Sunday, 23 February 2014

മാതാ അമൃതാനന്ദമയീ മഠം എന്റെ കാഴ്ചപ്പാടുകളിൽ; മനസാക്ഷിയുടെ കണ്ണുകെട്ടിയ ആൾക്കൂട്ടത്തിന്റെ കേദാരം!!


       സാമൂഹികമായ വിഷയങ്ങളെക്കുറിച്ച് അറിയുന്നതിനും അതിനെക്കുറിച്ച്‌ സംസാരിക്കുന്നതിനും ഏതൊരുവനും ഉള്ളതു പോലെ ഉത്സുകത എനിക്കുമുണ്ട്.. മുൻപൊക്കെ എനിക്കുചുറ്റും നടക്കുന്ന സംഭവവികാസ്സങ്ങളെക്കുറിച്ച് അടുത്തു പരിചയമുള്ള എതെങ്കിലുമൊക്കെ ആൾക്കാരുമായി യാദ്രിശ്ചികമായി സംസ്സാരിച്ചു പോവുകയായിരുന്നു പതിവ്.. സോഷ്യൽ മീഡിയയുടെ വരവോടെ കുറച്ചു കൂടുതൽ സുഹൃത്തുക്കളുമായി സംസ്സാരിക്കാനുള്ള അവസ്സരമുണ്ടായി.. മറ്റുപല വിഷയങ്ങളും രണ്ടാമനായി നിന്നാണ് സംസ്സാരിക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ പ്രസ്തുതവിഷയത്തെക്കുറിച്ച് നേരിൽ കാണുകയും, അറിയുകയും, വിലയിരുത്തുകയും ചെയ്യുന്ന ഒരുവനായാണ്‌ എനിക്ക് നിൽക്കാൻ കഴിയുന്നത്‌.. മറ്റൊന്നിനുകൂടി ഞാൻ അടിവരയിടുന്നു; ആശ്രമത്തിനെതിരെ ഗയിൽ എന്ന ഗായത്രി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വെളിച്ചത്തിലല്ല ഞാൻ സംസാരിക്കുന്നത്..

       മാതാ അമൃതാനന്ദമയി ആശ്രമത്തിൽ 29 വർഷങ്ങൾക്കു മുൻപാണ് ആദ്യമായി ഞാൻ പോകുന്നത്.. അതായത് 6 വയസ്സ് പ്രായമുള്ളപ്പോൾ.. എന്റെ വീട്ടിൽ നിന്നുതന്നെയായിരുന്നു ഞാൻ അവിടെ എത്തുന്നതിനുള്ള പ്രേരകശക്തി.. എന്റെ വീട്ടിലെ തന്നെ മറ്റു പല അംഗങ്ങളെയും ആശ്രമത്തിലെ സന്ദർശകരാക്കിയ സ്വാധീനശക്തിയും അതേ വ്യക്തിതന്നെ ആയിരുന്നു.. ഞാൻ വ്യക്തമായി ഓർക്കുന്നു; എന്റെ കുടുംബത്തിലെയും, നാട്ടിലെയും ഭൂരിപക്ഷം ആൾക്കാരും അക്കാലത്ത് ആശ്രമത്തിന് എതിരായി മാത്രം സംസ്സാരിക്കുന്നവർ ആയിരുന്നു.. ശരിയായത് പറഞ്ഞാൽ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ ആയിരുന്നു..

       ഒരു അമ്പലത്തിൽ പോകുന്നത് പോലെയും, ഒരു യാത്രയുടെ ആനന്ദവും, വള്ളത്തിലെ യാത്രയും ഒക്കെയായിരുന്നു ആശ്രമ ദർശനങ്ങളിലെ എന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ.. അമ്മ ദൈവം തന്നെയാണെന്ന് എന്നോടോപ്പമുണ്ടായിരുന്നവർ പറഞ്ഞു തന്നു.. അമ്പലത്തിലുള്ളതും ദൈവം തന്നെയെന്നു പഠിപ്പിച്ചവർ തന്നെയായിരുന്നു അതും!! ദൈവീക സങ്കൽപ്പങ്ങളെക്കുറിച്ചെന്നല്ല യാതൊന്നിനെപ്പറ്റിയും സ്വന്തമായ ചിന്താഗതി രൂപംകൊള്ളാൻ സാദ്ധ്യതയില്ലാത്ത ആപ്രായത്തിൽ അമ്പലത്തിൽ ചെന്ന് അനുഷ്ട്ടിക്കെണ്ടതെന്ന് പഠിച്ചിരുന്നത് പോലെ ആശ്രമത്തിൽ ചെന്ന് അനുവർത്തിക്കേണ്ടതെന്ന ശീലങ്ങളും ഞാൻ സ്വോഭാവികമായും പഠിച്ചു..

       ഒരു ആശ്രമഅന്തരീക്ഷത്തിലേക്ക്തന്നെയായിരുന്നു അന്ന് ഞാൻ പോയിരുന്നത്.. ഒരു കുടിൽ ആയിരുന്നു ആശ്രമത്തിന്റെ പ്രധാനഭാഗം.. അവിടെയായിരുന്നു അമ്മ എല്ലാവർക്കും ദർശനം നൽകിയിരുന്നത്.. മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പിന് ശേഷമോന്നുമല്ല അന്ന് അമ്മയുടെ ദർശനം ലഭിക്കുക.. ആ കുടിലിൽ ഉൾക്കൊള്ളുന്ന ആൾക്കാർ മാത്രമേ ഉണ്ടാകൂ.. അമ്മ ഒരു കട്ടിൽ പോലെയുള്ള ഒന്നിന്റെ മുകളിൽ ഇന്ന് ദർശനം നൽകാൻ ഇരിക്കുന്നതുപോലെ ഇരിക്കുന്നു..  കോലാഹലങ്ങളോ ബിസ്സിനസ്സ് തിരക്കുകളോ ഒന്നുമില്ലാത്ത ഒരു തികഞ്ഞ ആശ്രമം.. വർഷങ്ങൾ ഇത്ര കടന്നു പോയിട്ടും ആശ്രമത്തിൽ അന്നുണ്ടായിരുന്ന ശാന്തതയുടെയും, സമാധാനത്തിന്റെയും എല്ലാത്തരത്തിലും ശുദ്ധതയുള്ള വായുവിന്റെ കുളിർമയും എന്നിലെന്നല്ല, അക്കാലത്ത് ആശ്രമത്തിൽ പോയിട്ടുള്ള ഏതൊരുവനിലും ഓർമ്മയിലെ സുഗന്ധമായി അവശേഷിക്കും.. ആശ്രമത്തിന്റെ പ്രധാനഭാഗമായി പിന്നീടുള്ളത് ഒരു കളരിയാണ്.. അവിടെയാണ് അമ്മ പൂജ കഴിക്കുമായിരുന്നത് എന്നാണ് ഞാൻ ഓർക്കുന്നത്.. അമ്മയെ ഒരു ദൈവമായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ആൾക്കാർ പോലും ആ ആശ്രമ അന്തരീക്ഷത്തിൽ ചെന്നിരുന്നെങ്കിൽ നന്മ മാത്രമേ കാണുമായിരുന്നുള്ളൂ..  അമ്മയും അമ്മയെ അനുസ്സരിക്കുന്ന ശിഷ്യ ഗണങ്ങളും.. അമ്മയെ ദൈവമായും, അമ്മയായും, ഗുരുവായും ഒക്കെക്കാണുന്ന ശിഷ്യഗണങ്ങൾ.. അവരെ സ്നേഹിച്ചും നയിച്ചും നിൽക്കുന്ന അമ്മയും.. അവിടെ മറ്റുള്ളവരിൽ ദർശിതമായിരുന്നത് സമർപ്പണം മാത്രമായിരുന്നുവെന്ന് നിസ്സംശയം പറയാം.. നാളെ ലോകം വെട്ടിപ്പിടിക്കാമെന്ന കിനാവ്‌ കണ്ടല്ലെല്ലോ അക്കാലത്ത് സുധാമണി എന്ന മുക്കുവസ്ത്രീയുടെകൂടെ ശിഷ്യന്മാർ എത്തിയത്??

