Wednesday, 10 October 2018

ശബരിമലയിലെ യുവതീ പ്രവേശനം... വിധിയിലേക്കെത്തിച്ച രാഷ്ട്രീയം...!??


     ഇന്ന് കേരളമൊട്ടാകെ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ശബ്ദം അയ്യപ്പ ശരണ മന്ത്രങ്ങളുടേതാണ്... ഇക്കഴിഞ്ഞ കാലങ്ങളിലൊന്നും ഇത്രയധികം ശരണ മന്ത്രങ്ങൾ മലയാള നാടിന്റെ അന്തരീക്ഷത്തെ മുഖരിതമാക്കിയിട്ടില്ല... കാരണം ഇത്രയധികം സ്ത്രീകൾക്കൂടി ശരണം വിളിച്ചു തെരുവിലിറങ്ങിയ കാലം ഇതിനു മുൻപ് ഉണ്ടായിട്ടില്ല... ഒരു മണ്ഡല കാലം അല്ലാതിരുന്നിട്ടുകൂടി എന്താണ് ഇങ്ങനെ ഒരു കൂട്ട ശരണം വിളിക്കു കാരണം!!??  എന്താണ് ഈ ശരണം വിളികളുടെ പ്രത്യേകത!??

     ഈ ശരണം വിളികളുടെ പ്രത്യേകതയാണ് നമ്മൾ ആദ്യം കാണേണ്ടത്... ഈ ശരണം വിളി സാധാരണ മാലയിട്ട് വൃതം അനുഷ്ഠിച്ചു മലചവിട്ടാൻ പോകുന്ന അയ്യപ്പന്മാരുടെ ഭക്തി മാത്രം നിറഞ്ഞ ശരണം വിളിയല്ല... ഈ ശരണം വിളികളിൽ തങ്ങളുടെ വിശ്വാസ്സങ്ങളെയും, അനുഷ്ഠാനങ്ങളേയും ചവിട്ടി അരക്കുന്നതിലുള്ള അമർഷമുണ്ട്... അതിനു കാരണക്കാരായവരോടുള്ള വിരോധവും, പകയുമുണ്ട്... അത് ഞങ്ങൾ അനുവദിച്ചു തരില്ല എന്ന നിശ്ചയദാർഢ്യമുണ്ട്... രാഷ്ട്രീയ കോമരങ്ങളുടെ ദുഷ്ടലാക്കിനു തങ്ങളുടെ ആരാധനാ മൂർത്തികളെ വിട്ടുതരില്ല എന്ന മുന്നറിയിപ്പുണ്ട്... സഹനത്തിന് തങ്ങളും പരിധി നിർണ്ണയിച്ചിട്ടുണ്ട് എന്ന പ്രഖ്യാപനമുണ്ട്... അങ്ങനെ പലവിധമായ സന്ദേശങ്ങൾ ബഹിർഗമിക്കുന്ന ശരണം വിളികളാണ് നാം കേൾക്കുന്നത്...

     സുപ്രീം കോടതി ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് എടുത്തു കളഞ്ഞിരിക്കുന്നു എന്നതാണ് പ്രതിഷേധം ഇരമ്പി ഉയരുന്നതിനുള്ള കാരണം... കോടതികളിൽ വർഷങ്ങളായി നിലനിൽക്കുന്ന നിയമ തർക്കങ്ങളുടെ അവസ്സാനമാണ് എങ്ങനെ ഒരു വിധി ഉണ്ടായിരിക്കുന്നത്... അവിടെ വിശ്വാസ്സ സമൂഹത്തിന് എതിരെ സംസ്ഥാന സർക്കാർ എടുത്ത നിലപാടാണ് ഈ വിധിക്കെതിരെയുള്ള വികാരം സർക്കാരിനെതിരെ തിരിയാൻ കാരണം... സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് എൽ ഡി എഫ് സർക്കാർ എടുത്ത നിലപാട് കേരളം മുൻപ് എടുത്തിരുന്ന നിലപാടിന് വിരുദ്ധമാണ്... ഒരു സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിന്റെ യഥാർഥ മുഖം പ്രസ്തുത വിഷയത്തിൽ സുപ്രീം കോടതി മുൻപാകെ അവതരിപ്പിക്കാനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരുകൾക്കുണ്ട്... എന്തിനും ഏതിനും 'കേരളത്തിലെ പ്രത്യേക സാഹചര്യം' എന്ന് പുലമ്പുന്ന ഇവർ എന്തേ വിശ്വാസ്സ സമൂഹത്തിന്റെ മനസ്സും വികാരവും കാണാതെ പോയി??  കാരണം സുവ്യക്തമാണ്.. ! കമ്യുണിസ്റ്റ് ആശയങ്ങൾ വിശ്വാസ്സ സമൂഹത്തിനു മേൽ അടിച്ചേൽപ്പിച്ചു ഹിന്ദുക്കളെ വിരുദ്ധ ചേരികളിൽ അണിനിരത്തുക... അതിനൊപ്പം തങ്ങൾ നവോഥാന നായകർ എന്ന് സ്വയം മേനി പറയുക... ഒരു കാര്യം ഉറപ്പിച്ചു പറയാം.. ഉമ്മൻ‌ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ് മൂലത്തെ പിണറായി സർക്കാരും പിന്തുടർന്നിരുന്നെങ്കിൽ കേരളത്തിലെ അമ്മമാർക്ക് സഹിതം തെരുവിലിറങ്ങി പ്രതിഷേധ ശരണം വിളിക്കേണ്ടി വരുമായിരുന്നില്ല.... 

     എന്താണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ വിലക്ക് കല്പിക്കുന്നതിന് കാരണം?? അത് മനസ്സിലാക്കുന്നതിനു മുൻപ് ക്ഷേത്രവും, വിശ്വാസ്സവും എന്താണെന്ന് മനസ്സിലാക്കണം... ഒരു ശ്രീകോവിലിനുള്ളിലെ മൂർത്തിയും ആ ശ്രീകോവിൽ ഉൾക്കൊള്ളുന്ന മതിൽക്കെട്ടും ആ മതിൽക്കെട്ടിനുള്ളിൽ മൂർത്തിക്കുവേണ്ടി എന്ന വിശ്വാസ്സത്തിൽ വിശ്വാസ്സികൾ നടത്തുന്ന ആരാധനാക്രമങ്ങളും, നിയമങ്ങളും ഉൾക്കൊള്ളുന്നതാണ് ക്ഷേത്രം.. ക്ഷേത്രത്തിനുള്ളിലെ മൂർത്തിയെ ആരാധിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം വിശ്വാസിക്കുണ്ട്.... ആ വിശ്വാസ്സങ്ങളെ വെച്ച് പുലർത്താനുള്ള സ്വാതന്ത്ര്യം വിശ്വാസിക്ക് ഭാരതത്തിന്റെ ഭരണഘടന അനുവദിച്ചു നൽകുന്നുമുണ്ട്‌... വിശ്വസിച്ചേ മതിയാകൂ എന്ന നിബന്ധന ഒരു ക്ഷേത്രവും മുന്നോട്ടു വെയ്ക്കുന്നില്ല... അവിശ്വാസ്സികൾ അകലം പാലിക്കണം.. അതാണ് മാന്യത.. ഒരിക്കലും അവിശ്വാസിക്ക് വിശ്വാസിയുടെ മനസ്സും വികാരവും തിരിച്ചറിയാൻ കഴിയില്ല... മാത്രമല്ല, ഈശ്വര വിശ്വാസ്സങ്ങൾ എപ്പോളും അന്ധമായതാണ്... കാരണം ആരും നേരിട്ട് ദൈവത്തെ കണ്ടു ബോധ്യപ്പെട്ടു വിശ്വസ്സിക്കുന്നില്ല... ആ വിശ്വാസ്സം വിശ്വാസ്സിയുടെ അനുഭവവും സംതൃപ്തിയുമാണ്... ഈ സത്യം തിരിച്ചറിഞ്ഞു തന്നെയാണ് ഭാരതത്തിന്റെ ഭരണഘടന ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം അനുവദിച്ചു തന്നിരിക്കുന്നത്... 


