Sunday, 13 November 2016

നോട്ടു മരവിപ്പിക്കൽ,, ഇന്ത്യൻ സമ്പത് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക്!!!

     നവംബർ എട്ടാം തീയതി എട്ടുമണിക്ക് പ്രധാനമന്ത്രി ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്താനുള്ള തീരുമാനം പ്രഖ്യാപിക്കുന്നു... 500, 1000 എന്നിവയിൽ നിലനിൽക്കുന്ന നോട്ടുകളുടെ പ്രാബല്യം അന്നേദിവസ്സം അർദ്ധരാത്രിയോടെ ഇല്ലാതാകുന്നു... രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിന് അനിവാര്യമായ ആ തീരുമാനം പ്രഖ്യാപിക്കുക ഒരു യുദ്ധം പ്രഖ്യാപിക്കുന്നതിലും ധീരമായിരുന്നു.... ഭൂരിപക്ഷമുള്ള ഒരു സർക്കാരിനും,, അതിനെ നയിക്കുന്ന പ്രാപ്തരായ ഭരണാധികാരികൾക്കും മാത്രം കൈക്കൊള്ളാൻ കഴിയുന്ന ഒന്ന്... ബി ജെ പി സർക്കാർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു....

     ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമെന്ന് ഇടതുപക്ഷർ അഭിപ്രായപ്പെടുന്നു... അതിനെ തിരുത്തി ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന തീരുമാനം എന്ന് പറയുന്നതിനാണ് പൊതുജനം താല്പര്യപ്പെടുന്നത്.... രാജ്യത്തിന് ഗുണകരമായ ഭാവി ഉണ്ടാക്കുന്ന തീരുമാനം  എന്ന് സാമാന്യബുദ്ധിയുള്ള പൊതുജനം ഈ പ്രഖ്യാപനം ഉണ്ടായ അന്നുതന്നെ വിധിയെഴുതിയതാണ്....  രാഷ്ട്രീയ, വർഗ്ഗ, മത ഭേദം വിട്ട് പലരും ആദ്യദിനത്തിൽ ഈ തീരുമാനത്തെ അനുകൂലിച്ചു... പിന്നീടുള്ള ദിവസ്സങ്ങളിൽ ജനങ്ങൾക്ക് ഉണ്ടായ നോട്ടു മാറിയെടുക്കുന്നതിലെയും മറ്റും ചെറിയ ബുദ്ധിമുട്ടുകളെ മുതലെടുത്ത് നാട്ടിൽ കലാപം ഉയർത്തുന്നതിന് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടിയിരുന്നാലോചിച്ചു തീരുമാനിച്ചു... 

     രാജ്യത്തിന്റെ സമ്പത്‌ വ്യവസ്ഥയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾത്തന്നെ കേട്ടിരുന്ന ആവലാതിയായിരുന്നു ഇവിടുത്തെ ധനം മുഴുവൻ ചില കോണുകളിലും, വ്യക്തികളുടെയും കൈകളിൽ മാത്രമായി ശേഖരിക്കപ്പെട്ടിരിക്കുകയാണെന്നും അത് സമാഹരിച്ചു പൊതുഖജനാവിലും, വിപണിയിലും എത്തിക്കാൻ കഴിവില്ലാത്ത സർക്കാരുകളാണ് ഇവിടം ഭരിക്കുന്നത് എന്നും... പണം ആർജ്ജിക്കുന്നതും, സമ്പാതിക്കുന്നതും കുറ്റകരമല്ലാത്ത ജനാധിപത്യ രാജ്യമായ ഭാരതത്തിൽ നിയമവിരുദ്ധമായി സമാഹരിക്കപ്പെട്ട പണം മാത്രമേ സർക്കാരിന് പിടിച്ചെടുക്കാൻ കഴിയൂ... അത് പണമായി സ്വരൂപിച്ചു വെച്ചിരിക്കുന്നവർ സർക്കാരിന്റെ ആഹ്വാനപ്രകാരം ആ പണം പൊതു ഖജനാവിലേക്ക് അടയ്ക്കില്ല... അതിനാൽ സർക്കാർ നികുതിയിളവുകൾ നൽകിക്കൊണ്ട് ആ പണത്തെ രാജ്യത്തിന്റെ പണമാക്കാനുള്ള ശ്രമം നടത്തി... അതുകൊണ്ടും പൂർണ്ണമായും സാധിക്കാതെ വന്നപ്പോൾ എടുത്ത കർശനമായ തീരുമാനമായിരുന്നു നോട്ടുകൾ മരവിപ്പിക്കുക എന്നത്...

