വൃദ്ധ സദനങ്ങൾ എന്നത് എന്നും ദൈന്യമായ വികാരമാണ് കൊണ്ടു വരുന്നത്.... ജീവിത സായാഹ്നത്തിൽ ആരോരുമില്ലാത്തവരുടെ ഇടം.. അല്ലെങ്കിൽ എല്ലാവരും ഉണ്ടായിട്ടും ഉപേക്ഷിക്കപ്പെടുന്നവരുടെ ഇടം... എങ്ങനെ ആയാലും വൃദ്ധ സദനത്തിലെ അന്തയവാസികൾ എല്ലാവർക്കും ഈറൻ കാഴ്ചകളാണ്... ഒരായുസ്സിന്റെ പ്രവർത്തിക്ക് പ്രതിഫലം പറ്റാൻ കഴിയാതെ പോയവർ എന്ന വിലാപവും വൃദ്ധസദനത്തിലെ ഒരോ അന്തയവാസികളുടെയും മൂളലിൽ പോലും ഉണ്ടായിരുന്നു...
സമൂഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവുമായി വിദൂരമല്ലാത്ത ഒരു ബന്ധം വൃദ്ധസദനങ്ങൾ എന്ന സ്ഥാപനത്തിനും സങ്കല്പങ്ങൾക്കും പിന്നിലുണ്ട്... സമൂഹത്തിൽ കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന മുൻകാലങ്ങളിൽ വൃദ്ധസദനങ്ങൾ എന്ന സങ്കല്പങ്ങൾ പോലും ഉണ്ടായിരുന്നില്ല... എല്ലാ വീടുകളിലും എഴുപത്തി അഞ്ചോ, എൺപതോ വയസ്സിന് മുകളിൽ പ്രായമുള്ള ഒന്നിലധികം ആൾക്കാർ ഉണ്ടാകുമായിരുന്നു... ഒട്ടുമിക്ക വീടുകളിലും പ്രായാധിക്യത്താൽ കിടപ്പുരോഗികളും ഉണ്ടാവുമായിരുന്നു... പക്ഷേ ആ കാലഘട്ടത്തിൽ ഒന്നും തന്നെ വൃദ്ധ ജനങ്ങളോ, വൃദ്ധ രോഗികളോ ആ ഭവനങ്ങളിൽ നിന്നു നീക്കം ചെയ്യപ്പെടേണ്ടവരാണ് എന്ന് ആരും ചിന്തിച്ചിരുന്നില്ല... കൂട്ടുകുടുംബ വ്യവസ്ഥയിൽ അവരെ പരിചരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നു... അവരുടെ പരിചരണ ചുമതല പല വ്യക്തികൾക്കിടയിൽ വികേന്ദ്രീകരിച്ച് നടപ്പിലാക്കപ്പെട്ടിരുന്നതിനാൽ ആർക്കും തന്നെ വൃദ്ധജനങ്ങളുടെ പരിചരണന ജോലി ഒരു അമിത ഭാരമായി തോന്നിയിരുന്നില്ല... അതുമാത്രമല്ല മുൻകാലങ്ങളിൽ സ്വന്തം നാട്ടിൽ നിന്നും വിദൂരത്തിലേക്ക് ജീവിതമാർഗം തേടി പോകുന്നവർ കുറവായിരുന്നു... ഒരു കുടുംബത്തിലെ ചിലർ മാത്രം മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശങ്ങളിലേക്കോ ജോലി തേടി പോയിട്ടുണ്ടായിരുന്നെങ്കിലും ഈ വൃദ്ധജനങ്ങളെ പരിചരിക്കാൻ സന്നദ്ധരായ ആൾക്കാർ വീടുകളിൽ അവശേഷിച്ചിരുന്നു... വൃദ്ധരായ മനുഷ്യർക്ക് ഒന്നിലധികം മക്കൾ സാധാരണ ഗതിയിൽ ഉണ്ടായിരുന്നതിനാൽ പരിചരണ ചുമതല ഒരു ദൈനംദിന കർമ്മം എന്നതിനപ്പുറം ആരും തന്നെ ഒരു ഭാരമായി കണ്ടിരുന്നില്ല...
