തമ്പി അളിയന് സ്വാമിയെക്കാണനം... വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹമാണ്... അയ്യപ്പന് നേർച്ച നേര്ന്നാണ് താൻ ഉണ്ടായത് എന്ന് ഓർമ്മവെച്ച നാൾ മുതൽ കേൾക്കുന്നതുമാണ്.... പക്ഷെ സ്വാമി ദർശനത്തിനുള്ള ഭാഗ്യം മാത്രം പ്രായമിതുവരെ ആയിട്ടും ഉണ്ടായില്ല... ഈവർഷവും മണ്ഡലകാലത്തിൽ സ്വാമിയെക്കാണാൻ പോകാൻ കടമ്പകൾ ഏറെയാണ്... ദുബായിൽ ആണ് ജോലിയെങ്കിലും അതിനൊരു സ്ഥിരസ്വോഭാവം ഇതുവരെ കൈവന്നിട്ടില്ല... എല്ലാ ദുരിതത്തിനും പരിഹാരം അയ്യപ്പനെ തൊഴുതു വന്നാലേ ഉണ്ടാകൂ എന്ന് തമ്പിയുടെ അമ്മ അവസ്സാനം അവധിക്കു ചെന്നപ്പോൾക്കൂടി പറഞ്ഞതെ ഉള്ളൂ... എല്ലാ ചിന്തകളുടെയും അവസ്സാനം തമ്പി അളിയൻ ഒരു തീരുമാനം എടുത്തു... ഈ വർഷം മണ്ഡലകാലത്തുതന്നെ ശബരിമലയിൽ പോയി അയ്യപ്പ ദർശനം നടത്തുക... വിവാഹം അനന്തമായി നീണ്ടു പോകുന്നതിനുംഒരു പരിഹാരം അയ്യപ്പൻ ഉണ്ടാക്കിത്തരുമായിരിക്കും.... തമ്പി അളിയൻ ഒരു ആത്മഗതമായി അതുമാത്രമേ പറഞ്ഞുള്ളൂവെങ്കിലും അയ്യപ്പൻ അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ ഏറെയാണയാൾക്ക്!!
എന്തായാലും അയ്യപ്പനെ കാണാൻ പോകാൻ തമ്പി അളിയൻ തീരുമാനിച്ചു.. പക്ഷെ ഒറ്റക്കെങ്ങനെ പോകും? ഒരാൾക്കൂടി ഉണ്ടായിരുന്നെങ്കിൽ മലകയറ്റമൊക്കെ സുഖകരമായെനേം... നാല്പ്പത്തി ഒന്ന് ദിവസ്സം വൃതം പൂർത്തിയാക്കി മലചവിട്ടണമെങ്കിൽ അടുത്ത ദിവസ്സം തന്നെ മാലയിടുകയും വേണം... പൊടുന്നനെ തന്നെ മനസ്സിലെ കിളി ചിലച്ചു; 'അനൂപ്'...! ശരിയാണല്ലോ അവനാകുമ്പോൾ ലീവുമുണ്ട്... തമ്പി ഒന്നും ആലോചിച്ചില്ല... ഫോണ്‍ എടുത്ത് അപ്പോൾത്തന്നെ കറക്കി... അനൂപിനോട് അയ്യപ്പദർശനത്തിന്റെ മഹത്വം തമ്പി കലാപരമായിത്തന്നെ അവതരിപ്പിച്ചു... അയ്യപ്പന്റെ കനിവ് അവിടെയും തമ്പി അളിയനോടൊപ്പം... അനൂപ് അയ്യപ്പ ദർശനത്തിന് സമ്മതിച്ചു... നാളെ അതിരാവിലെതന്നെ ഗണപതി കൊട്ടിലിൽപ്പോയി മാലയിടാമെന്ന് ഫോണിൽക്കൂടി വ്യവസ്ഥയും ചെയ്തു...
