ഉണരട്ടെ പ്രഭാതം, കൊഴിയുന്ന ഇലകള്‍ക്ക് മീതേ തളിര്‍ത്തുകൊണ്ടോരു
ദിനം കൂടി ഉദിച്ചുയരട്ടെ
രാത്രിയുടെ കണ്ണുനീര്‍ വറ്റി ബാഷ്പമായുയര്‍ന്നീ ബാല സൂര്യന്‍റെ കുമ്പിളില്‍
തീര്‍ഥം നിരക്കുന്നു.
ഹേ സൂര്യഗോളമേ നീനിന്‍ യാത്രതന്‍ ശംഖൊലി മുഴക്കി, കടിഞ്ഞാണ്‍ മുറുക്കി,
ഈ പൂര്‍വ്വ ദിക്കിനെ വിട്ടകന്നിടുന്നുവോ??
ഇമകള്‍ മടങ്ങാതെ സമയരഥത്തിലേറിയീ പ്രിത്വിതന്‍ നെറുകയും താണ്ടി
സാഗര നീലിമയിലലിയാന്‍ ഒരു ദിനം ബാക്കി!!
നേരിന്‍റെ വഴികളില്‍ ഒട്ടിവലിയുന്ന വയറുകള്‍
ഭിക്ഷ യാചിക്കുന്ന പൂര്‍വ്വ സാമ്രാട്ടുകള്‍!!!!!!
അന്നം മുടിച്ചവര്‍ യാചനാ പാത്രങ്ങള്‍
ഭിക്ഷാം ദേഹികള്‍, മര്‍ത്യ മഹാരഥര്‍
അങ്കം ജയിച്ചവര്‍ പ്രാണനായ് കേഴുന്നു
ദാനം പഠിച്ചവര്‍ വറ്റിനായ് തേങ്ങുന്നു
ആസ്ഥാന ഗായകര്‍ സ്വരങ്ങള്‍ മറന്നുപോയ്
പണ്ഡിത ശ്രേഷ്ടന്മാര്‍ വാക്കിനായ് തെണ്ടുന്നു
ജീവന്‍ വിതച്ചവര്‍ ഇരുളില്‍ ഒളിക്കുന്നു
ദേഹം അനാഥമായ് തെരുവില്‍ തളിര്‍ക്കുന്നു
രോദനം ഉയരുന്ന പകലിന്‍റെ ഉച്ചിയില്‍
തിരിച്ചറിയില്ല! അതേതോരച്ചനോ, അമ്മയോ
പ്രേമം അനാഥമായ് തെരുവിന്‍റെയോരത്ത്
കാക്കയും പട്ടിയും കാന്തി വലിക്കുന്നു
തലയറ്റ ജടങ്ങളില്‍ നൃത്തമാടുന്നവര്‍
വാളിന്‍റെ മൂര്‍ച്ചക്ക് പാത്രമാകേണ്ടവര്‍
ഭൂമിക്കു മീതേ കൈവിരല്‍ കോര്‍ത്തുകൊണ്ട-
മ്മതന്‍ ഹൃദയത്തില്‍ വാളിനാല്‍ വെട്ടുന്നു
ഹേ, പ്രപഞ്ചസാക്ഷി! നീ നിന്‍ മുഖം തിരിക്കുന്നുവോ
പാടില്ല, ഇവ എന്‍ അമ്മതന്‍ കണ്ണീരിന്‍ ഹേതുക്കള്‍!!
കരളുകളിലെരിയുന്ന കനലുകളണക്കാന്‍
നിനക്കെനിയുമൊരു സാഗരം ബാക്കി
മക്കളെ വെറുക്കാത്ത തെല്ലുനോവിക്കാത്ത എന്‍---
അമ്മയെ നീ വെറുക്കല്ലെ, ഈ ഭൂമിയെ
ഇവിടെ വിരിയില്ല വസന്തം, തളിര്‍ക്കില്ല ഹേമന്തം
എങ്കിലും ....................... എങ്കിലും ......................
എങ്കിലും വീണ്ടും ഉദിക്കട്ടെ പ്രഭാതം
എനിക്കും നിനക്കും വേദനിക്കാനും, സ്വപ്നം രചിക്കാനും, കരയാനും, ചിരിക്കാനും, ചതിക്കാനും, ചതിയില്‍ കുടുങ്ങാനും, ചവിട്ടാനും, ചിത്രങ്ങളെഴുതാനും, ഒരു ജീവന്‍ പിറക്കാനും, എനിക്കും നിനക്കും മരിക്കാനും
ഉണരുക, വീണ്ടും ഉദിച്ചുയരുക
ആഞ്ഞു വെട്ടട്ടെയെന്‍ കഴുത്തിലെന്‍ സോദരന്‍
അതിനും സാക്ഷിയാവുക, അതിനു ശേഷം മറയുക!!
[Rajesh Puliyanethu
Advocate, Haripad]