കമ്യുണിസ്റ്റ് മാർസിസ്റ്റ് പാർട്ടികൾക്ക് പ്രത്യയ ശാസ്ത്ര ബലവും, സംഘടനാ ബലവും, ആദർശവും, ലക്ഷ്യബോധവും എല്ലാം നഷ്ടപ്പെടുകയോ, ദുർബലപ്പെടുകയോ ചെയ്തിരിക്കുന്നു എന്ന് പൊതുസമൂഹം ഒന്നായി ചിന്തിക്കുന്നു.. പാർട്ടി നേതൃത്വങ്ങൾ അത്തരം സംശയങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് പോലും അംഗീകരിക്കാൻ തയ്യാറല്ല, അത് സ്വന്തം നഗ്നതയെ ഇരുട്ടിനാൽ മറക്കാൻ ശ്രമിക്കുന്നത് പോലെ മാത്രമേ ഉള്ളു!! കാലാനുസൃതമായി പാർട്ടി സ്വീകരിക്കുന്ന അനിവാര്യമായ മാറ്റങ്ങളുടെ മാത്രം വിലയിരുത്തലുകളാണവ എന്ന് കൂടി പറയുന്ന പാർട്ടി നേതാക്കളോട് ഒരു കൂട്ടം ചോദ്യങ്ങൾ ഉയർത്തിയെ മതിയാകൂ!! വർഷങ്ങൾക്ക് മുൻപ് ഇന്നത്തെക്കാലത്തെക്കെന്ന് കണ്ട് നിങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ പൂർണ്ണ ലക്ഷ്യത്തിൽ എത്തിയോ?? ഇവിടെ സമ്പൂർണ്ണ സമത്വവും സൊഷ്യലിസ്സവും നടപ്പിലായോ?? ഇവിടെ ഭൂമിക്കുമേൽ എല്ലാവർക്കും തുല്യാവകാശം സിദ്ധിച്ചോ?? ഭൂമിയിലെ വിഭവങ്ങൾ തുല്യമായി ഇവിടുത്തെ മനുഷ്യർക്കിടയിൽ വിതരണം ചെയ്തു കഴിഞ്ഞോ?? ഇവിടെ മൂലധനത്തിനേക്കാൾ പ്രാധാന്യമുള്ളതായി തൊഴിലാളിയുടെ അധ്വാനം കൊണ്ട് വളരുന്ന മൂലധനത്തിന്റെ വളർച്ചാ അളവ് നോക്കിക്കാണുന്ന സാമൂഹിക- സാമ്പത്തിക അവസ്ഥ എത്തിച്ചേർന്നൊ?? ആ വളരുന്ന തുകയുടെ സിംഹഭാഗവും മുതലാളിമാർ തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തു തുടങ്ങിയോ?? സ്വോകാര്യമായി ഒന്നും സമ്പാതിക്കുകയൊ, അടക്കിവെയ്ക്കുകയോ ആവശ്യമില്ലാതെ, ജനാധിപത്യ സർക്കാരിന്റെ ഭാഗമായി മാത്രം ധനവും, അധികാരവും, വിഭവങ്ങളും അടക്കിവെയ്ക്കുന്ന ഭരണക്രമം പ്രാവർത്തികമായൊ?? ഇവയിലോന്നുപോലും ലക്ഷ്യത്തിലെത്താതെ നിങ്ങൾക്കെങ്ങനെ നയവ്യതിയാനം സാദ്ധ്യമാകും?? ഇന്നത്തെ സമവാക്യങ്ങൾക്കനുസൃതമായി, പുതിയ കാലത്തിനും മാറ്റത്തിനും അനുസൃതമായി നിങ്ങൾ നടന്നാൽ നിങ്ങളുടെ പൂർവ്വീകർ ദീർഘവീക്ഷണമില്ലാത്ത ആശയങ്ങളെ ഉയർത്തിക്കാട്ടി സമരം ചെയ്തവരായിരുന്നു എന്ന് വരില്ലേ?? അങ്ങനെ എങ്കിൽ അവരോട് തോളോടുചേർന്ന് നിന്ന് പൊരുതിയ പതിനായിരങ്ങൾക്കും, രക്തസാക്ഷിത്വം വരിച്ചവർക്കും നിങ്ങൾ നൽകുന്ന വിശദീകരണം എന്തായിരിക്കും?? ഇത് 'ഇന്നത്തെ സൗകര്യം' എന്നതിന് അപ്പുറം!! പ്രത്യയ ശാസ്ത്രവും- പ്രയോഗവും, ദർശനവും- ജീവിതവും തമ്മിൽ യാതൊരു വിടവും ഉണ്ടാകെരുതെന്നു നിഷ്ക്കർഷിച്ചിരുന്ന മാർക്ക്സ്സിന്റെ അനുയായികൾ പ്രത്യേകിച്ച്!??
നയങ്ങളിൽ മാറ്റമില്ല, സമീപനങ്ങളിൽ മാത്രമാണ് തങ്ങളുടെ മാറ്റമെന്നും അത് നയങ്ങളെ സംരക്ഷിക്കുവാനാണെന്നും ഉള്ള വിശദീകരണങ്ങളും ഇടതുപക്ഷ പാർട്ടികൾ നൽകുന്നു... പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ചസമീപനങ്ങളും കൂട്ടുകെട്ടുകൾക്കും തയ്യാറായി പാർട്ടിയെ വികാരമായും, ആവേശമായും ഉൾക്കൊണ്ട് പ്രവർത്തിച്ച ഒരു വലിയ സമൂഹത്തിനോട് പാർട്ടി വഞ്ചന കാട്ടി... മതേതര വാദം എന്ന കള്ളനാണയം ഇറക്കി ഇടതുപക്ഷ പാർട്ടികൾ ഇവിടുത്തെ ന്യുനപക്ഷങ്ങളുടെ വോട്ടുകൾ ഹൈജാക്ക് ചെയ്യുവാൻ ശ്രമിച്ചു.. RSS നോടും വിശ്വഹിന്ദുപരിഷിത്തിനോടും, BJP യോടും തങ്ങൾ ശത്രുത പുലർത്തുന്നു എന്ന് പ്രഖ്യാപിക്കുകയും PDP എന്ന പാർട്ടിയോട് വർത്തമാനകാലത്തിലും മുസ്ലിം ലീഗ് എന്ന പാർട്ടിയോട് ഭൂതകാലത്തിലും ചങ്ങാത്തങ്ങൾക്കു തയ്യാറാവുകയും ചെയ്തതിനെ പ്രത്യയശാസ്ത്രപുസ്തകത്തിലെ ഏതു പേജ് കാട്ടി കമ്യുണിസ്റ്റ് പാർട്ടികൾ വിശദീകരണം നൽകും?? അധികാരത്തിലെ അധികാരമേധാവികളായി പ്രവർത്തിക്കുവാൻവേണ്ടി മാത്രം ഭരണത്തിൽ പങ്കാളികളാകാതെ അവർതന്നെ ബൂർഷ്വാസ്സികളെന്നും, മുതലാളിത്ത ചാരന്മാരെന്നും വിളിക്കുന്ന കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റി... പ്രത്യയ ശാസ്ത്രപരമായ, വീക്ഷണപരമായ, സാമൂഹികപരമായ കാഴ്ചപ്പാടുകളിലെ ദ്രിഡത ഇവിടുത്തെ ഇടതുപക്ഷത്തിനുണ്ടായിരുന്നുവെങ്കിൽ മുതലാളിത്ത ചേരിക്ക് അധികാരം കൈയ്യാളുന്നതിനുള്ള ഇന്ധനമായി കത്തിത്തീരാൻ സ്വന്തം ആദർശങ്ങളെയോ, പാർട്ടിയെതന്നെയോ എറിഞ്ഞു കൊടുക്കില്ലായിരുന്നു... അവിടെയെല്ലാം ചരിത്രപരമായ തെറ്റുകൾ എന്ന് അവർത്തന്നെകുറ്റ സമ്മതങ്ങൽ നടത്തേണ്ട അവസ്ഥകൾ പലതുണ്ടായി... അധ്വാനിക്കുന്നവനും, ദാരിദ്ര്യമനുഭവിക്കുന്നവനും വേണ്ടി പ്രവർത്തിക്കുന്നതിന് ഭരണകൂടത്തെ സജ്ജമാക്കി നിയന്ത്രിച്ചു നിർത്താൻ വേണ്ടി തങ്ങൾ പ്രവർത്തിക്കുന്നു എന്ന് വീമ്പു പറഞ്ഞ അവർ മുതലാളിത്ത റിയാക്ടറുകളുടെ പേരിൽ തങ്ങൾ ഭരണത്തിനുനല്കിയ ഉന്നുവടി തിരികെവാങ്ങി... അവിടെ തങ്ങൾ തന്നെ താങ്ങി നിർത്തിയ ഭരണത്തെ നിലം പതിപ്പിക്കാൻ കഴിയാതെ അവർ മാനം കെട്ടു... ആധുനിക കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഏറ്റുവാങ്ങിയ തിരിച്ചടികളിൽ പലതിലോന്ന് എന്ന് അവയൊക്കെ എണ്ണപ്പെട്ടു.. അണികൾക്ക് മുൻപിൽ തങ്ങളുടെ നിലപാടുകളിലെ സാമാന്യത വിശദീകരിക്കാൻ കഴിയാതെ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ പരുങ്ങുന്നതും നാം കണ്ടു.. പാർട്ടിയുടെ ഓരോ പരാജയത്തിലും, നയവ്യതിയാനങ്ങളിലും ഹൃദയവേദന അനുഭവിച്ച ഇവിടുത്തെ യഥാർഥ കമ്യുണിസ്റ്റ്കാരനെ സൌകര്യപൂർവ്വം അവർ കണ്ടില്ലെന്നു നടിച്ചു.. തങ്ങൾ ഇവിടുത്തെ തൊഴിലാളികൾക്കും, സാധാരണക്കാർക്കും ചെയ്തുകൊണ്ടിരിക്കുന്ന സമരങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് അധരവ്യായാമം നടത്തി നാൾ കഴിക്കുന്നവനായി കമ്യുണിസ്റ്റ്നേതാക്കൾ അധപ്പതിച്ചു... ഹൃദയ വേദനകളെ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി മറന്ന്; മുൻപ് പാർട്ടി ഉയർത്തിപ്പിടിച്ച ആവേശകരവും, ധീരവും, വിപ്ലവകരവുമായ ആശയങ്ങളെ സ്മരിച്ച് അതിൽ നിന്നും ഉർജ്ജവും ആവേശവും ഉൾക്കൊണ്ട് ഇടതുപക്ഷ സഹയാത്രികർ ഉയർത്തെഴുനേറ്റു... പക്ഷെ അത്തരം ഉയർത്തെഴുനേൽപ്പുകൾക്ക് ശേഷിയില്ലാതെ പലശതം തളർന്നു പോയത് പാർട്ടി നേതൃത്വങ്ങൾ മന:പ്പൂർവ്വം അവഗണിച്ചു... പലപാര്ട്ടികൾക്കിടയിൽ ഒരു പാർട്ടി എന്നതിനപ്പുറം ആധുനിക കമ്യുണിസ്റ്റ് പാർട്ടികൾക്ക് സവിശേഷമായ ഒരു ലക്ഷ്യബോധം കാണാൻ കഴിയാതെ പോയ ത് കമ്യുണിസ്റ്റ് പാർട്ടികളുടെ മൂല്യച്യുതിയായിത്തന്നെ കാണണം...
