Thursday, 19 November 2020

തിരക്കുകൾ പരിഭവങ്ങൾ...

      

     ആൾക്കൂട്ടങ്ങളെ നിബന്ധനകളോടെ മാത്രം ഇഷ്ട്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും... ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ മാത്രമല്ല,, മുൻപും നമ്മൾ ആൾക്കൂട്ടത്തെ അനിഷ്ടത്തോടെയായിരുന്നു സംബോധന ചെയ്തിരുന്നത്.. നമ്മളെപ്പോലെ പല വ്യക്തികളുടെ സംഗമമാണിതെന്ന സഹജീവി മര്യാദ പോലും പുലർത്താതെ നമ്മൾ ആൾക്കൂട്ടങ്ങളെക്കുറിച്ചു ഈർഷ്യയോടെ സംസാരിച്ചിട്ടുണ്ട്.. നമ്മുടെ സുഖപരിധിയിലേക്ക് കടന്നു കയറുന്നതാണ് ആൾക്കൂട്ടങ്ങൾ എന്ന് നമ്മൾ മനസ്സുകൊണ്ട് നിശ്ചയിച്ചിരുന്നു... ഒരു മാർക്കറ്റിൽ പോയി വന്ന് നീരസത്തോടെ "എന്തൊരാളായിരുന്നു അവിടെ" എന്ന് പരിഭവത്തോടെ പറഞ്ഞവരാണ് നമ്മളിൽ പലരും... ആരാധനാലയങ്ങളിൽ,, വ്യാപാര സ്ഥാപനങ്ങളിൽ,, ട്രെയിനിൽ,, ബസ്സിൽ,, സർക്കാർ ഓഫീസുകളിൽ അങ്ങനെ പലയിടങ്ങളിലും നമ്മൾ ആൾക്കൂട്ടത്തെ പഴിച്ചിട്ടുണ്ട്.. തന്നെപ്പോലെതന്നെ മറ്റൊരാളും,, അങ്ങനെ പലപല വ്യക്തികളാണ് ഈ ആൾക്കൂട്ടങ്ങൾ എന്നതാണ് നാം മറന്നുപോകുന്ന കാതലായ കാര്യം... അവിടുത്തെ "തന്നെപ്പോലെതന്നെ" എന്ന പ്രയോഗത്തിനാണ് പ്രാധാന്യം.. കാരണം ആ ഒരു കൂട്ടത്തിൽ ഓരോരുത്തരുടെയും ആവശ്യത്തെ എടുത്താൽ അത് 'തൻ്റെ ആവശ്യത്തിനു സമാനം' എന്ന് കാണാം.. തൻ്റെ അതേ ആവശ്യവുമായി ഒരു പ്രത്യേക സ്ഥലത്ത് ഒത്തു കൂടേണ്ടി വന്ന ഒരു കൂട്ടം വ്യക്തികളെത്തന്നെയാണ് നമ്മൾ പരിഭവത്തോടെ "എന്തൊരാളാണിത്" എന്ന് പറഞ്ഞത്... ചിലർ കുറച്ചുകൂടി കടന്ന് "ഇവർക്കൊന്നും വേറെ പണിയൊന്നും ഇല്ലേ" എന്നുവരെ ചോദിച്ചു കളയും... തന്നെപ്പോലെ യാത്ര ചെയ്യുക എന്ന അതേ ഉദ്ദേശത്തിലാണ് മറ്റൊരുവനും ബസ്സിലുള്ളത്.. ബസ്സിൽ മറ്റു നൂറുപേർ ഉണ്ടെകിൽ അവരുടെ എല്ലാം ഉദ്ദേശം ഒന്നാണ്... "യാത്ര ചെയ്യുക"... എന്നാൽ അതൊരു ആൾക്കൂട്ടമാകുമ്പോൾ നമ്മൾ പരസ്പ്പരം "തിരക്ക്" എന്ന സാമാന്യതയുടെ ഭാഗമാവുകയും പരസ്പരം ഇടുങ്ങിനിന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു... 

     മുൻകാലങ്ങളിൽ ആൾക്കൂട്ടവും, തിരക്കും ഒരു പരിഭവം ആയിരുന്നെങ്കിൽ കോവിഡ് കാലത്ത്  ശത്രുതയാണ്... സൂപ്പർ മാർക്കറ്റിൽ,, ആരാധനാലയങ്ങളിൽ ect പോയിവരുന്നവർ സംസാരിക്കുന്നത് കൗതുകം ഉയർത്തും... "മനുഷേരെല്ലാം ഇതെന്തോ ഭാവിച്ചോണ്ടാ",, "ഇവറ്റകൾക്കൊക്കെ വീട്ടിലിരുന്നോടെ",, "ഒരു ബോധമില്ലേ ഇവനൊന്നും".... അങ്ങനെ നീളുന്നു വിരോധം സ്പുരിക്കുന്ന വിമർശനങ്ങൾ... ഇവിടെ മാർക്കറ്റിൽ കണ്ട ഒന്നാമനും, നൂറാമനും സാധനങ്ങൾ വാങ്ങാനാണ് അവിടെ എത്തിയത്... ആരാധനാലയത്തിൽ വന്ന ഒന്നാമനും, നൂറാമനും ആരാധനക്കാണ് എത്തിയത്... പക്ഷെ തന്നെപ്പോലെതന്നെ എല്ലാ ആവശ്യങ്ങളിലും സമാനതകളോടെ അവിടെയെത്തിയ മറ്റൊരാൾ നമുക്ക് കേവലം ആൾക്കൂട്ടത്തിന്റെ ഭാഗം മാത്രമാണ്... മറ്റൊരുവന്റെ കണ്ണിൽ ആൾക്കൂട്ടവും,, തിരക്കും ആയാണ് തന്നെയും വിശേഷിപ്പിക്കപ്പെടുന്നതെന്ന് നമ്മൾ മറക്കുന്നു...

     എന്നാൽ ആൾക്കൂട്ടത്തെ നമ്മൾക്ക് ഇഷ്ടവുമാണ്... ഇതേ ആൾക്കൂട്ടം എപ്പോഴെങ്കിലും നമ്മുടെ മേന്മയുടെ ഭാഗമായി വരുമ്പോൾ നമുക്ക് ഇതേ ആൾക്കൂട്ടത്തിനോട് വലിയ ഇഷ്ടമാണ്.. നമ്മൾ വിളിച്ചു ചേർക്കുന്ന ഒരു സമ്മേളനത്തിൽ,, ഒരു ചടങ്ങിൽ അങ്ങനെ പലതിലും ഇതേ ആൾക്കൂട്ടം നമുക്ക് ഇഷ്ടമാണ്... സൂപ്പർ മാർക്കറ്റിൽ കാണുന്ന "തിരക്കിനെ" കട ഉടമയ്ക് ഇഷ്ടമാണ്.. കസ്റ്റമറിൽ ഓരോരുത്തർക്കും മറ്റൊരുവൻ അസഹനീയമായ "തിരക്കാണ്".. അതേ മാർക്കറ്റ് ഉടമ വാഹനവുമായി റോഡിലേക്കിറങ്ങുമ്പോൾ റോഡിൽ കാണുന്ന മറ്റ് അനവധി വാഹനങ്ങൾ തിരക്കിൻറെ ഭാഗമാണ്.. ആ വാഹനങ്ങളിൽ ഉള്ളവർ പലരും തൻ്റെ കടയിലെ കസ്റ്റമേഴ്സ്  ആണ്.. അവിടെ തിരക്കിലെ ഇഷ്ടാനിഷ്ടങ്ങൾ മാറി വരുന്നതുകാണാം..

    മനുഷ്യർ ചിന്തിച്ചുറച്ചു പ്രകടിപ്പിക്കാത്ത ഒരുതരം സ്വാർത്ഥചിന്തയാണിത്... വലിയ പരിക്കുകൾ ഇതൊന്നും സമൂഹത്തിൽ സൃഷ്ട്ടിക്കുന്നുമില്ല.. വെറുതെ ആലോചനയുടെ ഒരു വഴി എന്ന നിലയിൽ പറഞ്ഞു എന്നു മാത്രം...

[Rajesh Puliyanethu

 Advocate, Haripad] 

Tuesday, 1 September 2020

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ..

 ഇന്ന് ശ്രീനാരായണ ഗുരു ജയന്തി.. മതത്തിനും, ജാതിക്കും, സമൂഹത്തിനും, വിശ്വാസങ്ങൾക്കും, ദൈവീകതക്കും, ചിന്തകൾക്കും, സ്വാതന്ത്ര്യബോധത്തിനും, അഭിമാനത്തിനും, വ്യക്തിത്വത്തിനും, കാവ്യാത്മകമായ ചേതനകൾ കൊണ്ട് സമൃദ്ധമാക്കിയ യുഗപ്രഭാവൻ്റെ ജന്മദിനം.. 

ആശംസകൾ.. 

ഗുരുദേവ ജന്മദിനങ്ങളിൽ ആശംസകൾ അർപ്പിച്ചു പോകുമ്പോൾ അദ്ദേഹം തുറന്നു വെച്ച ചിന്തയുടെ അനേകം ജാലകങ്ങളിൽ ചിലതെങ്കിലും നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!?.. 

ഗുരുദേവനെ ഈ വിധം മഹാ പ്രഭാവത്തോടെ ഈ ലോകത്തിനു സമ്മാനിച്ചതിൽ ആ കാലത്തിനും സമൂഹത്തിനും അഭിമാനാർഹമായ പങ്കുണ്ടായിരുന്നു.. ഗുരുവിനെ കേൾക്കാനും, അനുസരിക്കാനും ആക്കാല സമൂഹം തയ്യാറായിരുന്നു.. അദ്ദേഹത്തിൻ്റെ ഉദ്ബോധനങ്ങളെ ബഹുമാനത്തോടെ ഏറ്റെടുത്തിരുന്നു.. ഗുരു ജീവിച്ചിരുന്നത് ഇന്നായിരുന്നെങ്കിലൊ?? ഒരു ഹിന്ദു സന്യാസി എന്ന പേരിൽ അദ്ദേഹത്തെ അവഗണിക്കാനും, പരിഹസിക്കാനുമല്ലേ ഒരു വലിയ സമൂഹം ശ്രമിക്കുമായിരുന്നുള്ളൂ..!?? നിങ്ങൾ പ്രതിഷ്ഠിച്ച ഈഴവ ശിവൻ ജാതി വെറിയുടെ ശിവനാണെന്നു വിളിച്ചു പറഞ്ഞ് അദ്ദേഹത്തിൻ്റെ ആശ്രമത്തിലേക്ക് മാർച്ചു നടത്താനും, തല്ലിത്തകർക്കാനും എത്രയോ വിപ്ലവ യുവജന സംഘടനകൾ ഉണ്ടാകുമായിരുന്നു? റാം, റാം എന്നുരുവിടുന്ന ജീവനുള്ള ഒരു ഗാന്ധിക്ക് വർത്തമാനകാല ഇന്ത്യയിൽ വിദ്വേഷത്തിൻ്റെ വക്താവ് എന്ന ലേബൽ ചാർത്തി നൽകാതെ ഒരു സ്വീകാര്യത ലഭിക്കുമായിരുന്നോ?? ചാനൽ ചർച്ചകളിലെ സൊ കോൾഡ് പുരോഗമന വാദികളുടെ അലർച്ചകളിൽ ഗുരുവിൻ്റേയും, ഗാന്ധിയുടേയും അർത്ഥസമ്പുഷ്ടമായ മൃദുസ്വരങ്ങൾ കേൾക്കാൻ സാധാരണക്കാരന് കഴിയുമായിരുന്നോ?? 

അന്നത്തെ കാലഘട്ടത്തെ ചിന്തയിലും, പ്രവർത്തിയിലും ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിരുന്ന ഗുരുദേവൻ തിരികെ വന്ന് ഇന്നത്തെക്കാലത്തെ അഡ്രസ്സ് ചെയ്യാൻ തയ്യാറായാൽ കേൾക്കാനും, അനുസ്സരിക്കാനും എത്ര ആൾക്കാർ ഉണ്ടാകും.. തീർച്ചയാണ്, ഇന്നത്തെ സമൂഹം പക്ഷപാതിയല്ലാത്ത ഗുരുവിനെ ജീവനോടെ തന്നെ കുരിശിൽ തറക്കും.. പ്രതീകാത്മകമായി കുരിശിൽ തറച്ചവർ അതിനു മടിക്കില്ലല്ലോ.. അതാണ് സമൂഹത്തിനു സംഭവിച്ച മൂല്യച്യുതി... 

ഇന്ന് നിറങ്ങൾക്കാണ് പ്രാധാന്യം.. വേഷത്തിൻ്റെയും, കൊടിയുടേയും, തൊലിയുടേയും നിറങ്ങൾക്ക്... പ്രാധാന്യമില്ലാതെ പോകുന്നത് ചോരയുടെ നിറത്തിനു മാത്രവും.. വ്യത്യസ്തയില്ലാത്തതു കൊണ്ട് വിലപോയ നിറമാണല്ലോ ചോരക്കുള്ളത്.. വാക്കുകൾക്കും, ആശയങ്ങൾക്കും ഉണ്ടായ വിലയിടിവുമായി തുലനം ചെയ്യുമ്പോൾ ചോരക്ക് കറുകനാമ്പോളം വില കൂടുതലുണ്ടെന്നു തോന്നുമെന്നു മാത്രം..

അറിവുള്ളവനേയും, ആദർശധീരനേയും അംഗീകരിക്കാൻ തയ്യാറല്ലാത്ത എന്നാൽ പരിഹസ്സിക്കാൻ മാത്രം തയ്യാറായ വർത്തമാനകാലത്തിൽ ഇനിയുമൊരു ഗുരവോ ഗാന്ധിയോ ഉണ്ടാകില്ല.. ഗുരുവിനെ വന്ദിക്കുമ്പോൾ ഗുരുവിൻ്റെ ഉദ്ബോധനങ്ങളെ നമ്മൾ തമസ്കരിക്കുന്നു എന്നതിൻ്റെ തെളിവുകൂടിയാണത്..

ഗുരുദേവ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ പ്രാപ്തമായ ഒരു സമൂഹം ഇവിടെ ഉണ്ടാകുമെന്ന പ്രത്യാശയോടെ ഒരിക്കൽക്കൂടി ഗുരുദേവ ജയന്തി ആശംസകൾ...

[Rajesh Puliyanethu 

Advocate, Haripad]


Sunday, 2 August 2020

റോഡിൽ പൊലിയുന്ന ജീവിതങ്ങൾ.... 😭😭


       വാഹന അപകടങ്ങളിൽ മരണമടയുന്നവരുടെ കണക്കുകൾ തന്നെ നമ്മെ ഭയപ്പെടുത്തുന്നതാണ്... ജീവൻ ഏറ്റവും അധികം അപകടത്തിലാക്കികൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യം റോഡ് ഗതാഗതം ആണെന്ന് തോന്നിപ്പോകും... എന്നാൽ റോഡു ഗതാഗതത്തെ ആശ്രയിക്കാതെ ജീവിക്കാൻ ആർക്കും കഴിയുകയുമില്ല... ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഓരോരുത്തരും അപകടത്തിൻ്റെ തൊട്ടടുത്താണ്.. അപകടം സംഭവിക്കാതെ പോകുന്നത് ഭാഗ്യം എന്ന് മാത്രം കരുതാൻ കഴിയുന്ന അവസ്ഥ... കാര്യങ്ങൾ ഇങ്ങനെ നിൽക്കുമ്പോൾ നമ്മൾ ഒന്നു ദയ കാട്ടിയിരുന്നെങ്കിൽ വഴിയിൽ ചോരവാർന്നു മരിക്കുക എന്ന വിധിയെ മറികടക്കാൻ കഴിയുമായിരുന്നവരെക്കുറിച് ഒന്ന് ചിന്തിച്ചു നോക്കൂ.. അവരെ വിധിക്കു വിട്ടുകൊടുത്തു നോക്കി നിന്ന ക്രൂരത എത്ര വലുതായിരുന്നു എന്ന്..!! ഒന്നു കൈത്താങ്ങാകാൻ നിന്നുകൊടുക്കാതെ നോക്കിനിന്ന കുറ്റബോധത്താൽ ഒന്നു നെടു വീർപ്പിടാൻ പോലും കാഴ്ചക്കൂട്ടങ്ങൾ തയ്യാറാകില്ല... കാരണം മനസ്സിൽ അല്പമെങ്കിലും ആർദ്രത ഉണ്ടായിരുന്നെങ്കിൽ ചോരവാർന്ന് ഒരു സഹജന്മം മരിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെ നോക്കിനിൽക്കാനോ അവഗണിക്കാനോ കഴിയില്ലായിരുന്നു.... 

       എറിഞ്ഞവനെ കിട്ടിയില്ലെങ്കിൽ ഏറിനെ പ്രതിയാക്കുന്നതാണ് പോലീസ്സ് നയമെന്ന വിശ്വാസ്സവും ഭയവുമാണ് ഒരു വലിയ വിഭാഗം ആൾക്കാരെ സഹായമനസ്ഥിതികളിൽ നിന്ന് അകറ്റി നിർത്തുന്നത്... അപകടത്തിൽപ്പെട്ട ഒരുവനെ സഹായിച്ചു എന്നതുകൊണ്ട് നിങ്ങൾ പ്രതിചേർക്കപ്പെടുകയോ നിയമക്കുരുക്കിൽപ്പെട്ടുപോവുകയോ ചെയ്യില്ലെന്ന സർക്കാർ ഉറപ്പുകളെ വിശ്വസ്സിക്കാൻ ആരും തയ്യാറായിട്ടില്ല... കാരണം സർക്കാരുകൾ ഉറപ്പുകൾ മാത്രമേ നല്കുന്നുള്ളു... മറിച്ചു ആ ഉറപ്പുകൾ നടപ്പിലാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നില്ല... പോലീസ്സിന്റെ ഇതരവിഷയങ്ങളിലുള്ള മോശപ്പെട്ട പ്രവർത്തികൾ അടിക്കടി വാർത്തകളായി വരികയും ചെയ്യുന്നു... ഒരു അപകടത്തിൽപ്പെട്ടവനെ മുന്നിൽ കാണുമ്പോൾ, സ്വന്തം ജീവിതവും, ബുദ്ധിമുട്ടുകളും മറ്റൊരുവന്റെ ജീവനുമായി തുലനം ചെയ്തു ചിന്തിക്കുമ്പോൾ, സ്വന്തം ജീവിതം എന്ന തെരഞ്ഞെടുപ്പു നടത്താനാണ് ഭൂരിപക്ഷം മനുഷ്യരും താല്പര്യപ്പെടുന്നത്... തൊട്ടടുത്ത ഏതൊരു ചുവടിലും നാം സ്വയം സഹായം കേഴുന്നവന്റെ അവസ്ഥയിൽ എത്തിനിൽക്കാൻ സാധ്യത ഉണ്ടെന്ന തിരിച്ചറിവ് നമ്മെ കാഴ്ചക്കാരന്റെയോ, ഫോട്ടോഗ്രാഫറുടെയോ റോളിൽ നിന്നും മനുഷ്യനിലേക്ക് നയിച്ചേക്കാം... 

       എൻ്റെ രണ്ടു പ്രിയപ്പെട്ട സുഹൃത്തുക്കളുടേതുൾപ്പെടെ പല റോഡ് ആക്‌സിഡന്റുകളിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കേണ്ട നിയോഗം എനിക്ക് വന്നു ചേർന്നിട്ടുണ്ട്... അവിടെയൊക്കെ കണ്ടു നിൽക്കുന്നവരുടെ സഹകരണ മനസ്ഥിതികളും, പരിപൂർണ്ണമായ നിസ്സഹകരണങ്ങളും ഞാൻ കണ്ടിട്ടുണ്ട്... കൂടുതലും കണ്ടത് നിസ്സഹകരണങ്ങളാണെന്നു പറയുന്നതിൽ വിഷമവുമുണ്ട്... ഒപ്പം തന്നെ റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മകളെയും,, റോഡ് അപകടങ്ങളിൽപ്പെട്ടുകിടക്കുന്നവരെക്കുറിച്ചു ഏതുവിധത്തിൽ വിവരം ലഭിച്ചാലും രാത്രിയോ പകലോ എന്ന് ചിന്തിക്കാതെ രക്ഷാപ്രവർത്തനം നടത്താൻ സന്നദ്ധരായിട്ടുള്ള പ്രിയ സുഹൃത്തുക്കളെയും നന്ദിയോടെയും അഭിമാനത്തോടെയും ഓർക്കുന്നു... 

       അപകടങ്ങൾ കണ്ടതിൽ മറക്കാനാകാത്ത ഒരു അനുഭവം കൂടി ഞാൻ പറയാം... നാലഞ്ചു വർഷങ്ങൾക്കു മുൻപാണ്... ഹൈവേ സൈഡിൽ എൻ്റെ വീടിനു മുൻവശം റോഡിൽ ഒരു ശബ്ദം കേട്ടു... സമയം വൈകിട്ട് നാലു മണി ആയിട്ടുണ്ടാകണം.. ഞാൻ ശബ്ദം കാര്യമാക്കിയില്ല... ഞാൻ വീടിനുള്ളിൽ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു... ഒരു പത്തുമിനിട്ടു സമയത്തിലധികം കഴിഞ്ഞുകാണണം,, എൻ്റെ സുഹൃത്ത് പോകാൻ തയ്യാറായി ഞാൻ അദ്ദേഹത്തെ അനുഗമിച്ചു ഗേറ്റ് വരെ പോകാൻ തയ്യാറായി ഇറങ്ങിയപ്പോളാണ് റോഡിലെ ആൾക്കൂട്ടം എൻ്റെ ശ്രദ്ധയിൽപ്പെട്ടത്... ഞാൻ അവിടേക്ക്  ചെന്നപ്പോൾ കണ്ടത് റോഡിൽ ഒരു ബൈക്ക് കിടക്കുന്നുണ്ട്... ചോര ഒലിച്ചുകൊണ്ടുതന്നെ ഒരു പയ്യൻ സമീപത്തു കിടക്കുന്നു... ബൈക്കിലെ സഹയാത്രികനായിരുന്ന മറ്റൊരു പയ്യൻ കാണാൻ കഴിയുന്ന വലിയ പരിക്കുകൾ ഒന്നും ഇല്ലാതെ നിൽക്കുന്നുണ്ട്... പക്ഷെ അയാൾ ഒന്ന് പകച്ച മട്ടാണ്... പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ശ്രമിക്കാതെ അവിടെ നിൽക്കുന്നു.. സംഭവ സ്ഥലത്തുനിന്നും Govt ആശുപത്രിയിലേക്ക് അര കിലോമീറ്റർ ദൂരം.. പോലീസ് സ്റ്റേഷനിലേക്ക് എഴുനൂറ് മീറ്ററിൽ താഴെ മാത്രം... പക്ഷെ ഇരുപതിൽ കുറയാത്ത കാഴ്ചക്കാർക്ക് അപകടത്തിൽപ്പെട്ടവർ മദ്യപിച്ചിരുന്നോ,, ആരുടെ കുറ്റംകൊണ്ടാണ് അപകടം സംഭവിച്ചത് തുടങ്ങിയ ചർച്ചകൾക്കുമാത്രമുള്ള ഇടമായിരുന്നു അത്... പൊലീസിലേക്ക് ഒന്ന് ഫോൺ ചെയ്യാനുള്ള സന്മനസ്സ് പോലും ആരും കാണിച്ചില്ല...  

