Tuesday, 4 August 2026

പ്രിയദർശിനി സൗജന്യ യാത്രയോട് പരിഹാസം!?

      യുഡിഎഫ് സർക്കാരിനെ അധികാരത്തിലേക്ക് എത്തിച്ച കാരണങ്ങളിൽ പ്രമുഖമായ ഒന്ന് 'ഇന്ദിരാ ഗ്യാരണ്ടി' എന്ന പേരിൽ അവർ നൽകിയ കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനമായിരുന്നു... സൗജന്യ യാത്ര ആഗ്രഹിച്ച സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... എന്നാൽ വാഗ്ദാന പാലനത്തിൽ സൗജന്യ യാത്ര പ്രതീക്ഷിച്ച് വോട്ട് ചെയ്ത സ്ത്രീകൾ വഞ്ചിതരായി എന്നാണ് കാണുവാൻ കഴിഞ്ഞത്... കെഎസ്ആർടിസിയുടെ ഏത് ഗ്രേഡിലുള്ള ബസ്സിലും എത്ര ദൂരവും സൗജന്യ യാത്രയായിരിക്കും എന്നാണ് തെരഞ്ഞെടുപ്പിൽ മുൻപുള്ള വാഗ്ദാനത്തിൽ പറഞ്ഞിരുന്നത്... നടപ്പിലാക്കിയാൽ അപാകതകൾ മാത്രമുള്ള ഒരു പദ്ധതിയായിരിക്കും എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ആ വാഗ്ദാനം നൽകിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്... 'തൽക്കാലം വാഗ്ദാനം നൽകി വോട്ട് വാങ്ങി ജയിക്കാം, പിന്നീട് ചതിച്ചാലും അഞ്ചുവർഷം ഭരണത്തിൽ തുടരാമല്ലോ' എന്നതായിരുന്നു ചിന്തയുടെ കാമ്പ് എന്ന് സാരം... 

     കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് കേവലം രണ്ടു വർഷങ്ങൾക്കു മുൻപ് മുതൽ മാത്രമാണ് കെഎസ്ആർടിസി ജീവനക്കാർ മുടങ്ങാതെ ശമ്പളവും പെൻഷനും വാങ്ങാൻ തുടങ്ങിയത് എന്ന് എല്ലാവർക്കും അറിയാം... ശ്രീ ഗണേഷ് കുമാറിൻ്റെ നടപടികൾ ആയിരുന്നു ആ വിജയത്തിന് പിന്നിൽ എന്ന സത്യവും ആരും നിരാകരിക്കാൻ ഇടയില്ല... ആ ക്രെഡിറ്റ് ഗണേഷിന് മാത്രം നൽകണമെന്ന പക്ഷക്കാരനാണ് ഞാൻ... ഗണേഷ് കൊണ്ടുവന്ന നടപടികൾക്കെതിരെ കൊടിപിടിച്ചില്ല എന്ന സഹായം മാത്രമാണ് ഇടതുപക്ഷ പാർട്ടികൾ ചെയ്തുകൊടുത്തത്... ഇടതുപക്ഷത്തിൻ്റെ ഭരണമികവു കൊണ്ടാണ് ശമ്പളം മുടങ്ങാതെ കൊടുത്തത് എന്ന് പറയാൻ കഴിയില്ല... ആൻറണി രാജുവിന്റെ കാലത്ത് ജീവനക്കാർ മുഴുപ്പട്ടിണിയിലായിരുന്നല്ലോ?😥

     നിയമസഭാ ഇലക്ഷനെ നേരിടുന്ന അവസരത്തിൽ ജീവനക്കാർ മുടങ്ങാതെ ശമ്പളം വാങ്ങി തുടങ്ങി എന്നല്ലാതെ കെഎസ്ആർടിസി നഷ്ടമില്ലാത്ത ഒരു കോർപ്പറേഷൻ ആയി മാറിയിരുന്നില്ല... സൗജന്യങ്ങൾ നൽകാതെ തന്നെ നഷ്ടമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ഇപ്രകാരം ഒരു സൗജന്യ വാഗ്ദാനം നൽകാൻ മുതിർന്നത് എന്നതാണ് അവരുടെ രാഷ്ട്രീയ കാപട്യത്തെ വെളിവാക്കുന്നത്... ദിവസം മൂന്നര കോടിയുടെ അധിക ബാധ്യത കേരള ഖജനാവിന് ഉണ്ടാക്കി നൽകിയത് എന്തിനുവേണ്ടിയാണ്?? യു ഡി എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിന് കേരള ജനത എന്തിനാണ് മൂന്നര കോടി രൂപയുടെ അധിക ബാധ്യത വഹിക്കുന്നത്?? കേരള ജനത വോട്ട് കൊടുത്താണോ, പണം കൊടുത്താണോ യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത്?? മാസാമാസം മൂന്നര കോടി രൂപ അധിക ബാധ്യത ഏറ്റെടുത്ത് യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നു നിലനിർത്തുന്നു എങ്കിൽ ഞാൻ പറയുന്നു 'കേരള ജനത മാസ വാടകയ്ക്ക് എടുത്ത സർക്കാർ ആണ് യുഡിഎഫ് സർക്കാർ' എന്ന്...

     സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച നടപടി അവശ്യമായ ഒരു ജനക്ഷേമ പദ്ധതിയായിരുന്നോ എന്നും,, അർഹരായവരാണോ ഉപഭോക്താക്കൾ എന്ന രണ്ട് ചോദ്യങ്ങൾക്കും,, ""അല്ല"" എന്ന ഒറ്റ മറുപടി മാത്രമേ നൽകാൻ കഴിയുകയുള്ളൂ... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക്,, ഒരു നിശ്ചിത വരുമാനത്തിൽ താഴെയുള്ള സ്ത്രീകൾക്ക്,, സൗജന്യ യാത്ര ലഭിച്ചാൽ മാത്രമേ ഒരു ജോലി ചെയ്തു തുടർന്നു പോകാൻ കഴിയൂ എന്ന പരിതസ്ഥിതിയുള്ള സ്ത്രീകൾക്ക്,, അംഗപരിമിതർക്ക്,, വിധവകൾക്ക് അങ്ങനെ അർഹരായവരെ വിഭാഗീകരിച്ച് കണ്ടെത്തി ഈ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ അതിനൊരു അർത്ഥം ഉണ്ടായിരുന്നു... ഒരു ലക്ഷത്തിൽ പരം മാസശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥകളും ഇന്ന് സൗജന്യ യാത്ര ആസ്വദിക്കുന്നു... ഇന്ത്യൻ പ്രസിഡൻറ് നടത്തുന്ന വിമാനയാത്രയുടെ ചെലവിന്റെ ഒരു പങ്കിൽ ചേരിയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും ഈടാക്കുന്ന നികുതിയുടെ ഒരംശം അടങ്ങിയിരിക്കുന്നു എന്നു പറയുന്നതുപോലെ, ഒരു ലക്ഷത്തിൽ പരം രൂപ മാസശമ്പളം വാങ്ങുന്ന വനിത നടത്തുന്ന സൗജന്യ യാത്രയുടെ ഒരു പങ്കിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും പ്രത്യക്ഷമായോ പരോക്ഷമായോ ഈടാക്കുന്ന നികുതിയുടെ ഒരംശവും അടങ്ങിയിരിക്കുന്നു എന്ന് യുഡിഎഫ് മനസ്സിലാക്കണം... പൊതുജനങ്ങളുടെ പണത്തിൻറെ ശരിയായ വിനിയോഗം സർക്കാരിൻറെ വലിയ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്... നിങ്ങളെ അധികാരത്തിലെത്തിക്കുന്നതും നിലനിർത്തുന്നതും ജനങ്ങളുടെ ഉത്തരവാദിത്തമല്ല... മാസം ഏകദേശം 115 കോടി രൂപയോളം അധിക ബാധ്യത ഖജനാവിന് ഉണ്ടാക്കിയ ഒരു പദ്ധതിയിൽ, ആ തുകയുടെ പകുതിയിൽ താഴെ മാത്രം ഉപഭോക്താക്കളായ സ്ത്രീകളാണ് അർഹരായവർ എങ്കിൽ ആ പദ്ധതി എത്രയധികം നിരർത്ഥകമായിരുന്നു എന്ന് മനസ്സിലാക്കാൻ മറ്റു വിവരണങ്ങൾ ആവശ്യമില്ല...

     കേരളത്തിൽ ആയിരക്കണക്കിന് ആൾക്കാർ ഉപജീവനമാർഗമായി കാണുന്ന വലിയ വ്യവസായ മേഖലയാണ് 'പ്രൈവറ്റ് ബസ്സുകൾ'... ആ മേഖല വലിയ രീതിയിൽ തകർന്നുകൊണ്ടിരിക്കുകയാണ് എന്ന് യുഡിഎഫ് സർക്കാർ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല... പ്രിയദർശിനി ബസുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര സ്ത്രീ യാത്രക്കാർ വന്നുചേരുന്നുവെങ്കിൽ അതിൽ 90% വും പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ചവരാണ്... സൗജന്യ യാത്ര വരുന്നതിനു മുൻപുതന്നെ ഭീമമായ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യവസായ മേഖല ആയിരുന്നില്ല പ്രൈവറ്റ് ബസുകൾ... 'നഷ്ടത്തിലും ലാഭത്തിലും ഒക്കെയായി ബസ് മുതലാളിമാരും ഒപ്പം കുറെയധികം കുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായി തൊഴിലാളികളും' എന്ന സമവാക്യത്തിൽ മുന്നോട്ടുപോയിരുന്ന വലിയൊരു ജനവിഭാഗത്തിന്റെ ജീവിതത്തെ യുഡിഎഫ് എന്ന രാഷ്ട്രീയ കക്ഷിയുടെ സ്വാർത്ഥത ഇരുട്ടിലാക്കി എന്നു പറയാതിരിക്കാൻ കഴിയില്ല... പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ച് ജീവിച്ചു വന്ന ആയിരക്കണക്കിന് ആൾക്കാർ യുഡിഎഫിന്റെ അക്കൗണ്ടിലുള്ള ജനങ്ങളല്ലേ!!???

     സൗജന്യ ബസ് യാത്രയുടെ ഉപഭോക്താക്കളിൽ അനർഹരായവർ ഉണ്ടെന്ന ആക്ഷേപം ഉയർത്തുമ്പോൾ തന്നെ മറ്റൊരു കാര്യം അടിവരയിട്ട് പറയാൻ കഴിയും... സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെ തന്നെയാണെങ്കിലും അവരാരും തന്നെ ഒരു മുന്നണിയുടെയോ പാർട്ടിയുടെയോ സർക്കാരിന്റെയോ ഔദാര്യം കൈപ്പറ്റുന്നവർ അല്ല... അവർ പരിഹാസത്തിന് വിധേയരാകേണ്ട വരും അല്ല... സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയത് കൊണ്ട് അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നത് കേരള ഖജനാവിനാണ്... കോൺഗ്രസിന്റെ അല്ല... സൗജന്യ യാത്ര ആസ്വദിക്കുന്നവരെ പരിഹസിക്കാൻ ശ്രീ ജോൺ ആരാണ്? നിങ്ങൾ നടപ്പിലാക്കിയ പദ്ധതി അനാവശ്യമായിരുന്നു എന്നും അത് അനർഹരും ആസ്വദിക്കാൻ വഴിവെക്കുന്നതായിക്കും എന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്... പഴി കേൾക്കാൻ അർഹരായവർ നിങ്ങൾ യുഡിഎഫുകാർ മാത്രമാണ്... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന വനിതകൾ ആരും തന്നെയല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന സ്ത്രീകളെ പരിഹസിക്കുന്നതിനൊപ്പം തന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരെയും ബഹുമാനപ്പെട്ട മന്ത്രി പരിഹസിച്ചു... നാളെ നിങ്ങൾ റേഷൻ വാങ്ങുന്നവരെയും പരിഹസിക്കും... ദുരിതാശ്വാസ സഹായം വാങ്ങുന്നവരെയും പരിഹസിക്കും... കാരണം ബഹുമാനപ്പെട്ട മന്ത്രിക്ക് ജനാധിപത്യ മര്യാദകൾ അറിയില്ല എന്ന് സാരം... വോട്ടിന്റെ വിലയും അറിയില്ല എന്നർത്ഥം...