ഉച്ചനീചത്വങ്ങളുടെയും, അനാചാരങ്ങളുടെയും, ചൂഷണത്തിന്റെയും ഒക്കെ ഒരു കാലത്തായിരുന്നു ഭാരതത്തിൽ കമ്യുണിസ്റ്റ് ചിന്തകളും പ്രസ്ഥാനങ്ങളും കിളിർക്കുകയും തളിർക്കുകയും ചെയ്തത്.. സാമൂഹികമായ ഉച്ചനീചത്വങ്ങളെയും ചൂഷണത്തിനെയും എതിർക്കാനും, ജനങ്ങളെ സംഘടിപ്പിക്കാനും മുന്നോട്ടുവന്ന പ്രസ്ഥാനം എന്നനിലയിൽ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ശ്രദ്ദിക്കപ്പെട്ടു.. കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ തങ്ങളിൽ ഉണ്ടെന്ന് എന്നും അവകാശപ്പെട്ടിട്ടുള്ള താത്വികമായ ആശയങ്ങളെയും, വിചാരധാരയെയും കമ്യുണിസ്റ്റ് അനുഭാവികളും പ്രവർത്തകരും എത്രത്തോളം എല്ലാക്കാലവും ഉൾക്കൊണ്ടിട്ടുണ്ട് എന്നത് സംശയകരമാണ്... തങ്ങൾ ചൂഷണത്തിൽ നിന്നും മോചിതരാകണം, തങ്ങളുടെ മാനം സംരക്ഷിക്കപ്പെടണം, തങ്ങൾക്കു പീഡനങ്ങളിൽ നിന്നും രക്ഷവേണം, തങ്ങളുടെ ജോലിക്ക് കൂലി കിട്ടണം, തങ്ങളുടെ വിളകൾ വിലക്ക് വില്ക്കപ്പെടണം എന്ന് തുടങ്ങുന്ന സാധാരണക്കാരന്റെ ആവശ്യങ്ങളിൽ ഊന്നിയായിരുന്നു ഇവിടെ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ജനിച്ചത്....`... ആ ആവശ്യങ്ങൾ സംരക്ഷിക്കാൻ ക്ഷമതഉള്ള ഒരു പ്രസ്ഥാനം എന്ന നിലയിലായിരുന്നു കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നത്.....`... ഇന്നും അത്തരം സാധാരണക്കാരന്റെ പ്രതീക്ഷയാണ് കമ്യുണിസ്റ്റ് പാർട്ടികൾ.. നയവ്യതിയാനങ്ങളിൽ തകരുന്നതും അതേ പ്രതീക്ഷകൾ തന്നെ.. പ്രത്യയ ശാസ്ത്രപരമായ സ്റ്റഡിക്ലാസ്സുകൾക്കല്ല മറിച്ച് തങ്ങളുടെ ന്യായമായ ചിന്തയെയും, ആവശ്യങ്ങളെയും നിവർത്തിക്കാൻ പ്രസ്ഥാനത്തിനു കഴിയുന്നുണ്ടോ എന്നാണ് പാർട്ടിയുടെ വിശ്വാസ്സികൾ അന്യെഷിച്ചത്!! തങ്ങളുടെ മനസ്സിന് അംഗീകാരം ലഭിക്കുന്ന രീതിയിൽ നേതാക്കന്മാർ സംസ്സാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നാണവർ ശ്രദ്ധിച്ചത്... ഇന്ന് നിരാശയും പാർട്ടികൾ സമ്മാനിക്കുന്നത് ഇങ്ങനെപലതിലുമാണ് ...
കമ്യുണിസ്റ്റ് പാർട്ടികളുടെ ശക്തി കേരളത്തിലും, ത്രിപുരയിലും, ഒതുങ്ങിപ്പോയി എന്നത് ഭാരതചരിത്രം പഠിക്കുന്നവന് തമാശയായി തോന്നും.. പാർട്ടിയുടെ ശക്ത്തി കേന്ദ്രമായിരുന്ന ബംഗാളിൽ നാമാവശേഷവുമായി!! ഭാരതം എന്ന കാർഷിക രാജ്യത്തിൽ, ചൂഷണവും ഉച്ചനീചത്വങ്ങളും കൊടികെട്ടിവാണ രാജ്യത്തിൽ, വിദ്യാ സമ്പന്നതയും പണവും ചില കോണുകളിൽ മാത്രം കെട്ടിക്കിടന്ന രാജ്യത്തിൽ, പീഡിത വർഗ്ഗം ബഹുഭൂരിപക്ഷമായ രാജ്യത്തിൽ, ഇത്തരം പോരായ്മകൾക്കെതിരെ പടനയിക്കുന്നു എന്ന് പ്രഖ്യാപിച്ചിറങ്ങിയ ഒരു പ്രസ്ഥാനത്തിന്; ലക്ഷ്യവും, ആദർശവും കേൾക്കുന്ന മാത്രയിൽ തന്നെ ആശയ- അർഥ സമ്പുഷ്ടത പ്രകടമാക്കാൻ കഴിയുന്ന ഒരു നീതിശാസ്ത്രത്തിന്, ഭാരത്തത്തിന്റെ കഴിഞ്ഞകാല മഹാൻമാരായ എന്നാൽ സഹയാത്രികർ അല്ലായിരുന്നവർക്കൂടി സോഷിലിസ്റ്റ് ചിന്തകൾക്ക് ബഹുമാനവും പിന്തുണയും പരസ്യമായി നൽകിയിരുന്ന അന്തരീക്ഷത്തിൽപ്പോലും ഭാരതമാകമാനം ആശയത്തെയും അണികളെയും നിറക്കാൻ കഴിഞ്ഞില്ല?? കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല എന്നത് ഒരു പഠന വിഷയമായിത്തന്നെ കാണേണ്ടതാണ്..
കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ എന്ന് അടച്ചു പറഞ്ഞു പോകുന്നതിനെക്കാൾ CPI(M) എന്നാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ നയിക്കുന്ന പാർട്ടിയിലേക്ക് ഊന്നി കാര്യങ്ങളെ വിശകലനം ചെയ്യുന്നതായിരിക്കും അഭികാമ്യം.. എല്ലാക്കാലത്തും ഇടതുപക്ഷ നയരൂപീകരണങ്ങൾ CPI (M) ൽ നിന്നാണ് ഉയർന്നു വന്നിട്ടുള്ളത്.. അതിനാൽത്തന്നെ ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ ഏറ്റവും ഉത്തരവാദിത്വപൂർണ്ണമായ ചുമതലകൾ CPI (M) നു നിർവഹിക്കാനുണ്ട്.. പക്ഷെ CPI (M) നേതാക്കൾ സമീപകാലങ്ങളിൽ തങ്ങളുടെ മുന്നണിയിലെ ശക്ത്തിക്കനുസൃതമായി ഘടകകക്ഷികളോട് ധാർഷ്ട്യം പുലർത്തുന്നവരാണെന്ന പേരുദോഷം വാങ്ങിക്കൂട്ടി.. CPI ഉൾപ്പെടെയുള്ള പാർട്ടികൾ പരസ്യമായി CPI (M) ന്റെ അത്തരം നടപടികൾക്കെതിരെ രംഗത്ത് വന്നത് മുന്നണിയെ ആകമാനം ക്ഷീണിപ്പിച്ചു... CPI (M) എന്ന പാർട്ടിക്കുള്ളിലെ ഉൾപ്പോര് അച്ചടക്കസീമകൾ ലംഘിച്ച് പുറത്തേക്കുവന്നത് പാർട്ടിയെ അക്ഷരാർഥത്തിൽ മുതലാളിത്തപ്പാർട്ടിക്കു സമാനമാക്കി.. ആധുനിക കമ്യുണിസ്റ്റ് ആര്, യാഥാസ്ഥിതിക കമ്യുണിസ്റ്റ് ആര്?? ഇതിൽ ഏതുതരം കമ്യുണിസ്സമാണ് യഥാർത്ഥ കമ്യുണിസ്റ്റ് പിന്മുറക്കാരന്റെത് എന്ന തർക്കങ്ങളും പാർട്ടി അനുഭാവികൾ സഹിതം ആലോസ്സരപ്പെടുന്നതായി.. CPI (M) നേതാക്കളുടെ ധിക്കാരപരവും നിഷേധപരമായ പ്രസ്ഥാവനകളും പാർട്ടിയെ പൊതുജനങ്ങളിൽ നിന്നും അകറ്റി.. കാർഷിക ചുറ്റുപാടുകളിൽ നിന്നും വളർന്നുവന്ന പാർട്ടി വളരെപ്പെട്ടന്ന് നടത്തിയ വ്യാവസായികവല്ക്കരണത്തിലെക്കുള്ള ചുവടുമാറ്റം പൊതുജനത്തിൽ അന്ധാളിപ്പുകൾ സൃഷ്ട്ടിച്ചു... പാർട്ടി സ്വന്തമാക്കിയ പല കോടികളുടെ ആസ്തി, എന്റർറ്റെയിന്മെന്റ് ചാനലുകൾ, അമ്യുസ്മെന്റ്റ് പാർക്കുകൾ തുടങ്ങിയവ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് അനുയോജ്യമോ എന്ന് പലരും ഉറക്കെത്തന്നെ ചോദിച്ചു...
