Sunday, 20 December 2020

ശ്രീ രാമൻ കേരളത്തിന് മാത്രം അനഭിമതനോ!!?? ജയ് ശ്രീ റാം..

 

ഭാരതത്തിൻ്റെ തുടിപ്പുകൾ ആരംഭിക്കുന്ന നിമിഷം മുതൽ ഒപ്പം ഉണ്ടായ ശബ്ദമാണ് 'ജയ് ശ്രീ റാം'... ഈ ശബ്ദമില്ലാതെ സ്വതന്ത്രത്തിനു മുൻപോ പിൻപോ ഒരിന്ത്യയില്ല എന്നതാണ് സത്യം... ആര്യ- ദ്രാവിഡകാല സംഘർഷ ചരിത്ര കാല കോലാഹലങ്ങളിലേക്ക് ഇറക്കി നിർത്തി ചരിത്രാതീതകാലരാമൻ്റെ മന്ത്രധ്വനികളെ ഇല്ലാതാക്കാമെന്നും ആരും കരുതുകയും വേണ്ട...

ശ്രീ രാമചന്ദ്രൻ ഭാരതീയന് എന്നും ദൈവവും,, വീരപുരുഷനും,, നീതി- ന്യായത്തിൻ്റെ പ്രതീകവും,, പ്രണയത്തിൻ്റെയും- ദാമ്പത്യത്തിൻ്റെയും ചിഹ്നവും ഒക്കെയാണ്... ''രാമരാജ്യം'' എന്നത് ഒരു മഹത്തായ സങ്കല്പവുമാണ്... സർവ്വ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും നിറഞ്ഞ,, നീതിസമ്പുഷ്ടമായ ഒരു ഭരണക്രമത്തിൻ്റെ പ്രതീകം... എല്ലാക്കാലത്തെയും മനുഷ്യർക്ക് പ്രതീക്ഷയുടെ ഒരു ലോകം... ആ ലോകം രാമനുമായി ചേർത്തുവെച്ച് സ്വപ്നം കണ്ടത് മര്യാദാ പുരുഷോത്തമനായിരുന്ന രാമൻ്റെ സ്വഭാവ ചരിത്രത്തെക്കുറിച്ചു മനസ്സിലാക്കിയതു കൊണ്ടു കൂടിയായിരുന്നു...