      നിയമവിരുദ്ധ പ്രവർത്തനം ഒരു ആരാധനാലയത്തിനുള്ളിൽ നടക്കാത്തിടത്തോളം കാലം ആരാധനയും, വിശ്വാസ്സവും, അനുഷ്ഠാനവും  വിശ്വാസ്സിയുടെ മാത്രം തിരഞ്ഞെടുപ്പാണ്.. അവിടെ, അധികാരത്തിന്റെ വാളുമായി കടന്നു ചെല്ലുന്നതാണ് തെറ്റ്... ഒരു നിയമ ലംഘനം കണ്ടെത്തുന്നതിനായി നിലവിലെ നിർദോഷമായ ക്രമങ്ങളെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നത് അതിലേറെ തെറ്റ്... ശബരിമലയിൽ അതാണ് സംഭവിച്ചിരിക്കുന്നത്... നിലവിൽ തുടർന്ന് വരുന്ന സമസ്ത വിശ്വാസ്സ സമൂഹത്തിനും സ്വീകാര്യമായ,, സാമൂഹ്യ നീതിയെ ഒരു തരത്തിലും ചോദ്യം ചെയ്യാത്ത ഒരു ക്ഷേത്രനിയമത്തിലേക്ക് കേരള സർക്കാരിന്റെ കള്ളച്ചുവട്‌ വിശ്വസ്സിച്ചു സുപ്രീം കോടതി കടന്നു കയറിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്... വിശ്വാസ്സ സമൂഹത്തിന് നേരേയുള്ള കേരള സർക്കാരിന്റെ വെല്ലുവിളിയായിരുന്നു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലം എന്ന് ആവർത്തിച്ചു പറയേണ്ടി വരുന്നു...


     എന്ത് കാരണത്താലായിരുന്നു ശബരിമലയിൽ മാത്രം യുവതികളായ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കിയിരുന്നത്?? അതിനുത്തരം ശബരിമലയിലെ മൂർത്തിയുമായി ബന്ധപ്പെട്ടതാണ്... അയ്യപ്പനാണ് ശബരിമലയിലെ ആരാധനാ മൂർത്തി... അവിടെ അയ്യപ്പനെ എപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നോ അപ്രകാരമാണ് വിശ്വാസ്സികൾ വിശ്വസിക്കുന്നത്... അത് വിശ്വാസ്സിയിൽ മാത്രം നിക്ഷിപ്തമായ സ്വാതന്ത്ര്യമാണ്... അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്.. അതാണ് സങ്കല്പം.. അയ്യപ്പനെ വേൾക്കാൻ ആഗ്രഹിച്ച ദേവിയുടെ ഇൻഗിതത്തെ അവഗണിച്ചു മാളികപ്പുറത്തമ്മയായി തൻ്റെ ക്ഷേത്രത്തിനു പുറത്തിരുത്തി എന്നാണ് ഐതീഹ്യം.. അങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയായി  നിലനിൽക്കാൻ ഇച്ഛിക്കുന്ന ദേവൻ യുവതികളായ സ്ത്രീകളുടെ സാനിദ്ധ്യം ഇഷ്ട്ടപ്പെടുന്നില്ല എന്നും ഭക്തർ വിശ്വസ്സിക്കുന്നു... അത് ഭക്തന്റെ വിശ്വാസ്സമാണ്‌.... ആ വിശ്വാസ്സത്തെ പരിപാലിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസ്സിക്കുണ്ട്... അയ്യപ്പൻ ഹരിഹര പുത്രനാണെന്നും, പന്തള രാജകുമാരനാണെന്നും, മഹിഷീ മർദ്ദനനാണെന്നും,,  നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും എല്ലാം വിശ്വാസ്സമാണ്‌... ഈ വിശ്വാസ്സങ്ങളെ മാറ്റി നിർത്തിയാൽ പിന്നെ അയ്യപ്പനില്ല.. അയ്യപ്പനെന്ന മൂർത്തിയുടെതന്നെ അസ്തിത്വം നഷ്ടപ്പെടും... അങ്ങനെ അയ്യപ്പൻ ഇല്ലാതാകുന്നത് ഇവിടുത്തെ വിശ്വാസ്സി സമൂഹം ഇഷ്ടപ്പെടുന്നില്ല... അതുകൊണ്ടാണ് അവർ തെരു വീഥികളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് തങ്ങൾക്കു കഴിയുന്നത്ര ഉച്ചത്തിൽ ശരണം വിളിക്കുന്നത്... അപ്രകാരം തങ്ങളുടെ വിശ്വാസ്സ പ്രമാണങ്ങളിലെ അയ്യപ്പനെ സംരക്ഷിക്കാനാണ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത്... 


