Showing posts with label A Social Debate........... Show all posts
Showing posts with label A Social Debate........... Show all posts

Tuesday, 4 August 2026

പ്രിയദർശിനി സൗജന്യ യാത്രയോട് പരിഹാസം!?

      യുഡിഎഫ് സർക്കാരിനെ അധികാരത്തിലേക്ക് എത്തിച്ച കാരണങ്ങളിൽ പ്രമുഖമായ ഒന്ന് 'ഇന്ദിരാ ഗ്യാരണ്ടി' എന്ന പേരിൽ അവർ നൽകിയ കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനമായിരുന്നു... സൗജന്യ യാത്ര ആഗ്രഹിച്ച സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... എന്നാൽ വാഗ്ദാന പാലനത്തിൽ സൗജന്യ യാത്ര പ്രതീക്ഷിച്ച് വോട്ട് ചെയ്ത സ്ത്രീകൾ വഞ്ചിതരായി എന്നാണ് കാണുവാൻ കഴിഞ്ഞത്... കെഎസ്ആർടിസിയുടെ ഏത് ഗ്രേഡിലുള്ള ബസ്സിലും എത്ര ദൂരവും സൗജന്യ യാത്രയായിരിക്കും എന്നാണ് തെരഞ്ഞെടുപ്പിൽ മുൻപുള്ള വാഗ്ദാനത്തിൽ പറഞ്ഞിരുന്നത്... നടപ്പിലാക്കിയാൽ അപാകതകൾ മാത്രമുള്ള ഒരു പദ്ധതിയായിരിക്കും എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ആ വാഗ്ദാനം നൽകിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്... 'തൽക്കാലം വാഗ്ദാനം നൽകി വോട്ട് വാങ്ങി ജയിക്കാം, പിന്നീട് ചതിച്ചാലും അഞ്ചുവർഷം ഭരണത്തിൽ തുടരാമല്ലോ' എന്നതായിരുന്നു ചിന്തയുടെ കാമ്പ് എന്ന് സാരം... 

     കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് കേവലം രണ്ടു വർഷങ്ങൾക്കു മുൻപ് മുതൽ മാത്രമാണ് കെഎസ്ആർടിസി ജീവനക്കാർ മുടങ്ങാതെ ശമ്പളവും പെൻഷനും വാങ്ങാൻ തുടങ്ങിയത് എന്ന് എല്ലാവർക്കും അറിയാം... ശ്രീ ഗണേഷ് കുമാറിൻ്റെ നടപടികൾ ആയിരുന്നു ആ വിജയത്തിന് പിന്നിൽ എന്ന സത്യവും ആരും നിരാകരിക്കാൻ ഇടയില്ല... ആ ക്രെഡിറ്റ് ഗണേഷിന് മാത്രം നൽകണമെന്ന പക്ഷക്കാരനാണ് ഞാൻ... ഗണേഷ് കൊണ്ടുവന്ന നടപടികൾക്കെതിരെ കൊടിപിടിച്ചില്ല എന്ന സഹായം മാത്രമാണ് ഇടതുപക്ഷ പാർട്ടികൾ ചെയ്തുകൊടുത്തത്... ഇടതുപക്ഷത്തിൻ്റെ ഭരണമികവു കൊണ്ടാണ് ശമ്പളം മുടങ്ങാതെ കൊടുത്തത് എന്ന് പറയാൻ കഴിയില്ല... ആൻറണി രാജുവിന്റെ കാലത്ത് ജീവനക്കാർ മുഴുപ്പട്ടിണിയിലായിരുന്നല്ലോ?😥

     നിയമസഭാ ഇലക്ഷനെ നേരിടുന്ന അവസരത്തിൽ ജീവനക്കാർ മുടങ്ങാതെ ശമ്പളം വാങ്ങി തുടങ്ങി എന്നല്ലാതെ കെഎസ്ആർടിസി നഷ്ടമില്ലാത്ത ഒരു കോർപ്പറേഷൻ ആയി മാറിയിരുന്നില്ല... സൗജന്യങ്ങൾ നൽകാതെ തന്നെ നഷ്ടമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ഇപ്രകാരം ഒരു സൗജന്യ വാഗ്ദാനം നൽകാൻ മുതിർന്നത് എന്നതാണ് അവരുടെ രാഷ്ട്രീയ കാപട്യത്തെ വെളിവാക്കുന്നത്... ദിവസം മൂന്നര കോടിയുടെ അധിക ബാധ്യത കേരള ഖജനാവിന് ഉണ്ടാക്കി നൽകിയത് എന്തിനുവേണ്ടിയാണ്?? യു ഡി എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിന് കേരള ജനത എന്തിനാണ് മൂന്നര കോടി രൂപയുടെ അധിക ബാധ്യത വഹിക്കുന്നത്?? കേരള ജനത വോട്ട് കൊടുത്താണോ, പണം കൊടുത്താണോ യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത്?? മാസാമാസം മൂന്നര കോടി രൂപ അധിക ബാധ്യത ഏറ്റെടുത്ത് യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നു നിലനിർത്തുന്നു എങ്കിൽ ഞാൻ പറയുന്നു 'കേരള ജനത മാസ വാടകയ്ക്ക് എടുത്ത സർക്കാർ ആണ് യുഡിഎഫ് സർക്കാർ' എന്ന്...

     സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച നടപടി അവശ്യമായ ഒരു ജനക്ഷേമ പദ്ധതിയായിരുന്നോ എന്നും,, അർഹരായവരാണോ ഉപഭോക്താക്കൾ എന്ന രണ്ട് ചോദ്യങ്ങൾക്കും,, ""അല്ല"" എന്ന ഒറ്റ മറുപടി മാത്രമേ നൽകാൻ കഴിയുകയുള്ളൂ... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക്,, ഒരു നിശ്ചിത വരുമാനത്തിൽ താഴെയുള്ള സ്ത്രീകൾക്ക്,, സൗജന്യ യാത്ര ലഭിച്ചാൽ മാത്രമേ ഒരു ജോലി ചെയ്തു തുടർന്നു പോകാൻ കഴിയൂ എന്ന പരിതസ്ഥിതിയുള്ള സ്ത്രീകൾക്ക്,, അംഗപരിമിതർക്ക്,, വിധവകൾക്ക് അങ്ങനെ അർഹരായവരെ വിഭാഗീകരിച്ച് കണ്ടെത്തി ഈ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ അതിനൊരു അർത്ഥം ഉണ്ടായിരുന്നു... ഒരു ലക്ഷത്തിൽ പരം മാസശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥകളും ഇന്ന് സൗജന്യ യാത്ര ആസ്വദിക്കുന്നു... ഇന്ത്യൻ പ്രസിഡൻറ് നടത്തുന്ന വിമാനയാത്രയുടെ ചെലവിന്റെ ഒരു പങ്കിൽ ചേരിയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും ഈടാക്കുന്ന നികുതിയുടെ ഒരംശം അടങ്ങിയിരിക്കുന്നു എന്നു പറയുന്നതുപോലെ, ഒരു ലക്ഷത്തിൽ പരം രൂപ മാസശമ്പളം വാങ്ങുന്ന വനിത നടത്തുന്ന സൗജന്യ യാത്രയുടെ ഒരു പങ്കിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും പ്രത്യക്ഷമായോ പരോക്ഷമായോ ഈടാക്കുന്ന നികുതിയുടെ ഒരംശവും അടങ്ങിയിരിക്കുന്നു എന്ന് യുഡിഎഫ് മനസ്സിലാക്കണം... പൊതുജനങ്ങളുടെ പണത്തിൻറെ ശരിയായ വിനിയോഗം സർക്കാരിൻറെ വലിയ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്... നിങ്ങളെ അധികാരത്തിലെത്തിക്കുന്നതും നിലനിർത്തുന്നതും ജനങ്ങളുടെ ഉത്തരവാദിത്തമല്ല... മാസം ഏകദേശം 115 കോടി രൂപയോളം അധിക ബാധ്യത ഖജനാവിന് ഉണ്ടാക്കിയ ഒരു പദ്ധതിയിൽ, ആ തുകയുടെ പകുതിയിൽ താഴെ മാത്രം ഉപഭോക്താക്കളായ സ്ത്രീകളാണ് അർഹരായവർ എങ്കിൽ ആ പദ്ധതി എത്രയധികം നിരർത്ഥകമായിരുന്നു എന്ന് മനസ്സിലാക്കാൻ മറ്റു വിവരണങ്ങൾ ആവശ്യമില്ല...

     കേരളത്തിൽ ആയിരക്കണക്കിന് ആൾക്കാർ ഉപജീവനമാർഗമായി കാണുന്ന വലിയ വ്യവസായ മേഖലയാണ് 'പ്രൈവറ്റ് ബസ്സുകൾ'... ആ മേഖല വലിയ രീതിയിൽ തകർന്നുകൊണ്ടിരിക്കുകയാണ് എന്ന് യുഡിഎഫ് സർക്കാർ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല... പ്രിയദർശിനി ബസുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര സ്ത്രീ യാത്രക്കാർ വന്നുചേരുന്നുവെങ്കിൽ അതിൽ 90% വും പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ചവരാണ്... സൗജന്യ യാത്ര വരുന്നതിനു മുൻപുതന്നെ ഭീമമായ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യവസായ മേഖല ആയിരുന്നില്ല പ്രൈവറ്റ് ബസുകൾ... 'നഷ്ടത്തിലും ലാഭത്തിലും ഒക്കെയായി ബസ് മുതലാളിമാരും ഒപ്പം കുറെയധികം കുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായി തൊഴിലാളികളും' എന്ന സമവാക്യത്തിൽ മുന്നോട്ടുപോയിരുന്ന വലിയൊരു ജനവിഭാഗത്തിന്റെ ജീവിതത്തെ യുഡിഎഫ് എന്ന രാഷ്ട്രീയ കക്ഷിയുടെ സ്വാർത്ഥത ഇരുട്ടിലാക്കി എന്നു പറയാതിരിക്കാൻ കഴിയില്ല... പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ച് ജീവിച്ചു വന്ന ആയിരക്കണക്കിന് ആൾക്കാർ യുഡിഎഫിന്റെ അക്കൗണ്ടിലുള്ള ജനങ്ങളല്ലേ!!???

     സൗജന്യ ബസ് യാത്രയുടെ ഉപഭോക്താക്കളിൽ അനർഹരായവർ ഉണ്ടെന്ന ആക്ഷേപം ഉയർത്തുമ്പോൾ തന്നെ മറ്റൊരു കാര്യം അടിവരയിട്ട് പറയാൻ കഴിയും... സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെ തന്നെയാണെങ്കിലും അവരാരും തന്നെ ഒരു മുന്നണിയുടെയോ പാർട്ടിയുടെയോ സർക്കാരിന്റെയോ ഔദാര്യം കൈപ്പറ്റുന്നവർ അല്ല... അവർ പരിഹാസത്തിന് വിധേയരാകേണ്ട വരും അല്ല... സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയത് കൊണ്ട് അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നത് കേരള ഖജനാവിനാണ്... കോൺഗ്രസിന്റെ അല്ല... സൗജന്യ യാത്ര ആസ്വദിക്കുന്നവരെ പരിഹസിക്കാൻ ശ്രീ ജോൺ ആരാണ്? നിങ്ങൾ നടപ്പിലാക്കിയ പദ്ധതി അനാവശ്യമായിരുന്നു എന്നും അത് അനർഹരും ആസ്വദിക്കാൻ വഴിവെക്കുന്നതായിക്കും എന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്... പഴി കേൾക്കാൻ അർഹരായവർ നിങ്ങൾ യുഡിഎഫുകാർ മാത്രമാണ്... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന വനിതകൾ ആരും തന്നെയല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന സ്ത്രീകളെ പരിഹസിക്കുന്നതിനൊപ്പം തന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരെയും ബഹുമാനപ്പെട്ട മന്ത്രി പരിഹസിച്ചു... നാളെ നിങ്ങൾ റേഷൻ വാങ്ങുന്നവരെയും പരിഹസിക്കും... ദുരിതാശ്വാസ സഹായം വാങ്ങുന്നവരെയും പരിഹസിക്കും... കാരണം ബഹുമാനപ്പെട്ട മന്ത്രിക്ക് ജനാധിപത്യ മര്യാദകൾ അറിയില്ല എന്ന് സാരം... വോട്ടിന്റെ വിലയും അറിയില്ല എന്നർത്ഥം...

     ഇന്ദിരാ ബസ്സുകൾ യുഡിഎഫ് സർക്കാരിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട... മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു പദ്ധതിയല്ല എന്ന് അവർക്ക് പണ്ടുമറിയാം, ഇപ്പോഴും അറിയാം... പദ്ധതി പിൻവലിച്ചാൽ സ്ത്രീകൾ എതിരാകും, വലിയ സമരങ്ങളെ നേരിടേണ്ടി വരും... പദ്ധതി തുടർന്നുകൊണ്ടുപോകണം എങ്കിൽ പണ്ട് തോമസ് ഐസക് പറഞ്ഞതുപോലെ റിസർവ് ബാങ്കിനോട് പറഞ്ഞ് കുറച്ചു കൂടുതൽ നോട്ടുകൾ കേരളത്തിനു വേണ്ടി പ്രത്യേകമായി അടിപ്പിക്കേണ്ടി വരും... പ്രിയദർശിനി ബസുകൾ ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ല എന്നും ആവശ്യപ്പെട്ടുകൊണ്ട് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്... പ്രിയദർശിനി ബസുകൾ നിയമവിരുദ്ധമാണെന്ന് എങ്ങനെ കോടതിയെ കൊണ്ട് പറയിപ്പിക്കാം എന്ന് ആയിരിക്കും വി ഡി സതീശന്റെയും സംഘത്തിന്റെയും അടുത്ത ആലോചന... കാത്തിരുന്നു കാണാം...

✍️ [Rajesh Puliyanethu

       Advocate, Haripad]

രാഷ്ട്രീയത്തിൽ മുങ്ങുന്ന മഴക്കെടുതി...

      2018 ൽ ഉണ്ടായ വലിയ പ്രളയം മുതൽ മഴയും വെള്ളപ്പൊക്കവും കെടുതികളും രാഷ്ട്രീയ വിനിമയ വിഷയങ്ങളായി മാറിയിരിക്കുന്നു... രാഷ്ട്രീയപാർട്ടികൾക്ക് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയം വരച്ചു കാണിക്കാൻ ഉചിതമായ ക്യാൻവാസ് ആയാണ് മഴയെ കാണുന്നത്... പ്രളയത്തിൽ കര മുങ്ങിപ്പോകുന്ന കാഴ്ചയല്ല മറിച്ച് പ്രളയം രാഷ്ട്രീയത്തിൽ മുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്...

     2018 ൽ ഉണ്ടായ വെള്ളപ്പൊക്കം അത്രയധികം രൂക്ഷമായത് ഡാം മാനേജ്മെൻറ് ഉണ്ടായ വീഴ്ചയാണെന്ന് പറഞ്ഞത് ഐഐടിയിലെ വിദഗ്ധരാണ്... തുടർന്ന് ഒരു സംസ്ഥാനമാകെ വെള്ളത്തിൽ മുങ്ങി പോയപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രി അല്ലായിരുന്നുവെങ്കിൽ കേരളം ഒരിക്കലും ആ പ്രളയത്തിൽ നിന്ന് മോചിതമാകുമായിരുന്നില്ല എന്ന പി ആർ വർക്ക് പ്രചരണമാണ് ഇടതുപക്ഷ ഹാൻറിലുകൾ നടത്തിയത്... സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ച ഒരു വർഷം എന്നതിനപ്പുറം അത്രയധികം പ്രളയം ഡാം മാനേജ്മെൻറ് കൃത്യമായി ചെയ്തിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് കാര്യങ്ങളെ പഠിച്ചു മനസ്സിലാക്കുന്നവർക്ക് ബോധ്യമുള്ളതാണ്... 2026 ൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഏത് ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണ് എന്ന് ചോദിച്ചു കൊണ്ട് 2018ലെ വെള്ളപ്പൊക്കത്തെ സാധൂകരിക്കുക എന്നതാണ് ആ വിഷയത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തനം...

     കേരള മുഖ്യമന്ത്രിയായിരിക്കാൻ പിണറായി വിജയൻ അല്ലാതെ യോഗ്യനായ മറ്റൊരു മനുഷ്യനും ജനിച്ചിട്ടും ഇല്ല ജനിക്കാനും പോകുന്നില്ല എന്ന രീതിയിൽ ശ്രീ വി ഡി സതീശനുമായി താരതമ്യം ചെയ്ത് പ്രചരണങ്ങൾ നടത്തുക എന്നതാണ് വെള്ളപ്പൊക്കത്തിലെ മറ്റൊരു രാഷ്ട്രീയം... വെള്ളപ്പൊക്ക സമയത്ത് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നത് വരെ രാഷ്ട്രീയ വിഷയങ്ങളായി ഉന്നയിച്ച് കേരള രാഷ്ട്രീയ രംഗത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളുടെ പ്രാധാന്യത്തെ നശിപ്പിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്... കേന്ദ്രത്തിൽ I. N. D. I സഖ്യം നരേന്ദ്രമോദിക്കെതിരെയുള്ള വിമർശന വിഷയങ്ങളായി തെരഞ്ഞെടുത്തത് നരേന്ദ്രമോദിയുടെ കോട്ട്, കൂൺ ഭക്ഷണം, മുതല, മയിൽ, ഫോട്ടോ, കുഞ്ഞൻ പശു തുടങ്ങിയവയായിരുന്നു... ഇത്തരം അപ്രധാന വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നത് പ്രതിപക്ഷത്തെ കൂടുതൽ കൂടുതൽ ദുർബലമാക്കുകയും നരേന്ദ്രമോദിയെ തുടർ തെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയിപ്പിക്കുകയും ചെയ്യുന്നതാണ് രാജ്യം കണ്ടത്... വി ഡി സതീശൻ കഴിച്ച ഭക്ഷണത്തിലെ കറികൾ എണ്ണി പ്രതിപക്ഷ കക്ഷികൾ സ്വയം ദുർബലമാകാനും വി ഡി സതീശനെ ഒരു രാഷ്ട്രീയ ശക്തികേന്ദ്രം ആക്കാനും തീരുമാനിച്ചോ ആവോ!!? കേരളത്തിലെ ബിജെപി നേതാക്കന്മാരും ആ വഴിക്ക് തന്നെ സഞ്ചരിക്കുന്നത് ആശങ്കാവഹം എന്നല്ല, നിന്ദ്യമാണ് എന്നാണ് പറയേണ്ടത്... മുഖ്യമന്ത്രി വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലും എന്തു വീഴ്ച വരുത്തി എന്നു ചൂണ്ടിക്കാണിച്ചു വിമർശിക്കൂ... അതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം... പക്ഷേ അങ്ങനെ വീഴ്ചകൾ പറഞ്ഞു വിമർശിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ 2018 ൽ ഇടതുപക്ഷ സർക്കാരിന് ഡാം മാനേജ്മെൻ്റിൽ സഹിതം ഉണ്ടായ വീഴ്ചകളും തുടർന്ന് ഇടതുപക്ഷ പ്രവർത്തകർ നടത്തിയ ദുരിതാശ്വാസക്യാമ്പുകളിലെ കൊള്ളയും ഭരണപക്ഷം തിരിച്ചു പറയും... ആ വിഷയങ്ങൾ പൊതുജനമധ്യത്തിൽ ഇപ്പോൾ ചർച്ചയ്ക്ക് വരുന്നത് ഇടതുപക്ഷ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടാണോ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ച് ഭരണപക്ഷത്തെ വിമർശിക്കാൻ തയ്യാറാകാത്തത്?? ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം അപ്രധാന വിഷയങ്ങളെ പർവതീകരിച്ച് വിമർശങ്ങൾ ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവരുന്നത്   രാഷ്ട്രീയ പ്രവർത്തനമല്ല മറിച്ച് രാഷ്ട്രീയ പാപ്പരത്തമാണ്... 

     മലയാള വാർത്താ മാധ്യമങ്ങളും വെള്ളപ്പൊക്കത്തിൽ നല്ല രീതിയിൽ രാഷ്ട്രീയം കലർത്തുന്നുണ്ട്... "ഭയം വേണ്ട ജാഗ്രത മതി" എന്ന പിണറായി വിജയൻ സർക്കാരിന്റെ 'ഔദ്യോഗിക' മുദ്രാവാക്യം ഇടതുപക്ഷ നാവുകളായ മാധ്യമങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... കഴിഞ്ഞ ദിവസം 'വെള്ളപ്പൊക്കക്കെടുതികളെ എല്ലാം നമ്മൾ നേരിടും' എന്ന വിവരണത്തോടെ റിപ്പോർട്ടർ ചാനലിലെ അരുൺ പറയുന്നത് കേട്ടു, "മുൻപ് ഒരു മുഖ്യമന്ത്രി പറഞ്ഞപോലെ, നമ്മൾ ഒരുമിച്ച് അങ്ങ് ഇറങ്ങുകയല്ലേ" എന്ന്... മറ്റൊരു വാചകമാണ് "ഈ നാട്ടിലെ 'ജെൻസികൾ' എല്ലാം ചേർന്ന് കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് ഓർമ്മയില്ലേ" എന്ന്... 2018ൽ പ്രളയം നടന്ന അവസരത്തിൽ ഇവിടുത്തെ ചെറുപ്പക്കാർ രക്ഷാപ്രവർത്തനം നടത്തിയ അവസരത്തിൽ പോലും അവരെ "ജെൻസികൾ" എന്ന് സംബോധന ചെയ്തു കേട്ടിട്ടില്ല... പക്ഷേ വർത്തമാനകാലത്ത്; നേപ്പാൾ, ബംഗ്ലാദേശ് കലാപങ്ങൾ മുതൽ പാറ്റ സമരം വരെ നടന്നുകഴിഞ്ഞപ്പോൾ ഉണ്ടായ രാഷ്ട്രീയ മൂല്യമാണ് 2018 രക്ഷാപ്രവർത്തനം നടത്തിയ ചെറുപ്പക്കാരെ 2026ൽ "ജെൻസികൾ" എന്ന് സംബോധന ചെയ്യാൻ കാരണം... നിഷ്കളങ്കമായ മാധ്യമ പ്രവർത്തനം അല്ല മറിച്ച് വെള്ളപ്പൊക്കത്തെ മറയാക്കി നടത്തുന്ന മാധ്യമ രാഷ്ട്രീയ പ്രവർത്തനമാണ് ഇവർ നടത്തുന്നത്...

     2026 കാലവർഷം ശരിയായ സമയത്ത് പെയ്തു തുടങ്ങിയില്ല എന്നു മാത്രമല്ല വളരെ ദുർബലവും ആയിരുന്നു... ഏകദേശം 35 മണിക്കൂർ സമയം കൊണ്ടാണ് സ്ഥിതിഗതികൾ മാറുന്നത്... കുട്ടനാട്, റാന്നി, ആറന്മുള, വയനാട്, പാണക്കാട് തുടങ്ങിയ വിവിധങ്ങളായ സ്ഥലങ്ങളിൽ ആളപായം ഉണ്ടാവുകയും പതിവ് വർഷങ്ങളിൽ കൂടുതൽ കെടുതുകൾ ഉണ്ടാവുകയും ചെയ്തു എന്നത് സമ്മതിക്കുകയും, ആ സംഭവങ്ങളുടെ വിഷമതകളോട് ചേർന്നുനിൽക്കുകയും ചെയ്തുകൊണ്ടുതന്നെ മറ്റൊരു യാഥാർത്ഥ്യവും നമ്മൾ കാണണം... കുട്ടനാട്, ആറന്മുള പോലെയുള്ള പല സ്ഥലങ്ങളും എല്ലാ കാലവർഷ കാലത്തും കെടുതികൾ അനുഭവിക്കുന്ന സ്ഥലങ്ങളാണ്... അവിടെയൊക്കെ സ്ഥിരമായ മാനേജ്മെൻറ് സംവിധാനങ്ങൾ തയ്യാറാക്കാതിരിക്കുന്നത് കേരളപ്പിറവി മുതൽ ഇന്നുവരെ ഭരിക്കുന്ന എല്ലാ സർക്കാരുകളുടെയും വീഴ്ചയാണ്... കൂടാതെ ആട് വന്നു എന്ന് പറയേണ്ടിടത് ആന വന്നു എന്നു പറയുന്ന മാധ്യമപ്രവർത്തനം പൊതുജനങ്ങൾക്ക് അല്പം പോലും സമാധാനം നൽകുന്നില്ല എന്ന് പറയാതെ വയ്യ...

     രാഷ്ട്രീയത്തിന്റെ കണ്ണടയിൽ കൂടെ അല്ലാതെ മഴക്കെടുതികളെ കാണുന്നവർ മഴക്കെടുതികൾ നേരിട്ട് അനുഭവിക്കുന്നവർ മാത്രമാണ്... അവരുടെ നഷ്ടങ്ങൾ പരിഹരിക്കാനും അവരുടെ ദുരവസ്ഥയിൽ ഒരു താങ്ങായി നിൽക്കാനും എങ്ങനെ കഴിയും എന്ന് ഒന്നായി ചിന്തിക്കുമ്പോൾ മാത്രമാണ് "കേരളം ഒറ്റക്കെട്ടായി നേരിട്ടു" എന്നത് വെറുമൊരു മേനി പറച്ചിൽ അല്ലാതെ അർത്ഥവത്തായ ഒരു വാചകം ആകുന്നത്... അല്ലെങ്കിൽ എല്ലാം വെറും രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള പ്രവർത്തനങ്ങൾ മാത്രം...✍️ 

[Rajesh Puliyanethu

 Advocate, Haripad]

Monday, 22 September 2025

Big Boss ൽ ഉയർന്ന സ്വവർഗ്ഗാനുരാഗ ന്യായവാദങ്ങൾ...

