✍️ Adv Rajesh Puliyanethu
ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന പദ്ധതി BEVCO വിഭാവനം ചെയ്യുന്നു എന്നറിയുന്നു... സ്വാഭാവികമായും എതിർപ്പുകൾ ഉയരുന്നുണ്ട്... അതിന് രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഉണ്ടാകാം... എന്നാൽ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ എങ്ങനെയൊക്കെ ഈ ആശയത്തെ നോക്കി കാണാൻ കഴിയും?
ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന സമ്പ്രദായം പുരോഗമനപരമാണ് എന്ന ആമുഖത്തോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ... മദ്യലഭ്യത പരമാവധി കുറയ്ക്കുക എന്ന പ്രഖ്യാപിത നയത്തോടെ അധികാരത്തിൽ കയറിയ കമ്മ്യൂണിസ്റ്റ് സർക്കാർ നിയമിച്ച BEVCO എംഡി 500 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നും വരുംകാലങ്ങളിൽ 2500 കോടി രൂപയോളം വരുമാനവർദ്ധനം ഉണ്ടാകുമെന്നും പറഞ്ഞതാണ് പദ്ധതിയിലെ ഒരു പാളിച്ചയായി ഞാൻ കാണുന്നത്...
ഈ പദ്ധതിയെ ഏറ്റവും കൂടുതൽ എതിർക്കാൻ കാരണമുണ്ടായിരുന്നത് ബാറുകാർക്കാണ്... സർക്കാർ മദ്യ കൗണ്ടറുകൾ വഴി വാങ്ങിപ്പോകുന്ന മദ്യം സ്വകാര്യ സ്ഥലങ്ങളിൽ ഇരുന്ന് മാത്രം ഉപയോഗിക്കുന്നതിനാണ് എന്നതാണ് നിയമം കരുതുന്നത്... സ്വകാര്യമായ വീടോ മറ്റേതെങ്കിലും സ്ഥലവും ഒഴികെ ബാറുകൾ മാത്രമാണ് പൊതുവായി മദ്യപിക്കാനുള്ള ഇടങ്ങൾ... സർക്കാർ വിതരണ കേന്ദ്രങ്ങളിൽ പോയി ക്യു നിന്നു വാങ്ങാൻ വിമുഖതയുള്ളവർ ബാറുകളെ ആയിരുന്നു ആശ്രയിച്ചുകൊണ്ടിരുന്നത്... അത്തരം ഉപഭോക്താക്കൾ ഓൺലൈൻ വഴി മദ്യം വാങ്ങി വീട്ടിലിരുന്ന് മദ്യപിക്കുന്നത് ബാറുകളുടെ കച്ചവടത്തെ ദോഷമായി ബാധിക്കുന്നതാണ്... അതുകൊണ്ടാണ് ബാറുകൾ ഈ പദ്ധതിയെ എതിർക്കാൻ കാരണമുണ്ട് എന്നു പറഞ്ഞത്... അപ്രകാരമുള്ള മറ്റു ചില കാരണങ്ങളുമുണ്ട്... ബാറുകളിൽ ലഭിക്കേണ്ട വരുമാനമാണ് ഡൈവർട്ട് ചെയ്തത് ഈ പദ്ധതി മൂലം സർക്കാർ ഔട്ട്ലെറ്റുകളിൽ എത്തി വരുമാനം വർദ്ധിക്കുന്നതെന്ന് BEVCO MD പറഞ്ഞിരുന്നെങ്കിൽ അത് ന്യായീകരിക്കപ്പെടുമായിരുന്നു...
ഈ പദ്ധതിയെ എതിർക്കുന്നവർ പറയുന്നത് വീടുകളിൽ മദ്യ ഉപഭോഗം കൂടും എന്നുള്ളതാണ്... നിലവിലെ സർക്കാർ ഔട്ട്ലെറ്റുകൾ വഴി വാങ്ങുന്ന മദ്യവും വീടുകളിലൊ മറ്റ് സ്വകാര്യ ഇടങ്ങളിലോ മാത്രം ഉപഭോഗം ചെയ്യാൻ കഴിയുന്നവയാണ്... അങ്ങനെയെങ്കിൽ സർക്കാർ ഔട്ട് ലെറ്റുകളും പൂട്ടേണ്ടവയാണ്... വീട്ടിലിരുന്ന് മദ്യ ഉപഭോഗം ചെയ്യുന്നവർക്ക് പല മേന്മകളോടെ ഒരു സൗകര്യ വർദ്ധനവ് ഉണ്ടായി എന്നതാണ് ഓൺലൈൻ മദ്യ വിതരണ ആശയത്തെ കാണേണ്ടത്...