ആധുനിക വൽക്കരണത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നയത്തിലേക്ക് പാർട്ടി നയവ്യതിചലനം നടത്തിയെങ്കിലും ഭൂതകാലത്ത് അവയെയെല്ലാം അടച്ച് നിഷേധിച്ചിരുന്നതാണ് എന്നത് പാർട്ടിയെ പൊതുജന വിമര്ശനത്തിന് അപ്പുറം പൊതുജന പരിഹാസ്സത്തിലെക്കാണ് കൊണ്ടുചെന്ന് നിർത്തിയതെന്ന് കാണണം... ഇന്ന് ഏതൊരു ആധുനിക വൽക്കരണത്തെ ആശയപരമായി പാർട്ടി എതിർത്താലും; 'മുൻപ് കമ്പ്യുട്ടറിനെയും ട്രാക്ട്ടറിനെയും എതിർത്തിരുന്നിരുന്നവരല്ലെ, പിന്നീട് അവർതന്നെ തോളിലേറ്റി നടന്നോളും' എന്നായി ജനസംസ്സാരം... കപ്യുട്ടർ എറിഞ്ഞുടച്ചു വിപ്ലവം കൊണ്ടുവന്നവർ AKG സെൻറർ കമ്പ്യുട്ടർ വൽക്കരിച്ച് ആധുനികമായത് അനുപല്ലവിയായും പാടിത്തുടങ്ങി.. ഏതൊരു വികസ്സന സങ്കൽപ്പത്തെയും ദൂരക്കാഴ്ചയോ വിശകലനമോ കൂടാതെ എതിർക്കുക എന്നതാണ് കമ്യുണിസ്റ്റ് ശൈലി എന്നുപോലും കൂട്ടിവായിക്കപ്പെട്ടു... അവകാശങ്ങളുടെയും, ന്യായവാദങ്ങളുടെയും പേരിൽ സമരങ്ങളും സംഘർഷങ്ങളും സംഘടിപ്പിക്കുന്നവരാണ് കമ്യുണിസ്റ്റ്കാർ എന്ന പേരുദോഷം അവർ ഏറ്റുവാങ്ങി.. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി എന്ന പേരിൽ അവർ പൂട്ടിച്ച തൊഴിൽ സ്ഥാപനങ്ങൾ ഭീതിപ്പെടുത്തുന്ന അസ്ഥിഭാന്ജരങ്ങളായി പാർട്ടിയെനോക്കി എന്നും പല്ലിളിച്ചുതന്നെ നിൽക്കും!!
ആദ്യകാല കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ അവകാശസമരങ്ങൾ പ്രകീർത്തിക്കപ്പെടുകയാണ് ഉണ്ടായതെങ്കിലും, അതേ അവകാശങ്ങൾ ഉന്നയിച്ച് പിന്നീട് നടത്തിയ പല തൊഴിൽ സമരങ്ങളും; 'ഏതൊരു സംരംഭത്തെയും പൂട്ടിക്കുന്ന പാർട്ടി' എന്ന പേരുദോഷമാണ് പാർട്ടിക്ക് നേടിക്കൊടുത്തത്.. സമാനആശയത്തിൽത്തന്നെ വിരുദ്ധവിലയിരുത്തലുകൾ പാർട്ടിക്ക് ഏൽക്കേണ്ടി വന്നു.. തീരെ അവശതയിൽ കഴിഞ്ഞ ഒരുജനതയ്ക്ക് താങ്ങായിരുന്നു പാർട്ടി എങ്കിൽ അന്ന് പാർട്ടി ഉയർത്തിയ മുദ്രാവാക്യങ്ങളെ മികച്ച ജീവിതനിലവാരം കൈവരിച്ച ശേഷം അതേജനതയോ പുതു തലമുറയോ പൂർണ്ണമായും നെഞ്ചിലേറ്റാൻ തയ്യാറായില്ല എന്ന് വേണം കരുതാൻ.. മെച്ചപ്പെട്ട ഒരു ജീവിതനിലയിൽ സഹനത്തിന് തയ്യാറാകാത്ത പൊതുജനമനോഭാവമായിരിക്കാം അതിനു പിന്നിലെങ്കിലും അത് പാർട്ടിയെ ക്ഷീണിപ്പിക്കുകതന്നെയാണ് ചെയ്തത്... പൊതുജനത്തിന്റെ അത്തരം ചുവടുമാറ്റങ്ങളാണ് 'കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആധുനിക സമൂഹത്തിൽ എന്ത് പ്രസക്തി' എന്ന തരത്തിലെ ചോദ്യങ്ങൾ തുടങ്ങിവെച്ചത്...
ഭരണകൂടത്തിന്റെയോ, സമൂഹത്തിന്റെയോപിന്തുണ ലഭിക്കാതിരുന്ന കാലത്ത് അവകാശങ്ങൾ നേടിയെടുക്കുന്നതിന് പടപൊരുതിയ കമ്യുണിസ്റ്റുകൾക്ക് പലപ്പോഴും സംഘടിതമായി കയ്യൂക്ക് പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്..അവ പഴയ കാലങ്ങളിൽ ന്യായീകരിക്കപ്പെട്ടിട്ടുമുണ്ടാകാം.. പക്ഷെ മുഷ്ടിബലത്തിൽ കാര്യങ്ങൾ നേടുന്ന പാർട്ടി എന്ന ദുഷ്പേര് CPI M ആവശ്യത്തിലധികം വാങ്ങിവെച്ചു.. അത് ഒരുകൂട്ടം ചെറുപ്പക്കാരെ പാർട്ടിയോട് അടുപ്പിച്ചു എന്നത് സത്യമെങ്കിലും സമാധാനകാംഷികളായ പൊതുജനത്തിന്റെ വെറുപ്പ് വാങ്ങിക്കൂട്ടുന്നതിനു കാരണമായി.. CPI M പല സമരങ്ങളെ നേരിട്ടതും പലസമരങ്ങൾ നടത്തിയതും കൈക്കരുത്തിൽത്തന്നെയായിരുന്നു.. വെട്ടിനിരത്തൽ സമരം 'വിപ്ലവം കൈക്കരുത്തിൽക്കൂടി മാത്രം' എന്ന മുദ്രാവാക്യമാണ് ഉയർത്തിയതെന്ന് തോന്നിപ്പോകും.. എന്തുകൊണ്ട് കമ്യുണിസ്റ്റ് പാത തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ''യോഗ്യനായ ഒരുവന്റെ മുൻപിൽ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടാതെ നിൽക്കാം,, മുഖം നോക്കാതെ ആരുടെയും അപ്പനുപറയാം'' എന്ന മറുപടി പലരും പറയാതെ പറഞ്ഞു....
കമ്യുണിസ്റ്റ്നേതൃത്വം താഴേക്കിടയിലുള്ള പ്രവർത്തകരും പൂർണ്ണമായ കമ്യുണിസ്റ്റ് മാനിഫെസ്റ്റൊ അനുസ്സരിച്ചു തന്നെ ജീവിക്കണമെന്ന് ശാട്യം പിടിക്കുന്നുണ്ടെന്നു തോന്നിപ്പോകും.. നിലനിൽപ്പിന്റെ ആവശ്യഗത കൊണ്ടാകും, ഇന്ന് ആപ്രവണതയിൽ അയവു വന്നിരിക്കുന്നതായി കാണാം..അതിനുള്ള ഉദാഹരണമാണ് കമ്യുണിസ്സവും, ഈശ്വരവിശ്വാസവും!! കമ്യുണിസ്റ്റ് ചിന്തകളിൽ ഈശ്വരന് സ്വാധീനമോ പ്രസക്തിയോ ഇല്ല എന്നത് പ്രഖ്യാപിത നയമാണ്.. അതിനാൽത്തന്നെ കമ്യുണിസ്റ്റ്സഹയാത്രികരായി നടന്നവർ നിരീശ്വര വാദികളായി സ്വയം പ്രഖ്യാപിച്ചു.. കമ്യുണിസ്സത്തിന്റെ ആശയസ്വാധീനത്തിൽ പ്രവർത്തകരിൽ ചിലർ അങ്ങനെ വശ്വസ്സിച്ചതാകാം.. പക്ഷെ ഒരുകാലത്ത് കമ്യുണിസ്റ്റ്പ്രവർത്തകനാണെങ്കിൽ അയാൾ തീർച്ചയായും നിരീശ്വരവാദി ആയിരിക്കണമെന്നുള്ള കാർക്കശ്യം പാർട്ടി കാണിച്ചിരുന്നു.. അത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായി.. ആ ശാട്യത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പാർട്ടിയോട് ആദർശപരമായി അനുഭാവമുണ്ടായിരുന്ന പലരും മുഖം തിരിക്കുന്നതിന് കാരണമായി... പാർട്ടിനയത്തിന്റെ പ്രഖ്യാപനം എന്ന നിലയിൽ മന: പ്പൂർവ്വം പാർട്ടി നടത്തിയ ഈശ്വരനിന്ദകൾ അത്തരം വിഭാഗങ്ങളുടെ വെറുപ്പ് വാങ്ങിക്കൂട്ടുന്നതിനാണ് സഹായിച്ചത്.. പലവിധമത പുരോഹിതൻമാരെ അവഹേളിക്കുക വഴി കമ്യുണിസ്റ്റ്പാർട്ടികൾ ഇന്നും അത് തുടരുന്നു.. 'പാർട്ടി പ്രവർത്തകർക്ക് ഈശ്വര ചിന്ത പാടില്ല എന്ന് പാർട്ടി നിഷ്ക്കർഷിക്കുന്നില്ല' എന്ന് സമീപകാലത്ത് പരസ്യമായി നേതാക്കൾക്ക് പറയേണ്ടി വന്നതും ഉയർന്ന നേതൃത്വത്തിലുള്ളവർ ഒഴികെയുള്ള പല നേതാക്കന്മാരും പരസ്യമായി ആരാധനാലയങ്ങളിൽ പോയിതുടങ്ങിയതും പാർട്ടിയുടെ മുൻനിലപാട് തെറ്റാണെന്ന സമ്മതിക്കലായി കാണാം.. നിലനിൽപ്പിന്റെ അനിവാര്യതയും..!
