Saturday, 1 July 2023

ഏകീകൃത സിവിൽ നിയമങ്ങൾ [Uniform Civil Code] കാണാത്തതും കാണേണ്ടതും....

     ഭാരതം വലുതായി ചർച്ചചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഏകീകൃത സിവിൽ നിയമങ്ങൾ... സ്വാതന്ത്രാനന്തര ഭാരതം ആദ്യം ചർച്ച ചെയ്തു തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ'... സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെ നിർമ്മാണ ഘട്ടം മുതൽ കഴിഞ്ഞ എഴുപത്തി അഞ്ചു വർഷങ്ങളിലും രാജ്യം ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്... ആ  ചർച്ചകൾ നടന്നിരുന്നത് പലപ്പോഴും ഏകീകൃത സിവിൽ നിയമങ്ങളെ ക്കുറിച്ചു ചർച്ചകൾ നടത്തണം എന്ന മനഃപ്പൂർവ്വമായ  തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല... മറിച്ചു കാലികമായ സംഭവങ്ങൾ ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിനോട് ആവശ്യപ്പെടുകയായിരുന്നു... മതപരമായും,, രാഷ്ട്രീയപരമായും,, സാമൂഹീകപരമായും,, നിയമപരമായും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നു തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന വിഷയം എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല... 

     'ഏകീകൃത സിവിൽ നിയമങ്ങൾ' നടപ്പിലാകുന്നതിലൂടെ എന്താണ് വിഭാവനം ചെയ്യുന്നതെന്ന് നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നാണ് പല കോണുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്... ഏകീകൃത സിവിൽ നിയമങ്ങൾ എന്ന ചിന്ത തന്നെ സമൂഹത്തിനു മുൻപിലേക്ക് ആധികാരികമായി അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടന തന്നെയാണ്...  രാജ്യത്തിന്റെ ശോഭനമായ ഭാവിയെ നോക്കിക്കണ്ടുകൊണ്ടും രാജ്യത്തിന്റെ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, ഭരണപരം, നീതി, നിയമം, സുരക്ഷിതത്വം, സമാധാനം എന്നിവയെ എല്ലാം മുൻനിർത്തിയും ഭരണഘടനാ ശില്പികൾ തന്നെയാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ [Directive Principles] ((ആർട്ടിക്കിൾ 36 മുതൽ 51 വരെ)) ഉൾക്കൊള്ളിച്ചിരിക്കുന്നതും നിർദ്ദേശക തത്വങ്ങളുടെ 44 ആം അനുഛേദത്തിൽ ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കേണ്ടവയാണ് എന്ന അർത്ഥത്തിൽ പ്രതിബാധിച്ചിരിക്കുന്നതും... ഇത്രയും സുവ്യക്തവും, കർക്കശവുമായി മതസ്വാതന്ത്ര്യവും, മൗലീക അവകാശങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങളും, സമത്വവും, തുല്യതയും, ജനാധിപത്യവും, നീതിയും ഉറപ്പുവരുത്തുന്ന, ലോകത്തെതന്നെ മഹത്തരമായ ഭരണഘടനകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ഭാരതത്തിന്റെ ഭരണഘടനയിൽ, നിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 44 മാത്രം പിഴവായിപ്പോയി എന്ന് കാണാനും കഴിയില്ലല്ലോ...!!?

