Sunday, 15 January 2012

മകരവിളക്കും, ദേവസ്വം ബോര്‍ഡും!!

     
       അയ്യപ്പദര്‍ശനത്തിന്റെ പുണ്യം മുഴുവന്‍ മകരജ്യോതിയില്‍ ആവാഹിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന്‌ ഭക്തരുണ്ട്. എന്താണ് മകര ജ്യോതിയും മകര വിളക്കും എന്ന് ഇന്ന് എല്ലാവര്ക്കും തിരിച്ചറിയാം. മകര സംക്രമ നാളില്‍ വാനില്‍ ഉദിച്ചു കാണുന്ന ഒരു ശ്രേഷ്ഠ നക്ഷത്രമാണ് മകരജ്യോതി. അതിന്റെ  വിശ്വാസപരമായ മഹത്വത്തെ മുന്‍നിര്‍ത്തി ഭക്തിയോടെ വണങ്ങുന്നു, മകര സംക്രമ നാളില്‍ പ്രത്യേകമായി പൊന്നമ്പലമേട്ടില്‍  നടത്തുന്ന ദീപം തെളിയിച്ചുള്ള ആരതി ഉഴിച്ചിലാണ് മകരവിളക്ക്. ചില പ്രത്യേക ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, നാളുകള്‍ക്കു അനുസൃതമായി കര്‍മങ്ങള്‍, വഴിപാടുകള്‍ ഇവയെല്ലാം ഹിന്ദു മതത്തിന്റെ ആചാര ക്രമംങ്ങളുടെ ഭാഗമാണ്. അത്തരം ആചാരക്രമത്തിന്റെ ഭാഗമായുള്ള ഒരു ആരതി ഉഴിച്ചിലിനെ ഭക്ത്തിയോടെ വണങ്ങുന്നതില്‍ ഒരു ഭക്ത്തന്റെ കാഴ്ചപ്പാടില്‍ തെറ്റൊന്നുമില്ല. ഒരു ക്ഷേത്രത്തിലെ ദീപാരാധന തൊഴുന്ന പ്രാധാന്യമാണ് അതിനുള്ളത്. ശബരിമലയിലെ വിശ്വാസത്തിലധിഷ്ടിതമായ ഒരു ആചാരം എന്ന് മാത്രം അതിനെ കണ്ടാല്‍ മതി. അത് ഇന്നും തുടര്‍ന്ന് വരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് മുടക്കം ഉണ്ടാകരുതെന്നാണെല്ലോ ഭക്ത്ത മനസ്സുകള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവയെല്ലാം നടന്നു വരുന്ന രീതിയില്‍ തന്നെ തുടരുമെന്ന് നമുക്ക് വിശ്വസിക്കാം.

       ഒരു ക്ഷേത്രാചാരത്തിനുമപ്പുറം മകര വിളക്ക് ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ കാരണമെന്താണ്. തനിക്കു അറിയാത്തതിനെ എല്ലാം ഇല്ല എന്ന് തന്നെത്തന്നെ പറഞ്ഞു പഠിപ്പിച് തങ്ങള്‍ ഇപ്പോഴേ ഇരുപത്തി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഊറ്റം കൊണ്ട്, പഠിക്കാനും വിശ്വസിക്കാനും തയ്യാരുള്ളവനെ പുശ്ചത്തോടെ നോക്കികണ്ടു തങ്ങളുടെ ചിന്തകളെ 'യുക്ത്തിവാദ' മെന്നു സ്വയം പേരിട്ടു വിളിച്ച് നടക്കുന്ന സുന്ദര വിഡ്ഢികള്‍ക്ക് ചര്ച്ചചെയ്യനുള്ള അവസ്സരം മകരവിളക്ക് വിഷയത്തില്‍ ഉണ്ടാക്കിയതിനുള്ള കുറ്റകരമായ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. മകരവിളക്കിനു ഒരു അത്ഭുത പരിവേഷം നല്‍കി കാത്തു സൂക്ഷിക്കുന്നതിന് ദേവസ്വം ബോര്‍ഡ് കാണിച്ച പരിശ്രമമാണ് അത്. ഒരു തരത്തില്‍ ശബരി മലയിലേക്കു ആളെക്കൂട്ടുന്നതിനു മകരവിളക്കിന്റെ അത്ഭുത പരിവേഷം സഹായകമായിട്ടുണ്ടായെക്കാം! പക്ഷെ ഇത്തരം പ്രത്യക്ഷ അത്ഭുതങ്ങള്‍ക്ക് അനുസൃതമല്ല ദൈവവിശ്വാസമെന്നും, ഇത്തരം ജിമ്മിക്കുകള്‍ നിലനില്‍പ്പിനു വേണ്ടി ആള്‍ദൈവങ്ങള്‍ക്ക് മാത്രം ആവശ്യമുള്ളതാണെന്നുമുള്ള സാമാന്യം തിരിച്ചറിവ് പോലും നാളിതുവരെ ദേവസ്വം അധികാരികള്‍ക്ക് ഉണ്ടായില്ലല്ലോ എന്നത് ആശ്ച്ചര്യകരം എന്നതിനപ്പുറം പരിഹാസ്യമാണ്. ഒരു അത്ഭുതത്തിന്റെ മറയില്‍ ഒളിച്ചു നിന്ന് മാത്രമേ ഹിന്ദുവിന് നിലനില്‍പ്പുള്ളു എന്നതരത്തില്‍ പരോക്ഷമായ ഒരു ആക്ഷേപവും അതിനുണ്ട്. മകര വിളക്കിന്റെ രഹസ്യം മറ നീക്കി പുറത്തു വന്നതോടെ ഇത്രനാളും ഇതില്‍ എന്ത് രഹസ്യമുണ്ടായിരുന്നു, അത്ഭുതമെന്നു ആര് പറഞ്ഞിരുന്നു എന്നരീതിയില്‍ പൊട്ടന്‍ കളിക്കുന്നതിനും ദേവസ്വം അധികാരികള്‍ക്ക് മടിയുണ്ടായില്ല എന്നതാണ് നീന്യമായ വസ്തുത. ഹിന്ദുവിന്റെ മറ്റു വിശ്വാസങ്ങള്‍ക്കും ഐതീഹ്യങ്ങള്‍ക്കും, എല്ലാം മകരവിളക്കിന്റെ പിന്നിലെ അല്ഭുതത്തോളമേ നിലനില്‍പ്പുള്ളൂ എന്ന് മറ്റു മതങ്ങളെ നിന്നിക്കുന്നതില്‍ താല്പര്യം കാണുന്ന ഇതര മതസ്ഥര്‍ പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വവും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കേണ്ടി വരും.

