Tuesday, 29 November 2011

മുല്ലപ്പെരിയാറിലെ മെല്ലപ്പോക്ക്!!

മുല്ലപ്പെരിയാര്‍ വിഷയത്തിന് ജീവന്‍ വെച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഭീതിയുടെ ചിന്ത ജനമനസ്സുകളില്‍ സജീവമായിരിക്കുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സജീവ പരിഗണന അര്‍ഹിച്ചിരുന്ന ഈ വിഷയത്തില്‍ കേരളത്തെ വേണ്ട വിധത്തില്‍ പ്രതിനിധീകരിക്കാന്‍ പോലും ഒരു സമയത്ത് ഭരണ കൂടം താല്‍പ്പര്യം കാണിച്ചിരുന്നില്ല. അവിടെനിന്നും സ്ഥിതിഗതികള്‍ ഇത്രത്തോളമെങ്കിലും എത്തിയതില്‍ ആശ്വസിക്കാം. ഇന്ന് മാധ്യമങ്ങളും രാഷ്ട്രീയ, പ്രവര്‍ത്തകരും, വിവിധ മേഘലകളിലെ പ്രഗല്‍ഭരും വിഷയത്തെ ഏറ്റെടുത്ത് ജന മനസ്സുകളില്‍ സജീവമാക്കി നിര്‍ത്തുന്നു. എത്രനാളത്തേക്ക് എന്നു മാത്രം കണ്ടറിയാം. ഭൂകമ്പവും, തോരാത്ത മഴയുമാണ് എപ്പോള്‍ മുല്ലപ്പെരിയാറിനെ സജീവമാക്കിയത്. മഴയും തോര്‍ന്ന്, കുലുക്കത്തിന്റെ അനക്കവും തീര്‍ന്നു കഴിയുമ്പോള്‍ പത്രക്കാര്‍ക്ക് പുതിയ വിഷയം കിട്ടും. അവര്‍ അതിന്റെ പുറകെ പോകും. മുല്ലപ്പെരിയാര്‍ ഡാം സുര്‍ക്കിയില്‍ തീര്‍ത്ത അത്ഭുതമായി 1000 വര്‍ഷം നിലനില്‍ക്കുമെന്ന് തമിഴ്നാട്‌ പറഞ്ഞുകൊണ്ടിരിക്കും. ഏതു കേരളം?? ഏതു മുല്ലപ്പെരിയാര്‍?? എന്തോന്ന് മുപ്പതു ലക്ഷം ജീവന്‍?? എന്നാ മട്ടില്‍ മന്‍മോഹന്ജി തന്റെ സ്ഥിരം ശയിലിയായ ഉരിയാടാ വൃതം തുടരും. ഇപ്പോള്‍ തമിഴുനാടുമായി തെറ്റി വെറുതെ കസേരയുടെ ആപ്പ് എളക്കുന്നതില്‍ എത്രയോ ലളിതമാണ് മുപ്പതു ലക്ഷം പേര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നത്. അല്ലെങ്കില്‍ തന്നെ അങ്ങ് വടക്കേ അറ്റത്തുള്ളവര്‍ക്ക് മദ്രാസ്സ് വരയെ അത്ര അറിവുള്ളൂ. പിന്നിങ്ങോട്ട് കിടക്കുന്നതില്‍ ഒരു മുപ്പതു ലക്ഷം  പോകുന്നെ അങ്ങ് പോട്ടെ. അല്ലെങ്കില്‍ തന്നെ ഈ മുപ്പതു ലക്ഷം എന്നത് ഒരു ഊതി വീര്‍പ്പിച്ച കണക്കാണെന്ന മട്ടുകാരനാ സര്‍ദാര്‍ ജി. ഏറിയാല്‍ ഒരു ഇരുപതു ലക്ഷം! അത്രയുമേ ഉള്ളു. അല്ലെങ്കില്‍ തന്നെ സര്‍ദാര്‍ ജി യെ കുറ്റം പറയുന്നതെന്തിനാ. കേരളവും തമിഴ്‌നാടും തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ പഴക്കം, കരാറെഴുതിയ  പേപ്പറിന്റെ കനം, മഷിയുടെ നിറം, ഇതെല്ലാം പ്രോസ്സിജര്‍ കോഡുമായി കൂട്ടി നോക്കി വിശദമായ വിധിയെഴുത്തിന് ഭാരതത്തിലെ പരമോന്നത നീതിപീഠം തയ്യാറെടുക്കുന്നുന്ടെല്ലോ!! അതിന്റെ ഇടയില്‍ കയറി എന്തെങ്കിലും ചെയ്തു തലൈവരുടെയും, തലൈവിയുടെയും പിണക്കം വാങ്ങാന്‍ മാഡത്തിനും അത്ര താല്പ്പര്യമുണ്ടാകാന്‍ വഴിയില്ല. കോടതിയുടെ പരിഗണനയിലെന്ന പേര് പറഞ്ഞു തല്‍ക്കാലം തടിതപ്പുകയു മാകാം. പൊട്ടിയ അണക്കെട്ടിന്റെ അവശിഷ്ടത്തിന്റെ അവകാശത്തര്‍ക്കത്തില്‍ വിധി പറയുകയാകും കൂടുതല്‍ എളുപ്പം. എത്ര താമസിച്ചു വിധി പറഞ്ഞാലും ശരി, മുല്ലപ്പെരിയാരല്ല എന്ത് കുന്തം പൊട്ടിയാലും ശരി, എത്ര ലക്ഷം ചത്താലും ശരി അവസാനം പറയുന്ന വിധി ജുഡീഷ്യറി അന്തസ്സിനേയും മഹത്വത്തിനെയും ഉയര്‍ത്തി പ്പിടിക്കുന്നതാകും. അതില്‍ മാത്രം ഒരു സംശയവും വേണ്ടാ. 
       
