ചെറിയ ചെറിയ സംഭവങ്ങളോടു പോലും ചേര്‍ത്തുവെച്ച് നമ്മള്‍ കേള്‍ക്കുന്ന ഒന്നാണത്.. 'മതവികാരം വൃണപ്പെട്ടിരിക്കുന്നു'. എങ്കില്‍ പിന്നെ അതിന്റെ തൊട്ടടുത്ത കര്‍മ്മം അനുഷ്ടിക്കേണ്ടതെന്താണ്?? തെരുവിലേക്കിറങ്ങുക, കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുക.. കഴിയുന്നത്ര ആള്‍ക്കാരെ ഉപദ്രവിക്കുക, മുറിവേല്‍പ്പിക്കുക, ബുദ്ധിമുട്ടിക്കുക.. വൃണപ്പെട്ട വികാരത്തില്‍ ലേപനം പോലെ ആരുടെയെങ്കിലും ഒക്കെ രക്തം പുരട്ടുക.. എത്രത്തോളം അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുവോ ഏല്‍ക്കേണ്ടി വന്ന മത മുറിവിന്‍റെ ആഴം അത്രയുമുണ്ടായിരുന്നു വെന്ന് പൊതു സമൂഹത്തിന് കാട്ടിനല്‍കാം.. സത്യത്തില്‍ മതവികാരം വൃണപ്പെടുന്നത് എങ്ങനെയാണ്, അത് ഒരു വ്യക്തിയില്‍ പ്രതിഫലിക്കുന്നത് എങ്ങനെയാണ്?? അത് തിരിച്ചറിയുന്നത് എങ്ങനെയാണ്??
മതവികാരം വൃണപ്പെടുന്ന അവസ്ഥയെ ഇല്ല എന്ന് പറയാന്‍ കഴിയില്ല.. പക്ഷെ ഇന്ന് ലോകത്താകമാനം മതവികാരം വൃണപ്പെടുന്നു എന്നാ വികാരം നശിച്ചിരിക്കുന്നതായും മതവികാരത്തെ തീപിടിപ്പിക്കുന്നു എന്നത് പകരമായി ആവിഷ്ക്കരിക്കുന്നതുമാണ് കാണാന്‍ കഴിയുന്നത്...`.. അതില്‍ മതവികാരം വൃണപ്പെടുക എന്നത് തന്നില്‍ തന്നെ ഉയരുന്നതും മതവികാരത്തെ തീ പിടിപ്പിക്കുക എന്നത് ബാഹ്യസ്വാധീനത്താല്‍ ഉണ്ടാകുന്നതുമായ വികാരങ്ങളാണ്.. തന്‍റെ ഉറച്ച വിശ്വാസ്സത്തെ, പുരാണ- ഇതിഹാസ്സ കഥാപാത്രങ്ങളെ, ആരാധാന മൂര്‍ത്തികളെ അങ്ങനെ ഒക്കെയുള്ള മനസ്സില്‍ തട്ടിയ വിശ്വാസ്സങ്ങളെ അധിക്ഷേപിക്കുകയും തകര്‍ത്തെരിയുകയും ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വിശ്വാസ്സങ്ങളില്‍ മനസ്സര്‍പ്പിച്ചു നില്‍ക്കുന്ന ഒരു വ്യക്തിക്ക് ബാഹ്യ സ്വാധീനങ്ങള്‍ ഒന്നുമില്ലാതെ മനസ്സില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വോഭാവികമായ വിലാപമാണ് മതവികാരം വൃണപ്പെടുക എന്ന് പറയുന്നത്..
ഇന്ന് ഏറ്റവും ആപത്കരമായി കാണുന്നത് 'മതവികാരം വൃണപ്പെട്ടിരിക്കുന്നു' എന്ന് പ്രഖ്യാപിക്കുന്നതാണ്. ഒരു സംഭവത്തിനോട് അനുബന്ധമായി ഒരു കൂട്ടര്‍ ഇതു മതവികാരത്തെ വൃണപ്പെടുത്തുന്നതാണ് എന്ന് പ്രഖ്യാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.. ഒരുവന്‍റെ മനസ്സില്‍ നിന്നും സ്വോഭാവികമായി ഉയര്‍ന്നു വരുന്ന ഒരു വികാരം ഇവിടെ കാണാനില്ല.. തീര്‍ച്ചയായും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി മുതലെടുപ്പിന് വേണ്ടി മാത്രമാണ് ഒരുകൂട്ടര്‍ അത്തരം പ്രഖ്യാപനങ്ങള്‍ നടത്തി ഒരു കൂട്ടം ആള്‍ക്കാരെ തെരുവിലിറക്കുന്നത്!! തങ്ങളുടെ മതത്തിന്‍റെ ശക്ത്തി പ്രകടനങ്ങള്‍ക്കും, സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള വിലപേശലിന് ഇത്തരം ശക്തി പ്രകടനത്തെ ഉപയോഗിക്കാന്‍ വേണ്ടിയുമാണ് തന്ത്രപരമായി ഈ കൂട്ടര്‍ അത് ചെയ്യുന്നത്..