       ശബരി മലയെ അറിയുന്ന സഹസ്രലക്ഷങ്ങളില്‍ പലരും മകര വിളക്ക് ഒരു അത്ഭുതമല്ല എന്നാ തിരിച്ചറിവോടെ തന്നെ ആയിരുന്നു അതിനെ വണങ്ങിയിരുന്നത്. പക്ഷെ ഭക്തിയും യുക്തിയും ചേര്‍ത്തു വായിക്കാന്‍ ആഗ്രഹിക്കാത്ത ഒരു വലിയ വിഭാഗം ആള്‍ക്കാര്‍ ഇവിടെയുണ്ട്. അവര്‍ക്ക് മകരവിളക്കിനു പിന്നിലെ കാപട്യത്തിന്റെ തിരിച്ചറിവ് ഒരു വേദനയാണ്. അത് അവരുടെ മുഴുവന്‍ ഭക്തിവിശ്വാസങ്ങളെയും  മാറ്റി മറിക്കും. അത് പുരോഗമന പരമെന്നു ചിലര്‍ വിവക്ഷിച്ച്ച്ചേക്കാം എങ്കിലും പരോക്ഷമായ ദോഷഫലങ്ങളുമുണ്ട്. നിസ്സാരമായി ആലോചിച്ചാല്‍ തന്നെ, തങ്ങള്‍ വഞ്ചിതരായി എന്നത് നല്ല വികാരത്തിനെ ഉയര്‍ത്തില്ലല്ലോ.

       ഹിന്ദുവിനെ നശിപ്പിക്കുക എന്നാ താല്‍പ്പര്യമുള്ളവര്‍ രാജ്യത്തിന്റെ അകത്തും പുറത്തും ഇല്ല എന്ന് വിശ്വസ്സിക്കത്തക്ക നിഷ്കളങ്ക വിഡ്ഢികളായി ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല. രാജ്യത്തിന്‌ പുറത്തുനിന്നും പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത; ഇവിടുത്തെ ചില പ്രമുഘാ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ട് വരുമാനം തീരെ ഇല്ലാത്തതും, എണ്ണത്തില്‍ അധിക മുള്ളതുമായ ഇതര ക്ഷേത്രങ്ങളുടെ കൂടി ചെലവു നിവര്‍ത്തിച്ചാണ് ദേവസ്വം ബോര്‍ഡും, ക്ഷേത്ര സംവിധാനങ്ങളും നിലനിന്ന് പോരുന്നത്. അതിലെ പ്രധാന വരുമാന സ്രോതസ്സ് എന്നത് ശബരിമല തന്നെയാണ്. ശബരി മലയുടെ വിശ്വാസങ്ങളില്‍ ഏല്‍ക്കുന്ന കളംഗം കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും ബാധിക്കും.കേരളത്തിലെ  ക്ഷേത്ര സംവിധാനങ്ങള്‍ക്ക് ക്ഷീണം ഉണ്ടാക്കണമെന്ന് താല്‍പ്പര്യപ്പെടുന്ന വിഭാഗത്തിനു മകര വിളക്കിന്റെ കപടത  ഉണ്ടാക്കിയ ആശയക്കുഴപ്പം മുതലെടുക്കാന്‍ സാധിക്കും. പൊന്നമ്പല മേട്ടില്‍ തെളിയുന്ന ദീപത്തിനു അത്ഭുത പരിവേഷമില്ലെന്നു കഴിഞ്ഞ അനേക വര്‍ഷങ്ങളില്‍ക്കൂടി സാവധാനമായ അവബോധം ഭക്തരിലേക്ക് എത്തിക്കുക എന്നാ ബുദ്ധിപൂര്‍വമായ   പ്രവര്‍ത്തി ദേവസ്വം ചെയ്യേണ്ടതായിരുന്നു. മറിച്ച്‌ ഇതിങ്ങനെ പോകുന്നിടത്തോളം അങ്ങ് പോകട്ടെ എന്നാ നിലനിക്കാത്ത ആശയമാണ് ദേവസ്വം അനുവര്‍ത്തിച്ചു വന്നത്.