 ✍️Adv. Rajesh Puliyanethu

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലെ ഒരു സംഭവം വളരെയധികം ചർച്ചയായി കാണുന്നു... പ്രോഗ്രാമിലെ സംഭവ വികാസങ്ങൾ എന്താണെന്ന് വലിയ ധാരണയിലെങ്കിലും വിഷയം പൊതുരംഗത്തേക്ക് വികസിച്ചിരിക്കുന്നത് സ്വവർഗ്ഗാനുരാഗികളെ സമൂഹം ഏതുവിധത്തിൽ സ്വീകരിക്കുന്നു എന്നത് സംബന്ധിച്ചാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നു... ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ പ്രാധാന്യത്തിനപ്പുറം ഈ വിഷയം സമൂഹത്തിൽ പ്രസക്തമായതുകൊണ്ട് ആ വിഷയം മാത്രം പ്രോഗ്രാമിന് പുറത്തേക്ക് എടുത്ത് നമ്മൾ സംസാരിക്കേണ്ടതുണ്ട്...

     സ്വവർഗ അനുരാഗികൾക്കിടയിലെ ബന്ധം ചർച്ച ചെയ്യുമ്പോൾ ഒരിക്കലും Platonic Love ന് അവിടെ പ്രാധാന്യമില്ല... Romantic Love ന് മാത്രമാണ് അവിടെ പ്രസക്തമായി നിൽക്കാൻ കഴിയുന്നത്... അതുകൊണ്ടു തന്നെ ഈ വിഷയം തികച്ചും ലൈംഗികതയിൽ  അടിസ്ഥാനപ്പെടുത്തിയുള്ളതാണ്... അതുകൊണ്ടുതന്നെയാണ് സമൂഹം ഈ വിഷയത്തെ 'പ്രത്യേക' താല്പര്യത്തോടെ സമീപിക്കുന്നതിനും കാരണം... രാഷ്ട്രീയമൊ, സാമൂഹീകമൊ ആയ വിഷയങ്ങളിൽ 'ലൈംഗികത' കടന്നു കൂടുമ്പോൾ അത് എത്രത്തോളം വലിയ ഒരു ചർച്ചാവിഷയമായി മാറുന്നു എന്നത് കാലങ്ങളായി നമ്മൾ കണ്ടു വരുന്നതാണ്!?

     ഒരു വ്യക്തി ലൈംഗികമായി ആകർഷിക്കപ്പെടേണ്ടത് എതിർ ലിംഗത്തോട് മാത്രമാണെന്നതാണ് പ്രകൃതി നിയമം എന്നാണ് ചിലരുടെ ഭാഷ്യം... എതിൽ ലിംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികതയിൽ മാത്രമാണ് സന്താനോൽപാദനം സാധ്യമാകുന്നതെന്നും അതിനാൽ ഈ രീതി മാത്രമാണ് പ്രകൃതി കൽപ്പിച്ചു തരുന്നത് എന്നും സമർത്ഥിക്കപ്പെടുന്നു... ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സമാന ലിംഗങ്ങൾക്കിടയിലുള്ള ബന്ധത്തിന് 'പ്രകൃതിവിരുദ്ധ ബന്ധം' എന്ന ഒരു പേരു പോലും വീണു പോയത്... എന്നാൽ എതിർ ലിംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികത 'പ്രകൃതി നിയമം' എന്നതിലുപരി 'ഭൂരിപക്ഷ നിയമം' എന്ന പേരിട്ടു വിളിക്കണം എന്നാണ് എൻറെ പക്ഷം...

     ഈ സമൂഹത്തിലെ ഇന്നുവരെയുള്ള മനുഷ്യരിൽ 95% ആൾക്കാരും വിപരീത ലിംഗ അനുരാഗികളാണ്... (Hetero Sexual). ഈ ഭൂരിപക്ഷം വരുന്ന ആൾക്കാരുടെ കാലാകാലങ്ങളായ ലൈംഗിക തൃഷ്ണക്ക് വിപരീതമായി കണ്ട സ്വവർഗ അനുരാഗികളായ വളരെ വളരെ ചെറിയ സമൂഹത്തിൽപ്പെട്ട ആൾക്കാരെ മോശപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി ഭൂരിപക്ഷ സമൂഹം ചിത്രീകരിച്ചു എന്നതാണ് വാസ്തവം... സ്വവർഗ്ഗാനുരാഗത്തെ വെറുക്കപ്പെടേണ്ടത് എന്നു പറയാൻ വിപരീത ലിംഗ അനുരാഗികൾക്ക് മറ്റെന്തു കാരണമാണുള്ളത്!!? "ഇത് തങ്ങളുടെ താല്പര്യ പ്രകാരമുള്ളതല്ല" എന്നതിനപ്പുറം!!?

     ലൈംഗികതയിൽ അടിസ്ഥാനപ്പെടുത്തിയുള്ള പ്രണയം (Romantic Love) എതിൽ ലിംഗത്തിനോട് മാത്രം തോന്നേണ്ടതാണ് എന്ന് പറയുന്നതിൽ ന്യായം മറ്റെന്താണുള്ളത്?? മതങ്ങൾ പറയുന്നു ന്യായങ്ങൾക്കപ്പുറം?? സ്വലിംഗത്തിൽപ്പെട്ട മറ്റൊരു വ്യക്തിയോട് റൊമാൻറിക് ലവ് തോന്നുകയും രണ്ടാമത്തെ വ്യക്തി അതിനെ അംഗീകരിക്കുകയും ആ രണ്ടു പേരും തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായ ഒരു ജീവിതം നയിക്കാൻ തയ്യാറെടുക്കുകയും ചെയ്യുമ്പോൾ അതിനെ സാമൂഹ്യ വിരുദ്ധമെന്നും, നിയമ വിരുദ്ധമെന്നും വ്യാഖ്യാനിക്കേണ്ട ആവശ്യകത എന്താണ്?? അത് രണ്ടു വ്യക്തികൾക്കിടയിലുള്ള സ്വകാര്യമായ താല്പര്യം മാത്രമായി കാണുകയല്ലേ വേണ്ടത്?? അതിനിടയിലേക്ക് വ്യക്തിക്കോ സമൂഹത്തിനോ മാത്രമല്ല, നിയമത്തിനു പോലും കടന്നു ചെല്ലാൻ അവകാശമില്ല എന്നാണ് കാണേണ്ടത്... സ്വലിംഗത്തിൽപ്പെട്ട അനുരാഗ ബദ്ധരായ രണ്ടു പേരോട് "നിങ്ങൾ എതിർലിംഗത്തിൽ പെട്ടവരോട് പോയി അനുരാഗ ബദ്ധരാകൂ,, അല്ലെങ്കിൽ നിങ്ങളുടെ അനുരാഗത്തെ ഉപേക്ഷിക്കുക" എന്ന് കൽപ്പിക്കാൻ നീതിബോധമുള്ള ഒരു സമൂഹത്തിന് എങ്ങനെയാണ് കഴിയുന്നത്!? 

     ഏകദേശം 14 വർഷങ്ങൾക്ക് മുൻപ് എൻറെ ഓഫീസിൽ രണ്ടു വനിതകളായ കക്ഷികൾ വരുമായിരുന്നു... അവർ സ്വവർഗ്ഗാനുരാഗികൾ ആണെന്നുള്ളത് അവർ തന്നെ സമ്മതിക്കുന്ന കാര്യമായിരുന്നു... സമൂഹത്തിനു മുൻപിലും അവർ അധികമൊന്നും മറച്ചുവെക്കാൻ ശ്രമിച്ചിരുന്നതായി തോന്നിയിട്ടില്ല... എൻറെ ഓഫീസിൽ വരുന്ന കാലത്ത് അവർക്ക് 25 വയസ്സിൽ താഴെയാണ് പ്രായം... ആ പ്രായത്തിനുള്ളിൽ തന്നെ അവർ ഇരുവരും വീട്ടുകാരുടെ സമ്മർദ്ദ പ്രകാരം വിവാഹിതരാവുകയും ആ വിവാഹ ബന്ധങ്ങൾ ഇരുവരും വേർപെടുത്തുകയും ചെയ്തിരുന്നു... കുടുംബ കോടതിയിലെ വിഷയങ്ങളാണ് അവരെ എൻറെ ഓഫീസിൽ എത്തിച്ചത്... ഈ രണ്ടു വനിതകൾക്കും അവർ ഒത്തുചേർന്നുള്ള ജീവിതമാണ് ഏറ്റവും സന്തോഷം നൽകുന്നത്... വീട്ടുകാരുടെ നിർബന്ധപ്രകാരമുള്ള വിവാഹ ബന്ധങ്ങളിൽ നിന്ന് അവർ പുറത്തുവന്ന് സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നു... അവരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നിർബന്ധപൂർവ്വം അവരെ വിവാഹബന്ധത്തിൽ എത്തിച്ചതുകൊണ്ട് സമൂഹത്തിനോ, വീട്ടുകാർക്കോ, അവരെ വിവാഹം കഴിച്ചവർക്കോ, ഈ വനിതകൾക്ക് തന്നെയൊ എന്തു മേന്മയാണ് ഉണ്ടായത്?? ഒരു അളവുകോൽ ലഭ്യമാണെങ്കിൽ കുറേയധികം കോട്ടങ്ങൾ അളന്നെടുക്കാൻ കഴിയും എന്നു മാത്രം... ഈ വനിതകളുടെ ജീവിതത്തിനും സന്തോഷത്തിനും ഇടയിലേക്ക് 'കടന്നു കയറി' സദാചാരം പുലമ്പാൻ മൂന്നാമതൊരുവന് എന്ത് അധികാര അവകാശങ്ങളാണുള്ളത്??

     ഇന്ത്യ മഹാരാജ്യത്ത് ഭരണഘടന അവകാശങ്ങൾ വിഭജിച്ചു നൽകുന്നത് പൗരന്മാർക്കാണ്... സ്ത്രീക്കോ, പുരുഷനോ, ട്രാൻസ്ജെൻഡറിനൊ എന്ന വേർതിരിവിന് യാതൊരു പ്രസക്തിയുമില്ല... പൗരനാണ് പ്രസക്തി... ഭരണഘടന അനുവദിച്ചു നൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അതിൻ്റെ മഹത്വത്തെ ഉൾക്കൊണ്ടു തന്നെ നടപ്പിലാക്കിയാൽ, സ്വവർഗാനുരാഗികൾക്കിടയിലുള്ള വിവാഹം ഒരു നിയമനിർമാണം നടത്തി നിയമ ബലത്തോടെ തന്നെ സാധ്യമാക്കണം... 'ദ്വിലിംഗാനുരാഗിയുടെ താല്പര്യത്തിനനുസരിച്ച് സ്വവർഗ്ഗാനുരാഗി ജീവിച്ചു കൊള്ളണം' എന്ന തീട്ടൂരം ഭാരതം പോലെ ഒരു വലിയ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല...

     സ്വവർഗ്ഗാനുരാഗം ഒരു 'ജനിതക വൈകല്യമായി' ചിത്രീകരിച്ചു തുടങ്ങുന്നിടത്താണ് ദോഷ ചിന്തകൾ ആരംഭിക്കുന്നത്... വ്യത്യസ്തങ്ങളായ ജനിതക അവസ്ഥകളായി ദ്വിലിംഗാനുരാഗത്തേയും, സ്വവർഗ്ഗാനുരാഗത്തെയും കണ്ടു തുടങ്ങിയാൽ സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിന്റെ ദോഷങ്ങൾ ആണെന്നുള്ള ചിന്തയ്ക്ക് മാറ്റങ്ങൾ വന്നു തുടങ്ങും... സ്വവർഗ്ഗാനുരാഗികൾക്ക് ചിന്തിച്ചോ,  സ്വയം പരിവർത്തനം സംഭവിപ്പിച്ചോ ദ്വിലിംഗാനുരാഗികൾ ആകുന്നതിനൊ, ദ്വിലിംഗാനുരാഗികൾക്ക് ചിന്തിച്ചോ സ്വയം പരിവർത്തനം സംഭവിപ്പിച്ച് സ്വവർഗ അനുരാഗികൾ ആകാനോ സാധ്യമല്ല... തുല്യ പരിഗണന നൽകേണ്ട രണ്ടു താല്പര്യക്കാർ എന്ന് മാത്രം ചിന്തിക്കുകയും,, മറ്റൊരുവന്റെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞു നോക്കുന്നതിനുള്ള താല്പര്യം നിയന്ത്രിക്കുകയും,, തൻറെ ഇഷ്ടങ്ങൾക്കും, താല്പര്യങ്ങൾക്കും,  സുഖങ്ങൾക്കും ഒപ്പം തന്നെ മറ്റൊരുവന്റെ ഈ വക വികാരങ്ങൾക്ക് എല്ലാം പ്രാധാന്യമുണ്ടെന്നും ചിന്തിച്ചു തുടങ്ങിയാൽ പൊതുസമൂഹത്തിടയിലെ ഈ വക ചർച്ചകൾ തന്നെ അസ്തമിക്കുന്നതായിരിക്കും...

[Rajesh Puliyanethu

 Advance, Haripad]

Monday, 11 August 2025

മദ്യം ഓൺലൈൻ വിതരണം.!!??.

 ✍️ Adv Rajesh Puliyanethu 

     ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന പദ്ധതി BEVCO വിഭാവനം ചെയ്യുന്നു എന്നറിയുന്നു... സ്വാഭാവികമായും എതിർപ്പുകൾ ഉയരുന്നുണ്ട്... അതിന് രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഉണ്ടാകാം... എന്നാൽ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ എങ്ങനെയൊക്കെ ഈ ആശയത്തെ നോക്കി കാണാൻ കഴിയും?

     ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന സമ്പ്രദായം പുരോഗമനപരമാണ് എന്ന ആമുഖത്തോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ... മദ്യലഭ്യത പരമാവധി കുറയ്ക്കുക എന്ന പ്രഖ്യാപിത നയത്തോടെ അധികാരത്തിൽ കയറിയ കമ്മ്യൂണിസ്റ്റ് സർക്കാർ നിയമിച്ച BEVCO എംഡി 500 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നും വരുംകാലങ്ങളിൽ 2500 കോടി രൂപയോളം വരുമാനവർദ്ധനം ഉണ്ടാകുമെന്നും പറഞ്ഞതാണ് പദ്ധതിയിലെ ഒരു പാളിച്ചയായി ഞാൻ കാണുന്നത്...

     ഈ പദ്ധതിയെ ഏറ്റവും കൂടുതൽ എതിർക്കാൻ കാരണമുണ്ടായിരുന്നത് ബാറുകാർക്കാണ്... സർക്കാർ മദ്യ കൗണ്ടറുകൾ വഴി വാങ്ങിപ്പോകുന്ന മദ്യം സ്വകാര്യ സ്ഥലങ്ങളിൽ ഇരുന്ന് മാത്രം ഉപയോഗിക്കുന്നതിനാണ് എന്നതാണ് നിയമം കരുതുന്നത്... സ്വകാര്യമായ വീടോ മറ്റേതെങ്കിലും സ്ഥലവും ഒഴികെ ബാറുകൾ മാത്രമാണ് പൊതുവായി മദ്യപിക്കാനുള്ള ഇടങ്ങൾ... സർക്കാർ വിതരണ കേന്ദ്രങ്ങളിൽ പോയി ക്യു നിന്നു വാങ്ങാൻ വിമുഖതയുള്ളവർ ബാറുകളെ ആയിരുന്നു ആശ്രയിച്ചുകൊണ്ടിരുന്നത്... അത്തരം ഉപഭോക്താക്കൾ ഓൺലൈൻ വഴി മദ്യം വാങ്ങി വീട്ടിലിരുന്ന് മദ്യപിക്കുന്നത് ബാറുകളുടെ കച്ചവടത്തെ ദോഷമായി ബാധിക്കുന്നതാണ്... അതുകൊണ്ടാണ് ബാറുകൾ ഈ പദ്ധതിയെ എതിർക്കാൻ കാരണമുണ്ട് എന്നു പറഞ്ഞത്... അപ്രകാരമുള്ള മറ്റു ചില കാരണങ്ങളുമുണ്ട്... ബാറുകളിൽ ലഭിക്കേണ്ട വരുമാനമാണ് ഡൈവർട്ട് ചെയ്തത് ഈ പദ്ധതി മൂലം സർക്കാർ ഔട്ട്ലെറ്റുകളിൽ എത്തി വരുമാനം വർദ്ധിക്കുന്നതെന്ന് BEVCO MD പറഞ്ഞിരുന്നെങ്കിൽ അത് ന്യായീകരിക്കപ്പെടുമായിരുന്നു...

     ഈ പദ്ധതിയെ എതിർക്കുന്നവർ പറയുന്നത് വീടുകളിൽ മദ്യ ഉപഭോഗം കൂടും എന്നുള്ളതാണ്... നിലവിലെ സർക്കാർ ഔട്ട്ലെറ്റുകൾ വഴി വാങ്ങുന്ന മദ്യവും വീടുകളിലൊ മറ്റ് സ്വകാര്യ ഇടങ്ങളിലോ മാത്രം ഉപഭോഗം ചെയ്യാൻ കഴിയുന്നവയാണ്... അങ്ങനെയെങ്കിൽ സർക്കാർ ഔട്ട് ലെറ്റുകളും പൂട്ടേണ്ടവയാണ്... വീട്ടിലിരുന്ന് മദ്യ ഉപഭോഗം ചെയ്യുന്നവർക്ക് പല മേന്മകളോടെ ഒരു സൗകര്യ വർദ്ധനവ് ഉണ്ടായി എന്നതാണ് ഓൺലൈൻ മദ്യ വിതരണ ആശയത്തെ കാണേണ്ടത്...

     സമൂഹത്തിൽ വളരെ അച്ചടക്കത്തോടെ ജീവിക്കുന്ന പല ആൾക്കാർക്കും ചെറിയതോതിൽ മദ്യപിക്കുന്ന സ്വഭാവം ഉണ്ടാകാം... അവർ സമൂഹത്തിലെ പലവിധമായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ആകാം... അവർക്ക് ബാറിൽ പോയി മദ്യപിക്കുക എന്നതു പോലും സ്വയം ആക്ഷേപകരമായി കരുതുന്നവർ ആയിരിക്കാം... അവർ തങ്ങളുടെ പദവികളെ പോലും മറന്ന് മദ്യം വാങ്ങിക്കാൻ വേണ്ടി മറ്റു പലരെയും ആശ്രയിക്കേണ്ടി വരും... അവരോട് അനാവശ്യമായ ഒരു വിധേയത്വം കൊടുക്കേണ്ടി വരുന്നത് മദ്യം വാങ്ങി നൽകുന്ന ആൾ എന്ന നിലയിലാണ്... മദ്യം ഉപയോഗിക്കുന്നത് നിഷിദ്ധമല്ലാത്ത ഈ മണ്ണിൽ അപ്രകാരം ഒരു അവസ്ഥയിലേക്ക് അവരെ എത്തിച്ചു നിർത്തുന്നത് അനീതിയാണ്... കേൾക്കുമ്പോൾ നിസ്സാരമായ ഒരു വിധേയത്വം എന്ന് തോന്നിയാലും ആ വിധേയത്വം മൂലം പല ഉത്തരവാദിത്ത പദവികൾ വഹിക്കുന്നവരും ചെയ്തു പോകുന്ന പാതകങ്ങൾ വിവരണാതീതമാണ് എന്നും കാണണം...

     മദ്യം ഓൺലൈനിൽ വിതരണം ചെയ്താൽ അത് പ്രായപൂർത്തിയാകാത്ത ആൾക്കാരിൽ എത്തിച്ചേരും എന്നതാണ് മറ്റൊരു എതിർവാദം... വളരെ ദുർബല ഒരു വാദമായാണ് ഞാൻ അതിനെ കാണുന്നത്... കാരണം നിലവിൽ തന്നെ വെബ്കോയിൽ നിന്നും പ്രായപൂർത്തിയായ ഒരാൾ വാങ്ങുന്ന മദ്യക്കുപ്പി പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനെ തടയുന്ന മാർഗങ്ങളില്ല എന്നതുകൊണ്ടാണ്... പ്രായോഗികമായി സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യവും ഓൺലൈൻ വഴി വാങ്ങുന്ന മദ്യവും പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ സമാനങ്ങളാണ്...

     സർക്കാർ ഔട്ട്ലെറ്റുകളിൽ പോയി മദ്യം വാങ്ങാൻ മടിയുള്ള ആൾക്കാരുടെ സംഖ്യ, മദ്യം ഉപയോഗിക്കുന്നവർക്കിടയിൽ ചെറുതാണെന്ന് കരുതാതെ ഇരിക്കുകയാണ് വേണ്ടത്... അങ്ങനെയുള്ള മദ്യ ഉപഭോക്താക്കൾ ബാറുകളെയാണ് ആശ്രയിക്കുന്നത്... അവർക്ക് ഓൺലൈൻ വഴി സ്വകാര്യമായി മദ്യം വീട്ടിൽ ലഭിച്ചാൽ ആ സമ്പ്രദായത്തെ ആശ്രയിക്കും... അങ്ങനെ ബാറുകളിൽ മദ്യപിച്ച് വാഹനമോടിച്ച് വീടുകളിലേക്ക് പോകാൻ നിർബന്ധിതരായ അനേകം ഉപഭോക്താക്കളെ നിയമലംഘനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കും... മദ്യ ഓൺലൈൻ വിതരണ പദ്ധതി അപകടങ്ങളെ കുറയ്ക്കും എന്നുകൂടി പറയട്ടെ... 

     നമ്മുടെ നാട്ടിൽ ജോലി കഴിഞ്ഞ് ഫ്രീ ആകുന്നതിന് വൈകിട്ട് 5:00 മണി മുതൽ മുകളിലേക്ക് പത്തുമണി കഴിഞ്ഞും പോകുന്ന തൊഴിലുകൾ ഉണ്ട്... അവരിൽ പലരും മദ്യപിക്കുന്നവരാണ്... അവർ ബാറുകളെയും സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി നൽകുന്നവരെയും ആശ്രയിക്കുന്നു... തൊഴിൽ കഴിഞ്ഞ് ബാറുകളിൽ പോയി മദ്യപിക്കുന്നതിനേക്കാൾ ഗുണകരമായ സാമൂഹിക, കുടുംബ അന്തരീക്ഷം അയാൾക്ക് നൽകുന്നത് ഓൺലൈനിൽ വീട്ടിലെത്തിയ മദ്യം വീട്ടിലിരുന്ന് മദ്യപിക്കുന്നതാണ്... കാരണം അയാൾ മദ്യപാനം തുടങ്ങുന്നത് തന്നെ കുടുംബ അന്തരീക്ഷത്തിന്റെ മുൻപിലോ, അല്പം മറവിലോ ആയ അന്തരീക്ഷത്തിലാണ്... ഞാൻ കുടുംബത്തിനുള്ളിലാണ് എന്ന ബോധം അയാളെ സ്വയം ഒരുപാട് പരിമിതികളിലേക്ക് ചുരുക്കും.. അത് അയാളുടെ മദ്യ ഉപഭോഗത്തെയും, വീടിന് പുറത്തുള്ള സുരക്ഷിതമല്ലാത്ത മറ്റൊരു ഇടത്തിൽ ഇരുന്നു മദ്യപിച്ചതിനുശേഷം ഉള്ള പലവിധമായ മോശം അനുഭവങ്ങളെയും ഇല്ലാതാക്കും... അത് കുടുംബത്തോടൊപ്പം ചെലവാക്കുന്ന സമയത്തെയും വർദ്ധിപ്പിക്കും... 

     ഓൺലൈൻ വഴി മദ്യം വിതരണം ചെയ്താൽ ഉപഭോഗത്തെ വലുതായി വർധിപ്പിക്കുകയും എന്ന് കരുതാൻ കഴിയില്ല... 'സർക്കാർ ഔട്ട്ലെറ്ററിൽ പോയി Q നിന്ന് വാങ്ങേണ്ടല്ലോ,, അതിനാൽ മദ്യപാനം തുടങ്ങിയേക്കാം' എന്നാരും കരുതില്ലല്ലോ? ബാറുകളിൽ കച്ചവടം കുറയും, ബാറുകളിൽ നിന്നും സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ കുറവ് ഉണ്ടാവും... ബാറുകളിൽ ലഭ്യമായ സേവനങ്ങൾ കൂടുതലായി ഉപഭോക്താവിന് നൽകിക്കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനും പിടിച്ചു നിർത്താനും അവർ ശ്രമിക്കും... 

     മദ്യപിക്കുന്നവരിൽ വലിയ ഒരു വിഭാഗം ഓൺലൈൻ പർച്ചേസിലേക്ക് മാറിയാൽ തന്നെ ഒരു സമൂഹത്തിനെ ആകമാനം നാണം കെടുത്തും വിധമുള്ള ക്യു സർക്കാർ മദ്യ ഔട്ട്ലെറ്റുകളുടെ മുൻപിൽ നിന്നും ഒഴിവാകും എന്നത് തന്നെ ഈ പദ്ധതിയുടെ വലിയൊരു നന്മയായി കാണണം...

     മദ്യത്തിനെ സംബന്ധിക്കുന്ന എന്ത് ആശയങ്ങൾ വന്നാലും ഉടനെ എതിർക്കണം എന്ന് കർത്താവിൻറെ അരുളപ്പാട് ഉള്ളതുപോലെയാണ് ക്രിസ്ത്യൻ സഭകൾ മദ്യ വിതരണത്തെ കുറിച്ചുള്ള ഏതൊരു ആശയത്തെയും എതിർക്കുന്നത്... ബാറുകൾ അനവധി നടത്തുന്ന സമൂഹങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നും സർക്കാർ എതിർപ്പുകൾ നേരിടേണ്ടി വരും എന്നതും നിശ്ചയമാണ്...

