Monday, 8 July 2013

സോളാറിന്റെ നാൾവഴിയെ പൊള്ളുന്ന കേരള രാഷ്ട്രീയം!!


         ബിജു രാധാകൃഷ്ണൻ, സരിത നായർ, ഷാലു മേനോൻ, ജോപ്പാൻ, ജിക്കുമൊൻ.. അങ്ങനെ തുടരുന്നു കേരള ജനതയെ ആലോസരപ്പെടുത്തിക്കോ  ണ്ടിരിക്കുന്ന പേരുകൾ. . ഒപ്പം ഒരു മുഖ്യ ഭരണാധികാരിയും, ആഭ്യന്തര മന്ത്രിയും.. അവരുടെ അകത്തും പുറത്തുമായി നിലകൊള്ളുന്ന സേവകരും.. ഇവയെല്ലാം ആഘോഷമാക്കി തീർത്ത്; കിട്ടിയ എല്ലിൻ കഷ്ണം പരമാവധി നക്കി വെടിപ്പാക്കുന്ന പ്രതിപക്ഷവും, മൌനത്തോടെയും അൽപ്പസംസ്സാരത്തിലൂടെയും പ്രസ്തുത സമയത്തെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന മുന്നണി നേതാക്കളും, ഗ്രൂപ്പ് നേതാക്കളും.. അങ്ങനെ ഒരു രാഷ്ട്രീയ കാർണിവൽ സമയമാണ് കേരളത്തിന്.. ഇവിടെ കേരള ജനത ആലോസ്സരപ്പെടുന്നത് പ്രധാനമായും TV ഓണ്‍ ചെയ്യുമ്പോളാണ് എന്നതാണ് സത്യം.. ഹോ, 'ഈ TV ഓണ്‍ ചെയ്‌താൽ മുഴുവൻ ഇവളുമാരേം എഴുന്നള്ളിച്ചോണ്ട് ഓരോ അവന്മാര് പോയത് മാത്രമേ കാണാനോള്ളല്ലോ'  എന്ന് അരാഷ്ട്രീയ വാദികളായ വീട്ടമ്മമാർ പിറുപിറുക്കുന്നു..

       സരിതാനായരും, ബിജു രാധാകൃഷ്ണനും, ശാലുമേനോനും ഒക്കെ കൂടി എപ്രകാരമാണ് തട്ടിപ്പുകൾ നടത്തിയത്, അവർ ആരെയൊക്കെയാണ് തട്ടിപ്പിന്  ഇരയാക്കിയത്, അവർ ഏതു തരത്തിലുള്ള കുറ്റ കൃത്യമാണ് ചെയ്തത്, അതുവഴി ഖജനാവിന് ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങളോടുള്ള ബഹുഭൂരിപക്ഷം മലയാളിയുടെയും മറുപടി അവ്യക്തമാണ്.. കാരണം യാഥാർഥ്യം എന്തെന്നോ, ഒരു വിഷയത്തെ അപഗ്രഥിച്ച് പഠിപ്പിക്കുന്നതിനോ ഇവിടെ രാഷ്രീയ പാർട്ടികളോ, സംഘടനകളോ, മാധ്യമങ്ങളോ ആരും തന്നെ ശ്രമിക്കുന്നില്ല.. അത് പ്രസ്തുത വിഷയത്തിലായാലും മറ്റേതൊരു വിഷയത്തിലായാലും സ്ഥിതി അങ്ങനെതന്നെ!! ഒരു വിവാദം സൃഷ്ടിച്ച് അതിൽനിന്നും തങ്ങൾക്കുള്ള നേട്ടത്തിൽ മാത്രമാണ് എല്ലാവരുടെയും കണ്ണ്.. അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം, ഭരണപക്ഷത്തിന് ആരോപണവിധേയന് മേൽ ചെലുത്താൻ കഴിയുന്ന സമ്മർദ്ദ മാർഗ്ഗ്ഗം, ഘടക കക്ഷികൾക്ക് വിലപേശൽ മാർഗ്ഗം, മാധ്യമങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കും, തങ്ങളുടെ ചായ്‌വ്കൾക്കും അനുകൂല നിലപാടെടുത്തു അതുവഴി തങ്ങളുടെ കൂറ് ഒന്നുകൂടി വ്യക്തമാക്കാനുള്ള അവസ്സരം, കൂടുതൽ ചടുലമായി അവതരിപ്പിച്ച് തങ്ങളുടെ റേറ്റിംങ്ങും അതുവഴി ബിസ്സിനസ്സും വർധിപ്പിക്കാനുള്ള അവസ്സരം; അങ്ങനെ പോകുന്നു വിവാദത്തിന്റെ വിളവെടുപ്പുകൾ!! ഏതു വഴിയിൽ മുതലെടുപ്പ് നടന്നാലും അത് സാധ്യമാകുന്നത് തങ്ങൾക്കു അനുകൂലമായ രീതിയിൽ ഇവിടുത്തെ ജനതയെ കൊണ്ട് ചിന്തിപ്പിച്ചും, സംസ്സാരിപ്പിച്ചും, പ്രവർത്തിപ്പിച്ചുമാണ്‌ എന്ന സത്യം മറന്നു പോകരുത്.. കേരളജനതയെക്കൊണ്ട് തങ്ങൾക്കു വേണ്ടരീതിയിൽ ചിന്തിക്കാനും, സംസ്സാരിപ്പിക്കാനും, പ്രവർത്തിപ്പിക്കാനും നിസ്സാരമായി പലർക്കും സാധ്യമാകുന്നു എന്നത് പ്രബുദ്ധരെന്നു സ്വയം പ്രശംസ്സ നടത്തി നാൾ കഴിക്കുന്ന മലയാളിക്ക് അപമാനമാണ്.. മലയാളിയുടെ ബുദ്ധി ആർക്കും കോയിൻ ഇട്ട് ഉപയോഗിക്കാൻ കഴിയുന്ന ടെലിഫോണ്‍ ബൂത്ത്‌ പോലെ ആയിരിക്കുന്നത് ചിന്താച്യുതിയാണ്!!

       ബിജു രാധാകൃഷ്ണനും സംഘവും ചെയ്ത കുറ്റകൃത്യവും, അതിന്റെ രാഷ്ട്രീയ മാനങ്ങളും, സാമൂഹിക പ്രസക്തിയും എല്ലാം ചർച്ചചെയ്യപ്പെടെണ്ടതുണ്ട്.. ബിജു രാധാകൃഷ്ണൻ ഒരു തട്ടിപ്പ് വഞ്ചനാ കേസ്സിലെ കുറ്റവാളിയാണ്.. ഭാര്യയെ കൊന്നകുറ്റം അവിടെ നിൽക്കട്ടെ; കാരണം ആ കൊലപാതകക്കുറ്റമല്ല ഇന്നത്തെ വിവാദങ്ങൾക്ക് അടിസ്ഥാനം.. കരളത്തിൽ വർഷങ്ങൾതോറും നടക്കുന്ന ആയിരത്തൊളമെത്തുന്ന കൊലപാതകങ്ങളിൽ ഒന്നത് എന്നുകരുതാം.. പോലീസ് കുറ്റം തെളിയിക്കട്ടെ, കോടതി ശിക്ഷിക്കട്ടെ! പക്ഷെ സോളാർ തട്ടിപ്പിൽ തട്ടിപ്പ് നടത്തിയ വഴിയും നേടിയ പണവും എല്ലാം അംഗീകരിച്ചാലും കുറ്റകൃത്യം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406, 420.. തുടങ്ങിയ ശ്രേണിയിലെ കുറ്റക്രിത്യങ്ങളാണവ.. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ തന്നെയെങ്കിലും കോമ്പൌണ്ടബിൾ ഒഫെൻസ്സുകൾ ആണവ.. ഇത്രയും വമ്പന്മാർ ഉൾപ്പെട്ടകേസ്സെന്ന നിലക്ക് അവ പിന്നീട് ഒത്തുതീരാൻ സാദ്ധ്യത ഉണ്ടോ എന്ന്കൂടി ഒരു ചോദ്യത്തിന്റെ കാരണമില്ല.. അപ്പോൾ ഇവരാരും തന്നെ അന്തിമമായി ശിക്ഷിക്കപ്പെടില്ല എന്നത് ഏറെക്കുറെ ഉറപ്പിക്കാം.. വമ്പന്മാരുടെ സ്വാധീനം ഉപയോഗിച്ചില്ല എന്നുതന്നെ വെയ്ക്കുക.. എന്നാലും പരാതിക്കാരുടെ നഷ്ട്ടം പണം ആയതിനാലും, അത് പണം കൊണ്ടുതന്നെ വീട്ടാൻ കഴിയുമെന്നതിനാലും കോടതിക്ക് പുറത്തുപോലും ഈ കേസ്സുകൾ ഒത്തു തീരുമെന്ന് കരുതാം.. ഖജനാവിന് നഷ്ട്ടം വരുത്താത്ത ഒരുകെസ്സിൽ പ്രതികൾക്കെതിരെ നിലപാടെടുക്കേണ്ട ആവശ്യം കേസ്സ് വിചാരണക്ക് എത്തുന്ന കാലത്ത് ഇവിടെ അധികാരത്തിലിരിക്കുന്ന സർക്കാരിനും ഉണ്ടാകുന്നില്ല... മാത്രമല്ല പണം നല്കി വഞ്ചിതരായവരുടെ പിന്നാമ്പുറകഥകളും ആരും അറിയുന്നില്ല.. പുറത്തു വരുന്ന കഥകളിലെ തുകകൾ തന്നെയാണോ യാഥാർധ്യമെന്നു ആരുകണ്ടു?? അഥവാ അതിൽ കൂടുതലോ കുറവോ എന്നിരിക്കട്ടെ.. പോലീസിൽ ഇപ്പോൾ പറയുന്ന തുകക്ക് മാത്രമേ കോടതിയിൽ നിന്നും പരിഹാരം ലഭിക്കൂ.. മറച്ചുവച്ച മറ്റു കോടികൾ കേസ്സ് നടത്തിയാലും കിട്ടില്ല എന്ന് വ്യക്തം.. അപ്പോഴും പിന്നീട് കേസ്സ് ഒത്തുതീർന്നു പ്രതികൾ പുറത്തു വരാനുള്ള സാധ്യതകൾ ഏറുന്നു..

       കേരളത്തിലെ മജിസ്ട്രേട്ട് കോടതികളിൽ ഒരു വർഷം ഫയൽ ചെയ്യപ്പെടുന്ന 420, 406 IPC ശ്രേണിയിലെ കേസുകളുടെ എണ്ണമെടുത്താൽ അത് പലശതം വരും എന്ന് കാണാൻ സാധിക്കും.. അവയിലെല്ലാം ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ വഞ്ചിതരാകുന്നു.. നഷ്ടം വഞ്ചിതരായവർക്ക് മാത്രം.. സമൂഹത്തിൽ നടക്കുന്ന ഏതൊരു ക്രിമിനൽ കുറ്റത്തോടും ഉള്ളതിനപ്പുറം ഒരു താൽപ്പര്യവും ആർക്കും അതിനോടോന്നുമില്ല.. സാങ്കേതികമായി സമാനതകൾ പുലർത്തുന്ന സോളാർ കേസ്സിനോടു മാത്രം എന്താണ് മാധ്യമങ്ങൾക്കും, പ്രതിപക്ഷത്തിനും, പൊതുജനത്തിനും ഇത്ര താൽപര്യം??

       കേരളത്തിന്റെ മുഖ്യമന്ത്രിക്കും, അഭ്യന്തരവകുപ്പു മന്ത്രിക്കും ഭരണപക്ഷത്തിനും പ്രസ്തുത തട്ടിപ്പിൽ ഉള്ള പങ്ക്.. അതായിരുന്നു രാഷ്ട്രീയമായി ഈ വിഷയത്തിന് ലഭിച്ച പ്രാധാന്യം.. അതിലുപരി പ്രസ്തുത വിഷയത്തെക്കുറിച്ച് ഉണ്ടായ ഉത്സുകത എന്നത് ഇതിൽ ഉണ്ടായ രണ്ടു സ്ത്രീകളുടെ സാനിദ്ധ്യമാണ്!! ബിജു രാധാകൃഷ്ണനും, ആരോപണവിധേയരായ രാഷ്ട്രീയ പ്രവർത്തകരും എല്ലാം സരിതയുമായും, ശാലു മേനോനോടും ഒത്ത്‌ കാമകേളികളിൽ മുഴുകുന്നത് മനോമണണ്ടലത്തിൽ കണ്ട മലയാളി ഇക്കിളിയോടെ സോളാർ വിഷയത്തെ ചിന്താമണ്ഡലത്തിൽ നിന്നും അടർത്തിമാറ്റാതെ നിലനിർത്തി.. നാടിന്റെ മനസ്സ് നല്ലതുപോലെ തിരിച്ചറിഞ്ഞ മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും വിഷയം ചൂടും എരിവും ഒട്ടും ചോരാതെ വിളമ്പിക്കൊണ്ടേയിരുന്നു.. ഏതൊരുവിഷയത്തിന്റെയും ഉത്തേജന ഔഷധമായി സ്ത്രീയും ലൈഗീകതയും സമൂഹത്തിൽ നിലനിൽക്കുന്നതിന്റെ അവസ്സാനത്തെ ഉദാഹരണമായി സോളാർ വിഷയം..

       മുഖ്യ മന്ത്രിയുടെ സേവകരെ പ്രതികൾ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നു.. വളരെ അധികം സമയം സംസ്സാരിക്കുന്നു.. മുഖ്യ പ്രതി മുഖ്യ മന്ത്രിയുമായി അടച്ചിട്ട മുറിയിൽ ഒരുമണിക്കൂർ സമയം സംസ്സാരിക്കുന്നു.. അഭ്യന്തരമന്ത്രി രണ്ടാം പ്രതിയും നടിയുമായവളുടെ വീട് പാല് കാച്ച് ചടങ്ങിൽ പങ്കെടുക്കുന്നു.. പ്രതികൾക്കൊപ്പം സമാന കുറ്റകൃത്യത്തിൽ മുഖ്യമന്ത്രിയെയും, ആഭ്യന്തര മന്ത്രിയെയും കൂട്ടി വായിക്കാൻ പ്രതിപക്ഷത്തിന് മറ്റെന്ത് തെളിവുവേണം??!

       മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ്ഫിൽപ്പെട്ടവർ പ്രതികളുമായി ഫോണിൽ സംസ്സരിച്ചതോ, മുഖ്യമന്ത്രിയെ അവർ നേരിൽ കണ്ടതോ ഒന്നും മുഖ്യ മന്ത്രിയെ കുറ്റ കൃത്യത്തിന്റെ ഭാഗപാക്കാക്കാൻ പോരത്തക്ക തെളിവുകളല്ല.. ഒരു പൊതു പ്രവർത്തകനും സന്ദർശ്ശകരെ ഒഴിവാക്കൽ സാധ്യമല്ല.. സന്ദർശകന്റെ ഭൂതകാലം മുഴുവൻ പരിശോധിച്ച് സന്ദർശനം അനുവദിക്കാനും കഴിയില്ല.. അതുകൊണ്ട് തന്നെ അത്തരം ആരോപണങ്ങളെല്ലാം തന്നെ കഴമ്പില്ലാത്തവയെന്നു കാണണം.. ബിജു രാധാകൃഷ്ണൻ കുറച്ചു ദിവസ്സങ്ങൾക്ക് മുൻപ് വരെ പ്രസിദ്ധ ക്രിമിനൽ ആയിരുന്നില്ലല്ലോ? മുഖ്യ മന്ത്രിയെ സന്ദർശിച്ചത് ദാവൂദ് ഇബ്രഹിം ആയിരുന്നെങ്കിൽ ആ സന്ദർശനം മാത്രം തെറ്റായതോന്നാകുമായിരുന്നു..

       തിരുവഞ്ചൂർ രാധാകൃഷ്ണൻ ശാലു മേനോന്റെ വീട് പാല് കാച്ചൽ ചടങ്ങിനെക്കുറിച്ച് നല്കിയ ആദ്യവിശദീകരണം തന്നെ പാളി.. ബുദ്ധിപരമായ ഒരു കള്ളം പോലും അദ്ദേഹത്തിന് പറയാൻ കഴിഞ്ഞില്ല എന്നതാണ് കഷ്ട്ടം.. ഒരു പോക്കറ്റടിക്കാരൻ പിടിക്കപ്പെടുന്നപാടെ പറയുന്ന ചില കള്ളങ്ങളുടെ നിലവാരമേ അവയ്ക്കുണ്ടായിരുന്നുള്ളൂ.. പിന്നീട് ചെകിടത്തു വീഴുന്ന അടിക്ക് പിന്നാലെ വരുന്ന വെളിപ്പെടുത്തലുകൾ പോലെയായി ശാലുവുമായി ചേർന്ന ഫോട്ടോകൾ പുറത്ത് വന്നു കഴിഞ്ഞുണ്ടായ വിശദീകരണങ്ങൾ...

       ഇതെല്ലാം കൂട്ടിവായിച്ചപ്പോൾ സ്വോഭാവികമായും ഏതൊരുവനിലും ഉയരുന്ന സംശയത്തെ മുതലെടുത്ത്‌ പ്രതിപക്ഷം സഭാസ്തംപനവും, സാമൂഹിക സ്തംപനവും ആരഭിച്ചു.. പണം നഷ്ട്ടപ്പെട്ടവനോടുള്ള വേദനയോ, സഹതാപമോ, അവനു നീതി നേടിക്കൊടുക്കണമെന്ന ഉത്തരവാദിത്വബോധമോ ഒന്നുമല്ല പ്രതിപക്ഷത്തിന്റെ ലക്‌ഷ്യം എന്നതും വ്യക്തം.. മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് എന്നത് മാത്രമാണെന്ന് കാണാം..

       പ്രതിപക്ഷം ജുഡീഷ്യൽ അന്യെഷണവും, മുഖ്യമന്ത്രിയുടെ രാജിയും മാത്രമാണ് പ്രശ്നപരിഹാരത്തിന് ആകെ മാർഗ്ഗം എന്നാ നിലയിലാണ്.. എന്തിനാണ് അവർ അങ്ങനെ ഒരു ആവശ്യത്തിൽ മുറുകെപ്പിടിച്ചു നിൽക്കാൻ കാരണം? എന്താണ് അതിന്റെ ആവശ്യകത?? ഇവയെല്ലാം പ്രസക്തമായ ചോദ്യങ്ങളാണ്..

       ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ശഠിക്കുന്നത്; പ്രതിപക്ഷം ഇന്ത്യൻ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.. തങ്ങൾ സത്യം പുറത്തു വരാൻ ഏറ്റവും പ്രായോഗികമായ മാർഗ്ഗം നിർദ്ദേശിക്കുന്നു എന്നും അതിനായി പോരാടുന്നു എന്നും തോന്നൽ ജനിപ്പിക്കാൻ മാത്രം ഉള്ള ഒരു ശ്രമം.. അതിൽ ആത്മാര്‍ഥത തീരെ ഇല്ല എന്നുതന്നെ വേണം കരുതാൻ.. ഒരു ജുഡീഷ്യൽ കമ്മീഷന്റെ Terms of Reference നിർദ്ദേശിക്കുന്നത് സർക്കാരാണ്.. ജുഡീഷ്യൽ അന്യേഷണ കമ്മീഷന് കുറ്റക്കാരൻ എന്ന് കാണുന്നവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള അധികാരമില്ല.. എന്തിന്; സർക്കാരിന്റെ ലക്ഷങ്ങൾ മുടക്കി റിട്ടയർ ചെയ്ത ഒരു ജഡ്ജിക്ക് പണി ഉണ്ടാക്കുന്നതിന്റെ അവസ്സാനം ഉള്ള കണ്ടെത്തലുകളെയോ, നിർദ്ദേശങ്ങളെയോ അനഗീകരിക്കേണ്ട ബാധ്യത പോലും സർക്കാരിനില്ല!! പിന്നെ എന്തിന് വേണ്ടി ജുഡീഷ്യൽ അന്യേഷണം?? ഒന്നുങ്കിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള ബോധപൂർവ്വമുള്ള പ്രവർത്തനം!! അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം നേരിടുന്ന മന്ത്രിമാർ ഉൾപ്പെടുന്ന സർക്കാർ രാജിവെയ്ക്കണ മുറവിളി ഉയർത്തി വീണ്ടും തെരുവിലേക്കിറങ്ങാനുള്ള അവസ്സരം സൃഷ്ടിക്കുക..

       തെളിവുകൾ അവ്യക്തമായി മാത്രമാണ് ഉമ്മൻചാണ്ടിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത്.. അങ്ങനെ ഉള്ള അവസ്സരത്തിൽ ഒരു മുഖ്യമന്ത്രി പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ രാജി വെയ്ക്കെണ്ടതുണ്ടോ?? നാളെ അദ്ദേഹം നിരപരാധി ആണെന്ന് കണ്ടാൽ പോയ സ്ഥാനം ആര് തിരികെ നല്കും?? അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിനേൽക്കുന്ന മങ്ങൽ ആര് നിവർത്തിച്ചു നല്കും?? ആ നഷ്ടത്തിന് ഇന്ന് കൂകി വിളിക്കുന്നവർക്ക് എന്ത് ചേതം?? അങ്ങനെ ചിന്തിച്ചാൽ നീതിയുടെ ഒരു ചോദ്യവും അവിടെ അവശേഷിക്കുന്നു!! 

       സോളാർ വിഷയത്തിൽ ഏറ്റവും ഉചിതമായത് CBI അന്വേഷണം തന്നെയാണ്.. സർക്കാർ അതിന് മുതിരുന്നത് പ്രശംസ്സ അർഹിക്കുന്നു.. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു കേസ്സിൽ സർക്കാരിന്റെ സ്വന്തം പോലീസ് അന്യെഷിക്കാതിരിക്കുക... CBI ക്ക് വിശ്വാസ്യത കുറവാണെങ്കിൽ ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിശ്വാസ്യത ഉള്ള അന്യേഷണ ഏജൻസി അതാണെന്ന് മനസ്സിലാക്കണം.. പുതിയ വിശ്വാസ്യത ഉള്ള ഏജൻസി രൂപീകരിച്ച് സോളാർ അന്വേഷണം സാധ്യമല്ലെല്ലൊ!! ഭാരതത്തിലെ ലക്ഷം കോടികളുടെ അഴുമതി കേസ്സുകളുടെ അന്യെഷണത്തിനും നാം വിശ്വാസ്സമർപ്പിച്ചിരിക്കുന്നത് ഇതേ CBI യെ തന്നെയാണ്..

       കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന ഉത്തരവാദിത്വം നിറവേറ്റുക എന്നതിനപ്പുറം; കണ്ടുനിൽക്കുന്ന നിഷ്പക്ഷമതിയിൽ ആലോസ്സരങ്ങൾ ജനിപ്പിക്കുന്ന രാഷ്ട്രീയഅന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് നിസ്സംശയം പറയാം.. ജനങ്ങൾക്ക്‌ ഗുണമോ, അവരുടെ ക്ഷേമത്തിന് ഉതകുന്നതോ ഒന്നും സോളാറിന്റെ ഒരു പുറത്തും കാണുവാൻ കഴിയില്ല.. ഒരു വലിയ വിഭാഗം ജനതക്കും യാതൊരു താൽപര്യവുമില്ലാത്ത വിഷയം മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും അവർക്ക്മേൽ അടിച്ചേൽപ്പിക്കുകയാണെന്നും പറയേണ്ടിവരും.. രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും അവരുടെ ഊർജ്ജം 'മുതലെടുപ്പുകൾ' എന്നതിന് ഉപരിയായി വിനിയോഗിക്കാനും ശ്രമിക്കണം.. അതിലുപരിയായി ഏതൊരു വിഷയത്തെയും അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള കെൽപ്പ് ഓരോ വ്യക്തിക്കും ഉണ്ടാക്കുക എന്ന ഉത്തരവാദിത്വവും അവർ നിർവഹിക്കണം


[Rajesh Puliyanethu
 Advocate, Haripad]

       

Thursday, 4 July 2013

കല്യാണദിനം


കല്യാണദിനം, ഇന്നു നിന്റെ കല്യാണദിനം

പെണ്ണേ, നിൻ ജീവിതം ചേർത്തു മുറുക്കുന്ന

നാട്ടുഭാഷയിലെ കെട്ടുദിനം...

         പടിയിറങ്ങുന്നു, നീനിന്റെ വീടിന്റെ പടിയിറങ്ങുന്നു
   
         പിന്നിൽ അടയുന്ന പടിപ്പുടവാതിലിൻ ദീനമാം രോദനം

         നിന്റെ കർണ്ണം മുറിക്കുമോ??

ബാല്യ കൗമാരംകാത്ത വീട്ടിലേക്കൊരു യാത്ര-

തറവാടിൻ ശാപമായ് മാറിടുന്നു

         നിന്റെ സന്ദർശനങ്ങൾ ഒരു കാകന്റെ ചുണ്ടിൽ
 
         പാട്ടുണര്ത്തുന്നു

ആടയാഭരണങ്ങൾ നിന്റ മേനി മുറുക്കുന്നു

കാർകൂന്തളത്തെ നീ പൂവാൽ മറയ്ക്കുന്നു

         ഗുരുഭൂത വൃന്ദങ്ങൾ വെറ്റില നാമ്പിനാൽ

         നെറുകയിൽ തോട്ടുനിൻ മംഗളം ചൊല്ലുന്നു

പടിയിറങ്ങുന്നു! നീ നിന്റെ ഒന്നാം ജന്മത്തിൻ പടിയിറങ്ങുന്നു

പടി കയറി നീ നിന്റെ ജീവിതം തിരയുന്നു

         അച്ഛന്റെ ശ്വാസവും അമ്മതൻ തേങ്ങലും

         ചേർന്നൊരു പന്തലിൽ കയറി നീ നിൽക്കുന്നു

അന്യനാം പുരുഷന്റെ കാൽ തൊട്ടു വന്ദിച്ചു

ജീവിതം യാചിച്ചു കൈ നീട്ടി നിൽക്കുന്നു

         അഗ്നിയും ദേവനും സാക്ഷിയായ് നിൽക്കുന്നു

         താലിക്കയർ നിന്റെ കണ്ഠം മുറുക്കുന്നു

തകിലിന്റെ താളത്തിൽ മാനം മറയ്ക്കുന്നു  നീ -

കാന്തന്റെ കൈകളിൽ മോതിരം ചാർത്തുന്നു

         അച്ഛൻ; കൈ പിടിച്ചേൽപ്പിച്ചു പിന്നിലേക്കിറങ്ങുന്നു

         മനുവിന്റെ വാക്കുകൾ സത്യമായ് മാറുന്നു

സദ്യവട്ടം നിന്റെ മുന്നിൽ നിരക്കുന്നു

ആദ്യമായ് അന്നത്തെ പങ്കുവെച്ചീടുന്നു

         സ്വപ്‌നങ്ങൾ തുഴയുന്നോരലങ്കാര നൌകയിൽ നീ-

         തോഴന്റെ വീട്ടിലേക്കാനയിച്ചീടുന്നു

പിന്നിൽ വിളിക്കുന്നതമ്മതൻ രോദനം, പടിയിറങ്ങുന്നോരോമനപുത്രിതൻ

വിരഹത്താലുയരുന്ന മൗനമാം രോദനം...

         വലതുകാൽ വെച്ചു നീ നാഥ ഗ്രിഹത്തിന്റെ

         പടിവാതിൽ ചവിട്ടി കടന്നിടുന്നു

പുതുതായി എത്തുന്ന ബന്ധു വൃന്ദങ്ങളിൽ

തങ്കത്തിൻ തൂക്കമളന്നിടുമ്പോൾ

         നിറമുള്ള ലോഹത്തെ ഒരുതട്ടിൽ വെച്ചുനീ

         മറുതട്ടിൽ ജീവിതം തൂക്കിടുന്നു

ചക്രവാളത്തിങ്കൽ സൂര്യൻ മറയുന്നു

മണിയറ വാതിൽ മലർക്കെ തുറക്കുന്നു

         പാദസ്വരങ്ങളെ കാതോർത്ത് നിൽക്കുന്ന

         കാന്തന്റെ മുന്നിൽ നീ നാണിച്ചു നിൽക്കുന്നു

പ്രേമത്തിൻ ശീതമാം ആദ്യാനുഭൂതിയിൽ

ഇണതന്റെ മാറിൽ അമർന്നിടുന്നു

         ഇത്ര നാളും കാത്ത കന്യകാ പാശത്തിൽ

         കാമത്തിൻ വിരലുകൾ കാർക്കിച്ചു തുപ്പുന്നു

ആർദ്രമാം രാത്രിതൻ അന്ത്യയാമങ്ങളിൽ

ജീവന്റെ ബീജം വിതച്ചിടുന്നു

         കീറിമുറിച്ചോരു നിമിഷത്തിൻ വേദന

         അറിയാതെ നീ തളർന്നുറങ്ങിടുന്നു

കല്യാണ രാത്രിതൻ പൂർണചന്ദ്രൻ

മേഘങ്ങൾക്കുള്ളിൽ മറഞ്ഞിടുന്നു...............



