''അവസ്ഥാ പൂജ്യതേ രാമാ, ശരീരോനതുപൂജ്യതേ, തദാനിം ധാര കോസീത്വം ഇദാനീം രാജവല്ലഭ''....
'അവസ്ഥാ പൂജ്യതേ രാമാ'.....
അവസ്ഥയാണ് പൂജിക്കപ്പെടുന്നത്, ശരീരമല്ല, മറ്റൊന്നും തന്നെയല്ല എന്നാണ് ഈ ശ്ലോകം ഉറപ്പിച്ചു പ്രസ്താവിക്കുന്നത്...
ഒരു സുഹൃത്തിനൊപ്പമുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹം സന്ദർഭവശാൽ ഉപയോഗിച്ചു കേൾക്കാനിടയായതാണ് ''അവസ്ഥാ പൂജ്യതേ രാമാ'' എന്ന സ്ലോകം...
'അവസ്ഥ മാത്രമാണ് പൂജിക്കപ്പെടുന്നത്' എന്ന പരമ യാഥാർഥ്യത്തെ സ്പുരിക്കുന്ന ആ വാചകത്തിന്റെ കാഷ്ട അന്വേഷിക്കണമെന്ന് ഒരാഗ്രഹം തോന്നി...
രാമായണത്തിലാണ് പ്രസ്ഥുത ശ്ലോകം ഉള്ളത്.. രാവണ വധത്തിനു ശേഷം രാജാവായി മടങ്ങിയെത്തുന്ന രാമനെ ഭരദ്വാജ മുനി സ്വീകരിക്കുന്ന സമയം മുൻപില്ലാതിരുന്ന ചില ഔപചാരികതകൾ രാമൻ ശ്രദ്ധിക്കുന്നു...
ഞാൻ മുൻപും അങ്ങയെ സന്ദർശിച്ചിട്ടുണ്ടല്ലോ മഹാമുനേ,, ഇപ്പോൾ മാത്രമെന്താണ് ഇപ്രകാരം ഔപചാരികതകൾ, എന്നദ്ദേഹം ചോദിക്കുന്നു...
ഭരദ്വാജമുനി മറുപടി നൽകുന്നു..
നീ മുൻപ് എന്നെ സന്ദർശിച്ച അവസ്സരത്തിൽ നീ രാജാവായ രാമനായിരുന്നില്ല... ഇപ്പോൾ നീ രാജാവായ രാമനാണ്.. സീതയുടെ ഭർത്താവായ രാമനിൽ നിന്നും,, ദശരഥന്റെ മകൻ മാത്രമായ രാമനിൽ നിന്നും, വിഭിന്നനായ രാമനാണ് 'രാജാവായ രാമൻ'....
രാമായണത്തിലെ ഈ സന്ദർഭത്തെയും ഭരദ്വാരാജ മുനി പറയുന്ന വാക്കുകളിലെ അർത്ഥ സമ്പുഷ്ടതേയും,വ്യാപ്തിയേയും നാം നിത്യ ജീവിതത്തിലെ സന്ദർഭങ്ങളുമായും, നാം കണ്ട അനുഭവങ്ങളുമായും ചേർത്തുവെച്ച് ആലോചിക്കണം..
ചില തത്വങ്ങളെ സാമൂഹികമായി മാത്രം ആപ്ലിക്കബിൾ എന്ന് കരുതി ബഹുമാനിക്കുമ്പോളും 'അവസ്ഥാ പൂജ്യതേ രാമാ' എന്ന തത്വം അതിനെല്ലാം മുകളിൽ സഞ്ചരിക്കുന്നു എന്ന് മനസ്സിലാകും..
നിയമത്തെക്കുറിച്ചു് സംസാരിക്കുമ്പോൾ പറയാറുണ്ട്;; 'ഒരു മനുഷ്യനും, മറ്റൊരു മനുഷ്യനും ഈ ഭൂമിയിൽ വേണം ഇവിടെ ഒരു നിയമം ഉണ്ടാകാൻ' എന്ന്.. എന്നാൽ ''അവസ്ഥ'' അടിസ്ഥാനമാക്കി വിലയിരുത്തിയാൽ, രാമായണത്തിലെ പ്രസ്ഥുത വാചകം ആദരിക്കപ്പെട്ടാൻ;; അവസ്ഥയെ ആദരിക്കാൻ മറ്റൊരു വ്യക്തി പോലും വേണ്ട,, ഒരു മനുഷ്യനും പ്രകൃതിയും മാത്രം മതി... അവിടെ 'മനുഷ്യൻ' എന്നത് അവസ്ഥയാൽ അനുഭവവിധേയമാകേണ്ട ഒരു ഒബ്ജക്റ്റ് എന്നു മാത്രം കണ്ടാൽ മതി..
