യുഡിഎഫ് സർക്കാരിനെ അധികാരത്തിലേക്ക് എത്തിച്ച കാരണങ്ങളിൽ പ്രമുഖമായ ഒന്ന് 'ഇന്ദിരാ ഗ്യാരണ്ടി' എന്ന പേരിൽ അവർ നൽകിയ കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനമായിരുന്നു... സൗജന്യ യാത്ര ആഗ്രഹിച്ച സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... എന്നാൽ വാഗ്ദാന പാലനത്തിൽ സൗജന്യ യാത്ര പ്രതീക്ഷിച്ച് വോട്ട് ചെയ്ത സ്ത്രീകൾ വഞ്ചിതരായി എന്നാണ് കാണുവാൻ കഴിഞ്ഞത്... കെഎസ്ആർടിസിയുടെ ഏത് ഗ്രേഡിലുള്ള ബസ്സിലും എത്ര ദൂരവും സൗജന്യ യാത്രയായിരിക്കും എന്നാണ് തെരഞ്ഞെടുപ്പിൽ മുൻപുള്ള വാഗ്ദാനത്തിൽ പറഞ്ഞിരുന്നത്... നടപ്പിലാക്കിയാൽ അപാകതകൾ മാത്രമുള്ള ഒരു പദ്ധതിയായിരിക്കും എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ആ വാഗ്ദാനം നൽകിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്... 'തൽക്കാലം വാഗ്ദാനം നൽകി വോട്ട് വാങ്ങി ജയിക്കാം, പിന്നീട് ചതിച്ചാലും അഞ്ചുവർഷം ഭരണത്തിൽ തുടരാമല്ലോ' എന്നതായിരുന്നു ചിന്തയുടെ കാമ്പ് എന്ന് സാരം...
കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് കേവലം രണ്ടു വർഷങ്ങൾക്കു മുൻപ് മുതൽ മാത്രമാണ് കെഎസ്ആർടിസി ജീവനക്കാർ മുടങ്ങാതെ ശമ്പളവും പെൻഷനും വാങ്ങാൻ തുടങ്ങിയത് എന്ന് എല്ലാവർക്കും അറിയാം... ശ്രീ ഗണേഷ് കുമാറിൻ്റെ നടപടികൾ ആയിരുന്നു ആ വിജയത്തിന് പിന്നിൽ എന്ന സത്യവും ആരും നിരാകരിക്കാൻ ഇടയില്ല... ആ ക്രെഡിറ്റ് ഗണേഷിന് മാത്രം നൽകണമെന്ന പക്ഷക്കാരനാണ് ഞാൻ... ഗണേഷ് കൊണ്ടുവന്ന നടപടികൾക്കെതിരെ കൊടിപിടിച്ചില്ല എന്ന സഹായം മാത്രമാണ് ഇടതുപക്ഷ പാർട്ടികൾ ചെയ്തുകൊടുത്തത്... ഇടതുപക്ഷത്തിൻ്റെ ഭരണമികവു കൊണ്ടാണ് ശമ്പളം മുടങ്ങാതെ കൊടുത്തത് എന്ന് പറയാൻ കഴിയില്ല... ആൻറണി രാജുവിന്റെ കാലത്ത് ജീവനക്കാർ മുഴുപ്പട്ടിണിയിലായിരുന്നല്ലോ?😥
നിയമസഭാ ഇലക്ഷനെ നേരിടുന്ന അവസരത്തിൽ ജീവനക്കാർ മുടങ്ങാതെ ശമ്പളം വാങ്ങി തുടങ്ങി എന്നല്ലാതെ കെഎസ്ആർടിസി നഷ്ടമില്ലാത്ത ഒരു കോർപ്പറേഷൻ ആയി മാറിയിരുന്നില്ല... സൗജന്യങ്ങൾ നൽകാതെ തന്നെ നഷ്ടമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ഇപ്രകാരം ഒരു സൗജന്യ വാഗ്ദാനം നൽകാൻ മുതിർന്നത് എന്നതാണ് അവരുടെ രാഷ്ട്രീയ കാപട്യത്തെ വെളിവാക്കുന്നത്... ദിവസം മൂന്നര കോടിയുടെ അധിക ബാധ്യത കേരള ഖജനാവിന് ഉണ്ടാക്കി നൽകിയത് എന്തിനുവേണ്ടിയാണ്?? യു ഡി എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിന് കേരള ജനത എന്തിനാണ് മൂന്നര കോടി രൂപയുടെ അധിക ബാധ്യത വഹിക്കുന്നത്?? കേരള ജനത വോട്ട് കൊടുത്താണോ, പണം കൊടുത്താണോ യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത്?? മാസാമാസം മൂന്നര കോടി രൂപ അധിക ബാധ്യത ഏറ്റെടുത്ത് യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നു നിലനിർത്തുന്നു എങ്കിൽ ഞാൻ പറയുന്നു 'കേരള ജനത മാസ വാടകയ്ക്ക് എടുത്ത സർക്കാർ ആണ് യുഡിഎഫ് സർക്കാർ' എന്ന്...
