Wednesday, 1 October 2014

ആയുധപൂജ ചെയ്യൂ!! നവരാത്രി പൂർണ്ണതക്ക്.........


       ഒൻപതു ദിവസ്സത്തെ പൂജാ സപര്യക്ക് പര്യവസ്സാനമായി മാഹാനവമിയും വിജയ ദശമിയും എത്തിചേർന്നിരിക്കുന്നു... ശ്രീ പാർവ്വതിയെയും, ദുർഗ്ഗയെയും, സാരസ്വതിയെയും ആരാധിച്ച് വിദ്യയുടെ പൂർണ്ണതക്കായി ഭാരതമാകമാനം വൃതമെടുക്കുന്നു.. വിദ്യയുടെ പൂർണ്ണതക്കായി അനുഷ്ട്ടിക്കുന്ന ഈ വൃതത്തിന് മനുഷ്യന്റെ ആത്മതേജസ്സിനെ ഉയർത്തുക എന്ന ഫലപ്രാപ്ത്തികൂടി പറയുന്നു... അതിന് നിഷ്ക്കർഷികപ്പെട്ടിരിക്കുന്ന പ്രാർഥനാചര്യയാണ് മഹാനവമി ദിനത്തിലെ ആയുധപൂജ അഥവാ ശസ്ത്രപൂജ... ഭാരതമാകമാനം ശസ്ത്രപൂജ മഹാനവമി ദിനത്തിൽ നടന്നു വരുന്നുവെങ്കിലും കേരളത്തിൽ അത്ര വ്യാപകമായി കാണുന്നില്ല... അതിനാൽ ഹിന്ദു ഐക്യവേദി ശസ്ത്രപൂജയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, ശസ്ത്രപൂജ നടത്തിന്നതിന് എല്ലാ വിശ്വാസ്സികളെയും പ്രേരിപ്പിക്കുകയും ചെയ്യുവാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു...

       ഒരുവനിൽ അന്തർലീന മായിരിക്കുന്ന ആത്മവിശ്വാസ്സം, ആത്മധൈര്യം, ആത്മബോധം എന്നിവയെ ഉത്ദീപിപ്പിക്കുക എന്നതാണ് ശസ്ത്ര പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്...

       'ശസ്ത്രം'  മനുഷ്യന്റെ നിലനില്പ്പിന്റെയും, വളർച്ചയുടെയും, നേട്ടങ്ങളുടെയും,  ആത്മവിശ്വാസ്സത്തിന്റേയും, ആത്മധൈര്യത്തിന്റേയും, ആത്മബോധത്തിന്റേയും, സുരക്ഷിതത്വത്തിന്റെയും മാത്രമല്ല, കാലത്തിന്റെയും വിവരണം നൽകുന്നു...

       മനുഷ്യൻ സാമൂഹികമായും, ആധുനികമായും വളർന്നു തുടങ്ങിയ കഥ പോലും നമ്മൾ പറഞ്ഞു തുടങ്ങിയത് ശസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്.. അന്ന് പുരാതന മനുഷ്യൻ കല്ലുകളെയായിരുന്നു ആയുധങ്ങളാക്കിയിരുന്നത്.. അങ്ങനെ ചരിത്രാതീത കാലത്ത് അതായത് ശിലായുഗത്തിൽ ശിലകളെ ആയുധമാക്കിക്കൊണ്ട് മനുഷ്യൻ ആരംഭിച്ച പുരോഗമനത്തിന്റെയും, കീഴടക്കലുകളുടെയും തുടർച്ചയാണ് ആധുനികതയുടെ ഇന്നത്തെ ലോകത്തേക്ക് അവനെ കൊണ്ടു ചെന്നെത്തിച്ചത്... അന്ന് അവൻ കീഴടക്കിയത് തനിക്കെതിരെ നിന്ന പ്രകൃതിയിലെ പ്രതിബന്ധങ്ങളെ ആയിരുന്നു... ഇതേ ആയുധം തന്നെ അവന് ഭക്ഷണവും നൽകി.. കൈയ്യിൽ ആയുധമേന്തിയ മനുഷ്യൻ പ്രവർത്തന സജ്ജതയുടെ പര്യായമായി... കൈയ്യിലെ ആയുധം അവനെ എത്രത്തോളം പ്രാപ്തനാക്കുന്നു എന്നത് മനസ്സിലാക്കുന്നതിന് 'നിരായുധനായ ഒരുവൻ' എന്ന് മനസ്സിൽ ചിന്തിച്ചാൽ മതി...

       ഈ ഭൂമിയിൽ ഏതൊരു മൃഗത്തെയും പോലെ നഗ്നനായി, ഒന്നും ഇല്ലാതെയാണ് മനുഷ്യനും പിറവി കൊണ്ടത്‌... അവിടെ മനുഷ്യനെ അജയ്യനാക്കിയത് അവൻ കണ്ടെത്തിയ വിവിധങ്ങളായ ആയുധങ്ങളാണ്... മനുഷ്യന് ഇന്നത്തെ നേട്ടങ്ങളെല്ലാം സമ്മാനിച്ചത്‌ നിസ്സംശയം അവൻ കയ്യിലേന്തിയ ആയുധങ്ങളാണെന്ന് പറയാം!!  