ഒരുപാടു കാലം മുൻപ് ഉണ്ടായ ഒരു ബസ്സ് യാത്രയിലെ അനുഭവമാണ് "അവസ്ഥ" എന്ന വാക്കിലെ തീഷ്ണത ആദ്യമായി എന്നെ സ്പർശിച്ചത്...
ഒരു ചെറു ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ കണ്ടക്ടറും മറ്റൊരാളും തമ്മിൽ വലിയ വാക്കു തർക്കമാണ്... യാത്രക്കാരൻ പറഞ്ഞ സ്റ്റോപ്പിൽ നിർത്തിക്കൊടുക്കാൻ കണ്ടക്ടർ തയ്യാറായില്ല എന്നതാണ് കാരണം...
തർക്കത്തിന്റെ ഒരുവിൽ യാത്രക്കാരൻ പറയുന്നു, ഞാൻ സർക്കിൾ ഇൻസ്പെക്ടറാണ്, ഒപ്പം മലപ്പുറത്തെ ഏതോ ഒരു സ്ഥലവും പറഞ്ഞു... 'അവസ്ഥാ പൂജ്യതേ രാമാ' എന്ന വാചകം അന്വർത്ഥമാക്കുന്നത് കണ്ടക്ടറുടെ മറുപടി ആയിരുന്നു... "നിങ്ങൾ മലപ്പുറത്തെ സർക്കിൾ അല്ലേ,, ഈ വണ്ടി എവിടെ നിർത്തണം എന്ന് ഞാൻ തീരുമാനിക്കും"... അതാണ് 'അവസ്ഥ'... അതു മാത്രമാണ് അവിടുത്തെ പ്രസക്തമായ കാര്യം.. പ്രതിയോഗികൾക്കിടയിൽ "അവസ്ഥ" മാത്രമാണ് പ്രസക്തമായ വസ്ഥുത... പദവികൾ പോലും അവസ്ഥയിൽ അപ്രസക്തമാകുന്ന അവസ്ഥ.. നിർണ്ണയാവകാശത്തിന്റെ ഇരുപുറവും നിൽക്കുമ്പോൾ 'അവസ്ഥ' യുടെ ദൃഢത കൂടുതൽ വ്യക്തമാകുന്നു.. "ശരീരോനതുപൂജ്യതേ"... എന്നാണ് ശ്ലോകത്തിന്റെ രണ്ടാം പകുതി പറയുന്നത്.. ശരീരമല്ല പൂജിക്കപ്പെടുന്നത്.. 'സർക്കിൾ ഇൻസ്‌പെക്ടർ' എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ ശരീരം പൂജിക്കപ്പെട്ടിരുന്നെങ്കിൽ കണ്ടക്ടർ അയാളെ അനുസ്സരിക്കുമായിരുന്നു... അധികാര പ്രദേശത്തിനു പുറത്തു നിൽക്കുന്നതിനാൽ പദവിയും ആരാധിക്കപ്പെടുന്നില്ല.. സംശയമില്ല നായകൻ ''അവസ്ഥ'' തന്നെ...
ഒരു ചോദ്യമുയരാൻ സാദ്ധ്യതയുണ്ട്... രാമൻ എന്ത് അവസ്ഥയുടെ പേരിലാണ് ഭരദ്വാജ മുനിയാൽ ആദരിക്കപ്പെട്ടത്?? അവിടെ ഉത്തരം ഒന്നേ ഉള്ളൂ... രാജാവായിരുന്ന രാമൻ എന്ന അവസ്ഥ മാത്രമായിരുന്നു അവിടെ പ്രസക്തമായിരുന്നത്... രാജാവായ രാമനെ നിഷ്പ്രഭമാക്കുന്ന മറ്റൊരു 'അവസ്ഥ' അവിടെ പ്രസക്തമായി ഉയർന്നു വന്നില്ല.. അപ്പോഴും 'അവസ്ഥ' പ്രസക്തനായ നായകനായി എന്നുതന്നെ കാണാം..."അവസ്ഥ" യെ പദവികളുടെ അടിസ്ഥാനത്തിലുള്ള ഉന്നതി എന്നതിനപ്പുറം പദവിയോ, പണമോ, സ്ഥിതിയോ, സ്വാധീനമോ തുടങ്ങി ഏതു വിധത്തിലെ സ്വാധീന ശക്തിയെയും നിഷ്പ്രഭമാക്കാൻ ക്ഷമതയുള്ള വലിയ പ്രഭാവമായി കാണണം... സകലവിധ പ്രത്യക്ഷ ഉന്നതികളെയും നിഷ്പ്രഭമാക്കി നിൽക്കുന്ന 'അവസ്ഥ' എന്ന സ്വാധീനത്തെയാണ് നമുക്ക് തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയുന്നത്... അവസ്ഥയാൽ വ്യക്തികളുടെയും, വിഷയങ്ങളുടെയും പ്രസക്തികൾ മാറിമാറി വരുന്നതിന്റെ നൂറുനൂറു കാഴ്ചകൾ കണ്ടു മറഞ്ഞവരും, കണ്ടുകൊണ്ടിരിക്കുന്നവരുമാണ് നമ്മളിൽ ഓരോരുത്തരും...
