Wednesday, 10 July 2013

ഹർത്താൽ വിജയഗാഥകൾ അവസ്സാനിക്കുന്നതേ ഇല്ല......!!!


        എന്ത് സംഭവം നാട്ടിൽ അരങ്ങേറി എന്ന് കേട്ടാലും ഉടനെ ഒരു മലയാളിയുടെ നാവ് അറിയാതെ ചോദിച്ചു പോകും "നാളെ ഇനി ഹർത്താലോ മറ്റോ ആണോ"?? നമ്മുടെ നാട് ഹർത്താലുകളോട് അത്രയ്ക്ക് ബന്ധപ്പെട്ട് കിടക്കുന്നു.. പ്രാദേശികമായും, സംസ്ഥാനതലത്തിലും, ദേശീയമായും നമ്മൾ വളരെ അധികം ഹർത്താലുകൾ കാണുന്നു..

       മുൻപൊക്കെ നാട്ടിൽ ദു:ഖകരമായ ഒരു സംഭവത്തിനോട് അനുബന്ധിച്ചായിരുന്നു ഹർത്താലുകൾ എന്നായിരുന്നു പൊതുവേയുള്ള ഒരു ധാരണ.. നാട്ടിൽ ഒരു പ്രമുഖ വ്യക്തിയുടെ മരണമുണ്ടാകുക, ഒരു തീപിടുത്തമോ, നാശനഷ്ടമോ അങ്ങനെ ഉള്ള ദു:ഖകരമായ ഒന്നിന് കടകൾ ആടച്ചിട്ടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാതെയും ദു:ഖം ആചരിക്കുക എന്നതായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.. അതിനാൽതന്നെ അക്രമം എന്നത് ഹർത്താലിന്റെ ഭാഗമായി വിരളമായിമാത്രം കണ്ടുവരുന്ന ഒന്നായിരുന്നു.. ഹർത്താലുകൾ പൊതുജനങ്ങളിൽ വെറുപ്പുളവാക്കുന്ന ഒന്നായിരുന്നില്ല എന്നും കാണാമായിരുന്നു..

       വാശിയും, ആവേശവും, പ്രതിഷേധവും, രോഷവും എല്ലാം ചേര്ന്ന കലാരൂപം 'ബന്ദ്' എന്നാ പേരിലായിരുന്നു അവതരിപ്പിക്കപ്പെട്ടിരുന്നത്.. ബന്ദിന് ആഹ്വാനം നൽകുന്നവരുടെ ശക്തി, സ്വാധീനം എന്നിവ ബന്ദിന്റെ  കാരണത്തേക്കാളേറെ അതിന്റെ വിജയത്തിൽ പ്രവർത്തിക്കുന്നതായി കാണാം.. ഹൈക്കോടതി ബന്ദ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ബന്ദ്‌ ഹർത്താലിൽ ലയിച്ച് ഹർത്താൽ മാത്രമായി. ബന്ദിന്റെ എല്ലാ ചടുലതയും അൽപ്പം പോലും കുറയാതെ ഹർത്താലിലേക്ക് ആവാഹിക്കാൻ ബന്ദ് നാടത്തിപ്പുകാർ ആത്മാർഥമായി തന്നെ ശ്രമിച്ചു..

       ഹർത്താൽ ആഹ്വാനങ്ങൾ വളരെ അധികമായപ്പോൾ ഹർത്താലുകളുടെ ആവശ്യകതയെതന്നെ ജനങ്ങൾ ചോദ്യം ചെയ്തു തുടങ്ങി.. ഒരു ഹർത്താലിൽ ബുദ്ധിമുട്ട് അനുഭവിച്ച ഒരുവൻ ഹർത്താലിനെതിരെ ചിന്തിക്കുന്നത് സ്വോഭാവികം മാത്രം.. കോടതികൾ വരെ ഹർത്താലുകൾക്ക് എതിരെ അഭിപ്രായങ്ങൾ പറയുന്ന സ്ഥിതിവിശേഷം സംജാതമായി.. ഭാരതം പോലെ ഒരു ജനാധപത്യ രാജ്യത്ത് ഹർത്താലുകൾ നിരോധിക്കുന്നതിലെ പ്രായോഗികതയും, പ്രതിഷേധിക്കുന്നതിനുള്ള അവകാശത്തിന്റെ സീമകളും എല്ലാം ചർച്ച ചെയ്യപ്പെട്ടു..