       പ്രകൃതിയെയും, ജീവജാലങ്ങളെയും നേരിട്ട് വിജയം കൊയ്ത മനുഷ്യൻ ആധുനികതയിലേക്ക് ചുവടുകൾ വെച്ചു.. അവിടെ അവൻ നേരിട്ടത് മറ്റൊരു മനുഷ്യനെത്തന്നെയായിരുന്നു... അവിടെയും വിജയേഷുവിന് തന്റെ ആയുധങ്ങളോട് തീർച്ചയായും നന്ദി പറയാനുണ്ടായിരുന്നു... രാജ്യങ്ങൾക്ക് പോലും നിലനിൽപ്പ്‌ ആയുധങ്ങളുടെ ശേഖരത്തിൻറെ കണക്കുകളുടെ അടിസ്ഥാനത്തിലായി മാറി.. കൌടില്യൻ തന്റെ അർഥ ശാസ്ത്രത്തിൽ ഇങ്ങനെ പറയുന്നു..' രാജ്യത്ത് സമാധാനം ഉണ്ടാകണമെങ്കിൽ സമ്പത്തോ, നല്ല ഭരണാധികാരിയോ മാത്രം പോരാ!! ആവനാഴി നിറയെ അസ്ത്രങ്ങളും ഉണ്ടാകണം' എന്ന്.. രാജ്യ സമാധാനത്തെപ്പോലും ആയുധങ്ങൾ സ്വാധീനിക്കുന്നു എന്ന വൈരുധ്യത നിറഞ്ഞ ഒരു ശാസ്ത്രമാണ് ആ വരികളിൽക്കൂടി അദ്ദേഹം അവതരിപ്പിച്ചത്...   ഭാരതം അണുവായുധ ശക്തിയായപ്പോൾ ഭാരതജനതയുടെ സമാധാനവും സുരക്ഷിതത്വവും വർദ്ധിക്കുകയാണ് ഉണ്ടായത് എന്നത് ചാണക്യ തത്വത്തിന്റെ സമീപകാല ഉദാഹരണം മാത്രം..


       ശസ്ത്രത്തിന് അങ്ങനെ വിപുലമായ മാനങ്ങളാണ് ഉള്ളത്... 'ഒരുവന് തന്റെ തൊഴിൽ കൃത്യമായി ചെയ്യാൻ അറിഞ്ഞാൽ അയാൾ വിദ്യാസമ്പന്നനാണ്' എന്ന് മഹാത്മാ ഗാന്ധി തന്റെ സത്യാന്യേഷണ പരീക്ഷണങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ 'ഇതൊന്നിനെയും തന്റെ ഉപയുക്തതക്ക് അനുസൃതമായി ഉപയോഗിക്കാൻ ഒരുവന് കഴിയുന്നു വെങ്കിൽ അവൻ ശസ്ത്രവിദ്യ സ്വായത്വമാക്കിയവനാണ്.. അവന്റെ കൈയ്യിലുള്ളത് ശസ്ത്രമാണ്, അവൻ ശസ്ത്രധാരിയാണ്... ആ ശസ്ത്രമാണ് പൂജിക്കപ്പെടേണ്ടത്..

       മനുഷ്യന്റെ വളർച്ചക്കും, വികാസ്സതിനും, നിലനില്പ്പിനും അനിവാര്യമായ 'ശസ്ത്രം' തെറ്റായ ഉപയോഗത്താൽ നാശവും വിതയ്ക്കുന്നു.. ശസ്ത്രത്തിന്റെ ശരിയായ ഉപയോഗത്തിനുള്ള ഈശ്വര കടാക്ഷമാണ് നാം മഹാനവമി ദിവസ്സത്തെ ദുർഗ്ഗാ പൂജയിൽക്കൂടി ഉദ്ദേശിക്കുന്നത്.. ഭാരതത്തിന്റെ സംസ്ക്കാരത്തിന്റെയും, പൈതൃകത്തിന്റെയും, വിശ്വാസ്സങ്ങളുടെയും പുനരവതരണം കൂടിയാണ് ശസ്ത്രപൂജയിൽക്കൂടി സംഭവിക്കുന്നത്‌...

       നാം എല്ലാവരും തന്നെ മഹാനവമി ദിനത്തിൽ ശസ്ത്ര പൂജ നടത്തണമെന്നും, കഴിയുന്നത്ര ആൾക്കാരെ ശസ്ത്രപൂജയുടെ പ്രാധാന്യം പറഞ്ഞുകൊടുത്ത് ശസ്ത്ര പൂജക്ക്‌ പ്രേരിപ്പിക്കണമെന്നും അഭ്യർഥിച്ചു കൊള്ളുന്നു..

      എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസ്സകൾ.... 

(ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് പരമാവധി ആൾക്കാരിൽ ഈ സന്ദേശം എത്തിക്കണമെന്ന് താൽപ്പര്യപ്പെടുന്നു)

         
[Rajesh Puliyanethu
 Advocate, Haripad]