Friday, 16 December 2011

എന്തു കൊണ്ട് ക്വോട്ടേഷന്‍ ടീമുകള്‍??

        ക്വോട്ടേഷന്‍ ടീമുകള്‍ അരങ്ങു തകര്‍ക്കുന്ന ഒരു ലോകത്തിലാണ് നമ്മുടെ ജീവിതം. എന്ത് കൊണ്ട്  ക്വോട്ടേഷന്‍ ടീമുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഒരു വളക്കൂറു സംജാതമാകുന്നു എന്ന് ഏതൊരു സ്വോതന്ത്രനായ പൗരനും ചിന്തിക്കേണ്ടതാണ്. ഒരു വ്യക്ത്തിയോടും വ്യക്തിപരമായ വിരോധമില്ലാതെ, മറ്റാരെങ്കിലും നല്‍കുന്ന പണത്തിനു വേണ്ടി പല വിധത്തിലുള്ള ക്രൂരകൃത്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ്  ക്വോട്ടേഷന്‍ ടീമുകളുടെ ജോലി. ഒരു വിരോധവുമില്ലാത്ത ഒരു വ്യക്ത്തിയോട് ക്രൂരമായ ഒരൂ പ്രവര്‍ത്തിചെയ്യുന്നതിന് പിന്നില്‍ ഏതെല്ലാം വിധത്തിലുള്ള വികാരങ്ങളായിരിക്കാം നിയന്ത്രിക്കപ്പെടുന്നത്?? കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നതിനു പിന്നിലെ ആകര്‍ഷക ശക്ത്തികള്‍ എന്തെല്ലമായിരിക്കാം??

       വാടക ഗുണ്ടകള്‍, വാടക കൊലയാളികള്‍, അങ്ങനെ നാം പണ്ട് മുതലേ കേട്ടുപരിചിതമായ വാക്കുകളിലെ 'വാടക' എന്ന വാക്കിന്റെ പുതിയ പരിവേഷമാണ് 'ക്വോട്ടേഷന്‍'. അതിനൊപ്പം തന്നെ നാം കേട്ടിട്ടുണ്ട് വാടക ഗുണ്ടകളെ വളര്‍ത്തുന്നത് രാഷ്ട്രീയക്കാരും, മുതലാളിമാരും ചേര്‍ന്നാണെന്ന്. ആ സത്യങ്ങള്‍ ഇപ്പോളും നിലനില്‍ക്കുന്നു എങ്കിലും പ്രേരകങ്ങളായ മറ്റു ചില വസ്തുതകളും നിലനില്‍ക്കുന്നു. 

       തൊഴില്‍ രഹിതരായ ചില ആള്‍ക്കാര്‍ പണത്തിനായി കണ്ടെത്തിയ ഒരു മാര്‍ഗമായി ആയിരുന്നു 'ഗുണ്ട' വ്യവസായം ആരംഭിച്ചതും തളിര്‍ത്തതും. അതിനു മുതല്‍ മുടക്ക് തന്റേടവും, ശക്ത്തിയും, ബുദ്ധിയും എന്ന് വന്നത് ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു വീരപരിവേഷം നല്‍കി. സിനിമകളിലും, കഥകളിലും, നിന്നും ലഭിച്ച അധോലോക നായകന്‍മാരുടെ ഉര്‍ജ്ജം ഒരു വലിയ വിഭാഗത്തെ ഈ മേഘലയിലേക്ക് ആകര്‍ഷിച്ചു. 

       പണത്തിന്റെ അതിവിപുലമായ ഒഴുക്കാണ് ക്വോട്ടേഷന്‍ സംഘങ്ങളുടെ ബലവും, ഈ മേഘലയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്നും. അല്‍പ്പം ക്രിമിനല്‍ മനസ്സുള്ള ചെറുപ്പക്കാരനെ ക്വോട്ടേഷന്‍ സംഘങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനും, പിടിച്ചു നിര്‍ത്തുന്നതിനും പണത്തിനു കഴിഞ്ഞു. ആധുനികമൊബൈല്‍ ഫോണ്‍, വാഹനം, ഉയര്‍ന്ന വിലയുള്ള വസ്ത്രങ്ങള്‍, വിലകൂടിയ ലഹരി, തന്റെ ഗേള്‍ ഫ്രാണ്ടുമായി ചിലവഴിക്കാന്‍ കഴിയുന്ന ഉയര്‍ന്ന സാഹചര്യങ്ങള്‍, അപ്രകാരം ഭൌതികമായ സുഖ സൌകര്യങ്ങളെല്ലാം തന്നെ നിസ്സാരമായി ഒരു  ക്വോട്ടേഷന്‍ സംഘാംഗത്തിന് നേടാന്‍ കഴിഞ്ഞു. ആ സുഖലോലുപതകള്‍ അവനെ അവിടെ പിടിച്ചു നിര്‍ത്തുന്നതിനും കാരണമാകുന്നു. 