ഭാരതത്തിൻ്റെ സമീപകാല ചരിത്രത്തിൽ വരെ രാമനാമത്തിന് സ്വകാര്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ... ബാബറി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ രാമക്ഷേത്രം ഉയരണമെന്ന ആവശ്യം RSS മുൻപോട്ടു വെച്ചപ്പോൾ മാത്രമാണ് ശ്രീരാമന് കോൺഗ്രസ്സ് ഉൾപ്പെടെ ചില രാഷ്ട്രീയ ചേരികൾ ഭ്രഷ്ട് കല്പിച്ചു തുടങ്ങിയത്... അത് തീർച്ചയായും ബാബറി മസ്ജിദിനെ എടുത്തു പറഞ്ഞ് മുസ്ലീം ജനവിഭാഗത്തിൻ്റെ ഉള്ളിൽ സ്പർദ്ധ നിലനിർത്തി രാഷ്ടീയ ലാഭം കൊയ്യുന്നതിനുള്ള നീചതന്ത്രത്തിൻ്റെ ഭാഗമായിരുന്നു... പിന്നീടു ഭാരതം കണ്ടത് രാഷ്ട്രീയ ശ്രീരാമനെയായിരുന്നു... രാമക്ഷേത്ര നിർമ്മാണ ആവശ്യത്തെ ഉയർത്തിക്കാട്ടിയ സംഘപരിവാർ പ്രസ്ഥാനങ്ങളും, ബി. ജെ. പിയും രാഷ്ട്രീയമായി ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതു കണ്ടു നിന്ന കോൺഗ്രസ്സും, അനുചര പ്രസ്ഥാനങ്ങളും നിർമ്മിച്ചതായിരുന്നു ആ 'രാഷ്ട്രീയ ശ്രീരാമൻ'... ഹിന്ദുത്വ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബി. ജെ. പി യെ പ്രതിരോധിക്കാൻ മുസ്ലിമുകളെ മുന്നിൽ നിർത്തി ന്യൂനപക്ഷ ചേരി നിർമ്മിക്കാൻ ശ്രമിച്ച രാഷട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ നടപടിയായിരുന്നു അതെന്ന് നമുക്ക് കാണാൻ കഴിയും... യുഗങ്ങൾക്കു മുൻപു മുതൽ നിലനിന്നിരുന്നതെന്ന് വിശ്വസ്സിക്കുന്ന ആരാധ്യാ പുരുഷനായ ശ്രീ രാമനെ അതേ പ്രാധാന്യത്തോടെ ആരാധിച്ചു തുടരാനാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾ ശ്രമിച്ചതെങ്കിൽ, ന്യൂനപക്ഷ പ്രീണനം എന്ന രാഷ്ട്രീയ ലാക്കോടെ ശ്രീരാമനെ വിമർശിച്ച് എതിർ ചേരിയിൽ നിർത്താനാണ് കോൺഗ്രസ്സും, പുരോഗമന പ്രസ്ഥാനങ്ങളെന്ന് സ്വയം പേരിട്ടു വിളിക്കുന്നവരും ശ്രമിച്ചത്... വിദേശ നിർമ്മിത ഉല്പന്നമായ കമ്യുണിസ്സത്തിന് ഭാരത പൈതൃകത്തിൻ്റെ ഭാഗമായ രാമനെ തിരസ്കരിക്കുക എളുപ്പമായിരുന്നെങ്കിൽ ഇന്ത്യൻ ഉല്പന്നമായ കോൺഗ്രസ്സ് രാഷ്ട്രീയ ലാക്കോടെ രാമനെ തള്ളിപ്പറഞ്ഞതായിരുന്നു ചരിത്രത്തോടു ചെയ്ത തെറ്റ്... അവിടെയെല്ലാം 'രാഷ്ട്രീയ ശ്രീരാമനെ' സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിച്ചവരാണ് തെറ്റുകാർ... മഹാത്മാഗാന്ധി ഉച്ചരിച്ചു വന്നിരുന്ന അതേ രാമമന്ത്രം തുടർന്നും ഉച്ചരിക്കുന്നതല്ല...

സമീപകാല രാഷ്ട്രീയ പ്രതിഭാസം മാത്രമാണ് രാമ മന്ത്രധ്വനികളോടുള്ള വിമർശനം എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് സദാ രാമ മന്ത്രം മുഴക്കിയതിൻ്റെ പേരിലൊ, രാമരാജ്യം വരണമെന്ന് ഉത്ഘോഷിച്ചതിൻ്റെ പേരിലോ ഗാന്ധി ഒരിക്കൽ പോലും വിമർശിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത... ഇന്നത്തെ അഭിനവ മതേതര കോലങ്ങൾ ചോദിക്കുന്നുണ്ട്... ഗാന്ധി വിളിച്ച രാമനാണോ ഇന്നത്തെ രാമൻ?? ഗാന്ധിയുടെ രാമനാണോ സംഘ പരിവാറിൻ്റെ രാമൻ...?? ഉത്തരം നിസ്സാരമാണ്... രാമൻ എന്ന ചിന്തയും പ്രതീകവും ആരംഭിച്ച കാലം മുതൽ തുടർന്നു വന്ന രാമനെയാണ് ഗാന്ധിജി ഉച്ചരിച്ചുകൊണ്ടിരുന്നത്... അതേ രാമൻ്റെ ശബ്ദമാണ് സംഘ പരിവാർ മുഴക്കുന്നത്... രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ട് മായാ സീത എന്ന പോലെ രാഷ്ട്രീയ രാമനെ സൃഷ്ടിച്ച് വിലപേശുന്നത് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രീണന രാഷ്ട്രീയക്കാരാണ്...

