സ്‌കൂളുകൾ തുറന്നു... പുതിയ ആവേശത്തോടെ കുഞ്ഞുങ്ങൾ സ്കൂളുകളിലേക്ക് പോകുന്നു... ആവേശത്തിനൊപ്പം അവർ ഒരുപാട് സമ്മർദ്ദങ്ങളും അനുഭവിക്കുന്നു.. പഠനത്തിന്റെ,, പഠന ഇതര വിഷയങ്ങളുടെ,, പ്രതീക്ഷകളുടെ,, മൽസര ബുദ്ധിയുടെ,, ശകാരങ്ങളുടെ,, കുറ്റപ്പെടുത്തലുകളുടെ,, പരാജയത്തിന്റെ അങ്ങനെ പലതും...!! നമ്മൾ കേൾക്കുമ്പോൾ ചെറുതെന്നു തോന്നുന്ന കാര്യങ്ങളും അവർക്ക് വലിയ കാര്യങ്ങൾ ആയിരിക്കും... "ആനക്ക് തടി ഭാരം, ഉറുമ്പിന് അരി ഭാരം" എന്നു പറയുന്നതു പോലെ അവർ അവർക്കു വലുതായി കാണുന്ന കാര്യങ്ങളിൽ സംഘർഷം അനുഭവിക്കുന്നു... അതുപോലെ തന്നെ രക്ഷിതാക്കളും വലിയ സമ്മർദ്ദം ഉള്ളിൽ കൊണ്ടു നടക്കുന്നു... കുട്ടികളുടെ ഭാവി,, വിദ്യാഭ്യാസം,, പെരുമാറ്റം,, കോപം,, ലഹരി,, പഠന വൈകല്യം,, ലൈംഗീക ചൂഷണങ്ങൾ,, കുട്ടികൾ കാട്ടുന്ന മൗനം അങ്ങനെ തുടങ്ങി ഒരുപാടു കാര്യങ്ങളിൽ രക്ഷിതാക്കളും സമ്മർദ്ദം അനുഭവിക്കുന്നു... ആധുനിക സംവിധാനങ്ങളായ ഇന്റർനെറ്റ്,, സോഷ്യൽ മീഡിയ,, മൊബൈൽ ഫോൺ,, കമ്പ്യുട്ടർ എന്നിവയൊക്കെ അനുവദിക്കാനോ, അനുവദിക്കാതിരിക്കാനോ കഴിയാത്ത ധർമ്മ സങ്കടം...!? ഏതെല്ലാം കഴിഞ്ഞു കുട്ടികളെക്കുറിച്ചു മറ്റുള്ളവർ ആരെങ്കിലും മോശമായ ഒരഭിപ്രായം പറഞ്ഞുകേട്ടുപോയാൽ ഈ സമ്മർദ്ദമെല്ലാം പൊട്ടിത്തെറിയായി മാറുന്ന അവസ്ഥ... അങ്ങനെ അതിമനോഹരമായ കുട്ടിക്കാലവും, വിദ്യാഭ്യാസ്സകാലവും സംഘർഷങ്ങൾ കൊണ്ടു നിറഞ്ഞ ഒരു കാലമായി മാറുന്നു... രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഒരുപോലെതന്നെ....
യൗവ്വനം മുന്നേറുമ്പോൾ സ്വോഭാവികമായും സംഘർഷങ്ങളും,, സമ്മർദ്ദങ്ങളും വന്നുചേരും... ആ സമ്മർദ്ദങ്ങളെ നേരിടാൻ വിദ്യാഭ്യാസകാലത്തു സമ്മർദ്ദങ്ങൾ നേരിട്ടു മുരടിച്ച മനസ്സുകൾക്ക് എങ്ങനെ കഴിയും എന്നതും ഒരു ചോദ്യമാണ്... വിദ്യാഭ്യാസ്സകാലത്തിന്റെ ശീതള സ്വഭാവത്തെ എങ്ങനെ കുറേയെങ്കിലും നിലനിർത്താം എന്നതും നമ്മുടെ മുൻപിലെ ഒരു വലിയ വിഷയമാണ്...?? സ്കൂളുകളിലെ ചുവരുകൾക്കുള്ളിൽ നിന്നും അവർക്കു ലഭിക്കുന്ന അറിവും, ഭാവി ജീവിതത്തിലേക്ക് പ്രയോഗിക്കാൻ ഉതകേണ്ട അവശ്യ ശസ്ത്രങ്ങളുടെ കുറവും സൂഷ്മതയോടെ നോക്കിക്കാണേണ്ടതുണ്ട്.....
വളരെ അധികം സമൂഹത്തിൽ ചർച്ച ചെയ്ത വിഷയമാണിത്.. ഈ വിഷയത്തിൽ സാധ്യമായ എല്ലാ വശങ്ങളും തലനാരിഴകീറി പരിശോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്... ഇന്ന് കാണുന്ന വലിയ ഒരു പരിധിവരെ കാര്യങ്ങൾ നന്നായി മുൻപോട്ടു പോകുന്നതും ഈ ചർച്ചകളുടെ ഫലമായാണ് എന്ന് നിസ്സംശയം പറയാം... എങ്കിലും നമ്മൾ വീണ്ടും,, വീണ്ടും ഈ വിഷയങ്ങൾ സംസാരിച്ചു കൊണ്ടിരിക്കണം... കാരണം ഇത്തരം ചർച്ചകൾ ചെന്നെത്തിയിട്ടില്ലാത്തിടങ്ങളുണ്ട്,, വിദഗ്ദ്ധരായ പലരും പറഞ്ഞതിനെ ഉൾക്കൊള്ളാതിരുന്നവരുണ്ട്... അങ്ങനെ "കുട്ടികളുടെ വിദ്യാഭ്യാസ്സ കാലത്ത് ഉണ്ടാകുന്ന പല വിധമായ പ്രശ്നങ്ങൾ" ഇന്നും പലയിടങ്ങളിലും പരിഹരിക്കാതെ തന്നെ കിടക്കുന്നു... ചർച്ചകളുടെ ഗുണകരമായ അലകൾ എല്ലാവരിലേക്കും ചെന്നെത്തുന്നതുവരെ നമ്മൾ ഈ വിഷയം സംസാരിച്ചുകൊണ്ടേയിരിക്കണം... കാര്യകാരണങ്ങൾ മനസ്സിലാക്കി കഴിയുന്ന പരിഹാരങ്ങൾ സ്വന്തം കുടുംബത്തിലെങ്കിലും ചെയ്യണം... അതിനോട് നനഞ്ഞ നിലപാട് സ്വീകരിക്കുന്നത് വരുംകാല തലമുറയോട് ചെയ്യുന്ന ഉത്തരവാദിത്വകുറവായിരിക്കും എന്നതാണ് എൻ്റെ കാഴ്ചപ്പാട്.....
ഈ വിഷയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ വിഷയം ജാതി,, മത,, സാമ്പത്തിക വ്യതിയാനങ്ങളിൽ നിൽക്കുന്ന എല്ലാ വിഭാഗങ്ങളിലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നതാണ്... കാരണം ജാതിയുടെയും, മതത്തിന്റെയും,, സാമ്പത്തിക ചുറ്റുപാടുകളുടെയും,, കുടുംബ അന്തരീക്ഷത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഈ വിഷയത്തിന്റെ സ്വാധീന ഘടകങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നതല്ലാതെ ഒരു വ്യവസ്ഥയിലും ഈ വിഷയത്തിന്റെ ചലനങ്ങൾ ഇല്ലാതാകുന്നില്ല...
വിഷയം സ്കൂളിൽ കുട്ടികൾ പോകുന്നവർക്കും,, അവരുടെ കാര്യങ്ങളിൽ ആശങ്കയുള്ളവർക്കും താൽപ്പര്യം നിറഞ്ഞതും മറിച്ചൊരു വിഭാഗത്തിന് വിരസ്സവും ആയിരിക്കാം... എന്നാൽ ആ സമീപനം സാർവ്വജനീനമായതാണെന്ന് പറയുകയും വയ്യ...