     ഓൺലൈൻ വഴി മദ്യ വിതരണം നടത്തുന്നതിന് നിയമപരമായ വഴികൾ കൂടി തെളിക്കേണ്ടതുണ്ട്...  ഈ ആശയം പ്രാവർത്തികമാകുന്നതിന് അബ്കാരി നിയമം ഭേദഗതി ചെയ്യേണ്ടിവരും എന്നാണ് എൻറെ നിഗമനം... മദ്യ വില്പന,  വിതരണം ഈ വക കാര്യങ്ങളിൽ കേരള അബ്കാരി നിയമം ഓൺലൈൻ വിതരണത്തെ പിന്തുണയ്ക്കുന്നില്ല... അതുമാത്രമല്ല ഓൺലൈൻ വിതരണക്കാരന് ക്യാരി ചെയ്യാവുന്ന മദ്യത്തിൻറെ അളവിൽ വ്യക്തതയോ, വ്യതിയാനമൊ വരുത്തണം... ഓൺലൈൻ അംഗീകൃത വിതരണക്കാരന് Exception കൊടുക്കണം... അങ്ങനെ നിയമപരമായി പൂർത്തീകരിക്കേണ്ട ആവശ്യങ്ങൾ പലതുണ്ട്...

     മദ്യം ആപത്കരമാണെന്ന തത്വത്തെ ഉൾക്കൊണ്ടുതന്നെ മദ്യത്തിൻറെ ഉല്പാദനത്തെയും വിതരണത്തെയും നിയമവും, വ്യവസ്ഥിതിയും അനുകൂലിക്കുമ്പോൾ അതിൻറെ വിതരണത്തിലെ ശോഷത്വമാണ് ഏറ്റവും വലിയ മദ്യവർജന മാർഗം എന്ന് ചിന്തിക്കുന്നത് ഭോഷ്കാണ് എന്നതാണ് എൻറെ പക്ഷം...

[Rajesh Puliyanethu 

 Advocate, Haripad]

     നിയമം വിലക്കാത്താടത്തോളം കാലം നിയമപരമായി മദ്യപിക്കുന്നവനും സൗകര്യങ്ങൾക്ക് അവകാശമുണ്ട്...


Healthy Drinking May Be A Concept 

                            But

Wealthy Drinking Is Reality....

Saturday, 1 July 2023

ഏകീകൃത സിവിൽ നിയമങ്ങൾ [Uniform Civil Code] കാണാത്തതും കാണേണ്ടതും....

     ഭാരതം വലുതായി ചർച്ചചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഏകീകൃത സിവിൽ നിയമങ്ങൾ... സ്വാതന്ത്രാനന്തര ഭാരതം ആദ്യം ചർച്ച ചെയ്തു തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ'... സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെ നിർമ്മാണ ഘട്ടം മുതൽ കഴിഞ്ഞ എഴുപത്തി അഞ്ചു വർഷങ്ങളിലും രാജ്യം ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്... ആ  ചർച്ചകൾ നടന്നിരുന്നത് പലപ്പോഴും ഏകീകൃത സിവിൽ നിയമങ്ങളെ ക്കുറിച്ചു ചർച്ചകൾ നടത്തണം എന്ന മനഃപ്പൂർവ്വമായ  തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല... മറിച്ചു കാലികമായ സംഭവങ്ങൾ ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിനോട് ആവശ്യപ്പെടുകയായിരുന്നു... മതപരമായും,, രാഷ്ട്രീയപരമായും,, സാമൂഹീകപരമായും,, നിയമപരമായും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നു തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന വിഷയം എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല... 

     'ഏകീകൃത സിവിൽ നിയമങ്ങൾ' നടപ്പിലാകുന്നതിലൂടെ എന്താണ് വിഭാവനം ചെയ്യുന്നതെന്ന് നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നാണ് പല കോണുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്... ഏകീകൃത സിവിൽ നിയമങ്ങൾ എന്ന ചിന്ത തന്നെ സമൂഹത്തിനു മുൻപിലേക്ക് ആധികാരികമായി അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടന തന്നെയാണ്...  രാജ്യത്തിന്റെ ശോഭനമായ ഭാവിയെ നോക്കിക്കണ്ടുകൊണ്ടും രാജ്യത്തിന്റെ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, ഭരണപരം, നീതി, നിയമം, സുരക്ഷിതത്വം, സമാധാനം എന്നിവയെ എല്ലാം മുൻനിർത്തിയും ഭരണഘടനാ ശില്പികൾ തന്നെയാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ [Directive Principles] ((ആർട്ടിക്കിൾ 36 മുതൽ 51 വരെ)) ഉൾക്കൊള്ളിച്ചിരിക്കുന്നതും നിർദ്ദേശക തത്വങ്ങളുടെ 44 ആം അനുഛേദത്തിൽ ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കേണ്ടവയാണ് എന്ന അർത്ഥത്തിൽ പ്രതിബാധിച്ചിരിക്കുന്നതും... ഇത്രയും സുവ്യക്തവും, കർക്കശവുമായി മതസ്വാതന്ത്ര്യവും, മൗലീക അവകാശങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങളും, സമത്വവും, തുല്യതയും, ജനാധിപത്യവും, നീതിയും ഉറപ്പുവരുത്തുന്ന, ലോകത്തെതന്നെ മഹത്തരമായ ഭരണഘടനകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ഭാരതത്തിന്റെ ഭരണഘടനയിൽ, നിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 44 മാത്രം പിഴവായിപ്പോയി എന്ന് കാണാനും കഴിയില്ലല്ലോ...!!?

     'ഏകീകൃത സിവിൽ നിയമങ്ങൾ' മതത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് എങ്കിലും അതിനു രാഷ്ട്രീയമാനങ്ങളും ഏറെയാണ്... ഭാരതത്തിന്റെ ഭരണഘടന ഭാവിയിലേക്കുള്ള ചൂണ്ടു പലകയായി  ഉൾപ്പെടുത്തിയ പല നിർദ്ദേശക തത്വങ്ങളിൽ കേവലം ഒന്ന് മാത്രമല്ല ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ 'ഏകീകൃത സിവിൽ നിയമങ്ങൾ'... ഹിന്ദുത്വത്തെ മുൻനിർത്തി പ്രവർത്തനം നടത്തുന്ന ബി ജെ പി യെ നയിക്കുന്ന നരേന്ദ്ര മോഡി ഭരിക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തെ ഇസ്‌ളാമിക ജനവിഭാഗത്തോട് നടത്തുന്ന വെല്ലുവിളിയായാണ് ബി ജെ പി യുടെ രാഷ്ട്രീയ എതിരാളികൾ 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയത്തെ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്... "ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ" എന്ന് എടുത്തു പറയേണ്ട അവസ്ഥാവിശേഷം നില നിൽക്കുന്നു എന്നതാണ് സത്യം... കാരണം ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ കൊണ്ഗ്രെസ്സ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രത്യക്ഷമായി എതിരല്ലായിരുന്നു എന്നും ഇടതു പക്ഷ പാർട്ടികൾ ശക്തമായി ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നവർ ആയിരുന്നു എന്നും കാണാം... ഇന്ന് പ്രതിപക്ഷ ചേരി ഒന്നടങ്കം ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ എതിർക്കുന്നുണ്ടെങ്കിൽ അതിനു കാരണം ബി ജെ പി സർക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന തിരിച്ചറിവ് തന്നെയാണ്... പക്ഷെ ആപത്കരമായി അവസ്ഥ എന്നത്, പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമായി മോഡി സർക്കാരിനെതിരെ ഏകീകൃത സിവിൽ നിയമങ്ങളെ ഉപയോഗിക്കുന്നത് രാജ്യത്ത് മതപരമായ ചേരിതിരിവും, വിദ്വെഷവും പരത്തിക്കൊണ്ടാണ് എന്നതാണ്... രാജ്യത്തെ പല ഇസ്ളാമിക സംഘടനകളും 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയം ഉദിച്ചപ്പോൾത്തന്നെ അതിനെ എതിർക്കുന്നവരാണ്... ശരീയത്ത് നിയമങ്ങൾ മാത്രമാണ് ലോകത്തിനു അഭികാമ്യം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണത്... എന്ത് തന്നെ ആയാലും അത് അവരുടെ നിലപാടാണ്... ആ നിലപാടുകൾ മാനിക്കപ്പെടേണ്ടതുണ്ടോ എന്നത് മറ്റൊരു ചോദ്യമായി പരിഗണിക്കപ്പെടാം... എന്നാൽ മുൻപ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന സി പി എം നെ പോലെയുള്ള കക്ഷികളുടെ രാഷ്ട്രീയ അസ്തിത്വമില്ലായ്മയാണ് ഈ വിഷയത്തിൽ ഏറെ പ്രകടമാകുന്നത്... നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി യെ മുസ്ളീം വോട്ടുകൾ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ട് നേരിടാൻ കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം മാത്രമാണ് പ്രതിപക്ഷനിര നടത്തുന്നത്... അതേ നാണയത്തിൻ്റെ മറുപുറമാണ് ഹിന്ദുത്വ അജണ്ടയെ മുറുകെപ്പിടിക്കുന്ന ബി ജെ പി നേട്ടമായി കാണുന്നത്... 'ഏകീകൃത സിവിൽ നിയമങ്ങൾ' അവതരിപ്പിക്കുക വഴി ഹിന്ദു സമൂഹത്തിന് നേട്ടം ഉണ്ടാക്കുന്ന ഒന്ന് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രതീതി വളർത്തുകയും അതുവഴി ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുകയും ചെയ്യുക  എന്നതാണ് ബി ജെ പി യുടെയും രാഷ്ട്രീയ അജണ്ട...  രാഷ്ട്രീയമായി മതത്തെ ഉപയോഗിച്ചുകൊണ്ട് പരസ്പരം മുതലെടുക്കാനുള്ള ഭരണ പ്രതിപക്ഷങ്ങളുടെ ഒരു ഗോദാ തയ്യാറാക്കലാണ് ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാൻ മുതിരുന്നതിൽക്കൂടി സംജാതമാകുന്ന രാഷ്ട്രീയ അവസ്ഥ... വളരെ നിസ്സാരമായ ഒരു രാഷ്ട്രീയ സമസ്യയുടെ ഉത്തരം കണ്ടെത്തുന്ന വലിയ വിജയി ആരായിരിക്കുമെന്നത് മാത്രമാണ് രാഷ്ട്രീയപരമായി നോക്കിക്കാണാനുള്ളത്..

     സാമൂഹീകമായി ചിന്തിച്ചാൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പ്രധാന അപാകത എന്ന് പറയുന്നത്, പ്രസ്തുത നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ആയ വലിയ വിഭാഗം ഈ നിയമത്തെ ശരിയായി മനസ്സിലാക്കുന്നില്ല എന്നതാണ്... നിയമത്തെ ശരിയായി പഠിച്ചവർ തങ്ങളുടെ രാഷ്ട്രീയ- മത താല്പര്യങ്ങൾക്കനുസൃതമായി പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടം കൈപ്പറ്റാൻ ശ്രമിക്കുന്നുമുണ്ട്... സമീപകാലത്ത് പൗരത്വ നിയമത്തിൻ്റെ അവതരണ വേളയിലും നമ്മൾ ഇതേ അവസ്ഥ കണ്ടു... പൗരത്വ നിയമം അവതരിപ്പിക്കപ്പെടുന്നതോടെ മുസ്ളീം മത  വിഭാഗക്കാരെ മുഴുവൻ നാടുകടത്തും എന്ന് തെറ്റിദ്ധരിച്ചു നിയമത്തെ അനുകൂലിച്ചവരുമുണ്ട്,, തങ്ങൾ നാടുകടത്തപ്പെടുവാൻ പോവുകയാണെന്ന് തെറ്റിദ്ധരിച്ചു നിയമത്തെ എതിർത്തവരുമുണ്ട്... ഏകീകൃത സിവിൽ നിയമങ്ങൾ വിഷയത്തിലെന്നപോലെതന്നെ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ താല്പര്യങ്ങൾക്കും നേട്ടങ്ങൾക്കും ഉതകും വിധം പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്... പ്രാഥമിക വിദ്യാഭ്യാസകാലഘട്ടത്തിൽ ഒരിക്കലും നിയമത്തെക്കുറിച്ചും, നിയമത്തിൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും കാൽ അക്ഷരം പഠിപ്പിക്കില്ലെന്ന ഭരണ കർത്താക്കളുടെ പിടിവാശിയുടെ ദുർഫലമാണ് പൗരൻ നിയമങ്ങളെ ശരിയായി മനസ്സിലാക്കാൻ ക്ഷമത ഇല്ലാത്തവനാകുന്നതിനും നിസ്സാരമായി തെറ്റിദ്ധരിപ്പിക്കാൻ ഇര ആകുന്നതിനും കാരണം... രാഷ്ട്രീയ പ്രഭുക്കളുടെ വഴി വിശാലമാക്കാൻ പൗരന്റെ ഈവിധമായ നിയമ നിരക്ഷത അനിവാര്യമാണെന്നത്‌ തമസ്ക്കരിക്കുന്ന ഒരു സത്യമായി അവശേഷിക്കുകയും ചെയ്യുന്നു...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ഏതൊക്കെ മേഘലയിൽ എന്ന് തിരിച്ചറിയുന്നത് പ്രസ്തുത നിയമത്തിൻ്റെ നിയമപരമായ ചോദ്യങ്ങളുടെ  ഉത്തരമാണ്... "വ്യക്തി നിയമങ്ങൾ" ഒഴികെ നിയമത്തിൻ്റെ മറ്റു സമസ്തമേഘലകളിലും ഏകീകൃത സ്വഭാവം നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്... 'വ്യക്തി നിയമങ്ങൾ' നില നിൽക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... വ്യക്തി നിയമങ്ങൾ പ്രവർത്തിക്കുന്നത്, വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, സ്വത്തവകാശം, കുട്ടികളുടെ കസ്റ്റഡി അവകാശം, മെയിന്റനൻസ് തുടങ്ങിയ മേഘലകളിലാണ്... ക്രിമിനൽ നിയമങ്ങളും മറ്റെല്ലാ നിയമങ്ങളും എല്ലാ പൗരന്മാർക്കിടയിലും ഏകീകൃത സ്വഭാവം പുലർത്തുമ്പോൾ എന്തുകൊണ്ട് വ്യക്തിനിയമങ്ങളും ഏകീകരിച്ചുകൊണ്ട് ഏകരാജ്യം ഏകനിയമം എന്ന തത്വം നടപ്പിലാക്കിക്കൂടാ എന്ന ന്യായമായ ചോദ്യമാണ് ഭരണഘടനാ ശില്പികൾ മുതൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ ഇന്ന് പിന്തുണക്കുന്നവർ വരെ ചോദിക്കുന്നത്... ഭാരതം ഒരു മതേതര രാജ്യമാണെന്ന് പ്രീആമ്പിൾ മുതൽ ഉറപ്പിക്കുന്ന ഒരു ഭരണഘടനയാൽ നയിക്കപ്പെടുന്ന ഒരു രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് നിയമം തന്നെ സാധൂകരിച്ചു നൽകുന്നു എന്നത് ഭാരതത്തിൻ്റെ മതേതര മുഖത്തിന്റെ ശോഭകെടുത്തുന്നു എന്നതാണ് എൻ്റെ നിഗമനം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗങ്ങൾക്കെതിരെയുള്ള ഒരു നീക്കമായല്ല, മറിച്ച്‌ നിലവിൽ നിലനിൽക്കുന്ന എല്ലാ വ്യക്തിനിയമങ്ങളിലെയും പരാധീനതകൾ പരിഹരിച്ച്‌ കാലോചിതമായ പുരോഗമനങ്ങൾ കൊണ്ടുവന്ന് പരിഷ്‌കരിച്ച്‌, മത ചിന്തകൾക്കതീതമായി നിയമം മാത്രം ചർച്ചചെയ്യുന്ന ഏകീകൃത സ്വഭാവം ഉണ്ടാക്കണം... 

     കാലോചിതമായ പരിഷ്‌ക്കാരങ്ങൾ ആവശ്യമായി വരുമ്പോൾ ബഹു ഭാര്യാത്വം, സ്ത്രീകൾക്ക് സ്വത്തവകാശത്തിൽ വിവേചനം തുടങ്ങിയ പ്രാകൃത വ്യവസ്ഥകൾ ഒഴിവാക്കേണ്ടി വരും... അത് നിലവിലെ ഏത് വ്യക്തി നിയമങ്ങളിലാണോ നിലനിൽക്കുന്നത് അവിടെ നിന്നും ഒഴിവാക്കപ്പെടണം... നിലവിൽ ഈ വിധമായ; ആധുനിക സമൂഹത്തിന് ചേർന്നുപോകാത്ത ഇത്തരം രീതികൾ ഇസ്‌ലാം വ്യക്തി നിയമങ്ങളിലാണ് ഉൾക്കൊണ്ടിരിക്കുന്നത്... ആ വ്യവസ്ഥകൾ ഒഴിവാക്കപ്പെടുമ്പോൾ അത് പരിഷ്ക്കരണമായാണ് വായിക്കേണ്ടത്... ഒരിക്കലും കടന്നു കയറ്റമായല്ല... 

     ബഹു ഭാര്യാത്വവും, പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീകളോടുള്ള അവഗണനയും ഹിന്ദു വ്യക്തി നിയമങ്ങളിലും നിലനിന്നിരുന്നു... പക്ഷെ 1955 ൽ നിലവിൽ വന്ന ഭേദഗതിയിലൂടെ കാലാനുസൃതമായ പരിഷ്കരണങ്ങൾ ഹിന്ദു വ്യക്തി നിയമങ്ങളിൽ കൊണ്ടുവരാൻ സാധിച്ചു... ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ബാധകമായ ബുദ്ധാ, ജയിൻസ്, സിക്ക്സ് എന്നിവരുടെ വ്യക്തി നിയമങ്ങളും അതുവഴി കാലോചിതമായി പരിഷ്കരിക്കപ്പെട്ടു... അതിനും പുറമെ 2018 ൽ വീണ്ടും ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെട്ടു... കുഷ്ഠം പോലെയുള്ള രോഗങ്ങൾ വിവാഹമോചനത്തിനുള്ള കാരണങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടു... ഹിന്ദു ദത്തവകാശം, മെയ്ന്റനൻസ് നിയമങ്ങളും പരിഷ്‌ക്കരിക്കപ്പെട്ടു... ഒരിക്കലും മാറ്റപ്പെടാൻ കഴിയാത്ത ദൈവീകമായ നിയമങ്ങളാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇസ്ളാം വിഭാഗത്തെപ്പോലെ തങ്ങളുടെ വ്യക്തി നിയമങ്ങൾ ഉപനിഷത്തുക്കളിൽ നിന്നും ഉൾക്കൊണ്ടാണ് അതിനാൽ ഭേദഗതി സാധ്യമല്ല എന്ന് കടും പിടുത്തം നടത്താതിരുന്നതാണ് ഹിന്ദുവിന്റെ മേന്മ എന്ന് കാണാം... ഏകീകൃത സിവിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഗോവൻ സിവിൾ കോഡ് ഉം സ്വോഭാവീകമായും അസ്ഥിരപ്പെടും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് തങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നോ, തങ്ങളുടെ പോർട്ടുഗീസ് സ്മരണകളെ തകർക്കുന്നതാണെന്നോ ഗോവാക്കാർ വിമർശനം ഉന്നയിക്കാതിരുന്നത് അവരുടെ പുരോഗമന ചിന്താരീതിയായി വിലയിരുത്തപ്പെടും... 

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ആർട്ടിക്കിൾ 25 ന്റെ violation ആണെന്ന നിലയിൽ വാദിക്കുന്നവരെയും കണ്ടു... എന്താണ് ആർട്ടിക്കിൾ 25 പറയുന്നത്? മനഃസാക്ഷിക്കനുസ്സരിച്ചു തൻ്റെ മതത്തെ പ്രചരിപ്പിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, അനുവർത്തിക്കുന്നതിനും ഉള്ള സ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നു... ഇത്രമാത്രമാണ് ആർട്ടിക്കിൾ 25 പറയുന്നതും ഉറപ്പുവരുത്തുന്നതും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വഴി ഭരണഘടന ആർട്ടിക്കിൾ 25 ൽക്കൂടി നൽകുന്ന ഏത് സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്!!??? മതപരമായ ഒരു ചടങ്ങിനെയും ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി ഇല്ലാതാകുന്നില്ല എന്നതാണ് വാസ്തവം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി, പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അഭികാമ്യമല്ലാത്ത പ്രാക്ടീസുകൾ ഏതൊക്കെ വ്യക്തി നിയമങ്ങളിൽ നിൽക്കുന്നുണ്ടോ അവയെ കാലാനുസൃതവുമായി പുനഃ ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നത്... അവയ്ക്കൊന്നും തന്നെ മതപരമായ ആചാരങ്ങളുമായി [Religious Practices] യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം...

     ഹിന്ദു  നിയമങ്ങളും, മുസ്ളീം, ക്രിസ്ത്യൻ, പാഴ്‌സി വ്യക്തിനിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചു ഏകീകൃത സ്വഭാവത്തോടെ എല്ലാവര്ക്കും ബാധകമായ ഒരു സിവിൽ നിയമം കൊണ്ടുവരിക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്... അവിടെ മുസ്ലീമിന് മാത്രം എന്തുകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം തങ്ങൾക്കെതിരെയുള്ള ആക്രമണമായി തോന്നുന്നത്?? കോടതി നിർദ്ദേശങ്ങളിൽക്കൂടിയും ഇസ്ളാമിലെ പ്രാകൃത - സ്ത്രീവിരുദ്ധ രീതികൾക്ക് മുൻപും ചിലമാറ്റങ്ങൾ ഉണ്ടായിട്ടില്ലേ?? അതിൻ്റെ ഉദാഹരണമല്ലേ "മുത്താഹ്‌ മാര്യേജ്"?? "Marriage For Enjoyment" എന്നായിരുന്നു ആ വിവാഹത്തിന്റെ സങ്കല്പം തന്നെ.. പഴയ കാലങ്ങളിൽ മലബാറിൽ നടന്നിരുന്ന "അറബി കല്യാണങ്ങൾ " മുത്താഹ്‌ മാര്യേജ് ന്റെ വെളിച്ചത്തിൽ നടന്നിരുന്നവയാണ്...  മുത്താഹ്‌ മാര്യേജ് കാലയളവിൽ സ്ത്രീയെ ലൈംഗീകമായി ആസ്വദിച്ചശേഷം പുരുഷൻ ഉപേക്ഷിച്ചു പോകുന്നു... തുടർന്ന് ആ സ്ത്രീക്ക് ജീവനാംശം നൽകുന്നതിനോ, ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായാൽ സംരക്ഷിക്കുന്നതിനോ പുരുഷൻ ബാധ്യസ്ഥൻ ആയിരുന്നില്ല... ഇസ്‌ളാമിക വ്യക്തി നിയമം [സുന്നി] ഈ സമ്പ്രദായത്തിന് സാധുത നൽകിയിരുന്നു... ഈ സമ്പ്രദായം സ്ത്രീ വിരുദ്ധമല്ല എന്ന് തോന്നുന്നത് ആർക്കൊക്കെയാണ്?? ഈ സമ്പ്രദായത്തിന്റെ നിയമ സാധുത നഷ്ട്ടപ്പെട്ടതുകൊണ്ട് ഇസ്ളാമിന് എന്ത് നഷ്ട്ടമാണുണ്ടായത്?? മൂന്ന് വിവാഹം കഴിച്ചേ മതിയാകൂ എന്ന് ശഠിക്കുന്ന എത്ര ഇസ്‌ലാം മത വിശ്വാസ്സികൾ ഇന്നുണ്ട്?? തൻ്റെ ഭർത്താവ് മറ്റു രണ്ടുപേരുടെകൂടി ഭർത്താവായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര സ്ത്രീകളുണ്ട്?? തന്റെ മകൾ ഒരുവന്റെ മൂന്നാമത്തെ ബീവിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര വാപ്പമാരുണ്ട്? വിവാഹമോചനം അനിവാര്യമായി വന്നാൽ തൻ്റെ സംരക്ഷണം ബന്ധുക്കളുടെയും, വക്കഫ് ബോർഡിന്റെയും മാത്രം ഉത്തരവാദിത്വമായി ചുരുങ്ങണം എന്ന് ആഗ്രഹിക്കുന്ന എത്ര മുസ്‌ലിം സ്ത്രീകളുണ്ട്?? തൻ്റെ മകളുടെ സ്ഥിതി അപ്രകാരമായിരിക്കണം എന്ന് കരുതുന്ന എത്ര പിതാക്കന്മാരുണ്ട്?? തൻ്റെ മകളെ മൂന്നുതവണ വിളിച്ചുപറഞ്ഞു വിവാഹബന്ധത്തിൽ നിന്നും വിടുതൽ ചെയ്യിക്കുകയും തുടർന്ന് പുരുഷന് അവൾക്ക് ജീവനാംശം പോലും നല്കാൻ ബാദ്ധ്യസ്ഥനല്ലാതെ അവൾ നിസ്സഹായാവസ്ഥയിൽ എത്താൻ ഏതു പെൺകുട്ടിയോ അവളുടെ പിതാവോ പ്രിയപ്പെട്ടവരോ ആണ് ഇഷ്ടപ്പെടുന്നത്?? Illegitimate ആയി ജനിച്ചുപോയി എന്ന കാരണത്താൽ ഒരു കുട്ടി തൻ്റെ മുൻഗാമികളുടെ സ്വത്തിൽ യാതൊരു അവകാശവും ഇല്ലാതാകുന്നവനാകുന്നതിലെ നീതി എന്താണ്?? പിതാവിൻെറ സ്വത്തിൽ മകനുള്ളതിന്റെ പാതി അവകാശത്തിനു പോലും മകൾക്ക് അവകാശമില്ലാത്ത അവസ്ഥയെ എങ്ങനെ ന്യായീകരിക്കപ്പെടും?? തൻ്റെ സ്വത്തിൽ പിതാവിനോ, മാതാവിനോ, മകനോ, മക്കൾക്കോ അപ്പുറം ബന്ധു ജനങ്ങളുടെ നീണ്ട നിര അവകാശികളാകുന്നതിനെ എത്ര ഇസ്ളാം വിഭാഗക്കാർ ഇഷ്ട്ടപ്പെടുന്നുണ്ട്?? അനേകം ഇസ്‌ലാമിക ദമ്പതികൾ 'സ്പെഷ്യൽ മാര്യേജ് ആക്ട്' പ്രകാരം വീണ്ടും വിവാഹം നടത്തുന്ന നിരന്തരമായ കാഴ്ച മുസ്ളീം പിന്തുടർച്ചാനിയമങ്ങളിലെ സമുദായത്തിനുള്ളിൽ നിന്നുതന്നെയുള്ള അപ്രീയമാണ് വെളിവാക്കുന്നത്... സംഭവിക്കേണ്ടിയിരുന്നത് ഇസ്ളാം വിഭാഗത്തിൽ നിന്നുതന്നെ ആത്മാഭിമാനമുള്ള സ്ത്രീകളും, വ്യക്തിത്വങ്ങളും  മുന്നോട്ടുവന്ന് വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കണമെന്നും, ഏകീകരിക്കപ്പെടണമെന്നും ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്... എന്നാൽ അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല മതത്തിന്റെ പേരിൽ സർവാധീശത്വവും തങ്ങളിലായിരിക്കണം എന്ന് ആവശ്യപ്പെടുന്ന മത - രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ പിടിയിലേക്ക് വീണ്ടും വീണ്ടും അവർ നിശബ്ദരായി ഒതുങ്ങി ഇരുന്നു കൊടുക്കുന്ന കാഴ്ച്ച അത്ഭുതം ഉളവാക്കുന്നു... ഇപ്രകാരമുള്ള ഒരുപാട് സ്വാഭാവീക നീതിയുടെ നഗ്നമായ ലംഘനങ്ങൾ വ്യക്തി നിയമങ്ങൾ എന്ന പേരിൽ വെച്ച് പുലർത്തുന്നു എങ്കിൽ അവയെല്ലാം തൂത്തറിയാൻ നമ്മൾ എഴുപത്തി അഞ്ചു വര്ഷം വൈകി എന്നാണ് കാണേണ്ടത്... വ്യക്തി നിയമങ്ങളുടെ അടിമച്ചങ്ങലയിൽ കോർത്തുവലിക്കാൻ വെമ്പിനിൽക്കുന്ന മത- രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് ലക്‌ഷ്യം സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്... ഇക്കൂട്ടർക്ക് സമൂഹത്തിന്റെ ഉന്നമനമോ രാഷ്ട്രത്തിന്റെ പുരോഗതിയൊ ഒന്നും തന്നെ ഒരു വിഷയമേ അല്ല... 