     ഇന്ദിരാ ബസ്സുകൾ യുഡിഎഫ് സർക്കാരിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട... മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു പദ്ധതിയല്ല എന്ന് അവർക്ക് പണ്ടുമറിയാം, ഇപ്പോഴും അറിയാം... പദ്ധതി പിൻവലിച്ചാൽ സ്ത്രീകൾ എതിരാകും, വലിയ സമരങ്ങളെ നേരിടേണ്ടി വരും... പദ്ധതി തുടർന്നുകൊണ്ടുപോകണം എങ്കിൽ പണ്ട് തോമസ് ഐസക് പറഞ്ഞതുപോലെ റിസർവ് ബാങ്കിനോട് പറഞ്ഞ് കുറച്ചു കൂടുതൽ നോട്ടുകൾ കേരളത്തിനു വേണ്ടി പ്രത്യേകമായി അടിപ്പിക്കേണ്ടി വരും... പ്രിയദർശിനി ബസുകൾ ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ല എന്നും ആവശ്യപ്പെട്ടുകൊണ്ട് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്... പ്രിയദർശിനി ബസുകൾ നിയമവിരുദ്ധമാണെന്ന് എങ്ങനെ കോടതിയെ കൊണ്ട് പറയിപ്പിക്കാം എന്ന് ആയിരിക്കും വി ഡി സതീശന്റെയും സംഘത്തിന്റെയും അടുത്ത ആലോചന... കാത്തിരുന്നു കാണാം...

✍️ [Rajesh Puliyanethu

       Advocate, Haripad]

രാഷ്ട്രീയത്തിൽ മുങ്ങുന്ന മഴക്കെടുതി...

      2018 ൽ ഉണ്ടായ വലിയ പ്രളയം മുതൽ മഴയും വെള്ളപ്പൊക്കവും കെടുതികളും രാഷ്ട്രീയ വിനിമയ വിഷയങ്ങളായി മാറിയിരിക്കുന്നു... രാഷ്ട്രീയപാർട്ടികൾക്ക് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയം വരച്ചു കാണിക്കാൻ ഉചിതമായ ക്യാൻവാസ് ആയാണ് മഴയെ കാണുന്നത്... പ്രളയത്തിൽ കര മുങ്ങിപ്പോകുന്ന കാഴ്ചയല്ല മറിച്ച് പ്രളയം രാഷ്ട്രീയത്തിൽ മുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്...

     2018 ൽ ഉണ്ടായ വെള്ളപ്പൊക്കം അത്രയധികം രൂക്ഷമായത് ഡാം മാനേജ്മെൻറ് ഉണ്ടായ വീഴ്ചയാണെന്ന് പറഞ്ഞത് ഐഐടിയിലെ വിദഗ്ധരാണ്... തുടർന്ന് ഒരു സംസ്ഥാനമാകെ വെള്ളത്തിൽ മുങ്ങി പോയപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രി അല്ലായിരുന്നുവെങ്കിൽ കേരളം ഒരിക്കലും ആ പ്രളയത്തിൽ നിന്ന് മോചിതമാകുമായിരുന്നില്ല എന്ന പി ആർ വർക്ക് പ്രചരണമാണ് ഇടതുപക്ഷ ഹാൻറിലുകൾ നടത്തിയത്... സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ച ഒരു വർഷം എന്നതിനപ്പുറം അത്രയധികം പ്രളയം ഡാം മാനേജ്മെൻറ് കൃത്യമായി ചെയ്തിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് കാര്യങ്ങളെ പഠിച്ചു മനസ്സിലാക്കുന്നവർക്ക് ബോധ്യമുള്ളതാണ്... 2026 ൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഏത് ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണ് എന്ന് ചോദിച്ചു കൊണ്ട് 2018ലെ വെള്ളപ്പൊക്കത്തെ സാധൂകരിക്കുക എന്നതാണ് ആ വിഷയത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തനം...

