""ഇവിടെ രാഷ്ട്രീയം സംസ്സാരിക്കരുത്""...
ഇങ്ങനെ ഒരു ബോർഡ് തൂക്കിയിരിക്കുന്നത് നമ്മൾ കണ്ടിരുന്നത് ചില ചായക്കടകളിലാണ്... അവിടെ രാഷ്ട്രീയം സംസ്സാരിക്കുന്നതിനെ വിലക്കാൻ കാരണം രാഷ്ട്രീയ ചർച്ചകൾ സംഘർഷങ്ങളിലേക്കു നയിച്ചിരുന്ന അനുഭവങ്ങളാണ്... രാഷ്ട്രീയ ബോധം വളരുന്നത് രാഷ്ട്രീയം സംസാരിക്കുന്നതിലൂടെയാണ്... രാഷ്ട്രീയം സംസാരിക്കുന്നതിൽ തുടങ്ങി ഗൗരവമായ ചർച്ചകളിലേക്കു വളർന്ന് തർക്കങ്ങളിൽ എത്തുന്നതുവരെ രാഷ്ട്രീയം സംസാരിക്കുന്നത് ആരോഗ്യകരമാണ്... സംസ്സാരം സംഘര്ഷങ്ങളിലേക്ക് എത്തുമ്പോൾ ആ രാഷ്ട്രീയ സംസ്സാരം മലിനമാകുന്നു...
രാഷ്ട്രീയ സംസാരങ്ങളെ സംഘർഷങ്ങളിലേക്കെത്തിക്കുന്ന വ്യക്തികളും, ആ സംഘർഷങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പ്രസ്ഥാനങ്ങളും 'രാഷ്ട്രീയം' എന്ന മഹത്തായ പ്രവർത്തന മെഘലയെ മലിനമാക്കുകയാണ് ചെയ്യുന്നത്... "രാഷ്ട്രീയം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്നാണ്.. രാഷ്ട്രത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനെയാണ് രാഷ്ട്രീയ ചർച്ചകൾ എന്ന് പറയുന്നത്... രാഷ്ട്രത്തെക്കുറിച്ചു പൗരന്മാർ സംസ്സാരിക്കുമ്പോൾ സ്വോഭാവികമായും ആ സംസ്സാരങ്ങൾ രാഷ്ട്രത്തിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും, ആ വിഷയങ്ങൾ രാഷ്ട്രത്തെയും, ജനങ്ങളേയും എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ചും ആയിരിക്കും... അത്തരം ചർച്ചകളിൽ ഏറ്റവും കൂടുതൽ സ്ഥാനം പിടിക്കുക വർത്തമാനകാല സംഭവങ്ങൾ ആയിരിക്കും.. അങ്ങനെയെങ്കിൽ വർത്തമാനകാല സംഭവങ്ങളെ എങ്ങനെ വർത്തമാനകാല ചർച്ചകളിൽ നിന്നും ഒഴിവാക്കി നിർത്തും!?? വർത്തമാനകാല പ്രവർത്തനങ്ങളിലെ പോരായ്മകൾ എങ്ങനെയാണ് ഭാവികാല ചർച്ചകളിൽക്കൂടി പരിഹരിക്കാൻ കഴിയുക!??