സമീപ കാലത്തുമാത്രം ശീർഷകത്തിലെ വിഷയം എന്തുകൊണ്ട് ഇത്രകണ്ട് ഭീഭൽസ്സമാവുകയും, നിരന്തര ചർച്ചകൾക്ക് വിധേയമാവുകയും ചെയ്തു എന്ന് ചിന്തിക്കേണ്ടതാണ്... മുൻകാലങ്ങളിൽ അതായത് ഏകദേശം എൺപതുകളുടെ അവസാനം വരെ,, കുട്ടികൾ പഠിക്കുക, അവർ വളരുക എന്നത് ഒരു പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയം ആയിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ... എന്നാൽ എൺപതുകളുടെ അവസ്സാനം മുതൽ സാമൂഹിക ജീവിതത്തിൽ വന്ന ത്വരിതമായ മാറ്റം പ്രസ്തുത വിഷയത്തിന്റെ തീഷ്ണത കൂട്ടി... അവയെ എല്ലാം മനസ്സിന്റെ ഒരു കോണിൽ നിലനിർത്തിക്കൊണ്ടുവേണം നാം വിഷയത്തെ സമീപിക്കാൻ...
കുട്ടികളുടെ മാനസ്സിക നിലയിലും,, സമീപനങ്ങളിലും വന്ന ആശങ്കാപരമായ മാറ്റത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ആദ്യം കുടുംബ ത്തിൽ നിന്നുതന്നെ തുടങ്ങണമെന്നാണ് മതം... കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും ആണു കുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയതിനെ ചിലർ ചൂണ്ടി കാട്ടുന്നു... അപരിഹാര്യമായ വ്യവസ്ഥാ മാറ്റമായിരുന്നു ഏതെങ്കിലും അത് ഉണ്ടാക്കിയ ഗുണ- ദോഷ വശങ്ങൾ നമ്മൾക്ക് അവഗണിക്കാൻ കഴിയില്ല...
കൂട്ടു കുടുംബം നശിച്ചതല്ല,, മനുഷ്യ മനസ്സുകൾ അണുവിലും ചെറുതായി പ്പോയതാണ് കാരണമെന്ന് പറയേണ്ടി വരും... സ്വന്തം സൗകര്യങ്ങളെ മാനിച്ചു കൂട്ടു കുടുംബത്തിൽ നിന്നും വിഭജിച്ചു പോയപ്പോൾ വീടുകളിലെ താമസം മാത്രമേ മാറാൻ പാടുള്ളായിരുന്നു... പക്ഷെ ഓരോ വീടുകൾക്ക് മതിലുകളും ഗേറ്റും നിർമ്മിച്ചു പൂട്ടി വെക്കുന്നതു പോലെ നമ്മൾ മനസ്സുകളും ചെറിയ ഇടുക്കുകളിൽ പരിമിതപ്പെടുത്തി... അത് കുട്ടികളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചൂ എന്നും പരിശോധിക്കണം...
കൂട്ടുകുടുംബ വ്യവസ്ഥയിൽ വളർന്നു വരുന്ന ഒരു കുട്ടിക്കുമേൽ ആ കുടുംബത്തിലെ എല്ലാവരും ശാസനയും, അധികാരവും പ്രകടിപ്പിക്കും... ആ കുട്ടിയുടെ മനസ്സിൽ മുതിർന്ന എല്ലാവരും തൻറെ രക്ഷിതാക്കളാണ്... അവിടെ അമ്മാവനും, അമ്മാവിയും, ചിറ്റപ്പനും, ചേട്ടത്തിയും, അപ്പൂപ്പനും, അമ്മുമ്മയും എല്ലാം രക്ഷിതാക്കളുടെ സ്ഥാനത്താണ്... വളർന്നു വരുന്ന ഒരു കുട്ടിയുടെ മനസ്സിൽ ഇവരെയെല്ലാം ഭയ ഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്... ഈ മുതിർന്ന വ്യക്തികളെല്ലാം ഒരു തെറ്റു കണ്ടാൽ കുട്ടികളെ ശാസിക്കും,, വേണ്ടിവന്നാൽ ശിക്ഷയും നൽകും... അന്ന് അതിനെതിരെ ആരും പരാതിപ്പെട്ടിരുന്നില്ല.. കുട്ടിയുടെ അച്ഛനും, അമ്മയും പോലും...!!! അമ്മാവൻ കുട്ടിക്ക് ശിക്ഷ കൊടുക്കാൻ യോഗ്യനായ മനുഷ്യൻ ആയിരുന്നില്ല എന്ന് ആ കാലത്ത് ആരും കണ്ടിരുന്നില്ല... ഈ കുടുംബ അന്തരീക്ഷത്തിന്റെ പ്രതിഫലനം സാമൂഹിക അന്തരീക്ഷത്തിലും പ്രകടമായിരുന്നു... കുടുംബത്തിലെ മറ്റു അംഗങ്ങളെയെല്ലാം ഭയ ഭക്തി ബഹുമാനത്തോടെ പരിഗണിച്ചു വളർന്ന കുട്ടിക്ക് അച്ഛന്റെയും, അമ്മാവന്റെയും, ചിറ്റപ്പന്റെയും സുഹൃത്തുക്കളെയും ബഹുമാനിക്കാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല... സ്കൂളിൽ അധ്യാപനെ ബഹുമാനിക്കാനും, അനുസരിക്കാനും, ഉൾക്കൊള്ളാനും അവനെ ആരും പ്രത്യേകിച്ച് പഠിപ്പിച്ചു നൽകേണ്ടിയിരുന്നില്ല... കാരണം ആ സ്വഭാവ ഗുണം ആ കുട്ടി അവന്റെ കുടുംബ അന്തരീക്ഷത്തിൽ നിന്നും ആർജ്ജിച്ചതായിരുന്നു... പ്രായം കൊണ്ടും,, സ്ഥാനം കൊണ്ടും,, പദവി കൊണ്ടും,, വിദ്യാഭ്യാസം കൊണ്ടും,, കഴിവു കൊണ്ടും,, സമൂഹം നൽകുന്ന അംഗീകാരം കൊണ്ടും ഒക്കെ മേൽക്കൈ പുലർത്തുന്നവരെ ബഹുമാനപൂർവ്വം കാണാനുള്ള സദ് ഗുണത്തിന് വിഘാതം ഏൽപ്പിച്ചതിന് മുൻപ് പറഞ്ഞ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകർച്ച കാരണമായി എന്ന് പറയേണ്ടി വരുന്നു...
കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്നതോടെ കുട്ടികൾക്ക് "പങ്കുവെക്കുക" എന്ന മഹനീയമായ സ്വഭാവ സവിശേഷത നഷ്ടമായി... അണു കുടുംബങ്ങളിൽ രക്ഷിതാക്കൾ നൽകുന്നവരും,, കുട്ടികൾ നേടുന്നവരും ആയിമാറി... അവിടെ പങ്കു വെയ്പ്പിന് ഇടം പോലും ഇല്ല എന്നതാണ് സത്യം.. ഇത് കുട്ടികൾ സ്വാർത്ഥരായി വളർന്നു വരുന്നതിന് കാരണമായി... തനിക്കു ലഭിച്ചതും,, ലഭിക്കാൻ സാധ്യത ഉള്ളതും,, ആഗ്രഹിച്ചതും,, കണ്ണിൽ കണ്ടതും എല്ലാം തന്റേതു മാത്രമെന്ന കുടില ചിന്ത രൂപം കൊണ്ടു... ലഭിക്കാത്തതെല്ലാം നഷ്ടങ്ങളായി കരുതി... ആ നഷ്ട ചിന്ത മാനസ്സിക സംഘര്ഷങ്ങളായി,, പകയായി,, പ്രതികാരമായി..... അങ്ങനെ പല വിധമായ ദോഷങ്ങളായി മാറി.... അടിസ്ഥാനം "പങ്കു വെയ്ക്കുക" എന്ന സ്വഭാവം നഷ്ടപ്പെട്ടതാണ്...