       കാലങ്ങൾ മുൻപോട്ടുപോകുന്തോറും ആശ്രമവും വളരുന്നത്‌ കാണാൻ കഴിഞ്ഞു.. ഒരു ആശ്രമത്തിന്റെ ഔന്നത്യത്തിലേക്ക് അമൃതാനന്ദമയി ആശ്രമം വളര്ന്നു എന്ന് എനിക്ക് അഭിപ്രായമില്ല... പക്ഷെ ആശ്രമം വളര്ന്നു എന്ന് തന്നെ പറയേണ്ടി വരും.. കെട്ടിടങ്ങൾ കൊണ്ട്, ശിഷ്യന്മാരുടെ എണ്ണം കൊണ്ട്, പുതിയ വ്യവസ്സായ സംരംഭങ്ങൾ കൊണ്ട്, പ്രശസ്തികൊണ്ട്, സ്വാധീനം കൊണ്ട്, രാജ്യം വിട്ടും മുന്നേറുന്ന ആശ്രമ സൃംഘല കൊണ്ട്, സുഖ സൌകര്യങ്ങൾ കൊണ്ട് അങ്ങനെ പലവിധത്തിലും ആശ്രമം വളര്ച്ചനേടി... അക്കാലത്ത് ഒരു ചെറിയ ഇടവേളക്ക് ശേഷം ആശ്രമത്തിലെത്തിയ ഞാൻ ആശ്രമത്തിൽ ഒരു ബഹുനില കെട്ടിടം ഉയർന്നു നിൽക്കുന്നത് കണ്ടു.. മുകളിൽ ഗീതോപദേശം നിർമ്മിച്ചു വെച്ചിരിക്കുന്ന ഒരു വലിയ കെട്ടിടം... എന്റെ അറിവ് ശരിയാണെങ്കിൽ ആശ്രമത്തിന്റെ ആദ്യത്തെ വലിയ കെട്ടിടം.. ആ കെട്ടിടത്തെക്കുറിച്ച് പറയാൻ കാരണം; ആശ്രമത്തിന്റെ സ്വഭാവം, സമീപനം ഇതെല്ലാം മാറുകയായിരുന്നു.. അക്ഷരാർഥത്തിൽ ആശ്രമത്തിന്റെ  മുഖം തന്നെ മാറുകയായിരുന്നു.. ആശ്രമത്തിന്റെ ഭൌതിക വൽക്കരണത്തിന്റെ വിളംബരമായാണ് ആ കെട്ടിടത്തെ ഞാൻ കാണുന്നത്.. ആ മാറ്റത്തിനൊപ്പം രസകരമായ മറ്റൊരു കാഴ്ചയും കണ്ടു!! മുൻപ് ഞാൻ കണ്ട;; ആശ്രമത്തെക്കുറിച്ച് പരിഹസ്സിച്ചും നിന്ദിച്ചും മാത്രം സംസ്സാരിച്ചിരുന്നവർ ആശ്രമത്തിന്റെ സ്വന്തക്കാരായി അവരോധിതരാകുന്നതാണ്.. ആശ്രമത്തിന്റെ ബാല്യ- ശൈശവ കാലത്ത് അമ്മ ഹരിപ്പാട് പെരാത്ത് വീട്ടിൽ സന്ദർശനവും ഒപ്പം പൊതുജനത്തിന് ദർശനവും നൽകിയ പരിപാടിയോട് ചേർത്ത് അമ്മയെ പരസ്യമായി പുലഭ്യം പറഞ്ഞവർ പിന്നീട് ആശ്രമത്തിലെ മുഖ്യകാര്യക്കാരായി നിൽക്കുന്ന കാഴ്ചയും എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.. ഒപ്പം ലാളിത്യം പെരുമാറ്റത്തിൽ ചാലിച്ച് ഉപയോഗിച്ചിരുന്ന അമൃതാ ശിഷ്യന്മാരിൽ ഭൂരിപക്ഷത്തിനും കൈവന്ന പ്രത്യക്ഷമായ ദാര്ഷ്ട്യഭാവവും...

       ദൈവത്തിൽ വിശ്വസ്സിക്കുകയും ആൾ ദൈവങ്ങളെക്കുറിച്ച് നിന്ദിക്കുക, പരിഹസ്സിക്കുക എന്നതല്ലാത്ത കാഴ്ചപ്പാടുകൾ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ..http://rajeshpuliyanethu.blogspot.in/2012/10/blog-post.html ... പക്ഷെ ആശ്രമത്തിന്റെ വ്യവസ്സായ ആത്മീയതാ ഫോർമുലയോട് കടുത്ത എതിർപ്പും ഞാൻ പ്രകടിപ്പിക്കുന്നു.. ആശ്രമത്തിലെ വിശ്വാസി എന്ന ലേബൽ വളരെ ചെറിയ പ്രായത്തിലേ വീണു പോയതിനാൽ 'എന്തുകൊണ്ട് നിങ്ങൾ ഒരു അമൃതാനന്ദമയി വിശ്വാസ്സിയായി' എന്ന ചോദ്യം പലരും ഉയർത്തിയിട്ടുണ്ട്.. ആ ചോദ്യത്തിന് ഉത്തരം എന്റെ പക്കൽത്തന്നെയില്ല, വിശ്വാസ്സിയാണെന്ന് എന്നെത്തന്നെ വിശ്വസ്സിപ്പിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല! അതിനാൽ ആശ്രമത്തെ ന്യായീകരിക്കുകയും, എന്റെ വിശ്വാസ്സത്തെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു തർക്കങ്ങളിലും ഞാൻ പങ്കാളിയായിട്ടില്ല!! ആരോടും തന്നെ...

       ആശ്രമത്തിന്റെ വ്യവസ്സായചാരുതകളെക്കുറിച്ചും ആത്മീയതയെ മുന്നിൽനിർത്തി നടത്തുന്ന പണസമ്പാദനത്തിനെക്കുറിച്ചും പൊതു സമൂഹത്തിന്റെ അറിവും കാഴ്ച്ചപ്പാടും മാത്രമേ എനിക്കും പങ്കുവേയ്ക്കാനായി ഉള്ളൂ.. ആശ്രമത്തെ ഏതു രീതിയിൽ വിമർശിച്ചാലും ആശ്രമം നടത്തുന്ന സേവന പ്രവർത്തനങ്ങളെ മറയാക്കി ന്യായീകരിക്കാനാണ് ആശ്രമ ഭക്തർ ശ്രമിക്കുന്നത്.. ആശ്രമത്തിന്റെ സേവന പ്രവർത്തനങ്ങൾ ഞാൻ എങ്ങനെ കാണുന്നു എന്നത് കേവലം വാക്കുകളിൽ വിശദീകരിക്കാവുന്നതെ ഉള്ളൂ.. ഒരു പത്തു വർഷക്കാലം പുറകോട്ടു പോകൂ.. ഒരു സാംസങ്ങ് മൊബൈൽ ഫോണിന് 6000/- രൂപക്ക് മുകളിലേക്കായിരുന്നു കുറഞ്ഞ വില.. ഇവിടെ റിലയൻസ് കമ്പനി 500/- രൂപക്ക് ആ ഫോണുകൾ നൽകി.. തുണിവാങ്ങിയാൽ, സ്വർണ്ണം വാങ്ങിയാൽ, വീട്ടുസാധനങ്ങൾ വാങ്ങിയാൽ ഒക്കെ ഫോണുകൾ സൗജന്യമായും നൽകി.. തിരുവോണത്തിന് ഒരു രൂപക്കും ഫോണുകൾ നൽകി... എന്റെ ചോദ്യമിതാണ്... റിലയൻസ് കമ്പനി 6000/- രൂപയ്ക്കു മുകളിൽ നടപ്പുവിലയുണ്ടായിരുന്ന ഫോണുകൾ ഒരു രൂപക്കും അഞ്ഞൂറ് രൂപക്കും നൽകിയത് ചാരിറ്റിയായി ആരെങ്കിലും കാണുന്നുണ്ടോ എന്നതാണ്?? റിലയൻസിന്റെ ആ പ്രവർത്തിയെ വ്യവസ്സായതന്ത്രമായി കണ്ട ഇവിടുത്തെ പൊതുജനത്തിന് എന്തുകൊണ്ട് അമൃതാ ആശ്രമം നടത്തുന്ന ചാരിറ്റി പ്രവർത്തനത്തെ അവർക്കനുയൊജ്യമായ കച്ചവട തന്ത്രമായി കാണുന്നില്ല എന്നതാണ്??

      സുനാമിയിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് വീടുവെച്ച് നൽകുക, പെൻഷൻ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയെല്ലാം തന്നെ ആശ്രമത്തിന്റെ ആത്മീയ വ്യാപാരത്തിന് ആവശ്യമായ advertisement ഫണ്ടിൽ നിന്നുമാണ് പൊകുന്നതെന്നെ കാണാൻ കഴിയൂ.. ആശ്രമം കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസ്സ- ആതുര സേവന രംഗങ്ങളെക്കുറിച്ച് സാമാന്യബുദ്ധിയോടെ ആലോചിക്കുന്ന ആർക്കെങ്കിലും അവിടെ മാന്യനായ ഒരു വ്യവസ്സായിയുടെ മനൊഭാവമെങ്കിലും കണ്ടെത്താൻ സാധിക്കുമോ?? അമൃതാ വിദ്യാഭ്യാസ്സ സ്ഥാപനങ്ങളിൽ ഉന്നതമായ മെഡിക്കൽ കോളെജിലേക്ക് തന്നെ ഒന്ന് ശ്രദ്ധിക്കൂ... സർക്കാരുകളുടെ നിയമങ്ങളോ കോടതി വിധികളോ ഒന്നും അവിടെ ബാധകമല്ല.. കാരണം അത് ഡീംഡു് യുണിവേര്സിറ്റിയാണ്... രണ്ടു സ്വാശ്രയ മെഡിക്കൽ കോളേജു് ഒരു സർക്കാർ മെഡിക്കൽ കോളേജിന് തുല്യം എന്ന സർക്കാൻ നയമോന്നും അവർക്ക് ബാധകമല്ല... അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അവരൊക്കെത്തന്നെ!! deemed to be a University എന്നതിനൊപ്പം deemed to be a Government  എന്നുകൂടി ആശ്രമം ധരിക്കുന്നുണ്ടെന്നുതോന്നുന്നു...

       ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാപ്പിട്ടെഷൻ ഫീ വാങ്ങുന്ന മെഡിക്കൽ കോളേജു് അമൃതയാണ്.. നിലനിൽക്കുന്ന സീറ്റുകളിലേക്ക് മാനേജ്‌മന്റ്‌ ഒരു തുക നിശ്ചയിക്കുന്നു.. സീറ്റുകളെക്കാൾ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ മുൻപ് നിശ്ചയിച്ച തുകക്ക് മുകളിൽ ആ സീറ്റിന് ലേലമാണ് നടക്കുക.. അതായത് ഒരു മെഡിക്കൽ സീറ്റിന് ഒരു കോടി നിശ്ചയിക്കുന്നു എന്ന് കരുതുക.. 25 സീറ്റുകൾ നിലനിൽക്കുന്നു.. ഒരു കോടി നൽകാൻ തയ്യാറായി 50 പേർ നിൽക്കുന്നു.. എങ്കിൽപ്പിന്നെ ആ 50 പേർ 25 സീറ്റുകൾക്കായി ലേലം വിളിക്കുകയാണ്‌.. പണം ചാക്കിൽ കെട്ടിവെച്ച് ജീവിക്കുന്നവർക്ക് മാത്രം പ്രാപ്യമായ ഈ വിദ്യാഭ്യാസ്സ വിനോദത്തിൽ എവിടെയാണ് ചാരിറ്റി?? ഇങ്ങനെ ഓരോ വർഷവും നടക്കുന്ന വിദ്യാ വില്പ്പനയിൽനിന്നും സ്വൊരൂപിക്കുന്ന പണത്തിന്റെ അഞ്ചു ശതമാനം പെൻഷൻ പദ്ധതിക്കും, വീടുവെച്ചു നല്കാനും മറ്റുമായി ചെലവഴിച്ചാലും അമ്മ ഭക്തർ പാടി നടക്കും ആശ്രമത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റി!!

       എന്റെ കാഴ്ചപ്പാട് എന്തിനെയും പണവുമായി മാത്രം ബന്ധപ്പെടുത്തിയാണ് മഠം ചിന്തിക്കുന്നത് എന്നാണ്.. ആശ്രമത്തിൽ എത്തുന്ന അനേകം ഭക്തർ തന്നെയാണ് ആശ്രമത്തിന്റെ നിലനിൽപ്പിന് ആധാരം.. ഒരു ആശ്രമത്തിൽ വന്നെത്തി അവിടുത്തെ പ്രധാന ഗുരുവിനെ വിശ്വാസ്സപൂർവ്വം ദർശനം നടത്തി മടങ്ങുന്നവരിൽ നിന്നും നിസ്സാരമായി നല്കുന്ന ഭക്ഷണത്തിന് പണം ഈടാക്കുന്ന ഭാരതത്തിലെ ഒരേ ഒരു ആശ്രമം മാതാ അമൃതാനന്ദമയീ മഠം ആയിരിക്കും.. നിസ്സാരമായ ഭക്ഷണം എന്ന് ഭക്ഷണത്തെ നിസ്സാര വല്ക്കരിച്ചതല്ല... ചോറ്, സാമ്പാർ അല്ലെങ്കിൽ അതുപോലെ ഒരു കറി, ഒരു അച്ചാർ, പുളിശ്ശേരി ഉണ്ടെങ്കിൽ ഉണ്ട്... ഇത്രയും നൽകി പത്തു രൂപയാണ് ആശ്രമം ഇന്ന് ഈടാക്കുന്നത്.. ഇത്രയും ഭക്ഷണം നല്കി 10 രൂപ ഈടാക്കേണ്ട എന്ത് ഗതികേടാണ് ആശ്രമത്തിനുള്ളത്?? ഞാൻ ഈ വിഷയം സന്ദർഭവശാൽ ഒരു അമ്മ ഭക്തനോട്‌ ചോദിച്ചപ്പോൾ കിട്ടിയ മറുപടി എന്നത്
"കാശു വാങ്ങിയില്ലെങ്കിൽപ്പിന്നെ ചുറ്റുവട്ടത്തുള്ള ഒരെണ്ണം ചോറ് വെക്കത്തില്ല, ഇങ്ങു പോന്നോളും" എന്നാണ്!! ഇതിൽ എവിടെയാണ് ചാരിറ്റി?? ഞാൻ മനസ്സിലാക്കുന്നത് ഏറ്റവും കുറഞ്ഞത്‌ 3 രൂപയെങ്കിലും ആ ചോറ് കച്ചവടത്തിൽ ആശ്രമം ലാഭം നെടുന്നുണ്ടെന്നാണ്.. 35000 കോടി രൂപ ആസ്തിയുണ്ടെന്ന് പറയപ്പെടുന്ന ആശ്രമം എന്തിലും കച്ചവടം പഠിച്ചുപോയി; അത്ര മാത്രം അതിൽ കണ്ടാൽ മതി!! 1500/- കോടി രൂപ സമര്പ്പണങ്ങളായി മാത്രം വാര്ഷിക വരുമാനം നേടുന്ന ഒരു സ്ഥാപനത്തിന്റെ ഒരു നിസ്സാരവിഷയത്തിലെ നിങ്യമായ സമീപനം..

