Friday, 23 December 2011

ഒരു ബസ്‌ യാത്രയും, ജീവനും, കണ്ണാടിയും!!

       തമ്പി അളിയന് കഴിഞ്ഞ ദിവസ്സം എറണാകുളം വരെ ഒന്ന് പോകേണ്ടി വന്നു. തിരിച്ചു തിരുവനന്തപുരത്തിന് പോകാന്‍ ബസ്‌ കിട്ടിയപ്പോഴേക്കും സമയം അല്‍പ്പം വൈകി. ഏകദേശം 9 മണിയോടുകൂടി വയറ്റിലയില്‍നിന്നും ബസ്സില്‍ കയറിയ തമ്പി അളിയന് ബസ്‌ അരൂര് എത്തിയപ്പോഴേക്കും ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റ്‌ തരമായി.

        ബസ്സില്‍ മോശമില്ലാത്ത തെരക്കാണ്. സൂപ്പര്‍ ഫാസ്റ്റ് എന്നാ പേരുണ്ടെങ്കിലും അത്ര ഫാസ്റ്റ് ഒന്നുമല്ലാതെ ബസ്‌ നീങ്ങി ക്കൊണ്ടിരിക്കുന്ന്നു. വാതിലിനു നേരെ പുറകിലുള്ള  സീറ്റ്‌ ആയിരുന്നതിനാല്‍ തമ്പി അളിയന് കാര്യമായി ഒന്ന് ഉറങ്ങുന്നതിനും കഴിഞ്ഞില്ല. വല്ലാത്ത തണുത്ത കാറ്റും അടിക്കുന്നുണ്ട്. തിരുവനന്തപുരത്തു വണ്ടി എത്തുന്ന സമയവും അവിടെനിന്നും വീട്ടിലേക്കു പോകുന്നതും എല്ലാം  തമ്പി അളിയന്റെ ഉറക്കം കേടുത്തുന്നവയാണ്. അല്‍പ്പം മയങ്ങിയും, ഉണര്‍ന്നും തമ്പിയളിയന്‍ വണ്ടി ഏതാണ്ട് ആലപ്പുഴക്ക് അടുത്തുവരെ എത്തിച്ചു. ഒരു മഹാമനസ്ക്കന്റെ മുഖച്ഛായ ഉണ്ടായിരുന്ന കണ്ടെക്ടര്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തോക്കെ ബസ്‌ നിര്‍ത്തി നല്‍കുന്നുമുണ്ട്. അതില്‍ മുറുമുറുപ്പോടെ ഡ്രൈവറും ചില യാത്രക്കാരും.   

       സമാനമായ ആവശ്യവുമായി ബസ്സിന്റെ ഏതാണ്ട് മധ്യഭാഗത്തുനിന്നും ഒരു ശബ്ദം കേട്ടു.

 'ആളിറങ്ങണം'. 

അതിനിവിടേതാ സ്റ്റോപ്പ്‌?? ഒരു യാത്രക്കാരന്റെ പരിഭവം നിറഞ്ഞ ശബ്ദം!

ഓ, രാത്രി അല്ലിയോ?? കണ്ടെക്ടര്‍ വിശദീകരണം പറഞ്ഞതും ബെല്‍ അടിച്ചതും ഒരുമിച്ചു കഴിഞ്ഞു. 

ബസ്‌ നിര്‍ത്തി ഡ്രൈവര്‍ പുറകോട്ടു നോക്കിയിരുന്നു പിറുപിറുക്കാന്‍ തുടങ്ങി. ഒന്നിറങ്ങി വാടോ, മനുഷേന് ഒരറ്റം 
പറ്റാനുള്ളതാ....

ഒരു ബാഗും കയ്യില്‍ തൂക്കി സാവധാനം; തന്റെ യാത്ര ഇവിടെ വരെ അല്ലെ ഉള്ളു എന്നാ സമാധാനത്തില്‍ ഒരാള്‍ അടിവെച്ചു ഫുഡ്‌ ബോര്‍ഡ്‌ ഇറങ്ങി. 

'ഓരോരുത്തനോക്കെ വന്നോളും' എന്ന് ശപിച്ചുകൊണ്ട് ഫുഡ്‌ ബോര്‍ഡില്‍ നിന്നിരുന്ന ചങ്ങാതി ഡോര്‍ വലിച്ചടച്ചു.. 