     പുരോഗമന ചിന്തയുടെ സാങ്കൽപ്പിക കിരീടമണിഞ്ഞു നടക്കുന്ന ചില കരി ദീപങ്ങൾ ചോദിക്കുന്ന ചോദ്യമുണ്ട്... "ദൈവത്തെ രക്ഷിക്കാനാണോ ആൾക്കാർ തെരുവിലിറങ്ങുന്നത്?? സ്വയം രക്ഷിക്കാൻ കഴിവില്ലാത്തവനാണോ ദൈവം?? അവർക്കുള്ള ഉത്തരം ഒരു പ്രാവശ്യം പറഞ്ഞു കൊടുക്കണം... ഒന്നുകൂടി ആവർത്തിക്കാൻ നിൽക്കരുത്... കാരണം ചോദ്യം ഉയർത്തിതന്നെ തന്റെ ഉള്ളിലെ ശൂന്യത വെളിവാക്കിയവരാണവർ... അവരുടെ ഓട്ടച്ചാക്കിലേക്ക് അരി നിറച്ചു നമ്മുടെ വിലപ്പെട്ട സമയം പാഴാക്കരുത്...


     ആർത്തവകാലമാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കായി നിൽക്കുന്നത് എന്ന വാദഗതിയോട് യോജിക്കാൻ കഴിയുന്നില്ല... ആ കാരണം മന:പ്പൂർവ്വം വിധിയെ അനുകൂലിക്കുന്ന വിഭാഗം  ഉയർത്തിയതാകാനാണ് സാദ്ധ്യത... കാരണം വിശ്വാസ്സികളും, ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുമായ സ്ത്രീകളെ സമര മുഖത്തുനിന്നും അകറ്റി നിർത്തുന്നതിന് ആ കാരണം ഉയർത്തുന്നത് വഴി വെച്ചേക്കാം എന്നവർ കണക്കു കൂട്ടുന്നു... ശ്രീ പിണറായി വിജയന്റെ സേവകൻ മാത്രമായ പദ്മകുമാർ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡ് ആർത്തവകാലം യുവതീ പ്രവേശനത്തെ എതിർക്കുന്നത്തിനുള്ള കാരണമായി സുപ്രീം കോടതിയിൽ ഉയർത്തിയതിലും ദുരൂഹത കാണാം..  ആർത്തവകാലം കാരണം നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുക്കാൻ കഴിയില്ല എന്നും അതിനാൽ യുവതീ പ്രവേശനത്തെ അനുകൂലിക്കാൻ കഴിയില്ല എന്ന നിലപാട് കോടതിയിൽ നിൽക്കില്ല എന്നത് ആ കാരണം ഉയർത്തി കേസ്സുനടത്തിയവർക്ക് തീർച്ചയായും ബോദ്ധ്യമുണ്ടായിരുന്നതാകണം.. ദേവസ്വം ബോർഡിന്റെ സുപ്രീം കോടതിയിലെ പ്രധാന വാദഗതി ഇതായിരുന്നിരിക്കെ നാസ്ഥിക സർക്കാരുമായി ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഒത്തുകളിക്കുകയായിരുന്നോ എന്ന് നമ്മൾ സംശയിക്കണം....