         രാഷ്ട്രീയക്കാരുടെയും, മുതലാളിമാരുടെയും, മുതലെടുപ്പും- പിന്തുണയും ഇന്നും ഈ മേഘലയെ സംപുഷ്ട്ടമാക്കുന്നു. രാഷ്ട്രീയത്തില്‍ ഗ്രൂപ്പുകളും, കച്ചവടത്തില്‍ മല്‍സ്സരങ്ങളും, പൊതുവായി ശത്രുത എന്ന വികാരവും വളര്‍ന്നതോടെ ക്വോട്ടേഷന്‍ ടീമുകള്‍ അനിവാര്യതയായി. ഒരിക്കല്‍  ക്വോട്ടേഷന്‍ ടീമുകളെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയക്കാരും, മുതലാളിമാരും തുടര്‍ന്നും അവരുടെ സേവനം ലഭ്യമാകുന്നതിനും, മുന്‍പ് ഉപയോഗപ്പെടുത്തിയിരുന്നു എന്നതിലെ രഹസ്യംപാലിക്കുന്നതിനും  ക്വോട്ടേഷന്‍ ടീമുകളെ ഒരു ബാധ്യത എന്നതുപോലെ സംരക്ഷിച്ചു. അത്  ക്വോട്ടേഷന്‍ ടീമുകളെ ശക്ത്തമാക്കുകയും, കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനു കാരണമാകുകയും ചെയ്തു. 

        ക്വോട്ടേഷന്‍ ടീമുകള്‍ എന്നത് ക്രിമിനല്‍ ഗ്രൂപ്പുകള്‍ തന്നെയാണെങ്കിലും,  മോഷണം, പിടിച്ചുപറി, തുടങ്ങിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെപ്പോലെ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാത്തതും , അവക്ഞ്ഞ യോടെ പരിഗണിക്കപ്പെടാത്തതും ക്വോട്ടേഷന്‍ ടീമുകള്‍ക്ക് വളമായി. ഒരു  ക്വോട്ടേഷന്‍ തൊഴിലാളി ഒരു വിഷയത്തില്‍ തീരുമാനം പറയുന്നത് ഭയപ്പാടോടെ എങ്കിലും ഒരു കൂട്ടം ആള്‍ക്കാര്‍ക്കിടയില്‍ അന്ഗീകരിക്കപ്പെട്ടതും,  ക്വോട്ടേഷന്‍ ടീമുകളുമായി പരിചയമുള്ളവനെപ്പോലും ഭയ-ബഹുമാന ചേതനകളോടെ സുഹൃത്തുക്കള്‍ പോലും കണ്ടതും അവര്‍ക്ക് ഒരു മാനസ്സിക പ്രചോതനമായി മാറി. നാലോ അഞ്ചോ പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിലെ ഒരാള്‍  ക്വോട്ടേഷന്‍ തൊഴിലാളി ആണെന്ന് വെയ്ക്കുക!! ആകുടുംബത്തിലെ മറ്റെല്ലാവരും അയാളുടെ പ്രവര്‍ത്തിയെ എതിര്‍ക്കുന്നവരും!  ക്വോട്ടേഷന്‍ തൊഴിലാളിയെ എതിര്‍ക്കുന്ന മറ്റു അംഗങ്ങളില്‍ ഒരാള്‍ക്ക്‌ പൊതു സമൂഹത്തിലെ ഏതെങ്കിലും ഒരു വ്യക്ത്തിയോട് ശണ്ട കൂടേണ്ടി വരുന്നു എന്നും വെയ്ക്കുക! അയാള്‍ തന്റെ വീട്ടില്‍ തന്നെ ഉള്ള  ക്വോട്ടേഷന്‍ തൊഴിലാളിയെപ്പറ്റി വീരതയോടെ പരാമര്‍ശിക്കുന്നത് കാണാം. ഇതിന്റെ ആവര്‍ത്തനം തന്നെ സുഹൃത്തുക്കളുമായി മേല്‍ വിഷയത്തെ ചേര്‍ത്തു വായിച്ചാലും കാണാം. 

       ഒരുവനുമേല്‍ ശാരീരികമായും, മാനസികമായും മേല്ക്കൊയിമ നേടുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായി മാറി  ക്വോട്ടേഷന്‍ മേഘല. തുടര്‍ച്ചയായ ഇത്തരം മേല്ക്കൊയിമാ സ്ഥാപനങ്ങള്‍ മാനസികമായ ഒരു ആകര്‍ഷണം ഈ മേഘലയിലേക്ക് ഉണ്ടാക്കി. പണത്തിനു പുറമേ ഉള്ള ഒരു വലിയ സ്വാധീനഘടകമായിരുന്നു അത്. വിദ്യാ സമ്പന്നരെപ്പോലും ഈ മേഘലയിലേക്ക് ആകര്‍ഷിക്കുന്നതിനു അത് കാരണമായി.