     രാഷ്ട്രീയമായ നിലനിൽപ്പ് മാത്രമാണ് തങ്ങൾക്ക് പ്രധാനമെന്ന് കോൺഗ്രസ് ഒരിക്കൽ തെളിയിച്ചതാണ്... സെക്ഷൻ 125 CrPC എല്ലാവർക്കും ബാധകമാണെന്ന നിലയിൽ 1985 ൽ ഷാഹ് ബാനോ കേസ്സിൽ സുപ്രീം കോടതി മുസ്ളീം ഡിവോഴ്സ്ഡ് വനിതയായ  ഷാഹ് ബാനോവിന് ജീവനാംശം അനുവദിച്ചുകൊണ്ട് ഉത്തരവായതിനെ കൊണ്ഗ്രെസ്സ് നേരിട്ടത് എങ്ങനെയായിരുന്നു എന്ന് നമ്മൾ കണ്ടതാണ്... കോടതി വിധിയെ മറികടക്കാൻ വേണ്ടി നിയമനിർമ്മാണം തന്നെ നടത്തി,  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം ജീവനാംശത്തിന് അർഹതയില്ല എന്ന മത നിയമത്തെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു കൊടുത്തു...  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം മൂന്നുമാസ്സം മാത്രം ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹത ഉള്ളൂ എന്നും അതിനു ശേഷം ബന്ധുക്കളോ അതല്ല വക്കഫ് ബോർഡോ സംരക്ഷണം നൽകണം എന്നും നിയമത്തിൽ വിവക്ഷിച്ചു... അന്ന് മുസ്ളീം വോട്ടുബാങ്ക് മാത്രം മുൻനിർത്തി രാജീവ് ഗാന്ധി അങ്ങനെ ഒരു നിയമ നിർമ്മാണം നടത്തി കോടതി വിധിയെ അസ്ഥിരപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മുസ്ളീം വനിതകളുടെ സംരക്ഷണത്തിലേക്ക് നടത്തുന്ന വലിയ ഒരു ചുവട് വെയ്പ്പ് ആകുമായിരുന്നു ആ വിധി... കോടതി വിധിയെ നിയമനിർമ്മാണം കൊണ്ട് മറികടന്നതുവഴി എന്ത് ഉന്നമനമാണ് മുസ്ളീം വനിതകൾക്ക് ഉണ്ടായത് എന്ന ചോദ്യത്തിന് കൊണ്ഗ്രെസ്സ് എന്ത് ഉത്തരം പറയും...?? തങ്ങൾക്ക് മുസ്ളീം മതപ്രഭുക്കന്മാരെ പ്രീണിപ്പിച്ചു വോട്ടുനേടി അധികാരം നിലനിർത്തണം എന്നതിനപ്പുറം കാതലായ ഒരു വിശദീകരണവും കോൺഗ്രസിന് തരാനുണ്ടാകില്ല എന്നതാണ് വസ്തുത... നീണ്ട മുപ്പത്തി അഞ്ചു വർഷങ്ങൾക്കിപ്പുറം ചില കോടതി വിധികളുടെ അടിസ്ഥാനത്തിൽ അല്പ്പം നിലാവെളിച്ചം കടന്നു കൂടിയതല്ലാതെ ജനപ്രതിനിധി സഭകൾ എന്ത് പുരോഗമനപരമായ നിയമനിർമ്മാണമാണ്‌ മുസ്‌ളീം വനിതകൾക്കായി നടത്തിയിട്ടുള്ളത്?? ഒരു സമൂഹത്തിലെ വനിതകളോട് ആകമായി ചെയ്ത ചതിക്ക് മാപ്പു പറയുന്നതിന് പകരം അതേ മതനിയമങ്ങൾക്കുള്ളിൽ ഒരു സമുദായത്തിലെ സ്ത്രീകളെ ആകമാനം തളച്ചിടാനാണ് കോൺഗ്രസ്സും പ്രതിപക്ഷപാർട്ടികളും ഇന്നും ശ്രമിക്കുന്നത്...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ Marriage, Adoption, Succession എന്നതിനപ്പുറവും മറ്റു ചില കാര്യങ്ങളിൽക്കൂടി സമഗ്രമായ മാറ്റങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്... അതിൽ ഒരു ഉദാഹരണമാണ് PROHIBITED DEGREE OF RELATIONSHIP... [വിവാഹം കഴിക്കുന്നതിന് നിയമപരമായ വിലക്കുകളുള്ള ബന്ധങ്ങൾ] സഹോദരൻ സഹോദരിയെ, സഹോദരന്റെ മകളെ, ഗ്രാൻഡ് മകളെ, മാതാവിന്റെ സഹോദരങ്ങളുടെ മക്കളെ, പിതാവിന്റെ സഹോദരങ്ങളുടെ മക്കളെ, അനന്തരവളെ, അങ്ങനെ അടുത്ത രക്ത ബന്ധത്തിൽ ഉള്ള ആൾക്കാരുമായുള്ള വിവാഹം നിലവിലെ വ്യക്തി നിയമങ്ങൾ തന്നെ അനുവദിക്കുന്നില്ല... എന്നാൽ CUSTOM നിലനിൽക്കുന്നുണ്ടെങ്കിൽ സാധുത നല്കുന്നുമുണ്ട്... ഉദാഹരണമായി പറഞ്ഞാൽ  സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിലുള്ള വിവാഹം  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... എന്നാൽ കേരളത്തിൽ മുറപ്പെണ്ണ് സമ്പ്രദായം നിലനിക്കുന്നതിനാൽ നിയമപരമായി തെറ്റാകുന്നില്ല... അതുപോലെതന്നെ സഹോദരിയുടെ മകൾ  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... പക്ഷെ തമിഴ് നാട്ടിലെ CUSTOM അനുസരിച്ചു 'മുറൈ മാമൻ' സമ്പ്രദായം നിലനിൽക്കുന്നതിനാൽ അവിടെ  PROHIBITED DEGREE OF RELATIONSHIP അടിസ്ഥാനത്തിൽ വിവാഹം തടയപ്പെടുന്നില്ല... ക്രിസ്ത്യൻ വ്യക്തി നിയമത്തിൽ PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന യാതൊരു വിവാഹവും അനുവദിക്കുന്നില്ല...  ഇത്തരം കാര്യങ്ങളിൽ ഏകീകൃത സിവിൽ നിയമങ്ങൾ എപ്രകാരമാണ് ഏകീകൃത സ്വഭാവം കൊണ്ട് വരുന്നത് എന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്... ഏകീകൃതമായി PROHIBITED DEGREE OF RELATIONSHIP ന് നിയമനിർമ്മാണം നടത്തിയാൽ CUSTOM അനുവദിക്കാൻ കഴിയാതെ വരും... CUSTOM അനുസരിച്ചു ഇളവുകൾ അനുവദിച്ചാൽ നിയമത്തിന് ഏകീകൃത സ്വഭാവം ഇല്ലാതെവരും... PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന വിവാഹങ്ങൾക്കെല്ലാം നിയമ പ്രാബല്യം ഇല്ല എന്ന് വന്നാൽ ആ ഒരു ഭാഗം നടപ്പിലാക്കുന്നതിന് കുറഞ്ഞത് പത്തുവർഷത്തെ കാലതാമസം എങ്കിലും അനുവദിക്കേണ്ടിവരും... വിവാഹം നിശ്ചയിച്ചവരും, പ്രണയബന്ധത്തിൽ തുടരുന്നവരും ഏകീകൃത സിവിൽ നിയമങ്ങൾ നിലവിൽ വന്നതിനാൽ പിന്മാറാൻ നിർദ്ദേശിക്കാൻ കഴിയില്ലല്ലോ? നിയമം  PROHIBITED DEGREE OF RELATIONSHIP ഉള്ളിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചേതീരൂ എന്ന് നിർബന്ധിക്കാത്തിടത്തോളം കാലം ഈ വിലക്ക് കർശനമായി പാലിക്കുന്ന മതവിഭാഗങ്ങൾക്ക് അതൊരു വിഷയവും ആകുന്നില്ല...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ മതപരമായ ആചാരങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല എന്ന് തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്... ഉദാഹരണത്തിന് വിവാഹത്തിന്റെ നിയമപരമായ വശങ്ങളാണ് നിയമം സംസാരിക്കുന്നത്... മറിച്ചു വിവാഹത്തിന്റെ ആചാരങ്ങളെ അല്ല... ഉദാഹരണത്തിന് മുസ്ളീം വിവാഹത്തിൽ "മഹർ" നൽകുന്നതിനെ നിയമം എതിർക്കില്ല... താലികെട്ടിയോ, മിന്നു കെട്ടിയോ, മറ്റേതെങ്കിലും നിലനിൽക്കുന്ന CUSTOM മുഖേനയോ SOLAMNIZE ചെയ്യുന്ന മതാചാര വിവാഹങ്ങളിലേക്ക് ഏകീകൃത സിവിൽ നിയമങ്ങൾ കൈകടത്താനേ പോകുന്നില്ല... പക്ഷേ ഈ വിധമായ RELIGIOUS CUSTOM അനുവർത്തിക്കാത്ത വിവാഹങ്ങൾക്കും നിയമ പ്രാബല്യം ഉണ്ടായെന്നു വരാം... മഹർ നൽകിയുള്ള വിവാഹത്തെ ഏകീകൃത സിവിൽ നിയമങ്ങൾ എതിർക്കില്ല പക്ഷെ മഹർ നല്കാതെയുള്ള വിവാഹത്തിനും നിയമപ്രാബല്യം ഉണ്ടായെന്നു വരാം...  

     ഒരു രാജ്യം ഒരൊറ്റ നിയമം എന്നത് രാജ്യത്തിന്റെ ശോഭയെ വര്ധിപ്പിക്കുകയേ ഉള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... മതം വിശ്വാസ്സങ്ങൾക്കും, ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും വേണ്ടിയുള്ളതാണ്... മതം ഒരിക്കലും നിയമത്തിലേക്കും ഭരണ നിർവഹണത്തിലേക്കും കടന്നുവരരുത്... മതം നിയമ പ്രാബല്യമുള്ള ഒന്നിന്റെയും സ്വാധീനശക്തി ആകാൻ പാടില്ല... ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളെ ബഹുമാനിച്ചുകൊണ്ട്ഏകീകൃത സിവിൽ നിയമങ്ങളെ സർവാത്മനാ നമുക്ക് സ്വാഗതം ചെയ്യാം...

[Rajesh Puliyanethu

 Advocate, Haripad]

Wednesday, 23 November 2022

'അന്ധ' വിശ്വാസ്സവും,, 'കണ്ട' വിശ്വാസ്സവും,, ഭാവനാ നിയമങ്ങളും ....!!??


       'അന്ധ' വിശ്വാസ്സങ്ങളും,, 'കണ്ട' വിശ്വാസ്സങ്ങളും നമ്മൾ വെച്ച് പുലർത്താറുണ്ട്... നേരിട്ട് കണ്ടതിനുശേഷമോ, അനുഭവേദ്യമായതിനു ശേഷം മാത്രമോ  വിശ്വസ്സിക്കുകയും, ആ വിശ്വാസത്തെ വെച്ച് പുലർത്തുകയും ആ വിശ്വാസത്തിനനുസ്സരിച്ചു ജീവിക്കുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് 'കണ്ട' വിശ്വാസ്സം... മറിച്ചുള്ളതെല്ലാം 'അന്ധ' വിശ്വാസമാണ്... ഒരുവന് സ്വയം ബോധ്യമോന്നുമില്ലാതെതന്നെ മറ്റുള്ളവന്റെ ബോധ്യത്തെ വിശ്വസിച്ചോ, ആർക്കും ബോധ്യമില്ലാത്തതിനെ 'വിശ്വാസ്സം' എന്ന പേരിലോ 'പലരും വിശ്വസ്സിക്കുന്ന ഒന്ന്' എന്ന നിലയിലോ വിശ്വസ്സിക്കുന്നതും പിൻതുടരുന്നതും എല്ലാം 'അന്ധ' വിശ്വാസ്സങ്ങളുടെ ഗണത്തിൽപ്പെടുത്താൻ കഴിയും... നമ്മുടെ വിശ്വാസ്സങ്ങളിൽ ഭൂരിഭാഗവും 'അന്ധ' വിശ്വാസ്സങ്ങൾ ആണെന്ന് പറയേണ്ടി വരും... മറ്റൊരുവൻ പരീക്ഷണ നിരീക്ഷണങ്ങളിൽക്കൂടി തിരിച്ചറിഞ്ഞതാണെങ്കിലും നമ്മൾ സ്വയം ആ വിഷയത്തിൽ തിരിച്ചറിവില്ലാതിരിക്കുകയും, മറ്റൊരുവന്റെയോ ഒരു കൂട്ടത്തിന്റെയോ തിരിച്ചറിവുകളെ അവർ തിരിച്ചറിഞ്ഞത് എന്ന നിലയിൽ നമ്മോട് പറഞ്ഞു തരുന്നത് നമ്മൾ വിശ്വസ്സിക്കുന്നതും 'അന്ധ' വിശ്വാസ്സത്തിൻറെ ഗണത്തിൽപ്പെടുത്തണം എന്നാണ് എൻ്റെ പക്ഷം... കാരണം അവിടെ കണ്ടതും, അനുഭവേദ്യമായതും, ബോധ്യപ്പെട്ടതും നമുക്കല്ല... മറ്റൊർക്കോ ആണ്... അവിടെ നമ്മുടെ നില അന്ധന്റെതാണ്... ആധുനിക ശാസ്ത്ര വിഷയങ്ങളിൽ പലതിലും നമ്മൾ വിശ്വാസ്സം പുലർത്തുന്നുണ്ട്... ആ വിഷയങ്ങളെക്കുറിച്ചു് നേരിട്ട് അറിവോ ബോധ്യമോ ഇല്ലാത്ത ഒരുവൻ മറ്റൊരുവന്റെ കണ്ടെത്തലിനെ വിശ്വസിച്ചു മുൻപോട്ടു പോകുമ്പോൾ അതും ആ ഒരുവനെ സംബന്ധിച്ചിടത്തോളം അന്ധമായ വിശ്വാസ്സമാണ്‌... അത്തരം വിശ്വാസ്സ രീതികൾ തെറ്റാണെന്നു സമർഥിക്കാൻ യാതൊരു ശ്രമവും ഞാൻ നടത്തുന്നില്ല... അപ്രകാരമുള്ള വിശ്വാസ്സ ക്രമങ്ങളെ പിന്തുടരാതെ നമുക്ക് മുൻപോട്ടു പോകുവാൻ സാധ്യവുമല്ല... പക്ഷെ ഈ വിധത്തിലുള്ള ഭൂരിഭാഗം നമ്മുടെ വിശ്വാസ്സങ്ങളും "അന്ധ" മായ വിശ്വാസ്സങ്ങളാണെന്ന് സമ്മതിച്ചു  തന്നേ മതിയാകൂ എന്ന് മാത്രം... എല്ലാം സ്വയം കണ്ടു തിരിച്ചറിഞ്ഞു വിശ്വസ്സിക്കുന്നവനാണ് ആധുനിക- പുരോഗമന- വിദ്യാസമ്പന്നനായ- മനുഷ്യൻ എന്ന് ഊറ്റം കൊള്ളുകയുമരുത്... നമുക്ക് സ്വയം ബോധ്യമില്ലാത്ത പലതിനെയും സ്വയം പരീക്ഷിച്ചു ബോധ്യപ്പെട്ട് വിശ്വസ്സിക്കുന്നവനെന്ന് വിശ്വസ്സിക്കുന്ന അന്ധവിശ്വാസ്സിയാണ് ആധുനിക മനുഷ്യൻ... 

       വിശ്വാസ്സങ്ങൾ എന്ന് പറയുന്നത് ഒരുവന്റെ പരമസ്വാതന്ത്ര്യങ്ങളിൽപ്പെ ടുന്നതാണ്... അത് അന്ധമായി വിശ്വസ്സിക്കുന്നതായാലും മറിച്ചു് ആധുനിക ശാസ്ത്രവിശദീകരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായാലും;; വിശ്വസ്സിക്കുക എന്നത് ഒരുവന്റെ സ്വയം ചിന്തയുടെയും, യുക്തിയുടെയും സ്വാതന്ത്ര്യമാണ്... അതിലേക്ക് കടന്നു കയറാൻ മറ്റൊരുവനും യാതൊരു അധികാര അവകാശങ്ങളുമില്ല... ശാസ്ത്ര വിശദീകരണങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പോലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്... അതുപോലെ യാതൊരു നേരനുഭവത്തിന്റെ പിന്തുണയില്ലാത്തവയെ വിശ്വസ്സിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്... വിശ്വാസ്സം ചിന്തയുടെ ഉല്പന്നമാണ്... ഒരുവന്റെ ചിന്തയുടെ ഉൽപ്പന്നത്തെ മോശമെന്ന് മറ്റൊരുവൻ പറയുന്നത് അവൻ്റെ ചിന്തയുടെ ഉൽപ്പന്നത്തോട് താരതമ്യം ചെയ്തുകൊണ്ടാണ് എന്നതാണ് വസ്തുത... അവിടെ എൻ്റെ സന്താനം നല്ലതെന്നും നിന്റെ സന്താനം മോശം എന്നും പറയുന്നത് പോലെയുള്ള മ്ലേശ്ചതയുണ്ട്... ചിന്തയുടെ ഉല്പന്നത്തെ വിലക്കാൻ ആർക്കാണ് സാധിക്കുക!!? ഏറിയാൽ ബോധവൽക്കരണം എന്ന പേരിൽ ഒരുവന് തൻ്റെ ചിന്തയുടെ ഉൽപ്പന്നമാണ് ശരി എന്ന നിലയിൽ മറ്റൊരുവനോട് സംസ്സാരിക്കാം... അതും ശ്രോതാവ് അസ്വസ്ഥമായി  തുടങ്ങുന്ന നിമിഷം വരെ മാത്രം... തുടർന്നാൽ അതാണ് 'ന്യൂയിസൻസ്' എന്ന കുറ്റമാകുന്നത്... 

       വിശ്വാസ്സങ്ങളെ വിലക്കാൻ കഴിയില്ലെങ്കിലും വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ വിലക്കാൻ സാധിക്കും... പക്ഷെ അതിനും പരിമിതികളുണ്ട്... വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിയമങ്ങൾക്കും, ഭരണഘടനക്കും എതിരും, മറ്റുള്ളവന്റെ സ്വൈര്യ ജീവിതത്തെ ബാധിയ്ക്കും വിധം ദോഷകരമാകുമ്പോഴും മാത്രമാണ് വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ വിലക്കാൻ സാധിക്കുന്നത്... അല്ലാത്തപക്ഷം വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തികൾ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിരക്ഷക്കുള്ളിൽ നിലകൊള്ളുന്ന ഒന്നായിരിക്കും... 

       യുക്തിവാദികൾ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്ന പല കുഞ്ഞിക്കൂനന്മാരും പലവിധത്തിലുള്ള അന്ധവിശ്വാസ്സങ്ങൾ വെച്ച് പുലർത്തുന്നതായികാണാം... കണ്ണുതുറന്നു പിടിച്ചു് സമൂഹത്തിലേക്ക് നോക്കിയാൽ നമുക്ക് വ്യക്തമായി അത് മനസ്സിലാക്കുന്നതിനും കഴിയും... മുൻപ് പറഞ്ഞ വിജ്ഞാനലോകത്തെ തിരിച്ചറിവുകൾ പലതും നമുക്ക് അന്ധമായ വിശ്വാസ്സമാണെന്നും അത്തരം വിശ്വാസ്സങ്ങൾ നിറഞ്ഞതാണ് ഈ സമൂഹം എന്നും പറഞ്ഞതുപോലെ "ഒരുവന്റെ ഭാഗ്യം" എന്ന രീതിയിൽ പല സംഗതികളെക്കുറിച്ചും വിശദീകരിക്കത്തക്ക അടിസ്ഥാനകാരണങ്ങളില്ലാതെ ചിന്തിക്കുന്ന അന്ധവിശ്വാസ്സികൾ നിറഞ്ഞതു കൂടിയാണ് ഈ സമൂഹം...  മുൻപ് പറഞ്ഞതുപോലെ വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിയമങ്ങൾക്കും, ഭരണഘടനക്കും എതിരും, മറ്റുള്ളവന്റെ സ്വൈര്യ ജീവിതത്തെ ബാധിയ്ക്കും വിധം ദോഷകരമാകുമ്പോഴും മാത്രമാണ് ഈ വിധമായ ഭാഗ്യാന്വേഷികളുടെ അന്ധമായ വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ മറ്റൊരുവന് ചോദ്യംചെയ്യാൻ പോലും സാധിക്കുന്നത്... 

       ലോകം കണ്ട ഏറ്റവും വലിയ ഫിലോസഫർമാരിൽ ഒരുവനും, ഭാരതത്തിന്റെ രാഷ്ട്രപതിയുമായിരുന്ന ഡോ. രാധാകൃഷ്ണൻ രാവിലെ പരുന്തിനെ കണ്ടതിനു ശേഷം മാത്രമേ ജലപാനം ചെയ്തു വന്നിരുന്നുള്ളു... പരുന്തിനെ കണ്ടതിനു ശേഷം മാത്രം ജലപാനം ചെയ്യുന്ന ശീലം തനിക്ക് നല്ലതു കൊണ്ടുവരും എന്ന അദ്ദേഹത്തിൻ്റെ ചിന്തയെ ചോദ്യം ചെയ്യാനോ വിലക്കാനോ ആർക്കും അധികാരമില്ല... സച്ചിൻ ടെണ്ടുൽക്കർ ആദ്യം ഇടതുകാലിൽ പാഡ് കെട്ടുന്ന ശീലക്കാരനായിരുന്നു... തൻ്റെ ഊഴം വരെ ഹെൽമെറ്റ് ധരിച്ചു് ഡ്രസ്സിങ് റൂമിൽ ഇരിക്കുന്ന പതിവുണ്ടായിരുന്ന ആളായിരുന്നു... ഈ ശീലങ്ങൾ കളിയിൽ തനിക്ക് നല്ല അനുഭവങ്ങൾ കൊണ്ടുവരും എന്ന് അദ്ദേഹം വിശ്വസ്സിച്ചിരുന്നു... ആ വിശ്വാസ്സങ്ങളെ തുറന്നു സമ്മതിക്കുന്നതിന് അദ്ദേഹം ഡോ. രാധാകൃഷ്ണനെപോലെതന്നെ വിമുഖത കാട്ടിയിരുന്നില്ല... 'വിശ്വാസ്സം' എന്നതിനപ്പുറം യാതൊരു വിശദീകരണങ്ങളും നല്കാനില്ലാത്ത ഈവിധ ശീലങ്ങളെ എതിർക്കാനോ, വിലക്കാനോ, ചോദ്യം ചെയ്യാനോ ആർക്കും സ്വാതന്ത്ര്യമില്ല എന്നതാണ് സത്യം... വിമർശിക്കുക എന്ന രണ്ടാമന്റെ സ്വാതന്ത്ര്യത്തിനപ്പുറം ഒന്നും തന്നെ പ്രവർത്തനയോഗ്യമല്ല... അതിനപ്പുറം പ്രവർത്തികൾക്ക് ആരെങ്കിലും ശ്രമിച്ചാൽ ഭരണഘടനയുടെ പരിരക്ഷ ഈ "അന്ധ" വിശ്വാസ്സികൾക്കായിരിക്കും ലഭിക്കുക... 