     കേരള മുഖ്യമന്ത്രിയായിരിക്കാൻ പിണറായി വിജയൻ അല്ലാതെ യോഗ്യനായ മറ്റൊരു മനുഷ്യനും ജനിച്ചിട്ടും ഇല്ല ജനിക്കാനും പോകുന്നില്ല എന്ന രീതിയിൽ ശ്രീ വി ഡി സതീശനുമായി താരതമ്യം ചെയ്ത് പ്രചരണങ്ങൾ നടത്തുക എന്നതാണ് വെള്ളപ്പൊക്കത്തിലെ മറ്റൊരു രാഷ്ട്രീയം... വെള്ളപ്പൊക്ക സമയത്ത് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നത് വരെ രാഷ്ട്രീയ വിഷയങ്ങളായി ഉന്നയിച്ച് കേരള രാഷ്ട്രീയ രംഗത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളുടെ പ്രാധാന്യത്തെ നശിപ്പിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്... കേന്ദ്രത്തിൽ I. N. D. I സഖ്യം നരേന്ദ്രമോദിക്കെതിരെയുള്ള വിമർശന വിഷയങ്ങളായി തെരഞ്ഞെടുത്തത് നരേന്ദ്രമോദിയുടെ കോട്ട്, കൂൺ ഭക്ഷണം, മുതല, മയിൽ, ഫോട്ടോ, കുഞ്ഞൻ പശു തുടങ്ങിയവയായിരുന്നു... ഇത്തരം അപ്രധാന വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നത് പ്രതിപക്ഷത്തെ കൂടുതൽ കൂടുതൽ ദുർബലമാക്കുകയും നരേന്ദ്രമോദിയെ തുടർ തെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയിപ്പിക്കുകയും ചെയ്യുന്നതാണ് രാജ്യം കണ്ടത്... വി ഡി സതീശൻ കഴിച്ച ഭക്ഷണത്തിലെ കറികൾ എണ്ണി പ്രതിപക്ഷ കക്ഷികൾ സ്വയം ദുർബലമാകാനും വി ഡി സതീശനെ ഒരു രാഷ്ട്രീയ ശക്തികേന്ദ്രം ആക്കാനും തീരുമാനിച്ചോ ആവോ!!? കേരളത്തിലെ ബിജെപി നേതാക്കന്മാരും ആ വഴിക്ക് തന്നെ സഞ്ചരിക്കുന്നത് ആശങ്കാവഹം എന്നല്ല, നിന്ദ്യമാണ് എന്നാണ് പറയേണ്ടത്... മുഖ്യമന്ത്രി വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലും എന്തു വീഴ്ച വരുത്തി എന്നു ചൂണ്ടിക്കാണിച്ചു വിമർശിക്കൂ... അതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം... പക്ഷേ അങ്ങനെ വീഴ്ചകൾ പറഞ്ഞു വിമർശിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ 2018 ൽ ഇടതുപക്ഷ സർക്കാരിന് ഡാം മാനേജ്മെൻ്റിൽ സഹിതം ഉണ്ടായ വീഴ്ചകളും തുടർന്ന് ഇടതുപക്ഷ പ്രവർത്തകർ നടത്തിയ ദുരിതാശ്വാസക്യാമ്പുകളിലെ കൊള്ളയും ഭരണപക്ഷം തിരിച്ചു പറയും... ആ വിഷയങ്ങൾ പൊതുജനമധ്യത്തിൽ ഇപ്പോൾ ചർച്ചയ്ക്ക് വരുന്നത് ഇടതുപക്ഷ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടാണോ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ച് ഭരണപക്ഷത്തെ വിമർശിക്കാൻ തയ്യാറാകാത്തത്?? ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം അപ്രധാന വിഷയങ്ങളെ പർവതീകരിച്ച് വിമർശങ്ങൾ ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവരുന്നത്   രാഷ്ട്രീയ പ്രവർത്തനമല്ല മറിച്ച് രാഷ്ട്രീയ പാപ്പരത്തമാണ്... 

     മലയാള വാർത്താ മാധ്യമങ്ങളും വെള്ളപ്പൊക്കത്തിൽ നല്ല രീതിയിൽ രാഷ്ട്രീയം കലർത്തുന്നുണ്ട്... "ഭയം വേണ്ട ജാഗ്രത മതി" എന്ന പിണറായി വിജയൻ സർക്കാരിന്റെ 'ഔദ്യോഗിക' മുദ്രാവാക്യം ഇടതുപക്ഷ നാവുകളായ മാധ്യമങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... കഴിഞ്ഞ ദിവസം 'വെള്ളപ്പൊക്കക്കെടുതികളെ എല്ലാം നമ്മൾ നേരിടും' എന്ന വിവരണത്തോടെ റിപ്പോർട്ടർ ചാനലിലെ അരുൺ പറയുന്നത് കേട്ടു, "മുൻപ് ഒരു മുഖ്യമന്ത്രി പറഞ്ഞപോലെ, നമ്മൾ ഒരുമിച്ച് അങ്ങ് ഇറങ്ങുകയല്ലേ" എന്ന്... മറ്റൊരു വാചകമാണ് "ഈ നാട്ടിലെ 'ജെൻസികൾ' എല്ലാം ചേർന്ന് കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് ഓർമ്മയില്ലേ" എന്ന്... 2018ൽ പ്രളയം നടന്ന അവസരത്തിൽ ഇവിടുത്തെ ചെറുപ്പക്കാർ രക്ഷാപ്രവർത്തനം നടത്തിയ അവസരത്തിൽ പോലും അവരെ "ജെൻസികൾ" എന്ന് സംബോധന ചെയ്തു കേട്ടിട്ടില്ല... പക്ഷേ വർത്തമാനകാലത്ത്; നേപ്പാൾ, ബംഗ്ലാദേശ് കലാപങ്ങൾ മുതൽ പാറ്റ സമരം വരെ നടന്നുകഴിഞ്ഞപ്പോൾ ഉണ്ടായ രാഷ്ട്രീയ മൂല്യമാണ് 2018 രക്ഷാപ്രവർത്തനം നടത്തിയ ചെറുപ്പക്കാരെ 2026ൽ "ജെൻസികൾ" എന്ന് സംബോധന ചെയ്യാൻ കാരണം... നിഷ്കളങ്കമായ മാധ്യമ പ്രവർത്തനം അല്ല മറിച്ച് വെള്ളപ്പൊക്കത്തെ മറയാക്കി നടത്തുന്ന മാധ്യമ രാഷ്ട്രീയ പ്രവർത്തനമാണ് ഇവർ നടത്തുന്നത്...

     2026 കാലവർഷം ശരിയായ സമയത്ത് പെയ്തു തുടങ്ങിയില്ല എന്നു മാത്രമല്ല വളരെ ദുർബലവും ആയിരുന്നു... ഏകദേശം 35 മണിക്കൂർ സമയം കൊണ്ടാണ് സ്ഥിതിഗതികൾ മാറുന്നത്... കുട്ടനാട്, റാന്നി, ആറന്മുള, വയനാട്, പാണക്കാട് തുടങ്ങിയ വിവിധങ്ങളായ സ്ഥലങ്ങളിൽ ആളപായം ഉണ്ടാവുകയും പതിവ് വർഷങ്ങളിൽ കൂടുതൽ കെടുതുകൾ ഉണ്ടാവുകയും ചെയ്തു എന്നത് സമ്മതിക്കുകയും, ആ സംഭവങ്ങളുടെ വിഷമതകളോട് ചേർന്നുനിൽക്കുകയും ചെയ്തുകൊണ്ടുതന്നെ മറ്റൊരു യാഥാർത്ഥ്യവും നമ്മൾ കാണണം... കുട്ടനാട്, ആറന്മുള പോലെയുള്ള പല സ്ഥലങ്ങളും എല്ലാ കാലവർഷ കാലത്തും കെടുതികൾ അനുഭവിക്കുന്ന സ്ഥലങ്ങളാണ്... അവിടെയൊക്കെ സ്ഥിരമായ മാനേജ്മെൻറ് സംവിധാനങ്ങൾ തയ്യാറാക്കാതിരിക്കുന്നത് കേരളപ്പിറവി മുതൽ ഇന്നുവരെ ഭരിക്കുന്ന എല്ലാ സർക്കാരുകളുടെയും വീഴ്ചയാണ്... കൂടാതെ ആട് വന്നു എന്ന് പറയേണ്ടിടത് ആന വന്നു എന്നു പറയുന്ന മാധ്യമപ്രവർത്തനം പൊതുജനങ്ങൾക്ക് അല്പം പോലും സമാധാനം നൽകുന്നില്ല എന്ന് പറയാതെ വയ്യ...

