Sunday, 22 January 2012

ബഹുമാനം തെണ്ടികള്‍.....

       

       പരസ്പരം ബഹുമാനിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് നമ്മള്‍ തിരിച്ചറിവുണ്ടായ കാലം മുതല്‍ കേള്‍ക്കുന്നതാണ്. മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് എല്ലാവരും അനുസ്സരിച്ചാല്‍ അത് പരസ്പ്പരം ബഹുമാനിക്കുക എന്നത് തന്നെയാകുന്നു. പരസ്പരം ബഹുമാനത്തെ പങ്കുവെയ്ക്കുമ്പോള്‍ എത്രത്തോളം നല്‍കണം, എത്രത്തോളം നേടണം എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഇല്ലാതെ പോകുന്നു. ചിലര്‍ പറയുന്നു നേടു  ന്നിടത്തോളം കൊടുക്കുക എന്ന്. കണക്കില്ലാതെ കൊടുത്തോളു, അതിലേറെ കിട്ടിക്കോളും എന്ന് മറ്റൊരു പക്ഷം. മറ്റുള്ളവര്‍ക്ക് അര്‍ഹമായത് കൊടുക്കുക എന്ന് മറ്റൊരു വാദം. അതില്‍ അര്‍ഹമായത് എങ്ങനെ നിശ്ചയിക്കും എന്നാ മറുചോദ്യത്തിന് മൌനം വേണ്ട, നമ്മുടെ മനസ്സില്‍ തോന്നുന്നത് മറ്റുള്ളവന്റെ അര്‍ഹത എന്നു വ്യാഖ്യാനിച്ചു തുടര്‍ തര്‍ക്കങ്ങളെ ഒഴിവാക്കാം!! തുടര്‍ തര്‍ക്കങ്ങളെ ഒഴിവാക്കാന്‍ വേണ്ടി മാത്രം. 


       പക്ഷെ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്നതിലും അല്പം കൂടുതല്‍, അതില്‍ 'അല്പം' എന്നത് എളിമയുടെ നേരം പോക്കാണ്.അത് എത്ര അധികമുണ്ടോ അത്രയും നല്ലത് എന്ന് കാണുന്ന സ്വര്‍ണം പോലെയാണ്പലര്‍ക്കും. അതിനായി തങ്ങളുടെ ജീവിതത്തിന്റെ സമസ്ത കാര്യങ്ങളെയും ഒരു പ്രത്യക താളത്തില്‍ രൂപീകരിച്ചു അനുവര്‍ത്തിച്ചു പോരുന്നവരാണ്‌ ആ വിഭാഗം. അതിനായി നിത്യജീവിതത്തിലെ പല സന്തോഷങ്ങളെയും വേണ്ടായെന്നു വെയ്ക്കുന്നതിനും അവര്‍ തയ്യാറാകുന്നു. ആ സന്തോഷങ്ങള്‍ എന്ന് അര്‍ഥമാക്കുന്നത് വലിയ നേട്ടങ്ങളില്‍ അധിഷ്ടിതമായിരിക്കണമെന്നില്ല, മറിച്ചു ദൈനംദിന പ്രവര്‍ത്തനത്തിലെ സ്വോഭാവികതകളുടെ നഷ്ടങ്ങളായിരിക്കും!! തീര്‍ച്ചയായും ആ നഷ്ടങ്ങളെ കണ്ടില്ലെന്നു വെയ്ക്കുന്നതോ, വേണ്ടായെന്ന്നു വെയ്ക്കുന്നതോ ആകാം അവര്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കുന്നത്. പക്ഷെ മാറി നിന്ന് വീക്ഷിച്ചാല്‍ ആ നഷ്ടപ്പെടുന്നവയെ അവര്‍ ഇഷ്ടപ്പെടുകയും, തരം കിട്ടിയാല്‍ ആസ്വദിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു എന്ന് കാണാം. അതിനാലാണ് നഷ്ടങ്ങള്‍ എന്നാ വാക്കുകൊണ്ട് അതിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും.

       ഒരല്‍പം ബഹുമാനം തരൂ, എന്നെ ബഹുമാനിക്കൂ എന്ന് യാചിക്കുന്നതു പല വിധത്തിലാണ്; ചിലര്‍ താന്‍ കണ്ടു മുട്ടുകയും ഇടപെടുകയും ചെയ്യുന്ന ആള്‍ക്കാരോട് അമിത ബഹുമാന ചേഷ്ടകള്‍ പ്രകടിപ്പിക്കുകയും, വിനയം നിര്‍ലോഭം ഒഴുക്കി വിടുകയുമാണ് അതില്‍ ഒരു വഴി. ബഹുഭൂരിപക്ഷവും ഇതിനെ ഒരു പ്രകടനമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ അന്ഗീകരിക്കുകയും അതെ ചേഷ്ടകള്‍ തിരിച്ചു പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇരു കൂട്ടര്‍ക്കും സന്തോഷം, കാരണം മുടക്ക് മുതലോന്നുമില്ലാതെ ഇരുവര്‍ക്കും കിട്ടി ആവോളം ബഹുമാനം!!

       മറ്റൊരു വിഭാഗം തങ്ങളുടെ ഇടപെടലുകളേയും വര്‍ത്തമാനത്തെയും പരിമിതപ്പെടുത്തി പൊതുസമൂഹത്തില്‍ നിന്നും അല്പം മാറി നിന്ന് തങ്ങള്‍ ആഗ്രഹിക്കുന്ന ബഹുമാനത്തെ നേടി എടുക്കാന്‍ ശ്രമിക്കുന്നു. രണ്ടാമതായി ഉള്ള വ്യക്തിക്ക് യാതൊരു പ്രയോജനവുമില്ലാത്ത നിര്‍ഗുണ ജീവികളാണിവര്‍, എന്നാല്‍ അമിതമായി എല്ലാത്തിലും ഇടപെട്ടു താന്‍ ഇല്ലാതെ ഒന്നും നടക്കില്ല എന്ന നിലയില്‍ ബഹുമാനത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുന്നവരുമുണ്ട്.

       കോപവും പരുക്കന്‍ സ്വഭാവവും പ്രകടിപിച്ചു തങ്ങളെക്കാല്‍ പ്രായം കൊണ്ടോ പദവി കൊണ്ടോ താഴെനില്‍ക്കുന്നവരില്‍ നിന്ന് ബഹുമാനം പിടിച്ചു വാങ്ങുന്നവരുണ്ട്. അത് തങ്ങളേക്കാള്‍ ഏതെങ്കിലും തരത്തില്‍ താഴെക്കിടയിലുള്ളവരോട് മാത്രമേ വിലപ്പോവുകയുള്ളൂ. അവിടെ അവര്‍ നേടുന്നത് ഭയത്തില്‍ അധിഷ്ടിതമായ വികാരമാണ്. അവരുടെ അഭാവത്തില്‍ പുശ്ചവും. താന്‍ നഗ്നനാണെന്നു തിരിച്ചറിയാതെ പോയ രാജാവിനെപ്പോലെ അവര്‍ മൂഡമായ ഒരു വിശ്വാസത്തില്‍ ജീവിച്ചു പോരുന്നു.

       ബഹുമാനത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുന്നത് പലതരത്തിലാണ്. മറ്റുള്ളവരുടെ മുന്‍പില്‍ എത്തുമ്പോള്‍ ഒരാള്‍ ബഹുമാനപുരസ്സരം മറ്റൊരാളോട് ചെയ്യുന്ന കാര്യങ്ങളെല്ലാം സ്വയം ചെയ്തു അതില്‍ നിന്ന് മറ്റുള്ളവര്‍ തന്നെ ബഹുമാനിച്ചു എന്ന് വരുത്തി തീര്‍ക്കുകയും താന്‍ ബഹുമാനം അര്‍ഹിക്കുന്നവനാനെന്നു പ്രവര്‍ത്തിയില്‍ കൂടി പ്രസ്താവിക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. 'ഈഗോ' എന്ന് നമ്മള്‍ പേരിട്ടു വിളിക്കുന്ന വികാരം പ്രകടമായി ഇത്തരം ആള്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്നത് കാണാം.

       ബഹുമാനത്തെക്കുറിച്ചുള്ള വികാരം പണം, പദവി, പ്രായം, ഉന്നത സ്വാധീനം എന്നിവയുമായി വളരെ  അടുത്തു നില്‍ക്കുന്നു. മേല്‍പ്പറഞ്ഞവയില്‍ ഏതിലെങ്കിലും ഉന്നതമായി നില്‍ക്കുന്നവര്‍ തങ്ങള്‍ ബഹുമാനിക്കാ പ്പെടണമെന്നു അമിതമായി ആഗ്രഹിക്കുന്നതായി കാണുന്നു. അത് മറ്റുള്ളവര്‍ നല്‍കുന്നതായി തോന്നാമെങ്കിലും കേവലം ബഹുമാന ചേഷ്ടകളുടെ പ്രകടിപ്പിക്കല്‍ മാത്രമാണെന്ന് കാണാം. ആതെല്ലായെപ്പോഴും അങ്ങനെ ആകണമെന്നല്ല, മറിച്ച് മേല്‍പ്പറഞ്ഞവയെ  മുന്‍നിര്‍ത്തി ബഹുമാനം യാചിക്കുന്നവര്‍ക്ക്!!

       മറ്റുളവര്‍ തങ്ങളെ ബഹുമാനിക്കണം എന്നാ മനുഷ്യസഹചമായ ആഗ്രഹത്തെ അന്ഗീകരിക്കാം, അത് നേടി എടുക്കുന്നതിനു വേണ്ടിയുള്ള പലതരം പ്രവര്‍ത്തികളെയും മനസ്സിലാക്കാം; എന്നാല്‍ തന്റെ പേരിന്റെ പോലും സാനിധ്യത്തില്‍ മറ്റുള്ളവര്‍ ബഹുമാനചേഷ്ടകള്‍ പ്രകടിപ്പിച്ചില്ല എങ്കില്‍ അത് രണ്ടാമനോടുള്ള കടുത്ത വിരോധത്തിനും, ശത്രുതക്കും കാരണമാകുന്നു എന്നത് സമൂഹത്തിനു പോലും അപകടകരമായ മാനസ്സികരോഗമാണ്. അത് വളര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍, സഹപാഠികള്‍, അടുത്ത ബന്ധുക്കള്‍, തുടങ്ങി സഹോദരന്മാരും, മാതാ പിതാക്കളും വരെ തന്നോട് ബഹുമാന ചേഷ്ടകള്‍ പ്രകടിപ്പിക്കണമെന്ന് മാനസ്സികമായി ശഠിക്കുകയും മറിച്ചായാല്‍ ശത്രുത എന്നാ വികാരം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍  നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. 

       എന്താണ് ഒരാള്‍ക്ക്‌ നേടുവാനോ മറ്റൊരാള്‍ക്ക് നല്‍കുവാനോ കഴിയുന്ന ബഹുമാനം എന്ന സംഗതി?? പലര്‍ക്കും അത് ബാഹ്യമായി കാണിക്കുന്ന ചേഷ്ടകളും പ്രകടനങ്ങളുമാണ്. അത് ഏറ്റു വാങ്ങിക്കഴിഞ്ഞാല്‍ അവര്‍ സന്തോഷവാന്മാരാണ്. ഒരു വ്യക്ത്തിയെ കാണുമ്പോള്‍ മുണ്ട് അഴിചിടുന്നതും, എഴുനേറ്റു നില്‍ക്കുന്നതും, അയാളെ അല്‍പ്പം പുകഴ്ത്തി സംസാരിക്കുന്നതും, അയാള്‍ എന്ത് വിവര ദോഷം പറഞ്ഞാലും ഏറ്റു പറയുന്നതും, അയാള്‍ ഒരു തമാശയായി പറയുന്നതിനെ എത്ര ആസ്വാദന ശൂന്യമാണെങ്കിലും ചിരിച്ചു കാണിക്കുന്നതിലും, തങ്ങള്‍ പുകവലിക്കുന്നതോ, മദ്യപിക്കുന്നതോ അയാളുടെ സാനിധ്യത്തില്‍ സംസാരിക്കാത്തതോ, അയാളുടെ സാനിധ്യത്തില്‍ ഒരു തമാശ പറയാന്‍ തയ്യാറാകാത്തതോ, തന്റെ അഭിപ്രായമോ ആശയമോ അയാളുടെ സാനിധ്യത്തില്‍ പ്രകിടിപ്പിക്കാന്‍ മുതിരാത്തതോ; ഇത്തരമോ സമാനമായതോ ആയ ഒരു കൂട്ടം ചേഷ്ടകള്‍ മാത്രമാണ് ഇന്നു ബഹുമാനം എന്ന വാക്ക് അര്‍ഥമാക്കുന്നത്. മറിച്ച് ഒരു വ്യക്ത്തിയുടെ അറിവ്, വിദ്യാഭ്യാസ യോഗ്യത, ത്യാഗമനോഭാവം, പദവി, ഏതെങ്കിലും മേഘലയിലുള്ള കഴിവ്, പുരസ്ക്കാരങ്ങള്‍, അന്ഗീകാരങ്ങള്‍, ഇടപെടലുകളിലെ സുതാര്യത, മാന്യത, സത്യസന്തത ഇവയിലെതെങ്കിലുമോ, സമാനമായതോ ആയ സ്വോഭാവ സവിശേഷതയില്‍ സമ്മതി തോന്നി മറ്റൊരാളുടെ മനസ്സില്‍ സ്വോഭാവികമായി ഉയര്‍ന്നു പ്രവര്‍ത്തിയില്‍ പ്രതിഭാലിക്കുന്നതാകുന്നില്ല പലപ്പോഴും. അപ്രകാരം സ്വോഭാവികമായി മറ്റൊരുവന്റെ മനസ്സില്‍ ഉയര്‍ന്നു തനിക്കു ലഭിക്കേണ്ടതാണിതെന്നുള്ള തിരിച്ചറിവ് ബഹുമാനം തെണ്ടികള്‍ക്ക് ഉണ്ടാകുന്നുമില്ല. 

       നമുക്കുചുറ്റും, നമുക്കിടയിലും ഇത്തരം ബഹുമാനം യാചിച്ചു നേടുന്നവര്‍ വളരെ അധികമുണ്ട്. യാചകര്‍ക്ക് കൊടുക്കുന്ന നാണയത്തിന് അനുകമ്പയുടെ സ്പര്ശ്ശമുണ്ടായിരിക്കും. എന്നാല്‍ ബഹുമാനം ഇരന്നു വാങ്ങുന്നവരോട് അതിന്റെ നേരെ എതിര്‍ വികാരമായ പുശ്ചമായിരിക്കും നല്കുന്നവന്റെ മനസ്സില്‍ ഉയരുന്നത്. അത് നല്‍കേണ്ടി വരുന്നവന് തന്റെ നിലനില്പ്പിന്റെയോ, നേട്ടത്തിന്റെയോ, സാഹചര്യത്തിന്റെയോ ഒക്കെ കാരണങ്ങളിലായിരിക്കാം ആ ബഹുമാനചേഷ്ട പ്രകടിപ്പിക്കേണ്ടി വരുന്നത്. കവല ചട്ടബിയോടും ബഹുമാനം കാണിക്കേണ്ടി വരും, ചില അവസ്സരത്തില്‍!!!   അടിവരയിട്ടു മ്ലെശ്ചമെന്നു വിളിക്കാവുന്ന ആ ബഹുമാനം തെണ്ടല്‍ മാനസ്സിക രോഗത്തില്‍ നിന്ന് സ്വയം ചികിത്സ്സ അനിവാര്യം തന്നെയാണ്.



[RajeshPuliyanethu,
Advocate, Haripad]

     
  
   

Sunday, 15 January 2012

മകരവിളക്കും, ദേവസ്വം ബോര്‍ഡും!!

