Sunday, 26 October 2014

"പ്രതികരണം" അവസ്സരോചിതമായി.... അല്ലെങ്കിൽ ജലരേഖ..!!


         കഴിഞ്ഞ വെള്ളിയാഴ്ച എനിക്ക് എറണാകുളം കോടതിയിൽ പോകേണ്ടിയിരുന്നു... രാവിലെ ഏഴു മണിയോടെ ഞാൻ ഹരിപ്പാട് ബസ്സ്‌ സ്റ്റാൻഡിൽ എത്തി.. അധികം താമസിയാതെ തന്നെ എനിക്ക് ഒരു തൃശൂർ സൂപ്പർ ഫാസ്റ്റ് ബസ്സ്‌ കിട്ടി... ഹരിപ്പാട്ട് ആ ബസ്സിൽ നിന്നും രണ്ടോ മൂന്നോ ആൾക്കാരെ ഇറങ്ങാൻ ഉണ്ടായിരുന്നുള്ളൂ... അതിൽ ഒന്ന് ഇരുപത്തിഅഞ്ച് വയസ്സിൽ മാത്രം താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു...

       ബസ്സിൽ കയറിയപ്പോൾ തന്നെ അതിൽ എന്തോ തർക്കം നടക്കുന്നു എന്ന് എനിക്ക് മനസ്സിലായി... ബസ്സ്‌ ഒരു കിലോമീറ്റർ പിന്നിടുന്നതിനു മുൻപുതന്നെ കാര്യം മനസ്സിലായി... ഞാൻ കണ്ട, ബസ്സിൽനിന്നും ഹരിപ്പാട് ഇറങ്ങിയ പെണ്‍കുട്ടി കായംകുളത്തുനിന്നും ബസ്സിൽ കയറിയതാണ്... അവൾക് ഒരു ഇന്റർവ്യൂവിനായി തിരുവനന്തപുരത്തേക്ക് പോകേണ്ടതായിരുന്നു... തെറ്റിദ്ധരിച്ച്‌ ടി ബസ്സിൽ കയറിയതാണ്.. ബസ്സ്‌ കായംകുളം ബുസ്സ്സ്ടാണ്ടിൽ നിന്നും ഇറങ്ങി തെക്കോട്ട്‌ തിരിഞ്ഞു നാഷണൽ ഹൈവേയിലേക്ക് കയറി വടക്കോട്ട്‌ ഓടി തുടങ്ങിയപ്പോളാണ് ആ പെണ്‍കുട്ടിക്ക് തെറ്റ് മനസ്സിലായത്‌... അവൾ ആ നിമിഷം മുതൽ കണ്ടക്റ്ററോട് ബസ്സ്‌ നിർത്തിനൽകാൻ ആവശ്യപ്പെടുകയാണ്... "സൂപ്പർ ഫാസ്റ്റ് ബസ്സ്‌ ആണ്, തോന്നിയടത്തോന്നും നിർത്താൻ കഴിയില്ല" എന്നതായിരുന്നത്രേ അയാളുടെ മറുപടി...

       സൂപ്പർ ഫാസ്റ്റ് ബസ്സിനു നിർത്താൻ കഴിയുന്ന ഹരിപ്പാട് വരെ ബസ്സ്‌ എത്തിക്കഴിഞ്ഞപ്പോൾ യാത്രക്കാരിൽ നിന്നും കണ്ടക്റ്ററോട് ഉയരുന്ന പ്രതിഷേധമാണ് ഞാൻ കേട്ടത്.. അപ്പോഴേക്കും ബസ്സ്‌ 12 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു... ഒരു പെണ്‍കുട്ടിയോട് കണ്ടക്റ്റർ കാണിച്ച അക്രമത്തിനോട് പ്രതികരിച്ചു തുടങ്ങാൻ അതിലുള്ളവർ ബസ്സ്‌  12 കിലോമീറ്റർ സഞ്ചരിക്കുന്ന കാലതാമസ്സം ഉണ്ടാക്കി.. അതിനു ശേഷം അതിലുള്ളവർ കണ്ടക്റ്ററോട് അസഭ്യവർഷം തന്നെ നടത്തുന്നത് കേൾക്കാമായിരുന്നു.. " താൻ ഉറങ്ങിപ്പോയതിനാലാണ്, അല്ലെങ്കിൽ കണ്ടക്റ്റർ കായംകുളത്തുവെച്ചുതന്നെ വിവരമരിഞ്ഞെനെം" എന്ന് പറയുന്ന ഒരു സുഹൃത്തിനെയും ഞാൻ ആ ബസ്സിൽ കണ്ടു... " ഫോണിൽ വിളിച്ചു പരാതി പറഞ്ഞാലുണ്ടല്ലോ,, ബസ്സ്‌ എറണാകുളം എത്തുമ്പോഴേക്കും തന്റെ പണികാണില്ല" എന്ന് ഭീഷണി മുഴക്കിയ സുഹൃത്തിനെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്... പിന്നീട് ഞാൻ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു.. ' അയാളെ പെറ്റിട്ട പാടെതന്നെ ഇവിടുന്നു കൊണ്ടുപോയി, അന്ന് രാവിലെ വിമാനത്താവളത്തിൽ ഇറങ്ങി ഈ ബസ്സിൽ കയറിയതാകണം!'...  കാരണം നമ്മുടെ നാടിനെക്കുറിച്ച് അയാൾക്ക്‌ ഒന്നുമറിയില്ല... കണ്ടക്റ്റർ ആ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നെങ്കിൽപ്പോലും കണ്ടക്റ്റരുടെ മതവും, ജാതിയും, പാർട്ടിയും, യുണിയനും, അനുഭാവവും ഒക്കെ പരിശോധിച്ചേ നടപടി ഉണ്ടാകൂ എന്നറിയാതെ,, പാവം ആ യാത്രക്കാരന്റെ രോഷപ്രകടനം....