     രാഷ്ട്രീയത്തിന്റെ കണ്ണടയിൽ കൂടെ അല്ലാതെ മഴക്കെടുതികളെ കാണുന്നവർ മഴക്കെടുതികൾ നേരിട്ട് അനുഭവിക്കുന്നവർ മാത്രമാണ്... അവരുടെ നഷ്ടങ്ങൾ പരിഹരിക്കാനും അവരുടെ ദുരവസ്ഥയിൽ ഒരു താങ്ങായി നിൽക്കാനും എങ്ങനെ കഴിയും എന്ന് ഒന്നായി ചിന്തിക്കുമ്പോൾ മാത്രമാണ് "കേരളം ഒറ്റക്കെട്ടായി നേരിട്ടു" എന്നത് വെറുമൊരു മേനി പറച്ചിൽ അല്ലാതെ അർത്ഥവത്തായ ഒരു വാചകം ആകുന്നത്... അല്ലെങ്കിൽ എല്ലാം വെറും രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള പ്രവർത്തനങ്ങൾ മാത്രം...✍️ 

[Rajesh Puliyanethu

 Advocate, Haripad]

Sunday, 31 May 2026

ഹിന്ദുമത ചിഹ്നങ്ങൾ അനഭിമതമോ!!??

      ഐപിഎൽ ഫൈനൽ മത്സരത്തിന്റെ സമാപന വേളയിൽ നടന്ന ഡ്രോൺ ഷോയിൽ ഹിന്ദു ആരാധനാ ചിഹ്നങ്ങൾ പ്രദർശിപ്പിച്ചതാണ് ഇന്നത്തെ ഒരു വിവാദ വിഷയം... 

     ഒരു ഡ്രോൺ ഷോയിൽ വർണ്ണമനോഹരമായി ശിവതാണ്ഡവ ചിത്രമോ, തൃശൂലത്തിന്റെ ചിത്രമോ പ്രദർശിപ്പിച്ചാൽ ചിലർക്ക് ഇത്രയധികം അസ്വസ്ഥത ഉണ്ടാകാൻ കാരണം എന്ത് എന്നാണ് ആദ്യം തിരിച്ചറിയേണ്ടത്... നയന മനോഹരമായ ഒരു കാഴ്ച എന്നതിനപ്പുറം നിങ്ങൾ ഉയർത്തുന്ന അസ്വസ്ഥതയും പ്രതിഷേധവുമാണ് ഇത്തരം സംഭവങ്ങൾക്ക് മതത്തിന്റെയും, വേർതിരിവിന്റെയും നിറങ്ങൾ നൽകുന്നതിന് കാരണമാകുന്നത്... ശിവതാണ്ഡവ ചിത്രം ആകാശത്ത് വിരിഞ്ഞു എന്ന് കരുതി കണ്ടു നിൽക്കുന്നവരെല്ലാം എഴുന്നേറ്റുനിന്ന് വണങ്ങണമെന്ന് ആരും ശാഠ്യം പിടിക്കുന്നില്ലല്ലോ? പിന്നെ എന്താണ് പ്രശ്നം?? 

     ഒരു ഡ്രോൺ ഷോ മനോഹരമാക്കാൻ എന്തെല്ലാം ചിത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും?? ഇന്ത്യയുടെ ഭൂപടം കാണിക്കാം... പക്ഷേ ആ ഭൂപടം ഒരു ഡ്രോൺ ഷോയിൽ ഭാരതാംബയുടെ ചിത്രവും ചേർത്ത് പ്രദർശിച്ചാൽ മാത്രമാകും കൂടുതൽ ആകർഷണീയത ഉണ്ടാകുന്നത്... ചൊറിച്ചിൽ ഗ്രൂപ്പുകൾക്ക് അങ്ങനെ ആകണമെന്നില്ല... അതിനാൽ അവരുടെ താൽപര്യങ്ങളെ കുറിച്ച് തർക്കങ്ങൾക്കും മുതിരുന്നില്ല...  ഭാരതാംബയുടെ ചിത്രം ചേർത്ത് പ്രദർശിപ്പിച്ചാൽ അതും സ്വീകാര്യമല്ല... പിന്നെ വാഹനങ്ങളുടെ ചിത്രങ്ങൾ,, മൃഗങ്ങളുടെയും, പക്ഷികളുടെയും ചിത്രങ്ങൾ,, പ്രകൃതിയുടെ സീനറികൾ,, കലാകാരന്മാരുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും ചിത്രങ്ങൾ,, സ്പോർട്സ് ചിത്രങ്ങൾ,, മത ദൈവങ്ങളുടെ ചിത്രങ്ങൾ എന്നിവയൊക്കെയാണ് സാധ്യതകൾ... [[[[[മത ദൈവങ്ങളുടെ ചിത്രങ്ങളിൽ ഹിന്ദുവിന്റെയും, ക്രൈസ്തവന്റെയും, ബുദ്ധന്റെയും ഒഴികെ മറ്റു മതസ്ഥരുടെ ചിത്രങ്ങൾ ചേർത്ത് വെച്ച് പ്രദർശനത്തെ തുല്യത പെടുത്താൻ കഴിയുമെന്നും കരുതാൻ കഴിയില്ലല്ലോ? ഞങ്ങൾക്ക് ചിത്രങ്ങൾ ഇല്ലാത്തതിനാൽ മറ്റാർക്കും വേണ്ട എന്ന് ചിന്തിക്കത്തക്ക വിധത്തിൽ 2047 ലെ ചിലരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിട്ടുമില്ലല്ലോ?]]]]]