       തലയ്ക്കു മുകളില്‍ കാലനും പരിവാരങ്ങളും തമ്പടിച്ചിരിക്കുകയാണെങ്കിലും കൊള്ളാം, നാളെ കേരള സംസ്ഥാനം അറബിക്കടലിലേക്ക് ഒലിച്ചു പോയാലും കൊള്ളാം, മലയാളി പ്രതികരിക്കുകയോ, സമരം  ചെയ്യുകയോ ചെയ്യുമ്പോള്‍ ചിലമാനദാന്ടങ്ങള്‍ പാലിച്ചേമതിയാകൂ. പ്രതികരണം അതിര് വിടാന്‍ പാടില്ല, വൈകാരികമായി കാണാന്‍ പാടില്ല, പ്രകോപനപരമായി ഒന്നും പറയാന്‍ പാടില്ല അങ്ങനെ പലതും ഉണ്ട്. കാരണം നാളെ ഒരിക്കല്‍ കേരളം തന്നെ ഒലിച്ചു പോയാലും മറ്റുള്ളവര്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയണം,  സംയമനവും, സംസ്ക്കാരവും കണ്ടുപിടിച്ച ഒരു ജനതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്,  മൂക്കോളം മുങ്ങിയിട്ടും വെള്ളം കുടിക്കാന്‍ പോലും അവര്‍ വായ തുറന്നിട്ടില്ല, അതായിരുന്നു മലയാളി എന്നൊക്കെ.......... 

       'പലരുടെ ഇടയില്‍ പാമ്പ് ചാവത്തില്ല' എന്നാ രീതിയില്‍, എത്ര ലക്ഷം ചത്തൊടുങ്ങുന്ന വിഷയമായാലും ശരി അട്ട ഇഴഞ്ഞു അക്ഷരമാകുന്ന പോലെയേ ഇവിടെ എന്തും നടക്കുകയുള്ളു എന്നാ ശൈലിയെയാണോ ഈ വിശാലജനാധിപത്യം എന്നു പറയുന്നത്?? അതോ കുറെ ജനങ്ങളെ കുഴിച്ചുമൂടി ശവത്തിനു മുകളില്‍ മറ്റു കുറേപ്പേര്‍ ആധിപത്യം സ്ഥാപിക്കുന്നതിനെയാണോ ജനാധിപത്യം എന്നു പറയുന്നത്. 

       പക്ഷെ കേരള സര്‍ക്കാര്‍ ഉണര്‍ന്നു തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാം പൊട്ടി ഒരു അത്യാഹിതം ഉണ്ടായാല്‍    നേരിടാന്‍ ഒരു ദ്രുതകര്‍മ സേനക്ക് ഇവിടെ രൂപം കൊടുക്കാന്‍ പോകുന്നു. സേനയുടെ പ്രവര്‍ത്തനം ശവം മാന്തി എടുത്തു കുഴിച്ചിടാനെങ്കിലും ഉപകാരപ്പെടും എന്നു നമുക്ക് ആശ്വസിക്കാം. 


[Rajesh Puliyanethu
Advocate, Haripad]