       അവിടെ കൂടിനിന്ന പലരും എൻ്റെ പരിചയക്കാരായിരുന്നു... ആസ്പത്രിയിൽ കൊണ്ടു പോകുന്നതിനു ഒരു വണ്ടി തടഞ്ഞു നിർത്താനും വീണുകിടക്കുന്നയാളെ ഒന്നു പിടിച്ചുയർത്താനുമായി ചുറ്റും നിന്ന ഓരോ മുഖങ്ങൾക്കുനേരെ നോക്കിയും അഭ്യർഥിക്കേണ്ടിവന്നു... ഞാൻ ഒരു അഭിഭാഷകനാണെന്നും ഇതിനെ തുടർന്നുവരുന്ന എന്തു നൂലാമാലയ്‌ക്കും നിങ്ങളാരും ഉത്തരവാദികൾ ആകില്ല എന്നും ഉറപ്പു പറഞ്ഞു വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് കൂട്ടത്തിൽ ആരൊക്കെയോ ഹൈവേയിൽ പടിഞ്ഞാറുനിന്നും വന്ന ഒരു ഇന്നോവ കാർ തടഞ്ഞു നിർത്താൻ തയ്യാറായത്... വീണുകിടന്ന പയ്യനെ വണ്ടിയിലേക്ക് താങ്ങി കയറ്റിയത് ഞാനും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടാമത്തെ പയ്യനും കാഴ്ചക്കാരിലെ മറ്റൊരാളും മാത്രം ചേർന്നായിരുന്നു... അവിടെ നിന്ന ആൾക്കാരിലെ ആരെങ്കിലും ഒരാളെങ്കിലും കാറിൽ കയറണമെന്ന എൻ്റെ അഭ്യർത്ഥന ആരും ചെവിക്കൊണ്ടില്ല... ആശുപത്രിയിൽ എത്തിച്ചു നൽകി കാറുകാർ അവരുടെ വഴിക്കു പോയി... ആശുപത്രിയിൽ നിന്നും നടപടി ക്രമത്തിൽ പോലീസിൽ അറിയിച്ചിട്ടുണ്ടാകും തുടർചികിത്സയും ലഭ്യമായിട്ടുണ്ടാകും... തിരികെ വീട്ടിലേക്ക് നടന്നുവരുമ്പോൾ കാഴ്ചക്കാരായി ഉണ്ടായിരുന്ന പല പരിചിത മുഖങ്ങളെയും ഞാൻ കണ്ടു.. പക്ഷെ അവരാരും അപകടത്തിൽപ്പെട്ട പയ്യന്റെ യാതൊരു വിശേഷവും എന്നോട് ചോദിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി... 

       ഒരു കൈ സഹായം ലഭിക്കാതെ റോഡിൽ രക്തം വാർന്നു മരിക്കുന്നവർ എല്ലാക്കാലവും വാർത്തകൾ മാത്രമാണ്.. വെറും വാർത്തകൾ.. അടുത്ത പേജിലെ വാർത്തകളിലേക്ക് കണ്ണുകൾ പായുന്നതിനിടയിൽ ഒരു കഷ്ടം പറയുന്നതിനും മറ്റുള്ളവന്റെ മനുഷത്വരാഹിത്യത്തെ വിമർശിക്കാനുമുള്ള മൂന്നു നിമിഷങ്ങൾക്ക് അവസ്സരം നൽകുന്ന വെറും വാർത്ത... 

       സംഘടിതമായ ആളുകളാണ് ശക്തി എന്ന വിശ്വാസ്സത്തിൽ ഊന്നിനിന്നുകൊണ്ടുതന്നെ പറയട്ടെ; നിഷ്ക്രിയമായ ഇത്തരം ആൾക്കൂട്ടങ്ങൾ അശ്ലീലമാണ്.. ഈ ആൾക്കൂട്ടത്തിന് സദാചാര പോലീസ്സ് കളിക്കാൻ ഒരു അവസ്സരം കിട്ടട്ടെ... അവർ കാട്ടിത്തരും അവരുടെ സംഘടിത ശക്തിയും വീര്യവും എന്താണെന്ന്... 

       താനും തനിക്കു സ്വന്തമായതും മാത്രമാണ് ലോകമെന്നും മറ്റുള്ളവർക്ക് സംഭവിച്ചതെല്ലാം അവരുടെ കാര്യമെന്നും ഇത്തരം സംഭവങ്ങൾക്ക് തീണ്ടാപ്പാട് അകലെയാണ് എന്നും ഞാൻ എന്ന ചിന്തയുമാണ് പലയിടങ്ങളിലും വെറും കാഴ്ചക്കാരനായി മാത്രം നിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്... ഞാൻ ഉറച്ചു വിശ്വസ്സിക്കുന്നു,, മുൻപു പറഞ്ഞവിധമായ നിഷ്ക്രിയ ആൾക്കൂട്ടങ്ങളിൽ ഒരിക്കലും ഒരു പൊതുപ്രവർത്തകൻ ഉണ്ടാകില്ല.. ഏതു പാർട്ടിയുടെയോ സംഘടനയുടെയോ പ്രവർത്തകൻ എന്നല്ല,, പൊതുപ്രവർത്തകൻ എന്നാണ് ഉദ്ദേശിക്കുന്നത്.. പൊതുജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടു ജീവിക്കുന്നവരെയാണെല്ലോ നമ്മൾ പൊതു പ്രവർത്തകർ എന്ന് പറയുന്നത്... പൊതുവായത് ഒന്നുമില്ല, എല്ലാം എൻ്റെ കാര്യം എന്നു മാത്രം ചിന്തിക്കുന്നവർക്ക് മറ്റൊരുവന്റെ ചോരവാർന്നു പോകുന്നതിൽ എന്ത് വേദന!!?? സ്വന്തം ചോര അല്ലല്ലോ!??

       സ്വയം നഷ്ടപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്ന മഹാമനുഷ്യരാകണമെന്നല്ല, ചെറിയ ഒരു അധ്വാനവും അല്പം സമയവും മാത്രം ചെലവഴിച്ചു ഒരു ജീവനോ ജീവിതമോ രക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.. നാം കാരണം ഒരാൾ രക്ഷപ്പെട്ടു എന്ന ആത്മാഭിമാനത്തിനും, ചാരുതാർഥ്യത്തിനും വേണ്ടിയെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും മറ്റൊരാളുടെ ജീവന് താങ്ങാകാൻ കിട്ടുന്ന അവസ്സരം വിനിയോഗിക്കൂ... 

[Rajesh Puliyanethu    @  PuliyanZ
 Advocate, Haripad]  

Monday, 15 June 2020

''ആത്മഹത്യകൾ'':: പറയാതെ ബാക്കിവെയ്ക്കുന്ന കഥകൾ ,,,!!??

     ആത്മഹത്യകൾ എന്നും നമ്മെ വിഷമിപ്പിക്കുകയും, ചോദ്യങ്ങളെ അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്... കേട്ട വിലാപങ്ങളെല്ലാം, 'നീ എന്തിനിതു ചെയ്തു' എന്നതാണ്... കടബാദ്ധ്യതകൾ, രോഗങ്ങൾ, പ്രണയ നൈരാശ്യങ്ങൾ, ഡിപ്രഷനുകൾ, ആഗ്രഹങ്ങളുടെ മുടക്കങ്ങൾ അങ്ങനെ പലകാരണങ്ങളും ചുറ്റുപാടുമുള്ളവർ കണ്ടെത്തുന്നുണ്ട്... പക്ഷെ അവിടെയും ചുടലയിലെ കനൽ പോലെ പ്രിയപ്പെട്ടവരുടെ മനസ്സുകളിൽ  സംശയം തിളങ്ങാറുമുണ്ട്... ''അവൻ/അവൾ ഈ കാരണം കൊണ്ട് തന്നെയാണോ ആത്മഹത്യ ചെയ്തത് എന്ന്... മരിക്കാൻ എന്തുകൊണ്ട് തീരുമാനിച്ചെന്നും, ആ തീരുമാനത്തെ തിരുത്താൻ എന്തുകൊണ്ട് മനസ്സിന് കഴിഞ്ഞില്ല എന്നതും നമ്മൾ എഴുതി ചേർക്കുന്ന ഉത്തരങ്ങൾ മാത്രമാകുന്നു.. പലപ്പോഴും യാഥാർഥ്യം വളരെ അകലെ സഞ്ചരിച്ചു കൊണ്ടിരിക്കും....

     സ്വന്തം ജീവിതം സന്തോഷം കൊണ്ട് ഇല്ലാതാക്കിയവർ ഉണ്ടാകുമോ!? ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടി, ഇനി മരണത്തിനു കീഴടങ്ങുകയാണ് താൻ ഇഷ്ട്ടപ്പെടുന്നതെന്ന് കരുതുന്നവരുണ്ടാകുമോ!?? ഇന്നത്തെ സന്തോഷം  എനിക്ക് നാളെ ഉണ്ടാകാൻ സാദ്ധ്യതയില്ല;; അതിനാൽ തൻ്റെ ജീവിതത്തിലെ സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ ജീവിതം അവസ്സാനിപ്പിക്കുന്നതാണ് ഉചിതം എന്ന് ചിന്തിക്കുന്നവർ ഉണ്ടാകുമോ!?? ജീവിതം തെരഞ്ഞെടുക്കുന്നതുപോലെ മരണവും ഒരു തെരഞ്ഞെടുപ്പാണ് എന്ന് കരുതി മരിക്കുന്നവർ ഉണ്ടാകുമോ!?? സ്വയം മരിക്കുക എന്നത് അവകാശമായി കണ്ട് ആരെങ്കിലും ഈ ലോകത്ത് മരിച്ചിട്ടുണ്ടാകുമോ!?? സ്വന്തം ഈശ്വരന്റെ ബലിയാകേണ്ടതാണ് തൻ്റെ ജന്മം എന്ന് കണ്ട് ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ!?? വിചിത്രമായി തോന്നിയേക്കാവുന്ന ഒരുപാടു ചോദ്യങ്ങൾ നമുക്കിനിയും സ്വയം ഇല്ലാതാകുന്നവന്റെ മാനസ്സിക സ്ഥിതിയെക്കുറിച്ചു ചോദിക്കാം... ഇതിലും എത്രയോ വിചിത്രമായ കാരണങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ജീവനെ ഇല്ലാതാക്കിയവർ ഉണ്ടാകാം.. നമ്മൾ തിരിച്ചറിഞ്ഞെന്നു കരുതുന്ന കാരണങ്ങൾ ഒന്നും തന്നെ ആകണമെന്നില്ല ആത്മഹത്യ എന്ന സ്വയം കൊലക്ക് ആളുകൾ തയ്യാറാകുന്നത്... ഇതിന്റെയെല്ലാം ഇടയിൽ തമാശപോലെ ചില സെലിബ്രിറ്റികളുടെ വിയോഗത്തിൽ കൂടെ ചാകുന്ന ചിലരും..

     കേട്ടു നിൽക്കുന്ന ആർക്കും ബോദ്ധ്യമാകാത്ത ഒരു കാരണവും ആത്മഹത്യ ചെയ്യുന്നവന് മതിയായ കാരണമാണ്... മറ്റ് ആത്മഹത്യകൾ കണ്ടിട്ടുള്ളവൻ,, അവിടെ വിലപിക്കുന്നവർ പോലും മരിച്ചവനോട് വിരോധത്തിന്റെയോ, പുശ്ചത്തിന്റെയോ ഇരുൾ മനസ്സിൽ സൂക്ഷിക്കുന്നത്, ഏറ്റവും കുറഞ്ഞത്, തന്നെക്കുറിച്ചു ഓർക്കാതെ ഇതു ചെയ്തതിലുള്ള പരിഭവം, ഇതെല്ലാം കണ്ടിട്ടുള്ളവൻ, തന്റേ തോന്നലിനെ അതിജീവിക്കാൻ കഴിയാതെ മരണം തെരഞ്ഞെടുക്കുന്നത് ആത്മഹത്യയെ ഒരു പ്രഹേളികയാക്കുന്നു... തൻ്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങളെ അവഗണിച്ചു കൊണ്ട് മരണത്തെ സ്വീകരിക്കാൻ തയ്യാറായ സാഹചര്യങ്ങളെക്കുറിച്ചു ആഴമേറിയ പഠനങ്ങൾ ആവശ്യമാണ്...

     ചിലരിൽ ആത്മഹത്യാ പ്രവണത ഒരു രോഗമായിത്തന്നെ വൈദ്യ ശാസ്ത്രം പറയുന്നു.. പക്ഷേ അത്തരത്തിലുള്ള രോഗികൾക്കു പോലും എന്തു കരുതലാണ് നമ്മൾ നൽകിയിട്ടുള്ളത്?? ആത്‍മഹത്യ ചെയ്തതിനു ശേഷം മാത്രമാണ് നമുക്ക് അതൊരു വലിയ കാര്യമായി തോന്നുന്നത്... ഞാൻ അങ്ങു ചത്തു കളയും,, ചത്താ മതിയാരുന്നു തുടങ്ങിയ നെഗറ്റീവ് വൈബ്രേഷൻ
വാക്കുകൾ നമുക്ക് നിത്യ സംസ്സാര ഭാഗമായിരിക്കുന്നു... വാക്കുകൾകൊണ്ട് നമ്മളെന്തിനാണ് സ്വയം മരിക്കുന്നതിനെക്കുറിച്ചു എപ്പോഴും മനസ്സിനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതു?? ആ വാക്കുകളുടെ യാഥാർഥ്യം എല്ലാത്തിന്റെയും അവസ്സാനമാണെന്ന് തിരിച്ചറിയണം... ആ രീതിയിലുള്ള സംസാരങ്ങൾ പറയുന്നവനിലും കേൾക്കുന്നവനിലും യാതൊരു ഗുണവും ചെയ്യില്ല...   

     ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ സാമൂഹികമായ ബോധവൽക്കരണവും, പ്രവർത്തനങ്ങളും ആവശ്യമാണ്... അതിലൊന്നാണ് "സ്വയം ഇല്ലാതാകുന്നു'' എന്ന അർഥം സ്പുരിക്കുന്നതെല്ലാം നമ്മൾ ഒഴിവാക്കുക എന്നത്... മറ്റൊന്നാണ് 'ആത്മഹത്യ ചെയ്യുക' എന്ന സമര മാർഗ്ഗത്തെ പൂർണ്ണമായും അവഗണിക്കുക എന്നത്... സർക്കാർ ഓഫീസുകൾക്കു മുൻപിൽ,, തനിക്കെതിർപ്പുള്ള ഒരു പ്രവർത്തി നടക്കുന്നിടത്ത്, അവിടെയെല്ലാം 'ആത്മഹത്യാ ശ്രമം' ഒരു വലിയ സമര മാർഗ്ഗമായി കാണുന്നു... സമരത്തിന്റെ ഒരു വഴിയായി ആത്മഹത്യയെ ആരും തന്നെ തെരഞ്ഞെടുക്കുവാനോ, പ്രോൽസ്സാഹിപ്പിക്കുവാനോ തയ്യാറാകരുത്‌... സമരത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്തയാളെ രക്തസാക്ഷിയായി വാഴിക്കുന്ന രീതികളിൽ നിന്നും രാഷ്ട്രീയ കക്ഷികൾ പിന്മാറണം... ചുരുക്കിപ്പറഞ്ഞാൽ "ആത്മഹത്യ" എന്ന ചിന്ത ഏത് ആശയ വിരുദ്ധതയുടെ പേരിലായാലും മഹത്വവൽക്കരിക്കില്ല എന്നും,, സമൂഹത്തിൽ ഒരു പ്രകമ്പനവും കൊള്ളിക്കാൻ ആത്മഹത്യയ്ക്കു കഴിയില്ലെന്നും ജീവിച്ചിരിക്കുന്നവരുടെ മനസ്സുകളെ ബോധ്യപ്പെടുത്തി ക്കൊണ്ടേയിരിക്കണം... ''തൻ്റെ ഒരു ആവശ്യത്തിനായി മോഷണം ചെയ്ത ഒരാൾ  മറ്റൊരു ആവശ്യം ഉണ്ടാകുമ്പോളും ആദ്യം ചിന്തിക്കുക മോഷ്ടിക്കാൻ ആയിരിക്കും'' എന്നൊരു വർത്തമാനമുണ്ട്... അതുപോലെയാണ് ആത്മഹത്യയും... ജീവിതത്തിലെ ഒരു സന്നിദ്ധ ഘട്ടത്തിൽ മരണത്തെപ്പറ്റി ചിന്തിച്ചവൻ അത് ചെയ്യാൻ പരാജയപ്പെട്ടാലും പിന്നീട് ഏതൊരു ദുർഘട ഘട്ടത്തിലും മരണത്തെക്കുറിച്ചു ചിന്തിക്കും.. അതൊരു മാനസ്സിക അവസ്ഥയാണ്... ആ അവസ്ഥയാണ് ഇല്ലാതാകേണ്ടത്...

     സ്വന്തമായി ഒരു ചിന്താ ധാര ഉറച്ചിട്ടില്ലാത്ത ചെറു ബാല്യങ്ങൾ പോലും ചെറിയ ദുഖങ്ങളിൽ പോലും സ്വയം ഇല്ലാതാകാൻ തീരുമാനിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടു... ചെറിയ കുട്ടികളും, വിദ്യാ സമ്പന്നരും, ശത കോടീശ്വരന്മാരും, പ്രഫഷണൽസും, സെലിബ്രിറ്റികളും, പുരുഷന്മാരും, സ്ത്രീകളും എല്ലാം ആത്‍മഹത്യ ചെയ്തവരുടെ പട്ടികയിലുണ്ട്... മരണം ഏതൊരുവനും തുല്യമാണെന്ന് പറയുന്നത് പോലെ ആത്മഹത്യക്കു പരമ സത്യത്തിന്റെ മഹത്വം ചാർത്തി കൊടുക്കാൻ കഴിയില്ല... അതൊരു തെറ്റായ തെരഞ്ഞെടുക്കലാണ്... പ്രായോഗികമായ വിദ്യാഭ്യാസവും, ചികിൽസയും, ബോധവൽക്കരണവും, സമീപനവും കൊണ്ട് തിരുത്താൻ കഴിയുന്ന തെറ്റായ തെരഞ്ഞെടുക്കൽ...

     കുട്ടികളിലെയും, കൗമാരക്കാരിലെയും ആത്മഹത്യാ പ്രവണതയുടെ കാരണം കണ്ടു വരുന്നത് പിടിവാശിയും, സ്ട്രെസ്സും, നിരാശാ ബോധവുമാണ്.. ബൈക്ക് വാങ്ങിത്തരാനുള്ള ആവശ്യം നിരാകരിച്ച പിതാവിനോടുള്ള വാശി ആത്മഹത്യയിൽ അവസ്സാനിക്കുന്നു.. ബൈക്ക് എന്ന ആവശ്യം നിരാകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കാർ എന്ന രണ്ടാമത്തെ ആവശ്യം നിരാകരിക്കുമ്പോൾ ആത്മഹത്യയിൽ എല്ലാം തീരുന്നു... രണ്ടു ദിവസ്സം ചിരിച്ചു കാണിച്ച പെണ്ണ് അടുത്ത ദിവസ്സം ചിരിക്കാതെ പോയാൽ പരിഹാരം കയർ!?? കാമുകൻ അവഗണിച്ചാൽ കാമുകിക്ക് വിഷം അഭയം.. അങ്ങനെ നമുക്ക് ചുറ്റും എന്തെല്ലാം കാരണങ്ങൾ ആത്മഹത്യക്കു പിന്നിൽ കേൾക്കുന്നു... യഥാർഥ കാരണങ്ങൾ ഇവയൊക്കെത്തന്നെ എന്ന് കണക്കിലെടുത്തുകൊണ്ട് സംസാരിച്ചാൽ ഇതിനെല്ലാം പിന്നിലെ മനഃശാസ്ത്രത്തെ വിശകലനം ചെയ്തേ മതിയാകൂ...

     ആത്മഹത്യക്കു പിന്നിലെ കാരണങ്ങൾ വിശാലമായ പഠനങ്ങൾക്ക് വിധേയമായാക്കി സമൂഹത്തിൽ വേണ്ട ക്രിയകൾ ചെയ്യണം... വ്യക്തമായി ഒരു കാരണം കണ്ടു നിൽക്കുന്നവന് പറയാൻ പല സംഭവങ്ങളിലും കഴിയില്ല എന്ന എന്റെ പക്ഷം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്... വളരെ ചെറുപ്പം മുതൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ ആത്മഹത്യ... എന്തു വിഷയത്തെയും 'പോടാ പുല്ലേ' എന്ന മനോഭാവത്തിൽ സമീപിക്കുന്ന അയാളുടെ മരണം ഞങ്ങൾ സുഹൃത്തുക്കളിൽ ഒരു ഷോക്ക് ആയിരുന്നു... ഇന്നും ഞങ്ങളുടെ സംസാരങ്ങളിൽ അതിൻ്റെ കാരണം എന്തായിരിക്കും എന്ന് ഞങ്ങൾ തിരഞ്ഞു കൊണ്ടേയിരിക്കുന്നു... മരിക്കുമ്പോൾ ഒരു വിധം നല്ല ജോലി ഉണ്ടായിരുന്ന അയാൾക്കു മേൽ ആരോപിച്ചിരുന്ന സാമ്പത്തിക ബാദ്ധ്യതകൾ വരുമാനത്തിന്റെ വലിയ മടങ്ങുകൾ ആയിരുന്നില്ല... അയാളുമായി വർഷങ്ങളുടെ ചങ്ങാത്തം കൊണ്ട് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നയാൾ ഒരിക്കലും ആത്‍മഹത്യ ചെയ്യുന്നവനല്ല... എന്തുകൊണ്ട് നമ്മുടെ സഹജീവികൾ ഇത്രയധികം ദുർബലരാകുന്നു!?? ഒരു വേള മറിച്ചും ആലോചിക്കാറുണ്ട്, ഇവർ അസാധാരണ ധൈര്യ ശാലികൾ ആയതുകൊണ്ടാണോ?? മരിക്കാൻ വരെ ധൈര്യമുള്ളവർ!?? 

