സ്ത്രീധനവുമായി ബന്ധപ്പെട്ട ഒരു മോശം സംഭവം സമൂഹത്തിൽ ഉണ്ടാകുമ്പോൾ "സ്ത്രീധനം" ചർച്ചകളിൽ സജീവമാകുന്നു എന്നത് കൊണ്ട് തന്നെ ആ ചർച്ചകളെല്ലാം വികാര തീഷ്ണങ്ങൾ ആയിരിക്കും... വികാര തീഷ്ണമായ പ്രകടനങ്ങൾ സമൂഹത്തെ ഒരണുവിനോളം പോലും ചലിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ചർവിത ചാർവ്വണത്താൽ മടുപ്പ് ഉളവാക്കുകയും ചെയ്യുന്നു... ദൗർഭാഗ്യവശാൽ സ്ത്രീധനത്തെക്കുറിച്ചു ചർച്ചചെയുന്നവർ "സ്ത്രീധനം സ്ത്രീക്കുള്ളതാണ് " എന്ന സത്യത്തെ തമസ്ക്കരിക്കുകയും ചെയ്യുന്നു...
"സ്ത്രീധനം" എന്ന സമ്പ്രദായം ഏതവസ്സരത്തിലാണ് ദോഷമായി വരുന്നത്?? അത് വരൻ ആവശ്യപ്പെട്ടു വാങ്ങുമ്പോഴും,, ഭർത്താവോ, ഭർതൃ ഗൃഹത്തിലുള്ളവരോ അത് കൂടുതലായി ആവശ്യപ്പെടുകയോ ആ ആവശ്യത്തെ മുൻനിർത്തി സ്ത്രീയെ ശാരീരികമോ, മനസ്സികമോ ആയി പീഡിപ്പിക്കുകയോ, വിലകുറച്ചു കാണുകയോ അവളുടെ ആത്മാഭിമാനത്തെ ഹനിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ്... അതല്ലാതെ സ്ത്രീക്ക് അവകാശപ്പെട്ട ധനം നിഷേധിക്കപ്പെടുന്നത് എങ്ങനെയാണ് നീതീകരിക്കപ്പെടുന്നത്!?
ഒരു പെൺകുട്ടിയുടെ പിതാവ് അല്ലെങ്കിൽ രക്ഷിതാവ് തൻ്റെ മകൾക്കായി കരുതിവെച്ച പണത്തിന്റെ ഒരു വിഹിതമോ മുഴുവനായതോ ആണ് വിവാഹസമയത്ത് മെയ്യാഭരണമായോ,, കാറായോ,, ഭൂമിയായോ,, വീടായോ ഒക്കെ നല്കുന്നത്... ആ സമ്പത്ത് വധുവിനുള്ളതാണ്... അത് അവൾക്കവകാശപ്പെട്ടതാണ്... "പെണ്ണിന്റെ വീട്ടിൽ വന്നു ചായ കുടിച്ച പരിചയത്തിലോ,, പെണ്ണിനെ ചിരിച്ചു കാണിച്ചതോ, പെണ്ണ് ചിരിച്ചു കാണിച്ചതോ ആയ ബന്ധത്തിലോ, ഏതു വിധേന എത്തിച്ചേർന്ന വിവാഹമായാലും;; സ്വയം യോഗ്യൻ എന്ന് മേനി നടിക്കുന്ന ഒരു വരന് അത് നിഷേധിക്കാൻ എന്തവകാശം!? 'ഞങ്ങളുടെ ജീവിതത്തിലേക്ക് പെണ്ണിന് അവകാശപ്പെട്ട ഒരു സമ്പത്തും വേണ്ടാ' എന്ന് ഏകപക്ഷീകമായി പറയുന്ന ആ വരൻ എത്രയധികം ഈഗോ സമ്പന്നനാണ് എന്ന് നോക്കൂ... "എൻ്റെ ഭാര്യയെ പോറ്റാനുള്ള കഴിവ് എനിക്കുണ്ട്" എന്നു വിളിച്ചു പറയുന്നവനെ പൗരുഷത്തിന്റെ പ്രതീകമായല്ല മറിച്ചു പുരുഷ മേധാവിത്വത്തിൻറെ കിരീടം ചൂടുന്നവനായി വേണം കാണാൻ... ദമ്പതികൾ ഒന്നായി ജീവിക്കാൻ പണിയുന്ന ഒരു