     ചില വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും, സ്ഥാപനങ്ങളുടെയും കൈകളിൽ മാത്രം ഒതുങ്ങുന്ന, നികുതി വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത പണം രാജ്യത്തിന്റെ പണമാക്കുക എന്നത് ആർജ്ജവമുള്ള സർക്കാരിന്റെ പ്രവർത്തിയാണ്...  ഇവിടെ സോഷ്യലിസ്സം വരണമെന്നും,, പണക്കാരനിൽ നിന്നും സമ്പത്ത് പിടിച്ചെടുത്ത് രാജ്യത്ത് വിതരണം ചെയ്യണമെന്നുപോലും ആഹ്വാനം നടത്തിയ ഇടതുപക്ഷ പ്രസ്ഥാനം കള്ളപ്പണം പിടിച്ചെടുക്കുന്നതിനുള്ള ഈ സംരംഭത്തിന് തടയിടാനുള്ള പ്രവർത്തികളിൽ തങ്ങൾക്ക് ആവതെല്ലാം ചെയ്യുന്നുണ്ട്....! സോഷ്യലിസ്സവും, കമ്യുണിസവും വെറും പൊയ്മുഖങ്ങളാണെന്നും, രാജ്യത്തിന്റെ പൊതുഗുണമായി വരുന്നതിനെ എതിർക്കുക എന്നതുമാത്രമാണ് തങ്ങളുടെ പ്രവർത്തനശൈലി എന്നും ഇടതുപക്ഷം; പ്രത്യേകിച്ച് സി പി എം, ഒരിക്കൽക്കൂടി തെളിയിച്ചു...

     കള്ളപ്പണം തടയുന്നതിന് ഒന്നും ചെയ്യാൻ കഴിയുന്ന തീരുമാനമല്ല സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ളത് എന്നും പ്രചരിപ്പിക്കുന്നുണ്ട്... കള്ളപ്പണത്തെ തടയുന്നതിന് ഈ നടപടി പ്രയോജനകരമല്ല,, മറിച്ചു കള്ളനോട്ടിന്റെ വിനിമയത്തെമാത്രമേ തടയൂ എന്നും അക്കൂട്ടർ പറഞ്ഞു വെയ്ക്കുന്നു.. ജനം വീട്ടിൽ കയറി തല്ലണ്ടാ എന്ന് കരുതിയാകാം അതെങ്കിലും സമ്മതിച്ചത്... കള്ളനോട്ടിന്റെ വിനിമയത്തെ തടയുന്ന ഒരു നീക്കം തന്നെ നിസ്സാരമാണോ?? രാജ്യത്തു രണ്ടു ലക്ഷം കോടി രൂപയുടെ കള്ളനോട്ട് ഉണ്ടെന്നു പറയുന്നത് വിമർശകരാണ്... കള്ളപ്പണവും കളളനോട്ടും തടയുന്നതിന് സർക്കാർ എടുത്ത തീരുമാനത്തിലെയും വിമർശകർ ഇവർതന്നെയാണ്.... രാജ്യത്തെ തമാശകൾ പറഞ്ഞു ചിരിക്കുന്നതിന് സമ്മേളനങ്ങൾ വിളിക്കേണ്ടിവരും!! രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയെ തകർക്കാൻ പാകിസ്ഥാൻ കമ്മട്ടത്തിൽ അടിച്ചനോട്ടുകൊണ്ട് വിനിമയം നടത്താൻ തയ്യാറാണെന്നാണോ ഇവർ പറഞ്ഞു വെയ്ക്കുന്നത്??  ...അതിലും എത്രയോ അഭിമാനമാണ് ഒരാഴ്ച ചെറിയ ബുദ്ധിമുട്ടുകൾ സഹിക്കുന്നത്??....  നമ്മൾ ചെറുതാകാവുകയാണ്... രാജ്യത്തിനുവേണ്ടി ഒന്നും സഹിച്ചു ശീലമില്ല.. എന്തെങ്കിലും സഹിക്കാൻ തയ്യാറാകുന്നുവെങ്കിൽ അതെല്ലാം തനിക്കുവേണ്ടി മാത്രം... എരിതീയിൽ എണ്ണ ഒഴിക്കാൻ തോമസ്സും, കേജരിവാളും..... അങ്ങനെ കിടക്കുകയല്ലേ??? ഈ മണ്ണിൽ നിന്നുകൊണ്ട് ഇവിടെ കലാപം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന ഇവരായാണ് യഥാർത്ഥ ഒറ്റുകാർ... 

