Monday, 20 November 2017

സംവരണ സഹായം ഒരു ജാതി വിഷയമോ?????

     കഴിഞ്ഞ ദിവസ്സങ്ങളിൽ പലരുടെയും രോഷാഗ്നിയെ ഉണർത്തിയ ഒരു വിഷയമാണ് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുക എന്ന ആശയം... ചിലർക്ക് ഏത് മോശമായി തോന്നിയതിനു കാരണം ഇതു മുൻപ് ആർ സ്സ് സ്സ്  മുൻപോട്ടു വെച്ച ആശയമായിരുന്നു എന്നതിനാലാണ്... മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയാൽ അത് ഇൻഡ്യാ മഹാരാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും ഇല്ലാതാക്കി കളയുമെന്ന് ചിലർ വാദിച്ചു...

     എന്തിനെക്കുറിച്ചു ചിന്തിക്കുമ്പോളും മതവും,, ജാതിയും മാത്രം പ്രധാന വിഷയമായി കാണുകയും മനുഷ്യനെ ഇരുളിൽ മാത്രം നിർത്തി ചിന്തിക്കുകയും ചെയ്യുന്ന ചില അഭിനവ പുരോഗമന ചിന്തകരാണ് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സംവരണമോ ആനുകൂല്യമോ നൽകുന്നതിനെ എതിർത്തു രംഗത്ത് വരുന്നത്... ജാതിയും, മതവും വിട്ട് ""മനുഷ്യൻ"" എന്ന് ചിന്തിക്കാൻ പട്ടടയിൽ കിടന്നു പതിനായിരം വർഷം ദഹിച്ചു കൊണ്ടു ചിന്തിച്ചായാലും ഇക്കൂട്ടർക്കു കഴിയില്ല എന്നത് സമൂഹത്തിന്റെ തീരാത്ത ശാപം... സ്വതന്ത്രമായി ചിന്തിക്കാതെ ഇക്കൂട്ടർക്ക് കുഴലൂത്ത് നടത്തുന്ന ചിലരെ തലച്ചോറ് പണയം വെച്ചവരെന്നല്ല,, തലച്ചോറിൽ വെറുപ്പിന്റെ വിഷം നിറച്ചവർ എന്ന് പറയണം...

     ജാതി വ്യവസ്ഥ കൊടികെട്ടി വാണിരുന്ന ഭൂതകാലത്തിൽ സവർണ്ണ വർഗ്ഗം അധികാരം,, പണം,, ശ്രെയസ്സ്,, ജീവിത സൗകര്യങ്ങൾ എന്നിവ കൈയ്യാളിയിരുന്നു.. അവിടെ സവർണ്ണവർഗ്ഗം അവർണ്ണ വിഭാഗങ്ങളെ ചവിട്ടി അരച്ചിരുന്നു... സമ്മതിക്കുന്നു... അങ്ങനെ പീഡനം അനുഭവിച്ചിരുന്ന ഒരു വലിയ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് സംവരണം ആവശ്യമായിരുന്നു.... സാമുദായികമായി പിന്നോക്കം നിൽക്കുന്നവർക്കായിരുന്നു അക്കാലത്ത് സാമ്പത്തികമായും,, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അവസ്ഥ ഉണ്ടായിരുന്നത് എന്നതിനാലാണ് സാമുദായികമായ ഒരു സംവരണത്തെ ഭരണഘടന പോലും പിന്തുണച്ചത്... സാമ്പത്തികമായും,, സാമൂഹികമായും പിന്തള്ളപ്പെട്ട വിഭാഗങ്ങളായതിനാലാണ് അവരെ സാമുദായികമായും പിന്നോക്കക്കാരായി കരുതിയിരുന്നതുതന്നെ എന്ന് മനസ്സിലാക്കണം...   "സംവരണം" എന്ന ചിന്തയുടെ പരമമായ ലക്‌ഷ്യം എന്നത് തന്നെ 
""സമൂഹത്തിൽ പിന്നോക്കമായി ആരെങ്കിലും നിന്നാൽ അവരെ ചില ആനുകൂല്യങ്ങൾ നിൽകിയും മുഖ്യധാരയിലേക്ക് എത്തിക്കുക"" എന്നതാണ്..... അതിൽ മുൻകാലങ്ങളിൽ സാമൂഹികമായും,, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ദളിത് ജാതിയുടെ പേര് ""ബ്രാഹ്മണൻ"" എന്നും സവർണ്ണ ജാതിയുടെ പേര് ""പുലയൻ"" എന്നു മായിരുന്നെങ്കിൽ സംവരണം ബ്രാഹ്മണന് ലഭിക്കുമായിരുന്നു.... കാരണം പേരിലെ എന്തെകിലും അയിത്തമല്ല,, മറിച്ചു് "മനുഷ്യൻ" അനുഭവിക്കുന്ന കഷ്ടപ്പാടിൽ നിന്നും, അവഗണനയിൽ നിന്നുമുള്ള മോചനമാണ് സംവരണ തത്വം മുന്നോട്ടു വെയ്ക്കുന്നത്.... മനുഷ്യന്റെ കഷ്ടപ്പാടിൽ നിന്നുമുള്ള മോചനമായിരിക്കണം "സംവരണതത്വം" ഉയർത്തിപ്പിടിക്കേണ്ടത്...