       പണം അമ്മയിലൂടെ കണ്ടെത്തുക എന്ന ആശ്രമത്തിന്റെ പഴയകാല രീതി ഇപ്പോഴും തുടര്ന്നു വരുന്നു.. മുൻപ് അമ്മ ഒരു ഇടം സന്ദർശിക്കണമെങ്കിൽ അതിനു ആശ്രമം നിശ്ചയിക്കുന്ന തുക കാണിക്കയായി നൽകണം..  പിന്നെ അമ്മയുടെ ഭക്തരായി എത്തുന്നവർ നൽകുന്ന സമർപ്പണങ്ങൾ.. വിദ്യാഭ്യാസം, ആതുര സേവനം, ഫ്ലാറ്റ് കച്ചവടം തുടങ്ങിയ ബിസ്സിനസ്സുകളിലേക്ക് ഇറങ്ങുന്നതിനു മുൻപ് അത്മീയതമാത്രം വിൽപ്പനച്ചരക്കായി ഉണ്ടായിരുന്ന കാലത്തെ വരുമാന ശ്രോതാസ്സുകളായിരുന്നു ഇവയൊക്കെ.. ഏതൊക്കെ മാർഗ്ഗത്തിൽ ആശ്രമത്തിൽ പണം വന്നാലും അതെല്ലാം പരോക്ഷമായി അമ്മയിലൂടെ എത്തുന്ന പണമാണ്.. എന്നാൽ ഇന്നും അമ്മയിലൂടെ പ്രത്യക്ഷമായി പണം കണ്ടെത്തുന്ന മാർഗ്ഗങ്ങളുണ്ട്... അതിൽ ഒരു ഉദാഹരണമാണ് ഭക്തർ അമ്മക്ക് വഴിപാട് പോലെ ചെയ്യുന്ന ഒരു തരം അലങ്കാരപൂജ... അതിന്റെ രീതികൾ; അമ്മയെ ആകെമാനം അലങ്കരിക്കുന്നതാണ്... അലങ്കാരത്തിന്‌ ഉപയോഗിക്കുന്നത് സ്വർണ്ണമാണ്.. ഭക്തന്റെ ഇഷ്ട്ടത്തിനനുസ്സരിച്ച് ആഭരണങ്ങൾ ഇട്ട് അലങ്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം അവനില്ല!! പ്രതീകാത്മകമായി അലങ്കാരവസ്തുക്കൾ ഉപയോഗിച്ച് ആത്മനിർവൃതി അടയുന്നതിനുള്ള സ്വാതന്ത്ര്യവും ഭക്തനില്ല... ആഭരണങ്ങളുടെ തൂക്കം, വലിപ്പം, ക്യാരറ്റ് മേന്മ, എണ്ണം ഇവയെല്ലാം ഇതു നടത്തുന്ന ഭക്ത്തന് ആശ്രമത്തിൽ നിന്നും നല്കും, ഭക്തർ അത് വാങ്ങി സമർപ്പിക്കണം... അല്ലെങ്കിൽ അവയുടെ മാർക്കറ്റുവില ആശ്രമത്തിൽ അടച്ചാൽ അവിടെ നിന്നും ആഭരണങ്ങൾ നൽകും... മാലകൾ, കിരീടം, പാദസരം, ഒഡ്യാണം അങ്ങനെ തുടരുന്ന ആഭരണങ്ങൾ വാങ്ങി ഈ ചടങ്ങ് പൂർത്തിയാക്കുംപോഴേക്കും അഞ്ചു ലക്ഷത്തിൽ കുറയാത്ത ഒരു തുക ആശ്രമത്തിന്റെ ഖജനാവിന് സ്വന്തം...

       ഭക്തി പല തരത്തിൽ വിനിമയിക്കപ്പെടുമ്പോൾ ഏതുതരം സമർപ്പണങ്ങൾക്കും ആളുകൾ ഉണ്ടാകും...  ചിലർക്ക് ഈപ്രകാരമുള്ള സമർപ്പണങ്ങൾ മറ്റുള്ളവരുടെ മുൻപിലെ ജാഡ പ്രദർശനമാർഗ്ഗങ്ങളാണ്... ആരുടെ കാലിൽ വീണാൽ തന്റെ സൌഭാഗ്യങ്ങളെ നിലനിർത്താമെന്ന അങ്കലാപ്പാണ് ചിലർക്ക്... ഏതുതരത്തിലായാലും മൂന്നാമതൊരു വ്യക്തിക്ക് അതിന്മേൽ ചോദ്യങ്ങൾക്ക് അവകാശമില്ല... പക്ഷെ എന്റെ സംശയം ഇത്തരം വ്യാപാരങ്ങളിൽ എവിടെയാണ് ഭക്തി?? എവിടെയാണ് ആത്മീയത?? എവിടെയാണ് ചാരിറ്റി?? ഇങ്ങനെ പണം മുടക്കി ആശ്രമത്തെ പരിപോഷിപ്പിക്കുന്ന സുന്ദരവിഡ്ഢികൾ ആപണം ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിനോ, ഒരു കുട്ടിയുടെ വിദ്യാഭ്യാസ്സത്തിനൊ ചെലവഴിച്ചിരുന്നെങ്കിൽ തലമുറകൾക്ക് നിലനിൽക്കുന്ന പുണ്യം അവർക്ക് ലഭിച്ചേനേം!! അത്രയെങ്കിലും മനോവികാസ്സവും, ബുദ്ധിവികാസ്സവും, ആത്മീയ ചൈതന്യവും മനുഷ്യർക്ക്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാനേ കഴിയൂ...

       അമൃതാ മെഡിക്കൽ കോളേജിനെക്കുറിച്ചു പറയാൻ കാരണം അത് അമൃതാ ഇൻസ്റ്റിറ്റുട്ടുകളിൽ പ്രധാനമായതു കൊണ്ടാണ്... മറ്റുള്ളവയുടെ പ്രവർത്തന ശൈലിയും മാനദണഡവും നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളു... അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഇത്രയും ഭീമമായ തലവരിപ്പണവും, ഫീസും വാങ്ങുമ്പോൾ അവർക്ക് എന്തെങ്കിലും അതിന്മേൽ ന്യായീകരണം വിശദീകരിക്കാനുണ്ടോ എന്നുകൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്.. ആശ്രമം പൊതുജനത്തിന്റെ അത്തരം ചോദ്യങ്ങളെ ശ്രദ്ധിക്കാറേ ഇല്ല!! പൊതുജനം വേറെ, രാഷ്ട്രം വേറെ, രാഷ്ട്രീയം വേറെ, നിയമം വേറെ ആശ്രമം വേറെ... ഇവിടെ ഉയരുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയേണ്ട ബാദ്ധ്യത തങ്ങൾക്കില്ല എന്ന മട്ടാണവർക്ക്!! ഇതെല്ലാം പണമുള്ള ചിലരുടെ വിഷയങ്ങൾ... പോതുജനത്തിനെന്താ?? എന്ന ഭാവം... എന്നാലും താൻ അമ്മയുടെ ഭക്തനാണ് അതിനാൽ ആശ്രമത്തിനെതിരെ ഉയരുന്ന ഏതു ചോദ്യത്തിനും ഉത്തരം പാറയേണ്ട ബാദ്ധ്യത തനിക്കുണ്ട് എന്ന് വിശ്വസ്സിക്കുന്ന  അമ്മയുടെ വോളെൻറ്ററി ഭക്തന്മാർ ചില ഉത്തരങ്ങൾ കണ്ടെത്തുന്നുണ്ട്.. അതിൽ ഞാൻ കേട്ട ഒന്ന് ' ആശ്രമത്തിന് ഇത്രയും വലിയ ആശുപത്രിയും, മെഡിക്കൽ കോളേജും നടത്തിക്കൊണ്ടു പോകുന്നതിന് പണം ആവശ്യമല്ലേ?? പണത്തിനു പണം തന്നെ വേണ്ടേ?? എന്നതാണ്... ആശുപത്രിയുടെ സൌജന്യ ചികിത്സലഭിക്കുന്നവരുടെ കണക്കുകളൊന്നും എനിക്കറിയില്ല.. പക്ഷെ ഒരു പരിചയക്കാരനു വേണ്ടി ആശുപത്രിയിൽ നിന്നും സഹായ ചികിൽസ്സക്കു ശ്രമിച്ച അനുഭവം എനിക്കുണ്ട്.. ഹൃദയത്തിൽ സുഷിരം എന്ന രോഗമായിരുന്നു അയാൾക്ക്‌... അമൃതയിലെ സഹായത്തിനു വേണ്ടി കാത്തുനിന്നാൽ മരിച്ചു മണ്ണായാലും അത് ലഭിക്കില്ല എന്ന തിരിച്ചറിവാകാം, അയാൾ ആ ശ്രമം ഉപേക്ഷിച്ച് പുട്ടപ്പർത്തിയിലെക്കു പോവുകയും സൌജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തി തിരിച്ചു വരികയും ചെയ്തു..
പിന്നെ കോടികൾ തലവരിപ്പണം സ്വീകരിക്കുന്നതിലെ ന്യായീകരണം!!            
     