     രാജ്യത്തു വിശുദ്ധയുദ്ധം നടത്താൻ കള്ളനോട്ടുകൾ ഇറക്കുന്നവർക്ക് ഒത്താശപാടാൻ തയ്യാറായിരിക്കുന്നവർക്ക്‌ എന്ത് ആത്മാഭിമാനമാണുള്ളതെന്നു മനസ്സിലാകുന്നതേ ഇല്ല... നോട്ടു പിൻവലിക്കൽ തീരുമാനത്തിൽക്കൂടി രാജ്യത്തിന് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെക്കുറിച്ചും ഇടതുപക്ഷങ്ങൾക്ക് താൽപ്പര്യമില്ല... രാഹുൽ പലവിധ കുസൃതികളും കാട്ടും..  അതിൽ ഒന്നായി എ ടി എം ൽ പോയി നിന്നു.. അത്രെമേ കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നുള്ള പ്രതിഷേധത്തെ കാണുന്നുള്ളൂ.... പക്ഷെ ചരിത്രമാകുന്ന ഈ തീരുമാനത്തെ പിന്തുണക്കുന്നവർ വരുംകാല ഭാരതത്തിന്റെ ഉന്നതിയിൽ പങ്കാളികളാകും എന്നതിൽ സംശയമില്ല... വിമർശിക്കുന്നവർ, ഏതു നല്ലതിനെയും വിമർശിച്ചു ജനമനസ്സുകളിൽ അവമതിപ്പു സൃഷ്ട്ടിക്കുന്ന സി പി എം നു തുല്യവുമാകും.... കാലത്തിന്റെ വിലയിരുത്തലിൽ നല്ലതിനു പാത്രമാകാൻ നമ്മൾ ശ്രമിക്കണം....

     രാജ്യത്തു സമാന്തരസമ്പത് വ്യവസ്ഥയാണ് കള്ളപ്പണം സൃഷ്ടിക്കുന്നത്.... സർക്കാരിന് നികുതി നൽകികൊണ്ട്, സർക്കാർ അക്കൗണ്ടിൽ ചേർത്തുകൊണ്ട് നടക്കുന്ന സാമ്പത്തിക വിനിമയം ഒരു വശത്തും, സാമാന്തരമായി സർക്കാരിന്റെ അറിവോ അനുമതിയോ സർക്കാരിലേക്ക് ലഭിക്കേണ്ട നികുതി നല്കാതെയോ നടക്കുന്ന സാമ്പത്തിക വിനിമയം മറുവശത്തും... രാജ്യത്തു നടക്കുന്ന രാജ്യ വിഭവങ്ങളുടെ ഉപഭോക്തതകൊണ്ട് നിയമപരമായി നൽകേണ്ട പണമാണ് കള്ളപ്പണക്കാർ നൽകാതെ പോകുന്നത്.... അതുവഴി രാജ്യത്തിനുണ്ടാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ ദോഷങ്ങൾ ചെറുതല്ല... ജനങ്ങളുടെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നതും ചെറുതല്ല.. അത്തരം കള്ളപ്പണത്തെ പിടിച്ചെടുക്കണമെന്നു മുറവിളികൾ ഉയരുകയും എന്നാൽ നടപടികളിൽ വിമർശിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോൺഗ്രസ്സും ഇടതുപക്ഷവും സ്വീകരിക്കുന്നത്... 

     കോൺഗ്രസിനും ഇടതുപക്ഷത്തിനും പൊള്ളുന്നതിന് കാരണങ്ങളുണ്ട്... കഴിഞ്ഞ യു പി എ ഭരണകാലത്തു രാജ്യത്ത് ആകമാനം ഏഴു ലക്ഷം കോടിയിൽ പരം രൂപയുടെ അഴിമതി നടന്നു എന്ന് ആരോപിക്കപ്പെടുന്നു... ഭൂരിപക്ഷം അഴിമതി തുകയും സി ഐ ജി തന്നെ അംഗീകരിച്ചതുമാണ്... എങ്കിൽ ഈ തുകകൾ എവിടെ?? കൊണ്ഗ്രെസ്സ് തന്നെ പറയുന്നു കള്ളപ്പണം ഭാരതത്തിൽ തിരഞ്ഞിട്ടു കാര്യമില്ല,, അതെല്ലാം വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണെന്ന്...!! തീർച്ചയായിട്ടും അവർക്കു മാത്രമേ അതെവിടെ എന്ന് പറയാൻ കഴിയൂ.... പക്ഷെ നിങ്ങൾ മാത്രമല്ല രാഹുൽ കോൺഗ്രസ്സേ കള്ളപ്പണക്കാർ.. വേറെയുമുണ്ട്,, അവരെ എങ്കിലും പിടിച്ചോട്ടെ,, നിങ്ങൾക്കുള്ള വെടിയുണ്ടക്ക് സാവകാശം കിട്ടുമെന്ന് കരുതിക്കോളൂ... 