കമ്യുണിസ്റ്റ് പാർട്ടികളുടെ മുഴുവനായി അത്തരത്തിലുള്ള നയവ്യതിയാനത്തെ കാണാമെങ്കിലും, സിപിഎം ന് അത്തരം നയവ്യതിയാനങ്ങളിൽ പരിക്കുകൾ കൂടുതലാണ്... കാറൽ മാർക്സിന്റെ ശേഷക്കാർ എന്ന് അറിയപ്പെടുന്ന സിപിഎം ന് അത്തരം നയവ്യതിയാനം സാധ്യമല്ലാത്തതാണ്.. Transcendence [അനുഭവാതീത ജ്ഞാനവാദം] എന്ന് പറയുന്ന അതിഭൌതികവും, അതിലൌകികവും ആയ ഒരു അവസ്ത്ഥയും, ചിന്തയും മനുഷ്യനുണ്ടെന്നത് മാർക്ക്സ് തിരിച്ചറിഞ്ഞില്ല എന്നത് മാർക്സ്സിനെ വിമർശികുന്നവർ എടുത്തു പറഞ്ഞ കാരണമാണ്... ആ തിരിച്ചറിവില്ലായ്മയാണ് ദൈവനിന്ദയിലേക്കും, അവിശ്വാസ്സത്തിലേക്കും പിൽക്കാല കമ്മ്യുണിസ്റ്റ്കളെ നയിച്ചതിന് കാരണമായതെന്നും പറയപ്പെടുന്നു... പക്ഷെ ആ 'തിരിച്ചരിവില്ലായ്മ' എന്ന വിമർശനത്തെ അലങ്കാരമായാണ് സിപിഎം കൊണ്ടു നടന്നത്... ആ അലങ്കാരത്തെയാണ് നിലനില്പ്പിന്റെ വ്യാകരണം ചമച്ച് അഴിച്ചുമാറ്റെണ്ടി വന്നത്... അത് തീർച്ചയായും പാർട്ടിയുടെ പരാജയം തന്നെയാണ്... ജാതി, സമുദായം, ഭാഷ, പൈതൃകം, ആചാരം, അനുഷ്ട്ടാനം, തുടങ്ങിയവയിൽ തീഷ്ണനിലപാടുകളും, വൈവിദ്ധ്യവും, വൈരുദ്ധ്യവും നിലനിൽക്കുന്ന ഭാരതം പോലെ ഒരു രാജ്യത്ത് മാർക്സിന്റെ "ധനത്തിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയവാദം" അധികകാലം നിലനിൽക്കുന്നതല്ല എന്ന വിമർശനത്തെ ശരിവെയ്ക്കുന്നതായി സമീപകാല കമ്മ്യുണിസ്റ്റ്കളുടെ മേൽപ്പറഞ്ഞ രീതിയിലെ ചില കീഴടങ്ങലുകൾ...
ഭാരതത്തിൽ ആകമാനം വരുന്ന ജനതയുടെ മനസ്സിലും സ്വാധീനം ചെലുത്തുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത ചില വ്യക്തിത്വങ്ങൾ ഉണ്ട്... സ്വാമി വിവേകാനന്ദൻ, ഭഗത് സിംഗ് തുടങ്ങിയവർ.. അവർ പാർട്ടിയുടെയോ സമൂഹങ്ങളുടെയോ അതിവരമ്പുകൽക്കപ്പുറം ബഹുമാനത്തിന് പാത്രമായവരാണെന്ന് കമ്യുണിസ്റ്റ്പ്രസ്ഥാനങ്ങൾ തിരിച്ചറിയാൻ ഒരുപാട് വൈകിപ്പോയി!! ഹിന്ദുവിന്റെ വക്താക്കളായി മുദ്രകുത്തി അവരെയൊക്കെ വിമർശിച്ചു ന്യുനപക്ഷങ്ങളുടെ മുൻപിൽ നല്ലപിള്ള ചമയാൻ കമ്യുണിസ്റ്റ്പാർട്ടി ശ്രമിച്ചു.. അത്തരം സമീപനങ്ങൾ പൊതുജനങ്ങളിൽ അവമതിപ്പാണ് ഉണ്ടാക്കിയതെന്ന തിരിച്ചറിവാകാം DYFI യുടെ പോസ്റ്ററുകളിൽ സ്വാമി വിവേകാനന്ദൻ, ഭഗത് സിംഗ് തുടങ്ങിയവർ പാർട്ടിനേതാക്കളെക്കാൾ ഇടം പിടിച്ചത്.. വൈകിവന്ന വിവേകംപോലെയെന്ന് തോന്നിപ്പിക്കുന്ന അത്തരം പ്രകടനങ്ങളും പാർട്ടിയെ പരിഹാസ്സ പാത്രമാക്കുന്നതിന് കാരണമായി എന്നേ പറയാൻ കഴിയൂ.. ഇന്ന് പാർട്ടി സമയം നിശ്ചയിച്ചുവെച്ച് മുടക്കം കൂടാതെ പള്ളുപറയുന്ന മത നേതാക്കളും മറ്റും ഭാവിയിലെ പാർട്ടി പൊസ്റ്റെറുകളിലെ മിന്നും താരങ്ങളായിരിക്കുമെന്ന് സാരം..
പൂർവ കാലത്തിലും കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ സമാന ചേരിയിൽ ഉള്ളവർത്തന്നെ എത്രത്തോളം വിശ്വാസ്സത്തിൽ എടുത്തിരുന്നു അല്ലെങ്കിൽ പ്രവർത്തനങ്ങളിൽ എത്രത്തോളം തൃപ്തരായിരുന്നു എന്ന് ചിന്തിക്കേണ്ടതാണ്... കമ്യുണിസ്റ്റ് പാർട്ടികൾ ചൂഷകരുടെയും, പീഡിതരുടേയും കണ്ണീരൊപ്പാൻ പര്യാപ്തമാണ് എന്ന് സകലമാനം സോഷിലിസ്റ്റ് ചിന്തകരും കരുതിയിരുന്നുവെങ്കിൽ ഇവിടെ നക്സലെറ്റ്, മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾ പച്ചപിടിക്കില്ലായിരുന്നു!! രക്തരൂക്ഷിതമായി അവകാശങ്ങൾക്ക് വേണ്ടി പൊരുതാൻ ആദ്യമേ ഒരു സമൂഹം തുനിഞ്ഞിറങ്ങില്ലല്ലോ?? മാവോയിസ്റ്റ് നക്സ്സലൈറ്റ് പ്രസ്ഥാനങ്ങളിലേക്ക് വ്യക്തികൾ ആകര്ഷിക്കപ്പെടുന്നതിനെയോ, ദേശദ്രോഹപ്രവർത്തനത്തിലേക്ക് അവർ വഴിമാറിപ്പോകുന്നതിനെ തടയുന്നതിനോ, ജനകീയ സമരങ്ങളുടെ വഴി അവർക്ക് ഉപദേശിച്ചു കൊടുക്കുന്നതിനോ ഇന്ന് നിലനിൽക്കുന്ന കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോയി.. 'ചൂഷണത്തിൽ നിന്നും, അസമത്വത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കാൻ കരുത്തോ, താല്പ്പര്യമോ തങ്ങൾക്കുണ്ട്' എന്നവരെ വിശ്വസ്സിപ്പിക്കാൻ കമ്യുണിസ്റ്റ് രാഷ്ട്രീയ കക്ഷികൾക്ക് കെൽപ്പില്ല എന്ന് വേണം കാണാൻ..