കൂട്ടു കുടുംബ വ്യവസ്ഥിതിയുടെ തകർച്ചയോടെ എങ്ങനെയാണ് മുൻപ് പറഞ്ഞ ഗുണകരമായ വശങ്ങൾ ഇല്ലാതായത് എന്ന് കൂടി നമ്മൾ മനസ്സിലാക്കണം... കൂട്ടു കുടുംബത്തിലേക്ക് തിരികെ പോവുക സാധ്യവുമല്ല.. എങ്കിലും മൂല്യാധിഷ്ഠിതമായ സ്വഭാവ ഗുണങ്ങളെ എങ്ങനെ നിലനിർത്താം എന്ന ഒരു ശ്രമമെങ്കിലും നടത്താനുള്ള ബാധ്യത നമുക്കുണ്ട്...
കൂട്ടു കുടുംബങ്ങൾ വ്യവസ്ത്ഥ പിരിഞ്ഞതിലെ കാര്യ കാരണങ്ങൾ നമുക്ക് മാറ്റി നിർത്താം... കുട്ടികളുടെ ചിന്തക്കും, സമീപനത്തിനും പുതിയ സാഹചര്യങ്ങൾ ഉണ്ടാക്കിയ സ്വാധീനത്തിനാണ് പ്രസക്തി... അതായത് മറ്റു വ്യക്തിത്വങ്ങളെ ബഹുമാനത്തോടെയും,, ആദരവോടെയും കാണാനുള്ള ചിന്ത ഇല്ലാതായതാണ് പ്രസക്തമായ കാര്യം... അതു പോലെ പങ്കു വെയ്ക്കുന്ന മനസ്സ് ഇല്ലാതായതും...!! ഈ രണ്ടു കാര്യങ്ങളും കുട്ടികളുടെ സ്വഭാവത്തെയും,, സമീപനത്തെയും ബാധിക്കുന്നവയാണ്...
കൂട്ടു കുടുംബത്തിൽ നിന്നും നേരിട്ട് ആണു കുടുംബത്തിലേക്ക് മാറിയ തലമുറയിൽ ഇന്ന് സ്‌കൂൾ കുട്ടികൾ അധികം ഉണ്ടാകാൻ സാധ്യതയില്ല.. കാരണം ആ വ്യവസ്ഥക്ക് മാറ്റം വന്നിട്ട് കാലം അധികമായി... ചില ഗുണഫലങ്ങൾ കിട്ടിയിരുന്ന ഒരു വ്യവസ്ഥിതി അസ്തമിച്ചു എന്ന് മാത്രം പറയുന്നു ... പക്ഷെ ആണു കുടുംബങ്ങൾ ഇന്ന് നിലനിൽക്കുന്നു... അവിടെ വളരെ ചെറിയ പ്രായം മുതൽ കുട്ടി അച്ഛനും,, അമ്മയും ഒഴികെ മറ്റെല്ലാവരെയും 'അന്യരായി' ആണ് കാണുന്നത്... ജീവിതത്തിന്റെ ആരംഭത്തിൽ മുതൽ മറ്റുള്ളവരെ മുഴുവൻ അന്യരായി കാണുന്ന കുട്ടിക്ക് കാലങ്ങൾ മുൻപോട്ടു പോകുമ്പോൾ മാതാപിതാക്കളും അന്യരായി തോന്നും... താൻ തന്നിലേക്ക് തന്നെ ചുരുങ്ങുന്ന ഒരു മാനസ്സിക സ്ഥിതി സംജാതമാകുന്നു... അവിടെ നമ്മൾ ഇന്ന് കാണുന്ന കുട്ടികളുടെ മാനസിക വൈകല്യങ്ങൾക്കെല്ലാം സ്ഥാനമുണ്ട്...
ഈ അവസ്ഥ സംജാതമാകാൻ കാരണമാകുന്ന സാഹചര്യങ്ങൾ സൃഷ്ട്ടിക്കാതിരിക്കാനാണ് മുതിർന്നവർ ശ്രദ്ധിക്കേണ്ടത്... ഒരു വീടിന്റെ സമ്പത്ത്;; അത് വലുതായാലും ചെറുതായാലും അണു കുടുംബത്തിൽ അതുപോലെതന്നെ പ്രസരിക്കപ്പെടുന്നു.... സ്വയം അന്തസ്സായി കഴിയാനുള്ള തങ്ങളുടെ സ്ഥിതി ഒരു തരം ധാർഷ്‌ട്യമായി വളരുന്നതായും കാണുന്നു... സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകൾ ദാർഷ്ട്യത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ മാനദണ്ഡമായി വർത്തിക്കുന്നതും കാണാം... പരമാവധി നാലുപേരിൽ മാത്രം ചുരുങ്ങി നിൽക്കുന്ന ഇത്തരം കുടുംബങ്ങളിൽ ഈ ധാർഷ്ട്യം കുട്ടികളിലേക്കും വ്യാപിക്കപ്പെടുന്നു.... ആ കുട്ടിയുടെ മനസ്സിൽ, തന്നെ ചോദ്യം ചെയ്യാനോ, ശാസിക്കാനോ, ശിക്ഷിക്കാനോ ആർക്കും അവകാശമില്ല എന്ന ചിന്ത ഉറക്കുന്നു... താൻ ആരുടെയും "ഔദാര്യത്തിലല്ല കഴിയുന്നത്" എന്ന ധാരണ യാണ് ഈ ചിന്തയുടെ അടിസ്ഥാനം... മനസ്സുകൾ തമ്മിലുള്ള പ്രതിപത്തി നശിച്ചു അവിടെ തന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സ് മാത്രം ബഹുമാനം അർഹിക്കുന്നതാകുന്നു... അത്തരം തലമുറ സ്വന്തം സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിക്കഴിയുമ്പോൾ അതു വരെ തന്റെ സാമ്പത്തിക ശ്രോതസ്സായിരുന്ന രക്ഷിതാക്കളെയും പുറം കാലിന് അടിക്കുന്നു... കാരണം ചെറിയ പ്രായം മുതൽ അവന്റെ മനസ്സിൽ ഉറച്ചു പോയ ബഹുമാനിക്കേണ്ട വിഷയം തന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സ് മാത്രമാണ്... സൂഷ്മമായി പരിശോധിച്ചു നോക്കൂ,, പണസമ്പാദനം നടത്തുന്ന യുവജനതയുടെ ഭൂരിപക്ഷത്തിന്റെയും മനോഭാവം ''തനിക്ക് ആരെയും വക വയ്‌ക്കേണ്ട കാര്യമില്ല,, കാരണം ഞാൻ സ്വന്തം കാലിലാണ്'' എന്നതല്ലേ!??
