ഡൌണ്‍ ടൌണ്‍ റെസ്റൊറന്റിലേക്ക് നോക്കൂ...!! ഭാരതീയ സംസ്ക്കാരത്തെയും, പ്രണയത്തെയും, നിയമത്തെയും, വ്യക്തിസ്വാതന്ത്രങ്ങളെയും പടച്ചട്ട അണിയിച്ച് അവിടെ നിർത്തിയിരിക്കുന്നു... ഏതൊരു പടയാളിയുടെ കൈയ്യിലും യുദ്ധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരേ ഒരു ആയുധമെ ഉള്ളു... അതാണ് "ചുംബനം"...!! ചുംബിച്ചോ, ചുംബനത്തെ നശിപ്പിച്ചോ, ചുംബനത്തെ ഒളിപ്പിച്ചോ മേൽപ്പറഞ്ഞ പടയാളികൾക്ക് വിജയിക്കാം... അവർ ധരിച്ചിരിക്കുന്ന പടച്ചട്ട ഊരിവെച്ച് വിജയഭേരി മുഴക്കാം....
പക്ഷെ മേൽപ്പറഞ്ഞ പടയാളികൾ ആയുധമെടുത്ത് യുദ്ധം ചെയ്യുന്നതിന് പകരം ചിലർ ആയുധത്തോട് യുദ്ധം ചെയ്യാൻ തുടങ്ങി... ചിലർ ആയുധത്തിന്റെ വക്ത്താക്കളായി... മറ്റുചിലർ ആയുധത്തെ എറിഞ്ഞോടിക്കാൻ വെമ്പൽ കൊണ്ടു.. എന്തിനേറെ പറയുന്നു... യുദ്ധം "ചുംബനം"എന്ന ആയുധത്തിന്റെ അസ്ഥിത്വവും, ഉപയോഗക്രമവും, വിനിമയവും, വിപണനവും, പ്രാധാന്യവും ഒക്കെയായി വിപുലീകരിക്കപ്പെട്ട് യുദ്ധഭൂമിയുടെ വിസ്തൃതിയെ വർദ്ധിപ്പിച്ചു... പ്രജകളിൽ നിന്നും സ്വയേഛയാതന്നെ പോരിനിറക്കവും ഉണ്ടായി...
ലോകമാകെ പോരിനിറങ്ങുമ്പോൾ എതെങ്കിലുമൊക്കെ തരത്തിൽ അതിൽ ഭാഗപാക്കാകണമല്ലോ.. പ്രസ്തുത വിഷയത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തികൊണ്ട് ഞാനും അത് ചെയ്യുന്നു..
റെസ്റൊറന്റിൽ പരസ്യമായി അരങ്ങേരിവന്ന ചുംബന പ്രകടനങ്ങളും, കാമകേളികളും ഒരു ചാനൽ ഒളിക്യാമറയിൽ പകർത്തി പ്രദർശിപ്പിച്ചതിനെ തുടർന്ന് 'സദാചാരബോധം സംരക്ഷിക്കുക' എന്നാ മുദ്രാവാക്യവുമായി എത്തിയ യുവമോർച്ചാ പ്രവർത്തകർ റെസ്റൊറനട് അടിച്ചുതകർത്തു എന്നതാണ് 'ചുംബന യുദ്ധത്തിന്റെ' മൂലകാരണം എന്ന് ഞാൻ മനസ്സിലാക്കുന്നത്... യുവമോർച്ചാ പ്രവർത്തകർ റെസ്റൊറനട് അടിച്ചു തകർത്തു എന്നതിനെ വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ല എന്നാണ് എന്റെ പക്ഷം... കാരണം ലൈഗീകതയുമായി ചേർന്ന വിഷയങ്ങൾക്ക് സമൂഹത്തിൽ വല്ലാത്ത പ്രതികരണോർജ്ജമാണ്... അത് മുതലെടുക്കാൻ യുവജന സംഘടനകൾ മുന്നിട്ടെറങ്ങും.. എന്തുകൊണ്ട് DYFI യോ, യൂത്ത് കൊണ്ഗ്രെസ്സോ അതിന് തുനിഞ്ഞില്ല എന്നാ ചോദ്യത്തിന് 'മുൻപേ ഓടിഎത്തി അടിച്ചു തകർക്കുന്നതിൽ' വിജയിച്ചത് യുവമോർച്ചാ പ്രവർത്തകർ ആയിരുന്നു എന്നതാണ് ഉത്തരം... മറിച്ച് DYFI യോ, യൂത്ത് കൊണ്ഗ്രെസ്സോ ഈ അവസ്സരത്തിൽ പറയുന്ന വിശദീകരണങ്ങൾക്ക് പ്രാധാന്യമില്ല... മുൻകാലങ്ങളിൽ ലൈഗീകതയുമായി ചേർന്ന വിഷയങ്ങളിൽ ഇതിലും എത്രയോ വലുതായി വ്യക്ത്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കും വിധം അവർ പ്രവർത്തിച്ചിട്ടുണ്ട്... പിന്നെ മുസ്ലീം പ്രസ്ഥാനങ്ങൾ നടത്തുന്ന പുരോഗമന പ്രസംഗങ്ങളുടെ അടിസ്ഥാനം?? 'സദാചാര പോലീസ്' എന്നാ പേരിൽ നടത്തിയ പല ക്രൂരകൃത്യങ്ങളുടെയും അന്വേഷണം അവരിലാണ് ചെന്നെത്തിയത് എന്നതാണ്...!! ഹിന്ദുത്വം മുൻപേപിടിക്കുന്ന യുവമോർച്ചയും സദാചാരപോലീസ് ചമയുന്നവരാണെന്ന് വരുത്തിതീർത്താൽ അത്രയും നേട്ടം....