     സമാന അനുഭവങ്ങൾ പലതുണ്ട്... എൻ്റെ ഒരു കക്ഷിയുടെ ആത്‍മഹത്യ എന്നെ വല്ലാതെ അമ്പരപ്പിച്ചു... ആ കക്ഷി എന്തു വിഷയമെങ്കിലും ഒരു കൈ അല്ല,, രണ്ടു കൈയ്യും നോക്കാം എന്ന മനോഭാവക്കാരനായിരുന്നു... മരിക്കുന്നതിന് ഒരാഴ്ച മുൻപ് എൻ്റെ ഓഫീസ്സിൽ വന്നു പോകുമ്പോൾ അയാളിൽ ദുഃഖത്തിന്റെയോ,, മറ്റു വലിയ പ്രശ്നങ്ങളുടെയോ യാതൊരു ലാഞ്ചനയും കണ്ടിരുന്നില്ല.. മുൻപു കണ്ടതിൽ ഒരു മാറ്റവും അന്നും ഉണ്ടായിരുന്നില്ല.. ആകെ നിലവിൽ ചെറിയ ഒന്നു രണ്ടു സിവിൽ കേസ്സുകൾ.. അതും അയാൾക്ക് അനുകൂലമായി നിൽക്കുന്നത്... ശ്രീ രാമൻ എന്ന് പേര് ഇവിടെ ഉപയോഗിക്കുന്നു... ശ്രീ രാമൻ എൻ്റെ അറിവിൽ മുൻപ് നേരിട്ട വിഷയങ്ങളുമായി നോക്കിയാൽ പുഞ്ചിരിച്ചു തള്ളാവുന്നവ... അയാൾ ആത്‍മഹത്യ ചെയ്തു... എന്തായിരുന്നു കാരണം!?? എനിക്ക് കൺവിൻസിങ് ആയതൊന്നും ഇന്നു വരെ അറിഞ്ഞിട്ടില്ല.. കേസ്സുകളിൽപ്പെട്ട വിഷമമാണെന്ന് ഒരുപാടുപേർ പറയുന്നത് കേട്ടു... കേസ്സുകൾ എത്ര നിസ്സാരമായിരുന്നെന്നും,, അതൊന്നും ശ്രീ രാമനെ അൽപ്പം പോലും ചലിപ്പിച്ചിട്ടില്ലെന്നും എനിക്കറിയാവുന്നതുപോലെ മറ്റാർക്കറിയാം?? പിന്നെയെന്ത്!!?? അതാണ് ആത്മഹത്യകളിലെ സമസ്യ...!! പിന്നീട് ആത്മഹത്യകൾ എന്ന് കേട്ട മരണ വാർത്തകളിൽ മറ്റുള്ളവർ കണ്ടെത്തിയ കാരണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.. പലതും അതിശയകരങ്ങളായി തോന്നി... പലതും അവിശ്വസ്സനീയവും...!!

     ആത്മഹത്യാ പ്രവണത എന്ന രോഗം കണ്ടെത്തിയിട്ടില്ലാത്ത ആളുകൾ നടത്തിയ ആത്മഹത്യകളാണ് കൂടുതൽ പഠന വിഷയങ്ങളാക്കേണ്ടത്.... മരിക്കാൻ തീരുമാനമെടുത്തു നടപ്പിലാക്കിയതിനു തൊട്ടു മുൻപുള്ള നിമിഷം വരെ അവരിൽ ചിലരെങ്കിലും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടു പോലും ഉണ്ടാകുകയില്ല... ആ മനുഷ്യർക്ക് എന്തു കൊണ്ട്  നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല... അങ്ങനെയെങ്കിൽ എന്നിലും എനിക്കു ചുറ്റിനുമുള്ളവരിലും ആ ചിന്തയുടെയും,, അവസ്ഥയുടെയും അണുക്കൾ ഉറങ്ങിക്കിടപ്പുണ്ടാകില്ലേ!!?? അതാണ് സമൂഹത്തിന് ഒന്നടങ്കമായ പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണെന്ന് പറയുന്നത്...

     ആത്മഹത്യയുടെ പിന്നിലെ കൂടുതൽ കാരണങ്ങൾ അന്വേഷിച്ചു പോകുമ്പോൾ കൂടുതൽ വിഷയങ്ങളിലേക്ക് വാതിലുകൾ തുറക്കും എങ്കിലും പിടിവാശിയും,, സ്ട്രെസ്സും,, നിരാശാ ബോധവും,, മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗവും,, കുടുംബ ബന്ധങ്ങളിലെ ശിഥിലതയും,, തുറന്നു സംസ്സാരിക്കാനും, വിഷയങ്ങൾ പങ്കുവെയ്ക്കുന്നതിലെ വിമുഘതയും,, ദുരഭിമാനവും അങ്ങനെ പലതും കാരണങ്ങളായി തെളിഞ്ഞു തന്നെ നിൽക്കുന്നു... മരണം എന്ന പരിഹാരവും,, ജീവിതം എന്ന പോരാട്ടവും മനസ്സിൽ മുഖാമുഖം നിൽക്കുമ്പോൾ പോരാട്ടത്തിന് പടച്ചട്ടയിലേക്ക് കൈകൾ അറിയാതെ നീളണം... അതിനു മനസ്സിനെ സജ്ജമാക്കുന്ന വിദ്യാഭ്യാസം ഇവിടെ ലഭിക്കണം..

     ആത്മഹത്യ ചെയ്തു ഇവിടം വിട്ടു പോയവരിൽ പലരും നമ്മുടെ പരിചയക്കാരും, സ്വന്തക്കാരും അങ്ങനെ പലതും ആയിരുന്നു... അവർ സ്വയം കോല ചെയ്തു പോകാൻ തീരുമാനിച്ചതിനു പിറകിൽ ഒരു കാരണമുണ്ടാകും.. ആ കാരണത്തിന് മറ്റൊരുവന്റെ ഒരു വാക്കിൽ പരിഹാരവും ഉണ്ടായിരുന്നിരിക്കാം..  ആ വാക്ക് എന്നത് പരിഹാരത്തിൻ്റെ ആകെത്തുകയായ വിശാല അർത്ഥത്തെ ഉൾക്കൊള്ളണം.. ആ വാക്ക് പറയാൻ കഴിയാതെ പോയതാണോ,, കേൾക്കാൻ കഴിയാതെ പോയതാണോ പോരായ്മയെന്ന് പഠിക്കണം... ''അവനവനിൽ നിന്നു തന്നെ അവനവനെ രക്ഷിച്ചു നിർത്തേണ്ട വലിയ ഒരു ടാസ്ക് ആണ് ആത്മഹത്യയിൽ നിന്നുള്ള രക്ഷ..''

[Rajesh Puliyanethu
 Advocate, Haripad]

Saturday, 25 April 2020

സാലറി പിടിച്ചാൽ കത്തിക്കുന്നവർ...



     സമീപകാലത്തു കണ്ട ഏറ്റവും വലിയ തെമ്മാടിത്തമാണ് ഒരു മാസം ആറു ദിവസ്സം വീതം അഞ്ചു മാസം സാലറി കട്ടു ചെയ്യുന്നു എന്ന സർക്കാർ ഉത്തരവ് കത്തിച്ചത്... അഞ്ചു മാസം കൊണ്ട് പിടിക്കുമ്പോൾ അത് ഉദ്യോഗസ്ഥർക്ക് ഭാരമാകുന്നുമില്ല.. എന്നാൽ സർക്കാരിന് ഈ മഹാമാരി സമയത്തു അതൊരു വലിയ സഹായവുമാണ്... 

     കണക്കുകൾ നിരത്താൻ ഉദ്ദേശിക്കുന്നിലെങ്കിലും പറയുന്നു,, ഇവിടുത്തെ നികുതിയുടെ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമായി നൽകിയാണ് ചെലവഴിക്കുന്നത്... അതിനും പുറമെ മരണം വരെ പെൻഷൻ എന്ന സംരക്ഷണം വേറെ... പെൻഷൻ ആരുടെയും ഔദാര്യമല്ല,, നീക്കിവെച്ച വേതനമാണെന്നൊക്കെ കോടതികൾ പറയുമെങ്കിലും,, നികുതിപ്പണത്തിന്റെ പങ്കാണെന്ന് സംശയമില്ലല്ലോ?? Dearness Allowance എന്ന പേരിൽ ലഭിക്കുന്ന അധിക വരുമാനം.. Leave വിറ്റു കിട്ടുന്ന പണം... അങ്ങനെ എന്തെല്ലാം വിധത്തിൽ ഇക്കൂട്ടർ പൊതുപണം കൊണ്ടുപോകുന്നു.. 

     കഴിഞ്ഞ സാമ്പത്തിക മാന്ദ്യ കാലത്തിനു മുൻപ് പ്രൈവറ്റ് സെക്ടറിൽ ലഭിച്ചിരുന്ന ശമ്പളത്തിനു തുല്യമായ വരുമാനം സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല എന്ന് വിഷമം പറഞ്ഞത് പൊതുജനമാണ്... സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും, ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിൽ സന്തോഷവും, അത് ഭരണപ്പാർട്ടിയുടെ നേട്ടവുമായി ചാർത്തിക്കൊടുത്തത് പൊതുജനമാണ്... ഞങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ഇത്രയധികം തുക എന്തിനു സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രം നൽകുന്നു എന്ന് കണക്കു ചോദിക്കാൻ ഒരു പൊതുജനവും വന്നിട്ടില്ല... അങ്ങനെയുള്ള പൊതു സമൂഹം ആകമാനം ഗതികെട്ടു നിൽക്കുമ്പോൾ നിങ്ങൾക്ക് അതൊന്നും ബാധകമേ അല്ല എന്നാണല്ലേ?? ഈ രീതിയിൽ പൊതു സമൂഹത്തിന്റെ വിഷമതകളുടെ ഭാഗമാകാതെ മാറിനിൽക്കുന്ന വിഭാഗമായി നിങ്ങൾ നിന്നാൽ നികുതിപ്പണം കൈപ്പറ്റുന്നതിന്റെ കൃത്യമായ കണക്കുകൾ പറയിക്കാൻ പൊതുജനം കരുതിക്കൂട്ടിത്തന്നെ ഇറങ്ങിയെന്നു വരും...

     ''ഞങ്ങൾ ജോലി ചെയ്തിട്ടാണ്, ആരുടെയും ഔദാര്യമല്ല'' എന്നു പറയുന്നവരും ഉണ്ടാകും.. ആത്മാർഥമായി എത്ര സർക്കാർ ഉദ്യോഗസ്ഥർക്ക് പറയാൻ കഴിയും 'ഞങ്ങൾ കൈപ്പറ്റുന്ന ശമ്പളത്തിനു തുല്യമായി ജോലി ചെയ്യുന്നു' എന്ന്...!?? വാങ്ങുന്ന ശമ്പളത്തിന്റെ മൂന്നിരട്ടിക്കു തുല്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കാണാതെയല്ല പറയുന്നത്... നിങ്ങൾത്തന്നെ ഒരു ആത്മപരിശോധന നടത്തണം.. ഇന്ന് ഒരു മാസ്സത്തെ ശമ്പളം ഗഡുക്കളായി നൽകാൻ പറഞ്ഞതിനെ നിങ്ങൾ എതിർക്കുന്നു.. കോവിഡ് കൂടുതൽ നാടിനെ ചുറ്റിപ്പിടിച്ചാൽ വരും മാസ്സങ്ങളിൽ ശമ്പളം നല്കാനില്ല എന്ന നിലപാട് സർക്കാര് സ്വീകരിച്ചു എന്ന് വരും... നിങ്ങൾ എന്തു ചെയ്യും.. രോഗബാധിതനു ചികിൽസയും,, മറ്റുള്ളവന് ആഹാരവും നൽകാൻ ഉള്ള പണം ചെലവഴിക്കുമോ,, നിങ്ങൾക്ക് ശമ്പളം തരാൻ ഉപയോഗിക്കുമോ... പകരം നിങ്ങൾ ആ സന്ദർഭം എങ്ങനെ നേരിടും?? സമരം ചെയ്യുമോ?? അങ്ങനെ വന്നാൽ സർക്കാർ ഉദ്യോഗസ്ഥരെ തെരുവിൽ ജനം നേരിടും.. പിന്നെ നിങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ട്;; പ്രതിഷേധിച്ചു ജോലി രാജി വെക്കാം..

     അധ്യാപകർ ഉൾപ്പടെ ഉള്ളവർ ഇത്രയധികം സങ്കുചിത ചിന്താഗതിക്ക് ഉടമകളാണല്ലോ എന്നത് വിഷമമല്ല, അപമാനം ഉണ്ടാക്കുന്നു... സഹജീവികൾ പട്ടിണി കിടക്കുകയോ, മരിച്ചു വീഴുകയോ ചെയ്താലും തങ്ങളുടെ പോക്കറ്റ് നിറഞ്ഞിരിക്കണം എന്ന് കരുതുന്ന ഇവർ എന്തുതരം മനസ്സിന്റെ ഉടമകളാണ്‌..!!?? ഉത്തരവ് കത്തിച്ച തെമ്മാടികൾക്കു കൂട്ട് നിൽക്കുന്ന നിലപാട് ഏതു രാഷ്ട്രീയ കക്ഷി സ്വീകരിച്ചാലും അവരുടെ സ്ഥാനം കേരളത്തിന്റെ ചവറ്റുകൊട്ടയിൽ ആയിരിക്കും... സംശയമില്ല... പൊതുജനത്തിന്റെ പണം കൊണ്ടു തിന്നു കൊഴുത്ത് ഞങ്ങളുടെ ആവശ്യങ്ങൾക്കു മുൻപിൽ ധാർഷ്ട്യവും, അഹങ്കാരവും കാണിച്ചവരാണ് നിങ്ങൾ.. അതെല്ലാം ഇവിടെയുള്ളവർ സഹിച്ചിട്ടേ ഉള്ളൂ.. എന്നാൽ 
ഈ ഗതികെട്ട കാലത്തു തങ്ങളെ വെല്ലുവിളിച്ച നിങ്ങളെ ഈ ജനത ഒരിക്കലും മറക്കില്ല... സത്യം..

     കോവിട് പ്രതിരോധ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാൻ വേണ്ടി വിനിയോഗിക്കാനാണ് സർക്കാർ ശമ്പളം പിടിക്കുന്നത്... സാമ്പത്തികരംഗം മെച്ചപ്പെടുമ്പോൾ തിരികെത്തരാം എന്ന ഉറപ്പും നിങ്ങളെ സന്തോഷിപ്പിക്കുന്നില്ല.. നിങ്ങളും കോവിടിന് അതീതരൊന്നുമല്ല.. നിങ്ങൾ കാശുവാങ്ങി അടുക്കിവെച്ചു സ്വകാര്യ ആശുപത്രിയിൽ ഫൈവ് സ്റ്റാർ ചികിത്സ നേടാമെന്നും കരുതേണ്ട... സർക്കാർ ആസ്പത്രി വഴിയേ നിങ്ങൾക്കും രക്ഷ കിട്ടുകയുള്ളൂ... എന്തായാലും സർക്കാർ ഉദ്യോഗസ്ഥരിലെ ചിലരുടെയെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ ആഴം കാണാൻ പറ്റി.. സന്തോഷം...

[Rajesh Puliyanethu
 Advocate, Haripad]


Friday, 17 April 2020

രാഷ്ട്രീയം എപ്പോഴൊക്കെ പറയാം..???


""ഇവിടെ രാഷ്ട്രീയം സംസ്സാരിക്കരുത്""... 

     ഇങ്ങനെ ഒരു ബോർഡ് തൂക്കിയിരിക്കുന്നത് നമ്മൾ കണ്ടിരുന്നത് ചില ചായക്കടകളിലാണ്... അവിടെ രാഷ്ട്രീയം സംസ്സാരിക്കുന്നതിനെ വിലക്കാൻ കാരണം രാഷ്ട്രീയ ചർച്ചകൾ സംഘർഷങ്ങളിലേക്കു നയിച്ചിരുന്ന അനുഭവങ്ങളാണ്... രാഷ്ട്രീയ ബോധം വളരുന്നത് രാഷ്ട്രീയം സംസാരിക്കുന്നതിലൂടെയാണ്... രാഷ്ട്രീയം സംസാരിക്കുന്നതിൽ തുടങ്ങി ഗൗരവമായ ചർച്ചകളിലേക്കു വളർന്ന് തർക്കങ്ങളിൽ എത്തുന്നതുവരെ രാഷ്ട്രീയം സംസാരിക്കുന്നത് ആരോഗ്യകരമാണ്... സംസ്സാരം സംഘര്ഷങ്ങളിലേക്ക്‌ എത്തുമ്പോൾ ആ രാഷ്ട്രീയ സംസ്സാരം മലിനമാകുന്നു... 

     രാഷ്ട്രീയ സംസാരങ്ങളെ സംഘർഷങ്ങളിലേക്കെത്തിക്കുന്ന വ്യക്തികളും, ആ സംഘർഷങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പ്രസ്ഥാനങ്ങളും 'രാഷ്ട്രീയം' എന്ന മഹത്തായ പ്രവർത്തന മെഘലയെ മലിനമാക്കുകയാണ് ചെയ്യുന്നത്... "രാഷ്ട്രീയം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്നാണ്.. രാഷ്ട്രത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനെയാണ് രാഷ്ട്രീയ ചർച്ചകൾ എന്ന് പറയുന്നത്... രാഷ്ട്രത്തെക്കുറിച്ചു പൗരന്മാർ സംസ്സാരിക്കുമ്പോൾ സ്വോഭാവികമായും ആ  സംസ്സാരങ്ങൾ രാഷ്ട്രത്തിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും, ആ വിഷയങ്ങൾ രാഷ്ട്രത്തെയും, ജനങ്ങളേയും എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ചും ആയിരിക്കും... അത്തരം ചർച്ചകളിൽ ഏറ്റവും കൂടുതൽ സ്ഥാനം പിടിക്കുക വർത്തമാനകാല സംഭവങ്ങൾ ആയിരിക്കും.. അങ്ങനെയെങ്കിൽ വർത്തമാനകാല സംഭവങ്ങളെ എങ്ങനെ വർത്തമാനകാല ചർച്ചകളിൽ നിന്നും ഒഴിവാക്കി നിർത്തും!?? വർത്തമാനകാല പ്രവർത്തനങ്ങളിലെ പോരായ്മകൾ എങ്ങനെയാണ് ഭാവികാല ചർച്ചകളിൽക്കൂടി പരിഹരിക്കാൻ കഴിയുക!?? 

     രാജ്യം പ്രതിസന്ധികളെ അഭിമുഘീകരിക്കുമ്പോൾ രാഷ്ട്രീയം ചർച്ചചെയ്യാൻ പാടില്ല എന്ന പുതിയ ചിന്താഗതി ഇവിടെ പ്രചരിപ്പിക്ക പ്പെടുന്നുണ്ട്.. തീർച്ചയായും പറയാം; അതൊരു പുതിയ ചിന്താഗതിയാണ്... രാഷ്ട്രം ഏതു തരത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് മനസ്സിലാക്കി ആ വിഷയത്തെക്കുറിച്ചു സംസ്സാരിച്ചുകൊണ്ടേയിരിക്കണം... അത് രാഷ്ട്രീയ സംസാരമാണ്.. അത് സംഭവിക്കുക തന്നെ വേണം... പ്രതിസന്ധികളെ രാജ്യം അഭിമുഘീകരിക്കേണ്ടി വരുമ്പോൾ തീർച്ചയായും അതിനെ നേരിടുന്ന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നത് സർക്കാരാണ്... ആ സർക്കാരിനെ നയിക്കാൻ ഒരു രാഷ്ട്രീയ നേതൃത്വവും ഉണ്ടാകും.. ആ ഭരണ നേതൃത്വം ചെയ്യുന്ന കാര്യങ്ങളെ പിന്തുണക്കുന്നതു മാത്രമേ ""രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നു"" എന്ന നിവ്വചനത്തിൽ വരുന്നതാവുകയുള്ളു എന്നത് ആരുടെ കണ്ടുപിടിത്തമാണ്...?? ഭരണ രംഗത്തെ പോരായ്മകളോ,, അഴിമതിയോ ചർച്ച ചെയ്യേണ്ട സമയം ആ പോരായ്മകൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ്... മറിച്ചു് ആ പോരായ്മകൾ സംഭവിച്ചു കഴിഞ്ഞതിനു ശേഷവും,, അതിന്റെ തിക്താനുഭവങ്ങൾ ജനസഹസ്രങ്ങൾ അനുഭവിച്ചു കഴിഞ്ഞതിനു ശേഷവും, ചത്ത കുഞ്ഞിന്റെ ജാതകമെഴുതുന്നതു പോലെയുള്ള ചർച്ചകൾക്ക് എന്തു പ്രസക്തിയാണുള്ളത്?? തങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ കുറ്റമറ്റതും,, സത്യസന്ധവുമാണെന്ന് ഭരണപക്ഷത്തിന് ഉറപ്പുണ്ടെങ്കിൽ, 'രാഷ്ട്രീയ ചർച്ചകൾ ഇപ്പോൾ പാടില്ല' എന്ന തലവഴി മുണ്ടിടുന്ന പോലെയുള്ള സമീപനങ്ങൾ എന്തിനു സ്വീകരിക്കുന്നു..??  

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചാരണത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്ന സത്യം കാണാതിരിക്കാൻ കഴിയില്ല... അതിനു കാരണം രാഷ്ട്രീയമല്ല.. ചില രാഷ്ട്രീയ പ്രവർത്തകരാണ്... ഇന്ന് സാധാരണക്കാരൻ്റെ മനസ്സിൽ കൊടിപിടുത്തം, കലഹം, കൊലപാതകം, സ്വജനപക്ഷപാതം, അഴിമതി, മുതലെടുപ്പ് തുടങ്ങിയ ചിലകാര്യങ്ങൾ മാത്രമാണ് രാഷ്ട്രീയം.. രാഷ്ട്രീയം എന്ന വാക്കു കേൾക്കുമ്പോൾത്തന്നെ സാധാരണക്കാരന്റെ മനസ്സിലേക്ക് ഓടി എത്തുന്നത് ഈ കാര്യങ്ങളാണ്.. അതിനാലാണ് നാടിന്റെ ഈ ദുർഘടാവസ്ഥയിൽ ഇപ്രകാരമുള്ള ദുഷിച്ച ചെയ്തികൾ പേറുന്ന പ്രവർത്തിയായ രാഷ്ട്രീയത്തെ അകറ്റി നിർത്തണമെന്ന്  അവർ പറയുന്നത്.. അവിടെയും ജയിക്കുന്നതു കുറുക്കന്മാരായ ചില രാഷ്ട്രീയ പ്രവർത്തകർ ആണെന്ന് കാണാം..!! അവർ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ കൂടി ജനങ്ങളുടെ മനസ്സിൽ രാഷ്ട്രീയത്തെക്കുറിച്ചു ഭീബത്സമായ ചിത്രം വരച്ചു വെച്ചു.. അതിനു ശേഷം ജനങ്ങളുടെ മനസ്സിൽ ഉറച്ചു പോയ ആ ചിത്രത്തെ മുതലെടുത്ത് ജനങ്ങളെ രാഷ്ട്രീയ ചർച്ചകളിൽ നിന്നും അതാവശ്യപ്പെടുന്ന അവസ്സരങ്ങളിൽ അകറ്റി നിർത്തുന്നു... അവിടെയും പലതും ഒളിച്ചു കടത്തുന്നത് ഇതേ രാഷ്ട്രീയക്കാരാണ്... പൊതുജനം ശരിയായ അവസ്സരത്തൽ രാഷ്ട്രീയം ചർച്ച ചെയ്യാതെ നിർഗുണന്മാരായി മാറി നിൽക്കുന്നു... 