[Rajesh Puliyanethu
 Advocate, Haripad]

       



Saturday, 11 May 2013

'മാതൃ' ദിന ആശംസ്സകള്‍....................



       വളരെ ചെറിയ ഒരു കുഞ്ഞായി ഇരുന്നപ്പോള്‍ ഉള്ളതെങ്കിലും മനസ്സില്‍ മായാതെ കിടക്കുന്ന ഒരു ഓര്‍മ്മചിത്രമുണ്ട്. എന്‍റെ അമ്മ നിവര്‍ത്തിവെച്ച കാലുകളില്‍ എന്നെ കിടത്തിയിരുന്നത്. അന്ന് എന്‍റെ കാലുകള്‍ക്ക് അമ്മയുടെ പാദങ്ങളോളമേത്തത്തക്ക നീളമുണ്ടായിരുന്നില്ല. പിന്നീട് അമ്മയുടെ പാദങ്ങളുടെ അപ്പുറത്തെക്കുള്ള വളര്‍ച്ച മനസ്സിന് സംഘര്‍ഷവും, ചുവരുകള്‍ക്ക് ഭാരവുമാണ് എനിക്ക് സമ്മാനിച്ചത്‌!!!!!..

       എല്ലാ അമ്മമാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ മാതൃദിന ആശംസ്സകള്‍....


[Rajesh Puliyanethu,
 Advocate, Haripad]


Sunday, 28 April 2013

ഇന്ത്യൻ പൊളിറ്റിക്സ്സിലെ നരേന്ദ്രമോഡി ഇഫക്റ്റ്!!



   ഭാരതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഏതു നേതാവിനെക്കുറിച്ചാണ് എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം; നരേന്ദ്ര മോഡി എന്ന്!! ആദ്യ കാലങ്ങളിൽ ഗുജറാത്ത് കലാപവും അതിനോട് ചേർന്ന് നടന്ന മനുഷ്യക്കുരുതികളുമാണ് മോഡി എന്നാ പേരിനോട് ചേർന്ന് നിന്നിരുന്നതെങ്കിൽ ഇന്ന് 'മോഡി മോഡൽ' വികസ്സനം അല്ലെങ്കിൽ സമാന അർഥം സ്പുരിക്കുന്ന 'ഗുജറാത്ത് മോഡൽ' വികസ്സനം എന്നതാണ് നരേന്ദ്ര മോഡി എന്ന പേരിനൊപ്പം ചേർന്നിരിക്കുന്നത്.. അല്ലെങ്കിൽ അടുത്ത പർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം റെഡ് ഫോർട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ ഭാരത പതാക ഉയർത്തുന്നകരങ്ങൾ അദ്ദേഹത്തിന്റേത് ആകുമോ എന്നാ ആകാംഷയും, പ്രതീക്ഷയും!! അങ്ങനെ വർഗ്ഗീയ കലാപങ്ങൾക്ക് ചുക്കാൻ പിടിച്ചവൻ എന്ന പേരുദോഷത്തിൽ നിന്നും മോഡി ഏറെക്കുറെ മോചിതനായിരിക്കുന്നു എന്നുതന്നെവേണം കരുതാൻ!! കുറെ പ്രതീക്ഷാ നിർഭരമായ ചിന്തകളുമായി ചേർന്നു നിന്നാണ് മോഡിയുടെ പേര് കേൾക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു..

   മോഡിയുടെ അത്തരത്തിലുള്ള ഒരു ഇമേജുമാറ്റമാണ് മറ്റുരാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും അസ്വസ്ഥരാക്കുന്നത്.. വർഗ്ഗീയവാദി എന്നാ  തടങ്കലിൽ മോഡിയെ ഇനി എത്രനാൾക്കൂടി പാർപ്പിക്കാൻ കഴിയും എന്നാ കാര്യത്തിൽ അവർ സംശയാലുക്കളാണ്.. മറ്റൊരു കാര്യമായ ആരോപണവും മോഡിക്കെതിരെ ഉയർത്തിക്കാട്ടുവാൻ അവർക്ക് ലഭിക്കുന്നുമില്ല.. അഴിമതി ആരോപണം ഉൾപ്പടെ ഒന്നും.. അതിനാൽ മോഡി എന്ന് കേൾക്കുമ്പോളൊക്കെ വർഗ്ഗീയ വാദി എന്നാ മൂർച്ചയറ്റ ആയുധം തന്നെ എടുത്തു വീശിക്കോണ്ടി രിക്കുകയാണ് കോണ്‍ഗ്രസ്സും, ഇടത്തു പക്ഷവും ഉൾപ്പെട്ട രാഷ്ര്ടീയ പാർട്ടികളെല്ലാം തന്നെ.. അതുതന്നെയാണ് മോഡി കേരളസന്ദർശനം നടത്തുന്നുവെന്ന് കേട്ടറിഞ്ഞപ്പോൾ തന്നെ ഇടതു- വലത് ഭേതമെന്യെ നയങ്കരണ പ്പൊടി ദേഹത്ത് വീണവന്റെ ചേഷ്ടകൾ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്..

   മോഡിയുടെ വർഗ്ഗീയമുഖത്തെ അപഗ്രഥിച്ചു മനസ്സിലാക്കി; രാഷ്ട്രീയ പരമായി നേരിടുന്നതിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ പരാജയമാണ്.. മോഡി വർഗ്ഗീയ വാദിയെങ്കിൽ അതിനെ രാഷ്രീയമായി നേരിടാനും, ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനെങ്കിൽ നിയമപരമായി നേരിടാനും അതുവഴി ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയണം.. പക്ഷെ ഇതിനു രണ്ടിനും കഴിയാതെ മോഡി വിരുദ്ധത കവല പ്രസംഗങ്ങളിൽ മാത്രം സാധ്യമായ ഒന്നായി മറ്റു രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കിയിരിക്കുന്നു എന്ന് തോന്നുന്നു!!

   മോഡി ജനസ്രദ്ദആകർഷിച്ചത് വർഗ്ഗീയവാദി എന്നാ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെങ്കിലും; ജനപിന്തുണയും, ജനങ്ങളുടെ പ്രതീക്ഷയും ആർജ്ജിച്ചത് നാട്ടിൽ വികസ്സനം സാദ്ധ്യമാക്കാൻ പര്യാപ്തനായ നേതാവ് എന്നാ നിലയിലാണ്.. ആ നൈപുണ്യം തിരിച്ചറിഞ്ഞ് ഇടതു പക്ഷത്തുനിന്നും, വലതു പക്ഷത്തുനിന്നും പലനേതാക്കളും മോഡിയെ പല വേദികളിലും പ്രകീർത്തിക്കുന്ന കാഴ്ച്ചയും നമ്മൾ കണ്ടു.. ഉന്നത നേതൃത്വങ്ങളുടെ ഇടപെടലുകളെ തുടർന്നു തിരുത്തിയോ വളച്ചോടിച്ചോ പിന്നീടവർത്തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും!! പക്ഷെ ലോകം മുഴുവൻ പ്രകീർത്തിക്കുന്ന ഗുജറാത്തിന്റെ വികസ്സനമാർഗ്ഗങ്ങളിൽ നിന്നും ഒന്നും പഠിക്കാൻ ഇല്ല എന്ന് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മഞ്ചാണ്ടി അസ്സന്നിദ്ധമായി പ്രഖ്യാപിച്ച് കഴിഞ്ഞു.. തന്നെകൊണ്ട് നടക്കുന്നതെ പഠിക്കാനും പ്രാവർത്തികമാക്കാനും കഴിയൂ; എന്നെ നമ്മുടെ മുഖ്യൻ പറയൂ... പത്താം തരത്തിൽ തോറ്റവനോട് അയലത്തെക്കുട്ടി മെഡിസ്സിനു പോയി എന്ന് പറഞ്ഞ് ശകാരിച്ചിട്ട് കാര്യമുണ്ടോ??

   രാഷ്ട്രീയപരമായ സംസ്ക്കാരവും, ഭരണ ഘടനയുടെ മഹത്വവും എല്ലാം മറന്നാണ് മോഡി വിരോധം ഇവിടെ രാഷ്ട്രീയ പാർട്ടികൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.. മോഡിയോട് സംസ്സാരിച്ചതിന് ഒരു മന്ത്രിയോട് വിശദീകരണം തേടുന്ന പരിതാപകരമായ പ്രകടന രാഷ്ട്രീയത്തിലേക്ക് വരെ കാര്യങ്ങൾ വന്നെത്തി..  ഒരു കാര്യം ഉറപ്പാണ്; പാകിസ്ഥാനിൽ നിന്നുള്ള മന്ത്രിയായിരുന്നെങ്കിൽ പോലും മോഡിയോടുള്ള അത്രയും അയിത്തം ഇവിടുത്തെ കോണ്‍ഗ്രസ്‌----------------------~ കമ്യുണിസ്റ്റ് നേതാക്കൾക്ക് ഉണ്ടാകുമായിരുന്നില്ല.. മോഡി ഭാരതത്തിലെ ഒരു സംസ്ഥാനത്തെ മുഖ്യ മന്ത്രിയാണ്.. തികച്ചും ജനാധിപത്യ പ്രക്രിയയിൽ കൂടിയാണ് മോഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.. അങ്ങനെ വരുമ്പോൾ ഇവിടുത്തെ രാഷ്രീയ പ്രവർത്തകർ ഗുജറാത്തിലെ ജനതയെക്കൂടിയാണ് അപമാനിച്ചിരിക്കുന്നത്.. നാളെ ഒരു പക്ഷെ ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിൽ മോഡി അവരോധിതനായാൽ കേരളത്തിലെ ഒരു മന്ത്രിയും അദ്ദേഹവുമായി കൂടികാഴ്ച നടത്തുകയോ ആശയവിനിമയം നടത്തുകയോ ചെയ്യില്ലേ..

   ന്യൂനപക്ഷ പ്രീണനം എന്ന വിലകുറഞ്ഞതും അപകടകരവുമായ ആയുധമാണ് ഇടത്- വലത്പാർട്ടികൾ മോഡി വിഷയത്തിൽ ഉപയോഗിച്ചത്.. മോഡിയെ വിമർശിച്ചു വോട്ടു ബാങ്കുകൾ ഉറപ്പിച്ചു നിർത്താൻ അവർ മൽസ്സരിക്കുന്നു.. ഇടത് പക്ഷം മോഡി ശിവഗിരിയിൽ എത്തുന്നതിനെ വിമർശിച്ചാണ് അങ്ങനെ ഒരു അവസ്സരത്തെ മുതലെടുത്തത്.. മതാതിഷ്ട്ടിത ആത്മീയത എന്നാ പുതിയ പ്രബന്ധവും പിണറായി വിജയൻ അവതരിപ്പിച്ചു കണ്ടു.. ഇതിൽ മതവുമായും ആത്മീയതയുമായും കമ്യുണിസ്റ്റ്കാരന്റെ പ്രത്യയശാസ്ത്രത്തിനുള്ള ബന്ധം മാത്രം വിശദീകരിച്ചു കണ്ടില്ല!!

   മറ്റേതൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ശിവഗിരി സന്ദർശിച്ചിരുന്നെങ്കിലും മോഡി എത്തിയ അത്രയും വാർത്താ പ്രാധാന്യം നേടുമായിരുന്നില്ല.. ശിവഗിരിയിലെ സന്യാസി സമൂഹത്തിന്റെ പരിപൂർണ്ണമായ സ്വാതന്ത്ര്യമായിരുന്നു അവിടുത്തെ കാര്യപരിപാടികളിൽ ആരെയൊക്കെ പങ്കെടുപ്പിക്കനമെന്നുള്ളത്.. താലിബാൻ നേതാവ് മുല്ല ഉമർ പങ്കെടുത്തതു പോലെയാണ് ഇവിടെ പലരും പ്രചരിപ്പിക്കാൻ നോക്കിയത്.. പക്ഷെ മോഡിയുടെ സന്ദർശനം മാർസിസ്റ്റ് പാർട്ടിയെ വേറിപിടിപ്പിച്ചതിൽ നിന്നുണ്ടായ ജൽപ്പനങ്ങൾ മാത്രമാണ് അവർ പ്രകടിപ്പിച്ചതെന്ന് കേരളീയസമൂഹം തിരിച്ചറിഞ്ഞു.. BJP എന്നാ രാഷ്ട്രീയ കക്ഷിക്ക് ലഭിക്കുന്നതിലും ഉയർന്ന സ്വീകാര്യതയാണ് മോഡി എന്ന വ്യക്തിത്വത്തിന് ലഭിച്ചത്... നാടിനുഗുണമുണ്ടാക്കുന്ന മോഡിയെയും, നാടു മുടിക്കുന്ന ഇവിടുത്തെ നേതാക്കളെയും തുലനം ചെയ്ത പൊതുജനം ആദരവോടെ മോഡിയെ കണ്ടപ്പോൾ സ്വോഭാവികമായും ഉയർന്ന ആസൂയ എന്നവികാരവും ഇവിടുത്തെ നേതാക്കളെ നിയന്ത്രിക്കുന്നുണ്ടെന്നുവേണം കരുതാൻ..

   അഴുക്കുകളെ കാലം കഴുകിവെളുപ്പിച്ച് ശുദ്ദനാക്കി പിന്നീട് പുണ്യാളന്റെ പരിവേഷവും നൽകി ജനമദ്ധ്യത്തിൽ നിർത്തി ആർപ്പുവിളികൾക്കു പാത്രീഭൂതരാക്കുന്നതാണ് നാം എല്ലാ കാലങ്ങളിലും കാണുന്നത്.. ചരിത്രത്തിൽ അത്തരം പ്രതിഭാസങ്ങൾ അനേകമുണ്ട്.. ഒരുവൻ തെറ്റുകാരനെങ്കിൽ അവനെ പിന്നീട് വെള്ളപൂശി സംരക്ഷിക്കണമെന്ന പക്ഷക്കാരനല്ല ഞാൻ.. നേരിടേണ്ടത്  രാഷ്ട്രീയവും, നിയമപരവുമായ പോരാട്ടങ്ങളിലൂടെ ആവണം.. മറിച്ച് അന്തസ്സുകെട്ട പെരുമാറ്റങ്ങളിലൂടെയല്ല ഒരു ആശയത്തെയോ, പ്രസ്ഥാനത്തെയോ നേരിടേണ്ടത്.. വിരുദ്ധ അഭിപ്രായങ്ങൾ, സമീപനങ്ങൾ എന്നിവ വിവിധങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, മുന്നണികൾക്കും രൂപം നൽകും.. രാഷ്ട്രീയ എതിരാളികളെ ആശയങ്ങൾ കൊണ്ട് മാന്യായി നേരിട്ടില്ല എങ്കിൽ അത് എതിരാളിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനമനസ്സുകളിൽ ഒരു സ്ഥാനം നൽകാൻ കാരണമാവുകയും ചെയ്യും..


[Rajesh Puliyanethu
 Advocate, Haripad]

 


Saturday, 27 April 2013

സ്ത്രീ പീഡനങ്ങളില്‍ പോപ്പിക്കുടയുടെ നിർണ്ണായക സ്വാധീനം !!



    തമ്പി അളിയന്‍ ആ ദിവസ്സം പതിവിലും അല്‍പ്പം നേരത്തെ ഒരുങ്ങി ഇറങ്ങി.. കോളേജിലേക്ക് പോകുന്നതിനു അത്രയും നേരത്തെ പോകേണ്ട ആവശ്യമില്ല. എങ്കിലും ഇന്ന് ചില തീരുമാനങ്ങളോടെയാണ് തമ്പി അളിയന്‍റെ പുറപ്പാട്!! തന്‍റെ പ്രണയിനിയോട് തന്‍റെ മനസ്സ് തുറന്ന് കാട്ടുവാനുള്ള തീരുമാനവുമായാണ് തമ്പി ഇറങ്ങിയിരിക്കുന്നത്. അത് കേവലം ഒരു ചടങ്ങ് മാത്രമാണെന്ന് തമ്പിക്ക് നന്നായി അറിയാം. കാരണം തന്‍റെ ഇഷ്ടം അവളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസ്സരിച്ചു പ്രതികരിച്ചിട്ടുമുണ്ട്. എങ്കിലും കണ്ണുകളില്‍ നോക്കി അത് പറയുന്നതിന്‍റെയും, അവള്‍ അത് അങ്ങീകരിക്കുന്നതിന്റെയും ഒക്കെ ത്രില്ലില്‍ ആണ് തമ്പി.

   പതിവ് ബസ്സിന് പോകാതെ അല്‍പ്പം നേരത്തെ; അതായത് മിനി കോളേജില്‍ എത്തുന്നതിനും മുന്‍പേ അവിടെ എത്തുക എന്നതായിരുന്നു  തമ്പി അളിയന്‍റെ ലക്ഷ്യം.ധ്രിതിയില്‍ വീട്ടില്‍ നിന്നും ഇറങ്ങി ഗേറ്റ് കടക്കവേ പിന്നില്‍ നിന്നും ഒരു വിളി.

കൊളേജിലെക്കാണോ തമ്പി??

ക്ഹ, അതേ

വളരെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ കാണുന്നതും, തന്‍റെ വീടുമായി വളരെ അടുപ്പം സൂക്ഷിക്കുന്നതുമായ റപായി ചേട്ടനായിരുന്നു അത്.

തമ്പിക്കുഞ്ഞേ, നല്ല മഴയ്ക്ക് കോളുണ്ടല്ലോ, നടന്നാണോ പോകുന്നേ??

അതെ റപ്പായി ചേട്ടാ, ബൈക്ക് വര്‍ക്ക് ഷോപ്പിലാ, ....................  മഴ പെയ്യുമോ??

സംശയമെന്താ കുഞ്ഞേ, കുഞ്ഞ് ബസ്സ്‌ സ്റ്റാണ്ടില്‍ എത്തുന്നതിന് മുന്‍പ് പെയ്യും..

എന്നാ ഞാനൊരു കുട എടുത്തിട്ടു വരട്ടെ,

ശരി കുഞ്ഞേ അതാ നല്ലത്,

അത്രയും പറഞ്ഞ് തമ്പി തിരികെ വീട്ടിലേക്കും, റപ്പായി തന്‍റെ വഴിക്കും പിരിഞ്ഞു.

കുടയുമെടുത്ത് തമ്പി ധൃതിയില്‍ തമ്പി ബസ്സ്‌ സ്ടാണ്ടിലേക്ക് ഓടി .

   വിചാരിച്ചതിലും നേരത്തെ തമ്പി സ്ടാണ്ടില്‍ എത്തി. താന്‍ വിചാരിച്ച വണ്ടിയും പോയിട്ടില്ല. തമ്പി അല്‍പ്പം റിലാക്സ് ആയി ബസ്‌ സ്റ്റാന്റില്‍ നില്‍ക്കുകയാണ്. തിരക്കുകളില്‍ നിന്ന് ആശ്വാസമെത്തിയപ്പോള്‍ തമ്പിയുടെ മനസ്സില്‍ സ്വോഭാവികമായ ചില ആധികള്‍ ഉയര്‍ന്നു.

   ഒരു നല്ലകാര്യത്തിന് ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്ന് വിളി കേട്ടു. നനഞ്ഞാലും വേണ്ടില്ലാരുന്നു, കുട എടുക്കാൻ തിരികെ കേറണ്ടാരുന്നു. മിനി തന്നെ ഇഷ്ടമല്ല എന്നോമറ്റോ പറയുമോ? അതിന്റെ ദു: സൂചനയാണോ ഇറങ്ങിയിട്ട് കയറേണ്ടി വന്നത്?? അതോ തന്നോടുള്ളത് സഹോദരനോടുള്ള സ്നേഹമാണെന്നോ മറ്റോ പറഞ്ഞു കളയുമോ?? മനസ്സിൽ പലവിധ വ്യാപാരങ്ങൾ നടക്കവേ ഒരു വിദ്യുത് തരംഗം പാദങ്ങളിൽ നിന്ന് തുടങ്ങി ശിരസ്സിൽ അവസാനിച്ചത് പോലെ അയാൾക്ക്‌ അനുഭവപ്പെട്ടു. താൻ കാത്തുനിന്നവൾ തന്റെ അരികിലേക്ക് നടന്നടുത്തു വരുന്ന കാഴ്ച അയാൾ ഇമ വെട്ടാതെ നോക്കിനിന്നു. അവൾക്കു മുൻപേ കോളേജിൽ എത്തണമെന്ന് കരുതിയതാണ്. ക്ഹ, ഇനി അവൾക്കൊപ്പം തന്നെയാകാം. ബസ്സ്‌ സ്റ്റൊപ്പിലെക്കെത്തി തമ്പിയുടെ മുഖത്തേക്ക് പ്രേമപൂർവ്വം ഒന്നു നോക്കി പുഞ്ചിരി തൂകി അവൾ ബസ്സ്‌ സ്റ്റൊപ്പിലെ ഷെഡി ലേക്ക് നീങ്ങി നിന്നു.

   തമ്പി മനസ്സിൽ ആശ്വാസം കണ്ടു. അവളുടെ പുഞ്ചിരി എന്തായാലും സഹോദരനോടുള്ളതല്ല.. തന്നെ ആവൾക്ക് ഇഷ്ട്ടം തന്നെയാണ്. പരസ്സ്പ്പരം ഏതാനും പ്രാവശ്യം കൂടി നോട്ടങ്ങളെ പായിച്ച് അവർ നിൽക്കവെ ആളുകൾ റോഡിലേക്ക് ഇറങ്ങിനിൽക്കുവാൻ തുടങ്ങി. കോളേജിലേക്ക് പോകുന്നതിനുള്ള കാളിന്ദി ബസ്സ് വരുന്നുണ്ട്. ബസ്സിൽ നല്ല തിരക്കാണ്.

   ബസ്സിൽ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. അതിനു പുറമെയാണ് തമ്പിയുടെ സ്റ്റോപ്പിൽ നിന്നും കയറാനുള്ള പത്തു പതിനഞ്ചു പേർ!! ആരും തന്നെ ആ ബസ്സിൽ കയറണ്ട, അടുത്തത് വരട്ടെ; എന്നു കരുതി മാറി നിൽക്കാൻ തയ്യാറല്ല.

   കൊറച്ചുപേര് മാറി നില്ല്, അടുത്ത വണ്ടിക്കു വാ..... ബസ്സിലെ കിളിയുടെ നിർദ്ദേശമായിരുന്നു അത്..

   അതെന്താ, ഈ സ്റ്റോപ്പിൽ വിദ്യാർഥികൾ കൂടുതലായതു കൊണ്ടാണോ? എല്ലാരേം കേറ്റിക്കൊണ്ട് പോയാമതി. . അല്ലാതെ ഈ ശകടം ഇവിടുന്നു പോകുന്നതൊന്നു കാണണം...

   ഒരു വിദ്യാര്ഥി നേതാവിന്റെ വകയായിരുന്നു കിളിക്കുള്ള മറുപടി..

   കിളിയെ നിശബ്ദനാക്കാൻ അത് ധാരാളമായിരുന്നു.. ബസ്സിന്റെ മുകളിൽ ആളെ കയറ്റിക്കൊണ്ട് പോകാനും കിളി റഡി!!

   മിനി ബസ്സിന്റെ മുൻ വാതിലിൽ കൂടി കയറി എന്ന് ഉറപ്പു വരുത്തി അവസാനആളായി തമ്പി പിറകു വാതിലിൽ കൂടി ബസ്സിലേക്ക് കയറി..

   ബസ്സ്‌ മുന്നോട്ട് നീങ്ങിത്തുടങ്ങി.. തമ്പി അളിയൻ വളരെ കഷ്ട്ടപ്പെട്ട് ബസ്സിന്റെ ഫുട്ട് ബോർഡിൽ നിന്നും മുകളിലേക്ക് കയറുകയാണ്.. പലരും അതിനിടയിൽ പുറുപുറുക്കുന്നത് തമ്പി അളിയൻ കേൾക്കുന്നുണ്ട്..

   എങ്ങോട്ടാടാ തെരക്കിന്റെ എടയിൽ തള്ളിക്കേറ്റിക്കൊണ്ടു പോകുന്നത്??

   ഒരു അമ്മാവൻ പിറു പിറുപ്പിനിടയിൽ വ്യക്തമായി തന്നെ ചോദിച്ചു...

   പക്ഷെ അതൊന്നും തമ്പി അളിയൻ ശ്രദ്ദിക്കുന്നതെ ഇല്ല....  എങ്ങനെയും മിനിയെ കാണത്തക്കവിധത്തിൽ ഒരിടം കിട്ടണം അത്രയുമേ അയാൾക്കുണ്ടായിരുന്നുള്ളൂ...

   ബസ്സിന്റെ പിൻ വാതിലിൽ നിന്നും അൽപ്പം മുന്നിലേക്ക് നീങ്ങി നിൽക്കാൻ തമ്പിക്ക് ഒരിടം തരമായി. അപ്പോഴേക്കും കണ്ടക്ട്ടർ ടിക്കറ്റുമായി തിരക്കിൽ നിന്നും അവതരിച്ചു..

   കൊറച്ച് മുന്നോട്ട് നീങ്ങി നില്ല്, സ്ഥലം കേടക്കുന്നത് കാണരുതോ?? തമ്പി ഉൾപ്പടെ ഉള്ളവരെ കുറേക്കൂടി മുൻപിലേക്ക് അയാൾ അടുപ്പിച്ച് നിർത്തി..

   തമ്പിയുടെ തൊട്ടു മുൻപിലായി തിരക്കിൽ ചേർന്ന് ഒരു മുപ്പതു വയസ്സിനു മുകളിൽ പ്രായം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു നിന്നിരുന്നത്.. തമ്പിയുടെ മുഖത്തിന്‌ തൊട്ടു താഴെ മാത്രമേ അവർക്ക് ഉയരം ഉണ്ടായിരുന്നുള്ളു എന്നതിനാൽ മിനിയുമായി കണ്ണുകൾ കൊണ്ട് കടാക്ഷങ്ങൾ കൈമാറുന്നതിന് അവർ ഒരു തടസ്സമേ ആയിരുന്നില്ല!!

   ചക്കരക്കവലയിൽ ബസ്സ്‌ നിർത്തിയെടുത്തപ്പോഴേക്കും ബസ്സിലെ യാത്രക്കാർക്ക് അക്ഷരാർഥത്തിൽ ശ്വാസം പോലും വിടാൻ കഴിയാത്തത്ര തെരക്കായി കഴിഞ്ഞിരുന്നു.. തെരക്കിനിടയിലും പരസ്പ്പരം നോട്ടങ്ങളിൽക്കൂടി ഉല്ലാസ്സം കണ്ടെത്തിക്കൊണ്ടിരുന്ന രണ്ട് മനസ്സുകൾ ആ ബസ്സിൽ ഉണ്ടായിരുന്നു..

   പെട്ടന്ന് ബസ്സ്‌ അൽപ്പം ശക്തിയായി ഒന്ന് ബ്രേക്ക്‌ ചെയ്തു. മിനിയെ ഇമ വെട്ടാതെ നോക്കി കൊണ്ടിരുന്ന തമ്പിയുടെ മുഖം മുന്നിൽ നിന്ന മുപ്പതു വയസ്സുകാരിയുടെ തോളിനു മുകളിൽ കൂടി അവരുടെ മുഖത്തിന്‌ സമാനമായി ഒരു നിമിഷം എത്തി..

   തമ്പി അളിയനെ തിരിഞ്ഞു ഒന്നു നോക്കിയ മുപ്പതു വയസ്സുകാരിയോട് ഒരു "ചെറിയ sorry" എന്നാ രീതിയിൽ തമ്പി ശരീര ഭാഷ്യം പ്രകടിപ്പിച്ചു..

   ബസ്സ്‌ വീണ്ടും യാത്ര തുടരുകയാണ്.. തമ്പി ചുറ്റു പാടുകളിൽ അത്രകണ്ട് ബോധവാനല്ല.. മിനിയോട്‌ പറയേണ്ട വാക്കുകളെക്കുറിച്ചും, അതിൽ ഉൾക്കൊള്ളേണ്ട സാഹിത്യത്തെക്കുറിച്ചുമൊക്കെയുള്ള വർക്ക് ഷോപ്പ് അയാളുടെ മനസ്സിൽ നടക്കുകയാണ്..  അതിനിടയിൽ തമ്പിയുടെ മുന്നിൽ നിന്ന മുപ്പതുകാരി തമ്പിയെ രൂക്ഷമായി ഒന്നു നോക്കി.. തമ്പി അത് കാര്യമാക്കാതെ അതേനിലയിൽത്തന്നെ നിന്നു..