പാർട്ടിക്ക് പ്രത്യക്ഷമായി ഉണ്ടായ നയവ്യതിയാനം പൊതുജന മനസ്സുകളിൽ പരിഹാസ്സത്തെ നിറയ്ക്കുന്നതിനും, കമ്യുണിസ്റ്റ് ആശയങ്ങളെ അവിശ്വസ്സിക്കുന്നതിനും കാരണമായി എന്ന് പറയേണ്ടി വരും.. മുൻപ് 'ഒരു ക്ഷേത്രം പൊളിച്ചാൽ അത്രയും അന്ധവിശ്വാസ്സങ്ങൾ നശിച്ചു' എന്ന ആശയത്തിന്റെ വക്ത്താക്കളായിരുന്ന കമ്യുണിസ്റ്റ്കാർ, പാർട്ടി തീരുമാനപ്രകാരം തന്നെ ക്ഷേത്രകാര്യങ്ങളിൽ സജീവമാകുന്ന കാഴ്ച നാം കാണുന്നു!! സിപിഎം ന്റെ സൈനീക വിഭാഗമായ DYFI യുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചൂ എന്ന് കൂടി കണ്ടപ്പോൾ പൊതുജനം ആർത്തു ചിരിക്കുക തന്നെ ചെയ്തു... മതത്തെ പ്രത്യയ ശാസ്ത്രത്തിൽ നിന്നും അകറ്റി നിർത്തുന്ന പ്രത്യയശാസ്ത്ര മൂല്യങ്ങൾ എവിടെ കുഴിച്ചുമൂടി എന്ന് ഉയർന്ന ശബ്ദത്തിൽത്തന്നെ ചോദ്യങ്ങൾ കേട്ടു.. പാർട്ടി അങ്ങീകരിക്കാതെ നിന്ന 'മതം' എന്ന വിശ്വാസം പാർട്ടിയെ തേടി പോകുന്നത് ആരും കണ്ടില്ല... പക്ഷെ പാർട്ടി മതത്തെ തേടി പോകുന്ന ദയനീയമായ കാഴ്ച കാണുകയും ചെയ്തു... സ്വോഭാവികമായും ഒരു സംശയവും അവിടെ ഉയർന്നു... "ശക്ത്തമായ അടിത്തറ പാർട്ടി ഉയർത്തിയ പ്രത്യയ ശാസ്ത്രങ്ങളുടെതാണോ, മറിച്ച് മതത്തിന്റെതാണോ??" എന്നതായിരുന്നു ചോദ്യമായി ഉയർന്ന ആ സംശയം... ക്ഷേത്ര ഉപദേശക സമിതികളിലും, ക്ഷേത്രകാര്യങ്ങൾ നിശ്ചയിക്കുന്ന യോഗങ്ങളിലും സജീവമാകണമെന്ന് സിപിഎം അണികൾക്ക് പരസ്യമായിത്തന്നെ നിർദ്ദേശം നൽകിക്കഴിഞ്ഞു... "അവിശ്വാസ്സി വിശ്വാസ്സിയാകാൻ എത്തുന്നതാണോ?, വിശ്വാസ്സികളെ പരിവർത്തനപ്പെടുത്തി അവിശ്വാസ്സികളാക്കാനാണോ?, ക്ഷേത്രപൂജാവിധികളിലും, നടത്തിപ്പുകളിലും വിപ്ലവവും, സമരവും കൊണ്ടുവരാനാണോ?, ക്ഷേത്രഭരണത്തിൽ നുഴഞ്ഞുകയറി ക്ഷേത്ര സംവിധാനങ്ങളെ ദുർബലപ്പെടുത്തുവാനും അതുവഴി സമീപ കാലഘട്ടത്തിൽ കണ്ടുവരുന്ന ഹിന്ദു ശാക്തീകരണത്തിന് തടയിടുകയാണോ?" ഇപ്രകാരമുള്ള ഏതു ഉദ്ദേശത്താലാണ് ഈ നീക്കമെന്നതും 'വിശ്വാസ്സികൾ' എന്ന് പുറത്തുപറയാൻ മടിയില്ലാത്തവർ സസൂഷ്മ്മം ശ്രദ്ധിക്കണം... കമ്യുണിസ്റ്റ് ഭൂരിപക്ഷമുള്ള ക്ഷേത്ര സമിതി അമ്പലത്തിൽ വെച്ചുതന്നെ ചേരുന്ന അവസ്സരത്തിൽ, അമ്പലമാകെ ചെങ്കൊടികൾ കൊണ്ടു നിറയുന്ന കാഴ്ച്ച ഒന്നു സങ്കൽപ്പിച്ചു നോക്കൂ!! എന്തായാലും അവിശ്വാസ്സികളുടെ ഈ കൂട്ടായ്മക്ക് ഒരിക്കല്ലും ഹിന്ദു ക്ഷേത്രങ്ങളെ ഉദ്ധരിക്കണം എന്ന ചിന്ത ഉണ്ടാകില്ല.... ഭാവിയിൽ ഹിന്ദുക്കളായുള്ള സഖാക്കളിൽ നിന്നുതന്നെ വെറുപ്പ് വാങ്ങിവെയ്ക്കേണ്ടി വരുന്ന നടപടിയായിത്തീരും ഇതെന്നകാര്യത്തിലും സംശയം വേണ്ടാ...
കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർത്തുന്ന അന്താരാഷ്‌ട്ര ചിന്തകളും ഫലം കാണാതെ പോകുന്നതായി കാണുന്നു.. ആഗോള വല്ക്കരണത്തെ എതിർത്തു.. പക്ഷെ ആഗോള വൽക്കരണം എന്ന വളരെ അധികം വേഗത്തിൽ പടർന്നു പിടിച്ച ഒരു പ്രതിഭാസ്സത്തിന് യാതൊരു തടയും ഇടുന്നതിന് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോയി... ആഗോള വൽക്കരണത്തിന്റെ ഗുണവശമോ, ദോഷവശമോ വിലയിരുത്തുകയല്ല, മറിച്ച് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അവിടെയും ശ്രദ്ധിക്കപ്പെടുന്ന ശബ്ദമാകാൻ കഴിഞ്ഞില്ല എന്ന് മാത്രം പറയുന്നു... അമേരിക്കയോട് കാണിക്കുന്ന ശത്രുതാ പരമായ നിലപാടുകൾ.. മുതലാളിത്യത്തിനോടുള്ള യുദ്ധപ്രഖ്യാപനമായി കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ അതിനെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും എതിർക്കുന്ന കാര്യങ്ങളിലെ വ്യക്തതയും, നൈതികതയും പൊതുജന സമക്ഷം വിശദീകരിക്കുന്നതിൽ പരാജയപ്പെടുന്നു... തുടർച്ചയായി പരാജയപ്പെടുന്ന ഒരു പ്രസ്ഥാനം, ശരിയായ ഒരു കാരണം ഉയർത്തി പ്രചാരവേലകൾ നടത്തിയാലും ജനശ്രദ്ധ ആകർഷിക്കാൻ കഴിയാതെ പോകുന്നതിന് ഉദാഹരണമായി കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമരങ്ങൾ എന്ന് കൂടി വിലയിരുത്തണം..
അന്താരാഷ്‌ട്ര വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകളിൽ പൊതുജന അംഗീകാരം നേടാൻ കഴിയാതെ പോകുന്നത് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പുത്തരി അല്ല.. അമേരിക്കയോടും സഖ്യകക്ഷികളോടും ശത്രുത കാണിക്കുമ്പോൾ അന്താരാഷ്‌ട്ര തലത്തിൽ മിത്രങ്ങൾ ആരൊക്കെ എന്ന് കൂടി പരിശോധിക്കണം.... കമ്യുണിസ്റ്റ് ചൈന, ക്യുബ, വെനിസ്വല തുടങ്ങിയ രാജ്യങ്ങളാണവ!! അന്ധമായി ചൈനാ ആരാധന വെച്ച് പുലർത്തുന്നു വെങ്കിലും ഭാരതത്തിൽ എത്തുന്ന ഒരു ചൈനാ നേതാവ് പോലും ഇവിടുത്തെ കമ്യുണിസ്റ്റ് നേതാക്കളെ കണ്ട് സംസ്സാരിക്കുന്നതിനുള്ള താല്പ്പര്യം പോലും കാണിക്കുന്നില്ല... ചൈനാ കമ്യുണിസ്സത്തിന്റെ വിടുവേലക്കാരാണ് ഇവിടുത്തെ കമ്യുണിസ്റ്റ് നേതാക്കളെന്ന് പൊതുജനം ധരിക്കുന്നു... ഇന്ത്യൻ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ എന്ത് പറയുന്നു എന്ന് പോലും അവർ ശ്രദ്ധിക്കുന്നില്ല..
അമിതമായ ചൈനാ ആരാധന വെച്ചുപുലർത്തുന്നത് ഭാരതത്തിൽ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തരകാലം മുതൽ ആരംഭിച്ചതാണ്... ദേശസ്നേഹിയായ ഏതൊരുവന്റെയും മനസ്സിൽ മായിക്കാത്ത വെറുപ്പാണ് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യാ- ചൈനാ യുദ്ധകാലത്ത് വാങ്ങിവെച്ചത്... 'പുല്ലുപോലും മുളക്കാത്ത പ്രദേശത്തിന് വേണ്ടിയാണ് യുദ്ധം ചെയ്യുന്നത്' എന്ന പ്രസ്ഥാവനകളിൽ തുടങ്ങി ദേശീയതയും, ദേശസ്നേഹത്തെയും തുരംഗം വെയ്ക്കുന്ന എന്തെല്ലാം നടപടികൾ അവരുടെ ഭാഗത്തുനിന്നും അന്നുണ്ടായി?? ലളിതമായി ചിന്തിച്ചു നോക്കൂ... ഭാരതത്തിന്റെ ചില കോണുകളിൽ മാത്രം പൊട്ടുപോലെ കാണപ്പെടുന്ന ഒരു സംഘടനാ ശക്ത്തി അല്ലായിരുന്നു കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ എങ്കിൽ അവരുടെ നിലപാടുകൾ ഭാരതത്തിന്റെ കെട്ടുറപ്പിനെ എത്രത്തോളം ആപത്ക്കരമായി ബാധിക്കുമായിരുന്നു എന്ന്!!?? കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ അത്തരം ഒരു നിലപാട് ഇന്നത്തെ ഒരു സാഹചര്യത്തിൽ എടുക്കാൻ ധൈര്യം കാട്ടുമോ?? 'പൊട്ടുപോലെ കാണുന്നത്' എന്ന് മുൻപ് പറഞ്ഞത് അറബിക്കടലിൽ അലിഞ്ഞ് ഇല്ലാതായിട്ടുണ്ടാകും... തീർച്ച !!