ബസ്‌ മുന്നോട്ടു നീങ്ങി അല്‍പ്പം വേഗത എടുത്തു തുടങ്ങി........
 ഒരു ചെറുപ്പക്കാരന്‍ യാത്രക്കാരെ വകഞ്ഞു മാറ്റികൊണ്ട് മുന്‍പോട്ടു വന്നു. അടുത്തെവിടെയോ ഇറങ്ങാനുള്ള അടുത്ത കുരിശാണിതെന്നുള്ള ധാരണയില്‍ ആള്‍ക്കാര്‍ അയാളെ ശ്രദ്ദിച്ചു കൊണ്ടിരുന്നു. അയാള്‍ ഫൂട്ട് ബോര്‍ഡിലെക്കിറങ്ങി താന്‍ ചവച്ചുകൊണ്ടിരുന്ന ഖൈനി പുറത്തേക്ക് തുപ്പാന്‍ വന്നതാണ്. 

അടുത്ത നിമിഷമാണതു സംഭവിച്ചത്. 
ഡോറിലേക്ക് ശരീരമമര്‍ത്തി പുറത്തേക്ക് തുപ്പാന്‍ ശ്രമിക്കുകയും ഡോര്‍ തുറന്നു പോവുകയും ഒരുമിച്ചു കഴിഞ്ഞു. ഫൂട്ട് ബോര്‍ഡില്‍ നേരത്തെ നില ഉറപ്പിച്ചിരുന്നയാല്‍ ചെറുപ്പക്കാരനെ കടന്നു പിടിച്ചു. പിടിച്ചയാള്‍ സഹിതം പുറത്തേക്ക് മറിയാന്‍ പോകുന്നത് കണ്ടു ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റില്‍ ഇരുന്ന തമ്പി അളിയന്‍ കിട്ടിയ ഏതൊക്കെയോ കയ്യിലൊക്കെ പിടിച്ചു വലിച്ചു ഇരുവരെയും ബസ്സിനുള്ളിലാക്കി. എല്ലാം രണ്ടോ മൂന്നോ സെക്കാണ്ടുകള്‍ക്കുള്ളില്‍ കഴിയുകയും ചെയ്തു.

മൂന്നു സെക്കാണ്ടുകളുടെ നിശബ്ദമായ ഇടവേളക്കു ശേഷം പുറകില്‍ നിന്നും ഒരു ശബ്ദം കേട്ടു!!

'രണ്ടിന്റെയും പണി ഇപ്പോള്‍ കഴിഞ്ഞെനേം'..

തമ്പി അളിയന്‍ അപ്പോളാണ് മനസ്സിലാക്കിയത്, രക്ഷിക്കാനുള്ള പ്രയത്നത്തില്‍ തന്റെ കണ്ണാടി ഒടിഞ്ഞിരിക്കുന്നു.  

തമ്പി അളിയന്‍ സമാധാനപൂര്‍വ്വം ഒടിഞ്ഞ കണ്ണാടി നീട്ടികൊണ്ട് ആ ചെറുപ്പക്കാരനോട് പറഞ്ഞു. സുഹൃത്തെ നിങ്ങള്‍ കാരണമാണ് എനിക്കീ നഷ്ടമുണ്ടായത്. നിങ്ങള്‍ ഇതിനു പരിഹാരമുണ്ടാക്കിത്തരണം. 

ഞാനോ? എന്തിനു? ആ ഡോര്‍ നേരെ ചൊവ്വേ അടക്കാഞ്ഞവനോട് ചോദിക്ക്....

ഡോറില്‍ നിന്നിരുന്നവന്‍ അതിനു മറുപടിപറഞ്ഞു. തന്നോടാരാ ഡോറെ വന്നു മറിയാന്‍ ആവശ്യപ്പെട്ടത്? എനിക്ക് ഇവിടെ ഡോര്‍ അടക്കലോന്നുമല്ല പണി. താന്‍ അയാള്‍ക്ക്‌ കണ്ണാടി മേടിച്ചു കൊടുക്കെടോ....

ബഹളം കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറകോട്ടു തിരിഞ്ഞിരുന്നു, എന്നിട്ടെല്ലാ മറിഞ്ഞപോലെ പറഞ്ഞു. വണ്ടി പറപ്പിക്കാത്തതിനായിരുന്നല്ലോ എല്ലാര്‍ക്കും കൊഴപ്പം, ഞാന്‍ മര്യാദക്ക് ഓടിച്ചത് കൊണ്ട് എല്ലാം ചാവാതെ കെടക്കുന്നു. അല്ലെ പോയവനേം പിടിച്ചവനേം എല്ലാം കാണാമാരുന്നു. 