   തിരക്കേറിയ കാളിന്ദി ബസ്സ്‌ റോഡിന്റെ താളങ്ങൾക്കും, ചെറു കുഴികൾക്കും അനുസ്സരിച്ച് ചാഞ്ചാടുംപോഴെല്ലാം മുപ്പതുകാരി തമ്പി അളിയനെ തിരിഞ്ഞു നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു..  അവരുടെ നോട്ടം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി തമ്പി അളിയന്റെ മുഖത്തു നിന്ന് ആരംഭിച്ച് ഉടലിൽ താഴേക്കുസഞ്ചരിച്ചു കൊണ്ടിരുന്നു..

   തമ്പി അളിയൻ ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ്.. ബസ്സിലെ തിരക്ക് കാരണം അവിടെനിന്നും മാറാനും തമ്പിക്ക് കഴിയുന്നില്ല. .  മുപ്പതുകാരിയുടെ ചേഷ്ട്ടകൾ തമ്പിയിലും അൽപ്പം ആശങ്കകൾ ജനിപ്പിക്കുകയും ചെയ്യുന്നു.. അനർഥമായതെന്തോ സംഭവിക്കുന്നതു പോലെ ഒന്ന് മനസ്സിൽ കടന്നു കൂടിയപ്പോഴേക്കും...... .... ????

   നീ എന്തവാടാ എന്നെക്കുറിച്ച് വിചാരിച്ചത്?? നിന്റെ വീട്ടിലുമില്ലെടാ അമ്മയും പെങ്ങളും ?? മുപ്പതുകാരി ആക്രോശിച്ചുകൊണ്ട് തമ്പിക്ക് നേരെ തിരിഞ്ഞു!!

   അതിന് ഞാൻ...... തമ്പി അളിയൻ ആകെ പരിഭ്രമത്തോടെ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു...

   ഞാൻ ഒന്നും ചെയ്തില്ലല്ലോ??

   ബസ്സിൽ ഇതിൽ കൂടുതൽ എന്തോ ചെയ്യാനാടാ?? തെള്ളിഅങ്ങു കേറ്റുവല്ലാ  രുന്നോ?? അലവലാതി.. മുപ്പതുകാരി കോപം കൊണ്ട് വിറക്കുകയായിരുന്നു..

   അവൻ തെരക്കിനെടെക്കൂടെ കഷ്ടപ്പെട്ടാ അങ്ങു വന്നെ, എന്നിട്ടാ പണി....

   ബസ്സിന്റെ പിന്നിൽ നിന്നും കമന്റുകൾ ഉയർന്നു വരാൻ തുടങ്ങിയിരുന്നു ..

   തമ്പി അതിനിടയിൽ പരിഭ്രമത്തോടെ മിനിയെ ഒന്ന് നോക്കി..

   എല്ലാം നോക്കികണ്ട അവളുടെ മുഖം കോപവും വെറുപ്പും കൊണ്ട് ചുവക്കുന്നത് അയാൾ മനസ്സിലാക്കി...

 അവനോടോന്നും പറയണ്ട ഭാഷ ഇതൊന്നുമല്ല.. സ്ത്രീ സുരക്ഷ സ്വയം ഏറ്റെടുത്ത സതാചാര പ്രവർത്തകന്റെ ശബ്ദമായിരുന്നു അത്..

 അയാള് അത് പറഞ്ഞു തീർന്നില്ല, അതിനു മുൻപേ.......  പ്ടെ...

   തമ്പിയുടെ മുഖത്ത് ആഞ്ഞൊരടി വീണിരുന്നു!!

   തുടർന്നുള്ള നിമിഷങ്ങൾ ദയനീയം എന്ന് മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളു.. തമ്പിയുടെ ചുറ്റും കൂടി നിനനിരുന്നവരെല്ലാം തമ്പിയുടെ ശരീരത്തിന്റെ മാർദ്ദവം പരീക്ഷിച്ചറിഞ്ഞിരുന്നു ...

   വണ്ടി നിർത്തെടാ, ഇവനെ പോലീസ്സിൽ കൊടുക്കണം...

   തുടർന്നു പോലീസ്സിൽ തമ്പിയെ ഏൽപ്പിക്കുന്നതിനുള്ള ചർച്ചകളായിരുന്നു ബസ്സിലെ പുരുഷാരം നടത്തിയത്.. അതിന്റെ അന്തിമ തീരുമാനമെന്നവണ്ണം ഒരു സദാചാരപോലീസ് ഇൻസ്പെക്ടർ ആളുകൾക്കിടയിൽ നിന്നു പറഞ്ഞു...

   ഈ സ്ത്രീ പോലീസ് സ്റ്റേഷൻ കേറി നടക്കണ്ടാ എന്ന് മാത്രം കരുതി നിന്നെ പോലീസ്സിൽ കോടുക്കുന്നില്ല; തന്റെ ആവേശവും കർത്തവ്യവും ഒരിക്കൽക്കൂടി പ്രദർശിപ്പിച്ചുകൊണ്ട് ഡയലോഗിന്റെ അവസ്സാനം വീണു; തമ്പിയുടെ ചെകിട്ടത്തുതന്നെ ഒരടി... 

   അവനെ ചവിട്ടി പുറത്തേക്കിട്, ഈവണ്ടീൽ കൊണ്ടുപോകാൻ പറ്റത്തില്ല..

   ആളുകൾ നിർത്തിയ വണ്ടിയിൽനിന്ന് പുറത്തേക്കിറങ്ങി തമ്പിയെ കോളറിനു പിടിച്ച് പുറത്തേക്ക് തള്ളി...

   ഒരു ചെറുപ്പക്കാരനാ, അവന്റെ അഹങ്കാരം കണ്ടില്ലിയോ? ? ഒന്നിലും ഇടപെടാതെ നിൽക്കുന്ന മാന്യദേഹങ്ങൾ അങ്ങനെ അഭിപ്രായപ്പെടുന്നുമുണ്ടായിരുന്നു.. 

   ഏറിന്റെ ആഘാതത്തിൽ രണ്ടു പ്രാവശ്യം ഭൂമിയിൽ വീണുരുണ്ട തമ്പി അളിയൻ മെല്ലെ എഴുനേറ്റ് മണ്ണിൽത്തന്നെ തല കുമ്പിട്ടിരുന്നു.. അപ്പോഴേക്കും കാളിന്ദി അവിടുന്നും അകന്നിരുന്നു; യാത്രക്കാരുടെ ദൃഷ്ടി ഒഴികെ......

   തമ്പി കരഞ്ഞു കൊണ്ട് അങ്ങനെ തന്നെ ഇരുന്നു.. തന്റെ നാട്ടിൽ, വീട്ടിൽ, കോളേജിൽ ഒക്കെ ഇതറിയുമ്പോൾ?? മിനി തന്നെ എന്നെങ്കിലും വിശ്വസിക്കുമോ?? തന്നെ വിശ്വസിക്കുന്നവർ വിശ്വസ്സിക്കുമെന്നല്ലാതെ തന്റെ നിരപരാധിത്വം ഒരിക്കലും തെളിയിക്കാൻ കഴിയില്ലെന്ന് അയാൾക്ക് ബോദ്ധ്യമുണ്ടായിരുന്നു!! ആത്മഹത്യ എന്നതല്ലാതെ മറ്റൊന്നും അയാളുടെ ചിന്തയിലേക്ക് വന്നതേ ഇല്ല......

   തമ്പി അവിടെ നിന്നും മെല്ലെ എഴുനേറ്റു... തന്റെ ജീവിതം തകർത്ത വില്ലനെ ഇതിനിടയിൽ തമ്പി മനസ്സിലാക്കിയിരുന്നു.. രോഷത്തോടെയും സങ്കടത്തോടെയും അയാൾ തന്റെ ജീൻസ്സിന്റെ പോക്കറ്റിലേക്ക് കൈ കടത്തി; കിട്ടിയസാധനത്തെ ഒരു നിമിഷം നോക്കി നിലത്തെക്കെരിഞ്ഞു!!!!!

ലോകത്തിലെ ഏറ്റവും വലിയ ചെറിയ കുട "POPY"



[Rajesh Puliyanethu
 Advocate, Haripad]

 

   

Sunday, 10 February 2013

ബസന്തിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ വിനിമയ ഉപാധിയായി ജനമധ്യത്തില്‍!!!`!!



   ഏകദേശം ഒന്നര പതിറ്റാണ്ടിന് അപ്പുറം സൂര്യനെല്ലി പെണ്‍വാണിഭകേസ്സ് സജീവമായ കാലഘട്ടമാണിത്.. കഴിഞ്ഞ ഈ ഒന്നര പതിറ്റാണ്ടില്‍ കൂടുതല്‍ വരുന്ന കാലത്ത് ആ പെണ്‍കുട്ടിയെ ഓര്‍ക്കുകയോ, അവള്‍ക്കു വണ്ടി സംസാരിക്കുകയോ, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ അവളെ കൊണ്ടുവന്നു നിര്‍ത്തി ജീവിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്ത എത്ര രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്‍ന്മാരുമുണ്ട്? ഇന്ന്, ഈ മുറവിളികള്‍ ആ പെണ്‍കുട്ടിക്കുവേണ്ടി ഉയരുന്നതും ഈ കൂവി വിളിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളോ നേതാക്കന്‍മാരോ സ്വയം ആ പെണ്‍കുട്ടിയെ സഹായിക്കണം എന്നോ അവള്‍ക്ക് നീതി നേടി ക്കൊടുക്കണമെന്നോ ഉള്ള നിലപാടെടുത്തു മുന്‍പോട്ടു വന്നതാണോ?? ഒന്നുമല്ല! സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് റദ്ദുചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നപശ്ചാത്തലത്തില്‍ സാധ്യതയുള്ള രാഷ്ട്രീയ മുതലെടുപ്പിന്റെ ആരായലുകാളാണ് ഈ കേള്‍ക്കുന്ന ശബ്ദകോലാഹലങ്ങളില്‍ അധികവും!! അങ്ങനെ ഒരു സുപ്രീം കോടതി നിലപാട് ഈ നൂറ്റാണ്ടില്‍ തന്നെ പുറത്തു വരുന്നതിന് ഡല്‍ഹിയില്‍ ഒരുപെണ്‍കുട്ടിയുടെ രക്ത്തം മാനത്തില്‍ കലര്‍ന്ന് തെരുവില്‍ ഒഴുകേണ്ടി വന്നു!! അതും ഇവിടെ കണ്ടില്ലെന്ന് നടിക്കപ്പെട്ടെനേം; പക്ഷെ രാഷ്ട്രീയ കുറുക്കന്‍മാരുടെ പിന്തുണ ഇല്ലാതെ സംഘടിച്ച ഒരുകൂട്ടം ജനങ്ങള്‍ ആ വികാരത്തിന്‍റെ തീഷ്ണത രാജ്യമാകെ പടര്‍ത്തുന്നതില്‍ വിജയിച്ചതിന്റെ പരിണിത ഫലം കൂടിയായി അത്..

   സൂര്യനെല്ലി കേസ്സില്‍ ഹൈകോടതി വിധി റദ്ദു ചെയ്തുള്ള സുപ്രീം കോടതി വിധിയും ഒരു ദിവസ്സത്തെ മാധ്യമ ചര്‍ച്ചക്ക് അപ്പുറം പ്രാധാന്യം നേടുമായിരുന്നു എന്നുതോന്നുന്നില്ല; പി. ജെ കുര്യന്‍ എന്നാ രാഷ്ട്രീയ വ്യക്തിത്വം അതില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍!!`!! പി. ജെ കുര്യനുമായി ചേര്‍ന്ന് വരുമ്പോള്‍ ലഭിക്കുന്ന പലവിധമായ രാഷ്ര്ടീയ മുതലെടുപ്പുകളും സമവായ രൂപീകരണങ്ങളുമാണ് ഇവിടെ പലരുടെയും ലക്ഷ്യം എന്ന് വ്യക്തം.. സ്വന്തം മകളുടെയോ, സഹോദരിയുടെയോ ഭാഗത്ത് നിര്‍ത്തി സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് ചിന്തിക്കുന്ന ഒരു രാഷ്ട്രീയേതര സമൂഹം മാത്രമാണ് ആ പെണ്‍കുട്ടിക്കുണ്ടായ ദുരന്തജീവിതത്തെ ഓര്‍ത്ത്‌ ആത്മാര്‍ഥമായി വേദനിക്കുന്നത്.. മറിച്ച് ക്യാമറക്ക് മുന്‍പില്‍ തങ്ങളുടെ സ്വോഭാവിക അഭിനയപാടവം തെളിയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിഭകള്‍ക്കല്ല..

   സൂര്യനെല്ലി സംഭവത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍; ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ മുപ്പത്തിഅഞ്ചോളം ആള്‍ക്കാര്‍ ചേര്‍ന്ന് ലൈഗീകമായി ചൂഷണം ചെയ്യുന്നു.. തന്നെ ലൈഗീകമായി ഉപയോഗിച്ച ഖദര്‍ ധാരിയായ വ്യക്തിയെ പിന്നീട് പത്രത്തില്‍ കണ്ടപെണ്‍കുട്ടി അത് പി. ജെ കുര്യന്‍ ആണെന്ന് തിരിച്ചറിഞ്ഞ് വെളിപ്പെടുത്തുന്നു.. സിബി മാത്യുസ്സിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം പി. ജെ കുര്യനെ കേസ്സില്‍ ഉള്‍പ്പെടുത്തുന്നതിനൊ, തിരിച്ചറിയല്‍ പരേടിന് വിധേയനാക്കുന്നതിനോ തയ്യാറായില്ല!! തുടര്‍ന്നു പെണ്‍കുട്ടി നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ കുര്യനെതിരെയുള്ള തുടര്‍ നടപടികള്‍ മേല്‍ക്കൊടതികള്‍ തടഞ്ഞു.. ബാക്കി മുപ്പത്തി അഞ്ചോളം പ്രതികളെ വിചാരണ കോടതി ശിക്ഷിക്കുകയും അപ്പീലില്‍ ഹൈക്കോടതി അവരെ വെറുതെവിടുകയും ചെയ്തു.. ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള തീരുമാനം റദ്ദാക്കുകയും, പ്രതികളോട് ജാമ്യത്തിനായി ഹൈക്കോടതിയെതന്നെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.. കേസ്സിലെ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു..

   ഇന്നു വി. എസ്. അച്ചുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുര്യന്‍റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു.. മഹിളാ സംഘടനകളും, യുവജന സംഘടനകളും രോഷത്താല്‍ പൊട്ടിത്തെറിക്കുന്നു.. ഇവര്‍ക്കൊക്കെ ഇപ്പോള്‍ ഈ രോഷം എവിടുന്നു ജനിച്ചു എന്നതാണ് ചോദ്യം??  കുര്യന് അനുകൂലമായും പ്രതികൂലമായും നിലകൊള്ളുന്ന തെളിവുകള്‍ പോലെതന്നെ ദുരൂഹമാണ് ഈ സംഘടനകളുടെയും നിലപാട്.. സുപ്രീം കോടതിയുടെ വിധിവരട്ടെ എന്നുകരുതി കഴിഞ്ഞ ഒന്നര ദശകം തങ്ങളുടെ വികാരത്തെ ഇവര്‍ അടക്കി നിര്‍ത്തിയിരിക്കുകയായിരുന്നോ?? ഇത്ര അധികം രോഷം പ്രകടിപ്പിക്കുന്ന ഇടതു പക്ഷത്തിന് തങ്ങള്‍ ഭരിച്ച അഞ്ചു വര്‍ഷക്കാലം കുര്യനെതിരെ തുടര്‍ അന്യെഷണത്തിനു എന്ത് തടസ്സമുണ്ടായിരുന്നതായാണ് ചൂണ്ടിക്കാട്ടാനുള്ളത്?? രാഷ്ട്രീയമായ മുതലെടുപ്പിന് പ്രസ്തുത വിഷയം ഉപയോഗിക്കത്തക്ക അനുകൂലമായ സാഹചര്യം ലഭിച്ചില്ല എന്നതല്ലേ ഒറ്റ വാക്കിലുള്ള വിശദീകരണം!!

   കുര്യന് എതിരെയുള്ള സ്വകാര്യ ഹര്ജ്ജിയിലെ നടപടികള്‍ ഒരു പ്രത്യേക കേസ്സായി പരിഗണിച്ചാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്‌...`.. സൂര്യനെല്ലി കേസ്സിലെ മറ്റു പ്രതികളോടോപ്പം പരിഗണിക്കുക ആയിരുന്നില്ല എന്ന് സാരം.. ഇപ്പോള്‍ ഹൈക്കോടതി സൂര്യനെല്ലി പ്രതികളെ വെറുതെ വിട്ട തീരുമാനം റദ്ദാക്കിയ സുപ്രീം കോടതിവിധി അങ്ങീകരിക്കുന്നതുപോലെ തന്നെ കുര്യനെ കുറ്റ വിമുക്തനാക്കിയ നടപടിയും അങ്ങീകരിക്കുന്നതിനുള്ള നിയമപരമായ ബാദ്ധ്യത പൊതു സമൂഹത്തിനുണ്ട്..

   സൂര്യനെല്ലി സ്ത്രീ പീഡന കേസ്സില്‍ കുറ്റവാളിയായ ഒരാള്‍ പോലും രക്ഷപ്പെടരുതെന്നത് കേരളം ഒന്നാകെ ആവശ്യപ്പെടുന്ന ഒന്നാണ്.. അതോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് നിരപരാധിയായവര്‍ ശിക്ഷിക്കപ്പെടരുതെന്നതും, ഇവിടുത്തെ സാമൂഹിക നിയമ വ്യവസ്ഥകള്‍ ദുര്‍ബലമാകരുത് എന്നതും.. നിരപരാധിയായ ഒരാള്‍ ക്രൂശിക്കപ്പെട്ടാല്‍ അത് സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരതക്ക് തുല്യം തന്നെയാണ് എന്ന് വിസ്മരിക്കുന്നതും നന്നല്ല...

   ഒരു രാഷ്ട്രീയ നേതാവിന് എതിരെ ഉണ്ടാകുന്ന സാധ്യമായ മുതലെടുപ്പുകള്‍ എല്ലാം നടത്തുക എന്നതും, മുറവിളികളില്‍ക്കൂടി പുനരന്യേഷണമോ, തുടര്‍ അന്യെഷണമോ പുന: പരിശോധനായോ അങ്ങനെ ഏതു സര്‍ക്കാര്‍ തീരുമാനമോ നേടി എടുക്കുന്നതും ജനാധിപത്യ സംവിധാനത്തിലെ സ്വോഭാവികതകള്‍ എന്ന് കരുതി അവഗണിക്കാം.. പക്ഷെ കഴിഞ്ഞ ദിവസ്സം ജസ്റ്റിസ്‌ ബസന്ത് നടത്തിയതെന്നപേരില്‍ പുറത്തുവിട്ട സംഭാഷണ ശകലങ്ങളും, അതിനെ തുടര്‍ന്ന് കേരളത്തില്‍ അരങ്ങേറിയ കോലാഹലങ്ങളും പ്രബുദ്ധ കേരളത്തെ പിറകോട്ട് നയിച്ചു എന്ന് പറയേണ്ടി വരും..  ജസ്റ്റിസ്‌ ബസന്ത് ഈ കേസ്സില്‍ തന്‍റെ എന്ത് കര്‍ത്തവ്യമാണ് നിര്‍വഹിച്ചതെന്നും, അദ്ദേഹം എന്താണ് പിന്നീട് പറഞ്ഞതെന്നും, ആ വാക്കുകള്‍ എപ്രകാരം പുറത്തുവന്നു എന്നും, ആ വാക്കുകളുടെ പ്രാധാന്യമെന്തെന്നും, രാഷ്ട്രീയ- സാമൂഹിക കേരളം അതിനെ എങ്ങനെ വിക്രിതമാക്കിയെന്നും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്..

   സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയ പ്രതികളെല്ലാവരും കുറ്റക്കാരെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു കൊണ്ടുള്ള പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചിലെ ഒരു ജഡ്ജി ആയിരുന്നു ജസ്റ്റിസ്‌ ബസന്ത്.. തികച്ചും സ്വതന്ത്രമായ മനസ്സോടെ വേണം ഒരു ന്യായാധിപന്‍ ഒരു കേസ്സിനെ സമീപിക്കുവാന്‍..`.. ഒരു സ്ത്രീ പീഡനക്കേസ്സില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാം കുറ്റവാളികള്‍ തന്നെയാണ് എന്നാ സാമൂഹിക-രാഷ്ട്രീയ- മാധ്യമ നിലപാട് കോടതികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.. കോടതിയുടെ മുന്‍പില്‍ എത്തുന്ന തെളിവുകള്‍ പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അലയോളികളില്‍ സ്വാധീനിക്കപ്പെടാതെ വിധി എഴുതുക എന്നതാണ് ഒരു ന്യായാധിപന്റെ കര്‍ത്തവ്യം.. അവിടെ തന്‍റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി ധീരമായ നിലപാടെടുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു എന്ന് വേണം വിലയിരുത്തേണ്ടത്.. കാരണം സാമൂഹത്തില്‍ വിവാദം നിലനില്‍ക്കുന്ന ഒരു കേസ്സില്‍ ശിക്ഷിക്കുകയാണെങ്കില്‍ മാത്രമേ ജഡ്ജി കൈയ്യടി വാങ്ങുകയുള്ളു.. പ്രതിയെ വെറുതെവിട്ടാല്‍ അതുണ്ടാകുന്നില്ല.. വെറുതെവിടുന്ന തീരുമാനം കേള്‍ക്കാന്‍ സമൂഹം ഇഷ്ട്ടപ്പെടുന്നില്ല.. കാരണം മാധ്യമ വിചാരണയില്‍ക്കൂടി പ്രസ്തുത പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിച്ച് പലവിധ ശിക്ഷകളും വിധിച്ച് കഴിഞ്ഞതിന് ശേഷമാണ് കോടതി വിചാരണ എന്നതിനാലാണത്.. ഒരു ജഡ്ജി വിവാദപരമായ കേസ്സിലെയോ, പ്രമുഖര്‍ ഉള്‍പ്പെട്ട കേസ്സിലെയോ പ്രതിക്ക് അനുകൂലമായ തീരുമാനമെടുത്താല്‍ ഏതെങ്കിലും ഒരു കൊണി ല്‍നിന്നെങ്കിലും അഴുമതി ആരോപണവും ജഡ്ജിക്ക് എതിരെ ഉണ്ടാകും.. ഇത്തരം സാമൂഹിക അന്തരീക്ഷം ന്യായയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കോടതികളുടെ ശക്തിയെ നശിപ്പിക്കും.. രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നാ നിലയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുന്ന വിലകുറഞ്ഞ സ്ഥാപനമായി കോടതികള്‍ അധപ്പതിക്കും!!

   സൂര്യനെല്ലി കേസ്സിലെ പെണ്‍കുട്ടി അനുമതി നല്‍കിയതിനാലാണ് പ്രതികള്‍ അവളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതിനാല്‍ ബലാല്‍സംഗം എന്ന പ്രോസിക്യുഷന്‍ ആരോപണം നിലനില്‍ക്കുകയില്ല എന്നതായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍..`.. ഒരു സ്ത്രീയുടെ സമ്മതത്തോടെ പുരുഷന്‍ ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ അവിടെ ബലാല്‍സംഗം എന്നാ ആരോപണം നില്‍ക്കില്ല.. പക്ഷെ ആ പെണ്‍കുട്ടി പതിനാറ് വയസ്സില്‍ താഴെയാണെങ്കില്‍ അവളുടെ സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തിയാലും പുരുഷന്‍ റേപ് കേസ്സില്‍ ശിക്ഷിക്കപ്പെടും.. ഇവിടെ ഹൈക്കോടതി എടുത്ത തീരുമാനം തെറ്റാണെന്ന് തന്നെ കരുതുക.. പെണ്‍കുട്ടി ശാരീരിക ബന്ധത്തിന് 35 പേര്‍ക്ക് അനുമതി നല്‍കിയതായാണ് കാണുന്നതെന്ന് ഹൈക്കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നതല്ലേ?? ഒരു പെണ്‍കുട്ടി 35 ആള്‍ക്കാര്‍ക്ക് തന്നോട് ശാരീരിക ബന്ധം പുലര്‍ത്താന്‍ അനുമതി നല്‍കിയെന്നകണ്ടെത്തല്‍ പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി എന്ന് കണ്ടെത്തുന്നതിന് തുല്യമല്ലേ?? അങ്ങനെ എങ്കില്‍ എന്തുകൊണ്ട് ഇന്ന് കാണുച്ചു കൂട്ടുന്ന കോലാഹലങ്ങള്‍ ആ വിധി പുറത്തു വന്നപ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ ഉണ്ടായില്ല??

   ജസ്റ്റിസ്‌ ബസന്ത് തന്‍റെ വിധിന്യായത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒരു സ്വൊകാര്യ സംഭാഷണത്തില്‍ എടുത്തുപറഞ്ഞത്‌ ഒളിക്യാമറ വെച്ച് പകര്‍ത്തി ടെലിക്കാസ്റ്റ് ചെയ്യേണ്ടിവന്നോ പ്രബുദ്ധകേരളത്തിന് മുന്‍പ് ആ വിധിയില്‍ എന്തായിരുന്നു കണ്ടെത്തിയിരുന്നത് എന്ന് മനസ്സിലാക്കാന്‍?? അതൊന്നുമല്ല കാര്യം.. സ്ത്രീ പീഡന കഥകളുമായി ബന്ധപ്പെട്ട ഏതൊരു വിവാദവും സമൂഹത്തെ വല്ലാതെ ഇക്കിളിപ്പെടുത്തുന്നു.. ആ വികാരത്തെ രാഷ്ട്രീയ- സാംസ്ക്കാരിക നേതാക്കള്‍ മുതലെടുക്കുകയും ചെയ്യുന്നു.. അതാണിവിടെ കണ്ടു വരുന്നത്.. ഒരു സ്വൊകാര്യ സംഭാഷണം പോലും ഒളിക്യാമാരയില്‍ പകര്‍ത്തി ടെലിക്കാസ്റ്റ്ചെയ്ത് വിവാദം സൃഷ്ട്ടിച്ചു റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന മാധ്യമ സംസ്ക്കാരം അവക്ജയോടെ തള്ളിക്കളയാന്‍ കെല്‍പ്പുള്ള ഒരു സാംസ്ക്കാരിക നായകന്‍ പോലുമില്ലാത്ത ശൂന്യതയും കേരളം കണ്ടു..

   വിവാദത്തിന്‍റെ തീഷ്ണത വര്‍ദ്ധിപ്പിക്കുന്നതിന് ജസ്റ്റിസ്‌ ബസന്തിന് എതിരെ അപകീര്‍ത്തിപ്പെടുത്തലിനു കേസ്സ് കൊടുക്കുമെന്നുവരെ ചില മഹിളാസംഘടനകള്‍ പറഞ്ഞുകേട്ടു.. ഒരു സ്വൊകാര്യ സംഭാഷണം എങ്ങനെ അപകീര്‍ത്തിപരമാകും?? ഒരു പരസ്യ പ്രസ്ഥാവനയോ, പബ്ലിക്കിന് നേരെ ഒരു വ്യക്തിയെപ്പറ്റി അപകീര്‍ത്തി പരമായി പറയുന്നതോ, പ്രവര്‍ത്തിക്കുന്നതോ  മാത്രമേ 'Defamation' എന്ന നിലയില്‍ പരിഗണിക്കപ്പെടുകയുള്ളു എന്ന സാമാന്യബോധം പോലും അവര്‍ക്കില്ലെ??

   പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും എത്ര പ്രാവശ്യം ഈ സമൂഹ മധ്യത്തില്‍ അപമാനിച്ചു?? ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവളെ എത്ര മുതലെടുത്തു?? ഇവിടെ ആരും മുതലെടുപ്പിനപ്പുറമുള്ള ഒരു താല്‍പ്പര്യവും ആ പെണ്‍കുട്ടിയോട് കാട്ടുന്നില്ല എന്നതാണ് സത്യം!!

   സ്ത്രീ ഒരു ലൈഗീക ചൂഷക വസ്തുവാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് ഇവിടുത്തെ സമൂഹം തന്നെയാണ്.. സ്ത്രീയുടെ മാനം കാക്കാനെന്നപേരില്‍ അമിത പ്രാധാന്യത്തോടെ പീഡന വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നത് കൂടുതല്‍ സ്ത്രീകള്‍ അപമാനിതരാകാന്‍ കാരണമാവുകയെ ഉള്ളു.. സമൂഹത്തില്‍ ഒരുവനെ അപമാനിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്ത്രീ പീഡനം ആരോപിക്കുകയാണെന്ന് വന്നിരിക്കുന്നു.. വീണുകിട്ടുന്ന എല്ലാ സ്ത്രീ വിഷയങ്ങളും പരമാവധി മുതലെടുപ്പിന് ഉപയോഗിക്കാതെ വസ്തുതകള്‍ വേര്‍തിരിച്ച് സമൂഹമധ്യത്തില്‍ വിവരിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതാക്കള്‍ കാട്ടണം...