രാജ്യം പ്രതിസന്ധികളെ അഭിമുഘീകരിക്കുമ്പോൾ രാഷ്ട്രീയം ചർച്ചചെയ്യാൻ പാടില്ല എന്ന പുതിയ ചിന്താഗതി ഇവിടെ പ്രചരിപ്പിക്ക പ്പെടുന്നുണ്ട്.. തീർച്ചയായും പറയാം; അതൊരു പുതിയ ചിന്താഗതിയാണ്... രാഷ്ട്രം ഏതു തരത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് മനസ്സിലാക്കി ആ വിഷയത്തെക്കുറിച്ചു സംസ്സാരിച്ചുകൊണ്ടേയിരിക്കണം... അത് രാഷ്ട്രീയ സംസാരമാണ്.. അത് സംഭവിക്കുക തന്നെ വേണം... പ്രതിസന്ധികളെ രാജ്യം അഭിമുഘീകരിക്കേണ്ടി വരുമ്പോൾ തീർച്ചയായും അതിനെ നേരിടുന്ന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നത് സർക്കാരാണ്... ആ സർക്കാരിനെ നയിക്കാൻ ഒരു രാഷ്ട്രീയ നേതൃത്വവും ഉണ്ടാകും.. ആ ഭരണ നേതൃത്വം ചെയ്യുന്ന കാര്യങ്ങളെ പിന്തുണക്കുന്നതു മാത്രമേ ""രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നു"" എന്ന നിവ്വചനത്തിൽ വരുന്നതാവുകയുള്ളു എന്നത് ആരുടെ കണ്ടുപിടിത്തമാണ്...?? ഭരണ രംഗത്തെ പോരായ്മകളോ,, അഴിമതിയോ ചർച്ച ചെയ്യേണ്ട സമയം ആ പോരായ്മകൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ്... മറിച്ചു് ആ പോരായ്മകൾ സംഭവിച്ചു കഴിഞ്ഞതിനു ശേഷവും,, അതിന്റെ തിക്താനുഭവങ്ങൾ ജനസഹസ്രങ്ങൾ അനുഭവിച്ചു കഴിഞ്ഞതിനു ശേഷവും, ചത്ത കുഞ്ഞിന്റെ ജാതകമെഴുതുന്നതു പോലെയുള്ള ചർച്ചകൾക്ക് എന്തു പ്രസക്തിയാണുള്ളത്?? തങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ കുറ്റമറ്റതും,, സത്യസന്ധവുമാണെന്ന് ഭരണപക്ഷത്തിന് ഉറപ്പുണ്ടെങ്കിൽ, 'രാഷ്ട്രീയ ചർച്ചകൾ ഇപ്പോൾ പാടില്ല' എന്ന തലവഴി മുണ്ടിടുന്ന പോലെയുള്ള സമീപനങ്ങൾ എന്തിനു സ്വീകരിക്കുന്നു..??
''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചാരണത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്ന സത്യം കാണാതിരിക്കാൻ കഴിയില്ല... അതിനു കാരണം രാഷ്ട്രീയമല്ല.. ചില രാഷ്ട്രീയ പ്രവർത്തകരാണ്... ഇന്ന് സാധാരണക്കാരൻ്റെ മനസ്സിൽ കൊടിപിടുത്തം, കലഹം, കൊലപാതകം, സ്വജനപക്ഷപാതം, അഴിമതി, മുതലെടുപ്പ് തുടങ്ങിയ ചിലകാര്യങ്ങൾ മാത്രമാണ് രാഷ്ട്രീയം.. രാഷ്ട്രീയം എന്ന വാക്കു കേൾക്കുമ്പോൾത്തന്നെ സാധാരണക്കാരന്റെ മനസ്സിലേക്ക് ഓടി എത്തുന്നത് ഈ കാര്യങ്ങളാണ്.. അതിനാലാണ് നാടിന്റെ ഈ ദുർഘടാവസ്ഥയിൽ ഇപ്രകാരമുള്ള ദുഷിച്ച ചെയ്തികൾ പേറുന്ന പ്രവർത്തിയായ രാഷ്ട്രീയത്തെ അകറ്റി നിർത്തണമെന്ന് അവർ പറയുന്നത്.. അവിടെയും ജയിക്കുന്നതു കുറുക്കന്മാരായ ചില രാഷ്ട്രീയ പ്രവർത്തകർ ആണെന്ന് കാണാം..!! അവർ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ കൂടി ജനങ്ങളുടെ മനസ്സിൽ രാഷ്ട്രീയത്തെക്കുറിച്ചു ഭീബത്സമായ ചിത്രം വരച്ചു വെച്ചു.. അതിനു ശേഷം ജനങ്ങളുടെ മനസ്സിൽ ഉറച്ചു പോയ ആ ചിത്രത്തെ മുതലെടുത്ത് ജനങ്ങളെ രാഷ്ട്രീയ ചർച്ചകളിൽ നിന്നും അതാവശ്യപ്പെടുന്ന അവസ്സരങ്ങളിൽ അകറ്റി നിർത്തുന്നു... അവിടെയും പലതും ഒളിച്ചു കടത്തുന്നത് ഇതേ രാഷ്ട്രീയക്കാരാണ്... പൊതുജനം ശരിയായ അവസ്സരത്തൽ രാഷ്ട്രീയം ചർച്ച ചെയ്യാതെ നിർഗുണന്മാരായി മാറി നിൽക്കുന്നു...