'പരസ്യമായ ചുംബനം' എന്ന വിഷയത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ അത്രയും ചുരുക്കിമാത്രമേ കാണേണ്ടതുള്ളൂ... സാമുദായികപരമായും, സാംസ്ക്കാരികമായും ഉയർത്തുന്ന ചോദ്യങ്ങൾ കുടുംബബന്ധങ്ങളുമായി ചേർത്തു വായിക്കുമ്പൊളാണ് ഈ വിഷയം ചർച്ചക്കുള്ള അർഹത നേടുന്നത്... നിയമം പോലും രണ്ടാമത്തെ വിഷയമായി വിലയിരുത്തിയാൽ മതി.. വ്യക്തി സ്വാതന്ത്ര്യത്തെ മൂന്നാമതായും!!
വിഷയം 'പരസ്യമായ ചുംബനം' എന്നത് ആയതിനാലാണ് വ്യക്തി സ്വാതന്ത്ര്യത്തെ മൂന്നാമതായി കണ്ടാൽ മതി എന്ന് പറയാൻ കാരണം.. 'സ്വകാര്യതയിലെ ചുംബനം' ആയിരുന്നു വിഷയമെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തെ ഒന്നാമതായിത്തന്നെ കാണേണ്ടി വന്നെനേം... അവിടെ രണ്ടു വ്യക്ത്തികളുടെ താല്പ്പര്യവും സമ്മതവും എന്നതിലുപരി മറ്റൊന്നുംതന്നെ മാനദണടമാക്കേണ്ടതായി ഉണ്ടെന്ന് തോന്നുന്നില്ല... ഉണ്ടെങ്കിൽത്തന്നെ തീർച്ചയായും പോതുജനത്തിനില്ല... അവരിരുവർക്കല്ലാതെ.......
ലൈംഗീകമായ സ്വന്തം സ്വാതന്ത്ര്യങ്ങളെയും, അവകാശങ്ങളെയും സ്വകാര്യതയിൽ നിന്നും പുറത്തുകൊണ്ടുവന്ന് ആസ്വദിക്കാനുള്ള പ്രവണത നമ്മുടെ സമൂഹത്തിൽ കൂടി വരുന്നതായി കാണുന്നു... എന്താണ് അതിന്റെ പ്രേരകശക്ത്തി എന്ന് മനസ്സിലാകുന്നതെ ഇല്ല... തങ്ങളുടെ ലൈംഗീക ചേഷ്ട്ടകൾക്ക് ഒരു സാക്ഷിയോ, പ്രേക്ഷകനോ ഉണ്ടാകണമെന്നും അത് തങ്ങളുടെ അവകാശമാണെന്നും ധരിക്കുന്നത് എന്തുകൊണ്ടാണ്... വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് കൂടുതൽ ഉയർന്ന ശബ്ദ്ദം കേൾക്കുന്ന കാലമായതുകൊണ്ട് ഒരു സാക്ഷിയും തങ്ങളുടെ അവകാശമെന്ന് വാദിക്കുന്നവർ ഉണ്ടാകാം.. അവരോടായും പറയുന്നു... നിങ്ങളുടെ ലൈംഗീക ചേഷ്ട്ടകൾക്ക് സാക്ഷിയാകുന്നതിന് പൊതുസമൂഹത്തിന് താല്പ്പര്യമില്ല... തല്പ്പരനായ ഒരുവനെ കണ്ടെത്തി സാക്ഷിയാക്കിക്കൊള്ളുക... അതും നിങ്ങളുടെ അടച്ചിട്ട മുറിയിൽ.....