 

[Rajesh Puliyanethu
 Advocate, Haripad]  


Friday, 25 January 2013

മത വികാരം വൃണപ്പെടുന്നു എന്ന് തീരുമാനിക്കുന്നതാര്?? തീരുമാനിക്കപ്പെടുന്നതെങ്ങനെ??



   ചെറിയ ചെറിയ സംഭവങ്ങളോടു പോലും ചേര്‍ത്തുവെച്ച് നമ്മള്‍ കേള്‍ക്കുന്ന ഒന്നാണത്.. 'മതവികാരം വൃണപ്പെട്ടിരിക്കുന്നു'. എങ്കില്‍ പിന്നെ അതിന്റെ തൊട്ടടുത്ത കര്‍മ്മം അനുഷ്ടിക്കേണ്ടതെന്താണ്?? തെരുവിലേക്കിറങ്ങുക, കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുക.. കഴിയുന്നത്ര ആള്‍ക്കാരെ ഉപദ്രവിക്കുക, മുറിവേല്‍പ്പിക്കുക, ബുദ്ധിമുട്ടിക്കുക.. വൃണപ്പെട്ട വികാരത്തില്‍ ലേപനം പോലെ ആരുടെയെങ്കിലും ഒക്കെ രക്തം പുരട്ടുക.. എത്രത്തോളം അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുവോ ഏല്‍ക്കേണ്ടി വന്ന മത മുറിവിന്‍റെ ആഴം അത്രയുമുണ്ടായിരുന്നു വെന്ന് പൊതു സമൂഹത്തിന് കാട്ടിനല്‍കാം.. സത്യത്തില്‍ മതവികാരം വൃണപ്പെടുന്നത് എങ്ങനെയാണ്, അത് ഒരു വ്യക്തിയില്‍ പ്രതിഫലിക്കുന്നത് എങ്ങനെയാണ്?? അത് തിരിച്ചറിയുന്നത്‌ എങ്ങനെയാണ്??

   മതവികാരം വൃണപ്പെടുന്ന അവസ്ഥയെ ഇല്ല എന്ന് പറയാന്‍ കഴിയില്ല.. പക്ഷെ ഇന്ന് ലോകത്താകമാനം മതവികാരം വൃണപ്പെടുന്നു എന്നാ വികാരം നശിച്ചിരിക്കുന്നതായും മതവികാരത്തെ തീപിടിപ്പിക്കുന്നു എന്നത് പകരമായി ആവിഷ്ക്കരിക്കുന്നതുമാണ് കാണാന്‍ കഴിയുന്നത്‌...`.. അതില്‍ മതവികാരം വൃണപ്പെടുക എന്നത് തന്നില്‍ തന്നെ ഉയരുന്നതും മതവികാരത്തെ തീ പിടിപ്പിക്കുക എന്നത് ബാഹ്യസ്വാധീനത്താല്‍ ഉണ്ടാകുന്നതുമായ വികാരങ്ങളാണ്.. തന്‍റെ ഉറച്ച വിശ്വാസ്സത്തെ, പുരാണ- ഇതിഹാസ്സ കഥാപാത്രങ്ങളെ, ആരാധാന മൂര്‍ത്തികളെ അങ്ങനെ ഒക്കെയുള്ള മനസ്സില്‍ തട്ടിയ വിശ്വാസ്സങ്ങളെ അധിക്ഷേപിക്കുകയും തകര്‍ത്തെരിയുകയും  ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വിശ്വാസ്സങ്ങളില്‍ മനസ്സര്‍പ്പിച്ചു നില്‍ക്കുന്ന ഒരു വ്യക്തിക്ക് ബാഹ്യ സ്വാധീനങ്ങള്‍ ഒന്നുമില്ലാതെ മനസ്സില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വോഭാവികമായ വിലാപമാണ്‌ മതവികാരം വൃണപ്പെടുക എന്ന് പറയുന്നത്..

   ഇന്ന് ഏറ്റവും ആപത്കരമായി കാണുന്നത് 'മതവികാരം  വൃണപ്പെട്ടിരിക്കുന്നു' എന്ന് പ്രഖ്യാപിക്കുന്നതാണ്.  ഒരു സംഭവത്തിനോട് അനുബന്ധമായി ഒരു കൂട്ടര്‍ ഇതു മതവികാരത്തെ  വൃണപ്പെടുത്തുന്നതാണ് എന്ന് പ്രഖ്യാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.. ഒരുവന്‍റെ മനസ്സില്‍ നിന്നും സ്വോഭാവികമായി ഉയര്‍ന്നു വരുന്ന ഒരു വികാരം ഇവിടെ കാണാനില്ല.. തീര്‍ച്ചയായും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി മുതലെടുപ്പിന് വേണ്ടി മാത്രമാണ് ഒരുകൂട്ടര്‍ അത്തരം പ്രഖ്യാപനങ്ങള്‍ നടത്തി ഒരു കൂട്ടം ആള്‍ക്കാരെ തെരുവിലിറക്കുന്നത്!! തങ്ങളുടെ മതത്തിന്‍റെ ശക്ത്തി പ്രകടനങ്ങള്‍ക്കും, സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള വിലപേശലിന് ഇത്തരം ശക്തി പ്രകടനത്തെ ഉപയോഗിക്കാന്‍ വേണ്ടിയുമാണ് തന്ത്രപരമായി ഈ കൂട്ടര്‍ അത് ചെയ്യുന്നത്.. 

   ചില മതങ്ങള്‍ തങ്ങള്‍ 'സെന്‍സിറ്റിവ്' ആണെന്ന് സ്വയം പ്രഖ്യാപിച്ച് നിസ്സാര കാര്യങ്ങള്‍ക്ക് പോലും മതവികാരം  വൃണപ്പെട്ടതായി പറഞ്ഞ് തെരുവിലിറങ്ങുന്നത്‌ നാം കാണുന്നുണ്ട്.. അതില്‍ കൂടുതലും ന്യൂനപക്ഷ സമുദായങ്ങളാണെന്നതും ശ്രദ്ദേയമാണ്..  ഭൂരിപക്ഷ സമുദായക്കാര്‍ മതവികാരം  വൃണപ്പെട്ടതായി പറഞ്ഞ് തെരുവിലിറങ്ങുന്നതിലും കൂടുതല്‍ രാഷ്ട്രീയ പിന്തുണ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നത് സ്പഷ്ട്ടം.. പക്ഷെ അവിടെ സംഭവിക്കുന്ന സാമൂഹിക അധപ്പതനം എന്നത്; ന്യൂന പക്ഷമതങ്ങള്‍ക്കെതിരെ പൊതു വിമര്‍ശനങ്ങള്‍ കുറയുമെന്നതും അതുവഴി ആ മതങ്ങളില്‍ പുരോഗമന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോവുകയും നടപ്പിലാകാതെ പോവുകയും ചെയ്യുമെന്നുള്ളതാണ്.. അത് അത്തരം ന്യൂനപക്ഷ മതങ്ങളെ പിന്നോട്ട് നയിക്കുന്നതിനും, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചാനിരക്കിനെ സാരമായി ബാധിക്കുകയും ചെയ്യും.. ഒരു ഇരുളടഞ്ഞ ചുറ്റുപാടില്‍ എന്നും തന്‍റെ മതസ്ഥരെ നിര്‍ത്തണമെന്നും തങ്ങളുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിസ്സാരമായി ചൂഷണം ചെയ്യത്തക്ക വിധത്തില്‍ അവരെ ഒരുക്കി നിര്‍ത്തണമെന്നുമുള്ള ചില മേലാളന്‍മാരുടെ ചിന്തിച്ചുറച്ച തീരുമാനങ്ങളുടെ നടപ്പിലാക്കലുകളാണ് ഇവയെല്ലാം.. അറിഞ്ഞു കൊണ്ടുതന്നെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ബോധപൂര്‍വ്വമായുള്ള വിധ്വംസ്സക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും, മാധ്യമങ്ങള്‍ പ്രചാരവും നല്‍കുന്നു..

   ലോകം മുഴുവന്‍ മതത്തിന്‍റെ പേരിലുള്ള പലതരത്തിലുള്ള മുതലെടുപ്പുകളും സംഘര്‍ഷങ്ങളും നടന്നു വരുന്നതിനാല്‍ ഇതെല്ലാം ഒരു ആഗോള പ്രതിഭാസ്സ മായി കാണാനാണ് പലരും ആഗ്രഹിക്കുന്നത്.. മതവികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞ് പലതരത്തില്‍ നടത്തുന്ന മുതലെടുപ്പുകള്‍ക്ക് അതാതു മതങ്ങളില്‍ നിന്ന് മാത്രമേ പരിഹാരം ഉദിക്കൂ!! ഒരു സംഭവത്തോട് അനുബന്ധിച്ച് ' മതവികാരം വൃണപ്പെട്ടിരിക്കുന്നു' എന്ന യുദ്ധആഹ്വാനത്തിനുള്ള കാഹളം ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ആ മതസ്ഥര്‍ തന്നെ ഒന്നു ചിന്തിക്കുക; തന്‍റെ മനസ്സില്‍ മുറിവുണ്ടാക്കുവാനുള്ള എന്തെങ്കിലും സംഭവിച്ചോ?? തന്നെയും തന്‍റെ മതത്തിനെയും മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണോ എന്ന്.. അതിന് ശേഷം മാത്രം പ്രതികരിക്കുക.. അപ്രകാരവും; തന്‍റെ പ്രവര്‍ത്തി ഇതരമതസ്ഥന്റെ വികാരത്തെ വൃണപ്പെടുത്താന്‍ സാധ്യത ഉണ്ടോ എന്നുകൂടി ചിന്തിക്കുന്ന സ്വതന്ത്ര ചിന്താഗതിയുള്ള പൌരന്മാരാകുക.. നാം ഒരിക്കലും ചൂഷണത്തിന് വിധേയരാകാതിരിക്കാന്‍ ശ്രദ്ദിക്കുക....!!!


[Rajesh Puliyanethu
 Advocate, Haripad]



Thursday, 24 January 2013

സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയും, അകത്തളവും.......


   സ്ത്രീ പീഡനങ്ങള്‍ ഭാരതം എന്ന മഹാരാജ്യത്ത് ഒരു പുതുമയുള്ള വാര്‍ത്തയെ അല്ല!! രാജ്യത്ത് ആകമാനം അത് സംഭവിക്കുന്നതിന്റെ കണക്കെടുത്താല്‍ മിനിട്ടുകളില്‍ സംഭവിക്കുന്ന ഒന്ന്!! പൊതുജനശ്രദ്ദയും, പ്രതികരണവും, ഇരക്ക് നീതിയും ലഭിക്കുന്നത് പല സഹസ്രങ്ങളില്‍ ഒന്നിനു മാത്രം! അതും പ്രസ്തുത സംഭവം കൊണ്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മുതലെടുപ്പുകള്‍ സാധ്യമാകുമ്പോള്‍; അല്ലെങ്കില്‍ മാധ്യമങ്ങള്‍ " ഈ സംഭവം വിവാദമായിരിക്കുന്നു" എന്ന മുന്നറിയിപ്പോടെ നമ്മെ അറിയിക്കുമ്പോള്‍!!`! ഒരു സ്ത്രീയില്‍ നിന്നും ശാരീരികമായമായ സുഖം ബലമായി നേടിയെടുക്കാന്‍ ഒരു പുരുഷന്‍ തീരുമാനിക്കുന്നത് എന്ത് കൊണ്ടാണ്??  അത്തരം ഒരു തീരുമാനത്തിന്‍റെ ഇരയാകാതെ ഏതൊരു സ്ത്രീയെയും സംരക്ഷിച്ചു നിര്‍ത്തുന്നതിന് സമൂഹത്തിനും, നിയമത്തിനും, സര്‍ക്കാരുകള്‍ക്കും ഒരുപോലെ ബാധ്യത ഉണ്ട്..  ആ ബാധ്യത നിറവേറ്റുന്നതിന് വേണ്ടി ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് ആവേശത്തെ ഉള്‍ക്കൊണ്ട് വെറിപൂണ്ട് ഒരു സമൂഹത്തിന് തെരുവിലിറങ്ങാം.. പക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാതെ; തങ്ങളും സ്ത്രീ ശാക്തീകരണത്തിനും, സ്ത്രീ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്നു എന്നപ്രതീതി ഉളവാക്കും വിധം നിയമനിര്‍മ്മാണങ്ങള്‍ നടത്താനോ, പ്രവര്‍ത്തിക്കാനോ സര്‍ക്കാരുകള്‍ ശ്രമിക്കരുത്..

   ഒരു പുരുഷന്‍ അക്രമ സ്വഭാവത്തോടെ ഒരു സ്ത്രീയില്‍ നിന്നും രതി ആസ്വതിക്കാന്‍ മുതിരുന്നതിന് പിന്നിലെ ചെതോവികാരമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ആ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്നാമതായി കണ്ടെത്തിയ കാരണം സ്ത്രീ തന്നെ പുരുഷനെ കാമവെറി കൊള്ളിക്കും വിധം പെരുമാറുന്നുഎന്നതായിരുന്നു.. പ്രധാനമായും അല്‍പ വസ്ത്രധാരണത്തിലൂടെയാണ് സ്ത്രീ ആ കൃത്യം നിര്‍വഹിക്കുന്നതെന്നും ഒരു കൂട്ടര്‍ പറഞ്ഞു വെച്ചു.. സ്ത്രീയുടെ അല്‍പ്പ വസ്ത്ര ധാരണാ രീതി ലൈംഗീക കുറ്റകൃത്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നുന്നുണ്ടോ??

   പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും തമ്മില്‍ യാതൊരു പരസ്പ്പര പ്രതിഫലവും കൂടാതെയും പ്രദര്‍ശന സ്വഭാവം കൂടാതെയും, പരസ്പ്പര താല്‍പ്പര്യപ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അനുവദിക്കുന്ന നിയമവും സമൂഹവുമാണ് നമ്മുടേത്‌..`.. ആ കാഴ്ച്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന രീതിയില്‍ നിയമങ്ങളും, പൊതുജനനിലപാടുകളും  നിലകൊള്ളുന്ന കാഴ്ചയാണ് പോയകാലത്ത് നമ്മള്‍ കണ്ടത്.. ലോകം മുഴുവന്‍ അത്തരം കാഴ്ചപ്പാടുകളിലേക്ക് വളരുന്നതും നമ്മള്‍ കണ്ടു.. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ അനിവാര്യതയാണ് തീര്‍ച്ചയായും അത്തരം അനുമതികള്‍ എന്നത് വ്യക്തം.. അവിടെ ഏറ്റവും കാതലായ വസ്തുത എന്നത് പരസ്പ്പര സമ്മതവും താല്‍പ്പര്യവും എന്നതാണ്.. നിയമവും, സാമൂഹികവും വിഷയങ്ങ ളാകുമ്പോള്‍ പ്രതിഫലത്തെയും, പ്രദര്‍ശനത്തെയും തടയുന്നു എന്ന് മാത്രം..

   വ്യക്തി സ്വാതന്ത്യവും, സ്ത്രീയുടെ സമ്മതവും കൂട്ടിവായിച്ച് വേണം വസ്ത്ര ധാരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍...`.. ഏതു തരത്തിലുള്ള വസ്ത്രം താന്‍ ധരിക്കണമെന്നത് അവളുടെ മാത്രം സ്വാതന്ത്ര്യമാണ്. നിയമം കല്‍പ്പിക്കുന്ന അതിര്‍വരമ്പിനുള്ളില്‍ എത്ര പ്രദര്‍ശനവും അവള്‍ക്കാകാം.. അതില്‍ കാഴ്ചക്കാരന് പരിമിതികള്‍ മാത്രമേ ഉള്ളു.. ഒരു സ്ത്രീ എത്രത്തോളം തന്‍റെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കുന്നോ, അത്രത്തോളം ശരീര ഭാഗങ്ങള്‍ മറ്റുള്ളവന് കാണുന്നതിനുള്ള അനുമതി നല്‍കല്‍ കൂടിയാണത്.. ആസ്വാദ്യകരമെങ്കില്‍ അത്രത്തോളം കണ്ട് ആസ്വദിക്കുന്ന അവകാശം മാത്രമേ രണ്ടാമതോരുവനുള്ളു.. 'കണ്ടു മാത്രം ആസ്വദിക്കുന്നതിന്'.... അതിനപ്പുറത്തെക്കുള്ള ഏതൊരു അതിക്രമ പ്രവര്‍ത്തിക്കും അല്‍പ വസ്ത്ര ധാരണത്തെ പഴിചാരി ന്യായം കണ്ടെത്താന്‍ സാധിക്കില്ല..

   ഒരു ബലാല്‍സംഗത്തില്‍ കൂടി കാമസംതൃപ്തി തേടുന്നതിനെ കാമവെറി എന്ന് വിശേഷിപ്പിക്കുന്നതിലും ഒരു ലൈഗിക കൃത്യത്തില്‍ അവസാനിക്കുന്ന  മനോവെറി എന്ന് വിശേഷിപ്പിക്കുന്നതാകും ഉത്തമം.. കാമാസക്തിയുടെ പൂര്‍ത്തീകരണം ഒരു ബലാത്സംഗത്തില്‍ കൂടി നടക്കുന്നു എന്ന് കരുതാന്‍ വയ്യ..  മനസ്സില്‍ ഉദ്ദേശിച്ച് ഉറപ്പിച്ച് ചെയ്യുന്ന ഏതൊരു കുറ്റകൃത്യം പോലെ മാത്രമേ ഉള്ളു ഇതും! അതിന് വികാരഉദ്ദീപനത്തിന്റെ കാര്യമായ സ്വാധീനം ഇല്ല എന്നു വേണം കരുതാന്‍..`.. മറിച്ച് ചിന്തയുടെ സ്വാധീനം മാത്രമേ ഉള്ളു.. ആ  ചിന്ത എന്നത് വളരെ ചെറിയ പ്രായം മുതല്‍; ഏറ്റവും അടുത്ത ചില ബന്ധങ്ങളില്‍ ഒഴിച്ചുള്ള മറ്റെല്ലാ സ്ത്രീകളെയും ശാരീരിക സൌകുമാര്യത്തിന്‍റെയും, രതിയുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്തതും വിവരിച്ചും വളര്‍ന്നുവരുന്ന സാമൂഹിക അന്തരീക്ഷത്തില്‍ നിന്നും ഉയര്‍ന്ന് വരുന്നതാണ്..  അക്രമചിന്തയും വന്യസ്വഭാവവും കൂടി നില്‍ക്കുന്ന ചില പുരുഷന്മാര്‍ അക്രമ ലൈഗികതയിലേക്ക് അതിനെ കൊണ്ട്ചെന്നെത്തിക്കുന്നു എന്ന് മാത്രം..  സ്വന്തം മകളില്‍ കാമ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കാടത്തത്തിലേക്ക് വരെ ആ സാമൂഹിക അന്തരീക്ഷം വളരുന്നു എന്നതാണ് ക്രൂരമായ വസ്തുത..

    സ്ത്രീയും മുന്‍പ് പറഞ്ഞ പൊതു സാമൂഹിക രീതിയില്‍ തന്നെ പുരുഷനെ വിലയിരുത്തി വരുന്നുണ്ടെന്നു വേണം കരുതാന്‍..`.. പക്ഷെ അത് അത്ര കണ്ട് വലിയ സാമൂഹിക വിപത്തായി ഉയര്‍ന്നു വരാത്തത്; അത് സാര്‍വത്രികമല്ല എന്നതിനാലാണ്. കൂടാതെ ഒരു ബലപ്രയോഗത്തില്‍ കൂടി പുരുഷനെ കീഴ്പ്പെടുത്താന്‍ സ്ത്രീക്ക് കഴിയാത്തതും ശക്തി കൊണ്ട് കീഴ്പ്പെടുത്തിയാലും ലൈഗീക ബന്ധത്തിലേക്ക് ബലപ്രയോഗത്തില്‍ കൂടി പുരുഷനെ എത്തിക്കാന്‍ കഴിയാത്ത ശാരീരികമായ സവിശേഷതയുമാണ് സ്ത്രീ ബലാത്സംഗ കേസ്സുകളില്‍ പ്രതിയാകാതിരിക്കാന്‍ കാരണം.. മറിച്ച് സമാനമായി ചിന്തിക്കുന്നവര്‍ സ്ത്രീയിലും പുരുഷന്മാരിലെന്നപോലെ തന്നെ ഉണ്ട്..

   സാമൂഹികമായ സ്ത്രീ പുരുഷ ഭേതമില്ലാത്ത ഒരു ചിന്താ സ്വോഭാവത്തിന്റെ  ക്രിമിനല്‍ ആവിഷ്ക്കാരമാണ് ബലാല്‍സംഗങ്ങളായി നാം കാണുന്നത്.. അതില്‍ സ്ത്രീയെ പ്രതി സ്ഥാനത്ത് കാണാത്തത് അവര്‍ക്ക് ആ കുറ്റക്രിത്യം നടപ്പിലാക്കാനുള്ള കഴിവുകേടുകൊണ്ടും.. അതുകൊണ്ട് തന്നെ ഇരയുടെ സ്ഥാനത്ത് നാം എല്ലായെപ്പോഴും സ്ത്രീയെ മാത്രം കാണുന്നു.. അതിനാല്‍ പുരുഷന് വേണ്ടി മാത്രമുള്ള മരുന്നുകള്‍ നിര്‍മ്മിക്കാനാണ് പൊതുസമൂഹവും, സര്‍ക്കാരും ശ്രമിക്കുന്നത്.. മറിച്ച് അടിസ്ഥാനപരമായി  സമൂഹത്തില്‍ നിലനില്‍ക്കുന്ന ചിന്തയിലെ വൈകല്യത്തെ ഫലപ്രദമായി ചികില്‍സ്സിക്കുന്നതിനുള്ളതോന്നും ഇവിടെ ഉയര്‍ന്നു വരുന്നില്ല..

   പുരുഷനെ ലൈഗിക അതിക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പല ഉപായങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് ശിക്ഷ കടുത്തതാക്കുകന്നതാണ് അതില്‍ പ്രധാനമായത്.. ഒന്നു ചിന്തിക്കൂ. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്ന കുറ്റ കൃത്യത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കുന്ന നിയമങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ മുതിരുന്ന വേളയില്‍ ഒരുവന്‍ " ഇതു പിടിക്കപ്പെട്ടാലും 10 വര്‍ഷം തടവ് കിട്ടുമെന്നല്ലെ ഉള്ളു" എന്ന് നിസ്സാരമായിചിന്തിച്ച് ആ കുറ്റകൃത്യം ചെയ്യുന്നില്ല.. നിലവിലുള്ള നിയമപ്രകാരം പിഴ ഒടുക്കി കുറ്റവാളികള്‍ രക്ഷപ്പെടുന്നു എന്നാ നിലയിലാണ് പലരും സംസ്സാരിക്കുന്നത്.. ബലാത്സംഗ കേസുകളിലെ കുറ്റവാളികള്‍ എത്ര കഠിനമായും ശിക്ഷിക്കപ്പെടുന്നത് ഉചിതം തന്നെയാണ്. പക്ഷെ കെമിക്കല്‍ ഷ ണ്‍ഡീകരണം പോലെയുള്ള ശിക്ഷകള്‍ക്ക് നിയമ സാധുത നല്‍കിയാല്‍; സ്ത്രീ പീഡനങ്ങളെ മറയാക്കി ചൂഷണം നടത്താന്‍ തല്‍പ്പരരായ കുറ്റവാളികളായ സ്ത്രീകള്‍ക്ക് അവരുടെ ബര്‍ഗൈനിംഗ് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്നതിനപ്പുറം സ്ത്രീ പീഡനങ്ങളുടെ തോത് ക്രിയാത്മകമായി കുറക്കാന്‍ ഉതകും എന്ന് തോന്നുന്നില്ല..

      സ്ത്രീ പീഡനങ്ങള്‍ കുറയ്ക്കുന്നതിന് പുരുഷന്‍റെ ലൈഗീക ത്രിഷ്ണക്ക് നിയമം അനുവദിച്ച് കൊണ്ടുതന്നെ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് എന്ന് നിര്‍ദ്ദേശിക്കുന്നവരുണ്ട്. നിയമം അനുവദിക്കുന്ന വേശ്യാലയങ്ങള്‍ സ്ത്രീ പീഡനങ്ങളുടെ അളവ് കുറക്കാന്‍ സഹായകമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.. പക്ഷെ സമൂഹത്തിലെ പുരുഷന്മാരുടെ ലൈഗീക ആസക്ത്തിയുടെ പൂരണത്തിനായി ഒരു സംഘം സ്ത്രീകളെ ഒരുക്കിനിര്‍ത്തുക എന്നപ്രവര്‍ത്തിക്ക് ഒരുപാട് മാന്യതക്കുറവുകളുണ്ട്. മാത്രമല്ല അപ്രകാരം നിയമ പരിരക്ഷ വേശ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ അവിടേക്ക് സ്ത്രീകള്‍ എത്തപ്പെടുന്ന രീതി ക്രൂരവും, അധാര്‍മ്മികവും ആയിരിക്കും.. പരിഷ്കൃത ജനത എന്ന് സ്വയം പുകഴ്ത്തി പാടി നടക്കുന്ന നമുക്ക് അത് ഭൂഷണവുമല്ല..

   സ്ത്രീ  പുരുഷനെയോ, പുരുഷന്‍ സ്ത്രീയെയോ പ്രഥമമായി വിലയിരുത്തുന്നത് രൂപ സൌകുമാര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കണ്ടുവരുന്നു.. അതില്‍ നിന്നും ഒരു പടികൂടി കടന്ന് ലൈഗീകമായ ആസ്വാദനത്തിന്റെ വിലയിരുത്തലായി മാറുന്നു.. ആ ആസ്വാദനത്തിന്റെ മാര്‍ഗങ്ങള്‍ ഒരു വ്യക്തി തേടി തുടങ്ങുന്നതോടെയാണ് ഒരു കുറ്റകൃത്യം ജനിക്കാനുള്ള സാധ്യത ആരംഭിക്കുന്നത്.. തന്‍റെ ആഗ്രഹം മാന്യമായി ആവശ്യപ്പെടുന്നതോ, തന്നിലേക്ക് എതിര്‍ വ്യക്തിയെ ആകര്‍ഷിക്കുന്നത് വരെയോ കാര്യങ്ങള്‍ വിക്രിതമല്ല.. പക്ഷെ എതിര്‍ വ്യക്തിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി തന്‍റെ താല്പ്പര്യപൂര്‍ത്തീകരണത്തിന് ശ്രമിക്കുമ്പോളാണ് കാടത്തവും കുറ്റകൃത്യവും ഒന്നായി ഒരു 'താല്‍പ്പര്യം' മാറുന്നത്.. അതിലേക്ക് മുതിരരുത് എന്ന് മാത്രമാണ് സമൂഹത്തില്‍ പ്രചരിപ്പിക്കെണ്ടതും, ബോധവല്‍ക്കരണം നടത്തേണ്ടതും!! സ്വതന്ത്രമായി പരസ്പ്പര താല്‍പ്പര്യത്തോടെ ശരീരസുഖം പങ്കിടുവാന്‍ ആഗ്രഹിക്കുന്നവരെ വേട്ടയാടാനും പിന്തുടരാനും പാപ്പരാസ്സി മനസ്ഥിതിയോടെ മുതിരരുതെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം.. അങ്ങനെ ലൈഗീക വിഷയങ്ങളിലെ സമൂഹത്തിന്‍റെ അമിത ത്രിഷ്ണക്ക് പല മാര്‍ഗ്ഗങ്ങളില്‍ കൂടി അറുതി വരുത്തണം.. ലൈഗീക വിഷയങ്ങളെ സമൂഹം അവഗണിക്കാന്‍ പഠിക്കണം.. എങ്കില്‍ മാത്രമേ കരുതിക്കൂട്ടിയുള്ള ലൈഗീക അപകീര്‍ത്തികരമായ പ്രവര്‍ത്തികള്‍ അവസ്സാനിക്കുകയും യഥാര്‍ഥ കുറ്റവാളികള്‍ മാത്രം നിയമത്തിന് മുന്നില്‍ എത്തുകയും ചെയ്യുകയുള്ളൂ..

   ലൈഗീകമായ കുറ്റകൃത്യങ്ങള്‍ ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്‍റെ എല്ലാ ഭാഗത്തും അരങ്ങേറുന്ന ഒന്നാണത്.. കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത കുറ്റകൃത്യം.. അതില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ബോധവല്‍ക്കരണം ക്രിയാത്മകമായി ചെയ്യണം.. 'പരസ്പര താല്‍പ്പര്യം ഒരു ലൈഗീക ബന്ധത്തിന് ഉണ്ടായിരിക്കണം' എന്ന ഒരൊറ്റ മുദ്രാ വാക്യത്തില്‍ മാത്രം ഊന്നി പ്രചരണങ്ങള്‍ നടത്തണം.. മറിച്ച് ലൈഗീകമായതെല്ലാം തെറ്റാണെന്ന് പ്രചരിപ്പിച്ച് തന്‍റെ പുണ്യാളന്‍ രൂപം അതുവഴി സമൂഹത്തിന് മുന്‍പില്‍ വരച്ചു കാട്ടി, സാമൂഹികതയും, ആത്മീയതയും, സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും കൂട്ടിക്കുഴച്ച് ലക്ഷ്യബോധമില്ലാത്ത പ്രചരണങ്ങള്‍ നടത്തി അവ്യക്തമായ ചിത്രങ്ങള്‍ സമൂഹത്തില്‍ സൃഷ്ട്ടിക്കുമ്പോള്‍ അവയെല്ലാം മാലിന്യങ്ങളായി മാത്രം നിക്ഷേപിക്കപ്പെടുന്നു.. ശുഭകരമായ ചലനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടാതെ പോകുന്നു.. 

