Sunday, 30 September 2012

'കൂടംകുളം' ആധുനികതയുടെ മാലിന്യ നിക്ഷേപം!!

       വ്യവസായ വല്‍ക്കരണത്തിന്റെയും, ആധുനിക വല്‍ക്കരണത്തിന്റെയും വേഗതക്ക് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന ഉര്‍ജ്ജം 'അണു' വിലാണ്. ഭാരതത്തിന്‌ അണുവോര്‍ജ്ജമില്ലാതെ ഒന്ന് മൂരിനിവര്‍ക്കാന്‍ പോലും കഴിയില്ലെന്നാണ് UPA സര്‍ക്കാരിന്‍റെ വാദം. ജല വൈദ്യുതപദ്ധതികളും, താപ  വൈദ്യുത പദ്ധതികളും കടന്ന് രാജ്യം  അണുവോര്‍ജ്ജപദ്ധതികളില്‍ എത്തി നില്‍ക്കുന്നത് പുരോഗതി എന്നുതന്നെ വീക്ഷിക്കപ്പെടണം. പക്ഷെ അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ഭീതി ഒരു ജനതയുടെ ഉറക്കം കെടുത്തിയിട്ട്‌ വളരെ നാളുകള്‍ പിന്നിട്ടിരിക്കുന്നു.

       ഇവിടെ ഒരുപറ്റം ആള്‍ക്കാര്‍ സമരം ചെയ്യുന്നത് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയോ രാഷ്ട്രീയ ആവശ്യത്തോടെയോ ആണെന്ന് വിശ്വസിക്കുക വയ്യ! തങ്ങളുടെ സ്വൈര്യ ജീവിതത്തിനും, സന്തതി പരമ്പരക്കും, ജീവനും, സ്വത്തിനും, ഒക്കെ നേരെ ഉയരാവുന്ന ഭാവിയിലെ അണുവികിരണത്തോടുള്ള  ഭീതിയുടെ രോദനമാണത്. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആ വിലാപം കേള്‍ക്കുന്നില്ല എന്നതിന് കാരണം മനുഷ്യന്‍റെ ജീവനും സമാധാനത്തിനും അപ്പുറം വളര്‍ന്ന വികസ്സനം എന്ന ഭീകരതയും, സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്വാര്‍ഥതയുടെ ആഴവുമാണ്. അവിടെയാണ് വി. എസ്. അച്യുതാനന്ദന്‍ എന്നാ നേതാവ് അഭിനന്ദനം അര്‍ഹിക്കുന്നതും. ഒറ്റപ്പെട്ട ഒരു ജനസമൂഹം ഭയചികിതരായി നിലവിളിക്കുമ്പോള്‍ ഐക്യ ദാര്ട്യം പ്രക്യാപിക്കാന്‍ അദ്ദേഹം കാണിച്ച മനസ്സ്!! ഒരു ജനനേതാവില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരരംഗത്ത് മുന്നിട്ടിറങ്ങുക എന്നത്. റഷ്യയില്‍ നിന്നുള്ള റിയാക്ടര്‍ ആയതിനാലാവാം പ്രകാശ് കാരാട്ടിനും കൂട്ടാളികള്‍ക്കും ആണവ  നിലയത്തോട് ഒരു പ്രത്യക്ഷ വിരോധം ഇല്ലാതെ പോയത്. അമേരിക്കയില്‍ നിന്നുള്ള റിയാക്ടര്‍ അല്ലാത്തതിനാല്‍ മുതലാളിത്തത്തിന്‍റെ അണുവികിരണം ഭയക്കേണ്ടല്ലോ!!