ഒരു കുടുംബത്തിലെ ചെറുപ്പക്കാരായവർ, സാധാരണഗതിയിൽ വൃദ്ധരായ മനുഷ്യരുടെ മക്കൾ എല്ലാവരും തന്നെ ദൂരദേശങ്ങളിലേക്ക് സ്വന്തം ജീവിതമാർഗം തേടി പോയപ്പോഴാണ് വൃദ്ധസദനങ്ങൾ എന്ന സങ്കല്പം ജനിച്ചു തുടങ്ങിയത്... തൊഴിൽ ഇടങ്ങളിൽ തന്നെ സൗകര്യപ്രദമായി താമസമാക്കുക, പട്ടണങ്ങളിൽ ആധുനിക ജീവിത സൗകര്യങ്ങളോടൊപ്പം ചേർന്ന് ജീവിക്കുക തുടങ്ങിയ മനുഷ്യ ജന്യമായി ഇഷ്ടങ്ങൾ വൃദ്ധസദനങ്ങൾ എന്ന സങ്കൽപ്പത്തിന് ആക്കം കൂട്ടി... പട്ടണങ്ങളിലെ ആധുനിക ജീവിത സൗകര്യങ്ങളെ കൂടെക്കൂട്ടിയവർ ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളും അതിലെ അന്തേവാസികളായ വൃദ്ധജനങ്ങളെയും ഒരേപോലെ ""ഒഴിവാക്കപ്പെടേണ്ടതാണ്"" എന്നു കണ്ടു... മണ്ണും വീടും വിലക്ക് വാങ്ങിയവർ കൊണ്ടു പോയപ്പോൾ വൃദ്ധജനങ്ങൾ നിസ്സഹായരായി വെയിലേറ്റു നിന്നു...
എഴുപത്കളുടെ ആരംഭത്തില് ആണ് വൃദ്ധസദനങ്ങൾ സമൂഹത്തിന് അന്യമല്ലാത്ത ഒരു കാഴ്ചയായി വളർന്നു വരാൻ തുടങ്ങിയത്... മലയാളത്തിൻറെ പ്രിയപ്പെട്ട സംവിധായകൻ ശ്രീ പത്മരാജനാണ് 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയിൽ കൂടി വൃദ്ധസദനത്തിലേക്ക് ഒരു മാതാവ് എത്തിച്ചേരുന്നതിൻ്റെ സാമൂഹിക കുടുംബ പശ്ചാത്തലം മലയാളിക്ക് മുൻപിൽ വരച്ചുകാട്ടിയത്... മണ്ണും വീടും വിലക്ക് വാങ്ങിയവർ കൊണ്ടു പോകുമ്പോൾ വെയിലേറ്റ് നിൽക്കുന്നവർക്ക് വൃദ്ധസദനം ഏക അഭയ കേന്ദ്രമായി ഉയർന്നു വന്നു... വൃദ്ധസദനത്തിന്റെ പടിവാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുന്ന നിമിഷം വരെ എല്ലാവരും ഉണ്ടായിരുന്ന ഒരുവന്, ഒരു പടിവാതിലിനപ്പുറം ആരോരുമില്ലാത്തതിന്റെ അന്യതാബോധവും, ഏകാന്തതയുമാണ് അവിടെ കാത്തുവെച്ചിരുന്നത്... എല്ലാവരും ഉണ്ടായിരുന്നിട്ടും 'ഉപേക്ഷിക്കപ്പെടുന്ന' ജീവിത സായാഹ്നങ്ങളെ നിരത്തി ആയിരുന്നു വൃദ്ധസദനങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ മുന്നേറിയത്...
എല്ലാവരും ഉണ്ടായിരുന്നിട്ടും ഉപേക്ഷിക്കപ്പെടുന്ന ജരാനരകളുടെ മാത്രമല്ല,, യൗവനാരംഭം മുതലേ ആരുമില്ലാത്തവരുടെ കൂടി സമൂഹമാണിത്... അങ്ങനെയുള്ളവർക്ക് ജീവിത സന്ധ്യയിൽ വൃദ്ധസദനങ്ങൾ ദൈന്യതയുടെ കാഴ്ചകൾ അല്ല; മറിച്ച് അഭയ സ്ഥാനങ്ങളാണ്... പക്ഷേ എന്തുകൊണ്ടോ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളോട് ചേർത്തുവെച്ചു സംസാരിക്കുവാനാണ് പൊതുവേ നമുക്ക് താല്പര്യം...