     ഒരിക്കലും സ്ത്രീകൾക്ക് ആർത്തവകാലം ഉള്ളതല്ല യുവതികളെ പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കാൻ കാരണം... നൈഷ്ഠിക ബ്രഹ്മചാരിയായി നിലനിൽക്കാൻ ഇച്ഛിക്കുന്ന ദേവൻ യുവതികളായ സ്ത്രീകളുടെ സാനിദ്ധ്യം ഇഷ്ട്ടപ്പെടുന്നില്ല എന്ന് ഭക്തർ അതിപുരാതന കാലം മുതൽ വിശ്വസ്സിച്ചു വന്നിരുന്നതാണ് കാരണം... നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുക്കുന്നത് കാരണമായി പറഞ്ഞാൽ പുരുഷന്മാർ പോലും മുഖാമുഖം നോക്കും.. കാരണം ഇന്ന് ശബരിമല ദർശനം നടത്തുന്നതിൽ പകുതിയിൽ അധികം ആൾക്കാരും നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുക്കുന്നില്ല എന്നതാണ് സത്യം... പുരാതന കാലത്തും എത്ര സ്വാമിമാർ നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുത്തിരുന്നു എന്നും വ്യക്തമായ കണക്കുകളില്ല... ഇന്ന് ദർശനം നടത്തുന്നതിൽ എത്ര സ്വാമിമാർ നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുത്തു ദർശനം നടത്തുന്നു എന്ന് നിരീക്ഷിക്കാൻ മാർഗ്ഗങ്ങളുമില്ല.. അങ്ങനെ വ്യക്തത ഇല്ലാത്ത കാരണം എങ്ങനെയാണ് കോടതിയിൽ നിലനിൽക്കുക?? അങ്ങനെ ഒരു കാരണത്താൽ ഏതു കോടതിയായാണ് സ്ത്രീകളെ വിലക്കി നിർത്തുക!??  "നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുക്കുക" എന്നത് യുവതീ പ്രവേശനത്തിനെ എതിർക്കുന്ന കാരണമായി ഉയർത്തിയാൽ അതെത്ര ദുർബലമായിരിക്കും എന്ന് നോക്കൂ...!! പക്ഷെ ഇതായിരുന്നു കോടതിയിൽ ദേവസ്വം ബോർഡ് ഉയർത്തിയ പ്രധാന വാദം... അവിടെയാണ് സുന്ദരമായ മുഖത്തോടെ ദേവസ്വം ബോർഡ് സർക്കാരുമായി ചേർന്ന് വിശ്വാസ്സികളെ വഞ്ചിച്ചു എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്...


     സ്ത്രീ സ്വാതന്ത്ര്യം,, സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങൾ ശബരിമലയോട് ചേർത്തുവെച്ചു പറയുന്നവരുണ്ട്... ശബരിമലയിൽ പ്രവേശിക്കുന്നതോടെയാണോ സ്ത്രീയുടെ  സമത്വ ഭാവനകൾ പൂർണ്ണമാകുന്നത്?? ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്ന പ്രയോഗം തന്നെ തെറ്റാണ്... പുരുഷ മേധാവിത്വമാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിക്കുന്നതിന്

കാരണം എന്നും പറഞ്ഞു കേൾക്കുന്നു...  ശബരി മലയിൽ ഒറ്റയ്ക്ക് പോകുന്ന പുരുഷൻ മറ്റു ക്ഷേത്രങ്ങളിൽ തന്റെ അമ്മയും, സഹോദരിയും, ഭാര്യയും കൂട്ടിത്തന്നെയല്ലേ ദർശനത്തിന് പോകാറ്... അതിൽ സമത്വം ബോധിക്കാത്തവർക്ക് ശബരിമലയിൽ പോയാലും സമത്വം തോന്നാനുള്ള സാദ്ധ്യത കുറവാണ്... ഒരു കാര്യം ഉറപ്പിച്ചു പറയാം.. ശബരിമലയിൽ ദർശനം നടത്തണമെന്ന് വാശി പിടിക്കുന്ന യുവതികൾ ഏതുരീതിയിൽ ചിന്തിച്ചാലും വിശ്വാസികളല്ല... വിശ്വാസികൾ ആയിരുന്നെങ്കിൽ അവർ അയ്യപ്പനെക്കുറിച്ചുള്ള ആകമാനമായ വിശ്വാസ്സങ്ങളെയും മാനിക്കുന്ന നിലപാട് സ്വീകരിക്കുമായിരുന്നു... അങ്ങനെ ഉള്ളവർ യുവതീ പ്രവേശനത്തെ എതിർക്കുന്നവരും ആയിരിക്കും... ഇന്ന് ശബരിമലയിൽ ദർശനം നടത്തണമെന്ന് വാശി പിടിക്കുന്ന യുവതികൾ ക്ഷേത്ര വിശ്വാസ്സങ്ങളെ വെല്ലുവിളിച്ചു ജയിക്കുക എന്ന ഉദ്ദേശം മാത്രം സൂക്ഷിക്കുന്നവരാണ്... ഒരു കാര്യം സംശയലേശമെന്യേ പറയാം... ""ക്ഷേത്രം വിശ്വാസ്സിയുടെ വെളിച്ചവും,, അഭയ കേന്ദ്രവുമാണ്... അവിശ്വാസ്സിയുടെ വിനോദ കേന്ദ്രങ്ങളല്ല""....