താത്വീകമായും, ചിന്താപരമായും ഉന്നതരെന്ന് സ്വയം പ്രശംസ്സിക്കുകുയും തുടർച്ചയായി ''തിരുത്തപ്പെടേണ്ട അബദ്ധങ്ങൾ" മാത്രം ചെയ്യുന്ന പാർട്ടിയായും കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നു... ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ കാര്യമായി യാതൊന്നും ചെയ്യാനില്ലാതിരുന്ന അവർക്ക് അപ്രകാരമുള്ള അങ്ങീകാരവും ജനമനസ്സുകളിൽ ലഭിക്കാതെപോയി... ഭാരതത്തിലെ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അരങ്ങെറ്റത്തിനു വളരെമുൻപുതന്നെ ഇവിടെനടന്ന പുരോഗമന- വിപ്ലവ സമരങ്ങളുടെ സാരഥ്യം അവർ അവകാശപ്പെട്ടു... 1936 ൽ മാത്രം ഭാരതത്തിൽ പിറവികൊള്ളുകയും, 1939 ഓടെ മാത്രം കേരളത്തിലെത്തുകയും 1942 ലെ കയ്യൂർ സമരത്തിൽക്കൂടി മാത്രം കേരളത്തിൽ പച്ചപിടിക്കുകയും ചെയ്ത കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ അതിനും എത്രയോമുൻപ് ഭാരതത്തിൽ നടന്ന സമരങ്ങളുടെ വിജയം അവകാശപ്പെടുന്നു!! 1859 ൽ നടന്ന മാറുമറയ്ക്കൽ ചാന്ദാർ ലഹളയുടെയും, 1865ൽ നടന്ന കുടിയാന് പാട്ടവസ്തുക്കളിൽ അവകാശ സമരം, 1917 ൽ നടന്ന ഐത്തോച്ചാടനം, 1942 ലെ വൈക്കം സത്യാഗ്രഹം, 1936 ൽ നടന്ന ക്ഷേത്രപ്രവേശന വിളംബരം എന്നീ വിപ്ലവ നീക്കങ്ങളിൽ എന്ത് പങ്കാണ് അവർ നൽകിയതെന്ന് ആർക്കും വ്യക്തമല്ല.. കമ്യുണിസ്റ്റ് നേതാക്കളായിരുന്ന സി. കൃഷ്ണൻ, ടി. കെ മാധവൻ എന്നിവർ ഐത്തോച്ചാടനത്തിലും, എ. കെ ഗോപാലാൻ, കൃഷ്ണപിള്ള എന്നിവർ ക്ഷേത്രപ്രവേശന വിളമ്പരത്തിലും പങ്കെടുത്തിരുന്നുവെങ്കിലും അന്നവർ സജീവ കൊണ്ഗ്രെസ്സ് പ്രവർത്തകർ ആയിരുന്നു എന്ന സത്യവും നാം തിരിച്ചറിയണം.. ഭാരത ചരിത്രത്തെപ്പറ്റി കൂടിയ അവഹാകമില്ലാത്ത വിഭാഗങ്ങളുടെ മതിപ്പ് നേടുന്നതിന് അത് പാർട്ടിയെ സഹായിച്ചിരിക്കാം... പക്ഷെ വിദ്യാസമ്പന്നരായ മറ്റൊരു വലിയ വിഭാഗത്തിന്റെ പുശ്ചം വാങ്ങിവെയ്ക്കുന്നതിനാണ് ഈ കള്ളപ്രചാരവേലകൾ അവരെ സഹായിച്ചത്... സത്യം മനസ്സിലാക്കുന്ന ജനത പാർട്ടി പറയുന്ന ഏതൊന്നിനെയും സംശയദ്രിഷ്ട്ടിയോടെ വിലയിരുത്താൻ തുടങ്ങിയത് സ്വോഭാവികമായ പ്രതിഭാസ്സം എന്നുമാത്രം എടുത്തു പറ യേണ്ടതില്ലല്ലോ....
തുടർച്ചയായി ''തിരുത്തപ്പെടേണ്ട അബദ്ധങ്ങൾ" മാത്രം ചെയ്യുന്ന പാർട്ടി എന്നത് സിപിഎം എന്നാ രാഷ്ട്രീയ സംഘടനയെയോ, കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെയോ പരിഹസ്സിക്കുന്നതിനുവേണ്ടി നടത്തിയ ഒരു പ്രയോഗമല്ല... സി പി എം ൻറെ സ്ഥാപകനേതാവായ സാക്ഷാൽ കാറൽ മാക്സ്സിന്റെ കാലം മുതൽ "തിരുത്തപ്പെടലുകൾ" ദ്രിശ്യമായിരുന്നു... തിരുത്തപ്പെടലുകൾ ഏതൊരു സംഘടനയിലും ശരിയായ പ്രവണത തന്നെയെങ്കിലും കമ്യുണിസ്റ്റ് മാർസ്സിസ്റ്റ് പാർട്ടിയിൽ ആ തിരുത്തലുകൾ ആവശ്യമായി വന്നതെല്ലാം 'മുൻപത്തെ നിലപാടിൽ തുടർന്നാൽ പാർട്ടിയുടെ മുന്നോട്ടുപോക്ക് തന്നെ വഴിമുട്ടും' എന്നാ അവസ്ഥയിലാണ്... അത് മുൻനിലപാടിലെ അബദ്ധവും തുടർന്നുണ്ടാകുന്ന പരാജയത്തെ അതിജീവിക്കാനും നടത്തുന്ന തിരുത്തലുകളാണ്... കമ്യുണിസ്റ്റ് മാർസ്സിസ്റ്റ് ചരിത്രത്തിൽ അത്തരം തിരുത്തലുകളാണ് കൂടുതൽ...
കാറൽ മാക്സ്സിന്റെ സിദ്ധാന്തപ്രകാരം ലോകത്തിൽ മനുഷ്യർ മിക്കവാരും രണ്ടു കക്ഷികളായിത്തിരിഞ്ഞ് കലഹിച്ചുകൊണ്ടിരുന്നു.. ലോകം മുഴുവൻ സംഭവിച്ച മാറ്റങ്ങൾക്ക് ഇത്തരം കലഹങ്ങൾ എന്നും കാരണമായിരുന്നു എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു... സ്വതന്ത്രന്മാരും- ദാസ്സരും തമ്മിലും, ജന്മിയും- അടിയാനും തമ്മിലും, മുതലാളിയും- സേവകനും തമ്മിലും, അങ്ങനെ പീഡിപ്പിക്കുന്നവനും- പീഡനം ഏറ്റുവാങ്ങുന്നവനും തമ്മിൽ സദാ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നതായി അദ്ദേഹം കണ്ടിരുന്നു... എന്നാൽ 'മധ്യമജാതിയുടെ ഉദയത്തോടുകൂടി ജനസമുദായം മുഴുവൻ മധ്യമ ജാതി എന്നും, അധമജാതി വേലക്കാർ എന്നും രണ്ടു കക്ഷികളായിത്തിരിഞ്ഞ് പോരുതിക്കൊണ്ടിരിക്കുന്നു' എന്നാണ് അദ്ദേഹം തന്റെ പ്രസംഗങ്ങളിലും, ലേഖനങ്ങളിലും കൂടി തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നത്..! പക്ഷെ പിന്നീട് 'ഇന്റർനാഷണൽ അസ്സോസ്സിയേഷൻ' എന്ന അധമജാതി വേലക്കാരുടെ സംഘടന രൂപീകരിച്ചപ്പോൾ മധ്യമ ജാതിയുടെ പിന്തുണ ലഭിക്കുന്നതിനും, അധമജാതി വേലക്കാരുടെ പിന്തുണ ലഭിക്കുന്നതിനും അദ്ദേഹത്തിൻറെ മുൻ ലേഖനങ്ങളും, നിലപാടുകളും തടസ്സമായി... മധ്യമ ജാതിജനായ മാക്സ്സ് തങ്ങളോടൊപ്പം ചേർന്ന് നടക്കുന്നതിനുപോലും അനുവദിക്കില്ലെന്ന് അധമജാതി വേലക്കാരിൽ ചിലർ വാശി പിടിച്ചിരുന്നു... അവിടെ 'ഇന്റർനാഷണൽ അസ്സോസ്സിയേഷൻ' എന്നാ സംഘടനയുടെ മുൻപോട്ടുള്ള പ്രവർത്തനത്തിന് വിഖാതമാകാതിരിക്കാൻ അദ്ദേഹത്തിന് തന്റെ നിലപാട് തിരുത്തേണ്ടി വന്നു..
മതത്തെക്കുറിച്ചും, ദൈവത്തെക്കുറിച്ചും, പലവിധമായ രാഷ്ട്രീയ- സാമൂഹിക നിലപാടുകളിലും ഇന്നുവരെ, മുൻപോട്ടുള്ള പ്രയാണത്തിന് വിഘാതം സംഭവിക്കുമെന്ന് കാണുമ്പോൾ 'തിരുത്തലുകൾക്ക്' കമ്യുണിസ്റ്റ് മാർസ്സിസ്റ്റ് പാർട്ടികൾ നിർബന്ധിതർ ആയിട്ടുണ്ട്..!! ആ തിരുത്തലുകൾ മുൻനിലപാടുകളിലെ പരാജയങ്ങൾ മറയ്ക്കാനായിരുന്നു എന്നതായിരുന്നു സത്യം... ഒരു തിരുത്തൽ പ്രക്രീയയിലെ മഹത്വം നഷ്ട്ടപ്പെടുന്നത് അതുകൊണ്ടാണ്...