     
       അയ്യപ്പദര്‍ശനത്തിന്റെ പുണ്യം മുഴുവന്‍ മകരജ്യോതിയില്‍ ആവാഹിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന്‌ ഭക്തരുണ്ട്. എന്താണ് മകര ജ്യോതിയും മകര വിളക്കും എന്ന് ഇന്ന് എല്ലാവര്ക്കും തിരിച്ചറിയാം. മകര സംക്രമ നാളില്‍ വാനില്‍ ഉദിച്ചു കാണുന്ന ഒരു ശ്രേഷ്ഠ നക്ഷത്രമാണ് മകരജ്യോതി. അതിന്റെ  വിശ്വാസപരമായ മഹത്വത്തെ മുന്‍നിര്‍ത്തി ഭക്തിയോടെ വണങ്ങുന്നു, മകര സംക്രമ നാളില്‍ പ്രത്യേകമായി പൊന്നമ്പലമേട്ടില്‍  നടത്തുന്ന ദീപം തെളിയിച്ചുള്ള ആരതി ഉഴിച്ചിലാണ് മകരവിളക്ക്. ചില പ്രത്യേക ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, നാളുകള്‍ക്കു അനുസൃതമായി കര്‍മങ്ങള്‍, വഴിപാടുകള്‍ ഇവയെല്ലാം ഹിന്ദു മതത്തിന്റെ ആചാര ക്രമംങ്ങളുടെ ഭാഗമാണ്. അത്തരം ആചാരക്രമത്തിന്റെ ഭാഗമായുള്ള ഒരു ആരതി ഉഴിച്ചിലിനെ ഭക്ത്തിയോടെ വണങ്ങുന്നതില്‍ ഒരു ഭക്ത്തന്റെ കാഴ്ചപ്പാടില്‍ തെറ്റൊന്നുമില്ല. ഒരു ക്ഷേത്രത്തിലെ ദീപാരാധന തൊഴുന്ന പ്രാധാന്യമാണ് അതിനുള്ളത്. ശബരിമലയിലെ വിശ്വാസത്തിലധിഷ്ടിതമായ ഒരു ആചാരം എന്ന് മാത്രം അതിനെ കണ്ടാല്‍ മതി. അത് ഇന്നും തുടര്‍ന്ന് വരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് മുടക്കം ഉണ്ടാകരുതെന്നാണെല്ലോ ഭക്ത്ത മനസ്സുകള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവയെല്ലാം നടന്നു വരുന്ന രീതിയില്‍ തന്നെ തുടരുമെന്ന് നമുക്ക് വിശ്വസിക്കാം.

       ഒരു ക്ഷേത്രാചാരത്തിനുമപ്പുറം മകര വിളക്ക് ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ കാരണമെന്താണ്. തനിക്കു അറിയാത്തതിനെ എല്ലാം ഇല്ല എന്ന് തന്നെത്തന്നെ പറഞ്ഞു പഠിപ്പിച് തങ്ങള്‍ ഇപ്പോഴേ ഇരുപത്തി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഊറ്റം കൊണ്ട്, പഠിക്കാനും വിശ്വസിക്കാനും തയ്യാരുള്ളവനെ പുശ്ചത്തോടെ നോക്കികണ്ടു തങ്ങളുടെ ചിന്തകളെ 'യുക്ത്തിവാദ' മെന്നു സ്വയം പേരിട്ടു വിളിച്ച് നടക്കുന്ന സുന്ദര വിഡ്ഢികള്‍ക്ക് ചര്ച്ചചെയ്യനുള്ള അവസ്സരം മകരവിളക്ക് വിഷയത്തില്‍ ഉണ്ടാക്കിയതിനുള്ള കുറ്റകരമായ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. മകരവിളക്കിനു ഒരു അത്ഭുത പരിവേഷം നല്‍കി കാത്തു സൂക്ഷിക്കുന്നതിന് ദേവസ്വം ബോര്‍ഡ് കാണിച്ച പരിശ്രമമാണ് അത്. ഒരു തരത്തില്‍ ശബരി മലയിലേക്കു ആളെക്കൂട്ടുന്നതിനു മകരവിളക്കിന്റെ അത്ഭുത പരിവേഷം സഹായകമായിട്ടുണ്ടായെക്കാം! പക്ഷെ ഇത്തരം പ്രത്യക്ഷ അത്ഭുതങ്ങള്‍ക്ക് അനുസൃതമല്ല ദൈവവിശ്വാസമെന്നും, ഇത്തരം ജിമ്മിക്കുകള്‍ നിലനില്‍പ്പിനു വേണ്ടി ആള്‍ദൈവങ്ങള്‍ക്ക് മാത്രം ആവശ്യമുള്ളതാണെന്നുമുള്ള സാമാന്യം തിരിച്ചറിവ് പോലും നാളിതുവരെ ദേവസ്വം അധികാരികള്‍ക്ക് ഉണ്ടായില്ലല്ലോ എന്നത് ആശ്ച്ചര്യകരം എന്നതിനപ്പുറം പരിഹാസ്യമാണ്. ഒരു അത്ഭുതത്തിന്റെ മറയില്‍ ഒളിച്ചു നിന്ന് മാത്രമേ ഹിന്ദുവിന് നിലനില്‍പ്പുള്ളു എന്നതരത്തില്‍ പരോക്ഷമായ ഒരു ആക്ഷേപവും അതിനുണ്ട്. മകര വിളക്കിന്റെ രഹസ്യം മറ നീക്കി പുറത്തു വന്നതോടെ ഇത്രനാളും ഇതില്‍ എന്ത് രഹസ്യമുണ്ടായിരുന്നു, അത്ഭുതമെന്നു ആര് പറഞ്ഞിരുന്നു എന്നരീതിയില്‍ പൊട്ടന്‍ കളിക്കുന്നതിനും ദേവസ്വം അധികാരികള്‍ക്ക് മടിയുണ്ടായില്ല എന്നതാണ് നീന്യമായ വസ്തുത. ഹിന്ദുവിന്റെ മറ്റു വിശ്വാസങ്ങള്‍ക്കും ഐതീഹ്യങ്ങള്‍ക്കും, എല്ലാം മകരവിളക്കിന്റെ പിന്നിലെ അല്ഭുതത്തോളമേ നിലനില്‍പ്പുള്ളൂ എന്ന് മറ്റു മതങ്ങളെ നിന്നിക്കുന്നതില്‍ താല്പര്യം കാണുന്ന ഇതര മതസ്ഥര്‍ പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വവും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കേണ്ടി വരും.

       ശബരി മലയെ അറിയുന്ന സഹസ്രലക്ഷങ്ങളില്‍ പലരും മകര വിളക്ക് ഒരു അത്ഭുതമല്ല എന്നാ തിരിച്ചറിവോടെ തന്നെ ആയിരുന്നു അതിനെ വണങ്ങിയിരുന്നത്. പക്ഷെ ഭക്തിയും യുക്തിയും ചേര്‍ത്തു വായിക്കാന്‍ ആഗ്രഹിക്കാത്ത ഒരു വലിയ വിഭാഗം ആള്‍ക്കാര്‍ ഇവിടെയുണ്ട്. അവര്‍ക്ക് മകരവിളക്കിനു പിന്നിലെ കാപട്യത്തിന്റെ തിരിച്ചറിവ് ഒരു വേദനയാണ്. അത് അവരുടെ മുഴുവന്‍ ഭക്തിവിശ്വാസങ്ങളെയും  മാറ്റി മറിക്കും. അത് പുരോഗമന പരമെന്നു ചിലര്‍ വിവക്ഷിച്ച്ച്ചേക്കാം എങ്കിലും പരോക്ഷമായ ദോഷഫലങ്ങളുമുണ്ട്. നിസ്സാരമായി ആലോചിച്ചാല്‍ തന്നെ, തങ്ങള്‍ വഞ്ചിതരായി എന്നത് നല്ല വികാരത്തിനെ ഉയര്‍ത്തില്ലല്ലോ.

       ഹിന്ദുവിനെ നശിപ്പിക്കുക എന്നാ താല്‍പ്പര്യമുള്ളവര്‍ രാജ്യത്തിന്റെ അകത്തും പുറത്തും ഇല്ല എന്ന് വിശ്വസ്സിക്കത്തക്ക നിഷ്കളങ്ക വിഡ്ഢികളായി ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല. രാജ്യത്തിന്‌ പുറത്തുനിന്നും പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത; ഇവിടുത്തെ ചില പ്രമുഘാ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ട് വരുമാനം തീരെ ഇല്ലാത്തതും, എണ്ണത്തില്‍ അധിക മുള്ളതുമായ ഇതര ക്ഷേത്രങ്ങളുടെ കൂടി ചെലവു നിവര്‍ത്തിച്ചാണ് ദേവസ്വം ബോര്‍ഡും, ക്ഷേത്ര സംവിധാനങ്ങളും നിലനിന്ന് പോരുന്നത്. അതിലെ പ്രധാന വരുമാന സ്രോതസ്സ് എന്നത് ശബരിമല തന്നെയാണ്. ശബരി മലയുടെ വിശ്വാസങ്ങളില്‍ ഏല്‍ക്കുന്ന കളംഗം കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും ബാധിക്കും.കേരളത്തിലെ  ക്ഷേത്ര സംവിധാനങ്ങള്‍ക്ക് ക്ഷീണം ഉണ്ടാക്കണമെന്ന് താല്‍പ്പര്യപ്പെടുന്ന വിഭാഗത്തിനു മകര വിളക്കിന്റെ കപടത  ഉണ്ടാക്കിയ ആശയക്കുഴപ്പം മുതലെടുക്കാന്‍ സാധിക്കും. പൊന്നമ്പല മേട്ടില്‍ തെളിയുന്ന ദീപത്തിനു അത്ഭുത പരിവേഷമില്ലെന്നു കഴിഞ്ഞ അനേക വര്‍ഷങ്ങളില്‍ക്കൂടി സാവധാനമായ അവബോധം ഭക്തരിലേക്ക് എത്തിക്കുക എന്നാ ബുദ്ധിപൂര്‍വമായ   പ്രവര്‍ത്തി ദേവസ്വം ചെയ്യേണ്ടതായിരുന്നു. മറിച്ച്‌ ഇതിങ്ങനെ പോകുന്നിടത്തോളം അങ്ങ് പോകട്ടെ എന്നാ നിലനിക്കാത്ത ആശയമാണ് ദേവസ്വം അനുവര്‍ത്തിച്ചു വന്നത്.

       പല കാരണങ്ങള്‍ ക്കൊണ്ട് ശബരി മലയില്‍ ഭക്തജനത്തിരക്ക് കുറവുണ്ടായിരുന്ന ഒരു മണ്ഡലകാലമാണ് കടന്ന്നു പോയത്. അതിനു കഴിഞ്ഞ വര്‍ഷത്തെ പുല്ലുമെട് ദുരന്തവും, മുല്ലപ്പെരിയാര്‍ പ്രശ്നവും, മകരവിളക്കിന് പിന്നിലെ തര്‍ക്കങ്ങളും ഒക്കെ കാരണമായിട്ടുന്ടെന്നു നമുക്ക് തിരിച്ചറിയാം. ഒരു യഥാര്‍ഥ ഭക്തന് മുന്നില്‍ ഈവക വിഷയങ്ങളൊന്നും കാരണങ്ങളാകുമെന്നു തോന്നുന്നില്ല. "അടിമത്വം, വിധേയത്വം, ആരാധന, ക്ഷമ, വിശ്വാസം, എന്നീ വികാരങ്ങള്‍  "സ്നേഹം" എന്ന വികാരത്തില്‍ കൂടിക്കലര്‍ന്ന് "ഭക്തി" എന്ന വികാരം ഉണ്ടാകുന്നു. ഭക്തന്റെത് അന്ധമായ വിശ്വാസമാണ്. ഭക്തന് വേര്‍തിരിവുകളില്ല. ഈശ്വര വിശ്വാസം എന്നതില്‍ അന്ധമായ വിശ്വാസം മാത്രമേ സാധ്യമാകു എന്നതാണ് എന്റെ പക്ഷം, കാരണം ആര്‍ക്കും വ്യക്തമായി കണ്ടു തിരിച്ചറിഞ്ഞു അതിനു സാധിക്കുന്നില്ല എന്നത് തന്നെ.  പക്ഷെ എല്ലാ ബാഹ്യ സ്വാധീനങ്ങളും വ്യതിയാനങ്ങള്‍ സംഭാവിപ്പിക്കുന്നത് വിശ്വാസ്സിയിലാണ്. വിശ്വാസി തെരഞ്ഞെടുത്തു ബോധ്യപ്പെട്ടു വിശ്വസ്സിക്കുകയാണ് ചെയ്യുന്നത്. വിശ്വാസ്സിയില്‍ അല്പവിശ്വാസ്സി, ശുഷ്ക്ക വിശ്വാസി, കപട വിശ്വാസ്സി അങ്ങനെ പല തരമുണ്ട്. അയ്യപ്പന്‍റെ 'ഭക്തര്‍' അവശേഷിക്കും ദ്രിഡാമായിത്തന്നെ, അവര്‍ അമ്പലമേട്ടില്‍ തെളിഞ്ഞത് സേര്‍ച്ച്‌ ലൈറ്റ് ആണോ, മകര ജ്യോതി വാനിലുയരുന്നത് സൌരയൂഥത്തിലെ പ്രവര്‍ത്തനമാണോ അയ്യപ്പന്‍റെ ശക്തിയാണോ,, മകരവിളക്ക്‌ എണ്ണ ഒഴിച്ചാണോ കത്തിക്കുന്നത് അതോ ചൂട്ടു കറ്റയാണോ എന്നൊന്നും ശ്രദ്ധിക്കാറില്ല!! മറിച്ച് മനസ്സില്‍ അയ്യപ്പനെന്ന ശക്തിയോടുള്ള ഭക്തിയെ ഉണ്ടാകു. അത്  അചഞ്ഞചലവുമായിരിക്കും. അങ്ങനെ ഉള്ളവരാണ് അവശേഷിക്കെണ്ടതും. 


സ്വാമിയെ ശരണമയ്യപ്പാ......




[Rajesh Puliyanethu
 Advocate, Haripad]

Friday, 23 December 2011

ഒരു ബസ്‌ യാത്രയും, ജീവനും, കണ്ണാടിയും!!

       തമ്പി അളിയന് കഴിഞ്ഞ ദിവസ്സം എറണാകുളം വരെ ഒന്ന് പോകേണ്ടി വന്നു. തിരിച്ചു തിരുവനന്തപുരത്തിന് പോകാന്‍ ബസ്‌ കിട്ടിയപ്പോഴേക്കും സമയം അല്‍പ്പം വൈകി. ഏകദേശം 9 മണിയോടുകൂടി വയറ്റിലയില്‍നിന്നും ബസ്സില്‍ കയറിയ തമ്പി അളിയന് ബസ്‌ അരൂര് എത്തിയപ്പോഴേക്കും ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റ്‌ തരമായി.

        ബസ്സില്‍ മോശമില്ലാത്ത തെരക്കാണ്. സൂപ്പര്‍ ഫാസ്റ്റ് എന്നാ പേരുണ്ടെങ്കിലും അത്ര ഫാസ്റ്റ് ഒന്നുമല്ലാതെ ബസ്‌ നീങ്ങി ക്കൊണ്ടിരിക്കുന്ന്നു. വാതിലിനു നേരെ പുറകിലുള്ള  സീറ്റ്‌ ആയിരുന്നതിനാല്‍ തമ്പി അളിയന് കാര്യമായി ഒന്ന് ഉറങ്ങുന്നതിനും കഴിഞ്ഞില്ല. വല്ലാത്ത തണുത്ത കാറ്റും അടിക്കുന്നുണ്ട്. തിരുവനന്തപുരത്തു വണ്ടി എത്തുന്ന സമയവും അവിടെനിന്നും വീട്ടിലേക്കു പോകുന്നതും എല്ലാം  തമ്പി അളിയന്റെ ഉറക്കം കേടുത്തുന്നവയാണ്. അല്‍പ്പം മയങ്ങിയും, ഉണര്‍ന്നും തമ്പിയളിയന്‍ വണ്ടി ഏതാണ്ട് ആലപ്പുഴക്ക് അടുത്തുവരെ എത്തിച്ചു. ഒരു മഹാമനസ്ക്കന്റെ മുഖച്ഛായ ഉണ്ടായിരുന്ന കണ്ടെക്ടര്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തോക്കെ ബസ്‌ നിര്‍ത്തി നല്‍കുന്നുമുണ്ട്. അതില്‍ മുറുമുറുപ്പോടെ ഡ്രൈവറും ചില യാത്രക്കാരും.   

       സമാനമായ ആവശ്യവുമായി ബസ്സിന്റെ ഏതാണ്ട് മധ്യഭാഗത്തുനിന്നും ഒരു ശബ്ദം കേട്ടു.

 'ആളിറങ്ങണം'. 

അതിനിവിടേതാ സ്റ്റോപ്പ്‌?? ഒരു യാത്രക്കാരന്റെ പരിഭവം നിറഞ്ഞ ശബ്ദം!

ഓ, രാത്രി അല്ലിയോ?? കണ്ടെക്ടര്‍ വിശദീകരണം പറഞ്ഞതും ബെല്‍ അടിച്ചതും ഒരുമിച്ചു കഴിഞ്ഞു. 

ബസ്‌ നിര്‍ത്തി ഡ്രൈവര്‍ പുറകോട്ടു നോക്കിയിരുന്നു പിറുപിറുക്കാന്‍ തുടങ്ങി. ഒന്നിറങ്ങി വാടോ, മനുഷേന് ഒരറ്റം 
പറ്റാനുള്ളതാ....

