Thursday, 27 November 2014

ഒരു മഹാഭാരത വൈരുദ്ധാന്മക ദർശനം.....!!


     
     മഹാഭാരതത്തിലെ പല വിധമായ സംഭവവികാസ്സങ്ങളും യുക്ത്തി ഭദ്രതയിൽ അധിഷ്ട്ടിതമായ ചോദ്യം ചെയ്യലിന്  വിധേയമായിട്ടുണ്ട്...  ഹിന്ദു പുരാണ- ഇതിഹാസ്സങ്ങൾ സംഭവങ്ങളുടെ പ്രായോഗികതക്ക് അപ്പുറം തത്വങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണെന്നും അതിനാൽത്തന്നെ അതിലെ സംഭവങ്ങളുടെ പ്രായോഗികതയെ അടിസ്ഥാനമാക്കി വിശകലനം നടത്തുന്നതിൽ അർഥമില്ല എന്നും വാദിക്കുന്നവരുണ്ട്...  ഹിന്ദു പുരാണ ഇതിഹാസ്സങ്ങളുടെ അർഥതലങ്ങൾ അതിവിപുലമാണെന്നും അതിനാൽ അതിൽ വിശദീകരിക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയെ അറിയുന്നതിലും ഉത്തമം അകക്കാഴ്ച്ചയെ അറിയുന്നതാണെന്നും പറയുന്നു... അവ സഹസ്രകോണുകളിൽക്കൂടി വിശകലനം ചെയ്യപ്പെടേണ്ടവ ആയതിനാൽ ദ്രിശ്യ വിശകലനം അഭികാമ്യമല്ല എന്നും ഒരു ഭാഗം...  മഹാഭാരതം പോലെയുള്ള ഇതിഹാസ്സങ്ങൾ ഒരു കാലഘട്ടത്തിന്റെ ആകമാനമായ വരച്ചുകാട്ടലായതിനാൽ അതിൽ നന്മയും തിന്മയും നിറഞ്ഞ സംഭവങ്ങൾ ഉണ്ടാകുമെന്നും അതിനാൽ വായിച്ചറിയുന്ന അപ്രകാരം തന്നെ മനസ്സിലാക്കി വിശകലനം ചെയ്യുന്നത് അർഥവ്യാപ്തിയെ പരിമിതപ്പെടുത്തുമെന്നും ഒരു ഭാഗമുണ്ട്... 

       വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ നിറഞ്ഞ സംഭാവവികാസ്സങ്ങളും ഹിന്ദു പുരാണ- ഇതിഹാസ്സങ്ങളിൽ കാണാവുന്നതാണ്... മഹാഭാരതത്തെ ആധാരമാക്കിയാണ് ചർച്ചകൾ ഏറെയും നടന്നിട്ടുള്ളത്... മഹാഭാരതകഥയിലെ അതിശയോക്തി പരമായ സംഭവങ്ങളും, യുക്തിസഹജമായ കാര്യങ്ങളും, നൈതികമായ ചിന്തയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്... വൈരുദ്ധാന്മക സ്വഭാവങ്ങൾക്കപ്പുറം!! ശ്യന്തനുവും ഗംഗയും തമ്മിലുള്ള ബന്ധം, ശ്യന്തനുവിനു സത്യവതിയോടു തോന്നിയ മോഹം, സത്യവതിയുടെ മക്കളുടെ രാജ്യാവകാശം, ഭീഷ്മരുടെ ശപഥം, അംബ-അംബിക-അംബാലിക മാരുടെ വിവാഹം, വേദ വ്യാസ്സന്റെ വിവാഹം, അന്ധനായും, പാണ്ടുള്ളവനായും ഉള്ള പുത്രന്മാരുടെ ജനന രഹസ്യം, ധ്രിതരാഷ്ട്രരുടെ പുത്ര വാൽസ്സല്യം, ഗാന്ധാരിയുടെ കണ്ണുമൂടിക്കെട്ടലിലെ ന്യായം, കുന്തിയുടെ സന്താനലബ്ദി, കർണ്ണനോട് ചെയ്ത അനീതി, പാഞ്ചാലിയുടെ ബഹുഭർതൃത്വം, ചൂതുകളിയിലെ ന്യായം, പാഞ്ചാലിയുടെ വസ്ത്രാക്ഷേപം, അത് നോക്കിനിന്ന ഗുരുകാരണവന്മാരുടെ മൌനം, അരക്കില്ലത്തിലെ ചതി, രാജ്യത്തിനും അധികാരത്തിനും പ്രതികാരത്തിനുമായി പിതൃ-ഗുരു തുല്യർക്കെതിരെ ആയുധമെടുക്കുന്നതിലെ നീതി, കുരുക്ഷേത്രത്തിലെ യുദ്ധനീതി, ഭീഷ്മർ, ദ്രോണർ, കർണ്ണൻ, ദുര്യോധനൻ തുടങ്ങിയവരെ വധിച്ച മാർഗ്ഗങ്ങളുടെ ന്യായം, ഭാരത കഥയിലുടനീളം കാണുന്ന ശ്രീകൃഷ്ണ പരമാത്മാവിന്റെ സാനിദ്ധ്യവും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിലെ നൈതികതയും;; ഇങ്ങനെ തുടരുന്ന പ്രധാനവും മറ്റ് അപ്രധാന സംഭവങ്ങളും പലവിധമായി കഴിഞ്ഞകാല സമൂഹങ്ങൾ ചർച്ച ചെയ്തു... അവയെല്ലാം വിമർശനാത്മകവും, വൈരുദ്ധവും ആയചിന്തകളോടും ഒപ്പം തന്നെ മുൻപ് പറഞ്ഞ വിധമായതും അതിനപ്പുറമുള്ള മറ്റനേകമായ ന്യായങ്ങളാലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്... ഇതിനെല്ലാമപ്പുറം ഭഗവത് ചിന്തകളെയും വിശദീകരണങ്ങളിൽ കണ്ടെത്താൻ കഴിയും..

       വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ മഹാഭാരതത്തിൽ കാണാൻ കഴിയുന്നു എന്നത് ഒരു ഉദാഹരണത്തോടെ പറയുന്നതിനാണ് എന്റെ ശ്രമം... 'വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ' മഹാഭാരതത്തെക്കുറിച്ചുള്ള മുൻപ് പറഞ്ഞ വിധമായ പഠനങ്ങളിൽ അത്ര പ്രശസ്തമായി കണ്ടിട്ടില്ലാത്തത് എന്നു കൂടി പറയേണ്ടതാണെന്ന് എനിക്ക് തോന്നുന്നു...

       മഹാഭാരതത്തിൽ വൈരുധാന്മക സ്വഭാവം വീരയോദ്ധാവും, പാണ്ഡവരിൽ പ്രധാനിയുമായ അർജുനൻ പ്രകടിപ്പിക്കുന്ന രംഗങ്ങൾ നമുക്ക് കാണാം.. 

       ദ്രോണാചാര്യരുടെ ഗുരുകുലത്തിൽ കുരുവംശ സന്തതികൾ ആയോധന വിദ്യ പഠിക്കുന്നു... ധനുർവിദ്യാ അഭ്യാസ്സ വേളയിൽ വൃക്ഷത്തിന്റെ ഉയർന്ന അഗ്രത്തിലുള്ള ഫലത്തെ ലക്ഷ്യം വെച്ച് നില്ക്കുന്ന തന്റെ ശിഷ്യന്മാരിൽ ഓരോരുത്തരോടും ദ്രോണർ നിങ്ങൾ എന്ത് കാണുന്നു എന്ന് അരികിൽ വന്ന് ആരായുന്നു... അർജുനൻ ഒഴികെ മറ്റെല്ലാവരും തങ്ങൾ കാണുന്ന പലവിധമായ കാഴ്ചകളെക്കുറിച്ച് വിശദീകരിച്ചു.. അർജുനൻ മാത്രം താൻ ലക്ഷ്യമായ 'ഫലം' മാത്രം കാണുന്നതായി പറയുന്നു... ഈ കഥയുടെ സാങ്കത്യത്തിന്റെ വിശദീകരണങ്ങൾക്ക്‌ അതീവ പ്രാധാന്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല... പക്ഷെ അർജുനൻ എന്ന യോദ്ധാവിന്റെ ശ്രദ്ധ, താല്പ്പര്യം, ഏകാഗ്രത, കഴിവ് എന്നിങ്ങനെയുള്ള ഗുണങ്ങളെ കൂടുതൽ പ്രകീർത്തിക്കുന്ന കഥാശകലമായി മാത്രം കാണുന്നു....   