തുടക്കം മുതലിങ്ങോട്ട് പരിശോധിച്ചാലും, സമകാലീന രാഷ്ട്രീയ- സാമൂഹിക- സാമുദായിക- മത നിലപാടുകൾ പരിശോധിച്ചാലും മുൻപ് പറഞ്ഞവിധമായ തിരുത്തൽ നിലപാടുകൾ ദ്രിശ്യമാണ്... ഭരണത്തിൽ പങ്കാളിയാകാതെ കൊണ്ഗ്രസ്സിനു പുറത്തുനിന്നു മാത്രം പിന്തുണ നല്കിയാൽമതി എന്ന് തീരുമാനിച്ചത്, PDP യുമായി രാഷ്ട്രീയ ബന്ധം സ്ഥാപിച്ചത്, മതനിന്ദ പാർട്ടി പ്രവർത്തന ശൈലിയാക്കിയത്, കമ്പ്യുട്ടറും ട്രാക്ട്ടരും നശിപ്പിച്ചുകൊണ്ട് സമരം ചെയ്തത്, വെട്ടിനിരത്തി വിപ്ലവം കൊണ്ടുവരാമെന്ന് കരുതിയത്, ഹിന്ദു ക്ഷേത്രങ്ങളെയും, മതനേതാക്കളെയും പരസ്യമായി നിന്ദിച്ചാൽ ന്യുനപക്ഷങ്ങളുടെ പ്രീതി ലഭിക്കുമെന്ന് കരുതിയത്, പ്രതിയോഗികളെ കൊന്നൊടുക്കിയാൽ പ്രതിഷേധം ഇല്ലാതാകുമെന്ന് കരുതിയത്, ദാര്ഷ്ട്ട്യ ഭാവത്തിൽ സമൂഹത്തിനോട് ആക്ഞ്ഞാപിച്ചാൽ പൊതുജനം അങ്ങീകരിക്കുമെന്നു കരുതിയത്...... ഇവയിൽ പലതും ചരിത്രപരമായ അബദ്ധങ്ങൾ എന്ന് പാർട്ടി സമ്മതിച്ചിട്ടുണ്ട്... ചിലത് സമ്മതിക്കാതെ നയമാറ്റങ്ങൾ നടത്തുന്നു... ഭാവിയിലേക്ക് 'തിരുത്താൻ' ആവശ്യമായവ അവർ ഇപ്പോൾ ചെയ്യുന്നു.. അവ പ്രധാനമായും രൂപം കൊള്ളുന്നത് പഴയ തെറ്റുകളിലെ തിരുത്തൽ കർമ്മങ്ങളിൽക്കൂടിയാണെന്ന് മാത്രം....
മതത്തെ കാണാതെയും, വിലയിരുത്താതെയും ഉള്ള പിറവിയും പ്രവർത്തനവും ആയതിനാലാണ് കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് മതത്തെ എപ്രകാരം സമീപിക്കണം എന്ന തിരിച്ചറിവ് പോലും ഇല്ലാതെ പോയത് എന്ന് തോന്നുന്നു.. ഭാവിയിൽ തിരുത്താൻ കേരള കമ്മ്യുണിസ്റ്റ് പാർട്ടികൾ നടത്തുന്ന സമീപകാല പ്രവർത്തനം എന്തൊക്കെയെന്നതും നോക്കിക്കാണണം... ഹിന്ദു സന്യാസ്സിമാരെയും, മഠങ്ങളെയും നിന്ദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക,, ക്ഷേത്രങ്ങളെയും ക്ഷേത്ര ആചാരങ്ങളെയും പരിഹസ്സിക്കുകയും ഒപ്പം ഹിന്ദു സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറി അശാന്തി സൃഷ്ട്ടിക്കുക, കൃസ്ത്യൻ, മുസ്ലിം പ്രീണനത്തിന് കഴിയുന്നതെല്ലാം ചെയ്യുക; ഉദാഹരണമായി ശബരിമലയിൽ പോകുന്നതിന് മാലയിട്ട സഖാവ് പാർട്ടി കമ്മറ്റിയിൽ നിന്ന് പുറത്താവുകയും, വിശുദ്ധയാക്കുന്ന ചടങ്ങിന്റെ തൽസ്സമയ പ്രക്ഷേപണം വിപ്ലവച്ചാനൽ ഒരു ദിവസ്സം മുഴുവൻ നടത്തുക, മുസ്ലിങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന എന്ന് പാർട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിക്കുക, മുസ്ലീങ്ങൾക്ക് പ്രത്യേക മാഗസ്സിൻ ഇറക്കാൻ പദ്ധതിയിടുക, ഹജ്ജ് യാത്ര പരിപാവനമായും ശബരിമല ദർശനം അന്ധവിശ്വാസ്സമായും കാണുക അങ്ങനെ തുടരുന്നു അവ.. സമീപ ഭാവിയിൽത്തന്നെ ഈ നടപടികൾക്ക് തിരുത്തും പാർട്ടി ഓഫീസ്സുകളിൽ ഭാഗവതം വായനയും നമുക്ക് പ്രതീക്ഷിക്കാം... മതത്തെ ഒരു സാമൂഹിക വിഷയമായി പരിഗണിച്ചേ മതിയാകൂ എന്ന് മനസ്സിലാക്കാൻ ലോക കമ്മ്യുണിസ്റ്റുകൾക്ക് തന്നെ ഒരു നൂറ്റാണ്ടു സമയമെടുത്തു... ഭാരതത്തിൽ മതത്തെ എപ്രകാരം സമീപിക്കണം എന്ന തിരിച്ചറിവില്ലാതെ ന്യൂനപക്ഷ പ്രീണനം മാത്രമാണ് ശരിയായ മതസമീപനം എന്ന് കണക്കാക്കി ഇരുട്ടിൽ തപ്പുന്നു... ആത്മാഭിമാനവും, അന്തസ്സും ഉള്ള ഹിന്ദുക്കളായ കമ്മ്യുണിസ്റ്റ് പ്രവർത്തകരുടെ ഭാഗത്തുനിന്നു തന്നെ ഈ വിഷയത്തിൽ പാർട്ടി കടുത്ത എതിർപ്പിനെ നേരിടേണ്ടി വരും!! അത് പാർട്ടിയുടെ പതനത്തിന് വേഗത കൂട്ടുന്ന കാരണവും ആയേക്കാം... ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ സമൂഹത്തിനോട് സഖാക്കൾ പറഞ്ഞത് 'ശ്രീകൃഷ്ണനെ ആരും അങ്ങനെ സ്വകാര്യ സ്വത്താക്കി വെയ്ക്കണ്ടാ' എന്നാണ്.... ശ്രീകൃഷ്ണനെ ആരും സ്വകാര്യ സ്വത്താക്കി വെയ്ക്കുന്നില്ല... മറിച്ച് കൃഷ്ണനെ തങ്ങളുടെയും സ്വത്തായി കാണുവാനും അങ്ങീകരിക്കുവാനുമുള്ള 'വെളിവിന്' സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്യുന്നു...
കയ്യൂക്കിന്റെയും, അക്രമത്തിന്റെയും, കൊലപാതകത്തിന്റെയും രാഷ്ട്രീയം ഈ മണ്ണിൽ നടപ്പിലാക്കുന്നതിന് ശ്രമിച്ചതാണ് സമീപകാലത്ത് കമ്മ്യുണിസ്റ്റ് പാർട്ടികളോട് പൊതുജനമനസ്സുകളിൽ വെറുപ്പും ഭയവും ഉളവാക്കുന്നതിനു കാരണമായത്... "നാട്ടിൽ ഏതൊരു അക്രമം നടന്നാലും ഒരുഭാഗം സിപിഎം ആയിരിക്കും, ഒന്നുങ്കിൽ കൊല്ലുന്ന ഭാഗത്ത് അല്ലെങ്കിൽ ചാകുന്നഭാഗത്ത്" എന്ന് പറഞ്ഞത് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ്... പറഞ്ഞയാളിന്റെ രാഷ്ട്രീയം ചികഞ്ഞു നോക്കാതെതന്നെ സ്വതന്ത്രനായ ഒരു പൌരന് അത് ശരിയാണെന് തോന്നും.. ടി. പി ചന്ദ്രശേഖരനെ കൊന്നത്, ഷുക്കൂരിനെയും മനോജിനെയും ഉൾപ്പടെ ആയിരമായിരം സ്വന്തം ചേരിയിലുള്ളവരുടെയും എതിർ ചേരിയിലുള്ളവരുടെയും മരണത്തിന് കാരണമായത്... ഇതൊന്നും പാർട്ടിയുടെ വളർച്ചയെ സഹായിച്ചില്ല എന്നത് തീർച്ചയാണ്... ടി. പി യെ വധിക്കാനെത്തിയവരുടെ വാഹനത്തിൽ അറബി സൂക്ത്തങ്ങൾ എഴുതിവെച്ച് വധത്തിന്റെ ഉത്തരവാദിത്വം മുസ്ലിം സംഘടനകളുടെ തലയിലും, ഷുക്കൂറിന്റെ വധത്തിന്റെ ഉത്തരവാദിത്വം ഹിന്ദു സംഘടനകളുടെ തലയിലും കെട്ടിവച്ച് മുതലെടുപ്പുനടത്താൻ കൂടി ശ്രമിച്ചതോടെ പാർട്ടിയുടെ ഇരുകൂട്ടരോടുമുള്ള സമീപനത്തിലെ കാപട്യം പുറത്തുവന്നു... ഈ ഉദ്യമങ്ങൾക്ക് പിന്നിൽ വർഗ്ഗീയകലാപം സൃഷ്ട്ടിച്ചു മുതലെടുക്കുക എന്ന ഭീഗരത കണ്ടെത്തി ഇന്റെലിജെൻസ് അത് പുറത്തുകൊണ്ടുവന്നപ്പോൾ 'നാട്ടിൽ എന്ത് അരാജകത്വം സൃഷ്ട്ടിച്ചും മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നവർ' എന്നാ ലേബൽ പാർട്ടിക്ക് ചാർത്തിക്കൊടുത്തു... ബി ജെ പി യിൽ പിളർപ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ നമോ വിചാർ മഞ്ചിൽ നിന്നും പ്രവർത്തകരെ പാർട്ടിയിലേക്ക് ആഘോഷമായി സ്വീകരിച്ചത് മറ്റൊരു 'തിരുത്താൻ കഴിയാത്ത' അബദ്ധമായി... രക്തസാക്ഷികളോടുള്ള അവഗണനയുമായി അത്തരം പല തീരുമാനങ്ങളും!!!