     ശബരിമലയിലെ സ്ത്രീ പ്രവേശനം വിശ്വാസ്സികളായ സ്ത്രീകൾ ഒന്നാകെ ആവശ്യപ്പെട്ടതിൽ നിന്നുണ്ടായ ഒരു തീരുമാനമായിരുന്നെങ്കിൽ ആ തീരുമാനം ആഘോഷിക്കുകയും കേരള ചരിത്രത്തിന്റെ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടുന്നതും ആകുമായിരുന്നു... പക്ഷെ അയ്യപ്പനെ ദൈവമായി ആരാധിക്കുന്ന സ്ത്രീ സമൂഹം അയ്യപ്പനുമായി ചേർന്ന് നിലനിൽക്കുന്ന വിശ്വാസ്സങ്ങളെയും ആരാധിക്കാനാണ് ഇഷ്ടപ്പെടുന്നത്... അതിനാലാണ് കേരളത്തിലെ സകല തെരുവുകളിലും അണിനിരക്കുന്ന പതിനായിരങ്ങൾ ഉയർത്തുന്ന ശരണ മന്ത്രങ്ങളിൽ ഭൂരിപക്ഷവും സ്ത്രീ സ്വരത്തിൽ ആയത്...  വിശ്വാസ്സികളായ സ്ത്രീകൾക്ക് എന്തോ വലിയ കാര്യം നേടിത്തന്നു എന്ന ധാരണ ജനിപ്പിച്ചു "വിപ്ലവം അയ്യപ്പന്റെ നെഞ്ചത്തുതന്നെ" എന്ന് കരുതുന്ന തൃപ്തി ദേശായിയെപ്പോലെയുള്ളവർക്ക്‌ ഒപ്പീസ്സ് പാടാൻ പോയ പിണറായി സർക്കാർ വിശ്വാസ്സികളായ സ്ത്രീകളുടെ രോഷത്തിന്റെ ചൂടറിഞ്ഞുകൊണ്ടിരിക്കുകയാണ്.... 


     പുരോഗമന ചിന്തകർ എന്ന് തലയിലെഴുതിക്കെട്ടി നടക്കുന്ന ചിലരുണ്ട്... അവർ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സതിയോടാണ് ഉപമിക്കുന്നത്... അവർ ഒരിക്കലും മറുപടി  അർഹിക്കുന്ന വിഭാഗമേ അല്ല... ക്രിയാത്‌മകമായ ഒരു ചർച്ചക്ക് വിളിച്ചിരുത്താൻ പോലും കൊള്ളരുതാത്ത സാമൂഹിക ഉച്ഛിഷ്ടങ്ങളാണവർ... അതുപോലെ തന്നെയാണ് ഹിന്ദു വിശ്വാസ്സ സമൂഹം ഒന്നായി നിൽക്കുന്നതു കണ്ട് അതിൽ വിള്ളലുണ്ടാകുന്നതിനായി ജാതീയമായ വേർതിരിവിന്റെ മുൻകാല കഥകൾ നിരത്തുന്നവരും.... അവർ തങ്ങളുടെ മുതലെടുപ്പുകൾക്കായി ജാതി വ്യവസ്ഥ എന്നും സമൂഹത്തിൽ ജ്വലിച്ചു തന്നെ നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്... ജാതി ചിന്തകൾക്ക് അതീതമായ ഏതൊരു ഒത്തുചേരലിനെയും ഭയക്കുന്ന ഈ വിഭാഗം സമത്വ ചിന്തകൾക്ക് തുരങ്കം വെയ്ക്കുന്നതെന്തെന്ന് നിസ്സാരമായി ചിന്തിച്ചാൽ നമുക്കു മനസ്സിലാകും...