   ഇവിടെ ഉയരുന്ന ഒരു രൊദനമാണ് സ്ത്രീ വില്‍പ്പനച്ചരക്കാകുന്നു, ഉപഭാഗ വസ്തു ആയിമാത്രം അധപ്പതിക്കുന്നു എന്നൊക്കെ.. എന്തുകൊണ്ടാണ് സ്ത്രീ അപ്രകാരം ചിത്രീകരിക്കപ്പെടുന്നത്?? എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്‌?? സ്ത്രീയും പുരുഷനുമായി ചേര്‍ന്നുള്ള കഥകള്‍ക്ക് സമൂഹം കാട്ടുന്ന അമിത പ്രാധാന്യമാണ് അതിനു കാരണം.. സ്ത്രീയുടെ ശരീരത്തെ മുതലെടുപ്പിന് ഉതകുന്ന ഒന്നാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് തന്‍റെ വിലാപം എന്നപേരില്‍ ഈ ആള്‍ക്കൂട്ടങ്ങള്‍ ചെയ്യുന്നത്.. ഒരു ക്രൂരവ്യക്തിയാല്‍ ഒരു പെണ്ണ് ഒരുപ്രാവശ്യമായിരിക്കും പീഡി പ്പിക്കപ്പെടുന്നത്. പക്ഷെ അവളുടെ കണ്ണീരോപ്പാനെന്ന വ്യാജേന കൂടെ കൂടുന്നവര്‍ സമൂഹമദ്ധ്യത്തില്‍ അവളെ ഒരായിരം പ്രാവശ്യം അപമാനിക്കും!! അതും പല വര്‍ഷങ്ങള്‍......`.. അതിനുള്ള ഉദാഹരണങ്ങള്‍ക്ക് പോയകാലകേരള രാഷ്ട്രീയത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി..

   സമൂഹത്തിലെ സമഗ്രമായ മാറ്റത്തെപ്രതീക്ഷിച്ച് ഇവിടെ ഒരു സ്ത്രീക്കും ആശ്വസിക്കാന്‍ കഴിയില്ല.. സ്ത്രീ പീഡനങ്ങള്‍ ഇല്ലാത്ത ഒരു സുന്ദരഭൂമിയൊന്നും ഇവിടെ ഉണ്ടാകാന്‍ പോകുന്നില്ല.. ഇവിടെ ഫലവത്താകുന്നത് സ്ത്രീ നടത്തുന്ന സ്വയം പ്രതിരോധ മാത്രമാണ്.. ഒരു ഇരയാകാതെ എങ്ങനെ കടന്ന് പോകാം എന്ന് ചിന്തിച്ച് അവള്തന്നെ രൂപപ്പെടുത്തുന്ന ഒരു പ്രവര്‍ത്തന ചര്യക്ക്‌ മാത്രമേ അവളെ രക്ഷിക്കാന്‍ കഴിയൂ.. ചെളിയില്‍ കൂടി നടക്കുമ്പോള്‍ തെന്നിവീഴാതെ നടക്കുന്നവര്‍  ശ്രദ്ദിക്കുക.. വ്യക്തി സ്വാതന്ത്ര്യങ്ങളെ വേദനയോടെ മറന്നു കൊണ്ടാണെങ്കിലും വീഴ്ചകള്‍ക്ക് പാത്രീഭവിക്കാതിരിക്കുവാന്‍ ശ്രദ്ദിക്കുക.. ഏതൊരു സ്ത്രീക്കും ഏതു സമയത്തും, ഏതൊരിടത്തുകൂടിയും ഭയാശങ്കകളില്ലാതെ കടന്നു പോകാന്‍ കഴിയുന്ന കാലം സ്വപ്നത്തില്‍ മാത്രം അവശേഷിക്കുന്നിടത്തോളം കാലം അതിന് മാത്രമേ കഴിയൂ......



[Rajesh Puliyanethu
 Advocate, Haripad]

 
    

Friday, 28 December 2012

സച്ചിന്‍റെ വിടവാങ്ങല്‍!!!!`!!




   സച്ചിന്‍ടെണ്ടുല്‍ക്കര്‍ എന്നാ വിസ്മയ പ്രതിഭ ഏകദിന ക്രിക്കറ്റില്‍ നിന്നും അരങ്ങൊഴിഞ്ഞു.. എന്നെങ്കിലും അത് സംഭവിക്കുമെന്ന് അറിയാമായിരുന്നു എങ്കിലും പെട്ടന്നൊരു ദിവസ്സം അത് കേട്ടപ്പോള്‍ ഞെട്ടിക്കുന്ന ഒരു ദുരന്ത വാര്‍ത്ത കേള്‍ക്കുന്നത് പോലെയാണ് തോന്നിയത്.. പ്രിയപ്പെട്ട ആരുടെയെങ്കിലും വേര്പാട് വാര്‍ത്തയോ, വലിയ ഒരു അപകട വാര്‍ത്തയോ മറ്റോ പെട്ടന്ന് കേള്‍ക്കേണ്ടി വരുമ്പോള്‍ തോന്നുന്ന ഒരു തരം അസുഖകരമായ വികാരം...

   ദിവസ്സങ്ങള്‍ പലത് പിന്നിട്ടിട്ടും ആ വാര്‍ത്ത ഉണ്ടാക്കിയ അസ്വസ്ഥത വിട്ടു മാറുന്നില്ല എന്നതാണ് സത്യം.....




[Rajesh Puliyanethu
 Advocate, Haripad]
--

Thursday, 27 December 2012

"ധനം" ഒരു മരീചിക മാത്രം! തണലല്ല!!



       ഡാ, ഡാ  തമ്പി നീ എഴുനേറ്റുവാടാ??
തമ്പി അളിയന്‍റെ ഒരു ദിവസ്സം ആരംഭിക്കുകയാണ്. തമ്പിയുടെ സുഹൃത്തായ രാജു തമ്പിക്കൊരുകോളുമായി രാവിലെ വന്ന് വിളിക്കുകയാണ്‌..`..

       ഡാ ഒരു നല്ല കോളുണ്ട്‌..!`!! നീ ഇങ്ങനെ മൂടി പുതച്ചു കെടന്നോ..
എന്തവാടാ രാവിലെ? തമ്പി പുതപ്പ് വലിച്ചു മാറ്റി കൈലി വലിച്ചുടുത്ത്കൊണ്ട് എഴുനേറ്റ് വാതില്‍ തുറന്നു. എന്താടാ രാവിലെ കെടന്ന് കാറുന്നത്‌??

    ഡാ, ഒരു കൊളോണ്ട്, ഒരല്‍പം തരികിട കാണിച്ചാ ഇച്ചിരി കാശിങ്ങു പോരും! തമ്പി അളിയന്‍റെ വീട്ടിലോട്ടു കയറി കൊണ്ടുതന്നെ രാജു കാര്യം അവതരിപ്പിച്ചു.

   നീ കാര്യം പറ..

   ഡാ, നമ്മുടെ ലൈബ്രറി മൈതാനത്ത് ഒരു വലിയ ടീമിനെ എന്തോ പ്രദര്‍ശനം വരുന്നു. വലിയ എന്തോ കാര്യമാ, അവിടെ നമ്മളൊന്ന് കളിച്ചാ പ്രയോജനമുണ്ട്!

   അതിന് നമ്മക്കെന്തോ തേങ്ങാ കിട്ടുമെന്നാ നീ പറയുന്നത്?? വല്ലവരും വന്ന് എന്തോ വേണേ ഒണ്ടാക്കിയേച്ചു പോട്ട്, മനുഷ്യന്‍റെ ഒറക്കോം കളഞ്ഞു....

   തമ്പി പറഞ്ഞു നിര്‍ത്തിയിടത്ത് തന്നെ രാജു തുടങ്ങി...

   കൊളോണ്ടല്ലോ, അതല്ലേ ഞാന്‍ കൊച്ചു വെളുപ്പിനെതന്നെ ഇങ്ങു പൊന്നെ.

   തമ്പി, അവര് സാധനങ്ങള്‍ ഒക്കെ കൊണ്ട് വന്നിറക്കി തുടങ്ങി. കൊറേ സാധനങ്ങള്‍ ആയിക്കഴിയുമ്പോള്‍ വായനശാലയുടെ സ്ഥലത്ത് നടത്തത്തില്ല എന്ന് പറഞ്ഞ് നമുക്ക് തടയണം.

   തടഞ്ഞിട്ട്??

   എടാ വിഡ്ഢി, തടഞ്ഞു കഴിഞ്ഞാല്‍ അവര് തീര്‍ച്ചയായും ഒത്തുതീര്‍പ്പിന് വരും. അവിടെയാ നമുക്കുള്ള ചീ ചീ ഇരിക്കുന്നത്! മനസ്സിലായോ?

   നെനക്ക് ബുദ്ധി ഉണ്ടല്ലോടാ, പക്ഷെ എന്ത് പറഞ്ഞ് തടയും??

   നീയല്ലിയോ വായന ശാലയുടെ കൊണാണ്ടര്! അവിടെ നടത്തത്തില്ല എന്നങ്ങു പറയണം. തടയാന്‍ പ്രത്യേകിച്ച് കാരണം വല്ലോം വേണോ?? നീ പഴയ കമ്യുണിസ്റ്റ് അല്ലിയോ??

   അത് ശരിയാ, നമ്മള്‍ നേരത്തെ അവിടെ വല്ലോം നടത്താനിരുന്നതാ എന്ന് പറയാം. വേണ്ടിവന്നാ കേസ്സിനുപോയും തടയും എന്ന് പറയാം. തമ്പി അളിയനും രാജുവിന്‍റെ ആശയം കത്തിത്തുടങ്ങി.

   ഞാന്‍ വൈകിട്ടത്തെക്ക് കൊറച്ചാളെക്കൂട്ടി അങ്ങോട്ടു വരാം, നീയും കാണണം . എങ്ങനേം കൊറേ കാശോണ്ടാക്കിയാ മതിയാരുന്നു..

   തമ്പിയില്‍ കാര്യത്തിന്‍റെ ആവേശം കത്തി കയറി, ഒന്നെഴുനേറ്റു നിന്ന് മൂരി നിവര്‍ത്തി അകത്തേക്ക് തിരിഞ്ഞ് അയാള്‍ വിളിച്ചു പറഞ്ഞു. മീരേ ചായ...

   എടുത്തു വെച്ചിരുന്നത് പോലെ മീര രണ്ടു കപ്പ്‌ ചായയുമായി എത്തി,
രാജു ചേട്ടാ`, അമ്പിളിയോട് എന്നെ ഒന്ന് വിളിക്കാന്‍ പറയണേ, ഞാന്‍ വിളിച്ചിട്ട് കിട്ടുന്നില്ല, അത്രയും പറഞ്ഞ് അവള്‍ അകത്തേക്ക് പോയി.

   രാജു, നിനക്കെല്ലാം അറിയാമെല്ലോ! എങ്ങനെയും പണം ഉണ്ടാക്കിയെ പറ്റു! ഇവളെങ്ങനെ കഴിഞ്ഞിരുന്നതാ, ഇവളേം കുഞ്ഞിനേം അതുപോലെ പോറ്റാന്‍ പറ്റത്തില്ലേ ഇവനെന്തിനാ ഇതിനെ കേട്ടിയതെന്നൊക്കെ അടക്കത്തി പലരും ചോദിക്കുന്നോണ്ട്, എന്നെ കേക്കെ ആരും ഒന്നും പറയത്തില്ലന്നെ ഉള്ളു.

   അതൊക്കെ മാറുമെടാ, മീര എന്താ പറയുന്നത്??

   അവള്‍ക്ക് വലിയ സന്തോഷമാ, ഞാന്‍ ആദ്യം പരിചയപ്പെട്ട കാലത്തേതു പോലെ തന്നെ ഇപ്പോഴും, ഒരുമാറ്റവുമില്ല. അതാ കൂടുതല്‍ സങ്കടം. ഹാ! അതൊക്കെ പോട്ടെ, നീ വൈകിട്ട് വായനശാലയുടെ അങ്ങോട്ട്‌ വാ.....
തല്ക്കാലം ഒന്ന് പിടിച്ചു നില്‍ക്കാനുള്ള തോന്ന് വന്നു ചേര്‍ന്നതിന്റെ സന്തോഷത്തില്‍ തമ്പി കാര്യങ്ങള്‍ ഉഷാറാക്കി....

   നേരം വൈകി, വായനശാല മൈതാനത്ത് തമ്പി അളിയനും സംഘവും ഒപ്പം രാജുവും വട്ടമിട്ട് നില്‍ക്കുന്നുണ്ട്. മുദ്രാവാക്യം വിളിയുമായി ഒരു പരസ്യമായ തടയല്‍ പരിപാടി തല്ക്കാലം അവര്‍ക്കില്ല. കാരണം ഒതുക്കത്തില്‍  ഉള്ള കച്ചവടമാണ് നേരത്തെ രാജു പറഞ്ഞ ' ചീ  ചീ' ക്ക് നല്ലത്.

   കുറേ വണ്ടികളില്‍ എന്തൊക്കെയോ വലിയ സാധനങ്ങള്‍ കൊണ്ടുവന്നിറക്കു ന്നുണ്ട്, കാര്യപരിപാടികള്‍ക്ക് പ്രത്യേകിച്ച് നീക്കമോന്നുമില്ല. എന്നെകൊണ്ട്‌ നിങ്ങള്‍ക്കൊന്നും വേണ്ടേ എന്ന് ചോദിച്ചുകൊണ്ട് സമയം മാത്രം മുന്നോട്ടു പോയി.

   തമ്പി; ചെറിയ കളിയൊന്നുമല്ല, സാധനങ്ങള്‍ ഒക്കെ കൊണ്ടുവന്ന് തട്ടുന്നത് കണ്ടിട്ട് കാശുമുടക്ക് ഏറെഉള്ള മട്ടാ, അപ്പൊ അതിനൊപ്പം പിടിപാടും എല്ലാം അവര്‍ക്ക് കാണും! കളി നമ്മടെ കയ്യിനിക്കുവോ തമ്പി?? രാജു സംശയത്തിന്‍റെ വാതിലും തുറന്നിട്ടു.

   പിന്നെ എന്തോ ആണെന്ന് വിചാരിച്ചാ ചാടി ഇറങ്ങിയത്‌?? നമ്മളെ ഇവിടെ കാണുമ്പോളെ അവര് വിളിച്ചു വല്ലതും തരുമെന്ന് വിചാരിച്ചോ? തമ്പി ഇതിനെ റങ്ങിയിട്ടുണ്ടെങ്കില്‍ കൊണ്ടേവരൂ!! അല്ലെങ്കില്‍ ഇതെല്ലാം തീവെച്ച് കളഞ്ഞാലും ഞാന്‍ പിടിച്ചെടത്തുവെച്ച് ഞാന്‍ അറക്കും...

   പറഞ്ഞു തീരുന്നതിന് മുന്‍പ് തന്നെ രാജു ഇടപെട്ടു, ഡാ ഒരു വലിയകാറിങ്ങോട്ട്‌ വരുന്നുണ്ട്. അകലേക്ക്‌ നോട്ടത്തെ ഉടക്കി നിര്‍ത്തി അയാള്‍ പറഞ്ഞു
 
   വായനശാല കെട്ടിടത്തിലിരുന്നുകൊണ്ട്  മൈതാനത്തെ ചലനങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്ന തമ്പിയുടെയും രാജുവിന്റെയും അടുത്തേക്ക് രാമു എന്നാ ഒരു സഹയാത്രികനായ തമ്പി അനുയായി അല്‍പ്പം തിടുക്കത്തില്‍ വന്ന്..

   തമ്പി അണ്ണാ, പരിപാടിയുടെ മെയിന്‍ ആള്‍ക്കാര്‍ വന്നിട്ടുണ്ട്. വല്ലോം പോയി പറയാനുണ്ടെങ്കില്‍ ഇപ്പഴേ പറയണം..

   അത് കേട്ടപാടെ തന്നെ തമ്പി താന്‍ ഇരുന്നിരുന്ന ഡെസ്ക്കിന് മുകളില്‍ നിന്നിറങ്ങി ആരോടും ഒന്നും മിണ്ടാതെ നേരെ നടന്നു; രാജുവും തമ്പി അളിയനെ അനുഗമിച്ചു.

   തമ്പി നേരെ മൈതാനത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള കൂടാരത്തിലേക്ക്‌ പോയി. അവിടെ ഒരു മാനേജര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

   തമ്പിയും, രാജുവും കൂടി അയാളുടെ മുറിയിലേക്ക് കയറി. തമ്പി സ്വയം പരിചയപ്പെടുത്തി.
   ഞാന്‍ രാജന്‍ തമ്പി. ഈ മൈതാനം ഉള്‍പ്പെടെയുള്ള സ്ഥലം ഞങ്ങളുടെ വായനശാലയുടെ വകയാണ്. ഞാന്‍ അതിന്‍റെ സെക്രട്ടറിയാണ്. കൂടാതെ ഇവിടുത്തെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകനുമാണ്.

   മാനേജര്‍ ഉപചാരപൂര്‍വ്വം അവരോട് ഇരിക്കാന്‍ പറഞ്ഞു. ഇരുന്ന നിമിഷം തന്നെ തമ്പി സംസ്സാരിച്ചു തുടങ്ങി.

   ഞങ്ങള്‍ വന്നകാര്യം പറയാം, വായനശാലയുടെ സ്ഥലത്ത് പ്രദര്‍ശനമോ മറ്റു പരിപാടികളോ ഒന്നും ഞങ്ങള്‍ അനുവദിക്കില്ല. വായനശാലയുടെ ഭാരവാഹികളോടോന്നും തന്നെ ആലോചിക്കാതെ ഉള്ള ഈ പരിപാടികള്‍ ഒരു കാരണവശാലും ഇവിടെ നടക്കില്ല. മൈതാനത്ത് ഇറക്കിവെച്ചിട്ടുള്ള സാധനസാമഗ്രികള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്തു തരികയും വേണം.

   കാഴ്ചയില്‍ തന്നെ ഒരു മാന്യന്റെയും, വിനയാന്വിതന്റെയും ലക്ഷണങ്ങള്‍ തോന്നിക്കുന്ന മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ വ്യക്തി തന്‍റെ സര്‍ഗ്ഗസ്വഭാവം കൈവിടാതെ തന്നെ മറുപടി നല്‍കി.

   ചുമതലപ്പെട്ട ആള്‍ക്കാരോട് ആലോചിക്കേണ്ട എന്ന് കരുതിയല്ല, വായന ശാലയുടെ ഭൂമി ആണെന്ന് അറിഞ്ഞിട്ടുമല്ല, പഞ്ചായത്തില്‍ നിന്ന് അനുമതി കിട്ടി; ഞങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കി. അത്രേ ഉള്ളു. പരിഹരിക്കാവുന്ന കാര്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത്രയും കാര്യങ്ങള്‍ മുന്നോട്ടു പോയിട്ട് ഇനി മുടക്കം പറഞ്ഞാല്‍......., ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നു...
   മാത്രമല്ല ഇവിടെ ഞങ്ങള്‍ പ്രദര്‍ശനം ഒന്നുമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ഒരു മാസ്സം നീണ്ടു നില്‍ക്കുന്ന ഒരു മെഡിക്കല്‍ ക്യാമ്പ് ആണ്. ഏതു രോഗം കൊണ്ട് ബുദ്ധി മുട്ടുന്നവര്‍ക്കും പരിപൂര്‍ണ്ണമായും സൗജന്യമായ തുടര്‍ ചികല്‍സ്സ; അതെത്ര ചെലവേറിയതാണെങ്കിലും!! അങ്ങനെ ഒരു കാര്യത്തിന് നിങ്ങള്‍ ചെറുപ്പക്കാര്‍ എതിര് നില്‍ക്കെരുതെന്നാണ് എന്‍റെ അപേക്ഷ. ആയിരങ്ങള്‍ക്ക് പ്രയോജനമുണ്ടാകുന്ന കാര്യമാണത്.

   അല്‍പ്പം പരുഷസ്വഭാവം പ്രകടിപ്പിച്ചു കൊണ്ട് തമ്പി മറുപടി നല്‍കി. നല്ല കാര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാ ഞങ്ങള്‍ എന്നാ പതിവ് പല്ലവി വേണ്ട.. ഇവിടെ ഒരു പുഷ്പഫല പ്രദര്‍ശനം നടത്താന്‍ നേരത്തെ ഞങ്ങള്‍ അധ്വാനം തുടങ്ങിയതാ. അത് കഴിഞ്ഞ് ഇതു നോക്കാം. പിന്നെ വായനശാലയുടെ ഭൂമിക്ക് പഞ്ചായത്ത് അനുമതി നല്‍കിയതെങ്ങനെ എന്നും എനിക്കറിയണം..

   ഇത്രയും പറഞ്ഞുകൊണ്ട് തമ്പി തിരിഞ്ഞു നടന്നു.  മൂന്നാലടി മുന്നേറിയപ്പോള്‍  പുറകില്‍ നിന്നും, ഇത് ചന്ദ്ര മൗലാശ്രമത്തിന്‍റെ ഒരു സംരംഭമാണ്.

   ഒന്നു നിന്നുതിരിഞ്ഞു കൊണ്ട് തമ്പി മറുപടി പറഞ്ഞു തിരിഞ്ഞു നടന്നു.

   ആശ്രമങ്ങളെ ഞങ്ങള്‍ക്ക് മതിപ്പുമില്ല, ഭയവുമില്ല!!

   തമ്പി അളിയനും, രാജുവും തങ്ങളുടെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും കാര്യപരിപാടികള്‍ പലതും ചര്‍ച്ച ചെയ്തതിനു ശേഷം തമ്പിയുടെ വീട്ടില്‍ കൂടിയിരിക്കുകയാണ്.

   സംഗതി ചന്ദ്രമൗലാശ്രമത്തിന്‍റെതാണെന്ന് എനിക്കറിയത്തില്ലാരുന്നു തമ്പി!
ഇതിപ്പം മെഡിക്കല്‍ ക്യാമ്പ് എന്നോക്കെപ്പറയുംപോള്‍, ഒരുപാട് പിന്തുണ കിട്ടും. പണി പാളുവോടാ??

   ഒരുപണീം പാളത്തില്ല; എടാ ഒരു ആശ്രമത്തിന്‍റെ പരിപാടി എന്നുപറഞ്ഞ് പാര്‍ട്ടിക്ക് നമ്മളെ തള്ളിക്കളയാന്‍ പറ്റുമോ? ഈ അശ്രമത്തിനെതിരെതന്നെ പാര്‍ട്ടി എത്ര പ്രസ്താവനകള്‍ ഇറക്കിയിട്ടോണ്ട്? അതുമാത്രമല്ല ഇതുപോലൊരു ആശ്രമം ജനങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ഒരു പരിപാടി നടത്തി വിജയിപ്പിച്ചാല്‍ അതിന്‍റെ ഗുണം ഒരുതരത്തിലും നമ്മുടെ പാര്‍ട്ടിക്ക് കിട്ടത്തുമില്ല!! മറിച്ചു ദോഷമാണ് താനും.

   അതൊക്കെ ശരിയാ, പക്ഷെ പ്രത്യക്ഷമായി പാര്‍ട്ടി നമ്മളെ സപ്പോര്‍ട്ട് ചെയ്യുമെന്നെനിക്ക് തോന്നുന്നില്ല..

     പ്രത്യക്ഷമായിട്ടോന്നും വേണ്ടാ, എല്ലാം പാര്‍ട്ടി പ്രത്യക്ഷമായി നിന്നാണോ ചെയ്യുന്നത്? എതിര് നില്‍ക്കാതിരുന്നാമതി...
    എതിര് നില്‍ക്കാനോട്ടുപറ്റത്തുമില്ല!!

   തികഞ്ഞ ആത്മവിശ്വാസ്സത്തോടെ തന്നെ തമ്പി അളിയന്‍ തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു.

   പിറ്റേ ദിവസ്സം രാവിലെ തമ്പി അളിയന്‍ ചായയും കുടിച്ച്കൊണ്ട് പത്രവും വായിച്ച് വീടിന്‍റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. വീടിന്‍റെ പടി കടന്ന് അകത്തേക്ക് വരുന്നയാളില്‍ കണ്ണുംനട്ട് തമ്പി ഇരുന്നിടതുതന്നെ ഇരുന്നു. അയാള്‍ അടുത്തെത്തിയപ്പോള്‍......`...

   എന്താടാ ശിവന്‍കുട്ടി?? തങ്ങളുടെ പാര്‍ട്ടി ആഫീസ്സിലെ കീശ്മാതിയോട് തമ്പി  ആരാഞ്ഞു...

   തമ്പി അണ്ണനെ കാണണമെന്ന് സെക്രട്ടറി പറഞ്ഞു. വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു.

   എന്താടാ കാര്യം?

   ആ !!

   ക്ഹ, ഞാന്‍ വന്നോളാം, നീ പൊക്കോ.

   അണ്ണാ, 10 മണിക്ക് മുന്നെതന്നെ വരണം...

   ക്ഹ, നീ പൊക്കോ........

   തമ്പി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി പത്തുമണിക്കുതന്നെ പാര്‍ട്ടി ഓഫീസില്‍ എത്തി. പാര്‍ട്ടി സെക്രെട്ടറി ചന്ദ്രന്‍ സഖാവിനെ കൂടാതെ ഉണ്ടായിരുന്ന മറ്റു ചില ഭാരവാഹികള്‍ ഉള്‍പ്പെടെ പത്തു പന്ത്രണ്ട് പേര്‍ അവിടെ കണ്ടു.

   തമ്പി കയറിചെന്നപ്പോള്‍തന്നെ അവര്‍ എന്തോ ഗൌരവമായ ചര്‍ച്ചയിലായിരുന്നു.

   തമ്പി അളിയന്‍ കടന്നു ചെന്നപാടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം അയാളായി.

   ചന്ദ്രന്‍ സഖാവ് തന്നെ ചോദ്യം ഉന്നയിച്ചുകൊണ്ട് തുടങ്ങി..

   തമ്പി, ഇന്നലെ എന്തായിരുന്നു വായനശാലയില്‍ പ്രശ്നം??

   വായനശാലയില്‍ പ്രശ്നം ഒന്നുമുണ്ടായില്ല, പിന്നെ നമ്മുടെ വായനശാലയുടെ സ്ഥലത്ത് ചെലര് എന്തോപരിപാടി നടത്താന്‍ കൊറേ സാധനങ്ങള്‍ കൊണ്ടെറക്കി, അത് ഞാന്‍ തടഞ്ഞു. അതെല്ലാം എടുത്തു മാറ്റണമെന്നും പറഞ്ഞു. അത്രേ ഉള്ളു.

   താനാരാടോ അതൊക്കെപ്പറയാനും തടയാനുമൊക്കെ?? തമ്പിയുമായി വിഭാഗീയമായ വിരോധം സൂക്ഷിക്കുന്ന നേതാവിന്‍റെ വകയായിരുന്നു ആചോദ്യം.

   വായനശാലയുടെ വകയാണ് സ്ഥലം. ഞാനാണ് വായനശാലയുടെ സെക്രട്ടറി. ആ നിലയില്‍ തടഞ്ഞു. അതിലെന്താ കുഴപ്പം??

   അവിടാരും ഒന്നും തടയാനൊന്നും പോകുന്നില്ല, സെക്രട്ടറിയുമില്ല, വായനക്കാരുമില്ല. കേട്ടല്ലോ..

   എന്തുകൊണ്ട് ഇല്ല?? അതുമാത്രമല്ല നിങ്ങളാരാ ഇങ്ങനെ തീരുമാനമൊക്കെ പറയാന്‍? വിഭാഗീയത വിഷയത്തെ വിഴുങ്ങാന്‍ പോകുന്നനിലയിലെക്കെത്തി.

   അപ്പോഴേക്കും ചന്ദ്രന്‍ സഖാവ് ഇടപെട്ടു സംസ്സാരിച്ചു. ഗംഗാധരന്‍ പറഞ്ഞത് തന്നെയാ പാര്‍ട്ടിയുടെ നിലപാട്. തമ്പി ഇനി ആ കാര്യത്തില്‍ ഇടപെടേണ്ട!!