'പരസ്യമായ ചുംബനമാണ്' ഡൌണ്‍ ടൌണ്‍ റെസ്റൊറന്റിൽ നടന്നതെന്നും അതാണ് സംഘർഷങ്ങൾക്ക് അടിസ്ഥാനമായത് എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്... ചർച്ചകൾ അവിടെന്നിന്നും ആരംഭിച്ച് ഇപ്പോൾ 'ചുംബനം' എന്ന വിഷയത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.. "പരസ്യമായ" എന്ന അതിപ്രാധാന്യം അർഹിക്കുന്ന കൂട്ടിച്ചേർക്കൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു... അത് ദിശാബോധമില്ലാത്ത ചർച്ചകൾക്ക് കാരണമാകുമെന്നെ പറയാനുള്ളൂ... ഇന്ന് 'ചുംബനത്തിന്റെ' അർഥവ്യാപ്തിയും തലങ്ങളും അന്യേഷിച്ചു പലരും യാത്ര പോകുന്നു... മാതാവിന്റെ ചുംബനം, സഹോദരന്റെ ചുംബനം, സുഹൃത്തിന്റെ ചുംബനം എന്നിങ്ങനെയൊക്കെ ചുംബനത്തെ വികേന്ദ്രീകരിച്ചു ചർച്ചകൾ നടക്കുന്നത് കാണുന്നു... "പരസ്യമായി കാമ ചുവയുള്ള ചുംബനം" മാത്രമാണ് പാടില്ലാത്തത്... 'കാമ ചുവയുള്ള ചുംബനം' പരസ്യമാകേണ്ട ആവശ്യമില്ല, അത് രഹസ്യമായാണെങ്കിൽ യാതൊരു ചർച്ചക്കും കാരണമല്ല... മറ്റേതൊരു ചുംബനത്തിനും രഹസ്യമോ, പരസ്യമോ എന്ന ചോദ്യത്തിന് കാരണവുമില്ല!!
ഡൌണ്‍ ടൌണ്‍ റെസ്റൊറനട് അടിച്ചു തകർക്കാനുള്ള അവസ്സരം ലഭിച്ചത് യുവമോർച്ചാ പ്രവർത്തകർക്ക് ആയതിനാലും, യുവമോർച്ച ഹിന്ദുത്വത്തെ മുൻപേപിടിക്കുന്നവർ ആയതിനാലും ചർച്ചകൾ ഹിന്ദുപുരാണങ്ങളിലേക്ക് വരെ നീണ്ടിട്ടുണ്ട്... ഇന്ന് പലരും നടത്തുന്ന ഗവേഷണവിഷയം എന്നത് ഭഗവാൻ ശ്രീകൃഷ്ണൻ എത്ര ഗോപികമാരെ ചുംബിച്ചിരുന്നു, എത്ര ഗോപികമാർ തിരികെ ചുംബിച്ചിരുന്നു, കൃഷ്ണൻ രാധയെ ചുംബിച്ചപ്പോൾ എത്രപേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു, അതിൽ ആണെത്ര- പെണ്ണെത്ര, കാഴ്ചക്കാരുടെ മുന്നിൽ നിന്ന് ചുംബിക്കുന്നതിന് ഭഗവാൻ ശ്രീകൃഷ്ണൻ എന്തെങ്കിലും വിമുഖത പ്രകടിപ്പിചിരുന്നോ, തുടങ്ങിയ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ്... പരമശിവൻ, ബ്രഹ്മാവ്, ദേവേന്ദ്രൻ, മുരുകൻ, അയ്യപ്പൻ തുടങ്ങിയവരുടെ ചുംബനചരിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു...
പരസ്യമായി ചുംബിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി മറൈൻ ഡ്രൈവിൽ ചുംബനൊൽസ്സവം സംഘടിപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നു... ചുംബനത്തിന്റെ ബ്രാൻഡ് അംബാസഡർമാരായ ചില സിനിമാ പ്രവർത്തകാരാണത്രേ അതിന്റെ സംഘാടകർ... ചുംബിക്കാനുള്ള ഉപകരണം പങ്കെടുക്കുന്നവർ കൊണ്ടുചെല്ലെണ്ടതുണ്ടോ, സംഘാടകർ വിതരണം ചെയ്യുമോ എന്നത് വ്യക്തമല്ല... എന്റെ ചോദ്യം ഇതൊന്നുമല്ല; ' പരസ്യമായി ചുംബിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടിയാണ്' ടി ചുംബന സമരപരിപാടി സംഘടിപ്പിക്കുന്നത്... "എന്നായിരുന്നു പരസ്യമായി ചുംബിക്കുക എന്നത് നമ്മുടെ നാട്ടിൽ ഒരു അവകാശമായി നിലനിന്നിരുന്നത്" സംരക്ഷിക്കാൻ?? ഈ വിഷയത്തിൽ സർക്കാർ നിലപാട് നിർണ്ണായകവും, ഭാവിയിലേക്ക് പ്രാധാന്യമുള്ളതും ആയിരിക്കും...