''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചാരണത്തിന് പൊതുജനങ്ങൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്ന വസ്തുത മനസ്സിലാക്കുന്നതിനാലാകാം പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉചിത സമയത്തു നടത്തേണ്ട വിമർശനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ജനാധിപത്യത്തിന് തീരെ ആരോഗ്യകരമല്ലാത്ത കാഴ്ചയും കണ്ടു വരുന്നത്... വിമർശനങ്ങൾ തങ്ങളെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുമോ എന്നവർ ഭയപ്പെടുന്നു... ''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പരസ്യ വാചകം നല്ല രീതിയിത്തന്നെ അതിന്റെ പ്രയോജനം ആഗ്രഹിക്കുന്നവർ ഉപയോഗിച്ചിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ... പക്ഷെ അതിനെ അതിജീവിച്ചു ജനങ്ങളിലേക്കിറങ്ങി തങ്ങളുട വിമർശനം ബോധ്യപ്പെടുത്തേണ്ടത് ഭരണ ഇതര രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണ്.. അതിനു അവർക്കു കഴിയുന്നില്ലെങ്കിൽ അതവരുടെ കഴിവുകേടെന്നോ, അല്ലെങ്കിൽ ഭരണപക്ഷത്തു പോരായ്മ ഇല്ലെന്നോ മനസ്സിലാക്കേണ്ടി വരും... ഭരണപക്ഷ പ്രവർത്തനങ്ങളിലെ പോരായ്മകൾ ഏതവസ്സരത്തിൽ സംഭവിച്ചാലും ചൂണ്ടിക്കാട്ടി ജനപിന്തുണ ആർജ്ജിച്ചു തിരുത്തിക്കേണ്ടത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണ്... അതിനു കഴിയുന്നില്ലെങ്കിൽ കർത്തവ്യവിലോപമായിക്കൂടി നിർവ്വചിക്കപ്പെടും...
ജനാധിപത്യ ഭരണക്രമത്തിൽ രാജ്യത്തിന്റെ ഓരോ ശ്വാസ്സവും നിർണ്ണയിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്.. ഇവിടെ രാഷ്ട്രീയം ഒഴിവാക്കി ഒന്നും സാധ്യമല്ല.. ജനങ്ങളുടെ പ്രതിനിധികൾ അഥവാ ജനങ്ങളുടെ വിശ്വസ്തർ തീരുമാനങ്ങളെടുക്കുന്നു എന്നൊരു അർഥം കൂടി അതിനുണ്ട്.. അങ്ങനെ വരുമ്പോൾ രാജ്യത്തെ ജനങ്ങൾ ആകമാനം രാഷ്ട്രീയ ചർച്ചകളിൽ വ്യാപൃതരായി രാജ്യത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനു തുല്യമാണ്, ഓരോ രാഷ്ട്രീയ പ്രതിനിധിയും വിമർശനാത്മകമായ കാര്യങ്ങൾ ഉന്നയിച്ചു ഭരണ നേതൃത്വത്തെക്കൊണ്ടു തിരുത്തൽ നടപടികൾ സ്വീകരിപ്പിക്കുന്നത്... പ്രത്യേകിച്ചു നിർണ്ണായകമായ അവസ്ഥയിൽ കൂടി രാജ്യം കടന്നു പോകൂന്ന ഈ നാളുകളിൽ...
''രാജ്യം പ്രതിസന്ധിയെ നേരിടുമ്പോൾ വിമർശനങ്ങൾ പാടില്ല'' എന്ന പ്രചരണം ഭരണപക്ഷം വിജയിപ്പിക്കുന്നത്,, രാഷ്ട്രീയ വിമർശനത്തെ രാഷ്ട്രീയ മുതലെടുപ്പെന്നു പൊതുജനങ്ങളുടെ മുൻപിൽ തെറ്റിധരിപ്പിച്ചു കൊണ്ടാണ്..! രാഷ്ട്രീയ വിമർശനവും രാഷ്ട്രീയ മുതലെടുപ്പും വ്യത്യസ്ഥ ചാലുകളാണ്... രാജ്യത്തിന്റെ പ്രതിസന്ധിയെ തന്റെ രാഷ്ട്രീയ നേട്ടത്തിനായി, രാഷ്ട്രത്തിനു ദോഷം വരുമെന്നതിരിച്ചറിവോടെ ഉപയോഗിക്കുന്നതാണ് തെറ്റായ രാഷ്ട്രീയ മുതലെടുപ്പ്.. ഭരണ കക്ഷിയുടെ പരാധീനതകൾ ചൂണ്ടിക്കാണിച്ചു ജനങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതാണ് ശരിയായ വിമർശനം.. അതിൽ രാഷ്ട്രീയ മുതലെടുപ്പ് ഒളിച്ചിരുപ്പുണ്ടാകാം.. എങ്കിലും അത് പരിപൂർണ്ണമായും തെറ്റ് ആണെന്ന് പറയുക വയ്യ.. കാരണം അവിടെ സ്വന്തം ചുമതല നിർവ്വഹിച്ചതിനു ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ആ രാഷ്ട്രീയ കക്ഷിക്കോ നേതാവിനോ ലഭിക്കുന്ന മേന്മ.... രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ വിമർശിച്ചവനെ മ്ലേശ്ചനായി ചിത്രീകരിക്കുന്നതിനു ചില മാധ്യമ സ്ഥാപനങ്ങളും മുൻപന്തിയിൽത്തന്നെയുണ്ട്.. വിമർശകരെ കൂവിവിളിക്കാൻ നിൽക്കുന്ന സൈബർ പോരാളികൾ മറ്റൊരു വശത്ത്.. അവർ ആരുംതന്നെ ജനാധിപത്യ പ്രവർത്തനക്രമത്തിൽ ക്രിയാത്മകമായി നിലകൊള്ളുകയാണെന്നു കരുതുക വയ്യ...