ചില മതങ്ങള്‍ തങ്ങള്‍ 'സെന്‍സിറ്റിവ്' ആണെന്ന് സ്വയം പ്രഖ്യാപിച്ച് നിസ്സാര കാര്യങ്ങള്‍ക്ക് പോലും മതവികാരം വൃണപ്പെട്ടതായി പറഞ്ഞ് തെരുവിലിറങ്ങുന്നത് നാം കാണുന്നുണ്ട്.. അതില്‍ കൂടുതലും ന്യൂനപക്ഷ സമുദായങ്ങളാണെന്നതും ശ്രദ്ദേയമാണ്.. ഭൂരിപക്ഷ സമുദായക്കാര്‍ മതവികാരം വൃണപ്പെട്ടതായി പറഞ്ഞ് തെരുവിലിറങ്ങുന്നതിലും കൂടുതല്‍ രാഷ്ട്രീയ പിന്തുണ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നത് സ്പഷ്ട്ടം.. പക്ഷെ അവിടെ സംഭവിക്കുന്ന സാമൂഹിക അധപ്പതനം എന്നത്; ന്യൂന പക്ഷമതങ്ങള്‍ക്കെതിരെ പൊതു വിമര്‍ശനങ്ങള്‍ കുറയുമെന്നതും അതുവഴി ആ മതങ്ങളില്‍ പുരോഗമന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോവുകയും നടപ്പിലാകാതെ പോവുകയും ചെയ്യുമെന്നുള്ളതാണ്.. അത് അത്തരം ന്യൂനപക്ഷ മതങ്ങളെ പിന്നോട്ട് നയിക്കുന്നതിനും, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചാനിരക്കിനെ സാരമായി ബാധിക്കുകയും ചെയ്യും.. ഒരു ഇരുളടഞ്ഞ ചുറ്റുപാടില്‍ എന്നും തന്‍റെ മതസ്ഥരെ നിര്‍ത്തണമെന്നും തങ്ങളുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിസ്സാരമായി ചൂഷണം ചെയ്യത്തക്ക വിധത്തില്‍ അവരെ ഒരുക്കി നിര്‍ത്തണമെന്നുമുള്ള ചില മേലാളന്‍മാരുടെ ചിന്തിച്ചുറച്ച തീരുമാനങ്ങളുടെ നടപ്പിലാക്കലുകളാണ് ഇവയെല്ലാം.. അറിഞ്ഞു കൊണ്ടുതന്നെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ബോധപൂര്‍വ്വമായുള്ള വിധ്വംസ്സക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും, മാധ്യമങ്ങള്‍ പ്രചാരവും നല്‍കുന്നു..
ലോകം മുഴുവന്‍ മതത്തിന്‍റെ പേരിലുള്ള പലതരത്തിലുള്ള മുതലെടുപ്പുകളും സംഘര്‍ഷങ്ങളും നടന്നു വരുന്നതിനാല്‍ ഇതെല്ലാം ഒരു ആഗോള പ്രതിഭാസ്സ മായി കാണാനാണ് പലരും ആഗ്രഹിക്കുന്നത്.. മതവികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞ് പലതരത്തില്‍ നടത്തുന്ന മുതലെടുപ്പുകള്‍ക്ക് അതാതു മതങ്ങളില്‍ നിന്ന് മാത്രമേ പരിഹാരം ഉദിക്കൂ!! ഒരു സംഭവത്തോട് അനുബന്ധിച്ച് ' മതവികാരം വൃണപ്പെട്ടിരിക്കുന്നു' എന്ന യുദ്ധആഹ്വാനത്തിനുള്ള കാഹളം ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ആ മതസ്ഥര്‍ തന്നെ ഒന്നു ചിന്തിക്കുക; തന്‍റെ മനസ്സില്‍ മുറിവുണ്ടാക്കുവാനുള്ള എന്തെങ്കിലും സംഭവിച്ചോ?? തന്നെയും തന്‍റെ മതത്തിനെയും മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണോ എന്ന്.. അതിന് ശേഷം മാത്രം പ്രതികരിക്കുക.. അപ്രകാരവും; തന്‍റെ പ്രവര്‍ത്തി ഇതരമതസ്ഥന്റെ വികാരത്തെ വൃണപ്പെടുത്താന്‍ സാധ്യത ഉണ്ടോ എന്നുകൂടി ചിന്തിക്കുന്ന സ്വതന്ത്ര ചിന്താഗതിയുള്ള പൌരന്മാരാകുക.. നാം ഒരിക്കലും ചൂഷണത്തിന് വിധേയരാകാതിരിക്കാന്‍ ശ്രദ്ദിക്കുക....!!!
[Rajesh Puliyanethu
Advocate, Haripad]