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചാരണത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്ന വസ്തുത മനസ്സിലാക്കുന്നതിനാലാകാം പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉചിത സമയത്തു നടത്തേണ്ട വിമർശനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ജനാധിപത്യത്തിന് തീരെ ആരോഗ്യകരമല്ലാത്ത കാഴ്ചയും കണ്ടു വരുന്നത്... വിമർശനങ്ങൾ തങ്ങളെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുമോ എന്നവർ ഭയപ്പെടുന്നു... ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പരസ്യ വാചകം നല്ല രീതിയിത്തന്നെ അതിന്റെ പ്രയോജനം ആഗ്രഹിക്കുന്നവർ ഉപയോഗിച്ചിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ... പക്ഷെ അതിനെ അതിജീവിച്ചു ജനങ്ങളിലേക്കിറങ്ങി തങ്ങളുട വിമർശനം ബോധ്യപ്പെടുത്തേണ്ടത് ഭരണ ഇതര രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണ്.. അതിനു അവർക്കു കഴിയുന്നില്ലെങ്കിൽ അതവരുടെ കഴിവുകേടെന്നോ, അല്ലെങ്കിൽ ഭരണപക്ഷത്തു പോരായ്മ ഇല്ലെന്നോ  മനസ്സിലാക്കേണ്ടി വരും... ഭരണപക്ഷ പ്രവർത്തനങ്ങളിലെ പോരായ്മകൾ ഏതവസ്സരത്തിൽ സംഭവിച്ചാലും ചൂണ്ടിക്കാട്ടി ജനപിന്തുണ ആർജ്ജിച്ചു തിരുത്തിക്കേണ്ടത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണ്... അതിനു കഴിയുന്നില്ലെങ്കിൽ കർത്തവ്യവിലോപമായിക്കൂടി നിർവ്വചിക്കപ്പെടും...  

     ജനാധിപത്യ ഭരണക്രമത്തിൽ രാജ്യത്തിന്റെ ഓരോ ശ്വാസ്സവും നിർണ്ണയിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്.. ഇവിടെ രാഷ്ട്രീയം ഒഴിവാക്കി ഒന്നും സാധ്യമല്ല.. ജനങ്ങളുടെ പ്രതിനിധികൾ അഥവാ ജനങ്ങളുടെ വിശ്വസ്തർ തീരുമാനങ്ങളെടുക്കുന്നു എന്നൊരു അർഥം കൂടി അതിനുണ്ട്.. അങ്ങനെ വരുമ്പോൾ രാജ്യത്തെ ജനങ്ങൾ ആകമാനം രാഷ്ട്രീയ ചർച്ചകളിൽ വ്യാപൃതരായി രാജ്യത്തിന്റെ പ്രതിസന്ധിക്ക്‌ പരിഹാരം  കണ്ടെത്തുന്നതിനു തുല്യമാണ്, ഓരോ രാഷ്ട്രീയ പ്രതിനിധിയും വിമർശനാത്മകമായ കാര്യങ്ങൾ ഉന്നയിച്ചു ഭരണ നേതൃത്വത്തെക്കൊണ്ടു തിരുത്തൽ നടപടികൾ സ്വീകരിപ്പിക്കുന്നത്...  പ്രത്യേകിച്ചു നിർണ്ണായകമായ അവസ്ഥയിൽ കൂടി രാജ്യം കടന്നു പോകൂന്ന ഈ നാളുകളിൽ...

     ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചരണം ഭരണപക്ഷം വിജയിപ്പിക്കുന്നത്,, രാഷ്ട്രീയ വിമർശനത്തെ രാഷ്ട്രീയ മുതലെടുപ്പെന്നു പൊതുജനങ്ങളുടെ മുൻപിൽ തെറ്റിധരിപ്പിച്ചു കൊണ്ടാണ്..! രാഷ്ട്രീയ വിമർശനവും രാഷ്ട്രീയ മുതലെടുപ്പും വ്യത്യസ്ഥ ചാലുകളാണ്... രാജ്യത്തിന്റെ പ്രതിസന്ധിയെ തന്റെ രാഷ്ട്രീയ നേട്ടത്തിനായി, രാഷ്ട്രത്തിനു ദോഷം വരുമെന്നതിരിച്ചറിവോടെ ഉപയോഗിക്കുന്നതാണ് തെറ്റായ രാഷ്ട്രീയ മുതലെടുപ്പ്.. ഭരണ കക്ഷിയുടെ പരാധീനതകൾ ചൂണ്ടിക്കാണിച്ചു ജനങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതാണ് ശരിയായ വിമർശനം.. അതിൽ രാഷ്ട്രീയ മുതലെടുപ്പ് ഒളിച്ചിരുപ്പുണ്ടാകാം.. എങ്കിലും അത് പരിപൂർണ്ണമായും തെറ്റ് ആണെന്ന് പറയുക വയ്യ.. കാരണം അവിടെ സ്വന്തം ചുമതല നിർവ്വഹിച്ചതിനു ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ആ രാഷ്ട്രീയ കക്ഷിക്കോ നേതാവിനോ ലഭിക്കുന്ന മേന്മ.... രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ വിമർശിച്ചവനെ മ്ലേശ്ചനായി ചിത്രീകരിക്കുന്നതിനു ചില മാധ്യമ സ്ഥാപനങ്ങളും മുൻപന്തിയിൽത്തന്നെയുണ്ട്.. വിമർശകരെ കൂവിവിളിക്കാൻ നിൽക്കുന്ന സൈബർ പോരാളികൾ മറ്റൊരു വശത്ത്..  അവർ ആരുംതന്നെ ജനാധിപത്യ പ്രവർത്തനക്രമത്തിൽ ക്രിയാത്മകമായി നിലകൊള്ളുകയാണെന്നു കരുതുക വയ്യ...

     ഭരണപക്ഷത്തു പോരായ്മകൾ ഉണ്ടെന്നു ഏതുവിധേനയും സ്ഥാപിക്കുക എന്നതല്ല ക്രിയാത്‌മകമായ വിമർശനം എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.. ഭരണപക്ഷത്ത് അഴിമതിയും, സ്വജനപക്ഷപാതവും, പിടിപ്പുകേടും  ഉണ്ടെങ്കിൽ അത് കാര്യകാരണങ്ങളും, തെളിവുകളും നിരത്തി പൊതുജന സമക്ഷം അവതരിപ്പിച്ചു പൊതുസമൂഹത്തിന്റെ പിന്തുണയോടെ  അവയെ തിരുത്താൻ ഭരണകർത്താക്കളെ നിര്ബന്ധിതരാക്കുക എന്നതാണ് ക്രിയാത്‌മക വിമർശനം.. രാജ്യം പ്രതിസന്ധികളെ നേരിടുമ്പോൾ ഭരണകൂടത്തിന്റെ പ്രവർത്തികളിലെ പോരായ്മൾ കണ്ണുകെട്ടി മറച്ചു കൈയ്യടിക്കേണ്ട ബാധ്യത രാഷ്ട്രീയ കക്ഷികൾക്കില്ല.. സ്വതന്ത്ര പൗരന്മാർക്ക് തീരെയുമില്ല... രാജ്യം സുഗമമായി മുന്നോട്ടു പോകുമ്പോൾ മാത്രമാണ് വിമർശനങ്ങൾക്ക് സ്ഥാനം എന്ന പ്രചാരണം വിമർശിക്കപ്പെ ടേണ്ടതു തന്നെയാണ്...

     രാജ്യം ഒറ്റക്കെട്ടായി നിന്നുകൊണ്ട് വിപത്തുകളെ നേരിടുന്നു എന്നത് ഐശ്വര്യപൂർണ്ണമായ കാര്യമാണ്.. പക്ഷെ ആ സുന്ദരമായ മേലങ്കിയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളെ നമ്മൾ തിരിച്ചറിയുകയും,, തിരുത്തിക്കുകയും വേണം... കാരണം എല്ലാ വിപത്തുകളും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന മനുഷ്യരുണ്ട്.. രാജ്യത്തിനുണ്ടാകുന്ന പൊതുവായ വിപത്തിനെ പരോക്ഷമായെങ്കിലും ബാധിക്കാത്ത ആരുമില്ല.. പ്രത്യക്ഷമായി ബാധിക്കപ്പെട്ടവർക്കു പ്രതികരണത്തിന് ത്രാണിയില്ല.. എന്നാൽ അൽപ്പമെങ്കിലും ശിരസ്സുയർത്താൻ കഴിയുന്നവർ പ്രതികരിക്കുകയും വിമർശിക്കുകയും ചെയ്യണം.. അത് മുൻപ് പറഞ്ഞ പ്രതികരിക്കാൻ ത്രാണിയില്ലാത്തവർക്കു കൂടി വേണ്ടിയാണ്... അത് നമ്മുടെ ഉത്തരവാദിത്വമാണ്....


[Rajesh Puliyanethu
 Advocate, Haripad]

Monday, 6 April 2020

ആരാണു വലിയവൻ!!?? ഒരണുവിനേക്കാൾ അല്പമെങ്കിലും...........


ആരാണ് വലിയവൻ ആരാണ് വലിയവൻ, ഒരു കുഞ്ഞു പൂവു ചോദിച്ചു...

ഞാനാണ് വലിയവൻ, ഞാനാണു വലിയവൻ, പൂമ്പാറ്റ മറുമൊഴി ചൊല്ലി.... 
എന്നോളമൊരുഭംഗി ആർക്കുണ്ടു ഭൂമിയിൽ,,  സൗന്ദര്യം തന്നെ മഹത്വപൂർണ്ണം...

പൂമ്പാറ്റ ചെന്നൊരു കിളിയോടു ചോദിച്ചു,, ആരീ ഭൂമിയിൽ കേമനെന്ന്!??

ചിലു ചിലെ ചില കൊണ്ടു, ചിറകുകൾ പൊന്തിച്ചു കിളി ചൊല്ലി ഞാനാണ് കേമനെന്ന്...
എന്നോളമുയരത്തിലെത്തിയതാരുണ്ട്,, ഉയരമാണൂഴിയിൽ ഉണ്മയെന്ന്...

ഒരു ചെറുനരിയോട് കിളി ചെന്നു ചോദിച്ചു, ആരാണുലകിലെ ശ്രേഷ്ഠ ജന്മം...

കുറുനരി പുച്ഛമടക്കാതെ ചൊല്ലിനാൽ,, ഞാനെന്നതിൽ സന്ദേഹമെന്തേ...!?
വിരുതരായുള്ളവർ വാഴുന്നിടമിത്,
കൗശലം തന്നെ വിജയ മന്ത്രം...

വേഗം കുതിക്കുന്ന വീരനാം അശ്വത്തെ കണ്ടു കുറുനരി ആരാഞ്ഞു.. 
ആരെടാ വലിയവൻ ലോകം ജയിച്ചവൻ, തന്ത്രം മെനഞ്ഞിടുമെന്നേക്കാളും...

വേഗത്തിലെന്നെ പിടിച്ചുകെട്ടീടുവാനാർക്കുണ്ടു ത്രാണിയതിന്നുവരെ!?? 
വേഗത്തിലൊടുന്ന വിശ്വവിജയി ഞാൻ,, വേഗം തന്നെ വലിയ കാര്യം...

അശ്വമൊരു ദിനം ആനയെ കണ്ടപ്പോളാരാഞ്ഞു വീണ്ടുമാചോദ്യമപ്പോൾ...

എൻ്റെ വലിപ്പംകണ്ടീ ചോദ്യം ചോദിക്കാൻ വിഡ്ഢീ നീ മടിക്കാത്തതെന്തേ!? ശക്തിയിൽ മുന്നനാം എന്നെ ജയിക്കുവാനാരുണ്ടു വലിയവൻ വേറെയിപ്പോൾ!?

ഗജരാജനൊരു വേള വനരാജനെക്കണ്ടു ചോദിച്ചു  വീണ്ടുമാ ചോദ്യമപ്പോൾ...!?

ഞാൻ തന്നെ രാജനും, ഞാൻ തന്നെ വീരനും, ഞാൻ തന്നെ കേമനും മറ്റാരുമല്ലാ... അധികാരിയാണു ഞാൻ, അധികാരിയാണു ഞാൻ, അധികാരി തന്നെടോ കേമനെന്നും...

ആരെടാ വലിയവനെന്നുള്ള ഉത്തരം വനജീവിക്കൂട്ടം തിരിച്ചറിഞ്ഞു.. 

മാനവനെന്നോരു ഇരുകാലി ജീവികൾ കാട്ടിൽ കടന്നുചെന്നാ ദിവസം...

പൂവുകൾ പൊട്ടിച്ചു,, കിളികളെ എയ്തിട്ടു,, കാട്ടിൽ വിരാജിച്ചു ആ മനുഷ്യർ... 

ആനയെ വീഴ്ത്തിയവനശ്വത്തെ ബന്ധിച്ചു വനരാജനെ കെണി വെച്ചു കൂട്ടിലാക്കി.. 

ഞാനാണു മാനവൻ,, വല്ലവൻ,, വൈഭവം കൊണ്ടവൻ,, ശാസ്ത്രം പഠിച്ചവൻ,, എല്ലാം ജയിച്ചവൻ...

'ആരെടാ വലിയവൻ' എന്നുള്ള ചോദ്യത്തിനുത്തരമായവൻ വാണിടുമ്പോൾ...

വന്നു നിലകൊണ്ടു മാനവൻ വീഥിയിൽ കുഞ്ഞരിൽ കുഞ്ഞനാം കുഞ്ഞനണു...

പേടിച്ചരണ്ടു പോയ് വിശ്വ വിജയികൾ,, 
കൂട്ടിൽ ഒളിച്ചു പോയ് രാജസമൂഹവും..

സമ്പത്തൊലിച്ചു പോയ്,, വൈഭവം നിലച്ചു പോയ്,, വിജ്ഞാനമൊട്ടു തികയാതെയും പോയ്...

അവൻ വെറുമൊരു അണുവാണ്... 

മദിച്ചു മറിഞ്ഞു നടന്ന നിന്നെ തടവിലാക്കിയവൻ,, 
മരണഭയത്താൽ നിന്നെ വെറളി കൊള്ളിച്ചവൻ,,
നിൻ്റെ സമ്പത്ത് ഒഴുക്കിക്കളഞ്ഞവൻ,,
നിന്നെ നിശ്ചലനാക്കിയവൻ,,
നീ കരുതിയ വിശ്വവിജയം നിൻ്റെ മൂഢസ്വപ്നമാണെന്നു നിന്നെ മനസ്സിലാക്കിത്തന്നവൻ,,
നീ ഒരു അണുവിലും ചെറിയവനാണന്ന് നിന്നോടു വിളിച്ചു പറഞ്ഞൻ,,
നിൻ്റെ ജീവനെടുത്തവൻ....

ആരാണു വലിയവൻ, ആരാണു വലിയവൻ ഒരു കുഞ്ഞു പൂവു ചോദിച്ചു...

അണുവല്ല, മൃഗമല്ല, മാനവനല്ല...

അതു നീ നിൽക്കും 'അവസ്ഥ' മാത്രം....

[Rajesh Puliyanethu
 Advocate, Haripad] 

Saturday, 28 March 2020

'അവസ്ഥാ പൂജ്യതേ രാമാ'.....


''അവസ്ഥാ പൂജ്യതേ രാമാ, ശരീരോനതുപൂജ്യതേ, തദാനിം ധാര കോസീത്വം ഇദാനീം രാജവല്ലഭ''­....

'അവസ്ഥാ പൂജ്യതേ രാമാ'.....

അവസ്ഥയാണ് പൂജിക്കപ്പെടുന്നത്, ശരീരമല്ല, മറ്റൊന്നും തന്നെയല്ല എന്നാണ് ഈ ശ്ലോകം ഉറപ്പിച്ചു പ്രസ്താവിക്കുന്നത്...

ഒരു സുഹൃത്തിനൊപ്പമുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹം സന്ദർഭവശാൽ ഉപയോഗിച്ചു കേൾക്കാനിടയായതാണ് ''അവസ്ഥാ പൂജ്യതേ രാമാ'' എന്ന സ്ലോകം...

'അവസ്ഥ മാത്രമാണ് പൂജിക്കപ്പെടുന്നത്' എന്ന പരമ യാഥാർഥ്യത്തെ സ്പുരിക്കുന്ന ആ വാചകത്തിന്റെ കാഷ്ട അന്വേഷിക്കണമെന്ന് ഒരാഗ്രഹം തോന്നി...

രാമായണത്തിലാണ് പ്രസ്ഥുത ശ്ലോകം ഉള്ളത്.. രാവണ വധത്തിനു ശേഷം രാജാവായി മടങ്ങിയെത്തുന്ന രാമനെ ഭരദ്വാജ മുനി സ്വീകരിക്കുന്ന സമയം മുൻപില്ലാതിരുന്ന ചില ഔപചാരികതകൾ രാമൻ ശ്രദ്ധിക്കുന്നു...

ഞാൻ മുൻപും അങ്ങയെ സന്ദർശിച്ചിട്ടുണ്ടല്ലോ മഹാമുനേ,, ഇപ്പോൾ മാത്രമെന്താണ് ഇപ്രകാരം ഔപചാരികതകൾ, എന്നദ്ദേഹം ചോദിക്കുന്നു...

ഭരദ്വാജമുനി മറുപടി നൽകുന്നു..

നീ മുൻപ് എന്നെ സന്ദർശിച്ച അവസ്സരത്തിൽ നീ രാജാവായ രാമനായിരുന്നില്ല... ഇപ്പോൾ നീ രാജാവായ രാമനാണ്.. സീതയുടെ ഭർത്താവായ രാമനിൽ നിന്നും,, ദശരഥന്റെ മകൻ മാത്രമായ രാമനിൽ നിന്നും, വിഭിന്നനായ രാമനാണ് 'രാജാവായ രാമൻ'....

രാമായണത്തിലെ ഈ സന്ദർഭത്തെയും ഭരദ്വാരാജ മുനി പറയുന്ന വാക്കുകളിലെ അർത്ഥ സമ്പുഷ്ടതേയും,വ്യാപ്തിയേയും നാം നിത്യ ജീവിതത്തിലെ സന്ദർഭങ്ങളുമായും, നാം കണ്ട അനുഭവങ്ങളുമായും ചേർത്തുവെച്ച് ആലോചിക്കണം..

ചില തത്വങ്ങളെ സാമൂഹികമായി മാത്രം ആപ്ലിക്കബിൾ എന്ന് കരുതി ബഹുമാനിക്കുമ്പോളും 'അവസ്ഥാ പൂജ്യതേ രാമാ' എന്ന തത്വം അതിനെല്ലാം മുകളിൽ സഞ്ചരിക്കുന്നു എന്ന് മനസ്സിലാകും..

നിയമത്തെക്കുറിച്ചു് സംസാരിക്കുമ്പോൾ പറയാറുണ്ട്;; 'ഒരു മനുഷ്യനും, മറ്റൊരു മനുഷ്യനും ഈ ഭൂമിയിൽ വേണം ഇവിടെ ഒരു നിയമം ഉണ്ടാകാൻ' എന്ന്.. എന്നാൽ ''അവസ്ഥ'' അടിസ്ഥാനമാക്കി വിലയിരുത്തിയാൽ, രാമായണത്തിലെ പ്രസ്ഥുത വാചകം ആദരിക്കപ്പെട്ടാൻ;; അവസ്ഥയെ ആദരിക്കാൻ മറ്റൊരു വ്യക്തി പോലും വേണ്ട,, ഒരു മനുഷ്യനും പ്രകൃതിയും മാത്രം മതി... അവിടെ 'മനുഷ്യൻ' എന്നത് അവസ്ഥയാൽ അനുഭവവിധേയമാകേണ്ട ഒരു ഒബ്ജക്റ്റ് എന്നു മാത്രം കണ്ടാൽ മതി..

ഒരുപാടു കാലം മുൻപ് ഉണ്ടായ ഒരു ബസ്സ് യാത്രയിലെ അനുഭവമാണ് "അവസ്ഥ" എന്ന വാക്കിലെ തീഷ്ണത ആദ്യമായി എന്നെ സ്പർശിച്ചത്...

ഒരു ചെറു ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ കണ്ടക്ടറും മറ്റൊരാളും തമ്മിൽ വലിയ വാക്കു തർക്കമാണ്... യാത്രക്കാരൻ പറഞ്ഞ സ്റ്റോപ്പിൽ നിർത്തിക്കൊടുക്കാൻ കണ്ടക്ടർ തയ്യാറായില്ല എന്നതാണ് കാരണം...

തർക്കത്തിന്റെ ഒരുവിൽ യാത്രക്കാരൻ പറയുന്നു, ഞാൻ സർക്കിൾ ഇൻസ്പെക്ടറാണ്, ഒപ്പം മലപ്പുറത്തെ ഏതോ ഒരു സ്ഥലവും പറഞ്ഞു... 'അവസ്ഥാ പൂജ്യതേ രാമാ' എന്ന വാചകം അന്വർത്ഥമാക്കുന്നത് കണ്ടക്ടറുടെ മറുപടി ആയിരുന്നു... "നിങ്ങൾ മലപ്പുറത്തെ സർക്കിൾ അല്ലേ,, ഈ വണ്ടി എവിടെ നിർത്തണം എന്ന് ഞാൻ തീരുമാനിക്കും"... അതാണ് 'അവസ്ഥ'... അതു മാത്രമാണ് അവിടുത്തെ പ്രസക്തമായ കാര്യം.. പ്രതിയോഗികൾക്കിടയിൽ "അവസ്ഥ" മാത്രമാണ് പ്രസക്തമായ വസ്ഥുത... പദവികൾ പോലും അവസ്ഥയിൽ അപ്രസക്തമാകുന്ന അവസ്ഥ.. നിർണ്ണയാവകാശത്തിന്റെ ഇരുപുറവും നിൽക്കുമ്പോൾ 'അവസ്ഥ' യുടെ ദൃഢത കൂടുതൽ വ്യക്തമാകുന്നു.. "ശരീരോനതുപൂജ്യതേ"... എന്നാണ് ശ്ലോകത്തിന്റെ രണ്ടാം പകുതി പറയുന്നത്.. ശരീരമല്ല പൂജിക്കപ്പെടുന്നത്.. 'സർക്കിൾ ഇൻസ്‌പെക്ടർ' എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ ശരീരം പൂജിക്കപ്പെട്ടിരുന്നെങ്കിൽ കണ്ടക്ടർ അയാളെ അനുസ്സരിക്കുമായിരുന്നു... അധികാര പ്രദേശത്തിനു പുറത്തു നിൽക്കുന്നതിനാൽ പദവിയും ആരാധിക്കപ്പെടുന്നില്ല.. സംശയമില്ല നായകൻ ''അവസ്ഥ'' തന്നെ...