വീട്ടിലേക്ക് "നിൻറ്റെ അച്ഛന്റെ കാലണ എനിക്കു വേണ്ടാ" എന്ന് ഭാര്യയോട് പറയുന്ന ഭർത്താവിനെ ഒരിക്കലും അഭിമാനിയായി കാണാൻ കഴിയില്ല... തങ്ങൾ ഒരുമിച്ചു വിവാഹജീവിതം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുവരെയുള്ള അവളുടെ ജീവിതത്തെ റദ്ദുചെയ്തു കൊണ്ടാണ് അയാൾ അങ്ങനെ സംസാരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്... അവിടെ പെണ്ണിൻ്റെയും, കുടുംബത്തിന്റെയും അഭിമാനം ഹനിക്കപ്പെടുകയാണ് ചെയ്യുന്നത്... തൻ്റെ മകൾക്കായി ഒരു ജീവിതകാലം കൊണ്ട് നേടിയ സമ്പത്ത് തിരസ്ക്കരിക്കപ്പെടുന്ന ഒരു പിതാവിൻ്റെ മാനസ്സികാവസ്ഥ ആലോചിച്ചു നോക്കൂ... സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് പീഡനം അനുഭവിക്കുന്ന മകളുടെയും, പിതാവിന്റെയും നേർചിത്രം തന്നെയാണ് അവിടെയും കാണാൻ കഴിയുന്നത്...
സാമ്പത്തികമായി ഭേദപ്പെട്ട ചുറ്റുപാടുള്ള വീടുകളിൽ നിന്നോ, ഉയർന്ന ജോലിയോ, സർക്കാർ ഉദ്യോഗമോ ഉള്ള വരനിൽനിന്നുമോ തൻ്റെ മകൾക്കു വിവാഹ ബന്ധം ഉണ്ടാകണം എന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്നതാണ് ഏറ്റവും വലിയ തെറ്റെന്ന രീതിയിലാണ് വിസ്മയയുടെ മരണത്തിനു ശേഷം ഒരു വിഭാഗം പറഞ്ഞു വെച്ചത്... തങ്ങളുടെ മകൾ ഉയർന്ന ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കണം എന്ന് ആഗ്രഹിക്കാനുള്ള രക്ഷകർത്താക്കളുടെ സ്വാതന്ത്ര്യത്തിനു മേൽ അഭിപ്രായം പറയാൻ പൊതു സമൂഹത്തിന് എന്തവകാശം?? ഈ വിധമായ ചർച്ചകൾ സമൂഹത്തിന് എന്തെങ്കിലും ഗുണം ചെയ്യുമെന്ന് കരുതുന്നവരൂണ്ടോ?? വീട്ടിൽ വന്നു ചായകുടിച്ചു പോകുന്നവന് പെണ്ണിനെ വിവാഹം ചെയ്തു കൊടുക്കുന്ന "അറേൻജ്‌ഡ് വിവാഹം" രീതികളെ വിമർശിക്കുന്നവരോട് ഇത്രയുമേ പാറയാനുള്ളൂ... "പ്രേമിച്ചു വിവാഹം കഴിക്കാൻ കഴിവില്ലാത്ത പെൺകുട്ടികൾക്കും ഒരു കുടുംബജീവിതമൊക്കെ വേണ്ടേ സുഹൃത്തുക്കളേ"?? സാമ്പത്തികമായി ഉയർന്ന ചുറ്റുപാടുള്ള ഏതെങ്കിലും വീടുകളിലെ പെൺകുട്ടികളുടെ രക്ഷാകർത്താക്കളിൽ നിന്നും വിവാഹ ആലോചനകൾ തിരസ്ക്കരിക്കപ്പെട്ട ദിവസ വേതനക്കാരന് ഫ്രസ്‌റ്റേഷൻ തീർക്കാനുള്ള ഉചിത സമയമായല്ല ഒരു പെൺകുട്ടിയുടെ മരണത്തെ വിനിയോഗിക്കാൻ...