       അന്ധവിശ്വാസ്സങ്ങൾ എന്ന് ഉച്ചരിക്കുമ്പോൾത്തന്നെ പ്രാകൃതമായ എന്തോ ഒന്ന് എന്ന ചിന്തയാണ് ആദ്യം ഉണ്ടാകുന്നത്... അതിനാലാണ് ജീവിതത്തിലെ വിശ്വാസ്സങ്ങളിൽ ഭൂരിഭാഗവും അന്ധമായി മാത്രം വിശ്വസിക്കുന്ന നമ്മുടെ സമൂഹം "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ മ്ലേശ്ചമായ എന്തോ ഒന്നിന്റെ രുചി നുണയുന്നത്... അതിൽ പലതും ഭാഗ്യാന്വേഷികൾ തങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കുറ്റകൃത്യങ്ങളുടെ ഭാഗമായി രൂപം കൊണ്ടതാകാനാണ് സാധ്യത... അന്ധവിശ്വാസ്സങ്ങൾ ഒരിക്കലും വികസ്വര രാജ്യങ്ങളുടെയോ, അവികസിത രാജ്യങ്ങളുടെയോ മാത്രം പ്രത്യേകതയല്ല... "SUPERSTITION" എന്ന സാമാന അർത്ഥമുള്ള ഒരു വാക്ക് ആംഗ്ലേയ ഭാഷയിൽ  കേൾക്കുമ്പോൾ "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്ക് കേൾക്കുമ്പോൾ ഉണ്ടാകുന്ന അതേ പ്രാകൃത ചിന്ത ഉണ്ടാക്കുന്നില്ല... "SUPERSTITION" എന്ന സമാന അർഥമുള്ള വാക്ക് കേൾക്കുമ്പോൾ ഒരു 'സ്വഭാവരീതി' എന്നതിനപ്പുറം തുടച്ചുമാറ്റപ്പെടേണ്ടത് എന്ന ചിന്ത ആരിലും ഉയരുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്... 

       "അന്ധവിശ്വാസ്സങ്ങൾ" എന്നതിന്റെ പേരിൽ മുൻകാലങ്ങളിൽ നടന്നിരുന്ന ചില ആചാരങ്ങൾ ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാൻ കഴിയാതെ വന്നതാണ് അന്ധവിശ്വാസ്സങ്ങളെ ആകമാനം പ്രതിക്കൂട്ടിൽ നിർത്താൻ  കാരണം... അതിൽ ഒരു ഉദാഹരണമാണ് "ബലി"...  മുൻകാല രാജാക്കന്മാർ യുദ്ധത്തിന് പോകുന്നതിനു മുൻപ് ബലി നടത്തിയുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്... തങ്ങളുടെ ദേവതക്ക് അർപ്പിക്കുന്ന രീതിയിലാണ് ബലികൾ ചിട്ടപ്പെടുത്തിയിരുന്നത്... ബലി മൃഗങ്ങളിൽ മനുഷ്യരും ഉൾപ്പെട്ടിരുന്നു എന്നത് സത്യവുമാണ്... അവിടെ ശരിയായി നടക്കു ന്നതെന്താണ്? യുദ്ധമുഖത്തേക്ക് പോകുന്ന ഓരോ യോദ്ധാവും തനിക്കു സ്വയം ആയിരങ്ങളെ കൊന്നുതള്ളാനുള്ള കഴിവും വീര്യവും ഉള്ളവനാകണമെന്ന മാനസ്സിക അവസ്ഥയിൽ നിൽക്കുന്ന സമയമാണ്... അവിടെ എത്രയുമധികം ഒഴുകുന്ന ശത്രുവിന്റെ ചോരമാത്രമാണ് ലക്‌ഷ്യം... സാധാരണമായ സാമൂഹീക ജീവിതവും, വ്യവസ്ഥയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്ത അവസ്ഥ... തൻ്റെ ദേവതക്ക് നൽകുന്നത് എന്ന പേരിൽ ഓരോ യോദ്ധാവിൻറെയും മനോവീര്യത്തെയും, കൊല്ലാനുള്ള ത്വരയെയും  ഉണർത്താനാണ് ബലീ നടത്തി വന്നത്... ആ അവസ്ഥയിൽ സൈനികർക്കുള്ള സൈക്കോളജിക്കൽ ട്രീറ്റ്‌മെന്റ് എന്നനിലനിൽ ആ പ്രവർത്തിക്കു ന്യായീകരണങ്ങളുണ്ട്... ഇന്നും പല രാജ്യങ്ങളുടെയും പട്ടാള റെജിമെന്റുകൾ യുദ്ധത്തിന് മുൻപ് സൈനികരുടെ 'കൊല്ലാനുള്ള മടി' ഒഴിവാക്കാനുള്ള സൈക്കോളജിക്കൽ ട്രീറ്റ്‌മെന്റ് എന്ന നിലയിൽ ബലികൾ നടത്തുന്നു എന്നാണറിവ്... 

       ഇതേ രാജാവ് ബലി നൽകിയതിന് ശേഷം നടത്തിയ പോരാട്ടവിജയം ബലീ നല്കിയതിലുള്ള തൻ്റെ ദേവതയുടെ പ്രസാദമായി ചിന്തിച്ചു തുടങ്ങുമ്പോൾ ആ ചിന്ത സമൂഹത്തിനു ദ്രോഹമായി മാറുന്നു... കാരണം രാജാവ് പരമാധികാരിയാണ്... പോരാട്ടവിജയം ബലീ നല്കിയതിലുള്ള തൻ്റെ ദേവതയുടെ പ്രസാദമായി കരുതുന്ന രാജാവ് തൻ്റെ ഏതൊരു ആഗ്രഹത്തെയും സഫലമാക്കുന്നതിനുള്ള പ്രവർത്തികൾ ബലിയോടെ ആരംഭിക്കാൻ തുടങ്ങി... സമാനമായ ഒരുപാട് പ്രവർത്തികൾ സമൂഹത്തിന് ദുഃഖവും, ദുരിതവും വിതച്ചപ്പോൾ രാജാവിന്റെ അല്ലെങ്കിൽ പ്രമാണിയുടെ ഈവിധമായ പ്രവർത്തനങ്ങളെ പൊതുസമൂഹം "അന്ധവിശ്വാസ്സങ്ങൾ" എന്ന ശീർഷ കത്തിന് കീഴിലാക്കുകയും ഭയക്കാനും, വെറുക്കാനും കാരണമാവുകയും ചെയ്തു... ഭാഗ്യാന്വേഷികളുടെ കുറ്റകരവും, സാമൂഹിക ദ്രോഹപരമായ പ്രവർത്തികളെ  "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്കിനോടു തന്നെ ചേർത്തുവെച്ചു് സമൂഹം വെറുക്കാൻ തുടങ്ങി... വെറുപ്പിന് കരണമാകേണ്ടത് വിശ്വാസ്സങ്ങളിലെ 'അന്ധത' യാണോ അതല്ല വിശ്വാസ്സത്തോട് ചേർത്തുചെയ്യുന്ന കുറ്റ- ദ്രോഹ പ്രവർത്തനങ്ങളാണോ എന്ന് ഇഴകീറി പരിശോധിക്കപ്പെട്ടില്ല എന്ന പോരായ്മയുമുണ്ട്...!

       കേരളത്തിലെ ചില അനിഷ്ട സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ അന്ധവിശ്വാസ്സങ്ങളെ  ഉന്മൂലനം ചെയ്യാൻ നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിക്കുന്നു എന്ന വാർത്തകൾ വരുന്നു... സമൂഹത്തിൽ നടക്കുന്ന ചില ക്രൂരകൃത്യങ്ങളോടുള്ള അമർഷം എന്ന നിലയിലാകാം പലരും പറഞ്ഞു തീരുന്നതിനു മുൻപുതന്നെ പ്രസ്തുത നിയമത്തിന് പിന്തുണ അറിയിക്കുന്നതും കണ്ടു...!! പക്ഷെ പ്രായോഗീക തലത്തിൽ അതെത്രത്തോളം സകാരാത്മകമായി പ്രവർത്തിക്കും എന്നതിൽ പൊതുസമൂഹം സംശയവും ഉയർത്തുന്നുണ്ട്‌... ആദ്യപാദ വരികളിൽ ഉയർത്തിയ സംശയം ഞാൻ ആവർത്തിക്കുകയാണ്... ഒരു വിശ്വാസ്സത്തെ എങ്ങനെ നിയമം മൂലം വിലക്കാനോ, നിയന്ത്രിക്കാനോ കഴിയും!?? ക്രൂരവും, നിന്ദ്യവുമായ ഒരു വിശ്വാസ്സമാണ് ഒരാൾ വെച്ച് പുലർത്തുന്നത് എന്ന് സമ്മതിച്ചാൽത്തന്നെ;; അതേ ക്രൂരവും, നിന്ദ്യവുമായ വിശ്വാസ്സത്തിൻറെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമായ ഒരു പ്രവർത്തിയിലേക്ക് അയാൾ കടക്കുന്നതുവരെ അയാളെ എങ്ങനെ നിയമത്തിൻ്റെ ശക്തികരങ്ങൾക്കുള്ളിലാക്കും എന്നതാണ് എൻ്റെ സംശയം? ഒരുവൻ ശക്തമായും, ദൃഢമായും വിശ്വസ്സിക്കുകയാണ് ഒരു നരബലി നടത്തിയാൽ തനിക്ക് സ്വർഗ്ഗരാജ്യം ലഭിക്കും... മറ്റൊരുവൻ വിശ്വസ്സിക്കുന്നു; തൻ്റെ മതത്തിൽ വിശ്വസിക്കാത്ത ഒരുവനെയോ, തൻ്റെ ദൈവത്തെ ബഹുമാനിക്കാത്തവനെയോ കൊന്നാൽ സ്വർഗ്ഗം ലഭിക്കും... ഇത്തരം മ്ലേശ്ചമായ വിശ്വാസ്സങ്ങൾ പോലും സ്വന്തം മനസ്സിലെ വിശ്വാസ്സങ്ങളായി മാത്രം സൂക്ഷിക്കുന്നവനെ എങ്ങനെ നിയമം കണ്ടെത്തും, കുറ്റം സ്ഥാപിക്കും, തെളിയിക്കും, ശിക്ഷനടപ്പിലാക്കും!!?? "അന്ധവിശ്വാസ്സങ്ങൾ" എന്നതിനെ പൊതുസമൂഹത്തിന്റെ ചിന്തയിൽ മതങ്ങളുമായും,, ഈശ്വര ചിന്തയുമായും,, ആചാരങ്ങളുമായും ചേർത്തുവച്ചു  മാത്രം ചിന്തിപ്പിക്കാൻ കാലങ്ങളായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്ന് കാണണം... നിരീശ്വരവാദികളും, യുക്തിചിന്തകരും, സ്വയം പുരോഗമന പ്രസ്ഥാനങ്ങൾ എന്ന് മേനി പറഞ്ഞു നടക്കുന്നവരും ചേർന്ന് വിശ്വാസമാണോ  പ്രവർത്തിയാണോ കുറ്റകരമായത് എന്ന് അപഗ്രഥിക്കാതെയും, സമൂ ഹത്തിനെ അതിനനുവദിക്കാതെയും മതങ്ങളുമായും,, ഈശ്വര ചിന്തയുമായും,, ആചാരങ്ങളുമായും ചേർന്നതെല്ലാം അന്ധവിശ്വാസ്സങ്ങൾ ആണെന്ന രീതിയിൽ കേവല മനുഷ്യന്റെ ചിന്തയിൽ പ്രക്ഷാളനം നടത്തി അവയെ ഉന്മൂലനം ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്... അത് കേവലം രാഷ്ട്രീയം മാത്രമാണ്... തങ്ങളുടെ പ്രത്യയശാസ്ത്രം സമൂഹത്തിലെ ചില തിക്താനുഭവങ്ങളെ മറയാക്കി നടപ്പിലാക്കുക എന്നതാണ് അവർ ലക്ഷ്യമായി കാണുന്നത്... മറിച്ചു് സമൂഹ നന്മയല്ല എന്നത് സ്പഷ്ടമാണ്... ചിന്തയെയും, ചിന്തയുടെ ഉല്പന്നമായ വിശ്വാസ്സത്തെയും നിയമം കൊണ്ട് വിലക്കുക എന്ന ആശയത്തെ ഭോഷ്ക്ക് എന്ന് വിളിക്കണോ തമാശ എന്ന് വിളിക്കണോ എന്ന ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.. 

       "അന്ധവിശ്വാസ്സങ്ങൾ" നിലനിൽക്കുന്നത് കൊണ്ടാണ് അന്ധവിശ്വാസ്സങ്ങളിൽ നിന്നും കുറ്റകൃത്യങ്ങൾ ജനിക്കുന്നത് എന്ന വാദവും കേട്ടു... ആ വാദഗതിയെ അംഗീകരിച്ചാൽത്തന്നെ ചിന്തയെയും, വിശ്വാസ്സത്തെയും എങ്ങനെ നിയമം  മൂലം നിരോധിക്കും എന്ന സംശയം ഉത്തരം കിട്ടാതെ തന്നെ നിലനിൽക്കുന്നു... ഒരുവന് ഉത്തമ വിശ്വാസ്സമുണ്ട് ബാങ്ക് കവർച്ച ചെയ്താൽ തനിക്ക് ധാരാളം പണം ലഭിക്കും... അല്ലെങ്കിൽ സ്വർണ്ണകടത്തിൽ വാഹകൻ ആയാൽ ധാരാളം പണം ലഭിക്കും... അത് വിശ്വാസമാണ്... പണം ലഭിക്കുമെന്നത് ഉറപ്പാണ്... ഒരു നരബലി നടത്തിയാൽ ഭാഗ്യം സിദ്ധിക്കും എന്ന വിശ്വാസ്സത്തെക്കാൾ ദൃഢത ഈ വിശ്വാസ്സത്തിനുണ്ട്... പക്ഷെ ബാങ്ക് കവർച്ച ചെയ്‌താൽ പണം ലഭിക്കും എന്ന വിശ്വാസ്സം മാത്രം സൂക്ഷിച്ചു യാതൊരു ഒരുക്കങ്ങളും നടത്താതെ ജീവിക്കുന്നവൻ എങ്ങനെ കുറ്റക്കാരനാകും!? നരബലി നടത്തിയാൽ ഭാഗ്യം ലഭിക്കും എന്ന വിശ്വാസ്സം മനസ്സിൽ സൂക്ഷിച്ചു ഒരു മനുഷ്യനെയും നുള്ളി നോവിക്കുക പോലും ചെയ്യാതെ ജീവിക്കുന്ന ഒരുവനെ എങ്ങനെ നിയമം വഴി കുറ്റക്കാരനാക്കാൻ കഴിയും!? അതാണ് അന്ധവിശ്വാസം നിരോധിച്ചു കൊണ്ടുള്ള നിയമം പ്രായോഗികമെല്ലെന്ന് പറയാൻ കാരണം...

       ഒരു നിയമം പാസ്സാക്കുക എന്നത് മാത്രം പ്രായോഗീകമാകുന്നതും എന്നാൽ ഭരണഘടനമൂലം അപ്രായോഗീകവുമാകുന്ന ചിലത്‌ അന്ധവിശ്വാസ്സങ്ങൾ നിരോധിക്കുന്നതിന്റെ പേരിൽ ഒരു സർക്കാരിന് ചെയ്തു വെയ്ക്കാം... "അന്ധവിശ്വാസ്സങ്ങൾ" ളുടെ അടിസ്ഥാനത്തിലുള്ള എല്ലാ കുറ്റകരമായ പ്രവർത്തനങ്ങളും നിരോധിക്കാം... നിലവിലെ ഏതെങ്കിലും ഒരു നിയമം കുറ്റകരമാണെന്ന് പറയുന്ന ഒരു വിഷയത്തിനെതിരായി പ്രവർത്തിക്കുന്നതാണല്ലോ കുറ്റകരമായ പ്രവർത്തി അല്ലെങ്കിൽ "കുറ്റം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്... അങ്ങനെയെങ്കിൽ എന്തിനാണ് ഇനിയും പുതിയ ഒരു നിയമം കൊണ്ട് ആ പ്രവർത്തിയെ വീണ്ടും കുറ്റകരം എന്ന് പറയുന്നത്? ഉദാഹരണമായി പറഞ്ഞാൽ, കൊലപാതകം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്... ഒരു ഭാഗ്യാന്വേഷി തനിക്ക് സമ്പത്തു വന്നുചേരും എന്ന അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു നരബലി നടത്തുന്നു... അവിടെയും മുൻപ് പറഞ്ഞ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 'മർഡർ' എന്ന കുറ്റകൃത്യം നിലനിക്കുമല്ലോ?? ആ കുറ്റകൃത്യത്തിന് മരണശിക്ഷ വരെ നല്കാനും കഴിയും... പുതിയ നിയമത്തിൽക്കൂടി അതിനപ്പുറം എന്ത് ശിക്ഷ നൽകാനാണ്?? വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കുറ്റ കൃത്യത്തിന് നരഹത്യയെ ഉദാഹരണമായി പറഞ്ഞു എന്നെ ഉള്ളൂ... വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന നരഹത്യയുടെ അത്രയും ഗ്രാവിറ്റി ഇല്ലാത്ത കുറ്റകൃത്യങ്ങൾക്കും അതിനനുസരിച്ചുള്ള ശിക്ഷകൾ ഇന്ത്യൻ ശിക്ഷാനിയമം നിലവിൽത്തന്നെ ഉറപ്പുവരുത്തുന്നുണ്ട്... കുറ്റകരമായ പ്രവർത്തിക്കു ഇവിടെ നിലവിൽത്തന്നെ ശിക്ഷ ഉറപ്പു വരുത്തുന്ന നിയമങ്ങളുണ്ട്... കുറ്റകരമായ ഒരു പ്രവർത്തിയെക്കുറിച്ചുള്ള ചിന്ത കുറ്റകരവുമല്ല,, ശിക്ഷ സാധ്യവുമല്ല... 

       നിയമനിർമ്മാണം നടത്തുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത മറ്റു ചിലകാര്യങ്ങളുണ്ട്... "അന്ധവിശ്വാസ്സങ്ങൾ" എന്നത് എന്താണെന്ന് ആദ്യം നിയമത്തിൽ നിർവചിക്കേണ്ടി വരും... അതിനു പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്...  "അന്ധവിശ്വാസ്സങ്ങൾ" ഏതൊക്കെ രീതിയിൽ വിശദീകരിക്കപ്പെടാൻ സാധ്യത ഉണ്ടെന്നുള്ളതിന്റെ സൂചകമായാണ് ഈ എഴുത്തിന്റെ ആദ്യ വരികളിൽ അന്ധവിശ്വാസ്സങ്ങളെക്കുറിച്ചു ചിലതു പറഞ്ഞു പോയത്... പലതരത്തിലുള്ള അന്ധവിശ്വാസ്സങ്ങളുണ്ട്... കുറ്റകരമായ ഒരു പ്രവർത്തിയെക്കുറിച്ചുള്ള അന്ധമായചിന്ത കുറ്റകരവുമല്ല... കുറ്റകരമായ പ്രവർത്തി മാത്രമാണ് കുറ്റകരമാകുന്നത്... അങ്ങനെയെങ്കിൽ അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കുറ്റകരമല്ലാത്ത നിർദോഷകരമായ ഒരു പ്രവർത്തി എങ്ങനെ കുറ്റകരമാകും!!?? നിയമ നിർമ്മാണത്തിന്  പിന്നീട് സാദ്ധ്യമായ ഒരു മാർഗ്ഗം മത- ദൈവീക- ആരാധനാ ക്രമങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്ധമായ ചിന്തയുടെ പിന്തുടർച്ചയായി വരുന്ന പ്രവർത്തികൾ നിയമം മൂലം നിരോധിക്കുക എന്നതാണ്... പ്രസ്തുത രീതിയിൽ നിയമ നിർമ്മാണം നടത്തണമെങ്കിൽ ഭരണഘടന ഉറപ്പുതരുന്ന ഫണ്ടമെന്റൽ റൈറ്റ്സ് ആയ  Article 25 മുതൽ 28 വരെയുള്ള മത- ആരാധനാ- വിശ്വാസ്സ സ്വാതന്ത്ര്യങ്ങളെ പൊളിച്ചെഴുതേണ്ടി വരും... നിലവിൽ അന്ധവിശ്വാസ്സനിരോധന നിയമം പാസ്സാക്കാൻ കച്ചമുറുക്കി നിൽക്കുന്നവരുടെ പക്കൽ അതിനുതക്ക ശേഷിയുള്ള വാളും പരിചയും ഉണ്ടെന്നു തോന്നുന്നില്ല... മറ്റൊരു ചോദ്യം അന്ധവിശ്വാസ്സങ്ങളുടെ പേരിൽ മനുഷ്യർ ചെയ്യുന്ന നിർദോഷകരമായ പ്രവർത്തികളെ വിലക്കുന്നതെന്തിനാണ്? സച്ചിൻ ടെണ്ടുൽക്കർ ആദ്യം ഇടതു കാലിൽ പാഡ് കെട്ടിയാൽ ആർക്കാണ് ദോഷം???

       അന്ധവിശ്വാസ്സങ്ങൾ ഇല്ലാതാക്കാനെന്ന പേരിൽ രാഷ്ട്രീയ നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കുന്നവർക്ക് അറ്റകൈ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്... ദൈവീക വിശ്വാസ്സ പ്രമാണങ്ങളെയും, ആരാധനാ ക്രമങ്ങളെയും "അന്ധവിശ്വാസ്സങ്ങൾ" എന്ന പരിവേഷം നൽകി വിലക്കുക... ദൈവീകമായ എല്ലാ ചിന്തയും അന്ധമായതാണ്... ദൈവം എന്ന ആരും കണ്ടിട്ടില്ലാത്ത ഒരു സങ്കൽപ്പത്തെ അന്ധമായി വിശ്വസിച്ചു ആരാധിക്കുകയാണല്ലോ ചെയ്യുന്നത്... അങ്ങനെ വന്നാൽ ക്ഷേത്രത്തിൽ പോയി തൊഴുന്നതിനോ, കുർബാന നടത്തുന്നതിനോ, നിസ്കരിക്കുന്നതിനോ കഴിയാതെവരും... ക്രിമിനൽ നിയമമായതിനാൽ ഏതെങ്കിലും മതസ്ഥരെ ഒഴിവാക്കി നിയമനിർമ്മാണം സാധ്യവുമല്ല... കുർബാനയും, നിസ്‌ക്കാരവും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരേണ്ടിവരും എന്നുള്ളതിനാൽ ഗണപതിഹോമവും, ഭഗവതി സേവയും രക്ഷപ്പെട്ടു എന്ന് കരുതാം... ഭരണഘടന ഇവിടെയെല്ലാം വിലങ്ങുതടിയായി നിൽക്കുകയും ചെയ്യും എന്നത് യാഥാർഥ്യം... പിന്നീട് ഒരു നിയമ സാധ്യത എന്നത് വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിലെ ആരാധനാ ചര്യയെ അതിനായി നിർവചിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം നടത്താൻ അനുവദിച്ചുകൊണ്ട് നിയമം മൂലം ചുരുക്കുക... അപ്പോൾ വീടുകളിൽ വെച്ച് ഗണപതിഹോമം നടത്തുന്നത് തടയാം... മണിയടിക്കുന്ന ശബ്ദം മറ്റുള്ളവർക്ക് അരോചകമാണെന്ന് വ്യവസ്ഥ ചെയ്തു വിലക്കാം... അന്ധവിശ്വാസ്സങ്ങളും, ദോഷപ്രവർത്തികളും എല്ലാം ഹിന്ദു മതത്തിന്റെ കാടത്തരങ്ങളും, ഉല്പന്നങ്ങളും ആണെന്ന രീതിയിൽ ബോധപൂർവ്വമായ പ്രചാര വേല വർഷങ്ങളായി നടത്തിവരുന്നവർ സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ മറപിടിച്ചു് ആകമായ ദൈവീക- മത- ആരാധനാ രീതികളെ നിയമം മൂലം നിയന്ത്രിച്ചു തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ വൃഥാ ശ്രമം നടത്തുന്നു എന്ന് ചുരുക്കിപ്പറയാം... മണിയടിശബ്ദമല്ല ആരാധന- വിശ്വാസ്സ പ്രവർത്തികളുടെ ഒരു പൂവിതൾ ഇറുക്കാൻ പോലും ഭരണഘടനയാൽ നയിക്കപ്പെടുന്ന ജനാധിപത്യ ഭാരതത്തിൽ കഴിയില്ല എന്ന് അവർ തിരിച്ചറിഞ്ഞാൽ നന്ന്... 

       എന്നാൽ നിയമം മൂലം നിയന്ത്രിക്കാൻ കഴിയുന്നതും നിയമത്തിന്റെ മുന്നിൽ നിലനിൽക്കാൻ സാധ്യത ഉള്ളതുമായ ചില ഹിന്ദു അനുഷ്ഠാനങ്ങളുണ്ട്... അവയിൽ ചിലതാണ് കുത്തിയോട്ടം, ഗരുഡൻ തൂക്കൽ തുടങ്ങിയവ... അവിടെ ഉയരുന്ന ചോദ്യങ്ങൾ ഈ അനുഷ്ഠാനങ്ങൾ സമൂഹത്തെ ഏതെങ്കിലും വിധത്തിലുള്ള വിഘാതത്തിലേക്കു നയിച്ചിട്ടുണ്ടോ എന്നതാണ്... ഈ അനുഷ്ഠാനങ്ങൾ നിരോധിക്കുക വഴിയുള്ള നേട്ടങ്ങളെക്കുറിച്ചും, ആവശ്യഗതയെക്കുറിച്ചുമാണ്... ആ നിരോധനങ്ങൾ ചർച്ചകൾക്ക് വിധേയമാക്കി തീരുമാനിക്കപ്പെടേണ്ടവയാണ്... ഹിന്ദു സമൂഹത്തെ വിശ്വാസ്സത്തിലെടുത്ത് ഉചിതമായ തീരുമാനങ്ങൾ കൈ ക്കൊള്ളേണ്ടതാണ്... അവിടെയും വിശ്വാസ്സമല്ല, വിശ്വാസ്സത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവർത്തിയാണ് നിരോധിക്കാൻ കഴിയുക...  