മാതാപിതാക്കളും, കുട്ടികളും മാത്രം ഉള്ള കുടുംബത്തിൽ സന്തോഷമായി നിങ്ങൾ ജീവിച്ചുകൊള്ളൂ... പക്ഷെ കേവലം ഒരു അണുവിലേക്ക് നിങ്ങളുടെ ചിന്തയെയും, ജീവിതത്തെയും ചുരുക്കുന്നത് എന്തിനാണ്... നിങ്ങൾ രക്ഷിതാക്കൾക്ക് മറ്റുള്ളവരോടുള്ള വിദ്വെഷവും, വിരോധവും കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്നത് എന്തിനാണ്... നിങ്ങള്ക്ക് മാനസ്സിക വിദ്വെഷമുള്ള ഒരുവന്റെ കുട്ടിയോട് നിങ്ങൾ അത് പ്രകടിപ്പിക്കുന്നത് എന്തിനാണ്... നമ്മൾ ആരുടെയും ഔദാര്യത്തിൽ ജീവിക്കാത്തവർ ആയതിനാൽ നമ്മൾക്ക് ആരെയും, ആവശ്യമില്ലെന്നും, നമ്മൾ ആരോടും കരുതൽ പുലർത്തണ്ട ആവശ്യമില്ലെന്നും ഉള്ള ചിന്ത കുട്ടികളിൽ വളർത്തുന്നത് എന്തിനാണ്?? നിങ്ങളുടെ സഹായം ഒരിക്കൽ സ്വീകരിച്ചവൻ ആജീവനാന്തം നിങ്ങളോട് വിധേയത്വം ഉള്ളവനാണെന്ന നിലയിൽ ഒരുവനെ ചൂണ്ടിക്കാണിച്ചു കുട്ടികളെ പരിചയപ്പെടുത്തുന്നത് എന്തിനാണ്?? മറ്റാരും മോശക്കാരല്ലെന്നും,, നമ്മൾ എല്ലാവരും പരസ്പ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നുള്ള ചിന്ത കുട്ടികളിൽ വളർത്തൂ... നമ്മുടെ മുൻപിൽ കാണുന്ന ആരുടെയൊക്കെയോ കൈയ്യിൽ നമുക്ക് അത്യാവശ്യമുള്ള സഹായങ്ങൾ കരുതി വെച്ചിട്ടുണ്ടെന്ന് അവരെ പഠിപ്പിക്കൂ... ആ സഹായങ്ങൾ യഥാസമയത്ത് ലഭിച്ചില്ലെങ്കിൽ നമ്മൾ ചിലനിമിഷങ്ങളെ അതിജീവിക്കാൻ സാധ്യതയില്ലെന്ന് അവരെ മനസ്സിലാക്കൂ... ആ സഹായങ്ങൾക്കായെങ്കിലും മറ്റുള്ളവരോട് സ്നേഹത്തോടും,, ബഹുമാനത്തോടും സമീപിക്കാൻ കുട്ടികളെ പഠിപ്പിക്കൂ.. അത് കഴിയുന്നത് രക്ഷിതാക്കൾക്ക് മാത്രമാണ്... അതും ചെറിയ പ്രായത്തിൽ...
നിങ്ങളുടെ കുട്ടി ചെയ്യുന്ന ഒരു ചെറിയ തെറ്റിന് കുട്ടിയുടെ ഒരു ബന്ധു ഒരു വിലക്കോ,, ശാസ്സനയോ,, ഉപദേശമോ ചെയ്തു എന്ന അവസ്സരത്തിൽ നിങ്ങൾ കുട്ടി കേൾക്കെ "" അയാളാരാ എന്റെ കൊച്ചിനെ ഉപദേശിക്കാൻ"" എന്ന് ചോദിച്ചാൽ, പിന്നീട് ഒരിക്കലും ആ കുട്ടി ആരെയും അനുസ്സരിക്കില്ല...ആദ്യം തന്നെ നിന്റെ 'തെറ്റ്' ആണ് ശാസിക്കപ്പെട്ടത് എന്ന് മനസ്സിലാക്കി നൽകൂ... തെറ്റുകൾ ആവർത്തിച്ചാൽ പലമുഖങ്ങളിൽനിന്നും ശാസ്സനകൾ ഏറ്റു വാങ്ങേണ്ടിവരും എന്നും പറയൂ... അല്ലെങ്കിൽ നാളെ മറ്റൊരാൾ പറയുന്ന ഉപദേശത്തോട് കുട്ടി നേരിട്ടു ചോദിക്കും;; എന്നെ ഉപദേശിക്കാൻ താൻ ആരാ?, എന്ന്... അത് ക്രമേണ കുട്ടിയുടെ മനസ്സിൽ
"എന്നെ ആരും നിയന്ത്രിക്കേണ്ട ആവശ്യമില്ല" എന്ന ചിന്തയെ വളർത്തും... ഈ ചോദ്യങ്ങൾ ഉയർത്തികൊണ്ട് രക്ഷിതാക്കളുടെയും, ഗുരുക്കന്മാരുടെയും സന്മാർഗ്ഗത്തിൽ നിന്നും അവൻ വഴിമാറി സഞ്ചരിച്ചു പോകും... കുട്ടികൾ എത്തിച്ചേരരുത് എന്ന് നമ്മൾ ആഗ്രഹിക്കുന്ന ഇടങ്ങളായിരിക്കും ആ സഞ്ചാരവഴികളുടെ അന്ത്യം...
അതു പോലെതന്നെയാണ് കുട്ടികളുടെ അധ്യാപകരോട് നമ്മൾ എടുക്കുന്ന സമീപനവും... ഒരു ഉദാഹരണം പറഞ്ഞാൽ,, കുട്ടിയുടെ നോട്ട് ബുക്കിൽ ടീച്ചർ രേഖപ്പെടുത്തിയ ഒരു തെറ്റ് നിങ്ങൾ ശ്രദ്ധിച്ചു എന്ന് കരുതുക... പാഠ്യ വിഷയത്തിൽ തന്നെ.... ''എന്തൊരു വിവര ദോഷിയാടെ നിന്റെ ടീച്ചർ'' എന്ന് ഒരു പാഴ്‌വാചകം മതി ആ ടീച്ചറിനോടുള്ള എല്ലാ മതിപ്പും ആ ചെറിയ മനസ്സിൽ നിന്നും നീങ്ങി പോകാൻ... അധ്യാപകരുടെ സ്ഥാനം വിദ്യ പകർന്നു നൽകുന്ന മഹത്തായ ഇടത്തിൽ നിന്നും ''വിവരദോഷി" എന്ന സാധ്യതയിലേക്കു കൂടി കൂപ്പുകുത്തിപ്പോകും... ചിന്തയിലെ ആ തകർച്ച ജീവിതത്തിൽ ഉടനീളം നിലനിൽക്കുകയും ചെയ്യും... ബഹുമാന്യ വ്യക്തിത്വങ്ങളിൽ എല്ലാം ഒരു "വിവരദോഷിയെ" ദർശിച്ചു തുടങ്ങുന്നത് പിന്നീട് സ്വയം പരാജയത്തിലേക്ക് നയിക്കും എന്നതാണ് എന്റെ പക്ഷം...
സ്വാർഥതയും, പിടിവാശിയും ഇന്ന് ചെറിയ കുട്ടികളിൽ മുതൽ കണ്ടുവരുന്ന ഒരു പോരായ്മയാണ്... പങ്കുവെക്കുക എന്ന നൈർമല്യം നിറഞ്ഞ സ്വഭാവം സ്വാർഥതയെയും,, പിടിവാശിയേയും ഒരു പരിധിവരെ ഇല്ലാതാക്കും എന്ന് കാണണം... അവിടെയും രക്ഷകർത്താക്കൾ ആണ് വില്ലൻ... ആധുനിക സൊസൈറ്റിയിലെ ഈഗോ മാനിയാക്കുകളായ മാതാപിതാക്കൾക്ക് തന്റെ കുട്ടി മറ്റൊരുവനിൽ നിന്നും ഒരു മിട്ടായി വാങ്ങി കഴിക്കുന്നതു പോലും അപമാനകരമാണ്... കുട്ടിയുടെ ആരോഗ്യമോ, മറ്റു സുരക്ഷിതത്വ കാരണങ്ങളോ അല്ല പലർക്കും കാരണം.. "അപമാനമായി" കാണുന്നു.. ശരി നിങ്ങൾ അപരിചിതരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരു മിടായി വാങ്ങി കഴിക്കുന്നതിനെ വിലക്കിക്കോള്ളൂ... പക്ഷെ സ്വന്തം സഹപാഠിയിൽ അവൻ സ്നേഹപൂർവ്വം ഒരു മിടായി വാങ്ങി കഴിക്കാൻ അനുവദിക്കൂ... ചെറിയ പ്രായത്തിലെ പങ്കുവെയ്ക്കലിന്റെ കുളിർമ്മ അവൻ ആസ്വദിക്കട്ടെ... ഒരു മിടായി പങ്കുവെച്ചു വളർന്നതിന്റെ സ്നേഹം ആ കുഞ്ഞു കൂട്ടുകാർക്കിടയിൽ നിന്നും ഭാവിയിൽ അവർ കാണാൻ പോകുന്ന ഒരുപാട് ആൾക്കാരിലേക്കു വ്യാപിക്കും എന്നതാണ് സത്യം...