മലചവിട്ടി അയ്യപ്പനെ കാണുന്നത് തമ്പി അളിയനിൽ ആവേശമായി മാറിയിരിക്കുകയാണ്... വെളുപ്പിനെ പറഞ്ഞ സമയത്തുതന്നെ അനുവും തമ്പിയും ഗണപതി കൊട്ടിലിൽ എത്തി... നാല് ചതുരസ്രഅടിയിലുള്ള ഒരു ഗണപതി അമ്പലമാണ് ഗണപതി കൊട്ടിലിൽ... പൂജാരി പുറത്തുനിന്നാണ് പൂജകഴിക്കുന്നത്... തമ്പി തങ്ങളുടെ ഇംഗിതം പൂജാരിയോട് പറഞ്ഞു... പൂജാരി സന്തോഷത്തോടെ മാല പൂജിച്ച് ഇരുവർക്കും നൽകി... മാല പൂജിച്ച് കഴുത്തിലിട്ട് കുറച്ചു ചെവിടുകൾ മുൻപോട്ട് വെയ്ക്കവേ അനു പറഞ്ഞു,, നീ എന്നെക്കൂടി മാലയിടാൻ വിളിച്ചത് നന്നായി,, ഞാനാണെങ്കിൽ ഒരു ചെയിഞ്ചിന് എങ്ങോട്ടെങ്കിലും ഒന്ന് പോകണമെന്ന് വിചാരിച്ചിരുന്നതാ... പിന്നെ ഈയിടെയായി വെള്ളമടിയും കൂടുതലാ...അതിനും ഒരു ബ്രേക്ക് ആവശ്യമാരുന്നു... മലക്കാകുമ്പൊൽ ഇതു രണ്ടും നടക്കും... താങ്ക്സ് അളിയാ...
നിമിഷം കൈ ചുരുട്ടി അനുവിന്റെ നെറുകൻ തലക്ക് ഒരിടി കൊടുക്കാൻ തോന്നിയെങ്കിലും മലചവിട്ടുക എന്ന ആവശ്യം തന്റെതായതുകൊണ്ട്അതടക്കി സമാധാനത്തോടെ ചോദിച്ചു... അളിയാ,, നിനക്ക് കൃത്യമായി വൃതം നോക്കുന്ന വിധമൊക്കെ അറിയാമോ?? ആ, നീ വാ നമുക്കാ ശന്തിയോടുതന്നെ ചോദിക്കാം...
ശാന്തി അനുഷ്ട്ടിക്കാൻ വേണ്ടി ചോദിച്ചത് കൊണ്ടല്ലെന്ന് തോന്നുന്നു, വിശാലമായ വൃതം നോക്കൽ നിയമാവലി തന്നെ ശാന്തി വിവരിച്ചു കൊടുത്തു... രാവിലെ ഉദയത്തിനു മുൻപ് എഴുനേക്കണം, കുളികഴിഞ്ഞേ വെള്ളം കുടിക്കാവൂ, മത്സ്യ- മാംസാദികളോ പഴകിയതോ കഴിക്കരുത്, കറുത്ത വസ്ത്രമേ ധരിക്കാവൂ, മൃത ദേഹത്തിന് അരികിൽ പോവുകയോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയോ പാടില്ല, അശുദ്ധിയുള്ള സ്ത്രീകളെ സ്പർശിക്കരുത്... അങ്ങനെ തുടർന്നു ശാന്തിയുടെ വിവരണങ്ങൾ...
ശാന്തിയിൽ നിന്നും വിവരണങ്ങൾ ഏറ്റു വാങ്ങി നടക്കവേ അനു തന്റെ നയം വ്യക്ത്തമാക്കി... 'എന്നെക്കൊണ്ടിങ്ങേരു പറഞ്ഞ രീതിയിലൊന്നും വൃതം നോക്കൽ നടക്കുമെന്ന് തോന്നുന്നില്ല'... പറ്റുന്നതൊക്കെ ചെയ്യാം.. വൃതം അനുഷ്ട്ടിക്കേണ്ട പ്രാധാന്യം അനു വിന് വിവരിച്ചു കൊടുക്കാൻ തമ്പി അളിയൻ വെമ്പൽക്കൊണ്ടു... അപ്പോഴും അയാളുടെ മനസ്സ് മന്ത്രിച്ചു.. 'ആവശ്യം തന്റെയാണ്'
തമ്പി അളിയൻ കറുത്ത പാൻറും, കറുത്ത ഷർട്ടും മാത്രമിട്ടു നടന്നും, ഒരുനേരം മാത്രം ഭക്ഷണം കഴിച്ചും, യാത്രകൾ ഒഴിവാക്കിയും, ഉദയത്തിനു മുൻപ് എഴുനേറ്റു കുളിച്ചും, സുഹൃത്തുക്കളുമായി പുറത്തു പോകുന്നത് ഒഴിവാക്കിയും, ഫങ്ങ്ഷനുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കിയും തന്റെ നിഷ്ട്ട പാലിച്ചു... നാലഞ്ചു പേർ ഒന്നിച്ച് ഒരു മുറിയിൽ താമസ്സിക്കുന്ന അവസ്ഥയിൽ അവയെല്ലാം വളരെ അധികം ക്ലെശകരങ്ങൾ ആയിരുന്നു... പക്ഷെ വൃതാനുഷ്ട്ടാന വേളയിൽ തമ്പിക്ക് വേദനയുണ്ടായതും, മറ്റുള്ളവരുടെ പരിഭവത്തിന് വഴിവെയ്ക്കുകയും ചെയ്തത് പൊടുന്നനെയുണ്ടായ സഹപ്രവർത്തകനായ ബിനുവിന്റെ മരണമായിരുന്നു... അപകടത്തിൽ മരണമടഞ്ഞ അദ്ദേഹത്തിൻറെ മൃതശരീരം കാണാൻ പോകുന്നതും, കഴുത്തിലെ മാലയും അയ്യപ്പഭക്തിയും തമ്പി അളിയനെ തടഞ്ഞു.. പക്ഷെ സുഹൃത്തുക്കളുടെയും, സഹപ്രവർത്തകരുടേയും പരിഭവങ്ങളെയും വിമർശനങ്ങളെയും തടയുന്നതിന് അവയ്ക്ക് ശക്ത്തി പോരായിരുന്നു താനും....