  തന്‍റെ എതിര്‍ ചേരിയിലെ വീര സഖാക്കള്‍ ഒന്നടങ്കം തന്നെ എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നത് കണ്ട് തമ്പി അളിയന് തന്‍റെ നിയന്ത്രണം വിട്ടുപോയി. അയാള്‍ തീര്‍ത്തും ചടുലമായി സംസാരിച്ചു തുടങ്ങി!

   പാര്‍ട്ടിയുടെ കണ്ണില്‍ എന്ത് തെറ്റാ ഞാന്‍ ചെയ്തത്?? എന്നുമുതലാ പാര്‍ട്ടി ആശ്രമങ്ങളുടെ പിന്തുണക്കാരായത്?? ഇതേ ആശ്രമത്തിനെതിരെ ഔദ്യോകികമായിത്തന്നെ പാര്‍ട്ടി എത്ര പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്?? പിന്നെ പാര്‍ട്ടിയുടെ വളര്‍ച്ചക്കും ഗുണം ചെയ്യുന്നതോന്നുമല്ലല്ലോ, അവരിവിടെ വന്നു പരിപാടി നടത്തിയെച്ചു പോയാ നമുക്ക് ക്ഷീണമേ ഉണ്ടാകൂ. പിന്നെ പാര്‍ട്ടിയുടെ പിന്തുണ ഇല്ലെങ്കിലും വായനശാലയുടെ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ തടയും.

   തമ്പി അങ്ങനെ ചെയ്‌താല്‍ അതിനെ ഗുരുതരമായ അച്ചടക്കലംഘനമായി കാണേണ്ടി വരും. നടപടിയും ഉണ്ടാകും. തമ്പിയുടെ ഭാഗത്ത് യാതൊരു നീതിയുമില്ല.  ശാസനയുടെ ആ സ്വരം പാര്‍ട്ടി സെക്രെട്ടറിയുടെതായിരുന്നു.

   ചന്ദ്രന്‍ സഖാവ് തമ്പിയെ ഒരുപാട് ഭയപ്പെടുത്തരുത്. പാര്‍ട്ടി തീരുമാനമെന്ന് പറഞ്ഞ് പലതും ഞാന്‍ ചെയ്തിട്ടുണ്ട്. അന്നൊന്നും അതിലെ നീതിയും ന്യായവും ഞാന്‍ തെരക്കിയിട്ടില്ല. നീതിയും ന്യായവും ഒക്കെ നോക്കിയാ ആ ജോലികളോക്കെ നിങ്ങളെന്നെ ഏല്‍പ്പിച്ചതെന്നെനിക്കറിയത്തില്ലാരുന്നു. എന്നെക്കൊണ്ടാരും ഭാണ്ഡം അഴിപ്പിക്കരുത്!! അത്രയും പറഞ്ഞുകൊണ്ട് തമ്പി നിന്നിടത്തുനിന്നു തിരിഞ്ഞു. നടന്നു തുടങ്ങുന്നതിനു മുന്‍പ് ഒന്നുകൂടി പറയാന്‍ അയാള്‍ മറന്നില്ല
   തമ്പി ഇറങ്ങിത്തിരിച്ചതുമായിത്തന്നെ മുന്നോട്ടു പോകും...

   തമ്പി മുറി വിട്ടു പുറത്തു വരുന്നതും കാത്ത് അക്ഷമരായി രാജുവും സംഘവും കാത്തു നില്‍പ്പുണ്ടായിരുന്നു.

   തന്നെ അനുഗമിച്ചു അക്ഷമരായി കൂടെ നടന്ന രാജുവിനോടും മറ്റുമായി തമ്പി ഗൌരവത്തോടെ പറഞ്ഞു... നമുക്കിന്നുതന്നെ വിജയന്‍ മാസ്റ്ററെ കാണണം. തമ്പി അളിയന്‍ ഉള്‍പ്പെടുന്ന; യഥാര്‍ഥ- യാഥാസ്ഥിതിക കമ്യുണിസ്റ്റുകള്‍  എന്നവകാശപ്പെടുന്ന വിഭാഗീക ഗ്രൂപ്പിന്‍റെ നേതാവാണദ്ദേഹം!!  തമ്പി അളിയന്‍റെ പാര്‍ട്ടിയിലെ രക്ഷകനും, തമ്പിയുടെ നേതാവും അദ്ദേഹമാണ്.

   വിജയന്‍ മാസ്റ്ററെ കാണുന്നതിന് തമ്പി അന്നു തന്നെ സമയം കണ്ടെത്തി. തനിക്കെതിരെ എതിര്‍ ഗ്രൂപ്പുകളില്‍ ഉരുത്തിരിഞ്ഞ വിഭാഗീയതയുടെ നിറമുള്ള പരാമര്‍ശങ്ങളെയും നിലപാടുകളെയും കുറിച്ച് തമ്പി മാസ്റ്റര്‍ക്ക് വിവരിച്ചു കൊടുത്തു. ഇവിടെ പരാജയപ്പെട്ടാല്‍ അത് നമ്മുടെ ചേരിക്കും, പാര്‍ട്ടിക്കും ഉണ്ടാക്കുന്ന ക്ഷീണത്തെക്കുരിച്ചും, എതിര്‍ വിഭാഗം ഉണ്ടാക്കാന്‍ സാധ്യതയുള്ള മേല്‍ക്കൈയ്യെക്കുറിച്ചും ഒക്കെ തമ്പി പരാമര്‍ശിച്ചു. എല്ലാത്തിനും ഉപരി ഗങ്ങാധരന്റെയും, ചന്ദ്രന്‍ സഖാവിന്റെയുമൊക്കെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകളെയും തമ്പി വിവരിച്ചു.

   എല്ലാം വിശദമായി കേട്ട് വിജയന്‍ മാസ്റ്റര്‍ തമ്പിയോടായി ചോദിച്ചു. ഇവിടെ നീ  ഇത്രയും കടുംപിടുത്തം പിടിക്കാന്‍ കാരണമെന്താ??

   വായനശാലാ മൈതാനത്ത് അങ്ങനെ ഒരു പരിപാടി നടത്തുന്നതിനെക്കുറിച്ച്   ഞങ്ങളോടോന്നും ആരും ആലോചിച്ചില്ല. എന്തും ആകുമെന്ന അഹങ്കാരത്തിലാ അവരതിന് തുടങ്ങിയത്. പിന്നെ ചന്ദ്രമൌലാശ്രമത്തിനോടു പാര്‍ട്ടി എന്നും വിരുദ്ധനിലപാടാണ് എടുത്തിട്ടുള്ളത് എന്നതുകൊണ്ട്‌ തുറന്ന് എതിര്‍ക്കുന്നതിന് ആലോചിക്കേണ്ടി വന്നില്ല.
 
   കാര്യങ്ങളുടെ വിശദീകരണത്തിന് ഒരു നിമിഷത്തെ ഇടവേളനല്‍കി തമ്പി പറഞ്ഞു ..

   ഇനി ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല മാസ്റ്റെര്‍...`. അഭിമാനപ്രശ്നമാണ്. കൂടാതെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചില പ്രദര്‍ശനങ്ങള്‍ ഒക്കെ അവിടെ നടത്താനുള്ള ഒരുക്കങ്ങളും തുടങ്ങി..

   ഈ പറഞ്ഞതിലോക്കെ വലുതല്ലേ തമ്പി ഒരു മെഡിക്കല്‍ ക്യാമ്പ്? അതും സൌജന്യമായി! എത്ര ആള്‍ക്കാര്‍ക്ക് അതിന്‍റെ ഗുണം കിട്ടും! നമ്മളതിനെ എതിര്‍ക്കുന്നത് ശരിയാണോ? തന്റെ മനസ്സിലെ അസ്വസ്ഥതകള്‍ വെളിവാക്കി വിജയന്‍ മാസ്റ്റര്‍ അത്രയും പറഞ്ഞ് ഒരു അര്‍ഥവിരാമമിട്ട് തുടര്‍ന്നു....

   തമ്പി ഇപ്പോപൊയ്ക്കോളൂ, നാളെ വൈകിട്ട് എന്നെ വന്ന്‍ കാണൂ....

   രാജുവും തമ്പി അളിയനും വീണ്ടും വായനശാലയില്‍ സമ്മേളിച്ചു..

   മൈതാനത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വല്ലാത്ത വേഗത കൈവന്നിരിക്കുന്നതായി തമ്പി അളിയന് തോന്നി. അവിടെ ഉയര്‍ന്ന ഓരോ കല്‍കെട്ടുകളും തന്‍റെ ആത്മാഭിമാനത്തിന് മീതേ പണിതുയര്‍ത്തുന്നവയാണെന്ന് അയാള്‍ക്ക്‌ അനുഭവപ്പെട്ടു. തന്‍റെ ശവകുടീരത്തിന് മീതെയാണ് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കൊണ്ട് മൂടുന്നതെന്ന് അയാള്‍ കരുതി.

   ആത്മഗതം പോലെ തമ്പി പറഞ്ഞു; നാളെ വൈകിട്ട് വിജയന്‍ മാസ്റ്ററുടെ തീരുമാനം വരുന്നതുവരെ നമുക്കു വിശ്രമം.

   വായനശാലാ കെട്ടിടത്തിന്‍റെ ജനാലയില്‍ കൂടി മൈതാനത്തെ പ്രവര്‍ത്തനനങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്ന തമ്പിയുടെ പിന്നില്‍ നിന്നും രാജു വിന്‍റെ ചോദ്യം.

   തമ്പി, വിജയന്‍ മാസ്റ്ററുടെ തീരുമാനം നമുക്കെതിരാണെങ്കില്‍ എന്താ പരിപാടി??

   ഇനി നീ മുന്‍പ് പറഞ്ഞത് പോലെയുള്ള ഒത്തുതീര്‍പ്പുകളോന്നുമില്ല! ഇനി ഇത് നമ്മുടെ അഭിമാനപ്രശ്നമാണ്. എങ്ങനെയും പരിപാടി തടഞ്ഞേ മതിയാകൂ.

   അതത്ര എളുപ്പമാണോ തമ്പി?? ഓരോ ദിവസ്സങ്ങള്‍ മുന്‍പോട്ടു പോകുന്തോറും ചന്ദ്രമൌലാശ്രമത്തിന്‍റെ പണം മുടക്കും കൂടിവരും. സ്റ്റേറ്റ് ലെവലിലുള്ള ഒരു പ്രശ്നമായിരുന്നെങ്കില്‍ വല്ലതും നടന്നേനെ. ഇതിപ്പോ ഇത്രേം മുന്‍പോട്ടു പോയിട്ട് തടയാന്‍ കഴിയുമോ! അതുമാത്രമല്ല, വിജയന്‍ മാസ്റ്ററുടെ നിലപാടും നമുക്ക് വിശ്വസ്സിക്ക വയ്യ.

   എന്തായാലും നാളെ വിജയന്‍ മാസ്റ്ററെ കാണട്ടെ, ഞാന്‍ എന്തായാലും ചിലത് തീരുമാനിച്ചിട്ടുണ്ട്. അത് നാളെ മാസ്റ്ററെ കണ്ടതിനുശേഷം പറയാം!!

   വിജയന്‍ മാസ്റ്ററെ കാണുന്നതിനുള്ള ഇടവേള പാഴാക്കിക്കളയുന്നതിന് തമ്പി തയ്യാറല്ലായിരുന്നു. പിറ്റേദിവസ്സം രാവിലെതന്നെ തമ്പി തന്‍റെ സുഹൃത്ത് കൂടിയായ അഡ്വക്കേറ്റ് സുരേഷിന്‍റെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ സുരേഷിനോട് ഒരുപാട് വിശദീകരണങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. തമ്പി അളിയന്‍റെ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവന്‍ എന്നാ വിശ്വാസ്സവും അടുപ്പവും തമ്പിക്ക് സുരേഷിനോടുണ്ടായിരുന്നു. ഒരു നിയമ വിദക്തന്റെ കാഴ്ചപ്പാടില്‍ സുരേഷ് കാര്യങ്ങള്‍ വിവരിച്ചു.

   തമ്പി, ഒരു സ്റ്റേ കിട്ടുന്ന കാര്യം ബുദ്ധിമുട്ടാണ്. വായനശാലയുടെ സ്ഥലമെന്നത് കൊണ്ട് മാത്രം പോരാ. അതിന്‍റെ ഓണര്‍ ഷിപ്പ് തെളിയിക്കലും; സമയമെടുക്കും. പിന്നെ ഒരു മെഡിക്കല്‍ ക്യാമ്പിന് തടസ്സമായി കോടതികളൊന്നും തരില്ല. പേരും പേരുദോഷവും ഒക്കെ നോക്കിയേ കോടതികളും ഇന്ന് ഓരോന്ന് ചെയ്യൂ. അതുകൊണ്ട് എനിക്ക് ഉറപ്പു പറഞ്ഞ് ഈ കേസ് എടുക്കാന്‍ കഴിയില്ല തമ്പി!!

   കാര്യങ്ങള്‍ വിശദീകരിച്ച് തമ്പിയോടോപ്പം വീടിന്‍റെ ഗേറ്റ് വരെ സുരേഷ് തമ്പിയെ അനുഗമിച്ചു. ഗേറ്റില്‍ വെച്ച് തമ്പിയോട് അല്‍പ്പം മടിയോടു കൂടി സുരേഷ് പറഞ്ഞു.

   തമ്പി, നിന്നോടുള്ള അടുപ്പം കൊണ്ട് പറയുവാ; നിനക്കൊന്നും തോന്നരുത്. നീ ഇതില്‍ നിന്നും പിന്മാറുന്നതാണ് നല്ലത്.

   അതെന്താടാ നീ അങ്ങനെ പറഞ്ഞത്?? തമ്പി അല്‍പ്പം ഉദ്വേഗത്തോടെ തിരക്കി.

   ഞാന്‍ പറഞ്ഞതായി നീ ഭാവിക്കരുത്. നീ വിചാരിക്കുന്നതിനപ്പുറം ഈ വിഷയത്തില്‍ ഒരുക്കങ്ങള്‍ നടന്നു കഴിഞ്ഞു.. ചര്‍ച്ചകളും.. അതും നീ ഇതില്‍ ഇടപെട്ടതിനു ശേഷം!

   നീ പറഞ്ഞു വരുന്നത്??

   അതെ തമ്പി, നമ്മുടെ ഒരു കേന്ദ്ര കമ്മറ്റി അംഗം ഈപ്പറയുന്ന ചന്ദ്രമൌലാശ്രമത്തിന്റെ സ്വന്തമാളാ.. എന്നുവെച്ചാല്‍ അവിടുത്തെ ഗുരുജിയുടെ ഒരു കടുത്ത ഭക്തന്‍....`.. ഗുരുജി വിളിച്ച് ആവശ്യപ്പെടുക പോലും വേണ്ട; അതിനു മുന്‍പേ  വേണ്ടതെല്ലാം അയാള്‍ അറിഞ്ഞു ചെയ്യും. നീ ക്യാമ്പ് നടക്കുന്നിടത്ത് ചെന്ന് പ്രശ്നമുണ്ടാക്കിയ നിമിഷം തന്നെ അവിടുന്ന് കാള്‍ പോയി. നിമിഷ നേരം കൊണ്ട് വേണ്ട കെട്ടുകളെല്ലാം കെട്ടി. നീ വരാന്‍ സാധ്യത ഉണ്ടെന്ന് കണ്ട് എനിക്കുപോലും അറിയിപ്പുകിട്ടി എന്ന് പറയുമ്പോള്‍ നീ ആലോചിച്ചോളൂ!! നിനക്ക് പാര്‍ട്ടിയിലെ ഒരങ്ങത്തിന്റെ പിന്തുണ പോലും ലഭിക്കില്ല!

   എല്ലാം കേട്ടുനിന്ന് കുറച്ചു നിമിഷങ്ങളിലെ നിശബ്ദദക്ക് ശേഷം തമ്പി സുരേഷിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.

   തമ്പി വൈകിട്ട് വളരെ അച്ചടക്കത്തോടെ വിജയന്‍ മാസ്റ്ററെ ചെന്നു കണ്ടു. വിജയന്‍ മാസ്റ്ററുടെ മുന്‍ സംസാരത്തിലെ പിന്തുണക്കുറവും, സുരേഷ് പറഞ്ഞതും കൂട്ടി വായിച്ചപ്പോള്‍ തമ്പിക്ക് പ്രതീക്ഷ തീരേ ഉണ്ടായിരുന്നില്ല എങ്കിലും......

   തമ്പീ; നിന്‍റെ നിലപാട് ഈ വിഷയത്തില്‍ ഒട്ടും ശരിയല്ല. ഈ മെഡിക്കല്‍ ക്യാമ്പ് തടയുന്നത് കൊണ്ട് പാര്‍ട്ടിക്കോ നാട്ടുകാര്‍ക്കോ ആര്‍ക്കും ഒരു പ്രയോജനവുമില്ല. പിന്നെ ജനങ്ങള്‍ക്ക്‌ നല്ലത് ചെയ്യാന്‍ വന്നവരെക്കൂടി പാര്‍ട്ടി ഓടിച്ചു വിട്ടു എന്ന്‍ പറേപ്പിക്കാം, ഇതുമായി മുന്നോട്ടു പോയാല്‍ പണ്ട് പാമ്പിനെ കൊന്ന് വിപ്ലവം കൊണ്ട് വന്നതു പോലിരിക്കും.
അതുകൊണ്ട് നീ ഇതില്‍ നിന്ന് പിന്തിരിയുക.. അത്രയുമേ എനിക്ക് പറയാനുള്ളൂ..

   അങ്ങനെ ഒരു മറുപടിക്ക് ഒരു സാധ്യത  മനസ്സില്‍ കണ്ടിരുന്നെങ്കിലും, വിജയന്‍ മാസ്റ്റര്‍ അത് നേരിട്ട് പറഞ്ഞപ്പോള്‍ തമ്പിക്ക് തന്‍റെ ശക്തിയെല്ലാം ചോര്‍ന്നു പോകുന്നപോലെ തോന്നി. മനസ്സില്‍ വാശിയും, വിഷമവും, വൈരാഗ്യവും എല്ലാം നിറഞ്ഞവനായി തമ്പി വായനശാലയിലെത്തി..

   രാജുവും മറ്റ് ചില സുഹൃത്തുക്കളും അവിടെ സന്നിഹിതരായിരുന്നു. ചര്‍ച്ചാ വിഷയം ചന്ദ്രമൌലാശ്രമത്തിന്‍റെ വലുപ്പവും, സ്വാധീനവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, അവിടുത്തെ ഗുരുജിയുടെ മഹത്വവും; അതങ്ങനെ നീണ്ടു..

   വിഷയങ്ങള്‍ ആ വഴിക്ക് നീണ്ടപ്പോള്‍ തമ്പിക്ക് തന്‍റെ നിയന്ത്രണത്തിന്റെ ചരടിന്റെ ബലം കുറയുന്നതായി തോന്നി. അയാള്‍ സൌമ്യത കൈവരിച്ച് പറഞ്ഞു. നിങ്ങള്‍ ക്യാമ്പ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയൂ.. ആശ്രമത്തിന്റെ വലിപ്പം പറഞ്ഞു കൊണ്ടിരിക്കാതെ.

   തമ്പിയോട് അത്ര അടുപ്പം സൂക്ഷിക്കാത്ത ബിനു എന്നാ ചെറുപ്പക്കാരനില്‍നിന്നും അതിനുള്ള മറുപടി വന്നു.. അതിനാര് ഇനിയും ക്യാമ്പ് തടയാന്‍ പോകുന്നു. തനിക്കു വേണെങ്കില്‍ ഒറ്റയ്ക്ക് പോയി തടയ്!! പാര്ട്ടിം ആള്‍ക്കാരും ഒന്നും ഉണ്ടാവത്തില്ലെന്നു ചന്ദ്രന്‍ സഖാവ് പറഞ്ഞില്ലിയോ?? ഞങ്ങള് പോകുവാ, വരിനെടാ.... ബിനു അവിടെ ഇരുന്നിരുന്നവരെ തമ്പി അളിയന് എതിരു നില്‍ക്കുക എന്ന ആഹ്വാനത്തിന്റെ ധ്വനിയോട് കൂടി വിളിച്ച് എഴുനേറ്റു നടന്നു. വരാല്‍ മീനോപ്പം വാര്‍പ്പിന്‍ കുഞ്ഞുങ്ങള്‍ എന്ന് തോന്നിക്കും വിധം ബിനുവിനോപ്പം രാജുവോഴികെ എല്ലാവരും കളം വിട്ടു..

   രാജു വിഷമത്തോടെ തമ്പിയുടെ അരികിലെത്തി.. തമ്പി, നിന്നെ ഈ വിഷമസ്ഥിതിയില്‍ എത്തിച്ചത് ഞാനാ. എന്തെങ്കിലും പ്രയോജനമുണ്ടാകുന്ന താണെന്ന് കരുതിയാ നിന്നെ ചൂടക്കിയത്. ഇത്രയും പ്രശ്നങ്ങളും, എതിര്‍പ്പുകളും ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. നിശബ്ദനായി നിന്ന തമ്പിയോട് രാജു തുടര്‍ന്ന് പറഞ്ഞു. തമ്പീ, നീയും ഇതിവിടം കൊണ്ടങ്ങ്‌ അവസ്സനിപ്പിച്ചേര്; അതാ നല്ലത്.

   അത്രയും നേരത്തെ നിശബ്ദതയെ പോട്ടിത്തെറിപ്പിക്കുന്ന രീതിയില്‍ തമ്പിആക്രോശിച്ചു.. അതിനു തമ്പി മരിക്കണം!! ഒരു രാത്രി ഇരുട്ടി വെളുക്കാന്‍ ക്യാമ്പ്കാരെ ഞാന്‍ അനുവദിക്കില്ല.

   നിനക്കെന്തു ചെയ്യാന്‍ കഴിയും തമ്പി, ആരോണ്ടു നിന്റെ കൂടെ??

   എന്‍റെ കൂടെ ആരും വേണ്ടാ, നിനക്കെന്‍റെ കൂടെ നില്‍ക്കാന്‍ പറ്റുമോ??

   എനിക്കും പരസ്യമായി നില്‍ക്കാന്‍ തടസ്സങ്ങളുണ്ട് തമ്പീ, മുന്‍പ് എന്തിനും നിന്‍റെ കൂടെ പരസ്യമായി ഇറങ്ങിത്തിരിക്കാന്‍ കഴിയുമായിരുന്നു. കാരണം അന്ന് നമ്മളെ രണ്ടുപേരെയും സംരക്ഷിച്ചു നിര്‍ത്തുന്ന 'പാര്‍ട്ടി' എന്നാ ഘടകമുണ്ടായിരുന്നു. ഇന്നതില്ല. നീ ഒറ്റപ്പെട്ടു നില്‍ക്കുകയാണെന്ന ബോധം നിനക്ക് ഉണ്ടാകണം. എനിക്കും പാര്‍ട്ടിയെ ധിക്കരിച്ച് ഒന്നിനുമാകില്ല!!

   ഇത്രയും പറയുമ്പോഴും തമ്പിയോടുള്ള സ്നേഹവും സൗഹൃതവും രാജുവില്‍നിന്നും വിട്ടകലുന്നില്ല..  അയാള്‍ തുടര്‍ന്നു പറഞ്ഞു.
രഹസ്യമായുള്ള എന്ത് സഹായത്തിനും ഞാന്‍ ഉണ്ടാകും. അതിന് നീ എന്നെ ഒന്ന് വിളിക്കുകയെ വേണ്ടു..

   എനിക്കുവേണ്ടി നില്‍ക്കാന്‍ ഞാന്‍ ആരെയും പ്രതിസന്ധിയിലാക്കില്ല. പക്ഷെ എനിക്ക് നിന്‍റെ ഒരു സഹായം വേണ്ടി വരും.

   അപ്പോള്‍ നിനക്ക് പിന്തിരിയാന്‍ ഉദ്ദേശമില്ലേ തമ്പി??

   ഇല്ല, ഒന്നുങ്കില്‍ ഞാന്‍ ഇതില്‍ നിന്നും ഉദ്ദേശിച്ച പണമുണ്ടാക്കും. അല്ലെങ്കില്‍ ഞാന്‍ മുന്‍പ് പറഞ്ഞില്ലേ, ഒരു രാത്രി ഇരുട്ടിവെളുപ്പിക്കാന്‍ അവരെ ഞാന്‍ അനുവദിക്കില്ല. ഇതില്‍ രണ്ടിലൊന്ന് നേടിയില്ലെങ്കില്‍ അത് പരാജയമാണ്. തമ്പി അതിന് നില്‍ക്കില്ല..

   ദിവസ്സങ്ങള്‍ രണ്ട് മൂന്നു മുന്‍പോട്ടു പോയി. മെഡിക്കല്‍ ക്യാമ്പിന്റെ ഉത്ഘാടനദിവസ്സം വന്നെത്തി. രാവിലെ തന്നെ രാജു തമ്പിയുടെ വീട്ടിലെത്തി. തമ്പീ, നീ അറിഞ്ഞില്ലേ ഇന്നാണ് ക്യാമ്പിന്റെ ഉത്ഘാടനം..

   ക്ഹ, ആരാ ഉല്‍ഘാടനം??

   ഗുരുജി വരുന്നുണ്ട്. ഗുരുജി തന്നാ ഉത്ഘാടനം..

   അല്‍പ്പനിമിഷങ്ങളിലെ ചിന്തക്ക് ശേഷം..

   രാജൂ, എനിക്ക് ഇന്ന് വൈകിട്ട് നിന്‍റെ ഒരു സഹായം ആവശ്യമുണ്ട്.

   നീ വൈകിട്ട് വായനശാലയിലേക്ക് വരണം, രാത്രി കൃത്യം പത്ത് മണിക്ക്..

   രാത്രി പത്തു മണി എത്തി. രാജു തമ്പിയെ കാത്തു വായനശാലയുടെ കെട്ടിടത്തിന്‍റെ മറയത്തില്‍ നില്‍ക്കുന്നു. കെട്ടിടം തുറന്ന് അകത്ത് കടക്കരുതെന്ന് തമ്പിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.

   ഇരുട്ടിന്‍റെ മറപിടിച്ച് തമ്പിയും എത്തി.

   എന്താ നിന്‍റെ പരിപാടി?? നീ താമസ്സിച്ചപ്പോള്‍ നീ ഇതില്‍ നിന്നും പിന്തിരിഞ്ഞു കാണണേ എന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍....!`!

   നീ പോടാ, എന്നെ  ക്യാമ്പിന്റെ ഉള്ളില്‍ കടക്കാന്‍ മാത്രം നീ സഹായിച്ചാല്‍ മതി. അതിന് ഒരാളുടെ സഹായം കൂടിയെ തീരൂ. അതാ നിന്നെ വിളിച്ചത്.

   നിന്‍റെ കയ്യില്‍ ഇതെന്താ തമ്പി?? ഭയത്താല്‍ അല്‍പ്പം വിറങ്കലിച്ച ശബ്ദത്തില്‍ രാജു ചോദിച്ചു..

   ചോദ്യത്തിനൊരു മറുപടിക്കായിരുന്നില്ല തമ്പി തയ്യാറായത്, അയാള്‍ പറഞ്ഞു; രാജു, ഈ രാത്രി ഇനി ഇവിടെ എന്തു സംഭവിച്ചാലും എല്ലാം സ്വോഭാവികമായി ഉണ്ടായത് മാത്രം. നിനക്കൊന്നും അറിയില്ല. നിനക്കറിയാന്‍ പാടില്ലാത്ത കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞ് നിന്‍റെ ഉത്തരവാദിത്വം കൂട്ടണോ??

   തമ്പി കൂടുതലായി തന്‍റെ കാര്യ പരിപാടികള്‍ വിശദീകരിക്കാന്‍ തയ്യാറല്ല എന്ന് മാത്രം രാജുവിന് മനസ്സിലായി. കൂടുതലൊരു ചോദ്യങ്ങള്‍ക്കും മുതിരാതെ അയാള്‍ തമ്പിയെ അനുസ്സരിച്ചു. രാജുവിന്‍റെ സഹായത്തോടെ തമ്പി ക്യാമ്പിന്റെ അധികമാരും ശ്രദ്ധിക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത ഒരു കൊണിലായി കയറിപ്പറ്റി. തന്‍റെ കയ്യില്‍ ഒളിപ്പിച്ച പെട്രോള്‍ കാനും, ആത്മരക്ഷാര്‍ഥം കൈയ്യില്‍ കരുതിയ കടാരയും ഒന്നുകൂടി സുരക്ഷിതമായി അയാള്‍ ഒതുക്കി വെച്ചു.

   തന്‍റെ പ്രവര്‍ത്തിയിലെ ന്യായ-അന്യായങ്ങളോ ആപത്തോ, ഭയമോ ഒന്നുമല്ല തമ്പിയെ സ്വാധീനിക്കുന്നത്. മറിച്ച് തനിക്ക് ഉണ്ടാകാവുന്ന അപമാനം, അതില്‍ നിന്നുയരുന്ന വാശി; അതെല്ലാമായിരുന്നു! ഒരു വലിയ തുക സ്വപ്നം കണ്ടത് വൃഥാവിലായതിന്റെ അരിശമായിരിക്കാം ഈ വികാരങ്ങളെ ജനിപ്പിക്കുകയും, വളര്‍ത്തുകയും ചെയ്തത്!!

