എറിഞ്ഞവനെ കിട്ടിയില്ലെങ്കിൽ ഏറിനെ പ്രതിയാക്കുന്നതാണ് പോലീസ്സ് നയമെന്ന വിശ്വാസ്സവും ഭയവുമാണ് ഒരു വലിയ വിഭാഗം ആൾക്കാരെ സഹായമനസ്ഥിതികളിൽ നിന്ന് അകറ്റി നിർത്തുന്നത്... അപകടത്തിൽപ്പെട്ട ഒരുവനെ സഹായിച്ചു എന്നതുകൊണ്ട് നിങ്ങൾ പ്രതിചേർക്കപ്പെടുകയോ നിയമക്കുരുക്കിൽപ്പെട്ടുപോവുകയോ ചെയ്യില്ലെന്ന സർക്കാർ ഉറപ്പുകളെ വിശ്വസ്സിക്കാൻ ആരും തയ്യാറായിട്ടില്ല... കാരണം സർക്കാരുകൾ ഉറപ്പുകൾ മാത്രമേ നല്കുന്നുള്ളു... മറിച്ചു ആ ഉറപ്പുകൾ നടപ്പിലാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നില്ല... പോലീസ്സിന്റെ ഇതരവിഷയങ്ങളിലുള്ള മോശപ്പെട്ട പ്രവർത്തികൾ അടിക്കടി വാർത്തകളായി വരികയും ചെയ്യുന്നു... ഒരു അപകടത്തിൽപ്പെട്ടവനെ മുന്നിൽ കാണുമ്പോൾ, സ്വന്തം ജീവിതവും, ബുദ്ധിമുട്ടുകളും മറ്റൊരുവന്റെ ജീവനുമായി തുലനം ചെയ്തു ചിന്തിക്കുമ്പോൾ, സ്വന്തം ജീവിതം എന്ന തെരഞ്ഞെടുപ്പു നടത്താനാണ് ഭൂരിപക്ഷം മനുഷ്യരും താല്പര്യപ്പെടുന്നത്... തൊട്ടടുത്ത ഏതൊരു ചുവടിലും നാം സ്വയം സഹായം കേഴുന്നവന്റെ അവസ്ഥയിൽ എത്തിനിൽക്കാൻ സാധ്യത ഉണ്ടെന്ന തിരിച്ചറിവ് നമ്മെ കാഴ്ചക്കാരന്റെയോ, ഫോട്ടോഗ്രാഫറുടെയോ റോളിൽ നിന്നും മനുഷ്യനിലേക്ക് നയിച്ചേക്കാം...
എൻ്റെ രണ്ടു പ്രിയപ്പെട്ട സുഹൃത്തുക്കളുടേതുൾപ്പെടെ പല റോഡ് ആക്‌സിഡന്റുകളിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കേണ്ട നിയോഗം എനിക്ക് വന്നു ചേർന്നിട്ടുണ്ട്... അവിടെയൊക്കെ കണ്ടു നിൽക്കുന്നവരുടെ സഹകരണ മനസ്ഥിതികളും, പരിപൂർണ്ണമായ നിസ്സഹകരണങ്ങളും ഞാൻ കണ്ടിട്ടുണ്ട്... കൂടുതലും കണ്ടത് നിസ്സഹകരണങ്ങളാണെന്നു പറയുന്നതിൽ വിഷമവുമുണ്ട്... ഒപ്പം തന്നെ റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മകളെയും,, റോഡ് അപകടങ്ങളിൽപ്പെട്ടുകിടക്കുന്നവരെക്കുറിച്ചു ഏതുവിധത്തിൽ വിവരം ലഭിച്ചാലും രാത്രിയോ പകലോ എന്ന് ചിന്തിക്കാതെ രക്ഷാപ്രവർത്തനം നടത്താൻ സന്നദ്ധരായിട്ടുള്ള പ്രിയ സുഹൃത്തുക്കളെയും നന്ദിയോടെയും അഭിമാനത്തോടെയും ഓർക്കുന്നു...
