Monday, 8 February 2021

ആരാണ് 'സാധാരണക്കാരൻ'....???


       ആരാണ് സാധാരണക്കാരൻ എന്ന് സന്ദർഭവശാൽ ഒരു സുഹൃത്ത് ചോദിച്ചു... ആരാണ് സാധാരണക്കാരൻ എന്ന് അദ്ദേഹത്തിന് ധാരണ ഇല്ലാത്തതിനാലാണ് അങ്ങനെ ചോദിച്ചതെന്ന് കരുതുക വയ്യ... ആ ചോദ്യം ഒരാൾക്ക് നേരെ ചോദിച്ചാൽ വിശദീകരിയ്കുക ശ്രമകരമാകുമെങ്കിലും നമുക്കെല്ലാം ആരാണ് സാധാരണക്കാരൻ എന്ന് വ്യക്തമായി അറിയാം... കാരണം നമ്മളിലെല്ലാം ഒരു സാധാരണക്കാരനുണ്ട്... ഉപ്പിന്റെ രുചി എന്തെന്ന് ചോദിച്ചാൽ നമുക്കെല്ലാം അറിയാം... ഉപ്പു കഴിച്ചിട്ടുള്ളവന് മാത്രമേ ഉപ്പിന്റെ രുചി തിരിച്ചറിയാനും കഴിയൂ... എങ്കിലും നമുക്കെല്ലാം ഉപ്പിന്റെ രുചി തിരിച്ചറിയാം... കാരണം നാമെല്ലാവരും ഉപ്പ് കഴിച്ചിട്ടുള്ളവരാണ്... അതുപോലെ നമുക്കെല്ലാം സാധാരണക്കാരൻ ആരാണെന്നു നന്നായി അറിയാം... 

       സാമൂഹിക ജീവിതത്തിൽ പണത്തിനു വളരെയധികം പ്രാധാന്യം ഉള്ളതിനാൽ, 'സമ്പത്ത് ഇല്ലാത്തവൻ സാധാരണക്കാരൻ' എന്ന രീതിയിൽ വിശദീകരിക്കപ്പെടുന്നു... മറ്റൊരു വ്യാഖ്യാനം കേട്ടത് വിദ്യാഭ്യാസം ഇല്ലാത്തവനാണ് സാധാരണക്കാരൻ എന്നതാണ്... എന്നാൽ അതൊന്നുമല്ല സാധാരണക്കാരൻ എന്നതാണ് എൻ്റെ പക്ഷം... "ഏതൊരു വ്യവസ്ഥയോടും അകന്നു നിൽക്കുന്നവനാണ് സാധാരണക്കാരൻ"... സാധാരണക്കാരൻ ആവുക എന്നത് മേന്മയേറിയ കാര്യമല്ല... എന്നാൽ ഏതെങ്കിലുമൊക്കെ വ്യവസ്ഥകളോട് സാധാരണക്കാരനായിരിക്കാൻ കഴിയാത്തവരായി ആരുമില്ല... ""സാധാരണക്കാരനായി ഇരിക്കാൻ കഴിയാത്തത് ദൈവത്തിനു മാത്രമാണ്""... ഇവിടെ 'വ്യവസ്ഥ' എന്ന വാക്കിനെ വിശാലമായ അർഥത്തിൽ കാണുകയും വേണം...

       'സമ്പത്ത്' എന്നതിനെ ഒരു വ്യവസ്ഥയായി സ്വീകരിക്കുമ്പോളാണ് സമ്പത്ത് ഇല്ലാത്തവൻ സാധാരണക്കാരനാകുന്നത്... അവിടെ സമ്പത്തില്ലാത്തവൻ എന്ന നിർവചനത്തിൽ മാത്രം സാധാരണക്കാരൻ എന്നതിന്റെ വിശദീകരണം ഒതുങ്ങി നിൽക്കുന്നില്ല... 'വിദ്യാഭ്യാസം' എന്ന വ്യവസ്ഥയെ 'സമ്പത്ത്' എന്ന വ്യവസ്ഥക്ക് പകരം വെച്ച് ചിന്തിച്ചു നോക്കൂ... അവിടെ വിദ്യാഭ്യാസം ഇല്ലാത്തവനാണ് സാധാരണക്കാരൻ... സമ്പത്ത് ഉള്ളവനും വിദ്യാഭ്യാസം ഇല്ലാത്തവനും ആയ ഒരുവനെക്കുറിച്ചു ചിന്തിക്കൂ... അവൻ സമ്പത്തിന്റെ കാര്യത്തിൽ അസാധാരണനും, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സാധാരണക്കാരനുമാണ്... അതുപോലെ തന്നെ തിരിച്ചും ചിന്തിച്ചാലോ? വിദ്യാഭ്യാസം ഉള്ളവനും, സമ്പത്ത് ഇല്ലാത്തവനുമായ ഒരുവനോ?? അവൻ സമ്പത്ത് എന്ന വ്യവസ്ഥിതിയിൽ അയാൾ സാധാരണക്കാരനാണ്... ഇവിടെയെല്ലാം ഏതെല്ലാം വ്യവസ്ഥയിൽ നിന്നാണോ ഒരുവൻ അകന്നു നിൽക്കുന്നത് ആ വ്യവസ്ഥയിൽ അവൻ സാധാരണക്കാരനാകുന്നു... ആ വ്യവസ്ഥയിൽ മാത്രം... 

