കഴിഞ്ഞ ദിവസ്സം എനിക്ക് എറണാകുളത്തു വരെ പോകേണ്ടാ ആവശ്യമുണ്ടായി... കാറിലായിരുന്നു യാത്ര.... അരൂർ ടോൾ ബൂത്തിൽ എത്തി വാഹനം നിർത്തി ടോൾ എടുത്തു... അവിടെ എന്റെ ശ്രദ്ധ ആകർഷിച്ചത് എന്തെന്നാൽ, ടോൾ ബൂത്തിൽ നിന്നും വാഹനങ്ങൾ പുറത്തു കടക്കുന്നയിടത്ത് ഒരു പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നു.. ഹോം ഗാർഡ് ഉൾപ്പടെ മൂന്നുനാലു പോലീസ്സുകാർ 'ഏതെങ്കിലും വാഹനം ടോൾ ബൂത്തിൽ പണം കൊടുക്കാതെ കടന്നുപോയാൽ തടയാൻ തയ്യാറായി നിൽക്കുന്നു'...
എന്റെ സംശയം ഇതാണ്, എന്തിനാണ് ഒരു പ്രൈവറ്റ് കമ്പനി ലേലം കൊണ്ട് പിരിവു നടത്തുന്ന ഒരു ടോൾ ബൂത്തിൽ കുത്തകകളെ സഹായിക്കാൻ പോലീസ് പോയി കാവൽ നിൽക്കുന്നത്എന്നാണ് ??
ടോൾ ബൂത്തിൽ നിന്നും ഒരു വാഹനം ടോൾ നൽകാതെ വെട്ടിച്ചു കടന്നാൽ സർക്കാരിന് എന്ത് നഷ്ട്ടം?? സര്ക്കാര് ശമ്പളം നൽകുന്ന പൊലീസ്സിന്റെ കാവൽ എന്തിനാണ് ടോൾ പിരിവിനു നല്കുന്നത്?? ടോൾ നഷ്ട്ടപ്പെടാതെ നോക്കേണ്ട ബാദ്ധ്യത ടോൾ കമ്പനിക്കാണ്.. സർക്കാരിനല്ല...
ടോൾ നൽകുക എന്നത് നിയമപരമായ ബാദ്ധ്യതയാണെന്നും, അത് നൽകാതെ കടന്നു പോകുന്നത് ഒരു കുറ്റക്രിത്യമാണെന്നും അത് തടയുക എന്നത് പോലീസിന്റെ ചുമതലയാണ്, എന്ന വാദം ഉന്നയിക്കുന്നവർ ഉണ്ടായേക്കാം... അത് അങ്ങീകരിക്കപ്പെട്ടാൽ ഓരോ പെട്ടിക്കടയിൽ വരെ പോലീസ്സ് കാവലായി നിൽക്കേണ്ടിവരും എന്നാണ് എന്റെ പക്ഷം... പച്ചക്കറിക്കടയിൽ നിന്നും സാധനം വാങ്ങി ആരെങ്കിലും പണം നൽകാതെ പോകുന്നോ, പെട്രോൾ അടിച്ചതിനു ശേഷം പണം നല്കാതെ പോകുന്നോ, പൊതു ശവുചാലയങ്ങൾ ഉപയോഗിച്ച് ആരെങ്കിലും പണം നൽകാതെ പോകുന്നോ .... അങ്ങനെ പോലീസിന്റെ ഉത്തരവാദിത്വം പതിന്മടങ്ങ് വർദ്ധിക്കും....
ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ എങ്ങനെ പോലീസ്സ് സഹായം എത്തുന്നോ, അത്രമാത്രമേ ടോൾ കമ്പനിക്കും നൽകേണ്ടതുള്ളൂ.. ആരെങ്കിലും സ്ഥാപനത്തിന് നഷ്ട്ടമുണ്ടാകും വിധം കുറ്റകരമായത് ഒന്ന് ചെയ്‌താൽ അതിന്മേൽ പരാതി സ്വീകരിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക... മറിച്ച് സർക്കാർ ശമ്പളം പറ്റി ടോൾ ബൂത്തിനു കാവൽ നില്ക്കുക എന്നത് പോലീസ് വകുപ്പിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന നടപടിയാണെന്നെ പറയാൻ കഴിയൂ..
പരാതി പറയാൻ ചെല്ലുന്നവനെത്തന്നെ കുനിച്ചു നിർത്തി ഇടിച്ച്, കൈയ്യിലുള്ളതും പിഴിഞ്ഞ് വാങ്ങി നാല് തെറിയും പറഞ്ഞു വിടാൻ ഉൽസ്സുകതയൊടെ കാത്തിരിക്കുന്ന നമ്മുടെ പോലീസ്സാണ് ടോൾ നൽകാതെ പോകുന്നു എന്ന ചെറിയ കുറ്റം നടക്കാൻ സാദ്ധ്യത ഉണ്ട് എന്ന് മനസ്സിലാക്കി എത്തി അത് തടയുവാൻ വേണ്ടി കാവൽ കിടക്കുന്നത്...
പണവും സ്വാധീനവും ഉള്ളവന്റെ സേവകനായും ഇല്ലാത്തവന്റെ പേടിസ്വപ്നമായും വർത്തിക്കുന്ന നമ്മുടെ പോലീസ്സ് സംവിധാനം ഒരു 'മിനിമം അന്തസ്സ്' കൈവരിക്കുന്നത് അതിവിദൂരതയിലല്ല എന്ന് നമുക്ക് ആശിക്കാം...
[Rajesh Puliyanethu
Advocate, Haripad]