പ്രീണന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രീ രാമമന്ത്രത്തെ വിമർശിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്... ഇസ്ലാമിക തീവ്രവാദികൾ ഉയർത്തിയിരുന്ന മുദ്രാവാക്യങ്ങൾക്കുള്ള ഹിന്ദുത്വ രാഷട്രീയത്തിൻ്റെ മറു ശബ്ദമായി ശ്രീരാമ മന്ത്രത്തെക്കാണുന്നതു കൊണ്ടു കൂടിയാണത്... അവിടെയും രാഷട്രീയ ലാക്കോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം പ്രീണനം മാത്രമാണ്... തീവ്രവാദ രാഷ്ട്രീയത്തിൻ്റെ മുദ്രാവാക്യങ്ങൾക്ക് എതിർശബ്ദമായി ഉയരുമ്പോഴല്ലേ രാമമന്ത്രം അസുര നിഗ്രഹകനായ ശ്രീരാമചന്ദ്രൻ്റെ നാമമാവുകയുള്ളൂ എന്ന് ഭാരതീയ മിത്രങ്ങളുടെ മറു ചോദ്യം ശരിയുമാണ്...

കുടിയേറ്റ മതങ്ങളുടേയും, പ്രസ്ഥാനങ്ങളുടെയും തീട്ടൂരങ്ങൾക്കു വഴങ്ങി ഭാരത പൈതൃകത്തിൻ്റെ നായകനായ ശ്രീ രാമചന്ദ്രൻ്റെ നാമം ഉറക്കെ വിളിക്കുന്നതിൽ നിന്നും പിൻതിരിയാൻ എന്തായാലും സംഘ ബന്ധുക്കൾ തയ്യാറല്ല എന്നതാണ് അഭിമാനകരം... കമ്യൂണിസ്സം പോലെയുള്ള വൈദേശിക ആശയങ്ങൾ കപട മതേതര ലേബൽ ഒട്ടിച്ചു വിപണിയിലിറക്കിയാൽ വിറ്റുപോകില്ല എന്ന് സാരം... ഭാരതീയനായ രാമൻ്റെ നാമം ഞങ്ങൾക്കു തോന്നുമ്പോഴൊക്കെ ഞങ്ങൾ ഉറക്കെത്തന്നെ വിളിക്കും...

പാലക്കാട് നഗരസഭ പിടിച്ചെടുത്തു കൊണ്ട് ബി ജെ പി പ്രവർത്തർ മഹാരാജ് ശിവജിയുടെ ചിത്രവും, ജയ് ശ്രീറാം എന്ന നാമവും ഉയർത്തിയത് തീർത്തും ഉചിതമായി... പോരാട്ട വിജയത്തിൻ്റെ നിമിഷത്തിൽ ചിന്തിക്കാൻ ശിവജി മഹാരാജിനോളം അനുയോജ്യൻ മറ്റാരുണ്ട്?? ഒരു ഭരണ സ്ഥാപനത്തിൽ 'ജയ് ശ്രീ റാം' എന്ന് മനസ്സിലെങ്കിലും ഉച്ചരിച്ചുകൊണ്ടു വേണം ഭരണകർത്താക്കൾ പ്രവേശിക്കാൻ... മാത്യകാ- ജനക്ഷേമ ഭരണത്തിൻ്റെ സാരാംശം ആ നാമത്തിൽ ഉൾക്കൊണ്ടിരിക്കുന്നു... ((കക്കാനും, മുക്കാനും പദ്ധതി ആലോചിച്ചു കൊണ്ട് ഭരിക്കാൻ കയറുന്നവർ വേണ്ട))

'ജലീൽ സർക്കാർ വാഹനത്തിൽ ഖുറാൻ കൊണ്ടുപോയത് കൊണ്ട് ഇതും ചെയ്താലെന്താ' എന്നൊന്നും ആരും ചോദിക്കരുത്... കാരണം ജലീൽ ചെയ്തതുപോലെ ഒരു തെറ്റിന് ആരും പകരം ചെയ്തതല്ല പാലക്കാട്ട് കണ്ടത്... ഉചിതമായ വിജയാഘോഷ പ്രകടനം മാത്രമായിരുന്നു അത്... കേരളത്തിലെയും ഓരോ ജനാധിപത്യ പോരാട്ടങ്ങൾക്കും ശേഷവും രാമമന്ത്ര ധ്വനികൾ ഉച്ചത്തിൽ ഉയരാൻ ഇടവരട്ടെ എന്ന് ആശംസിക്കുന്നു...

[Rajesh Puliyanethu

 Advocate, Haripad]