സമൂഹത്തിൽ വളരെ അച്ചടക്കത്തോടെ ജീവിക്കുന്ന പല ആൾക്കാർക്കും ചെറിയതോതിൽ മദ്യപിക്കുന്ന സ്വഭാവം ഉണ്ടാകാം... അവർ സമൂഹത്തിലെ പലവിധമായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ആകാം... അവർക്ക് ബാറിൽ പോയി മദ്യപിക്കുക എന്നതു പോലും സ്വയം ആക്ഷേപകരമായി കരുതുന്നവർ ആയിരിക്കാം... അവർ തങ്ങളുടെ പദവികളെ പോലും മറന്ന് മദ്യം വാങ്ങിക്കാൻ വേണ്ടി മറ്റു പലരെയും ആശ്രയിക്കേണ്ടി വരും... അവരോട് അനാവശ്യമായ ഒരു വിധേയത്വം കൊടുക്കേണ്ടി വരുന്നത് മദ്യം വാങ്ങി നൽകുന്ന ആൾ എന്ന നിലയിലാണ്... മദ്യം ഉപയോഗിക്കുന്നത് നിഷിദ്ധമല്ലാത്ത ഈ മണ്ണിൽ അപ്രകാരം ഒരു അവസ്ഥയിലേക്ക് അവരെ എത്തിച്ചു നിർത്തുന്നത് അനീതിയാണ്... കേൾക്കുമ്പോൾ നിസ്സാരമായ ഒരു വിധേയത്വം എന്ന് തോന്നിയാലും ആ വിധേയത്വം മൂലം പല ഉത്തരവാദിത്ത പദവികൾ വഹിക്കുന്നവരും ചെയ്തു പോകുന്ന പാതകങ്ങൾ വിവരണാതീതമാണ് എന്നും കാണണം...
മദ്യം ഓൺലൈനിൽ വിതരണം ചെയ്താൽ അത് പ്രായപൂർത്തിയാകാത്ത ആൾക്കാരിൽ എത്തിച്ചേരും എന്നതാണ് മറ്റൊരു എതിർവാദം... വളരെ ദുർബല ഒരു വാദമായാണ് ഞാൻ അതിനെ കാണുന്നത്... കാരണം നിലവിൽ തന്നെ വെബ്കോയിൽ നിന്നും പ്രായപൂർത്തിയായ ഒരാൾ വാങ്ങുന്ന മദ്യക്കുപ്പി പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനെ തടയുന്ന മാർഗങ്ങളില്ല എന്നതുകൊണ്ടാണ്... പ്രായോഗികമായി സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യവും ഓൺലൈൻ വഴി വാങ്ങുന്ന മദ്യവും പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ സമാനങ്ങളാണ്...
സർക്കാർ ഔട്ട്ലെറ്റുകളിൽ പോയി മദ്യം വാങ്ങാൻ മടിയുള്ള ആൾക്കാരുടെ സംഖ്യ, മദ്യം ഉപയോഗിക്കുന്നവർക്കിടയിൽ ചെറുതാണെന്ന് കരുതാതെ ഇരിക്കുകയാണ് വേണ്ടത്... അങ്ങനെയുള്ള മദ്യ ഉപഭോക്താക്കൾ ബാറുകളെയാണ് ആശ്രയിക്കുന്നത്... അവർക്ക് ഓൺലൈൻ വഴി സ്വകാര്യമായി മദ്യം വീട്ടിൽ ലഭിച്ചാൽ ആ സമ്പ്രദായത്തെ ആശ്രയിക്കും... അങ്ങനെ ബാറുകളിൽ മദ്യപിച്ച് വാഹനമോടിച്ച് വീടുകളിലേക്ക് പോകാൻ നിർബന്ധിതരായ അനേകം ഉപഭോക്താക്കളെ നിയമലംഘനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കും... മദ്യ ഓൺലൈൻ വിതരണ പദ്ധതി അപകടങ്ങളെ കുറയ്ക്കും എന്നുകൂടി പറയട്ടെ...
നമ്മുടെ നാട്ടിൽ ജോലി കഴിഞ്ഞ് ഫ്രീ ആകുന്നതിന് വൈകിട്ട് 5:00 മണി മുതൽ മുകളിലേക്ക് പത്തുമണി കഴിഞ്ഞും പോകുന്ന തൊഴിലുകൾ ഉണ്ട്... അവരിൽ പലരും മദ്യപിക്കുന്നവരാണ്... അവർ ബാറുകളെയും സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി നൽകുന്നവരെയും ആശ്രയിക്കുന്നു... തൊഴിൽ കഴിഞ്ഞ് ബാറുകളിൽ പോയി മദ്യപിക്കുന്നതിനേക്കാൾ ഗുണകരമായ സാമൂഹിക, കുടുംബ അന്തരീക്ഷം അയാൾക്ക് നൽകുന്നത് ഓൺലൈനിൽ വീട്ടിലെത്തിയ മദ്യം വീട്ടിലിരുന്ന് മദ്യപിക്കുന്നതാണ്... കാരണം അയാൾ മദ്യപാനം തുടങ്ങുന്നത് തന്നെ കുടുംബ അന്തരീക്ഷത്തിന്റെ മുൻപിലോ, അല്പം മറവിലോ ആയ അന്തരീക്ഷത്തിലാണ്... ഞാൻ കുടുംബത്തിനുള്ളിലാണ് എന്ന ബോധം അയാളെ സ്വയം ഒരുപാട് പരിമിതികളിലേക്ക് ചുരുക്കും.. അത് അയാളുടെ മദ്യ ഉപഭോഗത്തെയും, വീടിന് പുറത്തുള്ള സുരക്ഷിതമല്ലാത്ത മറ്റൊരു ഇടത്തിൽ ഇരുന്നു മദ്യപിച്ചതിനുശേഷം ഉള്ള പലവിധമായ മോശം അനുഭവങ്ങളെയും ഇല്ലാതാക്കും... അത് കുടുംബത്തോടൊപ്പം ചെലവാക്കുന്ന സമയത്തെയും വർദ്ധിപ്പിക്കും...