വർത്തമാനകാലത്ത് ഒരു അറുപത്തി അഞ്ച് വയസ്സിനു മുകളിലുള്ള ആൾക്കാർക്കും വൃദ്ധസദനങ്ങൾ തഴയപ്പെട്ടതിന്റെയും, ഉപേക്ഷിക്കപ്പെതിന്റെയും അടയാളപ്പെടുത്തലുകളാണ്... പക്ഷേ ഇന്ന് ഏകദേശം അൻപത്തി അഞ്ച് വയസ്സിന് താഴെ നിൽക്കുന്നവർക്ക് അവരുടെ വാർധക്യത്തിൽ വൃദ്ധസദനങ്ങൾ ഒരിക്കലും തഴയപ്പെടലിന്റെയോ ഉപേക്ഷിക്കപ്പെട്ടതിൻ്റെയോ ശീർഷകങ്ങൾ പേറുന്നത് ആകില്ല... ആകാൻ കഴിയില്ല എന്നതാണ് സത്യം... അണു കുടുംബങ്ങൾക്ക് സാധ്യമായ ഏറ്റവും ചെറുതിലേക്ക് കുടുംബം എന്ന സങ്കല്പം ചുരുങ്ങിയിരിക്കുന്നു... അച്ഛൻ അമ്മ ഏക സന്താനം എന്ന കാഴ്ച വളരെ വളരെ ഏറി വരുന്നു... മുൻകാലങ്ങളെ അപേക്ഷിച്ചു വന്ധ്യത എന്ന അവസ്ഥ അനുഭവിക്കുന്ന ദമ്പതികളുടെ നിരക്ക് വർദ്ധിക്കുന്നു... സാമൂഹികവും, സാമ്പത്തികവും, തൊഴിൽപരവും, വിദ്യാഭ്യാസപരവുമായ നമ്മുടെ സംസ്ഥാനത്തിന്റെ പരാധീനതകൾ കാരണം യുവത്വം കടൽ കടക്കുന്നു... അങ്ങനെ പലവിധമായ കാരണങ്ങൾ കൊണ്ട് ഇന്ന് ഏകദേശം 55 വയസ്സിൽ താഴെ പ്രായത്തിൽ ജീവിക്കുന്നവരുടെ വാർധക്യ കാലത്ത് ബന്ധു രഹിതമായ ചുറ്റുപാടും, ഏകാന്തതയും, ഒറ്റപ്പെടലും ആയിരിക്കാനാണ് സാധ്യത... അവിവാഹിതരായി വാർധക്യത്തിൽ എത്തുന്നവരേയും, ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു പോവുകയോ, പിരിഞ്ഞു പോവുകയൊ ചെയ്യുന്നവരെയും കൂടി പരിഗണിക്കുമ്പോൾ വാർദ്ധക്യത്തിൽ മുൻപ് പറഞ്ഞ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നവരുടെ എണ്ണം ഭാവിയിൽ വളരെ വളരെ വലുതായിരിക്കും എന്ന് കാണാം... ആ ഭാവിയിൽ, ആ മനുഷ്യരുടെ അഭയസ്ഥാനം എന്നത് മാത്രമല്ല ഏറ്റവും അനിവാര്യമായ പാർപ്പിടമായിരിക്കും ഇന്ന് വൃദ്ധസദനങ്ങൾ എന്ന അത്രകണ്ട് ഗ്ലോറിഫൈഡ് വിളിപ്പേരില്ലാത്ത സ്ഥാപനങ്ങൾ...