       മഹാഭാരത കഥയിലെ മറ്റൊരു രംഗമാണ്... ഭഗവാൻ ശ്രീകൃഷ്ണൻ ഭാവിയിൽ വരാൻ പോകുന്ന മഹായുദ്ധത്തെ നേരിടാനുള്ള ഉപായമായി അർജുനന് പദ്മവ്യൂഹ പ്രവേശനം ഉപദേശിക്കുന്നു... പദ്മവ്യൂഹത്തിൽ പ്രവേശിക്കുന്ന മാർഗ്ഗം മാത്രം ഉപദേശിച്ചു പൂർത്തിയായ വേളയിൽ അർജ്ജുനൻ ഉറങ്ങിപ്പോയി എന്നാണു കഥ... ഗർഭസ്ഥ ശിശുവായ അഭിമന്യു പദ്മവ്യൂഹ പ്രവേശനമാർഗ്ഗം അങ്ങനെ കേട്ടറിഞ്ഞു എന്നാണ് പറയുന്നത്... അർജുനൻ ഉറങ്ങിപ്പോയത് മനസ്സിലാക്കിയ ശ്രീകൃഷ്ണൻ ഉപദേശം അവിടംകൊണ്ട് നിർത്തിയെന്നും അതിനാൽ അഭിമന്യുവിന് പദ്മവ്യൂഹം ഭേദിച്ച് പുറത്തുവരുന്ന രഹസ്യം പഠിക്കാൻ കഴിയാതെ പോയി എന്നും മഹാഭാരത ചരിത്രം പറയുന്നു... 

       ഇവിടെയാണ് ഒരു കഥാപാത്രത്തിൽ കാണുന്ന വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ പ്രകടമാകുന്നത്... അര്ജ്ജുനന്റെ മഹാഭാരതത്തിലെ പ്രാധാന്യം തന്നെ അജയ്യനായ ധനുർധാരി എന്നതാണ്... മുൻപ് ആയോധനകലയിലെ അർജ്ജുനനുള്ള താൽപ്പര്യം, ശ്രദ്ധ എന്നിവ പ്രകീർത്തിച്ചു വിശദീകരിച്ചുവെങ്കിലും പിന്നീട് അതീവ പ്രാധാന്യമുള്ള ഒരു ഉപദേശം ശ്രവിക്കുന്നതിനിടയിൽ 'ഉറങ്ങിപ്പോയ അർജ്ജുനൻ' എന്നാ നിസ്സാരനായ വ്യക്തിയെയും വരച്ചുകാട്ടുന്നു... ഇതാണ് ഒരു വ്യക്തിതന്നെ വൈരുദ്ധാന്മകമായ സ്വാഭാവ സവിശേഷതകൾ മഹാഭാരതത്തിൽ പ്രകടിപ്പിക്കുന്നു എന്ന് പറയുവാൻ കാരണം... 

       സംഭവങ്ങളിലെ സാങ്കത്യത്തിന്റെ പിറകെ പോകാതെ തത്വത്തെയും ആശയത്തെയും മുൻനിർത്തിയും, വിശകലനം ചെയ്തും മഹാഭാരതത്തിലെ സ്പടിക ഗോളങ്ങളെ പുറത്തെടുക്കണമെന്നാണ് എന്റെ പക്ഷം... ഇവിടെ ചൂണ്ടിക്കാട്ടിയ, ഒരു കഥാപാത്രം പ്രകടിപ്പിച്ച വൈരുദ്ധാന്മക സ്വഭാവത്തെ മഹാഭാരതത്തിന്റെ പോരായ്മയായി വിശദീകരിക്കാനല്ല ഞാൻ ശ്രമികുന്നത്... പകരം ഇത്ര നിസ്സാരമായി കണ്ടെത്താൻ കഴിയുന്ന ഒരു വൈരുദ്ധാന്മക സ്വാഭാവത്തിനപ്പുറം അനേകം സമാന പ്രകൃതങ്ങൾ കണ്ടെത്താൻ നമുക്ക് കഴിയും.. അവയെ വിമർശിക്കുന്നതിനുപരി വിശകലം ചെയ്യുന്നതിന്നുള്ള വിപുലമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് മാത്രം...


[Rajesh Puliyanethu
 Advocate, Haripad]