Monday, 6 April 2020

ആരാണു വലിയവൻ!!?? ഒരണുവിനേക്കാൾ അല്പമെങ്കിലും...........


ആരാണ് വലിയവൻ ആരാണ് വലിയവൻ, ഒരു കുഞ്ഞു പൂവു ചോദിച്ചു...

ഞാനാണ് വലിയവൻ, ഞാനാണു വലിയവൻ, പൂമ്പാറ്റ മറുമൊഴി ചൊല്ലി.... 
എന്നോളമൊരുഭംഗി ആർക്കുണ്ടു ഭൂമിയിൽ,,  സൗന്ദര്യം തന്നെ മഹത്വപൂർണ്ണം...

പൂമ്പാറ്റ ചെന്നൊരു കിളിയോടു ചോദിച്ചു,, ആരീ ഭൂമിയിൽ കേമനെന്ന്!??

ചിലു ചിലെ ചില കൊണ്ടു, ചിറകുകൾ പൊന്തിച്ചു കിളി ചൊല്ലി ഞാനാണ് കേമനെന്ന്...
എന്നോളമുയരത്തിലെത്തിയതാരുണ്ട്,, ഉയരമാണൂഴിയിൽ ഉണ്മയെന്ന്...

ഒരു ചെറുനരിയോട് കിളി ചെന്നു ചോദിച്ചു, ആരാണുലകിലെ ശ്രേഷ്ഠ ജന്മം...

കുറുനരി പുച്ഛമടക്കാതെ ചൊല്ലിനാൽ,, ഞാനെന്നതിൽ സന്ദേഹമെന്തേ...!?
വിരുതരായുള്ളവർ വാഴുന്നിടമിത്,
കൗശലം തന്നെ വിജയ മന്ത്രം...

വേഗം കുതിക്കുന്ന വീരനാം അശ്വത്തെ കണ്ടു കുറുനരി ആരാഞ്ഞു.. 
ആരെടാ വലിയവൻ ലോകം ജയിച്ചവൻ, തന്ത്രം മെനഞ്ഞിടുമെന്നേക്കാളും...

വേഗത്തിലെന്നെ പിടിച്ചുകെട്ടീടുവാനാർക്കുണ്ടു ത്രാണിയതിന്നുവരെ!?? 
വേഗത്തിലൊടുന്ന വിശ്വവിജയി ഞാൻ,, വേഗം തന്നെ വലിയ കാര്യം...

അശ്വമൊരു ദിനം ആനയെ കണ്ടപ്പോളാരാഞ്ഞു വീണ്ടുമാചോദ്യമപ്പോൾ...

എൻ്റെ വലിപ്പംകണ്ടീ ചോദ്യം ചോദിക്കാൻ വിഡ്ഢീ നീ മടിക്കാത്തതെന്തേ!? ശക്തിയിൽ മുന്നനാം എന്നെ ജയിക്കുവാനാരുണ്ടു വലിയവൻ വേറെയിപ്പോൾ!?

ഗജരാജനൊരു വേള വനരാജനെക്കണ്ടു ചോദിച്ചു  വീണ്ടുമാ ചോദ്യമപ്പോൾ...!?

ഞാൻ തന്നെ രാജനും, ഞാൻ തന്നെ വീരനും, ഞാൻ തന്നെ കേമനും മറ്റാരുമല്ലാ... അധികാരിയാണു ഞാൻ, അധികാരിയാണു ഞാൻ, അധികാരി തന്നെടോ കേമനെന്നും...

ആരെടാ വലിയവനെന്നുള്ള ഉത്തരം വനജീവിക്കൂട്ടം തിരിച്ചറിഞ്ഞു.. 

മാനവനെന്നോരു ഇരുകാലി ജീവികൾ കാട്ടിൽ കടന്നുചെന്നാ ദിവസം...

പൂവുകൾ പൊട്ടിച്ചു,, കിളികളെ എയ്തിട്ടു,, കാട്ടിൽ വിരാജിച്ചു ആ മനുഷ്യർ... 

ആനയെ വീഴ്ത്തിയവനശ്വത്തെ ബന്ധിച്ചു വനരാജനെ കെണി വെച്ചു കൂട്ടിലാക്കി.. 

ഞാനാണു മാനവൻ,, വല്ലവൻ,, വൈഭവം കൊണ്ടവൻ,, ശാസ്ത്രം പഠിച്ചവൻ,, എല്ലാം ജയിച്ചവൻ...

'ആരെടാ വലിയവൻ' എന്നുള്ള ചോദ്യത്തിനുത്തരമായവൻ വാണിടുമ്പോൾ...

വന്നു നിലകൊണ്ടു മാനവൻ വീഥിയിൽ കുഞ്ഞരിൽ കുഞ്ഞനാം കുഞ്ഞനണു...

പേടിച്ചരണ്ടു പോയ് വിശ്വ വിജയികൾ,, 
കൂട്ടിൽ ഒളിച്ചു പോയ് രാജസമൂഹവും..

സമ്പത്തൊലിച്ചു പോയ്,, വൈഭവം നിലച്ചു പോയ്,, വിജ്ഞാനമൊട്ടു തികയാതെയും പോയ്...

അവൻ വെറുമൊരു അണുവാണ്... 

മദിച്ചു മറിഞ്ഞു നടന്ന നിന്നെ തടവിലാക്കിയവൻ,, 
മരണഭയത്താൽ നിന്നെ വെറളി കൊള്ളിച്ചവൻ,,
നിൻ്റെ സമ്പത്ത് ഒഴുക്കിക്കളഞ്ഞവൻ,,
നിന്നെ നിശ്ചലനാക്കിയവൻ,,
നീ കരുതിയ വിശ്വവിജയം നിൻ്റെ മൂഢസ്വപ്നമാണെന്നു നിന്നെ മനസ്സിലാക്കിത്തന്നവൻ,,
നീ ഒരു അണുവിലും ചെറിയവനാണന്ന് നിന്നോടു വിളിച്ചു പറഞ്ഞൻ,,
നിൻ്റെ ജീവനെടുത്തവൻ....

ആരാണു വലിയവൻ, ആരാണു വലിയവൻ ഒരു കുഞ്ഞു പൂവു ചോദിച്ചു...

അണുവല്ല, മൃഗമല്ല, മാനവനല്ല...

അതു നീ നിൽക്കും 'അവസ്ഥ' മാത്രം....

[Rajesh Puliyanethu
 Advocate, Haripad]