       പല കാരണങ്ങള്‍ ക്കൊണ്ട് ശബരി മലയില്‍ ഭക്തജനത്തിരക്ക് കുറവുണ്ടായിരുന്ന ഒരു മണ്ഡലകാലമാണ് കടന്ന്നു പോയത്. അതിനു കഴിഞ്ഞ വര്‍ഷത്തെ പുല്ലുമെട് ദുരന്തവും, മുല്ലപ്പെരിയാര്‍ പ്രശ്നവും, മകരവിളക്കിന് പിന്നിലെ തര്‍ക്കങ്ങളും ഒക്കെ കാരണമായിട്ടുന്ടെന്നു നമുക്ക് തിരിച്ചറിയാം. ഒരു യഥാര്‍ഥ ഭക്തന് മുന്നില്‍ ഈവക വിഷയങ്ങളൊന്നും കാരണങ്ങളാകുമെന്നു തോന്നുന്നില്ല. "അടിമത്വം, വിധേയത്വം, ആരാധന, ക്ഷമ, വിശ്വാസം, എന്നീ വികാരങ്ങള്‍  "സ്നേഹം" എന്ന വികാരത്തില്‍ കൂടിക്കലര്‍ന്ന് "ഭക്തി" എന്ന വികാരം ഉണ്ടാകുന്നു. ഭക്തന്റെത് അന്ധമായ വിശ്വാസമാണ്. ഭക്തന് വേര്‍തിരിവുകളില്ല. ഈശ്വര വിശ്വാസം എന്നതില്‍ അന്ധമായ വിശ്വാസം മാത്രമേ സാധ്യമാകു എന്നതാണ് എന്റെ പക്ഷം, കാരണം ആര്‍ക്കും വ്യക്തമായി കണ്ടു തിരിച്ചറിഞ്ഞു അതിനു സാധിക്കുന്നില്ല എന്നത് തന്നെ.  പക്ഷെ എല്ലാ ബാഹ്യ സ്വാധീനങ്ങളും വ്യതിയാനങ്ങള്‍ സംഭാവിപ്പിക്കുന്നത് വിശ്വാസ്സിയിലാണ്. വിശ്വാസി തെരഞ്ഞെടുത്തു ബോധ്യപ്പെട്ടു വിശ്വസ്സിക്കുകയാണ് ചെയ്യുന്നത്. വിശ്വാസ്സിയില്‍ അല്പവിശ്വാസ്സി, ശുഷ്ക്ക വിശ്വാസി, കപട വിശ്വാസ്സി അങ്ങനെ പല തരമുണ്ട്. അയ്യപ്പന്‍റെ 'ഭക്തര്‍' അവശേഷിക്കും ദ്രിഡാമായിത്തന്നെ, അവര്‍ അമ്പലമേട്ടില്‍ തെളിഞ്ഞത് സേര്‍ച്ച്‌ ലൈറ്റ് ആണോ, മകര ജ്യോതി വാനിലുയരുന്നത് സൌരയൂഥത്തിലെ പ്രവര്‍ത്തനമാണോ അയ്യപ്പന്‍റെ ശക്തിയാണോ,, മകരവിളക്ക്‌ എണ്ണ ഒഴിച്ചാണോ കത്തിക്കുന്നത് അതോ ചൂട്ടു കറ്റയാണോ എന്നൊന്നും ശ്രദ്ധിക്കാറില്ല!! മറിച്ച് മനസ്സില്‍ അയ്യപ്പനെന്ന ശക്തിയോടുള്ള ഭക്തിയെ ഉണ്ടാകു. അത്  അചഞ്ഞചലവുമായിരിക്കും. അങ്ങനെ ഉള്ളവരാണ് അവശേഷിക്കെണ്ടതും. 


സ്വാമിയെ ശരണമയ്യപ്പാ......




[Rajesh Puliyanethu
 Advocate, Haripad]