     സത്യത്തിൽ ഒരു തൃശ്ശൂലമോ, ശിവതാണ്ഡവ ചിത്രമോ തികഞ്ഞ വർഗീയത മനസ്സിൽ സൂക്ഷിക്കാത്ത ആരെയും അലോസരപ്പെടുത്തേണ്ട കാര്യമില്ല... ഒരു ഡ്രോൺ ഷോയിൽ മനോഹരമായ പ്രദർശിപ്പിക്കാൻ കഴിയുന്ന രൂപ സൗകുമാര്യം ഈ ചിത്രങ്ങൾക്കുണ്ട് എന്ന് മാത്രം കരുതിയാൽ മതി... അത് ക്രിക്കറ്റുമായി ചേർന്ന ഒരു ഇവൻ്റിൽ പ്രദർശിപ്പിച്ചാലും വിമർശിക്കേണ്ട കാര്യമില്ല, കാരണം ഡ്രോൺ പ്രദർശനത്തിന്റെ വിജയം ആ പ്രദർശനത്തിന്റെ ആകർഷണീയത മാത്രമാണ്... ഷോയുടെ സംഘാടകർ ആ ഷോയുടെ പ്രദർശന വിജയത്തിനാണ് മുൻഗണന നൽകുന്നത്... അത്രമാത്രം... ഹിന്ദുവിന്റെ ചിത്രങ്ങൾ ആകാശത്ത് തെളിയുമ്പോൾ ഇത്രയധികം അലോസരപ്പെടുന്നവർ;; സ്പോർട്സ് ഇവൻ്റിൽ അവ പ്രദർശിപ്പിക്കപ്പെട്ടു എന്ന പേരിൽ വിമർശിക്കുന്നു എന്ന് മാത്രമല്ല കാണേണ്ടത്... ഈ ചിത്രങ്ങളെയും അത് പ്രതിനിധാനം ചെയ്യുന്ന സകലതിനെയും വെറുപ്പോടെ കാണുന്നു എന്നാണ് മനസ്സിലാക്കേണ്ടത്... കലിമ ചൊല്ലാൻ അറിയാത്തവനെ കൊല്ലാൻ തോന്നുന്ന പെഹൽഗാം വെറുപ്പിന്റെ ചെറിയ വെർഷനുകൾ... അത്രമാത്രം... 

     പ്രബുദ്ധൻ എന്ന മുഖംമൂടി അണിഞ്ഞ് മതേതരത്വം എന്ന ലേപനവും പുരട്ടി ഉള്ളിൽ ക്രൂരതയും, പല്ലുകളിലും നഖങ്ങളിലും വിഷവും ഒളിപ്പിച്ചുവെച്ചു നടക്കുന്ന;; ഏതൊരു വിഷയത്തിൽ നിന്നും വിഭജനത്തിന്റെ ബീജങ്ങളെ തിരഞ്ഞെടുത്തു വളർത്തിയെടുക്കാൻ കഴിവുള്ള പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ പ്രോക്താക്കള്‍ക്ക് മാത്രമാണ്  ഐ പി എൽ ഫൈനലിലെ ഡ്രോൺ ഷോയിൽ പോലും വെറുപ്പിന്റെ സാധ്യതകൾ തിരഞ്ഞെടുത്തു പ്രചരിപ്പിക്കാൻ കഴിയുന്നത്... രാജ്യത്ത് നടക്കുന്ന ഓരോ സംഭവങ്ങളെയും അടിസ്ഥാനമാക്കി മതനിരപേക്ഷതയ്ക്ക് വേണ്ടി നടത്തുന്ന വിമർശനം എന്ന പേരിൽ വെറുപ്പു വമിപ്പിക്കുന്ന ഇക്കൂട്ടരുടെ പ്രവർത്തനരീതികൾ ഒരല്പം പോലും നിഷ്കളങ്കമാണെന്ന് കാണുവാൻ കഴിയില്ല... ഈ രാജ്യത്തെ ഭൂരിപക്ഷ സമുദായമായ ഹിന്ദു സമൂഹത്തിന്റെ എല്ലാ അടയാളങ്ങളും നിഷ്കാസനം ചെയ്യപ്പെടേണ്ടവ ആണെന്നും ആ അടയാളങ്ങളെ പ്രദർശിപ്പിക്കാൻ തയ്യാറാക്കുന്നവൻ വേട്ടയാടപ്പെടുമെന്നുമുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്... സനാതന ധർമ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി പറഞ്ഞതിന്റെ മറ്റൊരുവശം...

     സംഘപരിവാറിനെ പഴി പറയുന്നു എന്ന വ്യാജേന ഹിന്ദു സമൂഹത്തിന് നേരെയാണ് ഇവിടെ നിശബ്ദമായതും ഒപ്പം വിനാശകരമായ സ്ഫോടന ശേഷിയും ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നത്... ആ പ്രവർത്തനങ്ങൾക്ക് പ്രതിരോധം തീർക്കുന്നു എന്നത് മാത്രമാണ് സംഘപരിവാറിനോടുള്ള വിരോധ കാരണം... 

     അപഗ്രഥിച്ച് മനസ്സിലാക്കാനും തിരിച്ചറിവോടെ പ്രവർത്തിക്കാനും കഴിവുള്ള ഒരു ജനത ഇവിടെ ഉണ്ട് എന്നത് മാത്രമാണ് ആശ്വാസം...

✍️ Adv. Rajesh Puliyanethu

Friday, 3 April 2026

" അപരൻ" ആര് ആർക്ക്...!!???

കേരളാ ഹൈക്കോടതിയുടെ ഒരു സമീപകാല നിരീക്ഷണം കണ്ടു... 

