Sunday, 11 December 2016

മനുഷ്യന്റെ ശബ്ദം കേൾക്കൂ.......!!


     ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനു വടക്കുവശം ക്ഷേത്ര പരിസ്സരമാണ് സംഭവസ്ഥലം... കഴിഞ്ഞ വർഷത്തെ തൈപൂയ കാവടി കാലം... വൈകിട്ട് ദീപാരാധന തൊഴുത് ഞാൻ ഉൾപ്പടെ ഒരുപാട് സ്വാമിമാരും മറ്റു ഭക്തജനങ്ങളും ക്ഷേത്രത്തിനു പുറത്തേക്കു വരുന്നു.... പുറത്തെ ആനക്കൊട്ടിലിനു വടക്കുവശം ഒരു സുഹൃത്തിനെ കണ്ട് ഞാൻ  അങ്ങോട്ട് നീങ്ങി നിന്നു... അവൻ അവിടെനിന്നും കുറച്ചു വടക്കായി ഒരാളുടെ ചില പ്രവർത്തികൾ/ ചേഷ്ടകൾ എന്നെ കാണിച്ചുതന്നു... ചെറുതായി ഇരുട്ടു വീണു തുടങ്ങിയിരുന്നു എങ്കിലും കുറെ ഏറെ കാഴ്ചക്കാരുടെ നടുവിൽ അദ്ദേഹത്തെ വ്യക്തമായി കാണാമായിരുന്നു....  

     ഒരു സ്കൂട്ടറിന്റെ സമീപത്തായി ഒരു മനുഷ്യൻ നിൽക്കുന്നു.... മദ്യപിച്ചു ലക്കുകെട്ടവനെപ്പോലെ കാലുകൾ ഉറയ്ക്കാത്ത അവസ്ഥ... ഇടക്ക് വീണുപോകാതെ സ്കൂട്ടറിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്... അതിലേറെ ആളുകൾ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിൻറെ മുണ്ട് കൈയ്യിൽ പിടിച്ചിരിക്കുകയാണ്... അത് ഉടക്കുവാൻ വേണ്ടി സ്വയം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും പരാജയപ്പെടുകയാണ്... ഈ ആൾക്കൂട്ടം വെറും കാഴ്ചക്കാരായി മാത്രം നിൽക്കുന്നു.. കാര്യം തെരക്കുന്നില്ല എന്ന് മാത്രമല്ല കൂടുതൽ ആൾക്കാരെ ഈ കാഴ്ച വിളിച്ചു കാണിക്കുന്നു മുണ്ട്..എന്റെ സുഹൃത്ത് എന്നെ ഈ രംഗം കാട്ടിത്തന്നതുപോലെ...

     ഈ കാഴ്ചയിൽ എന്തോ പന്തികേട് തോന്നിയ തോന്നിയ ഞാൻ അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു... എനിക്ക് പരിചയമുള്ള മറ്റു ചിലരും എന്റെ സമീപത്തേക്ക് വന്നു... "വെള്ളമാണെന്നു തോന്നുന്നു"... വായ തുറന്നവർ പറഞ്ഞ അഭിപ്രായമാണത്.... എനിക്ക് ആ മനുഷ്യനെ യാതൊരു പരിചയവുമില്ല... എന്നാൽ അവിടെ കൂടിനിന്ന പലരും അദ്ദേഹത്തെയും,, അദ്ദേഹത്തിൻറെ വീടും,, തൊഴിലും എല്ലാം നന്നായി അറിയുന്നവരും!!! അതിലേറെ രസകരമായ കാര്യം ഇതിൽ ഒരുവൻ പോലും അദ്ദേഹത്തെ ഇതിനുമുൻപ് മദ്യപിച്ചു കണ്ടിട്ടില്ല... അദ്ദേഹം മദ്യപിക്കുന്ന ആളായി അവർക്കാർക്കും അറിവുമില്ല..!! 