ഭരണാധികാരികളുടെ അധികാര സീമകൾക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്ന ഒരു ഡോക്റ്റർ ആയിരിക്കും നാളെ അതേ ഭരണാധിപന്റെ ജീവൻ കൈയ്യിൽ വെച്ച് ഒരു സർജറി നടത്തുന്നത്... കഴിഞ്ഞോരുനാളിൽ അധികാരം എന്ന അവസ്ഥ ഡോക്ടറുടെമേൽ ഭരിച്ചപ്പോൾ ഇന്ന് വൈദ്യശാസ്ത്രത്തിലെ അറിവ് ഭരണാധികാരിയുടെ ജീവന്റെ പോലും നിർണ്ണയമാകുന്നു... കഴിഞ്ഞ ദിവസ്സങ്ങളിൽ ഡോക്ടർ എത്ര സമയം ജോലി ചെയ്യണം എന്ന് കല്പിച്ച ഭരണാധികാരി ഇന്ന് എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നത് അതേ ഡോക്ടറാണ്...
''അവസ്ഥ'' എന്ന അതിശക്തമായ ഈ പ്രഭാവത്തെ ഏറ്റവും യോഗ്യമായി 'അവസ്ഥ' എന്ന വാക്കുകൊണ്ടുമാത്രമേ പ്രതിനിധീകരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ശരിയായ അവസ്ഥ...
മുൻപു പറഞ്ഞതുപോലെ 'അവസ്ഥ' യെ മനസ്സിലാക്കാൻ നമുക്കു ചുറ്റുമുള്ള സംഭവ വികാസങ്ങളിലേക്ക് കണ്ണുകൾ തിരിക്കണം... ;എന്തു സംഭവിക്കുന്നുവോ അതാണ് വിധി' എന്ന ന്യായം പോലെ യാഥാർഥ്യത്തിന്റെ നിലവിലെ ബിന്ദുവാണ് 'അവസ്ഥ'... അവസ്ഥ ആദരിക്കപ്പെട്ടേ മതിയാകൂ... കാരണം 'അവസ്ഥ' സത്യമാണ്... അവസ്ഥ സത്യമാണെന്നു പറയുമ്പോൾ അത് സത്യത്തിന്റെ പ്രതിരൂപമാണെന്ന് ധരിക്കുകയുമരുത്.. സത്യത്തിന്റെ വഴിയിൽക്കൂടി എത്തിച്ചേർന്നു നിൽക്കുന്ന ഒന്നെന്ന മഹത്വമൊന്നും അവസ്ഥക്കില്ല.. എത്തിച്ചേർന്നു നിൽക്കുന്ന യാഥാര്ഥ്യം എന്ന മഹത്വം മാത്രമേ അവസ്ഥക്കുള്ളൂ..
പ്രതാപികളായിരുന്ന എത്രയോ ഭരണാധികാരികൾ പിന്നീട് തങ്ങളുടെ കീഴുദ്യോഗസ്ഥരായിരുന്നവരുടെ കനിവിനായി നിൽക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.. പരമോന്നത കോടതികളിലെ ന്യായാധിപർ അഭിഭാഷകരുടെ കക്ഷികൾ മാത്രമായി നിൽക്കുന്നത് നമുക്കു കാണാൻ കഴിഞ്ഞിട്ടില്ലേ?? അവിടെ എല്ലാം നായകനായത് 'അവസ്ഥ' മാത്രമാണ്?? പൂജിക്കപ്പെട്ടതും 'അവസ്ഥ' മാത്രമാണ്?? ദന്ത ഗോപുരങ്ങളിൽ കഴിയുന്നവരും,, അധികാരാസ്സനങ്ങളുടെ ഉന്മാദത്തിൽ ജീവിക്കുന്നവരും രാമായണത്തിലെ ഈ ശ്ലോകാർത്ഥം മനസ്സിലാക്കുന്നത് നന്നായിരിക്കും..