     'ഏകീകൃത സിവിൽ നിയമങ്ങൾ' മതത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് എങ്കിലും അതിനു രാഷ്ട്രീയമാനങ്ങളും ഏറെയാണ്... ഭാരതത്തിന്റെ ഭരണഘടന ഭാവിയിലേക്കുള്ള ചൂണ്ടു പലകയായി  ഉൾപ്പെടുത്തിയ പല നിർദ്ദേശക തത്വങ്ങളിൽ കേവലം ഒന്ന് മാത്രമല്ല ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ 'ഏകീകൃത സിവിൽ നിയമങ്ങൾ'... ഹിന്ദുത്വത്തെ മുൻനിർത്തി പ്രവർത്തനം നടത്തുന്ന ബി ജെ പി യെ നയിക്കുന്ന നരേന്ദ്ര മോഡി ഭരിക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തെ ഇസ്‌ളാമിക ജനവിഭാഗത്തോട് നടത്തുന്ന വെല്ലുവിളിയായാണ് ബി ജെ പി യുടെ രാഷ്ട്രീയ എതിരാളികൾ 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയത്തെ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്... "ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ" എന്ന് എടുത്തു പറയേണ്ട അവസ്ഥാവിശേഷം നില നിൽക്കുന്നു എന്നതാണ് സത്യം... കാരണം ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ കൊണ്ഗ്രെസ്സ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രത്യക്ഷമായി എതിരല്ലായിരുന്നു എന്നും ഇടതു പക്ഷ പാർട്ടികൾ ശക്തമായി ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നവർ ആയിരുന്നു എന്നും കാണാം... ഇന്ന് പ്രതിപക്ഷ ചേരി ഒന്നടങ്കം ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ എതിർക്കുന്നുണ്ടെങ്കിൽ അതിനു കാരണം ബി ജെ പി സർക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന തിരിച്ചറിവ് തന്നെയാണ്... പക്ഷെ ആപത്കരമായി അവസ്ഥ എന്നത്, പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമായി മോഡി സർക്കാരിനെതിരെ ഏകീകൃത സിവിൽ നിയമങ്ങളെ ഉപയോഗിക്കുന്നത് രാജ്യത്ത് മതപരമായ ചേരിതിരിവും, വിദ്വെഷവും പരത്തിക്കൊണ്ടാണ് എന്നതാണ്... രാജ്യത്തെ പല ഇസ്ളാമിക സംഘടനകളും 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയം ഉദിച്ചപ്പോൾത്തന്നെ അതിനെ എതിർക്കുന്നവരാണ്... ശരീയത്ത് നിയമങ്ങൾ മാത്രമാണ് ലോകത്തിനു അഭികാമ്യം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണത്... എന്ത് തന്നെ ആയാലും അത് അവരുടെ നിലപാടാണ്... ആ നിലപാടുകൾ മാനിക്കപ്പെടേണ്ടതുണ്ടോ എന്നത് മറ്റൊരു ചോദ്യമായി പരിഗണിക്കപ്പെടാം... എന്നാൽ മുൻപ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന സി പി എം നെ പോലെയുള്ള കക്ഷികളുടെ രാഷ്ട്രീയ അസ്തിത്വമില്ലായ്മയാണ് ഈ വിഷയത്തിൽ ഏറെ പ്രകടമാകുന്നത്... നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി യെ മുസ്ളീം വോട്ടുകൾ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ട് നേരിടാൻ കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം മാത്രമാണ് പ്രതിപക്ഷനിര നടത്തുന്നത്... അതേ നാണയത്തിൻ്റെ മറുപുറമാണ് ഹിന്ദുത്വ അജണ്ടയെ മുറുകെപ്പിടിക്കുന്ന ബി ജെ പി നേട്ടമായി കാണുന്നത്... 'ഏകീകൃത സിവിൽ നിയമങ്ങൾ' അവതരിപ്പിക്കുക വഴി ഹിന്ദു സമൂഹത്തിന് നേട്ടം ഉണ്ടാക്കുന്ന ഒന്ന് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രതീതി വളർത്തുകയും അതുവഴി ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുകയും ചെയ്യുക  എന്നതാണ് ബി ജെ പി യുടെയും രാഷ്ട്രീയ അജണ്ട...  രാഷ്ട്രീയമായി മതത്തെ ഉപയോഗിച്ചുകൊണ്ട് പരസ്പരം മുതലെടുക്കാനുള്ള ഭരണ പ്രതിപക്ഷങ്ങളുടെ ഒരു ഗോദാ തയ്യാറാക്കലാണ് ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാൻ മുതിരുന്നതിൽക്കൂടി സംജാതമാകുന്ന രാഷ്ട്രീയ അവസ്ഥ... വളരെ നിസ്സാരമായ ഒരു രാഷ്ട്രീയ സമസ്യയുടെ ഉത്തരം കണ്ടെത്തുന്ന വലിയ വിജയി ആരായിരിക്കുമെന്നത് മാത്രമാണ് രാഷ്ട്രീയപരമായി നോക്കിക്കാണാനുള്ളത്..