       കൂടം കുളത്തെ ജനങ്ങള്‍ നടത്തുന്നത് അവകാശ~ വര്‍ഗ്ഗ സമരമല്ല. അവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുത്താനുള്ളതുമല്ല. മറിച്ച് അതെല്ലാം ഭയചികിതരായ ഒരുകൂട്ടം ആള്‍ക്കാരുടെ നിലവിളിയാണ്. ആ ഭയം ദൂരീകരിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. പകരം നിലവിളിക്കുനവന്റെ വായില്‍ തോക്കിന്‍ കുഴല്‍ കടത്തി, നിര്‍ദ്ദയം കാഞ്ചിവലിച്ച് സായിപ്പിന്‍റെ പുഞ്ചിരിയുടെ മുന്നില്‍ റാന്‍ മൂളി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെയും തമിഴ്നാട്‌ സര്‍ക്കാരിന്‍റെയും നയം വരും കാല തലമുറ പുശ്ചത്തോടെ വായിക്കുന്ന ചരിത്രത്തിലെ ഏടുകള്‍ ആയിരിക്കും. അധികാരത്തിലും, പണത്തിലും ഉന്നിയ നിലനില്‍പ്പിനായി നാടിനെ ഒറ്റുകൊടുത്ത പഴയ നാട്ടുരാജാക്കന്‍മാരെക്കുറിച്ച് വായിക്കുമ്പോള്‍ ഉണ്ടാവുന്ന നെറ്റി ചുളിച്ചില്‍ ആകും സോണിയ- മന്‍മോഹന്‍ നാടു വാഴ്ച്ചാകാലത്തെക്കുറിച്ച് അറിയുന്ന ഭാവി തലമുറക്ക്‌ ഉണ്ടാകുന്നത്.

       ഒരു ആണവറിയാക്ടര്‍ സ്ഥാപിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളില്‍  പലതും കൂടം കുളത്ത് പാലിക്കപ്പെട്ടിട്ടില്ല എന്ന വാര്‍ത്തകള്‍ തദ്ദേശ വാസ്സികളില്‍ ഭയത്തെവര്‍ദ്ധിപ്പിക്കുന്നു. അവിടെ കേന്ദ്ര സര്‍ക്കാരുകള്‍ പറയുന്ന, സുരക്ഷാ മാനദന്ടങ്ങള്‍ പാലിക്കപ്പെട്ടിരിക്കുന്നു എന്ന ഉറപ്പിനെ വിശ്വസ്സിക്കാമെന്നുതന്നെയിരിക്കട്ടെ, വളരെ അടുത്ത കാലത്തു കണ്ട ഫുക്കുഷിമ ദുരന്തം നൊക്കൂ!! എല്ലാ സുരക്ഷാ മാനദാന്ടങ്ങളും പാലിക്കപ്പെട്ടിരുന്ന അവിടെയും ഒരു ദുരന്തത്തെ ഒഴിവാക്കുവാനോ, അതിന്‍റെ അപായവ്യാപ്ത്തിയില്‍ നിന്ന് രക്ഷപ്പെടുന്നതിനോ കഴിഞ്ഞില്ല. ഓര്‍ക്കണം, ഭാരതത്തിനെക്കാള്‍ സാങ്കേതിക വിദ്യയിലും, സമ്പന്നതയിലും മുന്നില്‍ നില്‍ക്കുന്ന ജപ്പാനില്‍ പോലും!!

       ഒരു പ്രകൃതി ദുരന്തത്തിന്‍റെ ഭാഗമായാണ് ജപ്പാനില്‍ അപകടം സംഭവിച്ചതെന്ന വാദത്തിനും നിലനില്‍പ്പില്ല, എന്തെന്നാല്‍ ജപ്പാനില്‍ സംഭവിച്ചതിന് കേവലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുനാമി തിരമാലകള്‍ വിനാശം വിതച്ചത് കേരളാ തമിഴ്നാട്‌ തീരപ്രദേശങ്ങളില്‍ ആയിരുന്നു. ഒരിക്കലും അപകടം സംഭവിക്കില്ല എന്ന് റഷ്യ ആണയിടുമ്പോള്‍, ഒരു ദുരന്ത മുണ്ടായാല്‍ നഷ്ട പരിഹാരമായി നല്‍കേണ്ടുന്ന പരമാവധി തുക 1500 കോടിയായി നിചപ്പെടുത്തണമെന്ന് അവര്‍ ശഠിക്കുന്നതെന്തിന്??