പരസ്യമായി ചുംബിക്കുന്നതിനെ അനുകൂലിക്കുന്നവരോട്, 'നിങ്ങൾ നിങ്ങളുടെ സഹോദരിയെ ചുംബിക്കാൻ അയക്കുമോ' എന്ന് ചോദിക്കുന്നവരെ സോഷ്യൽ മീഡിയയിൽ കണ്ടു... 'സഹോദരിയുടെ ചുംബനതാല്പ്പര്യം സഹൊദരന്റെ കൈകളിലല്ല', എന്ന് തിരിച്ചടിക്കുന്നവരെയും കണ്ടു... പക്ഷെ പരസ്യമായി ചുംബിക്കുന്നതിനെ അനുകൂലിക്കുന്നവരോട് പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്... നിങ്ങൾ സുഹൃത്തുക്കളുമായി ഒരു റെസ്റൊറന്റിലേക്ക് ചായ കുടിക്കാൻ പോവുകയാണെന്ന് കരുതുക... നിങ്ങളുടെ സഹോദരി ആ റെസ്റൊറനടിൽ ഒരുവനുമായി ചുംബനത്തിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടാൽ നിങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാവുകയില്ലേ?? അതവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗം എന്നുകണ്ട് അവഗണിക്കുമോ?? നിങ്ങൾക്ക് അപരിചിതനായ ഒരുവനുമായി അവൾ ചായകുടിച്ചിരിക്കുന്നത് കണ്ടാൽപ്പോലും നിങ്ങളുടെ മാനസ്സികനിലയെ അത് അസ്വസ്ഥമാക്കും എന്നതാണ് സത്യം...
വ്യക്തി സ്വാതന്ത്ര്യത്തെ മറപിടിച്ച് ഒരുപറ്റം 'വാള്ഗാരിറ്റി' യിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്.. അത് അവകാശമാണെന്ന് ഉയർത്തിപ്പറഞ്ഞ് ഇവിടുത്തെ മനുഷ്യരെ മോശമായ പ്രവർത്തിയിലേക്ക് നയിക്കുന്ന ഒരുപറ്റം സിനിമാ പ്രവർത്തകരും...!! ഒരു കാര്യം ഓർക്കണം, സമൂഹത്തിൽ വ്യാപിച്ച 'വാള്ഗാരിറ്റി' യുടെ ഉത്തമ ഉദാഹരണമായിരുന്നു ഒരു പ്രസ്സവം ചിത്രീകരിച്ച് തീയെറ്ററുകളിൽ പ്രദർശിപ്പിച്ചത്... അതിന് കൈയ്യടിച്ചവരാണ് ഇവിടുത്തെ സിനിമാക്കാർ... 'ഉൽസ്സവം നന്നാകണമെന്ന് കരുതുന്ന ആനകളാണ് അവരെന്ന് കരുതുകയെ വയ്യ'...
സ്ദാചാരത്തെക്കുറിച്ച് പറഞ്ഞുപറഞ്ഞ് 'സദാചാരം' എന്നത് മോശപ്പെട്ട പ്രതിച്ചായ ഉള്ള വാക്കായിമാറിയോ എന്ന് ഞാൻ സംശയിക്കുന്നു... പ്രതിച്ചായ നഷ്ട്ടപ്പെടുന്നതിന് മുൻപുള്ള 'സദാചാരം' എന്ന വാക്ക് എല്ലാവർക്കും ഓർമമയുണ്ടല്ലോ!! അതിന്റെ അർഥശുദ്ധി 'പരസ്യമായി' നഷ്ട്ടപ്പെടാതെ നോക്കുന്നതിനുള്ള ബാദ്ധ്യത നമ്മൾക്കേവർക്കും ഉണ്ട്... നിശ്ചയം..
[മറൈൻ ഡ്രൈവിൽ അരങ്ങേറാൻ പോകുന്ന 'ചുംബനൊൽസ്സവം' തടയുവാനും, പരാജയപ്പെടുത്തുവാനും കഴിവിനൊത്ത് പ്രയത്നിക്കുകയും, അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക]
[Rajesh Puliyanethu
Advocate, Haripad]