     ഇവിടെ ഭൂമി ഇടപാടുകൾ ഉൾപ്പെടെ പല ഇടപാടുകളും നടക്കുന്നത് മുൻപ് പറഞ്ഞതുപോലെയുള്ള സമാന്തര സാമ്പത്തിക  സംവിധാനങ്ങ ളിൽക്കൂടിയാണ്.! ഒരു ഭൂമിയുടെ വിലയുടെ പത്തിൽ ഒന്ന് മാത്രം സ്റ്റാമ്പ് ഡ്യൂട്ടിയിൽ കാണിക്കുന്നു.... ബാക്കി മുഴുവൻ കള്ളപ്പണമായി നൽകുന്നു.. ഈ സംവിധാനത്തെക്കുറിച്‌ അറിയാത്തവൻ ഉണ്ടെന്ന് ആരും പറയരുത്... ഇത്തരം ഭൂമി ഇടപാടുകളിൽ സർക്കാരിനുള്ള നഷ്ട്ടം കണക്കാക്കിയാൽ കോടികളാണ്... കള്ളപ്പണമായി നൽകുന്ന തുകയിൽ കള്ളനോട്ട് നൽകിയാലും ഭൂമി വിറ്റയാൾ അത് പുറത്തു പറയില്ല.. കാരണം കള്ളപ്പണവ്യവഹാരത്തിന്റെ ഭാഗമാണ് ആ കള്ളനോട്ടും...! കബളിപ്പിക്കപ്പെട്ടവൻ നിസംഗനായി നിൽക്കും,, അത്ര തന്നെ....   

     കള്ളപ്പണമാണ് രാജ്യത്തെ ക്രിമിനൽ പ്രവർത്തനങ്ങൾക്കെല്ലാം ഉപയോഗിക്കുന്നത്... അത് തീവ്രവാദം മുതൽ കൊട്ടേഷൻ പ്രവർത്തനങ്ങളിൽ വരെ പറന്നു കിടക്കുന്നു... കൊട്ടേഷൻ കൊടുക്കുന്നവർ ചെക്കെഴുതിക്കൊടുക്കുന്നതായി കേട്ടുകേഴ്വി പോലുമില്ലല്ലോ.. കള്ളപ്പണമാണ് കൈക്കൂലിയുടെ അടിസ്ഥാനം... കൈക്കൂലി കൊണ്ടും, പണത്തിന്റെ അതിപ്രസ്സം കൊണ്ടും ഏതുവഴിയിലും കാര്യങ്ങൾ നേടിയെടുക്കുമെന്ന അഹങ്കാരം സൃഷ്ടിക്കുന്നത് കള്ളപ്പണമാണ്...  രാഷ്ട്രീയക്കാർ ജനങ്ങളെ സ്വാധീനിക്കാനും, നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നതിനും ഉപയോഗിക്കുന്നത് കള്ളപ്പണമാണ്.... പാർട്ടിൽ, സ്ഥാനവും ഗ്രൂപ്പും നിലനിർത്തുന്നതിന് ശേഖരിക്കുന്നതും, വിനിമയിക്കുന്നതും കള്ളപ്പണമാണ്... സമൂഹത്തിൽ അനാരോഗ്യകരമായ ആർഭാടങ്ങൾ സൃഷ്ടിക്കുന്നത് കള്ളപ്പണമാണ്.... അക്കൗണ്ട് ചെയ്യാത്ത പണം ചെലവഴിച്ചു തീർക്കുക എന്ന രീതിയാണത്...

     രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം കൊണ്ടുവരൂ,, കള്ളപ്പണം ചാക്കിൽ കെട്ടി ആരെങ്കിലും വീട്ടിൽ വെക്കുമോ എന്നൊക്കെ മുറവിളിക്കുന്നവരോട് തർക്കങ്ങളിയിൽ ഏർപ്പെടാതിരിക്കുക എന്നതാണ് ഉചിതം.... നോട്ടെണ്ണുന്ന മിഷീൻ വരെ വാങ്ങി കൃത്യമായി തിട്ടപ്പെടുത്തി വെച്ചിരിക്കുന്ന നോട്ടുകളാ... പട്ടിയുടെ കൈയ്യിലെ പൊതിയത്തേങ്ങ പോലെ അതിൽ നോക്കിക്കൊണ്ടിരിക്കുന്നവന്റെ ഹൃദയവേദന,, രാജ്യസുരക്ഷയെന്നും, കള്ളനോട്ടു- കള്ളപ്പണ നിരോധനമെന്നും പറഞ്ഞു ആവേശം കൊണ്ട് നടക്കുന്നവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല.... അത് തിരിച്ചറിയണമെങ്കിൽ നാലുകെട്ടു പച്ചനോട്ടു തട്ടുമ്പുറത്തു വെച്ചിട്ടുണ്ടാകണം... അതുള്ളവരെല്ലാം ഒന്നിച്ചുകൂടിനിന്നുതന്നെ ഉച്ചത്തിൽ പ്രതിഷേധിക്കുന്നുണ്ട്....   ആത്മഗതവും,, എന്നാലും മോഡീ ........

     രണ്ടായിരത്തി പതിനേഴിന്റെ ആരംഭത്തിൽത്തന്നെ നോട്ടുമരവിപ്പിക്കൽ തീരുമാനത്തിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങും.... രാജ്യത്തുനിന്നും അപ്രത്യക്ഷമാകുന്ന കള്ളനോട്ടുകളുടെയും, പ്രവർത്തന രഹിതമാകുന്ന കള്ളപ്പണത്തിന്റെയും, നികുതിയിനത്തിൽ ലഭിക്കുന്ന പണത്തിന്റെയും ആകെത്തുക ഏകദേശം നാലുലക്ഷം കൊടിയിൽപ്പരം വരുമെന്നാണ് സാമ്പത്തിക വിദക്തർ അഭിപ്രായപ്പെടുന്നത്....നിലവിൽ സർക്കാരിന്റെ കണക്കുകളിൽ പ്രതീക്ഷിക്കുന്ന നികുതി വരുമാനങ്ങൾക്ക് പുറമെയാണിത്... ആ തുക സർക്കാരിന് ഏതുതരത്തിലെ വികസ്സന ക്ഷേമ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കാവുന്നതാണ്.... പ്രതീക്ഷകൾക്ക് അപ്പുറത്തേക്കുള്ള ഒരു കുതിപ്പ് രാജ്യത്ത് ഉണ്ടാകുമെന്നുതന്നെ കരുതാം...

     ദൈനംദിന സാമ്പത്തിക വിനിമയത്തിന് കുറച്ചു ദിവസ്സം പ്രയാസം നേരിടുമെന്നതു മാത്രമാണ് നോട്ടുമരവിപ്പിക്കൽ നടപടിയിലെ ദോഷഫലം... ആ ബുദ്ധിമുട്ടിനെ പരമാവധി ഊതിപ്പെരുപ്പിച്ചൂ നാട്ടിൽ കലാപം സൃഷ്ട്ടിക്കാൻ കളളപ്പണ മാഫിയ ശ്രമിക്കുന്നുണ്ട്.... അതിനെ അതിജീവിക്കേണ്ടത് ഇവിടുത്തെ സാധാരണക്കാരന്റെ ആവശ്യമാണ്... പണിയെടുക്കാൻ തയ്യാറുള്ള ബാങ്ക് ജീവനക്കാരെ സമ്മേളനത്തിന് വിളിച്ചുകൊണ്ടു പോയും,, ബാങ്കിൽ കുഴഞ്ഞു വീഴുന്നയാളിന്റെ ചിത്രം പ്രചരിപ്പിച്ചും, 2000 ത്തിന്റെ നൊട്ടിനു ചില്ലറ കിട്ടാതെ നടന്നവന്റെ കദന കഥ പറഞ്ഞും,, അങ്ങനെ സാധ്യമായ വഴിയിലെല്ലാം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്... രാജ്യത്തിന്റെ നന്മയ്ക്കായി ഒരൽപം ബുദ്ധിമുട്ടാൻ തയ്യാറാണെന്ന് സ്വയം പറയൂ.. നല്ല പൗരനാകൂ........

[Rajesh Puliyanethu
 Advocate, Haripad]