ഒരു ബാഗും കയ്യില്‍ തൂക്കി സാവധാനം; തന്റെ യാത്ര ഇവിടെ വരെ അല്ലെ ഉള്ളു എന്നാ സമാധാനത്തില്‍ ഒരാള്‍ അടിവെച്ചു ഫുഡ്‌ ബോര്‍ഡ്‌ ഇറങ്ങി. 

'ഓരോരുത്തനോക്കെ വന്നോളും' എന്ന് ശപിച്ചുകൊണ്ട് ഫുഡ്‌ ബോര്‍ഡില്‍ നിന്നിരുന്ന ചങ്ങാതി ഡോര്‍ വലിച്ചടച്ചു.. 

ബസ്‌ മുന്നോട്ടു നീങ്ങി അല്‍പ്പം വേഗത എടുത്തു തുടങ്ങി........
 ഒരു ചെറുപ്പക്കാരന്‍ യാത്രക്കാരെ വകഞ്ഞു മാറ്റികൊണ്ട് മുന്‍പോട്ടു വന്നു. അടുത്തെവിടെയോ ഇറങ്ങാനുള്ള അടുത്ത കുരിശാണിതെന്നുള്ള ധാരണയില്‍ ആള്‍ക്കാര്‍ അയാളെ ശ്രദ്ദിച്ചു കൊണ്ടിരുന്നു. അയാള്‍ ഫൂട്ട് ബോര്‍ഡിലെക്കിറങ്ങി താന്‍ ചവച്ചുകൊണ്ടിരുന്ന ഖൈനി പുറത്തേക്ക് തുപ്പാന്‍ വന്നതാണ്. 

അടുത്ത നിമിഷമാണതു സംഭവിച്ചത്. 
ഡോറിലേക്ക് ശരീരമമര്‍ത്തി പുറത്തേക്ക് തുപ്പാന്‍ ശ്രമിക്കുകയും ഡോര്‍ തുറന്നു പോവുകയും ഒരുമിച്ചു കഴിഞ്ഞു. ഫൂട്ട് ബോര്‍ഡില്‍ നേരത്തെ നില ഉറപ്പിച്ചിരുന്നയാല്‍ ചെറുപ്പക്കാരനെ കടന്നു പിടിച്ചു. പിടിച്ചയാള്‍ സഹിതം പുറത്തേക്ക് മറിയാന്‍ പോകുന്നത് കണ്ടു ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റില്‍ ഇരുന്ന തമ്പി അളിയന്‍ കിട്ടിയ ഏതൊക്കെയോ കയ്യിലൊക്കെ പിടിച്ചു വലിച്ചു ഇരുവരെയും ബസ്സിനുള്ളിലാക്കി. എല്ലാം രണ്ടോ മൂന്നോ സെക്കാണ്ടുകള്‍ക്കുള്ളില്‍ കഴിയുകയും ചെയ്തു.

മൂന്നു സെക്കാണ്ടുകളുടെ നിശബ്ദമായ ഇടവേളക്കു ശേഷം പുറകില്‍ നിന്നും ഒരു ശബ്ദം കേട്ടു!!

'രണ്ടിന്റെയും പണി ഇപ്പോള്‍ കഴിഞ്ഞെനേം'..

തമ്പി അളിയന്‍ അപ്പോളാണ് മനസ്സിലാക്കിയത്, രക്ഷിക്കാനുള്ള പ്രയത്നത്തില്‍ തന്റെ കണ്ണാടി ഒടിഞ്ഞിരിക്കുന്നു.  

തമ്പി അളിയന്‍ സമാധാനപൂര്‍വ്വം ഒടിഞ്ഞ കണ്ണാടി നീട്ടികൊണ്ട് ആ ചെറുപ്പക്കാരനോട് പറഞ്ഞു. സുഹൃത്തെ നിങ്ങള്‍ കാരണമാണ് എനിക്കീ നഷ്ടമുണ്ടായത്. നിങ്ങള്‍ ഇതിനു പരിഹാരമുണ്ടാക്കിത്തരണം. 

ഞാനോ? എന്തിനു? ആ ഡോര്‍ നേരെ ചൊവ്വേ അടക്കാഞ്ഞവനോട് ചോദിക്ക്....

ഡോറില്‍ നിന്നിരുന്നവന്‍ അതിനു മറുപടിപറഞ്ഞു. തന്നോടാരാ ഡോറെ വന്നു മറിയാന്‍ ആവശ്യപ്പെട്ടത്? എനിക്ക് ഇവിടെ ഡോര്‍ അടക്കലോന്നുമല്ല പണി. താന്‍ അയാള്‍ക്ക്‌ കണ്ണാടി മേടിച്ചു കൊടുക്കെടോ....

ബഹളം കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറകോട്ടു തിരിഞ്ഞിരുന്നു, എന്നിട്ടെല്ലാ മറിഞ്ഞപോലെ പറഞ്ഞു. വണ്ടി പറപ്പിക്കാത്തതിനായിരുന്നല്ലോ എല്ലാര്‍ക്കും കൊഴപ്പം, ഞാന്‍ മര്യാദക്ക് ഓടിച്ചത് കൊണ്ട് എല്ലാം ചാവാതെ കെടക്കുന്നു. അല്ലെ പോയവനേം പിടിച്ചവനേം എല്ലാം കാണാമാരുന്നു. 

ഇതിനെല്ലാം ആ കണ്ടക്ടറെ പറഞ്ഞാ മതിയെല്ലോ, മുക്കിനു മുക്കിനു നിര്‍ത്താന്‍ പോയിട്ടല്ലിയോ ഇതെല്ലാ മുണ്ടായത്. ആള്‍ക്കൂട്ടത്തിലാരോ കണ്ടക്ടറോടുള്ള ദേഷ്യം തദ് അവസരത്തില്‍ തീര്‍ത്തു.

 നിങ്ങള്‍ വാതില്‍ അടക്കാഞ്ഞവരും, പുറത്തേക്ക് ചാടിയവരും തമ്മില്‍ തര്‍ക്കിച്ചിട്ടോന്നും കാര്യമില്ല, ഞാന്‍ നഷ്ടപ്പെടുന്നതെന്തിനാ, നിങ്ങളിലാരെങ്കിലും പരിഹാരമുണ്ടാക്കിത്തരണം, തമ്പി അളിയന്‍ ശക്തമായിത്തന്നെ  പറഞ്ഞു.


ഒരു കണ്ണാടിയല്ലേ, അതങ്ങുപോകട്ടെന്നെ, നഷ്ട്ടപ്പെടാത്തവന്റെ കമന്റ്‌ ബസ്സില്‍ നിന്നുമുയര്‍ന്നു....

ഞാന്‍ എന്തിനാണെന്നെ സഹിക്കുന്നത്, നിങ്ങള്‍ എന്തെങ്കിലും പറ, തമ്പി അളിയന്‍ പറയുന്നത് പോലും ശ്രദ്ദിക്കാതെ ആ ചെറുപ്പക്കാരന്‍ തന്റെ മൊബൈലില്‍ വന്ന കാള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു. തമ്പി അളിയന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെയും അവഗണിച്ചു അയാള്‍ മിനിട്ടുകള്‍ മൊബൈല്‍ സംഭാഷണം തുടര്‍ന്നു. ഫോണ്‍ കട്ട്‌ ചെയ്തു തമ്പി അളിയനോട് തിരിഞ്ഞു കൊണ്ട്....

താന്‍ മേടിചോണ്ടേ പോകത്തോള്ളോ??
 താന്‍ കാരണം കേവലം മിനിട്ടുകള്‍ക്ക് മുന്‍പ് ജീവന്‍ അപായത്തില്‍ നിന്ന്നു അല്ലെങ്കില്‍ മാരകമായ മുറിവുകളില്‍ നിന്ന് രക്ഷപ്പെട്ട ഒരുവനില്‍ നിന്ന്നുള്ള ആ ചോദ്യം തമ്പി അളിയനെ ശരിക്കും സ്ഥബ്ദനാക്കി.

ഒരുത്തന്‍ ചാവാന്‍ പോയപ്പം ഒന്ന് സഹായിച്ചതിനാ, കണ്ണാടി ഒണ്ടാക്കി കൊടുക്കണമെന്ന്, ആ ശബ്ദം മറ്റൊരു നഷ്ടപ്പെടാത്തവന്റെയാണ്.
തനിക്കു പരാതി വല്ലതു മുണ്ടെങ്കില്‍ വണ്ടി ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിടാം, ഇതിനകത്ത് തര്‍ക്കമൊന്നും പറ്റത്തില്ല, ഉത്തരവാദിത്ത ബോധം ഉയര്‍ന്ന കണ്ടെക്ടര്‍ ആയിരുന്നു അത്.

ദേ വണ്ടി ആലപ്പുഴ എത്താറായി, താന്‍ മേടിക്കാനുള്ളതെല്ലാം അതിനു മുന്‍പ് മേടിച്ചോണം; എനിക്കിവിടെ ഇറങ്ങണ്ട്താ. പരിഹാസ പൂര്‍വമായ ചെറുപ്പക്കാരന്റെ വര്‍ത്തമാനം കേട്ട് തമ്പി അളിയന്‍ ഒന്നും മിണ്ടാതെ തന്റെ സീറ്റില്‍ ഇരുന്നു.

തന്റെ സീറ്റില്‍ കൂടെ ഉണ്ടായിരുന്ന എല്ലാറ്റിനും സാക്ഷിയായ വൃദ്ധനായ മനുഷ്യന്‍ ആശ്വാസ രൂപേണ തമ്പി അളിയനോട് പറഞ്ഞു; മോനെ പോയത് പോയി പക്ഷെ നീകാരണം രണ്ടു ജീവന്‍ രക്ഷപ്പെട്ടു. നിന്റെ ചെറിയ ഒരു പ്രവര്‍ത്തിക്കും ഒരു കണ്ണാടിക്കും തുല്യമാണ് അവര്‍ രണ്ടു പേരുടെ ജീവന്‍. അതില്‍ നിന്റെ പ്രവര്‍ത്തിയുടെ വില തരാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല, നീ ചോദിച്ച നിസ്സാരമായ ഒരു കണ്ണാടിയുടെ വില തരാന്‍ അവര്‍ തയ്യാറുമല്ല. അതിനര്‍ഥം അവര്‍ക്ക് സ്വന്തം ജീവന്റെ വിലപോലും അറിയാന്‍ വയ്യാത്തവരാണെന്നാണ്.

ഒരു വലിയ ആശ്വാസമായിരുന്നു ആ വാക്കുകള്‍ തമ്പിഅളിയന് നല്‍കിയത്. അപമാനത്തില്‍ നിന്നോ, പരാജയത്തില്‍ നിന്നോ ഒക്കെ ഉണ്ടായ ഒരു ആശ്വാസം പോലെ.

താന്‍ ചെയ്തത് ചെറിയ പ്രവര്‍ത്തി ആയിരുന്നു. രണ്ടു ജീവന്‍ എന്നാ വലിയ വില അതിനു ലഭിച്ചു എന്നു മാത്രം. ഒരു പരിചയവുമില്ലാത്ത ആ ചെറുപ്പക്കാരന് എന്നോട് കയര്‍ക്കാനും എന്നെ പരിഹസിക്കാനും ഉള്ള ശക്ത്തി ലഭിച്ചതിനു പിന്നില്‍ എന്റെ പ്രവര്‍ത്തി ഉണ്ട്. അതിനിടയില്‍പ്പെട്ട എന്റെ കണ്ണാടിയുടെ വില ഞാന്‍ ചോദിച്ചതുതന്നെ തെറ്റായിപ്പോയി. എനിക്കത് ചെയ്യാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ വീണു കിടക്കുന്ന അവരെ നോക്കി ഞാന്‍ ദൈവത്തെ പഴിച്ചേനെ. ഒരു വലിയ പ്രവര്‍ത്തി ചെറിയ രൂപത്തില്‍ ചെയ്യാനും, അതിനു ഫലവും തന്ന ദൈവത്തോട് നന്ദി പറയുകയാണ്‌ വേണ്ടത്..
തന്റെ പ്രവര്‍ത്തിയുടെ മഹത്വം ഓര്‍ത്ത്‌ അതില്‍ ആത്മാഭിമാനത്തോടെ തമ്പി അളിയന്‍ ആ ചെറുപ്പക്കാരനെ നോക്കി. ബസ്‌ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കയറാന്‍ തുടങ്ങുന്നു. ആ ചെറുപ്പക്കാരന്‍ ബസ്സിന്റെ ഫൂട്ട് ബോര്‍ഡി ലേക്ക് നടന്നിറങ്ങുന്നു. അയാളുടെ ജീവന്‍ വഴുതിപ്പോകാന്‍ തുടങ്ങിയ അതെ ഫൂട്ട് ബോര്‍ഡു.

അത്യാഹിതം സംഭവിച്ചു കഴിയുമ്പോള്‍ മാത്രം തീവ്രമായി കാണുകയും അതിനെ ഒഴിവാക്കാന്‍ സഹായിച്ചവരെ ത്രിണമായി കാണുകയും ചെയ്യുന്നവരെ ഓര്‍ത്ത്‌ തമ്പി അളിയന്‍ തന്റെ സീറ്റില്‍ ചാരി ഇരുന്ന്  മയങ്ങാന്‍ തുടങ്ങി.   



[RajeshPuliyanethu
 Advocate, Haripad]


Friday, 16 December 2011

എന്തു കൊണ്ട് ക്വോട്ടേഷന്‍ ടീമുകള്‍??

        ക്വോട്ടേഷന്‍ ടീമുകള്‍ അരങ്ങു തകര്‍ക്കുന്ന ഒരു ലോകത്തിലാണ് നമ്മുടെ ജീവിതം. എന്ത് കൊണ്ട്  ക്വോട്ടേഷന്‍ ടീമുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഒരു വളക്കൂറു സംജാതമാകുന്നു എന്ന് ഏതൊരു സ്വോതന്ത്രനായ പൗരനും ചിന്തിക്കേണ്ടതാണ്. ഒരു വ്യക്ത്തിയോടും വ്യക്തിപരമായ വിരോധമില്ലാതെ, മറ്റാരെങ്കിലും നല്‍കുന്ന പണത്തിനു വേണ്ടി പല വിധത്തിലുള്ള ക്രൂരകൃത്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ്  ക്വോട്ടേഷന്‍ ടീമുകളുടെ ജോലി. ഒരു വിരോധവുമില്ലാത്ത ഒരു വ്യക്ത്തിയോട് ക്രൂരമായ ഒരൂ പ്രവര്‍ത്തിചെയ്യുന്നതിന് പിന്നില്‍ ഏതെല്ലാം വിധത്തിലുള്ള വികാരങ്ങളായിരിക്കാം നിയന്ത്രിക്കപ്പെടുന്നത്?? കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നതിനു പിന്നിലെ ആകര്‍ഷക ശക്ത്തികള്‍ എന്തെല്ലമായിരിക്കാം??

       വാടക ഗുണ്ടകള്‍, വാടക കൊലയാളികള്‍, അങ്ങനെ നാം പണ്ട് മുതലേ കേട്ടുപരിചിതമായ വാക്കുകളിലെ 'വാടക' എന്ന വാക്കിന്റെ പുതിയ പരിവേഷമാണ് 'ക്വോട്ടേഷന്‍'. അതിനൊപ്പം തന്നെ നാം കേട്ടിട്ടുണ്ട് വാടക ഗുണ്ടകളെ വളര്‍ത്തുന്നത് രാഷ്ട്രീയക്കാരും, മുതലാളിമാരും ചേര്‍ന്നാണെന്ന്. ആ സത്യങ്ങള്‍ ഇപ്പോളും നിലനില്‍ക്കുന്നു എങ്കിലും പ്രേരകങ്ങളായ മറ്റു ചില വസ്തുതകളും നിലനില്‍ക്കുന്നു. 

       തൊഴില്‍ രഹിതരായ ചില ആള്‍ക്കാര്‍ പണത്തിനായി കണ്ടെത്തിയ ഒരു മാര്‍ഗമായി ആയിരുന്നു 'ഗുണ്ട' വ്യവസായം ആരംഭിച്ചതും തളിര്‍ത്തതും. അതിനു മുതല്‍ മുടക്ക് തന്റേടവും, ശക്ത്തിയും, ബുദ്ധിയും എന്ന് വന്നത് ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു വീരപരിവേഷം നല്‍കി. സിനിമകളിലും, കഥകളിലും, നിന്നും ലഭിച്ച അധോലോക നായകന്‍മാരുടെ ഉര്‍ജ്ജം ഒരു വലിയ വിഭാഗത്തെ ഈ മേഘലയിലേക്ക് ആകര്‍ഷിച്ചു. 

