2018 ൽ ഉണ്ടായ വലിയ പ്രളയം മുതൽ മഴയും വെള്ളപ്പൊക്കവും കെടുതികളും രാഷ്ട്രീയ വിനിമയ വിഷയങ്ങളായി മാറിയിരിക്കുന്നു... രാഷ്ട്രീയപാർട്ടികൾക്ക് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയം വരച്ചു കാണിക്കാൻ ഉചിതമായ ക്യാൻവാസ് ആയാണ് മഴയെ കാണുന്നത്... പ്രളയത്തിൽ കര മുങ്ങിപ്പോകുന്ന കാഴ്ചയല്ല മറിച്ച് പ്രളയം രാഷ്ട്രീയത്തിൽ മുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്...
2018 ൽ ഉണ്ടായ വെള്ളപ്പൊക്കം അത്രയധികം രൂക്ഷമായത് ഡാം മാനേജ്മെൻറ് ഉണ്ടായ വീഴ്ചയാണെന്ന് പറഞ്ഞത് ഐഐടിയിലെ വിദഗ്ധരാണ്... തുടർന്ന് ഒരു സംസ്ഥാനമാകെ വെള്ളത്തിൽ മുങ്ങി പോയപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രി അല്ലായിരുന്നുവെങ്കിൽ കേരളം ഒരിക്കലും ആ പ്രളയത്തിൽ നിന്ന് മോചിതമാകുമായിരുന്നില്ല എന്ന പി ആർ വർക്ക് പ്രചരണമാണ് ഇടതുപക്ഷ ഹാൻറിലുകൾ നടത്തിയത്... സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ച ഒരു വർഷം എന്നതിനപ്പുറം അത്രയധികം പ്രളയം ഡാം മാനേജ്മെൻറ് കൃത്യമായി ചെയ്തിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് കാര്യങ്ങളെ പഠിച്ചു മനസ്സിലാക്കുന്നവർക്ക് ബോധ്യമുള്ളതാണ്... 2026 ൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഏത് ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണ് എന്ന് ചോദിച്ചു കൊണ്ട് 2018ലെ വെള്ളപ്പൊക്കത്തെ സാധൂകരിക്കുക എന്നതാണ് ആ വിഷയത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തനം...
കേരള മുഖ്യമന്ത്രിയായിരിക്കാൻ പിണറായി വിജയൻ അല്ലാതെ യോഗ്യനായ മറ്റൊരു മനുഷ്യനും ജനിച്ചിട്ടും ഇല്ല ജനിക്കാനും പോകുന്നില്ല എന്ന രീതിയിൽ ശ്രീ വി ഡി സതീശനുമായി താരതമ്യം ചെയ്ത് പ്രചരണങ്ങൾ നടത്തുക എന്നതാണ് വെള്ളപ്പൊക്കത്തിലെ മറ്റൊരു രാഷ്ട്രീയം... വെള്ളപ്പൊക്ക സമയത്ത് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നത് വരെ രാഷ്ട്രീയ വിഷയങ്ങളായി ഉന്നയിച്ച് കേരള രാഷ്ട്രീയ രംഗത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളുടെ പ്രാധാന്യത്തെ നശിപ്പിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്... കേന്ദ്രത്തിൽ I. N. D. I സഖ്യം നരേന്ദ്രമോദിക്കെതിരെയുള്ള വിമർശന വിഷയങ്ങളായി തെരഞ്ഞെടുത്തത് നരേന്ദ്രമോദിയുടെ കോട്ട്, കൂൺ ഭക്ഷണം, മുതല, മയിൽ, ഫോട്ടോ, കുഞ്ഞൻ പശു തുടങ്ങിയവയായിരുന്നു... ഇത്തരം അപ്രധാന വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നത് പ്രതിപക്ഷത്തെ കൂടുതൽ കൂടുതൽ ദുർബലമാക്കുകയും നരേന്ദ്രമോദിയെ തുടർ തെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയിപ്പിക്കുകയും ചെയ്യുന്നതാണ് രാജ്യം കണ്ടത്... വി ഡി സതീശൻ കഴിച്ച ഭക്ഷണത്തിലെ കറികൾ എണ്ണി പ്രതിപക്ഷ കക്ഷികൾ സ്വയം ദുർബലമാകാനും വി ഡി സതീശനെ ഒരു രാഷ്ട്രീയ ശക്തികേന്ദ്രം ആക്കാനും തീരുമാനിച്ചോ ആവോ!!? കേരളത്തിലെ ബിജെപി നേതാക്കന്മാരും ആ വഴിക്ക് തന്നെ സഞ്ചരിക്കുന്നത് ആശങ്കാവഹം എന്നല്ല, നിന്ദ്യമാണ് എന്നാണ് പറയേണ്ടത്... മുഖ്യമന്ത്രി വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലും എന്തു വീഴ്ച വരുത്തി എന്നു ചൂണ്ടിക്കാണിച്ചു വിമർശിക്കൂ... അതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം... പക്ഷേ അങ്ങനെ വീഴ്ചകൾ പറഞ്ഞു വിമർശിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ 2018 ൽ ഇടതുപക്ഷ സർക്കാരിന് ഡാം മാനേജ്മെൻ്റിൽ സഹിതം ഉണ്ടായ വീഴ്ചകളും തുടർന്ന് ഇടതുപക്ഷ പ്രവർത്തകർ നടത്തിയ ദുരിതാശ്വാസക്യാമ്പുകളിലെ കൊള്ളയും ഭരണപക്ഷം തിരിച്ചു പറയും... ആ വിഷയങ്ങൾ പൊതുജനമധ്യത്തിൽ ഇപ്പോൾ ചർച്ചയ്ക്ക് വരുന്നത് ഇടതുപക്ഷ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടാണോ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ച് ഭരണപക്ഷത്തെ വിമർശിക്കാൻ തയ്യാറാകാത്തത്?? ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം അപ്രധാന വിഷയങ്ങളെ പർവതീകരിച്ച് വിമർശങ്ങൾ ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവരുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല മറിച്ച് രാഷ്ട്രീയ പാപ്പരത്തമാണ്...
മലയാള വാർത്താ മാധ്യമങ്ങളും വെള്ളപ്പൊക്കത്തിൽ നല്ല രീതിയിൽ രാഷ്ട്രീയം കലർത്തുന്നുണ്ട്... "ഭയം വേണ്ട ജാഗ്രത മതി" എന്ന പിണറായി വിജയൻ സർക്കാരിന്റെ 'ഔദ്യോഗിക' മുദ്രാവാക്യം ഇടതുപക്ഷ നാവുകളായ മാധ്യമങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... കഴിഞ്ഞ ദിവസം 'വെള്ളപ്പൊക്കക്കെടുതികളെ എല്ലാം നമ്മൾ നേരിടും' എന്ന വിവരണത്തോടെ റിപ്പോർട്ടർ ചാനലിലെ അരുൺ പറയുന്നത് കേട്ടു, "മുൻപ് ഒരു മുഖ്യമന്ത്രി പറഞ്ഞപോലെ, നമ്മൾ ഒരുമിച്ച് അങ്ങ് ഇറങ്ങുകയല്ലേ" എന്ന്... മറ്റൊരു വാചകമാണ് "ഈ നാട്ടിലെ 'ജെൻസികൾ' എല്ലാം ചേർന്ന് കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് ഓർമ്മയില്ലേ" എന്ന്... 2018ൽ പ്രളയം നടന്ന അവസരത്തിൽ ഇവിടുത്തെ ചെറുപ്പക്കാർ രക്ഷാപ്രവർത്തനം നടത്തിയ അവസരത്തിൽ പോലും അവരെ "ജെൻസികൾ" എന്ന് സംബോധന ചെയ്തു കേട്ടിട്ടില്ല... പക്ഷേ വർത്തമാനകാലത്ത്; നേപ്പാൾ, ബംഗ്ലാദേശ് കലാപങ്ങൾ മുതൽ പാറ്റ സമരം വരെ നടന്നുകഴിഞ്ഞപ്പോൾ ഉണ്ടായ രാഷ്ട്രീയ മൂല്യമാണ് 2018 രക്ഷാപ്രവർത്തനം നടത്തിയ ചെറുപ്പക്കാരെ 2026ൽ "ജെൻസികൾ" എന്ന് സംബോധന ചെയ്യാൻ കാരണം... നിഷ്കളങ്കമായ മാധ്യമ പ്രവർത്തനം അല്ല മറിച്ച് വെള്ളപ്പൊക്കത്തെ മറയാക്കി നടത്തുന്ന മാധ്യമ രാഷ്ട്രീയ പ്രവർത്തനമാണ് ഇവർ നടത്തുന്നത്...