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച നടപടി അവശ്യമായ ഒരു ജനക്ഷേമ പദ്ധതിയായിരുന്നോ എന്നും,, അർഹരായവരാണോ ഉപഭോക്താക്കൾ എന്ന രണ്ട് ചോദ്യങ്ങൾക്കും,, ""അല്ല"" എന്ന ഒറ്റ മറുപടി മാത്രമേ നൽകാൻ കഴിയുകയുള്ളൂ... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക്,, ഒരു നിശ്ചിത വരുമാനത്തിൽ താഴെയുള്ള സ്ത്രീകൾക്ക്,, സൗജന്യ യാത്ര ലഭിച്ചാൽ മാത്രമേ ഒരു ജോലി ചെയ്തു തുടർന്നു പോകാൻ കഴിയൂ എന്ന പരിതസ്ഥിതിയുള്ള സ്ത്രീകൾക്ക്,, അംഗപരിമിതർക്ക്,, വിധവകൾക്ക് അങ്ങനെ അർഹരായവരെ വിഭാഗീകരിച്ച് കണ്ടെത്തി ഈ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ അതിനൊരു അർത്ഥം ഉണ്ടായിരുന്നു... ഒരു ലക്ഷത്തിൽ പരം മാസശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥകളും ഇന്ന് സൗജന്യ യാത്ര ആസ്വദിക്കുന്നു... ഇന്ത്യൻ പ്രസിഡൻറ് നടത്തുന്ന വിമാനയാത്രയുടെ ചെലവിന്റെ ഒരു പങ്കിൽ ചേരിയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും ഈടാക്കുന്ന നികുതിയുടെ ഒരംശം അടങ്ങിയിരിക്കുന്നു എന്നു പറയുന്നതുപോലെ, ഒരു ലക്ഷത്തിൽ പരം രൂപ മാസശമ്പളം വാങ്ങുന്ന വനിത നടത്തുന്ന സൗജന്യ യാത്രയുടെ ഒരു പങ്കിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും പ്രത്യക്ഷമായോ പരോക്ഷമായോ ഈടാക്കുന്ന നികുതിയുടെ ഒരംശവും അടങ്ങിയിരിക്കുന്നു എന്ന് യുഡിഎഫ് മനസ്സിലാക്കണം... പൊതുജനങ്ങളുടെ പണത്തിൻറെ ശരിയായ വിനിയോഗം സർക്കാരിൻറെ വലിയ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്... നിങ്ങളെ അധികാരത്തിലെത്തിക്കുന്നതും നിലനിർത്തുന്നതും ജനങ്ങളുടെ ഉത്തരവാദിത്തമല്ല... മാസം ഏകദേശം 115 കോടി രൂപയോളം അധിക ബാധ്യത ഖജനാവിന് ഉണ്ടാക്കിയ ഒരു പദ്ധതിയിൽ, ആ തുകയുടെ പകുതിയിൽ താഴെ മാത്രം ഉപഭോക്താക്കളായ സ്ത്രീകളാണ് അർഹരായവർ എങ്കിൽ ആ പദ്ധതി എത്രയധികം നിരർത്ഥകമായിരുന്നു എന്ന് മനസ്സിലാക്കാൻ മറ്റു വിവരണങ്ങൾ ആവശ്യമില്ല...
കേരളത്തിൽ ആയിരക്കണക്കിന് ആൾക്കാർ ഉപജീവനമാർഗമായി കാണുന്ന വലിയ വ്യവസായ മേഖലയാണ് 'പ്രൈവറ്റ് ബസ്സുകൾ'... ആ മേഖല വലിയ രീതിയിൽ തകർന്നുകൊണ്ടിരിക്കുകയാണ് എന്ന് യുഡിഎഫ് സർക്കാർ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല... പ്രിയദർശിനി ബസുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര സ്ത്രീ യാത്രക്കാർ വന്നുചേരുന്നുവെങ്കിൽ അതിൽ 90% വും പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ചവരാണ്... സൗജന്യ യാത്ര വരുന്നതിനു മുൻപുതന്നെ ഭീമമായ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യവസായ മേഖല ആയിരുന്നില്ല പ്രൈവറ്റ് ബസുകൾ... 'നഷ്ടത്തിലും ലാഭത്തിലും ഒക്കെയായി ബസ് മുതലാളിമാരും ഒപ്പം കുറെയധികം കുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായി തൊഴിലാളികളും' എന്ന സമവാക്യത്തിൽ മുന്നോട്ടുപോയിരുന്ന വലിയൊരു ജനവിഭാഗത്തിന്റെ ജീവിതത്തെ യുഡിഎഫ് എന്ന രാഷ്ട്രീയ കക്ഷിയുടെ സ്വാർത്ഥത ഇരുട്ടിലാക്കി എന്നു പറയാതിരിക്കാൻ കഴിയില്ല... പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ച് ജീവിച്ചു വന്ന ആയിരക്കണക്കിന് ആൾക്കാർ യുഡിഎഫിന്റെ അക്കൗണ്ടിലുള്ള ജനങ്ങളല്ലേ!!???