രക്ഷിതാക്കൾ കുട്ടികളുടെ ധൈര്യവും,, ശക്തിയും ആയിരിക്കണം എന്നതിൽ സംശയം ലവലേശമില്ല... പക്ഷെ രക്ഷിതാക്കൾ ഒരിക്കലും കുട്ടികളുടെ ഗുണ്ടകൾ ആകരുത്... നമ്മൾ പലർക്കിടയിലും കാണുന്ന ഒരു പ്രവണതയാണിത്... കുട്ടിയോടുള്ള അമിത സ്നേഹവാത്സല്യങ്ങൾ ആയിരിക്കാം കാരണം... ആവശ്യമില്ലാതെ,, ന്യായാന്യായങ്ങളെ മനസ്സിലാക്കാതെ അന്ധമായി കുട്ടികളുടെ പക്ഷം പറയുക... മറ്റുള്ളവരോട് തട്ടിക്കയറുക,, അങ്ങനെ പലവിധ പ്രവർത്തികൾ... ഇത്തരം സമീപനങ്ങൾ കുട്ടികളിൽ അഹങ്കാരമാണ് വർധിപ്പിക്കുന്നത് മറിച്ചു ആത്മവിശ്വാസ്സമല്ല...
സമീപകാലത്ത് ഞാൻ ഒരു സ്‌കൂളിൽ കണ്ട ഒരു സംഭവമാണ്... ഒരു രക്ഷിതാവ് പരാതിയുമായി സ്കൂളിൽ നിൽക്കുന്നു... തന്റെ ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ ടീച്ചർ തല്ലി എന്നതാണ് പരാതിയുടെ കാരണം... കുട്ടിയുടെ ശരീരത്ത് പാടുകൾ ഒന്നും തന്നെയില്ല... പക്ഷെ കുട്ടി അങ്ങനെ പറയുന്നു.... അവിടെ രക്ഷകർത്താക്കളും ധർമ്മ സങ്കടത്തിലാണ്.. കാരണം കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന അധ്യാപകരുടെ വാർത്തകൾ പുറത്തു വരുന്നു... തന്റെ കുട്ടിയോട് അതുണ്ടാകുമോ എന്ന ആശങ്ക.... എങ്കിലും കുട്ടി പറയുന്ന ഒന്നാമത്തെ സംഭവത്തിൽത്തന്നെ പരാതിയുമായി പോകാൻ മുതിരരുതെന്നാണ് എന്റെ അഭിപ്രായം... അല്ലെങ്കിൽ ക്രൂരമായ പെരുമാറ്റത്തിന്റെ വ്യക്തമായ അടയാളങ്ങൾ വേണം... ഇത്തരം പരാതികൾ ഉന്നയിക്കുമ്പോൾ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം എന്ന് പറയുന്നതിന് കാരണമുണ്ട്... കാരണം അത് കുട്ടികളിൽ അഹങ്കാരം വളർത്തും... തീർച്ച... മുതിർന്നവരെ അനുസ്സരിക്കാനുള്ള മനോഭാവം കുറയും... മറ്റൊരുഭാഗത്ത് നിർദ്ദോഷമായി ടീച്ചർ ചെയ്ത ഒരു പ്രവർത്തി ചോദ്യം ചെയ്യപ്പെട്ടാൽ ആ ടീച്ചർക്ക് ആ കുട്ടിയോട് തോന്നുന്ന വാത്സല്യത്തിന് അതൊരു മുറിവായി നില്ക്കും... വീണ്ടും പറയുന്നു;; യുക്തിയെ ഉപയോഗിക്കുകയും,, ജാഗ്രത പുലർത്തുകയും നാം ഒരേ സമയം ചെയ്യണം....
കുട്ടികളുടെ കഴിവിനെ അംഗീകരിക്കാൻ തയ്യാറാകാത്ത രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്നത് വലിയ ക്രൂരതയാണ്... എന്നും ഈ വിഷയങ്ങളിൽ പഠനം നടത്തിയിട്ടുള്ളവർ പറയുന്നത്, കുട്ടികൾക്ക് കഴിയുന്ന ഭാരമേ അവർക്കുമേൽ ഏൽപ്പിക്കാവൂ എന്നാണ്... എന്നാൽ രക്ഷകർത്താക്കളുടെ മനസ്സിലേക്ക് കയറാത്ത ഒരു ഉപദേശവും ഇതുതന്നെയാണെന്ന് തോന്നുന്നു... മറ്റൊരു കുട്ടിയുടെ മികവല്ല നിങ്ങളുടെ കുട്ടിയുടെ കഴിവിന് അടിസ്ഥാനം... നിങ്ങളുടെ കുട്ടിയിലെ കഴിവിനെ കണ്ടെത്തി അതിൽ ഒന്നാമനാക്കാൻ ശ്രമിക്കൂ... {{{മറ്റൊരു കുട്ടിക്കോപ്പ മുണ്ടായ നേട്ടത്തെ പോരായ്മയായി കാണുന്ന ഒരു സന്ദർഭം ചർച്ച ചെയ്യുന്നു... ദയവായി ഈ ലിങ്ക് സന്ദർശിക്കൂ....https://rajeshpuliyanethu.blogspot.com/2014/09/blog-post_21.html}}}}
കുടുംബ ജീവിതത്തിലെ പ്രതിഫലനങ്ങൾ കുട്ടികളെ സ്വാധീനിക്കും എന്ന് പറയേണ്ടതില്ലല്ലോ?? കുട്ടികളുടെ ഭാവിയും,, മാനസ്സിക ആരോഗ്യവും കണക്കിലെടുത്തു മാത്രം സ്വന്തം ജീവിതത്തിലെ പൊരുത്തക്കേടുകൾ പുറം ലോകത്തെ അറിയിക്കാതെ ജീവിക്കുന്ന അനേകം ദമ്പതികളുണ്ട്... അതിനു കഴിയാത്തത്ര പ്രശ്നങ്ങൾ നിലനിൽക്കുന്ന ദമ്പതികൾ തുറന്ന പോരിന് മുതിരും.. അതിൽ ചിലതെങ്കിലും അനിവാര്യതകളാകാം... പക്ഷെ അവിടെ കുട്ടികൾ അനുഭവിക്കുന്ന മാനസ്സിക സംഘർഷങ്ങൾ ആർക്കും പരിഹരിക്കാൻ കഴിയില്ല... അതുപോലെ തന്നെയാണ് രക്ഷിതാക്കൾ മറ്റുള്ളവരോട് പെരുമാറുന്നത് നോക്കിക്കാണുന്ന കുട്ടികളുടെ മനസ്സിനുണ്ടാകുന്ന സ്വാധീനവും... ഒരു കുട്ടിയുടെ അച്ഛന്റെ അച്ഛൻ കൊയ്ത്തു കഴിഞ്ഞു തന്റെ മകനും കുടുംബത്തിനായി കുറേ കുത്തരി കൊണ്ടുവരുന്നു... കുട്ടിയുടെ അമ്മക്ക് ഭർത്താവിന്റെ വീട്ടുകാരെ ഇഷ്ട്ടമല്ല... യാതൊരു ദയയുമില്ലാതെ കുട്ടിയുടെ അമ്മ ആ അരി തിരസ്കരിച്ചു അയക്കുന്നു... ഭാര്യയുടെ പ്രസാദത്തിനായി കുട്ടിയുടെ അച്ഛൻ ജീവച്ഛവം പോലെ എല്ലാ ലഹളകൾക്കും സാക്ഷിയായി നിൽക്കുന്നു... ആ അച്ഛനമ്മമാരോട് ആ കുട്ടിക്ക് ഉണ്ടാകുന്ന മതിപ്പ് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ?? തന്റെ അമ്മയുടെ താല്പര്യത്തിനു വഴങ്ങി തന്നെ ഒന്നു തൊടാൻ പോലും മുത്തശ്ശനെ അച്ഛൻ അനുവദിച്ചിരുന്നില്ല എന്ന്കൂടി ചിന്തിക്കുമ്പോൾ ആ കുട്ടിയുടെ ചിന്തയിലേക്ക് അത് നല്ല സന്ദേശം ഒന്നും നല്കില്ല.. തീർച്ച... ഈ കഥകളൊന്നും സാങ്കല്പികങ്ങൾ അല്ലെന്നതാണ് വേദനയുള്ള മറ്റൊരു കാര്യം...
