ഹരിപ്പാട് കോടതി സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നു.. നവംബർ 16 നു ഉത്ഘാടനവും നിശ്ചയിച്ചിരിക്കുന്നു.. ഹരിപ്പടിന്റെ വികസ്സനവഴിയിൽക്കൂടി നാം ഒരു ചുവടുകൂടി മുന്നോട്ട് പോയിരിക്കുന്നു എന്ന് സന്തോഷിക്കാം.. പുതിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായി മുൻസ്സിഫ് കോടതിയും [മജിസ്റ്റ്രെട്ട് കോടതി 2 ] താഴത്തെ നിലയിലായി മജിസ്റ്റ്രെട്ട് കോടതി 1 ഉം പ്രവർത്തനം ആരംഭിക്കുന്നതാണ്.. കൂടാതെ മീഡിയേഷൻ സെന്റെർ, അഭിഭാഷകരുടെ അസ്സോസിയേഷൻ ഹാൾ എന്നിവയുടെ ഉൽഘാടനവും അനുബന്ധമായി നടക്കും.. MACT കോടതി, സബ് കോടതി എന്നിവയും കാലതാമസം കൂടാതെ ഹരിപ്പാട്ട് പ്രവര്ത്തനം ആരംഭിക്കും എന്നും കരുതാം..
കേരള ഹൈക്കോടതി ചീഫ് ജുസ്റ്റിസ് ശ്രിമതി Dr. മഞ്ചുള ചെല്ലൂർ ആണ് കോടതി സമുശ്ചയത്തിന്റെ ഉൽഘാടക.. മറ്റു ഹൈക്കോടതി ജഡ്ജിമാരും, മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് അനുബന്ധ സംവിധാനങ്ങളുടെ ഉത്ഘാടനങ്ങളും കാര്യപരിപാടികളിൽ പ്രാതിനിധ്യവും വഹിക്കുന്നു....
ഇത്രയും വരെ എല്ലാവര്ക്കും സ്വീകാര്യമായ രീതിയിൽത്തന്നെ കാര്യങ്ങൾ മുന്നോട്ടു പോയി എന്ന്കരുതാം.. പക്ഷെ ഉത്ഘാടനപരിപാടിയുടെ ക്ഷണക്കത്ത് പുറത്തു വന്നതോട്കൂടി അസ്വാരസ്യങ്ങൾ മുളപൊട്ടാൻ തുടങ്ങി.. കേവലം അഭിഭാഷകർക്ക് ക്യാൻസർ രോഗം വന്നാൽ ചികിൽസ്സ നൽകുന്നതിന് RCC നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ ഉത്ഘാടനത്തിലേക്ക് മാത്രമായി രമേശ് ചെന്നിത്തലയുടെ സ്ഥാനം ചുരുക്കിയതായിരുന്നു അവയുടെ ആരംഭകാരണം.. തുടർന്നു ജനപ്രതിനിധികൾക്ക് അര്ഹമായ പ്രാധാന്യം ചടങ്ങിൽ ലഭിക്കാനിടയില്ല എന്നാ ആരോപണം ശക്തമാകുകയും ജനപ്രതിനിധികൾ ഒന്നടങ്കം ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുന്ന തീരുമാനത്തിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുകായും ചെയ്യുന്നു..
ഹരിപ്പാടിന് പുതിയ കോടതി സമുച്ചയം അനുവദിച്ചതിൽ സ്ഥലം MLA കൂടിയായ രമേശ് ചെന്നിത്തലയുടെ സംഭാവന എല്ലാവരും അന്ഗീകരിച്ചതുതന്നെയാണ്.. അപ്രകാരം അദ്ദേഹത്തിൻറെ ഭരണസമ്മർദ്ദവും കൂടി ഉപയോഗിച്ച് വളരെ വേഗത്തിൽ യാധാര്ധ്യമാക്കിയ ഹരിപ്പാട് കോടതി സമുശ്ചയത്തിന്റെ ഉൽഘാടന ചടങ്ങിൽ നിന്ന് അർഹമായ സ്ഥാനം നല്കാതെ MLA യെ അവഗണിച്ചത് ന്യായീകരണമില്ലാത്ത തെറ്റായിപ്പോയി എന്ന് തന്നെയാണ് എന്റെ പക്ഷം.. അത് വിമർശനാത്മകവും, പരസ്യമായിത്തന്നെ അതിലുള്ള പ്രതിഷേധം അറിയിക്കേണ്ടതുമാണ്.. അതിനു പാർട്ടിയുടെ നിലപാടുകളോ കോടിയുടെ നിറമോ ഒന്നും തന്നെ കാരണമാക്കുന്നതിനും പാടില്ല.. ഹരിപ്പാട് MLA യാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.. അത് ഹരിപ്പാട്ടെ ആകമാനം ജനങ്ങളെ ത്രിണവത്ക്കരിച്ചതിന് തുല്യമായിപ്പോയി..
