"സമരസ്സപ്പെടാൻ കഴിയാത്ത എന്തിനോടും കാട്ടുന്ന പ്രതിഷേധമാണ് സമരം"
.... പക്ഷെ വർത്തമാനകാല സമരങ്ങളെല്ലാം ആഹ്വാന സമരങ്ങളാണ്... ഒരു തീരുമാനമോ പ്രവർത്തിയൊ തങ്ങൾക്കു സമരസ്സപ്പെടാൻ കഴിയാത്തതാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം അതിനെതിരെ സമരം ചെയ്യണമെന്നുള്ള ആഹ്വാനപ്രകാരം സമരം ചെയ്യുന്നു... അവിടെ സമരത്തിനു കാരണമായ വസ്തുതയുടെ തീഷ്ണത സമരക്കാരിൽ പലപ്പോഴും എത്തുന്നില്ല... അവിടെ രാഷ്ട്രീയമോ മറ്റേതെങ്കിലുമൊ തരത്തിലുള്ള നേട്ടത്തെ മുൻനിർത്തിയാണ് സമരം നടക്കുന്നത്.... മറിച്ച് സമരസ്സപ്പെടാൻ കഴിയാത്ത ഒന്നിനോടുള്ള ആത്മാർത്ഥമായ സമരമല്ല.... അത്തരം സമരങ്ങളിൽ സമരത്തിന് മുൻപ് തങ്ങൾ ലക്ഷ്യം വെച്ചിരുന്നതിലും മികച്ചനേട്ടം സമരത്തിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്നും ഉണ്ടായാൽ ഇന്നത്തെ അവസ്സരവാദി രാഷ്ട്രീയ നേതൃത്വങ്ങൾ അതിനു തയ്യാറാകും...!
സമീപകാലങ്ങളിൽ കണ്ട പലസമരങ്ങളുടെയും പരാജയകാരണം അതാണ്... സമരം ചെയ്തവർ തങ്ങൾ നേതൃത്വങ്ങളിൽ നിന്നും കേട്ട ആഹ്വാനത്തെ അനുസ്സരിച്ചു മാത്രം ചെയ്ത സമരങ്ങളായിരുന്നു അവ... സമരതീരുമാനങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യതിചലനം അവരെ ബാധിക്കുന്നതേ ഇല്ല...
മൂന്നാർ സമരവും, വളപ്പിൽശാല മാലിന്യപ്രശ്ന സമരവും വ്യത്യസ്ഥമാകുന്നത് അവിടെയാണ്... അവിടെ സമരം ചെയ്യുന്ന ഓരോ വ്യക്തിയുടെയും സ്വന്തം ആവശ്യമായിരുന്നു സമരകാരണം... രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും കൂലി സമരക്കാരെ ഇറക്കി ആയിരുന്നില്ല ഈ സമരങ്ങൾ നടന്നത്... അതിനാൽ മികച്ച കൂലിവാഗ്ദാനം ലഭിച്ചിടത്തേക്ക് അവർക്ക് പോകാനും കഴിയുമായിരുന്നില്ല... ബംഗാളികളെ പണിക്കുവിട്ട് കൂലിയിൽ നിന്നും കമ്മിഷൻ പറ്റാൻ എത്തുന്ന ഏജന്റുമാരെപ്പോലെ സമരഭൂമിയിലെത്തിയ നേതാകളെ ആട്ടിപ്പായിക്കാനുള്ള ആർജ്ജവവും, ബുദ്ധിയും സമരക്കാർ കാട്ടുകയും ചെയ്തു... ഈ ജനകീയ സമരങ്ങളുടെ വിജയം സംഭവിക്കുകയും ചെയ്തു...
പൊതുജനങ്ങൾക്കും രാഷ്ട്രീയനേതൃത്വങ്ങൾക്കും ഉള്ള ചൂണ്ടുപലകയാണ് ഈ സമരങ്ങൾ... രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായമില്ലാതെ തങ്ങൾക്കു സമരസ്സപ്പെടാൻ കഴിയാത്ത ഒന്നിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന പാഠം പൊതുജനത്തിനും, തങ്ങളുടെ സഹായമില്ലാതെതന്നെ ഒരു സമരം വിജയിപ്പിക്കാൻ പൊതുജനത്തിനു ത്രാണി ഉണ്ടെന്നുള്ള പാഠം രാഷ്ട്രീയ നേതൃത്വത്തിനും ഉള്ളതാതാണ്....
പൊതുജനങ്ങൾ അനുഭവിക്കുന്ന ഒരുവിഷമതയെ മുൻപേകണ്ടു പരിഹാരം കാണുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ കടമ... പൊതുജനങ്ങൾ നിലനിൽപ്പിനായി ചെയ്യുന്ന സമരങ്ങളുടെ വിജയത്തിന്റെ അവകാശം ഏറ്റെടുക്കാൻ മാത്രമുള്ള രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലെ മാലിന്യം മാത്രമാണ്...
[Rajesh Puliyanethu
Advocate, Haripad]