ഹരിപ്പാടിന്റെ പൊന്നോമന പുത്രനും, ഹരിപ്പാടിന്റെ ജനനായകനും, ഹരിപ്പാടിന്റെ വികസ്സന സാരഥിയും, ഹരിപ്പാട്ടുകാരിൽ ഒരുവനായി ജീവിക്കുന്ന നേതാവും ആയാണ് ശ്രീ രമേശ് ചെന്നിത്തല അവരോധിതനായിരിക്കുന്നത്.. ഹരിപ്പാടും ഇവിടുത്തെ മനുഷ്യരും അദ്ദേഹത്തിന് അന്യരോ പുതുമുഖങ്ങളോ അല്ല എന്നാണ് ഹരിപ്പാട് നടക്കുന്ന പല പരിപാടികളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.. ഹരിപ്പാടിന് ഒരു നേതാവിനൊടെന്നതിന് അപ്പുറമുള്ള വാത്സല്യവും സ്നേഹവുമാണ് തന്നോടെന്നു തിരിച്ചറിഞ്ഞ പോലെ അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്.. ഇരുപത്തിഅഞ്ചു വർഷങ്ങൾക്ക് മുൻപ് ഇവിടെനിന്നും ജയിച്ചു കയറി പോയതിനു ശേഷം നടത്തിയ തിരിച്ചുവരവിലും മുൻപത്തെ അതേ വാത്സല്യം ഇവിടുത്തെ ജനം അദ്ദേഹത്തോട് കാണിക്കുന്നതായും, തനിക്ക് ഇവിടുത്തെ മനുഷ്യരോട് അവർ തനിക്കു തന്ന സ്നേഹ- വാൽസല്യങ്ങക്ക് തുല്യമായി ഒന്നും തിരിച്ചു നൽകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഒരു വേള വിതുമ്പി പോവുകയും ചെയ്തിട്ടുണ്ട്..
ഹരിപ്പാടിന്റെ വികസ്സനത്തിന് മുഖ്യ കാർമികത്വം വഹിക്കുകയും, ഹരിപ്പാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഒരു അത്താണിയായും പ്രവർത്തനം നടത്തിവരവേ ഹരിപ്പാടിന് അഭിമാനമെന്നവണ്ണം അദ്ദേഹം കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി ആയിരിക്കുകയാണ്.. ഹരിപ്പാടിന്റെ പ്രതിനിധിയെ മുഖ്യമന്ത്രി കസ്സേരയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശ ഒട്ടും പ്രകടമാക്കാതെ ഹരിപ്പാട്ടുകാർ ആഹ്ലാദം പങ്കുവെച്ചു.. ഹരിപ്പാടിന്റെ ജനനായകനെയാണ് അവർ മന്ത്രിക്കസ്സേരയിലും പ്രതീക്ഷിക്കുന്നത്...
കേരളത്തിന്റെ പോലീസ് മന്ത്രി ആയതിൽപിന്നെ അദ്ദേഹത്തിന് ജനനായകൻ എന്ന ഭാവത്തിൽ നിന്നും ഒരു പോലീസ് മേധാവിയുടെ ഭാവപകർച്ച ഉണ്ടായോ എന്നൊരു സംശയം!! ഹരിപ്പാട്ട് ശ്രീ രമേശ് ചെന്നിത്തല ഉള്ള ദിവസ്സങ്ങളെല്ലാംതന്നെ പോലീസ് സാഗരമാണ്... മുൻപിലും പിന്നിലുമായി ഏറ്റവും കുറഞ്ഞത് നാലുവീതം പോലീസ് ജീപ്പുകൾ അദ്ദേഹത്തിന്റെ വാഹനത്തെ അനുഗമിക്കുന്നു.. മറ്റു വാഹനങ്ങൾ വേറെ.. പൈലറ്റ് ജീപ്പ് ലൈറ്റുകൾ പ്രകാശിപ്പിച്ച് ഹോണുകൾ മുഴക്കി സ്ഥലം MLA യ്ക്ക് സുഗമ വീഥി ഒരുക്കുമ്പോൾ അത് കാഴ്ചക്കാരനിൽ അലൊസ്സരത സൃഷ്ടിക്കുന്നു.. "ഇന്നലെവരെ കണ്ടയാളുതന്നെ അല്ലേ ഇത്", "മന്ത്രി ആയേന്റെ പത്രാസ്സു കാണിക്കുവാ", "ഇങ്ങേരിതാരെ പെടിച്ചോടുവാ" തുടങ്ങിവിധ അടക്കം പറച്ചിലുകൾക്കും കാരണമാകുന്നു..
ഇത്തരം അടക്കം പറച്ചിലുകളിൽ കഴമ്പൊടെ ആര്ക്കും തോന്നുന്ന ഒന്നുണ്ട്.. ആരെ ഭയക്കുന്നതിനാലാണ് എത്രയും പോലീസ് സന്നാഹങ്ങൾ എന്നത്!! സ്വന്തം മണ്ഡലത്തിൽ തന്നെ ആക്രമിക്കത്തക്ക വിധത്തിൽ ശത്രുക്കൾ ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നത് തന്നെ അദ്ദേഹത്തിന് ഉചിതമാകില്ല.. പിന്നെയൊരു ചോദ്യമുള്ളത്; സോളാർ സമരത്തിന്റെ ഭാഗമായി പൊതുജന മധ്യത്തിൽ കുറ്റാരോപിതനായി പൊതുവഴിയിൽ ആക്രമിക്കപ്പെട്ട കേരളമുഖ്യന്റെ സ്ഥിതി തനിക്കുമുണ്ടാകുമോയെന്ന് ശ്രീ രമേശ് ചെന്നിത്തല ഭയക്കുന്നുണ്ടോ എന്നതാണ്?? ഏതായാലും ഹരിപ്പാട് മണ്ഡലത്തിലെ പ്രതിനിധി തന്റെ മണ്ഡലവാസികളെ അക്രമികളെപ്പോലെ നോക്കികണ്ട് പോലീസ് സുരക്ഷയിൽ ഓടി രക്ഷപെടുന്ന കാഴ്ച ഒരു ഹരിപ്പാട് നിവാസ്സിക്ക് നയനസുഖം നൽകുന്ന ഒന്നാകാൻ തരമില്ല...
ജനപ്രതിനിധികൾ ജനങ്ങളിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന കാലമാണിത്.. ജനങ്ങളുടെ ഇടയിൽ നിന്നും ജനങ്ങളുടെ താൽപര്യത്തിൽ വിജയിക്കുന്നവൻ ദന്ദഗോപുരങ്ങളിലാണ് പിന്നീട് വസ്സിക്കുന്നതെന്നധാരണ ജനങ്ങളിലും, തങ്ങൾ അപ്രകാരം വസ്സിക്കേണ്ടവരാണെന്ന ധാരണ ജന പ്രതിനിധികളും വെച്ച് പുലർത്തുന്നു.. അധികാരവും പദവിയും ലാളിത്യത്തിന് വിലങ്ങുതടിയാണെന്ന് വിശ്വസ്സിക്കുന്ന പൊതു പ്രവർത്തകർ പിന്നീട് ജനമനസ്സുകളിലെ നിറം മങ്ങിയ ചിത്രങ്ങൾ മാത്രമാകുന്നു...
[Rajesh Puliyanethu
Advocate, Haripad]