       രാജ്യത്ത് ജനതയ്ക്ക് അപ്രീയമായത് ഒന്ന് തീരുമാനിക്കാപ്പെടുകയോ, നടപ്പാവുകയോ ചെയ്‌താൽ പ്രതിഷേധിക്കുക എന്നത് ജനതയുടെ സ്വാതന്ത്രമാണ്.. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്.. ഒരു രാഷ്ട്രീയപാർട്ടി മാത്രമാണ് ആ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെങ്കിലും; അതിനെ ഒരു വിഭാഗം ജനതയുടെ എതിർപ്പായി കാണാം.. ഒരു പ്രതിഷേധപരിപാടിയുമായി മുന്നോട്ടുപോകുന്നതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയോടയെ പാടുള്ളൂ എന്നും പറയാൻ കഴിയില്ലല്ലോ??

       പ്രതിഷേധം അവകാശമായി നിർവ്വചിക്കപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് സാദ്ധ്യമായ പ്രതിഷേധമാർഗ്ഗങ്ങൾ ഏതൊക്കെ എന്നും നാം ചിന്തിക്കണം.. പ്രകടനവും, നിസ്സഹകരണവും, മുദ്രാവാക്യം വിളിയും, സത്യാഗ്രഹങ്ങളും, പ്രസ്ഥാവനായുദ്ധവും, പ്രചാരണവും ഒക്കെ സമാധാനപരമായ പ്രതിഷേധം എന്ന രീതിയിൽ പുകഴ്ത്തപ്പെടുന്നു.. പക്ഷെ അഴിമതി ഉൾപ്പടെ മനുഷ്യമനസ്സുകൾക്ക് അൽപ്പം പോലും അംഗീകരിക്കാൻ കഴിയാത്ത, പ്രസ്തുത വിഷയത്തെക്കുറിച്ച് കേൾക്കുന്നപാടെ തന്നെ രോഷം ഉയർത്തത്തക്ക ഒരു വിഷയത്തിന് നിയമ ലംഘനങ്ങൾ പോലെയുള്ള കടുത്ത സമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും.. പ്രതിഷേധം രൂക്ഷമായ രീതിയിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ ഹർത്താലുകൾ പോലെയുള്ള സമരമാർഗ്ഗങ്ങളെ ഒഴിവാക്കാൻ കഴിയില്ല.. സത്യാഗ്രഹങ്ങളെക്കാൾ ഭരണകൂടങ്ങൾ അക്രമങ്ങളെ ഭയപ്പെടുന്നു എന്ന സത്യത്തെ അങ്ങീകരിക്കനം.. സത്ര്യാഗ്രഹം വിലപ്പോകണമെങ്കിൽ സത്യാഗ്രഹങ്ങളെ കടുത്ത പ്രതിഷേധമായി കണ്ട് അംഗീകരിക്കാൻ തയ്യാറുള്ള എതിർപക്ഷ മായിരിക്കണം.. അല്ലെങ്കിൽ സത്യാഗ്രഹങ്ങൾ പോലെയുള്ള സമരമാർഗ്ഗങ്ങൾക്ക് പ്രഹരശേഷി കുറയും..നിരാഹാര സത്യാഗ്രഹങ്ങൾ പോലും അവഗണിക്കപ്പെടും!! നിരാഹരവൃതം നയിക്കുന്ന വ്യക്തി മരണപ്പെടുമോ എന്ന ഭയം ഭരണകൂടത്തിനുണ്ടാകാം.. അങ്ങനെ മരണപ്പെട്ടാൽ ആ സമരം സമാധാന മാർഗ്ഗത്തിലുള്ളതായിരുന്നു എന്ന് പറയാൻ സാധിക്കുമോ?? ഭരണകൂടം അവിടെയും ഭയപ്പെടുന്നത് ആ മരണത്തിന് ശേഷം ഉയരാൻ സാധ്യതയുള്ള രക്തരൂക്ഷിത വിപ്ലവത്തെയാണ്.. ക്ലമന്റ് അറ്റ്ലിയുടെ സ്ഥാനത്ത് ചർച്ചിൽ ആയിരുന്നെങ്കിൽ ഗാന്ധിജിയുടെ സമാധാന സമരമാർഗ്ഗങ്ങൾ വിലപ്പോകുമായിരുന്നില്ല എന്ന് വിലയിരുത്തുന്ന ചരിത്രകാരന്മാരുമുണ്ട്.. മാത്രമല്ല സമാധാനമാർഗ്ഗങ്ങളിൽ കൂടിയുള്ള സമരത്തിന്റെ ശക്തിയെ കണ്ട് തിരിച്ചറിഞ്ഞ് തങ്ങളുടെ നിലപാടുകളെക്കുറിച്ച് പുനർ ചിന്തിക്കുന്ന ഭരണകൂടമോ എതിർചേരിയോ ഉണ്ടാകണമെങ്കിൽ സമരത്തിന് ആസ്പതമായ വിഷയം അന്തസ്സുള്ളതും, ആശയപരവും ആകണം.. സ്വാർഥലാക്കോടെ നടത്തുന്ന അഴിമതികൾക്കെതിരെ സമരം ചെയ്യുമ്പോൾ സമാധാനമാർഗ്ഗങ്ങൾ വിലപ്പോകാതെ വരും!! ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്ന തീപന്തങ്ങൾക്ക് അങ്ങനെയാണ് പ്രാധാന്യം ലഭിക്കുന്നത്..

       ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ; പിന്നീട് മഹത്തരമെന്ന് വാഴ്ത്തപ്പെട്ട പല വിപ്ലവങ്ങളും രക്തരൂക്ഷിത വിപ്ലവങ്ങളായിരുന്നു എന്ന് കാണാം.. കലാപത്തിനും അക്രമത്തിനും സമരവഴിയിൽ വലിയ സ്ഥാനങ്ങൾ ഉണ്ട്.. പക്ഷെ അക്രമത്തെ ആർക്കും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.. സമരത്തിലെ അക്രമങ്ങൾ പ്രോത്സ്സാഹനങ്ങൾക്കോ, മുൻ പദ്ധതികൾക്ക് അനുസൃതമായോ ഉണ്ടാവരുത്.. സ്വോഭാവികമായി പ്രസ്തുത വിഷയത്തിന്റെ തീവ്രതയ്ക്ക് അനുസൃതമായി അത് സംഭവിക്കുകയാണെങ്കിൽ ആ അക്രമം ന്യായീകരിക്കപ്പെടും..

       വർത്തമാനകാലത്ത് ഹർത്താലുകൾ പോലെയുള്ള സമരമാർഗ്ഗങ്ങൾ കൂടുതലായി വിമർശിക്കപ്പെടുന്നത് അവയുടെ ബാഹുല്യം കൊണ്ടാണ്.. 'എന്തിനാണ് ഇന്ന് ഈ ഹർത്താൽ' എന്ന്‌ അതിശയവും, അമർഷവും കലർന്ന രീതിയിൽ ജനങ്ങൾക്ക്‌ ചോദിക്കേണ്ടിവരുന്നു.. കാരണം ഒരു വിഷയത്തിന്റെ തീവ്രതയോ, ആ വിഷയത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനമോ, അന്ഗീകാരമോ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ ആദ്യമേ പ്രഖ്യാപിക്കുന്ന സമര മാർഗ്ഗമായി ഹർത്താൽ മാറി.. അതിന് കാരണം ഏറ്റവും എളുപ്പത്തിൽ വിജയിപ്പിക്കാവുന്ന സമരമാർഗ്ഗമായി ഹർത്താലിനെ രാഷ്ട്രീയ പാർട്ടികൾ കണ്ടതാണ്.. ഒരു മുദ്രാവാക്യം ഉയർത്തി സമരം ചെയ്യുകയും, അതിനോട് അനുബന്ധിച്ച് ഒരു ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്‌താൽ, സമരത്തിന് ആസ്പതമായ വിഷയത്തിൽ വിജയമുണ്ടായോ എന്നത് ഹർത്താൽ പ്രഖ്യാപിക്കുന്നവർക്ക് ഒരു വിഷയമേ അല്ല.. മറിച്ച് ഹർത്താൽ ദിനത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നോ, വാഹനങ്ങൾ നിറത്തിലിരങ്ങിയില്ലേ!! തുടങ്ങിയ ചോദ്യങ്ങൾ മാത്രമാണ് ഹർത്താലിന്റെ വിജയത്തിനോടുചേർന്ന് ഉയർന്നു കേൾക്കുന്നത്..