ഇന്നത്തെ ബാല്യത്തിന്റെ ഏറ്ററ്വും വലിയ പോരായ്മയാണ് അവർ കളിച്ചു ആർത്തുല്ലസ്സിച്ചു ജീവിക്കേണ്ട സമയം മൊബൈൽ ഫോണിലും,, കമ്പ്യുട്ടറിലും മുഖം കുമ്പിട്ടിരുന്നു പാഴാക്കുന്നു എന്നത്... കായികമായ കളികൾക്കും,, മറ്റുള്ളവരുമായി കൂട്ടുകൂടി കളിക്കുന്നതിനും അവരെ പ്രേരിപ്പിക്കേണ്ടത് രക്ഷാകർത്താക്കളാണ്... മൊബൈലുമായി കുട്ടി ഒരു മൂലക്കിരുന്നാൽ അത്രനേരം അവരുടെ ശല്യമില്ലല്ലോ എന്ന് പല രക്ഷിതാക്കളും കരുതുന്നു... നിങ്ങൾ അക്കൂട്ടരിൽ ഒരുവരാണോ എന്ന് ചിന്തിക്കേണ്ടത് നിങ്ങളാണ്... കുട്ടിയുടെ കണ്ണിന്റെയും, തലച്ചോറിന്റെയും ആരോഗ്യത്തെക്കുറിച്ഛ് ഡോക്ടർമാർ പറയുന്നത് ആർക്കും പ്രശ്നമല്ല... കുട്ടിയുടെ ഒരു ചെറിയ വാശിയെ അതിജീവിക്കാൻ കഴിയാത്ത നിങ്ങൾ എങ്ങനെയാണ് അവരെ പറക്കാൻ പ്രാപ്തരാക്കും വരെ എത്തിക്കുന്നത്?? മൊബൈൽ ഫോണോ, കംപ്യുട്ടറോ കുട്ടികൾക്ക് നൽകേണ്ട എന്നല്ല... കാരണം സമൂഹത്തിന്റെ എല്ലാവിധ വളർച്ചകളും,, മാറ്റങ്ങളും അവർ അറിഞ്ഞു തന്നെ വളരണം.... അതിന് ഒരു ദിവസത്തിലെ നിശ്ചിത സമയം ഫോൺ ഉപയോഗിക്കാൻ അനുവദിച്ചു കൊടുക്കണം... അതുപോലെതന്നെ കമ്പ്യുട്ടർ ആവശ്യങ്ങൾക്കനുസ്സരിച്ചു ഉപയോഗം ക്രമപ്പെടുത്തി നല്കണം...
അതുപോലെതന്നെയാണ് കുട്ടികൾക്ക് ടി വി യും സിനിമകളും ഉണ്ടാക്കുന്ന സ്വാധീനം... സിനിമകൾക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്...പ്രത്യേകിച്ച് കുട്ടികളിൽ... അതിനാൽ കുട്ടികൾ കാണുന്ന സിനിമകൾക്ക് രക്ഷകർത്താക്കൾ വ്യക്തമായ സ്ക്രീനിംഗ് നടത്തണം... വിലക്കുകൾ എപ്പോഴും പൊട്ടിക്കാനുള്ള വ്യഗ്രത ഉണ്ടാകും... അതിനാൽ ആരോഗ്യകരമായ നിയന്ത്രണങ്ങളാണ് അഭികാമ്യം... കുട്ടികൾക്ക് സിനിമയെക്കുറിച്ചുള്ള അറിവ് ലഭിക്കണമെങ്കിൽ അത് കാണുക തന്നെ വേണം.. ഇംഗ്ളീഷ് സിനിമകളെക്കുറിച്ചും,, നായകന്മാരെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ കൂട്ടുകാർക്കിയയിൽ അതൊന്നും അറിയാതെ പോകുന്നതും കൂട്ടത്തിൽ ചെറുതാകുന്ന അവസ്ഥ ഉളവാകും എന്ന് മനസ്സിലാക്കണം... അതും കുട്ടിയുടെ മാനസ്സികമായി തകർച്ചക്ക് കാരണമാകും.. ഉന്നത സൊസൈറ്റിയിലെ പൊങ്ങച്ചത്തിന്റെ അലകൾ നേഴ്‌സറി സ്കൂളിൽ പഠിക്കുന്ന കുട്ടിയിൽ വരെ എത്തി നിൽക്കുന്നു എന്ന സാമൂഹിക അന്തരീക്ഷവും നമ്മൾ കണക്കിലെടുക്കണം... എല്ലാം ഉൾക്കൊള്ളുകയും, ഇണങ്ങുകയും ചെയ്യുന്ന രീതിയിൽ വളർന്നു വരുന്നതാണ് നല്ലത്... പുതിയതായ ഒരു അവസ്ഥയോട് പകച്ചു നിൽക്കാത്ത അവസ്ഥയിലേക്ക് മാനസ്സിക ദൃഢത ഉണ്ടാക്കുക എന്നതും വിദ്യാഭ്യാസ്സകാലത്ത് നേടണം...
കുട്ടികളോട് അപരിചിതർ സമീപിച്ചാൽ ഒച്ച വെയ്ക്കുക, ഓടുക, ആൾക്കാർക്കിടയിലേക്കു പോവുക അങ്ങനെ പലതും നമ്മൾ പഠിപ്പിച്ചു വിടാറുണ്ട്... അതെല്ലാം അവരുടെ സുരക്ഷയെ കരുതിയാണ്... ഇന്ന് കൂട്ടികൾ നേരിടുന്ന വലിയ ഒരു സുരക്ഷാ പ്രശ്നം ലൈംഗിക ചൂഷണമാണ്.. അതിൽ നിന്നും രക്ഷനേടാൻ അവരെ സജ്ജരാകുക എന്നതാണ് നമ്മുടെ വെല്ലുവിളി... സ്കൂളുകളിൽ ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്... അവിടെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നുണ്ട്... രക്ഷകർത്താക്കൾ "" അതിലൊന്നും വലിയ കാര്യമില്ല"" എന്ന രീതിയിൽ കുട്ടികളുടെ മുൻപിൽ ലഘൂകരിക്കാതെ സ്കൂളുകളിൽ നൽകുന്ന പാഠങ്ങൾ അതേപടി പിന്തുടരാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്...