     സാമൂഹീകമായി ചിന്തിച്ചാൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പ്രധാന അപാകത എന്ന് പറയുന്നത്, പ്രസ്തുത നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ആയ വലിയ വിഭാഗം ഈ നിയമത്തെ ശരിയായി മനസ്സിലാക്കുന്നില്ല എന്നതാണ്... നിയമത്തെ ശരിയായി പഠിച്ചവർ തങ്ങളുടെ രാഷ്ട്രീയ- മത താല്പര്യങ്ങൾക്കനുസൃതമായി പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടം കൈപ്പറ്റാൻ ശ്രമിക്കുന്നുമുണ്ട്... സമീപകാലത്ത് പൗരത്വ നിയമത്തിൻ്റെ അവതരണ വേളയിലും നമ്മൾ ഇതേ അവസ്ഥ കണ്ടു... പൗരത്വ നിയമം അവതരിപ്പിക്കപ്പെടുന്നതോടെ മുസ്ളീം മത  വിഭാഗക്കാരെ മുഴുവൻ നാടുകടത്തും എന്ന് തെറ്റിദ്ധരിച്ചു നിയമത്തെ അനുകൂലിച്ചവരുമുണ്ട്,, തങ്ങൾ നാടുകടത്തപ്പെടുവാൻ പോവുകയാണെന്ന് തെറ്റിദ്ധരിച്ചു നിയമത്തെ എതിർത്തവരുമുണ്ട്... ഏകീകൃത സിവിൽ നിയമങ്ങൾ വിഷയത്തിലെന്നപോലെതന്നെ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ താല്പര്യങ്ങൾക്കും നേട്ടങ്ങൾക്കും ഉതകും വിധം പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്... പ്രാഥമിക വിദ്യാഭ്യാസകാലഘട്ടത്തിൽ ഒരിക്കലും നിയമത്തെക്കുറിച്ചും, നിയമത്തിൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും കാൽ അക്ഷരം പഠിപ്പിക്കില്ലെന്ന ഭരണ കർത്താക്കളുടെ പിടിവാശിയുടെ ദുർഫലമാണ് പൗരൻ നിയമങ്ങളെ ശരിയായി മനസ്സിലാക്കാൻ ക്ഷമത ഇല്ലാത്തവനാകുന്നതിനും നിസ്സാരമായി തെറ്റിദ്ധരിപ്പിക്കാൻ ഇര ആകുന്നതിനും കാരണം... രാഷ്ട്രീയ പ്രഭുക്കളുടെ വഴി വിശാലമാക്കാൻ പൗരന്റെ ഈവിധമായ നിയമ നിരക്ഷത അനിവാര്യമാണെന്നത്‌ തമസ്ക്കരിക്കുന്ന ഒരു സത്യമായി അവശേഷിക്കുകയും ചെയ്യുന്നു...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ഏതൊക്കെ മേഘലയിൽ എന്ന് തിരിച്ചറിയുന്നത് പ്രസ്തുത നിയമത്തിൻ്റെ നിയമപരമായ ചോദ്യങ്ങളുടെ  ഉത്തരമാണ്... "വ്യക്തി നിയമങ്ങൾ" ഒഴികെ നിയമത്തിൻ്റെ മറ്റു സമസ്തമേഘലകളിലും ഏകീകൃത സ്വഭാവം നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്... 'വ്യക്തി നിയമങ്ങൾ' നില നിൽക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... വ്യക്തി നിയമങ്ങൾ പ്രവർത്തിക്കുന്നത്, വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, സ്വത്തവകാശം, കുട്ടികളുടെ കസ്റ്റഡി അവകാശം, മെയിന്റനൻസ് തുടങ്ങിയ മേഘലകളിലാണ്... ക്രിമിനൽ നിയമങ്ങളും മറ്റെല്ലാ നിയമങ്ങളും എല്ലാ പൗരന്മാർക്കിടയിലും ഏകീകൃത സ്വഭാവം പുലർത്തുമ്പോൾ എന്തുകൊണ്ട് വ്യക്തിനിയമങ്ങളും ഏകീകരിച്ചുകൊണ്ട് ഏകരാജ്യം ഏകനിയമം എന്ന തത്വം നടപ്പിലാക്കിക്കൂടാ എന്ന ന്യായമായ ചോദ്യമാണ് ഭരണഘടനാ ശില്പികൾ മുതൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ ഇന്ന് പിന്തുണക്കുന്നവർ വരെ ചോദിക്കുന്നത്... ഭാരതം ഒരു മതേതര രാജ്യമാണെന്ന് പ്രീആമ്പിൾ മുതൽ ഉറപ്പിക്കുന്ന ഒരു ഭരണഘടനയാൽ നയിക്കപ്പെടുന്ന ഒരു രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് നിയമം തന്നെ സാധൂകരിച്ചു നൽകുന്നു എന്നത് ഭാരതത്തിൻ്റെ മതേതര മുഖത്തിന്റെ ശോഭകെടുത്തുന്നു എന്നതാണ് എൻ്റെ നിഗമനം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗങ്ങൾക്കെതിരെയുള്ള ഒരു നീക്കമായല്ല, മറിച്ച്‌ നിലവിൽ നിലനിൽക്കുന്ന എല്ലാ വ്യക്തിനിയമങ്ങളിലെയും പരാധീനതകൾ പരിഹരിച്ച്‌ കാലോചിതമായ പുരോഗമനങ്ങൾ കൊണ്ടുവന്ന് പരിഷ്‌കരിച്ച്‌, മത ചിന്തകൾക്കതീതമായി നിയമം മാത്രം ചർച്ചചെയ്യുന്ന ഏകീകൃത സ്വഭാവം ഉണ്ടാക്കണം... 