     "മുൻകാലങ്ങളിൽ സവർണ്ണർ അവർണരെ കുറെയേറെ ദ്രോഹിച്ചതല്ലേ,, കുറച്ചനുഭവിക്കട്ടെ" എന്ന് പറയുന്ന പുരോഗമന വക്താക്കളുമുണ്ട്... അതായത് ''പലതലമുറ മുൻപ് ഒരു സവർണ്ണ ജന്മി കാട്ടിയ ദ്രോഹ പ്രവർത്തിയുടെ ശിക്ഷ, അഷ്ടിക്കു വകയിക്കാത്ത ഇന്നത്തെ തലമുറ അനുഭവിക്കണമെന്ന്''...!!?? ഇക്കൂട്ടർ മനുഷ്യത്വരാഹിത്യമുള്ളവരാണ് എന്ന് മാത്രം പറഞ്ഞാൽ പോരാ,, ഉത്തര കൊറിയൻ നിയമ വ്യവസ്ഥയുടെ ആരാധകർ എന്ന് കൂടി പറയേണ്ടി വരും... കാരണം കേട്ട് കേഴ്വിയിൽ പോലും ഒരു തെറ്റു ചെയ്തവന് അവന്റെ മൂന്നു തലമുറ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നിയമരീതി ആവിടെ മാത്രമേയുള്ളൂ....  

     ജാതീയമായി മുൻപ് കൊണ്ടുവന്ന സംവരണ രീതികൾ അപാകതകൾ നിറഞ്ഞതായിരുന്നു എന്ന അഭിപ്രായം എനിക്കില്ല... കാരണം മുൻകാലങ്ങളിൽ പിന്നോക്കജാതിയിൽ നിൽക്കുന്നവരെല്ലാം സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കക്കാർ ആയിരുന്നു... അവിടെ സംവരണം ആവശ്യപ്പെടുന്ന വിഭാഗത്ത്തിന്റെ ഗ്രൂപ്പ് നാമം ആയിരുന്നു അവരുടെ ജാതിപ്പേര്... എന്നാൽ സംവരണത്തിന്റെ ആനുകൂല്യത്തിനാലും,, സമൂഹം ജാതീയ ചിന്തകളെ വിട്ട് നല്ലരീതിയിൽ ചിന്തിക്കാൻ തുടങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പിന്നോക്ക വിഭാഗത്തിലെ കുറേ ഏറെ ആൾക്കാർ സമ്പത്തുകൊണ്ടും,, അധികാരം കൊണ്ടും സാമൂഹികമായ സ്ഥാനമാനങ്ങൾ കൊണ്ടും മുന്നോക്കക്കാരായിമാറി... അതേ സമയം തന്നെ മുൻപ് ജാതീയമായി  മുന്നോക്കക്കാരായ ഒരു വലിയ വിഭാഗം ക്ഷയിച്ചു് വിദ്യാഭ്യാസ്സത്തിനും,, ചികിത്സക്കും,, അഷ്ട്ടിക്കും വകയില്ലാതെ ക്ഷയിച്ചു ജീവിച്ചു മരിക്കാൻ തുടങ്ങി... അവരും മനുഷ്യരാണ്... അവർക്കും ഈ രാജ്യത്തിന്റെ പരിരക്ഷയും,, ആനുകൂല്യവും,, സംരക്ഷണവും,, ദയാവായ്പ്പും ലഭിക്കാൻ അവകാശമുണ്ട്..... സംവരണത്തിന്റെ ആനുകൂല്യത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടി സർക്കാർ ജോലികളിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവർ ആയിരങ്ങൾ ശമ്പളം വാങ്ങുന്നു... മറ്റു സൗകര്യങ്ങളും അനുഭവിക്കുന്നു... അങ്ങനെ ഉള്ളവന്റെ സന്തതിക്ക്‌ എന്തിനാണ് വിദ്യാഭ്യാസ്സ സ്ഥാപനത്തിൽ സർക്കാർ പഠന സഹായ ധനം നൽകുന്നത്..??? പഠിക്കാൻ സൗകര്യമില്ലാത്ത ഒരു സവർണ്ണ പുത്രന് ആ സഹായം നൽകിയാൽ അവന്റെ കുടുംബവും, വരും തലമുറയും രക്ഷപ്പെടും... അതാണ് രാജ്യ പുരോഗതിയെ സഹായിക്കുന്നത്.. അല്ലാതെ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം നൽകുന്ന ആനുകൂല്യങ്ങൾ പുരോഗതിയല്ല,, അധോഗതിയാണ് വിളിച്ചു പറയുന്നത്... കാലം മുൻപോട്ടു പോകുന്നത് തിരിച്ചറിയണം... സ്വാതന്ത്യ്രത്തിനും എത്രയോ മുൻപ് നിലനിന്നിരുന്ന ദളിത് പീഡനത്തിന്റെ മറവിൽ ഇന്ന് സവർണ്ണജാതിയിൽപെട്ടവരെ പീഡിപ്പിക്കാനും അവർക്കു നേരെ സഹായ ഹസ്തം നീട്ടാൻ മടിക്കുന്നതും നീചമായ നടപടിയാണെന്നു മാത്രമേ കാണാൻ കഴിയൂ....

