Monday, 26 July 2021

രമ്യാ ഹരിദാസ് MP യോട് നന്ദി അറിയിക്കുന്നു... ഒപ്പം പുശ്ചവും...

രമ്യാ ഹരിദാസ് MP യോട് നന്ദി അറിയിക്കുന്നു... ഒപ്പം പുശ്ചവും...
സ്ത്രീ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടെ ഇവിടെ ഒരുപാട് നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് സമൂഹ മധ്യത്തിൽ പലരും വിളിച്ചു പറഞ്ഞിട്ടുണ്ട്...
ആരെത്ര ഉച്ചത്തിൽ അത് വിളിച്ചു പറഞ്ഞ് മനസ്സിലാക്കി നൽകുന്നതിലും വേഗത്തിൽ ഒരു MP തന്നെ അത് കാണിച്ചു കൊടുത്തപ്പോൾ സമൂഹത്തിന് മനസ്സിലായി... വളരെ നന്ദി...
സ്ത്രീധന പീഡനം, ഹരിജൻ അട്രോസിറ്റീസ് ആക്ട് തുടങ്ങിയ പല നിയമങ്ങളിലും പരമോന്നത കോടതികൾക്കു പോലും പുനർവിചിന്തനം ആവശ്യമായി വന്നത് അത് ദുരുപയോഗം ചെയ്യുന്നതിന്റെ തോത് അത്രകണ്ട് വർദ്ധിച്ചതു കൊണ്ടാണ്... ഇന്ന് പോക്സോ നിയമവും അതേ ഭയത്തിൻ കീഴിലായാണെന്ന് ചേർത്തു പറയട്ടെ...
രമ്യാ ഹരിദാസിലേക്ക് വരാം,,
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന തല പോകാൻ ഇടയില്ലാത്ത ഒരു തെറ്റ് മാത്രമാണ് രമ്യ ചെയ്തത്... (500 രൂപ ശിക്ഷ)... നിലവിലെ സാഹചര്യത്തിൽ അത് സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും,, അത് സംഭവിച്ചു...
ഇത്ര ചെറിയ നിലനിൽപ്പ് വിഷയത്തിൽപ്പോലും,, കോവിഡ് പ്രോട്ടോകോൾ ലംഘനം ചോദ്യം ചെയ്ത യുവാവ് 'എന്നെ കയറിപ്പിടിച്ചു' എന്ന് കളവു പറയാനാണ് രമ്യ ശ്രമിച്ചത്... രമ്യയുടെ ആദ്യത്തെ പ്രതിരോധം തന്നെ തൻ്റെ സ്ത്രീ എന്ന അഭിമാനത്തിന് സ്വയം വിലപറഞ്ഞു കൊണ്ടാണ് നടത്തുന്നത്... (യുവാവ് തന്നെ കയറിപ്പിടിച്ചു എന്ന് പോലീസിൽ പരാതി കൊടുക്കും എന്ന് പറയുമ്പോൾ 354 ഐപിസി പ്രകാരം കേസ്സെടുക്കാനാണല്ലോ ഉദ്ദേശിക്കുന്നത്)... രമ്യ എന്ന 'സ്ത്രീ' സമൂഹത്തിൽ നിന്നും, സ്ത്രീ എന്ന പരിഗണക്കും, ബഹുമാനത്തിനും ഏതു വിധത്തിലാണ് ഇനിയും അർഹതപ്പെടുന്നതെന്ന് സ്വയം ഒരു വിലയിരുത്തൽ നടത്തണം... എതിരാളിയെ വീഴ്ത്താൻ കളവായി "സ്ത്രീ" എന്ന അഭിമാനം വിപണന വസ്തുവാക്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളും ഒരുവട്ടമെങ്കിലും ചിന്തിക്കണം... "താൻ സ്വയം എത്രയധികം ആത്മാഭിമാനമില്ലാത്തവൾ ആകുന്നു എന്ന്"..??
മറുവശം അതിലേറെ ഭയാനകമാണ്,,
തൻ്റെ ഭാഗത്തെ തെളിവായി വീഡിയോ പൊതുസമൂഹത്തിനു മുൻപാകെ വെയ്ക്കാനില്ലായിരുന്നെങ്കിൽ രമ്യയുടെ വാക്കു മാത്രമേ പൊതു സമൂഹവും, നിയമവും, കോടതിയും എല്ലാം വിശ്വാസ്സത്തിലെടുക്കുമായിരുന്നുള്ളൂ... ""എംപി എന്ന പദവി അലങ്കരിക്കുന്ന ഒരുവൾക്ക് സ്ത്രീ എന്ന അഭിമാനത്തിന് ക്ഷതം വരുന്ന രീതിയിൽ കളവു പറയേണ്ട കാര്യമില്ല"" എന്നു മാത്രമേ രമ്യയും, അനുചരന്മാരും, പ്രതിയും ഒഴികെ മറ്റെല്ലാവരും വിശ്വസിക്കുക ഉണ്ടായിരുന്നുള്ളൂ....
സമൂഹത്തിൽ നീതി നടപ്പിലാക്കുക, പീഡനം അനുഭവിക്കുന്നവർക്ക് സംരക്ഷണം നൽകുക എന്നീ ഉദ്ദേശത്തോടെ ലെജിസ്ലേറ്റീവ് നിർമ്മിക്കുന്ന നിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പോലും തകർക്കുന്നതാണ് രമ്യയുടെ സമീപനം... ശരിയായ പരാതി ഉയർത്തുന്ന ഒരു സ്ത്രീയെയും സംശയത്തോടെ കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന പ്രവർത്തിയാണ് രമ്യ ചെയ്തത്... "എംപി പോലും കളവാണ് പറയുന്നത് പിന്നാണോ ഇവര്...?" എന്ന് ഒരു ജെനുവിൻ പരാതിക്കാരിയോടും ചിലരെങ്കിലും ചോദിക്കാൻ ഇടവരും....
നിയമ ലംഘനം ചോദ്യം ചെയ്ത ഒരു വ്യക്തിയോടും, സമൂഹത്തിനോടും എത്രവലിയ ചതിയാണ് രമ്യ പ്ലാൻ ചെയ്തത്??
പൊതു സമൂഹം ഇനിയും പാഠങ്ങൾ പഠിക്കണം... പൊതുസമൂഹത്തിനു വേണ്ടി ചിട്ടപ്പെടുത്തി പുറത്തു വിടുന്നതൊന്നുമായിരിക്കില്ല സത്യം... അറിഞ്ഞ വിവരങ്ങൾ വെച്ചുകൊണ്ട് നമ്മൾ കോലാഹലങ്ങൾ ഉയർത്തുമ്പോൾ നമ്മളെയെല്ലാം വിഡ്ഢികളാക്കി എന്ന ചിന്തയോടെ ചിരിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ടാകും...
രാഷ്ട്രീയ പ്രതിനിധികളായും,, ജനപ്രതിനിധികളായും വ്യക്തികളെ തെരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളും ജനങ്ങളോടുള്ള ഉത്തരവാദിത്വം കാണിക്കണം... മിനിമം വ്യക്തിത്വവും, സ്വഭാവത്തിൽ മൂല്യവും ഉള്ളവരെ മാത്രം ജനസമക്ഷം അവതരിപ്പിക്കുക...
വിഡ്ഢികളാകുക എന്നത് ഞങ്ങൾ ജനങ്ങൾക്ക് ശീലമാണ്,, എന്നാലും പറഞ്ഞെന്നേ ഉള്ളൂ...
[Rajesh Puliyanethu
Advocate, Haripad]