[Rajesh Puliyanethu

 Advocate, Haripad] 

Saturday, 26 June 2021

"സ്ത്രീധനം" === "ധനം" 4 "സ്ത്രീ"...

     "സ്ത്രീധനം"  എന്ന വിഷയം കാല ഇടവേളകളിൽ സമൂഹം ചർച്ചക്കെടുക്കും... പുതിയ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ ആ വിഷയം വീണ്ടും നിർജ്ജീവമാകുന്നതായി കാണാം... അപ്പോഴും സമൂഹത്തിന്റെ നടുവിൽ "സ്ത്രീധനം" ഒരു ആചാരമായി തുടരുന്നുണ്ടാകും... സ്ത്രീധനവുമായി ബന്ധപ്പെട്ട ഒരു മോശം സംഭവം സമൂഹത്തിൽ ഉണ്ടാകുമ്പോൾ "സ്ത്രീധനം" വീണ്ടും ചർച്ചകളിൽ സജീവമാകുന്നു... കാലത്തിന്റെ എത്ര അകലങ്ങളിൽ നിന്നുകൊണ്ട് ചർച്ചചെയ്യപ്പെടുമ്പോളും വിഷയത്തിന്റെ തീഷ്ണത ഒരുപോലെതന്നെ നിൽക്കുന്നതായി മനസ്സിലാക്കാം... കാരണം "സ്ത്രീധനം" ചർച്ചകളിൽ നിന്നും അകന്നു നിൽക്കുന്നു എന്ന് മാത്രമേ ഉള്ളൂ... സമൂഹത്തിൽ നിന്നും വിട്ടകലുന്നില്ല... നിയമങ്ങളും,, ചർച്ചകളും അനേകം ഉണ്ടായിട്ടും "സ്ത്രീധനം" എന്തുകൊണ്ട് നെഗറ്റീവ് വൈബ്രേഷൻ ചിന്തയിൽ ഉയർത്തുകയും അതേസമയം ആളുകൾ പോസിറ്റീവ് ആയി അത് നടപ്പിലാക്കുകയും ചെയ്യുന്നത്!?

     സ്ത്രീധനവുമായി ബന്ധപ്പെട്ട ഒരു മോശം സംഭവം സമൂഹത്തിൽ ഉണ്ടാകുമ്പോൾ "സ്ത്രീധനം" ചർച്ചകളിൽ സജീവമാകുന്നു എന്നത് കൊണ്ട് തന്നെ ആ ചർച്ചകളെല്ലാം വികാര തീഷ്ണങ്ങൾ ആയിരിക്കും... വികാര തീഷ്ണമായ പ്രകടനങ്ങൾ സമൂഹത്തെ ഒരണുവിനോളം പോലും ചലിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ചർവിത ചാർവ്വണത്താൽ മടുപ്പ് ഉളവാക്കുകയും ചെയ്യുന്നു... ദൗർഭാഗ്യവശാൽ സ്ത്രീധനത്തെക്കുറിച്ചു ചർച്ചചെയുന്നവർ "സ്ത്രീധനം സ്ത്രീക്കുള്ളതാണ് " എന്ന സത്യത്തെ തമസ്ക്കരിക്കുകയും ചെയ്യുന്നു...

     "സ്ത്രീധനം"  എന്ന സമ്പ്രദായം ഏതവസ്സരത്തിലാണ് ദോഷമായി വരുന്നത്?? അത് വരൻ ആവശ്യപ്പെട്ടു വാങ്ങുമ്പോഴും,, ഭർത്താവോ, ഭർതൃ ഗൃഹത്തിലുള്ളവരോ അത് കൂടുതലായി ആവശ്യപ്പെടുകയോ ആ ആവശ്യത്തെ മുൻനിർത്തി സ്ത്രീയെ ശാരീരികമോ, മനസ്സികമോ ആയി പീഡിപ്പിക്കുകയോ, വിലകുറച്ചു കാണുകയോ അവളുടെ ആത്മാഭിമാനത്തെ ഹനിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ്... അതല്ലാതെ സ്ത്രീക്ക് അവകാശപ്പെട്ട ധനം നിഷേധിക്കപ്പെടുന്നത് എങ്ങനെയാണ് നീതീകരിക്കപ്പെടുന്നത്!? 

     ഒരു പെൺകുട്ടിയുടെ പിതാവ് അല്ലെങ്കിൽ രക്ഷിതാവ് തൻ്റെ മകൾക്കായി കരുതിവെച്ച പണത്തിന്റെ ഒരു വിഹിതമോ മുഴുവനായതോ ആണ് വിവാഹസമയത്ത് മെയ്യാഭരണമായോ,, കാറായോ,, ഭൂമിയായോ,, വീടായോ ഒക്കെ നല്കുന്നത്... ആ സമ്പത്ത് വധുവിനുള്ളതാണ്... അത് അവൾക്കവകാശപ്പെട്ടതാണ്... "പെണ്ണിന്റെ വീട്ടിൽ വന്നു ചായ കുടിച്ച പരിചയത്തിലോ,, പെണ്ണിനെ ചിരിച്ചു കാണിച്ചതോ, പെണ്ണ് ചിരിച്ചു കാണിച്ചതോ ആയ ബന്ധത്തിലോ, ഏതു വിധേന എത്തിച്ചേർന്ന വിവാഹമായാലും;; സ്വയം യോഗ്യൻ എന്ന് മേനി നടിക്കുന്ന ഒരു വരന് അത് നിഷേധിക്കാൻ എന്തവകാശം!? 'ഞങ്ങളുടെ ജീവിതത്തിലേക്ക് പെണ്ണിന് അവകാശപ്പെട്ട ഒരു സമ്പത്തും വേണ്ടാ' എന്ന് ഏകപക്ഷീകമായി പറയുന്ന ആ വരൻ എത്രയധികം ഈഗോ സമ്പന്നനാണ് എന്ന് നോക്കൂ... "എൻ്റെ ഭാര്യയെ പോറ്റാനുള്ള കഴിവ് എനിക്കുണ്ട്" എന്നു വിളിച്ചു പറയുന്നവനെ പൗരുഷത്തിന്റെ പ്രതീകമായല്ല മറിച്ചു പുരുഷ മേധാവിത്വത്തിൻറെ കിരീടം ചൂടുന്നവനായി വേണം കാണാൻ... ദമ്പതികൾ ഒന്നായി ജീവിക്കാൻ പണിയുന്ന ഒരു വീട്ടിലേക്ക് "നിൻറ്റെ അച്ഛന്റെ കാലണ എനിക്കു വേണ്ടാ" എന്ന് ഭാര്യയോട് പറയുന്ന ഭർത്താവിനെ ഒരിക്കലും അഭിമാനിയായി കാണാൻ കഴിയില്ല... തങ്ങൾ ഒരുമിച്ചു വിവാഹജീവിതം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുവരെയുള്ള അവളുടെ ജീവിതത്തെ റദ്ദുചെയ്തു കൊണ്ടാണ് അയാൾ അങ്ങനെ സംസാരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്... അവിടെ പെണ്ണിൻ്റെയും, കുടുംബത്തിന്റെയും അഭിമാനം ഹനിക്കപ്പെടുകയാണ് ചെയ്യുന്നത്... തൻ്റെ മകൾക്കായി ഒരു ജീവിതകാലം കൊണ്ട് നേടിയ സമ്പത്ത് തിരസ്ക്കരിക്കപ്പെടുന്ന ഒരു പിതാവിൻ്റെ മാനസ്സികാവസ്ഥ ആലോചിച്ചു നോക്കൂ... സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് പീഡനം അനുഭവിക്കുന്ന മകളുടെയും, പിതാവിന്റെയും നേർചിത്രം തന്നെയാണ് അവിടെയും കാണാൻ കഴിയുന്നത്...

     സാമ്പത്തികമായി ഭേദപ്പെട്ട ചുറ്റുപാടുള്ള വീടുകളിൽ നിന്നോ, ഉയർന്ന ജോലിയോ, സർക്കാർ ഉദ്യോഗമോ ഉള്ള വരനിൽനിന്നുമോ  തൻ്റെ മകൾക്കു വിവാഹ ബന്ധം ഉണ്ടാകണം എന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്നതാണ് ഏറ്റവും വലിയ തെറ്റെന്ന രീതിയിലാണ് വിസ്മയയുടെ മരണത്തിനു ശേഷം ഒരു വിഭാഗം പറഞ്ഞു വെച്ചത്... തങ്ങളുടെ മകൾ ഉയർന്ന ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കണം എന്ന് ആഗ്രഹിക്കാനുള്ള രക്ഷകർത്താക്കളുടെ സ്വാതന്ത്ര്യത്തിനു മേൽ അഭിപ്രായം പറയാൻ പൊതു സമൂഹത്തിന് എന്തവകാശം?? ഈ വിധമായ ചർച്ചകൾ സമൂഹത്തിന് എന്തെങ്കിലും ഗുണം ചെയ്യുമെന്ന് കരുതുന്നവരൂണ്ടോ?? വീട്ടിൽ വന്നു ചായകുടിച്ചു പോകുന്നവന് പെണ്ണിനെ വിവാഹം ചെയ്തു കൊടുക്കുന്ന "അറേൻജ്‌ഡ്‌ വിവാഹം" രീതികളെ വിമർശിക്കുന്നവരോട് ഇത്രയുമേ പാറയാനുള്ളൂ... "പ്രേമിച്ചു വിവാഹം കഴിക്കാൻ കഴിവില്ലാത്ത പെൺകുട്ടികൾക്കും ഒരു കുടുംബജീവിതമൊക്കെ വേണ്ടേ സുഹൃത്തുക്കളേ"?? സാമ്പത്തികമായി ഉയർന്ന ചുറ്റുപാടുള്ള ഏതെങ്കിലും വീടുകളിലെ പെൺകുട്ടികളുടെ രക്ഷാകർത്താക്കളിൽ നിന്നും വിവാഹ ആലോചനകൾ തിരസ്ക്കരിക്കപ്പെട്ട ദിവസ വേതനക്കാരന് ഫ്രസ്‌റ്റേഷൻ തീർക്കാനുള്ള ഉചിത സമയമായല്ല ഒരു പെൺകുട്ടിയുടെ മരണത്തെ വിനിയോഗിക്കാൻ...

     ഇവിടെ ആവശ്യം പെൺകുട്ടികൾ ഭർതൃ ഗൃഹങ്ങളിലും, പൊതു സമൂഹത്തിലും അനുഭവിക്കുന്ന ശാരീരികവും, മാനസ്സികവും ആയ പീഡനങ്ങളുടെയും, ബുദ്ധിമുട്ടുകളുടെയും ശരിയായ കാരണങ്ങളെ കണ്ടെത്തി പരിഹാരം തേടുകയാണ്... ആ കാരണങ്ങൾ പലപ്പോഴും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറഞ്ഞു പോകുന്നതല്ല... ഭർത്താവ് ധനികനോ, വിദ്യാസമ്പന്നനോ, ഉയർന്ന ജോലിയോ, സർക്കാർ ഉദ്യോഗമോ ഉള്ളവനായതല്ല... ഇവയൊന്നും ഇല്ലാത്തകാരണത്താലുമല്ല... സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കാരണമായി നമ്മൾ ചർച്ചചെയ്യുന്ന കാരണങ്ങൾ ഇതിലൊന്നും പലതുമല്ലെന്ന് തോന്നിപ്പോകും... ഈ പറഞ്ഞത് ശരിയാണോ എന്ന് സംശയമുള്ളവർ കേരളത്തിന്റെ അങ്ങോള മിങ്ങോളമുള്ള കുടുംബ കോടതികളിലേക്ക് പോകണം... രാവിലെ പതിനൊന്നു മണിക്ക് മുൻപായി അവിടെ കൂട്ടുന്ന കക്ഷികളെ കാണണം... പതിനൊന്നു മണിക്ക് തുടങ്ങി ഒരു മണിയായാൽ പോലും പൂർത്തീകരിക്കാൻ കഴിയാത്ത റോൾ കാൾ കളുടെ കാരണം തിരയണം... അവിടെ കക്ഷികളായി വന്നു നിൽക്കുന്നവരിൽ നമ്മൾ ഈ പറയുന്ന വിഭാഗക്കാരെല്ലാം ഉണ്ട്... കൂലിപ്പണിക്കാരും, ധനികരും, വിദ്യാ സമ്പന്നരും, സർക്കാർ ഉദ്യോഗസ്ഥരും, പ്രവാസ്സികളും,, വിദ്യാഭ്യാസമോ, പണമോ ഇല്ലാത്തവരും അങ്ങനെ എല്ലാ വിഭാഗക്കാരും അവിടെയുണ്ട്... സമൂഹം പുതിയതായി നിരീക്ഷിച്ചു കണ്ടെത്തിയ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വിവാഹബന്ധം വേർപെടുത്താൻ കേസ്സുകൊടുക്കുന്ന "മിടുക്കികളും" ഉണ്ട്... അവർക്കൊപ്പം മാധ്യമ ശ്രദ്ധ നേടാതെ വ്യവഹാരങ്ങൾ സാരിത്തുമ്പിൽ അവസ്സാനിപ്പിച്ചു പോകുന്ന വിസ്മയമാരുമുണ്ട്... സ്ത്രീപക്ഷ പോരാളികൾക്ക് ഇഷ്ട്ടപ്പെടാത്ത മറ്റൊരു സത്യവും ഉണ്ട്... ഈ കക്ഷികൾക്കിടയിൽ നിന്നും സ്വയം ജീവിതം അവസ്സാനിപ്പിച്ചു പോകുന്ന പുരുഷന്മാരും ഉണ്ട്... ആത്മഹത്യയോളം എത്തുന്ന അനേകം കുടുംബ വിഷയങ്ങളിൽ സൂഷ്മമായതു മാത്രമാണ് "സ്ത്രീധനം"... വിസ്മയയുടെ സമകാലീന സംഭവത്തിലും കാരണം "സ്ത്രീധനം" എന്ന് തീർത്തു പറയാൻ സമയം ആയിട്ടില്ല എന്ന് വേണം കരുതാൻ... 

     "സ്ത്രീയുടെ ഏറ്റവും വലിയ ശാപം സംസ്ക്കാര ശൂന്യനായ ഒരാളുടെകൂടെ ജീവിക്കേണ്ടിവരുക" എന്നതാണെന്നാണ് പ്രമാണം... ഒരു പെൺകുട്ടി വരനെ സ്വയം തെരഞ്ഞെടുക്കുന്ന രീതിയിലായാലും രക്ഷിതാവ് കണ്ടെത്തുന്ന അവസ്സരത്തിലായാലും "സംസ്ക്കാര ശൂന്യനായ" ആ വരനെ എങ്ങനെ തിരിച്ചറിയാം എന്ന് എഡ്യൂക്കേറ്റ് ചെയ്യുകയാണ് സമൂഹത്തിന്റെ കടമ... അവിടെ "പുരുഷന്റെ സംസ്ക്കാരം" എന്നതിന് വിശാലമായ അർത്ഥ വ്യാപ്തി ഉണ്ടെന്നു കാണണം... "Love is a passing fancy" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... എത്ര കാലപ്പഴക്കമുള്ള പ്രണയ ശേഷം എത്തിച്ചേരുന്ന വിവാഹത്തിലായാലും വിവാഹത്തോടെ പ്രണയം പുനരാരംഭിക്കപ്പെടുന്നെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്... വധു കൊടുക്കുന്ന ചായയിൽ പഞ്ചസ്സാര കുറവാണെന്നു വരൻ പറയുന്ന നിമിഷം പ്രണയം അവസ്സാനിക്കുന്നു എന്ന് വിമർശിക്കുന്നവരുമുണ്ട്... ഇതിൽ ഏതു സംഭവിച്ചാലും  ജീവിതം സുഗമമായി മുൻപോട്ടു പോകുന്നതിന്  "സംസ്ക്കാര ശൂന്യനായ"  വ്യക്തിയെ മുന്പെ തിരിച്ചറിയാനുള്ള ക്ഷമതക്കാണ് പ്രാധാന്യം... 

     തൊട്ടു മുൻപ് കഴിഞ്ഞു പോയ നിമിഷത്തെക്കുറിച്ചു മാത്രമാണ് നമുക്ക് ഓർമ്മയുള്ളത്... നാടിന്റെ ചർച്ചകൾളിൽ ഇന്നലകൾക്ക് ഒരു പ്രാധാന്യവും കാണുന്നില്ല... വിസ്മയയുടെ മരണത്തിനു മുൻപ് പരന്ന ചർച്ചകൾ നടന്നിരുന്നത് ദുർബലമാകുന്ന ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചും, അവഗണിക്കത്തക്ക ചെറിയ കുടുംബ വിഷയങ്ങൾവരെ കോടതിയിൽ എത്തുന്ന കാരണങ്ങളെക്കുറിച്ചും ആയിരുന്നു... എന്നാൽ ഇന്ന് ഭർത്താവോ വീട്ടുകാരോ ഉറക്കെ ചുമച്ചാൽ ബന്ധം ഉപേക്ഷിച്ചു പെൺകരുത്തു കാട്ടാനാണ് ഉപദേശം... "നീ കുടുംബ ജീവിതം നയിക്കുന്നതോ, അമ്മയാകുന്നതോ എൻ്റെ സ്വപ്നങ്ങളിലെ പ്രയോറിറ്റി അല്ല" എന്ന് മകൾക്കു കൊടുക്കുന്ന ന്യൂ ട്രെൻഡ് ഉപദേശങ്ങൾ ഏറ്റുവാങ്ങിയ  ശേഷം വിവാഹിതയാകുന്ന മകൾ കോടതി വരാന്തയിലേക്ക് നയിക്കപ്പെടുന്നതിന്റെ കാരണം ആഴത്തിൽ പഠിച്ചു മനസ്സിലാക്കേണ്ടതില്ല ... പെൺകുട്ടിക്ക് വിദ്യാഭ്യാസവും,, സ്വയം സമ്പാദന ശേഷിയും ഉണ്ടാകേണ്ടതിന്റെ ആവശ്യകത സ്ത്രീധനവുമായി ചേർത്തുവെച്ചല്ല സംസ്സാരിക്കേണ്ടത്... അതൊരു സാമൂഹിക ആവശ്യമായി പരിപോഷിപ്പിക്കണം... പെൺകുട്ടിക്ക് വിദ്യാഭ്യാസവും,, സ്വയം സമ്പാദന ശേഷിയും ഭർതൃ ഗൃഹത്തിൽ പോരടിക്കാനുള്ള ആയുധങ്ങളായല്ല ചിത്രീകരിക്കപ്പെടേണ്ടത്... "പെണ്ണിൻ്റെ സ്വത്തിൽ നിന്നും കാലണ എനിക്കു വേണ്ടാ" എന്ന് വീമ്പു പറയുന്ന പുരുഷന്മാർ കുറഞ്ഞ വിദ്യാഭ്യാസമുള്ള സ്വന്തമായി ജോലി ഇല്ലാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചു കുറേക്കൂടി വലിയവരാകണമെന്നാണ് എൻ്റെ അഭിപ്രായം... കാരണം അവൾ നേടിയ വിദ്യാഭ്യാസ്സവും, ജോലിയും അവളുടെ അച്ഛന്റെ ധനമാണ്... അതവൾക്കുള്ള സ്ത്രീധനമാണ്... ""സ്ത്രീധനം സ്ത്രീക്കുള്ളതാണ്""...

     പെൺകുട്ടികൾ വിദ്യാ സമ്പന്നരാകുക, സ്വന്തമായി പണം സമ്പാദിക്കുക എന്നതോക്കെ സമൂഹവും, സർക്കാരുകളും, നിയമവും പ്രോൽസ്സാഹിപ്പിക്കാൻ തുടങ്ങിയത് സമീപകാലത്തൊന്നുമല്ല... 
സ്ത്രീകൾ കൈയ്യടക്കുന്ന ഓരോ നേട്ടങ്ങളും ആഘോഷിക്കപ്പെടുന്ന സമൂഹമാണ് ഇവിടെയുള്ളത്... 
പക്ഷെ വിദ്യാസമ്പന്നരും, സ്വന്തമായി സമ്പാദിക്കുന്നവരും മാത്രമാണ് 
ആത്മാഭിമാനമുള്ളവരെന്നും ഭർത്താവിന്റെ വരുമാനത്തിൽ വീട്ടു ചുമതലകൾ നോക്കി കഴിയുന്ന സ്ത്രീകൾ അഭിമാനം ക്ഷയിച്ചു ജീവിക്കുന്നവരുമാണ് എന്ന രീതിയിൽ ചർച്ചകൾ വികസിക്കുന്നത് അലോസരമുണ്ടാക്കുന്നു... സ്ത്രീ ശാക്തീകരണം എന്നത് സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ സ്ത്രീകളെയും ബഹുമാനത്തിൽ എടുത്തുകൊണ്ടു വേണം... അഭിമാനത്തോടെയും, സന്തോഷത്തോടെയും കഴിയുന്ന ഒരുപാട് കുടുംബിനികൾ ഈ രാജ്യത്തുണ്ട്... അവരിൽപ്പോലും അപകർഷതാ ബോധം സൃഷ്ട്ടിക്കുന്ന ""അടുക്കളയിൽ കരിപിടിച്ചു തീർന്ന ജീവിതങ്ങൾ"" എന്ന സംബോധനയോടെയാണ് ചർച്ചകൾ വികസിക്കുന്നത്...  "അടുക്കളയിൽ കരിപിടിച്ചു തീർന്ന ജീവിതങ്ങൾ" ആകാതിരിക്കാൻ സമൂഹം ഒരു പെൺകുട്ടിയോട് ഉപദേശിക്കുമ്പോൾ ഇത്രനാളും സന്തോഷമായ ജീവിതം നയിച്ച സ്വന്തം അമ്മയെയെയാണ് കരിപിടിച്ചു തീർന്ന ജീവിതത്തിന്റെ ആദ്യ ഉദാഹരണമായി അവൾ കാണുന്നത്... അവളിൽ ആ അമ്മയോടുള്ള ബഹുമാനം ചെറുതായെങ്കിൽ പോലും സഹതാപത്തിനു വഴിമാറും... ഇത്രനാളും ഒരു കുടുംബം അഭിമാനത്തോടെ നയിച്ച ഒരമ്മ സ്വയം "കരിപിടിച്ചു തീർന്ന ജീവിതമായി" മാറും... ചിന്താഗതിയിലെ ഈ രാസമാറ്റങ്ങളിൽ പിതാവ് പ്രതിനായകനായി മാറുന്നത് സ്വാഭാവികമാണല്ലോ..? ഓരോ കുടുംബവും അതുവഴി സമൂഹവും ചൈതന്യവത്തായി നിലനിൽക്കാൻ കാരണമായ ഒരുപാട് അമ്മമാരെയാണ് ഇവിടെ ചിലർ പുതിയ ഉപദേശങ്ങളും,, ഉദാഹരണങ്ങളും കൊണ്ട് അവഹേളിക്കുന്നത്... സർക്കാർ ഉദ്യോഗം ഭരിക്കുന്ന ഒരു വനിതയുടെ ജീവിതം ത്യാഗമാകുന്നു എങ്കിൽ മാത്രമേ കുടുംബിനിയായ ഒരു സ്ത്രീയുടെ ജീവിതവും ത്യാഗമാകുന്നുള്ളു... ഇതു രണ്ടും ത്യാഗമല്ല... രണ്ടു ചുമതലാ നിർവഹണങ്ങളാണ്... അന്തസ്സും, ആത്മാഭിമാനവും ഉള്ള ചുമതലാ നിർവ്വഹണങ്ങൾ... ത്യാഗത്തിന്റെ പരിവേഷം ചാർത്തിക്കൊടുക്കുന്നത് കുടുംബിനികളായ അമ്മമാർക്ക് അഭിമാനമല്ല... മറിച്ചു അപമാനമാണ്... സ്ത്രീ രക്ഷ ചുമലിലെടുത്ത് നൃത്തം വെയ്ക്കുന്ന വ്യക്തിത്വങ്ങളുടെ സ്വാധീനത്തിൽ ചില കുടുംബിനികളെങ്കിലും തങ്ങളുടെ ജീവിതത്തെയും സ്വയം "കരിപിടിച്ചു തീർന്ന ജീവിതമായി" ചിത്രീകരിച്ചാൽ കുടുംബം പ്രയോരിറ്റിയായി ജീവിച്ച പല ഗൃഹനാഥന്മാർക്കും നെഞ്ചിനുവേദന വരും...

     പെൺകുട്ടികളെ കരുത്തുറ്റവരാക്കാൻ വേണ്ടി എന്ന പേരിൽ നടക്കുന്ന പല പ്രവർത്തനങ്ങളും ഒരു ചെറിയ വിഭാഗം സ്ത്രീകളെ മാത്രം ലക്‌ഷ്യം വെച്ചാണ് നടത്തുന്നത്... അതിലെല്ലാം തന്നെ പലരുടെയും സ്വകാര്യതാല്പര്യങ്ങൾ ഒളിച്ചു കടത്തുകയാണ് ചെയ്യുന്നത്... സ്വന്തം നിലപാടുകളുടെ മേനിപറച്ചിലുകളായി അധഃപതിക്കുന്നു എന്നതാണ് സത്യം... പല ആഹ്വാനങ്ങളും സമൂഹത്തിൽ ആഘാതമേല്പിക്കുന്നതും,, ഭാവിയിൽ ദോഷം ചെയ്യുന്നതുമാണ്... ട്രെൻഡിനൊപ്പം അഭിപ്രായം പറയുന്ന നടപ്പുരീതി തന്നെയാണ് സമൂഹത്തിൽ അറിയപ്പെടുന്നവരും അവലംബിക്കുന്നത്... പല നിലപാടുകളിലും വൈരുധ്യങ്ങൾ കാണപ്പെടുന്നു... കുടുംബ സ്വത്തിൽ പെൺകുട്ടിക്കുള്ള അവകാശം ഉറപ്പിക്കാനുള്ള ശബ്ദങ്ങൾ സ്വീകാര്യമായിരുന്നു... അതേ പെൺകുട്ടിയുടെ പേരിൽ ലഭിക്കുന്ന പിതൃ സ്വത്തിനെ മറ്റൊരവസ്സരത്തിൽ സ്ത്രീധനമായി വിശേഷിപ്പിച്ചു എതിർക്കുന്നു... ഇതെന്തു തരം രീതിയാണ്... ഇത്തരം വൈരുധ്യങ്ങൾ നിറഞ്ഞ അഭിപ്രായ കോലാഹലങ്ങൾ സൃഷ്ട്ടിച്ചു പുരോഗമനപരമായ ഒരു ചർച്ചകൾക്കും വഴിവെയ്ക്കാതെ സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഇവിടെ പലരും ചെയ്യുന്നത്... 