ഒരു ചോദ്യമുയരാൻ സാദ്ധ്യതയുണ്ട്... രാമൻ എന്ത് അവസ്ഥയുടെ പേരിലാണ് ഭരദ്വാജ മുനിയാൽ ആദരിക്കപ്പെട്ടത്?? അവിടെ ഉത്തരം ഒന്നേ ഉള്ളൂ... രാജാവായിരുന്ന രാമൻ എന്ന അവസ്ഥ മാത്രമായിരുന്നു അവിടെ പ്രസക്തമായിരുന്നത്... രാജാവായ രാമനെ നിഷ്പ്രഭമാക്കുന്ന മറ്റൊരു 'അവസ്ഥ' അവിടെ പ്രസക്തമായി ഉയർന്നു വന്നില്ല.. അപ്പോഴും 'അവസ്ഥ' പ്രസക്തനായ നായകനായി എന്നുതന്നെ കാണാം..."അവസ്ഥ" യെ പദവികളുടെ അടിസ്ഥാനത്തിലുള്ള ഉന്നതി എന്നതിനപ്പുറം പദവിയോ, പണമോ, സ്ഥിതിയോ, സ്വാധീനമോ തുടങ്ങി ഏതു വിധത്തിലെ സ്വാധീന ശക്തിയെയും നിഷ്പ്രഭമാക്കാൻ ക്ഷമതയുള്ള വലിയ പ്രഭാവമായി കാണണം... സകലവിധ പ്രത്യക്ഷ ഉന്നതികളെയും നിഷ്പ്രഭമാക്കി നിൽക്കുന്ന 'അവസ്ഥ' എന്ന സ്വാധീനത്തെയാണ് നമുക്ക് തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയുന്നത്... അവസ്ഥയാൽ വ്യക്തികളുടെയും, വിഷയങ്ങളുടെയും പ്രസക്തികൾ മാറിമാറി വരുന്നതിന്റെ നൂറുനൂറു കാഴ്ചകൾ കണ്ടു മറഞ്ഞവരും, കണ്ടുകൊണ്ടിരിക്കുന്നവരുമാണ് നമ്മളിൽ ഓരോരുത്തരും...

ഭരണാധികാരികളുടെ അധികാര സീമകൾക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്ന ഒരു ഡോക്റ്റർ ആയിരിക്കും നാളെ അതേ ഭരണാധിപന്റെ ജീവൻ കൈയ്യിൽ വെച്ച് ഒരു സർജറി നടത്തുന്നത്... കഴിഞ്ഞോരുനാളിൽ അധികാരം എന്ന അവസ്ഥ ഡോക്ടറുടെമേൽ ഭരിച്ചപ്പോൾ ഇന്ന് വൈദ്യശാസ്ത്രത്തിലെ അറിവ് ഭരണാധികാരിയുടെ ജീവന്റെ പോലും നിർണ്ണയമാകുന്നു... കഴിഞ്ഞ ദിവസ്സങ്ങളിൽ ഡോക്ടർ എത്ര സമയം ജോലി ചെയ്യണം എന്ന് കല്പിച്ച ഭരണാധികാരി ഇന്ന് എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നത് അതേ ഡോക്ടറാണ്...

''അവസ്ഥ'' എന്ന അതിശക്തമായ ഈ പ്രഭാവത്തെ ഏറ്റവും യോഗ്യമായി 'അവസ്ഥ' എന്ന വാക്കുകൊണ്ടുമാത്രമേ പ്രതിനിധീകരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ശരിയായ അവസ്ഥ...

മുൻപു പറഞ്ഞതുപോലെ 'അവസ്ഥ' യെ മനസ്സിലാക്കാൻ നമുക്കു ചുറ്റുമുള്ള സംഭവ വികാസങ്ങളിലേക്ക് കണ്ണുകൾ തിരിക്കണം... ;എന്തു സംഭവിക്കുന്നുവോ അതാണ് വിധി' എന്ന ന്യായം പോലെ യാഥാർഥ്യത്തിന്റെ നിലവിലെ ബിന്ദുവാണ് 'അവസ്ഥ'... അവസ്ഥ ആദരിക്കപ്പെട്ടേ മതിയാകൂ... കാരണം 'അവസ്ഥ' സത്യമാണ്... അവസ്ഥ സത്യമാണെന്നു പറയുമ്പോൾ അത് സത്യത്തിന്റെ പ്രതിരൂപമാണെന്ന് ധരിക്കുകയുമരുത്.. സത്യത്തിന്റെ വഴിയിൽക്കൂടി എത്തിച്ചേർന്നു നിൽക്കുന്ന ഒന്നെന്ന മഹത്വമൊന്നും അവസ്ഥക്കില്ല.. എത്തിച്ചേർന്നു നിൽക്കുന്ന യാഥാര്ഥ്യം എന്ന മഹത്വം മാത്രമേ അവസ്ഥക്കുള്ളൂ..

പ്രതാപികളായിരുന്ന എത്രയോ ഭരണാധികാരികൾ പിന്നീട് തങ്ങളുടെ കീഴുദ്യോഗസ്ഥരായിരുന്നവരുടെ കനിവിനായി നിൽക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.. പരമോന്നത കോടതികളിലെ ന്യായാധിപർ അഭിഭാഷകരുടെ കക്ഷികൾ മാത്രമായി നിൽക്കുന്നത് നമുക്കു കാണാൻ കഴിഞ്ഞിട്ടില്ലേ?? അവിടെ എല്ലാം നായകനായത്‌ 'അവസ്ഥ' മാത്രമാണ്?? പൂജിക്കപ്പെട്ടതും 'അവസ്ഥ' മാത്രമാണ്?? ദന്ത ഗോപുരങ്ങളിൽ കഴിയുന്നവരും,, അധികാരാസ്സനങ്ങളുടെ ഉന്മാദത്തിൽ ജീവിക്കുന്നവരും രാമായണത്തിലെ ഈ ശ്ലോകാർത്ഥം മനസ്സിലാക്കുന്നത് നന്നായിരിക്കും..

രാജ വധുവായിരുന്ന ദ്രൗപതി മത്സ്യരാജ്യത്തു സൈരന്ധ്രി എന്ന ദാസ്സിയായി കഴിഞ്ഞു ആജ്ഞകൾ അനുസ്സരിക്കേണ്ടി വന്നതും,, വില്ലാളി വീരനായ അർജ്ജുനൻ ഉത്തരനെപ്പോലെ ഒരു ബാലന്റെ തേരാളിയായതും, കർണ്ണൻ സൂതപുത്രനായതും, കൗരവപക്ഷത്തായതും, സഹോദരനായ അർജ്ജുനനാൽ മൃത്യു വരിക്കേണ്ടി വന്നതും എല്ലാം അവസ്ഥയാണ്... 'അവസ്ഥ' മാത്രമാണ് പൂജിക്കപ്പെടുന്നതെന്ന അചഞ്ചലത അന്വർഥിക്കുമ്പോൾ അവസ്ഥയിലേക്ക് എത്തിച്ചേർന്ന വഴികൾ പ്രസക്തമല്ല എന്നും കാണണം... എത്തിനിൽക്കുന്ന 'അവസ്ഥ' മാത്രമാണ് പൂജിക്കപ്പെടുന്നത് എന്നത് സുവ്യക്തവും ആകുന്നു...

രണ്ടായിരത്തി ഇരുപത്തിന്റെ ഈ ആദ്യ മാസ്സങ്ങളിൽ ഒരു ചെറു അണു സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ നോക്കിക്കാണൂ.. ആ മാറ്റങ്ങൾ പുതിയ അവസ്ഥയ്ക്ക് കാരണമായി... മാറ്റങ്ങൾക്കു കാരണമെന്തുതന്നെയായാലും എത്തി നിൽക്കുന്ന 'അവസ്ഥ' മാത്രമേ മാനിക്കപ്പെടുകയുള്ളൂ എന്നതാണ് സത്യം... നമ്മുടെ രാജ്യത്തിന്റെ സ്‌പന്ദനം പോലും ഞങ്ങളുടെ അധ്വാനത്തിന്റെയും പണത്തിന്റെയും പ്രതിഫലമാണെന്ന് അഹങ്കരിച്ച വിദേശ ഇന്ത്യക്കാർ ചുരുങ്ങിയ സമയത്തേക്കെങ്കിലും പൗരന്മാരിൽ ആശങ്കയുടെ പ്രതീകങ്ങളായില്ലേ?? എന്തൊക്കെ മഹത്വം വിദേശ ഇന്ത്യക്കാർ പറഞ്ഞാലും നിലവിലെ "അവസ്ഥ" മാത്രമേ അവരുടെ കാര്യങ്ങൾ നിർണ്ണയിക്കൂ... നാളെ അവർ വീണ്ടും ആദരിക്കപ്പെട്ടേക്കാം... അത് മാറിയ അവസ്ഥയാണ്... അവിടേയും ആദരിക്കപ്പെടുന്നത് മാറിവന്ന ആ 'അവസ്ഥയാണ്'... യാതൊരു അധ്വാനവും ചെയ്യാതെ വീട്ടിലിരിക്കുനന്നവൻ ആദരണീയനായതും അവസ്ഥയാണ്.. യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും, അവകാശവും ശിക്ഷാർഹമായതും അവസ്ഥയാണ്.. അവിടെയെല്ലാം വ്യക്തിയുടെ വേഷങ്ങളും,, പദവികളും,, ചുമതലകളും അങ്ങനെ പലതും മാറിമാറിവരുന്നു.. സർവ്വതിന്റെയും മാറ്റത്തിൽ ഉരുത്തിരിഞ്ഞു വരുന്ന 'അവസ്ഥ' മാത്രം ആദരിക്കപ്പെടുന്നു...

തുറന്നു വിട്ട സിംഹത്തിനു മുൻപിൽ നമ്മൾ അവന്റെ ഭക്ഷണമാകാതിരിക്കാൻ ജീവഭയത്തോടെ നിൽക്കുന്നു... കൂട്ടിലടക്കപ്പെട്ട സിംഹം ഭക്ഷണത്തിനായി നമ്മളോടു കേഴുന്നു... അതാണ് ''അവസ്ഥ''... 'അവസ്ഥ' അതിന്റെ ആവശ്യങ്ങൾ നമ്മളോട് ചോദിച്ചു വാങ്ങുക തന്നെ ചെയ്യും... ആ ആവശ്യങ്ങൾ നിറവേറ്റാതെ മാറി നിൽക്കാൻ കഴിയുക അസാദ്ധ്യം.

[Rajesh Puliyanethu
 Advocate, Haripad]

Wednesday, 11 December 2019

തെലുങ്കാനയിലെ പോലീസ്സ് നടപടി;; ''നീതി'' കണ്ണു കെട്ടുന്നു....!!??


     ഹൈദ്രബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസ്സിലെ പ്രതികളെ  വെടിവെച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകുന്ന തിരക്കിലാണ് രാജ്യത്തിന്റെ ഒരു പകുതി...  രാജ്യത്ത് കൂടിവരുന്ന ബലാത്സംഗ കൊലപാതകങ്ങൾക്കു നേരെ ഉയരുന്ന ജനരോഷമാണ് ഇത്രയും അധികം പിന്തുണ തെലുങ്കാന പൊലീസിന് ലഭിക്കാൻ കാരണം.. വൈകാരികമായി മാത്രം ചിന്തിക്കുന്ന ഒരു വിഭാഗമാണ് ഈ വിധം കലവറയില്ലാതെ പിന്തുണ പൊലീസിന് നൽകുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും... നിയമത്തെ ഏതു വിധത്തിൽ നോക്കിക്കാണണം എന്നും, നിയമത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുകൊണ്ട് എങ്ങനെ ചിന്തിക്കണണമെന്നും പ്രാഥമിക വീദ്യാഭ്യാസകാലം മുതൽ പഠിപ്പിച്ചു നല്കാത്തതിന്റെ പോരായ്മയും കൂടിയാണ് ഈ പിന്തുണകൾ തെളിച്ചു കാണിച്ചു തരുന്നത്.. ചെറിയ ക്ലാസ് തലം മുതൽ നിയമം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടി ഈ അവസ്സങ്ങളിൽ ഓര്മപ്പെടുത്തേണ്ടതാണ്...

     തെലുങ്കാനയിലെ സംഭവം നോക്കൂ... പ്രതികളെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലുക എന്നതല്ലല്ലോ രാജ്യം വിവക്ഷിക്കുന്ന രീതി... പൊലീസിന് പറയാനുള്ളത് എന്താണ്!!??? പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു... ഒരു കോടതിയുടെയോ,, അന്വേഷണ കമ്മീഷന്റെയോ,, പുതിയതായി വരുന്ന അന്വേഷണ ഏജൻസിയുടെയോ മുൻപിൽ ഈ കാരണം നിരത്തി പൊലീസിന് എത്രകാലം പിടിച്ചു നിൽക്കാൻ കഴിയും എന്നത് കണ്ടുതന്നെ അറിയണം... പോലീസിന്റെ കസ്റ്റഡിയിൽ രണ്ടു ദിവസത്തിലേറെയായി ഉള്ളവർ... തീർച്ചയായും അവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടാകില്ല.. ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന വാദം പൊലീസിന് ഒരിക്കലും ഉന്നയിക്കാൻ കഴിയില്ല... ഇത്രയധികം സെൻസേഷണൽ ആയ ഒരു വിഷയത്തിൽ ജനങ്ങൾ ആക്രമിക്കാൻ സാദ്ധ്യത ഉണ്ട് എന്ന നിലയിൽ കനത്ത ബന്തവസ്സിൽ മാത്രമേ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരാൻ സാദ്ധ്യത ഉള്ളൂ... ഇത്രയധികം കാര്യങ്ങൾ കൃത്യമായി കാണാൻ കഴിയുന്ന രീതിയിൽ നിൽക്കുമ്പോളാണ് പൊലീസിന് ഈ വിഷയത്തിൽ ന്യായങ്ങൾ പറഞ്ഞു അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് പറയുന്നത്... ഇത്രയധികം പൊലീസുകാരെ നിരായുധരായ നാലുപേർ ആക്രമിച്ചാൽത്തന്നെ പ്രതിരോധിക്കാനോ,, അവരെ കീഴടക്കാനോ ഉള്ള ക്ഷമത ഇല്ലാത്തവരാണോ തെലുങ്കാന പോലീസ്സ്...!!?? തോക്കുകൊണ്ടു മാത്രം അവരെ പ്രതിരോധിക്കാൻ കഴിവുള്ളവരാണ് ആ പോലീസ്സ് സംഘത്തിൽ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും സർവ്വീസിൽ തുടരാൻ അവർ അർഹരല്ല... പോലീസ് സംഘത്തെ അക്രമിക്കുകയല്ല,, മറിച്ചു് അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെങ്കിൽ അവരെ പിടികൂടാൻ കഴിയാത്തതിനാൽ വെടിവച്ചിട്ടു എന്ന് എങ്ങനെ ലജ്ജ കൂടാതെ ഒരു പോലീസ്സ് അധികാരിക്ക് പറയാൻ കഴിയും... ഒരു കാര്യം ഏറെക്കുറെ ഉറപ്പിച്ചു പറയാൻ കഴിയും... ഏറ്റവും കുറഞ്ഞത് ഏത് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നാണോ പ്രതികളുടെ ശരീരത്തിൽ വെടിയുണ്ടകൾ കയറിയത്,, അയാളെങ്കിലും ശിഷ്ടകാലം ഇരുമ്പഴികൾക്കുള്ളിൽ കഴിയേണ്ടി വരും... കുറ്റം ആരോപിക്കപ്പെടുന്നവനെ വെടിവെച്ചു കൊല്ലുന്നതല്ല പോലീസിന്റെ മികവ്,, മറിച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെ തെളിവുകൾ ശേഖരിച്ചു കോടതിയുടെ മുൻപാകെ തെളിയിച്ചു ശിക്ഷവാങ്ങി കൊടുക്കുന്നതിലാണ്... വിചാരണ കൂടാതെ ശിക്ഷ നടപ്പിലാക്കുന്നതുതന്നെ കാടത്തമാണ്... അതിനെ പിന്തുണക്കുന്നത് അധഃ പതനമാണ്...

     നിയമ വ്യവസ്ഥയിൽ വലിയ ഒരു വിഭാഗം ജനതയ്ക്ക് വിശ്വാസ്സം നഷ്ടപ്പെട്ടതാണ് പോലീസ്സ് നടപടിക്ക്‌ ഇത്രയധികം പിന്തുണ ലഭിക്കാൻ കാരണം എന്ന് കാണേണ്ടതുണ്ട്... അതിനൊപ്പം തന്നെ എന്തുകൊണ്ട് നിയമ വ്യവസ്ഥയിലെ വിശ്വാസ്സം നഷ്ട്ടപ്പെട്ടു എന്നു കൂടി തിരിച്ചറിയാൻ ശ്രമിക്കണം..

     രാഷ്ട്രീയത്തിലും, പോലീസ്സിലും സ്വാധീനങ്ങൾ ചെലുത്തി ചില കേസ്സുകൾ അട്ടിമറിക്കപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വരുന്നത് ജനങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ട്ടിക്കും... തങ്ങളുടെ കാഴ്ചപ്പാടിൽ കുറ്റവാളിയാണെന്ന് തീർച്ചപ്പെടുത്തിയ ഒരു കുറ്റാരോപിതർ വിചാരണയ്ക്കു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുന്നത്,, ശിക്ഷിക്കപ്പെട്ട പ്രതി ജയിലിൽ പൂർവ്വാധികം കായബലം നേടി നിൽക്കുന്നത് കാണുന്നത്,, ശിക്ഷിക്കപ്പെട്ടവൻ സർക്കാർ - രാഷ്ട്രീയ ഒത്താശയോടെ തുടർച്ചയായി പരോളുകൾ നേടി നിയമ സംവിധാനങ്ങളെ പരിഹസിക്കുന്നത്;; ഇതൊക്കെ കണ്ടു നിൽക്കുന്നവൻ സ്വോഭാവികമായും രോഷാകുലരാകും... ഇതിനൊപ്പം കണ്ടു നിൽക്കുന്നവന് നിയമപരിജ്ഞാനത്തിന്റെ അഭാവവും കൂടി ഉണ്ടെങ്കിലോ!!?? തീർച്ചയായും അവർ നീതിന്യായ സംവിധാനത്തെ പഴിപറയും...  കോടതി വിചാരണയ്ക്കു മുൻപുതന്നെ മാദ്ധ്യമങ്ങൾ വിചാരണ നടത്തി കുറ്റവും ശിക്ഷയും വിധിച്ചു കഴിഞ്ഞ ഒരു പ്രതിയെ കോടതി വെറുതെ വിടുന്നുവെങ്കിൽ കണ്ടു നിൽക്കുന്നവന്റെ അമർഷം വീണ്ടും വർദ്ധിക്കും... അവിടെയെല്ലാം പൊതുജനത്തിൻ്റെ മനസ്സിൽ വിലയിടിയുന്നത് നമ്മുടെ നിയമ നീതിന്യായ സംവിധാനങ്ങളുടേത് ആയിരിക്കും... കുറ്റവാളിയെ നിയമത്തിനു വിട്ടുകൊടുക്കാതെ വെടിവെച്ചു കൊന്നുകളയുന്ന സിനിമയിലെ പോലീസ്സ് നായകനോട് തോന്നുന്ന ആരാധന യഥാർഥ പോലീസിനോട് തോന്നുന്നത് നിയമപരമായ അറിവിന്റെയും, ചിന്തയുടെയും ച്യുതിയാണ്... സിനിമയിലും പ്രേക്ഷകന്റെ മനസ്സിലേക്ക് കനത്ത ഡയലോഗുകളിൽക്കൂടി നായകൻ പറഞ്ഞു നിറക്കുന്നത് "നിയമത്തിൻ്റെ പഴുതുകളിൽക്കൂടി രക്ഷപ്പെടാതിരിക്കാൻ വില്ലനെ കൊന്നു കളയുന്നു" എന്നാണല്ലോ!

     വിചാരണ കൂടാതെ വിധി നടപ്പാക്കുന്ന ഉട്ടോപ്യൻ രാജ്യങ്ങളുടെ ആരാധകരായി മാറുകയാണ് നമ്മളിൽ പലരും... ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ ഭാരതം ശ്രെഷ്ട പദവി അലങ്കരിച്ചു നിൽക്കുന്നത് വിചാരണ കൂടാതെ വെടിവെച്ചു കൊല്ലുന്ന തരത്തിലെ കാടൻ രീതികൾ ഇവിടെ നിലവിലില്ലാത്തതു  കൊണ്ടു കൂടിയാണ്... നീതി അതിന്റെ ശരിയായ രീതിയിൽ നടപ്പിലാക്കുന്ന രാജ്യം എന്ന പേരിലാണ് നമ്മുടെ രാജ്യം ശ്രെയസ്ക്കരമാകുന്നത്... ''ക്യാപ്പിറ്റൽ ഓഫ് ഡെമോക്രസി'' എന്നതാണ് ഭാരതത്തിന്റെ ക്യാപ്‌ഷൻ...  റേപ്പ് ക്യാപിറ്റൽ എന്ന് ഭാരതത്തെ ഒരു വിദേശിയും, സ്വദേശിയും വിശേഷിപ്പില്ല... സ്വദേശിയും വിദേശിയുമല്ലാത്തെ ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാൽ നമ്മൾ അത് മുഖവിലക്കെടുക്കേണ്ട കാര്യവുമില്ല.... 

     ഇത്രകണ്ട് രാജ്യത്തെ നിയമ വ്യവസ്ഥിയിൽ വിശ്വാസ്സമില്ലാതാകേണ്ട അവസ്ഥ നിലവിലില്ല എന്നുതന്നെ നമ്മൾ കാണണം... രാജ്യത്തിനെതിരെ പ്രവർത്തിച്ച കൊടും കുറ്റവാളികൾക്ക് നമ്മുടെ രാജ്യം വിചാരണ നടത്തിത്തന്നെ ക്യാപ്പിറ്റൽ പണിഷ്മെൻറ് നൽകിയിട്ടുണ്ട്... മതത്തിന്റെയും,, രാഷ്ട്രീയത്തിന്റെയും സമ്മർദ്ദങ്ങളെ അതിജീവിച്ചുതന്നെ അജ്മൽ കസബിനെയും,, അഫ്‌സൽ ഗുരുവിനെയും ഇവിടുത്തെ നീതിന്യായ വ്യവസ്ഥ തൂക്കൂലേറ്റിയില്ലേ...?? നിർഭയ കേസ്സിലെ പ്രതികൾ തൂക്കുകയർ കാത്തുകിടക്കുകയല്ലേ?? ശിക്ഷിക്കപ്പെട്ടവനെ പട്ടിണിക്കിടുന്നതല്ല നമ്മുടെ രാജ്യം പിന്തുടരുന്ന രീതി എന്നതുകൊണ്ട് കായപുഷ്ടി നേടിയ ഗോവിന്ദച്ചാമിയെ കണ്ട് നമ്മൾ നീതി പീഠങ്ങളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല... ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നാണ് അർഥം... ഗോവിന്ദച്ചാമി മരണം വരെ ജയിലിൽ കിടന്നാൽ അതും അർഹമായ ശിക്ഷയാണ്... വിചാരണ നടത്തി നൽകിയ ശിക്ഷ എന്ന മേന്മ ആ ശിക്ഷക്കുണ്ട്....