അപകടങ്ങൾ കണ്ടതിൽ മറക്കാനാകാത്ത ഒരു അനുഭവം കൂടി ഞാൻ പറയാം... നാലഞ്ചു വർഷങ്ങൾക്കു മുൻപാണ്... ഹൈവേ സൈഡിൽ എൻ്റെ വീടിനു മുൻവശം റോഡിൽ ഒരു ശബ്ദം കേട്ടു... സമയം വൈകിട്ട് നാലു മണി ആയിട്ടുണ്ടാകണം.. ഞാൻ ശബ്ദം കാര്യമാക്കിയില്ല... ഞാൻ വീടിനുള്ളിൽ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു... ഒരു പത്തുമിനിട്ടു സമയത്തിലധികം കഴിഞ്ഞുകാണണം,, എൻ്റെ സുഹൃത്ത് പോകാൻ തയ്യാറായി ഞാൻ അദ്ദേഹത്തെ അനുഗമിച്ചു ഗേറ്റ് വരെ പോകാൻ തയ്യാറായി ഇറങ്ങിയപ്പോളാണ് റോഡിലെ ആൾക്കൂട്ടം എൻ്റെ ശ്രദ്ധയിൽപ്പെട്ടത്... ഞാൻ അവിടേക്ക് ചെന്നപ്പോൾ കണ്ടത് റോഡിൽ ഒരു ബൈക്ക് കിടക്കുന്നുണ്ട്... ചോര ഒലിച്ചുകൊണ്ടുതന്നെ ഒരു പയ്യൻ സമീപത്തു കിടക്കുന്നു... ബൈക്കിലെ സഹയാത്രികനായിരുന്ന മറ്റൊരു പയ്യൻ കാണാൻ കഴിയുന്ന വലിയ പരിക്കുകൾ ഒന്നും ഇല്ലാതെ നിൽക്കുന്നുണ്ട്... പക്ഷെ അയാൾ ഒന്ന് പകച്ച മട്ടാണ്... പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ശ്രമിക്കാതെ അവിടെ നിൽക്കുന്നു.. സംഭവ സ്ഥലത്തുനിന്നും Govt ആശുപത്രിയിലേക്ക് അര കിലോമീറ്റർ ദൂരം.. പോലീസ് സ്റ്റേഷനിലേക്ക് എഴുനൂറ് മീറ്ററിൽ താഴെ മാത്രം... പക്ഷെ ഇരുപതിൽ കുറയാത്ത കാഴ്ചക്കാർക്ക് അപകടത്തിൽപ്പെട്ടവർ മദ്യപിച്ചിരുന്നോ,, ആരുടെ കുറ്റംകൊണ്ടാണ് അപകടം സംഭവിച്ചത് തുടങ്ങിയ ചർച്ചകൾക്കുമാത്രമുള്ള ഇടമായിരുന്നു അത്... പൊലീസിലേക്ക് ഒന്ന് ഫോൺ ചെയ്യാനുള്ള സന്മനസ്സ് പോലും ആരും കാണിച്ചില്ല...
അവിടെ കൂടിനിന്ന പലരും എൻ്റെ പരിചയക്കാരായിരുന്നു... ആസ്പത്രിയിൽ കൊണ്ടു പോകുന്നതിനു ഒരു വണ്ടി തടഞ്ഞു നിർത്താനും വീണുകിടക്കുന്നയാളെ ഒന്നു പിടിച്ചുയർത്താനുമായി ചുറ്റും നിന്ന ഓരോ മുഖങ്ങൾക്കുനേരെ നോക്കിയും അഭ്യർഥിക്കേണ്ടിവന്നു... ഞാൻ ഒരു അഭിഭാഷകനാണെന്നും ഇതിനെ തുടർന്നുവരുന്ന എന്തു നൂലാമാലയ്‌ക്കും നിങ്ങളാരും ഉത്തരവാദികൾ ആകില്ല എന്നും ഉറപ്പു പറഞ്ഞു വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് കൂട്ടത്തിൽ ആരൊക്കെയോ ഹൈവേയിൽ പടിഞ്ഞാറുനിന്നും വന്ന ഒരു ഇന്നോവ കാർ തടഞ്ഞു നിർത്താൻ തയ്യാറായത്... വീണുകിടന്ന പയ്യനെ വണ്ടിയിലേക്ക് താങ്ങി കയറ്റിയത് ഞാനും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടാമത്തെ പയ്യനും കാഴ്ചക്കാരിലെ മറ്റൊരാളും മാത്രം ചേർന്നായിരുന്നു... അവിടെ നിന്ന ആൾക്കാരിലെ ആരെങ്കിലും ഒരാളെങ്കിലും കാറിൽ കയറണമെന്ന എൻ്റെ അഭ്യർത്ഥന ആരും ചെവിക്കൊണ്ടില്ല... ആശുപത്രിയിൽ എത്തിച്ചു നൽകി കാറുകാർ അവരുടെ വഴിക്കു പോയി... ആശുപത്രിയിൽ നിന്നും നടപടി ക്രമത്തിൽ പോലീസിൽ അറിയിച്ചിട്ടുണ്ടാകും തുടർചികിത്സയും ലഭ്യമായിട്ടുണ്ടാകും... തിരികെ വീട്ടിലേക്ക് നടന്നുവരുമ്പോൾ കാഴ്ചക്കാരായി ഉണ്ടായിരുന്ന പല പരിചിത മുഖങ്ങളെയും ഞാൻ കണ്ടു.. പക്ഷെ അവരാരും അപകടത്തിൽപ്പെട്ട പയ്യന്റെ യാതൊരു വിശേഷവും എന്നോട് ചോദിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി...