       പണത്തിന്റെ അതിവിപുലമായ ഒഴുക്കാണ് ക്വോട്ടേഷന്‍ സംഘങ്ങളുടെ ബലവും, ഈ മേഘലയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്നും. അല്‍പ്പം ക്രിമിനല്‍ മനസ്സുള്ള ചെറുപ്പക്കാരനെ ക്വോട്ടേഷന്‍ സംഘങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനും, പിടിച്ചു നിര്‍ത്തുന്നതിനും പണത്തിനു കഴിഞ്ഞു. ആധുനികമൊബൈല്‍ ഫോണ്‍, വാഹനം, ഉയര്‍ന്ന വിലയുള്ള വസ്ത്രങ്ങള്‍, വിലകൂടിയ ലഹരി, തന്റെ ഗേള്‍ ഫ്രാണ്ടുമായി ചിലവഴിക്കാന്‍ കഴിയുന്ന ഉയര്‍ന്ന സാഹചര്യങ്ങള്‍, അപ്രകാരം ഭൌതികമായ സുഖ സൌകര്യങ്ങളെല്ലാം തന്നെ നിസ്സാരമായി ഒരു  ക്വോട്ടേഷന്‍ സംഘാംഗത്തിന് നേടാന്‍ കഴിഞ്ഞു. ആ സുഖലോലുപതകള്‍ അവനെ അവിടെ പിടിച്ചു നിര്‍ത്തുന്നതിനും കാരണമാകുന്നു. 

         രാഷ്ട്രീയക്കാരുടെയും, മുതലാളിമാരുടെയും, മുതലെടുപ്പും- പിന്തുണയും ഇന്നും ഈ മേഘലയെ സംപുഷ്ട്ടമാക്കുന്നു. രാഷ്ട്രീയത്തില്‍ ഗ്രൂപ്പുകളും, കച്ചവടത്തില്‍ മല്‍സ്സരങ്ങളും, പൊതുവായി ശത്രുത എന്ന വികാരവും വളര്‍ന്നതോടെ ക്വോട്ടേഷന്‍ ടീമുകള്‍ അനിവാര്യതയായി. ഒരിക്കല്‍  ക്വോട്ടേഷന്‍ ടീമുകളെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയക്കാരും, മുതലാളിമാരും തുടര്‍ന്നും അവരുടെ സേവനം ലഭ്യമാകുന്നതിനും, മുന്‍പ് ഉപയോഗപ്പെടുത്തിയിരുന്നു എന്നതിലെ രഹസ്യംപാലിക്കുന്നതിനും  ക്വോട്ടേഷന്‍ ടീമുകളെ ഒരു ബാധ്യത എന്നതുപോലെ സംരക്ഷിച്ചു. അത്  ക്വോട്ടേഷന്‍ ടീമുകളെ ശക്ത്തമാക്കുകയും, കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനു കാരണമാകുകയും ചെയ്തു. 

        ക്വോട്ടേഷന്‍ ടീമുകള്‍ എന്നത് ക്രിമിനല്‍ ഗ്രൂപ്പുകള്‍ തന്നെയാണെങ്കിലും,  മോഷണം, പിടിച്ചുപറി, തുടങ്ങിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെപ്പോലെ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാത്തതും , അവക്ഞ്ഞ യോടെ പരിഗണിക്കപ്പെടാത്തതും ക്വോട്ടേഷന്‍ ടീമുകള്‍ക്ക് വളമായി. ഒരു  ക്വോട്ടേഷന്‍ തൊഴിലാളി ഒരു വിഷയത്തില്‍ തീരുമാനം പറയുന്നത് ഭയപ്പാടോടെ എങ്കിലും ഒരു കൂട്ടം ആള്‍ക്കാര്‍ക്കിടയില്‍ അന്ഗീകരിക്കപ്പെട്ടതും,  ക്വോട്ടേഷന്‍ ടീമുകളുമായി പരിചയമുള്ളവനെപ്പോലും ഭയ-ബഹുമാന ചേതനകളോടെ സുഹൃത്തുക്കള്‍ പോലും കണ്ടതും അവര്‍ക്ക് ഒരു മാനസ്സിക പ്രചോതനമായി മാറി. നാലോ അഞ്ചോ പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിലെ ഒരാള്‍  ക്വോട്ടേഷന്‍ തൊഴിലാളി ആണെന്ന് വെയ്ക്കുക!! ആകുടുംബത്തിലെ മറ്റെല്ലാവരും അയാളുടെ പ്രവര്‍ത്തിയെ എതിര്‍ക്കുന്നവരും!  ക്വോട്ടേഷന്‍ തൊഴിലാളിയെ എതിര്‍ക്കുന്ന മറ്റു അംഗങ്ങളില്‍ ഒരാള്‍ക്ക്‌ പൊതു സമൂഹത്തിലെ ഏതെങ്കിലും ഒരു വ്യക്ത്തിയോട് ശണ്ട കൂടേണ്ടി വരുന്നു എന്നും വെയ്ക്കുക! അയാള്‍ തന്റെ വീട്ടില്‍ തന്നെ ഉള്ള  ക്വോട്ടേഷന്‍ തൊഴിലാളിയെപ്പറ്റി വീരതയോടെ പരാമര്‍ശിക്കുന്നത് കാണാം. ഇതിന്റെ ആവര്‍ത്തനം തന്നെ സുഹൃത്തുക്കളുമായി മേല്‍ വിഷയത്തെ ചേര്‍ത്തു വായിച്ചാലും കാണാം. 

       ഒരുവനുമേല്‍ ശാരീരികമായും, മാനസികമായും മേല്ക്കൊയിമ നേടുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായി മാറി  ക്വോട്ടേഷന്‍ മേഘല. തുടര്‍ച്ചയായ ഇത്തരം മേല്ക്കൊയിമാ സ്ഥാപനങ്ങള്‍ മാനസികമായ ഒരു ആകര്‍ഷണം ഈ മേഘലയിലേക്ക് ഉണ്ടാക്കി. പണത്തിനു പുറമേ ഉള്ള ഒരു വലിയ സ്വാധീനഘടകമായിരുന്നു അത്. വിദ്യാ സമ്പന്നരെപ്പോലും ഈ മേഘലയിലേക്ക് ആകര്‍ഷിക്കുന്നതിനു അത് കാരണമായി.

       ന്യായമായ ഒരു ആവശ്യത്തിന്റെ നടത്തിപ്പ് പോലും സാധ്യമല്ലാതിരിക്കുകയും, അഥവാ സാധ്യമായാല്‍ ത്തന്നെ അതിനു അനന്തമായ സമയദൈറിഖ്യം ആവശ്യമായി വരികയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഇവിടെ നിലനില്‍ക്കുന്നു. ഒരുവന് തന്റെ ന്യായത്തെയും, നീതിയെയും നിയമത്തിന്റെയോ സമൂഹത്തിന്റെയോ മുന്‍പില്‍ സ്ഥാപിക്കാന്‍ കഴിയാതെ വരുന്നതില്‍ നിന്നുണ്ടാകുന്ന അമര്‍ഷം,  അഥവാ തന്റെ ന്യായത്തിന്നു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിയമത്തിനോടോ, നിയമ സംവിധാനങ്ങളോടോ ഉണ്ടാകുന്ന അവിശ്വാസം ഇവയെല്ലാം ഒരു മനുഷ്യനെ ക്വോട്ടേഷന്‍ സംഘങ്ങളോട് അടുപ്പിക്കുന്നതിനു കാരണ മാകുന്നു. ചിലസ്ഥലങ്ങളില്‍ ചെറിയ സമൂഹങ്ങളെ സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സംവിധാനങ്ങളില്‍ നിന്നുള്ള അതിക്രമങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന രക്ഷാ ശക്തികളായും ക്വോട്ടേഷന്‍ സംഘങ്ങള്‍ വര്‍ത്തിക്കുന്നു. ഇത്തരം ചില ഘടകങ്ങള്‍ ക്രിമിനല്‍ സ്വഭാവമില്ലാത്തവരും, ക്വോട്ടേഷന്‍ സംഘങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനും, ആശ്രയിക്കുന്നതിനും കാരണമാകുന്നു. അത് ക്വോട്ടേഷന്‍ സംഘങ്ങള്‍ വളരുന്നതിനും അവരുടെ സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു ഉപകരണങ്ങളാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

       സാമൂഹികമായ കാരണങ്ങള്‍ ക്വോട്ടേഷന്‍ സംഘങ്ങളെ വളരുവാന്‍ സഹായിക്കുന്നു എന്ന് കാണുമ്പോള്‍ തന്നെ, അത് സാമൂഹിക പരിതസ്ഥിതിയെ എത്രാത്തോളം ഭയാനകമാക്കുന്നു എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയ ഗുണ്ടകളുടെ വളര്‍ച്ചയേക്കാള്‍ ഭീകരമാണത്. രാഷ്ട്രീയ ഗുണ്ടകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് എപ്പോഴെങ്കിലും ജനങ്ങളുടെ മുന്‍പില്‍ വോട്ടു ചോദിച്ചു ചെല്ലേണ്ടി വരുമെന്നുള്ളതിനാല്‍ ജനങ്ങളുടെ മുന്നില്‍ ന്യായങ്ങള്‍ കണ്ടെത്താന്‍ അവര്‍ ഇടക്കെങ്കിലും ശ്രമിക്കും എന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ നിയമ സംവിധാനങ്ങളെ സ്വാധീനിച്ചും, ഭയപ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന ക്വോട്ടേഷന്‍ സംഘങ്ങള്‍ സ്വൈരജീവിതവും, നിയമ വാഴ്ചയും ആഗ്രഹിക്കുന്നവര്‍ക്ക് ഉറക്കം കെടുത്തും. ഏതോ ഒരു ശത്രുവിന്റെ പോക്കറ്റിലെ പണമോ, ഏതോ ക്വോട്ടേഷന്‍ സംഘത്തിനു ഉണ്ടാകുന്ന ഒരു പിഴവോ ആണ് നമ്മുടെ ജീവനും, സ്വത്തും, അവയവങ്ങളുടെ ആയുസ്സും, സമാധാനവും ഒക്കെ തീരുമാനിക്കുന്നത് എന്നത്   അതിപ്രാകൃത കാലത്തെ കേട്ട് കേഴ്വിയില്‍ പോലും ഉള്ളതല്ല!! ഇതെല്ലാം ആധുനികതയുടെയും സമ്പന്നതയുടെയും ഒക്കെ ഉല്‍പ്പന്നങ്ങള്‍ ആണെന്ന്നുള്ളതാണ് ഖേദകരമായ അവസ്ഥ.

       പോലീസ്, മറ്റു നിയമപാലകര്‍, സമൂഹത്തിലെ ആരാധ്യ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ തുടങ്ങിയവര്‍ മുന്‍കാല ഗുണ്ടാ ആക്രമണങ്ങളില്‍ നിന്നും അല്‍പ്പം രക്ഷപ്പെട്ടു നിന്നിരുന്നു. കൂടുതല്‍ ആള്‍ക്കാര്‍ അറിയാന്‍ ഇടയാവുന്നതും, അതുവഴി ഉണ്ടായേക്കാവുന്ന നിയമ നടപടികളില്‍ ഉള്ള ഭയവും ആയിരുന്നു അതിനുള്ള കാരണം. എന്നാല്‍ ക്വോട്ടേഷന്‍ സംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, മത്സ്സരവും പോലീസിന് ഉള്‍പ്പെടെ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന പരിതസ്ഥിതി സംജാതമാക്കി. ഏതു പ്രവര്‍ത്തി ചെയ്താലാണ് കൂടുതല്‍ പ്രശസ്ത്തി നേടാന്‍ കഴിയുന്നത്‌ എന്ന് ചിന്തിച്ച ക്വോട്ടേഷന്‍ സംഘങ്ങള്‍ ഏതൊരു വ്യക്ത്തിക്കെതിരെയും വാളെടുക്കാനുള്ള ശക്തിയും, ഏതു നീച പ്രവര്‍ത്തി ചെയ്യുന്നതിനുള്ള ഉത്സാഹവും കാണിച്ചു. അക്രമ പ്രവര്‍ത്തനങ്ങളുടെ എണ്ണവും, വ്യാപ്ത്തിയും, ഭീകരതയും തങ്ങളുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.

       ക്വോട്ടേഷന്‍ സംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, മത്സ്സരവും രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന നിലയില്‍ എത്തിനില്‍ക്കുന്നു എന്നാ ഭയാനകനായ അവസ്ഥ നാം തിരിച്ചറിയണം. ക്വോട്ടേഷന്‍ സംഘങ്ങള്‍ തങ്ങളുടെ മേഘല വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് എത്തി നില്‍ക്കുന്നത് തീവ്രവാദ ഗ്രൂപ്പുകള്മായുള്ള ചങ്ങാത്തതിലായിരിക്കും.  ക്വോട്ടേഷന്‍ സംഘാംഗങ്ങള്‍ ആരാധനെയോടെ ആയിരിക്കും അവരെ അനുസ്സരിക്കാന്‍ തുടങ്ങുക. രാജ്യത്തിന്റെ ഏതു കോണിലും ബന്ധം സ്ഥാപിക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, നടപ്പിലാക്കുന്നതിനും ഉള്ള കുറുക്കു വഴിയായി ആയിരിക്കും ദേശ ദ്രോഹികള്‍ ക്വോട്ടേഷന്‍ സംഘങ്ങളെ പ്രയോജനപ്പെടുത്തുക.

       നമ്മുടെ രാജ്യത്തിന്റെ യുവത്വവും അവരുടെ ഉര്‍ജ്ജവും, ബുദ്ധിയും, ചിന്തയും, അധ്വാനവും,  ആരോഗ്യവും എല്ലാം കരിഞ്ചന്തയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. നിയമത്തിന്റെ ഉരുക്ക് മുഷ്ടികള്‍ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ മാത്രമല്ല ഈ പ്രശ്നത്തിന് പരാഹാരം; മറിച്ച് ക്വോട്ടേഷന്‍ സംഘങ്ങള്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നതിനു പിന്നിലെ രാഷ്ട്രീയപരമായതും, സാമൂഹികമായതും, തോഴില്‍പരമായതും, മതപരമായതും, വിദ്യാഭ്യാസ പരമായതും ആയ സമസ്ത മേഘലയെക്കുറിച്ചും സമഗ്രമായ പഠനം നടത്തി, നിയമം വേണ്ടവിധത്തില്‍ വേഗത്തില്‍ ആവശ്യക്കാരന് സഹായിയായി എത്തുന്നരീതിയില്‍ പ്രവര്‍ത്തിച്ച്‌ 'ക്വോട്ടേഷന്‍'  എന്നാ വിപത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയേ തീരു. നമ്മുടെയും, വരും തലമുറയുടെയും, ആയുസ്സെത്താതെ മരിക്കേണ്ടി വരുന്ന ക്വോട്ടേഷന്‍ സഹോദരന്മാരുടെയും രക്ഷക്കായി.............



[RajeshPuliyanethu,
 Advocate, Haripad]


     

       

       

Monday, 5 December 2011

മുല്ലപ്പെരിയാര്‍ = ഒടുങ്ങാത്ത ഭീതി!!

         മുല്ലപ്പെരിയാര്‍ -ഒരു ഒടുങ്ങാത്ത ഭീതിയായിത്തന്നെ തുടരുന്നു.1895 ല്‍ മേജര്‍ ജോണ്‍ പെന്നി cuick എന്നാ മഹാനായ മനുഷ്യ സ്നേഹി തമിഴ് നാട്ടിലെ ഊഷര ഭൂമികളെ കൃഷിയോഗ്യമാക്കുക, അതുവഴി അവിടുത്തുകാരുടെ പട്ടിണിയും കഷ്ടതകളും ഇല്ലാതാക്കുക എന്നാ സദ്‌ ഉദ്ദേശത്തോടുകൂടി നിര്‍മിച്ച ഒരു ഡാം ഇന്ന് ഒരു സംസ്ക്കാരത്തെയും, ജനതയെയും ഇല്ലാതാക്കത്തക്കരീതിയില്‍ ദുര്‍ബലമായി നില്‍ക്കുന്നു. നിര്‍മാണത്തിന്റെ കാലം തോട്ടിങ്ങോട്ടു തമിഴകത്തെയും, കേരളത്തിലെയും മക്കളെ ഒരുപോലെ സേവിക്കുക മാത്രം ചെയ്തുവന്ന ആ മഹാനിര്‍മാണം കാലത്തിനോടൊപ്പം സഞ്ചരിച്ചപ്പോള്‍ വാര്‍ധക്യം പിടിപെട്ടു. നാശമില്ലാത്തതായി ഒന്നുമില്ല എന്നാ സത്യം മാത്രമാണ് നിലവിലുള്ള ഡാമിന്റെ പുനര്‍ നിര്‍മാണത്തിന്റെ മുറവിളിക്ക് പിന്നിലുള്ളത്. ഒരിക്കലും തടയാന്‍ കഴിയാത്ത കാലത്തിന്റെ ആ സത്യം മുല്ലപ്പെരിയാരിനുമേല്‍ യാഥാര്‍ത്യമായിമാറിയാല്‍ 116 വര്‍ഷം ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്, അല്ലെങ്കില്‍ തലമുറകള്‍ക്ക് തന്നെ അന്നം നല്‍കാന്‍, നമ്മള്‍ നട്ടതിനെ എല്ലാം മുളപ്പിക്കാന്‍ മാത്രം നിലകൊണ്ട ആ വൃദ്ദന്റെ നാമം ലക്ഷക്കണക്കിന് ആളുകളുടെ കൊലയാളി എന്നാ നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. " ഒരു പ്രാവശ്യം മാത്രം ഈ ഭൂമിയില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയ നാം നമ്മുടെ സഹജീവികള്‍ക്കായി എന്തെങ്കിലും നല്ലത് ചെയ്യേണ്ട താണ് എന്നാ ഉദ്ദേശത്തോടു മാത്രമാണ് ഇത്രയും ത്യാഗം സഹിച്ചു ഞാന്‍ ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത്" എന്ന്‌ തന്റെ ഇംഗ്ളണ്ടിലുള്ള സ്വത്തുവകകള്‍ വിറ്റ് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആ വലിയ വ്യക്ത്തിത്വം എഴുതിവെച്ചതിന്, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആധുനികയുഗത്തില്‍ യാതൊരുവിലയു മില്ലാതായിപ്പോകും.

