തമ്പി അളിയൻ ഒരു പാതിരിയുടെ പ്രസംഗം കേൾക്കാൻ ഇടവന്നു.. ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് പാതിരി വാചാലനായിരുന്നു.. വിശ്വാസിയുടെ രക്ഷക്കെത്തുന്ന അവന്റെ മഹത്വത്തെഅദ്ദേഹം പ്രകീർത്തിച്ചു കൊണ്ടിരുന്നു.. അതിന്റെ വിശ്വാസ്യതക്കായി അദ്ദേഹം ഒരു അനുഭവകഥയും പറഞ്ഞു..
ഒരിക്കൽ ഞാൻ എന്റെ കാറിൽ വയനാട് ചുരം ഇറങ്ങി വരികയായിരുന്നു.. സമയം വല്ലാതെ ഇരുട്ടിയിരുന്നു.. ഒരൽപം പോലും നിലാവ് ഇല്ലാത്ത ഒരു രാത്രി.. യാത്ര തുടങ്ങിയപ്പോൾ തന്നെ എന്റെ സ്നേഹിതൻ എന്റെ യാത്ര തടഞ്ഞിരുന്നു.. വഴിയിൽ കണ്ടേക്കാവുന്ന വന്യജീവികളെക്കുറിച്ച് അവൻ എന്നെ ഓർമ്മപ്പെടുത്തിയിരുന്നു.. എങ്കിലും ദൈവത്തിൽ വിശ്വസിച്ച് ഞാൻ സധൈര്യം യാത്ര തുടങ്ങി.. സമയം രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.. എന്റെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ രണ്ടും പൊടുന്നനെ അണഞ്ഞു പോയി!! ഞാൻ എത്തി നിൽക്കുന്ന സ്ഥലമേതെന്ന് പോലും എനിക്ക് തരിച്ചറിവ് ഉണ്ടായിരുന്നില്ല.. എന്റെ മനസ്സിൽ എന്റെ സുഹൃത്ത് ഓർമ്മപ്പെടുത്തിയ വന്യ ജീവികളുടെ ചിന്ത വന്നു നിറഞ്ഞിരുന്നു.. ഓരോ നിമിഷവും മരണത്തിലേക്ക് എന്നെ അടുപ്പിക്കുന്നതായി എനിക്ക് തോന്നി.. പക്ഷെ ആ ചിന്തകളൊന്നും എന്നെ ഭയപ്പെടുത്തിയില്ല!! കർത്താവിലുള്ള ചിന്ത, ദൈവത്തിലുള്ള വിശ്വാസം അതെന്നെ മുന്നോട്ടു നയിച്ചു.. എന്റെ കർത്താവ് എന്നെ കൈവിടില്ല എന്നാ വിശ്വാസം എന്നെ മുന്നോട്ടു നയിച്ചു.. ദൈവം എനിക്ക് ധൈര്യം പകർന്നു തന്നു.. ഞാൻ കർത്താവിനോട് അപേക്ഷിച്ചു.. എനിക്ക് സുരക്ഷിതമായ വഴി ഒരുക്കണേ എന്ന് ഞാൻ പ്രാർഥിച്ചു.. വിശ്വാസികളെ അത്ഭുതമെന്നു പറയട്ടെ.. എന്റെ കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ നിന്നും ഒരു വലിയ മെഴുകുതിരിയും ഒരു കണ്ണാടി വളയവും.. ഞാൻ കർത്താവിനോടു നന്ദി പറഞ്ഞു.. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.. ആമെഴുകുതിരിയും കത്തിച്ചു പിടിച്ച് ഞാൻ നടന്നു.. ഒരു ചെറുകാറ്റു പോലും എന്റെ എൻറെ മെഴുകുതിരി കെടുത്തിയില്ല.. അതാണ് ദൈവം.. കുറച്ചു ദൂരെയായി ഒരു ഭവനത്തിൽ അഭയം ലഭിക്കാനും ആ വെളിച്ചം എന്നെ സഹായിച്ചു.. വിശ്വാസികളെ ആ വെളിച്ചമാണ് ഈശ്വരൻ.. അതാണ് ദൈവം.. എന്നെ എന്റെ കർത്താവ് കൈവിടില്ല എന്നാ വിശ്വാസം.. അതാണെന്നെ രക്ഷിച്ചത്.....`... വിശ്വസ്സിക്കൂ... നീ നിന്റെ ദൈവത്തിൽ വിശ്വസ്സിക്കൂ... കർത്താവിൽ വിശ്വസ്സിക്കൂ.. അവൻ നിനക്ക് ആശ്വാസ്സമേകും..