വൃതശുദ്ധിയുടെ നാളുകൾ അവസ്സാന ഘട്ടത്തിൽ എത്തിനിൽക്കവെ തമ്പി അളിയന്റെ ഫോണിൽ ഇടിത്തീ പോലെയൊരു മെസ്സേജ്!! സാക്ഷാൽ അനുവിന്റെ വക... തമ്പി തിരികെവിളിച്ചു... അളിയാ എനിക്ക് വരാൻ പറ്റില്ല!! കമ്പനി പുതിയ പ്രൊജക്റ്റ് സൈൻ ചെയ്തു.. ഇപ്പോൾ മാറിനിന്നാൽ തിരിച്ചു വരുമ്പോൾ പണി കാണത്തില്ല... എന്തായാലും നന്നായി മച്ചൂ... പത്തു മുപ്പത്തി അഞ്ചു ദിവസ്സം ഒരു ബ്രേക്ക് ആയല്ലോ... അനു മറുപടി വാക്കുകളിൽ അവസ്സാനിപ്പിച്ചു...
എന്തായാലും മാലയിട്ടു, കടമ്പകൾ പലതും കടന്ന് ഇത്രയും ദിവസ്സം വൃതവും എടുത്തു... ഒറ്റക്കെങ്കിൽ ഒറ്റക്ക്,, തിരിച്ചു വരുമ്പോളുള്ള ജോലിഭാരം എത്ര ഇരട്ടിയാകുമെന്ന് ബോധ്യമില്ലാഞ്ഞിട്ടല്ല; ലീവും അനുവദിച്ചു കഴിഞ്ഞു, പോവുകതന്നെ... തമ്പി അളിയൻ പോക്കും വരവും എല്ലാം കൂടി ചേർത്ത് അഞ്ചു ദിവസ്സത്തെ ലീവ് തരപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു...
തമ്പി അളിയൻറെ കുടുംബവും സന്തോഷത്തിൽത്തന്നെ... എത്ര നാളു മുൻപേ ചെയ്യേണ്ടതാടാ... പ്രായമായവർ ചോദിച്ചു.. സമയം തെളിയുന്നതിന്റെ ഭാഗമാ ഇപ്പോളെങ്കിലും അയ്യപ്പനെ കാണാനുള്ള തോന്നലുണ്ടായത്... പലരും അപ്രകാരവും ആശ്വസ്സിച്ചു... തമ്പി അളിയനും തന്റെ നിഷ്ട്ടയുടെ നേട്ടത്തിൽ ആനന്ദവാനാണ്... മലകയറ്റത്തെക്കുറിച്ചോ അയ്യപ്പദർശന രീതികളെക്കുറിച്ചോ യാതൊരു അനുഭവപരിചയവുമില്ലാത്ത തമ്പി അളിയൻ വീട്ടിൽ അയ്യപ്പസദ്യ ഉൾപ്പടെയുള്ള എല്ലാ കാര്യപരിപാടികളും പൂർത്തിയാക്കി മലച്ചവിട്ടാനായി കാറിൽ കയറി യാത്ര തിരിച്ചു....