         50 വര്‍ഷം മാത്രം നിര്‍മാണ കാലത്ത് ആയുസ് നിശ്ചയിച്ചിരുന്ന ഒരു ഡാം 116 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 66 അധിക വര്‍ഷങ്ങള്‍ എന്തിനു ഡാമിനെ നിലനില്‍ക്കാന്‍ അനുവദിച്ചു? എന്തുകൊണ്ട് ഈ വിഷയത്തിന്മേല്‍ സുരക്ഷിതമായ പരിഹാരത്തിന് വേണ്ടിയുള്ള ഒരു പുറപ്പാടിനെങ്കിലും ഇത്ര സമയം അധികരിച്ചു? ആത്തരം ചോദ്യങ്ങള്‍ക്കൊന്നും തന്നെ യാതൊരു പ്രസക്ത്തിയുമില്ല. സംഭവിച്ച നല്ലതെല്ലാം ഭാഗ്യത്തിന്റെ അക്കൗണ്ടിലും മോശമായതുണ്ടായാല്‍ വിധിയുടെ ചുമലിലും വെച്ച് ആശ്വസിക്കാന്‍ നമ്മള്‍ പഠിച്ചിട്ടുന്ടെല്ലോ!!

         ഒരു രാജ്യത്തിനുള്ളില്‍ തന്നെ സ്ഥിതിചെയ്യുന്ന, രണ്ടു സംസ്ഥാനങ്ങളുടെ മാത്രം ഇടയിലുള്ള ഒരു വിഷയം , ഇത്ര അധികം മനുഷ്യ ജീവനുകള്‍ക്ക് ഭയപ്പാടുള്ള ഒന്ന്, പരിഹരിക്കപ്പെടുന്നതിനു പ്രക്ഷോഭങ്ങളും, സത്യാഗ്രഹങ്ങളും ആവശ്യമായി വരുന്നു എന്നതുതന്നെ രാജ്യത്തിന്‌ അപമാനമാണ്. രാജ്യത്തിനെ അഖണ്ടതയെ പ്പറ്റിയും, നാനാത്വത്തില്‍ ഏകത്വത്തെപ്പറ്റിയും, വാതോരാതെ പ്രകീര്‍ത്തിക്കുന്നവര്‍ ഒരു നിമിഷം ഒന്ന് ചിന്തിക്കണം. ലക്ഷക്കണക്കിനു ആളുകള്‍ ഭീതിയോടെ ഉറക്കമില്ലാതെ നിമിഷങ്ങളെ തള്ളി വിടുമ്പോള്‍ ചര്‍ച്ചകളും, രാഷ്ട്രീയ സംവാദങ്ങളുമായി, മുട്ടുന്യായങ്ങള്‍  ഉയര്‍ത്തി തന്റെതല്ലാത്ത എല്ലാ ജീവനും ത്രിണ വിലകല്‍പ്പിച്ചു നടത്തുന്ന ഈ പ്രഹസനങ്ങള്‍ ആധുനിക യുഗത്തിനെന്നല്ല, മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കണ്ടുമുട്ടുകയും അവനെ സ്നേഹിക്കാനും, അറിയാന്നും, സഹകരിക്കാനും, സഹായിക്കാനും ഒക്കെപ്പടിച്ചു തുടങ്ങിയ ആദിമ കാലത്തെ മനുഷ്യന് പോലും അപമാനകരമാണ്.

         എന്തുകൊണ്ടാണ് രാഷ്ട്രീയമായ ഒരു പരിഹാരം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിദൂരതയില്‍ നില്‍ക്കുന്നത്?? ഒരു മലയാളിയുടെ വികാരത്തെ മാറ്റിനിര്‍ത്തി സ്വതന്ത്രമായി ചിന്തിച്ചാലും മനസ്സിലാകുന്നതാണ്  അതില്‍ നിറഞ്ഞു നില്‍ക്കുന്ന തമിഴ്നാടിന്റെ മനുഷ്യത്വരാഹിത്യവും, രാഷ്ട്രീയലാക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ ആഘാതം താങ്ങാന്‍ ഇടുക്കിക്ക് ശക്ത്തിയുന്ടെന്നതാണ് തമിഴ്നാടിന്റെ പുതിയ വാദം. മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയില്‍ താമസിക്കുന്ന 50 ല്‍പ്പരം കുടുംബങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേ. അല്ലെങ്കില്‍ത്തന്നെ ഒന്ന് തകര്‍ന്നതിന് ശേഷമുള്ള നിര്മാനമാണോ അഭികാമ്യം??

         തമിള്‍നാട്ടില്‍ മാറിമാറി വന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടി അതില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിച്ചതാണ് മുല്ലപെരിയാര്‍ വിഷയത്തിന്റെ പരിഹാരം ലക്‌ഷ്യം കാണാത്തതിനു കാരണം. പുതിയ ഡാമിന്റെ നിര്‍മാണത്തെ തടയുക എന്നത് ഇപ്പോള്‍ തമിള്‍ നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അഭിമാന പ്രശ്നവും, നിലനിപ്പിന്റെ പ്രശ്നവുമാണ്. പുതിയ ഡാം എന്ന ആശയം തമിള്‍ നാട്ടുകാരന് ജലം നല്കാതിരിക്കാനുള്ള കേരളത്തിന്റെ അടവായി അവിടുത്തെ രാഷ്ട്രീയ നേതൃത്വം തമിഴനെ പറഞ്ഞു വിശ്വസിപ്പിച്ചു. മനുഷ്വത്വത്തെ മനസ്സിലാകുന്ന ഏതെങ്കിലും ഒരു തമിള്‍വാസ്സി പുതിയ ഡാമിനെ അനുകൂലിച്ചു സംസാരിച്ചാല്‍ അയാള്‍ തമിള്‍ ലോകത്ത് ഒറ്റപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നാ സ്ഥിതിവിശേഷം നിലവില്‍ വന്നു. രാഷ്ട്രീയ ലാക്കു മുന്‍ നിര്‍ത്തി മാത്രമാണ് തമിഴ്നാട്‌ ഡാം നിര്‍മാണത്തെ എതിര്‍ക്കുന്നത് എന്നാ വ്യക്ത്തമായ ബോധമുള്ള ദേശീയ പാര്‍ട്ടികളും, കേന്ദ്ര സര്‍ക്കാരും, അവരുടെ കസ്സെരകളുടെ അലങ്കാരങ്ങളായി മാത്രം പ്രതിഷ്ടിക്കപ്പെട്ട നട്ടെല്ലില്ലാത്ത, കേവലം സമസ്രിഷ്ടി സ്നേഹം പോലുമില്ലാത്ത രാഷ്ട്രീയ നപുംസകങ്ങളും  വിഷയത്തിന് പരിഹാരം കാണാന്‍ കഴിയാത്ത കേവലം രാഷ്ട്രീയ ഉച്ചിഷ്ടങ്ങളായി രാജ്യത്തിന്‌ ഭാരവും, അപമാനവുമായി അവശേഷിക്കുന്നു. മിതത്വത്തിന്റെയും, സംയമനത്തിന്റെയും, സംസ്ക്കാരത്തിന്റെയും, മര്യാദയുടെയും ഒക്കെ മറ പിടിച്ചു നിന്ന് അവര്‍ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനു കോട്ടം വരാത്ത രീതിയില്‍ എന്തൊക്കെയോ മാധ്യമങ്ങള്‍ക്ക് നേരെ തുപ്പി നാള്‍ കഴിച്ചു വരുന്നു.

         ഒരു വിഷയത്തില്‍ വ്യക്ത്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടാകാതിരിക്കുകയും, അഥവാ എന്തെങ്കിലും ബോധ്യമുള്ള ഒരു വസ്തുത രാഷ്ട്രീയ താല്പര്യത്തെ മുന്‍നിര്‍ത്താതെ വ്യക്ത്തമായി പറയാനും, നിലപാടെടുക്കുന്ന്നതിനും, ആര്‍ജ്ജവമോ, മനസ്സോ, അതിനുള്ള സാഹചര്യമോ ഇല്ലാത്തതും അഥവാ അപ്രകാരം നിലപaടെടുക്കുന്നവര്‍ക്ക് നിലനില്‍പ്പ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഈ രാജ്യത്തിന്റെ ശാപം.

         തമിള്‍ നാടിന്റെ ആവശ്യം വെള്ളമാണ്. കേരളത്തിന്റെതു കാലഹരണപ്പെട്ട ഒരു ഡാം തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന അത്യാഹിതത്തെക്കുറിച്ചുള്ള ഭീതിയും. ഒരു പുതിയ ഡാം നിര്‍മിക്കുക എന്നത് കൊണ്ട് കേരളത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടും. വിതച്ചു മുളപ്പിച്ചു കൊയ്ത് എടുക്കുന്നതിനു മലയാളിക്ക് അത്ര താല്‍പ്പര്യമില്ലാത്തതിനാല്‍ വെള്ളത്തിനു വേണ്ടി നമ്മള്‍ ആരോടും തര്‍ക്കിക്കാന്‍ സാധ്യത ഇല്ല. തമിഴ് നാടിനു ലഭിക്കുന്ന വെള്ളത്തില്‍ കുറവ് വരാതിരിക്കാനുള്ള എല്ലാ ഉറപ്പും രാഷ്ട്രീയ നേതൃത്വവും, കേന്ദ്ര സര്‍ക്കാരും നല്‍കുന്നുമുണ്ട്. അതിനു വേണ്ടുന്ന പണച്ചിലവ് തമിള്‍ നാടിനു ബാധ്യത ആവുന്നുമില്ല, അങ്ങനെ എങ്കില്‍ രാഷ്ട്രീയമായ നെട്ടമാല്ലാതെ മറ്റ് എന്താണ് തമിള്‍നാടിനു മുന്പിലുള്ളത്?? അത് തിരിച്ചറിഞ്ഞു എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരോ ദേശീയ പാര്‍ട്ടികളോ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല? മുല്ലപ്പെരിയാര്‍ ഡാമിന് കാലങ്ങളെ അതിജീവിക്കാനുള്ള കരുത്തു ബാക്കിഉണ്ടെന്നു തന്നെ വിശ്വസിക്കുക!! ഡാമിന്റെ പുനര്‍നിര്‍മാണം വരെ, അല്ലെങ്കില്‍ തങ്ങളുടെ ജീവിത അവസാനം വരെ സമാധാനമായി ഒരു നിമിഷത്തെ അതിജീവിക്കാന്‍ മലയാളിക്ക് കഴിയുമോ??

        മലയാളിയുടെ ജീവന്, സ്വത്തിന്, സ്വപ്നങ്ങള്‍ക്ക്, തലമുറകളായി ഉണ്ടാക്കി എടുത്ത നേട്ടങ്ങള്‍ക്ക്‌, അവകാശങ്ങള്‍ക്ക്, മന:സമാധാനത്തിന്, സംസ്ക്കാരത്തിന്, അങ്ങനെ ഒരുപാട് വിലമതിക്കാനാവാത്ത പലതും  നാമാവശേഷമാകാന്‍ പോകുന്നു എന്ന ഭയത്തില്‍ ഒരു ജനത നെടുവീര്‍പ്പുകളോടെ ജീവിക്കുമ്പോള്‍, കേവലം ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനപ്പുറം എല്ലാറ്റിനും പരിഹാരം നിലകൊള്ളുമ്പോള്‍ അതിനെല്ലാമെതിരെ നിഷേധത്തോടെയും, അഹങ്കാരത്തോടെയും, തന്റെ രാജ്യത്തിന്റെ തന്നെ ഭാഗമായ ഒരു ഭൂപ്രദേശവും, ഭരണകൂടവും, നിലകൊള്ളുമ്പോള്‍ പ്രതിഷേധത്തിന്റെയും, ഭീതിയുടെയും, അവഗണനയില്‍ നിന്നുണ്ടായെക്കാവുന്ന നിരാശയില്‍ നിന്നും ഉയരുന്ന വികാരം നാളെ തമിഴന് നേരെ ഉള്ള ഒരു ശത്രുതാ വികാരമായി മാറിയാല്‍ അതിനെ നിയന്ത്രിക്കാന്‍ ഭരണ കൂടത്തിന്റെ തോക്കുകള്‍ക്ക് കഴിഞ്ഞെന്നു വരില്ല. നിലവിലെ സമരങ്ങള്‍ അക്രമങ്ങളിലേക്ക് തിരിയുന്നതിന്റെ സൂചനകള്‍ രാജ്യത്തിനു തന്നെ ആപത്താണ്. സംസ്ഥാനങ്ങള്‍ക്കിടയിലെ ശത്രുത മുതലെടുക്കാന്‍ വിദേശ ശക്ത്തികളും ശ്രമിച്ചെന്ന് വരാം!!  അതിനു പരിഹാരം ജീവന്‍ ചേര്‍ത്തു പിടിച്ചു സമരം ചെയ്യുന്നവനെ ലാത്തി കാട്ടി ഭയപ്പെടുത്തുന്നതല്ല, മറിച്ച് ഒരു പുതിയ ഡാം നിര്‍മിച്ചു പ്രശ്നത്തിന് പൂര്‍ണ വിരാമം ഇടുക എന്നതാണ്.

         മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ഉയര്‍ന്നു വരുന്ന വിവാദങ്ങളെല്ലാം തന്നെ രാഷ്ട്രീയ സൃഷ്ടിയും, അനാവശ്യവുമാണെന്നും, ഡാമിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മലയാളികളുടെ ഭാഗത്ത് നിന്നുതന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. തമിഴന് ഇല്ലാത്ത സ്വാതന്ത്ര്യമാണത് എന്ന് രഹസ്യമായി നമുക്ക് സന്തോഷിക്കാമെങ്കിലും, അത് നിലവിലെ ആവശ്യങ്ങളെയും, സമരത്തിന്റെ ശക്ത്തിയെയും ക്ഷയിപ്പിക്കുന്നതായിരിക്കും. ലളിതമായി ആലോചിച്ചു നോക്കു; ഡാം കാലഹരണപ്പെട്ടിരിക്കുന്നു!! പുനര്‍ നിര്‍മാണം എന്നത് അനിവാര്യമായത് തന്നെയാണ്. അത് ഇന്നോ 10 വര്‍ഷങ്ങള്‍ക്കു ശേഷമോ, കുറെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമോ ആവശ്യമുള്ളത് എന്നതാണെല്ലോ ചോദ്യം. അപകടത്തിനു മുന്‍പ് പുതിയ ഡാം എന്നതാണ് നമ്മുടെ ലളിതമായ ആവശ്യം. മനസമാധാനം എന്നതിനെ മാറ്റിനിര്‍ത്തിയാല്‍......................
അതിനുള്ള ഒരുക്കങ്ങള്‍ക്ക് തടയിടുന്നതിന് തന്റെ ചിന്താസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, കാരണ മാകാതിരിക്കാന്‍ ഓരോ മലയാളിയും ശ്രദ്ദിക്കണം. പുതിയ ഡാം നിര്‍മാണത്തെ തടയുക എന്നത് മാത്രമാണ് തമിള്‍നാടിന്റെ ആവശ്യം. നിലവിലെ ഡാം തകര്‍ന്നാല്‍ അത് തങ്ങളുടെ വലിയ ഭൂ പ്രദേശത്തെ മരുഭൂമി ആക്കിത്തീര്‍ക്കും, അടുത്ത ഒരു തലമുറ ജീവിച്ചു തീരുന്നിടത്തോളം കാലമെങ്കിലും തകര്‍ന്നിടത്തു പുതിയതൊന്നു കെട്ടി ജലം ലഭിക്കാനുള്ള സാധ്യതയും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായിട്ടും തമിള്‍നാടിന്റെ നിലപാട് അത്ഭുതം ഉളവാക്കുന്നു. അതോ ഏത് അത്യാഹിതം സംഭവിച്ചാലും അവശേഷിക്കുന്നതില്‍ നിന്നും കയ്യടി വാങ്ങാന്നുള്ള പ്രവര്‍ത്തിയുമായി മലയാളി മുന്നോട്ടു വരുമെന്നും അതുവഴി തങ്ങളുടെ അന്നത്തെ ആവശ്യം കാണാമെന്നുമുള്ള വിശ്വാസമോ??