     കാലോചിതമായ പരിഷ്‌ക്കാരങ്ങൾ ആവശ്യമായി വരുമ്പോൾ ബഹു ഭാര്യാത്വം, സ്ത്രീകൾക്ക് സ്വത്തവകാശത്തിൽ വിവേചനം തുടങ്ങിയ പ്രാകൃത വ്യവസ്ഥകൾ ഒഴിവാക്കേണ്ടി വരും... അത് നിലവിലെ ഏത് വ്യക്തി നിയമങ്ങളിലാണോ നിലനിൽക്കുന്നത് അവിടെ നിന്നും ഒഴിവാക്കപ്പെടണം... നിലവിൽ ഈ വിധമായ; ആധുനിക സമൂഹത്തിന് ചേർന്നുപോകാത്ത ഇത്തരം രീതികൾ ഇസ്‌ലാം വ്യക്തി നിയമങ്ങളിലാണ് ഉൾക്കൊണ്ടിരിക്കുന്നത്... ആ വ്യവസ്ഥകൾ ഒഴിവാക്കപ്പെടുമ്പോൾ അത് പരിഷ്ക്കരണമായാണ് വായിക്കേണ്ടത്... ഒരിക്കലും കടന്നു കയറ്റമായല്ല... 

     ബഹു ഭാര്യാത്വവും, പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീകളോടുള്ള അവഗണനയും ഹിന്ദു വ്യക്തി നിയമങ്ങളിലും നിലനിന്നിരുന്നു... പക്ഷെ 1955 ൽ നിലവിൽ വന്ന ഭേദഗതിയിലൂടെ കാലാനുസൃതമായ പരിഷ്കരണങ്ങൾ ഹിന്ദു വ്യക്തി നിയമങ്ങളിൽ കൊണ്ടുവരാൻ സാധിച്ചു... ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ബാധകമായ ബുദ്ധാ, ജയിൻസ്, സിക്ക്സ് എന്നിവരുടെ വ്യക്തി നിയമങ്ങളും അതുവഴി കാലോചിതമായി പരിഷ്കരിക്കപ്പെട്ടു... അതിനും പുറമെ 2018 ൽ വീണ്ടും ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെട്ടു... കുഷ്ഠം പോലെയുള്ള രോഗങ്ങൾ വിവാഹമോചനത്തിനുള്ള കാരണങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടു... ഹിന്ദു ദത്തവകാശം, മെയ്ന്റനൻസ് നിയമങ്ങളും പരിഷ്‌ക്കരിക്കപ്പെട്ടു... ഒരിക്കലും മാറ്റപ്പെടാൻ കഴിയാത്ത ദൈവീകമായ നിയമങ്ങളാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇസ്ളാം വിഭാഗത്തെപ്പോലെ തങ്ങളുടെ വ്യക്തി നിയമങ്ങൾ ഉപനിഷത്തുക്കളിൽ നിന്നും ഉൾക്കൊണ്ടാണ് അതിനാൽ ഭേദഗതി സാധ്യമല്ല എന്ന് കടും പിടുത്തം നടത്താതിരുന്നതാണ് ഹിന്ദുവിന്റെ മേന്മ എന്ന് കാണാം... ഏകീകൃത സിവിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഗോവൻ സിവിൾ കോഡ് ഉം സ്വോഭാവീകമായും അസ്ഥിരപ്പെടും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് തങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നോ, തങ്ങളുടെ പോർട്ടുഗീസ് സ്മരണകളെ തകർക്കുന്നതാണെന്നോ ഗോവാക്കാർ വിമർശനം ഉന്നയിക്കാതിരുന്നത് അവരുടെ പുരോഗമന ചിന്താരീതിയായി വിലയിരുത്തപ്പെടും... 

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ആർട്ടിക്കിൾ 25 ന്റെ violation ആണെന്ന നിലയിൽ വാദിക്കുന്നവരെയും കണ്ടു... എന്താണ് ആർട്ടിക്കിൾ 25 പറയുന്നത്? മനഃസാക്ഷിക്കനുസ്സരിച്ചു തൻ്റെ മതത്തെ പ്രചരിപ്പിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, അനുവർത്തിക്കുന്നതിനും ഉള്ള സ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നു... ഇത്രമാത്രമാണ് ആർട്ടിക്കിൾ 25 പറയുന്നതും ഉറപ്പുവരുത്തുന്നതും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വഴി ഭരണഘടന ആർട്ടിക്കിൾ 25 ൽക്കൂടി നൽകുന്ന ഏത് സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്!!??? മതപരമായ ഒരു ചടങ്ങിനെയും ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി ഇല്ലാതാകുന്നില്ല എന്നതാണ് വാസ്തവം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി, പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അഭികാമ്യമല്ലാത്ത പ്രാക്ടീസുകൾ ഏതൊക്കെ വ്യക്തി നിയമങ്ങളിൽ നിൽക്കുന്നുണ്ടോ അവയെ കാലാനുസൃതവുമായി പുനഃ ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നത്... അവയ്ക്കൊന്നും തന്നെ മതപരമായ ആചാരങ്ങളുമായി [Religious Practices] യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം...