ഇതിനെല്ലാം ആ കണ്ടക്ടറെ പറഞ്ഞാ മതിയെല്ലോ, മുക്കിനു മുക്കിനു നിര്‍ത്താന്‍ പോയിട്ടല്ലിയോ ഇതെല്ലാ മുണ്ടായത്. ആള്‍ക്കൂട്ടത്തിലാരോ കണ്ടക്ടറോടുള്ള ദേഷ്യം തദ് അവസരത്തില്‍ തീര്‍ത്തു.

 നിങ്ങള്‍ വാതില്‍ അടക്കാഞ്ഞവരും, പുറത്തേക്ക് ചാടിയവരും തമ്മില്‍ തര്‍ക്കിച്ചിട്ടോന്നും കാര്യമില്ല, ഞാന്‍ നഷ്ടപ്പെടുന്നതെന്തിനാ, നിങ്ങളിലാരെങ്കിലും പരിഹാരമുണ്ടാക്കിത്തരണം, തമ്പി അളിയന്‍ ശക്തമായിത്തന്നെ  പറഞ്ഞു.


ഒരു കണ്ണാടിയല്ലേ, അതങ്ങുപോകട്ടെന്നെ, നഷ്ട്ടപ്പെടാത്തവന്റെ കമന്റ്‌ ബസ്സില്‍ നിന്നുമുയര്‍ന്നു....

ഞാന്‍ എന്തിനാണെന്നെ സഹിക്കുന്നത്, നിങ്ങള്‍ എന്തെങ്കിലും പറ, തമ്പി അളിയന്‍ പറയുന്നത് പോലും ശ്രദ്ദിക്കാതെ ആ ചെറുപ്പക്കാരന്‍ തന്റെ മൊബൈലില്‍ വന്ന കാള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു. തമ്പി അളിയന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെയും അവഗണിച്ചു അയാള്‍ മിനിട്ടുകള്‍ മൊബൈല്‍ സംഭാഷണം തുടര്‍ന്നു. ഫോണ്‍ കട്ട്‌ ചെയ്തു തമ്പി അളിയനോട് തിരിഞ്ഞു കൊണ്ട്....

താന്‍ മേടിചോണ്ടേ പോകത്തോള്ളോ??
 താന്‍ കാരണം കേവലം മിനിട്ടുകള്‍ക്ക് മുന്‍പ് ജീവന്‍ അപായത്തില്‍ നിന്ന്നു അല്ലെങ്കില്‍ മാരകമായ മുറിവുകളില്‍ നിന്ന് രക്ഷപ്പെട്ട ഒരുവനില്‍ നിന്ന്നുള്ള ആ ചോദ്യം തമ്പി അളിയനെ ശരിക്കും സ്ഥബ്ദനാക്കി.

ഒരുത്തന്‍ ചാവാന്‍ പോയപ്പം ഒന്ന് സഹായിച്ചതിനാ, കണ്ണാടി ഒണ്ടാക്കി കൊടുക്കണമെന്ന്, ആ ശബ്ദം മറ്റൊരു നഷ്ടപ്പെടാത്തവന്റെയാണ്.
തനിക്കു പരാതി വല്ലതു മുണ്ടെങ്കില്‍ വണ്ടി ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിടാം, ഇതിനകത്ത് തര്‍ക്കമൊന്നും പറ്റത്തില്ല, ഉത്തരവാദിത്ത ബോധം ഉയര്‍ന്ന കണ്ടെക്ടര്‍ ആയിരുന്നു അത്.

ദേ വണ്ടി ആലപ്പുഴ എത്താറായി, താന്‍ മേടിക്കാനുള്ളതെല്ലാം അതിനു മുന്‍പ് മേടിച്ചോണം; എനിക്കിവിടെ ഇറങ്ങണ്ട്താ. പരിഹാസ പൂര്‍വമായ ചെറുപ്പക്കാരന്റെ വര്‍ത്തമാനം കേട്ട് തമ്പി അളിയന്‍ ഒന്നും മിണ്ടാതെ തന്റെ സീറ്റില്‍ ഇരുന്നു.