ഇന്നത്തെ യുവത്വവും, മധ്യവയസ്കരും ആദ്യമായി ചെയ്യേണ്ടതെന്തന്നാൽ വൃദ്ധസദനങ്ങൾ എന്ന മുഷിഞ്ഞ വിളിപ്പേരും ആ പാർപ്പിടങ്ങളിലെ ദൈന്യതയും എടുത്തു കളയുക എന്നതാണ്... ഇന്നത്തെ യുവത്വവും, ഒരു അൻപത്തി അഞ്ചിൽ താഴെ പ്രായമുള്ളവരും അവരുടെ ജീവിത സായാഹ്നങ്ങളെ ആഹ്ലാദിക്കാനും, അർമ്മാദിക്കാനും ഈ കാലം മുതൽ തന്നെ സർവ്വ സൗകര്യങ്ങളും നിറഞ്ഞ റിക്രിയേഷൻ സെൻററുകളിലേക്ക് ഇൻവെസ്റ്റ് ചെയ്യണം... [Recreation Centre For Top Experienced Men]... ഒരല്പം പോലും ലഹരിയുടെ സൗന്ദര്യം ആസ്വദിക്കാതെയും, അല്പം മധുരം കഴിക്കാതെയും, വറ്റെണി കഴിച്ചും, ഘടികാര സൂചിയുടെ ചലനങ്ങൾക്ക് ഒപ്പിച്ചു ജീവിത താളം ക്രമീകരിച്ച്, ആയുസ്സിന്റെ അവസാന ബിന്ദു എത്രത്തോളം അകലങ്ങളിലേക്ക് നീക്കാം എന്ന ചിന്തയിൽ കഠിനവൃതം നോക്കുന്നവർ പ്രത്യേകിച്ചും...!
വർത്തമാനകാലത്തെ പ്രായമായ മനുഷ്യരുടെ ദുഃഖ ചിന്തയാണ് വൃദ്ധസദനങ്ങൾ എങ്കിൽ വർത്തമാനകാലത്തെ യുവജനതയുടെ വാർദ്ധകൃ കാലത്തെ സുരക്ഷിതവും, ആഹ്ലാദകരവും, അഭിമാനകരവുമായ പാർപ്പിടങ്ങൾ ആകണം ഭാവിയിലെ "Recreation Centre For Top Experienced Men"... ബന്ധങ്ങളുടെയും, സൗകര്യങ്ങളുടെയും പേരിലെ ബന്ധനങ്ങളും, പരിമിതികളും അവിടെ ഉണ്ടാകരുത്... നാളത്തെ വാർദ്ധക്യങ്ങൾക്ക് അവരുടെ മക്കളോട് കടമകളെക്കുറിച്ച് ഓർമ്മപ്പെടുത്തേണ്ടി വരരുത്... ഒരു മുപ്പത് വർഷത്തിനുശേഷം വാർദ്ധക്യത്തിലെത്തുന്ന ഏതൊരുവരുടേയും പിൻതലമുറയ്ക്ക് തങ്ങളുടെ മുൻതലമുറയോടുള്ള ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർത്ത് വ്യാകുലപ്പെടുകയൊ, പരിതപിക്കപ്പെടുകയോ ചെയ്യേണ്ട അവസ്ഥ ഉണ്ടാകരുത്...
വാർദ്ധക്യ കാലത്തെ പെൻഷൻ സ്‌കീമുകളെ മുൻനിർത്തി പല ഇൻഷുറൻസ് കമ്പനികളും പദ്ധതികൾ തയ്യാറാക്കുന്നതുപോലെ ഒരു നിശ്ചിത പ്രായത്തിനു ശേഷം ഫൈസ്റ്റാർ അക്കോമഡേഷനോടു കൂടിയ Recreation Centre For Top Experienced Men സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ പ്രോഗ്രാമുകൾ ഇന്നേ പ്ലാൻ ചെയ്തു നടപ്പിലാക്കേണ്ടതുണ്ട്... ഇന്ന് ആരോഗ്യത്തോടെ ജോലി ചെയ്യുന്ന യുവ ജനങ്ങളിൽ നിന്നും മധ്യവയസ്കരിൽ നിന്നും ഇക്കാലം മുതൽ തന്നെ പ്രീമിയം തുക പോലെ ഈടാക്കാവുന്നതാണ്...