     തെലുങ്കാന റേപ്പ് കേസ്സിലേക്കു തന്നെ വരൂ... നാലുപേരെ കുറ്റവാളികളായി കണ്ടെത്തിയത് പൊലീസ് ആണ്... പോലീസ് പറഞ്ഞ അറിവിന്റെ അടിസ്ഥാനത്തിലാണ് അവർ കുറ്റവാളികളാണെന്ന് നമ്മൾ തിരിച്ചറിഞ്ഞത്... അവർ കുറ്റവാളികളാണെന്ന ഉറച്ച വിശ്വാസ്സത്തിലാണ് അവർ കൊല്ലപ്പെടേണ്ടവരാണെന്ന് നമ്മളിൽ ഒരു വിഭാഗം തീർത്തു പറഞ്ഞത്... വികാരങ്ങളെ മാറ്റിനിർത്തി ആലോചിക്കൂ... അവർ യഥാർഥ കുറ്റവാളികൾ അല്ലെങ്കിലോ!!?? പ്രബലരായ മറ്റേതെങ്കിലും പ്രതികളെ എന്നെന്നേക്കുമായി രക്ഷിക്കാൻ പോലീസ്സ് നടത്തിയ തിരക്കഥയാണ് നടപ്പിലായതെങ്കിലോ!!?? പ്രതികളിൽ ഒരാളെപ്പോലും ബാക്കിവെയ്ക്കാതെ പോലീസ്സ് കൊന്നുകളഞ്ഞതുകൊണ്ടാണ് സംശയം ബലപ്പെടുന്നത്... പ്രതികൾ എല്ലാവരും  മരിച്ചതിനാൽ ഇനി കുറ്റ വിചാരണയുമില്ല... അവരിൽ ഒരുവനെങ്കിലും നിരപരാധിയായിരുന്നുവെങ്കിൽ അത് തെളിയിക്കപ്പെടാതെ ഈ ലോകത്തുനിന്നും അവനെ തിരികെ അയച്ചതിൽ എന്ത് നീതിയാണുള്ളത്... പൊലീസ് നടപടിയെ അത്യന്തം സംശയത്തോടെ തന്നെ കാണണം... കാരണം രക്ഷപ്പെടാൻ ശ്രമിക്കുന്ന നാലു പ്രതികളിൽ ഒരുവൻ വെടി കൊണ്ടു വീണത് കാണുമ്പോൾത്തന്നെ മറ്റുള്ളവർ അതിൽ നിന്നും പിന്തിരിയില്ലേ?? നാലുപേരെയും കൊന്നതിനാൽ അവരെ മുഴുവനും ഇല്ലാതാക്കുക എന്നത് പോലീസിന്റെ തീരുമാനമായിരുന്നു എന്ന് കാണണം.. പക്ഷെ അതിനവർ തയ്യാറാക്കിയ തിരക്കഥ ദുർബലമായിരുന്നു എന്നും പറയേണ്ടി വരും...

     തെലുങ്കാന പ്രതികളെ കൊന്ന ഓപ്പറേഷനെ "എൻകൗണ്ടർ" എന്ന് വിശേഷിപ്പിക്കാൻ പാടില്ല... പൊലീസ് ഭാഷ്യം തന്നെ അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടി വെയ്ക്കുകയായിരുന്നു എന്നാണ്... രക്ഷപ്പെടാൻ ഓടുന്നവനെ വെടിവെച്ചിടുന്നതാണോ എൻകൗണ്ടെർ!!?? നമ്മുടെ പോലീസിനെയും,, പട്ടാളത്തെയും,, പൊതുജനത്തെയും ആക്രമിക്കുകയും നശിപ്പിക്കുകയും,, പൊതുജനത്തെ ബന്ദികളാക്കുകയും ചെയ്യുന്നവരെ കൊല്ലുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാതെ വരുമ്പോൾ എടുക്കുന്ന നടപടിയാണ്  "എൻകൗണ്ടർ"... അത് രാജ്യത്തിന്റെയും,, ജനതയുടെയും സുരക്ഷക്കായി ഉത്തരവാദിത്വപ്പെട്ടവർ നടത്തുന്ന ധീരമായ നടപടിയാണ്.. മറിച്ചു തെലുങ്കാന പോലീസ് ചെയ്തതു പോലെയുള്ള ഭീരുത്വവും, നിഗൂഢതയും നിറഞ്ഞ ഒന്നല്ല...

     തെലുങ്കാന സംഭവത്തിൽ രണ്ടു രാഷ്ട്രീയ ചേരികൾ രൂപം കൊണ്ടതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്... പോലീസ്സ് നടപടിയെ അനുകൂലിക്കുന്ന വിഭാഗം, എതിർക്കുന്ന വിഭാഗം എന്നതിനപ്പുറം അനുകൂലിക്കുകയും, എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ ചേരിതിരിവാണ് ഇവിടെ രൂപം കൊണ്ടത്... ഇസ്ളാമിക തീവ്രവാദികളെ കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുകയും, എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളുടെ തനിപ്പകർപ്പ് ഈ വിഷയത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു... രാജ്യത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്നവരെ പ്രത്യാക്രമണങ്ങളിൽക്കൂടി ഇല്ലാതാക്കാനേ കഴിയൂ... അവിടെയും വിചാരണയ്ക്ക് അവസ്സരം കിട്ടിയാൽ അത് ചെയ്യണം.. 

      കുറ്റവാളികളെ വെറുതെവിടുന്നതിന്റെ തോത് കൂടുതലായതിനാൽ അത് നീതിന്യായ സംവിധാനങ്ങളുടെ പോരായ്മയാണ് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല... പ്രതിക്കൂട്ടിൽ നിൽക്കുന്നവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന മുൻവിധിയോടെ അന്വേഷ ഏജൻസികളെ മാത്രം വിശ്വാസ്സത്തിലെടുത്ത് ആളുകളെ ജയിലിലേക്ക് അയക്കുന്ന ഏജൻസികൾ അല്ല കോടതികൾ... കോടതികളുടെ 'വിശ്വാസ്യത' കൂട്ടാൻ ശിക്ഷിക്കപ്പെടുന്ന റേറ്റ് കൂട്ടാൻ വേണ്ടി കോടതികൾ തുനിഞ്ഞിറങ്ങാതിരുന്നാൽ മതി...

"നീതി നടപ്പിലായാൽ മാത്രം പോരാ, അത് നടപ്പിലായതായി പൊതുസമൂഹത്തിന് തോന്നുകയും വേണം" എന്നതാണ് തത്വം... ഭരണ ഘടന അനുശാസിക്കുന്ന മാർഗ്ഗങ്ങളിൽക്കൂടി നടപ്പിലാക്കുന്ന 'നീതി',, നീതിയുടെ നടപ്പിലാകലായി പലർക്കും ബോദ്ധ്യപ്പെടുന്നില്ല എന്ന സത്യവും നമ്മൾക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.. നീതി ശരിയായ രീതിയിൽ ഇവിടെ നടപ്പിലാകുന്നു എന്നും,, അതിവിടുത്തെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയുന്നുണ്ട് എന്നും  അധികാരസ്ഥാനങ്ങൾ ഉറപ്പുവരുത്തട്ടെ.... 

[Rajesh Puliyanethu
 Advocate, Haripad]
                    @ 
          PuliyanZ 

Friday, 21 June 2019

കുട്ടികളെക്കുറിച്ചു ഒരു കൊച്ചു വർത്തമാനം...

     
     സ്‌കൂളുകൾ തുറന്നു... പുതിയ ആവേശത്തോടെ കുഞ്ഞുങ്ങൾ സ്കൂളുകളിലേക്ക് പോകുന്നു... ആവേശത്തിനൊപ്പം അവർ ഒരുപാട് സമ്മർദ്ദങ്ങളും അനുഭവിക്കുന്നു.. പഠനത്തിന്റെ,, പഠന ഇതര വിഷയങ്ങളുടെ,, പ്രതീക്ഷകളുടെ,, മൽസര ബുദ്ധിയുടെ,, ശകാരങ്ങളുടെ,, കുറ്റപ്പെടുത്തലുകളുടെ,, പരാജയത്തിന്റെ അങ്ങനെ പലതും...!! നമ്മൾ കേൾക്കുമ്പോൾ ചെറുതെന്നു തോന്നുന്ന കാര്യങ്ങളും അവർക്ക് വലിയ കാര്യങ്ങൾ ആയിരിക്കും... "ആനക്ക് തടി ഭാരം, ഉറുമ്പിന് അരി ഭാരം" എന്നു പറയുന്നതു പോലെ അവർ അവർക്കു വലുതായി കാണുന്ന കാര്യങ്ങളിൽ സംഘർഷം അനുഭവിക്കുന്നു... അതുപോലെ തന്നെ രക്ഷിതാക്കളും വലിയ സമ്മർദ്ദം ഉള്ളിൽ കൊണ്ടു നടക്കുന്നു... കുട്ടികളുടെ ഭാവി,, വിദ്യാഭ്യാസം,, പെരുമാറ്റം,, കോപം,, ലഹരി,, പഠന വൈകല്യം,, ലൈംഗീക ചൂഷണങ്ങൾ,, കുട്ടികൾ കാട്ടുന്ന മൗനം അങ്ങനെ തുടങ്ങി ഒരുപാടു കാര്യങ്ങളിൽ രക്ഷിതാക്കളും സമ്മർദ്ദം അനുഭവിക്കുന്നു... ആധുനിക സംവിധാനങ്ങളായ ഇന്റർനെറ്റ്,, സോഷ്യൽ മീഡിയ,, മൊബൈൽ ഫോൺ,, കമ്പ്യുട്ടർ എന്നിവയൊക്കെ അനുവദിക്കാനോ, അനുവദിക്കാതിരിക്കാനോ കഴിയാത്ത ധർമ്മ സങ്കടം...!? ഏതെല്ലാം കഴിഞ്ഞു കുട്ടികളെക്കുറിച്ചു മറ്റുള്ളവർ ആരെങ്കിലും മോശമായ ഒരഭിപ്രായം പറഞ്ഞുകേട്ടുപോയാൽ ഈ സമ്മർദ്ദമെല്ലാം പൊട്ടിത്തെറിയായി മാറുന്ന അവസ്ഥ... അങ്ങനെ അതിമനോഹരമായ കുട്ടിക്കാലവും, വിദ്യാഭ്യാസ്സകാലവും സംഘർഷങ്ങൾ കൊണ്ടു നിറഞ്ഞ ഒരു കാലമായി മാറുന്നു... രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഒരുപോലെതന്നെ....

     യൗവ്വനം മുന്നേറുമ്പോൾ സ്വോഭാവികമായും സംഘർഷങ്ങളും,, സമ്മർദ്ദങ്ങളും വന്നുചേരും... ആ സമ്മർദ്ദങ്ങളെ നേരിടാൻ വിദ്യാഭ്യാസകാലത്തു സമ്മർദ്ദങ്ങൾ നേരിട്ടു മുരടിച്ച മനസ്സുകൾക്ക് എങ്ങനെ കഴിയും എന്നതും ഒരു ചോദ്യമാണ്... വിദ്യാഭ്യാസ്സകാലത്തിന്റെ ശീതള സ്വഭാവത്തെ എങ്ങനെ കുറേയെങ്കിലും നിലനിർത്താം എന്നതും നമ്മുടെ മുൻപിലെ ഒരു വലിയ വിഷയമാണ്...?? സ്കൂളുകളിലെ ചുവരുകൾക്കുള്ളിൽ നിന്നും അവർക്കു ലഭിക്കുന്ന അറിവും, ഭാവി ജീവിതത്തിലേക്ക് പ്രയോഗിക്കാൻ ഉതകേണ്ട  അവശ്യ ശസ്ത്രങ്ങളുടെ കുറവും സൂഷ്മതയോടെ നോക്കിക്കാണേണ്ടതുണ്ട്.....

     വളരെ അധികം സമൂഹത്തിൽ ചർച്ച ചെയ്ത വിഷയമാണിത്.. ഈ വിഷയത്തിൽ സാധ്യമായ എല്ലാ വശങ്ങളും തലനാരിഴകീറി പരിശോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്... ഇന്ന് കാണുന്ന വലിയ ഒരു പരിധിവരെ കാര്യങ്ങൾ നന്നായി മുൻപോട്ടു പോകുന്നതും ഈ ചർച്ചകളുടെ ഫലമായാണ് എന്ന് നിസ്സംശയം പറയാം... എങ്കിലും നമ്മൾ വീണ്ടും,, വീണ്ടും ഈ വിഷയങ്ങൾ സംസാരിച്ചു കൊണ്ടിരിക്കണം... കാരണം ഇത്തരം ചർച്ചകൾ ചെന്നെത്തിയിട്ടില്ലാത്തിടങ്ങളുണ്ട്,, വിദഗ്ദ്ധരായ പലരും പറഞ്ഞതിനെ ഉൾക്കൊള്ളാതിരുന്നവരുണ്ട്... അങ്ങനെ "കുട്ടികളുടെ വിദ്യാഭ്യാസ്സ കാലത്ത് ഉണ്ടാകുന്ന പല വിധമായ പ്രശ്നങ്ങൾ" ഇന്നും പലയിടങ്ങളിലും പരിഹരിക്കാതെ തന്നെ കിടക്കുന്നു... ചർച്ചകളുടെ ഗുണകരമായ അലകൾ എല്ലാവരിലേക്കും ചെന്നെത്തുന്നതുവരെ നമ്മൾ ഈ വിഷയം സംസാരിച്ചുകൊണ്ടേയിരിക്കണം... കാര്യകാരണങ്ങൾ മനസ്സിലാക്കി കഴിയുന്ന പരിഹാരങ്ങൾ സ്വന്തം കുടുംബത്തിലെങ്കിലും ചെയ്യണം... അതിനോട് നനഞ്ഞ നിലപാട് സ്വീകരിക്കുന്നത് വരുംകാല തലമുറയോട് ചെയ്യുന്ന ഉത്തരവാദിത്വകുറവായിരിക്കും എന്നതാണ് എൻ്റെ കാഴ്ചപ്പാട്.....

     ഈ വിഷയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ വിഷയം ജാതി,, മത,, സാമ്പത്തിക വ്യതിയാനങ്ങളിൽ നിൽക്കുന്ന എല്ലാ വിഭാഗങ്ങളിലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നതാണ്... കാരണം ജാതിയുടെയും, മതത്തിന്റെയും,, സാമ്പത്തിക ചുറ്റുപാടുകളുടെയും,, കുടുംബ അന്തരീക്ഷത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഈ വിഷയത്തിന്റെ സ്വാധീന ഘടകങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നതല്ലാതെ ഒരു വ്യവസ്ഥയിലും ഈ വിഷയത്തിന്റെ ചലനങ്ങൾ ഇല്ലാതാകുന്നില്ല...

     വിഷയം സ്കൂളിൽ കുട്ടികൾ പോകുന്നവർക്കും,, അവരുടെ കാര്യങ്ങളിൽ ആശങ്കയുള്ളവർക്കും താൽപ്പര്യം നിറഞ്ഞതും മറിച്ചൊരു വിഭാഗത്തിന് വിരസ്സവും ആയിരിക്കാം... എന്നാൽ ആ സമീപനം സാർവ്വജനീനമായതാണെന്ന് പറയുകയും വയ്യ...

     സമീപ കാലത്തുമാത്രം ശീർഷകത്തിലെ വിഷയം എന്തുകൊണ്ട് ഇത്രകണ്ട് ഭീഭൽസ്സമാവുകയും, നിരന്തര ചർച്ചകൾക്ക് വിധേയമാവുകയും ചെയ്തു എന്ന് ചിന്തിക്കേണ്ടതാണ്... മുൻകാലങ്ങളിൽ അതായത് ഏകദേശം എൺപതുകളുടെ അവസാനം വരെ,, കുട്ടികൾ പഠിക്കുക, അവർ വളരുക എന്നത് ഒരു പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയം ആയിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ... എന്നാൽ എൺപതുകളുടെ അവസ്സാനം മുതൽ സാമൂഹിക ജീവിതത്തിൽ വന്ന ത്വരിതമായ മാറ്റം പ്രസ്തുത വിഷയത്തിന്റെ തീഷ്ണത കൂട്ടി... അവയെ എല്ലാം മനസ്സിന്റെ ഒരു കോണിൽ നിലനിർത്തിക്കൊണ്ടുവേണം നാം വിഷയത്തെ സമീപിക്കാൻ...

     കുട്ടികളുടെ മാനസ്സിക നിലയിലും,, സമീപനങ്ങളിലും വന്ന ആശങ്കാപരമായ മാറ്റത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ആദ്യം കുടുംബ ത്തിൽ നിന്നുതന്നെ തുടങ്ങണമെന്നാണ് മതം... കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും ആണു കുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയതിനെ ചിലർ ചൂണ്ടി കാട്ടുന്നു... അപരിഹാര്യമായ വ്യവസ്ഥാ മാറ്റമായിരുന്നു ഏതെങ്കിലും അത് ഉണ്ടാക്കിയ ഗുണ- ദോഷ വശങ്ങൾ നമ്മൾക്ക് അവഗണിക്കാൻ കഴിയില്ല...

     കൂട്ടു കുടുംബം നശിച്ചതല്ല,, മനുഷ്യ മനസ്സുകൾ അണുവിലും ചെറുതായി പ്പോയതാണ് കാരണമെന്ന് പറയേണ്ടി വരും... സ്വന്തം സൗകര്യങ്ങളെ മാനിച്ചു കൂട്ടു കുടുംബത്തിൽ നിന്നും വിഭജിച്ചു പോയപ്പോൾ വീടുകളിലെ താമസം മാത്രമേ മാറാൻ പാടുള്ളായിരുന്നു... പക്ഷെ ഓരോ വീടുകൾക്ക് മതിലുകളും ഗേറ്റും നിർമ്മിച്ചു പൂട്ടി വെക്കുന്നതു പോലെ നമ്മൾ മനസ്സുകളും ചെറിയ ഇടുക്കുകളിൽ പരിമിതപ്പെടുത്തി... അത് കുട്ടികളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചൂ എന്നും പരിശോധിക്കണം...

     കൂട്ടുകുടുംബ വ്യവസ്ഥയിൽ വളർന്നു വരുന്ന ഒരു കുട്ടിക്കുമേൽ ആ കുടുംബത്തിലെ എല്ലാവരും ശാസനയും, അധികാരവും പ്രകടിപ്പിക്കും... ആ കുട്ടിയുടെ മനസ്സിൽ മുതിർന്ന എല്ലാവരും തൻറെ രക്ഷിതാക്കളാണ്... അവിടെ അമ്മാവനും, അമ്മാവിയും, ചിറ്റപ്പനും, ചേട്ടത്തിയും, അപ്പൂപ്പനും, അമ്മുമ്മയും എല്ലാം രക്ഷിതാക്കളുടെ സ്ഥാനത്താണ്... വളർന്നു വരുന്ന ഒരു കുട്ടിയുടെ മനസ്സിൽ ഇവരെയെല്ലാം ഭയ ഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്... ഈ മുതിർന്ന വ്യക്തികളെല്ലാം ഒരു തെറ്റു കണ്ടാൽ കുട്ടികളെ ശാസിക്കും,, വേണ്ടിവന്നാൽ ശിക്ഷയും നൽകും... അന്ന് അതിനെതിരെ ആരും പരാതിപ്പെട്ടിരുന്നില്ല.. കുട്ടിയുടെ അച്ഛനും, അമ്മയും പോലും...!!! അമ്മാവൻ കുട്ടിക്ക് ശിക്ഷ കൊടുക്കാൻ യോഗ്യനായ മനുഷ്യൻ ആയിരുന്നില്ല എന്ന് ആ കാലത്ത് ആരും കണ്ടിരുന്നില്ല... ഈ കുടുംബ അന്തരീക്ഷത്തിന്റെ പ്രതിഫലനം സാമൂഹിക അന്തരീക്ഷത്തിലും പ്രകടമായിരുന്നു... കുടുംബത്തിലെ മറ്റു അംഗങ്ങളെയെല്ലാം ഭയ ഭക്തി ബഹുമാനത്തോടെ പരിഗണിച്ചു വളർന്ന കുട്ടിക്ക് അച്ഛന്റെയും, അമ്മാവന്റെയും, ചിറ്റപ്പന്റെയും സുഹൃത്തുക്കളെയും ബഹുമാനിക്കാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല... സ്കൂളിൽ അധ്യാപനെ ബഹുമാനിക്കാനും, അനുസരിക്കാനും, ഉൾക്കൊള്ളാനും അവനെ ആരും പ്രത്യേകിച്ച് പഠിപ്പിച്ചു നൽകേണ്ടിയിരുന്നില്ല... കാരണം ആ സ്വഭാവ ഗുണം ആ കുട്ടി അവന്റെ കുടുംബ അന്തരീക്ഷത്തിൽ നിന്നും ആർജ്ജിച്ചതായിരുന്നു... പ്രായം കൊണ്ടും,, സ്ഥാനം കൊണ്ടും,, പദവി കൊണ്ടും,, വിദ്യാഭ്യാസം കൊണ്ടും,, കഴിവു കൊണ്ടും,, സമൂഹം നൽകുന്ന അംഗീകാരം കൊണ്ടും ഒക്കെ മേൽക്കൈ പുലർത്തുന്നവരെ ബഹുമാനപൂർവ്വം കാണാനുള്ള സദ് ഗുണത്തിന് വിഘാതം ഏൽപ്പിച്ചതിന്  മുൻപ് പറഞ്ഞ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകർച്ച കാരണമായി എന്ന് പറയേണ്ടി വരുന്നു...

     കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്നതോടെ കുട്ടികൾക്ക് "പങ്കുവെക്കുക" എന്ന മഹനീയമായ സ്വഭാവ സവിശേഷത നഷ്ടമായി... അണു കുടുംബങ്ങളിൽ രക്ഷിതാക്കൾ നൽകുന്നവരും,, കുട്ടികൾ നേടുന്നവരും ആയിമാറി... അവിടെ പങ്കു വെയ്പ്പിന് ഇടം പോലും ഇല്ല എന്നതാണ് സത്യം.. ഇത് കുട്ടികൾ സ്വാർത്ഥരായി വളർന്നു വരുന്നതിന് കാരണമായി... തനിക്കു ലഭിച്ചതും,, ലഭിക്കാൻ സാധ്യത ഉള്ളതും,, ആഗ്രഹിച്ചതും,, കണ്ണിൽ കണ്ടതും എല്ലാം തന്റേതു മാത്രമെന്ന കുടില ചിന്ത രൂപം കൊണ്ടു... ലഭിക്കാത്തതെല്ലാം നഷ്ടങ്ങളായി കരുതി... ആ നഷ്ട ചിന്ത മാനസ്സിക സംഘര്ഷങ്ങളായി,, പകയായി,, പ്രതികാരമായി..... അങ്ങനെ പല വിധമായ ദോഷങ്ങളായി മാറി.... അടിസ്ഥാനം "പങ്കു വെയ്ക്കുക" എന്ന സ്വഭാവം നഷ്ടപ്പെട്ടതാണ്...