ഇവിടെ ആവശ്യം പെൺകുട്ടികൾ ഭർതൃ ഗൃഹങ്ങളിലും, പൊതു സമൂഹത്തിലും അനുഭവിക്കുന്ന ശാരീരികവും, മാനസ്സികവും ആയ പീഡനങ്ങളുടെയും, ബുദ്ധിമുട്ടുകളുടെയും ശരിയായ കാരണങ്ങളെ കണ്ടെത്തി പരിഹാരം തേടുകയാണ്... ആ കാരണങ്ങൾ പലപ്പോഴും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറഞ്ഞു പോകുന്നതല്ല... ഭർത്താവ് ധനികനോ, വിദ്യാസമ്പന്നനോ, ഉയർന്ന ജോലിയോ, സർക്കാർ ഉദ്യോഗമോ ഉള്ളവനായതല്ല... ഇവയൊന്നും ഇല്ലാത്തകാരണത്താലുമല്ല... സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കാരണമായി നമ്മൾ ചർച്ചചെയ്യുന്ന കാരണങ്ങൾ ഇതിലൊന്നും പലതുമല്ലെന്ന് തോന്നിപ്പോകും... ഈ പറഞ്ഞത് ശരിയാണോ എന്ന് സംശയമുള്ളവർ കേരളത്തിന്റെ അങ്ങോള മിങ്ങോളമുള്ള കുടുംബ കോടതികളിലേക്ക് പോകണം... രാവിലെ പതിനൊന്നു മണിക്ക് മുൻപായി അവിടെ കൂട്ടുന്ന കക്ഷികളെ കാണണം... പതിനൊന്നു മണിക്ക് തുടങ്ങി ഒരു മണിയായാൽ പോലും പൂർത്തീകരിക്കാൻ കഴിയാത്ത റോൾ കാൾ കളുടെ കാരണം തിരയണം... അവിടെ കക്ഷികളായി വന്നു നിൽക്കുന്നവരിൽ നമ്മൾ ഈ പറയുന്ന വിഭാഗക്കാരെല്ലാം ഉണ്ട്... കൂലിപ്പണിക്കാരും, ധനികരും, വിദ്യാ സമ്പന്നരും, സർക്കാർ ഉദ്യോഗസ്ഥരും, പ്രവാസ്സികളും,, വിദ്യാഭ്യാസമോ, പണമോ ഇല്ലാത്തവരും അങ്ങനെ എല്ലാ വിഭാഗക്കാരും അവിടെയുണ്ട്... സമൂഹം പുതിയതായി നിരീക്ഷിച്ചു കണ്ടെത്തിയ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വിവാഹബന്ധം വേർപെടുത്താൻ കേസ്സുകൊടുക്കുന്ന "മിടുക്കികളും" ഉണ്ട്... അവർക്കൊപ്പം മാധ്യമ ശ്രദ്ധ നേടാതെ വ്യവഹാരങ്ങൾ സാരിത്തുമ്പിൽ അവസ്സാനിപ്പിച്ചു പോകുന്ന വിസ്മയമാരുമുണ്ട്... സ്ത്രീപക്ഷ പോരാളികൾക്ക് ഇഷ്ട്ടപ്പെടാത്ത മറ്റൊരു സത്യവും ഉണ്ട്... ഈ കക്ഷികൾക്കിടയിൽ നിന്നും സ്വയം ജീവിതം അവസ്സാനിപ്പിച്ചു പോകുന്ന പുരുഷന്മാരും ഉണ്ട്... ആത്മഹത്യയോളം എത്തുന്ന അനേകം കുടുംബ വിഷയങ്ങളിൽ സൂഷ്മമായതു മാത്രമാണ് "സ്ത്രീധനം"... വിസ്മയയുടെ സമകാലീന സംഭവത്തിലും കാരണം "സ്ത്രീധനം" എന്ന് തീർത്തു പറയാൻ സമയം ആയിട്ടില്ല എന്ന് വേണം കരുതാൻ...