ഭാവിയിലെ അത്തരം സ്ഥാപനങ്ങൾ ""RECREATION"" എന്ന വാക്കിൻറെ സമസ്ത ഭാവങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം... ഒപ്പം തന്നെ സ്ഥിരമായ വൈദ്യ പരിശോധനകൾക്കുള്ള സൗകര്യം, ഓരോ വ്യക്തിയേയും കസ്റ്റമൈസ്ഡ് ആയി പരിചരിക്കുന്നതിനുള്ള സൗകര്യം,, ഒപ്പം കലാപരമായ എല്ലാ വാസനകളെയും ആസ്വദിക്കാനും പരിപോഷിപ്പിക്കാനും ഉള്ള സൗകര്യം, എഴുതാനും വായിക്കാനുള്ള സൗകര്യം, വിനോദയാത്രയ്ക്കും തീർത്ഥയാത്രയ്ക്കും ഉള്ള സൗകര്യം, അങ്ങനെ ദൈന്യതയുടെ എല്ലാ നിറങ്ങളെയും തുടച്ചുനീക്കി ഉള്ളതാകണം ഭാവി കാലത്തെ Recreation Centre For Top Experienced Men...
അമേരിക്കയിൽ നിന്നോ, ഇംഗ്ലണ്ടിൽ നിന്നോ മക്കൾ മാസത്തിലൊരിക്കൽ പോലും വിളിക്കുന്നില്ലെന്നോ, അങ്ങോട്ട് വിളിച്ചാൽ എടുക്കുന്നില്ലന്നോ പരിതപിക്കുന്ന മാതാപിതാക്കൾ അടുത്ത 30 വർഷത്തിനു ശേഷം ഉണ്ടാകരുത്... അമേരിക്കയിൽ നിന്നും മകൻ വിളിച്ചാൽ ""ഞങ്ങൾ ഇവിടെ റമ്മി കളിച്ചു കൊണ്ടിരിക്കുകയാണ്, കുറച്ചു കഴിഞ്ഞു വിളിക്ക്"" എന്നു പറയുന്ന മാതാപിതാക്കൾ ഉണ്ടാകണം... ദൃഢവും സുരക്ഷിതമായ ഒരാലയം ഭാവികാല വൃദ്ധജനങ്ങൾക്ക് ആവശ്യമാണ്... അതിനായുള്ള പ്രവർത്തനങ്ങളും, മുതൽ മുടക്കുകളും ഇന്നേ ആരംഭിക്കേണ്ടിയിരിക്കുന്നു...
കാലത്തെ ഉൾക്കൊണ്ടും, അതിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് വിധേയമായും തന്നെ ഒരു കാലഘട്ടത്തെ വലിയ കൂട്ടം ജനതയുടെ കംഫർട്ടബിൾ സോൺ സൃഷ്ടിക്കാൻ "Recreation Centre For Top Experienced Men" ന് കഴിയും... ഒന്നാലോചിച്ചു നോക്കൂ; വീടും, പണവും ചുറ്റുപാടുകളും എല്ലാം ഉണ്ടെങ്കിലും ഒരു ദിവസം രണ്ടു മനുഷ്യരുടെ എങ്കിലും മുഖം കാണാതെയും രണ്ടാളോടെങ്കിലും സംസാരിക്കാൻ കഴിയാതെയും ഒരുപാട് പരിമിതികളുടെ ചുവരുകൾക്കുള്ളിൽ കഴിയുന്നതിനേക്കാൾ എത്രയോ പോസിറ്റീവ് ആണ് ഒരേ വൈബുള്ള കുറെയധികം ആൾക്കാരോടൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുന്നത്...
""ഭാവികാല ലോകത്ത് നരച്ച വാർദ്ധക്യങ്ങളായല്ല,, മറിച്ച് നരച്ച യൗവനങ്ങളായി ജീവിക്കാൻ കഴിയണം""
' നര' ഒരു യാഥാർത്ഥ്യവും, 'ജീവിക്കുക' എന്നത് ഒരു അനിവാര്യതയും ആകുമ്പോൾ നവീനമായ പലതിനെയും നമ്മൾ പരിണയിക്കും...
[Rajesh Puliyanethu
Advocate, Haripad]