കല്യാണദിനം, ഇന്നു നിന്റെ കല്യാണദിനം
പെണ്ണേ, നിൻ ജീവിതം ചേർത്തു മുറുക്കുന്ന
നാട്ടുഭാഷയിലെ കെട്ടുദിനം...
പടിയിറങ്ങുന്നു, നീനിന്റെ വീടിന്റെ പടിയിറങ്ങുന്നു
പിന്നിൽ അടയുന്ന പടിപ്പുടവാതിലിൻ ദീനമാം രോദനം
നിന്റെ കർണ്ണം മുറിക്കുമോ??
ബാല്യ കൗമാരംകാത്ത വീട്ടിലേക്കൊരു യാത്ര-
തറവാടിൻ ശാപമായ് മാറിടുന്നു
നിന്റെ സന്ദർശനങ്ങൾ ഒരു കാകന്റെ ചുണ്ടിൽ
പാട്ടുണര്ത്തുന്നു
ആടയാഭരണങ്ങൾ നിന്റ മേനി മുറുക്കുന്നു
കാർകൂന്തളത്തെ നീ പൂവാൽ മറയ്ക്കുന്നു
ഗുരുഭൂത വൃന്ദങ്ങൾ വെറ്റില നാമ്പിനാൽ
നെറുകയിൽ തോട്ടുനിൻ മംഗളം ചൊല്ലുന്നു
പടിയിറങ്ങുന്നു! നീ നിന്റെ ഒന്നാം ജന്മത്തിൻ പടിയിറങ്ങുന്നു
പടി കയറി നീ നിന്റെ ജീവിതം തിരയുന്നു
അച്ഛന്റെ ശ്വാസവും അമ്മതൻ തേങ്ങലും
ചേർന്നൊരു പന്തലിൽ കയറി നീ നിൽക്കുന്നു
അന്യനാം പുരുഷന്റെ കാൽ തൊട്ടു വന്ദിച്ചു
ജീവിതം യാചിച്ചു കൈ നീട്ടി നിൽക്കുന്നു
അഗ്നിയും ദേവനും സാക്ഷിയായ് നിൽക്കുന്നു
താലിക്കയർ നിന്റെ കണ്ഠം മുറുക്കുന്നു
തകിലിന്റെ താളത്തിൽ മാനം മറയ്ക്കുന്നു നീ -
കാന്തന്റെ കൈകളിൽ മോതിരം ചാർത്തുന്നു
അച്ഛൻ; കൈ പിടിച്ചേൽപ്പിച്ചു പിന്നിലേക്കിറങ്ങുന്നു
മനുവിന്റെ വാക്കുകൾ സത്യമായ് മാറുന്നു
സദ്യവട്ടം നിന്റെ മുന്നിൽ നിരക്കുന്നു
ആദ്യമായ് അന്നത്തെ പങ്കുവെച്ചീടുന്നു
സ്വപ്‌നങ്ങൾ തുഴയുന്നോരലങ്കാര നൌകയിൽ നീ-
തോഴന്റെ വീട്ടിലേക്കാനയിച്ചീടുന്നു
പിന്നിൽ വിളിക്കുന്നതമ്മതൻ രോദനം, പടിയിറങ്ങുന്നോരോമനപുത്രിതൻ
വിരഹത്താലുയരുന്ന മൗനമാം രോദനം...
വലതുകാൽ വെച്ചു നീ നാഥ ഗ്രിഹത്തിന്റെ
പടിവാതിൽ ചവിട്ടി കടന്നിടുന്നു
പുതുതായി എത്തുന്ന ബന്ധു വൃന്ദങ്ങളിൽ
തങ്കത്തിൻ തൂക്കമളന്നിടുമ്പോൾ
നിറമുള്ള ലോഹത്തെ ഒരുതട്ടിൽ വെച്ചുനീ
മറുതട്ടിൽ ജീവിതം തൂക്കിടുന്നു
ചക്രവാളത്തിങ്കൽ സൂര്യൻ മറയുന്നു
മണിയറ വാതിൽ മലർക്കെ തുറക്കുന്നു
പാദസ്വരങ്ങളെ കാതോർത്ത് നിൽക്കുന്ന
കാന്തന്റെ മുന്നിൽ നീ നാണിച്ചു നിൽക്കുന്നു
പ്രേമത്തിൻ ശീതമാം ആദ്യാനുഭൂതിയിൽ
ഇണതന്റെ മാറിൽ അമർന്നിടുന്നു
ഇത്ര നാളും കാത്ത കന്യകാ പാശത്തിൽ
കാമത്തിൻ വിരലുകൾ കാർക്കിച്ചു തുപ്പുന്നു
ആർദ്രമാം രാത്രിതൻ അന്ത്യയാമങ്ങളിൽ
ജീവന്റെ ബീജം വിതച്ചിടുന്നു
കീറിമുറിച്ചോരു നിമിഷത്തിൻ വേദന
അറിയാതെ നീ തളർന്നുറങ്ങിടുന്നു
കല്യാണ രാത്രിതൻ പൂർണചന്ദ്രൻ
മേഘങ്ങൾക്കുള്ളിൽ മറഞ്ഞിടുന്നു...............
[Rajesh Puliyanethu
Advocate, Haripad]