     ശബരിമലയിൽ യുവതീ പ്രവേശനത്തിന്റെ വിലക്കുകൾ നീങ്ങിയ സാഹചര്യത്തെ വിശദീകരിക്കുന്ന ഒരു വാർത്താ സമ്മേളനം കഴിഞ്ഞ ദിവസ്സം മുഖ്യമന്ത്രി നടത്തിയിരുന്നു... അദ്ദേഹം  'യുവതീ പ്രവേശനത്തെ സർക്കാർ പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല.. കോടതി ഉത്തരവിനെ നടപ്പിലാക്കുക മാത്രമാണ് ചെയ്യാൻ ശ്രമിക്കുന്നത്' എന്ന ധ്വനി ഉയർത്തും വിധമാണ് സംസാരിച്ചത്... പ്രായഭേദ്യമെന്യേ സ്ത്രീകൾ ഉൾപ്പടെ നടത്തുന്ന ജനകീയ പ്രതിഷേധത്തെ അദ്ദേഹം ഭയന്നു തുടങ്ങിയോ എന്ന് സംശയിക്കേണ്ടി വരുന്നു... കാരണം വിധിയുടെ ആദ്യ ദിനങ്ങളിൽ ഇടതു സർക്കാരിന്റെ വിപ്ലവ വിജയമായി അവതരിപ്പിക്കാനാണ് അദ്ദേഹത്തിൻറെ പാർട്ടി ശ്രമിച്ചിരുന്നത്... ഇന്നതിൽ നിന്നും അവർ പിറകോട്ടു പോയിരിക്കുന്നു..  നല്ലതുതന്നെ, എന്നാൽ ചില ചോദ്യങ്ങൾ  അവശേഷിക്കുന്നു... വിധിയുടെ വിശദാ൦ശങ്ങൾ മനസ്സിലാക്കുന്നതിനുള്ള സാവകാശം ലഭിക്കുന്നതിന് മുൻപ് തന്നെ അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കാനുള്ള തിടുക്കം എന്തിനാണ് അദ്ദേഹം പ്രകടിപ്പിച്ചത്?? റിവ്യൂ ഹർജി നൽകുമെന്ന് പറഞ്ഞ പദ്മകുമാറിനെ എന്തിനാണദ്ദേഹം തിരുത്തിപ്പറഞ്ഞത്?? സ്വയം ഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന്റെ പുനഃപരിശോധനാ ഹർജി കൊടുക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറിയതെന്തിനാണ്?? വേരിൽ നിന്നും മണ്ണൊലിച്ചു പോകുന്നതിന്റെ തിരിച്ചറിവായി മാത്രമേ വൈകിവന്ന സൗമ്യതയെ നോക്കിക്കാണാൻ കഴിയൂ.... 

     സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടിന് അനുകൂലമായ വിധി നേടിയിട്ട് അതിനെതിരെ പുനഃപരിശോധനാ ഹർജി സാദ്ധ്യമല്ല എന്ന് അദ്ദേഹം പ്രസ്താവിച്ചത് ശരിതന്നെ.. പക്ഷെ സ്ത്രീ പ്രവേശനത്തെ ന്യായീകരിക്കാനായി അദ്ദേഹം ഉയർത്തിയ ന്യായവാദങ്ങൾ ഒരിക്കലും അംഗീകരിക്കാവുന്നതല്ല... മുൻപ് ''രാജകുടുംബത്തിലെ സ്ത്രീകൾ ശബരി മലയിൽ ദർശനം നടത്തിയിട്ടുണ്ട്,, അതിനാൽ യുവതീ പ്രവേശനം തെറ്റല്ല"" എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്... എന്നാൽ അദ്ദേഹം ഒരുകാര്യം മനസ്സിലാക്കിയില്ല;; രാജകുടുംബം ചെയ്യുന്നതല്ല വിശ്വാസ്സ സമൂഹത്തിന്റെ പ്രമാണവിധി... അദ്ദേഹം ഒരു പക്ഷെ രാജകുടുംബം ചെയ്യുന്നതിനെ മാമൂലായി സ്വീകരിക്കുന്ന ആളാകാം... 