"സ്ത്രീയുടെ ഏറ്റവും വലിയ ശാപം സംസ്ക്കാര ശൂന്യനായ ഒരാളുടെകൂടെ ജീവിക്കേണ്ടിവരുക" എന്നതാണെന്നാണ് പ്രമാണം... ഒരു പെൺകുട്ടി വരനെ സ്വയം തെരഞ്ഞെടുക്കുന്ന രീതിയിലായാലും രക്ഷിതാവ് കണ്ടെത്തുന്ന അവസ്സരത്തിലായാലും "സംസ്ക്കാര ശൂന്യനായ" ആ വരനെ എങ്ങനെ തിരിച്ചറിയാം എന്ന് എഡ്യൂക്കേറ്റ് ചെയ്യുകയാണ് സമൂഹത്തിന്റെ കടമ... അവിടെ "പുരുഷന്റെ സംസ്ക്കാരം" എന്നതിന് വിശാലമായ അർത്ഥ വ്യാപ്തി ഉണ്ടെന്നു കാണണം... "Love is a passing fancy" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... എത്ര കാലപ്പഴക്കമുള്ള പ്രണയ ശേഷം എത്തിച്ചേരുന്ന വിവാഹത്തിലായാലും വിവാഹത്തോടെ പ്രണയം പുനരാരംഭിക്കപ്പെടുന്നെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്... വധു കൊടുക്കുന്ന ചായയിൽ പഞ്ചസ്സാര കുറവാണെന്നു വരൻ പറയുന്ന നിമിഷം പ്രണയം അവസ്സാനിക്കുന്നു എന്ന് വിമർശിക്കുന്നവരുമുണ്ട്... ഇതിൽ ഏതു സംഭവിച്ചാലും ജീവിതം സുഗമമായി മുൻപോട്ടു പോകുന്നതിന് "സംസ്ക്കാര ശൂന്യനായ" വ്യക്തിയെ മുന്പെ തിരിച്ചറിയാനുള്ള ക്ഷമതക്കാണ് പ്രാധാന്യം...
തൊട്ടു മുൻപ് കഴിഞ്ഞു പോയ നിമിഷത്തെക്കുറിച്ചു മാത്രമാണ് നമുക്ക് ഓർമ്മയുള്ളത്... നാടിന്റെ ചർച്ചകൾളിൽ ഇന്നലകൾക്ക് ഒരു പ്രാധാന്യവും കാണുന്നില്ല... വിസ്മയയുടെ മരണത്തിനു മുൻപ് പരന്ന ചർച്ചകൾ നടന്നിരുന്നത് ദുർബലമാകുന്ന ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചും, അവഗണിക്കത്തക്ക ചെറിയ കുടുംബ വിഷയങ്ങൾവരെ കോടതിയിൽ എത്തുന്ന കാരണങ്ങളെക്കുറിച്ചും ആയിരുന്നു... എന്നാൽ ഇന്ന് ഭർത്താവോ വീട്ടുകാരോ ഉറക്കെ ചുമച്ചാൽ ബന്ധം ഉപേക്ഷിച്ചു പെൺകരുത്തു കാട്ടാനാണ് ഉപദേശം... "നീ കുടുംബ ജീവിതം നയിക്കുന്നതോ, അമ്മയാകുന്നതോ എൻ്റെ സ്വപ്നങ്ങളിലെ പ്രയോറിറ്റി അല്ല" എന്ന് മകൾക്കു കൊടുക്കുന്ന ന്യൂ ട്രെൻഡ് ഉപദേശങ്ങൾ ഏറ്റുവാങ്ങിയ ശേഷം വിവാഹിതയാകുന്ന മകൾ കോടതി വരാന്തയിലേക്ക് നയിക്കപ്പെടുന്നതിന്റെ കാരണം ആഴത്തിൽ പഠിച്ചു മനസ്സിലാക്കേണ്ടതില്ല ... പെൺകുട്ടിക്ക് വിദ്യാഭ്യാസവും,, സ്വയം സമ്പാദന ശേഷിയും ഉണ്ടാകേണ്ടതിന്റെ ആവശ്യകത സ്ത്രീധനവുമായി ചേർത്തുവെച്ചല്ല സംസ്സാരിക്കേണ്ടത്... അതൊരു സാമൂഹിക ആവശ്യമായി പരിപോഷിപ്പിക്കണം... പെൺകുട്ടിക്ക് വിദ്യാഭ്യാസവും,, സ്വയം സമ്പാദന ശേഷിയും ഭർതൃ ഗൃഹത്തിൽ പോരടിക്കാനുള്ള ആയുധങ്ങളായല്ല ചിത്രീകരിക്കപ്പെടേണ്ടത്... "പെണ്ണിൻ്റെ സ്വത്തിൽ നിന്നും കാലണ എനിക്കു വേണ്ടാ" എന്ന് വീമ്പു പറയുന്ന പുരുഷന്മാർ കുറഞ്ഞ വിദ്യാഭ്യാസമുള്ള സ്വന്തമായി ജോലി ഇല്ലാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചു കുറേക്കൂടി വലിയവരാകണമെന്നാണ് എൻ്റെ അഭിപ്രായം... കാരണം അവൾ നേടിയ വിദ്യാഭ്യാസ്സവും, ജോലിയും അവളുടെ അച്ഛന്റെ ധനമാണ്... അതവൾക്കുള്ള സ്ത്രീധനമാണ്... ""സ്ത്രീധനം സ്ത്രീക്കുള്ളതാണ്""...
