വളരെ ചെറിയകാലയളവുകൾക്കുള്ളിൽ സംഗീതത്തെ നമ്മൾ നോക്കിക്കണ്ടതിൽ ചില വ്യത്യാസ്സങ്ങൾ സംഭവിച്ചിട്ടില്ലേ എന്നൊരു സംശയം... മറ്റ് ഏതൊരു കലാരൂപത്തേയും, കായിക രൂപത്തേയും ഒരുവൻ "എനിക്കത് ഇഷ്ട്ടമല്ല" എന്ന് പറയുവാനുള്ള സാദ്ധ്യതയുണ്ട്... ക്രിക്കറ്റ് ഇഷ്ട്ടമല്ല, ഹോക്കി ഇഷ്ട്ടമല്ല, ഭരതനാട്യം ഇഷ്ട്ടമല്ല, കളരിപ്പയറ്റ് ഇഷ്ട്ടമല്ല എന്നൊക്കെ നാല് ആൾ മുൻപിൽ പറയാൻ മടിയുണ്ടാകില്ല.... അപ്രകാരം അഭിപ്രായപ്രകടനം നടത്തുന്നവനെ ആരും ഈർഷ്യയോടെ നൊക്കിക്കാണുകയുമില്ല... എന്നാൽ തനിക്ക് 'സംഗീതം ഇഷ്ട്ടമല്ല' എന്ന് അരസ്സികനായ ഒരുവൻ പോലും സമ്മതിക്കില്ല.. അങ്ങനെ പ്രസ്ഥാവന നടത്തുന്നവനെ 'ഇവൻ എന്തുതരം ജീവിയാണെടാ' എന്ന മട്ടിൽ സമൂഹം നോക്കിക്കാണുകയും ചെയ്യും... ഈ സാമൂഹീക നിലപാടിന് വലിയ മാറ്റമൊന്നും സംഭവിച്ചതായി കാണുന്നില്ല... അത് സംഗീതത്തിന്റെ സ്വാധീനശക്തി!!
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നമ്മൾ കടന്നതോടെ സംഗീതത്തോടുള്ള സമീപനത്തിൽ മാറ്റം വന്നതായി തോന്നുന്നു... ആ മാറ്റത്തിന്റെ പ്രധാനകാരണം കാസ്സറ്റുകൾ അപ്രത്യക്ഷമായി പകരം MP 3 എന്ന ആധുനിക സമ്പ്രദായം രംഗപ്രവേശം ചെയ്തതാണ്... പാട്ടിനെ ലഭിക്കാനും, സൂക്ഷിച്ചുവെയ്ക്കാനും അനായാസ്സം കഴിയുന്ന അവസ്ഥയുണ്ടായി... അത് ഇഷ്ട്ടം തോന്നിയ ഒരു പാട്ടിനെ സ്വന്തമാക്കുവാനുള്ള സാദ്ധ്യതയെ സുഗമമാക്കിയെങ്കിലും, പാട്ടിനെ തേടിനടന്നു സ്വന്തമാക്കാനുള്ള യഥാർഥ ആസ്വാദകന്റെ അഭിനിവേശത്തെ നശിപ്പിച്ചു... തേടി സ്വന്തമാക്കുമ്പോൾ ഉണ്ടാകുന്ന നിർവ്രിതിയുടെ സാദ്ധ്യതയും ഇല്ലാതാക്കി... ഇത് പാട്ടിനോട് താല്പ്പര്യം ഇല്ലാത്തവൻ, പാട്ടിനോട് ഇഷ്ട്ടം ഉള്ളവൻ, പാട്ട് ലഹരിയായവൻ, പാട്ടിന് അടിമയായവൻ, പാട്ട് ചേതനയായവൻ,, എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ അന്തരം കുറയ്ക്കുകയും, ഏതു മാനസ്സിക ക്രമത്തില്ലുള്ളവന്റെയും പക്കൽ ഏതു പാട്ടും എത്തിച്ചേരുക എന്ന അവസ്ഥയുണ്ടാക്കി..
ഓരോ പാട്ടിന്റെയും "ക്ലാസ്സ്" അനുസ്സരിച്ചു മൂല്യം കല്പ്പിച്ച് ശേഖരിക്കപ്പെടുന്ന കാലത്തിൽ നിന്നും മാറി, സാർവത്രികമായി പാട്ട് കൈയ്യാളപ്പെട്ടു... ഇത് പാട്ടിന്റെ മൂല്യത്തെ അൽപ്പമെങ്കിൽ തകർത്തില്ലേ എന്ന ചോദ്യം എനിക്കുണ്ട്...