ഒരു കൈ സഹായം ലഭിക്കാതെ റോഡിൽ രക്തം വാർന്നു മരിക്കുന്നവർ എല്ലാക്കാലവും വാർത്തകൾ മാത്രമാണ്.. വെറും വാർത്തകൾ.. അടുത്ത പേജിലെ വാർത്തകളിലേക്ക് കണ്ണുകൾ പായുന്നതിനിടയിൽ ഒരു കഷ്ടം പറയുന്നതിനും മറ്റുള്ളവന്റെ മനുഷത്വരാഹിത്യത്തെ വിമർശിക്കാനുമുള്ള മൂന്നു നിമിഷങ്ങൾക്ക് അവസ്സരം നൽകുന്ന വെറും വാർത്ത...
സംഘടിതമായ ആളുകളാണ് ശക്തി എന്ന വിശ്വാസ്സത്തിൽ ഊന്നിനിന്നുകൊണ്ടുതന്നെ പറയട്ടെ; നിഷ്ക്രിയമായ ഇത്തരം ആൾക്കൂട്ടങ്ങൾ അശ്ലീലമാണ്.. ഈ ആൾക്കൂട്ടത്തിന് സദാചാര പോലീസ്സ് കളിക്കാൻ ഒരു അവസ്സരം കിട്ടട്ടെ... അവർ കാട്ടിത്തരും അവരുടെ സംഘടിത ശക്തിയും വീര്യവും എന്താണെന്ന്...
താനും തനിക്കു സ്വന്തമായതും മാത്രമാണ് ലോകമെന്നും മറ്റുള്ളവർക്ക് സംഭവിച്ചതെല്ലാം അവരുടെ കാര്യമെന്നും ഇത്തരം സംഭവങ്ങൾക്ക് തീണ്ടാപ്പാട് അകലെയാണ് എന്നും ഞാൻ എന്ന ചിന്തയുമാണ് പലയിടങ്ങളിലും വെറും കാഴ്ചക്കാരനായി മാത്രം നിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്... ഞാൻ ഉറച്ചു വിശ്വസ്സിക്കുന്നു,, മുൻപു പറഞ്ഞവിധമായ നിഷ്ക്രിയ ആൾക്കൂട്ടങ്ങളിൽ ഒരിക്കലും ഒരു പൊതുപ്രവർത്തകൻ ഉണ്ടാകില്ല.. ഏതു പാർട്ടിയുടെയോ സംഘടനയുടെയോ പ്രവർത്തകൻ എന്നല്ല,, പൊതുപ്രവർത്തകൻ എന്നാണ് ഉദ്ദേശിക്കുന്നത്.. പൊതുജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടു ജീവിക്കുന്നവരെയാണെല്ലോ നമ്മൾ പൊതു പ്രവർത്തകർ എന്ന് പറയുന്നത്... പൊതുവായത് ഒന്നുമില്ല, എല്ലാം എൻ്റെ കാര്യം എന്നു മാത്രം ചിന്തിക്കുന്നവർക്ക് മറ്റൊരുവന്റെ ചോരവാർന്നു പോകുന്നതിൽ എന്ത് വേദന!!?? സ്വന്തം ചോര അല്ലല്ലോ!??
സ്വയം നഷ്ടപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്ന മഹാമനുഷ്യരാകണമെന്നല്ല, ചെറിയ ഒരു അധ്വാനവും അല്പം സമയവും മാത്രം ചെലവഴിച്ചു ഒരു ജീവനോ ജീവിതമോ രക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.. നാം കാരണം ഒരാൾ രക്ഷപ്പെട്ടു എന്ന ആത്മാഭിമാനത്തിനും, ചാരുതാർഥ്യത്തിനും വേണ്ടിയെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും മറ്റൊരാളുടെ ജീവന് താങ്ങാകാൻ കിട്ടുന്ന അവസ്സരം വിനിയോഗിക്കൂ...
[Rajesh Puliyanethu @ PuliyanZ
Advocate, Haripad]