രാജ വധുവായിരുന്ന ദ്രൗപതി മത്സ്യരാജ്യത്തു സൈരന്ധ്രി എന്ന ദാസ്സിയായി കഴിഞ്ഞു ആജ്ഞകൾ അനുസ്സരിക്കേണ്ടി വന്നതും,, വില്ലാളി വീരനായ അർജ്ജുനൻ ഉത്തരനെപ്പോലെ ഒരു ബാലന്റെ തേരാളിയായതും, കർണ്ണൻ സൂതപുത്രനായതും, കൗരവപക്ഷത്തായതും, സഹോദരനായ അർജ്ജുനനാൽ മൃത്യു വരിക്കേണ്ടി വന്നതും എല്ലാം അവസ്ഥയാണ്... 'അവസ്ഥ' മാത്രമാണ് പൂജിക്കപ്പെടുന്നതെന്ന അചഞ്ചലത അന്വർഥിക്കുമ്പോൾ അവസ്ഥയിലേക്ക് എത്തിച്ചേർന്ന വഴികൾ പ്രസക്തമല്ല എന്നും കാണണം... എത്തിനിൽക്കുന്ന 'അവസ്ഥ' മാത്രമാണ് പൂജിക്കപ്പെടുന്നത് എന്നത് സുവ്യക്തവും ആകുന്നു...
രണ്ടായിരത്തി ഇരുപത്തിന്റെ ഈ ആദ്യ മാസ്സങ്ങളിൽ ഒരു ചെറു അണു സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ നോക്കിക്കാണൂ.. ആ മാറ്റങ്ങൾ പുതിയ അവസ്ഥയ്ക്ക് കാരണമായി... മാറ്റങ്ങൾക്കു കാരണമെന്തുതന്നെയായാലും എത്തി നിൽക്കുന്ന 'അവസ്ഥ' മാത്രമേ മാനിക്കപ്പെടുകയുള്ളൂ എന്നതാണ് സത്യം... നമ്മുടെ രാജ്യത്തിന്റെ സ്‌പന്ദനം പോലും ഞങ്ങളുടെ അധ്വാനത്തിന്റെയും പണത്തിന്റെയും പ്രതിഫലമാണെന്ന് അഹങ്കരിച്ച വിദേശ ഇന്ത്യക്കാർ ചുരുങ്ങിയ സമയത്തേക്കെങ്കിലും പൗരന്മാരിൽ ആശങ്കയുടെ പ്രതീകങ്ങളായില്ലേ?? എന്തൊക്കെ മഹത്വം വിദേശ ഇന്ത്യക്കാർ പറഞ്ഞാലും നിലവിലെ "അവസ്ഥ" മാത്രമേ അവരുടെ കാര്യങ്ങൾ നിർണ്ണയിക്കൂ... നാളെ അവർ വീണ്ടും ആദരിക്കപ്പെട്ടേക്കാം... അത് മാറിയ അവസ്ഥയാണ്... അവിടേയും ആദരിക്കപ്പെടുന്നത് മാറിവന്ന ആ 'അവസ്ഥയാണ്'... യാതൊരു അധ്വാനവും ചെയ്യാതെ വീട്ടിലിരിക്കുനന്നവൻ ആദരണീയനായതും അവസ്ഥയാണ്.. യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും, അവകാശവും ശിക്ഷാർഹമായതും അവസ്ഥയാണ്.. അവിടെയെല്ലാം വ്യക്തിയുടെ വേഷങ്ങളും,, പദവികളും,, ചുമതലകളും അങ്ങനെ പലതും മാറിമാറിവരുന്നു.. സർവ്വതിന്റെയും മാറ്റത്തിൽ ഉരുത്തിരിഞ്ഞു വരുന്ന 'അവസ്ഥ' മാത്രം ആദരിക്കപ്പെടുന്നു...
തുറന്നു വിട്ട സിംഹത്തിനു മുൻപിൽ നമ്മൾ അവന്റെ ഭക്ഷണമാകാതിരിക്കാൻ ജീവഭയത്തോടെ നിൽക്കുന്നു... കൂട്ടിലടക്കപ്പെട്ട സിംഹം ഭക്ഷണത്തിനായി നമ്മളോടു കേഴുന്നു... അതാണ് ''അവസ്ഥ''... 'അവസ്ഥ' അതിന്റെ ആവശ്യങ്ങൾ നമ്മളോട് ചോദിച്ചു വാങ്ങുക തന്നെ ചെയ്യും... ആ ആവശ്യങ്ങൾ നിറവേറ്റാതെ മാറി നിൽക്കാൻ കഴിയുക അസാദ്ധ്യം.
[Rajesh Puliyanethu
Advocate, Haripad]
Advocate, Haripad]