       ഒരു പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദ്ധനെക്കുറിച്ചു ചിന്തിക്കൂ... ഹൃദയമാറ്റ ശസ്ത്രക്രിയകൾ പോലും അതി വിദക്തമായി നടത്തുന്ന ഒരു ഡോക്ടർ... ഒരു ചെറിയ ഡിസ്പെന്സറിയിൽ ഇരുന്നു ചികിൽസകൾ നടത്തുന്ന മറ്റൊരു ഡോക്ടർ... അദ്ദേഹത്തിൻറെ ചികിൽസയിൽ കോമ്പ്ലിക്കേറ്റഡ് ആയ വിഷയങ്ങൾ അദ്ദേഹം മുൻപ് പറഞ്ഞ  പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദ്ധന്റെ ചികിൽസക്കായി നിർദ്ദേശിച്ചയക്കുന്നു... അവിടെ ഈ രണ്ടു ഡോക്ടർ മാരേയും തുലനം ചെയ്തു സംസ്സാരിക്കുമ്പോൾ നമ്മൾ ഡിസ്പെൻസറിയിലെ ഡോക്ടറെക്കുറിച്ചു പറയും "സാധാരണ ഡോക്ടര്"... അദ്ദേഹം നടത്തിവരുന്ന ചെറിയ ഡിസ്പെൻസാറിയെക്കുറിച്ചു പറയും "സാധാരണ ഡിസ്‌പെൻസറി".. ആദ്യം പറഞ്ഞ ഡോക്ടർ എങ്ങനെ അസാധാരണമോ,, പ്രഗത്ഭമോ ആയി?? ചെറിയ ഡിസ്‌പെൻസറി എങ്ങനെ സാധാരണവും സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എങ്ങനെ പ്രഗല്ഭമായി?? ഉത്തരം നിസ്സാരമാണ്... അവിടെ ഹൃദ്രോഗ ചികിൽസ എന്ന വ്യവസ്ഥയുമായി കൂടുതൽ അകന്നു നിൽക്കുന്ന സംവിധാനം "സാധാരണം" എന്ന് പറയുന്നു... ഇതേ ഡിസ്‌പെൻസറിയിലെ ഡോക്ടറെ ഒരു മരംവെട്ടുകാരനുമായി ചേർത്തു ഹൃദ്രോഗ ചികിൽസ ചിന്തിക്കൂ.. അവിടെ മരംവെട്ടുകാരൻ സാധാരണക്കാരനാണ്... എന്നാൽ മരം വെട്ടുകലയാണ് വ്യവസ്ഥയെങ്കിൽ ഡോക്ടർ സാധാരണക്കാരനാണ്... 

       പ്രസക്തമായ ഓരോ അവസരത്തിലും ഉയർന്നു വരുന്ന അവസ്ഥയോട്  എത്രത്തോളം ചേർന്നു നിൽക്കുന്നു എന്നതാണ് 'സാധാരണം' എന്ന വിശേഷണത്തിന് ഹേതുവാകുന്നത്‌... പ്രസ്തുത വ്യവസ്ഥയോട് അകലം കൂടുന്തോറും സാധാരണക്കാരന്റെ പ്രതികരണത്തിലും, പെരുമാറ്റത്തിലും, സമീപനങ്ങളിലും വ്യക്തതയും കാതലും കുറയുന്നതായും കാണാം... അത് സ്വോഭാവികവുമാണ്... പക്ഷെ തൻ്റെ പ്രസ്തുത വ്യവസ്ഥയോടുള്ള അകലക്കൂടുതലാണ് തന്റെ സമീപനത്തിലെ പോരായ്മ എന്നത് മനസ്സിലാക്കാതെ ആ ''സാധാരണ" പ്രതികരണത്തെ ആധികാരികമെന്ന് കരുതി നിലകൊള്ളുന്ന കാഴ്ചയും നമ്മൾ കാണാക്കാറുണ്ട്... 

       ചിലർ ചില വിഷയങ്ങളോട് വൈകാരികമായും, തീഷ്ണമായും പ്രതികരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.. അതിനൊരു ഉദാഹരണമാണ് ചില "മതവികാരങ്ങൾ വൃണപ്പെട്ടു" എന്ന നിലയിലെ പെരുമാറ്റങ്ങൾ... പക്ഷെ അദ്ധ്യാത്‌മികതയിലും,, മത ചിന്തയിലും ആഴമേറിയ പഠനങ്ങൾ നടത്തിയവർ അപ്രകാരം എല്ലാ വിഷയങ്ങളിലും തീഷ്ണമായി പ്രതികരിക്കുന്നത് കണ്ടിട്ടില്ല... അതിനു കാരണം അവർ പ്രസ്തുത വ്യവസ്ഥയോട് കൂടുതൽ അടുത്തു നിൽക്കുന്നു എന്നതാണ്... ചടുലമായ പ്രതികരണം പലപ്പോഴും "സാധാരണ" യുടെ സവിശേഷതയാണ്...  പക്ഷെ ഈ സവിശേഷതയെ അഡ്രെസ്സ് ചെയ്യാതെ പോകാൻ കഴിയുകയുമില്ല... കാരണം ഏതൊരു വ്യവസ്ഥയോടും ചേർത്തു നിർത്തുമ്പോൾ ആ വ്യവസ്ഥയിലെ സാധാരണക്കാരാണ് അധികവും... 

       ഒരു സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്...  'ലളിതമായാണ്' എന്ന് മാത്രമാണവിടെ .അർത്ഥമാക്കുന്നത്... പക്ഷെ ലളിതമാകുന്നത് വ്യവസ്ഥയോട് അകലം പാലിക്കുന്നത് ആകുമ്പോൾ അതത്ര മേന്മയുള്ളതാകുന്നില്ല...

[Rajesh Puliyanethu

 Advocate, Haripad]