     ശനീശ്വര ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തെ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെയും,, അത് നടപ്പിലാക്കിയ ബിജെപി സർക്കാരിനെയും അദ്ദേഹം ഉദ്ധരിച്ചു കണ്ടു... മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും മുൻപ് പ്രവേശനത്തിൽ നിന്നും വിലക്കിയിരുന്നു... അതുമാത്രമല്ല അവിടെ ക്ഷേത്ര മൂർത്തിയുടെ സങ്കല്പവുമായി സ്ത്രീകളെ പ്രവേശിക്കുന്നതോ, വിലക്കുന്നതോ യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്... ശബരി മലയുടെ ആചാര അനുഷ്ഠാനങ്ങളുമായി ഒരു പാട് വേറിട്ട് നിൽക്കുന്നതാണ് അവിടുത്തെ സ്ഥിതി... 

     ഹിന്ദു വിശ്വാസ്സ പ്രമാണങ്ങൾക്കുനേരെ തുടർച്ചയായി പ്രാദേശികമായും അല്ലാതെയും സി പി എം നടത്തി വന്നിരുന്ന അക്രമങ്ങൾക്കും,, അവഹേളനങ്ങൾക്കും എതിരെ സമാജത്തിൽ ആകമാനമായി നിലനിന്നിരുന്ന അമർഷം സ്ഫോടനാത്മകമായി പുറത്തുവന്നത് കൂടിയാണ് ശബരിമല വിഷയത്തിൽ കേരളം കാണുന്നത്... രണ്ടു ദിവസ്സം കൊണ്ട് കെട്ടടങ്ങുന്ന ഒന്നല്ല ഇതെന്ന് ബഹുമാനപ്പെട്ട ദേവസ്വം മന്ത്രിക്ക് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കും എന്ന് നമുക്ക് വിശ്വസിക്കാം... പ്രതിഷേധത്തിന് നേരെ അടിച്ചമർത്തലെന്ന അവസ്സാന ആയുധവും സർക്കാർ അങ്ങിങ്ങായി പ്രയോഗിച്ചു തുടങ്ങിയതായി മനസ്സിലാക്കാൻ കഴിയുന്നു.. എരിതീയിലേക്ക് വെടിമരുന്നു വാരിയെറിയുന്ന മൗഢ്യതയായിരിക്കും അതെന്ന് തിരിച്ചറിഞ്ഞാൽ നന്ന്...

     വിധി പ്രസ്താവിച്ചത് സുപ്രീം കോടതി ആണെങ്കിലും കേരള രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ തലവര മാറ്റിക്കുറിക്കാൻ ആ വിധി കാരണമാകും... ഹിന്ദു സമൂഹം ജാതി- രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഒരു പൊതു വിഷയത്തിന്റെ പേരിൽ ഒന്നിച്ചാൽ ഇവിടെ ഒന്നും സംഭവിക്കില്ല എന്ന് വരുത്തിത്തീർക്കേണ്ട പെടാപ്പാടാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാരിനുള്ളത്... ഭരണഘടന അനുവദിച്ചു തരുന്ന ആരാധനാ- വിശ്വാസ്സ സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ല എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വിശ്വാസ്സ സമൂഹത്തിനുമുണ്ട്... ആ കരുത്ത് തെളിയിക്കുന്നതിലാണ് വിശ്വാസ്സ സമൂഹത്തിന്റെ ഭാവി നിലനിൽക്കുന്നതും...

സ്വാമിയേ ശരണമയ്യപ്പാ....

[Rajesh Puliyanethu
 Advocate, Haripad]