     സവര്ണനായി ജനിച്ചു പോയതുകൊണ്ട് മാത്രം ഒരു തരത്തിലുള്ള ആനുകൂല്യവും തരില്ല എന്ന ശാഠ്യം മനുഷ്യത്വരഹിതമാണ്‌... ജീവിതത്തിൽ സവര്ണനായത് കൊണ്ട് മാത്രം ഒരു മേൽഗതിയുമില്ലാതെ ഒരുവൻ ജീവിച്ചു മരിക്കേണ്ടിവന്നാൽ അതും രാജ്യത്തിന്റെ പരാജയമാണ്.... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണനെ സഹായിക്കാൻ സർക്കാർ ശ്രമിക്കണം എന്നു പറഞ്ഞു പോയാൽ ആ നിമിഷം ചില സ്വാർത്ഥ ചിന്തകർ ചോദ്യവുമായി ഇറങ്ങും... ''തോട്ടിപ്പണിയിൽ എത്ര സവർണ്ണരുണ്ട്''?? ഒരു ജഗതി ഡയലോഗ് കടമെടുത്തു പറഞ്ഞാൽ ""തോട്ടിപ്പണി ഇവിടെ നിയമവിധേയമല്ലെന്ന് ഈ മറുതായൊടെങ്ങനെ പറഞ്ഞു മനസ്സിലാക്കുമോ എന്റെ ദൈവമേ ""!!??   ഇപ്പറയുന്നവന്മാരൊക്കെ രക്തം ആവശ്യം വരുന്ന രോഗിക്കും,, ചികിത്സാസഹായം ആവശ്യമായി വരുന്നവനും എല്ലാം "ജാതി" നോക്കി മാത്രമായിരിക്കും സഹായിക്കുന്നത്... കാരണം സർക്കാരിനെക്കൊണ്ട് പോലും സഹായിക്കാൻ സമ്മതിക്കാത്തവൻ സ്വന്തമായി സഹായിക്കും എന്ന് കരുതുക വയ്യ... എന്തായാലും ഇത്തരം മ്ലേശ്ച ചിന്തകളെ സമൂഹം പ്രോൽസാഹിപ്പിക്കരുത് എന്നതാണ് എന്റെ അപേക്ഷ....

     മനുഷ്യന്റെ ക്ലേശങ്ങളുടെ പരിഹാരത്തിനായിരിക്കണം പൊതു സമൂഹവും,, സർക്കാരും പ്രാധാന്യം നൽകേണ്ടത്... ക്ലേശം അനുഭവിക്കുന്ന വിഭാഗത്തിന് ജാതീയമായ വേർതിരിവുകൾ ഇല്ല... അവർ ഒരു വിഭാഗമാണ്.. ""ക്ലേശം അനുഭവിക്കുന്നവർ മാത്രം""  അവരെ കൈപിടിച്ചിയാർത്തുന്നതിന് ജാതി സർട്ടിഫിക്കറ്റ് നോക്കി ബോധ്യപ്പെടണമെന്നു പറയുന്നവൻ മുങ്ങിച്ചാവാൻ പോകുന്നവനോടും ചോദിക്കും.. "" ജാതി സർട്ടിഫിക്കറ്റ്""!!!??? നീ പിന്നോക്കൻ തന്നെയല്ലേ?? മുന്നോക്കനാണെങ്കിൽ നിനക്ക് ബാഹ്യ സഹായം ആവശ്യമില്ല..

'സംവരണം' എന്നത് രാജ്യം നൽകുന്ന സഹായത്തിന്റെ മറ്റൊരു പേരാണ്.. സഹായം ആവശ്യമുള്ള എല്ലാവർക്കും രാജ്യം സഹായവും സുരക്ഷിതത്വവും നൽകണം.. സഹായം ആവശ്യമുള്ളത് മനുഷ്യനാണ്... ജാതിക്കോ,, മതത്തിനൊ അല്ല....

[Rajesh Puliyanethu
 Advocate, Haripad]