കാർ പാർക്ക് ചെയ്യുന്നിടം മുതൽ തമ്പി അളിയൻ അയ്യപ്പ ദർശനത്തിലെ കാഠിന്യത മനസ്സിലാക്കിത്തുടങ്ങി... കിലോമീറ്ററുകൾ ഇപ്പുറം കാർ പാർക്ക് ചെയ്തുള്ള നടത്തം ആദ്യത്തെ അനുഭവം... പമ്പയിൽ കുളിച്ചു കയറി, പമ്പാ ഗണപതിയെയും തൊഴുത് മലകയറിത്തുടങ്ങിയപ്പോൾ വൃതനിഷ്ട്ടയുടെ നാല്പ്പത്തി ഒന്നു നാളുകൾ എത്ര ലളിതം എന്നയാൾക്ക് തോന്നി... തന്റെതല്ലാതെ നാട്ടിലെ അയ്യപ്പഭക്തരെല്ലാം തന്നയച്ച നാളീകേരങ്ങൾ, അവർ അയ്യപ്പനോടുള്ള ഭക്ത്തികൊണ്ടോ തന്നോടുള്ള ശത്രുതകൊണ്ടോ തന്നയച്ചതെന്നു തോന്നാതിരിക്കാൻ തമ്പി അളിയൻ മാലയിട്ട അയ്യപ്പനെ ആയിട്ടുള്ളൂ... സാക്ഷാൽ അയ്യപ്പൻ ആയിട്ടില്ല...
ശരണം വിളികളോടെയും, അയ്യപ്പ ദർശനത്തിന്റെ ആവേശത്തോടെയും പതിനെട്ടാം പടിയിൽ എത്തിയ തമ്പി അളിയൻ ഒന്നു കണക്കുകൂട്ടി നോക്കി... താൻ മലകയറാൻ തുടങ്ങി ഇതുവരെ ഒൻപതു മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു... ക്ഹ,, എന്തായാലും അയ്യപ്പദർശനം സാധ്യമാകുവാൻ പോവുകയാണെല്ലോ?? മഹാഭാഗ്യം...
തമ്പി അളിയൻ താൻ ചവിട്ടിയിട്ടുള്ള ഏറ്റവും പുണ്യപൂർണ്ണമായ ചുവടുകളായി പതിനെട്ടാം പടി അനുഭവപ്പെട്ടു... ഇത്രയും പുരുഷാരത്തെ ജീവിതത്തിൽ കണ്ടിട്ടില്ലയെന്ന തോന്നൽ തമ്പിയുടെ മനസ്സിലും ഉണ്ടായി... പുരുഷാരം തന്നെയും പോലീസ്സുകാരും തമ്പി അളിയനെ തിരു നടയിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരുന്നു... താൻ നിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും തന്നെ തിരുനടയിലേക്ക് ആനയിക്കുന്നത് ബാഹ്യശക്തിയാണെന്നും അയാൾ തിരിച്ചറിഞ്ഞു... അത് ആൾക്കൂട്ടമോ, ജനനിബിഢതയോ അല്ലെന്നും അയ്യപ്പസ്വാമി ആണെന്നുമായിരുന്നു ഒരു തമിൾ സ്വാമിയുടെ വിശദീകരണം...
ഒരു ജന്മത്തിന്റെ സാക്ഷാത്ക്കാരം ലഭിക്കാൻ പോകുന്നതായി തമ്പി അളിയനു തോന്നി... ഏതാനും ചുവടുകൾക്കപ്പുറം സ്വാമി ദർശനം... വല്ലാത്ത ഒരു അനുഭൂതി അയാളിൽ അലയടിക്കുന്നുണ്ടായിരുന്നു... ചുവടുകൾ ശ്രീകോവിലിനു മുൻപിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു... പോലീസ്സുകാർ ആക്രോശങ്ങളോടെ ഭക്ത്തരെ തള്ളി മാറ്റുന്നു... രണ്ടോ മൂന്നോ സെക്കന്റുകൾക്കപ്പുറം ദർശനം കിട്ടില്ല എന്നത് വ്യക്തം... തമ്പി ഇമകൾ പോലും വെട്ടാൻ അനുവദിക്കാതെ ശ്രീകോവിലിനു മുൻപിൽ എത്തി...