     കൂട്ടു കുടുംബ വ്യവസ്ഥിതിയുടെ തകർച്ചയോടെ എങ്ങനെയാണ് മുൻപ് പറഞ്ഞ ഗുണകരമായ വശങ്ങൾ ഇല്ലാതായത് എന്ന് കൂടി നമ്മൾ മനസ്സിലാക്കണം... കൂട്ടു കുടുംബത്തിലേക്ക് തിരികെ പോവുക സാധ്യവുമല്ല.. എങ്കിലും മൂല്യാധിഷ്ഠിതമായ സ്വഭാവ ഗുണങ്ങളെ എങ്ങനെ നിലനിർത്താം എന്ന ഒരു ശ്രമമെങ്കിലും നടത്താനുള്ള ബാധ്യത നമുക്കുണ്ട്...

     കൂട്ടു കുടുംബങ്ങൾ വ്യവസ്ത്ഥ പിരിഞ്ഞതിലെ കാര്യ കാരണങ്ങൾ നമുക്ക് മാറ്റി നിർത്താം... കുട്ടികളുടെ ചിന്തക്കും, സമീപനത്തിനും പുതിയ സാഹചര്യങ്ങൾ ഉണ്ടാക്കിയ സ്വാധീനത്തിനാണ് പ്രസക്തി... അതായത് മറ്റു വ്യക്തിത്വങ്ങളെ ബഹുമാനത്തോടെയും,, ആദരവോടെയും കാണാനുള്ള ചിന്ത ഇല്ലാതായതാണ് പ്രസക്തമായ കാര്യം... അതു പോലെ പങ്കു വെയ്ക്കുന്ന മനസ്സ് ഇല്ലാതായതും...!! ഈ രണ്ടു കാര്യങ്ങളും കുട്ടികളുടെ സ്വഭാവത്തെയും,, സമീപനത്തെയും ബാധിക്കുന്നവയാണ്...

     കൂട്ടു കുടുംബത്തിൽ നിന്നും നേരിട്ട് ആണു കുടുംബത്തിലേക്ക് മാറിയ തലമുറയിൽ ഇന്ന് സ്‌കൂൾ കുട്ടികൾ അധികം ഉണ്ടാകാൻ സാധ്യതയില്ല.. കാരണം ആ വ്യവസ്ഥക്ക് മാറ്റം വന്നിട്ട് കാലം അധികമായി... ചില ഗുണഫലങ്ങൾ കിട്ടിയിരുന്ന ഒരു വ്യവസ്ഥിതി അസ്തമിച്ചു എന്ന് മാത്രം പറയുന്നു ... പക്ഷെ ആണു കുടുംബങ്ങൾ ഇന്ന് നിലനിൽക്കുന്നു... അവിടെ വളരെ ചെറിയ പ്രായം മുതൽ കുട്ടി അച്ഛനും,, അമ്മയും ഒഴികെ മറ്റെല്ലാവരെയും 'അന്യരായി' ആണ് കാണുന്നത്... ജീവിതത്തിന്റെ ആരംഭത്തിൽ മുതൽ മറ്റുള്ളവരെ മുഴുവൻ അന്യരായി കാണുന്ന കുട്ടിക്ക് കാലങ്ങൾ മുൻപോട്ടു പോകുമ്പോൾ മാതാപിതാക്കളും അന്യരായി തോന്നും... താൻ തന്നിലേക്ക് തന്നെ ചുരുങ്ങുന്ന ഒരു മാനസ്സിക സ്ഥിതി സംജാതമാകുന്നു... അവിടെ നമ്മൾ ഇന്ന് കാണുന്ന കുട്ടികളുടെ മാനസിക വൈകല്യങ്ങൾക്കെല്ലാം സ്ഥാനമുണ്ട്...

     ഈ അവസ്ഥ സംജാതമാകാൻ കാരണമാകുന്ന സാഹചര്യങ്ങൾ  സൃഷ്ട്ടിക്കാതിരിക്കാനാണ് മുതിർന്നവർ ശ്രദ്ധിക്കേണ്ടത്... ഒരു വീടിന്റെ സമ്പത്ത്;; അത് വലുതായാലും ചെറുതായാലും അണു കുടുംബത്തിൽ അതുപോലെതന്നെ പ്രസരിക്കപ്പെടുന്നു.... സ്വയം അന്തസ്സായി കഴിയാനുള്ള തങ്ങളുടെ സ്ഥിതി ഒരു തരം ധാർഷ്‌ട്യമായി വളരുന്നതായും കാണുന്നു... സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകൾ ദാർഷ്ട്യത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ മാനദണ്ഡമായി വർത്തിക്കുന്നതും കാണാം... പരമാവധി നാലുപേരിൽ മാത്രം ചുരുങ്ങി നിൽക്കുന്ന ഇത്തരം കുടുംബങ്ങളിൽ ഈ ധാർഷ്ട്യം കുട്ടികളിലേക്കും വ്യാപിക്കപ്പെടുന്നു.... ആ കുട്ടിയുടെ മനസ്സിൽ, തന്നെ ചോദ്യം ചെയ്യാനോ, ശാസിക്കാനോ, ശിക്ഷിക്കാനോ ആർക്കും അവകാശമില്ല എന്ന ചിന്ത ഉറക്കുന്നു... താൻ ആരുടെയും "ഔദാര്യത്തിലല്ല കഴിയുന്നത്" എന്ന ധാരണ യാണ് ഈ ചിന്തയുടെ അടിസ്ഥാനം... മനസ്സുകൾ തമ്മിലുള്ള പ്രതിപത്തി നശിച്ചു അവിടെ തന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സ് മാത്രം ബഹുമാനം അർഹിക്കുന്നതാകുന്നു... അത്തരം തലമുറ സ്വന്തം സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിക്കഴിയുമ്പോൾ അതു വരെ തന്റെ സാമ്പത്തിക ശ്രോതസ്സായിരുന്ന രക്ഷിതാക്കളെയും പുറം കാലിന് അടിക്കുന്നു... കാരണം ചെറിയ പ്രായം മുതൽ അവന്റെ മനസ്സിൽ ഉറച്ചു പോയ ബഹുമാനിക്കേണ്ട വിഷയം തന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സ് മാത്രമാണ്... സൂഷ്മമായി പരിശോധിച്ചു നോക്കൂ,, പണസമ്പാദനം നടത്തുന്ന യുവജനതയുടെ ഭൂരിപക്ഷത്തിന്റെയും  മനോഭാവം ''തനിക്ക് ആരെയും വക വയ്‌ക്കേണ്ട കാര്യമില്ല,, കാരണം ഞാൻ സ്വന്തം കാലിലാണ്'' എന്നതല്ലേ!??

     മാതാപിതാക്കളും, കുട്ടികളും മാത്രം ഉള്ള കുടുംബത്തിൽ സന്തോഷമായി നിങ്ങൾ ജീവിച്ചുകൊള്ളൂ... പക്ഷെ കേവലം ഒരു അണുവിലേക്ക് നിങ്ങളുടെ ചിന്തയെയും, ജീവിതത്തെയും ചുരുക്കുന്നത് എന്തിനാണ്... നിങ്ങൾ രക്ഷിതാക്കൾക്ക് മറ്റുള്ളവരോടുള്ള വിദ്വെഷവും, വിരോധവും കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്നത് എന്തിനാണ്... നിങ്ങള്ക്ക് മാനസ്സിക വിദ്വെഷമുള്ള ഒരുവന്റെ കുട്ടിയോട് നിങ്ങൾ അത് പ്രകടിപ്പിക്കുന്നത് എന്തിനാണ്... നമ്മൾ ആരുടെയും ഔദാര്യത്തിൽ ജീവിക്കാത്തവർ ആയതിനാൽ നമ്മൾക്ക് ആരെയും, ആവശ്യമില്ലെന്നും, നമ്മൾ ആരോടും കരുതൽ പുലർത്തണ്ട ആവശ്യമില്ലെന്നും ഉള്ള ചിന്ത കുട്ടികളിൽ വളർത്തുന്നത് എന്തിനാണ്?? നിങ്ങളുടെ സഹായം ഒരിക്കൽ സ്വീകരിച്ചവൻ ആജീവനാന്തം നിങ്ങളോട് വിധേയത്വം ഉള്ളവനാണെന്ന നിലയിൽ ഒരുവനെ ചൂണ്ടിക്കാണിച്ചു കുട്ടികളെ പരിചയപ്പെടുത്തുന്നത്  എന്തിനാണ്?? മറ്റാരും മോശക്കാരല്ലെന്നും,, നമ്മൾ എല്ലാവരും പരസ്പ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നുള്ള ചിന്ത കുട്ടികളിൽ വളർത്തൂ... നമ്മുടെ മുൻപിൽ കാണുന്ന ആരുടെയൊക്കെയോ കൈയ്യിൽ നമുക്ക് അത്യാവശ്യമുള്ള സഹായങ്ങൾ കരുതി വെച്ചിട്ടുണ്ടെന്ന് അവരെ പഠിപ്പിക്കൂ... ആ സഹായങ്ങൾ യഥാസമയത്ത് ലഭിച്ചില്ലെങ്കിൽ നമ്മൾ ചിലനിമിഷങ്ങളെ അതിജീവിക്കാൻ സാധ്യതയില്ലെന്ന് അവരെ മനസ്സിലാക്കൂ... ആ സഹായങ്ങൾക്കായെങ്കിലും മറ്റുള്ളവരോട് സ്നേഹത്തോടും,, ബഹുമാനത്തോടും സമീപിക്കാൻ കുട്ടികളെ പഠിപ്പിക്കൂ.. അത് കഴിയുന്നത് രക്ഷിതാക്കൾക്ക് മാത്രമാണ്... അതും ചെറിയ പ്രായത്തിൽ...

     നിങ്ങളുടെ കുട്ടി ചെയ്യുന്ന ഒരു ചെറിയ തെറ്റിന് കുട്ടിയുടെ ഒരു ബന്ധു ഒരു വിലക്കോ,, ശാസ്സനയോ,, ഉപദേശമോ ചെയ്തു എന്ന അവസ്സരത്തിൽ നിങ്ങൾ കുട്ടി കേൾക്കെ "" അയാളാരാ എന്റെ കൊച്ചിനെ ഉപദേശിക്കാൻ"" എന്ന് ചോദിച്ചാൽ, പിന്നീട് ഒരിക്കലും ആ കുട്ടി ആരെയും അനുസ്സരിക്കില്ല...ആദ്യം തന്നെ നിന്റെ 'തെറ്റ്' ആണ് ശാസിക്കപ്പെട്ടത് എന്ന് മനസ്സിലാക്കി നൽകൂ... തെറ്റുകൾ ആവർത്തിച്ചാൽ പലമുഖങ്ങളിൽനിന്നും ശാസ്സനകൾ ഏറ്റു വാങ്ങേണ്ടിവരും എന്നും പറയൂ... അല്ലെങ്കിൽ നാളെ മറ്റൊരാൾ പറയുന്ന ഉപദേശത്തോട് കുട്ടി നേരിട്ടു ചോദിക്കും;; എന്നെ ഉപദേശിക്കാൻ താൻ ആരാ?, എന്ന്... അത് ക്രമേണ കുട്ടിയുടെ മനസ്സിൽ
"എന്നെ ആരും നിയന്ത്രിക്കേണ്ട ആവശ്യമില്ല" എന്ന ചിന്തയെ വളർത്തും...  ഈ ചോദ്യങ്ങൾ ഉയർത്തികൊണ്ട് രക്ഷിതാക്കളുടെയും, ഗുരുക്കന്മാരുടെയും സന്മാർഗ്ഗത്തിൽ നിന്നും അവൻ വഴിമാറി സഞ്ചരിച്ചു പോകും... കുട്ടികൾ എത്തിച്ചേരരുത് എന്ന് നമ്മൾ ആഗ്രഹിക്കുന്ന ഇടങ്ങളായിരിക്കും ആ സഞ്ചാരവഴികളുടെ അന്ത്യം...

     അതു പോലെതന്നെയാണ് കുട്ടികളുടെ അധ്യാപകരോട് നമ്മൾ എടുക്കുന്ന സമീപനവും... ഒരു ഉദാഹരണം പറഞ്ഞാൽ,, കുട്ടിയുടെ നോട്ട് ബുക്കിൽ ടീച്ചർ രേഖപ്പെടുത്തിയ ഒരു തെറ്റ് നിങ്ങൾ ശ്രദ്ധിച്ചു എന്ന് കരുതുക... പാഠ്യ വിഷയത്തിൽ തന്നെ.... ''എന്തൊരു വിവര ദോഷിയാടെ നിന്റെ ടീച്ചർ'' എന്ന് ഒരു പാഴ്‌വാചകം മതി ആ ടീച്ചറിനോടുള്ള എല്ലാ മതിപ്പും ആ ചെറിയ മനസ്സിൽ നിന്നും നീങ്ങി പോകാൻ... അധ്യാപകരുടെ സ്ഥാനം വിദ്യ പകർന്നു നൽകുന്ന മഹത്തായ ഇടത്തിൽ നിന്നും ''വിവരദോഷി" എന്ന സാധ്യതയിലേക്കു കൂടി കൂപ്പുകുത്തിപ്പോകും... ചിന്തയിലെ ആ തകർച്ച ജീവിതത്തിൽ ഉടനീളം നിലനിൽക്കുകയും ചെയ്യും... ബഹുമാന്യ വ്യക്തിത്വങ്ങളിൽ എല്ലാം ഒരു "വിവരദോഷിയെ" ദർശിച്ചു തുടങ്ങുന്നത് പിന്നീട് സ്വയം പരാജയത്തിലേക്ക് നയിക്കും എന്നതാണ് എന്റെ പക്ഷം...

     സ്വാർഥതയും, പിടിവാശിയും ഇന്ന് ചെറിയ കുട്ടികളിൽ മുതൽ കണ്ടുവരുന്ന ഒരു പോരായ്മയാണ്... പങ്കുവെക്കുക എന്ന നൈർമല്യം നിറഞ്ഞ സ്വഭാവം സ്വാർഥതയെയും,, പിടിവാശിയേയും ഒരു പരിധിവരെ ഇല്ലാതാക്കും എന്ന് കാണണം... അവിടെയും രക്ഷകർത്താക്കൾ ആണ് വില്ലൻ... ആധുനിക സൊസൈറ്റിയിലെ ഈഗോ മാനിയാക്കുകളായ മാതാപിതാക്കൾക്ക് തന്റെ കുട്ടി മറ്റൊരുവനിൽ നിന്നും ഒരു മിട്ടായി വാങ്ങി കഴിക്കുന്നതു പോലും അപമാനകരമാണ്... കുട്ടിയുടെ ആരോഗ്യമോ, മറ്റു സുരക്ഷിതത്വ കാരണങ്ങളോ അല്ല പലർക്കും കാരണം.. "അപമാനമായി" കാണുന്നു.. ശരി നിങ്ങൾ അപരിചിതരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരു മിടായി വാങ്ങി കഴിക്കുന്നതിനെ വിലക്കിക്കോള്ളൂ... പക്ഷെ സ്വന്തം സഹപാഠിയിൽ അവൻ സ്നേഹപൂർവ്വം ഒരു മിടായി വാങ്ങി കഴിക്കാൻ അനുവദിക്കൂ... ചെറിയ പ്രായത്തിലെ പങ്കുവെയ്ക്കലിന്റെ കുളിർമ്മ അവൻ ആസ്വദിക്കട്ടെ... ഒരു മിടായി പങ്കുവെച്ചു വളർന്നതിന്റെ സ്നേഹം ആ കുഞ്ഞു കൂട്ടുകാർക്കിടയിൽ നിന്നും ഭാവിയിൽ അവർ കാണാൻ പോകുന്ന ഒരുപാട് ആൾക്കാരിലേക്കു വ്യാപിക്കും എന്നതാണ് സത്യം...

     രക്ഷിതാക്കൾ കുട്ടികളുടെ ധൈര്യവും,, ശക്തിയും ആയിരിക്കണം എന്നതിൽ സംശയം ലവലേശമില്ല... പക്ഷെ രക്ഷിതാക്കൾ ഒരിക്കലും കുട്ടികളുടെ ഗുണ്ടകൾ ആകരുത്... നമ്മൾ പലർക്കിടയിലും കാണുന്ന ഒരു പ്രവണതയാണിത്... കുട്ടിയോടുള്ള അമിത സ്നേഹവാത്സല്യങ്ങൾ ആയിരിക്കാം കാരണം... ആവശ്യമില്ലാതെ,, ന്യായാന്യായങ്ങളെ മനസ്സിലാക്കാതെ അന്ധമായി കുട്ടികളുടെ പക്ഷം പറയുക... മറ്റുള്ളവരോട് തട്ടിക്കയറുക,, അങ്ങനെ പലവിധ പ്രവർത്തികൾ... ഇത്തരം സമീപനങ്ങൾ കുട്ടികളിൽ അഹങ്കാരമാണ് വർധിപ്പിക്കുന്നത് മറിച്ചു ആത്മവിശ്വാസ്സമല്ല...

     സമീപകാലത്ത് ഞാൻ ഒരു സ്‌കൂളിൽ കണ്ട ഒരു സംഭവമാണ്... ഒരു രക്ഷിതാവ് പരാതിയുമായി സ്കൂളിൽ നിൽക്കുന്നു... തന്റെ ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ ടീച്ചർ തല്ലി എന്നതാണ് പരാതിയുടെ കാരണം... കുട്ടിയുടെ ശരീരത്ത് പാടുകൾ ഒന്നും തന്നെയില്ല... പക്ഷെ കുട്ടി അങ്ങനെ പറയുന്നു.... അവിടെ രക്ഷകർത്താക്കളും ധർമ്മ സങ്കടത്തിലാണ്.. കാരണം കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന അധ്യാപകരുടെ വാർത്തകൾ പുറത്തു വരുന്നു... തന്റെ കുട്ടിയോട് അതുണ്ടാകുമോ എന്ന ആശങ്ക.... എങ്കിലും കുട്ടി പറയുന്ന ഒന്നാമത്തെ സംഭവത്തിൽത്തന്നെ പരാതിയുമായി പോകാൻ മുതിരരുതെന്നാണ് എന്റെ അഭിപ്രായം... അല്ലെങ്കിൽ ക്രൂരമായ പെരുമാറ്റത്തിന്റെ വ്യക്തമായ അടയാളങ്ങൾ വേണം... ഇത്തരം പരാതികൾ ഉന്നയിക്കുമ്പോൾ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം എന്ന് പറയുന്നതിന് കാരണമുണ്ട്... കാരണം അത് കുട്ടികളിൽ അഹങ്കാരം വളർത്തും... തീർച്ച... മുതിർന്നവരെ അനുസ്സരിക്കാനുള്ള മനോഭാവം കുറയും... മറ്റൊരുഭാഗത്ത് നിർദ്ദോഷമായി ടീച്ചർ ചെയ്ത ഒരു പ്രവർത്തി ചോദ്യം ചെയ്യപ്പെട്ടാൽ ആ ടീച്ചർക്ക് ആ കുട്ടിയോട് തോന്നുന്ന വാത്സല്യത്തിന് അതൊരു മുറിവായി നില്ക്കും... വീണ്ടും പറയുന്നു;; യുക്തിയെ ഉപയോഗിക്കുകയും,, ജാഗ്രത പുലർത്തുകയും നാം ഒരേ സമയം ചെയ്യണം....

     കുട്ടികളുടെ കഴിവിനെ അംഗീകരിക്കാൻ തയ്യാറാകാത്ത രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്നത് വലിയ ക്രൂരതയാണ്... എന്നും ഈ വിഷയങ്ങളിൽ പഠനം നടത്തിയിട്ടുള്ളവർ പറയുന്നത്, കുട്ടികൾക്ക് കഴിയുന്ന ഭാരമേ അവർക്കുമേൽ ഏൽപ്പിക്കാവൂ എന്നാണ്‌... എന്നാൽ രക്ഷകർത്താക്കളുടെ മനസ്സിലേക്ക് കയറാത്ത ഒരു ഉപദേശവും ഇതുതന്നെയാണെന്ന് തോന്നുന്നു... മറ്റൊരു കുട്ടിയുടെ മികവല്ല നിങ്ങളുടെ കുട്ടിയുടെ കഴിവിന് അടിസ്ഥാനം... നിങ്ങളുടെ കുട്ടിയിലെ കഴിവിനെ കണ്ടെത്തി അതിൽ ഒന്നാമനാക്കാൻ ശ്രമിക്കൂ... {{{മറ്റൊരു കുട്ടിക്കോപ്പ മുണ്ടായ നേട്ടത്തെ പോരായ്മയായി കാണുന്ന ഒരു സന്ദർഭം ചർച്ച ചെയ്യുന്നു... ദയവായി ഈ ലിങ്ക് സന്ദർശിക്കൂ....https://rajeshpuliyanethu.blogspot.com/2014/09/blog-post_21.html}}}}

     കുടുംബ ജീവിതത്തിലെ പ്രതിഫലനങ്ങൾ കുട്ടികളെ സ്വാധീനിക്കും എന്ന് പറയേണ്ടതില്ലല്ലോ?? കുട്ടികളുടെ ഭാവിയും,, മാനസ്സിക ആരോഗ്യവും കണക്കിലെടുത്തു മാത്രം സ്വന്തം ജീവിതത്തിലെ പൊരുത്തക്കേടുകൾ പുറം ലോകത്തെ അറിയിക്കാതെ ജീവിക്കുന്ന അനേകം ദമ്പതികളുണ്ട്... അതിനു കഴിയാത്തത്ര പ്രശ്നങ്ങൾ  നിലനിൽക്കുന്ന ദമ്പതികൾ തുറന്ന പോരിന് മുതിരും.. അതിൽ ചിലതെങ്കിലും അനിവാര്യതകളാകാം... പക്ഷെ അവിടെ കുട്ടികൾ അനുഭവിക്കുന്ന മാനസ്സിക സംഘർഷങ്ങൾ ആർക്കും പരിഹരിക്കാൻ കഴിയില്ല... അതുപോലെ തന്നെയാണ് രക്ഷിതാക്കൾ മറ്റുള്ളവരോട് പെരുമാറുന്നത് നോക്കിക്കാണുന്ന കുട്ടികളുടെ മനസ്സിനുണ്ടാകുന്ന സ്വാധീനവും... ഒരു കുട്ടിയുടെ അച്ഛന്റെ അച്ഛൻ കൊയ്ത്തു കഴിഞ്ഞു തന്റെ മകനും കുടുംബത്തിനായി കുറേ കുത്തരി കൊണ്ടുവരുന്നു... കുട്ടിയുടെ അമ്മക്ക് ഭർത്താവിന്റെ വീട്ടുകാരെ ഇഷ്ട്ടമല്ല... യാതൊരു ദയയുമില്ലാതെ കുട്ടിയുടെ അമ്മ ആ അരി തിരസ്കരിച്ചു അയക്കുന്നു... ഭാര്യയുടെ പ്രസാദത്തിനായി കുട്ടിയുടെ അച്ഛൻ ജീവച്ഛവം പോലെ എല്ലാ ലഹളകൾക്കും സാക്ഷിയായി നിൽക്കുന്നു... ആ അച്ഛനമ്മമാരോട് ആ കുട്ടിക്ക്‌ ഉണ്ടാകുന്ന മതിപ്പ് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ?? തന്റെ അമ്മയുടെ താല്പര്യത്തിനു വഴങ്ങി തന്നെ ഒന്നു തൊടാൻ പോലും  മുത്തശ്ശനെ അച്ഛൻ അനുവദിച്ചിരുന്നില്ല എന്ന്കൂടി ചിന്തിക്കുമ്പോൾ ആ കുട്ടിയുടെ ചിന്തയിലേക്ക് അത് നല്ല സന്ദേശം ഒന്നും നല്കില്ല.. തീർച്ച... ഈ കഥകളൊന്നും സാങ്കല്പികങ്ങൾ അല്ലെന്നതാണ് വേദനയുള്ള മറ്റൊരു കാര്യം...