       മെഡിക്കൽ വിദ്യാഭ്യാസം നടത്തിക്കൊണ്ടു പോകുന്നതിനു പണം വേണം.. അതിനാൽ കിട്ടാവുന്ന ഉയർന്നതുക വാങ്ങുന്നു....... അങ്ങീകരിക്കാം!!

       ആശ്രമത്തിന് സേവനപ്രവർത്തനങ്ങൾക്ക് പണം വേണം.. അതിനാൽ കിട്ടാവുന്ന ഉയർന്നതുക വാങ്ങുന്നു....... അങ്ങീകരിക്കാം!!

       ആശുപത്രിയിലേക്ക് അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് പണം വേണം... അതിനാൽ കിട്ടാവുന്ന ഉയർന്നതുക വാങ്ങുന്നു....... അങ്ങീകരിക്കാം!!

       ഇങ്ങനെ പോകുന്ന കിട്ടാവുന്നതിന്റെ അങ്ങേയറ്റത്തെ തുക തലവരിപ്പണമായി പിരിക്കുന്നതിലെ ന്യായീകരണങ്ങൾ നമുക്ക് അംഗീകരിച്ചു നൽകാം... പക്ഷെ മറ്റൊരു ചോദ്യം ചോദിച്ചു കൊള്ളട്ടെ?? ഈ കോടികൾ വരുന്ന തലവരിപ്പണം കള്ളപ്പണമായി വാങ്ങുന്നതിലെ ന്യായീകരണം എന്താണ്?? ലേലത്തിൽക്കൂടി നേടുന്ന മെഡിക്കൽ അഡ്മിഷനുകളുടെ കോടികൾ വരുന്ന തുകയിൽ എത്ര ശതമാനം ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ വാങ്ങുന്നു?? അങ്ങനെ നിയമവിരുദ്ധമായി പണമിടപാടു നടത്തുന്ന ക്രിമിനൽ സ്ഥാപനം കൂടിയാണ് അമൃതാ സ്ഥാപനങ്ങൾ എന്ന് നാം മനസ്സിലാക്കണം.. ഇതൊക്കെ തെളിയിക്കാൻ പക്ഷപാത രഹിതമായ അന്യെഷണങ്ങൾക്കു മാത്രമേ കഴിയൂ... കാരണം പണം നല്കിയവൻ പരാതിക്കാരനാകുകയില്ല!! പണം വാങ്ങിയ ആശ്രമം കള്ളപ്പണം തങ്ങൾ വാങ്ങി എന്ന് സമ്മതിക്കുകയുമില്ല... പണത്തിന്റെ മഹാസാഗരത്തിലേക്ക് ചെറു അരുവികൾ പോലെ എത്തിച്ചേരുന്ന ഈ പണമൊന്നും ഒരു അന്യെഷണത്തിൽക്കൂടി പോലും വേർതിരിച്ചെടുക്കുക എന്നത് സാധ്യമെന്നും ഞാൻ കരുതുന്നില്ല...

       ആശ്രമത്തിന്റെ സേവനം എന്നത് തങ്ങളെത്തന്നെയാണെന്നും, ഇടക്ക് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് മറ്റു പൊതുജനസേവന രംഗത്ത്  പ്രത്യക്ഷപ്പെടുന്നത്  എന്നുമാണ് എന്റെ പക്ഷം.. ആശ്രമം ചെയ്യുന്ന സേവനങ്ങളെ ക്കുറിച്ച് ആരും വിസ്മരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആശ്രമം കൊട്ടിഘോഷിക്കുന്ന സേവനങ്ങളെ മാത്രം നോക്കിക്കണ്ടാണെന്നാണ്‌ മനസ്സിലാകുന്നത്‌.. പിന്നാമ്പുറങ്ങളെ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകില്ല... അല്ലെങ്കിൽ ഇലെക്ഷൻഅടുത്ത സമയത്ത് ഹിന്ദുക്കളെ വെറുപ്പിക്കെണ്ടാ എന്ന് കരുതിക്കാണാം... ഇതൊന്നുമല്ലെങ്കിൽ ആശ്രമം രഹസ്യമായി വിലിയവലിയ സേവനങ്ങൾ ചെയ്യുന്നുണ്ടാകാം... അതിനെപ്പറ്റി അദ്ദേഹത്തിനു മാത്രം അറിവുമുണ്ടാകാം..

       ആശ്രമത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ അവിടെ നിൽക്കട്ടെ.. ചാരിറ്റി ആശ്രമത്തിന്റെ രണ്ടാം ഭാഗമാണ്.. ഒന്നാം ഭാഗമായി കരുതപ്പെടുന്നത്, ഒരു ദൈവത്തിന്റെ അല്ലെങ്കിൽ അവതാരത്തിന്റെ, അല്ലെങ്കിൽ ഒരു ഗുരുവിന്റെ നേതൃത്വത്തിലുള്ള ആത്മീയ പരിപോഷണമാണ്... സേവന പ്രവർത്തനങ്ങൾ ആത്മീയതയിൽ അടിസ്ഥാനപ്പെടുത്തി ചെയ്യുന്നതാണ്... ആത്മാവിന്റെ ദീപത്തെ കൂടുതൽ ഉദ്ദീപിതമാക്കുന്ന രീീതിയിൽ വാക്കും, ചിന്തയും, പ്രവർത്തിയും, പ്രാർഥനയും, സാധനയും, ജീവിത ചര്യയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തി... അത് ഭൌതിക സുഖങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന ഒരു ചര്യയായാണ് പൊതുവെ ധരിക്കുന്നത്.. ആശ്രമത്തിൻറെ ഭൂമി എത്ര ആഴത്തിലും പരപ്പിലും കുഴിച്ചാലും ആത്മീയതയുടെ ഒരു തരി മണ്ണുപോലും കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല..