       ന്യായമായ ഒരു ആവശ്യത്തിന്റെ നടത്തിപ്പ് പോലും സാധ്യമല്ലാതിരിക്കുകയും, അഥവാ സാധ്യമായാല്‍ ത്തന്നെ അതിനു അനന്തമായ സമയദൈറിഖ്യം ആവശ്യമായി വരികയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഇവിടെ നിലനില്‍ക്കുന്നു. ഒരുവന് തന്റെ ന്യായത്തെയും, നീതിയെയും നിയമത്തിന്റെയോ സമൂഹത്തിന്റെയോ മുന്‍പില്‍ സ്ഥാപിക്കാന്‍ കഴിയാതെ വരുന്നതില്‍ നിന്നുണ്ടാകുന്ന അമര്‍ഷം,  അഥവാ തന്റെ ന്യായത്തിന്നു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിയമത്തിനോടോ, നിയമ സംവിധാനങ്ങളോടോ ഉണ്ടാകുന്ന അവിശ്വാസം ഇവയെല്ലാം ഒരു മനുഷ്യനെ ക്വോട്ടേഷന്‍ സംഘങ്ങളോട് അടുപ്പിക്കുന്നതിനു കാരണ മാകുന്നു. ചിലസ്ഥലങ്ങളില്‍ ചെറിയ സമൂഹങ്ങളെ സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സംവിധാനങ്ങളില്‍ നിന്നുള്ള അതിക്രമങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന രക്ഷാ ശക്തികളായും ക്വോട്ടേഷന്‍ സംഘങ്ങള്‍ വര്‍ത്തിക്കുന്നു. ഇത്തരം ചില ഘടകങ്ങള്‍ ക്രിമിനല്‍ സ്വഭാവമില്ലാത്തവരും, ക്വോട്ടേഷന്‍ സംഘങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനും, ആശ്രയിക്കുന്നതിനും കാരണമാകുന്നു. അത് ക്വോട്ടേഷന്‍ സംഘങ്ങള്‍ വളരുന്നതിനും അവരുടെ സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു ഉപകരണങ്ങളാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

       സാമൂഹികമായ കാരണങ്ങള്‍ ക്വോട്ടേഷന്‍ സംഘങ്ങളെ വളരുവാന്‍ സഹായിക്കുന്നു എന്ന് കാണുമ്പോള്‍ തന്നെ, അത് സാമൂഹിക പരിതസ്ഥിതിയെ എത്രാത്തോളം ഭയാനകമാക്കുന്നു എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയ ഗുണ്ടകളുടെ വളര്‍ച്ചയേക്കാള്‍ ഭീകരമാണത്. രാഷ്ട്രീയ ഗുണ്ടകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് എപ്പോഴെങ്കിലും ജനങ്ങളുടെ മുന്‍പില്‍ വോട്ടു ചോദിച്ചു ചെല്ലേണ്ടി വരുമെന്നുള്ളതിനാല്‍ ജനങ്ങളുടെ മുന്നില്‍ ന്യായങ്ങള്‍ കണ്ടെത്താന്‍ അവര്‍ ഇടക്കെങ്കിലും ശ്രമിക്കും എന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ നിയമ സംവിധാനങ്ങളെ സ്വാധീനിച്ചും, ഭയപ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന ക്വോട്ടേഷന്‍ സംഘങ്ങള്‍ സ്വൈരജീവിതവും, നിയമ വാഴ്ചയും ആഗ്രഹിക്കുന്നവര്‍ക്ക് ഉറക്കം കെടുത്തും. ഏതോ ഒരു ശത്രുവിന്റെ പോക്കറ്റിലെ പണമോ, ഏതോ ക്വോട്ടേഷന്‍ സംഘത്തിനു ഉണ്ടാകുന്ന ഒരു പിഴവോ ആണ് നമ്മുടെ ജീവനും, സ്വത്തും, അവയവങ്ങളുടെ ആയുസ്സും, സമാധാനവും ഒക്കെ തീരുമാനിക്കുന്നത് എന്നത്   അതിപ്രാകൃത കാലത്തെ കേട്ട് കേഴ്വിയില്‍ പോലും ഉള്ളതല്ല!! ഇതെല്ലാം ആധുനികതയുടെയും സമ്പന്നതയുടെയും ഒക്കെ ഉല്‍പ്പന്നങ്ങള്‍ ആണെന്ന്നുള്ളതാണ് ഖേദകരമായ അവസ്ഥ.