     'അപരന്മാർ' തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ വിമർശിക്കുന്ന തരത്തിലായിരുന്നു  ആ നിരീക്ഷണം... ഒന്നാമതായി ഉയരുന്ന ചോദ്യം ആരാണ് 'അപരൻ' എന്നതാണ്? രണ്ടാമത്തെ ചോദ്യം, ആർക്കാണ് അപരൻ? I മൂന്നാമത്തെ ചോദ്യം, ആരാണ് 'ആത്മൻ'?? അപരന്മാരെ കയ്യിൽ കിട്ടിയാൽ കണ്ഠ ഛേദം നടത്തിക്കളയും എന്നു വരെ തോന്നിപ്പോയി...

     ചാനലുകളിലെ ചർച്ചകൾ കണ്ടും, പത്രവാർത്തകൾ കണ്ട് ആവേശം കൊണ്ടും ഗ്യാലറികൾക്ക് വേണ്ടി ഉത്തരുവകൾ ഇറക്കുന്നതിന് വെമ്പൻ കൊണ്ടിരിക്കുന്ന ന്യായാധിപൻമാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി തോന്നുന്നു... അല്ലെങ്കിൽ ഒരു പൗരന് ഭരണഘടന നൽകുന്ന നിയമപരമായ/ ഭരണഘടനാ അവകാശങ്ങളെപ്പോലും മറന്നുകൊണ്ട് ഇപ്രകാരത്തിലുള്ള ഒരു പരാമർശം നടത്തുന്നതിന് മുതിരുമായിരുന്നോ!!??

     ഭരണ ഘടനയുടെ സംരക്ഷകരാണ് സുപ്രീം കോടതി എന്നാണ് അടിസ്ഥാന സങ്കൽപ്പം. ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളെ എവിടെയെങ്കിലും ലംഘിക്കപ്പെടുന്നു എന്ന അവസ്ഥ സംജാതമായാൽ അതിനെ പ്രതിരോധിക്കാൻ ഉത്തരവാദിത്വപ്പെട്ട കോടതിയിൽ നിന്നുതന്നെ ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് അതിശയകരവും ആശങ്കാജനകവുമാണ്...

     ഭരണഘടന നൽകുന്ന തുല്യത എന്ന അവകാശം article. 14 മുതൽ ആരംഭിക്കുന്നു... [Equality before Law].​["The State shall not deny to any person equality before the law or the equal protection of the laws within the territory of India."] തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് നിയമപരമായ അവകാശമാണ് എന്ന് സുപ്രീം കോടതി മുൻപിനാലെ വിലയിരുത്തിയിട്ടുള്ളതിനാൽ ഈ provision വലിയ പ്രാധാന്യം അർഹിക്കുന്നു... ഈ തുല്യതാ സങ്കല്പത്തിന് വ്യതിയാനം ഉണ്ടാകാൻ ചില 'ഇളവുകൾ' മാത്രമാണ് ഭരണഘടന അനുവദിച്ചു തരുന്നത്... സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷിത്വത്തിനായി നൽകുന്ന ഇളവുകൾ പോലെ ചിലത്... അവിടേയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മാത്രമാണ്  ഇളവുകൾ അനുവദിച്ചു നൽകുന്നത്... ഒരിക്കലും രണ്ടു വ്യക്തികളെ തമ്മിൽ ഇകഴ്ത്തിയൊ, പുകഴ്ത്തിയൊ കാണിക്കുന്നതിന് ഭരണഘടനയിലെ യാതൊരു വ്യവസ്ഥയും അനുവദിക്കുന്നില്ല... സ്ഥാനാർത്ഥിക്ക് അക്ഷരങ്ങൾ കൂട്ടിവായിക്കാനുള്ള കഴിവുണ്ടോ എന്നതുപോലും വിവേചനത്തിന് കാരണമാകാൻ പാടില്ല എന്ന നിയമ സംവിധാനത്തിനുള്ളിലാണ് പേരിലെ സാമ്യം വിവേചനത്തിന് കാരണമാകുന്നത് എന്നതാണ് വലിയ തമാശ...

     ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവ് മത്സര രംഗത്ത് ഉണ്ടെങ്കിൽ ആ നേതാവിന്റെ പേരുള്ള മറ്റൊരു ഇന്ത്യൻ പൗരൻ അതേ മണ്ഡലത്തിൽ മറ്റൊരു ചിഹ്നത്തിൽ മത്സരത്തിനായി വന്നാൽ ആ വ്യക്തി എങ്ങനെയാണ് പ്രമുഖ രാഷ്രീയ കക്ഷിയുടെ "അപരൻ" ആകുന്നത് എന്നതാണ് കാതലായ ചോദ്യം?? പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് ഭരണഘടന നൽകുന്ന അതേ അവകാശം തന്നെയാണ് ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന നൽകുന്ന അവകാശം... ഒരു പൗരന് ഭരണഘടന അനുവദിച്ചു നൽകുന്ന പ്രീവിലേജ് ഇല്ലാതാക്കാനല്ല കോടതികൾ നില കൊള്ളേണ്ടത്,, മറിച്ച് അത് സംരക്ഷിക്കുന്നതിന് വേണ്ടിയാകണം...