     ടി വി യിലെ ആരോഗ്യപരിപാടിയിലോ, ഫ് ബി യിലെ ഹെൽത്ത് മെസ്സേജുകളിൽനിന്നോ കിട്ടിയ സൂചനയാണെന്നു തോന്നുന്നു... ഇതിലോക്കെ എന്തോ അപാകത എനിക്ക് തോന്നി... മുണ്ടുടുക്കാൻ കഴിയാത്തതൊക്കെ ഏതോ രോഗത്തിന്റെ സിംടമാണെന്ന് ഒരു കേട്ടറിവ് പോലെ... അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകാം എന്ന ഒരു നിർദ്ദേശം ഞാൻ മുൻപോട്ടു വെച്ചു... ചിലർ അതിന്റെ ആവശ്യമില്ലെന്നു അഭിപ്രായപ്പെട്ടു... എന്റെ സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാം എന്ന എന്റെ അഭിപ്രായത്തെ പിന്തുണച്ചപ്പോൾ എതിർപ്പുകൾ കുറഞ്ഞു... അവരിലൊരാൾതന്നെ വിളിച്ചുകൊണ്ടുവന്ന ഓട്ടോയിൽ അദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി... ആശുപത്രിയിൽ നിന്നും ഞങ്ങളെ അറിയിച്ചത് അദ്ദേഹത്തിൻറെ രക്ത സമ്മർദ്ദം വളരെ ഉയർന്ന നിലയിലാണ്... ഉടനെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണം എന്നായിരുന്നു.... ഹോസ്പിറ്റലിൽ നിന്നും ഫസ്റ്റ് എയ്ഡ് നൽകി.. അദ്ദേഹത്തിൻറെ ബന്ധുക്കൾ എത്തി... മറ്റേതോ ആശുപത്രിയിൽ കൊണ്ടുപോയി....

     കുറച്ചു ദിവസത്തിനു ശേഷം അദ്ദേഹത്തിൻറെ അവസ്ഥ അന്യഷിച്ചതിൽ മനസ്സിലായത്; അദ്ദേഹത്തിന് സ്‌ട്രോക്കിന്റെ പ്രാരംഭമായിരുന്നു... ഏകദേശം രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടന്നു,, ഭേദമായി വീട്ടിലെത്തിയെന്നതാണ്.. 

     ഈ അനുഭവം വിവരിക്കാൻ കാരണം നമ്മുടെ എല്ലാവരുടെയും പൊതുവായ കാഴ്ചപ്പാടിലെ ഒരു അപാകത ചൂണ്ടിക്കാട്ടാനാണ്... മനുഷ്യന് ഉണ്ടാകുന്ന അവശതകളിൽ പലതിനെയും 'മദ്യം' എന്ന് പറഞ്ഞു നമ്മൾ അവഗണിക്കുന്നു... ഒരുവനെ അവശനായിക്കണ്ടാൽ ആദ്യം തന്നെ അയാൾ മദ്യപനാണ് എന്ന നിഗമനത്തിൽ എത്തിച്ചേരാതിരിക്കൂ... ഒരു നിമിഷം നമ്മുടെ ശ്രദ്ധ അയാൾക്കു നൽകുന്നതിൽ നമുക്കൊന്നും നഷ്ട്ടപ്പെടാനില്ല... ടി സംഭവത്തിൽ ആ വ്യക്തി മദ്യപിക്കുന്ന ആളാണെന്ന് അദ്ദേഹത്തെ അറിയുന്നവർക്കുപോലും അറിവില്ല എന്നതാണ് രസം... ഒരുവൻ മദ്യത്തിന്റെ സ്വാധീനത്തിലാണ് അവശനായതെങ്കിൽപോലും അയാൾക്ക് അപത്തുണ്ടാകാതെ വരാൻ എന്തെങ്കിലും ചെയ്തുകൊടുക്കുന്നതിൽ തെറ്റില്ല... 

     വേലായുധസ്വാമിയെ തൊഴുതിറങ്ങിയവരായിരുന്നു അസുഖം ബാധിച്ച ആ മനുഷ്യനും, ഞാനും, സഹായത്തിനെത്തിയ എന്റെ സുഹൃത്തുക്കളും എല്ലാം... ഈശ്വര നിയോഗങ്ങളാണ് എല്ലാം... അദ്ദേഹം സുഖം പ്രാപിച്ചു എന്നത് സുഖമുള്ള ഒരു വാർത്തയും... 

[Rajesh Puliyanethu
 Advocate, Haripad]