       പോലീസ്, മറ്റു നിയമപാലകര്‍, സമൂഹത്തിലെ ആരാധ്യ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ തുടങ്ങിയവര്‍ മുന്‍കാല ഗുണ്ടാ ആക്രമണങ്ങളില്‍ നിന്നും അല്‍പ്പം രക്ഷപ്പെട്ടു നിന്നിരുന്നു. കൂടുതല്‍ ആള്‍ക്കാര്‍ അറിയാന്‍ ഇടയാവുന്നതും, അതുവഴി ഉണ്ടായേക്കാവുന്ന നിയമ നടപടികളില്‍ ഉള്ള ഭയവും ആയിരുന്നു അതിനുള്ള കാരണം. എന്നാല്‍ ക്വോട്ടേഷന്‍ സംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, മത്സ്സരവും പോലീസിന് ഉള്‍പ്പെടെ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന പരിതസ്ഥിതി സംജാതമാക്കി. ഏതു പ്രവര്‍ത്തി ചെയ്താലാണ് കൂടുതല്‍ പ്രശസ്ത്തി നേടാന്‍ കഴിയുന്നത്‌ എന്ന് ചിന്തിച്ച ക്വോട്ടേഷന്‍ സംഘങ്ങള്‍ ഏതൊരു വ്യക്ത്തിക്കെതിരെയും വാളെടുക്കാനുള്ള ശക്തിയും, ഏതു നീച പ്രവര്‍ത്തി ചെയ്യുന്നതിനുള്ള ഉത്സാഹവും കാണിച്ചു. അക്രമ പ്രവര്‍ത്തനങ്ങളുടെ എണ്ണവും, വ്യാപ്ത്തിയും, ഭീകരതയും തങ്ങളുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.

       ക്വോട്ടേഷന്‍ സംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, മത്സ്സരവും രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന നിലയില്‍ എത്തിനില്‍ക്കുന്നു എന്നാ ഭയാനകനായ അവസ്ഥ നാം തിരിച്ചറിയണം. ക്വോട്ടേഷന്‍ സംഘങ്ങള്‍ തങ്ങളുടെ മേഘല വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് എത്തി നില്‍ക്കുന്നത് തീവ്രവാദ ഗ്രൂപ്പുകള്മായുള്ള ചങ്ങാത്തതിലായിരിക്കും.  ക്വോട്ടേഷന്‍ സംഘാംഗങ്ങള്‍ ആരാധനെയോടെ ആയിരിക്കും അവരെ അനുസ്സരിക്കാന്‍ തുടങ്ങുക. രാജ്യത്തിന്റെ ഏതു കോണിലും ബന്ധം സ്ഥാപിക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, നടപ്പിലാക്കുന്നതിനും ഉള്ള കുറുക്കു വഴിയായി ആയിരിക്കും ദേശ ദ്രോഹികള്‍ ക്വോട്ടേഷന്‍ സംഘങ്ങളെ പ്രയോജനപ്പെടുത്തുക.

       നമ്മുടെ രാജ്യത്തിന്റെ യുവത്വവും അവരുടെ ഉര്‍ജ്ജവും, ബുദ്ധിയും, ചിന്തയും, അധ്വാനവും,  ആരോഗ്യവും എല്ലാം കരിഞ്ചന്തയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. നിയമത്തിന്റെ ഉരുക്ക് മുഷ്ടികള്‍ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ മാത്രമല്ല ഈ പ്രശ്നത്തിന് പരാഹാരം; മറിച്ച് ക്വോട്ടേഷന്‍ സംഘങ്ങള്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നതിനു പിന്നിലെ രാഷ്ട്രീയപരമായതും, സാമൂഹികമായതും, തോഴില്‍പരമായതും, മതപരമായതും, വിദ്യാഭ്യാസ പരമായതും ആയ സമസ്ത മേഘലയെക്കുറിച്ചും സമഗ്രമായ പഠനം നടത്തി, നിയമം വേണ്ടവിധത്തില്‍ വേഗത്തില്‍ ആവശ്യക്കാരന് സഹായിയായി എത്തുന്നരീതിയില്‍ പ്രവര്‍ത്തിച്ച്‌ 'ക്വോട്ടേഷന്‍'  എന്നാ വിപത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയേ തീരു. നമ്മുടെയും, വരും തലമുറയുടെയും, ആയുസ്സെത്താതെ മരിക്കേണ്ടി വരുന്ന ക്വോട്ടേഷന്‍ സഹോദരന്മാരുടെയും രക്ഷക്കായി.............



[RajeshPuliyanethu,
 Advocate, Haripad]


     

       

       

No comments:

Post a Comment

Note: only a member of this blog may post a comment.