       ഒരു അണു വികിരണം ഉണ്ടായാല്‍ അതിന്‍റെ തീവ്രതയില്‍നിന്നും ലോകം രക്ഷപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ തന്നെ എടുക്കും. ഫുക്കുഷിമയില്‍ ആണവ ചോര്ച്ചക്ക് ശേഷം ചിത്രശലഭങ്ങളില്‍ പോലും ഉണ്ടായ മാറ്റം. ആ വിളറിച്ച, കൂടം കുളത്തെ ജനത തങ്ങളുടെ കുഞ്ഞുങ്ങളില്‍ കണ്ടു ഭയക്കുന്നുവെങ്കില്‍ അവരെ ആ ആശ്വസ്സിപ്പിക്കുന്നതാണ് കേവലം മനിഷ്യത്വം. മറിച്ച് പരിഹസ്സിക്കുന്നതല്ല.

       ഫുക്കുഷിമ ദുരന്തത്തോടെ ലോകരാജ്യങ്ങള്‍  അണുവോര്‍ജ്ജത്തെ ആശ്രയിക്കുന്നതിനെപ്പറ്റി ഇരുത്തി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ ആണവനിലയങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു എന്ന വാര്‍ത്തകള്‍ അതിനുള്ള ഉദാഹരണമാണ്. ഹിരോഷിമ- നാഗസ്സാക്കിയില്‍ യുദ്ധവിജയത്തിന് വേണ്ടി  അണുബോംബുകള്‍ വര്‍ഷിച്ചത് ചരിത്രം; വരുംകാല യുദ്ധങ്ങളില്‍ സമാനമായ നാശം വിതക്കുന്നതിന് ആ രാജ്യത്ത് നിലനില്‍ക്കുന്ന ആണവ നിലയങ്ങളെ ആക്രമിക്കുന്നതിനാവും ശത്രു രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

       രാജ്യത്തെ നിര്‍മ്മാണങ്ങളെയും, പുരോഗതിയും എന്തിന് ജനങ്ങളെ മുഴുവനെയും അപകടത്തിന്‍റെ മുന്‍പില്‍ നിര്‍ത്തി ഇന്നത്തെ ഉര്‍ജ്ജാവശ്യത്തിന്റെ ഒരു ചെറിയ ഭാഗത്തിന് മാത്രം നിവര്‍ത്തി കാണുന്ന ആണവ പദ്ധതികളോട് ലോകം മുഖം തിരിച്ചു തുടങ്ങിയിരിക്കുന്നു. സമ്പന്നരാജ്യങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിച്ചു തുടങ്ങിയ ഉച്ചിഷ്ട്മാണ് ആണവ പദ്ധതികള്‍....!!!!!!!!, അതിനെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അമൃതുപോലെ വിളമ്പുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

       വികസ്സനം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനതയുടെയും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയാണ്‌., .മറിച്ച് ഒരു കൂട്ടത്തിനെ ബലി നല്‍കി മറ്റൊരു കൂട്ടം നേടുന്ന സുഖമല്ല. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാജ്യത്തിന്‍റെ നേട്ടങ്ങള്‍ തുല്യമായി പങ്കുവെയ്ക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരുത്തുന്നതിനുള്ള ചുമതല സര്‍ക്കാരുകള്‍ക്കുണ്ട്.

       പതിനയ്യായിരം കോടി രൂപ മുടക്കിപ്പോയതു കൊണ്ട് പദ്ധതിയുമായി മുന്‍പോട്ടു പോയെതീരു എന്നത് ദുര്‍ബലമായ വാദമാണ്. മനുഷ്യജീവനും അവന്‍റെ സമാധാനത്തിനും പകരം വെയ്ക്കാന്‍ ആധുനികതയുടെ മാലിന്യമായ ആണവ പദ്ധതികള്‍ക്കാവില്ല.  അണുവോര്‍ജ്ജം കണ്ടുപിടിക്ക പ്പെട്ടത് മുതലിങ്ങോട്ട്‌ വിലയിരുത്തിയാല്‍ ലോകം അതില്‍നിന്നു നേടിയതിലും  വളരെ അധികം നഷ്ട്ടപ്പെടുത്തിയതായി കാണാം!!

കൂടംകുളത്ത് സമരം ചെയ്യുന്നവര്‍ക്ക് എല്ലാ വിജയാശംസ്സകളും നേരുന്നു 


     
[Rajesh Puliyanethu,
 Advocate, Haripad]