ഒരു കുട്ടി ഏതാണ്ട് പത്തുവയസ്സു കടക്കുന്നത് മുതൽ ലൈഗീകതയെക്കുറിച്ചു ചിന്തിച്ചു തുടങ്ങും എന്നാണ് സയൻസ് പറയുന്നത്... അതുമുതൽ അവർക്കുണ്ടാകുന്ന സംശയങ്ങളെ നിവർത്തിച്ചു നല്കുന്നതാണ് ലൈംഗീക വിദ്യാഭ്യാസം... അത് ശരിയായ രീതിയിൽ നൽകാൻ രക്ഷിതാക്കളോ, അധ്യാപകരോ തയ്യാറായില്ലെങ്കിൽ അതിനു മുൻപോട്ടു വരുന്ന മൂന്നാമൻ ശരിയായ ചിന്താഗതി ഉള്ളവൻ ആകണമെന്നില്ല... അതിനാൽ ലൈംഗീകത അനാവശ്യമോ,, പാപമോ അല്ലെന്ന രീതിയിൽ ശാസ്ത്രീയമായും,, ധാർമികമായും അവർക്കു പറഞ്ഞു കൊടുക്കണം... അതിനൊപ്പം കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റ് അതി സ്രേഷ്ടമാണെന്നും,, അതിൽ ഊന്നിയാണ് ലൈംഗീകത നിലനിൽക്കുന്നത് എന്നുകൂടി കുട്ടികൾക്ക് പ്രായം കൂടുന്നതിനനുസ്സരിച്ചു ക്രമത്തിൽ മനസ്സിലാക്കി നൽകിയാൽ ലൈംഗീക ചൂഷണങ്ങളും,, വഴിപിഴക്കലുകളും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും... അതിനൊപ്പം സകല പ്രവർത്തികളിലെയും ധർമ്മ- അധർമ്മങ്ങൾ ദൈവീക ചിന്തകളോടും, ഭയത്തോടും ചിട്ടപ്പെടുത്തി വളർത്തിയെടുക്കുന്നത്;; സ്വയം തെറ്റെന്നു ബോധ്യമുള്ളവയിൽ നിന്നും അവർക്ക് സ്വയം വിലക്കുന്നതിനു ഉപകാരപ്പെടും.. അതിനൊപ്പം തന്നെയാണ് ജാതി, മത ചിന്തകളെക്കുറിച്ചുള്ള പഠനവും... പൊതു സമൂഹത്തിനു നടുവിൽ മറ്റൊരുവൻ അവന്റെ മതത്തെപ്പറ്റി അസാധാരണമായി സംസാരിക്കുകയും, പ്രകീർത്തിക്കുകയും ചെയ്യുന്നു എങ്കിൽ അതിനു ചെവി കൊടുക്കാതിരിക്കാൻ പറയുക... കഴിയുന്നതും ആ വ്യക്തിയോട് അകലം പാലിക്കാൻ ഉപദേശിക്കുക.. നീ നിന്റെ ജാതിയെയും, മതത്തെയും പറ്റി ആരോടും ഗുണമായോ ദോഷമായോ സംസാരിക്കാതിരിക്കാൻ നിഷ്കർഷിക്കുക... അതിനൊപ്പം തന്നെ നിൻറെ കുലവും, മതവും, ജാതിയും സ്രേഷ്ടമാണെന്ന് അവന് പറഞ്ഞു കൊടുക്കുക... മറ്റുള്ളവരുടെതും സ്രേഷ്ടമാണെന്നു പഠിപ്പിക്കുക... എന്റെയോ, നിന്റെയോ മതം മോശമാണെന്നു പറയുന്നത് മാത്രമാണ് തെറ്റ് എന്ന് ബോധ്യപ്പെടുത്തുക... മതം ഉപദേശിച്ചു നൽകുന്ന തത്വഗുണങ്ങൾ നിറഞ്ഞ കഥകൾ അവർക്കു പറഞ്ഞു കൊടുക്കുക... ഇങ്ങനെ ഒരു നിലപാട് കുട്ടികൾക്ക് തീർച്ചയായും പ്രയോജനം ചെയ്യും എന്ന് ഞാൻ നിശ്വസ്സിക്കുന്നു...
കുട്ടികളോട് നമ്മൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ മാത്രം സംസ്സാരിച്ചുകൊണ്ടിരിക്കുന്നതിൽ അർത്ഥമില്ലല്ലോ? ഇവയൊക്കെ എങ്ങനെ കുട്ടികളുടെ അസ്വസ്ഥതകൾക്ക് കാരണമാകാതെ നടപ്പിലാക്കാം എന്നതും വലിയ വിഷയമല്ലേ?? നമ്മൾ മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തി രീതികൾ കുട്ടികളെ അവരുടെ ആവശ്യമായി ചെയ്യിക്കുക എന്നതാണ് ഉചിതം... അതിനു ചില മാർഗ്ഗങ്ങൾ ഉണ്ട്...
കുട്ടികൾക്ക് അറിയുവാനുള്ള ആഗ്രഹം വർധിപ്പിക്കുവാൻ അവരെ ചോദ്യം ചോദിക്കാനും,, സംശയങ്ങൾ ഉയർത്താൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് മാർഗ്ഗം... കുട്ടികൾ നമ്മളോട് പൊതുവായ ചില കാര്യങ്ങളിൽ ചോദിക്കുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവർക്കുതന്നെ അവസ്സരം നല്കുക... അതിനു ഒരു ചെറിയ സമയവും നിഷ്കര്ഷിക്കുക... അവിടെ അവർ കണ്ടെത്തിക്കൊണ്ടു വരുന്ന ഉത്തരത്തെ ഗൗരവമായിത്തന്നെ സമീപിക്കുക... ആ ഉത്തരം ശരിയോ, തെറ്റോ എന്നതല്ല.. അവർ പറയുന്ന ഉത്തരം ലോജിക്കാണോ എന്ന് പരിശോധിക്കുക... ആണെങ്കിൽ ആ ലോജിക്കിനെ ഉയർത്തിക്കാട്ടി അവരെ എൻകറേജ് ചെയ്യുക... അവരുടെ ഉത്തരം ഫണ്ണി ആണെങ്കിൽ ആ ഫൺ ആസ്വദിക്കുക... അവരെക്കൊണ്ട് ആസ്വദിപ്പിക്കുക... ഒപ്പം ശരി ഉത്തരം പറഞ്ഞു കൊടുക്കുക... ചോദ്യത്തിനും ഉത്തരത്തിനും കാണിച്ച സാമർഥ്യത്തിന് അവരിഷ്ട്ട്പ്പെടുന്ന ചെറിയ സമ്മാനങ്ങൾ നല്കുക... ഉദാഹരണത്തിന്...
കുട്ടികൾ സാധാരണയായി റോഡിലെ വിശേഷമായി ചോദിക്കുന്ന ഒരു ചോദ്യമാണ് 'എന്താ ഈ ആംബുലൻസിൽ അക്ഷരങ്ങൾ തിരിച്ചു എഴുതി വെച്ചിരിക്കുന്നത്' എന്ന്... ഒരു ഇരുപത്തിനാല് മണിക്കൂർ സമയം അവർക്കുതന്നെ അതിനുത്തരം കണ്ടുപിടിക്കാൻ നൽകൂ... അവർ പറയുന്ന ഉത്തരത്തെക്കുറിച്ചു സംസാരിക്കൂ... ആ സംസ്സാരത്തെ അച്ഛനും മകനും ആസ്വദിക്കൂ... ഒപ്പം ശരിയായ ഉത്തരവും പറഞ്ഞു നൽകൂ... വീണ്ടും അവർ ചോദ്യങ്ങൾ ചോദിക്കും... അല്ലെങ്കിൽ ചോദ്യങ്ങൾ നിങ്ങൾ ഉയർത്തൂ.. ഉത്തരം കണ്ടെത്താൻ അവർക്ക് അവസ്സരം നല്കൂ.....