ഓൺലൈൻ വഴി മദ്യം വിതരണം ചെയ്താൽ ഉപഭോഗത്തെ വലുതായി വർധിപ്പിക്കുകയും എന്ന് കരുതാൻ കഴിയില്ല... 'സർക്കാർ ഔട്ട്ലെറ്ററിൽ പോയി Q നിന്ന് വാങ്ങേണ്ടല്ലോ,, അതിനാൽ മദ്യപാനം തുടങ്ങിയേക്കാം' എന്നാരും കരുതില്ലല്ലോ? ബാറുകളിൽ കച്ചവടം കുറയും, ബാറുകളിൽ നിന്നും സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ കുറവ് ഉണ്ടാവും... ബാറുകളിൽ ലഭ്യമായ സേവനങ്ങൾ കൂടുതലായി ഉപഭോക്താവിന് നൽകിക്കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനും പിടിച്ചു നിർത്താനും അവർ ശ്രമിക്കും...
മദ്യപിക്കുന്നവരിൽ വലിയ ഒരു വിഭാഗം ഓൺലൈൻ പർച്ചേസിലേക്ക് മാറിയാൽ തന്നെ ഒരു സമൂഹത്തിനെ ആകമാനം നാണം കെടുത്തും വിധമുള്ള ക്യു സർക്കാർ മദ്യ ഔട്ട്ലെറ്റുകളുടെ മുൻപിൽ നിന്നും ഒഴിവാകും എന്നത് തന്നെ ഈ പദ്ധതിയുടെ വലിയൊരു നന്മയായി കാണണം...
മദ്യത്തിനെ സംബന്ധിക്കുന്ന എന്ത് ആശയങ്ങൾ വന്നാലും ഉടനെ എതിർക്കണം എന്ന് കർത്താവിൻറെ അരുളപ്പാട് ഉള്ളതുപോലെയാണ് ക്രിസ്ത്യൻ സഭകൾ മദ്യ വിതരണത്തെ കുറിച്ചുള്ള ഏതൊരു ആശയത്തെയും എതിർക്കുന്നത്... ബാറുകൾ അനവധി നടത്തുന്ന സമൂഹങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നും സർക്കാർ എതിർപ്പുകൾ നേരിടേണ്ടി വരും എന്നതും നിശ്ചയമാണ്...
ഓൺലൈൻ വഴി മദ്യ വിതരണം നടത്തുന്നതിന് നിയമപരമായ വഴികൾ കൂടി തെളിക്കേണ്ടതുണ്ട്... ഈ ആശയം പ്രാവർത്തികമാകുന്നതിന് അബ്കാരി നിയമം ഭേദഗതി ചെയ്യേണ്ടിവരും എന്നാണ് എൻറെ നിഗമനം... മദ്യ വില്പന, വിതരണം ഈ വക കാര്യങ്ങളിൽ കേരള അബ്കാരി നിയമം ഓൺലൈൻ വിതരണത്തെ പിന്തുണയ്ക്കുന്നില്ല... അതുമാത്രമല്ല ഓൺലൈൻ വിതരണക്കാരന് ക്യാരി ചെയ്യാവുന്ന മദ്യത്തിൻറെ അളവിൽ വ്യക്തതയോ, വ്യതിയാനമൊ വരുത്തണം... ഓൺലൈൻ അംഗീകൃത വിതരണക്കാരന് Exception കൊടുക്കണം... അങ്ങനെ നിയമപരമായി പൂർത്തീകരിക്കേണ്ട ആവശ്യങ്ങൾ പലതുണ്ട്...
മദ്യം ആപത്കരമാണെന്ന തത്വത്തെ ഉൾക്കൊണ്ടുതന്നെ മദ്യത്തിൻറെ ഉല്പാദനത്തെയും വിതരണത്തെയും നിയമവും, വ്യവസ്ഥിതിയും അനുകൂലിക്കുമ്പോൾ അതിൻറെ വിതരണത്തിലെ ശോഷത്വമാണ് ഏറ്റവും വലിയ മദ്യവർജന മാർഗം എന്ന് ചിന്തിക്കുന്നത് ഭോഷ്കാണ് എന്നതാണ് എൻറെ പക്ഷം...
[Rajesh Puliyanethu
Advocate, Haripad]
നിയമം വിലക്കാത്താടത്തോളം കാലം നിയമപരമായി മദ്യപിക്കുന്നവനും സൗകര്യങ്ങൾക്ക് അവകാശമുണ്ട്...
Healthy Drinking May Be A Concept
But
Wealthy Drinking Is Reality....
No comments:
Post a Comment
Note: only a member of this blog may post a comment.