       ആത്മീയത ഭാരതത്തിന്റെ സംഭാവനയായാണ് നാം ഉത്ഘോഷിക്കുന്നത്... ആത്മീയത ലോകം അറിഞ്ഞത് ഭാരതത്തിലെ ഋഷി വര്യന്മാരിൽ നിന്നുമാണ്.. അവർ ലോകത്തിന് ആത്മീയത കാണിച്ചു കൊടുത്തത് പരിത്യാഗത്തിൽക്കൂടിയാണ്.. ഭൌതിക ആസക്തികളെ ത്യജിച്ചുകൊണ്ട്, ചിന്തകളെ നിയന്ത്രിച്ചുകൊണ്ട്, ലാളിത്യവും സമഭാവനയും, പ്രദർശിപ്പിച്ചുകൊണ്ട്‌, ഈശ്വരനെ ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്യേണ്ടതെങ്ങനെ എന്ന് പഠിപ്പിച്ചു കൊണ്ട്, സദ്‌ ഭാവനാ രചനകൾ നടത്തിക്കൊണ്ട്, ജീവിത ചര്യകളെ ക്രമീകരിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചു കൊണ്ട്, വികാരങ്ങളെ അനുനയിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ നിര്ദ്ദേശിച്ചു കൊണ്ട്, തങ്ങളുടെ അറിവ് ലോകോപകാരപ്രദമായ രീതിയിൽ പകർന്നു നൽകിക്കൊണ്ട്, അങ്ങനെ മഹത്വപൂർണ്ണമായ പലവിധ രീതിയിലാണ് ഭാരതത്തിലെ ആചാര്യന്മാർ ആദ്ധ്യാത്മികത എന്തെന്ന് ലോകത്തിനു കാണിച്ചു കൊടുത്തത്... ഇതിൽ പരമ പ്രധാനമായത് ലാളിത്യവും, പരിത്യാഗവുമാണ്... കാരണം ആത്മീയതയുടെ മാർഗ്ഗത്തിൽ ഏതൊരുവനും അനുഷ്ട്ടിക്കാൻ കഴിയുന്നത്‌ ഇതു രണ്ടുമാണ്... അമൃതാ ആശ്രമം എന്താണ് ആത്മീയതക്ക് സംഭാവനയായി നൽകുന്നത്??

       അമ്മയും അമ്മയുടെ പ്രധാന ശിഷ്യ വൃന്ദവും, അതിലേക്ക് ചുരുക്കിനിരത്തി ശ്രദ്ധിക്കൂ... മറ്റു അമൃതാ ആശ്രമ പ്രവർത്തകരെ ഒഴിവാക്കാം... ആത്മീയതക്ക് അവരാരും പരിപൂർണ്ണമായും സമർപ്പിതരല്ലെന്നു കരുതാം... അമ്മയും ശിഷ്യരുമോ?? വിവാഹം കഴിച്ചു പരസ്യമായി കുടുംബ ജീവിതം നയിക്കുന്നില്ല എന്നതിനപ്പുറം പരിത്യാഗത്തിന്റെ ഏത് അണുവിനെയാണ്‌ അവിടെ കണ്ടെത്താൻ കഴിയുക?? നമുക്ക് പുറത്തുനിന്നു കാണാൻ കഴിയുന്ന ആഡംബരത്തിന്റെ ഉദാഹരണങ്ങൾ എത്ര യെത്ര?? സഞ്ചരിക്കാൻ കോടികൾ വില വരുന്ന വാഹനങ്ങൾ... ഭാരതത്തിലെ തന്നെ ആദ്യ പതിനഞ്ചു സ്ഥാനത്തിനുള്ളിൽ  നിൽക്കാൻ കഴിയുന്ന സമ്പന്നത... ചാർട്ടേട്‌ വിമാനത്തിൽ അടിക്കടി വിദേശ യാത്രകൾ... നടന്നു പോകുന്ന വഴികളിൽ പോലും ശീതീകരണ സംവിധാനങ്ങൾ... അലോപ്പതിയിലും, ആയുർവേദത്തിലുമായി മൾട്ടിസപെഷ്യാലിറ്റി ഹോസ്പ്പിറ്റലുകൾ, ആശ്രമത്തിന്റെ വക എന്റർറ്റൈൻമെന്റ് ചാനൽ, പലവിധ വിദ്യാഭ്യാസ്സ സ്ഥാപനങ്ങളുടെ ഉടമസ്ഥത.... ശതകൊടികളുടെ ബാങ്ക് നിക്ഷേപം... സമൂഹത്തിന്റെ പലതുറകളിലും സ്വാധീനം, അമൃതാ ഹോസ്പ്പിറ്റലിൽ സമരം ചെയ്തവരെ തല്ലി ഒടിച്ച സംഭവം കൂട്ടി വായിച്ചാൽ കരുത്തുറ്റ ഗുണ്ടാബലം... ആജ്നാനുവർത്തികൾ... അങ്ങനെ പോകുന്നു അത്... ഇതിൽ എവിടെയാണ് ആത്മീയത?? ആത്മീയ പ്രവർത്തനങ്ങൾ എന്നാൽ ആശ്രമത്തിൽ നടക്കുന്ന ഭജനയും, അമ്മയും ശിഷ്യന്മാരും നടത്തുന്ന 'അമ്മ' മൂല്യവർദ്ധിത പ്രഭാഷണങ്ങളുമാണൊ?? ആത്മീയ ആചാര്യന്മാർ നടത്തുന്നതിലെ ഏറ്റവും ശുഷ്ക്കമായ പ്രഭാഷണങ്ങളാണ് അമൃതാ ആശ്രമത്തിലെതെന്ന്‌ മനസ്സിലാക്കാൻ ആത്മീയതയുടെ ഉത്തുംഗംഗങ്ങളിൽ വിരാചിക്കുന്നവരാകേണ്ടാ.. ആരും വെറുതെ അതൊന്നു കേട്ടാൽ മാത്രം മതി...

       നിലവിൽ ആശ്രമത്തിനെതിരെ ഉയര്ന്നു വന്നിരിക്കുന്ന ആരോപണങ്ങളിലേക്ക് കൂടി നമുക്കൊന്ന് ശ്രദ്ധിക്കാം... ആശ്രമത്തിന്റെ ആദ്യകാലങ്ങൾ മുതൽ അമ്മയുടെ സന്തത സഹചാരിയായിരുന്ന ഒരുവൾ ആശ്രമത്തിൽ നിന്നും പിരിഞ്ഞു പോയി 15 വർഷങ്ങൾക്കു ശേഷം ആശ്രമത്തിൽ തനിക്കുണ്ടായ ലൈംഗീക പീഡനം ഉൾപ്പടെയുള്ള തിക്താനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകത്തിൽക്കൂടി വെളിപ്പെടുത്തുന്നു... ആ പുസ്തകത്തിന്റെ ആധികാരികതെയെക്കുറിച്ച് നമുക്ക് ഒന്നും പറയാൻ കഴിയില്ല... പുസ്തകത്തെ വിശ്വാസ്സത്തിലോ അവിശ്വാസ്സത്തിലോ എടുക്കാൻ കഴിയില്ല... പുസ്തകത്തെ തെളിവായും എടുക്കാൻ കഴിയില്ല... പക്ഷെ ഗായത്രി ഭാരതത്തിൽ എത്തി ഇവിടെ പോലീസിനു മുൻപിൽ മൊഴി കൊടുക്കാൻ തയ്യാറായാൽ കാര്യങ്ങളുടെ ഗതി തന്നെ മാറും... അവിടെ അമൃതാ ഭക്തർ പറയുന്നത് പോലെ കേസ്സ് കൊടുക്കുന്നതിലെ കാലതാമസ്സം ഒരു നിയമതടസ്സമാകില്ല.. പക്ഷെ അമ്മക്കെതിരെ നിയമം നടപ്പിലായതായി പൊതുജനത്തിന് തോന്നില്ല... 'നിയമം നടപ്പിലായാൽ മാത്രം പോര, അപ്രകാരം പൊതുജനത്തിന് തോന്നലുണ്ടാകുകകൂടി വേണം' എന്ന ജൂറിസ്പ്രുഡെൻസ് ആശ്രമകാര്യത്തിൽ നടപ്പിലാകാനേ പോകുന്നില്ല... കാരണം പേര് വിവരങ്ങൾ അറിയില്ലെങ്കിലും ആശ്രമത്തിൽ സ്ഥിരമായി ഹൈക്കോടതി ജെഡ്ജിമാർ കയറിയിറങ്ങുന്നതും, അമ്മയുടെ കാലിൽ വീഴുന്നതും പൊതുജനം കാണുന്നുണ്ട്...