ഒരു കോടതി നടപടിയിൽ ജനപ്രതിനിധി ഇടപെടേണ്ട ആവശ്യമില്ല എന്ന് പറയുന്നത് പോലെയായിപ്പോയി ഹരിപ്പാട് കോടതി സമുച്ചയ ഉത്ഘാടന ചടങ്ങും എന്ന് തോന്നിപ്പോകും.. എല്ലാം ജഡീഷ്യൽമയം.. എന്തിനായിരുന്നു ഈ കോടതി ഉത്ഘാടനത്തിന് ഇത്ര അധികം ഹൈക്കോടതി ജഡ്ജിമാർ?? ജഡീഷ്യൽ ഓഫീസ്സർമാരെയും ജനപ്രതിനിധികളെയും തുല്യമായി പങ്കെടുപ്പിച്ചു കൊണ്ടുള്ള ആരോഗ്യകരമായ പരിപാടി ആയിരുന്നു സംഘടിപ്പിക്കേണ്ടത്.. ഉൽഘാടനചടങ്ങിന്റെ മുഴുവൻ സാരഥ്യം ഏറ്റെടുക്കുന്നതിന് ഇവിടുത്തെ ജഡീഷ്യൽ സംവിധാനം വല്ലാത്ത വ്യഗ്രത കാണിച്ചു എന്ന് വേണം കരുതാൻ.. എന്നാൽ ഉൽഘാടനചടങ്ങിലെ പ്രാതിനിധ്യങ്ങളിലെ ചർച്ചകളിൽ വ്യക്തമായി ഇടപെട്ട് ആക്ഷേപങ്ങൾക്ക് വഴി വെയ്ക്കാതെ കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുന്നതിൽ അഭിഭാഷക അസ്സോസ്സിയേഷനും പരാജയപ്പെട്ടുപോയി അല്ലെങ്കിൽ അതിനുള്ള ആർജ്ജവം കാട്ടിയില്ല എന്ന് സമ്മതിക്കേണ്ടി വരും.. ഹരിപ്പാട് ബാറിലെ ഒരംഗമെന്ന നിലയിൽ വിമർശനത്തോടെ പ്രസ്തുത വിഷയത്തെ കാണുന്നതിനാണ് ഞാൻ താല്പ്പര്യപ്പെടുന്നത്..
കോടതി കെട്ടിടനിർമ്മാണത്തിന് സ്ഥലം കൈമാറുന്നത്, കെട്ടിടനിർമ്മാണത്തിന് ഭരണപരമായ അംഗീകാരം നൽകുന്നത്, അതിനുള്ള പണം അനുവദിക്കുന്നത്, ടി പണം കണ്ടെത്തുന്നത്, ടി നിർമ്മാണം സർക്കാർ സംവിധാനമായ PWD യെ ഏൽപ്പിക്കുന്നത്, തുടർന്നു ടെണ്ടർ- നിർമ്മാണ മേൽനോട്ട നടപടികളിൽ തുടർന്നു ഉൽഘാടനം ചെയ്തു പ്രവർത്തനസ്സജ്ജമാകുന്നതുവരെ; സർക്കാർ ഭരണസംവിധാനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.. ചില ടെക്നിക്കൽ നടപടികൾ പൂർത്തിയാക്കുക എന്നതിനപ്പുറം ജഡീഷ്യറിയല്ല.. ലജിസ്ലെടിവ് സംവിധാനങ്ങൾക്ക് മേലുള്ള ജഡീഷ്യൽ കടന്നു കയറ്റങ്ങളിൽ പലതും ഇതൊക്കെ വിസ്മരിച്ചാണെന്നു തോന്നും..
സ്ഥാനം കിട്ടുകയാണോ വലുത്,, നാടിനു നല്ലത് വരുന്ന ഒരു ചടങ്ങിൽ ആലോസ്സരങ്ങൾ ഒന്നുമില്ലാതെ പങ്കെടുത്തു വിജയിപ്പിക്കുകയല്ലേ ഒരു ജനപ്രതിനിധിയുടെ കടമ?? എന്ന് അടക്കം ചോദിക്കുന്നവരുമുണ്ട.. ജനപ്രതിനിധികൾക്ക് അർഹമായ സ്ഥാനം നല്കാതെ എന്തിന് ഇപ്രകാരം ഒരു ചടങ്ങ് സംഘടിപ്പിക്കണം എന്ന മറുചോദ്യമല്ലേ ഉചിതം?? അർഹമായ സ്ഥാനമില്ലാതെ ഹരിപ്പാടിന്റെ MLA ശ്രി രമേശ് ചെന്നിത്തല കോടതി ഉത്ഘാടന ചടങ്ങിൽ രണ്ടാം നിരയിൽ ഒരു മൂലക്ക് വന്നിരുന്നാൽ അത് സ്വയം അവഹേളിതനാകുന്നതിനോപ്പം ഹരിപ്പാട് ജനതയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതുമാകും എന്നേ കാണാൻ കഴിയൂ.,..
ഹരിപ്പാട് MLA യെ ഒതുക്കി മൂലയിലിരുത്താൻ ശ്രമിച്ചതിൽ രാഷ്ട്രീയനിറവുമുണ്ട് കാരണമായി എന്ന അനുപല്ലവിയുമുണ്ട്.. എന്നാൽ ജന പ്രതിനിധികളെ ആകമാനം തന്നെ വിലകുറച്ച് കാണുന്ന അത്തരം പ്രവർത്തനങ്ങൾക്ക്പൊതുജനമധ്യത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾ മുതിരുമെന്ന് വിശ്വസ്സിക്കുക വയ്യ..
അർഹമായ സ്ഥാനം ലഭിക്കാത്തതിനാലാണ് താൻ പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന് പരസ്യമായി MLA സമ്മതിക്കാൻ തരമില്ല.. ഹരിപ്പാടിന് അനുവദിച്ച സബ് കോടതിയുടെയും, MACT കോടതിയുടെയും, MLA ഫണ്ടിൽ നിന്ന് അനുവദിച്ച് നിർമ്മിക്കാം എന്ന് വാക്ദാനമുള്ള നിയമ ലൈബ്രറിയും യാഥാർത്യമാകുന്നതിന് ഉത്ഘാടന ചടങ്ങിലെ അവഗണനകൾ കാരണമായി എടുക്കത്തക്ക രാഷ്ട്രീയ ബാല്യം കടന്നു പോയ വ്യക്തിയാണ് അദ്ദേഹമെന്നതിനാൽ അത്രയും ആശ്വാസം..
[Rajesh Puliyanethu
Advocate, Haripad]