തന്റെ സീറ്റില്‍ കൂടെ ഉണ്ടായിരുന്ന എല്ലാറ്റിനും സാക്ഷിയായ വൃദ്ധനായ മനുഷ്യന്‍ ആശ്വാസ രൂപേണ തമ്പി അളിയനോട് പറഞ്ഞു; മോനെ പോയത് പോയി പക്ഷെ നീകാരണം രണ്ടു ജീവന്‍ രക്ഷപ്പെട്ടു. നിന്റെ ചെറിയ ഒരു പ്രവര്‍ത്തിക്കും ഒരു കണ്ണാടിക്കും തുല്യമാണ് അവര്‍ രണ്ടു പേരുടെ ജീവന്‍. അതില്‍ നിന്റെ പ്രവര്‍ത്തിയുടെ വില തരാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല, നീ ചോദിച്ച നിസ്സാരമായ ഒരു കണ്ണാടിയുടെ വില തരാന്‍ അവര്‍ തയ്യാറുമല്ല. അതിനര്‍ഥം അവര്‍ക്ക് സ്വന്തം ജീവന്റെ വിലപോലും അറിയാന്‍ വയ്യാത്തവരാണെന്നാണ്.

ഒരു വലിയ ആശ്വാസമായിരുന്നു ആ വാക്കുകള്‍ തമ്പിഅളിയന് നല്‍കിയത്. അപമാനത്തില്‍ നിന്നോ, പരാജയത്തില്‍ നിന്നോ ഒക്കെ ഉണ്ടായ ഒരു ആശ്വാസം പോലെ.

താന്‍ ചെയ്തത് ചെറിയ പ്രവര്‍ത്തി ആയിരുന്നു. രണ്ടു ജീവന്‍ എന്നാ വലിയ വില അതിനു ലഭിച്ചു എന്നു മാത്രം. ഒരു പരിചയവുമില്ലാത്ത ആ ചെറുപ്പക്കാരന് എന്നോട് കയര്‍ക്കാനും എന്നെ പരിഹസിക്കാനും ഉള്ള ശക്ത്തി ലഭിച്ചതിനു പിന്നില്‍ എന്റെ പ്രവര്‍ത്തി ഉണ്ട്. അതിനിടയില്‍പ്പെട്ട എന്റെ കണ്ണാടിയുടെ വില ഞാന്‍ ചോദിച്ചതുതന്നെ തെറ്റായിപ്പോയി. എനിക്കത് ചെയ്യാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ വീണു കിടക്കുന്ന അവരെ നോക്കി ഞാന്‍ ദൈവത്തെ പഴിച്ചേനെ. ഒരു വലിയ പ്രവര്‍ത്തി ചെറിയ രൂപത്തില്‍ ചെയ്യാനും, അതിനു ഫലവും തന്ന ദൈവത്തോട് നന്ദി പറയുകയാണ്‌ വേണ്ടത്..
തന്റെ പ്രവര്‍ത്തിയുടെ മഹത്വം ഓര്‍ത്ത്‌ അതില്‍ ആത്മാഭിമാനത്തോടെ തമ്പി അളിയന്‍ ആ ചെറുപ്പക്കാരനെ നോക്കി. ബസ്‌ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കയറാന്‍ തുടങ്ങുന്നു. ആ ചെറുപ്പക്കാരന്‍ ബസ്സിന്റെ ഫൂട്ട് ബോര്‍ഡി ലേക്ക് നടന്നിറങ്ങുന്നു. അയാളുടെ ജീവന്‍ വഴുതിപ്പോകാന്‍ തുടങ്ങിയ അതെ ഫൂട്ട് ബോര്‍ഡു.

അത്യാഹിതം സംഭവിച്ചു കഴിയുമ്പോള്‍ മാത്രം തീവ്രമായി കാണുകയും അതിനെ ഒഴിവാക്കാന്‍ സഹായിച്ചവരെ ത്രിണമായി കാണുകയും ചെയ്യുന്നവരെ ഓര്‍ത്ത്‌ തമ്പി അളിയന്‍ തന്റെ സീറ്റില്‍ ചാരി ഇരുന്ന്  മയങ്ങാന്‍ തുടങ്ങി.   



[RajeshPuliyanethu
 Advocate, Haripad]


3 comments:

  1. You ve a flair for writing and the narration is not bad!But I sense a slight sort of reporting!? You could ve transformed it to a good 'Mini Story'!Albeit all the best wishes!

    ReplyDelete

Note: only a member of this blog may post a comment.