എന്താണ് താൻ കാണുന്നതെന്ന് വ്യക്തമാകാതെ തമ്പി അളിയൻ ശ്രീ കൊവിലിനകത്തെക്ക് കണ്ണു ചിമ്മി നോക്കി... വിളക്കുകളുടെ വെളിച്ചത്തിൽ വ്യക്തമാകുന്ന കാഴ്ച്ച... ഊടിനും പാവിനും ഇടയിൽ വിസ്തൃത പ്രദേശങ്ങളെ അവശേഷിപ്പിച്ചു നിർമ്മിച്ച ഒരു ഒരു നേരിയത്തിനു പിൻപിൽ കാണുന്ന ബ്രെഹത്തായ രണ്ടു ഭ്രിഷ്ട്ടങ്ങൾ...!!! അവയ്ക്ക് നടുവിലെ കൗപീനത്തിന്റെ മിന്നലാട്ടം... തമ്പി അളിയൻ ഒരു നിമിഷം കൊണ്ട് കൈവന്ന നിരാശയിലും, വേദനയിലും, അമർഷത്തിലും, രോഷത്തിലും എല്ലാം ചേർത്തു ഉറക്കെ വിളിച്ചു... " സ്വാമിയേ, ശരണമയ്യപ്പാ"... എല്ലാം അഞ്ചു നിമിഷങ്ങൾക്കകം കഴിഞ്ഞു... തമ്പി അളിയൻ അവിടെനിന്നും തള്ളി എറിയപ്പെട്ടു... തന്റെ ദു:ഖത്താലും, നിരാശയാലും തമ്പി അളിയൻ ആളൽപ്പം കുറഞ്ഞ ഒരിടത്ത് വന്നിരുന്നു...
തന്റെ ഒരു ജന്മ്മത്തെ ആശ, താൻ വൃത കാലയളവിൽ എടുത്ത വേദനകൾ, നിഷ്ട്ടകൾ, മുടക്കിയ പണം, പ്രാർഥന, തന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ, സമർപ്പണം ഇതെലാം അയ്യപ്പ വിഗ്രഹത്തിനു മുൻപിൽ കുനിഞ്ഞു നില്ക്കുന്ന വൃദ്ധബ്രാഹ്മണന്റെ ഭ്രിഷ്ട്ടം കണ്ട് സായൂജ്യ മടയാൻ ആയിരുന്നോ അയ്യപ്പാ... അയാൾ അറിയാതെ കരഞ്ഞു പോയി... എനിയുമൊരു ദർശനം തിരികെപ്പോയി പമ്പയിൽ നിന്ന് ക്യു വിൽ നിന്നാൽപ്പോലും അസംഭവ്യം.... ഭക്ത്തന്റെ മനസ്സോ സമർപ്പണമോ തിരിച്ചറിയാൻ ശ്രമിക്കാതെ, ഒരു നിമിഷത്തെ ദർശനത്തിനായി വർഷങ്ങൾ കാത്തിരുന്നു വരുന്നവന്റെ ക്ലേശങ്ങൾ ഗ്രഹിക്കാതെ, നിസ്സാര ചിന്തയോടെയും, അഹങ്കാരത്തോടെയും, ധാർഷ്യമനോഭാവത്തോടെയും;; അയ്യപ്പനെ കാണാൻ വരുന്നവന് ഭ്രിഷ്ട്ടം കാണിച്ചുകൊടുക്കാൻ പാടില്ലെന്ന തിരിച്ചറിവോ, വകതിരിവോ ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം പാനെൽ പൂജാരിമാരുടെ മ്ലെശ്ചതയെ ഓർത്ത് വിലപിച്ചും ശപിച്ചും അയാൾ അവിടെയിരുന്നു....
നേരം തെല്ലൊന്നു കഴിഞ്ഞപ്പോൾ അയാളിലെ വികാരങ്ങൾ അയയുവാൻ തുടങ്ങി... തന്റെ നിരാശ യാതൊരു പരിചയവുമില്ലാത്ത ഒരു അയ്യപ്പനോട് തമ്പി അളിയൻ പങ്കിട്ടു... അയാൾ പറഞ്ഞു... " സ്വാമി കവലപ്പെടാത്,, ശ്രീകൊവിലുക്ക് ഉള്ളിൽ കാണുവതെല്ലാം സ്വാമി താൻ"....!! തമ്പി അളിയൻ ശ്രീ കോവിലിൽ കണ്ട കാഴ്ചകൾ ഒന്നുകൂടി അയവിറക്കി... ഒരു ആത്മഗതം അയാളിൽ നിന്നും പുറപ്പെട്ടു '' എന്റെ അയ്യപ്പാ, നീ ഇതുമാണോ" ??
ദൈവം തൂണിലും തുരുമ്പിലും ഉണ്ട്... താൻ കണ്ടതും ദൈവമാണ്... എല്ലാം അയ്യപ്പൻറെ ലീലാവിലാസ്സം... അയ്യപ്പാ... നിന്റെ ദിവ്യവിഗ്രഹം കാണാൻ എന്നെ ഒരിക്കലെങ്കിലും അനുവദിക്കണേ.... നിരാശയെ ഉള്ളിലൊതുക്കി വേദനയോടെ തമ്പി അളിയൻ മലയിറങ്ങാൻ തുടങ്ങി..............................
[Rajesh Puliyanethu
Advocate, Haripad]