവാൻ കഴിയുന്നില്ല.. അവയെല്ലാം കേരളത്തിന്റെ തനതു കലകൾ ഉൾപ്പെടുത്തി ഉണ്ടായ ശീലമാണെന്നും പറയാൻ കഴിയില്ല.. സങ്കീർണ്ണമായ തനതു കലാരൂപങ്ങൾ ഒന്നും ഓണാഘോഷത്തിന്റെ ഭാഗമായി കാണുവാൻ കഴിയില്ല.. ഓണം ആഘോഷിക്കുന്നതിന്റെഭാഗമായി ആരെങ്കിലും കഥകളി നടത്തി എന്നല്ലല്ലോ; പുലികളിയും, തലപ്പന്ത് കളിയും, തുമ്പിതുള്ളലും, ഓണത്തല്ലും നടത്തിയെന്നല്ലേ കേൾക്കാറുള്ളത്.. ഒരുമയോടെ എല്ലാവരും പങ്കെടുത്തു ആഘോഷിച്ചുവന്ന ഒരു ഉൽസ്സവത്തിന്റെ ശീലമാണ് നാം ഓണത്തിൽ കാണുന്നത്.. ഓണാഘോഷങ്ങളിൽ പെർഫൊമറും പ്രേക്ഷകനും ഇല്ല.. മറിച്ച് എല്ലാവരും പങ്കാളികൾ മാത്രമാണ്! ഓണത്തിലെ പ്രധാനിയായ വിഭവസമൃധമായ ഓണസദ്യക്ക്‌ എളിമയുടെ ഒരു സ്പർശവുമുണ്ട്..

       ഓണാഘോഷങ്ങളിൽ വന്ന മാറ്റങ്ങളെ ഏറ്റവുമധികം വിമർശിക്കപ്പെടുന്നത് Ready Made ഓണത്തിലേക്ക് ഓണം മാറി, ഓണം മദ്യസേവക്കുള്ള കാലമായിമാറി, ഓണം ഉപഭോക്തചൂഷണ വേദിയായി എന്നൊക്കെയാണ്.. പക്ഷെ മാറ്റമില്ലാത്ത മാറ്റത്തിന്റെ സന്തതികളാണ് ഇവയൊക്കെ എന്ന് നമ്മൾ അന്ഗീകരിക്കണം.. മറിച്ച് ഓണം മാറിപ്പോയി എന്ന് വിലപിച്ചുകൊണ്ട് മാറിയ ഓണത്തിന് പുറകെപോയാൽ അസംതൃപ്തമായ ഒണാഘോഷത്തിനെ നമുക്ക് കഴിയൂ.. ഓണം ഇന്ന് വിശ്രമ അവസ്സരങ്ങൾ കൂടി ആയതിനാലാണ് ഓണത്തിന്റെ സമസ്ത Ready Made വിഭവങ്ങൾക്കും ഉപഭോക്താക്കളുണ്ടായത്.. വർധിച്ചുവരുന്ന കച്ചവട സംവിധാനങ്ങളും ഏതിനെയും കച്ചവട ബുദ്ധിയോടെ കാണുന്ന പുതു ചിന്തയും അവയ്ക്ക് വിതരണക്കാരെയും സൃഷ്ടിച്ചു.. ഇവയൊന്നും പൂർണ്ണമായും വിമർശിക്കപ്പെടെണ്ടവ അല്ലെന്നും കാണണം..

       ഓണത്തിന് വിറ്റഴിക്കുന്ന മദ്യത്തിൽ വ്യാകുലപ്പെടുന്നവർ ഒരുപാടാണ്‌.......`.. അതും ഏത് ആഘോഷത്തിന്റെയും ഭാഗമായി മലയാളി മദ്യത്തെ കണ്ടതിന്റെ കാരണമാണ്.. ചെറിയ ആഘോഷത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തത് വലിയ ആഘോഷമായ ഓണത്തിന് ഒഴിവാക്കാൻ കഴിയുമോ??