പെൺകുട്ടികൾ വിദ്യാ സമ്പന്നരാകുക, സ്വന്തമായി പണം സമ്പാദിക്കുക എന്നതോക്കെ സമൂഹവും, സർക്കാരുകളും, നിയമവും പ്രോൽസ്സാഹിപ്പിക്കാൻ തുടങ്ങിയത് സമീപകാലത്തൊന്നുമല്ല...
സ്ത്രീകൾ കൈയ്യടക്കുന്ന ഓരോ നേട്ടങ്ങളും ആഘോഷിക്കപ്പെടുന്ന സമൂഹമാണ് ഇവിടെയുള്ളത്...
പക്ഷെ വിദ്യാസമ്പന്നരും, സ്വന്തമായി സമ്പാദിക്കുന്നവരും മാത്രമാണ്
ആത്മാഭിമാനമുള്ളവരെന്നും ഭർത്താവിന്റെ വരുമാനത്തിൽ വീട്ടു ചുമതലകൾ നോക്കി കഴിയുന്ന സ്ത്രീകൾ അഭിമാനം ക്ഷയിച്ചു ജീവിക്കുന്നവരുമാണ് എന്ന രീതിയിൽ ചർച്ചകൾ വികസിക്കുന്നത് അലോസരമുണ്ടാക്കുന്നു... സ്ത്രീ ശാക്തീകരണം എന്നത് സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ സ്ത്രീകളെയും ബഹുമാനത്തിൽ എടുത്തുകൊണ്ടു വേണം... അഭിമാനത്തോടെയും, സന്തോഷത്തോടെയും കഴിയുന്ന ഒരുപാട് കുടുംബിനികൾ ഈ രാജ്യത്തുണ്ട്... അവരിൽപ്പോലും അപകർഷതാ ബോധം സൃഷ്ട്ടിക്കുന്ന ""അടുക്കളയിൽ കരിപിടിച്ചു തീർന്ന ജീവിതങ്ങൾ"" എന്ന സംബോധനയോടെയാണ് ചർച്ചകൾ വികസിക്കുന്നത്... "അടുക്കളയിൽ കരിപിടിച്ചു തീർന്ന ജീവിതങ്ങൾ" ആകാതിരിക്കാൻ സമൂഹം ഒരു പെൺകുട്ടിയോട് ഉപദേശിക്കുമ്പോൾ ഇത്രനാളും സന്തോഷമായ ജീവിതം നയിച്ച സ്വന്തം അമ്മയെയെയാണ് കരിപിടിച്ചു തീർന്ന ജീവിതത്തിന്റെ ആദ്യ ഉദാഹരണമായി അവൾ കാണുന്നത്... അവളിൽ ആ അമ്മയോടുള്ള ബഹുമാനം ചെറുതായെങ്കിൽ പോലും സഹതാപത്തിനു വഴിമാറും... ഇത്രനാളും ഒരു കുടുംബം അഭിമാനത്തോടെ നയിച്ച ഒരമ്മ സ്വയം "കരിപിടിച്ചു തീർന്ന ജീവിതമായി" മാറും... ചിന്താഗതിയിലെ ഈ രാസമാറ്റങ്ങളിൽ പിതാവ് പ്രതിനായകനായി മാറുന്നത് സ്വാഭാവികമാണല്ലോ..? ഓരോ കുടുംബവും അതുവഴി സമൂഹവും ചൈതന്യവത്തായി നിലനിൽക്കാൻ കാരണമായ ഒരുപാട് അമ്മമാരെയാണ് ഇവിടെ ചിലർ പുതിയ ഉപദേശങ്ങളും,, ഉദാഹരണങ്ങളും കൊണ്ട് അവഹേളിക്കുന്നത്... സർക്കാർ ഉദ്യോഗം ഭരിക്കുന്ന ഒരു വനിതയുടെ ജീവിതം ത്യാഗമാകുന്നു എങ്കിൽ മാത്രമേ കുടുംബിനിയായ ഒരു സ്ത്രീയുടെ ജീവിതവും ത്യാഗമാകുന്നുള്ളു... ഇതു രണ്ടും ത്യാഗമല്ല... രണ്ടു ചുമതലാ നിർവഹണങ്ങളാണ്... അന്തസ്സും, ആത്മാഭിമാനവും ഉള്ള ചുമതലാ നിർവ്വഹണങ്ങൾ... ത്യാഗത്തിന്റെ പരിവേഷം ചാർത്തിക്കൊടുക്കുന്നത് കുടുംബിനികളായ അമ്മമാർക്ക് അഭിമാനമല്ല... മറിച്ചു അപമാനമാണ്... സ്ത്രീ രക്ഷ ചുമലിലെടുത്ത് നൃത്തം വെയ്ക്കുന്ന വ്യക്തിത്വങ്ങളുടെ സ്വാധീനത്തിൽ ചില കുടുംബിനികളെങ്കിലും തങ്ങളുടെ ജീവിതത്തെയും സ്വയം "കരിപിടിച്ചു തീർന്ന ജീവിതമായി" ചിത്രീകരിച്ചാൽ കുടുംബം പ്രയോരിറ്റിയായി ജീവിച്ച പല ഗൃഹനാഥന്മാർക്കും നെഞ്ചിനുവേദന വരും...
പെൺകുട്ടികളെ കരുത്തുറ്റവരാക്കാൻ വേണ്ടി എന്ന പേരിൽ നടക്കുന്ന പല പ്രവർത്തനങ്ങളും ഒരു ചെറിയ വിഭാഗം സ്ത്രീകളെ മാത്രം ലക്‌ഷ്യം വെച്ചാണ് നടത്തുന്നത്... അതിലെല്ലാം തന്നെ പലരുടെയും സ്വകാര്യതാല്പര്യങ്ങൾ ഒളിച്ചു കടത്തുകയാണ് ചെയ്യുന്നത്... സ്വന്തം നിലപാടുകളുടെ മേനിപറച്ചിലുകളായി അധഃപതിക്കുന്നു എന്നതാണ് സത്യം... പല ആഹ്വാനങ്ങളും സമൂഹത്തിൽ ആഘാതമേല്പിക്കുന്നതും,, ഭാവിയിൽ ദോഷം ചെയ്യുന്നതുമാണ്... ട്രെൻഡിനൊപ്പം അഭിപ്രായം പറയുന്ന നടപ്പുരീതി തന്നെയാണ് സമൂഹത്തിൽ അറിയപ്പെടുന്നവരും അവലംബിക്കുന്നത്... പല നിലപാടുകളിലും വൈരുധ്യങ്ങൾ കാണപ്പെടുന്നു... കുടുംബ സ്വത്തിൽ പെൺകുട്ടിക്കുള്ള അവകാശം ഉറപ്പിക്കാനുള്ള ശബ്ദങ്ങൾ സ്വീകാര്യമായിരുന്നു... അതേ പെൺകുട്ടിയുടെ പേരിൽ ലഭിക്കുന്ന പിതൃ സ്വത്തിനെ മറ്റൊരവസ്സരത്തിൽ സ്ത്രീധനമായി വിശേഷിപ്പിച്ചു എതിർക്കുന്നു... ഇതെന്തു തരം രീതിയാണ്... ഇത്തരം വൈരുധ്യങ്ങൾ നിറഞ്ഞ അഭിപ്രായ കോലാഹലങ്ങൾ സൃഷ്ട്ടിച്ചു പുരോഗമനപരമായ ഒരു ചർച്ചകൾക്കും വഴിവെയ്ക്കാതെ സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഇവിടെ പലരും ചെയ്യുന്നത്...