         കേരളത്തിനു മാത്രം വിജയവും പരാജയവും ഉള്ള വിഷയമാണ് മുല്ലപ്പെരിയാര്‍. ഡാമിന്റെ നാശത്തിനു ശേഷം മാത്രമാണ് തമിള്‍ നാടിനെ വിഷയം ദോഷമായി ബാധിക്കുന്നത്. അത് വരെ പുതിയെ ഡാമിന്റെ നിര്‍മാണത്തെ തടയുക എന്ന കര്‍മം മാത്രമാണ് അവര്‍ക്കുള്ളത്. പുതിയ ഡാമിന്റെ നിര്‍മാണം വരെ കേരളം പരാജിതരുടെ പവലിയനിലാണ്. ഡാമിന്റെ നാശത്തോടെയോ; ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത രീതിയില്‍ നാം പരാജയപ്പെട്ടു പോവുകയും ചെയ്യും.

         ഒരു നിമിഷം പോലും വിശ്രമമില്ലാത്ത,യാതൊരു അയവും വരുത്താത്ത സമര രീതിയും, സമരങ്ങല്‍ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളോ, വ്യക്ത്തികളോ മുതലെടുപ്പിന്നു ശ്രമിക്കാതെയും പരസ്പ്പരം വിമര്‍ശനങ്ങള്‍ക്ക് മുതിരാതെയും ഒറ്റക്കെട്ടായി മുന്നോട്ടു പോയാല്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ സാധിക്കൂ. ഇവിടെ വിജയം എന്നത് മുപ്പതു ലക്ഷത്തോളം വരുന്ന മനുഷ്യ ജീവന്റെ സംരക്ഷണവും, ഇക്കാലമത്രയും കൊണ്ട് നാം നേടിയതിന്റെ പരിപാലനവുമാണ്. ഒരൊറ്റ ശബ്ദത്തില്‍ മുന്നേറിയാല്‍ മാത്രം നമുക്ക് നേടാവുന്നതാണ് ആ ലക്‌ഷ്യം. ആപത്തിന് ശേഷമുള്ള വിമര്‍ശനങ്ങളും, ചെയ്യേണ്ടിയിരുന്ന കാര്യങ്ങളെ ക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമാകാതിരിക്കട്ടെ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ അവസാനം.


[RajeshPuliyanethu,
 Advocate, Haripad]

Tuesday, 29 November 2011

മുല്ലപ്പെരിയാറിലെ മെല്ലപ്പോക്ക്!!

മുല്ലപ്പെരിയാര്‍ വിഷയത്തിന് ജീവന്‍ വെച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഭീതിയുടെ ചിന്ത ജനമനസ്സുകളില്‍ സജീവമായിരിക്കുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സജീവ പരിഗണന അര്‍ഹിച്ചിരുന്ന ഈ വിഷയത്തില്‍ കേരളത്തെ വേണ്ട വിധത്തില്‍ പ്രതിനിധീകരിക്കാന്‍ പോലും ഒരു സമയത്ത് ഭരണ കൂടം താല്‍പ്പര്യം കാണിച്ചിരുന്നില്ല. അവിടെനിന്നും സ്ഥിതിഗതികള്‍ ഇത്രത്തോളമെങ്കിലും എത്തിയതില്‍ ആശ്വസിക്കാം. ഇന്ന് മാധ്യമങ്ങളും രാഷ്ട്രീയ, പ്രവര്‍ത്തകരും, വിവിധ മേഘലകളിലെ പ്രഗല്‍ഭരും വിഷയത്തെ ഏറ്റെടുത്ത് ജന മനസ്സുകളില്‍ സജീവമാക്കി നിര്‍ത്തുന്നു. എത്രനാളത്തേക്ക് എന്നു മാത്രം കണ്ടറിയാം. ഭൂകമ്പവും, തോരാത്ത മഴയുമാണ് എപ്പോള്‍ മുല്ലപ്പെരിയാറിനെ സജീവമാക്കിയത്. മഴയും തോര്‍ന്ന്, കുലുക്കത്തിന്റെ അനക്കവും തീര്‍ന്നു കഴിയുമ്പോള്‍ പത്രക്കാര്‍ക്ക് പുതിയ വിഷയം കിട്ടും. അവര്‍ അതിന്റെ പുറകെ പോകും. മുല്ലപ്പെരിയാര്‍ ഡാം സുര്‍ക്കിയില്‍ തീര്‍ത്ത അത്ഭുതമായി 1000 വര്‍ഷം നിലനില്‍ക്കുമെന്ന് തമിഴ്നാട്‌ പറഞ്ഞുകൊണ്ടിരിക്കും. ഏതു കേരളം?? ഏതു മുല്ലപ്പെരിയാര്‍?? എന്തോന്ന് മുപ്പതു ലക്ഷം ജീവന്‍?? എന്നാ മട്ടില്‍ മന്‍മോഹന്ജി തന്റെ സ്ഥിരം ശയിലിയായ ഉരിയാടാ വൃതം തുടരും. ഇപ്പോള്‍ തമിഴുനാടുമായി തെറ്റി വെറുതെ കസേരയുടെ ആപ്പ് എളക്കുന്നതില്‍ എത്രയോ ലളിതമാണ് മുപ്പതു ലക്ഷം പേര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നത്. അല്ലെങ്കില്‍ തന്നെ അങ്ങ് വടക്കേ അറ്റത്തുള്ളവര്‍ക്ക് മദ്രാസ്സ് വരയെ അത്ര അറിവുള്ളൂ. പിന്നിങ്ങോട്ട് കിടക്കുന്നതില്‍ ഒരു മുപ്പതു ലക്ഷം  പോകുന്നെ അങ്ങ് പോട്ടെ. അല്ലെങ്കില്‍ തന്നെ ഈ മുപ്പതു ലക്ഷം എന്നത് ഒരു ഊതി വീര്‍പ്പിച്ച കണക്കാണെന്ന മട്ടുകാരനാ സര്‍ദാര്‍ ജി. ഏറിയാല്‍ ഒരു ഇരുപതു ലക്ഷം! അത്രയുമേ ഉള്ളു. അല്ലെങ്കില്‍ തന്നെ സര്‍ദാര്‍ ജി യെ കുറ്റം പറയുന്നതെന്തിനാ. കേരളവും തമിഴ്‌നാടും തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ പഴക്കം, കരാറെഴുതിയ  പേപ്പറിന്റെ കനം, മഷിയുടെ നിറം, ഇതെല്ലാം പ്രോസ്സിജര്‍ കോഡുമായി കൂട്ടി നോക്കി വിശദമായ വിധിയെഴുത്തിന് ഭാരതത്തിലെ പരമോന്നത നീതിപീഠം തയ്യാറെടുക്കുന്നുന്ടെല്ലോ!! അതിന്റെ ഇടയില്‍ കയറി എന്തെങ്കിലും ചെയ്തു തലൈവരുടെയും, തലൈവിയുടെയും പിണക്കം വാങ്ങാന്‍ മാഡത്തിനും അത്ര താല്പ്പര്യമുണ്ടാകാന്‍ വഴിയില്ല. കോടതിയുടെ പരിഗണനയിലെന്ന പേര് പറഞ്ഞു തല്‍ക്കാലം തടിതപ്പുകയു മാകാം. പൊട്ടിയ അണക്കെട്ടിന്റെ അവശിഷ്ടത്തിന്റെ അവകാശത്തര്‍ക്കത്തില്‍ വിധി പറയുകയാകും കൂടുതല്‍ എളുപ്പം. എത്ര താമസിച്ചു വിധി പറഞ്ഞാലും ശരി, മുല്ലപ്പെരിയാരല്ല എന്ത് കുന്തം പൊട്ടിയാലും ശരി, എത്ര ലക്ഷം ചത്താലും ശരി അവസാനം പറയുന്ന വിധി ജുഡീഷ്യറി അന്തസ്സിനേയും മഹത്വത്തിനെയും ഉയര്‍ത്തി പ്പിടിക്കുന്നതാകും. അതില്‍ മാത്രം ഒരു സംശയവും വേണ്ടാ. 
       
       തലയ്ക്കു മുകളില്‍ കാലനും പരിവാരങ്ങളും തമ്പടിച്ചിരിക്കുകയാണെങ്കിലും കൊള്ളാം, നാളെ കേരള സംസ്ഥാനം അറബിക്കടലിലേക്ക് ഒലിച്ചു പോയാലും കൊള്ളാം, മലയാളി പ്രതികരിക്കുകയോ, സമരം  ചെയ്യുകയോ ചെയ്യുമ്പോള്‍ ചിലമാനദാന്ടങ്ങള്‍ പാലിച്ചേമതിയാകൂ. പ്രതികരണം അതിര് വിടാന്‍ പാടില്ല, വൈകാരികമായി കാണാന്‍ പാടില്ല, പ്രകോപനപരമായി ഒന്നും പറയാന്‍ പാടില്ല അങ്ങനെ പലതും ഉണ്ട്. കാരണം നാളെ ഒരിക്കല്‍ കേരളം തന്നെ ഒലിച്ചു പോയാലും മറ്റുള്ളവര്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയണം,  സംയമനവും, സംസ്ക്കാരവും കണ്ടുപിടിച്ച ഒരു ജനതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്,  മൂക്കോളം മുങ്ങിയിട്ടും വെള്ളം കുടിക്കാന്‍ പോലും അവര്‍ വായ തുറന്നിട്ടില്ല, അതായിരുന്നു മലയാളി എന്നൊക്കെ.......... 

       'പലരുടെ ഇടയില്‍ പാമ്പ് ചാവത്തില്ല' എന്നാ രീതിയില്‍, എത്ര ലക്ഷം ചത്തൊടുങ്ങുന്ന വിഷയമായാലും ശരി അട്ട ഇഴഞ്ഞു അക്ഷരമാകുന്ന പോലെയേ ഇവിടെ എന്തും നടക്കുകയുള്ളു എന്നാ ശൈലിയെയാണോ ഈ വിശാലജനാധിപത്യം എന്നു പറയുന്നത്?? അതോ കുറെ ജനങ്ങളെ കുഴിച്ചുമൂടി ശവത്തിനു മുകളില്‍ മറ്റു കുറേപ്പേര്‍ ആധിപത്യം സ്ഥാപിക്കുന്നതിനെയാണോ ജനാധിപത്യം എന്നു പറയുന്നത്. 

       പക്ഷെ കേരള സര്‍ക്കാര്‍ ഉണര്‍ന്നു തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാം പൊട്ടി ഒരു അത്യാഹിതം ഉണ്ടായാല്‍    നേരിടാന്‍ ഒരു ദ്രുതകര്‍മ സേനക്ക് ഇവിടെ രൂപം കൊടുക്കാന്‍ പോകുന്നു. സേനയുടെ പ്രവര്‍ത്തനം ശവം മാന്തി എടുത്തു കുഴിച്ചിടാനെങ്കിലും ഉപകാരപ്പെടും എന്നു നമുക്ക് ആശ്വസിക്കാം. 


[Rajesh Puliyanethu
Advocate, Haripad]     

Tuesday, 8 November 2011

ജയരാജന്‍ സഖാവിനെതിരെ കോടതിഅലകഷ്യത്തിന്റെ കൊടുവാള്‍!!