       'മാവേലി ഏതോ വലിയ കച്ചവടക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ ഓർമ്മക്കായി ആണ് മലയാളി ഇത്രയും സാധനങ്ങൾ ഓണക്കാലത്ത് വാങ്ങിക്കൂട്ടുന്നത് എന്ന് തോന്നിപ്പോകും' എന്ന് പരിഹസിച്ച് പറയുന്നവരുണ്ട്..  ഒരു ഓണക്കാലത്തെ എങ്ങനെ മാർക്കറ്റു ചെയ്യാം എന്നത്  വിവിധ കമ്പിനികളുടെ മാസ്സങ്ങൾ നീളുന്ന തലപുകക്കലാണ്.. ഓണത്തിന്റെ ഭാഗമല്ല അതിൽ ഭൂരിഭാഗം പുതുകാല കച്ചവടങ്ങളും എന്ന് കാണണം.. പലവ്യഞ്ജനങ്ങളും തുണിയും എന്നും ഓണക്കാല കച്ചവട സാധനങ്ങളും ഓണത്തിന്റെ ഭാഗവുമാണ്.. ചർച്ച ചെയ്യപ്പെടുന്നത് ഗ്രിഹോപകരണങ്ങലുടെ കച്ചവടത്തെക്കുറിച്ചാണ്.. ഓണമായതിനാൽ ഒരു ഫ്രിഡ്ജോ, മിക്സ്സിയോ വാങ്ങിയേക്കാം എന്ന് കരുതുന്നവർ എത്രയുണ്ടെന്ന് അന്യേഷിച്ചുതന്നെ അറിയണം.. ഒരുവന്റെ വീട്ടിൽ ആവശ്യമായി വരുന്ന അത്തരം സാമിഗ്രികളുടെ വാങ്ങാനുള്ള സമയം; കൂടുതൽ തെരഞ്ഞെടുക്കലിനുള്ള അവസ്സരം, ആനുകൂല്യങ്ങൾ ഉണ്ടാകുന്ന അവസ്സരം എന്നൊക്കെ കണ്ട് ഓണസ്സമയത്തെക്ക് നിശ്ചയിക്കുന്നു എന്നതല്ലെ ശരി?? മറിച്ച് അത്തരം ഒരു സാമഗ്രി വാങ്ങാനുള്ള തീരുമാനത്തിന് പുറകിൽ ഓണത്തിന് സ്വാധീനമുണ്ടോ?? 

       താൽപ്പര്യങ്ങൾക്കും, ചിന്തകൾക്കും, സാഹചര്യങ്ങൾക്കും എന്നുവേണ്ട സമസ്ത മേഘലകളിലും സമഗ്രമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷങ്ങൾക്കും ശീലങ്ങൾക്കും എല്ലാം തന്നെ ആ മാറ്റത്തിന്റെ പ്രതിഫലനം ഉണ്ടാകും.. സ്വന്തം താൽപ്പര്യത്തിനും, സൌകര്യത്തിനും വിരുദ്ധമായി ഒരു ആഘോഷം ആഘോഷിക്കുന്നതിലും അർഥമില്ലല്ലോ.. കാരണം ആഘോഷം എന്നാൽ പതിവ് ദിവസ്സങ്ങളിൽ നിന്ന് കൂടുതലായി ഉണ്ടാക്കുന്ന സന്തോഷവും ഉന്മാദവും ഒക്കെയല്ലേ!! വിമുഘതയോടെ തന്റെ പൂർവ്വികൻ ചെയ്തതിന്റെ ഒരു പകർപ്പിന് ശ്രമിച്ചാൽ എത്രനാൾ അത്തരം പ്രവർത്തികൾ നിലനിൽക്കും?? അവ എങ്ങനെ ഇന്നത്തെവന്റെ ഓണമാകും?? പ്രധാനമായത് ഓണം ആഘോഷിക്കാനുള്ള മനസ്സും താൽപ്പര്യവും നിലനിൽക്കുക എന്നതാണ്.. ഓണം നിലനില്ക്കുക എന്നതാണ്.. ആഘോഷരീതികളിലെ ചിലകൂട്ടി ചെർക്കലുകളൊ കാലം ആവശ്യപ്പെടുന്ന ചില സൌകര്യങ്ങളെ വിനിയോഗിക്കുന്നതോ അല്ല.. എന്നും പഴയകാലത്തെ ഓണത്തെമാത്രം പ്രകീർത്തിച്ച് സംസ്സാരിക്കുന്ന പ്രവണതയും ശരിയല്ല.. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഓണം.. ഇരുപത്തി രണ്ടാം നൂറ്റാണ്ടിലും ഓണം നിലനിന്നാൽ മതി; ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ ഓണമായി......!!!

     
[Rajesh Puliyanethu
 Advocate, Haripad]