വിദ്യാഭ്യാസ്സവും, തൊഴിലും മാത്രമാണ് സ്ത്രീക്കുള്ള ധനമെങ്കിൽ പഠനത്തിൽ പിന്നിൽ നിൽക്കുന്ന പെൺകുട്ടികളെയും, തൊഴിൽ രഹിതരായ സ്ത്രീകളെയും സമൂഹം എങ്ങനെ കാണണം?? വിദ്യാഭ്യാസ്സമുണ്ടെങ്കിലും തൊഴിലിനു പോകാൻ താൽപ്പര്യമില്ലാത്ത പെൺകുട്ടികളെ എങ്ങനെ അഡ്രസ്സ് ചെയ്യും?? തൻ്റെ പിതൃ സ്വത്തുമായി വിവാഹ ജീവിതത്തിലേക്ക് കടന്നു ചെല്ലണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തെ "നീ ബാർബേറിയൻ" ആണെന്ന് പറഞ്ഞു ആക്ഷേപിക്കാൻ സമൂഹത്തിന് ആര് സ്വാതന്ത്യം തന്നു?? തൻ്റെ മകൾ പൊന്നിൽ കുളിച്ചു കതിർമണ്ഡപത്തിൽ കയറണമെന്ന് ഒരു പിതാവ് ആഗ്രഹിച്ചു അവളുടെ ജനനദിവസ്സം മുതൽ പിതാവ് നടത്തിയ അധ്വാനത്തെയും, കരുതലിനെയും ചോദ്യം ചെയ്യാൻ ആർക്കവകാശം?? ആ പിതാവ് നിയമവിരുദ്ധമായി എന്തെങ്കിലും സമ്പാദിച്ചോ എന്ന് മാത്രം തിരയാനേ നിയമത്തിനു പോലും അവകാശമുള്ളൂ... നമ്മൾ ഉത്തര കൊറിയൻ ഭരണാധികാരിയുടെ കീഴിലല്ല എന്ന് പോരാട്ടക്കാർ ഓർക്കുന്നത് ഉചിതമായിരിക്കും... സ്വാതന്ത്രത്തിലേക്കും, അവകാശങ്ങളിലേക്കും കടന്നുകയറിയല്ല വിപ്ലവം സൃഷ്ടിക്കേണ്ടത്...
ഇഴ തിരിച്ചു സ്വാതന്ത്ര്യത്തെയും, അവകാശങ്ങളെയും, നിയമത്തെയും,
ക്രൈമിനേയും അടർത്തിമാറ്റിനിർത്തി വിശകലനം ചയ്തു പഠിച്ചു ചർച്ചകൾ നടത്തി സമൂഹത്തെ ബോധവൽക്കരിക്കാത്തതുകൊണ്ടാണ് സമീപകാലത്ത് ഉയർന്നു വരുന്ന ചർച്ചകൾ വെറും കോലാഹലങ്ങൾ മാത്രമായി പൊലിഞ്ഞുപോകുന്നത്...
സ്ത്രീക്കവകാശപ്പെട്ട സ്ത്രീധനമല്ല തെറ്റായത്... അതിൻ്റെ പേരിലെ കുറ്റകൃത്യമാണ് തെറ്റായിട്ടുള്ളത്... പൊന്നും, പണവും, ഭൂമിയും, കാറും കൂടുതലായി കൊടുത്ത പെൺകുട്ടിയുടെ ജീവിതത്തിലെ ദുരന്തം മാത്രമല്ല ഞെട്ടലോടെ ചർച്ച ചെയ്യേണ്ടതും...!? രണ്ടു പണവട പോന്നിന്റെ കുറവിലും പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നുണ്ട്... അതിൽ പൊന്നിന്റെ അളവ്,, കൂലിപ്പണിക്കാരന്റെ കരുതൽ,, കാറ്,, സര്ക്കാര് ജോലി,, പെണ്ണിൻ്റെ നിറം,, ഇങ്ങനെയുള്ള "ഭയങ്കര വിഷയങ്ങൾ" ഇരുന്നു ചർച്ച ചെയ്യാൻ ഉണ്ടാകില്ല... ഇതൊക്കെ ഉണ്ടാക്കിക്കൊടുത്ത അപ്പനെ പഴിക്കാൻ അവസ്സരവും കിട്ടില്ല...
ഏതൊരു സംഭവത്തോടും ചേർന്നു വരുന്ന വികാര ഒഴുക്കിനെ മുതലെടുത്തു നടക്കുന്ന ചർച്ചകളും, നടപടികളും സമൂഹത്തിന് യാതൊരു ഗുണവും ചെയ്യില്ല... പെൺകുട്ടികളുടെ അവസ്ഥകളെ മുതലെടുക്കാതെ അവർക്കെന്നും പ്രയോജനപ്പെടുന്ന ചർച്ചകളും, നടപടികളും ഉണ്ടാകട്ടെ...
[Rajesh Puliyanethu
Advocate, Haripad]