അധികാരത്തിന്റെ ഉത്തുംഗശ്രിംഗങ്ങളിലാനു തങ്ങളെന്ന് ഹൈകോടതി സ്ഥാപിച്ചിരിക്കുന്നു. ശുംഭന്‍ പ്രയോഗത്തിനു ജയരാജന്‍ സഖാവ് അഴികള്‍ക്കുള്ളിലായി. ഒരു ജഡ്ജ്ജി അധികാരത്തില്‍ അധിഷ്ടടിതമായ തന്റെ ഉത്തരവാദിത്വം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമ്പോള്‍ ആ ഉത്തരവ് എത്രത്തോളം നിലനില്‍ക്കാത്തതായാല്ലും, അത് പുറപ്പെടുവിച്ച ജഡ്ജിയ ശുംഭന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നത് തികച്ചും മാപ്പര്‍ഹിക്കാത്തത് തന്നെയാണ്. നീതി നിര്‍വഹണ കോടതികളുടെ നിലനില്‍പ്പിനുതന്നെ അത്തരം പ്രവണതകള്‍ ആശാസ്യമല്ല. അതുപോലെതന്നെ നീതി നിര്‍വഹണ കോടതികളുടെ  നിലനില്‍പ്പിനും, സല്‍പ്പെരിനും കളങ്കമായെക്കാവുന്ന തീരുമാനമാണ് ഹൈകോടതി ജയരാജന്‍ സഖാവിന്റെകാര്യത്തില്‍ കൈക്കൊണ്ടത്. ഒരു കോടതിയില്‍ വിചാരണക്ക് ഒടുവില്‍ കാരാഗ്രഹം വിധിച്ചാല്‍ അതില്‍ അസ്വോഭാവികമായി ഒന്നുമില്ല. ജയരാജന്‍ സഖാവിനെതിരെ ഉള്ള  തീരുമാനത്തില്‍ ഒരൊറ്റ ക്കാര്യം മാത്രമാണ് പൊതുജനസമക്ഷം തിരസ്ക്കരിക്കപ്പെടുന്നത്! ഹൈകോടതി എന്തുകൊണ്ട് അപ്പീല്‍ കാലയളവിലേക്ക് ജയരാജന്‍ സഖാവിനു ജാമ്യം നല്‍കി സ്വതന്ത്രനാക്കിയില്ല?? എന്നതാണത്. തങ്ങളുടെ തീരുമാനം തികച്ചും ശരിയാണ്, അത് അനുഭവിച്ചെ പറ്റു എന്നോ, മേല്‍ക്കൊടതി തീരുമാനം എതിരായാലും തങ്ങളെ പറഞ്ഞതിന് അഴിക്കുള്ളിലിടാന്‍ കഴിയുന്നതാകട്ടെ എന്നാ ചിന്തയോ ഏതായിരിക്കും ഹൈ കോടതിയെ അത്തരം തീരുമാനത്തിലേക്ക് നയിച്ചത്?? അതോ മറ്റുള്ളവര്‍ക്കും തങ്ങളോടു മുട്ടിയാലുള്ളതിന്റെ ദോഷം മനസ്സിലാക്കിക്കാനുള്ള ചട്ടമ്പി സൈക്കൊളജിയുടെ ആവിഷ്ക്കാരമോ?? ഏതായാലും "പാപത്തെ വെറുക്കുക പാപിയെ അല്ല" എന്ന് പറഞ്ഞ 'കണ്ണിനു പകരം കണ്ണ്' എന്നാ വാദത്തെ ജീവിതം കൊണ്ടെതിര്‍ത്ത മഹാത്മാവിനെ പിതാവായിക്കാണുന്ന രാജ്യത്ത് ഈ തീരുമാനം  ഉചിതമായില്ല. ഇന്ത്യപോലെ ഒരു രാജ്യത്ത് പ്രതികരിക്കുക എന്നാ വിഷയത്തെ അടിസ്ഥാനമാക്കി ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തിനുപ്രതിക്ക് തന്റെ നിരപരാധിത്യം തെളിയിക്കുന്നതിനുള്ള പരമാവധി അവസ്സരം നല്‍കേണ്ടതാണ്. അല്ലെങ്കില്‍  അത് രാജ്യത്തിന്റെ വിശാല ജനാധിപത്യത്തിനു മേല്‍ ഒരു കളങ്കമായി അവശേഷിക്കും. ഭാരതം പോലെ ഒരു രാജ്യത്ത് ശക്ത്തമായ നിയമങ്ങല്‍ക്കൊപ്പം വിശാലമായ കാഴ്ചപ്പാടുകളും ഉണ്ടെന്നു ഹൈകോടതി മറന്നു പോയെന്നു തോന്നുന്നു. ജയരാജന്‍ കേസ്സില്‍ പ്രത്യേകതകള്‍ പലതാണ്. ജയരാജന്‍ സഖാവിന്റെ പരാമര്‍ശം ഉണ്ടായത് ഒരു പൊതുജന-രാഷ്ട്രീയ രംഗങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയെക്കാവുന്ന പാതയോരത്തെ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ്. ആ ഉത്തരവ് പൊതുജന മധ്യത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുകയും, വലിയ ജനവിഭാഗത്തിന്റെ എതിര്‍പ്പിനു കാരണമാവുകയും ചെയ്തു. പൗരന്റെ  പ്രതിഷേധിക്കാനുള്ള അവകാശത്തെപ്പോലും ഹനിക്കുന്ന വിധി എന്ന ദുഷ്പ്പേര് വാങ്ങിയ ആ തീരുമാനം ഹൈകോടതി കൈക്കൊണ്ടാതിനെ തുടര്‍ന്ന് ഒരു ജന പ്രതിനിധി നടത്തിയ്ട അതിര് കടന്ന പ്രതിഷേധമായിരുന്ന്നു അത്.  ഒരു കുറ്റകരമായ പ്രാവര്‍ത്തിക്ക് ശിക്ഷ വിധിക്കുമ്പോള്‍ അത് ഉരുത്തിരിഞ്ഞു വന്ന കാരണം അന്യെഷിക്കേണ്ട ബാധ്യത കൊടതികള്‍ക്കില്ലായിരിക്കാം, എന്നാല്‍ സാമൂഹിക പ്രതിഭ്ധത തങ്ങള്‍ക്കാണെന്നു വിളിച്ചു പറഞ്ഞു നടക്കുന്ന ഇന്നത്തെ കോടതികള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളും പരിഗണി ക്കേണ്ടി വരും. ഒരു അഴിമതി -ക്രിമിനല്‍ കേസ്സില്‍ കോടതി എടുത്ത തീരുമാനത്തിന് എതിരെ ഒരു പരാമര്‍ശം  നടത്തി കോടതി അലകഷ്യ നടപടി സ്വീകരിക്കേണ്ടി വന്ന ഒരാള്‍ക്ക്‌ നല്‍കുന്ന സ്ഥാനമായിരിക്കുകയില്ല  ജയരാജന്‍ സഖാവിനു ജനമനസ്സുകളില്‍ ലഭിക്കുക. കോടതികള്‍ വിമര്‍ശങ്ങള്‍ക്ക് അതീതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് പൊതുജനങ്ങളില്‍ നിന്ന് ആദരം വങ്ങേണ്ടത്. മറിച്ച് കോടതി അലക്ഷ്യം  എന്ന വാള് വീശി പേടിപ്പിച്ചല്ല. അധികാരത്തിന്റെ അമിതപ്രയോഗം ഒരിക്കലും അധികകാലം നിലനില്‍ക്കില്ല. കോടതികളോടുള്ള  ആദരവ് ജനമനസ്സുകളില്‍ നശിച്ചാല്‍, അത് നശിച്ചു എന്ന തോന്നല്‍ പൊതു സമൂഹത്തില്‍ ഉണ്ടായാല്‍ പിന്നീട് കോടതി സംവിധാനങ്ങള്‍ക്ക് യാതൊരു നിലനില്‍പ്പും ഉണ്ടാകില്ല. ജയരാജന്‍ സഖാവിനെതിരെ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചു ഇവിടുത്തെ സഖാക്കാന്‍മാരെല്ലാം ഒന്നായി കോടതികളെ വിമര്‍ശിച്ചു ജയിലില്‍ പോവുക എന്നാ സമരപരിപാടി ആവിഷ്ക്കരിച്ചാല്‍ എത്ര സഖാക്കാന്‍ മാരെ കോടതി ശിക്ഷിച്ചു ജയിലിലടക്കും?? ദന്ദഗോപുരങ്ങളിലിരുന്നു വിധി പ്രസ്ഥാവിക്കുന്നവര്‍ ജനഹിതവും തിരിച്ചറിയാന്‍ ശ്രമിക്കണം. കാരണം എവിടെ അടിസ്ഥാന വിഷയം തന്നെ പൊതുജന അവകാശവുമായി ബന്ധപ്പെട്ടതാണ്. ടി വിഷയത്തില്‍ ഇവിടെ എഴുതി വെച്ച നിയമത്തിന്റെ നടത്തിപ്പല്ല കോടതി  ചെയ്തത്. മറിച്ച് നിയമനിര്‍മാണമാണ്, അതിനു നിയമത്തിന്റെ വ്യാഖ്യാനം എന്ന് പേര് നല്കിയെന്നെ ഉള്ളു. 
       ജയരാജന്‍ സഖാവിനെ ശിക്ഷിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അപ്പുറമുള്ള ആര്‍ക്കും അമര്‍ഷം ഉണ്ടാകുന്നുന്ടെന്ന്നു തോന്നുന്നില്ല. പക്ഷെ 3 വര്‍ഷത്തില്‍ കുടുതലല്ലാത്ത ശിക്ഷ ഏറ്റു വങ്ങേണ്ടി വരുന്ന ക്രിമിനല്‍ പ്രതികളെ പോലും വിധി പ്രസ്താവത്തിന് ശേഷം അപ്പീല്‍ കാലാവധിയിലേക്ക് ജാമ്യം നല്‍കി വിട്ടയക്കുന്ന കീഴ്വഴക്കമാണ് എവിടെ നിലനില്‍ക്കുന്നത്. അങ്ങനെ എങ്കില്‍ ശത്രുതാ മനോഭാവത്തോടെ എന്തിനു ജയരാജന്‍ സഖാവിനെ ജയിലിലേക്കയച്ചു എന്നതാണ് പൊതുജനമധ്യത്തില്‍ ഉയരുന്ന ചോദ്യം. ജാമ്യം നല്‍കാതെ ജയരാജനെ ജയിലിലടക്കാന്‍ കോടതി കാണിച്ച വ്യഗ്രത അദ്ദേഹത്തിനെതിരെ വിധി പ്രസ്ഥാവിച്ചതിലും ഉണ്ടാകുമോ എന്ന് ഒരു സ്വതന്ത്രനായ പൗരന്‍ ചിന്തിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല............. 
       കോടതികളില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസ്യത ഉണ്ടാകണമെങ്കില്‍ കോടതികള്‍ക്ക് സ്ഥാപിതതാല്‍പ്പര്യങ്ങള്‍ ഉള്ളതായി ജനങ്ങള്‍ക്ക്‌ തോന്നരുത്. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ പല കോടതിനടപടികളും രാഷ്ട്രീയ തീരുമാനങ്ങള്‍ പോലെ രണ്ടു ചേരിയായി നിന്ന് ചര്‍ച്ച ചെയ്യപ്പെടെണ്ടി വരുന്നു. അത് ജനാധിപത്യ  സംവിധാനത്തിനും, നീതി നിര്‍വഹണത്തിനും ഒരു പോലെ ദോഷം ചെയ്യും.


[RajeshPuliyanethu,
 Advocate, Haripad]                  

Friday, 4 November 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ജിയുടെ ഭാവനാ ലോകം .............

ആധുനിക യുഗത്തിന്റെ കണ്ടെത്തലായ, മലയാള ദേശത്തിന്റെ അഭിമാനവും സ്വത്തുമായ, മലയാള സിനിമയുടെ ഭാവിയും, കോളേജു കുമാരിമാരുടെ സ്വപ്നകാമുകാനും, ബഹുമുഘ പ്രതിഭയും, ഗായകനും സര്‍വ്വോപരി ഒരു ഫിലോസ്സഫരും ആയ സന്തോഷ്‌ പണ്ടിട്റ്റ് ജി യുടെ അതീന്ദ്രിയമായ ഭാവനാവൈഭവത്തില്‍  ഉന്മത്തനായി അദ്ദേഹത്തിന്റെ ഭാവനാലോകത്തേക്ക് കയറിച്ചെന്ന് ഒരു നിമിഷം ചെലവഴിക്കാനുള്ള എന്റെ പ്രാര്‍ഥന കേട്ട ദൈവം എനിക്ക് അതിനൊരു അവസ്സരം നല്‍കി. ആ ലോകത്തേക്ക് കയറുന്നതിനു മുന്‍പ് എന്റെ സ്വന്തം തലച്ചോറിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി പുറത്തു സൂക്ഷിച്ചു കൊള്ളണമെന്ന് ദൈവം എനിക്ക് മുന്നറിയിപ്പും നല്‍കി. 108 ദിവസ്സത്തെ ഉപവാസം, 108 ദിവസ്സത്തെ ജപം 108 മലകള്‍ കയറ്റം, 108 ദിവസ്സം പൊരിവെയിലത്ത് നില്‍ക്കല്‍, കൃഷ്ണനും രാധയും എന്നാ മഹാകൃതിയുടെ സിനിമാ ആവിഷ്ക്കാരം മുഴുവനും ഒരു പ്രാവശ്യം കാണുക തുടങ്ങിയ സഹനത്തിന്റെ എല്ലാ പരീക്ഷണങ്ങളെയും ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരം പൂര്‍ത്തീകരിച്ച് ഞാന്‍ ആ ഭാവനാ ലോകത്തേക്ക് കയറി. കലയുടെ കേദാരത്തിലേക്ക് കടന്ന ഞാന്‍ ഒരു ചിത്ത ഭ്രമത്തിന് തന്നെപത്രീഭൂതനായിപ്പോയി.  ആ ലോകത്ത് ഒരിക്കലും നിത്യനിതാന്ത ശൂന്യത അല്ല. പണ്ഡിറ്റ്‌ ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ അവിടെ അവിശ്രമം പണി എടുത്തു കൊണ്ടിരിക്കുകയാണ്. പണ്ഡിറ്റ്‌ ജി യുടെ ഒരു സംഗീത ഭൂതത്തിന്റെ കൊട്ടaരത്തിലെക്കാണ് ഞാന്‍ ആദ്യം പോയത്. ഒരു ചിരട്ട എടുത്തു പാറപ്പുറത്തിട്ട് ഉരച്ച് സാധകം ചെയ്തു കൊണ്ടിരുന്ന ആ ഭൂതത്തെ ശല്യം ചെയ്യാതെ ഞാന്‍ അടുത്ത കൊട്ടാരത്തിലേക്ക് പോയി. അവിടെ കാട്ടാളനു   കാടനിലുണ്ടായതുപോലെ ഉള്ള സുന്ദരികളായ അപ്സരഭൂതങ്ങള്‍ ചുവടുകള്‍ വെയ്ക്കുന്നു. ഞോണ്ടും, പോയ്ക്കാലുകളും, അവരുടെ നൃത്തത്തെ ബാധിക്കുന്നത്തെ ഇല്ല. അടുത്തതായി കണ്ടത് നീര്‍ക്കോലി ഭൂതത്തിന്റെ കരാട്ടെ ക്ലാസ്സാണ്. ഒരു പെരുമ്പാമ്പിനെയും ഒരു സിംഹത്തെയും ചുരുട്ടി എറിയുന്ന ആ നീര്‍ക്കോലി ഭൂതത്തിനെ കണ്ടു ഭയന്ന് ഞാന്‍ അടുത്ത കൊട്ടാരത്തിലേക്ക് ഓടി. കൊട്ടാരകവാടം കടന്നു ചെന്ന   ഞാന്‍ കണ്ടത് അതിവിശ്ശാലമായ ഒരു ലോകമാണ്. അത് പണ്ഡിറ്റ്‌ ജി യുടെ സാഹിത്യലോകമാണ്.  ദൈവത്തിന്റെ പിന്തുണയോടെ ആ ലോകത്ത്  കടക്കാന്‍ കഴിഞ്ഞു എന്നുകരുതി അവിടെ ഒന്നും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.  ആ ഭാവനാലോകത്ത്  മുഴുവന്‍ കയറി മനസ്സിലാക്കാനുള്ള അനുവാദം എനിക്ക് നല്‍കിയ ദൈവത്തിന്റെ അടുത്തു ഈ സാഹിത്യലോകത്ത് ഒന്ന്നും കാണിച്ചു തരാത്തതില്‍ പരാതിയുമായി ഞാന്‍ പോയി. എന്നോട് ക്ഷമ ചോദിച്ച ദൈവം, അദ്ദേഹം 'ഈ സാഹിത്യലോകത്തെക്കുറിച്ച് മനസ്സിലാക്കന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്'  എന്നും എന്തെങ്കിലും മനസ്സിലായാല്‍ എന്നെ അറിയിക്കാമെന്നും പറഞ്ഞു തടിതപ്പി. തുടര്‍ന്ന് കോട്ടവാതിലുകള്‍ അടച്ചിട്ടിരുന്ന ഒരു കൊട്ടാരത്തിന്റെ അടുത്തേക്ക്‌ ഞാന്‍ പോയി. അത് നാട്യ- നടന ഭൂതത്തിന്റെ കൊട്ടാരമായിരുന്നു. തനിക്ക് നാട്യ- നടന മേഘലയില്‍ പുതിയതായി ഒന്നും സംഭാവന ചെയ്യാന്‍ ഒരു നാട്യഭൂതത്തിനും കഴിയില്ല എന്ന് കണ്ടെത്തിയ പണ്ഡിറ്റ്‌ ജി ആ ഭൂതത്തിനോട് വോളന്‍ടറി റിടയര്‍മെന്റ് എടുത്തു കൊള്ളാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണത്രെ. ചില പട്ടികളുടെ രോദനം കേട്ട് ഞാന്‍ മറ്റൊരു  കൊട്ടാരത്തിന്റെ അടുത്തക്കു ചെന്നു. മറ്റൊരു സംഗീതഭൂതത്തിന്റെ കൊട്ടരമെന്നു തെറ്റിധരിച്ച ഞാന്‍ പിന്നീടു മനസ്സിലാക്കി, അത് പണ്ഡിറ്റ്‌ ജി യുടെ ഫിലോസ്സഫി ഭൂതത്തിന്റെ ലോകമാണ് എന്ന്. ചില പട്ടികളെ കൊണ്ട് കെട്ടി അവയുടെ കഴിവുകളും, കഴിവുകേടുകളും, സാധിക്കലുകളും, ജീവിതവുമായി ചേര്‍ത്തു പഠിച്ച് പുതിയ സമസ്യകള്‍ തീര്‍ക്കുകയാണവിടെ! പട്ടികളുമായി ചേര്‍ന്നുള്ള ഈ വിക്രിയയില്‍ പരിഹാസം തോന്നിയ ഞാന്‍ അവിടെ നിന്ന്‌ കൊണ്ട് ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് നടന്നു. രണ്ടാമത്തെ ചുവടില്‍ തന്നെ ഞാന്‍ എന്തിലോ തട്ടി  കടപുഴകി വീണു. ദൈവം ഉടന്‍തന്നെ പ്രത്യക്ഷപ്പെട്ട് എന്നെ ഉയര്‍ത്തി, എന്നിട്ട് പറഞ്ഞു നീ വീണത്‌ പണ്ഡിറ്റ്‌ ജി യുടെ തലേവരയില്‍ തട്ടിയാണ്. അതിനെ ഭേദിക്കാന്‍ എനിക്ക് പോലും ശക്ത്തിയില്ല, പണ്ഡിറ്റ്‌ ജി യെ പരിഹസിച്ച നിനക്ക് ഇനി ഇവിടെ തുടരാന്‍ സാധ്യമല്ല, എന്നോട് പുറത്തു പോകുവാന്‍ കല്‍പ്പിച്ചു. വീണു കിടന്നിരുന്ന ഞാന്‍ മറ്റൊരു കാഴ്ച കൂടി കണ്ടിരുന്നു. രണ്ടു കിളികള്‍ തല തല്ലി ചത്തു കിടക്കുന്നു. ഞാന്‍ പിന്നീട് ദൈവത്തോട് ചോദിച്ചു, എതായിരുന്ന്നു ആ കിളികള്‍!! ദൈവം മറുപടി പറഞ്ഞു, ആ കിളികളാണ് വിവരവും, ബോധവും. നാണം എന്നാ കിളി നാണം കാരണം പറന്നു പോയി പട്ടിണി കിടന്ന്നു ചത്തു.

പണ്ഡിറ്റ്‌ ജി യുടെ ഭാവനാ ലോകത്ത് നിന്നും പുറത്തു കടന്ന ഞാന്‍ ദൈവത്തോട് ചോദിച്ചു, ദൈവമേ ഇതിനു മുന്‍പ് ആരെയെങ്കിലും പണ്ഡിറ്റ്‌ ജി യുടെ ഭാവനാ ലോകം കാണാന്‍ അവിടുന്ന് അനുവദിച്ചിട്ടുണ്ടോ??

ദൈവം പറഞ്ഞു ' ഉണ്ട്, പക്ഷെ അതില്‍ ചിലര്‍ എന്റെ നിര്‍ദ്ദേശം പാലിക്കാത്തവരാണ്'. ഞാന്‍ ചോദിച്ചു, ഏതു നിര്‍ദ്ദേശം??
 പണ്ഡിറ്റ്‌ ജിയുടെ ഭാവനാ ലോകത്തേക്ക് കയറുന്നതിനു മുന്‍പ് സ്വന്തം തലച്ചോറിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി പുറത്തു സൂക്ഷിച്ചു കൊള്ളണമെന്ന് ഞാന്‍ നല്‍കിയ നിര്‍ദ്ദേശം!!!!!!!!!!!!
അത് പാലിക്കാത്തവരാണ് ഇന്ന് പണ്ഡിറ്റ്‌ ജി യുടെ FANS .......................