     ഹിന്ദു  നിയമങ്ങളും, മുസ്ളീം, ക്രിസ്ത്യൻ, പാഴ്‌സി വ്യക്തിനിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചു ഏകീകൃത സ്വഭാവത്തോടെ എല്ലാവര്ക്കും ബാധകമായ ഒരു സിവിൽ നിയമം കൊണ്ടുവരിക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്... അവിടെ മുസ്ലീമിന് മാത്രം എന്തുകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം തങ്ങൾക്കെതിരെയുള്ള ആക്രമണമായി തോന്നുന്നത്?? കോടതി നിർദ്ദേശങ്ങളിൽക്കൂടിയും ഇസ്ളാമിലെ പ്രാകൃത - സ്ത്രീവിരുദ്ധ രീതികൾക്ക് മുൻപും ചിലമാറ്റങ്ങൾ ഉണ്ടായിട്ടില്ലേ?? അതിൻ്റെ ഉദാഹരണമല്ലേ "മുത്താഹ്‌ മാര്യേജ്"?? "Marriage For Enjoyment" എന്നായിരുന്നു ആ വിവാഹത്തിന്റെ സങ്കല്പം തന്നെ.. പഴയ കാലങ്ങളിൽ മലബാറിൽ നടന്നിരുന്ന "അറബി കല്യാണങ്ങൾ " മുത്താഹ്‌ മാര്യേജ് ന്റെ വെളിച്ചത്തിൽ നടന്നിരുന്നവയാണ്...  മുത്താഹ്‌ മാര്യേജ് കാലയളവിൽ സ്ത്രീയെ ലൈംഗീകമായി ആസ്വദിച്ചശേഷം പുരുഷൻ ഉപേക്ഷിച്ചു പോകുന്നു... തുടർന്ന് ആ സ്ത്രീക്ക് ജീവനാംശം നൽകുന്നതിനോ, ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായാൽ സംരക്ഷിക്കുന്നതിനോ പുരുഷൻ ബാധ്യസ്ഥൻ ആയിരുന്നില്ല... ഇസ്‌ളാമിക വ്യക്തി നിയമം [സുന്നി] ഈ സമ്പ്രദായത്തിന് സാധുത നൽകിയിരുന്നു... ഈ സമ്പ്രദായം സ്ത്രീ വിരുദ്ധമല്ല എന്ന് തോന്നുന്നത് ആർക്കൊക്കെയാണ്?? ഈ സമ്പ്രദായത്തിന്റെ നിയമ സാധുത നഷ്ട്ടപ്പെട്ടതുകൊണ്ട് ഇസ്ളാമിന് എന്ത് നഷ്ട്ടമാണുണ്ടായത്?? മൂന്ന് വിവാഹം കഴിച്ചേ മതിയാകൂ എന്ന് ശഠിക്കുന്ന എത്ര ഇസ്‌ലാം മത വിശ്വാസ്സികൾ ഇന്നുണ്ട്?? തൻ്റെ ഭർത്താവ് മറ്റു രണ്ടുപേരുടെകൂടി ഭർത്താവായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര സ്ത്രീകളുണ്ട്?? തന്റെ മകൾ ഒരുവന്റെ മൂന്നാമത്തെ ബീവിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര വാപ്പമാരുണ്ട്? വിവാഹമോചനം അനിവാര്യമായി വന്നാൽ തൻ്റെ സംരക്ഷണം ബന്ധുക്കളുടെയും, വക്കഫ് ബോർഡിന്റെയും മാത്രം ഉത്തരവാദിത്വമായി ചുരുങ്ങണം എന്ന് ആഗ്രഹിക്കുന്ന എത്ര മുസ്‌ലിം സ്ത്രീകളുണ്ട്?? തൻ്റെ മകളുടെ സ്ഥിതി അപ്രകാരമായിരിക്കണം എന്ന് കരുതുന്ന എത്ര പിതാക്കന്മാരുണ്ട്?? തൻ്റെ മകളെ മൂന്നുതവണ വിളിച്ചുപറഞ്ഞു വിവാഹബന്ധത്തിൽ നിന്നും വിടുതൽ ചെയ്യിക്കുകയും തുടർന്ന് പുരുഷന് അവൾക്ക് ജീവനാംശം പോലും നല്കാൻ ബാദ്ധ്യസ്ഥനല്ലാതെ അവൾ നിസ്സഹായാവസ്ഥയിൽ എത്താൻ ഏതു പെൺകുട്ടിയോ അവളുടെ പിതാവോ പ്രിയപ്പെട്ടവരോ ആണ് ഇഷ്ടപ്പെടുന്നത്?? Illegitimate ആയി ജനിച്ചുപോയി എന്ന കാരണത്താൽ ഒരു കുട്ടി തൻ്റെ മുൻഗാമികളുടെ സ്വത്തിൽ യാതൊരു അവകാശവും ഇല്ലാതാകുന്നവനാകുന്നതിലെ നീതി എന്താണ്?? പിതാവിൻെറ സ്വത്തിൽ മകനുള്ളതിന്റെ പാതി അവകാശത്തിനു പോലും മകൾക്ക് അവകാശമില്ലാത്ത അവസ്ഥയെ എങ്ങനെ ന്യായീകരിക്കപ്പെടും?? തൻ്റെ സ്വത്തിൽ പിതാവിനോ, മാതാവിനോ, മകനോ, മക്കൾക്കോ അപ്പുറം ബന്ധു ജനങ്ങളുടെ നീണ്ട നിര അവകാശികളാകുന്നതിനെ എത്ര ഇസ്ളാം വിഭാഗക്കാർ ഇഷ്ട്ടപ്പെടുന്നുണ്ട്?? അനേകം ഇസ്‌ലാമിക ദമ്പതികൾ 'സ്പെഷ്യൽ മാര്യേജ് ആക്ട്' പ്രകാരം വീണ്ടും വിവാഹം നടത്തുന്ന നിരന്തരമായ കാഴ്ച മുസ്ളീം പിന്തുടർച്ചാനിയമങ്ങളിലെ സമുദായത്തിനുള്ളിൽ നിന്നുതന്നെയുള്ള അപ്രീയമാണ് വെളിവാക്കുന്നത്... സംഭവിക്കേണ്ടിയിരുന്നത് ഇസ്ളാം വിഭാഗത്തിൽ നിന്നുതന്നെ ആത്മാഭിമാനമുള്ള സ്ത്രീകളും, വ്യക്തിത്വങ്ങളും  മുന്നോട്ടുവന്ന് വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കണമെന്നും, ഏകീകരിക്കപ്പെടണമെന്നും ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്... എന്നാൽ അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല മതത്തിന്റെ പേരിൽ സർവാധീശത്വവും തങ്ങളിലായിരിക്കണം എന്ന് ആവശ്യപ്പെടുന്ന മത - രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ പിടിയിലേക്ക് വീണ്ടും വീണ്ടും അവർ നിശബ്ദരായി ഒതുങ്ങി ഇരുന്നു കൊടുക്കുന്ന കാഴ്ച്ച അത്ഭുതം ഉളവാക്കുന്നു... ഇപ്രകാരമുള്ള ഒരുപാട് സ്വാഭാവീക നീതിയുടെ നഗ്നമായ ലംഘനങ്ങൾ വ്യക്തി നിയമങ്ങൾ എന്ന പേരിൽ വെച്ച് പുലർത്തുന്നു എങ്കിൽ അവയെല്ലാം തൂത്തറിയാൻ നമ്മൾ എഴുപത്തി അഞ്ചു വര്ഷം വൈകി എന്നാണ് കാണേണ്ടത്... വ്യക്തി നിയമങ്ങളുടെ അടിമച്ചങ്ങലയിൽ കോർത്തുവലിക്കാൻ വെമ്പിനിൽക്കുന്ന മത- രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് ലക്‌ഷ്യം സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്... ഇക്കൂട്ടർക്ക് സമൂഹത്തിന്റെ ഉന്നമനമോ രാഷ്ട്രത്തിന്റെ പുരോഗതിയൊ ഒന്നും തന്നെ ഒരു വിഷയമേ അല്ല... 