സൗജന്യ ബസ് യാത്രയുടെ ഉപഭോക്താക്കളിൽ അനർഹരായവർ ഉണ്ടെന്ന ആക്ഷേപം ഉയർത്തുമ്പോൾ തന്നെ മറ്റൊരു കാര്യം അടിവരയിട്ട് പറയാൻ കഴിയും... സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെ തന്നെയാണെങ്കിലും അവരാരും തന്നെ ഒരു മുന്നണിയുടെയോ പാർട്ടിയുടെയോ സർക്കാരിന്റെയോ ഔദാര്യം കൈപ്പറ്റുന്നവർ അല്ല... അവർ പരിഹാസത്തിന് വിധേയരാകേണ്ട വരും അല്ല... സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയത് കൊണ്ട് അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നത് കേരള ഖജനാവിനാണ്... കോൺഗ്രസിന്റെ അല്ല... സൗജന്യ യാത്ര ആസ്വദിക്കുന്നവരെ പരിഹസിക്കാൻ ശ്രീ ജോൺ ആരാണ്? നിങ്ങൾ നടപ്പിലാക്കിയ പദ്ധതി അനാവശ്യമായിരുന്നു എന്നും അത് അനർഹരും ആസ്വദിക്കാൻ വഴിവെക്കുന്നതായിക്കും എന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്... പഴി കേൾക്കാൻ അർഹരായവർ നിങ്ങൾ യുഡിഎഫുകാർ മാത്രമാണ്... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന വനിതകൾ ആരും തന്നെയല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന സ്ത്രീകളെ പരിഹസിക്കുന്നതിനൊപ്പം തന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരെയും ബഹുമാനപ്പെട്ട മന്ത്രി പരിഹസിച്ചു... നാളെ നിങ്ങൾ റേഷൻ വാങ്ങുന്നവരെയും പരിഹസിക്കും... ദുരിതാശ്വാസ സഹായം വാങ്ങുന്നവരെയും പരിഹസിക്കും... കാരണം ബഹുമാനപ്പെട്ട മന്ത്രിക്ക് ജനാധിപത്യ മര്യാദകൾ അറിയില്ല എന്ന് സാരം... വോട്ടിന്റെ വിലയും അറിയില്ല എന്നർത്ഥം...
ഇന്ദിരാ ബസ്സുകൾ യുഡിഎഫ് സർക്കാരിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട... മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു പദ്ധതിയല്ല എന്ന് അവർക്ക് പണ്ടുമറിയാം, ഇപ്പോഴും അറിയാം... പദ്ധതി പിൻവലിച്ചാൽ സ്ത്രീകൾ എതിരാകും, വലിയ സമരങ്ങളെ നേരിടേണ്ടി വരും... പദ്ധതി തുടർന്നുകൊണ്ടുപോകണം എങ്കിൽ പണ്ട് തോമസ് ഐസക് പറഞ്ഞതുപോലെ റിസർവ് ബാങ്കിനോട് പറഞ്ഞ് കുറച്ചു കൂടുതൽ നോട്ടുകൾ കേരളത്തിനു വേണ്ടി പ്രത്യേകമായി അടിപ്പിക്കേണ്ടി വരും... പ്രിയദർശിനി ബസുകൾ ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ല എന്നും ആവശ്യപ്പെട്ടുകൊണ്ട് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്... പ്രിയദർശിനി ബസുകൾ നിയമവിരുദ്ധമാണെന്ന് എങ്ങനെ കോടതിയെ കൊണ്ട് പറയിപ്പിക്കാം എന്ന് ആയിരിക്കും വി ഡി സതീശന്റെയും സംഘത്തിന്റെയും അടുത്ത ആലോചന... കാത്തിരുന്നു കാണാം...
✍️ [Rajesh Puliyanethu
Advocate, Haripad]
No comments:
Post a Comment
Note: only a member of this blog may post a comment.