പാർട്ടിയുടെ നയവ്യതിയാനങ്ങൾ, തീരുമാനങ്ങളിലെ പാളിച്ചകൾ, സമീപനങ്ങളിലെ അപര്യാപ്തതകൾ, പ്രത്യയശാസ്ത്രപരമായ അപാകതകൾ, എങ്ങനെ തുടങ്ങുന്ന പോരായ്മകളെക്കാളേറെ പാർട്ടിയെ തളർത്തിയത് സമീപകാലത്തെ വിഭാഗീയതയാണ്... പാർട്ടിയിൽ വി സ് പക്ഷമെന്നും പിണറായി പക്ഷമെന്നും തിരിഞ്ഞുള്ള ആക്രമണങ്ങൾ... അതിനു മാധ്യമങ്ങൾ നല്കിയ പ്രാധാന്യം... ജയരാജത്രയങ്ങളുടെ മുഷ്ക്ക് നിറഞ്ഞ പ്രസ്താവനകളും, സമീപനങ്ങളും!! പരസ്പ്പര വിജയത്തിനും, നിലനില്പ്പിനുമായി ന്യൂ ജെനറേഷൻ കമ്മ്യുണിസ്റ്റുകളും, വി. സ്സ് ന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക കമ്മ്യുണിസ്റ്റുകളും നടത്തിയ ഏറ്റുമുട്ടലുകളും, വെട്ടിനിരത്തലുകളും... പക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പുറത്താക്കപ്പെട്ട സഖാക്കൾ, അങ്ങനെ തുടരുന്നു വിഭാഗീകതയുടെ തിരിച്ചടികൾ... നിലവിലെ കേരളഭരണം വേണ്ടാ എന്ന് വെയ്ക്കത്തക്കകാരണം വിഭാഗീകതയാണെന്നുള്ള അരമന രഹസ്യം അങ്ങാടിപ്പാട്ടുമായി...!!
കേരളത്തിൽ ഭരണപ്രതിപക്ഷങ്ങൾ കൈ കോർത്തു നിന്നാണ് അഴിമതിയും അതിനെതിരെയുള്ള സമരങ്ങളും സംഘടിപ്പിക്കുന്നത് എന്ന ആക്ഷേപങ്ങൾ കേൾക്കാൻ തുടങ്ങി.. സോളാർ സമരം പോലെയുള്ള സമരങ്ങളിൽ നിന്ന് പാർട്ടി നിരുപാധികം പിന്മാറിയത് പാർട്ടിയുടെ 'ഒരു സമരം വിജയിപ്പിക്കാനുള്ള കഴിവിനെ' വരെ ചോദ്യം ചെയ്യുന്നതായി... ഏറ്റവും പുതിയ 'ബാർ കോഴ' ആരോപണത്തിൽ വരെ ആ ഒത്തുകളി പ്രകടമായി... സി പി ഐ പരസ്യമായി ഒത്തുകളി ആരോപണം ഉയർത്തിയതോടെ ഒത്തുകളിയിൽ ഒരു ചെറിയ വിഭാഗത്തിനുണ്ടായിരുന്ന അവിശ്വാസ്സവും ദൂരീകരിക്കപ്പെട്ടു...
സ്വതന്ത്രമായി വിഷയങ്ങളെ വിലയിരുത്താൻ കഴിയുന്ന ഒരു ജനത ഇവിടെയുണ്ടെന്ന് പലപ്പോഴും പാർട്ടി മനസ്സിലാക്കുന്നില്ല എന്ന് കരുതണം... പലസംഭവങ്ങളിലും പാർട്ടി നടത്തിയ വിശദീകരണങ്ങൾ അങ്ങനെ ഒരു തോന്നലിനെ ജനിപ്പിക്കുന്നതാണ്... ടി. പി വധത്തിൽ പങ്കില്ല എന്ന് ജനങ്ങളോട് പറയുകയും, കൊലപാതകികളെ സമാശ്വസ്സിപ്പിക്കുവാൻ നേതാക്കൾത്തന്നെ പോവുകയും ചെയ്യുക, കേസ്സ് നടത്താൻ പാർട്ടി പിരിവ് നടത്തുക, സി. ബി. ഐ അന്യേഷണത്തെ എതിർക്കുക, പാർട്ടി ഭാരവാഹികൾ തന്നെ ശിക്ഷിക്കപ്പെടുക;; ജനങ്ങളുടെ മുൻപിൽ 'പാർട്ടിക്ക് പങ്കില്ല' എന്ന് ആവർത്തിക്കുക... ജനങ്ങൾ അത് വിശ്വസ്സിക്കണം എന്ന് ശഠിക്കുക!!
ആശയങ്ങളെയും, പ്രസ്ഥാനത്തെയും, വളർത്താനും, തളർത്താനും പ്രസംഗങ്ങൾക്ക് കഴിയുമെന്ന് കമ്മ്യുണിസ്റ്റുകൾ കാണിച്ചുതന്നു... മണിയുടെ വണ്‍, ടു, ത്രീ കൊലപാതക പ്രസംഗവും, കോടതികളെ ശുംഭാന്മാരെന്നു വിളിച്ചതും, ടി. പി യെ കുലം കുത്തി എന്ന് വിളിച്ചതും, പരനാറി പ്രയോഗവും എല്ലാം അതിൽ ചിലവ മാത്രം... ജനങ്ങളോട് സംവദിക്കുന്ന 'ഭാഷ';; പ്രത്യേകിച്ച് സി. പി. എം ന് ഒരുപാട് ഹൃദയങ്ങളുടെ പിന്തുണയെ ഇല്ലാതാക്കി...
ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വെയ്ക്കുന്നത് കൊണ്ടാകാം, കമ്മ്യുണിസ്റ്റുകൾ ഹിന്ദു സമൂഹം മുന്നോട്ടു വെയ്ക്കുന്നതിനെയും, അവർ നേതൃത്വം കൊടുക്കുന്നതിനെയും അടച്ച് ആക്ഷേപിക്കുന്നതും, എതിർക്കുന്നതും... ഹിന്ദു സംഘടനകൾ എതിർക്കുന്നത് കൊണ്ട് മാത്രമല്ലേ അവർ ചുമ്പന സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നത്?? തങ്ങൾക്ക് സമൂഹമദ്ധ്യത്തിൽ ഉണ്ടാകാവുന്ന അവമതിപ്പിനെയും അവഗണിച്ച്??
കമ്മ്യുണിസ്റ്റുകൾക്ക് ഇന്നുള്ള ഏറ്റവും വലിയ ഒരു രോഗമാണ് 'മോഡി വിരോധം'... പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്നതിനെയും പറയുന്നതിനേയും എല്ലാം വിമർശിക്കുക... കഴിയുന്ന രീതിയിലെല്ലാം പരിഹസ്സിക്കുക!! പക്ഷെ ലോകമാകമാനം ആദരവോടെ കാണുന്ന ആ നേതാവിന്റെ ഭരണ പ്രവർത്തനങ്ങളിൽ നാളിന്നുവരെ ഇവിടുത്തെ പൊതുസമൂഹം തൃപ്ത്തരാണ്... കമ്മ്യുണിസ്റ്റുകൾ പറഞ്ഞു പ്രചരിപ്പിക്കുന്ന കുറ്റങ്ങൾ പൊതുജനം അദ്ദേഹത്തിൻറെ പ്രവർത്തികളെ വിലയിരുത്തുമ്പോൾ കാണാൻ കഴിയുന്നില്ല.. അതിനാൽ വിമർശനങ്ങളെ രാഷ്ട്രീയ പ്രേരിതമായി മാത്രം കണ്ട് അവർ തള്ളിക്കളയുന്നു... എന്റെ രാഷ്ട്രീയ ചായ് വിൻറെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത് എന്ന് കരുതുന്നവർ കമ്മ്യുണിസ്റ്റു പ്രവർത്തകരിൽത്തന്നെ ഒരു സർവെ നടത്തി അന്ധമായ മോഡി വിരോധം അനാവശ്യ പ്രവണതയാണെന്ന അഭിപ്രായം സ്വോരൂപിക്കാവുന്നതാണ്...
സർദാർ പട്ടേലിന്റെ ജന്മദിനം ആഘോഷിക്കാൻ കേന്ദ്രസര്ക്കാർ തീരുമാനിച്ചപ്പോൾ നെഹ്രുവിന്റെ മഹത്വം പ്രകീർത്തിച്ച് ലേഖനമെഴുതാനും, ചുമ്പന സമരത്തിനു കാവല് കെടക്കാനും, ആരാധനാലയങ്ങളിൽ നുഴഞ്ഞു കയറാനും, ദൈവീക ചിന്തകളെ നിന്ദിക്കാനും, മത പ്രീണനം നടത്താനും മുതിരാതെ ഇവിടുത്തെ കമ്മ്യുണിസ്റ്റുകൾ തങ്ങൾക്ക് ഒരു രാഷ്ട്രീയവും, നയവും, നിലപാടും ഉണ്ടെന്ന് സമൂഹ മധ്യത്തിൽ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം.. ഇന്ന് കമ്മ്യുണിസ്റ്റുകൾ ആരെയെങ്കിലും തല്ലുമെന്നൊ, കൊല്ലുമെന്നൊ, അടിച്ചു തകർക്കുമെന്നൊ പറയുന്നത് മാത്രമേ നാട് ശ്രദ്ധിക്കുന്നുള്ളൂ... കാരണം അത് മാത്രമേ അവരെക്കൊണ്ട് സാധിക്കുന്നുള്ളൂ... മറിച്ച് അവർ പറയുന്ന രാഷ്ട്രീയവും നയവും ജനങ്ങൾ ശ്രദ്ധിക്കണമെങ്കിൽ സമൂലമായ മാറ്റം അനിവാര്യം...
[Rajesh Puliyanethu
Advocate, Haripad]