കാസ്സറ്റ് അപ്രത്യക്ഷമായ കാലത്ത് പോലും ഒരു കാസ്സറ്റിന്; പാട്ടിന്റെയും, ബ്രാന്റിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഇരുപതു രൂപമുതൽ നൂറ്റി ഇരുപത്തി അഞ്ചു രൂപ വരെയായിരുന്നു വില... പലപ്പോഴും അതിലും കൂടുതൽ!! ഒരു മ്യൂസിക് ലൈബ്രറിയിൽ കയറിയാൽ തേടുന്ന പാട്ട് കിട്ടണമെന്നുമില്ല... പല കടകളിൽ കയറിയിറങ്ങിയാണ് പാട്ടുകൾ സ്വന്തമാക്കുന്നത്... പണചിലവിനു പുറമേ അതൊരു തപസ്യയായിരുന്നു... അപ്രകാരം മാനസ്സിക സമർപ്പണത്തൊടെയും, അധ്വാനത്തോടെയും ഒരു പാട്ട് ശരിയായ ആസ്വാദകനിൽ ആയിരുന്നു എത്തിച്ചേർന്നിരുന്നത്... അവിടെ ആ ഗാനങ്ങൾ ആദരിക്കപ്പെടുകയും ചെയ്തിരുന്നു... അപ്രകാരം പാട്ടിനെ തേടി സ്വന്തമാക്കിയിരുന്നത് ചില വ്യക്തികളുടെ മാത്രം പ്രശംസനീയമായ സ്വഭാവവിശേഷങ്ങൾ ആയിരുന്നു... താൽപ്പര്യങ്ങളും, പ്രവർത്തികളും വ്യക്തികളുടെ സ്വഭാവമൂല്യത്തിലേക്കുള്ള ചൂണ്ടു പലകകളാകുമെങ്കിൽ ഇവയും അപ്രകാരം തന്നെ ഗണിക്കപ്പെടുമായിരുന്നു...
ഒരു പഴയ സിനിമാ ഗാനം അന്യെഷിക്കുന്ന വേളയിൽ 'തന്റെ കൈവശം പാട്ടിന്റെ പസഫിക് സമുദ്രം തന്നെടുണ്ട്' എന്ന് അവകാശപ്പെടുന്ന ഒരു സുഹൃത്തിനെ സമീപിച്ചു.. തന്റെ കൈവശമുള്ള അനന്തമായ ശേഖരത്തെക്കുറിച്ച് അയാൾ വാചാലനായി... വണ്‍ TB യുടെ എക്സ്റ്റെണൽ ഹാർഡ് ഡിസ്ക്കിലാണ് അവ സൂക്ഷിചിരിക്കുന്നതെന്നും പറഞ്ഞു... എനിക്ക് ആവശ്യമുള്ള പാട്ട് കോപ്പി ചെയ്യുന്നതിനിടയിലെ സംസ്സാരത്തിൽ അയാൾ പറഞ്ഞു... "ഞാൻ ഇതൊന്നും കേൾക്കാറോന്നുമില്ല, അതിനൊക്കെ എവിടാ സമയം, ഒരു ഹാർഡ് ഡിസ്ക്ക് മെനക്കെടുത്തിച്ചു, അത്രതന്നെ..." അയാൾ പാട്ടിന്റെ ശേഖരത്തിന് ഉടമയാകാൻ യോഗ്യനാണെന്ന് ഞാൻ കരുതുന്നില്ല... വലിഞ്ഞു കയറിവന്ന വിരുന്തുകാരനെപ്പോലെ അയാളുടെ ശേഖരത്തിൽ സംഗീതം അപമാനിക്കപ്പെടുന്നതായി എനിക്ക് തോന്നി... കേൾക്കാത്ത പാട്ടിന്റെ മാധുര്യം ഹാർഡ് ഡിസ്ക്കിൽ ഒളിപ്പിച്ച് "ആസ്വദിക്കുന്നു" എന്ന് ഊറ്റം കൊള്ളുന്ന എത്രയോപേർ നമുക്കുചുറ്റും ഉണ്ട്...
കാലത്തിന്റെയും, സാങ്കേതിക വിദ്യയുടെയും മാറ്റത്തിൽ ഉണ്ടാകുന്ന ചില കാഴ്ചകളിൽപ്പെടുന്നതാണ് ഇതും..!! സംഗീതത്തെ സമീപിക്കുകയും, പരിപാലിക്കപ്പെടുകയും ചെയ്യുന്ന രീതിയിൽ മാത്രമേ മാറ്റമുണ്ടാകൂ... സംഗീതത്തിന്റെ മൂല്യവും, പ്രാധാന്യവും യഥാർഥ ആസ്വാദകന്റെ മനസ്സിൽ എന്നുമുണ്ടാകും... തീർച്ച
[Rajesh Puliyanethu
Advocate, Haripad]