പണ്ഡിറ്റ്‌ ജി യുടെ തലേവരയില്‍ തട്ടി വീണ ഞാന്‍, ഫിലോസ്സഫി ഭൂതത്തിന്റെ പുസ്തകത്തില്‍ പണ്ഡിറ്റ്‌ ജി ക്കായി ഭാവിയിലേക്ക് കരുതിയിരുന്ന ചിലവ കാണുവാന്‍ കഴിഞ്ഞിരുന്നു. ഉല്സ്സുകമായ കാത്തിരിപ്പിലേക്ക് പ്രചോദനമാകാന്‍ ഞാന്‍ അവ ചുവടെ കുറിക്കുന്നു..................................


1) പ്രണയവും ദാമ്പത്യ ജീവിതവും 'പുക ചുറ്റിയ കഞ്ഞി പോലെയാണ്'. കയറിയ പുകയുടെ  അളവിനനുസ്സരിച്ചാണ് കുടിക്കണോ തുപ്പണോ എന്ന് തീരുമാനിക്കുന്നത്!! 

2) വേറെ കഞ്ഞി കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പലരും 'പുക ചുറ്റിയ കഞ്ഞി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നത്!!

3) പട്ടികള്‍ ലയിന്‍ അടിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ്‌ ഉണ്ടോ എന്ന് നോക്കാറില്ല!!

4) ഒരു കുഞ്ഞു ജനിക്കുന്നത് ചെറിയവനായി ആയിരിക്കാം, എന്നാല്‍ അവനാണ് നാളത്തെ വലിയവന്‍!!

5) അനാഥന്‍ എന്നാല്‍  ആരുമില്ലാത്തവനാണ്, എന്നാല്‍ നാഥന്‍ എന്നത് എല്ലാവരു മുള്ളവനല്ല!!

ഇതൊന്നും ഒന്നുമില്ല, പണ്ഡിറ്റ്‌ ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ ഭാവിലെക്കായി ഒരുപാട് കരുതിയിട്ടുണ്ട്. കാത്തിരുന്നു കാണാം......................


[RajeshPuliyanethu,
 Advocate,Haripad}

Sunday, 30 October 2011

Ambulance "Omni"

നമുക്ക് വികാരപരമായ ഒരു സമീപനം ഉള്ള വാഹനമാണ് ആംബുലന്‍സ്. ഒരു അത്യാഹിതത്തില്‍ രക്ഷക്ക് എത്തുന്നത്, അല്ലെങ്കില്‍ ഒരു മൃതശരീരത്തെയും വഹിച്ചുകൊണ്ട്, ഏതു രീതിയിലാണെങ്കിലും ദുഖത്തിന്റെയും, ഭീതിയുടെയും വര്‍ണ്ണങ്ങള്‍ ആംബുലന്‍സ്സുമായി ചേര്‍ന്ന് നില്‍ക്കുന്നു. ഒരു  മൃതശരീരത്തെയും വഹിച്ചുകൊണ്ട് പോകുക എന്നതിനേക്കാള്‍ വലിയ ഉത്തരവാദിത്വം ആംബുലന്‍സ്സുകള്‍ നിറവേറ്റുന്നത് അപായ അവസ്ഥയില്‍പ്പെട്ട  ഒരാള്‍ക്ക്‌ ജീവന്‍ രക്ഷക്ക് ഉതകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമ്പോളാണ്. ആംബുലന്‍സ്സുകള്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുള്ള അവസ്സരം ഉണ്ടാക്കി കൊടുക്കുക  എന്നാബാധ്യത അധികാരികള്‍ക്കാണ്. ആംബുലന്‍സ്സുകള്‍ക്ക് പ്രത്യകപാത ഒരുക്കുക, റോഡുകള്‍ നവീകരിക്കുക എന്നീ കേരളജനതയുടെ നടക്കാത്ത സ്വപ്നങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കാതെ,  ആംബുലന്‍സായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിലവാരങ്ങളില്‍ കര്‍ശന മാനദാന്ടങ്ങള്‍ പരിപാലിക്കപ്പെടുകയും അതുവഴി ആംബുലന്‍സ് സേവനം കാര്യക്ഷമമാക്കെണ്ടാതുമുണ്ട്. ഒരു സാധാരണ ക്കാരന്റെ യുക്ത്തിയെ ആശ്രയിച്ചു നോക്കിയാലും വ്യക്ത്തമാകുന്ന ഒരു വീഴ്ചയാണ് Omni വാനുകള്‍ ആംബുലന്‍സ് ആയി ഉപയോഗിക്കാന്‍ അനുവദിക്കുന്നത്. ഏതൊരു പൊതുജനസേവന സംവിധാനത്തെയും സൂഷ്മമായി പരിശോധിച്ച് പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി പോരായ്മയുള്ളതിനെ മാറ്റിനിര്‍ത്തുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അങ്ങനെ എങ്കില്‍ എന്തുകൊണ്ട്  Maruthi Omni Van കള്‍ ആംബുലന്‍സ്സുകളായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല. ആസന്നനിലയിലുള്ള ഒരു മനുഷ്യനെയും വഹിച്ചുകൊണ്ട് എത്രയും വേഗത്തില്‍ ഒരു ആശുപത്രിയില്‍ എത്തിക്കുക എന്നാ വലിയകര്‍മ്മം എങ്ങനെയാണ് ഇത്രയും ചെറുതും, ഭാരക്കുറവുള്ളതും, റോഡ്‌ ഗ്രിപ്പ് കുറവുമുള്ള ഒരു വാഹനം നിറവേറ്റും?? അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരുന്നത് ഒരു രോഗി ആയിരിക്കും. വാഹനത്തിന്റെ പോരായ്മയെ അവഗണിച്ചുള്ള ഒരു യാത്ര കൂടുതല്‍ ആള്‍ക്കാരെക്കൂടി അത്യാഹിതത്തിലേക്ക് വീഴ്ത്തുന്നതായിരിക്കും. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആംബുലന്‍സ്സുകള്‍ നിരത്തിലിറക്കാന്‍ കഴിയുന്നു എന്നാ സദ്‌ ചിന്ത Omni Ambulance കള്‍ക്ക് അനുമതി നല്‍കുന്നതിന്റെ പുറകില്‍ ഉണ്ടാകാമെങ്കിലും അത് ദോഷഫലം ഉണ്ടാക്കുന്ന ഒന്നാണത്. ഒരു ആംബുലന്‍സ്സിനെ ആശ്രയിക്കേണ്ടി വരുന്ന ഒരാള്‍ നിശബ്ദമായും എന്നാല്‍ ശക്തമായും ആവശ്യപ്പെടുന്നതും, സേവന ദാദാവ്‌ നല്‍കാന്‍ ബാധ്യത ഉള്ളതുമായ ചില കാര്യങ്ങളുണ്ട്. എത്രയും വേഗത്തില്‍ ഒരു വൈദ്യ സഹായം ലഭിക്കുക, കൂടുതല്‍ അപകടങ്ങളിലെക്കെത്താതെ, സങ്കീര്‍ണത ഏറ്റവും കുറഞ്ഞ രീതിയില്‍ ലക്ഷ്യസ്ഥാനത്ത് എത്തുക, രോഗിക്ക് കഴിയുന്നത്ര ആശ്വാസം ലഭിക്കുന്ന രീതിയില്‍ യാത്ര ചെയ്യുക, യാത്രയുടെ മധ്യത്തില്‍ ഉണ്ടാകാവുന്ന ഒരു അത്യാവശ്യഘട്ടത്തിലേക്ക്  പരമാവധി വൈദ്യസഹായ സംവിധാനങ്ങള്‍ സജീകരിക്കുക അതുവഴി രോഗിക്ക് സുരക്ഷയും, കൂടുതല്‍ ആത്മവിശ്വാസം നല്‍കുക, പരമാവധി ചാഞ്ചാട്ടങ്ങളും, കുലുക്കങ്ങളും കുറഞ്ഞരീതിയില്‍ യാത്രചെയ്യാന്‍ കഴിയുക എന്നിവയാണ്. ഇതില്‍ പല ആവശ്യങ്ങളെയും നിറവേറ്റുന്നതിനുള്ള സാഹചര്യം Omni Ambulance കള്‍ വഴി ഉണ്ടാകുന്നില്ല. ഒരു Omni Ambulance ല്‍ യാത്ര ചെയ്യേണ്ടി വരുന്ന ഒരു രോഗിയും, കൂടെ യാത്ര ചെയ്യേണ്ടി വരുന്നവരും  ഒരിക്കലും സമാധാനത്തോടെയും, ആത്മ വിശ്വാസത്തോടെയും വാഹനത്തിലിരുക്കുന്നു എന്ന് വിശ്വസിക്കുക വയ്യ.  വൈദ്യസഹായ സംവിധാനങ്ങള്‍ ആയ ഓക്സിജന്‍ സിലണ്ടെര്‍, വേന്റിലേറ്റര്‍, ഡ്രിപ്പ്സ്റ്റാന്റ് മുതലായ അവശ്യ സംവിധാനങ്ങള്‍ സജ്ജീകരിക്കുവാനുള്ള സംവിധാനം Maruthi Omni Ambulance കള്‍ക്ക് ഇല്ല. രോഗിയുടെ മനോബലം വര്‍ധിപ്പിക്കുന്നതിന് ചില അടുത്ത സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ സാനിധ്യമാണ് ആവശ്യമെങ്കില്‍, ആംബുലന്‍സ് ഡോക്ടര്‍, നേഴ്സ് എന്നിവര്‍ക്ക് ശേഷം അവര്‍ക്ക് വാഹനത്തില്‍ ഇടം ലഭിക്കുന്നില്ല. അമിത വേഗതയില്‍ ഓടേണ്ടി വരുന്നതിനാല്‍, റോഡില്‍ നിന്ന് തെന്നി മാറുന്നതിനുള്ള സാധ്യത, ബ്രേക്ക് ഉപയോഗിക്കേണ്ടി വരുമ്പോളുള്ള അപകട സാധ്യത, ഒരു ചെറിയ ആഘാതം പോലും അതിജീവിക്കാന്‍ ഉള്ള കഴിവില്ലായ്മ എന്നിങ്ങനെ ആര്‍ക്കും വളരെ വേഗം നോക്കിക്കാണാന്‍ കഴിയുന്ന പോരായ്മകള്‍  Maruthi Omni Ambulance കള്‍ക്ക് ഉണ്ട്. സേവനങ്ങള്‍ക്കായി  Maruthi Omni Ambulance കള്‍ കൂടി ആയാലെന്താ? ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുത്തുപയോഗിച്ചാല്‍ പോരെ? എന്നാ മറുചോദ്യത്തിന് ആംബുലന്‍സ് സേവനരങ്ങത്ത് പ്രസക്ത്തി കുറവാണ്. കാരണം ഒരു  ആംബുലന്‍സ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസ്സരം മിക്കപ്പോഴും ഉണ്ടാകാറില്ല എന്നതാണ്. സുപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങള്‍ എല്ലാ ആംബുലന്‍സ്സുകളിലും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആംബുലന്‍സ്സായി തെരഞ്ഞെടുക്കുന്ന വാഹനങ്ങള്‍ മികച്ചതായാല്‍ തന്നെ ആംബുലന്‍സ് സര്‍വ്വിസ്സു കളുടെ ലക്‌ഷ്യം ഒരു പരിധിവരെ നിറവേറ്റാന്‍ സാധിക്കുന്നതാണ്.  ആംബുലന്‍സ്സുകളില്‍  ഒരുക്കേണ്ട അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ച് ക്രിയാത്മകമായ പഠനങ്ങള്‍ നടത്തി അവശ്യം വേണ്ടവ കണ്ടെത്തി നടപ്പിലാക്കേണ്ടത് അത്യാഹിതങ്ങള്‍ ഏറി വരുന്ന ഇന്നത്തെ കാലത്ത് അതീവ പ്രാധാന്യമുള്ളതാണ്. 


[RajeshPuliyanethu,
 Advocate, Haripad]

Sunday, 9 October 2011

ഇന്നു സത്യം, നാളെ സ്വപ്നം, നാളെയുടെ നാളെ ശൂന്യം!!

നാളെയ്ക്ക് വേണ്ടി ജീവിക്കുക, നാളെയ്ക്ക് വേണ്ടി നമ്മുടെ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുക എന്നതാണ് പരക്കെ കേള്‍ക്കുന്ന ശബ്ദം. എന്തായിരിക്കും നാളെയുടെ നാളെയുടെ അവസ്ഥ?? നാളെയെക്കണ്ട് ജീവിക്കുക എന്നത് പുരോഗമന സംസ്ക്കാരത്തിന്റെ മൂലമന്ത്രമായതിനാല്‍ ഇന്നത്തെ ദിവസത്തിന്റെയും, നാളെയുടെ നാളെയുടെയും പ്രാധാന്യം നശിച്ചു. ഇന്നത്തെ ദിവസം നാം ജീവിച്ചിരിക്കുന്നതിനാല്‍ ഈദിവസത്തെ കടന്നുപോകുവാന്‍ ശ്രമിക്കുക എന്നത് അതിജീവനത്തിന്റെ ആവശ്യഗതയും, നാളയെകണ്ടുപ്രവര്‍ത്തിക്കുക
എന്നത് ഇന്നത്തേത് പോലെ ഉണ്ടായേക്കാവുന്ന നാളെയുടെ ആവശ്യങ്ങളിലെക്കുള്ള കരുതല്‍ ശാസ്ത്രവുമാണ്. പക്ഷെ നാളെയുടെ നാളെക്ക് വേണ്ടിയുള്ള കരുതല്‍ ജലരേഖകള്‍ പോലെയാണ്. അതവിടെ ഉണ്ടാകണമെന്നില്ല. നാളെയുടെ ആവശ്യങ്ങള്‍ക്ക് വിഭിന്നമായിരിക്കാം നാളെയുടെ നാളെയുടെ ആവശ്യങ്ങള്‍. നാളേക്കുവേണ്ടി നിര്മിക്കപ്പെട്ടവയുടെ പൊളിച്ചെഴുത്തോ, പുനര്‍നിര്‍മ്മാണമോ ആയിരിക്കും നാളെയുടെ നാളെയുടെ ആവശ്യം. പുതിയ ചിന്തകള്‍, ശാസ്ത്രത്തിന്റെ വളര്‍ച്ച, ജനസന്ഖ്യാ വളര്‍ച്ച അല്ലെങ്കില്‍ കുറവ്, പുതിയ തലമുറയുടെ താല്പര്യങ്ങള്‍, സാംസ്കാരികമായ പരിവര്‍ത്തനം, എങ്ങനെ പലതരത്തിലെ സ്വാധീനഘടകങ്ങള്‍ നാളെയുടെ നാളെകളെ നിയന്ത്രിക്കുമ്പോള്‍ നാളെയുടെ നാളെകള്‍ക്കു വേണ്ടി ഇന്നു ചിന്തിച്ചതും, രൂപപ്പെടുത്തിയതും, നിര്‍മ്മിച്ചതും എല്ലാം പോളിചെഴുതെണ്ടി വരും. നാളെയുടെ നാളെയുടെ ആവശ്യത്തെ ഇന്നു തിരിച്ചറിയാന്‍ കഴിഞ്ഞാലും,  നാളെയുടെ നാളെ പോളിച്ചെഴുതുവാന്‍ വേണ്ടി നാളെയുടെ ആവശ്യത്തിനായി ഇന്നു പലതും നമുക്ക് നിര്മിക്കേണ്ടി വരുന്നു. നാളെയുടെ നാളെയിലേക്ക് ചിന്തയെ ദീര്ഘിപ്പിക്കാനുള്ള മനുഷ്യന്റെ പരിമിതിയാണ് ഇതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷെ ആ പരിമിതിയെ അതിജീവിക്കാന്‍ കഴിഞ്ഞവര്‍ ഉണ്ടാവാന്‍ സാധ്യതയില്ല. 
വിഷയത്തിന്റെ പ്രാധാന്യവും വലിപ്പവും, ചിന്തയുടെ ആഴവും, കാലത്തിന്റെ ആവശ്യങ്ങളും, ജനതയുടെ പുരോഗതിയുമെല്ലാം ഇന്നിന്റെയും നാളെയുടെയും ദൈറിഘ്യത്തെ നിശ്ചയിക്കുന്നു എന്നു മാത്രം. 



[RajeshPuliyanethu,
 Advocate, Haripad]