       കായംകുളം സ്റ്റാൻഡിൽ നിന്നും ബസ്സ്‌ ഇറങ്ങിയപ്പോൾത്തന്നെ ആ കണ്ടക്റ്റർക്ക് ബസ്സ്‌ നിർത്തി നൽകി ആ പെണ്‍കുട്ടിയെ സഹായിക്കാമായിരുന്നു... ഒരുതരം "സാഡിസ്സം" ഉള്ളവനാണ് ആ കണ്ടക്റ്റർ എന്ന് വ്യക്തം... തന്റെ അധികാരം പ്രയോഗിക്കുവാൻ അവസ്സരം വരുന്ന വേളകളിലെല്ലാം ഇത്തരം  "സാഡിസ്സം" നിറഞ്ഞ തീരുമാനങ്ങൾ പുരത്തുവരുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്... സർക്കാർ ഉദ്യോഗസ്ഥരിൽ, പോലീസ്സിൽ, ജഡീഷ്യരിയിൽ, ജനപ്രതിനിധികളിൽ അങ്ങനെ നീളുന്നു ആ നിര.. അത് സ്വഭാവത്തിലും വ്യക്ത്തിത്വത്തിലും അധിഷ്ട്ടിതമാണ്... ആ സ്വഭാവസവിശേഷത ഉള്ളവൻ ഏത് അധികാരമാണോ കയ്യാളുന്നത്, ഏത് പ്രവർത്തിയാണോ ചെയ്യേണ്ടി വരുന്നത്,, അവിടം മലിനമാക്കുന്നു...

       പ്രതികരിക്കാൻ മനസ്സുള്ളവർ ഉണ്ടെങ്കിലും അത് ആവശ്യസമയത്ത് നടത്താത്തതിനാൽ 'ഇര' യ്ക്ക് അതിന്റെ പ്രയോജനം ഉണ്ടാകാതെ പോകുന്ന സ്ഥിതി വിശേഷവും ഈ സംഭവത്തിൽ നമുക്ക് കാണാം... ഈ സംഭവം ഒരു സുഹൃത്തിനോട് ഞാൻ പറയുകയുണ്ടായി... അയാൾ പറഞ്ഞു.. "ഇതിനൊക്കെ മരുന്ന് നല്ല തല്ലാണ്,, ഒരുവന് കിട്ടിയ തല്ലിന്റെ വാർത്തയാണ് മറ്റ് ആയിരം പേരെ നീചപ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കുന്നത് എന്ന്!!"...... നിയമപരമായി നിലനിൽക്കില്ലെങ്കിലും സാമൂഹികമായി "തല്ലിന്" പ്രാധാന്യമുണ്ടെന്ന് ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ തോന്നിപ്പോകും..

       നമ്മുടെ നിത്യ ജീവിതത്തിൽ ഇത്തരം അനേകം സംഭവങ്ങൾക്ക് നമ്മൾ സാക്ഷികൾ ആകേണ്ടിവരും... ഉചിതമായ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞാൽ അത് മറ്റൊരുവന് സഹായവും, നമ്മുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ പൂർത്തീകാരണവും ആകും....


[Rajesh Puliyanethu
 Advocate, Haripad]