     വിദ്യാഭ്യാസ്സവും, തൊഴിലും മാത്രമാണ് സ്ത്രീക്കുള്ള ധനമെങ്കിൽ പഠനത്തിൽ പിന്നിൽ നിൽക്കുന്ന പെൺകുട്ടികളെയും, തൊഴിൽ രഹിതരായ സ്ത്രീകളെയും സമൂഹം എങ്ങനെ കാണണം?? വിദ്യാഭ്യാസ്സമുണ്ടെങ്കിലും തൊഴിലിനു പോകാൻ താൽപ്പര്യമില്ലാത്ത പെൺകുട്ടികളെ എങ്ങനെ അഡ്രസ്സ് ചെയ്യും?? തൻ്റെ പിതൃ സ്വത്തുമായി വിവാഹ ജീവിതത്തിലേക്ക് കടന്നു ചെല്ലണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തെ "നീ ബാർബേറിയൻ" ആണെന്ന് പറഞ്ഞു ആക്ഷേപിക്കാൻ സമൂഹത്തിന് ആര് സ്വാതന്ത്യം തന്നു?? തൻ്റെ മകൾ പൊന്നിൽ കുളിച്ചു കതിർമണ്ഡപത്തിൽ കയറണമെന്ന് ഒരു പിതാവ് ആഗ്രഹിച്ചു അവളുടെ ജനനദിവസ്സം മുതൽ പിതാവ് നടത്തിയ അധ്വാനത്തെയും, കരുതലിനെയും ചോദ്യം ചെയ്യാൻ ആർക്കവകാശം?? ആ പിതാവ് നിയമവിരുദ്ധമായി എന്തെങ്കിലും സമ്പാദിച്ചോ എന്ന് മാത്രം തിരയാനേ നിയമത്തിനു പോലും അവകാശമുള്ളൂ... നമ്മൾ ഉത്തര കൊറിയൻ ഭരണാധികാരിയുടെ കീഴിലല്ല എന്ന് പോരാട്ടക്കാർ ഓർക്കുന്നത് ഉചിതമായിരിക്കും... സ്വാതന്ത്രത്തിലേക്കും, അവകാശങ്ങളിലേക്കും കടന്നുകയറിയല്ല വിപ്ലവം സൃഷ്ടിക്കേണ്ടത്... 
ഇഴ തിരിച്ചു സ്വാതന്ത്ര്യത്തെയും, അവകാശങ്ങളെയും, നിയമത്തെയും, 
ക്രൈമിനേയും അടർത്തിമാറ്റിനിർത്തി വിശകലനം ചയ്തു പഠിച്ചു ചർച്ചകൾ നടത്തി സമൂഹത്തെ ബോധവൽക്കരിക്കാത്തതുകൊണ്ടാണ് സമീപകാലത്ത് ഉയർന്നു വരുന്ന ചർച്ചകൾ വെറും കോലാഹലങ്ങൾ മാത്രമായി പൊലിഞ്ഞുപോകുന്നത്... 

     സ്ത്രീക്കവകാശപ്പെട്ട സ്ത്രീധനമല്ല തെറ്റായത്... അതിൻ്റെ പേരിലെ കുറ്റകൃത്യമാണ് തെറ്റായിട്ടുള്ളത്... പൊന്നും, പണവും, ഭൂമിയും, കാറും കൂടുതലായി കൊടുത്ത പെൺകുട്ടിയുടെ ജീവിതത്തിലെ ദുരന്തം മാത്രമല്ല ഞെട്ടലോടെ ചർച്ച ചെയ്യേണ്ടതും...!? രണ്ടു പണവട പോന്നിന്റെ കുറവിലും പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നുണ്ട്... അതിൽ പൊന്നിന്റെ അളവ്,, കൂലിപ്പണിക്കാരന്റെ കരുതൽ,, കാറ്,, സര്ക്കാര് ജോലി,, പെണ്ണിൻ്റെ നിറം,, ഇങ്ങനെയുള്ള "ഭയങ്കര വിഷയങ്ങൾ" ഇരുന്നു ചർച്ച ചെയ്യാൻ ഉണ്ടാകില്ല... ഇതൊക്കെ ഉണ്ടാക്കിക്കൊടുത്ത അപ്പനെ പഴിക്കാൻ അവസ്സരവും കിട്ടില്ല... 

     ഏതൊരു സംഭവത്തോടും ചേർന്നു വരുന്ന വികാര ഒഴുക്കിനെ മുതലെടുത്തു നടക്കുന്ന ചർച്ചകളും, നടപടികളും സമൂഹത്തിന് യാതൊരു ഗുണവും ചെയ്യില്ല... പെൺകുട്ടികളുടെ അവസ്ഥകളെ മുതലെടുക്കാതെ അവർക്കെന്നും പ്രയോജനപ്പെടുന്ന ചർച്ചകളും, നടപടികളും ഉണ്ടാകട്ടെ...

[Rajesh Puliyanethu
 Advocate, Haripad]

Monday, 31 May 2021

ലക്ഷദ്വീപിലെ സാധാരണക്കാരോടോപ്പം....???

     ലക്ഷദ്വീപിനെ ചോല്ലിയുള്ള സംവാദങ്ങൾ കൊഴുക്കുകയാണ്...  ദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ നടത്തുന്ന പരിഷ്‌കാരങ്ങളെ യാണ് വിമർശന കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്. ദ്വീപിന്റെ തനതു ഭംഗി നശിപ്പിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ തയ്യാറെടുക്കുന്നു,, ദ്വീപിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കുന്നു,, ഗോവധ നിരോധനം നടപ്പിലാക്കുന്നു,,  സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്നും നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കുന്നു,, രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും അയോഗ്യരാക്കാൻ തയ്യാറെടുക്കുന്നു,, ഗുണ്ടാ നിയമം നടപ്പിലാക്കുന്നു,,  അങ്ങനെ നീളുന്നു പരാതികൾ... 

     രാജ്യത്ത് ഭരണവർഗം എടുക്കുന്ന തീരുമാനങ്ങളെ പലവിധത്തിലുള്ള കാഴ്ചപ്പാടുകളോടെ വിമർശിക്കുന്നവരുണ്ട് ... രാഷ്ട്രീയം, ജാതി, മതം, സാമ്പത്തികം, പൈതൃകം അങ്ങനെ പല വിഷയങ്ങളും വിമർശനങ്ങൾക്ക് അടിസ്ഥാനമാകാറുമുണ്ട്... ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണ പരിഷ്കാരങ്ങളെ ഏതു ഘടകം അടിസ്ഥാനമാക്കിയാണ് വിമർശിക്കുന്നത്... അതിന്  ശരിയായ വിലയിരുത്തൽ നടത്തണമെങ്കിൽ, അഡ്മിനിസ്ട്രേറ്റർ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ഓരോന്നായി എടുത്ത് വിമർശനം ഉയർത്തുന്നവരോട് ചോദിക്കണം... "ഈ പരിഷ്കാരത്തെ നിങ്ങൾ എതിർക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എന്തുകൊണ്ട്??" ഓരോ ഭരണ പരിഷ്കാരങ്ങളിലെയും വിമർശനകാരണം ഒരു വിമർശകൻ വിശദീകരിക്കാൻ തയ്യാറായാൽ  സ്വതന്ത്ര ബുദ്ധി ഉപയോഗിക്കുന്നവർക്ക് "താൻ സ്വയം ആരെ പിന്തുണക്കണം?" എന്ന ചോദ്യത്തിന് ഉത്തരം കിട്ടും....  

     "ദ്വീപിൽ ബാറുകൾ തുറക്കാൻ പോകുന്നു"... ഈ തീരുമാനത്തിനെതിരെ രാഷ്ട്രീയ വിർശനം ഉയർത്തുന്നതിൽ നീതി കണ്ടെത്താൻ കഴിയില്ല... കാരണം വിമർശനം ഉന്നയിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  ബാറുകൾ യഥേഷ്ടം പ്രവർത്തിക്കുന്നു... കൂടാതെ വിമർശന പക്ഷത്തുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രഖ്യാപിത നയം മദ്യ വർജ്ജനവുമല്ല... 

അപ്പോൾ രാഷ്ട്രീയ കാരണമല്ല...

     മദ്യം ശീലമില്ലാത്ത ഒരു ജനതയെ മദ്യശീലത്തിലേക്കു തള്ളിവിടുന്നു എന്ന സാമൂഹിക വിമർശനം പരിഗണിച്ചു തള്ളിക്കളയാവുന്നതാണ്... ആ വിമർശനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന മറുപടി 'മദ്യം ദ്വീപ് നിവാസികൾക്കിടയിൽ വിൽക്കുന്നതിനല്ല,, ടൂറിസ്റ്റ്കൾക്ക് മാത്രം  ലഭ്യമാക്കുന്നതിനായി ബാർ അറ്റാച്ചിഡു ഹോട്ടലുകൾ അനുവദിക്കുന്നു' എന്നാണ്... ഒരു വലിയ പരിധിവരെ വിമർശകരെ തൃപ്തിപ്പെടുത്തേണ്ട ഒരു മറുപടി ആയിരുന്നു അത്... അതുമാത്രമല്ല ഈ സാമൂഹിക വിഷയത്തെ ഉയർത്തികാട്ടിയല്ലല്ലോ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിക്കുന്നത്... ടൂറിസ്റ്റുകൾ  ലക്ഷദ്വീപിൽ വന്ന് മദ്യപാനികളായി എന്ന വിമർശനം ഉയർത്താതിരുന്നാൽ മതി...  സാമ്പത്തിക രംഗത്തുള്ളവർ വിമർശനം ഉന്നയിക്കാൻ സാധ്യതയില്ല... അഥവാ വിമർശകർ ഉണ്ടെങ്കിൽ, മദ്യത്തിന്റെ വിൽപ്പന എത്രത്തോളം സർക്കാരിന് ഗുണകരമാണെന്ന് കേരള ഭരണാധികാരികൾ പറഞ്ഞുതരും... 

     അടുത്തതായി ഉയരുന്ന ചോദ്യം, മതം ഈ വിഷയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്...? "ഇസ്ലാം മതം മദ്യത്തെ നിഷിദ്ധമായി കാണുന്നു, അതിനാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ മദ്യവിൽപ്പനയോ, ഉപഭോഗമോ അനുവദിയ്‌ക്കാൻ കഴിയില്ല" എന്നതാണ് മതം ഉയർത്തുന്ന വിമർശനം... ഈ വിമർശനത്തെ ബലപ്പെടുത്താനും, പിന്തുണക്കാനും  വേണ്ടി ആയിരുന്നു ഇവിടെ രാഷ്ട്രീയ പാർട്ടികളും,, കലാ-  സാംസ്‌കാരിക പ്രവർത്തകരും ശ്രമിച്ചത്... അവിടെ കാതലായ മറ്റൊരു ചോദ്യത്തിനും ഇടമുണ്ട്... "ഏതെങ്കിലും ഒരു മത വിഭാഗം ഭൂരിപക്ഷമാകുന്നിടത്ത് മത താൽപ്പര്യങ്ങൾ സാർവത്രികമായി നടപ്പിലാക്കേണ്ടതുണ്ടോ?? ഈ ചോദ്യത്തിന് സുവ്യക്തമായി ഉത്തരം ലഭിക്കുമ്പോൾ മറ്റൊരുചോദ്യം വേദിയിൽ തയ്യാറുണ്ട്... "ഈ പരിഗണന എല്ലാ മതങ്ങൾക്കും അനുവദിച്ചു തരുമോ??"  

     "മതം ഭൂരിപക്ഷമാകുന്ന ഭൂപ്രദേശത്ത് മത താൽപ്പര്യങ്ങൾ നടപ്പിലാക്കണമെന്നും, അത് എല്ലാ മതങ്ങൾക്കും ബാധകമാണ്" എന്ന് സമ്മതിച്ചു തന്നാൽ പോലും അണുവിനോളം പോലും പിന്തുണക്കാൻ കഴിയുന്ന ഒന്നല്ല അത്... ഭരണഘടന അനുവദിച്ചു തരുന്ന അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ഓരോ പൗരനും ലഭ്യമാക്കുക എന്നതാണ് ഭരണകൂടം ഉറപ്പുവരുത്തേണ്ടത്... നൂറു വ്യക്തികൾ മാത്രം താമസിക്കുന്ന ഒരു ഭൂപ്രദേശത്ത് തൊണ്ണൂറ്റി ഒൻപതു പേരും ഒരു മതവും ഒരാൾ മാത്രം മറ്റൊരു മതവും ആണെങ്കിൽ പോലും, ആ ഒരാൾക്ക് ഭരണഘടന അനുവദിച്ചു നൽകുന്ന സുരക്ഷിതത്വവും, അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ലഭ്യമാക്കണം... മതം അവിടെ ഒരു വിധത്തിലും സ്വാധീനഘടകമാകരുത്... ഈ നയം പാലിക്കപ്പെടണം എന്നുള്ള ഭരണഘടനാ പരമായ ഉത്തരവാദിത്വം മറന്നുകൊണ്ടാണ് മതത്തിന്റെ താൽപ്പര്യം മാത്രം പരിഗണിച്ച് വലിയ സംഖ്യ വിമർശകരും ദ്വീപിലെ പല പുതിയ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്നത്...  

     ഒരു പെറ്റികേസ് പോലും ചാർജ്ജു ചെയ്യപ്പെടാത്ത സ്ഥലത്ത് എന്തിന് ഗുണ്ടാ നിയമം എന്നാണ് മറ്റൊരു ചോദ്യം... സമാന്തരമായി നിയമ വ്യവസ്ഥ കൈയ്യൂക്കുള്ളവരുടെ വിധിന്യായങ്ങളിൽക്കൂടി നടപ്പിലാകുന്നുണ്ട് എന്ന് അധികാരികൾ അന്വേഷണ ശേഷം കണ്ടെത്തിപ്പറഞ്ഞിട്ടും വിമർശകർ അടങ്ങുന്നില്ല... ദ്വീപ് വിധ്വംസക പ്രവർത്തനങ്ങളുടെയും, ആയുധം, മയക്കുമരുന്ന്, സ്വർണ്ണം തുടങ്ങിയവയുടെ ഇല്ലീഗൽ ട്രാൻസ്പോർട്ടേഷന്റെയും വേദി ആകുന്നു എന്ന ഇന്റലിജിൻസ് റിപ്പോർട്ടിനേയും വിമർശകർ വിശ്വാസ്സത്തിൽ എടുക്കുന്നില്ല... 'ദ്വീപിൽ നിന്നും എത്രയോ നോട്ടിക്കൽ മൈൽ അകലെക്കിടക്കുന്ന കപ്പലിൽ നിന്നും ആയുധങ്ങളും, മയക്കുമരുന്നും പിടിച്ചെടുത്തതിന് ദ്വീപ് നിവാസികൾ ഉത്തരം പറയുന്നതെന്തിന്' എന്ന ചോദ്യങ്ങൾ ചോദിച്ചു വിഷയങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കാനാണ് വിമർശകർ ശ്രമിക്കുന്നത്... കപ്പൽ ദ്വീപിലേക്ക്‌ വരികയായിരുന്നു എന്ന അന്വേഷണ ഏജൻസികളുടെ റിപ്പോട്ടിങ്ങിനെ മനഃ പൂർവ്വം കോലാഹലങ്ങളിൽ മുക്കിക്കളയാൻ ഇവർ ശ്രമിക്കുന്നു... വിമർശിക്കുന്ന രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർക്ക് ഇത്ര അധികാരികതയോടെ 'ദ്വീപ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒളിയിടമാകുന്നില്ല' എന്ന് പറയാൻ എങ്ങനെ സാധിക്കും?? അന്യദേശ തൊഴിലാളികൾക്കിടയിൽ നിന്നുവരെ തീവ്രവാദികളെ അറസ്റ്റു ചെയ്യുന്ന കാഴ്ചകൾക്കിടയിൽ,, സ്വന്തം അയൽക്കാരന്റെ പ്രവർത്തനരംഗങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്ത സമൂഹത്തിൽ, ഒരു ദ്വീപ് നിവാസിക്കുപോലും 'ദ്വീപ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേദിയാകുന്നില്ല' എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ?? സമൂഹത്തിനെ സുരക്ഷിതമാക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന നിയമങ്ങളെയും, സുരക്ഷാ സംവിധാനങ്ങളെയും സ്വാഗതം ചെയ്യാൻ ബാധ്യതപ്പെട്ടവരാണ് വിമർശനവുമായി മുന്നിട്ടുവരുന്നത്... അത് സംശയത്തിന് ഇടനൽകുന്നു എന്നത് സ്വോഭാവികമാണ്... 

     ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നു എന്നതിനെ രാഷ്ട്രീയമായൊ, സാമൂഹീകമായോ, മതപരമായ കാരണങ്ങൾക്കൊണ്ടോ എതിർക്കപ്പെടേണ്ടതല്ല... പൊളിച്ച് മാറ്റിയത് 'അനധികൃത' നിർമ്മാണങ്ങളാണെന്ന് നടപടികൾക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ തന്നെ സമ്മതിക്കുന്നു... അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ നിലംപരിശായതിനെ കണ്ട് കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഉള്ളവർ ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചതിനെതിരെ കണ്ണീർ വാർക്കുന്നു... വർഷങ്ങൾക്ക് മുൻപ് മൂന്നാറിലും, കുറച്ചു കാലങ്ങൾക്ക് മുൻപ് മരടിലും നാം കണ്ടത് അനധികൃത നിർമ്മാണങ്ങൾ കേരള സർക്കാർ അനുമതിയോടെ പൊളിച്ചു നീക്കുന്നതാണ്... ആ സംഭവങ്ങളെല്ലാം ആഘോഷിച്ച ഇവിടുത്തെ വാർത്താ മാധ്യമങ്ങൾ ദ്വീപിലെ നടപടിയെ വിമർശിക്കുന്നു... അവിടെ മതം നിഷ്കർഷിക്കുന്ന ഒന്നിനു വേണ്ടിയല്ല മറിച്ച് കളക്ടീവ് ആയ മതഭൂരിപക്ഷത്തെ നിയമ വിരുദ്ധ പ്രവർത്തനത്തെ അനുകൂലിച്ചായാലും പ്രീണിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണുള്ളതെന്ന് കാണാം... 

     സ്കൂളുകളിൽ നോൺവെജിറ്റേറിയൻ ഭക്ഷണം ഉച്ചഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയതും, ഗോവധ നിരോധനം ഏർപ്പെടുത്തിയതും രാഷ്ട്രീയപരമായാണ് വിമർശിക്കപ്പെടുന്നത്... വെജിറ്റേറിയൻ ഭക്ഷണം ശരിയായ രീതിയിൽ ഉപയോഗിക്കാത്ത കുട്ടികളിലെ പോഷകാഹാര കുറവ് ഇവർക്ക് ഒരു വിഷയമേ അല്ല... ഗോവധ നിരോധനവും, വെജിറ്റേറിയനിസ്സവും സംഘ പരിവാർ അജണ്ടയാണെങ്കിൽ അത് ആദ്യമായി രാജ്യത്ത് നടപ്പിലാക്കുന്ന ഇടമല്ലല്ലോ ലക്ഷദ്വീപ്...? ഗോവധ നിരോധനം നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളിൽ വിജയിക്കാതെ പോയ എതിർ സ്വരങ്ങളെ ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമായ ദ്വീപിൽ വിജയിപ്പിച്ച് എടുക്കാം എന്നാണോ ഇക്കൂട്ടർ കരുതുന്നത്...? അങ്ങനെയെങ്കിൽ ആ പ്രതിഷേധം ദ്വീപ് നിവാസികളോടുള്ള കരുതലിന്റെ അടിസ്ഥാനത്തിൽ അല്ല... മറിച്ച് മതത്തെ കൂട്ടുപിടിച്ച് നടത്താൻ ശ്രമിക്കുന്ന കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്...! മാത്രമല്ല കേരളം പോലെ ആഴ്ചയിൽ ഒരു ദിവസം പോലും സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നോൺവെജിറ്റേറിയൻ വിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഒരു സർക്കാർ ഭരണ പാർട്ടിക്ക് ലക്ഷദ്വീപിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന്  ഒഴിവാക്കിയതിനെ വിമർശിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ല... 

     130 കോടിയിൽപ്പരം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യ പോല ഒരു രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമങ്ങൾ ആവശ്യമില്ല എന്ന് സ്വബോധത്തോടെ ആർക്കും പറയാൻ കഴിയില്ല... നിലവിൽ രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പുതിയ നിയമം ബാധകമാകുന്നില്ല എന്ന് സുവ്യക്തമായി പറഞ്ഞിട്ടും അതേ വിഷയം ഉന്നയിച്ച് തന്നെ വീണ്ടും വിമർശനങ്ങൾ ഉന്നയിക്കുന്നത്,  വിമർശനങ്ങളെല്ലാം എല്ലാം ഒരു പ്രത്യേക ലക്ഷ്യത്തോടെ ഉള്ളതാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്... രാജ്യത്താദ്യമായി ഗോവധ നിരോധനം കൊണ്ടുവന്നത് കോൺഗ്രസ് ആണെന്ന കാര്യം വിമർശനങ്ങൾ ഉയർത്തുമ്പോൾ അവർ ഓർക്കുന്നതേ ഇല്ല... വിമർശനങ്ങളുടെ ഹേതു മതം മാത്രമായി ചുരുങ്ങുന്നു എന്നത് കൂടുതൽ വ്യക്തമാകുന്നു...

     ദ്വീപിന്റെ തനതായ സൗന്ദര്യത്തെയും, സംസ്കാരത്തെയും വികസനപ്രവർത്തനങ്ങൾ നശിപ്പിക്കുമെന്ന് വാദം ഉയർത്തുന്നവരുണ്ട്... നമ്മൾ 50 വർഷം മുൻപ് കണ്ടിരുന്നു ലക്ഷദ്വീപ് ഒരു മാറ്റത്തിനും വിധേയമാകാതെ, ആധുനിക ജീവിത സൗകര്യങ്ങൾ ഒന്നും ലഭ്യമാകാതെ അടുത്ത 100 വർഷത്തിനു ശേഷവും അതുപോലെ തന്നെ  കാണപ്പെടണം എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വീക്ഷണമല്ല... മനുഷ്യൻ അധിവസിക്കുന്ന എല്ലാ ഇടങ്ങളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു... ആധുനിക ജീവിത സൗകര്യങ്ങൾ അനുഭവിച്ചും ആസ്വദിച്ചും ജീവിച്ചു മരിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളും ദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കുമുണ്ട്... കേന്ദ്ര ഗവൺമെന്റിന്റെ ഏതു പദ്ധതിയേയും മതത്തെ കൂട്ടുപിടിച്ച് പരാജയപ്പെടുത്താം എന്ന് കരുതുന്ന ഒരു വിഭാഗത്തിൻറെ അജണ്ട നടപ്പിലാക്കൽ മാത്രമാണ് ലക്ഷദ്വീപിന്റെ പേരിൽ ഇന്ന് കേൾക്കുന്ന വിമർശനങ്ങൾ...! അതിരപ്പള്ളി തുരന്നു നശിപ്പിക്കാൻ തയ്യാറെടുത്തു നിൽക്കുന്നവരും വിമർശന രംഗത്ത് മുൻപന്തിയിലുണ്ടെന്നുള്ളത് വലിയ തമാശ...

     സിനിമാശാലകൾ ഇസ്ലാമിന് ഹറാം ആയതുകൊണ്ട് അനുവദിക്കില്ല എന്ന് പറയുന്നത് വിമർശകർക്ക് വിഷയമേ അല്ല...!? സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തത് വിമർശന കാരണമല്ല...! സ്കൂളുകൾ, ആശുപത്രികൾ, തൊഴിൽ സൗകര്യങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, പെട്രോൾ പമ്പുകൾ, വലിയ വിമാനങ്ങൾക്ക് വരെ ഇറങ്ങാൻ കഴിയുന്ന എയർ പോർട്ടുകൾ, തുടങ്ങിയവയുടെ അഭാവം കൂടാതെ ടൂറിസ്റ്റ് അനുമതി വിലക്കുകൾ ഇവയെല്ലാം വിമർശനാത്മകമായി അവതരിപ്പിച്ച് ദ്വീപ് ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ഇപ്പോൾ കേൾക്കുന്ന ഒരു വിമർശന ജീവികളുടെയും ശബ്ദം നാം കേൾക്കുന്നില്ല... മതത്തെ മാത്രം അടിസ്ഥാനമാക്കി ഉയർന്നു കേൾക്കുന്ന വിമർശനങ്ങൾ ബഹുമാനം അർഹിക്കുന്നില്ല എന്ന് പറയേണ്ടി വരുന്നു... ദ്വീപ് ജനതയുടെ പ്രതിശീർഷ വരുമാനവും, ദ്വീപിൽ എത്രപേർ ഇൻകം ടാക്സ് നൽകുന്നവരാണ് എന്നും ഒരു പഠനം നടത്തിയാൽ ദ്വീപ് ജനതയ്ക്ക് കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച ജീവിത നിലവാര മുരടിപ്പിനെക്കുറിച്ച് ഒരു രേഖാചിത്രം ലഭിക്കും... ട്യൂണക്കും, ചകിരിക്കും അപ്പുറമുള്ള തൊഴിൽ- വരുമാന മാർഗ്ഗങ്ങൾ അവർക്ക് മുന്നിലും തുറന്നിടണം... 

     ലക്ഷദ്വീപിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഇസ്ളാം മതവിശ്വാസികളാണെന്ന് വിമർശകർ തന്നെ വിളിച്ചു പറയുന്നു... കേന്ദ്ര ഗവൺമെന്റിനെ ഏതു വിധേനയും പരാജയപ്പെടുത്തുക എന്ന അജണ്ട സൂക്ഷിച്ചുകൊണ്ട് ലോകത്തെ എല്ലാ സംഭവവികാസങ്ങളും ഉപയോഗിക്കാൻ ലക്ഷ്യം വെച്ച ഒരു സംഘം സത്യത്തിൽ ലക്ഷദ്വീപിലെ ഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളുടെ ഉയർന്ന ജീവിത നിലവാരത്തിന്റെ സാധ്യതകളെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്...  അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും ഈ വിമർശനം ഇസ്ലാം മത വിശ്വാസികളുടെ ഉന്നമനത്തിനായി കേൾക്കുന്നതല്ലാ എന്നും പിൻ വേദിയിൽ തയ്യാർ ചെയ്യുന്ന തിരക്കഥകളുടെ പകർന്നാടലുകൾ തന്നെ എന്നും..! ജിഹാദികൾക്ക് കവറിംഗ് ഫയർ എന്ന നിലയിൽ പ്രസ്ഥാവനകൾ നടത്തുന്നവർ ഭാവികാലത്ത് ഒറ്റുകാർ എന്ന് വാഴ്ത്തപ്പെടും... 

     കഴിഞ്ഞ കാലങ്ങളിൽ നടന്ന പല വിമർശനങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമായി കാണാൻ കഴിയുന്ന ഒന്നുണ്ട്... ലോകത്ത് നടക്കുന്ന ഏതൊരു സംഭവ വികാസത്തെയും മതവുമായി ചേർത്തുവെച്ച് പക്ഷം പിടിച്ച് വലിയ കോലാഹലങ്ങൾ സൃഷ്ടിക്കുക... അതുവഴി ഇസ്ലാമിക സമൂഹത്തെ ആകമാനം ഞങ്ങൾ പിന്തുണക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നു... പക്ഷേ ആ പുക മറയിൽ ഇവർ ഒളിച്ചു നടത്താൻ ശ്രമിക്കുന്നത് ഇസ്ലാമിക തീവ്രവാദവും ജിഹാദുമാണ്... ലോകത്തെവിടെയും ഇസ്ലാമുകൾ തന്നെ കൊല്ലപ്പെടുന്ന ജിഹാദി ആക്രമണങ്ങളിൽ ഇതേ വിമർശകരുടെ ശബ്ദം കൊല്ലുന്ന ജിഹാദികൾക്ക് അനുകൂലമാണ്... സമാധാന കാംക്ഷികളായ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാം മത വിശ്വാസികളും ജിഹാദിനെ അനുകൂലിക്കുന്ന തീവ്രവാദികൾക്കൊപ്പമാണ് എന്നു വരുത്തിത്തീർക്കാനാണ് ഈ വിമർശകർ ശ്രമിക്കുന്നത്... ഈ കെണി തിരിച്ചറിഞ്ഞു കൊണ്ടുതന്നെ രാജ്യത്ത് തിരിച്ചറിയുന്ന ചില വ്യക്തിത്വങ്ങളും ഇവർക്ക് അനുകൂലമായ സംസാരിക്കുന്നു എന്നത് ഭാവിയുടെ ഭീഷണിയായെ കാണാൻ കഴിയുകയുള്ളൂ...

     ലക്ഷദ്വീപ് ജനതയെ പരിഗണിക്കുന്നവർ  അഡ്മിനിസ്ട്രേറ്റർ നടത്തുന്ന പരിഷ്ക്കാര പ്രവർത്തനങ്ങളെ പിന്തുണയ്ക്കണം... ഇന്ത്യാ മഹാരാജ്യത്തിലെ വിശാലമായ ജനാധിപത്യത്തിൻറെ എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും, നിയമത്തിന്റെ സുരക്ഷിതത്വവും ദ്വീപ് ജനങ്ങൾക്ക്  എത്തിച്ചു നൽകുന്നതിനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്... അവയെല്ലാം ആസ്വദിച്ചു ജീവിച്ചു മരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാരതത്തിലെ പ്രജകളായി അവർ ജീവിച്ചിരുന്നു എന്ന് പറയുന്നതിന് എന്തർത്ഥമാണുള്ളത്!?? 

     ഇസ്ലാം മത വിഭാഗത്തെ ആകമാനം സംരക്ഷിക്കുന്നു എന്ന വ്യാജേന ജിഹാദികളുടെ പ്രീതി പിടിച്ചു പറ്റുന്നതിനു വേണ്ടിയാണ് കേരള നിയമസഭ ദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നത്... ഒരു വലിയ ജനവിഭാഗത്തിന്റെ ജീവിത ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു നിയമസഭാ ആകമാനം തുരങ്കം വയ്ക്കാൻ തയ്യാറാവുന്നു എന്നത് തന്നെ എന്നെ ഖേദകരമായ വസ്തുതയാണ്... എസ്ഡിപിഐ പോലെയുള്ള ഉള്ള തീവ്രവാദ സംഘടനകളുടെ വോട്ട് വാങ്ങി ജയിച്ച ഭരണവർഗവും അവർക്ക് വിടുവേല ചെയ്യാൻ തയ്യാറായ നട്ടെല്ലില്ലാത്ത പ്രതിപക്ഷവും ചേർന്ന് പാസാക്കിയ പ്രമേയം കേരള ജനതയുടെ ഒന്നായ ശബ്ദമായി കണക്കാക്കാൻ കഴിയില്ല...

ദ്വീപിന്റെ വികസനത്തിനും അവിടുത്തെ ജനതയുടെ ജീവിത ഉന്നമനത്തിനുവേണ്ടി ഉയരുന്ന വലിയൊരു ശബ്ദം ഇവിടെ ഉണ്ടാകട്ടെ...

[Rajesh Puliyanethu

 Advocate, Haripad]

Wednesday, 11 December 2019

തെലുങ്കാനയിലെ പോലീസ്സ് നടപടി;; ''നീതി'' കണ്ണു കെട്ടുന്നു....!!??


     ഹൈദ്രബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസ്സിലെ പ്രതികളെ  വെടിവെച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകുന്ന തിരക്കിലാണ് രാജ്യത്തിന്റെ ഒരു പകുതി...  രാജ്യത്ത് കൂടിവരുന്ന ബലാത്സംഗ കൊലപാതകങ്ങൾക്കു നേരെ ഉയരുന്ന ജനരോഷമാണ് ഇത്രയും അധികം പിന്തുണ തെലുങ്കാന പൊലീസിന് ലഭിക്കാൻ കാരണം.. വൈകാരികമായി മാത്രം ചിന്തിക്കുന്ന ഒരു വിഭാഗമാണ് ഈ വിധം കലവറയില്ലാതെ പിന്തുണ പൊലീസിന് നൽകുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും... നിയമത്തെ ഏതു വിധത്തിൽ നോക്കിക്കാണണം എന്നും, നിയമത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുകൊണ്ട് എങ്ങനെ ചിന്തിക്കണണമെന്നും പ്രാഥമിക വീദ്യാഭ്യാസകാലം മുതൽ പഠിപ്പിച്ചു നല്കാത്തതിന്റെ പോരായ്മയും കൂടിയാണ് ഈ പിന്തുണകൾ തെളിച്ചു കാണിച്ചു തരുന്നത്.. ചെറിയ ക്ലാസ് തലം മുതൽ നിയമം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടി ഈ അവസ്സങ്ങളിൽ ഓര്മപ്പെടുത്തേണ്ടതാണ്...

     തെലുങ്കാനയിലെ സംഭവം നോക്കൂ... പ്രതികളെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലുക എന്നതല്ലല്ലോ രാജ്യം വിവക്ഷിക്കുന്ന രീതി... പൊലീസിന് പറയാനുള്ളത് എന്താണ്!!??? പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു... ഒരു കോടതിയുടെയോ,, അന്വേഷണ കമ്മീഷന്റെയോ,, പുതിയതായി വരുന്ന അന്വേഷണ ഏജൻസിയുടെയോ മുൻപിൽ ഈ കാരണം നിരത്തി പൊലീസിന് എത്രകാലം പിടിച്ചു നിൽക്കാൻ കഴിയും എന്നത് കണ്ടുതന്നെ അറിയണം... പോലീസിന്റെ കസ്റ്റഡിയിൽ രണ്ടു ദിവസത്തിലേറെയായി ഉള്ളവർ... തീർച്ചയായും അവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടാകില്ല.. ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന വാദം പൊലീസിന് ഒരിക്കലും ഉന്നയിക്കാൻ കഴിയില്ല... ഇത്രയധികം സെൻസേഷണൽ ആയ ഒരു വിഷയത്തിൽ ജനങ്ങൾ ആക്രമിക്കാൻ സാദ്ധ്യത ഉണ്ട് എന്ന നിലയിൽ കനത്ത ബന്തവസ്സിൽ മാത്രമേ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരാൻ സാദ്ധ്യത ഉള്ളൂ... ഇത്രയധികം കാര്യങ്ങൾ കൃത്യമായി കാണാൻ കഴിയുന്ന രീതിയിൽ നിൽക്കുമ്പോളാണ് പൊലീസിന് ഈ വിഷയത്തിൽ ന്യായങ്ങൾ പറഞ്ഞു അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് പറയുന്നത്... ഇത്രയധികം പൊലീസുകാരെ നിരായുധരായ നാലുപേർ ആക്രമിച്ചാൽത്തന്നെ പ്രതിരോധിക്കാനോ,, അവരെ കീഴടക്കാനോ ഉള്ള ക്ഷമത ഇല്ലാത്തവരാണോ തെലുങ്കാന പോലീസ്സ്...!!?? തോക്കുകൊണ്ടു മാത്രം അവരെ പ്രതിരോധിക്കാൻ കഴിവുള്ളവരാണ് ആ പോലീസ്സ് സംഘത്തിൽ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും സർവ്വീസിൽ തുടരാൻ അവർ അർഹരല്ല... പോലീസ് സംഘത്തെ അക്രമിക്കുകയല്ല,, മറിച്ചു് അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെങ്കിൽ അവരെ പിടികൂടാൻ കഴിയാത്തതിനാൽ വെടിവച്ചിട്ടു എന്ന് എങ്ങനെ ലജ്ജ കൂടാതെ ഒരു പോലീസ്സ് അധികാരിക്ക് പറയാൻ കഴിയും... ഒരു കാര്യം ഏറെക്കുറെ ഉറപ്പിച്ചു പറയാൻ കഴിയും... ഏറ്റവും കുറഞ്ഞത് ഏത് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നാണോ പ്രതികളുടെ ശരീരത്തിൽ വെടിയുണ്ടകൾ കയറിയത്,, അയാളെങ്കിലും ശിഷ്ടകാലം ഇരുമ്പഴികൾക്കുള്ളിൽ കഴിയേണ്ടി വരും... കുറ്റം ആരോപിക്കപ്പെടുന്നവനെ വെടിവെച്ചു കൊല്ലുന്നതല്ല പോലീസിന്റെ മികവ്,, മറിച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെ തെളിവുകൾ ശേഖരിച്ചു കോടതിയുടെ മുൻപാകെ തെളിയിച്ചു ശിക്ഷവാങ്ങി കൊടുക്കുന്നതിലാണ്... വിചാരണ കൂടാതെ ശിക്ഷ നടപ്പിലാക്കുന്നതുതന്നെ കാടത്തമാണ്... അതിനെ പിന്തുണക്കുന്നത് അധഃ പതനമാണ്...

     നിയമ വ്യവസ്ഥയിൽ വലിയ ഒരു വിഭാഗം ജനതയ്ക്ക് വിശ്വാസ്സം നഷ്ടപ്പെട്ടതാണ് പോലീസ്സ് നടപടിക്ക്‌ ഇത്രയധികം പിന്തുണ ലഭിക്കാൻ കാരണം എന്ന് കാണേണ്ടതുണ്ട്... അതിനൊപ്പം തന്നെ എന്തുകൊണ്ട് നിയമ വ്യവസ്ഥയിലെ വിശ്വാസ്സം നഷ്ട്ടപ്പെട്ടു എന്നു കൂടി തിരിച്ചറിയാൻ ശ്രമിക്കണം..

     രാഷ്ട്രീയത്തിലും, പോലീസ്സിലും സ്വാധീനങ്ങൾ ചെലുത്തി ചില കേസ്സുകൾ അട്ടിമറിക്കപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വരുന്നത് ജനങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ട്ടിക്കും... തങ്ങളുടെ കാഴ്ചപ്പാടിൽ കുറ്റവാളിയാണെന്ന് തീർച്ചപ്പെടുത്തിയ ഒരു കുറ്റാരോപിതർ വിചാരണയ്ക്കു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുന്നത്,, ശിക്ഷിക്കപ്പെട്ട പ്രതി ജയിലിൽ പൂർവ്വാധികം കായബലം നേടി നിൽക്കുന്നത് കാണുന്നത്,, ശിക്ഷിക്കപ്പെട്ടവൻ സർക്കാർ - രാഷ്ട്രീയ ഒത്താശയോടെ തുടർച്ചയായി പരോളുകൾ നേടി നിയമ സംവിധാനങ്ങളെ പരിഹസിക്കുന്നത്;; ഇതൊക്കെ കണ്ടു നിൽക്കുന്നവൻ സ്വോഭാവികമായും രോഷാകുലരാകും... ഇതിനൊപ്പം കണ്ടു നിൽക്കുന്നവന് നിയമപരിജ്ഞാനത്തിന്റെ അഭാവവും കൂടി ഉണ്ടെങ്കിലോ!!?? തീർച്ചയായും അവർ നീതിന്യായ സംവിധാനത്തെ പഴിപറയും...  കോടതി വിചാരണയ്ക്കു മുൻപുതന്നെ മാദ്ധ്യമങ്ങൾ വിചാരണ നടത്തി കുറ്റവും ശിക്ഷയും വിധിച്ചു കഴിഞ്ഞ ഒരു പ്രതിയെ കോടതി വെറുതെ വിടുന്നുവെങ്കിൽ കണ്ടു നിൽക്കുന്നവന്റെ അമർഷം വീണ്ടും വർദ്ധിക്കും... അവിടെയെല്ലാം പൊതുജനത്തിൻ്റെ മനസ്സിൽ വിലയിടിയുന്നത് നമ്മുടെ നിയമ നീതിന്യായ സംവിധാനങ്ങളുടേത് ആയിരിക്കും... കുറ്റവാളിയെ നിയമത്തിനു വിട്ടുകൊടുക്കാതെ വെടിവെച്ചു കൊന്നുകളയുന്ന സിനിമയിലെ പോലീസ്സ് നായകനോട് തോന്നുന്ന ആരാധന യഥാർഥ പോലീസിനോട് തോന്നുന്നത് നിയമപരമായ അറിവിന്റെയും, ചിന്തയുടെയും ച്യുതിയാണ്... സിനിമയിലും പ്രേക്ഷകന്റെ മനസ്സിലേക്ക് കനത്ത ഡയലോഗുകളിൽക്കൂടി നായകൻ പറഞ്ഞു നിറക്കുന്നത് "നിയമത്തിൻ്റെ പഴുതുകളിൽക്കൂടി രക്ഷപ്പെടാതിരിക്കാൻ വില്ലനെ കൊന്നു കളയുന്നു" എന്നാണല്ലോ!

     വിചാരണ കൂടാതെ വിധി നടപ്പാക്കുന്ന ഉട്ടോപ്യൻ രാജ്യങ്ങളുടെ ആരാധകരായി മാറുകയാണ് നമ്മളിൽ പലരും... ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ ഭാരതം ശ്രെഷ്ട പദവി അലങ്കരിച്ചു നിൽക്കുന്നത് വിചാരണ കൂടാതെ വെടിവെച്ചു കൊല്ലുന്ന തരത്തിലെ കാടൻ രീതികൾ ഇവിടെ നിലവിലില്ലാത്തതു  കൊണ്ടു കൂടിയാണ്... നീതി അതിന്റെ ശരിയായ രീതിയിൽ നടപ്പിലാക്കുന്ന രാജ്യം എന്ന പേരിലാണ് നമ്മുടെ രാജ്യം ശ്രെയസ്ക്കരമാകുന്നത്... ''ക്യാപ്പിറ്റൽ ഓഫ് ഡെമോക്രസി'' എന്നതാണ് ഭാരതത്തിന്റെ ക്യാപ്‌ഷൻ...  റേപ്പ് ക്യാപിറ്റൽ എന്ന് ഭാരതത്തെ ഒരു വിദേശിയും, സ്വദേശിയും വിശേഷിപ്പില്ല... സ്വദേശിയും വിദേശിയുമല്ലാത്തെ ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാൽ നമ്മൾ അത് മുഖവിലക്കെടുക്കേണ്ട കാര്യവുമില്ല.... 

     ഇത്രകണ്ട് രാജ്യത്തെ നിയമ വ്യവസ്ഥിയിൽ വിശ്വാസ്സമില്ലാതാകേണ്ട അവസ്ഥ നിലവിലില്ല എന്നുതന്നെ നമ്മൾ കാണണം... രാജ്യത്തിനെതിരെ പ്രവർത്തിച്ച കൊടും കുറ്റവാളികൾക്ക് നമ്മുടെ രാജ്യം വിചാരണ നടത്തിത്തന്നെ ക്യാപ്പിറ്റൽ പണിഷ്മെൻറ് നൽകിയിട്ടുണ്ട്... മതത്തിന്റെയും,, രാഷ്ട്രീയത്തിന്റെയും സമ്മർദ്ദങ്ങളെ അതിജീവിച്ചുതന്നെ അജ്മൽ കസബിനെയും,, അഫ്‌സൽ ഗുരുവിനെയും ഇവിടുത്തെ നീതിന്യായ വ്യവസ്ഥ തൂക്കൂലേറ്റിയില്ലേ...?? നിർഭയ കേസ്സിലെ പ്രതികൾ തൂക്കുകയർ കാത്തുകിടക്കുകയല്ലേ?? ശിക്ഷിക്കപ്പെട്ടവനെ പട്ടിണിക്കിടുന്നതല്ല നമ്മുടെ രാജ്യം പിന്തുടരുന്ന രീതി എന്നതുകൊണ്ട് കായപുഷ്ടി നേടിയ ഗോവിന്ദച്ചാമിയെ കണ്ട് നമ്മൾ നീതി പീഠങ്ങളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല... ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നാണ് അർഥം... ഗോവിന്ദച്ചാമി മരണം വരെ ജയിലിൽ കിടന്നാൽ അതും അർഹമായ ശിക്ഷയാണ്... വിചാരണ നടത്തി നൽകിയ ശിക്ഷ എന്ന മേന്മ ആ ശിക്ഷക്കുണ്ട്....

     തെലുങ്കാന റേപ്പ് കേസ്സിലേക്കു തന്നെ വരൂ... നാലുപേരെ കുറ്റവാളികളായി കണ്ടെത്തിയത് പൊലീസ് ആണ്... പോലീസ് പറഞ്ഞ അറിവിന്റെ അടിസ്ഥാനത്തിലാണ് അവർ കുറ്റവാളികളാണെന്ന് നമ്മൾ തിരിച്ചറിഞ്ഞത്... അവർ കുറ്റവാളികളാണെന്ന ഉറച്ച വിശ്വാസ്സത്തിലാണ് അവർ കൊല്ലപ്പെടേണ്ടവരാണെന്ന് നമ്മളിൽ ഒരു വിഭാഗം തീർത്തു പറഞ്ഞത്... വികാരങ്ങളെ മാറ്റിനിർത്തി ആലോചിക്കൂ... അവർ യഥാർഥ കുറ്റവാളികൾ അല്ലെങ്കിലോ!!?? പ്രബലരായ മറ്റേതെങ്കിലും പ്രതികളെ എന്നെന്നേക്കുമായി രക്ഷിക്കാൻ പോലീസ്സ് നടത്തിയ തിരക്കഥയാണ് നടപ്പിലായതെങ്കിലോ!!?? പ്രതികളിൽ ഒരാളെപ്പോലും ബാക്കിവെയ്ക്കാതെ പോലീസ്സ് കൊന്നുകളഞ്ഞതുകൊണ്ടാണ് സംശയം ബലപ്പെടുന്നത്... പ്രതികൾ എല്ലാവരും  മരിച്ചതിനാൽ ഇനി കുറ്റ വിചാരണയുമില്ല... അവരിൽ ഒരുവനെങ്കിലും നിരപരാധിയായിരുന്നുവെങ്കിൽ അത് തെളിയിക്കപ്പെടാതെ ഈ ലോകത്തുനിന്നും അവനെ തിരികെ അയച്ചതിൽ എന്ത് നീതിയാണുള്ളത്... പൊലീസ് നടപടിയെ അത്യന്തം സംശയത്തോടെ തന്നെ കാണണം... കാരണം രക്ഷപ്പെടാൻ ശ്രമിക്കുന്ന നാലു പ്രതികളിൽ ഒരുവൻ വെടി കൊണ്ടു വീണത് കാണുമ്പോൾത്തന്നെ മറ്റുള്ളവർ അതിൽ നിന്നും പിന്തിരിയില്ലേ?? നാലുപേരെയും കൊന്നതിനാൽ അവരെ മുഴുവനും ഇല്ലാതാക്കുക എന്നത് പോലീസിന്റെ തീരുമാനമായിരുന്നു എന്ന് കാണണം.. പക്ഷെ അതിനവർ തയ്യാറാക്കിയ തിരക്കഥ ദുർബലമായിരുന്നു എന്നും പറയേണ്ടി വരും...

     തെലുങ്കാന പ്രതികളെ കൊന്ന ഓപ്പറേഷനെ "എൻകൗണ്ടർ" എന്ന് വിശേഷിപ്പിക്കാൻ പാടില്ല... പൊലീസ് ഭാഷ്യം തന്നെ അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടി വെയ്ക്കുകയായിരുന്നു എന്നാണ്... രക്ഷപ്പെടാൻ ഓടുന്നവനെ വെടിവെച്ചിടുന്നതാണോ എൻകൗണ്ടെർ!!?? നമ്മുടെ പോലീസിനെയും,, പട്ടാളത്തെയും,, പൊതുജനത്തെയും ആക്രമിക്കുകയും നശിപ്പിക്കുകയും,, പൊതുജനത്തെ ബന്ദികളാക്കുകയും ചെയ്യുന്നവരെ കൊല്ലുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാതെ വരുമ്പോൾ എടുക്കുന്ന നടപടിയാണ്  "എൻകൗണ്ടർ"... അത് രാജ്യത്തിന്റെയും,, ജനതയുടെയും സുരക്ഷക്കായി ഉത്തരവാദിത്വപ്പെട്ടവർ നടത്തുന്ന ധീരമായ നടപടിയാണ്.. മറിച്ചു തെലുങ്കാന പോലീസ് ചെയ്തതു പോലെയുള്ള ഭീരുത്വവും, നിഗൂഢതയും നിറഞ്ഞ ഒന്നല്ല...

     തെലുങ്കാന സംഭവത്തിൽ രണ്ടു രാഷ്ട്രീയ ചേരികൾ രൂപം കൊണ്ടതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്... പോലീസ്സ് നടപടിയെ അനുകൂലിക്കുന്ന വിഭാഗം, എതിർക്കുന്ന വിഭാഗം എന്നതിനപ്പുറം അനുകൂലിക്കുകയും, എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ ചേരിതിരിവാണ് ഇവിടെ രൂപം കൊണ്ടത്... ഇസ്ളാമിക തീവ്രവാദികളെ കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുകയും, എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളുടെ തനിപ്പകർപ്പ് ഈ വിഷയത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു... രാജ്യത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്നവരെ പ്രത്യാക്രമണങ്ങളിൽക്കൂടി ഇല്ലാതാക്കാനേ കഴിയൂ... അവിടെയും വിചാരണയ്ക്ക് അവസ്സരം കിട്ടിയാൽ അത് ചെയ്യണം.. 

      കുറ്റവാളികളെ വെറുതെവിടുന്നതിന്റെ തോത് കൂടുതലായതിനാൽ അത് നീതിന്യായ സംവിധാനങ്ങളുടെ പോരായ്മയാണ് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല... പ്രതിക്കൂട്ടിൽ നിൽക്കുന്നവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന മുൻവിധിയോടെ അന്വേഷ ഏജൻസികളെ മാത്രം വിശ്വാസ്സത്തിലെടുത്ത് ആളുകളെ ജയിലിലേക്ക് അയക്കുന്ന ഏജൻസികൾ അല്ല കോടതികൾ... കോടതികളുടെ 'വിശ്വാസ്യത' കൂട്ടാൻ ശിക്ഷിക്കപ്പെടുന്ന റേറ്റ് കൂട്ടാൻ വേണ്ടി കോടതികൾ തുനിഞ്ഞിറങ്ങാതിരുന്നാൽ മതി...

"നീതി നടപ്പിലായാൽ മാത്രം പോരാ, അത് നടപ്പിലായതായി പൊതുസമൂഹത്തിന് തോന്നുകയും വേണം" എന്നതാണ് തത്വം... ഭരണ ഘടന അനുശാസിക്കുന്ന മാർഗ്ഗങ്ങളിൽക്കൂടി നടപ്പിലാക്കുന്ന 'നീതി',, നീതിയുടെ നടപ്പിലാകലായി പലർക്കും ബോദ്ധ്യപ്പെടുന്നില്ല എന്ന സത്യവും നമ്മൾക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.. നീതി ശരിയായ രീതിയിൽ ഇവിടെ നടപ്പിലാകുന്നു എന്നും,, അതിവിടുത്തെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയുന്നുണ്ട് എന്നും  അധികാരസ്ഥാനങ്ങൾ ഉറപ്പുവരുത്തട്ടെ.... 

[Rajesh Puliyanethu
 Advocate, Haripad]
                    @ 
          PuliyanZ