ഭരണപക്ഷത്തു പോരായ്മകൾ ഉണ്ടെന്നു ഏതുവിധേനയും സ്ഥാപിക്കുക എന്നതല്ല ക്രിയാത്‌മകമായ വിമർശനം എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.. ഭരണപക്ഷത്ത് അഴിമതിയും, സ്വജനപക്ഷപാതവും, പിടിപ്പുകേടും ഉണ്ടെങ്കിൽ അത് കാര്യകാരണങ്ങളും, തെളിവുകളും നിരത്തി പൊതുജന സമക്ഷം അവതരിപ്പിച്ചു പൊതുസമൂഹത്തിന്റെ പിന്തുണയോടെ അവയെ തിരുത്താൻ ഭരണകർത്താക്കളെ നിര്ബന്ധിതരാക്കുക എന്നതാണ് ക്രിയാത്‌മക വിമർശനം.. രാജ്യം പ്രതിസന്ധികളെ നേരിടുമ്പോൾ ഭരണകൂടത്തിന്റെ പ്രവർത്തികളിലെ പോരായ്മൾ കണ്ണുകെട്ടി മറച്ചു കൈയ്യടിക്കേണ്ട ബാധ്യത രാഷ്ട്രീയ കക്ഷികൾക്കില്ല.. സ്വതന്ത്ര പൗരന്മാർക്ക് തീരെയുമില്ല... രാജ്യം സുഗമമായി മുന്നോട്ടു പോകുമ്പോൾ മാത്രമാണ് വിമർശനങ്ങൾക്ക് സ്ഥാനം എന്ന പ്രചാരണം വിമർശിക്കപ്പെ ടേണ്ടതു തന്നെയാണ്...
രാജ്യം ഒറ്റക്കെട്ടായി നിന്നുകൊണ്ട് വിപത്തുകളെ നേരിടുന്നു എന്നത് ഐശ്വര്യപൂർണ്ണമായ കാര്യമാണ്.. പക്ഷെ ആ സുന്ദരമായ മേലങ്കിയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളെ നമ്മൾ തിരിച്ചറിയുകയും,, തിരുത്തിക്കുകയും വേണം... കാരണം എല്ലാ വിപത്തുകളും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന മനുഷ്യരുണ്ട്.. രാജ്യത്തിനുണ്ടാകുന്ന പൊതുവായ വിപത്തിനെ പരോക്ഷമായെങ്കിലും ബാധിക്കാത്ത ആരുമില്ല.. പ്രത്യക്ഷമായി ബാധിക്കപ്പെട്ടവർക്കു പ്രതികരണത്തിന് ത്രാണിയില്ല.. എന്നാൽ അൽപ്പമെങ്കിലും ശിരസ്സുയർത്താൻ കഴിയുന്നവർ പ്രതികരിക്കുകയും വിമർശിക്കുകയും ചെയ്യണം.. അത് മുൻപ് പറഞ്ഞ പ്രതികരിക്കാൻ ത്രാണിയില്ലാത്തവർക്കു കൂടി വേണ്ടിയാണ്... അത് നമ്മുടെ ഉത്തരവാദിത്വമാണ്....
[Rajesh Puliyanethu
Advocate, Haripad]