       ഒരു കാലത്ത് ഗായത്രി എന്നാൽ ആശ്രമത്തിലെ പ്രധാനിയായിരുന്നു... ആശ്രമം തന്നെ ഗായത്രിയെ വളരെ ഉയർത്തിക്കാണിച്ചിരുന്നു... എണ്‍പത് കാലഘട്ടങ്ങളിൽ ഇറങ്ങിയ ആശ്രമത്തിന്റെ പുസ്തകങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുന്നതാണ്... ആശ്രമത്തിൽ ഗായത്രി എത്താൻ കാരണമായ അവരുടെ മുജ്ജന്മ മേന്മകളെക്കുറിച്ചും പ്രകീർത്തിച്ചിട്ടുണ്ട്... അമ്മയുടെ വലംകൈയും ആശ്രമത്തിലെ രണ്ടാം സ്ഥാനക്കാരിയുമായിരുന്നു ഒരു കാലത്ത് അവർ.. പക്ഷെ ഇന്ന് ആശ്രമത്തിൽ ഗായത്രി ഇല്ല.. ഗായത്രിയുടെ സ്ഥാനത്ത് മറ്റു ചിലർ... ആ മറ്റു ചിലർ ഗായത്രിയുടെ പുസ്തകത്തിലെ പ്രതികളും... ഏത് അധികാര വടം വലിയുടെ ഭാഗമായാണോ, പങ്കിട്ടെടുപ്പിലെ കെറുവാണോ ഗായത്രി ആശ്രമത്തിനു പുറത്തായതിനു കാരണമെന്ന്അവ്യക്തമാണ്... മാതൃവാണിയുടെ പഴയ രൂപമായ അമൃതവാഹിനിയിൽ ഉൾപ്പടെ ആശ്രമം പ്രകീർത്തിച്ച, ജന്മജന്മാന്തരങ്ങളുടെ പുണ്യത്തിൻറെ കരുതലുമായി എത്തിയ ഗായത്രി എന്തുകൊണ്ട് ആശ്രമം വിട്ടു എന്ന് ഈ അവസ്സരത്തിലെങ്കിലും വിശദീകരിക്കുവാനുള്ള ധാർമ്മികമായ ഉത്തരവാദിത്വം ആശ്രമത്തിനുണ്ട്... അതോ ആശ്രമത്തിലെത്തിയപ്പോൾ ജന്മജന്മാന്തരങ്ങളിൽ ആർജ്ജിച്ച പുണ്യം അവർക്ക് കൈമോശം വന്നോ??

       ഗായത്രിയുടെ പുസ്തകത്തെ ആധികാരികമായി എടുക്കാൻ കഴിയില്ലെങ്കിലും ആശ്രമത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പും, സംശയവും ജനിപ്പിക്കുന്നതിന് ആ പുസ്തകത്തിനു കഴിഞ്ഞു... ജനങ്ങൾ ഒരു പുസ്തകത്തെ ആധാരമാക്കി ആശ്രമത്തിനെതിരെ ചിന്തിക്കാൻ കാരണമായത്‌ ആശ്രമത്തെക്കുറിച്ച് ജനങ്ങളിൽ ആഴത്തിലുള്ള സദ്‌ വിശ്വാസ്സങ്ങൾ ഇല്ലാത്തതാണ്.. മുൻപ് പറഞ്ഞ വിധത്തിലുള്ള കപട ആത്മീയതയും, ഉച്ചിഷ്ട്ട സേവനസംസ്ക്കാരവും, ടെലിവിഷൻ, മാധ്യമ, ഫ്ലെക്സ് പരസ്യ സമ്പ്രദായവുമുള്ള ആശ്രമത്തിൽ ഗായത്രി പറഞ്ഞ രീതിയിലും സംഭവിക്കാം എന്ന് അവർ കരുതുന്നു...

       നമ്മുടെ നാട് നിയമ ലംഘനങ്ങളും, കപടതകളും ഒക്കെകൊണ്ട് സമൃദ്ധമാണ്... അതൊക്കെ നാടിനെയും നാട്ടാരെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുമുണ്ട്.. പക്ഷെ അതിൽ ഒന്നായി അമൃതാ ആശ്രമത്തിലെ കപട ആധ്യാത്മികതയെ കണ്ട് നിസ്സാര വല്ക്കരിക്കാൻ കഴിയില്ല... കാരണം ഭാരതത്തിന്റെ സനാതന ധർമ്മത്തെക്കുറിച്ച്‌, ആദ്ധ്യാത്മിക ചിന്തയെക്കുറിച്ച്, പൈതൃകത്തെക്കുരിച്ച്, ഉപനിഷത്തുക്കളെക്കുറിച്ച്, വേദങ്ങളെക്കുറിച്ച്, ഇതിഹാസ്സങ്ങളെക്കുറിച്ച്, ഭഗവത് ഗീതയെക്കുറിച്ച്; ഒക്കെ ലോകത്താകമാനം പഠനങ്ങളും, ചർച്ചകളും സദാ നടന്നു വരികയാണ്... ലോകത്തെവിടെ ഭാരതീയ സംസ്കൃതിയെക്കുറിച്ച് പഠനം നടന്നിട്ടുണ്ടെങ്കിലും, പഠനം നടക്കുന്തോറും ഉറച്ചു മിനുക്കിക്കൊണ്ടിരിക്കുന്ന സ്വർണ്ണം പോലെ അതിന്റെ ശോഭ വർദ്ധിച്ചു കണ്ടിട്ടേ ഉള്ളൂ... അതിനു കാരണം ഭാരത ആത്മീയത, ഉത്ഭവം അജ്ഞാതമായി ശ്രീകൃഷ്ണനിൽക്കൂടി സഞ്ചരിച്ച് ശ്രീരാമകൃഷ്ണ പരമഹംസ്സരിലും, വിവേകാനന്ദസ്വാമിയിലും, രമണ മഹർഷിയിലും, ശങ്കരാചാര്യരിലും, ചട്ടമ്പിസ്വാമിയിലും അതുപോലെ പല സ്രേഷ്ട്ട യോഗി വര്യരിലും കൂടി സ്പുടം ചെയ്ത് ലോകത്തിനു സംഭാവന ചെയ്തതിനാലാണ്... ഭാവികാലത്ത് പഠനൊൽസ്സുകരായ ഒരു തലമുറ ഭാരത ആത്മീയതയെക്കുറിച്ച് പഠിക്കാൻ തയ്യാറായാൽ അവരുടെ പഠനവിഷയത്തിൽ അമൃതാ ആശ്രമവും വന്നുചേരും... അങ്ങനെയെങ്കിൽ ഇത്ര ശുഷ്ക്കമായ ആധ്യാത്മിക ചിന്തയായിരുന്നൊ ഭാരതത്തിന്റെത് എന്ന് അവർ സംശയിച്ചു പോകും... സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഭാരതീയ ചിന്താധാരക്കു തന്നെ അത് തുരംഗമാകും! സംശയമില്ല... അമൃതാ ആശ്രമത്തെ വിമർശിക്കുന്നവർ ഭാരത ആത്മീയസപര്യക്കുതന്നെ വിഘാതം സൃഷ്ട്ടിക്കുന്നവരാണെന്നു വാദിക്കുന്നവർ ഇപ്രകാരം കൂടി ചിന്തിക്കുന്നത് നന്ന്...