     ഒരു മണ്ഡലത്തിൽ 'രാജേഷ് B' എന്ന പേരിൽ ഒരാൾ പ്രമുഖ രാഷ്ട്രീയ മുന്നണികളായ എൽഡിഎഫിൽ നിന്നോ യുഡിഎഫിൽ നിന്നോ എൻഡിഎ യിൽ നിന്നോ മത്സരിക്കുന്നുണ്ട് എങ്കിൽ ആ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറുള്ള എല്ലാ രാജേഷ് നാമധാരികളും അപരന്മാർ ആവുകയാണോ? മറിച്ച് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടുകൂടി മത്സരിച്ചാൽ 'അപരൻ' പട്ടത്തിൽ നിന്നും മോചനം ലഭിക്കുമോ? സ്വതന്ത്ര സ്ഥാനാർത്ഥി മാത്രമാണോ 'അപരൻ' വിളി കേൾക്കേണ്ടി വരുന്നത്?? സ്വതന്ത്ര സ്ഥാനാർത്ഥികളായ അനേകം പേർ ജയിച്ചു കയറി വന്ന ചരിത്രമുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് ഗോദയിൽ വിജയ സാധ്യത ഉള്ളവർ/ ഇല്ലാത്തവർ എന്ന നിലയിലുമല്ല ഈ വേർതിരവ് എന്ന് നിശ്ചയമാണ്... അല്ലെങ്കിൽ തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥി അല്ലെങ്കിൽ ജയിക്കാൻ സാധ്യതയില്ലാത്ത സ്ഥാനാർത്ഥി എന്ന രീതിയിൽ പൗരന്റെ അവകാശങ്ങളെ വേർതിരിക്കാൻ ആർക്കാണ് അധികാരമുള്ളത്!?  ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഒരു രാജേഷ് ബി വരുന്നതോടുകൂടി മറ്റെല്ലാ 'രാജേഷ്' നാമധാരികളും 'അപരൻ' പട്ടം സ്വന്തമാക്കുന്നവരായി മാറുകയാണോ!!?? അവർക്ക് സ്വന്തം വ്യക്തിത്വത്തിൻ്റെ അടിസ്ഥാനത്തിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്നതിനുള്ള അവസരത്തെ റദ്ദു ചെയ്യുന്നത് എന്തുതരം ജനാധിപത്യമാണ്!? പ്രമുഖ രാഷ്രീയ കക്ഷിയുടെ പ്രതിനിധിയെ ഒന്നാമനായും രാഷ്രീയ കക്ഷിയുടെ പിൻതുണയില്ലാത്ത, ഒരേ ഭരണഘടനയുടെ കീഴിൽ വരുന്ന മറ്റൊരുവൻ രണ്ടാമനായും ചിത്രീകരിക്കപ്പെടുന്നതിലെ ഔചിത്യമെന്താണ്? നിയമ സാധുത എന്താണ്?? ഈ നിയമ വിരുദ്ധത ഒരു കോടതി തന്നെ എൻഡോഴ്‌സ് ചെയ്തു നൽകുക എന്നത് അങ്ങേ അറ്റം അപലപനീയമാണ്... 

     പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിക്കും 'അപരൻ' വിളിക്ക് വിധേയനാകേണ്ടിവന്ന സ്ഥാനാർത്ഥിക്കും ഒരേ ഇന്ത്യൻ പൗരത്വമല്ലേ ഉള്ളത്? ഒരേ ഇന്ത്യൻ പാസ്പോർട്ടല്ലേ ലഭ്യമാവുക? ഒരേ ഭരണഘടനയും നിയമങ്ങളും അല്ലേ ബാധകമാവുക... ഒരേ ഇലക്ഷൻ കമ്മീഷനല്ലേ ഇരുവരുടേയും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക? ഒരേ വരണാധികാരിയല്ലേ തെരഞ്ഞെടുപ്പ് നടപടികൾ നടത്തുക? അടിസ്ഥാനപരമായി ഒരേ ഇനം വോട്ടേഴ്സ് ലിസ്റ്റിലെ അംഗങ്ങളായിരിക്കില്ലെ ഇരുവരും? ഇരുവരും ഒരേ സംഖ്യയല്ലേ തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കുക? ഇരുവർക്കും ഒരേപോലെ ബാധകമല്ലാത്ത എന്ത് നിയമപരമായ വ്യവസ്ഥയാണ് നിലനിൽക്കുന്നത്?? കാര്യങ്ങൾ എല്ലാം ഇപ്രകാരമാണെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥി അല്ലാത്ത അതേ നാമധാരി സ്ഥാനാർത്ഥി "അപരൻ" എന്ന വിളികേൾക്കേണ്ടി വരുന്നു എങ്കിൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ... മാധ്യമ പ്രവർത്തകരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ രാഷ്രീയകക്ഷി അംഗങ്ങളും അവരെ "അപരൻ". എന്ന് വിളിക്കുന്നു... അത്രമാത്രം... പക്ഷേ കോടതികൾ അത് ഏറ്റ് വിളിക്കുന്നത് ലജ്ജാകരമാണ്...

     ജനങ്ങൾ തങ്ങൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് ചെയ്യുന്ന വോട്ട് പേരിലെ സാമ്യം മൂലം മറ്റൊരുവനു പോകുന്നത് ജനഹിതത്തിന് എതിരായ കാര്യമാണെന്ന് സമ്മതിക്കുന്നു... എന്നാൽ സമാന നാമധാരിയായ ഏതൊരു സ്ഥാനാർത്ഥിയുടെയും നിയമപരമായ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഈ വിഷയത്തിന് പരിഹാരം കാണുവാൻ സാധ്യമല്ല... ഓരോ സ്ഥാനാർത്ഥിയും വോട്ടിംഗ് മെഷീനിൽ വരുന്ന തങ്ങളുടെ സ്ഥാനവും ചിഹ്നവും കൃത്യമായി ജനങ്ങളെ / തങ്ങളുടെ വോട്ടർമാരെ പറഞ്ഞു മനസ്സിലാക്കുക എന്നതു മാത്രമാണ് പ്രതിവിധി. 

     തെരഞ്ഞെുപ്പിൽ മത്സരിക്കുന്ന ഒരേ നാമധാരികളായ രണ്ട് വ്യക്തികൾക്കിടയിൽ യാതൊരു വിധത്തിലുള്ള വേർതിരിവുകളും നിലനിൽക്കുന്നില്ല എന്നും, ആരേയും "അപരൻ" എന്ന് വിളിച്ച് ആക്ഷേപിക്കാൻ പാടില്ല എന്നും രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും, ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതിയും നിർദ്ദേശം നൽകണമെന്ന് തുല്യതയിൽ വശ്വസ്സിക്കുന്ന ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നു എന്നതാണ് എൻ്റെ കാഴ്ചപ്പാട്.....

[Rajesh Puliyanethu

 Advocate, Haripad]