Prays the Lord ..... Prays the Lord ..... Prays the Lord .....
പാതിരിയുടെ വിശ്വാസ്സ പ്രസംഗം ഉച്ചസ്ഥായിൽ എത്തി നിൽക്കവേ തമ്പി അളിയന്റെ സമീപത്തുനിന്നും ഒരുവൻ എഴുനേറ്റുനിന്ന് ചോദിച്ചു... അച്ചോ എനിക്കൊരു കാര്യം പറയാനുണ്ട്.. ഞാൻ ഒരു വിശ്വാസ്സി അല്ല.. ഞാനും വളരെ അടുത്തിടക്ക് അച്ചനീപ്പറയുന്ന വഴിയേ രാത്രീ ഒറ്റക്ക് കാറോടിച്ചു വന്നു.. ഞാൻ യാത്ര തിരിച്ചപ്പോൾ മുതൽ എനിക്കൊരുപ്രശ്നങ്ങളും ഉണ്ടായില്ല.. എന്റെ കാറിന്റെ ഹെഡ് ലൈറ്റും പോയില്ല.. ഒന്നും പോയില്ല.. ഞാൻ സുഖമായി വീട്ടിലെത്തി....!!! ഞാനൊന്നു ചോദിച്ചോട്ടെ അച്ചോ... ദൈവം സഹായിച്ചത് വിശ്വാസ്സിയായ അച്ചനെയാണോ അവിശ്വാസ്സിയായ എന്നെയാണോ??
പാതിരിയുടെ മറുപടിക്ക്ഒന്നും കാത്തുനിൽക്കാതെ തമ്പി അളിയൻ അവിടെ നിന്നും ഇറങ്ങി നടന്നു.. ഇതിൽ ഏതാണ് ഈശ്വരസഹായം?? ആപത്തുസംഭവിച്ചപ്പോൾ സഹായത്തിനെത്തിയതോ ഈശ്വരൻ?? അതോ ആപത്തിൽ ഒന്നും എത്തിക്കാതെ ആ അവിശ്വാസ്സിയെ നയിച്ചതോ ഈശ്വരൻ?? അങ്ങനെയെങ്കിൽ കഷ്ടപ്പാടുകളും ദു:ഖവും അനുഭവിക്കുന്നവനോപ്പമോ അതല്ല ഒരുവനെ കഷ്ട്ടപ്പാടിലെക്കും ദു:ഖത്തിലേക്കും ചെന്നെത്തിക്കാതെ നിലനിർത്തുന്നതൊ ഈശ്വരൻ?? ദുരിതത്തിൽ സഹായമാണോ ഈശ്വരൻ?? അതോ ദുരിതത്തിൽ സഹായമെന്ന പ്രതീക്ഷയാണോ ഈശ്വരൻ?? ഈശ്വരൻറെ ചിത്രം വരക്കുന്നതിന് കഷ്ട്ടപ്പാടിന്റെ ചുവര് കൂടിയേതീരൂ എന്നുണ്ടോ?? ദുരിതമനുഭാവിക്കുന്നവനു മാത്രമാണോ, സുഖം അനുഭവിക്കുന്നവന്റെ ജീവിതത്തിൽ ഈശ്വരന് സ്ഥാനമില്ലേ??
പാതിരിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചിന്ത തമ്പി അളിയനിൽ കുറെയേറെ ചോദ്യങ്ങളെ എത്തിച്ചു... അവയെ എല്ലാം ഉപേക്ഷിച്ച് വിശ്വാസ്സിയോടു അവിശ്വാസ്സി ഉയർത്തിയ ചോദ്യസന്ദർഭത്തിലെ തമാശയെ ഓർത്തു പുഞ്ചിരിച്ച് തമ്പി അളിയൻ നടന്നകന്നു..
[Rajesh Puliyanethu
Advocate, Haripad]