     ഇന്നത്തെ ബാല്യത്തിന്റെ ഏറ്ററ്വും വലിയ പോരായ്മയാണ് അവർ കളിച്ചു ആർത്തുല്ലസ്സിച്ചു ജീവിക്കേണ്ട സമയം മൊബൈൽ ഫോണിലും,, കമ്പ്യുട്ടറിലും മുഖം കുമ്പിട്ടിരുന്നു പാഴാക്കുന്നു എന്നത്... കായികമായ കളികൾക്കും,, മറ്റുള്ളവരുമായി കൂട്ടുകൂടി കളിക്കുന്നതിനും അവരെ പ്രേരിപ്പിക്കേണ്ടത് രക്ഷാകർത്താക്കളാണ്... മൊബൈലുമായി കുട്ടി ഒരു മൂലക്കിരുന്നാൽ അത്രനേരം അവരുടെ ശല്യമില്ലല്ലോ എന്ന് പല രക്ഷിതാക്കളും കരുതുന്നു... നിങ്ങൾ അക്കൂട്ടരിൽ ഒരുവരാണോ എന്ന് ചിന്തിക്കേണ്ടത് നിങ്ങളാണ്... കുട്ടിയുടെ കണ്ണിന്റെയും, തലച്ചോറിന്റെയും ആരോഗ്യത്തെക്കുറിച്ഛ് ഡോക്ടർമാർ പറയുന്നത് ആർക്കും പ്രശ്നമല്ല... കുട്ടിയുടെ ഒരു ചെറിയ വാശിയെ അതിജീവിക്കാൻ കഴിയാത്ത നിങ്ങൾ എങ്ങനെയാണ് അവരെ പറക്കാൻ പ്രാപ്തരാക്കും വരെ എത്തിക്കുന്നത്?? മൊബൈൽ ഫോണോ, കംപ്യുട്ടറോ കുട്ടികൾക്ക് നൽകേണ്ട എന്നല്ല... കാരണം സമൂഹത്തിന്റെ എല്ലാവിധ വളർച്ചകളും,, മാറ്റങ്ങളും അവർ അറിഞ്ഞു തന്നെ വളരണം.... അതിന് ഒരു ദിവസത്തിലെ നിശ്ചിത സമയം ഫോൺ ഉപയോഗിക്കാൻ അനുവദിച്ചു കൊടുക്കണം... അതുപോലെതന്നെ കമ്പ്യുട്ടർ ആവശ്യങ്ങൾക്കനുസ്സരിച്ചു ഉപയോഗം ക്രമപ്പെടുത്തി നല്കണം... 

     അതുപോലെതന്നെയാണ് കുട്ടികൾക്ക് ടി വി യും സിനിമകളും ഉണ്ടാക്കുന്ന സ്വാധീനം... സിനിമകൾക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്...പ്രത്യേകിച്ച് കുട്ടികളിൽ... അതിനാൽ കുട്ടികൾ കാണുന്ന സിനിമകൾക്ക് രക്ഷകർത്താക്കൾ വ്യക്തമായ സ്ക്രീനിംഗ് നടത്തണം... വിലക്കുകൾ എപ്പോഴും പൊട്ടിക്കാനുള്ള വ്യഗ്രത ഉണ്ടാകും... അതിനാൽ ആരോഗ്യകരമായ നിയന്ത്രണങ്ങളാണ് അഭികാമ്യം... കുട്ടികൾക്ക് സിനിമയെക്കുറിച്ചുള്ള അറിവ് ലഭിക്കണമെങ്കിൽ അത് കാണുക തന്നെ വേണം.. ഇംഗ്ളീഷ് സിനിമകളെക്കുറിച്ചും,, നായകന്മാരെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ കൂട്ടുകാർക്കിയയിൽ അതൊന്നും അറിയാതെ പോകുന്നതും കൂട്ടത്തിൽ ചെറുതാകുന്ന അവസ്ഥ ഉളവാകും എന്ന് മനസ്സിലാക്കണം... അതും കുട്ടിയുടെ മാനസ്സികമായി തകർച്ചക്ക് കാരണമാകും.. ഉന്നത സൊസൈറ്റിയിലെ പൊങ്ങച്ചത്തിന്റെ അലകൾ നേഴ്‌സറി സ്കൂളിൽ പഠിക്കുന്ന കുട്ടിയിൽ വരെ എത്തി നിൽക്കുന്നു എന്ന സാമൂഹിക അന്തരീക്ഷവും നമ്മൾ കണക്കിലെടുക്കണം... എല്ലാം ഉൾക്കൊള്ളുകയും, ഇണങ്ങുകയും ചെയ്യുന്ന രീതിയിൽ വളർന്നു വരുന്നതാണ് നല്ലത്... പുതിയതായ ഒരു അവസ്ഥയോട് പകച്ചു നിൽക്കാത്ത അവസ്ഥയിലേക്ക് മാനസ്സിക ദൃഢത ഉണ്ടാക്കുക എന്നതും വിദ്യാഭ്യാസ്സകാലത്ത് നേടണം...

     കുട്ടികളോട് അപരിചിതർ സമീപിച്ചാൽ ഒച്ച വെയ്ക്കുക, ഓടുക, ആൾക്കാർക്കിടയിലേക്കു പോവുക അങ്ങനെ പലതും നമ്മൾ പഠിപ്പിച്ചു വിടാറുണ്ട്... അതെല്ലാം അവരുടെ സുരക്ഷയെ കരുതിയാണ്... ഇന്ന് കൂട്ടികൾ നേരിടുന്ന വലിയ ഒരു സുരക്ഷാ പ്രശ്നം ലൈംഗിക ചൂഷണമാണ്..  അതിൽ നിന്നും രക്ഷനേടാൻ അവരെ സജ്ജരാകുക എന്നതാണ് നമ്മുടെ വെല്ലുവിളി... സ്കൂളുകളിൽ ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്... അവിടെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നുണ്ട്... രക്ഷകർത്താക്കൾ  "" അതിലൊന്നും വലിയ കാര്യമില്ല"" എന്ന രീതിയിൽ കുട്ടികളുടെ മുൻപിൽ ലഘൂകരിക്കാതെ സ്കൂളുകളിൽ നൽകുന്ന പാഠങ്ങൾ അതേപടി പിന്തുടരാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്... 

     ഒരു കുട്ടി ഏതാണ്ട് പത്തുവയസ്സു കടക്കുന്നത് മുതൽ ലൈഗീകതയെക്കുറിച്ചു ചിന്തിച്ചു തുടങ്ങും എന്നാണ് സയൻസ് പറയുന്നത്... അതുമുതൽ അവർക്കുണ്ടാകുന്ന സംശയങ്ങളെ നിവർത്തിച്ചു നല്കുന്നതാണ് ലൈംഗീക വിദ്യാഭ്യാസം... അത് ശരിയായ രീതിയിൽ നൽകാൻ രക്ഷിതാക്കളോ, അധ്യാപകരോ തയ്യാറായില്ലെങ്കിൽ അതിനു മുൻപോട്ടു വരുന്ന മൂന്നാമൻ ശരിയായ ചിന്താഗതി ഉള്ളവൻ ആകണമെന്നില്ല... അതിനാൽ ലൈംഗീകത അനാവശ്യമോ,, പാപമോ അല്ലെന്ന രീതിയിൽ ശാസ്ത്രീയമായും,, ധാർമികമായും അവർക്കു പറഞ്ഞു കൊടുക്കണം... അതിനൊപ്പം കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റ് അതി സ്രേഷ്ടമാണെന്നും,, അതിൽ ഊന്നിയാണ് ലൈംഗീകത നിലനിൽക്കുന്നത് എന്നുകൂടി കുട്ടികൾക്ക് പ്രായം കൂടുന്നതിനനുസ്സരിച്ചു ക്രമത്തിൽ മനസ്സിലാക്കി നൽകിയാൽ ലൈംഗീക ചൂഷണങ്ങളും,, വഴിപിഴക്കലുകളും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും... അതിനൊപ്പം സകല പ്രവർത്തികളിലെയും ധർമ്മ- അധർമ്മങ്ങൾ ദൈവീക ചിന്തകളോടും, ഭയത്തോടും ചിട്ടപ്പെടുത്തി വളർത്തിയെടുക്കുന്നത്;; സ്വയം തെറ്റെന്നു ബോധ്യമുള്ളവയിൽ നിന്നും അവർക്ക്‌ സ്വയം വിലക്കുന്നതിനു ഉപകാരപ്പെടും.. അതിനൊപ്പം തന്നെയാണ് ജാതി, മത ചിന്തകളെക്കുറിച്ചുള്ള പഠനവും... പൊതു സമൂഹത്തിനു നടുവിൽ മറ്റൊരുവൻ അവന്റെ മതത്തെപ്പറ്റി അസാധാരണമായി സംസാരിക്കുകയും, പ്രകീർത്തിക്കുകയും ചെയ്യുന്നു എങ്കിൽ അതിനു ചെവി കൊടുക്കാതിരിക്കാൻ പറയുക... കഴിയുന്നതും ആ വ്യക്തിയോട് അകലം പാലിക്കാൻ ഉപദേശിക്കുക.. നീ നിന്റെ ജാതിയെയും, മതത്തെയും പറ്റി ആരോടും ഗുണമായോ ദോഷമായോ സംസാരിക്കാതിരിക്കാൻ നിഷ്കർഷിക്കുക... അതിനൊപ്പം തന്നെ നിൻറെ കുലവും, മതവും, ജാതിയും സ്രേഷ്ടമാണെന്ന് അവന് പറഞ്ഞു കൊടുക്കുക... മറ്റുള്ളവരുടെതും സ്രേഷ്ടമാണെന്നു പഠിപ്പിക്കുക... എന്റെയോ, നിന്റെയോ മതം മോശമാണെന്നു പറയുന്നത് മാത്രമാണ് തെറ്റ് എന്ന് ബോധ്യപ്പെടുത്തുക... മതം ഉപദേശിച്ചു നൽകുന്ന തത്വഗുണങ്ങൾ നിറഞ്ഞ കഥകൾ അവർക്കു പറഞ്ഞു കൊടുക്കുക...  ഇങ്ങനെ ഒരു നിലപാട്  കുട്ടികൾക്ക് തീർച്ചയായും പ്രയോജനം ചെയ്യും എന്ന് ഞാൻ നിശ്വസ്സിക്കുന്നു...

     കുട്ടികളോട് നമ്മൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ മാത്രം സംസ്സാരിച്ചുകൊണ്ടിരിക്കുന്നതിൽ അർത്ഥമില്ലല്ലോ? ഇവയൊക്കെ എങ്ങനെ കുട്ടികളുടെ അസ്വസ്ഥതകൾക്ക് കാരണമാകാതെ നടപ്പിലാക്കാം എന്നതും വലിയ വിഷയമല്ലേ?? നമ്മൾ മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തി രീതികൾ കുട്ടികളെ അവരുടെ ആവശ്യമായി ചെയ്യിക്കുക എന്നതാണ് ഉചിതം... അതിനു ചില മാർഗ്ഗങ്ങൾ ഉണ്ട്... 

     കുട്ടികൾക്ക് അറിയുവാനുള്ള ആഗ്രഹം വർധിപ്പിക്കുവാൻ അവരെ ചോദ്യം ചോദിക്കാനും,, സംശയങ്ങൾ ഉയർത്താൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് മാർഗ്ഗം... കുട്ടികൾ നമ്മളോട് പൊതുവായ ചില കാര്യങ്ങളിൽ ചോദിക്കുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവർക്കുതന്നെ അവസ്സരം നല്കുക... അതിനു ഒരു ചെറിയ സമയവും നിഷ്കര്ഷിക്കുക... അവിടെ അവർ കണ്ടെത്തിക്കൊണ്ടു വരുന്ന ഉത്തരത്തെ ഗൗരവമായിത്തന്നെ സമീപിക്കുക... ആ ഉത്തരം ശരിയോ, തെറ്റോ എന്നതല്ല.. അവർ പറയുന്ന ഉത്തരം ലോജിക്കാണോ എന്ന് പരിശോധിക്കുക... ആണെങ്കിൽ ആ ലോജിക്കിനെ ഉയർത്തിക്കാട്ടി അവരെ എൻകറേജ് ചെയ്യുക... അവരുടെ ഉത്തരം ഫണ്ണി ആണെങ്കിൽ ആ ഫൺ ആസ്വദിക്കുക... അവരെക്കൊണ്ട് ആസ്വദിപ്പിക്കുക... ഒപ്പം ശരി ഉത്തരം പറഞ്ഞു കൊടുക്കുക... ചോദ്യത്തിനും ഉത്തരത്തിനും കാണിച്ച സാമർഥ്യത്തിന് അവരിഷ്ട്ട്പ്പെടുന്ന ചെറിയ സമ്മാനങ്ങൾ നല്കുക... ഉദാഹരണത്തിന്... 

     കുട്ടികൾ സാധാരണയായി റോഡിലെ വിശേഷമായി ചോദിക്കുന്ന ഒരു ചോദ്യമാണ് 'എന്താ ഈ ആംബുലൻസിൽ അക്ഷരങ്ങൾ തിരിച്ചു എഴുതി വെച്ചിരിക്കുന്നത്' എന്ന്... ഒരു ഇരുപത്തിനാല് മണിക്കൂർ സമയം അവർക്കുതന്നെ അതിനുത്തരം കണ്ടുപിടിക്കാൻ നൽകൂ... അവർ പറയുന്ന ഉത്തരത്തെക്കുറിച്ചു സംസാരിക്കൂ... ആ സംസ്സാരത്തെ അച്ഛനും മകനും ആസ്വദിക്കൂ... ഒപ്പം ശരിയായ ഉത്തരവും പറഞ്ഞു നൽകൂ... വീണ്ടും അവർ ചോദ്യങ്ങൾ ചോദിക്കും... അല്ലെങ്കിൽ ചോദ്യങ്ങൾ നിങ്ങൾ ഉയർത്തൂ.. ഉത്തരം കണ്ടെത്താൻ അവർക്ക് അവസ്സരം നല്കൂ.....

     കുട്ടികളോട് നമ്മൾ ചെയ്യുന്ന ഇത്തരം എക്സർസൈസുകളിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ വളരെ ഗൗരവത്തിൽത്തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അവരെ ധരിപ്പിക്കുകയാണ്... ചോദ്യവും, ഉത്തരം കണ്ടെത്തലും എല്ലാം ഗൗരവമുള്ള കാര്യങ്ങളാണ്... നമ്മൾ അലംഭാവം കാട്ടുന്നു എന്ന് കുട്ടികൾക്ക് തോന്നിയാൽ പിന്നെ ഇതൊന്നും ശരിയായ രീതിയിൽ പ്രവർത്തിക്കില്ല... മറ്റൊരു രീതി കൂടി കുട്ടികൾക്കിടയിൽ ഗുണകരമായി പരീക്ഷിക്കാവുന്നതാണ്...

     കുട്ടികൾ പാലിക്കണം എന്ന് നമ്മൾ നിഷ്‌കർഷിച്ചിട്ടുള്ള പ്രവർത്തികൾ, പെരുമാറ്റങ്ങൾ, പഠനം, ആഹാരം അങ്ങനെ പലതിനെക്കുറിച്ചും എന്തൊക്കെ, എങ്ങനൊക്കെ എന്ന് നമ്മൾക്കും അറിയാം,, കുട്ടികൾക്കും അറിയാം... ഈ പ്രവർത്തികൾക്ക് ഒരു പോയിൻറ് സമ്പ്രദായം വെയ്ക്കുക... അതായത് കുട്ടി ചെയ്യുന്ന പ്രവർത്തികൾക്ക് നിശ്ചിത പോയിൻറ് നൽകുക.. എല്ലാ ദിവസ്സവും നിഷ്ഠയോടെ ചെയ്യണമെന്ന് നമ്മൾ പറഞ്ഞിരിക്കുന്ന പ്രവർത്തികൾ കൃത്യമായി ചെയ്യുന്നതിന് നിശ്ചിത പോയിൻറ് നൽകുക...  ഉദാഹരണത്തിന്;; കിടക്കുന്നതിനു മുൻപ് അടുത്ത ദിവസത്തെ പുസ്തകം കൃത്യമായി എടുത്തു വെയ്ക്കണം എന്നാണ് നമ്മൾ പറഞ്ഞു കൊടുത്തിട്ടുള്ളത്... അങ്ങനെയുള്ള ദൈനംദിന കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിന് നിശ്ചിത പോയിൻറ്... പുസ്തകം എടുത്തു വെയ്ക്കാതെ കിടന്നുറങ്ങിയാൽ കുട്ടിയെ ബോധ്യപ്പെടുത്തിത്തന്നെ നെഗറ്റീവ് പോയിൻറ് നല്കണം... കുട്ടി യുക്തി പൂർവ്വമോ, ബുദ്ധിപൂർവ്വമോ ചെയ്ത ഒരു പ്രവർത്തിക്കു അതിനെ പ്രശംസിച്ചുകൊണ്ടുതന്നെ ഉയർന്ന പോയിൻറ് നല്കണം... അതു പോലെ ഒരു വലിയ പിഴവിന് കുട്ടിയെ ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ കൂടുതൽ നെഗറ്റീവ് പോയിൻറ്സ് നല്കണം... അങ്ങനെ ഒരു നിശ്ചിത പോയിൻറ് അച്ചീവ് ചെയ്തു കഴിയുമ്പോൾ അവൻ ആഗ്രഹിക്കുന്ന ഒരു സമ്മാനം വാങ്ങി നൽകണം... ഉദാഹരണത്തിന് അവൻ ഒരു ഫുട് ബാൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കരുതുക... അവനോട് പറയുക നീ അൻപത് പോയിൻറ് നേടുമ്പോൾ നിനക്ക് ഫുട് ബാൾ കിട്ടും എന്ന്... അങ്ങനെ വരുമ്പോൾ നല്ല പ്രവർത്തികളിൽക്കൂടി അവൻ നേടുന്ന പോയിന്റുകളുടെ പ്രതിഫലമാണ് അവനു ലഭിക്കുന്ന ഫുട് ബാൾ... രക്ഷിതാക്കൾക്ക് കൂടുതൽ സ്‌ട്രെയിൻ എടുക്കേണ്ടി വരുന്നില്ല... അങ്ങനെ പോയിന്റുകളും, അതുവഴി നേടുന്ന സമ്മാനങ്ങളും കാരണം നല്ല കാര്യങ്ങൾ കുട്ടിക്ക് ശീലമാകും... ഇവിടെ രക്ഷിതാക്കൾ ജനുവിനും, കൃത്യവും ആയിരിക്കണം... സമ്മാനങ്ങൾ കൃത്യമായി വാങ്ങി നല്കണം... പോയിന്റുകൾ കൃത്യമായി കണക്കാക്കണം... മുൻപു പറഞ്ഞതു പോലെ നമ്മൾ ഈ സമ്പ്രദായത്തിൽ വളരെ സീരിയസ് ആയിരിക്കണം... സമ്മർദങ്ങൾ ഉണ്ടാക്കാതെ ശരിയായ ചിട്ടകളും, ശീലങ്ങളും വളർത്താൻ ഈ രീതി ചില കുട്ടികളിലെങ്കിലും പ്രയോജനപ്പെടും എന്ന് കരുതുന്നു....

കുട്ടികളുമായുള്ള സൗഹൃദം നിലനിർത്തുക എന്നതാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു വലിയ കാര്യം... ആ സൗഹൃദത്തിനിടയിൽ രക്ഷിതാവ് എന്ന നിലയിലെ പരിഗണനയ്ക്ക് വിഘാതം സംഭവിക്കാതെ സൂക്ഷിക്കുവാൻ കൂടി കഴിയുമ്പോൾ അതൊരു അർത്ഥവത്തായ ബന്ധമായി മാറുന്നു... കുട്ടി നേരിടേണ്ടി വരുന്ന ഒരു വിഷയത്തിൽ ഏറ്റവും കരുത്തനും വിശ്വസ്ഥനുമായ സുഹൃത്തായി രക്ഷാകർത്താവിന്റെ മുഖം അവൻ്റെ മനസ്സിൽ ആദ്യം തെളിഞ്ഞു വരുന്ന രീതിയിൽ ആ ബന്ധം ഉഷ്മളമായിരിക്കണം... കുട്ടികൾ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളിലാണ് അവർ മറ്റൊരുവനാൽ ചൂഷണത്തിന് വിധേയനാകുന്നത്... 

     വീടിന്റെയും,, നാടിന്റെയും ഒഴുക്കിനനുസ്സരിച്ചു കുട്ടികൾ വിദ്യാഭ്യാസം നേടി മുൻപോട്ട് ജീവിക്കുന്നു എന്ന കാലം രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് പൂർണ്ണമായും അവസ്സാനിച്ചു... ഇന്ന് എല്ലാം കമ്പ്യുട്ടർ പ്രോഗ്രാമുകൾ നിയന്ത്രിക്കുമ്പോൾ കുട്ടികളെ ദിശാബോധത്തോടെ വളർത്തുന്നതിന് രക്ഷിതാക്കൾ പ്രത്യേകമായ മാനസ്സിക പ്രോഗ്രാമുകൾ മെനയുന്ന തെരക്കിലാണ്‌... കുടുംബത്തിന്റെയും,, നാടിന്റെയും ഭാവി ഇന്നത്തെ കുരുന്നുകളിൽ ആയതിനാൽ ഇമവെട്ടാതെയുള്ള ശ്രദ്ധ അനിവാര്യവുമാണ്‌.. 

     നാളത്തെ മഹത് വ്യക്തിത്വങ്ങൾ ആകേണ്ട ഇന്നത്തെ കുട്ടികൾക്ക് നല്ല ഒരു സ്കൂൾ വര്ഷം ആശംസ്സിക്കുന്നു...

[Rajesh Puliyanethu
 Advocate, Haripad]     @    PuliyanZ