2026 കാലവർഷം ശരിയായ സമയത്ത് പെയ്തു തുടങ്ങിയില്ല എന്നു മാത്രമല്ല വളരെ ദുർബലവും ആയിരുന്നു... ഏകദേശം 35 മണിക്കൂർ സമയം കൊണ്ടാണ് സ്ഥിതിഗതികൾ മാറുന്നത്... കുട്ടനാട്, റാന്നി, ആറന്മുള, വയനാട്, പാണക്കാട് തുടങ്ങിയ വിവിധങ്ങളായ സ്ഥലങ്ങളിൽ ആളപായം ഉണ്ടാവുകയും പതിവ് വർഷങ്ങളിൽ കൂടുതൽ കെടുതുകൾ ഉണ്ടാവുകയും ചെയ്തു എന്നത് സമ്മതിക്കുകയും, ആ സംഭവങ്ങളുടെ വിഷമതകളോട് ചേർന്നുനിൽക്കുകയും ചെയ്തുകൊണ്ടുതന്നെ മറ്റൊരു യാഥാർത്ഥ്യവും നമ്മൾ കാണണം... കുട്ടനാട്, ആറന്മുള പോലെയുള്ള പല സ്ഥലങ്ങളും എല്ലാ കാലവർഷ കാലത്തും കെടുതികൾ അനുഭവിക്കുന്ന സ്ഥലങ്ങളാണ്... അവിടെയൊക്കെ സ്ഥിരമായ മാനേജ്മെൻറ് സംവിധാനങ്ങൾ തയ്യാറാക്കാതിരിക്കുന്നത് കേരളപ്പിറവി മുതൽ ഇന്നുവരെ ഭരിക്കുന്ന എല്ലാ സർക്കാരുകളുടെയും വീഴ്ചയാണ്... കൂടാതെ ആട് വന്നു എന്ന് പറയേണ്ടിടത് ആന വന്നു എന്നു പറയുന്ന മാധ്യമപ്രവർത്തനം പൊതുജനങ്ങൾക്ക് അല്പം പോലും സമാധാനം നൽകുന്നില്ല എന്ന് പറയാതെ വയ്യ...
രാഷ്ട്രീയത്തിന്റെ കണ്ണടയിൽ കൂടെ അല്ലാതെ മഴക്കെടുതികളെ കാണുന്നവർ മഴക്കെടുതികൾ നേരിട്ട് അനുഭവിക്കുന്നവർ മാത്രമാണ്... അവരുടെ നഷ്ടങ്ങൾ പരിഹരിക്കാനും അവരുടെ ദുരവസ്ഥയിൽ ഒരു താങ്ങായി നിൽക്കാനും എങ്ങനെ കഴിയും എന്ന് ഒന്നായി ചിന്തിക്കുമ്പോൾ മാത്രമാണ് "കേരളം ഒറ്റക്കെട്ടായി നേരിട്ടു" എന്നത് വെറുമൊരു മേനി പറച്ചിൽ അല്ലാതെ അർത്ഥവത്തായ ഒരു വാചകം ആകുന്നത്... അല്ലെങ്കിൽ എല്ലാം വെറും രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള പ്രവർത്തനങ്ങൾ മാത്രം...✍️
[Rajesh Puliyanethu
Advocate, Haripad]
No comments:
Post a Comment
Note: only a member of this blog may post a comment.