     രാഷ്ട്രീയമായ നിലനിൽപ്പ് മാത്രമാണ് തങ്ങൾക്ക് പ്രധാനമെന്ന് കോൺഗ്രസ് ഒരിക്കൽ തെളിയിച്ചതാണ്... സെക്ഷൻ 125 CrPC എല്ലാവർക്കും ബാധകമാണെന്ന നിലയിൽ 1985 ൽ ഷാഹ് ബാനോ കേസ്സിൽ സുപ്രീം കോടതി മുസ്ളീം ഡിവോഴ്സ്ഡ് വനിതയായ  ഷാഹ് ബാനോവിന് ജീവനാംശം അനുവദിച്ചുകൊണ്ട് ഉത്തരവായതിനെ കൊണ്ഗ്രെസ്സ് നേരിട്ടത് എങ്ങനെയായിരുന്നു എന്ന് നമ്മൾ കണ്ടതാണ്... കോടതി വിധിയെ മറികടക്കാൻ വേണ്ടി നിയമനിർമ്മാണം തന്നെ നടത്തി,  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം ജീവനാംശത്തിന് അർഹതയില്ല എന്ന മത നിയമത്തെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു കൊടുത്തു...  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം മൂന്നുമാസ്സം മാത്രം ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹത ഉള്ളൂ എന്നും അതിനു ശേഷം ബന്ധുക്കളോ അതല്ല വക്കഫ് ബോർഡോ സംരക്ഷണം നൽകണം എന്നും നിയമത്തിൽ വിവക്ഷിച്ചു... അന്ന് മുസ്ളീം വോട്ടുബാങ്ക് മാത്രം മുൻനിർത്തി രാജീവ് ഗാന്ധി അങ്ങനെ ഒരു നിയമ നിർമ്മാണം നടത്തി കോടതി വിധിയെ അസ്ഥിരപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മുസ്ളീം വനിതകളുടെ സംരക്ഷണത്തിലേക്ക് നടത്തുന്ന വലിയ ഒരു ചുവട് വെയ്പ്പ് ആകുമായിരുന്നു ആ വിധി... കോടതി വിധിയെ നിയമനിർമ്മാണം കൊണ്ട് മറികടന്നതുവഴി എന്ത് ഉന്നമനമാണ് മുസ്ളീം വനിതകൾക്ക് ഉണ്ടായത് എന്ന ചോദ്യത്തിന് കൊണ്ഗ്രെസ്സ് എന്ത് ഉത്തരം പറയും...?? തങ്ങൾക്ക് മുസ്ളീം മതപ്രഭുക്കന്മാരെ പ്രീണിപ്പിച്ചു വോട്ടുനേടി അധികാരം നിലനിർത്തണം എന്നതിനപ്പുറം കാതലായ ഒരു വിശദീകരണവും കോൺഗ്രസിന് തരാനുണ്ടാകില്ല എന്നതാണ് വസ്തുത... നീണ്ട മുപ്പത്തി അഞ്ചു വർഷങ്ങൾക്കിപ്പുറം ചില കോടതി വിധികളുടെ അടിസ്ഥാനത്തിൽ അല്പ്പം നിലാവെളിച്ചം കടന്നു കൂടിയതല്ലാതെ ജനപ്രതിനിധി സഭകൾ എന്ത് പുരോഗമനപരമായ നിയമനിർമ്മാണമാണ്‌ മുസ്‌ളീം വനിതകൾക്കായി നടത്തിയിട്ടുള്ളത്?? ഒരു സമൂഹത്തിലെ വനിതകളോട് ആകമായി ചെയ്ത ചതിക്ക് മാപ്പു പറയുന്നതിന് പകരം അതേ മതനിയമങ്ങൾക്കുള്ളിൽ ഒരു സമുദായത്തിലെ സ്ത്രീകളെ ആകമാനം തളച്ചിടാനാണ് കോൺഗ്രസ്സും പ്രതിപക്ഷപാർട്ടികളും ഇന്നും ശ്രമിക്കുന്നത്...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ Marriage, Adoption, Succession എന്നതിനപ്പുറവും മറ്റു ചില കാര്യങ്ങളിൽക്കൂടി സമഗ്രമായ മാറ്റങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്... അതിൽ ഒരു ഉദാഹരണമാണ് PROHIBITED DEGREE OF RELATIONSHIP... [വിവാഹം കഴിക്കുന്നതിന് നിയമപരമായ വിലക്കുകളുള്ള ബന്ധങ്ങൾ] സഹോദരൻ സഹോദരിയെ, സഹോദരന്റെ മകളെ, ഗ്രാൻഡ് മകളെ, മാതാവിന്റെ സഹോദരങ്ങളുടെ മക്കളെ, പിതാവിന്റെ സഹോദരങ്ങളുടെ മക്കളെ, അനന്തരവളെ, അങ്ങനെ അടുത്ത രക്ത ബന്ധത്തിൽ ഉള്ള ആൾക്കാരുമായുള്ള വിവാഹം നിലവിലെ വ്യക്തി നിയമങ്ങൾ തന്നെ അനുവദിക്കുന്നില്ല... എന്നാൽ CUSTOM നിലനിൽക്കുന്നുണ്ടെങ്കിൽ സാധുത നല്കുന്നുമുണ്ട്... ഉദാഹരണമായി പറഞ്ഞാൽ  സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിലുള്ള വിവാഹം  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... എന്നാൽ കേരളത്തിൽ മുറപ്പെണ്ണ് സമ്പ്രദായം നിലനിക്കുന്നതിനാൽ നിയമപരമായി