   തനിക്ക് നേടാന്‍ ആയില്ല എങ്കില്‍ എല്ലാം നശിപ്പിക്കുക എന്ന ക്രിമിനല്‍ മനസ്സുതന്നെയായിരുന്നു തമ്പിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പില്‍ ഉണ്ടാക്കുന്ന ഒരു തീ പിടുത്തം സ്വോഭാവികമായ ഒന്നായി ധരിക്കപ്പെടുമെന്നും അങ്ങനെ താന്‍ പിടിക്കപ്പെടാതെ വരുമെന്നും, ക്യാമ്പ് പൊളിക്കുക എന്ന തന്‍റെ ലക്‌ഷ്യം നടപ്പിലാകുകയും ചെയ്യും; അങ്ങനെ നീണ്ടു അയാളുടെ ചിന്തകള്‍.!`!!

   ക്യാമ്പ് കത്തി നശിച്ചത് നിയമത്തിന്‍റെ മുന്‍പില്‍ പിടിക്കപ്പെടാതെ വരണം എന്ന് മാത്രമേ തമ്പിക്കുണ്ടായിരുന്നുള്ളൂ. മറിച്ച് ക്യാമ്പ് നശിപ്പിച്ചത് താനാണെന്ന് പുറംലോകം അറിയരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നില്ല. കാരണം തന്നെ എതിര്‍ത്താല്‍ ഒന്നും നടക്കില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ കൂടി അയാള്‍ ആഗ്രഹിക്കുന്നു.

   ക്യാമ്പിലെ വൈദ്യ സംബന്ധമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണ് തമ്പി തിരഞ്ഞു കൊണ്ടിരുന്നത്. അവിടെ പട്രോള്‍ ഒഴിച്ച് തീ വെയ്ക്കുക എന്നതാണ് അയാളുടെ തീരുമാനം. അങ്ങനെ എങ്കില്‍ തീ പിടുത്തത്തില്‍ നിന്നും ഒരു പുനര്‍ നിര്‍മ്മാണം അവര്‍ക്ക് സാധ്യമാകില്ല എന്നയാള്‍ കണക്കുകൂട്ടി.

   തമ്പി നില്‍ക്കുന്നതിനു അല്‍പ്പം ദൂരെയായി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരെ അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞു. തമ്പി ഇരുട്ടില്‍ നിന്ന് അവരെ വീക്ഷിക്കുന്നതിനാല്‍ അവരാരും തമ്പിയെ കണ്ടിരുന്നില്ല.

   ധൈര്യശാലി എങ്കിലും തമ്പി അളിയന്‍റെ രക്തഓട്ടത്തെ ഖരീഭവിപ്പിക്കുന്ന ഒന്ന് അയാളുടെ മുന്‍പില്‍..`!! ഇരുട്ടില്‍ നിന്ന് രൂപം കൊണ്ടതുപോലെ ഒന്ന്. പാദം വരെ മറഞ്ഞു കിടക്കുന്ന വലിയ കറുത്ത ഗൌണ്‍..`. ഭയത്തില്‍ നിന്നും ശക്തിയെ അടര്‍ത്തിയെടുത്തു അയാള്‍ ആ രൂപത്തിന്‍റെ മുഖത്തെക്ക് നോക്കി. അരണ്ട വെളിച്ചത്തില്‍ തലയ്ക്കു മീതെ പുതച്ച ഷാളിനുതാഴെ തീനാളങ്ങള്‍ ആളുന്നതുപോലെ നീണ്ട മുടി പാറിക്കളിക്കുന്നു. അതിനു താഴെ വളരെ ആഴത്തില്‍ കാണുന്ന തീഷ്ണമായ രണ്ടു കണ്ണുകള്‍...`..  കണ്ണുകളില്‍നിന്ന് ദൃഷ്ടി സമൃദ്ധമായ ദീക്ഷയില്‍ എത്തുന്നതിനു മുന്‍പുതന്നെ തമ്പി അറിയാതെ പറഞ്ഞുപോയി.

   'ഗുരുജി'

   ആ വാക്കിനെ മുഴുവിപ്പിക്കാന്‍ കഴിഞ്ഞു എന്ന് പറയാന്‍ കഴിയില്ല!! അതിനു മുന്‍പുതന്നെ;  പറ് ടെ,     ആ...   അമ്മേ,,, തമ്പി അളിയന്‍റെ തലയ്ക്കു പിന്‍പിലായി ഖനമുള്ള എന്തൊകൊണ്ട് ആരുടെതെന്ന് അറിയാത്ത ഒരൊറ്റയടി...

   തമ്പി ബോധരഹിതനായി നിലത്തു വീണു...

   തമ്പി അളിയന്‍ ഉണരുന്നത് മറ്റൊരു ലോകത്തെക്കായിരുന്നു. അതി വിശാലമായ ഒരു മുറി. ആ മുറിക്കു പുറത്തേക്ക് തുറക്കുന്ന അനവധി ജനാലകള്‍..`.. ആ ജനാലകളെല്ലാം തന്നെ വലിയ കര്‍ട്ടനുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുറിക്കുള്ളില്‍ സുഖകരമായ തണുപ്പ്. മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരുതരം സുഗന്ധം ഒരു ചെറു ആലസ്യത്തിലേക്ക് കൊണ്ടു പോകുന്നതായി അയാള്‍ക്ക്‌ തോന്നി.

   അരണ്ട വെളിച്ചത്തിനിടയില്‍ മുറിക്കുള്ളിലാകെ കണ്ണുകളയച്ചു പരതുന്നതിനിടയില്‍ സിംഹാസന തുല്യമായ ഒരിരിപ്പിടത്തില്‍ ഉപവിഷ്ടനായിരുന്ന ആള്‍ രൂപം കണ്ട് തമ്പി അര്‍ത്ഥ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു.

   ഗുരുജി, തമ്പി അറിയാതെ മന്ത്രിച്ചു പോയി..

   തമ്പി കിടന്നിടത്തു നിന്നും എഴുനേറ്റു. സ്ലേറ്റു പൊട്ടിച്ച സ്കൂള്‍ കുട്ടി ഹെഡ് മാസ്റ്ററുടെ അടുത്തേക്ക് പോകുന്ന പോലെ അയാള്‍ വലിഞ്ഞു നടന്ന് ഗുരുജി യുടെ ഇരിപ്പിടത്തിനു മുന്നിലെത്തി. ഗുരുജിയുടെ മുന്നില്‍ മുട്ടില്‍ നിന്നുകൊണ്ട് തൊഴു കൈകളോടെ അയാള്‍ കേഴാന്‍ തുടങ്ങി.

   ഗുരുജീ, എന്നോട് ക്ഷമിക്കണം. എന്നെ വിട്ടയക്കണം!! ധീര വിപ്ലവകാരി ഒരു കൊച്ചു കുട്ടിയെപ്പോലെ കരയാന്‍ തുടങ്ങി..

   നീ എന്തിനാണ് ഇവിടെ വന്നതെന്ന് എനിക്കറിയാം തമ്പീ, നിന്നെ ശിക്ഷിക്കുക എന്നത് എന്‍റെ ഉദ്ദേശവുമല്ല! നീ സമാധാനപ്പെട്ടുകോള്‍ക.

   വാര്‍ദ്ധക്യം ബാധിച്ചവനെങ്കിലും തീഷ്ണമായ രൂപലക്ഷണങ്ങളുള്ള ഗുരുജിയില്‍ നിന്നും കേട്ട വാക്കുകള്‍ തമ്പിയിലെ ഭയത്തിന്‍റെ വേലിയേറ്റത്തിനു അല്‍പ്പം അയവു നല്‍കി. .

   അടുത്തു വരൂ കുട്ടീ, ഗുരുജിയുടെ സൗമ്യത നിറഞ്ഞ ആ വിളി തമ്പിയില്‍ അത്ഭുതവും കുളിര്‍മ്മയും നിറച്ചു. അയാള്‍ മുട്ടിന്മേല്‍ ഉയര്‍ന്നുതന്നെ  സാവധാനം ഗുരുജിയുടെ സമീപത്തേക്ക് അടുത്തു നിന്നു.

   സത്യമായി പറയൂ തമ്പി, നീ എന്തിനാണ് ഇതെല്ലാം നശിപ്പിക്കാന്‍ തയ്യാറായത്?

   ക്യാമ്പ് തടയാന്‍ ഞാന്‍ മുന്നിട്ടിറങ്ങി. ആരും പിന്തുണച്ചില്ല. അത് വാശിയായി. പിന്നെ എല്ലാം നശിപ്പിക്കണമെന്നായി. അങ്ങനെയാണ് ഗുരുജീ ഞാന്‍ ഇവിടെ എത്തിയത്.

   അത് പൂര്‍ണ്ണമായും സത്യമല്ലല്ലൊ തമ്പി. അതൊക്കെ നീ ഇറങ്ങിത്തിരിച്ചു കഴിഞ്ഞുള്ള കാര്യം. നിന്നെ അതിനു പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു??

   ക്യാമ്പ് നടത്തുന്നവരുമായി കശപിശ ഉണ്ടാക്കിയാല്‍ അവര്‍ പണം തന്ന് കാര്യങ്ങള്‍ തീര്‍ക്കുമെന്ന് ഞാന്‍ കരുതി..

   അത് സത്യം. അപ്പോള്‍ പണത്തിനു വേണ്ടിയാണ് നീ ഇതെല്ലാം ചെയ്യാന്‍ തുനിഞ്ഞത്.

   അതെ ഗുരുജീ; എനിക്ക് പണം കൂടിയേ തീരൂ. പണത്തിനായി ഒരുപാട് കഷ്ട്ടപ്പെടുന്നവനാണ് ഞാന്‍..`..

   നിനക്കെന്തിനാണു പണം? ?

   പണവുമായി ചേര്‍ത്തുവെയ്ക്കാവുന്ന തന്‍റെ ആവശ്യങ്ങള്‍ തിരയിളകി വരുന്നതുപോലെ മനസ്സില്‍ നിറഞ്ഞുകൊണ്ടിരുന്നു. .

   എന്‍റെയും എന്‍റെ ഭാര്യയുടെയും വീട്ടുകാരെ മുഴുവന്‍ എതിര്‍ത്താണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. ഒരുപാട് കോലാഹലങ്ങളുമുണ്ടായി.. ഇപ്പോള്‍ തികച്ചും ഒറ്റപ്പെട്ട ജീവിതമാണ് ഞങ്ങളുടേത്.. ഒരല്‍പം ഇടറിച്ചയോടെ ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു പറഞ്ഞു..

   എനിക്ക് പണം ഉണ്ടാക്കിയെ പറ്റൂ ഗുരുജീ..

   പണം നിന്‍റെ പ്രശ്നങ്ങളെ എല്ലാം തീര്‍ക്കുമെന്ന് നിനക്കുറപ്പുണ്ടോ തമ്പീ..

   എനിക്ക് പണം കൊണ്ട് തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു ഗുരുജീ

   ശരി, അങ്ങനെ എങ്കില്‍ നിനക്ക് ആവശ്യമുള്ളത്ര പണം ഞാന്‍ തരാം. എന്‍റെ ഒപ്പം വരൂ..

   ഗുരുജീ തന്‍റെ ഇരുപ്പിടത്തില്‍ നിന്നും ഇറങ്ങി നടന്നു. എന്തൊക്കെയാണ് നടക്കു ന്നതെന്ന ആശ്ചര്യത്തോടെ തമ്പിയും അനുഗമിച്ചു.

   ഗുരുജി മറ്റൊരു വിശാലമായ മുറിയിലേക്ക് കയറി. തമ്പിയും അവിടേക്ക് കയറിക്കഴിഞ്ഞപ്പോള്‍ വാതിലുകള്‍ താനേ അടഞ്ഞു. തമ്പിയില്‍ സംശയങ്ങള്‍ക്കൊപ്പം ഭയവും വളരുന്നുണ്ടായിരുന്നു.

   വലിയ മുറിയില്‍ നിന്നും ഒരു ഇടനാഴിയില്‍ കൂടി അല്‍പ്പം നടന്ന് ഒരു ചെറിയ മുറിയിലേക്ക് പ്രവേശിച്ചു. അവിടെ സൂക്ഷിച്ചിരുന്ന ഒരു വലിയ പെട്ടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഗുരുജി പറഞ്ഞു. . അത് നിനക്കുള്ളതാണ്..

   അല്‍പ്പം മടിയോടെ നിന്ന തമ്പിയോട് ഒരു ആജ്‌ഞാസ്വരത്തില്‍ ഗിരുജി പെട്ടിയിലേക്ക് ചൂണ്ടിക്കൊണ്ട് ഒന്ന് മൂളി..

   ഗുരുജിയെ നേരിട്ട് കണ്ടനിമിഷം മുതല്‍ അദ്ദേഹത്തെ ഒരു വിനീത വിധേയനായി അനുസ്സരിക്കാന്‍ മാത്രമേ തമ്പിക്ക് കഴിയുന്നുണ്ടായിരുന്നുള്ളൂ!

   തമ്പി ആ പെട്ടി ചെന്നെടുത്തു.

   ഇനി നിനക്ക് പോകാം. പണത്തെ നിനക്കോ പണത്തിന് നിന്നെയോ പരാജയപ്പെടുത്തി ജീവിക്കാം. പണവുമായി ഒരു യുദ്ധത്തിനുള്ള അവസ്സരം ഞാന്‍ നിനക്ക് തരുന്നു.

   തമ്പി വീട്ടിലെത്തി! ആദ്യമൊന്നും മീരയോടും തമ്പി തനിക്കുണ്ടായ അനുഭവങ്ങളെ വെളിപ്പെടുത്തിയിരുന്നില്ല.. തമ്പിയിലെ പണത്തിന്‍റെ അതിപ്രസ്സരം മീരയെ മാത്രമല്ല നാട്ടില്‍ മുഴുവന്‍ തമ്പി എന്ന ധനികനെ തിരിച്ചറിയിച്ചു നല്‍കി..

   തമ്പിയിലെ മനുഷ്യന്‍ ധനികന്‍ എന്ന വ്യക്തിത്വത്തിന് വഴിമാറി. തമ്പിയുടെ ചെറിയ വീടിന്‍റെ സ്ഥാനത്ത് ഒരു മണിമാളിക ഉയര്‍ന്നു കഴിഞ്ഞു. ആഡംബര കാറുകള്‍, സേവകര്‍, അനുയായികള്‍, സ്തുതി പാടകര്‍ അങ്ങനെ നീളുന്നു അ തിന്റെ ഭൌതിക മാറ്റത്തിന്‍റെ അലങ്കാരങ്ങള്‍..`..

   പണം എന്നത് മാത്രമാണ്‌ ജീവിതത്തില്‍ നേടാനുള്ള ഒന്നേ ഒന്ന് എന്നും മറ്റെന്തുള്ളതെല്ലാം പണം നേടിത്തരുന്നതുമാണെന്നതായി തമ്പി അളിയന്‍റെ കാഴ്ച്ചപ്പാട്..

   തമ്പി തൊട്ടതെല്ലാം പൊന്നായി എന്ന് പറഞ്ഞാല്‍ മതിയെല്ലോ. .തന്‍റെ രാഷ്ട്രീയ എതിരാളികളെ എല്ലാം പണം കൊണ്ട് അയാള്‍ ചൊല്‍പ്പടിയില്‍ നിര്‍ത്തി.. സംഘടനാ പരമായ സ്ഥാനമാനങ്ങള്‍ പണം നല്‍കി വാങ്ങി.. സാമൂഹിക സാമുദായിക സ്ഥാനമാനങ്ങള്‍ തമ്പിയുടെ കാല്‍ക്കല്‍ കുമിഞ്ഞുകൂടി..

   തമ്പിയുടെ കുഞ്ഞിന്‍റെ പിറന്നാള്‍ ദിനആഘോഷങ്ങള്‍ നടക്കുകയാണ്. നാടു മുഴുവന്‍ അന്ന് തമ്പിയുടെ വീടിന് മുന്‍പിലെ വലിയ പന്തലില്‍ ഒത്തുകൂടിയിരിക്കുകയാണ്.. ക്ഷണപത്രികയില്‍ വ്യക്തമായി ഒന്നെഴുതാന്‍ അയാള്‍ മറന്നില്ല.. ' സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല'.

   ഏകദേശം ഉച്ച സമയത്തോട്‌ അടുത്തുകാണും; രാജു തന്‍റെ കുടുംബസമേതം തമ്പിയുടെ വീട്ടിലെത്തി. രാജുവിന്‍റെ കയ്യില്‍കരുതിയിരുന്ന തുണിക്കടയുടെ കവര്‍ തമ്പി ശ്രദ്ദിച്ചിരുന്നു. മീര ബഹുമാനവും സന്തോഷവും പ്രകടിപ്പിച്ച് ആ ഉപഹാരം വാങ്ങി.. തമ്പി മീരയെ വിളിച്ച് രാജുവിന്‍റെ പ്രേസന്ട് എന്താണെന്ന് ആരാഞ്ഞറിഞ്ഞു.. അത് അഞ്ഞൂറ് രൂപ വില വരുന്ന ഒരു കുഞ്ഞുടുപ്പുആയിരുന്നു വെന്ന് അയാള്‍ മനസ്സിലാക്കി.

   അന്നേദിവസ്സം വൈകിട്ട് രാജു എന്തോ ആവശ്യത്തിനായി തമ്പിയെ കാണാന്‍ തമ്പിയുടെ വീട്ടിലെത്തി.. രാജു വന്നവിഷയം പറഞ്ഞു തീര്‍ന്ന അവസ്സരത്തില്‍ തന്നെ തമ്പി തന്‍റെ മനസ്സിലെ കരട് പുറത്തെടുത്തു. തമ്പി അഞ്ഞൂറ് രൂപ രാജുവിന് നേരേ നീട്ടിക്കൊണ്ട് പറഞ്ഞു.. സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നതല്ലെന്ന് പ്രത്യേകം എഴുതിയിരുന്നതല്ലേ!! രാജുവിന് കാര്യം മനസ്സിലായി.. അപമാനവും, വിഷമവും കലര്‍ന്ന സ്വരത്തില്‍ അയാള്‍ മറുപടി പറഞ്ഞു.. മിനിമോള്‍ക്ക്‌ പിറന്നാളായതുകൊണ്ട് ഒരു സമ്മാനം, എന്‍റെ ഒരു സന്തോഷം. ഞാന്‍ അത്രേമേ കരുതിയുള്ളു.. നീ ഇതു തിരിച്ചു തന്നെന്നെ അപമാനിക്കരുത് തമ്പീ..

   തമ്പിക്ക് ആരുടെയും ഒരു ഔദാര്യത്തിന്റെയും ആവശ്യമില്ല. നീ ഇത് വാങ്ങ്..
എന്നുകരുതി നിനക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോടു ചോദിക്കാനും മടിക്കേണ്ട..

   'നീ എന്നെ അപമാനിക്കുകയാണ് തമ്പീ'; അത്രയും പറഞ്ഞ് രാജു ആ പണവും വാങ്ങി അവിടെനിന്നിറങ്ങി..

   അന്ന് രാത്രി തമ്പിയുടെ ഉറക്കത്തില്‍ ഒരു ദര്‍ശനമുണ്ടായി.. സാക്ഷാല്‍ ഗുരുജി ആയിരുന്നു അത്.
 
   തമ്പീ, നിനക്ക് പണത്തിനോടു യുദ്ധം ചെയ്യാന്‍ ഒരവസ്സരം തരാമെന്ന് ഞാന്‍ പറഞ്ഞു. ആ യുദ്ധം മുന്നേറുമ്പോള്‍ ആരാണ് പരാജയപ്പെടുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ?

   എന്താണ് ഗുരുജീ അങ്ങനെ ചോദിക്കുന്നത്. ഞാന്‍ ഏറ്റവും നല്ലവന്റെ ജീവിതമല്ലേ നയിക്കുന്നത്?

   നീ പണത്തിനോടു പലവട്ടം തോല്‍ക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ നീ അതൊന്നും  തിരിച്ചറിയുന്നതെ ഇല്ല. ഇന്നു നിന്‍റെ കുഞ്ഞിന്‍റെ പിറന്നാള്‍ ചടങ്ങിന് വിളിച്ചവരെ മുഴുവന്‍ നീ അപമാനിച്ചു.. 'സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല' എന്ന് ക്ഷണപത്രികയില്‍ എഴുതിയാണ് നീ അത് ചെയ്തത്. അതിനെല്ലാം അപ്പുറത്ത് നീ രാജുവിനെ അപമാനിച്ചു. നിന്നോടും നിന്‍റെ കുഞ്ഞിനോടുമുള്ള സ്നേഹം കൊണ്ട് അവന്‍ കൊണ്ടുവന്ന വസ്ത്രത്തിന്‍റെ പണം  നല്‍കിയാണ്‌ നീ അവനെ അപമാനിച്ചത്.. ഇതിലെയൊക്കെ ശരി തെറ്റുകളെ വേര്‍തിരിക്കാനുള്ള ബുദ്ധിയെങ്കിലും നിന്നില്‍ അവശേഷിക്കുന്നുണ്ടോ?

   ഗുരുജി എന്നെ കുറ്റപ്പെടുത്തരുത്. ഞാന്‍ എന്തു തെറ്റ് ചെയ്തെന്നാണ് അങ്ങ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.. രാജുവിന് എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കാമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പണം കൊടുത്തത്; അതിലെന്താ തെറ്റ്? സമ്മാനമൊന്നും വേണ്ടായെന്ന് പറഞ്ഞിരുന്നതല്ലേ? പിന്നെ എനിക്കിപ്പോള്‍ മറ്റൊരാളുടെ ഔദാര്യത്തിന്റെ ആവശ്യമില്ലല്ലോ!

   ഔദാര്യവും, സമ്മാനവും തിരിച്ചറിയാനുള്ള വിവേകം നിന്നില്‍ നശിച്ചിരിക്കുന്നു. പണം നേടുന്നതോടെ എല്ലാവരെക്കൊണ്ടുമുള്ള എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കപ്പെട്ടു എന്നു കരുതുന്ന അധമ മനുഷ്യരുടെ ഗണത്തിലാണ് നീയും. പണം നേടുന്നതോടെ പണത്തിന്‍റെ ആവശ്യങ്ങള്‍ മാത്രമേ നിവര്‍ത്തിക്കപ്പെടുന്നുള്ളൂ.. മറ്റനേകം ആവശ്യങ്ങള്‍ ബാക്കി തന്നെയാണ്.. അത് പലതും മറ്റു വ്യക്തികളെ കൊണ്ടുള്ളതായിരിക്കും.. നിന്‍റെ പണത്തിന് മൂല്യം കല്‍പ്പിക്കാത്തവരില്‍ നിന്നും നിനക്ക് നേടേണ്ടതോന്നും നേടാന്‍ നിനക്ക് കഴിയില്ല.. പണം ഒരു മരീചിക മാത്രമാണ്. ആ പച്ചപ്പില്‍ കയറി നിന്ന് ആശ്വാസം നേടാന്‍ കഴിയും. പക്ഷെ അത് നിനക്ക് തലയ്ക്കു മീതേ കുളിര്‍മ്മ നല്‍കുന്ന തണലാണെന്നു കരുതരുത്.

   പണമല്ലെങ്കില്‍ എന്താണ് ഗുരുജീ.. പണമില്ലെങ്കില്‍ ഒന്നും നേടാന്‍ കഴിയില്ല.. പണം നേടാന്‍ കഴിയുന്നത്‌ തന്നെയാണ് ഒരുവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.

   നീ പണം നെടിയതെങ്ങനെ എന്നും നീ മറന്നു പോകരുത്..

   അങ്ങയുടെ കരുണയാണ് എന്‍റെ നേട്ടങ്ങള്‍ക്ക്‌ പിന്നില്‍..`.. പക്ഷെ അതിലേക്കു നയിച്ചതിനു പിന്നില്‍ എന്‍റെ ധൈര്യം എന്ന വസ്തുതയുമുണ്ടായിരുന്നു..

   സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന് എഴുതിയതിലെ അപാകത തിരിച്ചറിയാന്‍ കഴിയാത്തവനോട് ഉപദേശിക്കുക എന്നത് ഒരു വൃഥാ വ്യായാമമാണ്.. തമ്പീ നിന്‍റെ ചിന്തകള്‍ കൊണ്ടുതന്നെ നിന്നെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുക..അതിനുള്ള സമയമെത്തി!!

   ഗുരുജിയുടെ ദര്‍ശനം മറഞ്ഞിടത്തുനിന്നും തമ്പി ഉണര്‍ന്നെഴുനെറ്റു. അയാള്‍ തന്‍റെ പ്രവര്‍ത്തികളെയും, ഗുരുജിയുടെ പരാമര്‍ശങ്ങളെയും ഒന്ന് തുലനം ചെയ്ത് ചിന്തിച്ചു.. താന്‍ എത്ര ശരിയായി നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന ആത്മ പ്രശംസ്സയോടെ വീണ്ടും നിദ്രാ ദേവിയെ ആലിംഗനം ചെയ്തു..

   തമ്പി പിറ്റേ ദിവസ്സം തന്‍റെ കടും കട്ട പരിപാടികളുമായി വ്യാപൃതനായി നില്‍ക്കുകയാണ്.. പെട്ടന്ന് തമ്പിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.. പരിചയമില്ലാത്ത നമ്പരാണ്.. ആരാണ് വിളിച്ചു ശല്യം ചെയ്യുന്നതെന്ന ഈര്‍ഷ്യ ഭാവത്തില്‍ തമ്പി ഫോണെടുത്തു പറഞ്ഞു..

   ഹലോ...

   ഫോണിന്‍റെ അങ്ങേതലക്കല്‍ നിന്നും ഗൗരവമേറിയ ശബ്ദം..

   രാജന്‍ തമ്പിയല്ലേ,

   അതേ,

   അല്‍പ്പം പെഷ്യന്‍സ്ഓടെ കേള്‍ക്കണം.. നിങ്ങളുടെ കുട്ടി ഉള്‍പ്പെടെ സ്കൂള്‍ ബസ്‌ അപകടത്തില്‍പ്പെട്ടു.. നിങ്ങള്‍ എത്രയും പെട്ടന്ന് റാവുത്തര്‍ മെമ്മോറിയല്‍ ഹോസ്പ്പിറ്റലിലേക്ക് വരണം.. അല്‍പ്പം സീരിയസ് ആണ്..

   തമ്പി അളിയന് സപ്തനാഡികളും തളരുന്നതായി തോന്നി.. അല്‍പ്പനിമിഷങ്ങള്‍ക്കകം പ്രക്ഞ വീണ്ടെടുത്ത അയാള്‍ അലറിവിളിച്ചു കൊണ്ട് വീടിനുള്ളിലേക്ക് ഓടി..

   മീരാ, മീരാ

   നിമിഷനേരങ്ങല്‍ക്കകം തമ്പിയും, മീരയും ചില സഹായികളും ആശുപത്രിയില്‍ എത്തി.

   തമ്പി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രാജുവും വിവരമറിഞ്ഞ് അവിടെ എത്തിയിരുന്നു. രാജുവിനെ കണ്ടമാത്രയില്‍ തന്നെ തമ്പി പൊട്ടിക്കരഞ്ഞു പോയി..

   ഡാ, എന്‍റെ കുഞ്ഞ്...

   ഒന്നുമില്ല തമ്പി; മിനിമോള്‍ക്ക് ഒന്നുമില്ല. വാ നമുക്ക് ഡോക്ടറെ കാണാം..

   തമ്പിയെ കണ്ടമാത്രയില്‍ തന്നെ ഡോക്ടര്‍ക്ക്‌ ആളെയും, എല്ലാം മനസ്സിലായി. കൂടുതല്‍ പരിചയപ്പെടുത്തലിന്റെയോ വിശദീകരണങ്ങളുടെയോ ആവശ്യമുണ്ടായില്ല..

   തമ്പീ, കാര്യങ്ങള്‍ മറച്ചുവെച്ചിട്ട് കാര്യമില്ലല്ലോ.. കുട്ടിയുടെ നില അല്‍പ്പം സീരിയസ് ആണ്.. ഞങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. ഇന്റെര്‍ണല്‍ ഇഞ്ചുറി വളരെ അധികമാണ്..

   ഞാന്‍ എത്ര പണം മുടക്കാനും തയ്യാറാണ്, എന്‍റെ കുഞ്ഞു രക്ഷപെടണം.

   പണമൊക്കെ രണ്ടാമത്തെ കാര്യമല്ലേ തമ്പീ, ഇപ്പോള്‍ ഈശ്വരാനുഗ്രഹമാണ് ആവശ്യം.. പ്രാര്‍ഥിക്കുക!! പിന്നെ; വളരെ അടിയന്തിരമായി AB-ve ബ്ലഡ്‌ ആവശ്യമുണ്ട്..