കുട്ടികളോട് നമ്മൾ ചെയ്യുന്ന ഇത്തരം എക്സർസൈസുകളിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ വളരെ ഗൗരവത്തിൽത്തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അവരെ ധരിപ്പിക്കുകയാണ്... ചോദ്യവും, ഉത്തരം കണ്ടെത്തലും എല്ലാം ഗൗരവമുള്ള കാര്യങ്ങളാണ്... നമ്മൾ അലംഭാവം കാട്ടുന്നു എന്ന് കുട്ടികൾക്ക് തോന്നിയാൽ പിന്നെ ഇതൊന്നും ശരിയായ രീതിയിൽ പ്രവർത്തിക്കില്ല... മറ്റൊരു രീതി കൂടി കുട്ടികൾക്കിടയിൽ ഗുണകരമായി പരീക്ഷിക്കാവുന്നതാണ്...
കുട്ടികൾ പാലിക്കണം എന്ന് നമ്മൾ നിഷ്‌കർഷിച്ചിട്ടുള്ള പ്രവർത്തികൾ, പെരുമാറ്റങ്ങൾ, പഠനം, ആഹാരം അങ്ങനെ പലതിനെക്കുറിച്ചും എന്തൊക്കെ, എങ്ങനൊക്കെ എന്ന് നമ്മൾക്കും അറിയാം,, കുട്ടികൾക്കും അറിയാം... ഈ പ്രവർത്തികൾക്ക് ഒരു പോയിൻറ് സമ്പ്രദായം വെയ്ക്കുക... അതായത് കുട്ടി ചെയ്യുന്ന പ്രവർത്തികൾക്ക് നിശ്ചിത പോയിൻറ് നൽകുക.. എല്ലാ ദിവസ്സവും നിഷ്ഠയോടെ ചെയ്യണമെന്ന് നമ്മൾ പറഞ്ഞിരിക്കുന്ന പ്രവർത്തികൾ കൃത്യമായി ചെയ്യുന്നതിന് നിശ്ചിത പോയിൻറ് നൽകുക... ഉദാഹരണത്തിന്;; കിടക്കുന്നതിനു മുൻപ് അടുത്ത ദിവസത്തെ പുസ്തകം കൃത്യമായി എടുത്തു വെയ്ക്കണം എന്നാണ് നമ്മൾ പറഞ്ഞു കൊടുത്തിട്ടുള്ളത്... അങ്ങനെയുള്ള ദൈനംദിന കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിന് നിശ്ചിത പോയിൻറ്... പുസ്തകം എടുത്തു വെയ്ക്കാതെ കിടന്നുറങ്ങിയാൽ കുട്ടിയെ ബോധ്യപ്പെടുത്തിത്തന്നെ നെഗറ്റീവ് പോയിൻറ് നല്കണം... കുട്ടി യുക്തി പൂർവ്വമോ, ബുദ്ധിപൂർവ്വമോ ചെയ്ത ഒരു പ്രവർത്തിക്കു അതിനെ പ്രശംസിച്ചുകൊണ്ടുതന്നെ ഉയർന്ന പോയിൻറ് നല്കണം... അതു പോലെ ഒരു വലിയ പിഴവിന് കുട്ടിയെ ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ കൂടുതൽ നെഗറ്റീവ് പോയിൻറ്സ് നല്കണം... അങ്ങനെ ഒരു നിശ്ചിത പോയിൻറ് അച്ചീവ് ചെയ്തു കഴിയുമ്പോൾ അവൻ ആഗ്രഹിക്കുന്ന ഒരു സമ്മാനം വാങ്ങി നൽകണം... ഉദാഹരണത്തിന് അവൻ ഒരു ഫുട് ബാൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കരുതുക... അവനോട് പറയുക നീ അൻപത് പോയിൻറ് നേടുമ്പോൾ നിനക്ക് ഫുട് ബാൾ കിട്ടും എന്ന്... അങ്ങനെ വരുമ്പോൾ നല്ല പ്രവർത്തികളിൽക്കൂടി അവൻ നേടുന്ന പോയിന്റുകളുടെ പ്രതിഫലമാണ് അവനു ലഭിക്കുന്ന ഫുട് ബാൾ... രക്ഷിതാക്കൾക്ക് കൂടുതൽ സ്‌ട്രെയിൻ എടുക്കേണ്ടി വരുന്നില്ല... അങ്ങനെ പോയിന്റുകളും, അതുവഴി നേടുന്ന സമ്മാനങ്ങളും കാരണം നല്ല കാര്യങ്ങൾ കുട്ടിക്ക് ശീലമാകും... ഇവിടെ രക്ഷിതാക്കൾ ജനുവിനും, കൃത്യവും ആയിരിക്കണം... സമ്മാനങ്ങൾ കൃത്യമായി വാങ്ങി നല്കണം... പോയിന്റുകൾ കൃത്യമായി കണക്കാക്കണം... മുൻപു പറഞ്ഞതു പോലെ നമ്മൾ ഈ സമ്പ്രദായത്തിൽ വളരെ സീരിയസ് ആയിരിക്കണം... സമ്മർദങ്ങൾ ഉണ്ടാക്കാതെ ശരിയായ ചിട്ടകളും, ശീലങ്ങളും വളർത്താൻ ഈ രീതി ചില കുട്ടികളിലെങ്കിലും പ്രയോജനപ്പെടും എന്ന് കരുതുന്നു....
കുട്ടികളുമായുള്ള സൗഹൃദം നിലനിർത്തുക എന്നതാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു വലിയ കാര്യം... ആ സൗഹൃദത്തിനിടയിൽ രക്ഷിതാവ് എന്ന നിലയിലെ പരിഗണനയ്ക്ക് വിഘാതം സംഭവിക്കാതെ സൂക്ഷിക്കുവാൻ കൂടി കഴിയുമ്പോൾ അതൊരു അർത്ഥവത്തായ ബന്ധമായി മാറുന്നു... കുട്ടി നേരിടേണ്ടി വരുന്ന ഒരു വിഷയത്തിൽ ഏറ്റവും കരുത്തനും വിശ്വസ്ഥനുമായ സുഹൃത്തായി രക്ഷാകർത്താവിന്റെ മുഖം അവൻ്റെ മനസ്സിൽ ആദ്യം തെളിഞ്ഞു വരുന്ന രീതിയിൽ ആ ബന്ധം ഉഷ്മളമായിരിക്കണം... കുട്ടികൾ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളിലാണ് അവർ മറ്റൊരുവനാൽ ചൂഷണത്തിന് വിധേയനാകുന്നത്...
വീടിന്റെയും,, നാടിന്റെയും ഒഴുക്കിനനുസ്സരിച്ചു കുട്ടികൾ വിദ്യാഭ്യാസം നേടി മുൻപോട്ട് ജീവിക്കുന്നു എന്ന കാലം രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് പൂർണ്ണമായും അവസ്സാനിച്ചു... ഇന്ന് എല്ലാം കമ്പ്യുട്ടർ പ്രോഗ്രാമുകൾ നിയന്ത്രിക്കുമ്പോൾ കുട്ടികളെ ദിശാബോധത്തോടെ വളർത്തുന്നതിന് രക്ഷിതാക്കൾ പ്രത്യേകമായ മാനസ്സിക പ്രോഗ്രാമുകൾ മെനയുന്ന തെരക്കിലാണ്... കുടുംബത്തിന്റെയും,, നാടിന്റെയും ഭാവി ഇന്നത്തെ കുരുന്നുകളിൽ ആയതിനാൽ ഇമവെട്ടാതെയുള്ള ശ്രദ്ധ അനിവാര്യവുമാണ്..
നാളത്തെ മഹത് വ്യക്തിത്വങ്ങൾ ആകേണ്ട ഇന്നത്തെ കുട്ടികൾക്ക് നല്ല ഒരു സ്കൂൾ വര്ഷം ആശംസ്സിക്കുന്നു...
[Rajesh Puliyanethu
Advocate, Haripad] @ PuliyanZ