       ഹർത്താൽ വളരെ എളുപ്പത്തിൽ വിജയിക്കാൻ കഴിയുന്നതിന് സാമൂഹികമായ കാരണങ്ങളുമുണ്ട്.. ഒരു ഹർത്താൽ ദിനത്തിൽ തന്റേതായ ഒരു കാര്യത്തിന് മുടക്കം നേരിടുന്ന ചിലരാണ് ഹർത്താലിന്റെ വിമർശകരാകുന്നത്.. അവരിൽ പലരും തന്നെ മറ്റൊരു ദിവസ്സത്തെ ഹർത്താലിനെ സ്വാഗതം ചെയ്തെന്നു വരാം.. കാരണം ഒരു ഹർത്താൽ ദിനം ഒരു വിശ്രമദിനമാണ് സമ്മാനിക്കുന്നത്.. കടകളിൽ, കമ്പനികളിൽ, ബാങ്കിൽ, സ്കൂളിൽ, വ്യവസ്സായ സ്ഥാപനങ്ങളിൽ അങ്ങനെ സമൂഹത്തിന്റെ പലമേഘലകളിൽ പ്രവര്ത്തിക്കുന്ന വളരെ വലിയ വിഭാഗം ഹർത്താലിനെ സ്വാഗതം ചെയ്യുന്നു.. ഈക്കൂട്ടർ പൊടുന്നനെ പ്രഖ്യാപിക്കുന്ന ഒരു ഹർത്താലിനെ മാത്രമേ വെറുക്കുന്നുള്ളൂ.. കാരണം ഒരു ഹർത്താൽ ആഘോഷത്തിനുള്ള തയ്യാറെടുപ്പ് അവർക്ക് ലഭിക്കാത്തതിലുള്ള പരിഭവമാണത്.. തൊഴിൽ മേഘലകളിലെ സമ്മർദ്ദത്തെ ഈ താല്പര്യത്തിനു പുറകിൽ ഒരു കാരണമായി കാണാവുന്നതാണ്.. പരിപൂർണ്ണ താൽപര്യത്തോടെ ആസ്വദിച്ച് പണി എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും പിന്നാമ്പുറ ദൃശ്യം!! മാസത്തിൽ ഒരു ദിവസ്സം അവധി അനുവദിക്കപ്പെട്ടിട്ടുള്ള ഒരു തൊഴിലാളി ആ അവധി മാസ്സത്തിന്റെ ആദ്യം തന്നെ എടുക്കുന്ന പ്രവണതയാണ് അടുത്തിടെ വളർന്നു വരുന്നത്.. കാരണം ആ മാസ്സത്തിൽ വരാൻ സാധ്യതയുള്ള ഹർത്താൽ തൊഴിലുടമ അവധിയായി കണക്കാക്കുമെന്ന് ചിന്തിച്ചാണ് അപ്രകാരം ചെയ്യുന്നത്..!!