   എന്‍റെ ഭാര്യയുടെ AB-ve ആണ്.. തമ്പി നേരെ മീരയുടെ അടുത്തേക്കോടി.. മീരയെ രക്തപരിശോധനകള്‍ക്കായി ലബോറട്ടരിയിലേക്ക് കൊണ്ടുപോയി..

   ഉദ്വേഗവും, ഭീതിയും, നിസ്സഹായതയും നിറഞ്ഞ നിമിഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു..  ഓരോ നിമിഷങ്ങളും നെഞ്ചില്‍ വാരികുന്തങ്ങള്‍ തറച്ചാണ് കടന്നു പോകുന്നതെന്ന് തമ്പിക്ക് തോന്നി..

   കുറച്ചു സമയങ്ങള്‍ക്ക്‌ ശേഷം ഒരു സിസ്റ്റര്‍ തമ്പിയുടെ അടുത്തേക്ക് വന്ന് പറഞ്ഞു. . സാറിനെ ഡോക്ടര്‍ക്ക് കാണണമെന്ന് പറഞ്ഞു.

   തമ്പി ശരവേഗതയില്‍ ഡോക്ടറുടെ അടുത്തെത്തി.. വളരെ ദൈന്യത നിറഞ്ഞ മുഖത്തോടെ ഡോക്ടര്‍ തമ്പിയെ സ്വീകരിച്ചു..

   തമ്പീ, ഇത്രയും ദുഖകരമായ അവസ്ഥയില്‍ ഇതുകൂടി പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്, പക്ഷെ അടിയന്തരമായി തന്നെ അത് നിങ്ങളെ അറിയിച്ചേ പറ്റു.. അതാണ്‌ വിളിപ്പിച്ചത്.. ഡോക്ടര്‍ മുഘവുരയോടെ അവതരിപ്പിച്ചു തുടങ്ങി..

   എന്തായാലും പറയൂ ഡോക്ടര്‍, എന്‍റെ കുഞ്ഞിന്.... അല്‍പ്പം വിതുമ്പലോടെ തമ്പി നിര്‍ത്തി..

   അതാണ്‌ തമ്പി ഞാന്‍ അല്‍പ്പം മുഘവുരയോടെ പറഞ്ഞു തുടങ്ങിയത്.. മോടെ കാര്യമല്ല; മീരയുടെ ബ്ലഡ്‌ റിസള്‍ട്ട് മോശമാണ്.. രക്തത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ വളരെ വളരെ അബ്നോര്‍മലാണ്, കൂടുതല്‍ പരിശോധനകള്‍ വേണം.. എന്നാലും ലുക്കീമിയ ആണെന്ന് ഏതാണ്ട് ഇപ്പഴേ ഉറപ്പിക്കാം..
    തമ്പിയെ അറിയിക്കുക എന്ന തന്‍റെ ചുമതല ഡോക്ടര്‍ ചുരുങ്ങിയ വാക്കുകളില്‍ നിവഹിച്ചു..

    താന്‍ എന്താണ് കേള്‍ക്കുന്നത് എന്നുപോലും വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്തവിധം തമ്പിയുടെ പ്രജ്ഞ ആകെ നശിച്ചു പോയിരുന്നു. ഡോക്ടറോട്   എന്തൊക്കെയോ ഭ്രാന്തനെപ്പോലെ ചോദിച്ച് അയാള്‍ പുറത്തേക്ക് വന്നു..

   രാജു എവിടെനിന്നൊക്കെയോ ആള്‍ക്കാരെ സംഘടിപ്പിച്ച് മിനിമോള്‍ക്ക്‌ വേണ്ട AB -ve ഗ്രൂപ്പ് ബ്ലഡ്‌ എത്തിച്ചു കൊടുത്തു.. ആശുപത്രിയിലെ മറ്റെല്ലാആവശ്യങ്ങളുടെയും ചുമതല രാജു ഏറ്റെടുത്തു നടത്തുന്നു.. തമ്പി ഒരു ജീവച്ഛവം പോലെ ഒരു മുറിയില്‍ കിടക്കുന്നു.. ദുഖവും, നിരാശയും, നിസ്സഹായതയും നിറഞ്ഞ നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്കും, ദിവസ്സങ്ങള്‍ക്കും, ആഴ്ചകള്‍ക്കും വഴിമാറികൊണ്ടിരുന്നു..

   മീരയുടെയും, മകളുടെയും ആരോഗ്യനില ദിനം പ്രതി വഷളായി കൊണ്ടിരുന്നു.. തമ്പി എന്ത് ചെയ്യണമെന്നറിയാതെ ആശുപത്രിയിലെ മുറിയില്‍ ഒറ്റക്കിരിക്കുകയാണ്. ശരീരത്തിന്റെയും, മനസ്സിന്‍റെയും ക്ഷീണത്തിന്റെ അപാരതയായിരിക്കാം അയാള്‍ മെല്ലെ ഒരു ചെറുമയക്കത്തിലേക്ക് വഴുതിവീണു..

   തമ്പീ......., തന്നെ ഉള്ളില്‍നിന്ന് ആരോ വിളിച്ചതായി തമ്പിക്ക് തോന്നി! അത് മറ്റാരുമായിരുന്നില്ല.. ഗുരുജി തമ്പിയുടെ സ്വപ്നത്തില്‍ ഒരു ദര്‍ശനമായി എത്തിയതായിരുന്നു..

   ഗുരുജീ എന്‍റെ എല്ലാം നശിച്ചു ഗുരുജീ... എന്‍റെ മോള്, എന്‍റെ മീര എല്ലാം എനിക്ക് നഷ്ടമാകാന്‍ പോകുന്നു.. എനിക്കിനി ആരുമില്ല ഗുരുജീ.. എന്നെ രക്ഷിക്കണം ഗുരുജീ..

   നിനക്ക് ആവശ്യമുണ്ടായിരുന്നത് ഇപ്പോഴും നിന്‍റെ കൈവശമില്ലേ? പണം!!  

   എന്‍റെ മീരയും കുഞ്ഞുമില്ലാതെ എനിക്കെന്തിനാ ഗുരുജീ പണം??

   തമ്പീ നീ ചിന്തിക്കൂ, ആരുടെയും ഔദാര്യം ആവശ്യമില്ലാത്തവനല്ലേ നീ, മറ്റുള്ളവരുടെ ഏതെല്ലാം ഔദാര്യം വാങ്ങുന്നതില്‍ നിന്നും അത് നിന്നെ സംരക്ഷിച്ചു??

   ഗുരുജീ...

   നിന്‍റെ അപകടത്തില്‍പ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചവരുടെ ഔദാര്യം നീ സ്വീകരിച്ചില്ലേ?? നിന്നെ വിവരം അറിയിച്ചവരുടെ, ആശുപത്രിയിലേക്ക് കൊണ്ടു പോയ ഡ്രൈവറുടെ, നിന്നെ ആശ്വസ്സിപ്പിച്ചവരുടെ, അതിലെല്ലാം കൂടുതലായി രാജുവിന്‍റെ?? എല്ലാ സഹായങ്ങളും നീ സ്വീകരിച്ചില്ലേ?? ഇതില്‍ പലരും നിനക്ക് ഔദാര്യം ചെയ്തു തരുന്നു എന്ന് കരുതിത്തന്നെയാണ് അവ ചെയ്തു തന്നത്.. മറ്റു ചിലര്‍ അവരുടെ ജോലി ചെയ്തപ്പോള്‍ അവ നിനക്കുള്ള ഔദാര്യങ്ങളായി വന്നു ഭവിച്ചു.. ഇവ ഒന്നും നിനക്ക് നിന്‍റെ പണം കൊണ്ട് വീടാന്‍ കഴിയില്ല.. നീ വില കല്‌പ്പിക്കുന്ന നിന്‍റെ പണം സ്വീകരിക്കാനോ, വില കല്‌പ്പിക്കാനൊ അവര്‍ തയ്യാറായില്ലെങ്കില്‍ മരണശേഷവും അവരുടെ ഒക്കെ ഔദാര്യം പറ്റിയവനായി നീ തുടരും.. അതാണ്‌ തമ്പീ ജീവിതം.. ഭിക്ഷകള്‍ വാങ്ങിയും കൊടുത്തും കൂടിയാണ് ഇവിടുത്തെ ജീവിതം..

   നീ അഹങ്കരിച്ച നിന്‍റെ പണത്തിന് നിന്‍റെ ഭാര്യയുടെയും മകളുടെയും ജീവന്‍ രക്ഷിക്കത്തക്ക ശക്തി ഉണ്ടെന്നുനീ കരുതുന്നുണ്ടോ തമ്പീ??

   തമ്പി നമ്രശിരസ്ക്കനായി ഗുരുജീയുടെ വാക്കുകളെ ശ്രവിച്ചു കൊണ്ടിരുന്നു..അവസ്സാനം വിങ്ങിപ്പൊട്ടി അയാള്‍ ഗുരുജിയുടെ കാല്‍ക്കലേക്ക് വീണു..

   എന്നെ രക്ഷിക്കണം ഗുരുജീ, എന്‍റെ തെറ്റുകളെല്ലാം ക്ഷമിക്കണം.. എന്‍റെ മീരേം കുഞ്ഞിനേം രക്ഷിക്കണം.. അതിനൊരു വഴി ഉപദേശിച്ചു തരൂ ഗുരുജീ, എന്നെ രക്ഷിക്കണേ ഗുരുജീ..

   പണത്തിന് പണത്തിന്‍റെ ആവശ്യത്തെ നിറവേറ്റാന്‍ മാത്രമേ കഴിയൂ തമ്പി, പണം കൊണ്ട് സാധിക്കാവുന്ന ചിലവ; മറ്റനേകം പണത്തിന്‍റെ വൃത്തത്തിനുള്ളില്‍ അകപ്പെട്ടു നില്‍ക്കുന്നതിലും അപ്പുറമാണ്.. നിന്‍റെ ആവശ്യങ്ങളെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത പണത്തെ ദൈവത്തില്‍ സമര്‍പ്പിച്ച്‌ ഉപേക്ഷിക്കൂ.... ഒരുപക്ഷെ നിനക്ക് നിന്‍റെ കുടുംബത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിഞ്ഞേക്കും... എന്തു പറയുന്നു തമ്പീ; തീരുമാനം പൂര്‍ണ്ണമായും നിന്റെതാണ്!!!

   കുറച്ചു നിമിഷങ്ങള്‍ അമ്പരപ്പോടെ ഗുരുജിയുടെ വാക്കുകളെ കേട്ടിരുന്നതിനു ശേഷം തമ്പി പറഞ്ഞു!!

   ഞാന്‍ എല്ലാം ഉപേക്ഷിക്കാം ഗുരുജീ എനിക്കെന്‍റെ മീരയും കുഞ്ഞുമാണ് വലുത്; അവരെ രക്ഷിക്കണം ഗുരുജീ...

   നിന്‍റെ സമ്പത്തുകള്‍ ഉപേക്ഷിക്കുക വഴി നിന്‍റെ കുടുംബത്തെ രക്ഷിക്കാനൊരു സാധ്യത എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.. അങ്ങനെ ഒരു സാദ്ധ്യതയും നിന്‍റെ കുടുംബത്തെ സ്നേഹിക്കുന്നുവെങ്കില്‍ നീ പാഴാക്കില്ല; എല്ലാം നിന്‍റെ തീരുമാനം.. അത്രയും പറഞ്ഞ് ഗുരുജീ തമ്പിയുടെ സ്വപ്നത്തില്‍നിന്നും മറഞ്ഞു..

   തമ്പി സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. കസേരയില്‍ നിന്ന് എഴുനേറ്റ്  ഒരു ഭ്രാന്തനെപ്പോലെ അയാള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങൊട്ടുമിങ്ങൊട്ടും നടന്നു..

   ശരിയാണ്, ഗുരുജി പറഞ്ഞത് ശരിയാണ്, എന്‍റെ പണം ഉപേക്ഷിച്ചാല്‍ എനിക്കെന്‍റെ മീരേം മോളേം രക്ഷിക്കാം. അല്ലെത്തന്നെ അവരില്ലാതെ ഇതൊക്കെ എനിക്കെന്തിനാ, വേണ്ട.................. വേണ്ട ............... എനിക്കൊന്നും വേണ്ടാ........... അയാള്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി...

   ഒന്ന് സ്വോബോധത്തിലേക്ക് തിരിച്ചു വന്നതെന്ന പോലെ; രഘു ,  രഘു.........
തന്‍റെ മാനേജര്‍  രഘുവിനെ അയാള്‍ വിളിച്ചു...

    രഘു വന്ന മാത്രയില്‍ തന്നെ....

   എന്‍റെ  എല്ലാ സ്ഥാപനങ്ങളുടെയും ബാദ്ധ്യതകള്‍, ലോണുകള്‍ എല്ലാം തീര്‍ക്കുക.. ക്ഷേത്രങ്ങള്‍, അനാഥാലയങ്ങള്‍, ചികില്‍സ്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ അങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കുക. . എല്ലാ തൊഴിലാളികള്‍ക്കും പണം നല്‍കുക.. ഞാന്‍ പറഞ്ഞ പോലെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കായി എന്‍റെ എല്ലാ സ്വത്തുക്കളും വീതിച്ചു നല്‍കുക!! ആശുപത്രിയില്‍ തെരക്കി ഇവിടുത്തെ ചികില്‍സ്സക്കുള്ള പണം മാത്രം എന്‍റെ അക്കൗണ്ടില്‍ സൂക്ഷിക്കുക..

   സര്‍, ഇതൊക്കെ......... പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ  രഘുവിനെ തമ്പി തടഞ്ഞു...

   പറഞ്ഞത് ചെയ്യുക.. ഇതെല്ലാം വരുന്ന മൂന്നു ദിവസ്സത്തിനകം പൂര്‍ത്തിയായിരിക്കണം.........

   തമ്പി ഗുരുജി പറഞ്ഞ സാധ്യത വിനിയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.. കര്‍ക്കശക്കാരനും, കുശാഗ്രസ്വഭാവക്കാരനുമായ തമ്പി എന്ന കച്ചവടക്കാരന്‍ ഒരു നിമിഷം കൊണ്ട് തന്‍റെ എല്ലാ സ്വത്തുവകകളോടും വിട പറയാന്‍ തയ്യാറായി...

   തമ്പി പറഞ്ഞ മൂന്നാം ദിവസ്സമെത്തി, എല്ലാം തന്നില്‍ നിന്നൊഴിഞ്ഞു കൊണ്ടുള്ള പ്രമാണങ്ങളില്‍ കൈയൊപ്പ് വെയ്ക്കേണ്ട ദിവസ്സമാണ്‌...`.. രാവിലെ തന്നെ തമ്പി അതിനുള്ള തയ്യാറെടുപ്പിലാണ്.. അയാളുടെ ചങ്കല്‌പ്പം പിടയുന്നുണ്ടായിരുന്നു.. നേരെ തമ്പി ICU വിലേക്ക് പോയി.. ആദ്യം മീരയെ കണ്ടു.. പിന്നീട് മിനിമോളെ കാണുവാന്‍ വേണ്ടി പോയി.. മകളെ അടുത്തിരുന്നു കാണുവാന്‍ അയാള്‍ക്ക്‌ ICU വിലെ പെരുമാറ്റചട്ടങ്ങള്‍ വിലക്കായി നിന്നു.. വളരെ ശാന്തയായി ഉറങ്ങുന്നപോലെ അവള്‍ അങ്ങനെ കിടക്കുന്നു.. പുറമേ തമ്പി അളിയന് കാണാന്‍ കഴിയുന്നത്‌ അവളുടെ നെറ്റിയിലെ ഒരു മുറിവിന്റെ പാടു മാത്രം..

   തമ്പി അളിയന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസ്സരിച്ച്  രഘു എല്ലാം തയ്യാറാക്കിയിരുന്നു.. തമ്പി കാറില്‍ തന്‍റെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നു.. ഇന്നു തന്‍റെ എല്ലാ ആര്‍ഭാടങ്ങളില്‍ നിന്നുമുള്ള പടിയിറക്കതിന്റെ ദിവസ്സം.. അന്ഗീകാരങ്ങളില്‍ നിന്ന്, ആദരവുകളില്‍ നിന്ന്...... ഇനി തനിക്കിതു പോലെ ഒന്നുകൂടി കെട്ടിപ്പൊക്കാന്‍ സാധിക്കുമോ?? തമ്പിയുടെ മനസ്സ് അയാളോട് ചോദിച്ചു.. ഇനിയും സമയമുണ്ട്.. ഒന്നും നഷ്ടപ്പെടുത്താതിരിക്കാന്‍......`.....അല്ലെങ്കില്‍ തന്നെ ഗുരുജി സ്വപ്നത്തില്‍ എന്തോ പറയുന്നതു പോലെ തോന്നിയതിനു തന്‍റെ സമ്പത്ത് മുഴുവനും ഉപേക്ഷിക്കുക എന്ന് വെച്ചാല്‍...`......
ഗുരുജി അല്ലെങ്കില്‍ തന്നെ സ്വപ്നത്തില്‍ പറഞ്ഞതെന്താണ്? എല്ലാം തന്‍റെ തീരുമാനമാണ്...
പക്ഷെ മീരയും മോളും, അവര്‍ രക്ഷപ്പെട്ടില്ലെങ്കിലോ അവര്‍ക്ക് എന്തെക്കിലും സംഭവിച്ചാല്‍; ഇല്ല, എനിക്കൊന്നും വേണ്ടാ; എനിക്കവരെ മതി......
അവരില്ലാതെ, അയ്യോ....
അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അറിയാതെ വിലപിച്ച് പോയി...

   തമ്പി ഓഫീസിലെത്തി.. തന്നെ കാത്തുനിന്ന വലിയ ഒരു സംഖ്യ ആള്‍ക്കാരുടെ നടുവില്‍ക്കൂടി തമ്പി മുന്നോട്ടു നടന്നു.. അവരില്‍ ആര്‍ക്കും തന്നെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തത ഉണ്ടായിരുന്നില്ല.. തമ്പി വളരെ തിടുക്കത്തിലായിരുന്നു..

   തമ്പി രഘു കാണിച്ചു കൊടുത്തിടത്തെല്ലാം കയ്യൊപ്പ് പതിച്ചു.. തന്‍റെ അഹങ്കാരങ്ങളില്‍ നിന്നുകൂടി പടിയിറങ്ങിക്കൊണ്ട് തമ്പി ചെറുതായൊന്ന് വിതുമ്പി..

   തമ്പി ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് കസ്സെരയില്‍ നിന്നും എഴുനേറ്റു. തല്‍സ്സമയം തന്നെ അയാളുടെ ഫോണ്‍ ശബ്ദിച്ചു.. ആശുപത്രിയില്‍ നിന്നാണ്.. മറുതലക്കല്‍ നിന്നും രാജുവാണ്.. തമ്പീ നീ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തണം.. ഒട്ടും വൈകരുത്..
 
   എന്തു പറ്റിയെടാ അവിടെ??

   അതൊക്കെ വന്നിട്ട് പറയാം നീ പെട്ടന്നിങ്ങോട്ടു വാാാാ....

   തമ്പി പാഞ്ഞ് ആശുപത്രിയിലെത്തി....ICU വിനോട്‌ ചേര്‍ന്ന് തൊട്ടടുത്തുള്ള മുറിയുടെ വാതില്‍ക്കല്‍ മറ്റു രോഗികളുടെ ബന്ധുക്കളുടെത് ഉള്‍പ്പെടുന്ന ഒരു വലിയ ആള്‍ക്കൂട്ടം കാണുന്നു. തമ്പി എത്തിയ പാടെ തന്നെ അവരുടെ ഇടയില്‍ നിന്നും വിതുമ്പികൊണ്ട് കണ്ണുനീര്‍ തുടച്ചുകൊണ്ട് ഒരാള്‍ തമ്പിക്ക് നേരെ നടന്നടുത്തു..    രാജു..

   തമ്പിയുടെ അടുത്തെത്തുന്നതിനു മുന്‍പുതന്നെ അയാള്‍ പൊട്ടിക്കരഞ്ഞു പോയി.. വിലപിച്ചു കൊണ്ട് അയാള്‍ പറഞ്ഞു...

   രണ്ടുപേരും പോയെടാ...

  തമ്പി വിലപിച്ചു കൊണ്ട് നേരെ .ICU വിനോട്‌ ചേര്‍ന്നുള്ള മുറിയിലേക്ക് ഓടി...അവിടെ രണ്ടു ശവ ശരീരങ്ങള്‍ വെള്ള തുണിയില്‍ പുതപ്പിച്ച്‌ കിടത്തിയിരിക്കുന്നത് അയാള്‍ നിര്‍ന്നിമേഷനായി നോക്കിനിന്നു...

   തമ്പിക്ക് ഒന്നുറക്കെ കരയുന്നതിനുള്ള ബോധം പോലും ഉണ്ടായിരുന്നില്ല.. തന്‍റെ ബോധത്തിന്‍റെയും, വികാരത്തിന്റെയും മുഖത്ത്‌ രണ്ടു വെളുത്ത തുണികള്‍ വലിചിട്ടതായി അയാള്‍ക്ക്‌ തോന്നി...

   മുഖത്തു തട്ടി ഉണര്‍ത്തിയത് പോലെ തമ്പി ചിന്തയിലേക്ക് ഉണര്‍ന്നു.. അയാള്‍ വിലപിക്കാന്‍ തുടങ്ങി... എല്ലാം പോയി എന്‍റെ എല്ലാം പോയി, ഞാന്‍..............`......... അയ്യോ ..................... എന്‍റെ മീര ..................എന്‍റെ മിനിക്കുട്ടി...............എല്ലാം പോയി  .......അയ്യോ,     ആ ...............ആ

   ആ വിലാപത്തിനോടുവില്‍ തമ്പി എന്തോ ധൈര്യം ആര്‍ജ്ജിച്ചത് പോലെ  നിവര്‍ന്നു നിന്നു......

   വേണ്ടാ എനിക്കിനി ജീവിക്കണ്ടാ, എനിക്ക് ജീവിക്കണ്ടാ... അയാള്‍ അവിടെ നിന്നും തിരിഞ്ഞു അതിവേഗതയില്‍ ഓടി.....

   തമ്പീ, അവിടെനില്‍ക്ക്; രാജു അലറി വിളിച്ചു കൊണ്ട് തമ്പിയുടെ പിറകെ ഓടി....

   തമ്പി സ്റ്റെപ്പുകള്‍ കീഴടക്കി കുതിക്കുകയാണ്, രാജുവിന് അയാളോടൊപ്പം എത്താന്‍ കഴിയുന്നില്ല.. തമ്പി ആശുപത്രിയുടെ ടെറസ്സിനു മുകളിലെത്തി...

   തമ്പീ, തമ്പീ അരുത്, ചാടരുത്, ചാടരുത് തമ്പീ....... ക്ഹ, ക്ഹാ....അയ്യോ........

   തമ്പി ആ വലിയ കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടി.....

   തമ്പി താഴെ പൊട്ടു പോലെ കാണുന്ന ചെറിയ വാഹനങ്ങള്‍, മനുഷ്യര്‍;; അവരിലേക്ക്‌ പഞ്ഞടുക്കുകയാണ്... അയാളുടെ ഉള്ളില്‍ ഭയത്തിന്‍റെ അഗ്നി കാളുകയാണ്....

   കേവലം ആറോ ഏഴോ നിമിഷങ്ങള്‍, കണ്ണിനു തൊട്ടുതാഴെ ഭൂമി.....

   അമ്മേ.......ആാാാാാാ..............

   തമ്പീ, തമ്പീ എഴുനെല്‍ക്കൂ, ക്ഹും എഴുനെല്‍ക്കൂ......

   തന്‍റെ മുഖത്തു ശക്തിയായി വീണ വെള്ളത്തില്‍ കണ്‍ചിമ്മി അയാള്‍ ഉണരുകയാണ്... കണ്‍മുന്‍പില്‍ അവ്യക്ത്തമായ അരണ്ട വെളിച്ചത്തില്‍ ചില രൂപങ്ങള്‍...`.........
നേതൃഭാവത്തില്‍ മുന്നില്‍ നില്‍ക്കുന്ന രൂപത്തെ കണ്ട് അയാള്‍ കണ്ണുകള്‍ അതിവേഗം ചിമ്മിത്തുറന്നു....

   ഗുരുജീ, അയാള്‍ വിളിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ കാല്‍ക്കലേക്ക് വീണു...

   എനിക്കെല്ലാം പോയി ഗുരുജീ, എനിക്കെല്ലാം പോയി അയാള്‍ ഗുരുജിയുടെ പാദങ്ങളില്‍ വീണു കരഞ്ഞു കൊണ്ടേ ഇരുന്നു...

   എഴുനേല്‍ക്കൂ തമ്പീ; ഗുരു വാത്സല്യ സ്വരത്തില്‍ തമ്പിയെ വിളിച്ചു...

   തമ്പി മെല്ലെ എഴുനേറ്റു. അയാള്‍ക്ക്‌ വല്ലാതെ തല വേദനിക്കുന്നുണ്ടായിരുന്നു.. അയാള്‍ തലയില്‍ മെല്ലെ തടവി.. തന്‍റെ തലയില്‍ ഉണ്ടായിരുന്ന 'കെട്ട്' അയാളില്‍ അത്ഭുതം കൂറി..

   ഗുരുജി അടുത്തു ചെന്ന് തമ്പി അളിയന്‍റെ തോളില്‍ കൈകള്‍ വെച്ച് അയാളെ ഒപ്പം നടത്തി......

   ഗുരുജി ശാന്തതയോടെ കൈകള്‍ ഒരു ദിശയിലേക്കു ചൂണ്ടിക്കൊണ്ട്  തമ്പിയോട് ചോദിച്ചു; നീ അറിയുമോ ഇവരെ ഒക്കെ??

   തമ്പിയുടെ കണ്ണുകള്‍ അത്ഭുതവും, സന്തോഷവും കൊണ്ട് തിളങ്ങി.... മീര; തൊട്ടടുത് അവളുടെ കൈ പിടിച്ച് തന്‍റെ മകളും.......

   തമ്പി തന്‍റെ മകളുടെ മുഖത്തേക്ക് നോക്കി, അവളുടെ നെറ്റിക്ക് ഒരു വലിയ മുറിവ് പാട്.....

   സൂക്ഷിച്ച് ആ മുറിവ് പാടിലേക്ക് നോക്കുന്ന തമ്പിയോട് ഗുരുജി പറഞ്ഞു...

   കണ്ണുകളടച്ചു തുറന്നു നോക്കൂ തമ്പീ......

   തമ്പി ആ മുറിവ് പാടുകള്‍ അവിടെ കണ്ടില്ല...

   അത്ഭുതത്തോടെ ഗുരുജിയെ നോക്കിയാ തമ്പിയോടു അദ്ദേഹം പറഞ്ഞു....

   ഇവരെ ഒക്കെ ഞാന്‍ ഞാന്‍ വിളിപ്പിച്ചതാണ്...

   വളരെ വിനയാന്വിതനായി നാഡികളില്‍ രക്തഓട്ടം നിലച്ചവനായി നിന്ന തമ്പി ഗുരുജിയോട് ചോദിച്ചു......

   എന്തിനായിരുന്നു ഗുരുജീ ഇതൊക്കെ??

   ഇത് എന്‍റെ വക നിനക്കുള്ള ശിക്ഷയും, ഉപദേശവുമായിരുന്നു........!!!! എന്ത് ക്രൂരത കാട്ടിയും, എന്തും നശിപ്പിച്ചും നിന്‍റെ വാശിയും ഭാഗവും നേടണമെന്നുള്ള ചിന്തക്കും പ്രവര്‍ത്തിക്കുമുള്ള ശിക്ഷ...

   ഉപദേശം; അത് നീ തന്നെ കണ്ടെത്തികോള്‍ക!!!

   എനിക്കെല്ലാം മനസ്സിലായി ഗുരുജീ.... എല്ലാം ഞാന്‍ അംഗീകരിക്കുന്നു.......എനിക്ക് മാപ്പുതരണം, എന്നോടു പൊറുക്കണം....

   നിന്‍റെ മനസ്സ് ഞാന്‍ അറിയുന്നു തമ്പീ, നീ പൊയ്ക്കൊള്‍ക...... നിനക്ക് നല്ലത് വരട്ടെ.....

   മീരക്കോ, മറ്റാര്‍ക്കും തന്നെയോ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.... തമ്പി അവരെ ഗാഡമായി വീണ്ടും വീണ്ടും ആശ്ലേഷിച്ചു... തന്‍റെ മകളെ എടുത്തുകൊണ്ട്, മീരയെ തന്നോട് ചേര്‍ത്തടിപ്പിച്ചുകൊണ്ട്‌ അയാള്‍ അവിടെ നിന്നും നടന്നു നീങ്ങി...




[Rajesh Puliyanethu
 Advocate, Haripad]