       അമൃതാ ആശ്രമത്തിനു എതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരൊധിക്കുക എന്നത് ന്യായാന്യായങ്ങൾക്ക് അപ്പുറം തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്... ഹിന്ദുവിനെ സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണത് എന്നാണ് അവർ നൽകുന്ന പ്രചാരണം... അമൃതാ ആശ്രമത്തിലാണോ ഹിന്ദുത്വത്തെ ആവാഹിച്ചു സൂക്ഷിച്ചിരിക്കുന്നത്?? അതോ ഹിന്ദുത്വത്തിന്റെ അച്ചുതണ്ട് അമൃതാ ആശ്രമത്തിലാണോ ഊന്നി നിൽക്കുന്നത്... അമൃതാ ആശ്രമത്തിനു പരിക്കേറ്റാൽ ആ അച്ചുതണ്ടോടിഞ്ഞു ഹിന്ദുക്കൾ ആകമാനം കൂപ്പുകുത്തുമൊ?? ഹിന്ദുവിന്റെയും, ഹിന്ദുവിന്റെ സംസ്ക്കാരത്തിന്റെയും, ഭാരതീയ ആത്മീയ ചരിത്രത്തിന്റെയും മറവിൽ ആരെങ്കിലും മുതലെടുപ്പുനടത്തിയാൽ അതിനെ കണ്ടെത്തി പൊതുജനമദ്ധ്യത്തിൽ വിചാരണക്ക് കൊണ്ടുവരികയാണ് ഒരു യഥാർഥ ഹിന്ദു ചെയ്യേണ്ടത്... അത്തരം കാപട്യങ്ങൾ ഹിന്ദുവിന്റെതല്ല എന്ന് തള്ളിപ്പറയുകയാണ് ചെയ്യേണ്ടത്... അവിടെയാണ് ഹിന്ദുമതം സംരക്ഷിക്കപ്പെടുന്നത്... മറിച്ച് ഒരു പോയ്‌മുഖത്തിനു പിന്നിൽ ഹിന്ദുത്വം  ഒളിച്ചാൽ നാളെ ആ പൊയ്മുഖം ലോകം മാറ്റി നോക്കുമ്പോൾ മറഞ്ഞിരിക്കുന്ന ഹിന്ദുത്വത്തിനെയെ ലോകം കാണൂ... ആ പൊയ്മുഖത്തിനു പിന്നിൽ അത്രയും കാലം ഹിന്ദുവും ഹിന്ദുത്വവും മറഞ്ഞിരിക്കുകയായിരുന്നെന്ന് ലോകം തെറ്റിധരിക്കാനും ഇടവരും..

       ഒരിക്കൽ തന്നെ ആശ്രമത്തിന്റെ അനുയായിയായി മറ്റുള്ളവർ  കണ്ടുപോയി, അതിനാൽ ഏതു വിഷയത്തിലും ആശ്രമത്തെ പിന്താങ്ങിയെ പറ്റൂ എന്ന് കരുതുന്നവരും ഉണ്ട്... ഇന്ന് രാഷ്ട്രീയ പാർട്ടികളോടും സംഘടനകളോടും അപ്രകാരമുള്ള മനോഭാവം വെച്ച് പുലർത്തുന്നവരുണ്ട്...  താൻ പ്രതിനിധീകരിക്കുന്ന ഒന്നിൽ എന്ത് കൊള്ളരുതാഴിക നടന്നാലും പിന്തുണക്കുക... അതിനുവേണ്ടി മറ്റുള്ളവരോട്‌ മല്ലടിക്കുക... പല പ്രസ്ഥാനങ്ങളും ഇരുളടഞ്ഞു പൊകുന്നതിന്റെയും സ്വേശ്ചാധിപത്യവൽകൃത മാകുന്നതിന്റെയും പിന്നീട് നശിക്കുന്നതിന്റെയും ഒരു പ്രധാന കാരണമാണത്‌..അവിടെ അനുയായികൾ ചെയ്യുന്നത് സ്വന്തം മനസ്സാക്ഷിയുടെ കണ്ണുകെട്ടിയുള്ള അടിമവേലയും...

       ആശ്രമത്തിനെതിരെയുള്ള ആരോപണങ്ങളെ ചിലർ പ്രതിരോധിക്കുന്നത് മറ്റു മത സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള സമാനമായ സംഭവങ്ങളെ ഉയർത്തിക്കാട്ടിയാണ്... അവർ എന്താണ് ഉദ്ദേശിക്കുന്നതെന്നും, എന്തുതരം വാദമുഖമാണ് അവർ ഉയർത്തുന്നതെന്നും മനസ്സിലാകുന്നതെ ഇല്ല!! അവർ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്?? മതസ്ഥാപനങ്ങളിൽ എല്ലാം ഇങ്ങനെയാണ് നടക്കുന്നത്, അമൃതയോടു മാത്രം എന്താ ചൊദിക്കാനെന്നൊ?? അമൃതയിൽ ആരോപണത്തിന് അനുസൃതമായ രീതിയിൽ പലതും നടക്കുന്നു എന്ന് അവർ സമ്മതിക്കുകയാണോ?? അതോ മതപരമായ ഒരു വേർതിരിവ് മാത്രമാണോ അവരുടെ ലക്‌ഷ്യം?? അവരുടെ പ്രവർത്തിയിൽ അവർക്ക് പ്രയോജനകരമായ ഒരു സംസ്സാരം രൂപപ്പെടുത്തി എടുത്തേക്കാം " ഒരു ഹിന്ദു സ്ഥാപനമായതുകൊണ്ടാ ഇത്ര കോലാഹലം, ക്രിസ്ത്യന്റെയൊ, മുസ്ലീമിന്റെയോ ആയിരുന്നെങ്കിൽ ആരും ഒരക്ഷരം മിണ്ടില്ലായിരുന്നു" എന്നതാണത്.. പക്ഷെ മത ന്യൂന പക്ഷങ്ങൾക്ക്‌ ലഭിക്കാറുള്ള ആ പതിവ് ആനുകൂല്യം ഗായത്രി വിഷയത്തിൽ ആശ്രമത്തിന് രാഷ്ട്രീയ- സാംസ്ക്കാരിക- വാർത്താ നേതൃത്വങ്ങളിൽ നിന്ന് കിട്ടി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...

       ഭക്തിയിലെയും, ആത്മീയതയിലെയും, സേവനപ്രവർത്തനങ്ങളിലെയും ധാർമ്മികതയെ മാറ്റിവെച്ചു ചിന്തിച്ചാൽ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ പിറന്ന് ലോകത്തോളം വളർന്ന വ്യക്തിത്വമാണ് അമ്മ... മാന്യമായ വിമർശകരും അമ്മയെ വിമർശിക്കുന്നത് 'അമ്മ' എന്ന് സംബോധന ചെയ്തു കൊണ്ടാണ്... കുമാരി സുധാമണി എന്നോ കുമാരി അമൃതാ എന്നുപൊലുമൊ സംബോധന ചെയ്യാൻ ആരും തയ്യാറാകുന്നില്ല... അത് തീർച്ചയായും സമൂഹത്തിൽ നേടിയ വലിയ സ്ഥാനത്തിന്റെ തെളിവാണ്... സമാധാനത്തിനുള്ള നോബൽ സമ്മാനം മലയാളക്കരയിലേക്ക് അമ്മയിലൂടെ ഉടനെ വന്നെത്തുമെന്നും പറയപ്പെടുന്നു.. സേവനരംഗത്ത് പുതിയ മുഖവുമായി അമ്മ അവതരിച്ചാൽ തീർച്ചയായും സ്വാഗതം ചെയ്യപ്പെടുക തന്നെ ചെയ്യും.....   

     

[Rajesh Puliyanethu
 Advocate, Haripad]