       ഹർത്താൽ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ട്ടത്തെയാണ് വിസ്തൃതമായ രീതിയിൽ വിശകലനം ചെയ്യപ്പെട്ടത്.. ഹർത്താൽ ദിനത്തിലെ അക്രമത്തിൽ നശിപ്പിക്കപ്പെട്ട പോതുമുതലിന്റെ കണക്കുകൾ പലരും നിരത്തി.. പൊതു ജനത്തിന്റെ പണമാണ് പൊതുമുതൽ, അത് നശിപ്പിക്കുന്നത് സ്വന്തം പണം നശിപ്പിക്കുന്നതിന് തുല്യമാണെന്ന് ഉപദേശിച്ച ഒരുവനോട്; 'പൊതുവായ ആവശ്യത്തിനാണ് അവനശിപ്പിച്ചതും, അപ്പോഴും പൊതുമുതലിന് ഉപയുക്തത തന്നെയാണ് ഉണ്ടായത്' എന്ന് മറുപടി പറഞ്ഞ പൊതുപ്രവർത്തകന്റെ വാക്കുകൾ ആലോസ്സരവും ഒപ്പം ഒന്ന് ചിന്തിക്കാനുള്ള വകയും നൽകിയെന്നെ പറയാൻ കഴിയൂ..

       സാമ്പത്തിക വൈയാകരണൻമാരുടെ കൂട്ടിക്കിഴിക്കലുകളിൽ രാജ്യത്തിന്റെ ആകെ ഉൽപ്പാതനത്തിന്റെയും, വിനിമയത്തിന്റെയും തോതിൽ ഒരു ഹർത്താൽ ഉണ്ടാക്കുന്ന നഷ്ടം വലുതാണ്‌......!!`..!! പക്ഷെ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് അത് വലിയ പ്രത്യക്ഷ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കുന്നില്ല എന്ന് വേണം കരുതാൻ.. പലതരം വ്യവസായ കച്ചവട സ്ഥാപനങ്ങൾക്കും ഒരു ദിവസ്സം നടക്കാത്ത കച്ചവടം അടുത്ത ദിവസ്സം ലഭിക്കും.. അപ്രകാരം പരിഹരിക്കാത്തവയും ഉണ്ടെകിലും അവ ഇടപഴകി ഹർത്താലിനെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിലേക്ക്‌ കാര്യങ്ങൾ എത്താതെ മുന്നോട്ടുപോകുന്നു..

       സമരമാർഗ്ഗങ്ങളിൽ ഹർത്താലുകൾ ഒഴിവാക്കപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല!! വലിയ പ്രതിഷേധാത്മകമായ ഒരു വിഷയം അരങ്ങേരിയാൽ  'ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ' എന്ന് ഒരു സാധാരണക്കാരൻ ചോദിക്കുന്നത് അത് ഒരു ഹർത്താലിനുള്ള ആഹ്വാനമായി കണ്ടാൽ തെറ്റാവില്ല.. ഒരു ഹർത്താലിന് ആഹ്വാനം നടത്തുമ്പോൾ ആ ആഹ്വാനത്തെ ജനങ്ങൾ ന്യായയുക്തമെന്നു വിലയിരുത്തുമോ എന്ന് ചിന്തിക്കാനുള്ള വകതിരിവ് ആ ആഹ്വാനം നടത്തുന്നവർക്കുണ്ടായാൽ ഹർത്താൽ അംഗീകാരമുള്ള, പ്രഹര ശേഷിയുള്ള സമരമാർഗ്ഗമായി തുടരും...

   
[Rajesh Puliyanethu
 Advocate, Haripad]