തെറ്റാകുന്നില്ല... അതുപോലെതന്നെ സഹോദരിയുടെ മകൾ  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... പക്ഷെ തമിഴ് നാട്ടിലെ CUSTOM അനുസരിച്ചു 'മുറൈ മാമൻ' സമ്പ്രദായം നിലനിൽക്കുന്നതിനാൽ അവിടെ  PROHIBITED DEGREE OF RELATIONSHIP അടിസ്ഥാനത്തിൽ വിവാഹം തടയപ്പെടുന്നില്ല... ക്രിസ്ത്യൻ വ്യക്തി നിയമത്തിൽ PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന യാതൊരു വിവാഹവും അനുവദിക്കുന്നില്ല...  ഇത്തരം കാര്യങ്ങളിൽ ഏകീകൃത സിവിൽ നിയമങ്ങൾ എപ്രകാരമാണ് ഏകീകൃത സ്വഭാവം കൊണ്ട് വരുന്നത് എന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്... ഏകീകൃതമായി PROHIBITED DEGREE OF RELATIONSHIP ന് നിയമനിർമ്മാണം നടത്തിയാൽ CUSTOM അനുവദിക്കാൻ കഴിയാതെ വരും... CUSTOM അനുസരിച്ചു ഇളവുകൾ അനുവദിച്ചാൽ നിയമത്തിന് ഏകീകൃത സ്വഭാവം ഇല്ലാതെവരും... PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന വിവാഹങ്ങൾക്കെല്ലാം നിയമ പ്രാബല്യം ഇല്ല എന്ന് വന്നാൽ ആ ഒരു ഭാഗം നടപ്പിലാക്കുന്നതിന് കുറഞ്ഞത് പത്തുവർഷത്തെ കാലതാമസം എങ്കിലും അനുവദിക്കേണ്ടിവരും... വിവാഹം നിശ്ചയിച്ചവരും, പ്രണയബന്ധത്തിൽ തുടരുന്നവരും ഏകീകൃത സിവിൽ നിയമങ്ങൾ നിലവിൽ വന്നതിനാൽ പിന്മാറാൻ നിർദ്ദേശിക്കാൻ കഴിയില്ലല്ലോ? നിയമം  PROHIBITED DEGREE OF RELATIONSHIP ഉള്ളിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചേതീരൂ എന്ന് നിർബന്ധിക്കാത്തിടത്തോളം കാലം ഈ വിലക്ക് കർശനമായി പാലിക്കുന്ന മതവിഭാഗങ്ങൾക്ക് അതൊരു വിഷയവും ആകുന്നില്ല...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ മതപരമായ ആചാരങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല എന്ന് തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്... ഉദാഹരണത്തിന് വിവാഹത്തിന്റെ നിയമപരമായ വശങ്ങളാണ് നിയമം സംസാരിക്കുന്നത്... മറിച്ചു വിവാഹത്തിന്റെ ആചാരങ്ങളെ അല്ല... ഉദാഹരണത്തിന് മുസ്ളീം വിവാഹത്തിൽ "മഹർ" നൽകുന്നതിനെ നിയമം എതിർക്കില്ല... താലികെട്ടിയോ, മിന്നു കെട്ടിയോ, മറ്റേതെങ്കിലും നിലനിൽക്കുന്ന CUSTOM മുഖേനയോ SOLAMNIZE ചെയ്യുന്ന മതാചാര വിവാഹങ്ങളിലേക്ക് ഏകീകൃത സിവിൽ നിയമങ്ങൾ കൈകടത്താനേ പോകുന്നില്ല... പക്ഷേ ഈ വിധമായ RELIGIOUS CUSTOM അനുവർത്തിക്കാത്ത വിവാഹങ്ങൾക്കും നിയമ പ്രാബല്യം ഉണ്ടായെന്നു വരാം... മഹർ നൽകിയുള്ള വിവാഹത്തെ ഏകീകൃത സിവിൽ നിയമങ്ങൾ എതിർക്കില്ല പക്ഷെ മഹർ നല്കാതെയുള്ള വിവാഹത്തിനും നിയമപ്രാബല്യം ഉണ്ടായെന്നു വരാം...  

     ഒരു രാജ്യം ഒരൊറ്റ നിയമം എന്നത് രാജ്യത്തിന്റെ ശോഭയെ വര്ധിപ്പിക്കുകയേ ഉള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... മതം വിശ്വാസ്സങ്ങൾക്കും, ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും വേണ്ടിയുള്ളതാണ്... മതം ഒരിക്കലും നിയമത്തിലേക്കും ഭരണ നിർവഹണത്തിലേക്കും കടന്നുവരരുത്... മതം നിയമ പ്രാബല്യമുള്ള ഒന്നിന്റെയും സ്വാധീനശക്തി ആകാൻ പാടില്ല... ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളെ ബഹുമാനിച്ചുകൊണ്ട്ഏകീകൃത സിവിൽ നിയമങ്ങളെ സർവാത്മനാ നമുക്ക് സ്വാഗതം ചെയ്യാം...

[Rajesh Puliyanethu

 Advocate, Haripad]

No comments: